മലയാളക്കരയിലെ പൈതൃകവും സംഭാവനകളും
സവിശേഷമായ പാരമ്പര്യവും മഹത്തായ സംഭാവനകളും വ്യതിരിക്തമായ നിലപാടുകളുമുള്ള കേരളത്തിലെ ശാഫിഈ കര്‍മശാസ്ത്ര സരണി പഠനാര്‍ഹമായൊരു അധ്യായമാണ്. വിദേശത്തുനിന്ന് കേരളതീരങ്ങളില്‍ വന്നെത്തി, തദ്ദേശീയ പണ്ഡിതരുടെ സംഭാവനകള്‍ വഴിയും പള്ളികള്‍, ദര്‍സുകള്‍, പ്രാഥമിക മദ്‌റസകള്‍ തുടങ്ങിയവയിലൂടെയും പ്രചാരം നേടി കേരള മുസ്‌ലിംകളില്‍ വലിയൊരു വിഭാഗത്തിന്റെ കര്‍മശാസ്ത്ര സരണിയാകാന്‍ ശാഫിഈ മദ്ഹബിന് സാധിച്ചു. പ്രസിദ്ധമായ ചില രചനകളിലൂടെ, മുസ്‌ലിം ലോകത്തെ മദ്ഹബ് അനുകര്‍ത്താക്കള്‍ക്കിടയില്‍, കേരളീയ ശാഫിഈ പണ്ഡിതര്‍ ഇടം പിടിച്ചു. അതിനിടയില്‍ സൂഫി-ശിഈ-ത്വരീഖത്ത് ധാരകളാല്‍ സ്വാധീനിക്കപ്പെട്ട കേരളീയ ശാഫിഈകളില്‍ ചിലര്‍, യഥാര്‍ഥ ശാഫിഈ മദ്ഹബില്‍നിന്ന് വ്യത്യസ്തമായ സമീപനങ്ങള്‍ ചില വിഷയങ്ങൡ സ്വീകരിച്ചതിനും ചരിത്രം സാക്ഷിയായി. സംഘടനകള്‍, അവയിലെ പിളര്‍പ്പുകള്‍, വാദപ്രതിവാദങ്ങള്‍ തുടങ്ങിയവ മദ്ഹബ് ചര്‍ച്ചകള്‍ക്കും നിലപാടുകള്‍ക്കും വ്യതിരിക്തമായ മാനങ്ങള്‍ നല്‍കി. ശാഫിഈ മദ്ഹബില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ക്കെതിരെ, മദ്ഹബിനകത്തുനിന്നുകൊണ്ടു തന്നെ പൊരുതിയ ശാഫിഈ പണ്ഡിതരുടെ ചരിത്രവും കേരളത്തിനുണ്ട്. മൊത്തത്തില്‍ സമ്പന്നവും സവിശേഷവുമാണ് കേരളത്തിലെ ശാഫിഈ മദ്ഹബിന്റെ ചരിത്രവും വര്‍ത്തമാനവും.
കൃത്യമായ കണക്കുകളില്ലെങ്കിലും, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, പഠന സൗകര്യാര്‍ഥം കേരളത്തിലെ ശാഫിഈ മദ്ഹബിന്റെ ചരിത്രത്തെ അഞ്ച് ഘട്ടങ്ങളായി വിഭജിക്കാവുന്നതാണ്.
ഒന്ന്: ശാഫിഈ മദ്ഹബിന്റെ കേരളത്തിലേക്കുള്ള ആഗമനവും യമനീ-പേര്‍ഷ്യന്‍ വേരുകളും.
രണ്ട്: ആദ്യഘട്ട വളര്‍ച്ചയും പണ്ഡിതന്മാരും.
മൂന്ന്: മഖ്ദൂം പണ്ഡിതരുടെ നായകത്വം.
നാല്: ഹദ്‌റമി സാദാത്തുകളുടെ പങ്കാളിത്തം.
അഞ്ച്: മതസംഘടനകളും അവ സ്ഥാപിച്ച ദീനീ വിദ്യാലയങ്ങളും ചെലുത്തിയ സ്വാധീനം.
യമനീ-പേര്‍ഷ്യന്‍ വേരുകള്‍
കാലഗണന സംബന്ധിച്ച അഭിപ്രായാന്തരങ്ങള്‍ മാറ്റിവെച്ചാല്‍, പല ഘട്ടങ്ങളിലായാണ് ഇസ്‌ലാം കേരളത്തില്‍ എത്തിയതെന്നു കാണാം. ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം സ്വീകരണവും മാലിക് ബിന്‍ ദീനാറിന്റെ ആഗമനവും ഉള്‍പ്പെട്ട ആദ്യ ഘട്ടത്തില്‍ ഏതെങ്കിലുമൊരു കര്‍മശാസ്ത്ര മദ്ഹബ് നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാം പ്രചരിച്ചു എന്നതിനപ്പുറം അന്നത്തെ കര്‍മശാസ്ത്ര മദ്ഹബിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രസക്തിയേതുമില്ല. എന്നാല്‍, പിന്നീട് കേരളത്തിലേക്ക് പ്രബോധനക സംഘങ്ങളും കച്ചവടക്കാരും വന്നത് യമന്‍, പേര്‍ഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു. പുരാതനകാലം മുതലേ ശാഫിഈ മദ്ഹബിന് നല്ല സ്വാധീനമുള്ള പ്രദേശങ്ങളായിരുന്നു യമനും പേര്‍ഷ്യയും. മദ്ഹബ് വ്യാപനത്തിന്റേതായ കാലത്ത്, ഈ നാടുകളുമായി കേരളത്തിന്, വിശിഷ്യാ മലബാറിന് അടുത്ത ബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകളില്‍ കാണാം. അതുകൊണ്ടുതന്നെ, യമന്‍-പേര്‍ഷ്യ-ഈജിപ്ത് തുടങ്ങിയ നാടുകളിലാണ് കേരളത്തിലെ ശാഫിഈ മദ്ഹബിന്റെ വേരുകള്‍ ചെന്നെത്തുന്നത്.
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടോടെയാണ് യമനില്‍ ശാഫിഈ മദ്ഹബിന് പ്രചാരം സിദ്ധിക്കുന്നത്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടു മുതല്‍ പടര്‍ന്നു പന്തലിച്ച ശാഫിഈ സരണി, യമനിലെ ഏക മദ്ഹബ് എന്ന് പറയാവുന്ന വിധം അവിടെ സ്വാധീനം നേടി. ഇന്നത്തെ ഇറാന്‍ ഉള്‍പ്പെടുന്ന പേര്‍ഷ്യയാകട്ടെ ശാഫിഈ മദ്ഹബിന് നിര്‍ണായക സ്വാധീനമുള്ള പ്രദേശമായിരുന്നു. ക്രി. 15ാം നൂറ്റാണ്ടുവരെ ഇറാനില്‍ ശക്തമായിരുന്ന ശാഫിഈ സരണി, സ്വഫവി ഭരണത്തിന്റെ ആരംഭത്തോടെയാണ് അവിടെനിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടുതുടങ്ങിയത്. ക്രി. 1510 ഓടെ ശാഹ് ഇസ്മാഈലിന്റെ സൈന്യം ഇറാനുമേല്‍ ആധിപത്യം നേടുകയും സ്വഫവീ ഭരണം ആരംഭിക്കുകയും ചെയ്തതോടെ, രാജ്യം ശിഈ മദ്ഹബിലേക്ക് ക്രമേണ മാറ്റപ്പെടുകയായിരുന്നു. ഇമാം ശാഫിഈ, ഇറാഖിന് ശേഷം പ്രവര്‍ത്തന കേന്ദ്രമാക്കിയ ഈജിപ്തും ശാഫിഈ മദ്ഹബിന് സ്വാധീനം നേടാന്‍ കഴിഞ്ഞ രാജ്യമാണ്. ഈ മൂന്ന് രാജ്യങ്ങളുടെയും ശാഫിഈ പാരമ്പര്യവും അവയുമായി കേരളത്തിനും ഇന്ത്യയിലെ ഇതര തീരപ്രദേശങ്ങള്‍ക്കും ഉണ്ടായിരുന്ന ചരിത്രപരമായ ബന്ധവും ചേര്‍ത്തു വായിച്ചാല്‍ കേരളത്തിലെ ശാഫിഈ മദ്ഹബിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാം.
കടല്‍വഴിയിലെ യാത്രാ സൗകര്യമാണ് കേരളത്തെ യമനുമായി ബന്ധിപ്പിച്ചത്. 30 നാള്‍കൊണ്ട് യമന്‍ തുറമുഖത്തുനിന്ന് കേരളതീരങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുമായിരുന്നു. ഈ സമുദ്ര യാത്രാ ബന്ധങ്ങളുടെ വിശദാംശങ്ങളെല്ലാം ചരിത്രഗ്രന്ഥങ്ങളില്‍ സുലഭമാണ്. പ്രവാചകന്റെ ജീവിതകാലത്തുതന്നെ യമനില്‍ ഇസ്‌ലാം എത്തിച്ചേര്‍ന്നിട്ടുണ്ട്. നേരത്തേ യമനുമായി കേരളത്തിന് ഉണ്ടായിരുന്ന വ്യാപാരബന്ധം, അവിടുത്തെ ഇസ്‌ലാമിക പ്രചാരണത്തിന് ശേഷം ഇവിടേക്ക്, പ്രബോധക സംഘങ്ങളുടെ വരവിന് കൂടി വഴിതുറന്നു. ആ കേരള-യമന്‍ ബന്ധം പിന്നീട് നിലയ്ക്കുകയല്ല, ശക്തിപ്പെടുകയാണ് ചെയ്തത്. 17-18 നൂറ്റാണ്ടുകള്‍ വരെ യമനില്‍നിന്ന് മുസ്‌ലിം ദൗത്യസംഘങ്ങള്‍ കേരളത്തിലെത്തുകയുണ്ടായി.
