Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഇറാഖീ-ഖുറാസാനീ സരണികള്‍

കുഞ്ഞബ്ദുല്ല മൗലവി എടച്ചേരി

ഇറാഖും ഖുറാസാനും ചരിത്രപ്രസിദ്ധമായ രണ്ട് ദേശങ്ങളാണ്. സുഊദി അറേബ്യയുടെ അയല്‍ രാജ്യമായ ഇറാഖ് അറബ് നാടാണ്. മധ്യേഷ്യയിലെ അഫ്ഗാനിസ്താന്‍, തുര്‍ക്കുമെനിസ്താന്‍, ഉസ്‌ബെകിസ്താന്‍, താജികിസ്താന്‍ എന്നീ അനറബ് പ്രദേശങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്ന അനറബ് നാടാണ് ഖുറാസാന്‍. ഫാര്‍സിയാണ് പ്രധാന ഭാഷ. പഷ്തു, ഉസ്‌ബെക്, കസഖ് ഭാഷകളും പ്രചാരത്തിലുണ്ട്. ചരിത്രപ്രസിദ്ധമായ ഈ രണ്ട് നാടുകള്‍ കേന്ദ്രീകരിച്ച് ശാഫിഈ മദ്ഹബിനകത്ത് രണ്ട് ധാരകള്‍ രൂപം കൊള്ളുകയുണ്ടായി. ശാഫിഈ മദ്ഹബിലെ ഇറാഖീ-ഖുറാസാനീ ധാരകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. രണ്ട് ധാരകള്‍ക്കും വ്യത്യസ്തരായ ഇമാമുമാരും കിതാബുകളും ഉണ്ട്. പല വിഷയങ്ങളിലും ഇറാഖീ-ഖുറാസാനീ ധാരകള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ട്. ഈ രണ്ട് ധാരകളെയും കുറിച്ച പഠനം, ശാഫിഈ മദ്ഹബിനകത്തെ ആഭ്യന്തര പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ മാത്രമല്ല, ഇമാം ശാഫിഈയുടെ നിലപാടുകളില്‍നിന്ന് പില്‍ക്കാലത്ത് ശാഫിഈ മദ്ഹബ് എങ്ങനെ വഴിമാറിനടന്നുവെന്ന് മനസ്സിലാക്കാനും സഹായകമായിത്തീരും.

 

വേര്‍പിരിയലിന്റെ ചരിത്രം

ഹിജ്‌റ നാലാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതന്‍ അബൂഹാമിദില്‍ ഇസ്ഫറാഈനിയാണ് ഇറാഖീ ശാഫിഈ സരണിയുടെ നേതാവ്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതന്‍ അബൂബക്‌റില്‍ ഖഫ്ഫാലില്‍ മര്‍വസി ആണ് ഖുറാസാനീ ശാഫിഈ സരണിയുടെ നേതാവ്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് ശാഫിഈ മദ്ഹബ് ഇരു സരണികളായി പിരിഞ്ഞത്. ഇതോടെ ശാഫിഈ മദ്ഹബിലെ പണ്ഡിതര്‍ ഇറാഖീ സില്‍സില, ഖുറാസാനീ സില്‍സില എന്നിങ്ങനെ രണ്ട് ശൃംഖലകളായി പിരിഞ്ഞു. ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളും ഇറാഖീ ഗ്രന്ഥങ്ങള്‍, ഖുറാസാനീ ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ രണ്ടായി തരം തിരിക്കപ്പെട്ടു.

ശാഫിഈ മദ്ഹബ് വിശദീകരിക്കുന്നതില്‍ ഇരു സരണികളിലെയും പണ്ഡിതര്‍ക്കിടയില്‍ ഭിന്നതകളുണ്ട്. അവരുടെ ഗ്രന്ഥങ്ങളിലും ഈ വ്യത്യാസം കാണാം. ഹിജ്‌റ ഏഴാം നൂറ്റാണ്ടിലെ പ്രമുഖ ശാഫിഈ പണ്ഡിതന്‍ ഇമാം നവവി പറയുന്നു: ''മിക്ക വിഷയങ്ങളിലും ഇമാം ശാഫിഈയുടെ ഖണ്ഡിതമായ അഭിപ്രായങ്ങളും മദ്ഹബിന്റെ അടിസ്ഥാനങ്ങളും പൂര്‍വികരുടെ വീക്ഷണങ്ങളും എടുത്തുദ്ധരിക്കുന്നതില്‍ ഇറാഖീ സരണിയിലെ പണ്ഡിതരുടെ വീക്ഷണങ്ങള്‍ക്കാണ് ഖുറാസാനികളുടെതിനേക്കാള്‍ വിശ്വാസ്യതയും ഭദ്രതയും കല്‍പിക്കപ്പെടുന്നത്'' (ശറഹുല്‍ മുഹദ്ദബ് 1-69).

വിശ്വാസ്യതയിലും ഭദ്രതയിലും ഇരു സരണികളിലെ പണ്ഡിതര്‍ക്കും അവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ക്കും ഇടയില്‍ ഏറ്റക്കുറവ് ഉണ്ടാവുന്നത് നിസ്സാര കാര്യമല്ല. അതുകൊണ്ട് ഈ ഏറ്റക്കുറവുള്ള ഗ്രന്ഥങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഹിജ്‌റ ഏഴാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതന്‍ അല്ലാമാ സുബ്കി തന്റെ തക്മിലതുല്‍ മജ്മൂഇന്റെ മുഖവുരയില്‍ ഇരു സരണികളിലെയും ഗ്രന്ഥങ്ങള്‍ തരംതിരിച്ച് ഒരു നീണ്ട പട്ടിക കൊടുത്തത് കാണാം. ഈ പട്ടികയില്‍ ഗ്രന്ഥകര്‍ത്താവിന്റെ പേരുകള്‍ ഉള്‍പ്പെടെ 42 ഇറാഖീ ഗ്രന്ഥങ്ങള്‍ കാണാം. ഖുറാസാനീ ഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഗ്രന്ഥകര്‍ത്താവിന്റെ പേര് ഉള്‍പ്പെടെ ഇരുപത്തി എട്ട് ഖുറാസാനീ ഗ്രന്ഥങ്ങളും കാണാം. ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ പരിഷ്‌കര്‍ത്താവും ഇറാഖീ സരണിയുടെ നേതാവുമായ അബൂഹാമിദില്‍ ഇസ്ഫറായിനി അമ്പതോളം വാള്യങ്ങളിലായി രചിച്ച തഅ്‌ലീഖയാണ് ഇറാഖീ ഗ്രന്ഥങ്ങള്‍ക്ക് അവലംബം.

