ലോക രാജ്യങ്ങളിലെ വര്‍ത്തമാനങ്ങള്‍
ഇമാം ശാഫിഈ(റ) 815-ല്‍ ഇറാഖ് വിട്ട് ഈജിപ്തില്‍ സ്ഥിരതാമസമാക്കിയതാണ് ശാഫിഈ മദ്ഹബിന്റെ വ്യാപനത്തില്‍ കാര്യമായ വഴിത്തിരിവായത്. ക്രി. 814-ല്‍ (ഹിജ്‌റ 198) ഹാറൂന്‍ റശീദിന്റെ ഇളയ പുത്രന്‍ മഅ്മൂന്‍ അധികാരമേറ്റതോടെ ഇമാം ശാഫിഈക്ക് ബഗ്ദാദ് വാസം ദുഷ്‌കരമായി. ഇതിന് രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്; ഒന്ന്, മഅ്മൂന്‍ ഭരണകാലത്ത് പേര്‍ഷ്യക്കാര്‍ക്കുണ്ടായ ഭരണസ്വാധീനം. രണ്ട്, മുഅ്തസിലീ ആശയങ്ങളോട് മഅ്മൂനിനുണ്ടായിരുന്ന അടുപ്പം. ഇക്കാരണങ്ങളാല്‍തന്നെ ആത്മാഭിമാനമുള്ള ഒരു ഖുറൈശീ പണ്ഡിതന് ബഗ്ദാദ്‌വാസം ദുഷ്‌കരമായിരുന്നു.
അഹ്മദുബ്‌നു ഹമ്പല്‍ (റ) ഒഴികെയുള്ള ഇമാം ശാഫിഈയുടെ ശിഷ്യന്മാരെല്ലാം ഈ യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. റബീഅ് അല്‍ ജീസി, അല്‍ ബുവൈശി, ഇസ്മാഈല്‍ അല്‍ മുസനി, മുഹമ്മദുബ്‌നു അബ്ദില്‍ ഹകം, ഹര്‍മല അല്‍ തജീബി തുടങ്ങിയവരായിരുന്നു ഈജിപ്ത് വാസത്തിലെ ഇമാമിന്റെ പ്രധാന ശിഷ്യന്മാര്‍. ഈജിപ്തിലെ മസ്ജിദ് അംറുബ്‌നു അല്‍ ആസ്വ് ആണ് അദ്ദേഹം തന്റെ ആസ്ഥാനമാക്കിയത്. ബഗ്ദാദിലായിരുന്നപ്പോള്‍ വെച്ചുപുലര്‍ത്തിയിരുന്ന ചില നിലപാടുകള്‍ തിരുത്താനും അദ്ദേഹത്തിന്റെ ഈജിപ്ത് വാസം ഹേതുവായി.
ഇമാം ശാഫിഈയുടെ കര്‍മശാസ്ത്ര വീക്ഷണങ്ങള്‍ ജനങ്ങള്‍, വിശിഷ്യാ ഈജിപ്തുകാര്‍ നെഞ്ചിലേറ്റിയത് വളരെ വേഗത്തിലായിരുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്. ഒന്നാമതായി, ഈജിപ്ത്, മാലികീ വീക്ഷണങ്ങളുടെ ഈറ്റില്ലമായ മദീനയില്‍നിന്നും ഹനഫീ ചിന്താധാരയുടെ പ്രഭവസ്ഥാനമായ കൂഫയില്‍നിന്നും അകലെയായിരുന്നു. അതിനാല്‍, ഈ രണ്ട് കര്‍മശാസ്ത്ര സരണികളും ഈജിപ്ത് നിവാസികളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. രണ്ടാമതായി, കര്‍മശാസ്ത്രത്തില്‍ ഹദീസുകള്‍ക്ക് പ്രാമുഖ്യം കല്‍പിച്ചിരുന്ന മദീനാ വീക്ഷണത്തിന്റെയും (മാലികീ മദ്ഹബ്), ഹദീസുകള്‍ ദുര്‍ലഭമാവുകയും ശരിയായ രീതിയില്‍ നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ കണ്ടെത്തുക ദുസ്സാധ്യമാവുകയും ചെയ്തപ്പോള്‍ തുലന രീതി(ഖിയാസ്)ക്ക് പ്രാമുഖ്യം കല്‍പിച്ചിരുന്ന ഇറാഖീ കര്‍മശാസ്ത്ര സരണി(ഹനഫീ മദ്ഹബ്)യുടെയും ഇടയിലുള്ള ഒരു മധ്യമ രീതിയാണ് ഇമാം ശാഫിഈ അവലംബിച്ചിരുന്നത് എന്നതും ജനങ്ങളെ ആകര്‍ഷിച്ചു. ഹദീസുകള്‍ സ്വഹീഹായി ലഭിച്ചാല്‍ താന്‍ തുലനരീതി ഉപേക്ഷിക്കുമെന്നും ഹദീസിന്റെ ആശയം തന്റെ വീക്ഷണമായി കാണുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇമാം ശാഫിഈയുടെ കാലശേഷം അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഗുരുവിന്റെ ആശയങ്ങളും വീക്ഷണങ്ങളും പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. മറ്റു ധാരാളം പ്രമുഖ പണ്ഡിതന്മാര്‍ ശാഫിഈ സരണി പിന്‍പറ്റുകയും അവര്‍ ഇതിനെ ജനങ്ങളിലേക്കെത്തിക്കല്‍ ഒരു ഉത്തരവാദിത്തം പോലെ കരുതിപ്പോരുകയും ചെയ്തുവെന്നത് ഇതിന്റെ വ്യാപനത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ഇമാം ശാഫിഈയുടെ ശിഷ്യന്മാര്‍ അന്ന് പ്രസിദ്ധമായിരുന്ന മിക്ക നാടുകളിലും നഗരങ്ങളിലും എത്തിയത് ഈ ഉത്തരവാദിത്ത ബോധം കൊണ്ടായിരുന്നു. സമര്‍ഖന്ദ്, ബുഖാറ, ശീറാസ്, ജോര്‍ദാന്‍, റയ്യ്, ഇസ്ഫഹാന്‍, ത്വൂസ്, സാവാ, ഹംദാന്‍, സന്‍ജാന്‍, ബിസ്താം, തിബ്‌രീസ്, ബൈഹഖ്, ഖുറാസാന്‍, അസര്‍ബൈജാന്‍, ഖവാരിസം, ഗസ്‌ന, ഗോര്‍, കിര്‍മാന്‍ തുടങ്ങിയ അന്നത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇമാം ശാഫിഈയുടെ ശിഷ്യഗണങ്ങളുണ്ടായിരുന്നു (സുബ്കി).
പില്‍ക്കാലത്ത് മുസ്‌ലിം രാജ്യങ്ങളില്‍ ശാഫിഈ വീക്ഷണങ്ങള്‍ പ്രചരിപ്പിച്ച പണ്ഡിതന്മാര്‍ പ്രസിദ്ധരും പ്രഗത്ഭരുമാണ്. സിറിയയും ജോര്‍ദാനും അടങ്ങുന്ന ശാം രാജ്യങ്ങളില്‍ ഖാദി അബൂ സുര്‍റത്ത് (മരണം ക്രി. 913) ആണ് ശാഫിഈ വീക്ഷണങ്ങളുടെ പ്രചാരകന്‍. ട്രാന്‍സോക്‌സിയാന (മാവറാ അന്നഹ്ര്‍) ദേശങ്ങളില്‍ ശാഫിഈയുടെ പ്രമുഖ ശിഷ്യന്മാരിലൊരാളായ അല്‍ ഖഫ്ഫാല്‍ (മ. ക്രി. 975) ആയിരുന്നു മദ്ഹബ് വാഹകന്‍. ബഗ്ദാദില്‍ ഇമാം സഅ്ഫറാനി(മ. ക്രി 873)യും മര്‍വ് രാജ്യങ്ങളില്‍ ഇമാം അഹ്മദുബ്‌നു സയ്യാര്‍, ഹാഫിള് അബ്ദുല്ലാഹില്‍ മര്‍വസി എന്നിവരും ഇതിന്റെ പ്രചാരകരായിരുന്നു. ഇസ്ഫറായന്‍ ദേശങ്ങളില്‍ ഇമാം അബൂഅമാന(മ. ക്രി. 928)യും ഗസ്‌ന, ഖുറാസാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇമാം വജീഹുദ്ദീന്‍ അല്‍ മര്‍വസി(മ.ക്രി. 1199)യും മദ്ഹബ് പ്രചരിപ്പിച്ചു.
പ്രതിഭാധനന്മാരായ ഒരു പറ്റം പണ്ഡിതന്മാരുടെ സാന്നിധ്യവും ഈ മദ്ഹബിന്റെ വ്യാപനത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അഥവാ കൂടുതല്‍ പണ്ഡിതന്മാരുടെ കര്‍മശാസ്ത്ര വിശകലനങ്ങള്‍ ഈ മദ്ഹബിന് ലഭ്യമായിട്ടുണ്ട്. അബ്ദുര്‍റഹ്മാന്‍ മഹ്ദി (മരണം. ക്രി. 813), അല്‍ഹുമൈദി (മരണം. ക്രി. 834), അല്‍ ബുവൈത്വി (മരണം. ക്രി. 846), ഇബ്‌നു സുറൈജ് (മരണം. ക്രി. 850), അബൂസൗര്‍ അല്‍കല്‍ബി (മരണം. ക്രി. 854), ഹര്‍മല (മരണം. ക്രി 857), അല്‍ മുസനി (മരണം. ക്രി. 877) തുടങ്ങിയവര്‍ പ്രാഗത്ഭ്യം കൊണ്ട് പ്രസിദ്ധരായ മഹാ പണ്ഡിതന്മാരാണ്. പില്‍ക്കാലത്തെ ഇമാം അല്‍ ഹറമൈനി, ഗസാലി, റാഫിഈ, നവവി, ഹൈതമി തുടങ്ങിയവരും പ്രതിഭാധനന്മാരായിരുന്നു. ഇമാം ബൈഹഖി ശാഫിഈ മദ്ഹബിനെ താങ്ങിനിര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട്.
