ഇസ്‌ലാമിക പ്രസ്ഥാനം: ലക്ഷ്യവും മാര്‍ഗവും
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യത്തെയും മാര്‍ഗത്തെയും കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ പ്രസ്ഥാനം പിറവികൊണ്ട പശ്ചാത്തലം, അതിന്റെ ആശയാദര്‍ശങ്ങളുടെ സ്രോതസ്സുകള്‍, പ്രപഞ്ചവീക്ഷണം, ജീവിതദര്‍ശനം തുടങ്ങിയ വിഷയങ്ങളിലൂടെ ഒരു ലഘുസഞ്ചാരം ആവശ്യമാകുന്നു.
യൂറോപ്യന്‍ കൊളോണിയലിസം മുസ്‌ലിം രാജ്യങ്ങളെ ഗ്രസിച്ചുതുടങ്ങിയതോടെ, നേരത്തേതന്നെ എല്ലാ വികസനതുറകളില്‍നിന്നും പിന്നാക്കം പോയിക്കൊണ്ടിരുന്ന മുസ്‌ലിം ലോകത്തിന്റെ ആത്മീയ ശക്തിക്ഷയത്തിനും രാഷ്ട്രീയ ശൈഥില്യത്തിനും സാമ്പത്തിക-സാംസ്‌കാരികാധഃപനത്തിനും ആക്കംകൂടി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍, നിലവിലുണ്ടായിരുന്ന നാമമാത്ര ഖിലാഫത്തും തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്‌ലിം ലോകം തികച്ചും നൂലുപൊട്ടിയ മാലപോലെയായി. നേതൃത്വവും ശക്തിയും സമ്പത്തും വിജ്ഞാനവും ഒന്നുമില്ലാത്ത ആള്‍ക്കൂട്ടങ്ങള്‍ മാത്രമായി ആഗോള മുസ്‌ലിം സമൂഹങ്ങള്‍. കൊളോണില്‍ ശക്തികള്‍ അവരെ തങ്ങളുടെ താല്‍പര്യത്തിനൊത്ത് ചലിപ്പിച്ചുകൊണ്ടിരുന്നു.
പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മുസ്‌ലിംകള്‍ ഇസ്‌ലാമിനെ പഠിക്കാനോ അതിന്റെ സാധ്യതകളാരായാനോ തയാറായില്ല. മുസ്‌ലിം സമുദായം പുരോഗമിക്കാന്‍ പാശ്ചാത്യ സംസ്‌കാരവും ആധുനിക ആശയങ്ങളും സ്വീകരിക്കണമെന്ന് അവര്‍ വാദിച്ചു. അതിനെതിരായ ദീനീ ആദര്‍ശങ്ങളും ആചാരങ്ങളും തള്ളിക്കളയണം. മതം വേണമെങ്കില്‍ സ്വകാര്യ ജീവിതത്തില്‍ മാത്രം ആചരിക്കാം. പൊതു ജീവിതത്തില്‍ അതിന് യാതൊരു പരിഗണനയും ഉണ്ടായിരിക്കരുത്. ചിലയാളുകള്‍ ഖുര്‍ആനിനും സുന്നത്തിനും ഇടതുപക്ഷ വ്യാഖ്യാനം നല്‍കി ഇസ്‌ലാമിനെ കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ആലയില്‍ കെട്ടാന്‍ ശ്രമിച്ചു. മറ്റു ചിലര്‍ ദേശസ്‌നേഹത്തിനും ദേശാഭിമാനത്തിനും ദേശീയ പാരമ്പര്യങ്ങള്‍ക്കും വിധേയമായി വേണം ദീനീപ്രമാണങ്ങള്‍ വ്യാഖ്യാനിക്കാനും ആചരിക്കാനുമെന്നു വാദിച്ചു. മതപണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിനും ഇത്തരം വാദഗതികളുടെ ആഴത്തെക്കുറിച്ചോ വ്യാപ്തിയെക്കുറിച്ചോ ആഘാതത്തെക്കുറിച്ചോ ചിന്തയുണ്ടായിരുന്നില്ല. അവര്‍ കര്‍മശാസ്ത്രപരമായ തര്‍ക്കങ്ങളില്‍ അഭിമരിച്ചു. അങ്ങിങ്ങ് ഉയര്‍ന്നുവന്ന നവോത്ഥാന- പരിഷ്‌കരണ സംരംഭങ്ങളെയാണവര്‍ മതത്തിന്റെ മുഖ്യ ശത്രുക്കളായി കണ്ടത്. ഇതിനിടയില്‍ സാധാരണക്കാര്‍ അവര്‍ക്ക് പാരമ്പര്യമായി ലഭിച്ച വികലവും വികൃതവുമായ മത സങ്കല്‍പങ്ങളെയും സമ്പ്രദായങ്ങളെയും യഥാര്‍ഥ ദീനായി ആചരിച്ചുപോന്നു. ഏതാനും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പിന്നെ കുറേ പ്രാര്‍ഥനാമന്ത്രങ്ങളും നേര്‍ച്ചകളുമായിരുന്നു അവരുടെ മതം. ഈയൊരു പതിതോവസ്ഥയിലാണ് പാശ്ചാത്യ ഭൗതിക ചിന്തകളെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തുകൊണ്ടും അതിനെതിരെ ഇസ്‌ലാമിനെ ബദല്‍ ദര്‍ശനവും പ്രത്യയശാസ്ത്രവുമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മുസ്‌ലിം ലോകത്തിന്റെ പല ഭാഗങ്ങളിലും നവജാഗരണ പ്രസ്ഥാനങ്ങള്‍ രംഗപ്രവേശം ചെയ്തത്. അക്കൂട്ടത്തില്‍ അവിഭക്ത ഇന്ത്യയില്‍ ഉദയം ചെയ്ത നവോത്ഥാന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും തുര്‍ക്കിയിലെ നൂര്‍സി പ്രസ്ഥാനവും ഇന്തോനേഷ്യയിലെ മശൂമി പ്രസ്ഥാനവും ഈ നവജാഗരണധാരയിലെ സംരംഭങ്ങളാണ്. ഈ പ്രസ്ഥാനങ്ങളെല്ലാം ഇസ്‌ലാമിനെ ഒരു സാമ്പ്രദായിക ആചാര മതം എന്നതിനപ്പുറം സമ്പൂര്‍ണ ജീവിതദര്‍ശനമായി കണ്ടു. ഇസ്‌ലാമില്‍നിന്നും അത് മുന്നോട്ടുവെക്കുന്ന ദൗത്യത്തില്‍നിന്നും അകന്നുപോയതാണ് മുസ്‌ലിംകളുടെ അധഃപതനകാരണം. യഥാര്‍ഥവും സമ്പൂര്‍ണവുമായ ഇസ്‌ലാമിലേക്ക് തിരിച്ചുവരികയാണ് ഉത്ഥാനത്തിനുള്ള ഏകമാര്‍ഗം. ഇതാണ് ഈ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ മുഖ്യ ആശയം.
ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവീക്ഷണങ്ങളുടെ സ്രോതസ്സ് സ്വാഭാവികമായും ഖുര്‍ആനും സുന്നത്തുമാണ്. ജമാഅത്തിന്റെ ഭരണഘടന രണ്ടാം ഖണ്ഡികയില്‍ അതിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''സ്വജീവിതത്തിലെ സകല ഇടപാടുകളിലും, സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാന രേഖയുമായി അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും അംഗീകരിക്കുക, കിതാബിനും സുന്നത്തിനും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാര്‍ഗവും മാത്രം അവലംബിക്കുകയും അവക്കെതിരായതെന്തും തിരസ്‌കരിക്കുകയും ചെയ്യുക.''
മാനവ മാര്‍ഗദര്‍ശനാര്‍ഥം അല്ലാഹു അവതരിപ്പിച്ചുതന്ന അന്തിമ സന്മാര്‍ഗസന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍. ഭൗതികവും ആത്മീയവുമായ ജീവിതസാഫല്യത്തിന്റെ മൗലിക തത്ത്വങ്ങളത്രയും അതുള്‍ക്കൊള്ളുന്നു. ഈ തത്ത്വങ്ങളുടെ ആധികാരിക വ്യാഖ്യാതാവും പ്രയോക്താവുമായി അല്ലാഹു തന്നെ നിയോഗിച്ച ദൂതനാണ് അന്ത്യപ്രവാചകനായ മുഹമ്മദ് (സ). അദ്ദേഹം ജീവിച്ചു കാണിച്ച മാതൃകയിലൂടെയാണ് ഖുര്‍ആന്‍ മനസ്സിലാക്കേണ്ടത്. ഈ മാതൃകയാണ് 'സുന്നത്ത്' എന്നറിയപ്പെടുന്നത്. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന ഏറ്റവും പ്രഥമവും പ്രധാനവുമായ ആദര്‍ശം ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്-സാക്ഷാല്‍ ദൈവമല്ലാതെ ദൈവമില്ല, മുഹമ്മദ് സാക്ഷാല്‍ ദൈവത്തിന്റെ ദൂതനാകുന്നു- എന്നാണ്. ഇതുതന്നെയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാനാദര്‍ശം. ജമാഅത്ത് ഭരണഘടന ഖണ്ഡിക മൂന്നില്‍ അതിപ്രകാരം വിശദീകരിക്കുന്നു: ''ഈ ആദര്‍ശത്തിലെ ആദ്യ ഭാഗമായ അല്ലാഹു ഏക 'ഇലാഹ്' ആണെന്നും മറ്റാരും ഇലാഹല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതി നിയമവിധികര്‍ത്താവുമാണോ അതേ അല്ലാഹു തന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം മഅ്ബൂദും സാന്മാര്‍ഗിക വിധികര്‍ത്താവും ആരാധനക്കര്‍ഹനും. യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന് യാതൊരു പങ്കാളിയുമില്ല.''
ഖുര്‍ആനില്‍നിന്ന് ഉരുത്തിരിയുന്ന പ്രപഞ്ചവീക്ഷണത്തെ ഇങ്ങനെ സംഗ്രഹിക്കാം: പ്രപഞ്ചം ഒരു സ്രഷ്ടാവിന്റെ സൃഷ്ടിയാണ്. അനാദിയും അനന്തവും സര്‍വശക്തവും സര്‍വജ്ഞവും സബോധവും അഖണ്ഡവും ഏകവുമായ ഒരസ്തിത്വമാണ് ആ സ്രഷ്ടാവ്. അവന്‍ മാത്രമാണ് അല്ലാഹു, സാക്ഷാല്‍ ദൈവം. അല്ലാഹു പ്രപഞ്ചം സൃഷ്ടിച്ചിട്ടുള്ളത് വൃഥാവിലായിട്ടോ വിനോദമായിട്ടോ അല്ല. സോദ്ദേശ്യവും ആസൂത്രിതവുമായിട്ടാണ്. പ്രപഞ്ചത്തിന്റെ ഓരോ കണികക്കും ഓരോ ധര്‍മം നിശ്ചയിച്ചിരിക്കുന്നു. സ്വധര്‍മം നിര്‍വഹിക്കാനുള്ള ഉപാധികളും ഓരോ കണികയിലും നിവേശിപ്പിച്ചിരിക്കുന്നു. പ്രപഞ്ചം സൃഷ്ടിച്ചുവെച്ച ശേഷം ദൈവം അതുപേക്ഷിച്ച് എങ്ങും പോയിമറഞ്ഞിട്ടില്ല. ഓരോ വസ്തുവിനെയും അവന്‍ പരിപാലിച്ചുകൊിരിക്കുന്നു. പ്രാപഞ്ചിക പ്രതിഭാസങ്ങളെല്ലാം പരസ്പരബന്ധിതവും പരസ്പരപൂരകങ്ങളുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയും സൂര്യനും ഇതര സൃഷ്ടികളുമെല്ലാം ഒരേ കേന്ദ്രത്തില്‍നിന്നുള്ള നിയമത്തിനും നിയന്ത്രണത്തിനും വിധേയമായാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. സൂര്യന്‍ അതിന്റെ ഭ്രമണപഥത്തില്‍ കൃത്യമായി കറങ്ങുന്നതുകൊണ്ടും ചൂടും വെളിച്ചവും പ്രസരിക്കുന്നതുകൊണ്ടുമാണ് ഭൂമി ജീവജാലങ്ങള്‍ക്ക് വാസയോഗ്യമായത്. മഴ ഭൂമിയില്‍ സസ്യങ്ങള്‍ മുളപ്പിക്കുന്നു. സസ്യങ്ങള്‍ ജീവജാലങ്ങള്‍ക്ക് ആഹാരമാകുന്നു. സ്രഷ്ടാവായ അല്ലാഹു നിശ്ചയിച്ച അവധിയെത്തുവോളം ഇതിങ്ങനെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഈ അര്‍ഥത്തില്‍ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും 'മുസ്‌ലിംകള്‍'- അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് വിധേയരായി ചരിക്കുന്നവര്‍-ആകുന്നു. അല്ലാഹു നിശ്ചയിച്ച അവധിയെത്തിയാല്‍ എല്ലാം സ്രഷ്ടാവിങ്കലേക്കുതന്നെ മടങ്ങും. പ്രാപഞ്ചിക ഘടകങ്ങളുടെ പരസ്പരബന്ധവും പരസ്പരപൂരണവുമാണ് പ്രകൃതി. ഓരോ സൃഷ്ടിയും അതിന്റെ ധര്‍മം നിര്‍വഹിക്കുമ്പോള്‍ അത് മറ്റു സൃഷ്ടികളുടെ നിലനില്‍പിനാധാരമാകുന്നു. സൃഷ്ടിധര്‍മങ്ങള്‍ക്കു വിഘാതം നേരിടുമ്പോള്‍ പ്രകൃതിയുടെ സന്തുലനം തെറ്റുകയും നാശമുണ്ടാവുകയും ചെയ്യുന്നു. പ്രകൃതിയുടെ സന്തുലനം തെറ്റാതെ സൂക്ഷിച്ച് വര്‍ത്തിക്കുകയാണ് നീതി.
