തെളിഞ്ഞ ഭാഷയില്‍ പതിഞ്ഞൊഴുകിയ പ്രസ്ഥാനം
അബ്ദുശ്ശുകൂര്‍ മനസ്സിലിപ്പോഴുമുണ്ട്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് അത്ര നല്ലതൊന്നുമല്ലാത്ത മുന്‍വിധികളുള്ള പത്താം ക്ലാസ്സുകാരന്റെ ചെറിയ സൗഹൃദവട്ടത്തിലേക്ക് ഒട്ടും ബഹളമില്ലാതെ വന്നെത്തിയ കൂട്ടുകാരന്‍. പ്രസ്ഥാനത്തെക്കുറിച്ച മുന്‍വിചാരങ്ങള്‍ക്കുമേല്‍ ഹൃദ്യമായ ചില തിരുത്തുജോലികള്‍ ചെയ്ത് അവന്‍ പെട്ടെന്ന് കൂട്ടുവിട്ടു. സ്‌കൂള്‍കാലം കഴിഞ്ഞ് പിന്നെ അവനെ കണ്ടില്ല. എന്നിട്ടും ഒരു വലിയ പ്രസ്ഥാനത്തെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ ആ പഴയ കൂട്ടുകാരന്‍ തന്നെ ആദ്യം ഓടിയെത്തുന്നു. ഏതൊരു പ്രസ്ഥാനത്തിനും സമൂഹത്തില്‍ സമര്‍പ്പിക്കാവുന്ന ഏറ്റവും നല്ല പ്രതിനിധാനം ഇങ്ങനെയുള്ള കുറച്ച് മനുഷ്യരാണെന്ന് തോന്നുന്നു. കനമുള്ള പുസ്തകങ്ങളേക്കാള്‍ ഈടുറപ്പുണ്ട് കാമ്പുള്ള ജീവിതങ്ങള്‍ക്ക്. ഉച്ചത്തിലുള്ള പ്രഭാഷണങ്ങളേക്കാള്‍ അലയൊലിയുണ്ട് നിശ്ശബ്ദമായ ചില പുഞ്ചിരികള്‍ക്ക്.
ഭാഷ
''ഒരു സന്ദേശം കൈമാറാന്‍ ഭാഷ മാത്രം മതിയാവില്ല. ഏതൊരു സമൂഹത്തിലാണോ നാം ജീവിക്കുന്നത് ആ സമൂഹത്തിന്റെ സാംസ്‌കാരിക ഭാഷ ഫലപ്രദമായി ഉപയോഗിക്കാനറിയുക എന്നതുകൂടി ആശയവിനിമയത്തിന് അനിവാര്യമാണ്. പ്രാദേശിക സംസ്‌കൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന മുസ്ലിം സ്വത്വരൂപീകരണത്തിനും ഈ അറിവ് സഹായകമാണ്. ശരിയായൊരു പ്രബോധന ഭാഷ ഉപയോഗിക്കാനറിയില്ല എന്നത് ഇസ്ലാമിനെക്കുറിച്ച എല്ലാ സംവാദങ്ങളിലും മുസ്ലിംകള്‍ അനുഭവിക്കുന്ന പ്രതിസന്ധിയാണ്''--ഡോ. സബ്രീന ലെയ്
പ്രഹര്‍ഷേണ ബോധിപ്പിക്കലാണ് 'പ്രബോധനം.' സന്തോഷപൂര്‍വമുള്ള ആശയക്കൈമാറ്റം. സംവേദനത്തില്‍ ഭാഷയുടെ തെളിമയാണ് പ്രധാനം. എന്തു പറയണമെന്ന് മാത്രമല്ല എങ്ങനെ പറയണമെന്നുകൂടി പഠിപ്പിച്ച ശേഷമാണ് ഫിര്‍ഔനിനടുത്തേക്ക് മൂസാ നബിയെ അല്ലാഹു പറഞ്ഞയക്കുന്നത്. പ്രബോധനത്തിന്റെ ശൈലീഗുണമാണ് പ്രവാചകനിലേക്ക് മനുഷ്യരെ അടുപ്പിച്ചതെന്നും പറയുന്നു. അഥവാ, എങ്ങനെ പറയുന്നുവെന്നത് ഏറെ പ്രധാനമാണ്.