ശാഫിഈ പണ്ഡിതന്മാരില്‍ മിക്കവരും ഗ്രന്ഥകര്‍ത്താക്കളായിരുന്നു എന്നതും മദ്ഹബിന്റെ പ്രചാരണത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മറ്റു മദ്ഹബുകള്‍ക്കവകാശപ്പെടാനില്ലാത്ത വിധം ഗ്രന്ഥങ്ങള്‍കൊണ്ട് സമ്പന്നമാണ് ശാഫിഈ മദ്ഹബ്. അതുകൊണ്ടുതന്നെ ഏതു ദേശക്കാര്‍ക്കും റഫര്‍ ചെയ്യാന്‍ പോന്ന കര്‍മശാസ്ത്ര സരണിയായി ഈ മദ്ഹബിനെ പരിഗണിച്ചുപോന്നു എന്നതും ഇതിന്റെ വ്യാപനത്തിന് ഹേതുവായിട്ടുണ്ട്.
ഇമാം ശാഫിഈ(റ) ജീവിതകാലത്തുതന്നെ ഏറെ പ്രസിദ്ധനായിരുന്നു. തന്റെ പലായന ജീവിതം ഈ പ്രശസ്തിക്ക് ഏറെ മാറ്റുകൂട്ടിയിട്ടുണ്ട്. ഫലസ്ത്വീനിലെ ഗസ്സയില്‍ ജനിക്കുകയും മക്കയില്‍ വളരുകയും മദീനയില്‍നിന്ന് വിദ്യ നുകരുകയും യമനില്‍ ജോലി ചെയ്യുകയും ബഗ്ദാദില്‍ ഗവേഷണം നടത്തുകയും ഈജിപ്തില്‍ മരണപ്പെടുകയും ചെയ്ത ഖുറൈശീ പണ്ഡിതന്‍ പ്രസിദ്ധിയാര്‍ജിക്കുക സ്വാഭാവികം. അതിനാല്‍ ഇമാം ശാഫിഈയുടെ പേരും പ്രശസ്തിയും ഈ മദ്ഹബിനെ ജനങ്ങള്‍ സ്വീകരിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.
എല്ലാ അനുകൂല സാഹചര്യങ്ങളും ശാഫിഈ മദ്ഹബിന് ഉണ്ടായിരുന്നെങ്കിലും ഭരണപരമായ പിന്തുണ പലപ്പോഴും ഇതിന് നഷ്ടമായി. ഒരു വീക്ഷണത്തിന്റെ വ്യാപനവും പ്രചാരണവും വെറും ബുദ്ധിപരതയിലും ആശയസമ്പുഷ്ടിയിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന കാര്യമല്ലല്ലോ. ഉമവീ ഭരണകൂടം മത കാര്യങ്ങളില്‍ കാര്യമായി ഇടപെട്ടിരുന്നില്ലെങ്കിലും അബ്ബാസീ ഭരണകൂടം ഖാദിമാരെ നിയമിക്കുക വഴി ജനങ്ങളുടെ വ്യക്തിജീവിതത്തിലും കാര്യമായി ഇടപെട്ടിരുന്നുവെന്നത് ചരിത്രമാണ്. ജനങ്ങള്‍ വിവിധ കര്‍മശാസ്ത്ര സരണികള്‍ അനുധാവനം ചെയ്യുമ്പോള്‍ അബ്ബാസീ ഭരണകൂടം ഏതെങ്കിലുമൊരു മാര്‍ഗത്തിന് മുന്‍തൂക്കം നല്‍കുക സ്വാഭാവികമാണ്. അബ്ബാസീ ഭരണകൂടം രാഷ്ട്രത്തിന്റെ മദ്ഹബായി അംഗീകരിച്ചത് ഹനഫീ മദ്ഹബായിരുന്നു.
അബ്ബാസികളുടെ ആസ്ഥാനം ബഗ്ദാദ് ആയിരുന്നു. അതിനാല്‍ തങ്ങളുടെ തലസ്ഥാന നഗരിയിലെ മദ്ഹബ് എന്ന നിലക്കും, ഇറാഖികള്‍ കൂടുതലും അനുധാവനം ചെയ്തിരുന്ന മദ്ഹബ് എന്ന നിലക്കും ഹനഫീ മദ്ഹബിനെ രാഷ്ട്രത്തിന്റെ മദ്ഹബായി അംഗീകരിക്കാന്‍ ഇത് പ്രേരണയായി. മുസ്‌ലിം രാജ്യത്തിന്റെ ഐകരൂപ്യത്തിനും ഭരണത്തിന്റെയും കോടതികളുടെയും സുഗമമായ നടത്തിപ്പിനും ജനങ്ങളെ ഒരു മദ്ഹബില്‍ ഏകോപിപ്പിക്കല്‍ ഭരണാധികാരികള്‍ക്ക് അനിവാര്യമായിരുന്നു എന്നത് ഇതോടൊപ്പം കൂട്ടിവായിക്കുക.