മാനവികദര്‍ശനം
ദൈവത്തിന്റെ സൃഷ്ടികളിലേറ്റം ശ്രേഷ്ഠമാണ് മനുഷ്യന്‍. ഇതര സൃഷ്ടികളില്‍നിന്ന് ഭിന്നമായി അവന് ഇഛിക്കാനും ഇഛകള്‍ നടപ്പിലാക്കാനുള്ള സ്വാതന്ത്ര്യവും വിവേചനബോധവുമുണ്ട്. ശാരീരികധര്‍മങ്ങളുടെ കാര്യത്തില്‍ മനുഷ്യനും ഏറക്കുറെ പ്രകൃത്യാ 'മുസ്‌ലിമാ'ണ്-അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനിഛയാ വിധേയനാണ്. താന്‍ എവിടെ ആരുടെ സന്തതിയായി ജനിക്കണമെന്ന് തീരുമാനിക്കാന്‍ പോലും അവനാവില്ല. എന്നാല്‍, മനോധര്‍മങ്ങളുടെ കാര്യത്തില്‍ അവന്‍ സ്വതന്ത്രനാകുന്നു. താന്‍ എവിടെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും ചെയ്യുകയില്ലെന്നും എന്തു കൊള്ളുമെന്നും തള്ളുമെന്നുമൊക്കെ തീരുമാനിക്കാനും അത് നടപ്പിലാക്കാനും അവന് സ്വാതന്ത്ര്യമു്. ഈ സ്വാതന്ത്ര്യത്തെ പ്രകൃതിയോട് സമരസപ്പെടുത്തേണ്ടത് പ്രകൃതിയുടെ സന്തുലനത്തിന് പോറലേല്‍ക്കാതിരിക്കാനും സ്വന്തം ഭൗതികജീവിതം സുരക്ഷിതവും നീതിപൂര്‍വകവുമായിരിക്കാനും അനിവാര്യമാകുന്നു.
ദൈവം മനുഷ്യന് സവിശേഷ യോഗ്യതകളും സ്വാതന്ത്ര്യവും നല്‍കിയത് അവന്‍ ഈ ഭൂമിയില്‍ ജനിച്ച് ഏതാനും കൊല്ലം സ്വേഛാനുസാരം ജീവിച്ചു മരിച്ചു മണ്ണടിഞ്ഞ് ശൂന്യതയില്‍ ലയിക്കാനല്ല. മനുഷ്യന്‍ ഈ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി-ഖലീഫ-ആകുന്നു. ആരെ പ്രതിനിധീകരിക്കുന്നുവോ അയാളുടെ താല്‍പര്യങ്ങള്‍ നിറവേറ്റുകയാണല്ലോ ഒരു പ്രതിനിധിയുടെ ചുമതല. ഭൂമിയെ അല്ലാഹു ഇഛിക്കുന്ന വിധത്തില്‍ സംസ്‌കരിക്കുകയാണ് മനുഷ്യനില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം. മനുഷ്യനെ എവിടെനിന്നോ ക്ഷണിച്ചുകൊണ്ടുവന്ന് ഭൂമിയിലെ തന്റെ പ്രതിനിധിയായി അവരോധിച്ചിരിക്കുകയല്ല അല്ലാഹു. ഭൂമിയിലെ പ്രതിനിധിയായിരിക്കാന്‍ വേണ്ടി അവന്‍തന്നെ ആസൂത്രിതമായി സൃഷ്ടിച്ചതാണ് മനുഷ്യനെ. ഈ പ്രതിനിധി അല്ലാഹുവിന്റെ അടിമയുമാകുന്നു. ഉടമയെ ആരാധിക്കുകയും അനുസരിക്കുകയും മാത്രമാണ് മനുഷ്യന്റെ സൃഷ്ടിലക്ഷ്യമെന്ന് ഖുര്‍ആന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യം അല്ലാഹുവിന് സമര്‍പ്പിച്ച് അവന്റെ അടിമത്തം അംഗീകരിച്ച് അവന്റെ ധര്‍മശാസനകള്‍ക്കൊത്ത ജീവിതക്രമം ബോധപൂര്‍വം സ്വീകരിക്കുകയാണ് 'ഇസ്‌ലാം.' അതാണ് മനുഷ്യന്റെ സഫല ജീവിതം.
മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുന്നില്ല. മരണം പരലോകത്തിലെ നിത്യ ജീവിതത്തിലേക്കുള്ള കവാടമാണ്. ഈ ലോകത്ത് ജനിച്ചു മരിച്ച സകലമാന മനുഷ്യരെയും ഒരുമിച്ചുകൂട്ടി, ദൈവം അവരിലര്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചുവോ എന്നു വിചാരണ ചെയ്യുന്ന ഒരുനാള്‍ വരുന്നുണ്ട്. ഉത്തരവാദിത്തം നിര്‍വഹിച്ചവര്‍ അന്ന് നിത്യ സ്വര്‍ഗം കൊണ്ട് അനുഗൃഹീതരാകുന്നു. ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയവര്‍ അവരുടെ വീഴ്ചയര്‍ഹിക്കുന്ന ശിക്ഷാ നടപടിക്കു വിധേയരാകും. ഉത്തരവാദിത്തത്തെ ഒട്ടും വകവെക്കാതെ സ്രഷ്ടാവായ ദൈവത്തെയും സത്യ-ധര്‍മങ്ങളെയും പൂര്‍ണമായി നിഷേധിച്ചു വാണവര്‍ നിത്യ നരകത്തിലേക്ക് തള്ളപ്പെടുന്നു. പരീക്ഷിക്കപ്പെടാനാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്. ഭൗതികലോകത്ത് അവന്റെ മുന്നിലുള്ള ഓരോ മണല്‍ത്തരിയും ഓരോ ചോദ്യമാണ്. ഈ ചോദ്യത്തിന് അവന്‍ നല്‍കിയ ഉത്തരമാണ് പരീക്ഷിക്കപ്പെടുന്നത്.