ഇമാം നവവി പറയുന്നു: ''അമ്പതോളം വാള്യങ്ങളിലായി അബൂഹാമിദ് രചിച്ച തഅ്‌ലീഖ ആണ് ഇറാഖീ ഗ്രന്ഥങ്ങള്‍ക്കാധാരം'' (തഹദീബ് 210). ഖുറാസാനീ സരണിയിലെ പ്രമുഖ പണ്ഡിതന്‍ അബുല്‍ മആലി അബ്ദുല്‍ മലിക് ഇമാമുല്‍ ഹറമൈനി 21 വാള്യങ്ങളിലായി രചിച്ച നിഹായത്തുല്‍ മത്‌ലബ് ഫീ ദിറാസതില്‍ മദ്ഹബ് എന്ന ഗ്രന്ഥമാണ് ഖുറാസാനീ സരണിയുടെ ഗ്രന്ഥങ്ങള്‍ക്കാധാരം. ഇമാം ശാഫിഈയുടെ അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നതില്‍ ഖുറാസാനികള്‍ക്ക് വിശ്വാസ്യതയും ആധികാരികതയും കുറവാണെങ്കിലും ശാഫിഈ മദ്ഹബില്‍ പകുതിയും ഖുറാസാനികളാണ്. നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ തയാറാക്കിയ ഫിഖ്ഹുസ്സുന്നയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ''ഖുറാസാനികള്‍ മദ്ഹബിന്റെ പകുതിയാകുന്നു'' (ഫിഖ്ഹുസ്സുന്ന, പേജ് 312).

പക്ഷം നോക്കാതെ ഇരു സരണികളിലെ പണ്ഡിതരില്‍നിന്ന് ഫിഖ്ഹ് സമ്പാദിച്ച അപൂര്‍വം പണ്ഡിതരില്‍ ഒരാളാണ് ഹിജ്‌റ ഏഴാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതന്‍ അബൂ സകരിയ്യ യഹ്‌യ ബ്‌നു ശറഫിന്നവവി. ഇതുകൊണ്ടുതന്നെ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടുവരെ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയാത്ത വീക്ഷണങ്ങള്‍ അഞ്ചാം നൂറ്റാണ്ടില്‍ ഖുറാസാനീ സരണി ഉടലെടുത്ത ശേഷം രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ കണ്ടെത്തിയാല്‍ ആരാണ് ഇതിന് തുടക്കം കുറിച്ചത് എന്ന് കണ്ടെത്താനുള്ള കഴിവ് ഇമാം നവവി സമ്പാദിച്ചു. കേരള മുസ്‌ലിംകള്‍ക്കിടയില്‍ പരക്കെ പ്രചാരമുള്ള തസ്ബീഹ് നമസ്‌കാരം ഇതിനൊരു ഉദാഹരണമാണ്. ഇമാം നവവി പറയുന്നു: ''ഖാദി ഹുസൈന്‍, തഹ്ദീബിന്റെയും തതിമ്മയുടെയും ഗ്രന്ഥകര്‍ത്താക്കള്‍, റൂയാനി എന്നീ പണ്ഡിതര്‍ തസ്ബീഹ് നമസ്‌കാരം അഭികാമ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധമായി വന്ന ഹദീസിന്റെ അടിസ്ഥാനത്തിലാണിത്. ഈ പറഞ്ഞത് പുനഃപരിശോധനാവിധേയമാക്കേണ്ടതാണ്. കാരണം ഇതുസംബന്ധമായി വന്ന ഹദീസ് ദുര്‍ബലമാണ്. ആയതിനാല്‍ സ്വീകാര്യമായ ഹദീസിന്റെ പിന്‍ബലമില്ലാതെ അത് ചെയ്യാതിരിക്കലാണ് അനിവാര്യം. കൂടാതെ തസ്ബീഹ് നമസ്‌കാരത്തില്‍ മറ്റു നമസ്‌കാരങ്ങളില്‍ സുപരിചിതമായ രൂപം അലങ്കോലപ്പെടുത്തലുമുണ്ട്'' (ശറഹുത്തഹ്ദീബ് 2-59). തഹ്ദീബ്, തതിമ്മയുടെ ഉടമകള്‍ എന്ന് പറഞ്ഞാല്‍ യഥാക്രമം അബുല്‍ ഫറാഉല്‍ ബഗവിയും അബൂ സഈദുല്‍ മുതവല്ലിയുമാണ്. ഇരുവരും ഖാദി ഹുസൈന്റെ ശിഷ്യന്മാരാണ്. 

