പ്രസ്ഥാനമാര്‍ഗത്തില്‍ വെളിച്ചങ്ങളായവര്‍
കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആറര പതിറ്റാണ്ട് സംഭവബഹുലമായിരുന്നു. പ്രസ്ഥാനവഴിയില്‍ അണയാ വിളക്കുകളായി ജ്വലിച്ചുനില്‍ക്കുന്ന ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍, സംഘടനാ വളര്‍ച്ചയില്‍ നാഴികക്കല്ലുകളായി മാറിയ സ്ഥാപനങ്ങള്‍, സമ്മേളനങ്ങള്‍, നവീന സംരംഭങ്ങള്‍.... ശാരീരികവും മാനസികവുമായ പീഡനങ്ങളേറ്റുവാങ്ങി ത്യാഗനിര്‍ഭരമായി ജീവിച്ച് കേരളക്കരയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് മേല്‍വിലാസമുണ്ടാക്കി കടന്നുപോയ പ്രസ്ഥാന നേതാക്കളും പ്രവര്‍ത്തകരും നിരവധി. വി.കെ.എം ഇസ്സുദ്ദീന്‍ മൗലവി, ടി. മുഹമ്മദ് സാഹിബ്, കെ. മൊയ്തു മൗലവി, കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍, മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി, ടി. ഇസ്ഹാഖലി മൗലവി, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ്, കെ.ടി അബ്ദുര്‍റഹീം സാഹിബ്, യു.കെ ഇബ്‌റാഹീം മൗലവി, സി.ടി സാദിഖ് മൗലവി, എസ്.എം ഹനീഫ സാഹിബ്, കെ.പി.കെ അഹ്മദ് മൗലവി, വി.എം അബ്ദുല്‍ ജബ്ബാര്‍ മൗലവി, കെ. അബ്ദുസ്സലാം മൗലവി, എന്‍.എം ശരീഫ് മൗലവി, ടി.കെ മുഹമ്മദ് സാഹിബ്, പി.കെ റഹീം സാഹിബ്, പ്രഫ. പി.എ സഈദ് സാഹിബ്... ഈ പട്ടിക നീണ്ടതാണ്. പ്രസ്ഥാനത്തിന്റെ ആദ്യകാലസാരഥ്യം വഹിച്ച ഹാജി സാഹിബിനെയും കെ.സി അബ്ദുല്ല മൗലവിയെയും പരിചയപ്പെടുത്തുന്നു.
കേരളത്തിന്റെ ഇസ്‌ലാമിക
വിപ്ലവനായകന്‍
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനത്തിന് മലയാളക്കരയില്‍ അസ്തിവാരം ഉറപ്പിച്ചത് ഹാജി വി.പി മുഹമ്മദലി സാഹിബാണ്. ഒരു ജ്യോതിസ്സിനെ പോലെ കേരളത്തിലെ ഇസ്‌ലാമിക നഭോമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട് പ്രഭപരത്തി പെട്ടെന്ന് പൊലിഞ്ഞുപോയ പരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമാണ് അദ്ദേഹം. അനല്‍പമായ ഗൃഹാതുരത്വത്തോടെ മാത്രമേ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. ചുരുങ്ങിയ ദശകങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ചൂടും ചുണയുമുള്ള ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഉജ്ജ്വല മാതൃക കാഴ്ചവെച്ച് അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്ന് കേരളമെങ്ങും അലയടിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക നവജാഗരണത്തിലെ ആദ്യ അലകള്‍ ഇളക്കിവിട്ടത് അദ്ദേഹമാണ്. പരിചിതര്‍ക്കെല്ലാം അദ്ദേഹം ഹാജി സാഹിബായിരുന്നു.
ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സ്ഥാപക നേതാവ്, പ്രഥമ അമീര്‍, പ്രഗത്ഭ പണ്ഡിതന്‍, കരുത്തുറ്റ പരിഷ്‌കര്‍ത്താവ്, സമര്‍പ്പണസന്നദ്ധനായ സംഘാടകന്‍, പ്രതിഭാധനനായ പൊതു പ്രവര്‍ത്തകന്‍, പ്രസംഗകന്‍, തൂലികാകാരന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വിപ്ലവനായകനാണ് ഹാജി സാഹിബ്.
വിദ്യാഭ്യാസാനന്തരം പഴയങ്ങാടിയില്‍ മദ്‌റസാ അധ്യാപകനായിരിക്കെ തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെയാണ് ഹാജി സാഹിബ് സയ്യിദ് അബുല്‍ അഅ്‌ല മൗദൂദിയെ പരിചയപ്പെടുന്നത്. അതില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ലേഖനങ്ങള്‍ അദ്ദേഹത്തെ അത്യധികം സ്വാധീനിച്ചു. അവയില്‍ ആകൃഷ്ടനായ ഹാജി സാഹിബ് ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായ അതേ വര്‍ഷം 1941 ഒക്‌ടോബര്‍ 15-ന് അതില്‍ അംഗമായി. കത്തിടപാടുകളിലൂടെയായിരുന്നു ഹാജി സാഹിബും സയ്യിദ് മൗദൂദിയും പരസ്പരം ബന്ധപ്പെട്ടിരുന്നത്.
