Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ശാഫിഈ വിമര്‍ശന കൃതികള്‍ (അര്‍റദ്ദു അലശ്ശാഫിഈ)

ഇമാം ശാഫിഈ ജിവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ ചില കര്‍മശാസ്ത്രാഭിപ്രായങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച പണ്ഡിതന്മാരുണ്ടായിരുന്നു. ഇമാം ശാഫിഈയുടെ ശിഷ്യനാവുകയും പിന്നീട് തന്റെ ആദ്യ മദ്ഹബായ മാലികീ മദ്ഹബിലേക്ക് തിരിച്ചുപോവുകയും ചെയ്ത അബൂഅബ്ദുല്ല മുഹമ്മദു ബ്‌നു അബ്ദുല്ലാഹിബ്‌നുല്‍ അബ്ദുല്‍ ഹകം (ഹി. 266) എഴുതിയ അര്‍റദ്ദു അലശ്ശാഫിഈ ഫീമാ ഖാലഫ ഫീഹില്‍ കിതാബ വസ്സുന്ന ഒരു ശാഫിഈ വിമര്‍ശനഗ്രന്ഥമാണ്. പിന്നീട് ഇതര മദ്ഹബുകളിലെ ഒട്ടേറെ പണ്ഡിതന്മാര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ഇമാം ശാഫിഈയുടെ അഭിപ്രായങ്ങള്‍ക്ക് വൈജ്ഞാനിക വിമര്‍ശനങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു കൃതിയാണ് തുനീഷ്യയിലെ പ്രമുഖ മാലികീ മദ്ഹബ് പണ്ഡിതനായ അബൂബക്ര്‍ മുഹമ്മദു ബ്‌നു ലിബാദില്‍ ഖയ്‌റുവാനി എഴുതിയ (ഹി. 250-333) കിതാബു അര്‍റദു അലശ്ശാഫിഈ. മാലികീ മദ്ഹബില്‍നിന്നുള്ള പ്രശസ്തമായ ശാഫിഈ വിമര്‍ശന കൃതിയാണിത്. മാലികീ മദ്ഹബില്‍നിന്ന് വ്യത്യസ്തമായി ഇമാം ശാഫിഈ സ്വീകരിച്ച ചില കര്‍മശാസ്ത്ര വിഷയങ്ങളാണ് 126 പേജ് മാത്രമുള്ള ഈ ചെറു കൃതിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇമാം ശാഫിഈ ഒരു വിഷയത്തില്‍ സ്വീകരിച്ച നിലപാടും അതിന് അദ്ദേഹം നിരത്തിയ തെളിവും വിശദീകരണവും ഗ്രന്ഥകാരന്‍ സത്യസന്ധമായി ആദ്യം പകര്‍ത്തുന്നു.  പിന്നീട് ആ വിഷയത്തില്‍ ഇമാം മാലികിന്റെ നിലപാടും തെളിവുകളും വിശദീകരിക്കുന്നു. തുടര്‍ന്ന് റസൂലിന്റെ ഹദീസിനോട് ഏറ്റവും അടുത്തുനില്‍ക്കുന്നതും ചേര്‍ന്നുപോകുന്നതും ഈ വിഷയത്തില്‍ ഇമാം മാലികിന്റെ അഭിപ്രായമാണെന്ന്  സമര്‍ഥിക്കുന്നു.  ആ അര്‍ഥത്തില്‍ ഇതൊരു കര്‍മശാസ്ത്ര താരതമ്യപഠനം കൂടിയാണ്. നമസ്‌കാരം, സകാത്ത്, ഹജ്ജ്, ഉംറ, വിവാഹം, മുലകുടി ബന്ധം, ത്വഹാറത്ത്, കച്ചവടം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായ വൈവിധ്യങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്ന മുഖ്യ വിഷയങ്ങള്‍. തുനീഷ്യയിലെ ദാറുല്‍ അറബ് ത്വിബാഈ 1986 ല്‍ പുനഃപ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ പുതിയ കോപ്പി ലഭ്യമാണ്. 

ആഫ്രിക്കന്‍ പണ്ഡിതനായ ഖാദി നുഅ്മാന്‍  എഴുതിയ അര്‍രിസാലത്തുല്‍ മിസ്‌രിയ്യ ഫീ അര്‍റദ്ദി അലശ്ശാഫിഈ, അഹ്മദുബ്‌നു മര്‍വാനുബ്‌നു മുഹമ്മദ് മാലികി അല്‍ മിസ്‌രിയുടെ ഫദാഇലു മാലിക് വറര്‍ദ്ദു അലശ്ശാഫിഈ, യഹ്‌യബ്‌നു ഉമറിന്റെ കിതാബു അര്‍റദ്ദു അലശ്ശാഫിഈ, മാലികീ പണ്ഡിതനായ അബൂ ഉമര്‍ യൂസുഫു ബ്‌നു യഹ്‌യ അല്‍ അസദി മഗാമില്‍ ഖുര്‍ത്വുബി (ഹി. 788) എഴുതിയ പത്ത് വാള്യങ്ങളുള്ള അര്‍റദ്ദു അലശ്ശാഫിഈ, ഖവാരിജ് പണ്ഡിതനായ അബുല്‍ ഫദ്ല്‍ അല്‍ ഖിര്‍ത്വിലൂസി എഴുതിയ അര്‍റദ്ദു അലശ്ശാഫിഈ ഫില്‍ ഖിയാസ് തുടങ്ങിയവ ഇമാം ശാഫിഈയുടെ കര്‍മശാസ്ത്ര നിലപാടുകളെ നിരൂപണത്തിനു വിധേയമാക്കുന്ന കൃതികളില്‍ ചിലതാണ്. 

Comments

Other Post