ജമാഅത്തെ ഇസ്‌ലാമിയോടുള്ള എന്റെ വിയോജിപ്പുകള്‍
ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രത്യേകത, അത് എന്നും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ പത്രങ്ങളിലും മറ്റു വേദികളിലും അതിന്റെ അടിസ്ഥാനങ്ങളെയും ചിന്തകളെയും നിരൂപിച്ചുകൊണ്ടുള്ള ധാരാളം ലേഖനങ്ങളും പഠനങ്ങളും വരാറുണ്ട്. ഞാന്‍ തന്നെ അത്തരത്തിലുള്ള ധാരാളം എഴുത്തുകളും പ്രസംഗങ്ങളും മാധ്യമത്തിലും മറ്റു വേദികളിലും നടത്തിയിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ അതിനെ പരിചയപ്പെടുത്തി സംസാരിക്കുമ്പോള്‍ ഇസ്‌ലാമിനെയും അതിന്റെ സിദ്ധാന്തങ്ങളെയുമാണ് പറയാറുള്ളത്. യഥാര്‍ഥത്തില്‍ ജമാഅത്തിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അതിനേക്കാള്‍ പ്രാധാന്യമുള്ളത് അതിന്റെ സൈദ്ധാന്തികനും സ്ഥാപകനുമായ മൗദൂദിയെ കുറിച്ച് പറയുന്നതിനാണ്. ഇസ്‌ലാമിന്റെ ആശയങ്ങള്‍ ഇവിടെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിനെ കുറിച്ച് മൗദൂദി പറഞ്ഞത് വിവരിക്കുമ്പോഴാണ് ഈ സംഘടനയെ ആളുകള്‍ക്ക് മനസ്സിലാവുക. എന്നാല്‍, മൗദൂദിയെ കുറിച്ച് തലയുയര്‍ത്തി സംസാരിക്കുന്നതിനു പകരം പലപ്പോഴും പേടിയോടെ ഒളിച്ചുവെക്കാനാണ് ജമാഅത്ത് ശ്രമിക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും ആത്മവിശ്വാസത്തോടെ അത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.
1941-ല്‍ ലാഹോറില്‍ ചേര്‍ന്ന യോഗത്തിലാണ് ജമാഅത്ത് രൂപീകരിക്കപ്പെടുന്നത്. ആ സ്ഥലത്തിനും വര്‍ഷത്തിനും ചില പ്രത്യേകതകളുണ്ട്. 1940-ല്‍ ഇതേ ലാഹോറിലാണ് മുസ്‌ലിം ലീഗ് സമ്മേളനം നടന്നതും വിഭജനമടക്കമുള്ള കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടതും. തൊട്ടടുത്ത വര്‍ഷം അതേ സ്ഥലത്ത് മറ്റൊരു ബദല്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിക്കുള്ള ശ്രമമെന്ന നിലയിലായിരുന്നു മൗദൂദി ജമാഅത്തിനെ കണ്ടത്. അഥവാ മുസ്‌ലിം ലീഗിന്റെ മതരാഷ്ര്ട്രവാദം എന്ന സങ്കല്‍പത്തിനെതിരായാണ് ജമാഅത്തിനെ മൗദൂദി അവതരിപ്പിച്ചത്. ഈയൊരു യാഥാര്‍ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ ചരിത്രത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. മുസ്‌ലിം ലീഗിന്റെ വിഭജനാനുകൂലമായ മതരാഷ്ട്രവാദത്തിന് മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കുകയും മൗദൂദിയുടെ രാഷ്ട്രീയം പുറംതള്ളപ്പെടുകയും ചെയ്തു. ഇതിനു വിപരീതമായി മൗദൂദിയുടെ രാഷ്ട്രീയത്തിന് സ്വാധീനം ലഭിക്കുകയായിരുന്നെങ്കില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തന്നെ ചരിത്രം മറ്റൊന്നാകാന്‍ സാധ്യതയുണ്ടായിരുന്നു.
ജമാഅത്തിന്റെയും അതിന്റെ സ്ഥാപകന്റെയും സിദ്ധാന്തങ്ങളോട് എനിക്ക് പ്രധാനപ്പെട്ട മൂന്ന് വിയോജിപ്പുകളാണുള്ളത്. മതേതരത്വം, ജനാധിപത്യം, ദേശീയത എന്നീ മൂന്ന് മേഖലയിലുള്ള അതിന്റെ അഭിപ്രായങ്ങളോടും നിലപാടുകളോടുമാണ് എന്റെ വിമര്‍ശനങ്ങള്‍. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന എല്ലാ വ്യവസ്ഥകളുടെയും അടിക്കല്ലുകളാണ് ഈ മൂന്ന് കാര്യങ്ങള്‍. എന്നാല്‍ ഇവയോടെല്ലാം അടിമുടി വിയോജിക്കുകയാണ് മൗദൂദി ചെയ്തത്.
