Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

എന്റെ മദീനാ യാത്ര

ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈ

അന്നെനിക്ക് പതിനാല് വയസ്സേ ആയിരുന്നുള്ളൂ. യൗവനത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.  കേവലം രണ്ട്  യമന്‍ പുതപ്പുകള്‍ കൊണ്ടാണ് ദേഹം മൂടിയിരുന്നത്.  ഈ സ്ഥിതിയിലാണ് മക്ക വിട്ടത്. 'ദീ ത്വുവ' എന്ന സ്ഥലമെത്തിയപ്പോള്‍ ഒരു സത്രം ദൃഷ്ടിയില്‍പെട്ടു.  അവിടെ ഒരു മഹാനെ കണ്ടുമുട്ടി. അയാള്‍ എന്നെ പരിഗണിക്കുന്നതായി തോന്നി.  അദ്ദേഹം പറഞ്ഞു: 'എന്റെ കൂടെ ഭക്ഷണം കഴിച്ചിട്ടു പോകാം.' ഞാന്‍ സന്തോഷത്തോടെ അത് സ്വീകരിച്ചു. അദ്ദേഹം അഞ്ച് വിരലുകള്‍ കൊണ്ടാണ് ആഹാരം കഴിക്കുന്നത്. ഞാനും അങ്ങനെ ചെയ്തു. എന്റെ രീതി അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടാക്കേണ്ടെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. ആഹാരം കഴിച്ചതിനു ശേഷം ദൈവത്തെ സ്തുതിച്ചു ആതിഥേയനോട് നന്ദിപറഞ്ഞു: 'ജനങ്ങളോട് നന്ദി കാണിക്കാത്തവന്‍ അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ല' എന്നാണല്ലോ നബി വചനം, ആതിഥേയന്‍ എന്നോടു ചോദിച്ചു: ''എന്താ താങ്കള്‍ മക്കാനിവാസിയാണോ?''  ഞാന്‍: ''അതെ.''

''ഖുറൈശി ഗോത്രത്തില്‍ പെട്ടയാളാണോ?!'' 

''അതേ, ഖുറൈശി തന്നെ'''

ഞാന്‍ തിരിച്ചു ചോദിച്ചു: ''താങ്കള്‍ക്ക് അതെങ്ങനെ മനസ്സിലായി?'' 

മറുപടി: ''നഗരവാസിയെ വസ്ത്രധാരണത്തില്‍നിന്ന് തിരിച്ചറിയും. ഖുറൈശിയാണെങ്കില്‍ സങ്കോചമില്ലാതെ ഭക്ഷണം കഴിക്കും. മറ്റുള്ളവരെ ഉള്ളുതുറന്ന് ഊട്ടുകയും ചെയ്യും.'' പിന്നീട് അദ്ദേഹത്തോട് ഞാന്‍ താങ്കള്‍ ഏത് നാട്ടുകാരനാണെന്ന് ചോദിച്ചു.  

''ഞാന്‍ നബിതിരുമേനിയുടെ നഗരമായ യസ്‌രിബ് (മദീന) വാസിയാണ്.''  അപ്പോള്‍ ഞാന്‍ എന്റെ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് ചോദിച്ചു: ''ബനൂ അസ്ബഹ് ഗോത്രത്തിന്റെ നായകന്‍ മാലികുബ്‌നു അനസ് (ഇമാം മാലിക്) പണ്ഡിതനും  മതവിധികള്‍ അറിയുന്ന വ്യക്തിയുമല്ലേ?'' പെട്ടെന്ന് ഓര്‍ക്കാതെ ഇത്രകൂടി എന്റെ നാവില്‍നിന്ന് പുറത്തുചാടി: ''ഹാ! ദൈവത്തിന്നറിയാം,  ഇമാം മാലികുമായി സന്ധിക്കാന്‍ ഹൃദയം എത്രമാത്രം കൊതിക്കുന്നെന്ന്!'''