അബ്ബാസീ ഭരണകൂടം ഹനഫീ പക്ഷത്തേക്ക് പോയത് മറ്റു മദ്ഹബുകളുടെ വ്യാപനത്തിന് കാര്യമായ വിഘാതം സൃഷ്ടിച്ചു. അബ്ബാസികളുടെ പടയോട്ടം എത്തിയ സര്‍വസ്ഥലങ്ങളിലും ഹനഫീ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ മാത്രം വിധികളും വിലക്കുകളും നല്‍കപ്പെട്ടു. ഗോറികളുടെയും ഗസ്‌നവികളുടെയും മറപറ്റി വന്ന ദല്‍ഹിയിലെ സുല്‍ത്താന്മാരും പിന്നീട് വന്ന മുഗളന്മാരും ഹനഫീ മദ്ഹബ് വിട്ട് മറ്റൊന്നും ഗൗനിച്ചില്ല. ഉസ്മാനിയാ ഖിലാഫത്തും പിന്നീട് ഹനഫീ പക്ഷം പിടിച്ചതോടെ മറ്റു മദ്ഹബുകളുടെ പാര്‍ശ്വവത്കരണം ഏതാണ്ട് പൂര്‍ണമായി.
എങ്കിലും, ശാഫിഈ മദ്ഹബിന് അല്‍പസ്വല്‍പം ഭരണത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നുവെന്നതും എടുത്തു പറയണം. ഈജിപ്തും സിറിയയും ശാഫിഈ മദ്ഹബിന്റെ ശക്തമായ കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്നു. ഈ നാടുകളില്‍ ഖത്വീബുമാരും ഖാദിമാരും ശാഫിഈ മദ്ഹബുകാരായിരുന്നു. ഈ നാടുകളിലെ ശാഫിഈ മദ്ഹബുകാരുടെ ആധിക്യം കാരണം ഇവിടങ്ങളിലെ താക്കോല്‍സ്ഥാനങ്ങളിലെല്ലാം ശാഫിഈ മദ്ഹബുകാരെ നിയമിക്കുന്നതില്‍ ചില ഭരണാധികാരികള്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു (സുബ്കി).
ഈജിപ്തിലും ശാഫിഈ മദ്ഹബ് അതിജീവനം ചെയ്തു. ഫാത്വിമി ഭരണകൂടത്തിനു കീഴില്‍ മദ്ഹബിന് ഏറെ പരിപോഷണവും ഒരുതരം ഔദ്യോഗിക പരിവേഷവും ലഭിച്ചു. അയ്യൂബികളുടെ കാലം മുതല്‍ അടിമവംശം സിംഹാസനത്തിലേറുന്നത് വരെ ശാഫിഈ മദ്ഹബ് ഈജിപ്തില്‍ ഔദ്യോഗികമായി തന്നെ നിലനിന്നു.
സ്വലാഹുദ്ദീന്‍ അയ്യൂബി ഈജിപ്ത് കീഴടക്കുമ്പോള്‍ ഈജിപ്തില്‍ ശാഫിഈ മദ്ഹബിന്റെ സുവര്‍ണ കാലമായിരുന്നു. മാത്രമല്ല, അയ്യൂബികള്‍ മദ്ഹബിന്റെ വ്യാപനത്തിന് നല്‍കിയ സംഭാവന നിസ്തര്‍ക്കമാണ്. ശാമിലെ ഭരണാധികാരിയായിരുന്ന ഈസാബ്‌നു ആദില്‍ ഒഴികെ മുഴുവന്‍ ഭരണാധികാരികളും ശക്തമായി ശാഫിഈ പക്ഷത്ത് നിലകൊണ്ടവരായിരുന്നു. എന്നാല്‍, ഈസാബ്‌നു ആദില്‍ കടുത്ത ഹനഫീ പക്ഷക്കാരനായിരുന്നു. പില്‍ക്കാലത്ത് ഈജിപ്തിന്റെ ചെങ്കോലേന്തിയ തുര്‍ക്കികളും ശാഫിഈ മദ്ഹബ് തന്നെ പിന്തുടര്‍ന്നു. ഉസ്മാനി ഭരണം സ്ഥാപിക്കപ്പെടുന്നതുവരെ ഇതേനില തുടര്‍ന്നുപോന്നു.
ക്രി. 11-ാം നൂറ്റാണ്ടോടെ യമനില്‍ ശാഫിഈ മദ്ഹബ് കടന്നുവന്നപ്പോള്‍ മാലികീ, ഹനഫീ മദ്ഹബുകള്‍ക്കും സുഫ്‌യാനുസ്സൗരി, ഇമാം ഇസ്ഹാഖ് എന്നിവരുടെ വീക്ഷണങ്ങള്‍ക്കും യമനില്‍ നല്ല സ്വാധീനം ലഭിച്ചിരുന്നു. എന്നാല്‍, യമനികള്‍ ശാഫിഈ വീക്ഷണങ്ങളെ പരിചയപ്പെട്ടതോടെ അവര്‍ കടുത്ത ശാഫിഈ പക്ഷക്കാരായി മാറി. മാത്രമല്ല, ശാഫിഈ മദ്ഹബിന്റെ ഒരുകാലത്തും അസ്തമിക്കാത്ത കേന്ദ്രങ്ങളിലൊന്നായും യമന്‍ അറിയപ്പെട്ടു.