മലബാര്‍ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങള്‍ക്ക് യമനും മറ്റ് അറബ് രാജ്യങ്ങളുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ജെ.ബി.പി Origin and Early History of the Muslims of Kerala എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മലബാറിന്റെ പൗരാണിക ചരിത്ര ഗവേഷകനായ ഡോ. ശംസുല്ല ഖാദിരിയും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. യമനിലെയും ഹദര്‍മൗത്തിലെയും തീരദേശങ്ങള്‍, പേര്‍ഷ്യ, ഈജിപ്ത്, സിന്ധ്, കൊങ്കണ്‍, മലബാര്‍, മഅ്ബര്‍, സരണ്‍ ദ്വീപ്, ഖാവില, സാബിജ് (ജാവ), ചൈന തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലുള്ള സമുദ്ര യാത്രാ ബന്ധങ്ങളെക്കുറിച്ച് ശംസുല്ലാ ഖാദിരി വിവരിക്കുന്നു.
പന്തലായനി കൊല്ലത്തെ-കൂലംമലയെ-കുറിച്ച് സുലൈമാന്‍ താജിറിന്റെ ചരിത്രവിവരണത്തിലുണ്ട്. ഒമാനില്‍നിന്ന് ഇന്ത്യയില്‍ വന്നവര്‍ തേങ്ങയും തെങ്ങിന്‍ തടികളും കപ്പലില്‍ കയറ്റിക്കൊണ്ടുപോയിരുന്നുവെന്ന് ഹസന്‍ സൈറാഫി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ഒമാനിലെ സ്വലാല പലതുകൊണ്ടും കേരളത്തിന്റെ മറ്റൊരു പതിപ്പായി അനുഭവപ്പെടുന്നതും ചരിത്രപരമായി ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്. ഇന്ത്യ-യമന്‍-പേര്‍ഷ്യ ബന്ധത്തിലേക്ക് ഈ ചരിത്രകാരന്മാരുടെ വിവരണം വിരല്‍ചൂണ്ടുന്നു. പേര്‍ഷ്യക്കാരും യമന്‍കാരുമായ വ്യാപാരികള്‍ മംഗലാപുരത്തു നിന്നാണ് ഏറ്റവുമധികം കുരുമുളകും ചുക്കും വാങ്ങിയിരുന്നത് (രിഹ്‌ലതു ഇബ്‌നു ബത്വൂത്വ, പേജ് 295, എന്‍.ബി.എസ് 1965).
മലൈബാറിലെ വലിയ രാജാക്കന്മാരില്‍ ഒരാളാണ് ശ്രീകണ്ഠപരുത്തെ രാജാവ്. 'കോയില്‍' എന്നാണ് അദ്ദേഹത്തെ വിളിക്കുന്ന പേര്. ഉമ്മാന്‍, പേര്‍ഷ്യ, യമന്‍ എന്നീ രാജ്യങ്ങളിലേക്ക് കച്ചവട സാധനങ്ങള്‍ കയറ്റിയയക്കുന്ന നിരവധി കപ്പലുകള്‍ ഈ രാജാവിനുണ്ട്. ധര്‍മടവും വളപട്ടണവും ഇദ്ദേഹത്തിന്റെ അധീനതയിലാണ് (രിഹ്‌ല 298).
''പന്തലായനിയില്‍നിന്ന് ഞങ്ങള്‍ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. മലൈബാറിലെ ഏറ്റവും വലിയ തുറമുഖമാണിത്. ചൈന, സിലോണ്‍, മാലദ്വീപ്, യമന്‍, പേര്‍ഷ്യ എന്നീ രാജ്യക്കാര്‍ കച്ചവടത്തിനായി ഇവിടേക്കാണ് പ്രധാനമായും വരുന്നത്'' (രിഹ്‌ല 302). കോഴിക്കോട്ടെ പണ്ഡിതരും പ്രമാണിമാരുമായ മുസ്‌ലിം കുടുംബങ്ങളുടെ വേരുകള്‍ യമന്‍, പേര്‍ഷ്യ രാജ്യങ്ങളിലാണ് ചെന്നെത്തുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. മാത്രമല്ല, ക്രി. 849 ലെ തരിസാ പള്ളി ശാസനത്തില്‍ ഉപയോഗിച്ചിട്ടുള്ളത് കൂഫി ലിപിയാണ.് അബ്ദുല്‍ മലികുബ്‌നു മര്‍വാന്റെ ഭരണകാലത്താണ് കൂഫിക് പരിഷ്‌കാരം നടക്കുന്നത്. ഇറാഖ് ഗവര്‍ണര്‍ ഹജ്ജാജുബ്‌നു യൂസുഫിന്റെ കല്‍പനപ്രകാരം അറബി അക്ഷരങ്ങള്‍ വേര്‍തിരിച്ചറിയാനായി പുള്ളികള്‍ നല്‍കിക്കൊണ്ടുള്ള പരിഷ്‌കാരമായിരുന്നു അത്. ക്രി. 9ാം നൂറ്റാണ്ടില്‍ ഈ പരിഷ്‌കാരം ലോകവ്യാപകമായി. ഇതേ ഘട്ടത്തില്‍തന്നെ കേരളത്തിലും അത് എത്തിച്ചേര്‍ന്നുവെന്നത് അത്ഭുതകരമായ ചരിത്ര വസ്തുതയാണ്.
തീരപ്രദേശങ്ങളിലാണ് ശാഫിഈ മദ്ഹബ് സ്വാധീനം നേടിയത് എന്നതില്‍ നിന്ന് സമുദ്രമാര്‍ഗേണയാണ് ഇത് ഇന്ത്യയില്‍ വന്നെത്തിയതെന്ന് മനസ്സിലാക്കാം. കേരള-തമിഴ്‌നാട് തീരദേശങ്ങളിലെ ശാഫിഈ മദ്ഹബിന്റെ പ്രചാരം ഇതിന്റെ തെളിവാണ്. മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പൊന്നാനി, കൊടുങ്ങല്ലൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശങ്ങളിലെ പുരാതന പള്ളികള്‍ ശാഫിഈ മദ്ഹബാണ് പിന്തുടരുന്നത്. പൊന്നാനി കേന്ദ്രമാക്കി മലബാറിന്റെ ഉള്‍പ്രദേശങ്ങളിലേക്കും മലനാടുകളിലേക്കും തീരദേശത്തു നിന്ന് ശാഫിഈ മദ്ഹബ് പ്രചരിച്ചപ്പോള്‍, തെക്കന്‍ കേരളത്തിന്റെ അവസ്ഥ വ്യത്യസ്തമാണ്. കോട്ടയം, പത്തനംതിട്ട, പാലക്കാട് തുടങ്ങി പല പ്രദേശങ്ങളിലും ഹനഫീ മദ്ഹബിന് സ്വാധീനമുണ്ട്. ഇവിടങ്ങളില്‍ ഹനഫീ-ശാഫിഈ മദ്ഹബ് പ്രചരിക്കുന്നത് വ്യത്യസ്തമായ രണ്ടു വഴികളിലൂടെയാണ്. ഉദാഹരണമായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ ശാഫിഈ-ഹനഫീ സാന്നിധ്യം സജീവമാണ്. കണ്ണൂര്‍പോലുള്ള മലബാര്‍ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരിലൂടെയാണ് ഈരാറ്റുപേട്ടയില്‍ ശാഫിഈ മദ്ഹബ് എത്തിയത്. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തില്‍ വന്ന ഹനഫീ മദ്ഹബുകാരുടെ വേരുകള്‍ ഉത്തരേന്ത്യയില്‍ ചെന്നെത്തുന്നതു കാണാം. ഉത്തരേന്ത്യയിലെ ഹനഫീധാര മധ്യേഷ്യയില്‍നിന്നും മറ്റുമാണല്ലോ പ്രധാനമായും വന്നെത്തിയത്. അപ്പോള്‍, ശാഫിഈ മദ്ഹബിന്റെ ഈ തീരദേശ പാരമ്പര്യം യമന്‍ ബന്ധത്തിന്റെ പ്രധാന തെളിവാണ്.
മലബാര്‍ മുസ്‌ലിംകളുടെ വസ്ത്രധാരണത്തിന്, വിശേഷിച്ചും മാപ്പിള പുരുഷന്മാരുടെ വസ്ത്ര ധാരണാരീതിക്ക് യമന്‍ ശൈലിയുമായി വലിയ സാദൃശ്യമുണ്ട്. മാപ്പിള മുസ്‌ലിംകളുടെ തുണി-മുണ്ട്, ബെല്‍റ്റ്, കത്തി, തലപ്പാവിന്റെ രീതി, താടിയുടെ രൂപം മുതലായവ ഹിജാസീ പാരമ്പര്യവുമായല്ല, യമനീ സംസ്‌കാരവുമായാണ് ചേര്‍ന്നുനില്‍ക്കുന്നത്. ഒരുതരം കള്ളിമുണ്ടും വീതിയുള്ള ബെല്‍റ്റും അതില്‍ സൂക്ഷിക്കുന്ന കത്തിയും യമനികളിലും മാപ്പിളമാരിലും ഏതാണ്ട് ഒരുപോലെയാണ്. രണ്ട് പ്രദേശത്തെയും പുരുഷന്മാരുടെ കഞ്ഞിപ്രാക്ക് പോലുള്ള ബനിയനും അതിന്റെ മാറിടത്തിന്റെ രൂപവും മറ്റൊരു ഉദാഹരണം. പണ്ഡിതന്മാര്‍ ഉള്‍പ്പെടെയുള്ള മലയാളി മുസ്‌ലിംകള്‍ താടി വെട്ടിയൊതുക്കുന്ന രീതിയാണ് പാരമ്പര്യമായി സ്വീകരിച്ചുവരുന്നത്. ഇതും യമന്‍-ഒമാന്‍ പാരമ്പര്യമാണ്. വെട്ടിയൊതുക്കാതെ, താടി നീട്ടിവളര്‍ത്തുന്ന ഹിജാസി രീതി സമീപകാലത്ത് സലഫി സ്വാധീനം വഴിയാണ് കേരളത്തില്‍ ചിലര്‍ പിന്തുടരാന്‍ തുടങ്ങിയത്. ഇനിയും സമാനതകള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.