ആ മഹാന്‍ പ്രതികരിച്ചു: ''സന്തോഷിച്ചുകൊള്ളുക, ദൈവം നിന്റെ അഭിലാഷത്തിന് മേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു.'' എന്നിട്ട് തുടര്‍ന്നു: ''ഈ തവിട്ടു നിറത്തിലുള്ള ഒട്ടകത്തിന്റെ പുറത്ത് കയറി യാത്ര ചെയ്യുക. ആ വഴിക്കു തന്നെയാണ് ഞങ്ങളും. വഴിതാണ്ടാന്‍ നമുക്ക് പ്രയാസമുണ്ടാകില്ല.  താങ്കളുടെ സംരക്ഷണം പൂര്‍ണമായും ഞാനേറ്റു.  ഒരു വിഷമവും ഇല്ലാതെ മദീനയിലെത്തി ഇമാം മാലികിനെ സന്ധിക്കാം.'' യാത്രക്കായി ഒട്ടകങ്ങള്‍ അണിനിരന്നു. നിര്‍ദേശിക്കപ്പെട്ടതുപോലെ ഞാന്‍ തവിട്ടു നിറമുള്ള ഒട്ടകപ്പുറത്തേറി യാത്ര ആരംഭിച്ചു. രാവും പകലുമുള്ള യാത്രയില്‍ ഉടനീളം  ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു ഞാന്‍.  

എട്ടു ദിവസത്തെ യാത്രക്കുശേഷം ഒരു അസ്വ്ര്‍ നമസ്‌കാര സമയത്ത് ഞങ്ങള്‍ മദീനയില്‍ എത്തി. മസ്ജിദുന്നബവിയില്‍ നമസ്‌കാരം നിര്‍വഹിച്ചു. നബിയുടെ 'റൗദ' സന്ദര്‍ശിച്ചു. മസ്ജിദുന്നബവിയില്‍ വെച്ചുതന്നെ ഇമാം മാലികിനെ കാണാന്‍ കഴിഞ്ഞു. അദ്ദേഹം ഒരു പുതപ്പ് പുതച്ചിരുന്നു. ഒരു മേല്‍മുണ്ടും ഉണ്ടായിരുന്നു. ഉയര്‍ന്ന ശബ്ദത്തില്‍ ഹദീസ് ക്ലാസ് നടത്തുകയാണ്. അദ്ദേഹം പ്രസ്താവിക്കുന്നത് കേട്ടു.  ഞാന്‍ നാഫിഇല്‍നിന്നും അദ്ദേഹം ഇബ്‌നു ഉമറില്‍നിന്നും  (നബിയുടെ ഖബ്‌റിലേക്ക് ആംഗ്യം കാണിച്ചുകൊണ്ട്) ഈ ഖബ്‌റിന്റെ ഉടമയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ ഹദീസ് ക്ലാസെടുക്കുന്ന വ്യക്തി തന്നെയാണ് ഇമാം മാലിക് എന്ന് ഞാന്‍ ഉറപ്പുവരുത്തി. സദസ്സില്‍ കിട്ടിയ ഇടത്ത് ഞാന്‍ ഇരുന്നു. ഇമാം മാലിക് (റ) ഹദീസ് ക്ലാസ് എടുക്കുന്നതിനിടെ  ഞാന്‍ ഒരു കോല്‍ എടുത്ത് നാവില്‍ വെച്ച് ഉമിനീര് കൊണ്ട് നനച്ച് ഉള്ളം കൈയില്‍ എഴുതാന്‍ തുടങ്ങി. ഉസ്താദ് ഇമാം മാലിക് ഇത് കണ്ടെങ്കിലും ഒന്നും പ്രതികരിച്ചില്ല.

ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥികളെല്ലാം പിരിഞ്ഞുപോയി. ഞാന്‍ എഴുന്നേറ്റിരുന്നില്ല. ഉസ്താദ് എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. എല്ലാവരെയും പോലെ എഴുന്നേല്‍ക്കുന്നുണ്ടോ, അതോ അവിടെ ഇരിക്കുകയാണോ എന്നാവാം അദ്ദേഹം ശ്രദ്ധിച്ചത്. ഞാന്‍ സ്ഥലം വിട്ടില്ല. ഈ സമയം ആംഗ്യം കാണിച്ച് ഉസ്താദ് എന്നെ അടുത്തേക്ക് വിളിച്ചു.  അടുത്തു ചെന്നപ്പോള്‍ എന്നെ സൂക്ഷിച്ചുനോക്കി. പിന്നെ ചോദ്യം: ''ഹറം നിവാസിയാണോ?'' ഞാന്‍ പറഞ്ഞു. ''അതേ.''

''മക്കയിലാണോ?'' ''അതേ.''

''ഖുറൈശി?!'' ''അതേ, ഖുറൈശി തന്നെ.'' 

''സര്‍വ ഗുണങ്ങളും നിന്നിലുണ്ട്. എന്നാല്‍ നീ ഒരു മര്യാദകേട് കാണിച്ചു.''  

''എന്താണത് ഗുരോ, പറഞ്ഞാലും!'' ഞാന്‍ ഭവ്യതയോടെ ആരാഞ്ഞു.

ഗുരു: ''നാം മഹാനായ പ്രവാചക തിരുമേനി (സ) യുടെ തിരുവചനങ്ങള്‍ ക്ലാസെടുക്കുമ്പോള്‍ നീ കോലു കൊണ്ട് കൈയിലെഴുതുന്നു.''  

''ഗുരോ! എന്റെ അടുക്കല്‍ പേനയും കടലാസുമില്ലായിരുന്നു. അപ്പോള്‍ താങ്കളില്‍നിന്ന് കേട്ടത് കൈയില്‍ കുറിച്ചിടുകയായിരുന്നു.'' ഇത് കേട്ടപ്പോള്‍ ഇമാം മാലിക് എന്റെ കൈ പിടിച്ച് പരിശോധിച്ചു. ''ഇവിടെ ഒരക്ഷരവും പതിഞ്ഞുകാണുന്നില്ലല്ലോ!'' അദ്ദേഹം അത്ഭുതം കൂറി. 

'''കൈയില്‍ ഉമിനീരിന്റെ അംശം കാണില്ല. എന്നാല്‍ എത്ര ഹദീസ് താങ്കളില്‍നിന്ന് കേട്ടുവോ അതത്രയും എനിക്കോര്‍മയുണ്ട്.'' 

അപ്പോള്‍ ഉസ്താദ് മാലികി(റ)ന് വിസ്മയം. ''എല്ലാം വേണ്ട, ഒരു ഹദീസ് ഒന്ന് കേള്‍പ്പിക്കൂ. നോക്കട്ടെ.'' 

ഞാന്‍ ഉടനെ ഇങ്ങനെ ഉദ്ധരിച്ചു: ''ഞാന്‍ ഇമാം മാലികില്‍നിന്ന് അദ്ദേഹം ഇമാം നാഫിഇല്‍നിന്ന് അദ്ദേഹം അബ്ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന് അദ്ദേഹം ഈ ഖബ്‌റിന്റെ ഉടമയില്‍നിന്ന് (ഇമാം മാലിക് ചെയ്ത പോലെ നബിയുടെ ഖബ്‌റിലേക്ക് ചൂണ്ടിക്കൊണ്ട്) റിപ്പോര്‍ട്ടു ചെയ്യുന്നു.'' ഇങ്ങനെ 25 ഹദീസുകള്‍ റിപ്പോര്‍ട്ടര്‍മാര്‍ സഹിതം ഉസ്താദിനെ കേള്‍പ്പിച്ചു.  

