Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ജി.ഐ.ഒ       ഇസ്‌ലാമിക സ്ത്രീ സംഘാടനത്തിന്റെ കൈയൊപ്പ്

ഫസ്‌ന മിയാന്‍

1404  ജമാദുല്‍ ആഖിര്‍ ഒന്നിനാണ് (1984 മാര്‍ച്ച് 5) ജി.ഐ.ഒ (ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍) രൂപീകൃതമായത്. ജമാഅത്തെ ഇസ്‌ലാമി കേരള കൂടിയാലോചനാ സമിതി കെ. അബ്ദുര്‍റഹ്മാന്‍ കൊണ്ടോട്ടിയെ സംഘടനയുടെ ഓര്‍ഗനൈസറായി നിശ്ചയിച്ചു. പ്രാരംഭമായി ഏരിയകള്‍ തോറും കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് സംഘടനയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഔദ്യോഗിക ഭരണഘടനയും നയപരിപാടികളും അംഗീകരിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ കെ.സി അബ്ദുല്ല മൗലവിയുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രവര്‍ത്തനം വ്യവസ്ഥാപിതമായി ആരംഭിച്ചു. പ്രഥമ പ്രസിഡന്റായി കെ.കെ ഫാത്വിമ സുഹ്‌റയെ തെരഞ്ഞെടുത്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം സെക്രട്ടറിയാണവര്‍. തുടക്കത്തില്‍ 12 വയസ്സ് മുതല്‍ 30 വയസ്സ് വരെയായിരുന്നു ജി.ഐ.ഒ അംഗങ്ങളുടെ പ്രായപരിധി.  ഇപ്പോള്‍ അത് 15 മുതല്‍ 30 വരെയാണ്. ജി.ഐ.ഒ പതാകയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് 2010-ല്‍ കോഴിക്കോട്ട് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ്.  കേരളീയ സാംസ്‌കാരിക ചരിത്രത്തില്‍ സുപ്രധാന സ്ത്രീ ഇടപെടലുകള്‍ നടത്തിയിട്ടു് ജി.ഐ.ഒ.

ആരാമം
വായനയുടെയും ചിന്തയുടെയും പുതുവസന്തം കേരളത്തിന് സമ്മാനിച്ചായിരുന്നു ജി.ഐ.ഒവിന്റെ മുഖപുസ്തകം ആരാമം 1984-ല്‍ മലയാളികളിലേക്ക് കടന്നുവന്നത്. മുസ്‌ലിം സ്ത്രീക്ക് ആത്മവിശ്വാസവും ഇസ്‌ലാമിക പ്രതിനിധാനത്തിന്  കര്‍മോര്‍ജവും പ്രദാനം ചെയ്യുന്നതില്‍ ആരാമം നിസ്തുല പങ്കുവഹിച്ചു. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളി പെണ്‍വായനയുടെ മാറുന്ന തുടിപ്പിന്റെ ഊര്‍ജമാണ് ആരാമം. ആരാമം വെട്ടിത്തുറന്ന വഴികളിലേക്ക് കടന്നുവന്ന വനിതാ മാസികകള്‍ക്കിടയില്‍ വ്യതിരിക്തമായ ഇടം അത് ഇന്നും നിലനിര്‍ത്തുന്നു. തുടക്കം മുതല്‍ ഇതുവരെ എഡിറ്ററായി കെ.കെ ഫാത്വിമ സുഹ്‌റ സേവനമനുഷ്ഠിച്ചുവരുന്നു. തുടക്കത്തില്‍ പുരുഷന്മാര്‍ നടത്തിപ്പില്‍ പങ്കാളികളായി ഉണ്ടായിരുന്നുവെങ്കിലും 2004 മുതല്‍ സ്ത്രീകള്‍ മാത്രമാണ് നടത്തിപ്പുകാര്‍. വിമോചന അതിവാദങ്ങള്‍ക്കും സ്ത്രീക്ക് വിലങ്ങുകള്‍ തീര്‍ക്കുന്ന മതയാഥാസ്ഥിതികത്വത്തിനുമെതിരെ നിലകൊള്ളാന്‍ ആരാമത്തിനായിട്ടുണ്ടെന്ന് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച ആരാമം താളുകള്‍ സാക്ഷി. സമൂഹത്തിന്റെ ചലനങ്ങളോടൊപ്പം നിന്ന് ഇസ്‌ലാമിലെ പെണ്ണിന്റെ ഇടങ്ങള്‍ അടയാളപ്പെടുത്താന്‍ ആരാമം എന്നും മുന്നില്‍നിന്നു.
  
ബാലികാസമാജം 
1991-ല്‍ ജി.ഐ.ഒവിനു കീഴില്‍ ബാലികാസമാജം നിലവില്‍വന്നു. ഇളംതലമുറക്ക് മാര്‍ഗദര്‍ശനം നല്‍കുക, ഭാവി ജി.ഐ.ഒ നേതൃത്വത്തെ വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വൈവിധ്യമാര്‍ന്ന കര്‍മപരിപാടികളുമായി ബാലികാസമാജം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. അടിസ്ഥാന പ്രമാണങ്ങളില്‍ പ്രാഥമിക അറിവ് നല്‍കിയും പ്രവാചക ജീവിതം പരിചയപ്പെടുത്തിയും മദ്‌റസാ വിദ്യാര്‍ഥിനികള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ വിജ്ഞാന മത്സരങ്ങള്‍ സംഘടിപ്പിച്ചും ബാലികാ സമാജത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയി. 2007-ല്‍ മലര്‍വാടി-ടീന്‍ ഇന്ത്യ രൂപീകരിക്കപ്പെട്ടപ്പോള്‍ ബാലികാസമാജത്തെ അതില്‍ ലയിപ്പിച്ചു.  