മംഗലാപുരത്തെ ഖാദിയായിരുന്ന 'മഅ്ബരി' പണ്ഡിതനെക്കുറിച്ച് ഇബ്‌നുബത്വൂത്വ സൂചിപ്പിക്കുന്നുണ്ട്. 'മഅ്ബര്‍' യമനിലെ ഒരു പ്രദേശമാണ്. ഹദര്‍മൗത്ത് കഴിഞ്ഞാല്‍ യമനിലെ ദീനീ കേന്ദ്രങ്ങളിലൊന്നായിരുന്നു മഅ്ബര്‍. അവിടെ നിന്ന് ഇന്ത്യയിലെത്തിയവര്‍ കായല്‍പട്ടണത്ത് താമസമാക്കിയപ്പോള്‍ പുതിയ പ്രദേശത്തിന് തങ്ങളുടെ നാടിന്റെ പേര് നല്‍കിയതാകണം, മഅ്ബര്‍! നേരത്തേതന്നെ, യമനിലെ മഅ്ബറില്‍നിന്ന് ഇവിടേക്ക് ഇസ്‌ലാമിക പണ്ഡിതര്‍ വന്നിട്ടുണ്ട് എന്നതിന്റെ തെളിവാണ്, മംഗലാപുരം ഖാദിയായിരുന്ന ഫഖ്‌റുദ്ദീനുല്‍ മഅ്ബരി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മഅ്ബരിക്കും മുമ്പായിരുന്നു ഫഖ്‌റുദ്ദീനുല്‍ മഅ്ബരിയുടെ കാലം. ശാഫിഈ മദ്ഹബിന്റെ യമനീ വേരുകള്‍ക്ക് ഇതും ഒരു തെളിവാണ്.
എന്നാല്‍, ജലസമൃദ്ധി ഉണ്ടായിരുന്നതിനാലും സ്രാവ് മത്സ്യം കഴിക്കേണ്ടിയിരുന്നതിനാലും തീരദേശത്തെ മുസ്‌ലിംകള്‍ ശാഫിഈ മദ്ഹബ് സ്വീകരിച്ചു എന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഇത് എത്രത്തോളം ആധികാരികമാണെന്നറിയില്ല. തീരദേശക്കാര്‍ക്ക് ആപേക്ഷികമായി ജലം സുലഭമായതിനാലും സ്രാവ് മത്സ്യം കഴിക്കേണ്ടതിനാലും, അവരുടെ സാഹചര്യമനുസരിച്ച് കര്‍മശാസ്ത്ര നിലപാടുകള്‍ രൂപപ്പെട്ടു എന്നും നിരീക്ഷിക്കാവുന്നതാണ്. അതായത്, വെള്ളം സമൃദ്ധമായതിനാല്‍, മാലിന്യങ്ങളോട് (നജാസാത്ത്) കാര്‍ക്കശ്യവും, ശുദ്ധീകരണത്തില്‍ (ത്വഹാറത്ത്) ഇതര മദ്ഹബുകളേക്കാള്‍ കണിശതയും ശാഫിഈ മദ്ഹബ് പുലര്‍ത്തി എന്നും വായിക്കാം. ഇത്തരമൊരു നിലപാട് ശാഫിഈ മദ്ഹബില്‍ രൂപപ്പെടുത്തിയത്, ഏതൊക്കെ പണ്ഡിതര്‍, ഏതൊക്ക ഭൂപ്രദേശങ്ങളില്‍ വെച്ചായിരുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. മധ്യേഷ്യയില്‍നിന്ന് അഫ്ഗാനിസ്താന്‍ വഴി ഇസ്‌ലാം എത്തിയ ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ മേഖലയിലും പൊതുവെ ഹനഫീ മദ്ഹബിനാണ് സ്വാധീനം. അവിടെ നിന്ന് ഇസ്‌ലാം പ്രചരിച്ച ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളിലും ഹനഫീ മദ്ഹബ് സ്വാധീനം നേടി. എന്നാല്‍, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരദേശങ്ങളില്‍ ശാഫിഈ മദ്ഹബും പ്രചാരം നേടി. ആദ്യം ഇസ്‌ലാമും പിന്നീട് മദ്ഹബും വന്നെത്തിയ വഴികളുടെ വ്യത്യാസം തന്നെയാണ് കര്‍മശാസ്ത്ര സരണികളുടെ സ്വാധീനത്തിലെ അന്തരത്തിന് നിമിത്തമായത്.
ആദ്യഘട്ട പ്രചാരണം
ഇബ്‌നു ബത്വൂത്വയുടെ ചരിത്ര വിവരണം, കേരള-യമന്‍-പേര്‍ഷ്യാ ബന്ധത്തെക്കുറിച്ചും, 14-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന മുസ്‌ലിം സമൂഹം, പള്ളികള്‍, ഖാദിമാര്‍, പള്ളി ദര്‍സുകള്‍, ശാഫിഈ മദ്ഹബ് എന്നിവയെ സംബന്ധിച്ചും വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. ക്രി. 1300-കളില്‍ കേരളത്തിലെ പ്രധാന പള്ളികളില്‍ ശാഫിഈ മദ്ഹബ് പിന്തുടര്‍ന്നിരുന്നതായി ഇബ്‌നു ബത്വൂത്വയുടെ വിവരണങ്ങളില്‍നിന്നും മറ്റു സാഹചര്യതെളിവുകളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. ഈ കാലഘട്ടത്തില്‍ പ്രഗത്ഭരായ ഇസ്‌ലാമിക പണ്ഡിതര്‍ ഇവിടെ ജീവിച്ചിരുന്നു; അവരില്‍ ചിലര്‍ക്ക് ശാഫിഈ മദ്ഹബുമായും ബന്ധമുണ്ടായിരുന്നു.
ഈയൊരു വീക്ഷണകോണില്‍നിന്നുകൊണ്ട് വായിക്കേണ്ട ഇബ്‌നുബത്വൂത്വയുടെ ചില അനുഭവ വിവരണങ്ങള്‍ കാണുക: ''ഞാന്‍ ആദ്യമായി മലൈബാരില്‍ പ്രവേശിച്ച രാജ്യം അബൂസറൂര്‍ (തെക്കന്‍ കര്‍ണാടകയിലെ ബസറൂര്‍) ആണ്. അവിടെ നിന്ന് രണ്ടുദിവസത്തെ യാത്രക്ക് ശേഷം ഫാക്കനൂറില്‍ (ബാര്‍ക്കൂര്‍) എത്തി. ജനസംഖ്യയില്‍ മുസ്‌ലിംകള്‍ കുറവല്ല. അവരുടെ പ്രധാനി ഹുസൈന്‍ സലാത്തയാകുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അവിടത്തെ ജുമുഅത്ത് പള്ളിയുടെ ഭരണം. ഖാദിയും ഖത്വീബുമുള്ള പ്രധാന പള്ളിയാണിത്. മംഗലാപുരത്തെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം മുസ്‌ലിംകളാണ്. ബദ്‌റുദ്ദീനുല്‍ മഅ്ബരി എന്ന് പേരുള്ള ഒരു ഖാദിയെ അവിടെ കാണുകയുണ്ടായി. അദ്ദേഹം അവിടത്തെ ദീനീ അധ്യാപകന്‍ കൂടിയാണ്. ഹീലിയിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. അവിടത്തെ ജുമുഅത്ത് പള്ളി വളരെ ശ്രേഷ്ഠവും പാവനവുമാണെന്ന് മുസ്‌ലിംകള്‍ മാത്രമല്ല, ഹിന്ദുക്കളും വിശ്വസിച്ചുവരുന്നു. ആ പള്ളിയില്‍ മതാധ്യായനം നടത്തിവരുന്ന ഒരു സംഘം വിദ്യാര്‍ഥികളുണ്ട്. പള്ളിയുടെ ധനത്തില്‍നിന്നാണ് അവരുടെ ചെലവുകളെല്ലാം വഹിക്കുന്നത്. പള്ളിയോടനുബന്ധിച്ച് ഒരു പാചകശാലയും കണ്ടു. അതിഥികള്‍ക്കും അഗതികള്‍ക്കും ആവശ്യമായ ഭക്ഷണം അവിടെ പാകം ചെയ്യുന്നു. പണ്ഡിതനും സല്‍സ്വഭാവിയും സാത്വികനുമായ സഈദ് എന്ന് പേരായ ഒരു ഭക്തനെ ഞാന്‍ അവിടെ കണ്ടു. അദ്ദേഹത്തിന് എന്നും നൊയമ്പാണ്. താന്‍ മക്കയിലും മദീനയിലും പതിനാല് കൊല്ലം വീതം താമസിച്ചിട്ടുണ്ടെന്നും അന്ന് മക്കയിലെ ഗവര്‍ണറെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം എന്നോട് പറയുകയുണ്ടായി...