മലയാളത്തിലെ ഇസ്ലാമെഴുത്തില്‍ സംവേദനഭാഷ ചെത്തിമിനുക്കിയെടുത്തതില്‍ ജമാഅത്തെ ഇസ്ലാമി നിര്‍വഹിച്ച ദൗത്യം അംഗീകരിക്കപ്പെടേണ്ടതാണ്. നല്ല മലയാളത്തിലെ ഇസ്ലാമെഴുത്ത് ഇന്നുള്ളത്രയൊന്നും സ്വീകരിക്കപ്പെടാതിരുന്ന കാലത്തും, ഒത്തുതീര്‍പ്പില്ലാത്തൊരു പ്രബോധനഭാഷ വികസിപ്പിച്ചെടുക്കാന്‍ പ്രസ്ഥാനത്തിന് സാധിച്ചു. നിലവിലുണ്ടായിരുന്ന പ്രബോധന ഭാഷയിലേക്ക് താഴ്ന്നുപോകുന്നതിനു പകരം പുതിയൊരു മതവായനയിലേക്ക് മുസ്‌ലിംകളെ ഉയര്‍ത്തിയെടുത്തത് മക്തി തങ്ങളായിരുന്നു. അന്ന് വിജയിച്ചില്ലെങ്കിലും പിന്നില്‍ വന്നവര്‍ക്ക് അത് ആവേശമായി. ദീപികയില്‍ ഖുര്‍ആന്‍ വിവര്‍ത്തനമെഴുതിയപ്പോള്‍ വക്കം മൗലവി മക്തി തങ്ങളെ ധീരമായി പിന്തുടര്‍ന്നു.
ഒരു സമൂഹത്തിന്റെ അകത്തേക്ക് പ്രവേശിക്കാനുള്ള എളുപ്പവഴിയാണ് സാഹിത്യം. അവരുടെ നാഡീഞരമ്പുകള്‍ക്കെല്ലാം രക്തം പകരാന്‍ കഴിയുന്ന പ്രവര്‍ത്തനശേഷി സാഹിത്യത്തിനുണ്ട്. എന്നാല്‍ കേരളത്തിലെ മുസ്ലിം സമൂഹം, അത്രയെളുപ്പം പ്രവേശിക്കാവുന്ന അറകളിലൊന്നുമല്ല നീണ്ടകാലം ഒളിഞ്ഞുകഴിഞ്ഞത്. അക്ഷരത്തിന് പ്രവേശം നിഷേധിച്ച അങ്ങനെയൊരു സമൂഹത്തിലേക്ക് പരിഷ്‌കരണാശയങ്ങള്‍ അതിലേറെ പതുക്കെ മാത്രമേ പ്രവേശിച്ചതുള്ളൂ. ചുറ്റുമുള്ളവരുടെ വികാസങ്ങളെയും പരിവര്‍ത്തനങ്ങളെയും കാണുന്നതുപോലും നിഷിദ്ധമാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന് ആ നിഷിദ്ധങ്ങളില്‍നിന്ന് കരപറ്റാനായപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഉള്ളടക്കമില്ലാത്ത ഉറുദികള്‍ മാത്രം സംവേദനമാര്‍ഗമായിരുന്ന കാലത്ത് അക്ഷരങ്ങളും പോംവഴിയാണെന്ന തിരിച്ചറിവ് വളരെ പതുക്കെ മാത്രമേ വിജയം കണ്ടുള്ളൂ. അല്‍ മുര്‍ശിദിന്റെ ഒന്നാം ലക്കത്തില്‍ കെ.എം മൗലവിയുടെ എഡിറ്റോറിയല്‍ അന്നത്തെ സമൂഹസ്ഥിതി തുറന്നുകാണിക്കുന്നുണ്ട്; മുസ്ലിം സാമാന്യജനങ്ങള്‍ക്ക് വായിച്ചുമനസ്സിലാക്കാനാണ് അറബിമലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതെന്ന്. മലയാളം വായിച്ചെടുക്കാന്‍ മഹാഭൂരിപക്ഷത്തിനും സാധ്യമല്ലാത്തൊരു കാലത്ത് അറബിമലയാളത്തില്‍ മാസിക ഇറക്കേണ്ടിവന്നു. അറബിമലയാളം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പലവട്ടം പരിഷ്‌കരിച്ച് പാകപ്പെടുത്തി.