സിസ്റ്റേഴ്‌സ് ഫോറം
1986-ലാണ് ജി.ഐ.ഒ സിസ്റ്റേഴ്‌സ് ഫോറം രൂപവത്കരിക്കുന്നത്. സുഹൃദ് സംഗമങ്ങള്‍, സൗഹൃദ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ ഇതിന്റെ കീഴില്‍ നടന്നിരുന്നു.  സമുദായമൈത്രി, ഇസ്‌ലാമിക സംസ്‌കൃതിയെ പരിചയപ്പെടുത്തല്‍, സമൂഹ നന്മക്ക് ഒറ്റക്കെട്ടായി നിലകൊള്ളല്‍ തുടങ്ങിയവയായിരുന്നു സംഘടന ഇതിലൂടെയെല്ലാം ലക്ഷ്യം വെച്ചത്. ഈ കൂട്ടായ്മ ഇപ്പോള്‍ നിലവിലില്ലെങ്കിലും പ്രാദേശിക-ജില്ലാ- സംസ്ഥാന തലങ്ങളില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഫ്ത്വാര്‍ മീറ്റുകളും ഈദ്-ഓണം സുഹൃദ് സംഗമങ്ങളും സൗഹൃദ സദസ്സുകളും മറ്റും സംഘടിപ്പിച്ചുവരുന്നു. 

മജ്‌ലിസ് ഘടകം
വിദ്യാഭ്യാസ ഭൂപടത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന സ്ത്രീസമൂഹത്തെ കൈപിടിച്ചുയര്‍ത്താന്‍ ഇസ്‌ലാമിക പ്രസ്ഥാനം തുടക്കം മുതലേ പ്രതിജ്ഞാബദ്ധമായിരുന്നു. വനിതാ കലാലയങ്ങളിലൂടെ വിപ്ലവാത്മക ചുവടുവെപ്പുകള്‍ നടത്തിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന് വിദ്യാര്‍ഥിനികളുടെ സര്‍ഗാത്മകവും അക്കാദമികവുമായ മികവുകള്‍ വളര്‍ത്താനായി. മജ്‌ലിസ് സ്ഥാപനങ്ങളില്‍ ജി.ഐ.ഒ ഘടകങ്ങള്‍ക്ക് തുടക്കം മുതലേ പ്രത്യേക ശ്രദ്ധ ലഭിച്ചിരുന്നു.  മോഡല്‍ പാര്‍ലമെന്റുകളും ഡിബേറ്റുകളും സെമിനാറുകളും ശില്‍പശാലകളും സര്‍ഗസംഗമങ്ങളും സേവന പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് സാമൂഹിക ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായിരുന്നു. സര്‍ഗാവിഷ്‌കാരങ്ങളും വൈജ്ഞാനിക മത്സരങ്ങളും മജ്‌ലിസ് ഫെസ്റ്റുകളും വിശാലമായ ഭൂമിക അവര്‍ക്ക് സമ്മാനിച്ചു. ജി.ഐ.ഒവിന് കരുത്തുറ്റ നേതാക്കളെ സംഭാവന നല്‍കാന്‍ മജ്‌ലിസ് കലാലയങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ ഉന്നത മജ്‌ലിസ് സ്ഥാപനങ്ങളില്‍ ജി.ഐ.ഒ ഘടകങ്ങള്‍ സജീവമാണ്. 2011 നവംബറില്‍ കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍, കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ പങ്കെടുപ്പിച്ച് ജി.ഐ.ഒ പ്രഥമ മജ്‌ലിസ് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുകയുായി. 

നേര്‍ക്കാഴ്ചകള്‍ 
തലമറച്ച മുസ്‌ലിം പെണ്ണിന്റെ വര്‍ത്തമാനം പരിചയപ്പെടുത്തുന്നതായിരുന്നു 2013 -ല്‍ ജി.ഐ.ഒ പെരുമ്പിലാവ് അന്‍സാറില്‍ സംഘടിപ്പിച്ച 'നേര്‍ക്കാഴ്ചകള്‍' എന്ന നാടക മത്സരം. കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളില്‍നിന്ന് 'ഈ ജീവിതം കൊണ്ട് ഇത്രമാത്രം' എന്ന തലക്കെട്ടില്‍ നാടക സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിനികളാണ് വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രമേയങ്ങള്‍ രംഗവേദിയിലെത്തിച്ചത്. സ്ത്രീകള്‍ മാത്രം പ്രേക്ഷകരായ സദസ്സിനു മുമ്പിലാണ് നാടകങ്ങള്‍ അരങ്ങേറിയത്. കേരളീയ പൊതുമണ്ഡലത്തിന് ഇതൊരു പുതിയ അനുഭവമായിരുന്നു. അതിന്റെ ദൃശ്യകലാ-സൗന്ദര്യ സങ്കല്‍പ്പങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇസ്‌ലാമിക സംസ്‌കാരവുമായി ഒത്തുചേരുന്ന വസ്ത്രധാരണ രീതികളായിരുന്നു അഭിനേത്രികളുടേത്. അഭിനയസിദ്ധി കൊണ്ട് വേഷപ്പകര്‍ച്ചകളെ അനായാസേന മറികടക്കാന്‍ അവര്‍ക്ക് സാധിച്ചു. 