അതീവ സങ്കീര്‍ണവും ഗഹനവുമായ ആധുനിക പ്രശ്‌നങ്ങളില്‍പോലും ഇസ്‌ലാമിന്റെ വീക്ഷണങ്ങളും സമീപനങ്ങളും യുക്തിസഹമായി സമൂഹസമക്ഷം സമര്‍പ്പിച്ചിരുന്ന മൗലാനയുടെ ശിഷ്യത്വം സ്വീകരിച്ച് കൂടുതല്‍ പഠിക്കാന്‍ ഹാജി സാഹിബിന്റെ ഹൃദയം തുടികൊട്ടി. അതിനാല്‍ കൈവശം പണമില്ലാതിരുന്നിട്ടും സയ്യിദ് മൗദൂദിയെ കാണാന്‍ പഠാന്‍ കോട്ടിലേക്ക് പുറപ്പെട്ടു. പലയിടങ്ങളിലും സാഹസികമായി ജോലി ചെയ്ത് യാത്രാക്കൂലി സമ്പാദിച്ച് ദല്‍ഹിയിലെത്തി. അതിനിടെ ജാമിഅഃ മില്ലിയ്യയില്‍ പ്രസംഗിക്കാന്‍ സയ്യിദ് മൗദൂദി വരുന്നുണ്ടെന്ന വിവരമറിഞ്ഞു. കത്തിടപാടുകളിലൂടെ ബന്ധമുണ്ടായിരുന്നതിനാല്‍ കണ്ട ഉടനെത്തന്നെ ആത്മമിത്രങ്ങളായി. തുടര്‍ന്ന് പഠാന്‍കോട്ടിലെ 'ദാറുല്‍ ഇസ്‌ലാമി'ല്‍ പോയി ഏതാനും മാസം അവിടെ താമസിച്ചു. അവിടെ വെച്ച് സയ്യിദ് മൗദൂദിയുടെ ഇസ്‌ലാം മതവും രക്ഷാസരണിയും മലയാളത്തിലേക്ക് തര്‍ജമ ചെയ്തു.
നാട്ടില്‍ തിരിച്ചെത്തി ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ജമാഅത്തെ ഇസ്‌ലാമിയോട് പ്രതിബദ്ധത പുലര്‍ത്തുന്ന ഏതാനും വ്യക്തികളെ ഉള്‍പ്പെടുത്തി 1946 ല്‍ 'ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍' രൂപീകരിച്ചു. ദാറുല്‍ ഇസ്‌ലാമില്‍ വെച്ച് പരിഭാഷപ്പെടുത്തിയ ഇസ്‌ലാം മതം എന്ന പുസ്തകം 1945-ല്‍ ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചു. അങ്ങനെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് സ്ഥാപിതമായി. തുടര്‍ന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഏകാന്തപഥികനെപോലെ ചുറ്റിക്കറങ്ങി പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഇസ്‌ലാം മതം വാങ്ങിയ വ്യക്തികളെ അന്വേഷിച്ച് കണ്ടുപിടിച്ച് അവര്‍ക്ക് പ്രസ്ഥാനത്തെ പരിചയപ്പെടുത്തി.
കോഴിക്കോട് കുഞ്ഞോയി വൈദ്യരുടെ പീടികമുറിയില്‍ വെച്ച് ഹാജി സാഹിബ് പതിനഞ്ചോളം ദിവസം ക്ലാസ് നടത്തുകയുണ്ടായി. അതില്‍ ആകൃഷ്ടരായി ജമാഅത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വ്യക്തികളെ സംഘടിപ്പിച്ച് പ്രസ്ഥാനത്തിന്റെ പ്രഥമ ഘടകം കോഴിക്കോട്ട് സ്ഥാപിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ രണ്ടാമത്തെ ഘടകം സ്ഥാപിതമായത് 1948-ല്‍ വളാഞ്ചേരിയിലാണ്. അവിടം കേന്ദ്രമായി സംസ്ഥാന ഘടകവും രൂപീകൃതമായി. ഹാജി സാഹിബ് നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഖയ്യിം എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.