തസ്ബീഹ് നമസ്‌കാരത്തിന് സ്വീകാര്യമായ പ്രവാചക വചനത്തിന്റെ പിന്‍ബലമില്ലാത്തതിനാല്‍ ഇമാം ശാഫിഈ മുതല്‍ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടുവരെ നീണ്ടുനില്‍ക്കുന്ന കാലയളവിലെ പണ്ഡിതന്മാരാരും തസ്ബീഹ് നമസ്‌കാരം അഭികാമ്യമാണെന്ന് പറഞ്ഞിരുന്നില്ല. ഇതാദ്യമായി പറഞ്ഞത് ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ഉടലെടുത്ത ഖുറാസാനീ സരണിയിലെ ഖാദി ഹുസൈന്‍, ബഗവി, മുതവല്ലി എന്നീ പണ്ഡിതന്മാരാണ്. ഈ പണ്ഡിതന്മാര്‍ തസ്ബീഹ് നമസ്‌കാരം അഭികാമ്യമാണെന്ന് പറഞ്ഞതാവട്ടെ സ്ഥിരപ്പെടാത്ത ഹദീസിന്റെ അടിസ്ഥാനത്തിലുമാണ്. ആയതിനാല്‍ ഈ നമസ്‌കാരം ഒഴിവാക്കലാണ് നല്ലത് എന്നാണ് ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ പറഞ്ഞത്. ശാഫിഈ മദ്ഹബില്‍ കിതാബുകള്‍ രചിച്ച പണ്ഡിതന്മാര്‍ക്കെല്ലാം ഇമാം ശാഫിഈയിലേക്ക് ചേരുന്ന ഗുരുശൃംഖലയുണ്ട്. ഇതിന് സില്‍സിലത്തുല്‍ ഫിഖ്ഹ് എന്ന് പറയുന്നു. ശാഫിഈ മദ്ഹബ് ഇറാഖീ-ഖുറാസാനീ ധാരകളായി പിരിഞ്ഞതോടെ ഈ ഗുരുശൃംഖലയും രണ്ടായി പിരിഞ്ഞു; അസ്സില്‍സിലത്തുല്‍ ഇറാഖിയ്യ, അസ്സില്‍സിലത്തുല്‍ ഖുറാസാനിയ്യ എന്നിങ്ങനെ. ഇമാം ഖഫ്ഫാല്‍(റ), അദ്ദേഹത്തിന്റെ ശിഷ്യന്‍ ഖാദി ഹുസൈന്‍, അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഇമാം ബഗവി, ഇമാം മുതവല്ലി എന്നിവരിലാരെങ്കിലും ഉള്‍ക്കൊള്ളുന്നതാണ് ഖുറാസാനി എന്നറിയപ്പെടുന്നത്. ഇവരാരുമില്ലാത്തത് 'ഇറാഖീ സില്‍സില' എന്നറിയപ്പെടുന്നു. ഖുറാസാനീ കിതാബുകള്‍ രചിച്ച ഇമാമുകളെല്ലാം ഖുറാസാനീ ഗുരുശൃംഖല സ്വീകരിച്ചവരാണ്.

കിതാബുല്‍ ഉമ്മ്, മുഖ്തസ്വറുല്‍ മുഗ്‌നി, മുഖ്തസ്വറുല്‍ ബുവൈത്വി ഉള്‍പ്പെടെയുള്ള കിതാബുകള്‍ സമാഹരിച്ചും സംഗ്രഹിച്ചം ഹിജ്‌റ നാലാം നൂറ്റാണ്ടുകാരനായ ശൈഖ് അബു ഹാമിദ്(റ) അമ്പതോളം വാള്യങ്ങളിലായി തഅ്‌ലീഖ എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥം രചിക്കുകയുണ്ടായി. ഇറാഖീ കിതാബുകളുടെ പട്ടികയില്‍ ഒന്നാം നമ്പറായി കൊടുത്ത ഈ തഅ്‌ലീഖയാണ് അമ്പതോളം വരുന്ന ഇറാഖീ കിതാബുകള്‍ക്കാധാരം.

അബുല്‍ ഹസന്‍ മാവര്‍ദി, ഖാദി അബു അബൂത്വയ്യിബിത്ത്വബ്‌രി(റ), സലീമുര്‍റാസീ എന്നിവരെല്ലാം ഫിഖ്ഹ് സമ്പാദിച്ചത് ശൈഖ് അബൂഹാമിദില്‍നിന്നാണ്. ഇറാഖീ കിതാബുകളിലെ 41 കിതാബുകളും അമ്പതോളം വാള്യങ്ങളിലായി ഗുരു രചിച്ച തഅ്‌ലീഖ സംഗ്രഹിച്ച് ശിഷ്യഗണങ്ങള്‍ രചിച്ച കിതാബുകളാണ്. ശൈഖ് അബൂ ഹാമിദ്, ഇമാം ശാഫിഈയെ പോലെ ഒരു പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു. ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി പറയുന്നു: ''എല്ലാ നൂറ്റാണ്ടുകളുടെയും തലപ്പത്ത് അല്ലാഹു പരിഷ്‌കര്‍ത്താക്കളെ നിയോഗിക്കുമെന്ന നബിവചനം ചിലരിങ്ങനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ ഉമറുബ്‌നു അബ്ദില്‍ അസീസ്, രണ്ടില്‍ ഇമാം ശാഫിഈ, മൂന്നില്‍ ഇബ്‌നു സുറൈജ്, നാലില്‍ ശൈഖ് അബൂ ഹാമിദ്.''

മഹദ് വ്യക്തിത്വങ്ങളുടെ ജീവചരിത്ര കൃതിയായ വഫയാത്തില്‍ ഇങ്ങനെ വായിക്കാം: ''രണ്ടാം നൂറ്റാണ്ടിന്റെ തലപ്പത്ത് അല്ലാഹു അനുഗ്രഹിച്ചത് ഇമാം ശാഫിഈയെ കൊണ്ടാണ്. അദ്ദേഹം ബിദ്അത്തുകള്‍ മുഴുവന്‍ തൂത്തുമാറ്റുകയും സുന്നത്തുകള്‍ പുറത്തേക്ക് കൊണ്ടുവരികയും ചെയ്തു'' (വഫയാത്ത് 2:10).