കാമ്പസ് വിംഗ്
വിപ്ലവ സര്‍ഗാത്മകതയുടെ നഷ്ടവസന്തത്തെക്കുറിച്ച ഗതകാല സ്മരണകള്‍ അയവിറക്കി കേരളത്തിലെ കാമ്പസുകള്‍ അരാഷ്ട്രീയതയുടെ നിഷ്‌ക്രിയതയിലേക്ക് വീണ ഘട്ടത്തിലാണ് ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം സര്‍ഗാത്മകതയുടെ പുതുവസന്തം തീര്‍ത്തത്. 1995 മുതല്‍ എസ്.ഐ.ഒവുമായി ചേര്‍ന്ന്, മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിദ്യാര്‍ഥി വിഭാഗങ്ങള്‍ കാലങ്ങളായി കുത്തകയാക്കിവെച്ച ഇടങ്ങളിലേക്ക് ഇസ്‌ലാമിക വിദ്യാര്‍ഥിനി പ്രസ്ഥാനം സധൈര്യം കടന്നുചെന്നു. ഒറ്റപ്പെടുത്തലുകളും ഭീഷണികളും ജി.ഐ.ഒ കാമ്പസ് വിംഗ് ധീരതയോടെ മറികടന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ ധാര്‍മിക-പ്രബോധന രംഗങ്ങളെ സജീവമാക്കി നിര്‍ത്തിയതോടൊപ്പം, പഠനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഇടപെടലുകളിലൂടെയും കലാലയങ്ങളെ ചലനാത്മകമാക്കി. ഇസ്‌ലാമിലെ സ്ത്രീപ്രതിനിധാനവും സ്ത്രീസുരക്ഷയും പെണ്ണിന്റെ രാഷ്ട്രീയ ഇടപെടലുകളിലെ മാനങ്ങളും വ്രതവും ഹിജാബും പര്‍ദയും കാമ്പസുകളിലെ ചര്‍ച്ചാ സദസ്സുകളില്‍ ഇടം പിടിച്ചു. റാഗിംഗും മദ്യവും സ്ത്രീധനവുമെല്ലാം അവിടെ പ്രശ്‌നവത്കരിക്കപ്പെട്ടു. 
കാമ്പസുകളിലെ ആര്‍ട്‌സ് ഡേകളില്‍ അരങ്ങേറുന്ന, സാംസ്‌കാരിക അതിരുകള്‍ ലംഘിക്കുന്ന പ്രോഗ്രാമുകള്‍ക്കെതിരെ കലാലയാധികൃതര്‍ക്ക് നിവേദനം നല്‍കിയും ഹോസ്റ്റല്‍ ഡേകളില്‍ മൂല്യാധിഷ്ഠിത പരിപാടികള്‍ സംഘടിപ്പിച്ചും ഇതര സംഘടനകളില്‍നിന്ന് വ്യതിരിക്തമായി നിലകൊണ്ടു. ഇങ്ങനെ പഠനപ്രവര്‍ത്തനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഇടപെടലുകളിലൂടെയും കലാലയങ്ങള്‍ക്ക് ജി.ഐ.ഒ പുതുജീവന്‍ നല്‍കി. വാര്‍പ്പുമാതൃകകളെ പൊളിച്ചടുക്കി പുസ്തകങ്ങളെയും ആശയസംവാദങ്ങളെയും നവീന സമരരീതികളെയും കാമ്പസുകള്‍ക്ക് പരിചയപ്പെടുത്തി.
 
അവധിക്കാല ക്യാമ്പുകള്‍ 
1984  മുതല്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററിതല വിദ്യാര്‍ഥിനികള്‍ക്കായി ജി.ഐ.ഒ യൂനിറ്റ്, ഏരിയാ, ജില്ലാ തലങ്ങളില്‍ വിപുലമായ രീതിയില്‍ ദ്വിദിന, ത്രിദിന അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്നു.  നാല് വര്‍ഷമായി 'പ്രോട്ടീന്‍' എന്ന പേരിലാണ് ടീന്‍സ് മീറ്റുകള്‍ നടത്തപ്പെടുന്നത്.  ഇത്തരം ക്യാമ്പുകള്‍ ആത്മീയ സംസ്‌കരണത്തിനും പൊതുവിജ്ഞാനം കരസ്ഥമാക്കാനും അക്കാദമിക-അക്കാദമികേതര ചര്‍ച്ചകളില്‍ അവഗാഹം നേടാനും വിദ്യാര്‍ഥിനികളെ സഹായിക്കുന്നു.  
എല്ലാ വര്‍ഷവും അവധിക്കാലത്ത് ജില്ലാ തലങ്ങളില്‍ കാമ്പസ് കണ്‍വെന്‍ഷനുകളും ഹയര്‍സെക്കന്ററി മീറ്റുകളും നടത്തിവരുന്നു. 1995 ആഗസ്റ്റില്‍ മൂവാറ്റുപുഴയില്‍ ജി.ഐ.ഒ സംഘടിപ്പിച്ച ദക്ഷിണമേഖലാ കാമ്പസ് ക്യാമ്പ് ശ്രദ്ധേയമായിരുന്നു. 1997-ല്‍  പ്രഫഷണല്‍ കലാലയങ്ങളില്‍ റിലീജ്യസ് കൗണ്‍സില്‍ രൂപീകരിക്കുകയും മതസംവാദങ്ങളും അഭിമുഖ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു.

തര്‍ബിയത്ത്
ഇസ്‌ലാമിക പ്രസ്ഥാനം പുരുഷന്മാരുടേതെന്നപോലെ മുസ്‌ലിം സ്ത്രീകളുടെയും ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനത്തിന് ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. ജാറങ്ങളിലും ഉറൂസുകളിലും ഉറുക്കുകളിലും മന്ത്രങ്ങളിലും വിശ്വാസമര്‍പ്പിച്ച് പൗരോഹിത്യത്തിന്റെ കറവപ്പശുക്കളായി കഴിഞ്ഞുകൂടിയിരുന്ന കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ  വിപ്ലവകരമായ ആത്മീയ ഊര്‍ജം പകരാന്‍ വനിതാ-വിദ്യാര്‍ഥിനി വിഭാഗങ്ങള്‍ വഴി ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചു.  സ്‌ക്വാഡുകള്‍, ലഘുലേഖാ വിതരണം, വിജ്ഞാന സദസ്സുകള്‍, ഖുര്‍ആന്‍ പഠന ക്ലാസ്സുകള്‍, പുസ്തക വിതരണം തുടങ്ങിയ മാര്‍ഗങ്ങള്‍ ജി.ഐ.ഒ അതിന്റെ ആദ്യകാലത്തുതന്നെ സ്വീകരിച്ചു.  സ്ത്രീസംബന്ധിയായ ചര്‍ച്ചകളില്‍ അടിസ്ഥാന പ്രമാണങ്ങളിലൂന്നി നിലപാടുകളെടുക്കാന്‍ ജി.ഐ.ഒക്ക് സാധിക്കുന്നത് അത് നടത്തി വരുന്ന പഠന-പരിശീലന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നത് പറയാതെ വയ്യ. 1985-ലെ ശരീഅത്ത് വിവാദം, സ്ത്രീ പള്ളിപ്രവേശം, സ്ത്രീധന സമ്പ്രദായം, തെരഞ്ഞെടുപ്പുകളിലെ സ്ത്രീ സ്ഥാനാര്‍ഥിത്വം, മുത്ത്വലാഖ്-ഏകസിവില്‍കോഡ് വിവാദങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ ഉദാഹരണം. സ്ത്രീസമൂഹത്തെ അരികുവത്കരിക്കുകയും ശരീരത്തിലേക്കും അതിന്റെ വിപണനമൂല്യത്തിലേക്കും അവളുടെ വ്യക്തിത്വത്തെ  ഇകഴ്ത്തുകയും ചെയ്യുന്ന അധീശത്വത്തെ തിരുത്താനും സംഘടനക്ക് സാധ്യമായി. വൈവിധ്യമാര്‍ന്ന അക്കാദമിക ചര്‍ച്ചകള്‍, ക്യാമ്പുകള്‍, കാമ്പയിനുകള്‍ തുടങ്ങി നവസാമൂഹിക മാധ്യമങ്ങള്‍ വരെ ഉപയോഗപ്പെടുത്തി  ജി.ഐ.ഒ തര്‍ബിയത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 
പെണ്ണിന്റെ ശബ്ദവും വരയും ചിന്തയും ഹറാമായി കണക്കാക്കുന്ന വികല യാഥാസ്ഥിതിക ചിന്തകളോട് സംഗീതം കൊണ്ടും സര്‍ഗവൈവിധ്യങ്ങള്‍കൊണ്ടും ജി.ഐ.ഒ പ്രതികരിച്ചു. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രഭാഷണങ്ങള്‍ക്കും എഴുത്തുകള്‍ക്കും ഒപ്പം തന്നെ കലാവിഷ്‌കാരങ്ങള്‍ക്കും ഇടമുണ്ടെന്ന് സംഘടന ബോധ്യപ്പെടുത്തി. 