ഭരണസ്വാധീനവും ഭരണാധികാരികളുടെ ഇടപെടലുകളും ഹനഫി അല്ലാത്ത വീക്ഷണങ്ങള്‍ക്ക് ക്ഷതമേല്‍പിച്ചെങ്കിലും ഈജിപ്തിലും ഹിജാസിലും മദ്ഹബ് അതിജീവിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ ചാന്‍സലര്‍മാരും കുറെ അധ്യാപകരും ശാഫിഈ മദ്ഹബുകാരായത് ഇതിന്റെ വ്യാപനത്തെ സഹായിച്ചു. അന്ന് മുസ്‌ലിം വിജ്ഞാനീയങ്ങളുടെ ഈറ്റില്ലമായിരുന്ന അല്‍ അസ്ഹറില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം ശാഫിഈ മദ്ഹബില്‍ ആകൃഷ്ടരായി. അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളില്‍ ചെലുത്താവുന്ന സ്വാധീനം അനല്‍പമാണല്ലോ.
മക്കയിലും മദീനയിലും വസിച്ചിരുന്ന ശാഫിഈ പണ്ഡിതന്മാരാണ് ഹിജാസില്‍ മദ്ഹബിനെ സംരക്ഷിച്ചുനിര്‍ത്തിയത്. മുഹമ്മദുബ്‌നു അബ്ദിര്‍ റസൂല്‍ ബര്‍സന്‍ജി (മരണം. ക്രി 1692), മുഹമ്മദുബ്‌നു സുലൈമാന്‍ അല്‍ കര്‍മി അല്‍ മദനി (മരണം. ക്രി 1715), മുഹമ്മദുബ്‌നു ശഥാ അല്‍ ദിംയാഥീ (മരണം. ക്രി 1863), അലവിബ്‌നു അല്‍ സഖ്ഖാഫ് അല്‍ മക്കി (മരണം. ക്രി 1917) എന്നിവര്‍ ഇവരില്‍ പ്രസിദ്ധരാണ്.
യമനില്‍നിന്നും ഈജിപ്തില്‍നിന്നുമാണ് ശാഫിഈ മദ്ഹബ് കാര്യമായി മറ്റു ദേശങ്ങളിലേക്ക് സഞ്ചരിച്ചത്. ഹിജാസില്‍നിന്നും അല്‍പസ്വല്‍പം വ്യാപനം ഉണ്ടായിട്ടുണ്ട്. യമനുമായോ ഈജിപ്തുമായോ വ്യാപാര ബന്ധം ഉണ്ടായിരുന്ന ദേശങ്ങളിലാണ് പിന്നെ ശാഫിഈ മദ്ഹബിന്റെ സാന്നിധ്യം കാണാന്‍ കഴിയുന്നത്. കടല്‍ കടന്നുള്ള വ്യാപാരമാണ് ഇവിടം നിലനിന്നിരുന്നതെന്നതിനാല്‍, തീരദേശങ്ങളിലാണ് മദ്ഹബിന് പ്രചാരം ലഭിച്ചത്.
യമനുമായും ഈജിപ്തുമായും ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്ന മലബാര്‍, തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളായ കായല്‍പട്ടണം, കീളക്കര, കര്‍ണാടകയുടെ തീരദേശങ്ങള്‍, കൊങ്കണ്‍ പ്രദേശങ്ങള്‍, മുംബൈ നഗരവും സമീപ പ്രദേശങ്ങളും, ഗുജറാത്തിന്റെ തീരങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ പ്രധാനമായി ശാഫിഈ മദ്ഹബ് വേരോടിയത്. യമനില്‍നിന്നും ഈജിപ്തില്‍നിന്നും പലായനം ചെയ്തുവന്ന പണ്ഡിതന്മാരും ആധ്യാത്മികാചാര്യന്മാരും സയ്യിദുമാരും ഇവിടങ്ങളില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ ഇവിടെ ഈ മദ്ഹബ് അതിവേഗം പ്രചരിച്ചു. കായല്‍ പട്ടണത്തിലേക്കും പിന്നീട് കേരളത്തിലേക്കും കുടിയേറിപ്പാര്‍ത്ത മഖ്ദൂം കുടുംബം, യമനില്‍നിന്ന് വിശിഷ്യാ ഹള്‌റമൗത്തില്‍നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്ത പ്രവാചക വംശപരമ്പരയില്‍പെട്ട വ്യക്തികള്‍, ഇവിടങ്ങളില്‍നിന്ന് വന്ന മതപ്രബോധകരും സ്വൂഫിവര്യന്മാരും തുടങ്ങി പലരും ഇന്ത്യയില്‍ ശാഫിഈ മദ്ഹബിന് കാര്യമായ സ്വാധീനം നേടിക്കൊടുത്തു. ദക്കാന്‍, അഹ്മദ് നഗര്‍, ബീജാപൂര്‍, ബെല്‍ഗാം, മലബാര്‍ എന്നീ സ്ഥലങ്ങളിലാണ് ശാഫിഈ മദ്ഹബ് പച്ചപിടിച്ചത്. ഈ ദേശങ്ങള്‍ ഹള്‌റമൗത്തില്‍നിന്നുള്ള പണ്ഡിതന്മാരുടെ ഇഷ്ടഭൂമിയായിരുന്നു.