സൂര്യന്‍ അസ്തമിക്കാന്‍ പോവുകയാണ്. അന്നത്തെ ക്ലാസ് കഴിഞ്ഞു. നിശാപ്രാര്‍ഥനക്കു ശേഷം  ഇമാം മാലിക് തന്റെ വേലക്കാരനെ വിളിച്ചു പറഞ്ഞു. ''ഈ നേതാവിനെ വീട്ടിലേക്ക് കൊണ്ടുപോകൂ.'' എന്നോട് അദ്ദേഹം 'ഈ ഭൃത്യന്റെ കൂടെ  വീട്ടിലേക്ക് പോവുക' എന്ന് നിര്‍ദേശിച്ചു.  ഞാന്‍ അയാളെ അനുഗമിച്ചു.  

വീട്ടിലെത്തിയ ഉടന്‍ ഭൃത്യന്‍ എനിക്ക് വിശ്രമിക്കാനുള്ള ഒരു മുറി ചൂണ്ടിക്കാണിച്ചുതന്നു. ഖിബ്‌ലയുടെ ദിശയും വെള്ളവും മറ്റ് ആവശ്യങ്ങള്‍ക്കുള്ള ഇടവും എവിടെയാണെന്ന് വിശദമായി പറഞ്ഞുതന്നു. 

കുറച്ചു കഴിഞ്ഞ് ഇമാം മാലിക് കടന്നുവന്നു. അദ്ദേഹം ഭൃത്യനോട് വെള്ളമെടുത്ത് വരാന്‍  ആവശ്യപ്പെട്ടു. വേലക്കാരന്‍ വെള്ളവുമായി എന്റെ അടുക്കല്‍ വന്നു. അപ്പോള്‍ ഉസ്താദ് മാലിക് വിലക്കി. ''ആദ്യം ആതിഥേയന്റെ കൈ കഴുകുക. ഭക്ഷണശേഷം അതിഥിയുടെ കൈ കഴുകുക.'''അദ്ദേഹം നിര്‍ദേശിച്ചു.

ഇമാം മാലികിന്റെ ഈ നിര്‍ദേശത്തില്‍ എനിക്ക് അത്ഭുതം തോന്നി. ഞാന്‍ അദ്ദേഹത്തോട് കാര്യം തിരക്കി. 

''ആതിഥേയരല്ലേ വിരുന്നിന് വിളിക്കുന്നത്. അതുകൊണ്ട് അവര്‍ ആദ്യം കൈ കഴുകണം. എന്നാല്‍, ഭക്ഷണം കഴിച്ച ശേഷം ആദ്യം അതിഥിയും. പിന്നീട് മാത്രം ആതിഥേയനും കൈ കഴുകണം. കാരണം വേറെ വല്ല വിരുന്നുകാരും വന്നാലോ? അവരുടെ കൂടെ കുറച്ച് കഴിക്കാന്‍ ഇരിക്കേണ്ടത്  സല്‍ക്കരിക്കുന്നവരുടെ ബാധ്യതയത്രെ.'' 

അതിനു ശേഷം ഇമാം മാലിക് ഒരു കിണ്ണം തുറന്ന് അതില്‍നിന്ന് രണ്ട് പാത്രങ്ങള്‍ പുറത്തെടുത്തു. ഒന്നില്‍ പാലും മറ്റേതില്‍ ഈത്തപ്പഴവും. രണ്ട് പേരും അത് കഴിച്ചു. വീട്ടില്‍ ഉണ്ടാക്കിവെച്ച ആഹാരം രണ്ട് പേര്‍ക്ക് തികയില്ലന്ന് ഇമാം മാലികിന് അറിയാമായിരുന്നു.  

 അദ്ദേഹം എന്നോടു പറഞ്ഞു: ''അബൂ അബ്ദില്ലാ, ഒരു പാവം ഫഖീറിന് മറ്റൊരു പാവപ്പെട്ടവന് നല്‍കാന്‍ ഇത്രയൊക്കെയേ ഉള്ളു.'' 