എക്‌സ്‌പോസ് ഈവ് -2010
ജി.ഐ.ഒ 2010 നവംബര്‍ 30 മുതല്‍ ഡിസംബര്‍ 5 വരെ കോഴിക്കോട്ട് ഒരുക്കിയ വ്യത്യസ്തമായ ദൃശ്യാനുഭവമാണ് 'എക്‌സ്‌പോസ് ഈവ് -2010.'  'സ്ത്രീ: സ്വത്വം സുരക്ഷ സമൂഹം' എന്ന കാമ്പയിനോടനുബന്ധിച്ചായിരുന്നു ഈ എക്‌സിബിഷന്‍. ഇസ്‌ലാമിലെ സ്ത്രീ, സന്തുഷ്ട കുടുംബം, മാതൃകാ ഭവനം, സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമവഴികള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളുടെ ചിത്രങ്ങളും ലഘുവിവരണവും, സ്ത്രീകള്‍ക്ക് ജോലിസ്ഥലത്ത് അനുഭവിക്കേണ്ടിവരുന്ന പീഡനം,  വൃദ്ധസദനം, മദ്യപാനപ്രശ്‌നങ്ങള്‍, ഒ.എന്‍.വിയുടെ അമ്മ എന്ന കവിതയെ ആസ്പദമാക്കിയ മോഡലുകളും ദൃശ്യങ്ങളും, നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുഴിച്ചുമൂടപ്പെട്ട മകളുടെ നൊമ്പരങ്ങളും പുതുനൂറ്റാണ്ടിലെ ഭ്രൂണഹത്യയുടെ ദൃശ്യങ്ങളും, മാതൃസ്‌നേഹം അവതരിപ്പിക്കുന്ന 3 ഡി ആവിഷ്‌കാരം, ഇറോം ശര്‍മിളയെക്കുറിച്ചുള്ള ഡോക്യുമെന്ററി, മയിലമ്മയെ അനുസ്മരിക്കുന്ന നിശ്ചല ദൃശ്യം, അജീബ് കൊമാച്ചി പകര്‍ത്തിയ 'പെണ്‍നോവ്' ഫോട്ടോ പ്രദര്‍ശനം, അലങ്കാര വസ്തുക്കളുടെ പ്രദര്‍ശനം എന്നിവ സ്റ്റാളുകളിലൊരുക്കി. കാല്‍നൂറ്റാണ്ടിനിടയില്‍ ജി.ഐ.ഒ നടത്തിയ വിവിധ പരിപാടികളുടെ ഫോട്ടോകളും ദൃശ്യാവിഷ്‌കാരവും, ജി.ഐ.ഒയുടെ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്ന സ്റ്റാള്‍, കൗണ്‍സലിംഗ് സെന്റര്‍ എന്നിവ എക്‌സ്‌പോസ് ഈവില്‍ ഉള്‍പ്പെടുത്തി. 'സ്ത്രീ: സ്വത്വം സുരക്ഷ സമൂഹം' പ്രമേയ സമ്മേളനവും 'മീഡിയ ആക്ടിവിസം' എന്ന തലക്കെട്ടില്‍ നടന്ന സിമ്പോസിയവും സര്‍ഗസദസ്സും സാംസ്‌കാരിക സമ്മേളനങ്ങളും 'എക്‌സ്‌പോസ് ഈവി'ന്റെ ഭാഗമായി നടന്നു.

ക്യാന്‍വാസ്‌കാര്‍ഫ്
2013 മെയ് 8-ന് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ എഴുത്തുകാരിയും ആര്‍ട്ടിസ്റ്റുമായ ശബ്‌ന പൊന്നാട് ഉദ്ഘാടനം ചെയ്ത ആര്‍ട്‌സ് എക്‌സിബിഷന്‍- 'ക്യാന്‍വാസ്‌കാര്‍ഫ്' ഇസ്‌ലാം പെണ്ണിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്താനും മൂടിവെക്കാനും ശ്രമിക്കുന്നുവെന്ന പൊതുസമൂഹത്തിന്റെ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. മുസ്‌ലിം പെണ്ണിന്റെ സര്‍ഗശേഷിയെ മറച്ചുവെക്കുന്നതാര് എന്ന ചോദ്യം ഉന്നയിച്ച, കേരളീയ പൊതുമണ്ഡലത്തിലെ നവ്യമായ ദൃശ്യാനുഭവമായിരുന്നു നാലു ദിവസം നീ കാന്‍വാസ്് കാര്‍ഫ്. മലയാളി മുസ്‌ലിം പെണ്‍കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 57 ചിത്രങ്ങളുടെ പ്രദര്‍ശനമായിരുന്നു ഇത്. 