തീരദേശങ്ങളിലല്ലാതെ ഇന്ത്യയില്‍ ശാഫിഈ മദ്ഹബ് എത്തിപ്പെട്ട രണ്ട് ഇന്ത്യന്‍ നഗരങ്ങളാണ് ദല്‍ഹിയും ഹൈദരാബാദും. മുഗള്‍ രാജാവായിരുന്ന ഹുമയൂന്‍ ചരമം പ്രാപിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യമാരിലൊരാള്‍ ഹജ്ജിന് പോവുകയും തിരിച്ചുവരുമ്പോള്‍ ഹള്‌റമൗത്തില്‍നിന്ന് 300 സയ്യിദുമാരെ രാജകീയ അതിഥികളായി ദല്‍ഹിയിലേക്ക് കൊണ്ടുവരികയും ചെയ്തു. ദിവംഗതനായ ഹുമയൂനിന്റെ മഖ്ബറ സമുച്ചയത്തില്‍ പാര്‍പ്പിച്ച് അവര്‍ക്ക് വേണ്ട സര്‍വ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അറബ് മീസറായേ എന്നായിരുന്നു ഇവരുടെ വാസസ്ഥലത്തിന് നല്‍കിയിരുന്ന പേര്. ഹുമയൂനിന്റെ ഖബ്ര്‍സ്ഥാനില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ബാഫഖീഹ്, ബാഹസന്‍, ബാത്വാഹാ, ജമലുല്ലൈല്‍, സഖ്ഖാഫ് എന്നീ പരമ്പരകളില്‍പെട്ട ഇവര്‍ മുഴുവന്‍ ശാഫിഈ മദ്ഹബുകാരായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പുറംലോകവുമായി ബന്ധമുണ്ടായിരുന്നില്ല. അതിനാല്‍ ഇവരിലൂടെ ശാഫിഈ മദ്ഹബ് ദല്‍ഹിയില്‍ വ്യാപിച്ചതുമില്ല. കാലന്തരേണ ഇവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സംസ്‌കാരത്തോട് അലിഞ്ഞുചേരുകയാണുണ്ടായത്. ഇന്ത്യാ വിഭജനത്തിനു ശേഷം ശേഷിച്ചവര്‍ പാകിസ്താനിലേക്ക് കുടിയേറി.
നൈസാമിന്റെ സൈന്യത്തെ സഹായിക്കാനായി യമനില്‍നിന്ന്‌വന്ന സൈനികരാണ് ഹൈദരാബാദില്‍ ശാഫിഈ മദ്ഹബിന്റെ സാന്നിധ്യം അറിയിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഹൈദരാബാദ്, ഹള്‌റമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട പലായന കേന്ദ്രമായിത്തീര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ യമനീ കുടിയേറ്റക്കാരുള്ള ഭൂമിയായി മാറി ദക്കാന്‍ പ്രവിശ്യകള്‍. സൈനികര്‍ക്കുപുറമെ പ്രബോധകരും സ്വൂഫിവര്യന്മാരും കച്ചവടക്കാരും ഹൈദരാബാദിലേക്കൊഴുകി. നൈസാമിന്റെ ഭരണത്തിനു കീഴില്‍ അവര്‍ക്ക് വ്യതിരിക്തമായ സ്ഥാനവും കിട്ടിപ്പോന്നു. നൈസാം, വ്യവസ്ഥാപിതമായി സൈനിക സന്നാഹങ്ങള്‍ തയാറാക്കിയതിനു ശേഷവും മുമ്പും ഹള്‌റമികള്‍ക്ക് സൈന്യത്തില്‍ നല്ല സ്ഥാനമാനങ്ങള്‍ നല്‍കിപ്പോന്നു. സയ്യിദ് അഹ്മദ് ഐദറൂസി (1899-1962) കമാന്റര്‍ പദവിയിലേക്ക് വരെ ഉയര്‍ത്തപ്പെട്ടു.
ഈ തലമുറയുടെ അനന്തരവകാശികള്‍ ഇന്നും ഹൈദരാബാദിലെ ബാര്‍ക്കസില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. ശൈഖ് സാലിം ബാഹത്താബ്, ശൈഖ് സ്വാലിഹ് ബാഹത്താബ് എന്നിവര്‍ ഇവരില്‍നിന്ന് ഉയിര്‍ക്കൊണ്ട രണ്ട് ശാഫിഈ പണ്ഡിതന്മാരാണ്. ഇവര്‍ ജാമിഅ നിസാമിയ്യയില്‍ അധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.