ബിദ്അത്തുകള്‍ നിര്‍മാര്‍ജനം ചെയ്യുക, സുന്നത്തുകള്‍ പുനഃസ്ഥാപിക്കുക എന്ന മുജദ്ദിദുകളുടെ ദൗത്യം ഇമാം ശാഫിഈ നിറവേറ്റിയിട്ടുണ്ട്. ഇതേ ദൗത്യം ശൈഖ് അബൂ ഹാമിദും നിറവേറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അബൂഹാമിദ് രചിച്ച തഅ്‌ലീഖയിലോ ഈ തഅ്‌ലീഖ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഇറാഖീ കിതാബുകളിലോ ബിദ്അത്തുകളോ അന്ധവിശ്വാസങ്ങളോ കാണപ്പെടാനുള്ള സാധ്യത കുറവാണ്. ഇതുകൊണ്ടാവാം നബി(സ) വിസര്‍ജിച്ചതെല്ലാം ശുദ്ധമാണെന്ന് ഈ കിതാബുകളില്‍ കാണാതെ പോയത്.

ഖുറാസാനീ കിതാബുകളുടെ പട്ടികയിലും ഒന്നാം നമ്പറായി കൊടുത്തത്  തഅ്‌ലീഖയാണ്. ഈ തഅ്‌ലീഖ രചിച്ചത് ഖാദി ഹുസൈനാണ്. ഈ തഅ്‌ലീഖയും ശൈഖ് അബൂ ഹാമിദ് രചിച്ച തഅ്‌ലീഖയും പേരില്‍ സാമ്യതയുണ്ടെങ്കിലും ഉള്ളടക്കത്തില്‍ വലിയ വ്യത്യാസമുണ്ട്. ഖാദി ഹുസൈന്‍ രചിച്ച തഅ്‌ലീഖയില്‍ നബി(സ)യുടെ വിസര്‍ജ്യങ്ങള്‍ ശുദ്ധമാണെന്ന് അര്‍ഥം കിട്ടാന്‍ 'ജമീഉ മാ യഖ്‌റുജു മിന്‍ഹു ത്വാഹിര്‍' എന്നു പറഞ്ഞതു കാണാം. ശൈഖ് അബൂ ഹാമിദ് രചിച്ച തഅ്‌ലീഖയിലോ ഇത് ആധാരമാക്കി രചിക്കപ്പെട്ട അമ്പതോളം വരുന്ന ഇറാഖീ കിതാബുകളിലോ ഇത് കാണുകയില്ല. എന്നാല്‍ ഖുറാസാനീ കിതാബുകളില്‍ ഒന്നായ വജീസില്‍ ഇങ്ങനെ വായിക്കാം: 

''ദഹനപ്രക്രിയയിലൂടെ ആമാശയത്തില്‍നിന്നും തരംതിരിയുന്ന മലം, മൂത്രം, രക്തം എന്നിവയെല്ലാം അടിസ്ഥാനപരമായി നജസാകുന്നു. നബി(സ)യുടെ ആമാശയത്തില്‍നിന്ന് തരംതിരിയുന്നതൊഴികെ. ഇതില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്'' (അല്‍ വജീസ് 4/144),

ഖുറാസാനീ കിതാബുകളുടെ പട്ടികയില്‍ 25-ാം  നമ്പറായി കാണുന്ന അല്‍ മുഹര്‍റര്‍, 19-ാം നമ്പറായി കാണുന്ന ശറഹുല്‍ വജീസ് എന്നീ കിതാബുകള്‍ സംക്ഷേപിച്ച് ഇമാം നവവി(റ) രചിച്ച മിന്‍ഹാജും റൗദയും അല്ലാമ സുബ്കി ഖുറാസാനീ കിതാബുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ശാഫിഈ മദ്ഹബിലെ പ്രസിദ്ധ ഗ്രന്ഥമായ അല്‍ മജ്മൂഅ് ഈ രണ്ട് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ഉള്‍പ്പെടുത്താതിരിക്കാന്‍ തക്കതായ കാരണമുണ്ട്. അല്‍ മജ്മൂഅ് ഒരൊറ്റ കിതാബല്ല. 'മജ്മുഅ്' എന്ന പദത്തിനര്‍ഥം സമാഹാരം എന്നാണ്. ഈ വാക്ക് ധ്വനിപ്പിക്കുംവിധം വ്യത്യസ്ത കാലഘട്ടക്കാരും വ്യത്യസ്ത വീക്ഷണഗതി പുലര്‍ത്തിയവരുമായ നാല് ഇമാമുകള്‍ രചിച്ച നാല് കിതാബുകള്‍ ഇരു ചട്ടക്കുള്ളില്‍ ഒതുക്കിയതാണ് കിതാബുല്‍ മജ്മൂഅ്: 

1. അല്‍ മുഹദ്ദബ്. ഹിജ്‌റ നാലാം നൂറ്റാണ്ടുകാരനും ഇറാഖീ വീക്ഷണക്കാരനുമായ അല്ലാമ അബൂ ഇസ്ഹാഖുശ്ശീറാസി രചിച്ചത്.

2. അല്‍ വജീസ്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടുകാരനും ഖുറാസാനീ വീക്ഷണക്കാരനുമായ ഇമാം ഗസാലിയുടെ രചന.

3. ശറഹുല്‍ വജീസ്. രചയിതാവ് ഹിജ്‌റ ആറാം നൂറ്റാണ്ടുകാരനും ഇമാം ഗസാലി(റ)യെ പോലെ തന്നെ ഖുറാസാനീ വീക്ഷണക്കാരനുമായ ഇമാം റാഫിഈ.