ഭൗതികജീവിതം സംസ്‌കരിച്ചു വികസിപ്പിക്കുന്നതിനും പാരത്രിക ജീവിതം വിജയകരമാക്കുന്നതിനും മനുഷ്യരെ പ്രാപ്തരാക്കുന്നതിനു വേണ്ടി സ്രഷ്ടാവ് അവതരിപ്പിച്ചുതന്ന പ്രകൃതിമതം-ദീനുല്‍ ഫിത്്വറ-ആണ് ഇസ്‌ലാം. ഈ ദീന്‍ പ്രബോധനം ചെയ്യുന്നതിനു വേണ്ടിയാണ് പ്രാചീന കാലത്ത് വേദങ്ങളും പ്രവാചകന്മാരും ആഗതരായത്. വേദ-പ്രവാചക ശൃംഖലയുടെ അവസാനത്തെ കണ്ണികളായിരുന്നു അറേബ്യയില്‍ ആഗതനായ മുഹമ്മദ് നബി(സ)യും അദ്ദേഹം കൊണ്ടുവന്ന ഖുര്‍ആനും. അന്ത്യപ്രവാചകനു ശേഷം ജനങ്ങളെ ഖുര്‍ആനിക സന്ദേശത്തിലേക്ക് ക്ഷണിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ശിഷ്യന്മാരായ സത്യവിശ്വാസികളില്‍ നിക്ഷിപ്തമായി. ആദ്യകാല മുസ്‌ലിംകള്‍ ഈ ദൗത്യം യഥാവിധി നിര്‍വഹിച്ചുപോന്നു. അതുവഴി ലോകജനതയില്‍ വലിയൊരു ഭാഗം മുസ്‌ലിംകളായി. ജനസംഖ്യ കൊണ്ട് ലോകത്തിലെ രണ്ടാമത്തെ വലിയ മതമായി ഉയര്‍ന്നു ഇസ്‌ലാം. മുസ്‌ലിം ജനത എല്ലാ രംഗങ്ങളിലും വന്‍ പുരോഗതി നേടുകയും ചെയ്തു. കാലക്രമത്തില്‍ സമുദായം അതിന്റെ ദൗത്യത്തില്‍നിന്ന് മെല്ലെമെല്ലെ പിന്‍വാങ്ങിക്കൊണ്ടിരുന്നു. പിന്നെ അവര്‍ ദൗത്യം തന്നെ മറന്നുപോയി. അതുകൊണ്ട് രണ്ട് മഹാ നഷ്ടങ്ങളാണുണ്ടായത്. ഒന്ന്, ഇസ്‌ലാമിന്റെ വ്യാപനം നിലച്ചു. ഇതര ജനങ്ങള്‍ക്ക് ഇസ്‌ലാം അപരിചിതമായി. രണ്ട്, ജാഹിലിയ്യത്തുകള്‍ കടന്നുകയറി മുസ്‌ലിം സമുദായത്തിന്റെ ആദര്‍ശജീവിതം ദുഷിപ്പിച്ചു. തുടര്‍ന്ന് എല്ലാ മേഖലകളിലും മുസ്‌ലിംകള്‍ അധഃസ്ഥിതരായി. ഇസ്‌ലാം മുതല്‍, തൗഹീദ്, ആഖിറത്ത്, രിസാലത്ത്, ഇബാദത്ത്, ദീന്‍ തുടങ്ങിയ ഇസ്‌ലാമിക പദാവലികളുടെ വിശാലമായ അര്‍ഥതലങ്ങള്‍ പോലും അജ്ഞാതമായി. അല്ലാഹു, റബ്ബ്, റഹ്മാന്‍, അസീസ്, ഹാകിം, മാലിക് തുടങ്ങിയ ദൈവനാമങ്ങളുടെ താല്‍പര്യങ്ങള്‍ അവഗണിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ നവോത്ഥാന പ്രസ്ഥാനമായി ഉടലെടുത്ത ജമാഅത്തെ ഇസ്‌ലാമിക്ക്, ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ഥവിശകലനം മുതല്‍ തുടങ്ങേണ്ടതുണ്ടായിരുന്നു. കടുത്ത പ്രതിബന്ധങ്ങളെ നേരിട്ടുകൊണ്ടാണ് ജമാഅത്ത് അത് നിര്‍വഹിച്ചത്.
ഇസ്‌ലാം പ്രകൃതിമതമാണെന്നും പ്രപഞ്ചത്തിലെ ചരാചരങ്ങളഖിലം മുസ്‌ലിമാണെന്നും പറഞ്ഞപ്പോള്‍ ആ ആശയത്തിന്റെ ഖുര്‍ആനികാധാരം ഒട്ടും മാനിക്കാതെ, 'പറവയും പാമ്പും പോത്തുമൊക്കെ മുസ്‌ലിമാണത്രെ' എന്ന പരിഹാസവുമായി യാഥാസ്ഥിതികര്‍ നമ്മുടെ നാട്ടില്‍ രംഗത്തെത്തി. ഇസ്‌ലാം ദൈവപ്രോക്തമായ സമ്പൂര്‍ണ ജീവിത പദ്ധതിയാണന്നു പറഞ്ഞപ്പോള്‍, അല്ല ഇസ്‌ലാം മരണപദ്ധതിയാണെന്ന് എതിര്‍വാദമുയര്‍ത്തി. ഇബാദത്ത് ബാഹ്യമായ ആരാധനാനുഷ്ഠാനങ്ങള്‍ മാത്രമല്ലെന്നും അല്ലാഹുവിനുള്ള ആത്യന്തികമായ വിധേയത്വവും അനുസരണവുമാണ് അതിന്റെ ആത്മാവെന്നും വിശദീകരിച്ചപ്പോഴും വലിയ കോലാഹലങ്ങളുണ്ടായി. ഇബാദത്തിനെ ആരാധനാനുഷ്ഠാനങ്ങളില്‍ പരിമിതമാക്കിക്കൊണ്ടുള്ള ഖണ്ഡന ഗ്രന്ഥങ്ങളുടെ പരമ്പരതന്നെ മലയാളക്കരയിലിറങ്ങി. ദീന്‍, ഇലാഹ്, റബ്ബ് തുടങ്ങിയ പദങ്ങളുടെ അര്‍ഥവിശകലനം ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനമെന്നാക്ഷേപിക്കപ്പെട്ടു. വിചിത്രമെന്നു പറയട്ടെ, ഇത്തരം പ്രതിയോഗികളില്‍ നവോത്ഥാന-പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്ന വിഭാഗങ്ങളും ഉണ്ട്. ദൈവകൃപയാല്‍ ഈ തര്‍ക്കങ്ങളൊക്കെ ഏറക്കുറെ അടങ്ങിയിരിക്കുന്നു. ഇസ്‌ലാം പ്രകൃതി മതമല്ലെന്നോ ജീവിതപദ്ധതിയല്ലെന്നോ ഇന്നാരും വാദിക്കാറില്ല. ജമാഅത്തിനെതിരെ ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനം, മതരാഷ്ട്രവാദം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരും ഇസ്‌ലാമിന് അതിന്റേതായ രാഷ്ട്രീയക്രമവും ഭരണശാസനകളുമുണ്ടെന്ന് അംഗീകരിക്കുന്നുണ്ട്. ഒരു ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനം നേടേണ്ടത് ചെറിയ അളവിലെങ്കിലും ജമാഅത്തെ ഇസ്‌ലാമി നേടിയിട്ടുണ്ടെന്നാണിതിനര്‍ഥം.