''ഏഴിമലയില്‍നിന്ന് ശ്രീകണ്ഠപുരത്തേക്ക് (ജര്‍ഫതന്‍) ആണ് പിന്നീട് ഞങ്ങള്‍ പോയത്. ബഗ്ദാദിനടുത്തുള്ള സര്‍സര സ്വദേശിയും ഉന്നതസ്ഥാനീയനുമായ ഒരു പണ്ഡിതനെ അവിടെ കണ്ടു. അദ്ദേഹത്തിന്റെ സമ്പന്നനായ ഒരു സഹോദരനും സന്താനങ്ങളും അവിടെത്തന്നെയാണ് താമസിക്കുന്നത്... ധര്‍മടത്ത്, 500 അടി നീളത്തില്‍ 300 അടി വീതിയില്‍ ചെങ്കല്ലുകൊണ്ട് പണിത മനോഹരമായൊരു പള്ളിയുണ്ട്. അതിന്റെ തീരത്ത് 25 വലിയ ഗോപുരങ്ങളുണ്ട്. വളപട്ടണം തുറമുഖത്തിന് കുറെ ദൂരത്തായി സമുദ്രതീരത്ത് മനോഹരമായ പള്ളിയുണ്ട്. തുറമുഖ പരിസരങ്ങളില്‍ മുസ്‌ലിംകളുടെ വീടുകളില്ലാത്തതിനാല്‍ വിദേശികളായ മുസ്‌ലിംകള്‍ വളപട്ടണത്ത് കപ്പലിറങ്ങിയാല്‍ ഈ പള്ളിയിലാണ് താമസിക്കുക... പന്തലായനിയില്‍ മുസ്‌ലിംകളുടെ മൂന്ന് തെരുവുകള്‍ ഉണ്ട്. ഓരോ തെരുവിലും പള്ളിയുണ്ട്. ഇവിടത്തെ ജുമാ മസ്ജിദ് സമുദ്രതീരത്താണ്. ഇതിലെ ഖത്വീബും ഖാദിയും അമ്മാന്‍കാരനാണ്. പണ്ഡിതനും യോഗ്യനുമായ അദ്ദേഹത്തിന്റെ സഹോദരനും ഇവിടെത്തന്നെ താമസിക്കുന്നു...
''പന്തലായനിയില്‍നിന്ന് ഞങ്ങള്‍ കോഴിക്കോട്ടെത്തി. ഇവിടത്തെ വ്യാപാരത്തലവന്റെ പേര് ഇബ്‌റാഹീം ശാഹ്ബന്ദര്‍ എന്നാണ്. അദ്ദേഹം ബഹ്‌റൈന്‍കാരനാണ്... തികഞ്ഞ മതഭക്തനും സാത്വികനുമാണ് ഫഖ്‌റുദ്ദീന്‍ ഉസ്മാന്‍. ഇന്ത്യക്കു പുറമെ ചൈന, യമന്‍, പേര്‍ഷ്യ എന്നിവിടങ്ങളില്‍ ഇവിടത്തെ വിഭവങ്ങള്‍ വ്യാപാരം നടത്തി വമ്പിച്ച തുക സമ്പാദിച്ച മറ്റൊരു മുസ്‌ലിം പ്രമാണിയാണ് നാഖുദാ മിസ്‌കാല്‍. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഇബ്‌റാഹീം ശാഹ്ബന്ദറും, ഖാദി ശൈഖ് ശിഹാബുദ്ദീനും മറ്റ് വ്യാപാര പ്രമുഖരും രാജാവിന്റെ ഔദ്യോഗിക പ്രതിനിധികളായ ഖുലാജു എന്ന ഉദ്യോഗസ്ഥനും ഞങ്ങളെ സ്വീകരിക്കാനെത്തി.... കൊല്ലത്ത് ഒരു സംഘം മുസ്‌ലിം വ്യാപാരികളുണ്ട്. അവരുടെ നേതാവ് ഇറാഖിലെ 'ആവ' ദേശക്കാരനായ അലാവുദ്ദീന്‍ ആവുജിയാണ്. അദ്ദേഹവും കൂട്ടുകാരും ശാഫിഈ വിശ്വാസക്കാരാണ്. അത് പരസ്യമായി ആചരിക്കുന്നതിലും അവര്‍ക്ക് മടിയില്ല. അവിടത്തെ ഖാദി ഖസ്മീന്‍ സ്വദേശിയായ പണ്ഡിതനും കൊല്ലത്തെ മുസ്‌ലിം ബഹുജന നേതാവ്, 'മുഹമ്മദ് ശാ ബന്ദറു'മാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ തഖിയ്യുദ്ദീനും നല്ലൊരു പണ്ഡിതനാണ്. അതീവ മനോഹരമാണ് ഇവിടത്തെ ജുമുഅത്ത് പള്ളി. ഖാജാ മുഹദുബാണ് അത് പണിതത്'' (രിഹ്‌ലത്തു ഇബ്‌നു ബത്വൂത്വ 287-320, എന്‍.ബി.എസ്).
ഈ വിവരണത്തില്‍നിന്ന് 1300 കളിലെ കേരള മുസ്‌ലിംകളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇവയാണ്:
ഒന്ന്: 13-14 നൂറ്റാണ്ടുകളില്‍ മലബാറിലെ മുസ്‌ലിം സമൂഹം ആത്മീയ-സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ സജീവമായിരുന്നു. പേര്‍ഷ്യ-യമന്‍ രാജ്യങ്ങളുമായുള്ള മലബാറിന്റെ ബന്ധം ആ കാലത്താണ് ശക്തമായത്. അവിടങ്ങളില്‍നിന്ന് വന്ന പണ്ഡിതന്മാരുള്‍പ്പെടെയുള്ളവര്‍ ഇവിടത്തെ താമസക്കാരുമായിരുന്നു.
രണ്ട്: പള്ളികള്‍, മഹല്ലുകള്‍, പള്ളി ദര്‍സുകള്‍, പണ്ഡിതന്മാര്‍ തുടങ്ങി ദീനീരംഗം സജീവമായിരുന്നു. ഏഴിമല പള്ളിയില്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി-അഗതികള്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. പളളി ദര്‍സിലെ വിദ്യാര്‍ഥികള്‍ സമീപത്തെ വീടുകളില്‍ പോയാണ് ഭക്ഷണം കഴിച്ചിരുന്നത് എന്ന ധാരണയെ ഇത് തിരുത്തുന്നുണ്ട്. പിന്നീടെപ്പോഴോ ആണ് 'ചെലവ് കുടി'കള്‍ രൂപപ്പെട്ടിട്ടുണ്ടാവുക.
മൂന്ന്: മാലിക് ബിന്‍ ദീനാറിന്റെ കാലത്തോ തൊട്ടുടനെയോ സ്ഥാപിക്കപ്പെട്ട പൗരാണിക മസ്ജിദുകളാണ് കാസര്‍കോട്, വളപട്ടണം, ധര്‍മടം, ഏഴിമല, കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിലുള്ളത്. അവയിലെല്ലാം നമുക്കറിയാവുന്ന കാലംമുതല്‍ ശാഫിഈ മദ്ഹബാണ് പിന്തുടരുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഹനഫീ മദ്ഹബോ മറ്റേതെങ്കിലും കര്‍മശാസ്ത്ര സരണിയോ അവിടങ്ങളില്‍ പിന്തുടര്‍ന്നതിന് ചരിത്രപരമായ തെളിവുകള്‍ കാണുന്നില്ല. എന്നാല്‍, നേരത്തേ സൂചിപ്പിച്ച ചരിത്ര വസ്തുതകളും പാരമ്പര്യ-സാഹചര്യത്തെളിവുകളും പില്‍ക്കാല അനുഭവങ്ങളും ശാഫിഈ മദ്ഹബിന്റെ സാന്നിധ്യത്തിലേക്ക് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്.
നാല്: ഇബ്‌നു ബത്വൂത്വ, ഒരു പള്ളിയിലെ ഖാദിയെക്കുറിച്ച് മാത്രം, ശാഫിഈ മദ്ഹബുകാരനാണെന്ന് പ്രഖ്യാപിച്ചത് മറ്റു പള്ളികളും ഖാദിമാരും ശാഫിഈ മദ്ഹബുകാരല്ലാതിരുന്നതുകൊണ്ടല്ലേ എന്നൊരു സംശയം ന്യായമായും ഉന്നയിക്കപ്പെടാം. ഇതേക്കുറിച്ചൊരു തീര്‍പ്പു പറയാന്‍ കഴിയില്ല. 'ശാഫിഈ മദ്ഹബ് പരസ്യമായി പ്രകടിപ്പിക്കാന്‍ ഖാദിക്ക് മടിയില്ല' എന്ന ഇബ്‌നു ബത്വൂത്വയുടെ പരാമര്‍ശവും സംശയകരമാണ്.
ആദ്യകാല ശാഫിഈ പണ്ഡിതര്‍
13,14 നൂറ്റാണ്ടുകളില്‍ കേരളത്തിലെത്തിയ വിദേശി പണ്ഡിതന്മാരും, ഇവിടെനിന്ന് അറബ് നാടുകളില്‍ പോയി പഠിച്ചവരും അല്ലാത്തവരുമായ സ്വദേശി പണ്ഡിതന്മാരും ശാഫിഈ മദ്ഹബിന്റെ പ്രചാരത്തില്‍ ഈ ഘട്ടത്തില്‍ പ്രധാന പങ്കുവഹിക്കുകയുണ്ടായി. ഹജ്ജ്, ഉംറ, പഠനം എന്നീ ലക്ഷ്യങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ഹിജാസിലേക്കും യമന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കും കേരളീയ പണ്ഡിതര്‍ യാത്ര ചെയ്തിരുന്നു. അവര്‍, ശാഫിഈ പണ്ഡിതന്മാരെ ഗുരുനാഥന്മാരായി സ്വീകരിക്കുകയും പഠനം നടത്തി തിരിച്ചുവരികയും ചെയ്തു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിജ്ഞാനം തേടിയ യമനി ശാഫിഈ പണ്ഡിതനാണ് ഹിജ്‌റ 8ാം നൂറ്റാണ്ടിലെ അബ്ദുല്ലാഹിബ്‌നു അസ്അദുല്‍ യാഫിഈ (ക്രി. 1296-1366). ഇന്ത്യന്‍ പണ്ഡിതരെ സ്വാധീനിക്കുകയും അദ്ദേഹത്തിന്റെ കൃതികള്‍ ഇവിടെ പ്രചരിക്കുകയും ചെയ്തിരുന്നു (ത്വബഖാത്തുശാഫിഈയ്യത്തില്‍ കുബ്‌റാ-ഇമാം സുബ്കി, 6/103, തറാജിമു ഉലമാഇശാഫിഇയ്യ ഫിദ്ദിയാരില്‍ ഹിന്‍ദിയ്യ-അബ്ദുന്നസ്വീര്‍ അഹ്മദ്, 18). ഇന്ത്യ സന്ദര്‍ശിക്കുകയും ഇവിടെ ശാഫിഈ മദ്ഹബിന്റെ പ്രചാരണം നടത്തുകയും ചെയ്ത അറബ് പണ്ഡിതന്മാരുണ്ട്. ശിഹാബുദ്ദീന്‍ അഹ്മദുബ്‌നു ഹജറുല്‍ ഹൈതമി അശ്ശാഫിഈ അവരിലൊരാളാണ്. മലബാറിന്റെ ചരിത്രമെഴുതിയ പലരും ഇബ്‌നുഹജറിന്റെ സന്ദര്‍ശനം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പൊന്നാനിയിലെ പ്രസിദ്ധമായ പള്ളിയിലും എത്തുകയുണ്ടായി. അവിടെ ഏതാനും നാള്‍ അധ്യാപനം നടത്തുകയും ചില ഫത്‌വകള്‍ നല്‍കുകയും ചെയ്തതായി ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ ഡോ. അബ്ദുല്‍ മുന്‍ഇം അന്നമിര്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് (താരീഖുല്‍ ഇസ്‌ലാം ഫില്‍ ഹിന്ദ്-61, തറാജിമുല്‍ ഉലമാഇ ശാഫിഈയ്യ ഫിദ്ദിയാരില്‍ ഹിന്ദിയ്യ-20). എന്നാല്‍, ഈ വിവരണത്തിന് എത്രത്തോളം ആധികാരികതയുണ്ടെന്നത് സംശയകരമാണ്. അതേസമയം, ഇബ്‌നുഹജറിന് ഇന്ത്യയിലെ ശാഫിഈ പണ്ഡിതര്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്നുവെന്നത് ശരിയാണ്.