4. ശറഹുല്‍ മുഹദ്ദബ്. ഇറാഖീ, ഖുറസാനീ സില്‍സിലകള്‍ ഒത്തുചേര്‍ന്ന ഹിജ്‌റ ഏഴാം നൂറ്റാണ്ടുകാരനായ ഇമാം നവവി(റ)യുടെ രചന.

(ഇമാം നവവി(റ) അദ്ദേഹത്തിന്റെ ഇരു സില്‍സിലകളും തഹ്ദീബുല്‍ അസ്മാഇല്‍ വിവരിച്ചിട്ടുണ്ട്- തഹ്ദീബ് 1-19). 

മേല്‍ കൊടുത്ത നാല് കിതാബുകളില്‍ അല്‍ മുഹദ്ദബും അല്‍ വജീസും ഖുത്വ്ബയുടെ നിബന്ധനകള്‍ പറഞ്ഞ കൂട്ടത്തില്‍ അത് അറബിയിലാകണമെന്ന് പറയാത്ത കിതാബുകളാണ്. ശറഹുല്‍ വജീസും ശറഹുല്‍ മുഹദ്ദബും ഈ നിബന്ധനകള്‍ പറഞ്ഞ കിതാബുകളാണ്. ഇങ്ങനെ ഖുത്വ്ബയുടെ ഭാഷാ നിര്‍ണയത്തില്‍ രണ്ട് നിലപാടുകള്‍ സ്വീകരിച്ച നാലു കിതാബുകളുടെ സമാഹാരമായ മജ്മൂഅ് ഇറാഖീ കിതാബുകളുടെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുകയില്ല. ഖുറാസാനീ കിതാബുകളുടെ പട്ടികയിലും ഉള്‍ക്കൊള്ളിക്കാന്‍ പറ്റുകയില്ല. കാരണം അല്ലാമാ സുബ്കി, ഖുത്വ്ബ അറബിയിലാകല്‍ ഉപാധിയാണെന്നോ നബി(സ)യുടെ വിസര്‍ജ്യങ്ങള്‍ ശുദ്ധമാണെന്നോ പറയാത്ത കിതാബുകളെല്ലാം ഇറാഖീ കിതാബുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് രണ്ടും പറഞ്ഞ കിതാബുകള്‍ ഖുറാസാനീ കിതാബുകളുടെ പട്ടികയിലും. ഈ രണ്ടുതരം കിതാബുകളും അടങ്ങിയതാണ് കിതാബുല്‍ മജ്മൂഅ്. ഇതില്‍നിന്ന് തികഞ്ഞ സൂക്ഷ്മതയോടും ജ്ഞാന വൈഭവത്തോടും കൂടിയാണ് അല്ലാമ സുബ്കി ശാഫിഈ മദ്ഹബ് എടുത്തുദ്ധരിക്കുന്നതില്‍ വിശ്വസ്തതയിലും പ്രാമാണികതയിലും ഏറ്റക്കുറവുള്ള ഇറാഖീ ഇമാമുകള്‍ രചിച്ച കിതാബുകളും ഖുറാസാനീ ഇമാമുകളുടെ കിതാബുകളും തരം തിരിച്ചതെന്നു കാണാം.

ഖുറാസാനികള്‍ വഴി ശാഫിഈ മദ്ഹബില്‍ കടന്നുകൂടിയ വിവാദവും തര്‍ക്കവും കേരളത്തിലെ പണ്ഡിതവൃത്തത്തിലും കാണാം. വര്‍ഷങ്ങളോളം നാദാപുരം ജുമുഅ മസ്ജിദിലെ മുദര്‍രിസായിരുന്ന പ്രസിദ്ധ പണ്ഡിതന്‍ മര്‍ഹൂം കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ സാരഥ്യം വഹിച്ചുപോന്ന കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായ നുസ്വ്‌റത്തുല്‍ അനാമില്‍ വന്ന ഒരു ചോദ്യോത്തരം ഇങ്ങനെ വായിക്കാം:

ചോദ്യം: ഫിഖ്ഹ് അടിസ്ഥാനത്തില്‍ രക്തം നജസാണല്ലോ. എന്നാല്‍ നബി(സ)യുടെ രക്തം നജസായിരുന്നുവോ?

ഉത്തരം: നബി(സ)യുടെ മലം, മൂത്രം, രക്തം ആദിയായവ നജസാണെന്ന് തന്നെയാണ് ശാഫിഈ മദ്ഹബ് (നുസ്‌റത്തുല്‍ അനാം 1995 ജനുവരി 1).

മര്‍ഹൂം തഴവ കുഞ്ഞുമുഹമ്മദ് മൗലവി ശാഫിഈ മദ്ഹബിലെ കര്‍മശാസ്ത്ര വിധികള്‍ ഈണത്തില്‍ പാടിപ്പഠിക്കാന്‍ തയാറാക്കിയ അല്‍ മവാഹിബുല്‍ ജലിയ്യയില്‍നിന്ന് ഒരു ഈരടി ഇങ്ങനെ പാടാം:

നബിക്കുള്ള കാഷ്ടം ത്വാഹിറാണേ മൂത്രവും

ഇതുപോലെ തന്നെന്നാ ഹബീബേ രക്തവും

(അല്‍ മവാഹിബ്, ഭാഗം 3, പേജ് 53).

ഇതില്‍ ഏതാണ് ശാഫിഈ മദ്ഹബ്? നുസ്വ്‌റത്തുല്‍ അനാമില്‍ നല്‍കിയ മറുപടിയോ അല്‍ മവാഹിബുല്‍ ജലിയ്യയില്‍ പാടിയതോ?  നബി(സ)യുടെ വിസര്‍ജ്യങ്ങള്‍ നജസാണോ അല്ലയോ എന്ന വിഷയത്തില്‍ കേരളത്തിലെ പണ്ഡിതവൃത്തത്തെ രണ്ടു തട്ടിലാക്കിയത് ഖുറാസാനികളും ഖുറാസാനികള്‍ രചിച്ച കിതാബുകളുമാണ്. ഇതേ ഖുറാസാനികള്‍ രചിച്ച കിതാബുകളാണ് ഖുത്വ്ബ മുഴുവന്‍ അറബിയിലാകല്‍ ഉപാധിയാണോ അല്ലേ എന്ന വിഷയത്തിലും കേരള പണ്ഡിതവൃത്തത്തെ രണ്ടു തട്ടിലാക്കിയത്. 