മതേതരത്വമെന്നത് മതത്തിന് വിരുദ്ധമാണെന്നും അതുകൊണ്ട് തള്ളിക്കളയണമെന്നുമാണ് മൗദൂദിയുടെ അഭിപ്രായം. മതേതരത്വം അതിന്റെ ഉത്ഭവസമയത്ത് യൂറോപ്പില്‍ മതവിരുദ്ധമായിരുന്നു എന്നത് ശരിയാണ്. പക്ഷേ, ഇപ്പോള്‍ ഇന്ത്യയിലും മറ്റും നടപ്പിലാക്കപ്പെട്ട മതേതരത്വം വ്യത്യസ്തമായ ഒന്നാണ്. യൂറോപ്യന്‍ മതേതരത്വത്തിന്റെ തനിപ്പകര്‍പ്പുകളല്ല ലോകത്ത് നടപ്പിലാക്കപ്പെട്ടത്. ഇന്ത്യയില്‍ ഓരോരുത്തരുടെയും മതവിശ്വാസം സംരക്ഷിക്കല്‍ നിര്‍ബന്ധമാണ് എന്നതുകൂടി മതേതരത്വത്തിന്റെ ഭാഗമാണ്. അഥവാ, ഒരാളുടെ മതവിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ സ്റ്റേറ്റിന് ബാധ്യതയുണ്ട്. അപ്പോള്‍ ആശയങ്ങളും മാറിക്കൊണ്ടിരിക്കും എന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ അത് അംഗീകരിക്കാന്‍ മൗദൂദി കൂട്ടാക്കിയില്ല.
രണ്ടാമത്തെ കാര്യം ജനാധിപത്യമാണ്. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ ആധിപത്യമാണ്. അതിനാല്‍ ഇവിടെ അത് ഹിന്ദുക്കളുടെ ആധിപത്യമായിരിക്കും. ഇങ്ങനെയാണ് ജനാധിപത്യം വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഇവിടെ ഭൂരിപക്ഷം ഹിന്ദുക്കളാണോ? ചില അടിസ്ഥാനങ്ങളില്‍ അപ്രകാരം പറയാമെങ്കിലും യാഥാര്‍ഥ്യം അതല്ലല്ലോ. എന്റെ കാര്യം നോക്കുക. നിങ്ങളുടെ വീക്ഷണപ്രകാരം ഞാന്‍ ഹിന്ദുവാണ്. യഥാര്‍ഥത്തില്‍ എനിക്ക് അതിനോടൊരു ബന്ധവുമില്ല. ഈയൊരു കാര്യം പറഞ്ഞ് ജനാധിപത്യത്തെ തള്ളിക്കളഞ്ഞതില്‍ മൗദൂദിക്ക് തെറ്റുപറ്റിയെന്നാണ് എന്റെ അഭിപ്രായം.
ഇനി ദേശീയതയെകുറിച്ച് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് നോക്കുക. മുസ്‌ലിം രാഷ്ട്രങ്ങളെ പലതായി വിഭജിക്കാന്‍ പാശ്ചാത്യര്‍ ഉണ്ടാക്കിയ തത്ത്വമാണ് ദേശീയതയെന്നാണ് മൗദൂദിയുടെ സിദ്ധാന്തം. അതിനാല്‍ അതിനെ അദ്ദേഹം നിരാകരിച്ചു. എന്നാല്‍, മറ്റു പലതരത്തിലും ഉപയോഗപ്പെട്ടേക്കാവുന്ന ആധുനികമായ ഒരു തത്ത്വമാണ് ദേശീയതയെന്ന കാര്യം അദ്ദേഹം പരിഗണിച്ചില്ല. മാത്രമല്ല, പാകിസ്താന്‍ വാദത്തെ മൗദൂദി എതിര്‍ക്കാന്‍ ഒരു കാരണം ദേശീയതയുമായും പാന്‍ ഇസ്‌ലാമിസവുമായും ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാണ്. എന്നാല്‍ പാകിസ്താന്‍ നിലവില്‍ വന്നപ്പോള്‍ അദ്ദേഹം അതിനെ അംഗീകരിക്കുകയും, അതില്‍ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്തു. പാകിസ്താന്‍ ഇസ്‌ലാം പുലരുന്ന ഒരു ഭൂപ്രദേശമാക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ഈ ആഗ്രഹം അദ്ദേഹം പലതവണ വെളിവാക്കുകയും ചെയ്തിരുന്നു. 1968-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പാകിസ്താനില്‍ ഇസ്‌ലാം പുലരുന്ന കാലം വരുമെന്ന് അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല, ആ പ്രസംഗത്തില്‍ അദ്ദേഹം പാകിസ്താന്റെ കാര്യത്തില്‍ അഭിമാനവും പ്രതീക്ഷയും പ്രകടിപ്പിക്കുന്നുണ്ട്.
അവസാനമായി പറയാനുള്ള മറ്റൊരു കാര്യം രാഷ്ട്രീയ ഇസ്‌ലാമിനെ കുറിച്ചാണ്. ദൈവത്തിന്റെ പരമാധികാരമെന്നത് ഇസ്‌ലാമിന്റെ സങ്കല്‍പമാണ്. ജീവിതത്തില്‍ എല്ലാ വിധിവിലക്കുകളും നല്‍കേണ്ടത് ദൈവമാണ് എന്നതാണ് അതിന്റെ ഉള്ളടക്കം. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, അതിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റുന്നതോടെ ഇവിടെ മറ്റൊരു പ്രശ്‌നം വരുന്നുണ്ട്. ദൈവിക പരമാധികാരത്തെ ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയെന്നതാണത്. അതിനാല്‍ ഈ കൂട്ടിക്കുഴക്കലിലൂടെ ജമാഅത്തും മൗദൂദിയും വലിയ ചില പ്രതിസന്ധികളാണ് ഉണ്ടാക്കുന്നതെന്നാണ് എന്റെ അഭിപ്രായം.
Comments