മുഹമ്മദുബ്‌നു വഖീഫു ശീറാസി എന്ന അശ്അരി-ശാഫിഈ പണ്ഡിതന്‍ ഇന്ത്യയില്‍ വന്നതായും ഇവിടെ ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തില്‍ പങ്കുവഹിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് ഇബ്‌നുബത്വൂത്വ രേഖപ്പെടുത്തിയിട്ടുണ്ട്. 14ാം നൂറ്റാണ്ടില്‍ ഇവിടെ ജീവിച്ചിരുന്ന ശാഫിഈ പണ്ഡിതനാണ് ബദ്‌റുദ്ദീനുല്‍ മഅ്ബരി. കോഴിക്കോട്ടുകാരനായ ശിഹാബുദ്ദീനുല്‍ കാസറൂനിയാണ് സ്വൂഫിവര്യനായ മറ്റൊരു ശാഫിഈ പണ്ഡിതന്‍.
ഖാദി സൈനുദ്ദീന്‍ റമദാന്‍ ശാലിയാത്തിയാണ് (ക്രി. 1349-1446) ഈ കാലത്ത് മലബാറില്‍ ജീവിച്ചിരുന്ന മറ്റൊരു പ്രഗത്ഭ ശാഫിഈ പണ്ഡിതന്‍. കോഴിക്കോട് ചാലിയത്ത് ജനിച്ച അദ്ദേഹം, പിതാവില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ജസീറത്തുല്‍ അറബിലേക്ക് പോയി. അബ്ദുല്ലാഹില്‍ യാഫിഈ(മരണം ക്രി. 1366)യില്‍ നിന്നും മക്കയിലെ മറ്റു ചില പണ്ഡിതന്മാരില്‍നിന്നും വിദ്യാഭ്യാസം നേടി. ശേഷം ചാലിയത്ത് തിരിച്ചെത്തുകയും ഖാദിയാവുകയും ചെയ്തു. ദീനീസേവനത്തിലും ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തിലും അദ്ദേഹം തന്റേതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഉംദത്തുല്‍ അസ്വ്ഹാബ് വനുസ്ഹത്തുല്‍ അഹ്ബാബ് അദ്ദേഹത്തിന്റെ രചനയാണ്. മലബാറില്‍ രചിക്കപ്പെട്ട ആദ്യ അറബി കൃതിയാണ് ഇതെന്ന് പറയപ്പെടുന്നു.
ശാഫിഈ പണ്ഡിതനായ ശൈഖ് ഫഖ്‌റുദ്ദീന്‍ അബൂബക്ര്‍ മലൈബാരി ഇദ്ദേഹത്തിന്റെ പുത്രനും ശിഷ്യനുമാണ്. പിതാവില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഹജ്ജ് നിര്‍വഹിക്കാനും വിദ്യയഭ്യസിക്കാനും മക്കയിലേക്ക് പോയി. ജലാലുദ്ദീന്‍ മുഹമ്മദു ബ്‌നു അഹ്മദുല്‍ മഹല്ലി അല്‍മിസ്വ്‌രി (മരണം ക്രി. 1459) ഉള്‍പ്പെടെയുള്ള പണ്ഡിതരില്‍നിന്ന് ദീനീവിജ്ഞാനം കരസ്ഥമാക്കി. നാട്ടില്‍ തിരിച്ചെത്തി ഖാദിയും അധ്യാപകനുമായി സേവനമനുഷ്ഠിച്ചു. അസ്സില്‍സിലത്തുല്‍ ഫഖ്‌രിയ്യ എന്ന് വിളിക്കപ്പെട്ട പ്രത്യേക രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനം. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍, ഖാദി ശിഹാബുദ്ദീന്‍ അഹ്മദു ബ്‌നു ഫഖ്‌റുദ്ദീന്‍ അബൂബക്ര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരാണ്. അല്‍വര്‍ദത്തുസകിയ്യ ഫീ തഖ്മീസില്‍ ബുര്‍ദത്തിസകിയ്യ, റാഹത്തുല്‍ ഫുആദ് ഫീ തഖ്മീസി ബാനത് സുആദ്, മൗലിദുന്‍ ഫി മദ്ഹി ഖൈറില്‍ബരിയ്യ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. ക്രി. 1489-ല്‍ മരണപ്പെട്ടു.
ഖാദി ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി കേരളത്തിലെ ശാഫിഈ ധാരയിലെ അറിയപ്പെടുന്ന പണ്ഡിതരിലൊരാളാണ്. ഫഖ്‌റുദ്ദീന്‍ അബൂബക്ര്‍ മലൈബാരിയുടെ മകനായ ഇദ്ദേഹം ക്രി. 1474 ലാണ് കോഴിക്കോട്ട് ജനിച്ചത്. പിതാവില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മക്കയിലേക്ക് പോയി. മൂന്ന് വര്‍ഷം അവിടെ താമസിച്ച് വിദ്യയഭ്യസിച്ച ശേഷം തിരിച്ചെത്തി, കോഴിക്കോട് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ അധ്യാപകനും പിതാവിന്റെ മരണശേഷം ഖാദിയുമായി. അക്കാലത്തെ അറിയപ്പെട്ട പണ്ഡിതനായിരുന്ന അദ്ദേഹം പോര്‍ച്ചുഗീസ് വിരുദ്ധപോരാട്ടത്തിലും പങ്കുവഹിച്ചു. ഈ പരമ്പരയില്‍പെട്ട, പില്‍ക്കാല പണ്ഡിതനാണ് ഖാദി അബ്ദുല്‍ അസീസ് അഹ്മദ് കാലികൂതി (ജനനം. ക്രി. 160) അഹ്മദ് കോയ ശാലിയാത്തിയുടെ പുത്രനായ ഇദ്ദേഹം അല്‍ഫത്ഹുല്‍ മുബീന്‍ ലിസാമൂതിരി അല്ലദീ യുഹിബ്ബുല്‍ മുസ്‌ലിമീന്‍, മുഹ്‌യിദ്ദീന്‍ മാല തുടങ്ങിയ കൃതികളുടെ രചയിതാവാണ്.
മലബാറില്‍ ശാഫിഈ മദ്ഹബിന്റെ ആദ്യകാല പ്രചാരണത്തില്‍ പ്രധാന പങ്കുവഹിച്ച കോഴിക്കോട്ടെ ഖാദി കുടുംബത്തില്‍ പെട്ടവരാണ് ഇവിടെ സൂചിപ്പിച്ചവരില്‍ പലരും. ഹി. 121-ല്‍ നിര്‍മിക്കപ്പെട്ട ചാലിയത്തെ പള്ളി കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. 'ശാലിയാത്തി' എന്ന വിശേഷണം വരുന്നത് അങ്ങനെയാണ്. മാലികുബ്‌നു ദീനാറിന്റെ സംഘത്തില്‍പെട്ട മാലികുബ്‌നു ഹബീബിന്റെ പൗത്രന്‍ സൈനുദ്ദീനു ബ്‌നു മദനിയായിരുന്നു ചാലിയം ആസ്ഥാനമായുള്ള കോഴിക്കോട്ടെ ആദ്യത്തെ ഖാദി. നേരത്തേ സൂചിപ്പിച്ചവര്‍ക്കു പുറമെ, മുഹ്‌യിദ്ദീന്‍ ഒന്നാമന്‍, കുഞ്ഞീദീന്‍ കുട്ടി ഖാദി എന്ന് അറിയപ്പെട്ടിരുന്ന മുഹ്‌യിദ്ദീന്‍ മൂന്നാമന്‍, അദ്ദേഹത്തിന്റെ മകന്‍ അബൂബക്കര്‍ കുഞ്ഞി തുടങ്ങിയവര്‍ ഈ ശൃംഖലയില്‍ വരുന്ന പില്‍ക്കാല ശാഫിഈ പണ്ഡിതന്മാരും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാക്കളുമാണ്.