തര്‍ത്തീല്‍ 
2012, 2014 വര്‍ഷങ്ങളില്‍ ജി.ഐ.ഒ സംഘടിപ്പിച്ച 'തര്‍ത്തീല്‍' ഇന്ത്യയില്‍തന്നെ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട ആദ്യ ഖുര്‍ആന്‍ പാരായണ മത്സരമായിരുന്നു. ഖുര്‍ആന്‍ പാരായണത്തിന്റെ സൗന്ദര്യവിസ്മയം തീര്‍ത്ത മത്സരം യൂനിറ്റ്, ജില്ലാ, സംസ്ഥാന തലങ്ങളിലെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മത്സരത്തില്‍ 13 മുതല്‍ 25 വയസ്സ് വരെയുള്ള 3000-ത്തോളം വിദ്യാര്‍ഥിനികളാണ് പങ്കെടുത്തത്. മദ്‌റസാ പഠനത്തിനു ശേഷം ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും പെണ്‍കുട്ടികള്‍ക്ക് അവസരമുണ്ടാവുക അപൂര്‍വമാണ്. അക്ഷരശുദ്ധിയോടെ, തജ്‌വീദ് നിയമങ്ങള്‍ പാലിച്ച്  പാരായണം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്കാവട്ടെ അര്‍ഹമായ പ്രോത്സാഹനം ലഭിക്കാറുമില്ല. അതുകൊുതന്നെ അത്തരമൊരു വേദിയുടെ പ്രസക്തി തിരിച്ചറിഞ്ഞായിരുന്നു ജി.ഐ.ഒ ഇതിന് മുന്നിട്ടിറങ്ങിയത്. 2012-ല്‍ കോഴിക്കോട്ടും 2014-ല്‍ കണ്ണൂരുമാണ് സംസ്ഥാനതല മത്സരം നടന്നത്. ജി.ഐ.ഒവിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടായി തര്‍ത്തീല്‍ അടയാളപ്പെടുത്തപ്പെട്ടു. 
2012-ല്‍ 310 സെന്ററുകളിലായി നടന്ന പ്രാദേശികതല മത്സരങ്ങളില്‍ പങ്കെടുത്ത 3000-ത്തോളം പേരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 600 പേര്‍ സെക്കന്ററിതല മത്സരങ്ങളില്‍ മാറ്റുരച്ചു. സെക്കന്ററിതല വിജയികളായ 34 പേര്‍ ഒക്‌ടോബര്‍ 20 -ന് കോഴിക്കോട്ട് നടന്ന ഫൈനലില്‍ പങ്കെടുത്തു. 
2014-ല്‍ കേരളത്തിനകത്തും ദല്‍ഹി, ബംഗ്ലൂരു, സുഊദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലുമായി 110 സെന്ററുകളില്‍  പ്രാഥമിക മത്സരങ്ങള്‍ നടന്നു. സെക്കന്ററി മത്സരങ്ങളില്‍ നിന്ന് വിജയികളായ 34 പേരാണ് കണ്ണൂരില്‍ നടന്ന ഫൈനല്‍ റൗണ്ടിലെത്തിയത്.  മെഗാഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത പത്തു പേരില്‍നിന്നാണ് 'ബെസ്റ്റ് ഖാരിഅ'യെ തെരെഞ്ഞടുത്തത്. പരിപാടിയോടനുബന്ധിച്ച് നാലു ദിവസങ്ങളിലായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ 'തര്‍ത്തീല്‍ എക്‌സ്‌പോ' എന്ന പേരില്‍ എക്‌സിബിഷനും സംഘടിപ്പിക്കപ്പെട്ടു. ഖുര്‍ആനിന്റെ സന്ദേശം, ഖുര്‍ആനും സ്ത്രീകളും, ഖുര്‍ആനും ശാസ്ത്രവും, അറബിക് കാലിഗ്രഫി, പഴയകാല ഖുര്‍ആന്‍ പരിഭാഷകള്‍, പൗരാണിക പള്ളികളും വാസ്തുമാതൃകകളും തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടായിരുന്നു. 

'മ്മ' കവിതാസമാഹാരം
'അമ്മ' എന്ന പരികല്‍പ്പനയെക്കുറിച്ച് എഴുതപ്പെട്ട കവിതകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 28 കവിതകള്‍ അടങ്ങിയ കവിതാസമാഹാരമാണ് 'മ്മ'. യുവ കവയത്രികളുടെ രചനകളാണ് 'മ്മ' യിലുള്ളത്. ആലാപനത്തിലും പെണ്‍കുട്ടികള്‍ക്കാണ് പ്രാമുഖ്യം നല്‍കിയത്.  