ലക്ഷ്യം
ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം അതിന്റെ ഭരണഘടന മൂന്നാം ഖണ്ഡിക ഇങ്ങനെ സമര്‍പ്പിച്ചിരിക്കുന്നു: ''ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ലക്ഷ്യം ഇഖാമത്തുദ്ദീന്‍ ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും കരസ്ഥമാക്കുക എന്നതാകുന്നു.'' തുടര്‍ന്ന് ലക്ഷ്യത്തെ വിശദീകരിക്കുന്നു: ''ഇഖാമത്തുദ്ദീന്‍ എന്നതിലെ ദീന്‍ കൊണ്ടുള്ള വിവക്ഷ പ്രപഞ്ചകര്‍ത്താവായ അല്ലാഹു തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അന്ത്യപ്രവാചകനായ മുഹമ്മദ് (സ) മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി അന്തിമവും പരിപൂര്‍ണവുമായി അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ ഏകദീന്‍ ഇതൊന്നുമാത്രമാണ്. അതിന്റെ പേരത്രെ ഇസ്‌ലാം. ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യഷ്ടിഗതവും സമഷ്ടിഗതവുമായ നാനാ തുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്കു പുറത്തല്ല. ഈ ദീന്‍ ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെതന്നെ ഐഹിക പ്രശ്‌നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായ ജീവിതവ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തി-സമൂഹ-ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ. ഈ ദീനിന്റെ ഇഖാമത്ത് കൊണ്ടുള്ള വിവക്ഷ യാതൊരു പരിഛേദവും വിഭജനവും കൂടാതെ ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പൂര്‍ണമായി പിന്തുടരുകയും വ്യക്തികളുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപമായിരിക്കുമാറ്, മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതാകുന്നു. ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ് നബി(സ)യും സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ചിട്ടുള്ളതാണ്.''
ജമാഅത്തെ ഇസ്‌ലാമിയുടെ ഈ ലക്ഷ്യപ്രഖ്യാപനം സ്പഷ്ടവും ഖണ്ഡിതവുമാണ്. അതോടൊപ്പം വിദൂരമാണ് ആ ലക്ഷ്യം. മുന്‍കൂട്ടി കണക്കാക്കാനാവാത്ത നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്തുകൊണ്ട് ഒരുപാട് വഴി പിന്നിടേണ്ടതുണ്ട്. ഇന്നോ നാളെയോ അത് പൂര്‍ണമായി സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍, ഒന്നുണ്ട്; ആ മാര്‍ഗത്തില്‍ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പും പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം മഹത്തായ വിജയമാകുന്നു. അല്ലാഹുവിങ്കല്‍ അമലുസ്സ്വാലിഹാത്താകുന്നു. അവന്‍ അതിന് വലുതായ പ്രതിഫലമരുളും. ഈ വിശ്വാസമാണ് എന്നും പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ ഊര്‍ജം.
ജമാഅത്തിന്റെ ലക്ഷ്യത്തിന് രണ്ട് മാനമുണ്ട്. ഇസ്‌ലാമിക പ്രബോധനമാണ് ഒന്ന്. മുസ്‌ലിം സമുദായത്തെ സംസ്‌കരിച്ച് വളര്‍ത്തുകയാണ് രണ്ടാമത്തേത്. രണ്ടും ഏറെ പ്രമുഖമാണെങ്കിലും മുന്‍ഗണനാക്രമത്തില്‍ മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണത്തിന് പ്രധാന പരിഗണനയു്. മൗലിക തത്ത്വങ്ങളില്‍ യോജിക്കുന്ന സ്വന്തം സമുദായത്തിന്റെ സംസ്‌കരണം ഏതൊരു നവോത്ഥാന പ്രസ്ഥാനത്തിന്റെയും പ്രാഥമിക ബാധ്യതയാണ്. മുസ്‌ലിം സമുദായത്തിന്റെ സംസ്‌കാരത്തെയും വികാസത്തെയും ആശ്രയിച്ചിരിക്കുന്നു ഇസ്‌ലാമിക പ്രബോധനത്തിന്റെ വിജയം. ഒരു പിന്നാക്ക വിഭാഗം എന്ന നിലയിലും മുസ്‌ലിം സമുദായത്തിന്റെ സംസ്‌കരണത്തിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഉന്നമനത്തിലും ജമാഅത്ത് സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇഖാമത്തുദ്ദീനിന്റെ വിശാലമായ ഭൂമികയില്‍ അതെല്ലാം ഉള്‍പ്പെടുന്നു. സമുദായത്തെ സംസ്‌കരിച്ച് സംഘടിപ്പിച്ച് പുരോഗമനോന്മുഖമാക്കുകയാണ് ജമാഅത്ത് സ്വീകരിച്ച രീതി. അതിനുവേണ്ടി ആദ്യം അത് സ്വന്തം പ്രവര്‍ത്തകരില്‍ തര്‍ബിയത്തും തസ്‌കിയത്തും വളര്‍ത്തുന്നു. അത് അവരുടെ ചുറ്റുപാടുകളിലേക്ക് വ്യാപിക്കുകയും അങ്ങനെ സമുദായത്തെ ആത്മീയമായും ഭൗതികമായും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ജമാഅത്തിന്റെ കാഴ്ചപ്പാട്. അതുപോലെ ഇതര സമുദായങ്ങളിലെ അധഃസ്ഥിത വിഭാഗങ്ങളുടെ അവശതകള്‍ പരിഹരിക്കാനും അവര്‍ നേരിടുന്ന അനീതികളും അതിക്രമങ്ങളും ചെറുക്കാനുമുള്ള പരിശ്രമങ്ങളും ഇഖാമത്തുദ്ദീനിനു പുറത്തല്ല. ഈ കാഴ്ചപ്പാടിലുള്ള ജമാഅത്തിന്റെ പല പ്രവര്‍ത്തന പരിപാടികളും മുന്‍കാലത്ത് മതബാഹ്യവും ഭൗതികവുമായ പ്രവര്‍ത്തനങ്ങളായി വിമര്‍ശിക്കപ്പെട്ടിരുന്നു. അങ്ങനെ വിമര്‍ശിച്ചിരുന്നവര്‍ അത്തരം പരിപാടികള്‍ സ്വയം ഏറ്റെടുക്കാന്‍ തയാറായിരിക്കുകയാണിപ്പോള്‍.