മഖ്ദൂം കുടുംബത്തിന്റെ നെടുനായകത്വം
ശാഫിഈ മദ്ഹബിന്റെ കേരളീയ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് മഖ്ദൂം കുടുംബം പൊതുവായും ശൈഖ് സൈനുദ്ദീന്‍ മഖ്ദും ഒന്നാമനും രണ്ടാമനും സവിശേഷമായും ഈ കര്‍മശാസ്ത്ര സരണിക്ക് നല്‍കിയ ബൃഹദ് സംഭാവനകള്‍. മലയാളികള്‍ക്കിടയില്‍ ശാഫിഈ മദ്ഹബിന്റെ വേരുറച്ചതും വ്യാപകസ്വാധീനം നേടിയതും മഖ്ദൂം പണ്ഡിതന്മാര്‍ വഴിയാണ്. പ്രധാനമായും മൂന്ന് തലങ്ങളാണ് മഖ്ദൂം പണ്ഡിതന്മാരുടെ പരിശ്രമങ്ങള്‍ക്കുണ്ടായിരുന്നത്. ഒന്ന്; ഗ്രന്ഥരചനകളും ഫത്‌വകളും ഉള്‍പ്പെടെയുള്ള വൈജ്ഞാനിക സേവനങ്ങള്‍. രണ്ട്; പൊന്നാനിയിലെ പ്രസിദ്ധമായ ജുമുഅത്ത് പള്ളിയിലെ ദര്‍സില്‍ നടത്തിയ ശാഫിഈ ഫിഖ്ഹിന്റെ അധ്യാപനം. മൂന്ന്: മഖ്ദൂമീ ശിഷ്യന്മാര്‍ പള്ളികളും ദര്‍സുകളും ഓത്തുപള്ളികളും കേന്ദ്രീകരിച്ച് നടത്തിയ അധ്യാപനവും മറ്റു ദീനീപ്രവര്‍ത്തനങ്ങളും.
യമന്‍ വേരുള്ള മഖ്ദൂം കുടുംബം തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തിന് തെക്കുള്ള കോറോമണ്ഡലില്‍നിന്നാണ് കേരളത്തിലെത്തുന്നത്. ഹിജ്‌റ 5-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ മഖ്ദൂം കുടുംബം ഹിജ്‌റ 9-ാം നൂറ്റാണ്ടിലാണ് കേരളത്തിലേക്ക് വന്നത്. മഖ്ദൂം കുടുംബാംഗമായ ശൈഖ് അഹ്മദുല്‍ മഅ്ബരിയാണ് ആദ്യം കൊച്ചിയില്‍ താമസമാക്കിയത്. ഖാദി സൈനുദ്ദീന്‍ ഇബ്‌റാഹീം ബിന്‍ അഹ്മദുല്‍ മഅ്ബരി 15ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പൊന്നാനിയില്‍ ഖാദിയായി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, അദ്ദേഹത്തിന്റെ പുത്രന്മാരായ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം, മുഹമ്മദുല്‍ ഗസാലി, അദ്ദേഹത്തിന്റെ മകന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍, ശൈഖ് ഉസ്മാനുബ്‌നു ജലാലിദ്ദീന്‍ അല്‍മഅ്ബരി, ശൈഖ് അബ്ദുര്‍റഹ്മാനുബ്‌നു ഉസ്മാന്‍, അഹ്മദുബ്‌നു സൈനുദ്ദീന്‍, ഇബ്‌റാഹീമുബ്‌നു സൈനുദ്ദീന്‍, മുഹമ്മദ് എന്ന ഇമ്പിച്ചി മുസ്‌ലിയാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖ മഖ്ദൂം പണ്ഡിതന്മാര്‍ ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് മലബാറിലെ മുസ്‌ലിംകളുടെ പ്രധാന ദീനീ അവലംബം മഖ്ദൂം പണ്ഡിതന്മാരായിരുന്നു. മുസ്‌ലിംകള്‍ മാത്രമല്ല, സഹോദരസമുദായാംഗങ്ങളും നീതിയുടെയും നന്മയുടെയും വക്താക്കളായാണ് മഖ്ദൂം കുടുംബത്തെ സ്വീകരിച്ചിരുന്നത്.
ഗ്രന്ഥരചന, ഫത്‌വ, പ്രഭാഷണം എന്നിവ വഴിയാണ് മഖ്ദൂം പണ്ഡിതന്മാര്‍ മലബാറില്‍ ഇസ്‌ലാമിനു പൊതുവായും ശാഫിഈ ഫിഖ്ഹിന് സവിശേഷമായും വൈജ്ഞാനിക സംഭാവനകള്‍ അര്‍പ്പിച്ചത്. ഹി. 873/ ക്രി. 1467 ശഅ്ബാന്‍ 12 ന് ജനിച്ച സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, ജന്മസ്ഥലമായ കൊച്ചിയിലും പിന്നീട് പൊന്നാനിയിലുമാണ് വളര്‍ന്നത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രമുഖ ഗുരുനാഥന്മാരില്‍നിന്ന് വിജ്ഞാനം നേടിയ അദ്ദേഹം പ്രഗത്ഭ ശാഫിഈ പണ്ഡിതനായി ഉയര്‍ന്നു. മുര്‍ശിദുത്ത്വുല്ലാബ്, സിറാജുല്‍ ഖുലൂബ്, കിഫായത്തുല്‍ ഫറാഇദ്, ഹാശിയത്താനി അലത്തുഹ്ഫത്തില്‍ വര്‍ദിയ, ഹാശിയത്തുന്‍ അലല്‍ ഇര്‍ശാദ്, തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്വല്‍ബാന്‍ തുടങ്ങി 20 ല്‍പരം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹി.911 ല്‍ (ക്രി.1505) ജനിച്ച അബ്ദുല്‍ അസീസ് മഖ്ദൂമിന്റെ പ്രധാന കൃതികളാണ് അല്‍മുതഫര്‍രിദ്, അല്‍ അജ്‌വിബത്തുല്‍ ഫന്നാനിയ്യ അലല്‍ അസ്ഇലത്തില്‍ കൂശിയ്യ, ഫതാവാ തുടങ്ങിയവ. ശാഫിഈ ഫിഖ്ഹിലെ പ്രാഥമിക പാഠപുസ്തകമെന്ന നിലയില്‍ പ്രസിദ്ധമാണ് മുതഫര്‍രിദ്. ഹി. 938 ല്‍ (ക്രി. 1532) ജനിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍, മുസ്‌ലിം ലോകത്ത് അറിയപ്പെടുന്ന പ്രഗത്ഭനായ കേരളീയ പണ്ഡിതനാണ്. ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദുല്‍ ഗസാലി വടകരക്കടുത്ത് ചോമ്പാലിലെ ഖാദിയും മുഫ്തിയുമായിരുന്നു. അവിടെയാണ് സൈനുദ്ദീന്‍ രണ്ടാമന്‍ ജനിച്ചത്. ഇബ്‌നു ഹജറുല്‍ ഹൈതമി ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതരുടെ ശിഷ്യനായ അദ്ദേഹം, ഇസ്‌ലാമിക വിജ്ഞാനശാഖക്ക് പൊതുവായും ശാഫിഈ ഫിഖ്ഹിന് പ്രത്യേകമായും അമൂല്യമായ സംഭാവനകള്‍ അര്‍പ്പിച്ച ചരിത്രപുരുഷനാണ്. കോഴിക്കോട്ടെ രാജാവ് സാമൂതിരി ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ പിന്തുണയും മറ്റുനിലക്കുള്ള സ്വാധീനവും ഇദ്ദേഹത്തിന്റെ വൈജ്ഞാനിക പരിശ്രമങ്ങള്‍ക്ക് പിന്‍ബലമേകി. ഖുര്‍റത്തുല്‍ ഐന്‍ ബിമുഹിമ്മാത്തിദ്ദീന്‍, ഫത്ഹുല്‍ മുഈന്‍ ബി ശറഹി ഖുര്‍റത്തില്‍ ഐന്‍, ഇര്‍ശാദുല്‍ ഇബാദ് ഇലാ സബീലിര്‍റശാദ്, ഇഹ്കാമുഅഹ്കാമിന്നികാഹ്, അല്‍ അജ്‌വിബുത്തുല്‍ സാജിബ അനില്‍ അസ്ഇലത്തില്‍ ഗരീബ, അല്‍ഫതാവാ അല്‍ഹിന്ദിയ്യ തുടങ്ങിയവ ശാഫിഈ ഫിഖ്ഹിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളാണ്. അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്രഗ്രന്ഥവും ഫത്ഹുല്‍ മുഈന്‍ എന്ന കര്‍മശാസ്ത്ര രചനയും ലോകപ്രസിദ്ധങ്ങളാണ്. ഹി. 987-ലാണ് (ക്രി. 1579) അദ്ദേഹം മരണപ്പെട്ടത്. അഹ്മദ് സൈനുദ്ദീന്‍ (കൊങ്ങണം വീട്ടില്‍ ബാവ മുസ്‌ലിയാര്‍) എഴുതിയ തബ്ശീറുല്‍ വാഹിദ് തുഹ്ഫത്തുല്‍ വാഇദീന്‍, ഫൈദുല്‍ ഹാഫിദ്, രിയാളുല്‍ ഹികം തുടങ്ങിയവയും, എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്‌റാഹീമുബ്‌നു സൈനുദ്ദീന്റെ (കൊങ്ങണം വീട്ടില്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍) കിതാബുന്‍ ഫീ അഹ്കാമിന്നികാഹ് എന്ന കൃതിയും മഖ്ദൂം കുടുംബത്തിന്റെ വൈജ്ഞാനിക സംഭാവനകളാണ്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ ഖാദിമാരായിരുന്ന മഖ്ദൂം പണ്ഡിതന്മാര്‍ വിവിധ വിഷയങ്ങളില്‍ നല്‍കിയ ഫത്‌വകള്‍, ശാഫിഈ ഫിഖ്ഹനുസരിച്ചായിരുന്നതുകൊണ്ട് മുസ്‌ലിം സമൂഹം പൊതുവെ ഈ കര്‍മശാസ്ത്ര സരണി പിന്തുടരുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു.
പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളിയും മഖ്ദും പണ്ഡിതന്മാര്‍ ഖാദിമാരായിരുന്ന ഇതര പള്ളികളും കേന്ദ്രീകരിച്ച് നടന്ന ദര്‍സുകളാണ് ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച മറ്റൊരു ഘടകം. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പൊന്നാനിയില്‍ നിര്‍മിച്ച വലിയ ജുമുഅത്ത് പള്ളി കേരളത്തിലെ പ്രമുഖ മതവിജ്ഞാന കേന്ദ്രമായി വളര്‍ന്നു. വിശ്വാസത്തില്‍ (അഖീദ) അശ്അരി മദ്ഹബും കര്‍മശാസ്ത്രത്തില്‍ (ഫിഖ്ഹ്) ശാഫിഈ സരണിയും ആധാരമാക്കി നടന്ന ഇവിടത്തെ ദര്‍സില്‍ കേരളത്തിനു പുറമെ, സിലോണ്‍, മാലദ്വീപ്, സുമാത്ര, ജാവ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഈ പള്ളിദര്‍സ് കേന്ദ്രീകരിച്ച് നടന്ന ശാഫിഈ ഫിഖ്ഹിന്റെ അധ്യാപനം കേരളത്തിലെ ഖാദി, ഖത്വീബ്, മുദര്‍രിസുമാരെ പ്രസ്തുത മദ്ഹബിന്റെ വക്താക്കളാക്കി വളര്‍ത്തി.
കേരളത്തിന്റെ, വിശേഷിച്ചും മലബാറിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളില്‍ ഖത്വീബ്, ഖാദി, മുദര്‍രിസുമാരായിരുന്ന ഇവരിലൂടെ മുസ്‌ലിം ബഹുജനങ്ങള്‍ക്കിടയില്‍ ശാഫിഈ കര്‍മശാസ്ത്രം പ്രചരിക്കുകയും വ്യാപക സ്വീകാര്യത നേടുകയും ചെയ്തു.
ഹദ്‌റമി ഗോത്രങ്ങള്‍
18-ാം നൂറ്റാണ്ടില്‍ യമനിലെ ഹദ്‌റമൗത്തില്‍നിന്ന് കേരളത്തിലേക്ക് വിവിധ ഗോത്രക്കാരായ പണ്ഡിതരും പ്രബോധകരും വരികയുണ്ടായി. ബാഅലവി, ബാഫഖീഹ്, ജിഫ്‌രി തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട ഇവര്‍, 'ഹദ്‌റമീ സാദാത്തു'കള്‍ എന്നും മലയാളത്തില്‍ 'തങ്ങന്മാര്‍' എന്നും വിളിക്കപ്പെട്ടു. യമനീ പാരമ്പര്യത്തിലൂടെ വന്നവരായതുകൊണ്ട് പൊതുവെ ശാഫിഈ മദ്ഹബ് പിന്തുടരുന്നവരായിരുന്നു 'ഹദ്‌റമി തങ്ങന്മാര്‍'. ഇസ്‌ലാമിക വിജ്ഞാന പ്രചാരണത്തില്‍ ഇവര്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കുകയുണ്ടായി. കോഴിക്കോട് കല്ലായിയായിരുന്നു ജിഫ്‌രി കുടുംബത്തിന്റെ ആദ്യ കേന്ദ്രം. ശൈഖ് ജിഫ്‌രി ഇബ്‌നു മുഹമ്മദ്, ജിഫ്‌രി ഹസന്‍, മമ്പുറം സയ്യിദ് അലവി, ഫസല്‍ പൂക്കോയ തങ്ങള്‍ എന്നിവര്‍ ജിഫ്‌രി പരമ്പരയിലെ പ്രഗത്ഭരാണ്. ഖാന്‍ ബഹദൂര്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, അഹ്മദ് ജിഫ്‌രി പൂക്കോയ തങ്ങള്‍ എന്നിവരും ഈ പാരമ്പര്യത്തിലുള്ളവരാണ്. സയ്യിദ് അലവി തങ്ങളും ഫസല്‍ പൂക്കോയ തങ്ങളും കേരള മുസ്‌ലിം ചരിത്രത്തിലെ അദ്വിതീയ വ്യക്തിത്വങ്ങളാണ്. ഏകദേശം 1770 ല്‍ യമനില്‍ നിന്ന് മലബാറിലെത്തിയവരാണ് ബാഫഖീഹ് കുടുംബം. കച്ചവട സംഘത്തോടൊപ്പമാണ് ശൈഖ് അഹ്മദ് എന്ന ആദ്യ ബാഫഖീഹ് കൊയിലാണ്ടിയിലെത്തിയത്. വടക്കേ മലബാറില്‍ നിരവധി പള്ളികള്‍ അദ്ദേഹത്തിന്റെ പരിശ്രമഫലമായി പണിയിക്കപ്പെട്ടു. ഹാശിം ബാഫഖി തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ബാഫഖി തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ തുടങ്ങിയവര്‍ ഈ കുടുംബത്തിലെ പ്രധാനികളാണ്.
ബാഅലവി കുടുംബത്തിന്റെ താഴ്‌വഴികളില്‍ പെട്ടവരാണ് ശിഹാബുദ്ദീന്‍ കുടുംബം. ഇവരുടെ പിതാവ് സയ്യിദ് അലി ശിഹാബുദ്ദീന്‍ വളപട്ടണത്താണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകന്‍ ഹുസൈന്‍ ശിഹാബുദ്ദീന്‍ കോഴിക്കോട്ടേക്ക് താമസം മാറ്റി. ഇദ്ദേഹത്തിന്റെ പുത്രന്‍ ഹുസൈന്‍ ആറ്റക്കോയതങ്ങള്‍ മലപ്പുറം ജില്ലയിലെ പാണക്കാടാണ് താമസമാക്കിയത്.
ഹിജ്‌റ 9-ാം ശതകത്തില്‍ മധ്യേഷ്യയിലെ ബുഖാറയില്‍നിന്ന് വന്നവരാണ് ബുഖാറ തങ്ങന്മാര്‍. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇവര്‍ പിന്നീട് താമസമാക്കിയത്. സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അഹ്മദ്, ബാഫഖ്‌റുദ്ദീന്‍, സയ്യിദ് ഹാമിദുല്‍ ബുഖാരി, മുഹമ്മദ് ഫഖ്‌റുദ്ദീന്‍ എന്ന കോയക്കുട്ടി തങ്ങള്‍, സയ്യിദ് ഹാമിദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ ഈ കുടുംബത്തിലെ പ്രമുഖരാണ്. മനാസികുല്‍ മലൈബാരി, വൈതുല്യം, സൈഫുല്‍ മുബീന്‍, റദ്ദുല്‍ മതീന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് കോയക്കുട്ടി.
ഹദ്‌റമി-ബുഖാരി തങ്ങന്മാര്‍ക്ക് മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ ആത്മീയ നേതൃത്വത്തിന്റെ പരിവേഷമുണ്ടായിരുന്നു. പൊതുവേ ശാഫിഈ മദ്ഹബ് പിന്തുടരുന്നവരായതിനാല്‍, അവരുടെ മതപരമായ വ്യവഹാരങ്ങള്‍ പ്രസ്തുത മദ്ഹബ് അനുസരിച്ചുതന്നെ മുന്നോട്ട് പോവുകയാണുണ്ടായത്. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. ഹദ്‌റമീ, ബുഖാരി തങ്ങന്മാര്‍ക്കുമുമ്പുതന്നെ കേരളത്തില്‍ ഇസ്‌ലാം വ്യാപകമായി പ്രചാരം നേടുകയും ശാഫിഈ മദ്ഹബിന് ശക്തമായ സ്വാധീനവും വൈജ്ഞാനിക സംഭാവനകളും കരഗതമാവുകയും ചെയ്തിട്ടുണ്ട്. 18-ാം നൂറ്റാണ്ടില്‍ ഹദ്‌റമീ സാദാത്തുകള്‍ ഇവിടെ എത്തുന്നതിനും മുമ്പാണ് മഖ്ദൂം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ഇത് നടന്നത്.
പില്‍ക്കാല പണ്ഡിതന്മാരും പാഠശാലകളും
വ്യത്യസ്ത നിലവാരത്തിലുള്ള പണ്ഡിതന്മാര്‍, ഗ്രന്ഥകാരന്മാര്‍, പള്ളികള്‍, ദര്‍സുകള്‍, മദ്‌റസകള്‍, 'ജാമിഅ'കള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉന്നത പാഠശാലകള്‍, പുസ്തകങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയിലൂടെ ശാഫിഈ മദ്ഹബിന്റെ കേരളത്തിലെ പില്‍ക്കാല ചരിത്രവും വര്‍ത്തമാനവും സജീവമായിത്തീര്‍ന്നു. ശാഫിഈ ഫിഖ്ഹിനെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ദീനീചര്‍ച്ചകളും വാദപ്രതിവാദങ്ങളും ഇന്ത്യയില്‍, ഒരുപക്ഷേ ലോകത്തുതന്നെ ഏറ്റവും സജീവമായി നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം.