സമര-സേവന പ്രവര്‍ത്തനങ്ങള്‍
ജി.ഐ.ഒ അതിന്റെ പ്രവര്‍ത്തനപഥത്തിലുടനീളം സമരവഴിയില്‍ ആര്‍ജവത്തോടെ നിലകൊണ്ടു. 1986-ല്‍ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ  കേരളയാത്ര ആ കാലഘട്ടത്തിലെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് പോലും പരിചിതമല്ലാത്ത കാഴ്ചകളാണ് കേരളീയ പൊതുമണ്ഡലത്തിന് നല്‍കിയത്. യാത്രയുടെ ഭാഗമായ മദ്യവിരുദ്ധ ബോധവത്കരണവും ജില്ലാതല സ്വീകരണങ്ങളും ശ്രദ്ധേയമായിരുന്നു. കേരള വനിതാ സമരചരിത്രത്തിലെ സുപ്രധാന അടയാളപ്പെടുത്തലായിരുന്നു ഇത്. അന്നത്തെ കേരള ഗവര്‍ണര്‍ പി. രാമചന്ദ്രന് നിവേദനം സമര്‍പ്പിച്ചാണ് യാത്ര അവസാനിച്ചത്.  1992-ല്‍ സംസ്ഥാന പ്രസിഡന്റ് റഹ്മത്തുന്നിസ ടീച്ചറുടെ നേതൃത്വത്തില്‍ 'മദ്യം തിന്മയുടെ മാതാവ്' എന്ന തലക്കെട്ടില്‍ നടന്ന യാത്രയുടെ സമാപനത്തില്‍ മുഖ്യമന്ത്രി കെ. കരുണാകരന് നിവേദനം സമര്‍പ്പിച്ചു. 
മുതലാളിത്തം സ്ത്രീത്വത്തെ വില്‍പ്പനച്ചരക്കാക്കുന്ന സൗന്ദര്യമത്സരത്തിനെതിരെ ജി.ഐ.ഒ 2009 ജനുവരി 30 -ന് കോഴിക്കോട്ട് നടത്തിയ പ്രതിഷേധസമരം വലിയ വാര്‍ത്താപ്രാധാന-്യം നേടി. വന്‍ സ്ത്രീപങ്കാളിത്തത്തോടെയുള്ള പ്രതിഷേധ പ്രകടനമായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ.കെ റഹീനയുടെ നേതൃത്വത്തില്‍ അന്ന് നടന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സംഘാടകര്‍ പ്രസ്തുത പരിപാടി നിശ്ചയിച്ചിടത്തുനിന്ന് രഹസ്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. തുടര്‍ന്ന് ജി.ഐ.ഒ അവിടെയും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി സമരനിര തീര്‍ത്തു.
2012-ല്‍ കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ ഘാതകരെ ഉടന്‍ പിടികൂടുക എന്ന ആവശ്യം ഉന്നയിച്ച് കേരളത്തിലുടനീളം ജി.ഐ.ഒ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ ലഘുലേഖാ വിതരണവും ഒപ്പുശേഖരണവും നടത്തി. തിരൂരില്‍ പീഡിപ്പിക്കപ്പെട്ട മൂന്നു വയസ്സുകാരിയും ദല്‍ഹിയിലെ ബസ്സില്‍ വെച്ച് നടന്ന കൂട്ടബലാത്സംഗവും പെരുമ്പാവൂരിലെ ജിഷ കൊലപാതകവും സംഘടനയെ സംബന്ധിച്ചേടത്തോളം പ്രതിഷേധാഗ്നി പടര്‍ത്തിയ സംഭവങ്ങളായിരുന്നു. 
അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന പീഡനങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കുമെതിരെ മനുഷ്യമനസ്സാക്ഷിയുണര്‍ത്താന്‍ ജി.ഐ.ഒ എന്നും മുന്നില്‍നിന്നു. ഗസ്സയിലെ മാതാക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 2012-ല്‍ കോഴിക്കോട്ട് പ്രതിഷേധറാലി നടത്തി. 2015-ല്‍ പ്രവര്‍ത്തകരില്‍നിന്ന് പണം ശേഖരിച്ച് ദല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് എത്തിച്ചുകൊടുത്തു. 
കേരളത്തിലെ ചില കലാലയങ്ങളില്‍ മഫ്തക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് 2009 മുതല്‍ ജി.ഐ.ഒ സമരരംഗത്തുണ്ട്. നിലമ്പൂര്‍ ഫാത്തിമ മാതാ സ്‌കൂളിലെ യൂനിഫോം വിവാദം, 2013-ലെ എറണാകുളം നിര്‍മല സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് എന്നിവ ഉദാഹരണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ജി.ഐ.ഒ നടത്തിയ അന്വേഷണങ്ങളുടെ ഫലമാണ് 'ഇന്‍ ദ നെയിം ഓഫ് സെക്യുലരിസം' എന്ന ഡോക്യുമെന്ററി. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച അനുഭവ വിവരണങ്ങളും വിഷയത്തില്‍ ഇടപെട്ട നിയമവിദഗ്ധരുടെ സംഭാഷണങ്ങളും ചേര്‍ന്നതാണ് 'ഇന്‍ ദ നെയിം ഓഫ് സെക്യുലരിസം'. കലാലയങ്ങളിലും പൊതുവേദികളിലും പ്രമുഖ സാമൂഹിക-രാഷ്ട്രീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പച്ച് ഈ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ചര്‍ച്ചകളും നടന്നു. 2013-ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായി സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് കൊല്ലം ഡി.ഡി.ഇ ഓഫീസിലേക്ക് പ്രതിഷേധറാലി സംഘടിപ്പിച്ചു.  2013-ല്‍ മനുഷ്യാവകാശ കമീഷനംഗം ആര്‍. നടരാജന്നും 2014-ല്‍ മനുഷ്യാവകാശ കമീഷന്‍ അംഗമായ കെ.ഇ ഗംഗാധരന്‍ കമ്മിറ്റിക്കും ഡോക്യുമെന്ററി തെളിവായി ഉള്‍പ്പെടുത്തി പരാതി സമര്‍പ്പിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് 2015-ലെ ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ മഫ്ത നിരോധവുമായി ബന്ധപ്പെട്ട് ജി.ഐ.ഒ കക്ഷിചേര്‍ന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 
യൂനിറ്റ്തലം മുതല്‍ റിലീഫ് പ്രവര്‍ത്തനങ്ങളിലും സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാഭ്യാസ-വിവാഹ - ഭവന സഹായങ്ങളിലും ജി.ഐ.ഒ ചെറു മുദ്രകള്‍ പതിപ്പിച്ചു. ആഘോഷവേളകളില്‍ സമ്മാന കിറ്റുകള്‍ നല്‍കിയും ശുചിത്വ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും അനാഥ-അഗതി മന്ദിരങ്ങളും, പ്രകൃതിക്ഷോഭത്തിനും അപകടങ്ങള്‍ക്കും ഇരയായ പ്രദേശങ്ങളും വീടുകളും സന്ദര്‍ശിച്ചും സാധ്യമായ സഹായങ്ങള്‍ നല്‍കി. അട്ടപ്പാടിയിലും എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചും ജി.ഐ.ഒ  വ്യത്യസ്ത പരിപാടികള്‍ നടത്തിവരുന്നു. അതില്‍ പ്രധാനമാണ് വായനാദിനവും വനിതാദിനവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പരിപാടികള്‍. വായനാദിനത്തില്‍  ഹൈസ്‌കൂള്‍-ഹയര്‍സെക്കന്റി വിദ്യാര്‍ഥിനികള്‍ക്കായി ക്വിസ് മത്സരങ്ങളും പുസ്തക ചര്‍ച്ചകളും ലേഖന മത്സരങ്ങളും നടത്തുന്നു. സ്ത്രീകളുടെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യം വെച്ചാണ് ജി.ഐ.ഒ വനിതാദിനം ആചരിക്കാറുള്ളത്. മനുഷ്യ സേവനത്തിന് സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച്, മണ്ണില്‍നിന്നും പ്രകൃതിയില്‍നിന്നും അകലുന്ന പുതുതലമുറക്ക് ജീവസ്സുറ്റ അനുഭവങ്ങള്‍ പകരുന്ന വനിതകളെ ആദരിച്ചും സ്ത്രീസമൂഹത്തിന് വായനയിലേക്കും വിദ്യാഭ്യാസത്തിലേക്കും പ്രചോദനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തിയും ഈ ദിനത്തെ ജി.ഐ.ഒ സാര്‍ഥകമാക്കുന്നു. ഇഫക്ടീവ് പാരന്റിംഗ് ക്ലാസ്സുകള്‍, സ്വയം തൊഴില്‍ പരിശീലനം, വര്‍ക് ഷോപ്പുകള്‍, സ്ത്രീവിദ്യാഭ്യാസ ബോധവത്കരണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജി.ഐ.ഒ വനിതാ ദിനങ്ങളില്‍ നടത്തുന്നത്. കൂടാതെ സെമിനാറുകളും ടേബ്ള്‍ ടോക്കുകളും സംവാദങ്ങളും മറ്റും നടത്തിവരുന്നു. 
ജി.ഐ.ഒ അതിന്റെ പോളിസി-പ്രോഗ്രാമുകളിലെ ഊന്നലുകള്‍ നിശ്ചയിക്കുന്നത് മാറുന്ന സാമൂഹിക സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്തുകൊണ്ടാണ്.  ആദ്യകാല നയപരിപാടികളുടെ അടിസ്ഥാനത്തില്‍ ശിര്‍ക്, ബിദ്അത്ത്, സ്ത്രീധനം, വിവാഹധൂര്‍ത്ത് തുടങ്ങിയ അനിസ്‌ലാമികതകളെ ബോധവത്കരണ പരിപാടികളിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും ലഘുലേഖാ വിതരണങ്ങളിലൂടെയും ശക്തമായി എതിര്‍ക്കാന്‍ സംഘടനക്ക് സാധിച്ചു. 1986-ല്‍ സാക്ഷരത, പ്രാഥമിക വിജ്ഞാനം, പൗരബോധം, ഇസ്‌ലാമിക വിശ്വാസ കര്‍മങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലായിരുന്നു പോളിസിയുടെ ഊന്നല്‍. കുട്ടികളെ സ്‌കൂളുകളിലും മദ്‌റസയിലും ചേര്‍ക്കുന്നതിന് രക്ഷിതാക്കളെ പ്രേരിപ്പിക്കാന്‍ വീടുകള്‍ തോറും പ്രവര്‍ത്തകര്‍ കയറിയിറങ്ങിയത് ഇപ്പോള്‍ കൗതുകമായി തോന്നും.
ബൗദ്ധിക ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ഒരു സമൂഹത്തിന്റെ ശാക്തീകരണം സാധ്യമാവുക എന്നു മനസ്സിലാക്കുന്ന സംഘടന ഏരിയാ-ജില്ലാ - സംസ്ഥാന തലങ്ങളില്‍ സെമിനാറുകളും സംവാദങ്ങളും ടേബ്ള്‍ടോക്കുകളും സൗഹൃദ സദസ്സുകളും സംഘടിപ്പിക്കുന്നു. 'വസ്ത്രത്തിന്റെ മാന്യത സംസ്‌കാരത്തിന്റെ ഭാഗമാണ്,' 'പ്രണയം ലൈംഗികത സദാചാരം; പെണ്‍പക്ഷം വായിക്കുന്നു,' 'സ്ത്രീകളും മാധ്യമങ്ങളും,' 'സ്ത്രീനിയമങ്ങള്‍: പ്രശ്‌നങ്ങളും പ്രതിവിധികളും,' 'ഇസ്‌ലാം വിജ്ഞാനമാണ് താലിബാനല്ല,' 'സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലേക്ക് എത്ര ദൂരം,' 'സ്ത്രീസുരക്ഷ: കതിരും പതിരും,' 'സ്ത്രീ മതം മതേതരത്വം - മുസ്‌ലിം സ്ത്രീ ഇടപെടുന്നു,' 'ലിംഗപദവി നിര്‍ണയിക്കുന്നതാര്?', 'പ്രൊട്ടക്ട് ഫ്രീഡം സേവ് അവര്‍ റൈറ്റ്‌സ്', 'ഭരണകൂട ഭീകരതക്കെതിരെ പെണ്‍പോരാട്ടങ്ങള്‍,' 'സാമൂഹിക ഇടപെടലുകളിലെ സ്ത്രീ: പ്രതിരോധ പാഠങ്ങള്‍,' 'പ്രവാചകന്‍ സ്ത്രീവിമോചകന്‍', 'സ്ത്രീസുരക്ഷ ഒരു പുനര്‍ചിന്ത' മര്‍യം ജമീല അനുസ്മരണ സായാഹ്നം, 'സൗദ പടന്ന അനുസ്മരണ സദസ്സ്,' ഫാത്വിമ മെര്‍നീസി ചര്‍ച്ച' തുടങ്ങിയ ചര്‍ച്ചകള്‍ ഇത്തരത്തില്‍ പ്രസക്തമായിരുന്നു. 