മാതൃഭാഷയുടെ ശിലയില്‍നിന്ന് മറ്റൊരു ഭാഷയെ കൊത്തിയുണ്ടാക്കിയ കരവിരുതായിരുന്നു അറബിമലയാളം. അതൊരു പ്രതിരോധമായിരുന്നു. അതിന്റെ ആവശ്യം തീര്‍ന്ന്, മ്യൂസിയത്തിലേക്ക് മാറ്റിവെക്കേണ്ട നേരത്തും സമുദായം അറബിമലയാളത്തില്‍ തന്നെ എഴുതിവായിച്ചു. അവിടെ നിന്ന് മലയാളത്തിലേക്കും പിന്നെ നല്ല മലയാളത്തിലേക്കും മടിച്ചുമടിച്ചാണ് തുഴഞ്ഞെത്തിയത്.
മതാതീതമായി വായിക്കപ്പെടുന്ന ഇസ്ലാമെഴുത്ത് ഏറെക്കുറവാണിവിടെ. മക്തി തങ്ങള്‍ സമുദായത്തിനകത്ത് തിരസ്‌കരിക്കപ്പെടുകയും പൊതുധാരയില്‍ സ്വീകരിക്കപ്പെടുകയും ചെയ്ത അപൂര്‍വമൊരാളാണ്. നിരവധി ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ വന്നെങ്കിലും സി.എന്‍ അഹ്മദ് മൗലവിയോളം മുഖ്യധാരയില്‍ സ്വീകരിക്കപ്പെട്ടതും അപൂര്‍വം. ഭാഷ തന്നെയായിരുന്നു കാരണം.
നല്ല മലയാളത്തിലെ ഇസ്ലാംവായന ജമാഅത്ത് സാഹിത്യങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാംമതം ആണ് സയ്യിദ് മൗദൂദിയുടെ മലയാളത്തിലേക്കെത്തിയ ആദ്യപുസ്തകം; വര്‍ഷം 1945. ഹാജി സാഹിബിന്റെ കരവിരുത് ആ പുസ്തകത്തിന്റെ ചടുലത ഒട്ടും ചോരാതെ കാത്തു. വിയോജിക്കുന്നവരെപ്പോലും വായിപ്പിക്കുന്ന ശൈലീഭംഗിയാണ് മൗദൂദീ രചനകളുടെ സവിശേഷത. രൂപപ്പെടുത്തിയ ഒരാശയം വായനക്കാരില്‍ വൈകാരികവും വൈജ്ഞാനികവുമായ ചലനവേഗത്തില്‍ പടര്‍ത്താന്‍ മൗദൂദീരചനകള്‍ക്ക് സവിശേഷമായ ഒരു ശേഷിയുണ്ട്. പരിഭാഷകളായി മലയാളിക്കെത്തിയ രചനകള്‍ക്കും ഒട്ടൊക്കെ അത് സാധിച്ചു.
ഒരുതരം മിഷനറി ഇസ്ലാമെഴുത്തിന്റെ ഫ്രെയ്മില്‍നിന്ന് ഇനിയും വേണ്ടവിധം വികസിച്ചിട്ടില്ലെന്നു തോന്നുന്നു നമ്മുടെ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും. നനവാര്‍ന്നൊരു ഇസ്ലാംവായന അപൂര്‍വമായേ മലയാളികള്‍ ആസ്വദിച്ചിട്ടുള്ളൂ. മതാതീതമായി സ്വീകരിക്കപ്പെടുന്ന അത്തരമെഴുത്തിന്റെ പ്രബോധന സാധ്യതയും തിരിച്ചറിയപ്പെടാതെ പോകുന്നു. ആ വഴിയേയുള്ള നല്ല തുടക്കങ്ങള്‍ ജമാഅത്തില്‍നിന്ന് ലഭ്യമായി.