പില്‍ക്കാലത്ത് ശാഫിഈ ധാരയില്‍ കേരളത്തിലുണ്ടായിരുന്ന പണ്ഡിതന്മാരില്‍ ചിലരുടെ പേരുകള്‍ മാത്രം ഇവിടെ പരാമര്‍ശിക്കുകയാണ്. തിരൂരങ്ങാടി ഖാദിയായിരുന്ന അലി ഹസന്‍ മുസ്‌ലിയാര്‍, താനൂര്‍ ശൈഖ് അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കൂട്ടായി ഖാദി ഓടക്കല്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, ഖാദി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അലി ഹസന്‍ മൂന്നാമന്‍, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കോയാക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രമുഖമായ ഓടക്കല്‍ കുടുംബത്തിലെ ശാഫിഈ പണ്ഡിതരായിരുന്നു. മുസ്‌ലിയാരകത്ത് മമ്മിക്കുട്ടി ഖാദി (മഖ്ദൂം), വെളിയങ്കോട് ഉമര്‍ ഖാദി, പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മഖ്ദും അല്‍അഖീര്‍, നൂഞ്ഞേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, താനൂര്‍ അബ്ദുര്‍റഹ്മാന്‍ ശൈഖ്, പൊന്നാനി ചെറിയ ബാവ മുസ്‌ലിയാര്‍ (മജ്മഉല്‍ ഫാതാവാ എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ കര്‍ത്താവ്), താട്ടാങ്കര കുട്ട്യാമു മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫദ്ഫരി, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, അലി ഹസന്‍ മൗലവി, അബ്ദുര്‍റഹ്മാന്‍ ഫള്ഫരി, കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍, ശുജാഈ മൊയ്തു മുസ്‌ലിയാര്‍, നാദാപുരം മേനക്കോത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കാസര്‍കോട്ട് ഖാദി അബ്ദുല്ല മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കോക്കൂര്‍ അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ കേരളത്തില്‍ ജീവിച്ചിരുന്ന ശാഫിഈ പണ്ഡിതന്മാരാണ്. ഇവരില്‍ പലരും ശാഫിഈ ഫിഖ്ഹില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രാഥമികതലം മുതല്‍ ശാഫിഈ ഫിഖ്ഹ് പഠിപ്പിക്കുന്ന മദ്‌റസകളും ബിരുദ ബിരുദാനന്തര തലത്തിലുള്ള കലാലയങ്ങളും കേരളത്തില്‍ സജീവമാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ, ചെമ്മാട് ദാറുല്‍ ഹുദാ, വളാഞ്ചേരി വാഫി, കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ, ജാമിഅ ദാറുസ്സലാം-നന്തി, കൊയിലാണ്ടി, റഹ്മാനിയ അറബിക് കോളേജ്-കടമേരി, ജാമിഅ സഅ്ദിയ-കാസര്‍കോട്, ഇസ്വ്‌ലാഹുല്‍ ഉലൂം-താനൂര്‍, ജാമിഅ ഇഹ്‌യാഉസ്സുന്ന-മലപ്പുറം, ജാമിഅ മന്നാനിയ-വര്‍ക്കല, കൊല്ലം തുടങ്ങിയവ ഉദാഹരണം. കേരളത്തില്‍ വ്യാപകമായിരുന്ന പള്ളിദര്‍സുകള്‍ ശാഫിഈ മദ്ഹബിന്റെ പ്രചാരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സവിശേഷം രേഖപ്പെടുത്തേണ്ടതാണ് പള്ളി ദര്‍സുകളുടെ ചരിത്രം.
സവിശേഷതകള്‍
കേരളത്തിലെ ശാഫിഈ മദ്ഹബ് അനുകര്‍ത്താക്കള്‍ക്ക് പല സവിശേഷതകളുമുണ്ട്. നാലില്‍ ഒരു മദ്ഹബിനെ 'തഖ്‌ലീദ്' ചെയ്യല്‍ നിര്‍ബന്ധമാണെന്ന് വാദിക്കുകയും ആ നിലക്ക് തങ്ങള്‍ ശാഫിഈകളാണെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ പല വിഷയങ്ങളിലും ശാഫിഈ മദ്ഹബിന് വിരുദ്ധമായ വാദങ്ങളും നിലപാടുകളുമാണ് സ്വന്തം 'ഇജ്തിഹാദി'ന്റെ അടിസ്ഥാനത്തില്‍ 'കേരളത്തിലെ ശാഫിഈകള്‍' പുലര്‍ത്തുന്നത്. ഈ വൈരുധ്യത്തിന്റെ വേരുകള്‍, കേരളത്തിലെ ശാഫിഈകള്‍ക്കിടയിലെ ശീഈ-സ്വൂഫി സ്വാധീനത്തിലാണ് ചെന്നുചേരുന്നത്. മലയാളക്കരയിലെ ശാഫിഈകളെ സംബന്ധിച്ച സവിശേഷതകള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. ശാഫിഈ മദ്ഹബിനെ അനുകരിക്കുമ്പോള്‍ (തഖ്‌ലീദ്) തന്നെ വിവിധ സംഘടനകളും ഗ്രൂപ്പുകളുമായി ഭിന്നിച്ച് പരസ്പരം ഏറ്റുമുട്ടുകയും അനാരോഗ്യകരമായി മത്സരിക്കുകയും ചെയ്യുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അതില്‍നിന്ന് പിളര്‍ന്നുണ്ടായ സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ (എ.പി ഗ്രൂപ്പ്) തുടങ്ങിയ ഗ്രൂപ്പുകളും ശാഫിഈ മദ്ഹബ് അനുകരിക്കുന്നവരാണ്. ശാഫിഈ-സലഫി ധാരകളിലെ മതസംഘടനകള്‍ തമ്മില്‍ കേരളത്തില്‍ നടന്ന വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും പഴയ ശാഫിഈ-ഹമ്പലീ സംഘര്‍ഷത്തെ അനുസ്മരിപ്പിക്കുന്നതാണ്.
2. ശീഈ-സ്വൂഫി സ്വാധീനം കേരളത്തിലെ ശാഫിഈകളില്‍ ശക്തമാണ്. ഇമാം ശാഫിഈയുടെ അധ്യാപനങ്ങള്‍ക്ക് എതിരായി ഖബ്‌റിടം കേന്ദ്രീകരിച്ചുള്ള അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും 'ശാഫിഈ'കള്‍ വീണുപോയത് ഇതിന്റെ ദുരന്തമാണ്. കേരള മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന പൊന്നാനി-കൊണ്ടോട്ടി കൈ തര്‍ക്കം ഇതോട് ചേര്‍ത്തുവായിക്കണം. ശീഈ വിശ്വാസമുള്ള കൊണ്ടോട്ടി തങ്ങന്മാരായിരുന്നില്ല, അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ചിന്താ ഗതികള്‍ മുറുകെപിടിച്ച പൊന്നാനിയിലെ മഖ്ദൂമുമാരായിരുന്നു യഥാര്‍ഥ ശാഫിഈ സരണിയുടെ വക്താക്കള്‍. ഖബ്‌റിടങ്ങള്‍ കെട്ടിയുയര്‍ത്തലും ജാറം നേര്‍ച്ചകള്‍ നടത്തലും ശീഈ പാരമ്പര്യമുള്ള കൊണ്ടോട്ടി കൈക്കാരുടെ രീതിയാണ്. സുന്നി-ശാഫിഈ പാരമ്പര്യം ഇതിനെതിരാണ്. കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ ശാഫിഈ പണ്ഡിതര്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെയും രണ്ടാമന്റെയും ഖബ്ര്‍ കെട്ടിപ്പൊക്കുകയോ, ജാറം നേര്‍ച്ചകള്‍ ആഘോഷിക്കപ്പെടുകയോ ചെയ്ത പാരമ്പര്യം ഇവിടത്തെ ശാഫിഈ ധാരയുടെ ചരിത്രത്തിലില്ല. കൊണ്ടോട്ടി തങ്ങന്മാരുടെ പാരമ്പര്യത്തെ മാതൃകയാക്കി ഇന്ന് 'ശാഫിഈകള്‍' വ്യാപകമായി നടത്തുന്ന ജാറം നേര്‍ച്ചകള്‍ ശാഫിഈ മദ്ഹബിന് എതിരും ശീഈ സ്വാധീനത്തിന്റെ തെളിവുമാണ്.
3. യഥാര്‍ഥ ശാഫിഈ വീക്ഷണത്തിന് വിരുദ്ധമായി സംഘടനകളോ വ്യക്തികളോ നിലപാടുകളെടുത്ത സന്ദര്‍ഭങ്ങളില്‍, മലയാളികളായ ശാഫിഈ പണ്ഡിതര്‍ തന്നെ അതിനെതിരെ രംഗത്തു വന്നതിന് കേരള മുസ്‌ലിം ചരിത്രം സാക്ഷിയാണ്. ശാഫിഈ പണ്ഡിതര്‍ പരസ്പരം ഏറ്റുമുട്ടിയെന്നതാണ് ഇതിന്റെ അനന്തരഫലം. മാതൃഭാഷയിലെ ജുമുഅ ഖുത്വ്ബ, ചാവടിയന്തിരം, മയ്യിത്ത് കൊണ്ടുപോകുമ്പോഴുള്ള ദിക്ര്‍ തുടങ്ങിയ പല വിഷയങ്ങളിലും ശാഫിഈ പണ്ഡിത സംഘടനകള്‍ കൈക്കൊണ്ട മദ്ഹബ് വിരുദ്ധമായ തീരുമാനത്തിനെതിരെ, ശാഫിഈ മദ്ഹബ് പിന്തുടരുന്ന പണ്ഡിതന്മാര്‍ തന്നെ രംഗത്തുവന്നു. കൊടിയത്തൂര്‍ ഖാദി മുസ്‌ലിയാരകത്ത് അബ്ദുല്‍ അസീസ് മൗലവി, തട്ടാങ്ങര കുട്ടിയാമു മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ ശാഫിഈ പണ്ഡിതന്മാരുടെ പോരാട്ടവും വൈജ്ഞാനിക സംഭാവനകളും ഈയര്‍ഥത്തില്‍ ശാഫിഈ മദ്ഹബിന്റെ കേരള ചരിത്രത്തിലെ ശ്രദ്ധേയമായ പാഠങ്ങളാണ്.
സദ്‌റുദ്ദീന്‍ വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശി. കാസര്‍കോട് ആലിയ അറബിക് കോളേജില്‍ പഠനം. 2006 മുതല്‍ പ്രബോധനം വാരിക പത്രാധിപ സമിതിയംഗം. സംവാദത്തിന്റെ സംസ്‌കാരം, സംഘ്പരിവാര്‍: വര്‍ഗീയ ഫാഷിസവും വിദേശ ഫണ്ടിംഗും, സ്‌ഫോടന ഭീകരതയുടെ സംഘ്പരിവാര്‍ പരമ്പര, നടന്നു തീരാത്ത വഴികളില്‍, പ്രസ്ഥാന യാത്രകള്‍, നവോത്ഥാന ധര്‍മങ്ങള്‍, നിലപാടുള്ള പ്രസ്ഥാനം (എഡിറ്റര്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 9446881645. ഇമെയില്‍: [email protected]
Comments