സത്യവിരുദ്ധം എന്നോ ബാലിശം എന്നോ വിശേഷിപ്പിക്കാവുന്ന വീക്ഷണങ്ങള്‍ പോലും ഖുറാസാനീ സരണികള്‍ വഴി ശാഫിഈ മദ്ഹബില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇമാം നവവി പറയുന്നു: ''ഖുത്വ്ബയില്‍ തഖ്‌വ കൊണ്ട് ഉപദേശിക്കാനുള്ള വാചകം നിര്‍ണിതമാണോ? ഇതില്‍ രണ്ട് വീക്ഷണമുണ്ട്. ഇമാം ശാഫിഈയും ഭൂരിപക്ഷം പണ്ഡിതരും തറപ്പിച്ചുപറഞ്ഞത് അത് നിര്‍ണിതമല്ല, ഏത് ഉപദേശവും ആവാമെന്നാണ്. എന്നാല്‍ ഖുറാസാനീ സരണിയിലെ ഖാദി ഹുസൈന്‍, ബഗവി മുതലായവര്‍ അത് നിര്‍ണിതമാണെന്നാണ് പറഞ്ഞത്. ഇത് സത്യവിരുദ്ധമോ ബാലിശമോ ആകുന്നു'' (ശറഹുല്‍ മുഹദബ് 4:520).

ജുമുഅ ഖുത്വ്ബയുടെ മൂന്നാമത്തെ മുഖ്യ ഘടകം തഖ്‌വ കൊണ്ട് ഉപദേശിക്കലാണ്. ഇത് സാധിക്കാന്‍ 'ഊസ്വീകും വ ഇയ്യായ ബി തഖ്‌വല്ലാഹ്' എന്നോ 'ഇത്തഖുല്ലാഹ ഇബാദല്ലാഹ്' എന്നോ തന്നെ ഉരുവിടണം. ഇത് ഉരുവിടുന്നതോടു കൂടി തഖ്‌വ കൊണ്ട് ഉപദേശിക്കല്‍ പൂര്‍ണമായി. ഇതോടെ ജുമുഅ ഖുത്വ്ബ അതിന്റെ ഉദ്ദിഷ്ട ലക്ഷ്യത്തില്‍നിന്ന് അകന്നു. ഇതിനാലാവണം ഈ വീക്ഷണം സത്യവിരുദ്ധം എന്നോ ബാലിശമെന്നോ വിശേഷിപ്പിക്കാം എന്ന് ഇമാം നവവി പ്രസ്താവിച്ചത്.

സമസ്തയുടെ പള്ളികളില്‍ 'ഊസ്വീകും വ ഇയ്യായ ബി തഖ്‌വല്ലാഹ്' എന്ന് ശബ്ദം ഉയര്‍ത്തി ചൊല്ലുന്നത് കേള്‍ക്കാം. സമസ്‌തേതരപള്ളികളില്‍ ഇത് ചൊല്ലിയ ശേഷം 'എന്നോടെന്ന പോലെ നിങ്ങളോടും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാന്‍ ഞാന്‍ ഉപദേശിക്കുന്നു' എന്നിങ്ങനെ ഭാഷാന്തരം ചെയ്യുന്നതും കേള്‍ക്കാം.

ഏതെങ്കിലും ഒരു ഖത്വീബ് 'ഊസ്വീകും വ ഇയ്യായ ബി തഖ്‌വല്ലാഹ്' എന്ന് ചൊല്ലാന്‍ വിട്ടുപോയാല്‍ തഖ്‌വ കൊണ്ട് വസ്വിയ്യത്ത് ചെയ്തിട്ടില്ല എന്നാക്രോശിച്ച് ജനം ഇളകിമറിയും, അന്തരീക്ഷം കലുഷിതമാവും. ഇത് ഖുറാസാനീ സരണിയുടെ വീക്ഷണം കേരള മുസ്‌ലിംകളില്‍ ചെലുത്തിയ സ്വാധീനമാണ് തെളിയിക്കുന്നത്.