നന്മ സ്വന്തം ശത്രുക്കളില്‍ കണ്ടാല്‍ പോലും പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും തിന്മ സ്വന്തക്കാരില്‍ കണ്ടാലും വിലക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യണമെന്നാണല്ലോ ഖുര്‍ആന്‍ കല്‍പിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന നന്മകളും തിന്മകളും കണ്ടില്ലെന്ന് നടിക്കാന്‍ ഇഖാമത്തുദ്ദീന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന് കഴിയില്ല. നന്മയെ പ്രോത്സാഹിപ്പിക്കാനും അനുകൂലമായ ബഹുജനാഭിപ്രായം രൂപീകരിക്കാനും, തിന്മയെ വിമര്‍ശിക്കാനും അതിനെതിരെ ജനാഭിപ്രായം രൂപീകരിക്കാനും ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. ഇതെല്ലാം ജമാഅത്ത് അതിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് നിര്‍വഹിച്ചുവരുന്നുണ്ട്.
പ്രത്യയശാസ്ത്രവിമര്‍ശം
ഇഖാമത്തുദ്ദീനുമായി മുന്നോട്ടുപോകാന്‍ ജമാഅത്തിന് ലോകത്ത് പ്രചാരത്തിലുള്ള ദര്‍ശനങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും പുതുതായി ഉളവായിക്കൊണ്ടിരിക്കുന്ന പ്രവണതകളോടും ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായ നിലപാടുകള്‍ കൈക്കൊള്ളേണ്ടതുണ്ട്.
ജനാധിപത്യം, സെക്യുലരിസം, ദേശീയത: വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളില്‍ ഓരോ വ്യക്തിക്കും സ്വതന്ത്രമായി ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും ഇഷ്ടമില്ലാത്തത് നിരസിക്കാനുമുള്ള അനുവാദമാണ് ജനാധിപത്യത്തിന്റെ കാതല്‍. ഈ സ്വാതന്ത്ര്യം ഒരു ഇസ്‌ലാമിക മൂല്യമാണ്. പ്രവാചകനോട് അല്ലാഹു കല്‍പിച്ചു: ''നീ ജനങ്ങളോടു തുറന്നു പറയുക. നിങ്ങളുടെ വിധാതാവിങ്കല്‍നിന്നുള്ള സത്യസന്ദേശമാണിത്. ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. നിഷേധിക്കാനുദ്ദേശിക്കുന്നവര്‍ക്ക് നിഷേധിക്കാം'' (ഖുര്‍ആന്‍ 18:29). ''ഇത് ലോകര്‍ക്കൊക്കെയുള്ള ഉദ്‌ബോധനമാകുന്നു. നിങ്ങളില്‍ നേര്‍വഴിക്ക് ചരിക്കണമെന്നുള്ളവര്‍ക്ക് അത് ഉള്‍ക്കൊള്ളാം'' (18:27,28). ''പ്രവാചകന്‍ ജനത്തെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്‌ബോധകന്‍ മാത്രമാകുന്നു. അവരെ നിര്‍ബന്ധിപ്പിച്ച് വഴിപ്പെടുത്തുന്നവനല്ല'' (88:21,22). ഇതോടൊപ്പം വിശ്വാസികള്‍ സാമൂഹിക കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ജനങ്ങളുടെ അഭിപ്രായ സമന്വയത്തിലൂടെയാണെന്ന് നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു: ''അവരുടെ കാര്യങ്ങള്‍ നടത്തേണ്ടത് പരസ്പരം കൂടിയാലോചിച്ചാകുന്നു'' (42:38).
വ്യക്തിക്ക് താന്‍ ഇഛിക്കുന്ന രീതിയില്‍ സ്വന്തം വ്യക്തിത്വം വികസിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ അയാളുള്‍പ്പെട്ട സമൂഹത്തിന്റെ മനുഷ്യത്വം മരവിച്ചുപോകുമെന്ന് മൗലാനാ മൗദൂദി അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച് ഇമാം അബൂഹനീഫയുടെ നിലപാട് അദ്ദേഹം ഉദ്ധരിക്കുന്നു: ''നിയമസാധുതയോടെ നിലവില്‍വരികയും നീതിയിലധിഷ്ഠിതമായ ഭരണം നടത്തുകയും ചെയ്യുന്ന ഭരണാധികാരിയെ രാഷ്ട്രത്തിലെ പൗരന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാലോ ശകാരിച്ചാലോ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകതന്നെ ചെയ്താലും ആ പൗരനെ പിടികൂടി ശിക്ഷിക്കാവതല്ല.'' എന്നായിരുന്നു ഇമാം അബൂഹനീഫയുടെ നിലപാട്. ''അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കുകയും സായുധ സംഘട്ടനത്തിലേര്‍പ്പെടുകയും ചെയ്താല്‍ മാത്രമേ നടപടിയെടുക്കാവൂ.'' ഒരു ഇസ്‌ലാമികമൂല്യം എന്ന നിലയില്‍ ജനാധിപത്യം നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ജമാഅത്ത് ശ്രമിക്കുന്നു.
എന്നാല്‍, ജനങ്ങളുടെ പരമാധികാരം എന്ന ജനാധിപത്യത്തിന്റെ പാശ്ചാത്യ സങ്കല്‍പവുമായി ഇസ്‌ലാം യോജിക്കുന്നില്ല. ആത്യന്തികമായ പരമാധികാരം ദൈവത്തിനു മാത്രമാണ്. ദൈവത്തിന്റെ പരമാധികാരത്തിനു വിധേയമായ അധികാരം മാത്രമേ ദൈവത്തിന്റെ സൃഷ്ടികള്‍ക്കുള്ളൂ. ഇസ്‌ലാമിക വ്യവസ്ഥയില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും ഭരണകൂടം സ്ഥാപിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ജനപ്രതിനിധികളും ഭരണകൂടവും സാമൂഹികക്രമത്തില്‍ ജനാഭിലാഷം മാനിക്കേണ്ടത് നിര്‍ബന്ധവുമാണ്. ഈ അവകാശങ്ങളും അധികാരങ്ങളും വിനിയോഗിക്കേണ്ടത് സ്രഷ്ടാവിന്റെ പരമാധികാരത്തിനും വിധിവിലക്കുകള്‍ക്കും വിധേയമായിട്ടായിരിക്കണം.
ജനാധിപത്യത്തോടൊപ്പം ഉയര്‍ന്നുവന്ന മറ്റൊരു പ്രത്യയശാസ്ത്രമാണ് സെക്യുലരിസം. ഇതിന് രണ്ട് മാനമുണ്ട്. മതനിഷേധപരമായ രാഷ്ട്രീയ വ്യവസ്ഥ എന്നതാണ് ഒന്ന്. ഈ അര്‍ഥത്തിലുള്ള സെക്യുലരിസത്തെ ജമാഅത്ത് നിരാകരിക്കുന്നു. മതധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യവസ്ഥയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. മതനിരപേക്ഷതയാണ് സെക്യുലരിസത്തിന്റെ രണ്ടാമത്തെ മാനം. രാഷ്ട്രം ഒരു മതത്തെയും പ്രത്യേകം പരിഗണിക്കാതെ എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുകയാണിതിന്റെ താല്‍പര്യം. ഓരോ മതത്തിന്റെയും താല്‍പര്യങ്ങള്‍ മറ്റു മത വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാത്തേടത്തോളം പരിരക്ഷിക്കപ്പെടണം. ഇന്ത്യ പോലുള്ള ബഹുമത ജനാധിപത്യ രാജ്യങ്ങളില്‍ സ്വീകരിക്കപ്പെടേണ്ടതും ജാഗ്രതയോടെ നിലനിര്‍ത്തപ്പെടേണ്ടതുമായ സെക്യുലരിസമാണിത്.