കാമ്പയിനുകള്‍ 
1984-ല്‍ സ്ത്രീ പീഡനങ്ങള്‍ക്കെതിരെയും, 1992-ല്‍ മദ്യത്തിനെതിരെയും, അതിനുശേഷം സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കുക അശ്ലീല സിനിമകളും പോസ്റ്ററുകളും നിരോധിക്കുക, മദ്യനിരോധനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും കാമ്പയിനുകള്‍ നടന്നു. 2005-ല്‍ ജമാഅത്ത് വനിതാവിഭാഗവുമായി ചേര്‍ന്ന് നടത്തിയ 'അധിനിവേശത്തിനെതിരെ സ്ത്രീശക്തി', 2010-ല്‍ 'സ്ത്രീ സ്വത്വം സുരക്ഷ സമൂഹം' തുടങ്ങിയ കാമ്പയിനുകള്‍ വിപുലമായ പ്രചാരണ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടവയാണ്. 2001 ഫെബ്രുവരിയില്‍ 'സ്ത്രീ പദവിയും മഹത്വവും ഇസ്‌ലാമില്‍' എന്ന തലക്കെട്ടില്‍ കണ്ണൂര്‍ അറക്കലില്‍ നടന്ന സമ്മേളനവും  കോഴിക്കോട് മുതലക്കുളത്ത് സ്ത്രീ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മേളനവും സംഘടനാ ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. 
ശാബാനു ബീഗം കേസിന്റെ പശ്ചാത്തലത്തില്‍, ശരീഅത്തും ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ ഇടപെട്ട്, ഇസ്‌ലാമിക ശരീഅത്തിനനുസരിച്ച് മുഹമ്മദന്‍ ലോ പരിഷ്‌കരിക്കണമെന്നും മുത്ത്വലാഖ് ഇസ്‌ലാമികമല്ലെന്നും ഏക സിവില്‍ കോഡ് അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാട് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ശരീഅത്ത് സംവാദത്തില്‍ ജി.ഐ.ഒ പ്രഖ്യാപിച്ചു. ശരീഅത്തിനെ സംബന്ധിച്ച് സ്ത്രീസമൂഹത്തെ ബോധ്യപ്പെടുത്താനും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും ശരീഅത്ത് സംവാദ സമ്മേളനങ്ങള്‍ ആ കാലത്ത് സംഘടിപ്പിക്കുകയുണ്ടായി. അന്തര്‍ദേശീയ വനിതാനേതാക്കളുമായി  ആശയവിനിമയം നടത്താനും സംഘടന സമയം കത്തെി. 1985-ല്‍ സല്‍മ ഗരോഡിക്ക് നല്‍കിയ സ്വീകരണം ഉദാഹരണം.
തെരഞ്ഞെടുപ്പുകളിലെ മുസ്‌ലിം സ്ത്രീകളുടെ സ്ഥാനാര്‍ഥിത്വം,  പള്ളിപ്രവേശം, വിവാഹപ്രായം, ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ പൗരോഹിത്യം പ്രതിലോമ നിലപാടുകളുമായി രംഗത്തു വരുമ്പോള്‍, ഇസ്‌ലാമികാടിത്തറയില്‍നിന്ന് അതിനെ ശക്തമായി ചെറുക്കാന്‍ ജി.ഐ.ഒക്ക് കഴിഞ്ഞിട്ടു്. ഇസ്‌ലാമിലെ സ്ത്രീ പ്രതിനിധാനത്തിന്റെ മഹത്വവും ഗാംഭീര്യവും ഉയര്‍ത്തിപ്പിടിക്കുക എന്ന ചരിത്രനിയോഗത്തിന് കടമ്പകളേറെയാണെന്ന് സംഘടന മനസ്സിലാക്കുന്നു. സെക്യുലര്‍ ലിബറല്‍ വായനകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഭീഷണി മറുവശത്തു്. അരാജകവാദങ്ങളും സ്ത്രീയുടെ പ്രകൃതത്തോടോ സാമൂഹിക സന്തുലിതാവസ്ഥയോടോ നീതിപാലിക്കാത്ത അതിവാദങ്ങളും യുക്തിഭദ്രവും നീതിയുക്തവുമായ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സംഘടന പ്രഖ്യാപിക്കുന്നു. കാലിക വിഷയങ്ങളിലെ സംഘടനാ നിലപാടുകള്‍  ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും അതതു സമയങ്ങളില്‍ ജി.ഐ.ഒ പ്രകാശിപ്പിക്കുന്നു. 
മുഖ്യധാരാ സ്ത്രീ സംഘടനകള്‍ക്ക് അവകാശപ്പെടാനാകാത്ത, അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ജി.ഐ.ഒവിന് സാധിക്കുന്നു്. എന്നാല്‍ വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച്, പുതിയ വീക്ഷണധാരകളും പ്രവര്‍ത്തന രീതികളും സ്വാംശീകരിച്ച്  ജി.ഐ.ഒവിന്റെ ഇടം വിശാലമാകേണ്ടതുണ്ട്. 
'സ്ത്രീ' പല പരികല്‍പ്പനകളില്‍ ചര്‍ച്ചാവിഷയമായി വരുന്ന സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ 'മുസ്‌ലിം സ്ത്രീ'യെ പ്രത്യേകമായി ചര്‍ച്ച ചെയ്യാന്‍ ഉത്സാഹിക്കുന്നു് സമൂഹം. ലിബറല്‍-സെക്യുലര്‍ ചിന്തകള്‍ വരച്ചുവെച്ച സ്ത്രീപരികല്‍പനകളെ മറികടന്ന് യഥാര്‍ഥ സ്ത്രീപരികല്‍പന സമൂഹത്തിനു മുന്നില്‍ സുന്ദരമായി ആവിഷ്‌കരിക്കാന്‍ ജി.ഐ.ഒവിന് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. 