ഞാന്‍ പ്രതികരിച്ചു: ''എന്തിനീ ക്ഷമാപണം? വലിയ ഉപകാരമാണ് താങ്കള്‍ ചെയ്തത്. അതില്‍ ഗുണഭോക്താവിന് പരാതിയൊട്ടില്ലതാനും.'' ഭക്ഷണ ചിട്ടവട്ടങ്ങള്‍ക്കു ശേഷം ഇമാം മാലിക് മക്കയുടെയും മക്കക്കാരുടെയും വിശേഷങ്ങള്‍ ആരാഞ്ഞു. കുറച്ച് സമയം സംസാരിച്ചിരുന്ന ശേഷം അദ്ദേഹം പറഞ്ഞു. ''രാത്രി ഏറെ വൈകി. യാത്രക്കാരന് വിശ്രമം വേണമല്ലോ.''

ഞാന്‍ വല്ലാതെ ക്ഷീണിതനായിരുന്നു. നന്നായി ഉറങ്ങി. പുലര്‍കാലയാമത്തില്‍ വാതില്‍ മുട്ടുന്നത് കേട്ടു. പുറത്തുനിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു; 'നമസ്‌കാര സമയമായി. അല്ലാഹു താങ്കള്‍ക്ക് കരുണ ചെയ്യട്ടെ.' ഞാന്‍ എഴുന്നേറ്റു പുറത്തുവന്ന് നോക്കുമ്പോള്‍ ഇമാം ഒരു വെള്ളപ്പാത്രവുമായി നില്‍ക്കുന്നു. അതെനിക്ക് വലിയ കുറച്ചിലായി.'''ഇതില്‍ നാണിക്കാനൊന്നുമില്ല. അതിഥിസേവനം കടമയത്രെ.''

ഞങ്ങള്‍ ഒരുമിച്ച് മസ്ജിദുന്നബവിയില്‍ എത്തി. ജമാഅത്തായി നമസ്‌കരിച്ചു. അപ്പോള്‍ രാത്രി വിട്ടുമാറിയിരുന്നില്ല. ആരും പരസ്പരം തിരിച്ചറിയാനാവാത്തത്ര ഇരുട്ട്. നമസ്‌കാരശേഷം എല്ലാവരും സ്വസ്ഥാനത്ത് ഇരുന്നു. പ്രാര്‍ഥനകളിലും ദിക്‌റുകളിലും വ്യാപൃതരായി. മലമുകളില്‍ വെയിലിന്റെ നാളം കണ്ടുതുടങ്ങുകയും വെളിച്ചം പരക്കുകയും ചെയ്തപ്പോള്‍ ഇമാം മാലിക് (റ) ഹദീസ് ദര്‍സ് ആരംഭിച്ചു. ഞാന്‍ നേരത്തേ വായിച്ചു മനഃപാഠമാക്കിയ 'മുവത്വ' എന്ന വിഖ്യാത കൃതി എന്റെ കൈയില്‍ തന്നു. ഞാന്‍ വായിക്കാന്‍ തുടങ്ങി. മറ്റുള്ളവര്‍ എഴുതിയെടുക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ ഇമാം മാലികിന്റെ കൂടെ ഒമ്പത് കൊല്ലം താമസിച്ചു. ഇമാമിന്റെ  വീട്ടിലെ ഒരംഗത്തെ പോലെയാണ് അന്നവിടെ കഴിഞ്ഞുകൂടിയത്. 

(ഹൈദരാബാദില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഫന്‍കര്‍ നൗ മാസികയിലെ ലേഖനത്തെ അവലംബിച്ച് തയാറാക്കിയത്)

വിവ: സഈദ് മുത്തനൂര്‍

 

സഈദ് മുത്തനൂര്‍: മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാവനൂര്‍ സ്വദേശി. ഉമറാബാദ്, അലീഗഢ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ശാന്തപുരം കോളേജിലും വണ്ടൂര്‍ ഏറിയാട് സ്‌കൂളിലും അധ്യാപകനായിരുന്നു. ഒരു പ്രബോധകന്റെ അനുഭവം (വിവ), പറഞ്ഞുതരുന്ന ചരിത്രം എന്നിവ പ്രധാന കൃതികളാണ്. ഫോണ്‍: 9895128059

Comments

Other Post