ഇമാം ശാഫിഈ മുതല്‍ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടു വരെ നീണ്ടുനില്‍ക്കുന്ന കാലയളവിലെ പണ്ഡിതരെല്ലാം ഖുത്വ്ബയില്‍ തഖ്‌വ കൊണ്ട് ഉപദേശിക്കാന്‍ വാചകം നിര്‍ണിതമല്ലെന്ന നിലപാട് പുലര്‍ത്തിയപ്പോള്‍ പൂര്‍വികരോടെല്ലാം വിയോജിച്ച് അത് നിര്‍ണിതമാണെന്ന് പറഞ്ഞ ഖാദി ഹുസൈനാണ് ഖുത്വ്ബയുടെ ഭാഷയും നിര്‍ണയിച്ചത്. ഇതിന് അനിഷേധ്യമായ രണ്ട് തെളിവുകളുണ്ട്: ഒന്ന്, ഒരു കര്‍മം സ്വീകാര്യമാവാന്‍ അനിവാര്യമായ കാര്യങ്ങളാണ് അതിന്റെ ശര്‍ത്വുകള്‍. എന്നിരിക്കെ ഖാദി ഹുസൈന് മുമ്പുള്ള പണ്ഡിതര്‍ രചിച്ച ഗ്രന്ഥങ്ങളിലൊന്നിലും അത് പറഞ്ഞിട്ടില്ല. ഖാദി ഹുസൈന്റെ ശിഷ്യ ഗണങ്ങളില്‍ ഒരാളും പ്രുഖ പണ്ഡിതനുമായ അബുല്‍ മആലി അബ്ദുല്‍ മലിക് ഇമാമുല്‍ ഹറമൈനി രചിച്ച നിഹായത്തുല്‍ മത്വ്‌ലബ് ഫീ ദിറാസത്തില്‍ മദ്ഹബ്, ഇത് സംക്ഷിപ്തമാക്കി ഇമാം ഗസാലി രചിച്ച വസീത്വ്, ബസീത്വ്, വജീസ് എന്നീ ഗ്രന്ഥങ്ങളിലും ഖുത്വ്ബയുടെ നിബന്ധനകള്‍ ആറാണെന്ന് അക്കമിട്ട് പറഞ്ഞ കൂട്ടത്തില്‍ അത് അറബിയിലാകണമെന്ന് പറഞ്ഞിട്ടില്ല. ഖുത്വ്ബയുടെ ഭാഷാ നിര്‍ണയം ഖാദി ഹുസൈന്റെ സൃഷ്ടിയാണെന്നതിന് ഒന്നാമത്തെ തെളിവാണിത്. രണ്ടാമത്തേത് ഖുത്വ്ബയുടെ ഭാഷ നിര്‍ണയിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യമാണ്. 

ചോദ്യം: ''അറബി അറിയാത്തവര്‍ക്ക് അറബിയില്‍ ഖുത്വ്ബ നടത്തുന്നതിന്റെ ഫലമെന്ത്?'' കാലിക പ്രസക്തമായ ചോദ്യമാണിത്. വര്‍ത്തമാന കാലത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായിലെ ഏതെങ്കിലും ഒരു പണ്ഡിതനോട് ഉന്നയിക്കപ്പെട്ട ചോദ്യമല്ല. നൂറ്റാണ്ടുകള്‍ക്കപ്പുറം ഖുറാസാനീ സരണിയിലെ പ്രമുഖ പണ്ഡിതന്‍ ഖാദി ഹുസൈനോട് ഉന്നയിക്കപ്പെട്ട ചോദ്യമാണ്. ഇതിന് മറുപടി പറയേണ്ട ബാധ്യത ഖാദി ഹുസൈനുണ്ട്. അദ്ദേഹമത് നിറവേറ്റുകയും ചെയ്തിട്ടുണ്ട്.

കേരളം പോലെ ഒരു അറബേതര നാടാണ് ഖുറാസാന്‍. മാതൃഭാഷ പേര്‍ഷ്യന്‍. പഷ്തു, കസഖ്, ഉസ്‌ബെക് എന്നീ ഭാഷകളും ഖുറാസാനില്‍ പ്രചാരത്തിലുണ്ട്. ഖാദി ഹുസൈന്റെ കാലം വരെ അറബേതര നാടായ ഖുറാസാനില്‍ അറബിയില്‍ ഖുത്വ്ബ നടത്തണമെന്ന് പറഞ്ഞുവരികയും അങ്ങനെ നടന്നുവരികയും ചെയ്തിരുന്നുവെങ്കില്‍ മേല്‍ കൊടുത്ത ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. മറിച്ച് അവിടെ സംഭവിച്ചത് നിലവിലുള്ള രീതിക്ക് വ്യത്യസ്തമായി അത് അറബിയിലാവണമെന്ന് ഖാദി ഹുസൈന്‍ നിബന്ധന വെച്ചു. ഈ സാഹചര്യത്തിലാണ് അറബി അറിയാത്തവര്‍ക്ക് അറബിയില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നതിന്റെ ഫലം എന്തെന്ന ചോദ്യം ഉന്നയിക്കപ്പെട്ടത്. അല്ലാമാ ജമല്‍ ഈ ചോദ്യോത്തരം എടുത്തുദ്ധരിച്ചത് കാണുക.

അറബി അറിയാത്തവര്‍ക്ക് അറബിയില്‍ ഖുത്വ്ബ നിര്‍വഹിക്കുന്നതിന്റെ ഫലം എന്തെന്ന ചോദ്യത്തിന് അത് പൊതുവില്‍ ഒരു ഉപദേശമാണെന്ന് മനസ്സിലാക്കലാണ് എന്നായിരുന്നു ഖാദി ഹുസൈന്‍ നല്‍കിയ മറുപടി. ഒരു വിശദീകരണം കൂടാതെ മനസ്സിലാക്കാന്‍ കഴിയാത്ത മറുപടിയായിരുന്നു ഇത്. അല്ലാമാ ജമല്‍ ഇതിന് നല്‍കിയ വിശദീകരണം കാണുക: ''ഖുത്വ്ബ പൊതുവില്‍ ഒരു ഉപദേശമാണെന്ന് മനസ്സിലാക്കുകയെന്നാല്‍ ഖത്വീബ് ഞങ്ങളെ ഉപദേശിക്കുകയാണ് എന്ന് മനസ്സിലാക്കുകയും എന്താണ് ഉപദേശിക്കുന്നത് എന്ന് മനസ്സിലാവാതിരിക്കുകയും ചെയ്യുക എന്നാണ് ഉദ്ദേശ്യമെന്ന് തോന്നുന്നു'' (ജമല്‍ 2:28).

ഖുത്വ്ബ ഉപദേശമല്ല, അത് തക്ബീറത്തുല്‍ ഇഹ്‌റാമിന് സമാനമായ ഒരു നിര്‍ബന്ധ ദിക്ര്‍ മാത്രമാണെന്ന് ഖുറാസാന്‍ ജനതയോട് പറയാന്‍ ഖുറാസാനീ സരണിയിലെ പ്രമുഖ പണ്ഡിതന്‍ ഖാദി ഹുസൈന് കഴിയുമായിരുന്നില്ല. അതിനാലാണ് ഖുത്വ്ബ ഒരു ഉപദേശമാണെന്ന് അംഗീകരിച്ച് അറബി അറിയാത്തവര്‍ അതൊരു ഉപദേശമാണെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതിയെന്ന് പ്രസ്താവിച്ചത്.