ജി.ഐ.ഒ സംസ്ഥാന 
ഭാരവാഹികള്‍ 
(1984-2017)


വര്‍ഷം    പ്രസിഡന്റ്    സെക്രട്ടറി
1984-1986    കെ.കെ ഫാത്വിമ സുഹ്‌റ    റുഖിയ്യ റഹീം
1986-1988    കെ.കെ. ഫാത്വിമ സുഹ്‌റ    റുഖിയ്യ റഹീം
1988-1989    വി.പി സ്വഫിയ്യ    കെ. ജമീല 
1989-1992    എ. റഹ്മത്തുന്നിസ    കെ.ടി ശരീഫ 
1993-1995    ഹമീദ    ആസിയ അനീസ്
1995-1997    പി. മറിയുമ്മ    പി.വി. റഹ്മാബി
1997-1999    പി.വി. റഹ്മാബി    ഉമ്മു കുല്‍സു
1999-2001    സൗദ പടന്ന    കെ. അത്വിയ്യ
2001-2003    സൗദ പടന്ന    സറീന മസ്ഊദ്
2003-2005    സൗദ പടന്ന    കെ. ജസീന
2005-2006    ശബീന ശര്‍ഖി    കെ. ജസീന 
2006-2008    കെ.പി സല്‍വ    കെ. ജസീന
2009-2010    കെ.കെ റഹീന    ശബീന ശര്‍ഖി
2011    എ.ആര്‍ തസ്‌നീം    ശഫ്‌ന മൊയ്തു
2012    എം.കെ സുഹൈല    പി. റുക്‌സാന
2013    പി. റുക്‌സാന    ലബീബ ഇബ്‌റാഹീം
2014    പി. റുക്‌സാന    സൗദ പേരാമ്പ്ര
2015    പി. റുക്‌സാന     യു. ആബിദ  
2016    പി. റുക്‌സാന     എന്‍. ഫസ്‌ന
2017    പി. റുക്‌സാന     എന്‍. ഫസ്‌ന

Comments

Other Post