സംവേദനം
അതീവ ഹൃദ്യമായ ഭാഷയിലും ശൈലിയിലും ഏറ്റവും ശാന്തമായി, ഹൃദയവിചാരങ്ങളോട് നിര്‍വഹിക്കേണ്ടതാണ് ഇസ്ലാമിക പ്രബോധനം. ഇന്നത് തെരുവിലെ പല ഒച്ചപ്പാടുകളില്‍ ഒന്നായി മാറിയിട്ടുണ്ടെങ്കില്‍ ഇസ്ലാമിക സംഘടനകള്‍ക്ക് അതില്‍ ഉത്തരവാദിത്തമുണ്ട്. തെരുവില്‍ നബിതിരുമേനിയും പ്രസംഗിച്ചിട്ടുണ്ട്. പക്ഷേ നബിയുടെ ഭാഷ തെരുവിന്റേതായിരുന്നില്ല. ബുദ്ധനും യേശുവും തെരുവിലുണ്ടായിരുന്നു. അവരുടെ തര്‍ക്കങ്ങള്‍ തെരുവിന്റെ ശൈലിയിലായിരുന്നില്ല. നമ്മുടെ കാഴ്ചകള്‍ പക്ഷേ അതല്ല. തെരുവിന്റെ ശൈലീപ്രയോഗങ്ങള്‍ ഇസ്ലാമിക വേദികളില്‍നിന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്നു. വാക്കിന്റെയും ശബ്ദത്തിന്റെയും മല്‍പ്പിടിത്തങ്ങള്‍. വ്യക്തികളും സംഘങ്ങളും അപമാനിക്കപ്പെടുന്ന ഇസ്‌ലാമിക പ്രസംഗങ്ങള്‍. ഒന്നുകില്‍ അര്‍ഥരഹിതമായ ഈണങ്ങള്‍, അല്ലെങ്കില്‍ താര്‍ക്കിക സംഘര്‍ഷങ്ങള്‍.
മഹത്തായ ആദര്‍ശങ്ങള്‍ മഹത്തരമായ ശൈലിയില്‍ തന്നെ പറയണം. ഓരോ വാക്കും വരിയും സൂക്ഷ്മതയോടെയാകണം. അന്ധവിശ്വാസിയുടെ ഭാഷയല്ല സത്യവിശ്വാസിയുടെ ഭാഷ. എതിരാളിയുടെ ശൈലിയാകരുത് പ്രബോധകന്റെ ശൈലി. കാരണം,അവര്‍ക്ക് നമ്മോട് പറയാനുള്ളതല്ല നമുക്ക് അവരോട് പറയാനുള്ളത്. ഏതു ശത്രുവും രഹസ്യമായെങ്കിലും കേട്ടിരിക്കാന്‍ കൊതിക്കുന്ന സ്‌നേഹമൊഴികളാകണം സത്യപ്രബോധകന്റേത്.
ആശയപ്രബോധനം ശരിയായ വിധത്തിലായില്ലെങ്കില്‍ വിപരീതഫലമാണ് പിന്നീടുണ്ടാവുക. അന്ധവിശ്വാസത്തില്‍ ഉറച്ചുകഴിയുന്നവരെ പ്രകോപിപ്പിക്കുന്ന ശൈലിയാണ് സ്വീകരിക്കുന്നതെങ്കില്‍ കൂടുതല്‍ കടുത്ത അന്ധവിശ്വാസങ്ങളെ പുനഃസൃഷ്ടിക്കുന്നതിലാണ് അതു ചെന്നെത്തുക. ശത്രുവിനെ കൂടുതല്‍ കടുത്ത ശത്രുവാക്കുന്നതാണോ, കുറച്ചെങ്കിലും അടുത്ത മിത്രമാക്കുന്നതാണോ ആശയപ്രചാരണത്തിനു ഗുണം ചെയ്യുകയെന്ന ആത്മപരിശോധന ആവശ്യമുണ്ട്.
ആശയപ്രബോധനത്തില്‍ ലോകംകണ്ട ഏറ്റവും വലിയ പോരാളിയാണ് ഇബ്റാഹീം നബി. എന്നാല്‍ ആ പ്രവാചകന്‍ ജീവിച്ചത് ആരുടെ കൂടെയാണ്? അന്നാട്ടിലെ ഏറ്റവും കടുത്ത വിഗ്രഹപൂജകനായ പിതാവിന്റെ കൂടെ. 'എന്റെ പ്രിയപ്പെട്ട ഉപ്പാ...' എന്നാണ് പിതാവിനെ വിളിക്കുന്നത്. കടുത്ത ആദര്‍ശശത്രുവിനെപ്പോലും ഉള്‍ക്കൊള്ളാനുള്ള മനസ്സാണിത്. പ്രബോധകന്‍ അവതരിപ്പിക്കുന്ന വിഷയം സ്വീകരിക്കപ്പെട്ടില്ലെങ്കിലും ശ്രദ്ധയോടെ കേള്‍ക്കാനെങ്കിലും പ്രബോധിത സമൂഹം തയാറാകണം. അതിന് അവര്‍ ആദരിക്കപ്പെടണം. ആദരവിന്റെ ആമുഖം സംസാരശൈലിയാണ്. ആദര്‍ശപിതാവ് ഇബ്റാഹീം നബി നമുക്കത് പഠിപ്പിക്കുന്നു.