അസാധാരണമായ ധീരതയും പ്രത്യുല്‍പന്നമതിത്വവും ഉണ്ടായിരുന്ന ഹാജി സാഹിബ് പ്രഭാഷണങ്ങളിലൂടെയും പഠന ക്ലാസുകളിലൂടെയും പ്രസ്ഥാനത്തിന്റെ സന്ദേശം കേരളത്തിന്റെ മുക്കുമൂലകളില്‍ എത്തിച്ചു. അങ്ങനെ ഒരുവശത്ത് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മാമൂലുകളുടെയും കൂരിരുട്ടും മറുവശത്ത് മനുഷ്യജീവിതത്തെ ഭൗതിക ചിന്താഗതികളുടെ കരങ്ങളില്‍ അര്‍പ്പിക്കുന്ന പരിഷ്‌കരണ സംരംഭങ്ങളിലെ പാപ്പരത്തവും നിലനിന്നിരുന്ന മലയാളക്കരയില്‍ ഇസ്‌ലാമിനെ സമഗ്ര ജീവിത ദര്‍ശനം എന്ന നിലയില്‍ സമര്‍പ്പിച്ചു. കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും ഭൗതിക ദര്‍ശനങ്ങള്‍ക്ക് ബദലായി നിലകൊള്ളാനും പ്രാപ്തമായ ജീവിത പദ്ധതി എന്ന നിലയില്‍ ഇസ്‌ലാമിന്റെ സാധ്യതയും സാധുതയും തെളിയിച്ചുകാണിച്ചു.
യാഥാസ്ഥിതികരുടെ എതിര്‍പ്പ് കാരണം വാണിമേലില്‍ നടക്കാതെ പോയ ജമാഅത്തെ ഇസ്‌ലാമി സമ്മേളനം കോഴിക്കോട്ടു വെച്ച് ചേരുകയും പ്രബോധനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 1949 ആഗസ്റ്റ് ഒന്നിന് പ്രഥമ ലക്കം വെളിച്ചം കണ്ടു. പ്രബോധനത്തിന് ആവശ്യമായ ലേഖനങ്ങള്‍ തയാറാക്കിയിരുന്നതും വിവര്‍ത്തനം ചെയ്തിരുന്നതും പ്രൂഫ് പരിശോധിച്ചിരുന്നതും അച്ചടിപ്പിച്ചിരുന്നതും വിതരണത്തിന് നേതൃത്വം നല്‍കിയിരുന്നതും ഹാജി സാഹിബ് തന്നെയാണ്. സഹായിയായി പ്രഗത്ഭ പണ്ഡിതനും ഇഛാശക്തിയുടെ കാണപ്പെടുന്ന രൂപവുമായ കെ.സി അബ്ദുല്ല മൗലവിയുമുണ്ടായിരുന്നു.
1959 ഒക്‌ടോബര്‍ 2-ന് ഹാജി സാഹിബ് എന്ന ആ കര്‍മയോഗി ഈ ലോകത്തോട് വിടപറഞ്ഞു. കൊടിഞ്ഞിയിലേക്കുള്ള യാത്രാമധ്യേയാണ് രോഗബാധിതനായത്. അനാരോഗ്യം അവഗണിച്ച് അവസാനനിമിഷം വരെയും കര്‍മ പഥത്തില്‍ നിലകൊണ്ടു. മരണമടയുമ്പോള്‍ പ്രായം 47 വയസ്സ് മാത്രമായിരുന്നു.
വിശുദ്ധ ഖുര്‍ആനിലും ഇസ്‌ലാമിക വിഷയങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന കെ.സി അബ്ദുല്ല മൗലവി വാഴക്കാട് ദാറുല്‍ ഉലൂമില്‍ അധ്യാപകനായിരിക്കെ അവിടെ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്ന ഹാജി സാഹിബുമായി ബന്ധം സ്ഥാപിച്ചു. എന്നാല്‍ അത് പ്രാസ്ഥാനിക ബന്ധമായി വളര്‍ന്നതും വികസിച്ചതും കാസര്‍കോട് ആലിയ്യയില്‍ വെച്ചാണ്. 1949-ല്‍ ആലിയ്യയിലെ അധ്യാപനജോലിയില്‍നിന്ന് വിരമിച്ച കെ.സി സാഹിബ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായി. പ്രസ്ഥാന നേതൃത്വത്തില്‍ ആദ്യമായി നടന്ന വാണിമേല്‍ വഅ്‌ള് പരമ്പരയില്‍ രണ്ട് ദിവസം പ്രസംഗിച്ചു. പ്രൗഢവും ആകര്‍ഷകവുമായിരുന്നു അത്. തുടര്‍ന്ന് ജമാഅത്ത് പരിപാടികളിലെ സ്ഥിരസാന്നിധ്യമായി. 1948 ജനുവരി 15-നാണ് സംഘടനയില്‍ അംഗത്വമെടുത്തത്. പിന്നീട് 1958 വരെ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ഉത്തര മേഖലാ നാസിമായി സേവനമനുഷ്ഠിച്ചു. ഹാജി സാഹിബിന്റെ വിയോഗാനന്തരം കേരള ഘടകത്തിന്റെ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1990 വരെ ഏതാനും വര്‍ഷത്തെ ഇടവേള ഒഴിച്ച് 22 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. നേതൃസ്ഥാനത്തുനിന്ന് മാറിനിന്ന ഇടവേളകളില്‍ പഠനത്തിലും ഗവേഷണത്തിലും ഗ്രന്ഥരചനയിലും അധ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഹാജി സാഹിബിന്റെ അപ്രതീക്ഷിതമായ അന്ത്യം സൃഷ്ടിച്ച വിടവ് ഒട്ടൊക്കെ നികത്താനായത് കെ.സിയുടെ നേതൃരംഗത്തെ സാന്നിധ്യമാണ്. 1965-ലെ ഇന്ത്യ-പാക് യുദ്ധവേളയിലും 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്ത് നിരോധിക്കപ്പെട്ടപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ട കെ.സി സാഹിബ് ജയില്‍ വാസമനുഷ്ഠിച്ചിട്ടുണ്ട്.