കര്‍ണാടകയിലെ ബീജാപൂര്‍ സുല്‍ത്താന്മാരുടെ തണലില്‍ ഇന്ത്യയില്‍ നിവസിച്ച ശൈഖ് അബ്ദുല്ല ഹബീബ് ഐദറൂസ്, അബൂബക്‌രി ബ്‌നു ഹുസൈന്‍ ഇബ്‌നു അബ്ദുര്‍റഹ്മാന്‍ ബാഫഖീഹ് എന്നിവര്‍ ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തില്‍ പങ്കുവഹിച്ചവരാണ്. ഗുജറാത്തിലെ സൂറത്തിലേക്ക് കുടിയേറുകയും അവിടെ നിന്ന് കര്‍ണാടകയിലെ ബെല്‍ഗാമിലേക്ക് മാറിത്താമസിക്കുകയും ചെയ്ത സയ്യിദ് ഉമര്‍ ഐദറൂസ് ബാശൈബാന്‍ ആണ് ശാഫിഈ മദ്ഹബിന്റെ ദക്ഷിണേന്ത്യയിലെ മറ്റൊരു സാന്നിധ്യം. അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളും അനുചരന്മാരും ഉണ്ടായിരുന്നു. 1686-ല്‍ അദ്ദേഹം ദിവംഗതനായപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്മാരും പൗത്രന്മാരും മുംബൈയിലേക്കും മറ്റു ദേശങ്ങളിലേക്കും കുടിയേറിപ്പാര്‍ത്തു. അവരും ശാഫിഈ മദ്ഹബിനെ ദേശാന്തരത്തിലെത്തിച്ചവരില്‍ ഗണനീയരാണ്.
മലബാര്‍, കായല്‍പട്ടണം, തേങ്ങാപട്ടണം, അതിനാംപട്ടണം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യമനികള്‍ കുടിയേറിയതാണ് കേരളം, തമിഴ്‌നാടിന്റെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശാഫിഈ മദ്ഹബ് പ്രചരിക്കാനുള്ള കാരണം. മഖ്ദൂമുകളുടെ ആഗമനത്തിനു മുമ്പ് ജനങ്ങള്‍ ശാഫിഈ മദ്ഹബിന് കീഴില്‍ ഏകീകൃതരായിരുന്നോ എന്ന് സംശയമാണ്. എന്നാല്‍, മഖ്ദൂമുകള്‍ക്ക് മുമ്പുള്ള കേരള മുസ്‌ലിം ചരിത്രം അറിയപ്പെടുന്ന കാലം മുതല്‍ തന്നെ ഇവിടെ ശാഫിഈ മദ്ഹബ് തന്നെയാണ് അനുധാവനം ചെയ്യപ്പെട്ടിരുന്നത് എന്ന് വിശ്വസിക്കുന്നതാണ് ഉചിതം. കാരണം, മഖ്ദൂമുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട കോഴിക്കോട്ടെ ഖാദിമാരുടെ ഗ്രന്ഥങ്ങളത്രയും ശാഫിഈ മദ്ഹബ് അടിസ്ഥാനമായാണ് രചിക്കപ്പെട്ടിരിക്കുന്നത്. എങ്ങനെയായാലും മലബാര്‍ മുസ്‌ലിംകളെ ശാഫിഈ മദ്ഹബിനു കീഴില്‍ ഏകീകരിക്കുന്നതില്‍ മ്ഖ്ദൂമീ പണ്ഡിതന്മാരും അവരുടെ രചനകളും വിശിഷ്യാ ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മശാസ്ത്രഗ്രന്ഥവും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
മഖ്ദൂമുകളുടെ സാന്നിധ്യം ഈ പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുന്നില്ല. മുംബൈ, ഗുജറാത്ത്, കര്‍ണാടക പ്രദേശങ്ങളിലും അവരുടെ സാന്നിധ്യം കാണാം. മാത്രമല്ല, സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെയും രണ്ടാമന്റെയും കാലത്ത് പൊന്നാനി ജുമുഅത്ത് പള്ളി ശാഫിഈ മദ്ഹബിന്റെ ലോകപ്രശസ്ത കേന്ദ്രങ്ങളിലൊന്നായി അറിയപ്പെട്ടു. ഇതര ഇന്ത്യന്‍ പ്രവിശ്യകളില്‍നിന്നും ഇന്തോനേഷ്യ, മാലദ്വീപുകള്‍, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ ദേശങ്ങളില്‍നിന്നും പൊന്നാനിയിലെത്തി കര്‍മശാസ്ത്രം പഠിക്കുന്നവര്‍ ധാരാളമുണ്ടായിരുന്നു.
ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപുകള്‍ എന്നിവിടങ്ങളിലും ശാഫിഈ മദ്ഹബ് നിറസാന്നിധ്യമാണ്. കേരളത്തില്‍നിന്നുള്ള കുടിയേറ്റക്കാരിലൂടെയാണ് ഇവിടങ്ങളില്‍ മദ്ഹബിന്റെ പ്രചാരണം. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയിലും ശാഫിഈ മദ്ഹബ് കാണാം. തമിഴ്‌നാടുമായി വിശിഷ്യാ കായല്‍പട്ടണവുമായി ശ്രീലങ്കക്കുണ്ടായിരുന്ന ബന്ധം ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നതാണല്ലോ. മാത്രമല്ല, യമനികള്‍ ശ്രീലങ്കയിലേക്കുള്ള വഴിയില്‍ മഅ്ബര്‍ (കായല്‍ പട്ടണം) ഇടത്താവളമാക്കിയിരുന്നുവല്ലോ. അതിനാല്‍ ശ്രീലങ്കയില്‍ ഈ മദ്ഹബ് പ്രചരിക്കാന്‍ യമനുമായുള്ള നേരിട്ടും അല്ലാതെയുമുള്ള ബാന്ധവം കാരണമായിട്ടുണ്ട്. ശ്രീലങ്കയില്‍ ദക്ഷിണേന്ത്യന്‍ മുസ്‌ലിംകള്‍ ശാഫിഈ മദ്ഹബും പാകിസ്താനികള്‍ ഹനഫീ മദ്ഹബും പ്രചരിപ്പിച്ചു എന്നാണ് പൊതുവെ പറയപ്പെടുന്നത്.
ബ്രൂണെ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ശാഫിഈ മദ്ഹബ് ഔദ്യോഗിക മദ്ഹബായി അംഗീകരിക്കപ്പെടുന്നു. അറേബ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള കച്ചവടക്കാരിലൂടെയാണ് മലേഷ്യയില്‍ ഇസ്‌ലാം എത്തുന്നത്. മദ്ഹബ് രൂപീകരണ ശേഷം കടല്‍ യാത്രയിലൂടെ എത്തുന്ന ഇസ്‌ലാം മിക്കവാറും ശാഫിഈ മദ്ഹബിനെ പ്രതിനിധാനം ചെയ്യുന്നതായിരിക്കും. ബ്രൂണെയിലെ മുസ്‌ലിംകളില്‍ മൃഗീയ ഭൂരിപക്ഷം ശാഫിഈ മദ്ഹബിനാണ്.
സോമാലിയ, എത്യോപ്യ, ജിബൂത്തി എന്നിവിടങ്ങളിലും ശാഫിഈ മദ്ഹബുകാര്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. തായ്‌ലന്റ്, സിങ്കപ്പൂര്‍, ഇന്തോനേഷ്യ, മാലദ്വീപുകള്‍, ഫിലിപ്പീന്‍സ് എന്നീ ഏഷ്യന്‍ രാജ്യങ്ങളിലും ശാഫിഈ മദ്ഹബിന്റെ സാന്നിധ്യം കാണാം.
ഗള്‍ഫ് രാജ്യങ്ങളില്‍ ഹമ്പലീ, മാലികീ മദ്ഹബുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യമെങ്കിലും ശാഫിഈ മദ്ഹബുകാര്‍ അവിടെയും ധാരാളമുണ്ട്. കിഴക്കെ ഈജിപ്തും യമനും എക്കാലത്തെയും പോലെ ഇക്കാലത്തും ശാഫിഈ മദ്ഹബിനെ നെഞ്ചിലേറ്റുന്നു. ഇറാഖിലെ കുര്‍ദുകളാണ് ശാഫിഈ മദ്ഹബിനെ അനുധാവനം ചെയ്യുന്ന മറ്റൊരു ജനത. സുഊദി അറേബ്യയിലെ അല്‍ഹസ, മക്ക, മദീന എന്നിവിടങ്ങളില്‍ ഈ മദ്ഹബിന്റെ സജീവ സാന്നിധ്യമുണ്ട്. ഒമാനിലെ ഔദ്യോഗിക വിഭാഗം ഇബാദികളാണെങ്കിലും സുന്നികളില്‍ കൂടുതലും ശാഫിഈ മദ്ഹബിനെ പിന്‍പറ്റുന്നവരാണ്.
ലബനാന്‍, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലും ഇതിന്റെ അനുയായികളെ കാണാം. ബഹ്‌റൈനിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും എണ്ണത്തില്‍ കുറവാണെങ്കിലും ശാഫിഈ അനുയായികള്‍ ഉണ്ട്.
ശാഫിഈ മദ്ഹബുകാരുടെ രാഷ്ട്രങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെങ്കിലും മൊത്തം മുസ്‌ലിം ജനസംഖ്യയുടെ 15 ശതമാനമാണ് ശാഫിഈ മദ്ഹബുകാര്‍ എന്നാണ് അനുമാനിക്കപ്പെടുന്നത്. ഏതായാലും ഹനഫീ മദ്ഹബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പിന്തുടരുന്നത് ശാഫിഈ മദ്ഹബാണെന്നതില്‍ തര്‍ക്കമില്ല.
ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി: മലപ്പുറം മേല്‍മുറി സ്വദേശി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഹുദവി ബിരുദം. ഹൈദരാബാദ് ഉസ്മാനിയാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബി.എ. വിനായക മിഷന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബി-ഇംഗ്ലീഷ് വ്യാകരണങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനത്തില്‍ എം.ഫില്‍. ന്യൂദല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 'ശാഫിഈ മദ്ഹബിന്റെ വളര്‍ച്ചയും സ്വാധീനവും ഇന്ത്യയില്‍' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ഇപ്പോള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ട്രാന്‍സ്‌ലേറ്റര്‍. മെയില്‍: [email protected]
Comments