മികച്ച ഭാഷയില്‍ ഇസ്ലാമിക എഴുത്തും പ്രഭാഷണവും സാധ്യമാണെന്ന് ഇവിടെ പരിചയപ്പെടുത്തിയത് നവോത്ഥാന ധാരകളാണ്. മക്തി തങ്ങള്‍ എഴുത്തുപോലെ തന്നെ പ്രസംഗിച്ചു. തര്‍ക്കത്തിലും ആശയങ്ങളെ മുന്നിട്ടുനിര്‍ത്തി. വ്യക്തിദോഷങ്ങളെ പ്രബോധനവിഷയമാക്കിയില്ല. കാവ്യമനോഹരമായ പ്രയോഗങ്ങള്‍ കൊണ്ട് എഴുത്തും പ്രസംഗവും ചന്തമുള്ളതാക്കി. മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ക്ക് ഡോ. എം. ഗംഗാധരന്‍ എഴുതിയ ആമുഖം: ''... മലയാളം നന്നായി പഠിക്കുന്നത് മതപരമായ ആവശ്യം കൂടിയാണെന്ന് മക്തി തങ്ങള്‍ ശക്തിയില്‍ ബോധിപ്പിക്കുന്നു. മാതൃഭാഷയായാലും അത് 'ഈമാന്‍'എന്ന വിശ്വാസ സംഗതികളെ ധരിപ്പിക്കുന്ന ഗുരുവായും, മരണംവരെയും മരണാനന്തരം താനും ദൈവത്തോട് അപേക്ഷിപ്പാന്‍ തുണയായും ഇരിക്കുന്ന അവസ്ഥക്കും ആദ്യം പഠിച്ചുണരേണ്ടതായ ഈ ഭാഷയെ നിരസിച്ചും നിന്ദിച്ചും അഭ്യസിക്കാതിരിക്കുന്നത് പടുമൂഢര്‍ക്കു മാത്രം അലങ്കാരമായിരിക്കു'മെന്ന് തങ്ങള്‍ എഴുതി. മാത്രമല്ല ദേവഭാഷയായ അറബി ഒഴികെ മറ്റെല്ലാം-മലയാളം, ഇംഗ്ലീഷ്, സയന്‍സ്, ഫിലോസഫി തുടങ്ങിയവയെല്ലാം - പഠിക്കുന്നതില്‍ ചെലവാക്കുന്ന ദ്രവ്യം ദുര്‍വ്യയത്തില്‍ ചേരുന്നു എന്നൊക്കെ കരുതുന്ന 'മുഷിഞ്ഞ ബുദ്ധികളെ പുഴുക്കിലിട്ട് തച്ചലക്കി ശുദ്ധമാക്കണമെന്ന് നാം പണ്ടുപണ്ടേ പറഞ്ഞുവരുന്നു' എന്നും എഴുതുന്നുണ്ട്.''
തിരുവിതാംകൂര്‍ മുസ്ലിംകളുടെ സാക്ഷരതാ നിരക്ക് ഒരു ശതമാനം മാത്രമുള്ളപ്പോള്‍ വക്കം മൗലവി ആരംഭിച്ചത് ഒരു പത്രമാണെന്ന് ഓര്‍ക്കണം; സ്വദേശാഭിമാനി. ആ മുസ്ലിംകള്‍ അക്ഷരമഭ്യസിച്ചത് വക്കം മൗലവിയുടെ പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു എന്നുപോലും നിരീക്ഷിക്കപ്പെട്ടു. മൗലവി, ഭാഷയില്‍ ഒത്തുതീര്‍പ്പിനു നിന്നുകൊടുത്തില്ല. ബ്രിട്ടീഷ് വിരുദ്ധത കാരണം മൂന്ന് പത്രങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ട രാമകൃഷ്ണ പിള്ളയെ തന്നെ തേടിപ്പിടിച്ച് പത്രാധിപരാക്കി. അത്രയും മൂര്‍ച്ചയുണ്ടായിരുന്നു പിള്ളയുടെ എഴുത്തിന്. ദീപികയിലൂടെ ഭാഷയുടെയും സാഹിത്യത്തിന്റെയും പുതിയ വാതിലുകള്‍ സമുദായത്തിനുമുന്നില്‍ തുറന്നിട്ടു.