ദേശസ്‌നേഹവും ദേശാഭിമാനവും മനുഷ്യസഹജമാണ്. വ്യക്തി തന്റെ കുടുംബത്തെയും അതിന്റെ നല്ല പൈതൃകങ്ങളെയും സ്‌നേഹിക്കുന്നു. ആ സ്‌നേഹവും അഭിമാനവും സ്വന്തം സമുദായത്തിലേക്കും അതിന്റെ പൈതൃകങ്ങളിലേക്കും വ്യാപിക്കുന്നു. അവിടെനിന്ന് അത് മുഴുവന്‍ ലോകത്തേക്കും വ്യാപിക്കേണ്ടതാണ്. കുടുംബത്തോടുള്ള സ്‌നേഹാഭിമാനങ്ങളുടെ സാന്ദ്രത സമുദായസ്‌നേഹത്തിനുണ്ടാവില്ല. അത് സ്വാഭാവികമാണ്. പക്ഷേ, സ്വന്തം കുടുംബത്തോടുള്ള സ്‌നേഹം ഇതര കുടുംബങ്ങളോടുള്ള വിരോധവും സ്വസമുദായത്തോടുള്ള സ്‌നേഹം ഇതര സമുദായങ്ങളോടുള്ള വിരോധവുമായി മാറുമ്പോള്‍ അത് ജീര്‍ണവും പ്രകൃതിവിരുദ്ധവുമാകുന്നു. ഇതുതന്നെയാണ് ദേശീയതയുടെയും കാര്യം. സത്യധര്‍മം, മാനവികത തുടങ്ങിയ മൂല്യങ്ങള്‍ ദേശത്തേക്കാളും അതിന്റെ പാരമ്പര്യങ്ങളേക്കാളുമെല്ലാം പവിത്രമാണ്. സത്യവും ധര്‍മവും നീതിയും അനുവദിക്കുന്നേടത്തോളം ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകതന്നെ വേണം. എന്നാല്‍ തെറ്റായാലും ശരിയായാലും എന്റെ രാജ്യം എന്ന രീതിയിലുള്ള ദേശീയത ആപത്കരമാണ്. 'ഒരു ജനതയോടുള്ള വിരോധം നിങ്ങളെ അനീതി ചെയ്യാന്‍ പ്രേരിപ്പിച്ചുകൂടാ, എപ്പോഴും നീതിതന്നെ ചെയ്യുവിന്‍' എന്നാണ് ഖുര്‍ആന്റെ ഉപദേശം.
കമ്യൂണിസം, സോഷ്യലിസം, മുതലാളിത്തം: മാര്‍ക്‌സും ഏംഗല്‍സും അവരുടെ സിദ്ധാന്തങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത് നാസ്തികമായ പ്രപഞ്ചവീക്ഷണത്തിന്മേലാണ്. അതുകൊണ്ടുതന്നെ അടിവേരില്ലാത്ത വൃക്ഷം പോലെയാണത്. ഒരുവേള സംഭവലോകത്ത് വളര്‍ന്നുവന്നാലും ഒരു കാറ്റടിച്ചാല്‍ നിലംപൊത്തും. ചരിത്രം അത് സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ഏറ്റവും വലിയ സോഷ്യലിസ്റ്റ് രാഷ്ട്രമായിരുന്ന സോവിയറ്റ് റഷ്യ തകര്‍ന്ന് മുതലാളിത്ത ലോകത്തിന്റെ ഭാഗമായി. ചൈനയാവട്ടെ കമ്യൂണിസ്റ്റ് എന്ന പേരു മാത്രം അവശേഷിപ്പിച്ചുകൊണ്ട് കമ്പോള വ്യവസ്ഥയിലേക്കും സ്വകാര്യ മൂലധന ഉടമസ്ഥതയിലേക്കും മാറിയിരിക്കുന്നു. മൗലികമായ ചില മാനുഷികചോദനകളെ അവഗണിച്ചുകൊണ്ട് ജീവിതത്തെ ഉദരത്തിലേക്ക് ചുരുക്കുന്ന പ്രകൃതിവിരുദ്ധമായ പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. അത് ഈ ലോകത്ത് പ്രായോഗികമാകാന്‍ പോകുന്നില്ല. ബലപ്രയോഗത്തിലൂടെ സ്ഥാപിക്കാമെന്നാണ് കമ്യൂണിസ്റ്റാചാര്യന്മാര്‍ വിഭാവനം ചെയ്തത്. അങ്ങനെ സ്ഥാപിച്ച സമൂഹങ്ങളുടെ ഗതിയാണ് റഷ്യയും ചൈനയും ചൂണ്ടിക്കാണിക്കുന്നത്.
കമ്യൂണിസത്തിന് ഒരു മാനുഷിക വശമുണ്ട്. അധ്വാനിക്കുന്ന ജനവിഭാഗത്തോടുള്ള കൂറും മൂലധനം സമൂഹത്തിലെ ചെറിയൊരു ന്യൂനപക്ഷം കുത്തകയാക്കി കുന്നുകൂട്ടുന്നതിലുള്ള എതിര്‍പ്പും ദാരിദ്ര്യനിര്‍മാര്‍ജന താല്‍പര്യവുമാണത്. ഈ വശങ്ങളോട് ഇസ്‌ലാം യോജിക്കുന്നു. പക്ഷേ, സ്വകാര്യ ഉടമസ്ഥത സമ്പൂര്‍ണമായി നിരോധിച്ച് സമ്പത്ത് മുഴുവന്‍ പിടിച്ചെടുത്ത് സ്റ്റേറ്റ് കുത്തക മുതലാളിയാവലല്ല അതിനുള്ള പരിഹാരം. ഉല്‍പാദിപ്പിക്കാനും സമ്പാദിക്കാനും പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം. വ്യക്തികളുടെ യോഗ്യതകളും ശേഷികളും സ്വതന്ത്രമായി ഉപയോഗപ്പെടുത്താന്‍ കഴിയുമ്പോഴേ സാമ്പത്തിക ക്ഷേമമുണ്ടാകൂ. എന്നാല്‍ സമ്പത്ത് ഏതാനും സമ്പന്നരില്‍ മാത്രം കറങ്ങുന്നതായിരിക്കരുതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. സാമ്പത്തിക മേഖലയിലെ എല്ലാ ചൂഷണോപാധികളെയും നിരോധിക്കുകയും ചെയ്യുന്നു. അനിവാര്യസാഹചര്യങ്ങളില്‍ സമ്പന്നരുടെ മിച്ചധനം ദരിദ്ര വിഭാഗങ്ങളിലേക്കൊഴുകാന്‍ വേണ്ട നടപടികളെടുക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. ഇതുമൂലം ചൂഷണത്തിന്റെ പഴുതുകളടക്കുകയും സമ്പത്ത് അന്യായമായും അനിയന്ത്രിതമായും വ്യക്തികളില്‍ കുന്നുകൂടുന്നത് ഒഴിവാക്കപ്പെടുകയും വ്യക്തികളുടെ ഉല്‍പാദന-സമ്പാദന വാസനകള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും ഉല്‍പാദനവും വിതരണവും സന്തുലിതമാവുകയും ചെയ്യുന്നു. സോഷ്യലിസത്തിനും മുതലാളിത്തത്തിനും മധ്യേ രണ്ടിന്റെയും മെച്ചങ്ങളുള്‍ക്കൊള്ളുകയും ദോഷങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന സാമ്പത്തിക വീക്ഷണമാണ് ഇസ്‌ലാമിന്റേത്.