അറബ് നാടുകളിലെ സഹോദരങ്ങളെപ്പോലെ കേരള മുസ്‌ലിംകളും അവരുടെ ശരീരവും മുഖവും മനസ്സുമെല്ലാം ഖത്വീബിലേക്ക് തിരിച്ചിരുന്ന് ഖുത്വ്ബ ശ്രദ്ധിക്കുന്നു. അറബിയില്‍ നടത്തപ്പെടുന്ന ഖുത്വ്ബ ശ്രവിക്കുന്നവര്‍ക്ക് ഒന്നും തിരിയുന്നില്ല. ഇതിന് ഉത്തരവാദി ആര്? ഇമാം ശാഫിഈ മുതല്‍ ഹിജ്‌റ അഞ്ചാം നൂറ്റാണ്ട് വരെ നീണ്ടുനില്‍ക്കുന്ന കാലയളവിലെ പണ്ഡിതരില്‍ ആരെങ്കിലുമാണോ? അല്ലെന്ന കാര്യം തീര്‍ച്ച. കാരണം ഈ കാലയളവില്‍ രചിക്കപ്പെട്ട ഒരു ഗ്രന്ഥത്തിലും ഖുത്വ്ബ അറബിയിലാവണമെന്ന് പറഞ്ഞിട്ടില്ല. ഇതിനുത്തരവാദി ഖുറാസാന്‍ സരണിയിലെ പണ്ഡിതരും അവര്‍ രചിച്ച ഖുറാസാനീ ഗ്രന്ഥങ്ങളുമാണ്. ഇതുകൊണ്ടുതന്നെ ഖുറാസാനീ സരണിയിലെ പ്രമുഖ പണ്ഡിതനോട് ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ഉന്നയിക്കപ്പെട്ട ചോദ്യവും ഈ ചോദ്യം ഉന്നയിക്കാനുണ്ടായ സാഹചര്യവും ഈ ചോദ്യത്തിന് ഖുറാസാനീ സരണിയിലെ പണ്ഡിതന്‍ ഖാദി ഹുസൈന്‍ നല്‍കിയ മറുപടിയും ഈ മറുപടിക്ക് അല്ലാമാ ജമല്‍ നല്‍കിയ വിശദീകരണവും മനസ്സിരുത്തി വായിച്ച് വിലയിരുത്തേണ്ടതാണ്.

ശാഫിഈ മദ്ഹബ് എടുത്തുദ്ധരിക്കുന്നതില്‍ വിശ്വാസ്യതയും ഭദ്രതയും കൂടുതല്‍ കല്‍പിക്കപ്പെട്ട ഇറാഖീ സരണിയുടെ ഗ്രന്ഥങ്ങളില്‍ ഒന്നും തന്നെ ഇപ്പോള്‍ പ്രചാരത്തിലില്ല. ഇപ്പോള്‍ പ്രചാരത്തിലുള്ളത് വിശ്വാസ്യതയിലും ഭദ്രതയിലും ഇറാഖീ ഗ്രന്ഥങ്ങളെ അപേക്ഷിച്ച് പിന്നില്‍ നില്‍ക്കുന്ന ഖുറാസാനീ ഗ്രന്ഥങ്ങളും അവ അവലംബമാക്കി രചിക്കപ്പെട്ട ഗ്രന്ഥങ്ങളുമാണ്.

തുഹ്ഫ, നിഹായ, മുഗ്‌നി എന്നിവ പ്രസിദ്ധ ഖുറാസാനീ സരണിയിലെ മിന്‍ഹാജ് വിശദീകരിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്. ശൈഖുല്‍ ഇസ്‌ലാം ശിഹാബുദ്ദീന്‍ ഇബ്‌നു ഹജറുല്‍ ഹൈതമി (മരണം ഹിജ്‌റ 974), ശൈഖ് ശംസുദ്ദീന്‍ ശിഹാബുദ്ദീന്‍ റംലി (മരണം ഹിജ്‌റ 1004), ശൈഖ് ശംസുദ്ദീന്‍ മുഹമ്മദുബ്‌നു അല്‍ ഖത്വീബുശ്ശര്‍ബീനി (മരണം ഹിജ്‌റ 977) എന്നീ പ്രമുഖ പണ്ഡിതരാണ് ഖുറാസാനീ ഗ്രന്ഥങ്ങളുടെ പട്ടികയിലെ മിന്‍ഹാജ് വിശദീകരിച്ച് യഥാക്രമം തുഹ്ഫ, നിഹായ, മുഗ്‌നി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചത്. മൂവരും ഹിജ്‌റ പത്താം നൂറ്റാണ്ടുകാരും ശറഹുല്‍ ബഹ്ജ, ഫത്ഹുത്തുല്ലാബ് അസ്‌നല്‍ മതാലിബ് തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരിയുടെ ശിഷ്യരുമാണ്. 

 


കുഞ്ഞബ്ദുല്ല മൗലവി എടച്ചേരി: കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ എടച്ചേരി സ്വദേശി. പള്ളിദര്‍സുകളിലെ പ്രാഥമിക പഠനത്തിനു ശേഷം ജാമിഅ നദ്‌വിയ്യ എടവണ്ണയില്‍ ഉപരിപഠനം. ജുമുഅ ഖുത്വ്ബയെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൊറയൂര്‍ ഇഖ്‌റഅ് കേരള ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററില്‍ അധ്യാപകന്‍. ഫോണ്‍: 9645032320


Comments

Other Post