ഒറ്റവാള്യത്തില്‍ ഇറങ്ങിയ ദീപികക്ക് ഡോ. എന്‍.എ കരീം എഴുതിയ ആമുഖത്തിലുണ്ട്: ''...ആദ്യ ലക്കത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുള്ള 'വ്യവസ്ഥിതികളും മതങ്ങളും ഭാഷകളും എങ്ങനെ മാറുന്നു' എന്ന ഗ്രന്ഥഭാഗം മൗലവിയുടെ പത്രപ്രവര്‍ത്തനോദ്ദേശ്യത്തെ സുതരാം വ്യക്തമാക്കുന്നുണ്ട്. ഫ്രാന്‍സിലെ ഒരു പ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനായ ഗസ്റ്റവ് ലോബന്റെ 'സമുദായ പരിവര്‍ത്തന രഹസ്യം' എന്ന ഗ്രന്ഥത്തിലെ ശ്രദ്ധേയമായ ഒരു ചെറിയ ഭാഗമാണ് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ പ്രപഞ്ചത്തിലെ എല്ലാം പരിവര്‍ത്തനവിധേയമാണെന്നുള്ള മൗലികസത്യം തന്റെ സമൂഹത്തെ പഠിപ്പിക്കാന്‍ ഒരു പ്രസിദ്ധനായ സാമൂഹിക ശാസ്ത്രജ്ഞന്റെ സഹായം തേടിയിരിക്കുകയാണ് മൗലവി.''
വക്കം മൗലവിയുടെ മകന്‍ മലയാളത്തില്‍ പ്രസിദ്ധനായ എഴുത്തുകാരനും വിവര്‍ത്തകനുമായി. മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി മനുഷ്യനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും പുസ്തകങ്ങളെഴുതി. സീതി സാഹിബ് ഗാന്ധിജിയുടെ പോലും വിവര്‍ത്തകനായി, നിമിഷനേരം കൊണ്ട് കാവ്യഭംഗിയില്‍ ഗാന്ധിജിക്ക് വിവര്‍ത്തനം നല്‍കി. എ. അലവി മൗലവി ശുദ്ധമലയാളത്തില്‍ മാത്രം എഴുതി, പ്രസംഗിച്ചു. ആദ്യകാല ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ കഥയും കവിതയും വന്നു. ഭാഷയുടെയും സാഹിത്യത്തിന്റെയും നല്ല തുടക്കങ്ങള്‍ക്ക് അതേ ധാരയില്‍ പിന്തുടര്‍ച്ചയുണ്ടായി. എന്നാല്‍ അത്ര സുഖകരമല്ലാത്ത സംവേദനശൈലി ഇടക്കാലത്ത് വ്യാപകമായി. വ്യക്തികളും സംഘങ്ങളും നിഷ്‌കരുണം അപമാനിക്കപ്പെടുന്ന കാഴ്ചകള്‍ അതേ പാരമ്പര്യത്തിന്റെ ചില്ലകളില്‍നിന്നുണ്ടായി.
കറുപ്പിനും വെളുപ്പിനുമിടയില്‍ നിറവൈവിധ്യങ്ങളുണ്ടെന്ന തിരിച്ചറിവിന്റെ നഷ്ടമാണ് മിക്ക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെയും വലിയൊരു പോരായ്മ. സത്യത്തോടും നന്മയോടുമൊപ്പം നില്‍ക്കലാണ് ഇസ്ലാം. ആ അര്‍ഥത്തില്‍ ആരോടും അടുക്കാനും ആരിലും ശരിയുടെ അംശങ്ങളുണ്ടാകാമെന്ന് ഉള്‍ക്കൊള്ളാനും സാധിക്കേണ്ടതുണ്ട്. വൈവിധ്യത്തെ വൈരുധ്യമായി തെറ്റിദ്ധരിച്ചത് പല കാലങ്ങളിലും മുസ്ലിംകളുടെ സഞ്ചാരവേഗം കുറച്ചു. ആന്തരസംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്തു. ഗ്രീക്ക് തത്ത്വചിന്തയിലെ ശരികള്‍ അംഗീകരിക്കാന്‍ മടിക്കാതിരുന്ന ഇബ്‌നുറുശ്ദിന്റെ മാര്‍ഗം ചൂണ്ടിക്കാണിച്ച്, പടിഞ്ഞാറു നിന്നുള്ളതെന്തും തള്ളിക്കളയരുതെന്നുവരെ റാശിദുല്‍ ഗന്നൂശി ആത്മകഥയില്‍ എഴുതുന്നുണ്ട്. ഈ വിഷയത്തിലൊരു പാഠപുസ്തകം തന്നെയാണ് ഗന്നൂശിയുടെ ആത്മകഥ.