അധ്യാപന ജോലിയിലൂടെ പൊതുരംഗത്തേക്ക് വന്ന കെ.സി അബ്ദുല്ല മൗലവി ദീര്‍ഘവീക്ഷണമുള്ള വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകളര്‍പ്പിച്ച അദ്ദേഹം ആ മേഖലയില്‍ മൗലിക മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ ആദ്യമായി വനിതാ ഇസ്‌ലാമിക വിദ്യാലയം സ്ഥാപിച്ചത് കെ.സിയാണ്. 1960-ലായിരുന്നു ഇത്. ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സിന് തുടക്കം കുറിച്ചതും കെ.സി തന്നെ. ആദ്യമായി ദഅ്‌വാ കോളേജ് ആരംഭിച്ചതും ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്ന ആശയം മുന്നോട്ടുവെച്ചതും കെ.സിയാണ്. 1966-ല്‍ ചേന്ദമംഗല്ലൂരില്‍ ഹൈസ്‌കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. 1952-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാാപിതമായ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയാണ് കേരളത്തില്‍ ആദ്യമായി ഒന്നാം ക്ലാസ് മുതല്‍ അറബി ഭാഷാ പഠനത്തിന് തുടക്കം കുറിച്ചത്.
ജമാഅത്ത് പ്രവര്‍ത്തകരാല്‍ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരളയുടെ രൂപീകരണത്തിലും അതില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിലും പാഠ്യപദ്ധതി തയാറാക്കുന്നതിലും കെ.സി നിര്‍ണായക പങ്കുവഹിച്ചു.
1949-ല്‍ പ്രബോധനം പാക്ഷികം പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ അതിന്റെ സഹായിയായി. പ്രബോധനത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും മഹത്തായ സംഭാവനകളര്‍പ്പിച്ചു. ആരാമം വനിതാ മാസികയുടെയും മലര്‍വാടി ബാലമാസികയുടെയും പിറവിക്കു പിന്നിലും നേതൃപരമായ പങ്കുവഹിച്ചു. 1980-ല്‍ വെളിച്ചം കണ്ട ശാസ്ത്രവിചാരം മാസികക്കു പിന്നില്‍ പ്രവര്‍ത്തിച്ചതും അദ്ദേഹമായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ മുഖ്യശില്‍പിയും കെ.സി തന്നെ.
ഇസ്‌ലാമിക പ്രബോധനം ഓരോ വ്യക്തിയുടെയും മൗലിക ബാധ്യതയാണെന്ന ബോധം വളര്‍ത്തുന്നതില്‍ കെ. സിയുടെ ശ്രദ്ധയും ശ്രമവും എടുത്തുപറയേണ്ടതാണ്. ഖുര്‍ആനിന്റെ തണലില്‍ ജീവിച്ച അദ്ദേഹം ശാസ്ത്ര - സാങ്കേതിക വിദ്യ ഉള്‍പ്പെടെ വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ തന്റെ പരന്ന വായനയിലൂടെ അവഗാഹം നേടി. കര്‍മനിരതമായ ജീവിതം നയിച്ച കെ.സി അറിയപ്പെടുന്ന ഖത്വീബും പ്രഭാഷകനുമായിരുന്നു. പരലോകം ഖുര്‍ആനില്‍, അല്ലാഹു ഖുര്‍ആനില്‍, പ്രബോധനം ഖുര്‍ആനില്‍, ഇബാദത്ത് ഒരു സമഗ്രപഠനം എന്നിവ ഉള്‍പ്പെടെ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 1995 ആഗസ്റ്റ് 13-ന് ഇഹലോകവാസം വെടിഞ്ഞു.
Comments