കാറ്റും വെളിച്ചവും ഇനിയുമേറെ കടന്നെത്തേണ്ടതുണ്ട് മുസ്ലിം പ്രസ്ഥാനങ്ങള്‍ക്കകത്ത്. ആന്തരികമായ ഇഴയടുപ്പം കുറച്ചുകൂടി തുന്നിക്കെട്ടി സമൂഹസ്ഥിതികളെ അഭിമുഖീകരിക്കേണ്ടതുണ്ട്. യോജിക്കാവുന്നതില്‍ കൈകോര്‍ത്തും വിയോജിപ്പുള്ളതില്‍ ഒച്ചപ്പെടുത്താതെയും സമുന്നതമായൊരു മതവിവേകം ആര്‍ജിച്ചെടുക്കേണ്ടതുണ്ട്. വിയോജിപ്പിലെ മല്ലയുദ്ധം നന്മയായൊന്നും പകരം തരില്ലെന്നാണ് കഴിഞ്ഞ നൂറ്റാണ്ടിലെ പാഠം. നിങ്ങള്‍ തെറ്റാണ് എന്ന് പറയാതെത്തന്നെ ഞങ്ങള്‍ ശരിയാണെന്ന് അവതരിപ്പിക്കുന്ന സംവേദനവിദ്യ ഇനിയും വേണ്ടത്ര വികസിച്ചിട്ടില്ല.
ഫാഷിസം ഇന്ന് അമൂര്‍ത്തമായ ആശയമല്ല. അനുവാദമില്ലാതെ നമ്മുടെ വീട്ടിലേക്കെത്തിയിരിക്കുന്നു, കൊടുവാളുമായി പടിപ്പുരയിലുണ്ട്. വീട്ടിലെ കലഹങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമാണിത്. പൊതുശത്രുവിനെതിരെയുള്ള സന്നാഹമൊരുക്കേണ്ട നിര്‍ണായക സന്ദര്‍ഭം.
സംഘര്‍ഷഭരിതമായ പ്രബോധനരീതിയില്‍ ജമാഅത്തെ ഇസ്ലാമി അധികം താല്‍പര്യമെടുത്തില്ല. കുറച്ചുകൂടി അകത്തേക്ക് വെളിച്ചം തുറന്നിടുന്ന കാമ്പയിനുകളില്‍ ശ്രദ്ധയൂന്നി. മതത്തെ തെരുവിലിറക്കിയില്ലെങ്കിലും മര്‍ദിത ജനതക്കുവേണ്ടി തെരുവിലിറങ്ങി.
എഴുത്തിലെ ശൈലീനിഷ്ഠ, പ്രസ്ഥാനാശയങ്ങള്‍ വിപുലമായി വായിക്കപ്പെടുന്നതില്‍ തടസ്സമായിരിക്കാം. വ്യാപകമായ ജനകീയ പ്രസ്ഥാനമായി മാറാന്‍ സാധിച്ചില്ലെങ്കിലും മികച്ച ബൗദ്ധിക സമ്പത്തുള്ള ഒരു മുന്നേറ്റമായി മാറാന്‍ പക്ഷേ ജമാഅത്തിന് സാധിച്ചു. 'കേരള മുസ്ലിംകളിലെ സര്‍ഗാത്മക ന്യൂനപക്ഷ'മെന്ന എന്‍.പി മുഹമ്മദിന്റെ പ്രശംസ അസ്ഥാനത്തായിരുന്നില്ല.
മുക്കാല്‍ നൂറ്റാണ്ടിനും മുന്നിലെ ദൂരങ്ങള്‍ക്കും നന്മകള്‍!
Comments