വംശീയത, ജാതീയത: മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. അവര്‍ വിവിധ സമൂഹങ്ങളും ഗോത്രങ്ങളുമായി വിഭജിക്കപ്പെട്ടത് പരസ്പരം തിരിച്ചറിയപ്പെടുന്നതിനുവേണ്ടിയാണ്. ആദിപിതാവ് ആദമിന്റെ മക്കള്‍ എന്ന നിലയില്‍ എല്ലാ വര്‍ഗങ്ങളും ഗോത്രങ്ങളും തുല്യരാണ്. വെളുത്തവന് കറുത്തവനേക്കാള്‍, അറബിക്ക് അനറബിയേക്കാള്‍, ആര്യന് ദ്രാവിഡനേക്കാള്‍ ഒരു മേന്മയുമില്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ചെകുത്താന്‍ സൃഷ്ടിച്ച ജാഹിലിയ്യത്തുകളാണ്. പ്രവാചകന്റെ കാലത്ത് അറേബ്യയിലുണ്ടായിരുന്ന വംശീയമേധാവിത്വ വികാരത്തെയും ജാത്യഭിമാനത്തെയും ഇസ്‌ലാം കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ചില്ലാതാക്കിയിരിക്കുന്നു. ഒരു മനുഷ്യന് മറ്റു മനുഷ്യരേക്കാള്‍ ഉന്നതനാകാന്‍ ഒരേയൊരു വഴിയേയുള്ളൂ; മറ്റു മനുഷ്യരേക്കാള്‍ ധര്‍മനിഷ്ഠനാവുക. കൂടുതല്‍ ധര്‍മബോധമുള്ളവന്‍ കൂടുതല്‍ ഉന്നതനാകുന്നു.
തീവ്രവാദം: ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഇസ്‌ലാം എന്ന നാമപദത്തിന് സമാധാനം, സുരക്ഷ എന്നു കൂടി അര്‍ഥമുണ്ട്. തീവ്രവാദത്തോടും ഭീകരതയോടും അതിനു സമരസപ്പെടാനാവില്ല. മതത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഹിംസാത്മകമായ വിപ്ലവങ്ങള്‍ക്കും ഇസ്‌ലാമിക പ്രസ്ഥാനം എതിരാണ്. സാമൂഹിക പരിവര്‍ത്തനങ്ങള്‍ നടക്കേണ്ടത് സായുധ പ്രവര്‍ത്തനത്തിലൂടെയും ഹിംസയിലൂടെയുമല്ല, ഗുണകാംക്ഷയോടെയുള്ള ആശയവിനിമയത്തിലൂടെയും ബോധവത്കരണത്തിലൂടെയുമാണ്. അത്തരം സാമൂഹിക പരിവര്‍ത്തനമാണ് ജമാഅത്ത് തുടക്കം മുതല്‍ ഇന്നോളം നടത്തിവരുന്നത്. ജമാഅത്ത് ഏതെങ്കിലും ഭീകര-വിധ്വംസക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതായോ കലാപത്തില്‍ പങ്കെടുത്തതായോ തെളിയിക്കാന്‍ ജമാഅത്തിന്റെ ബദ്ധവൈരികള്‍ കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും നാളിതുവരെ സാധിച്ചിട്ടില്ല.
പ്രവര്‍ത്തനമാര്‍ഗം
ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിച്ച ലക്ഷ്യം പ്രാപിക്കാന്‍ സ്വീകരിക്കുന്ന പ്രവര്‍ത്തനമാര്‍ഗം ജമാഅത്തിന്റെ ഭരണഘടന അഞ്ചാം ഖണ്ഡിക ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: ''1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. 2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയവിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല. 3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്‌കരിക്കുന്നതും സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ലവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.''
ലക്ഷ്യം പോലെ തന്നെ പവിത്രമാണ് ആ ലക്ഷ്യത്തിലേക്ക് ജമാഅത്ത് സ്വീകരിച്ച പ്രയാണമാര്‍ഗവും. അതില്‍ നിഗൂഢതകളോ ഒളിയജണ്ടകളോ ഇല്ല. ജമാഅത്തിന്റെ ഭരണഘടന താല്‍പര്യമുള്ള ആര്‍ക്കും വാങ്ങി വായിക്കാന്‍ കഴിയുംവിധം ലഭ്യമാണ്. ഉപരിസൂചിത ആദര്‍ശലക്ഷ്യങ്ങളും നയപരിപാടികളും വിശദമായി ചര്‍ച്ച ചെയ്യുന്ന നിരവധി പുസ്തകങ്ങളും ജമാഅത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു.
ജമാഅത്തെ ഇസ്‌ലാമി അതിന്റെ നയപരിപാടികള്‍ നിരന്തരം പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാന ലക്ഷ്യങ്ങള്‍ക്കനുഗുണമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ അത് മടിക്കാറില്ല.പ്രസ്ഥാനം അതിന്റെ ലക്ഷ്യം ആദ്യം അവതരിപ്പിച്ചത് 'ഹുകൂമത്തെ ഇലാഹിയ്യ' -ദൈവിക ഭരണം- എന്ന വാക്കിലൂടെയായിരുന്നു. സ്വതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിലാണല്ലോ ജമാഅത്ത് പി
റവിയെടുക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം സ്വീകരിക്കേണ്ട വ്യവസ്ഥിതി ഏത് എന്നത് അന്ന് വലിയ ചര്‍ച്ചയായിരുന്നു. സെക്യുലര്‍(മതനിഷേധ) ജനാധിപത്യം സ്വീകരിക്കണമെന്ന് ചിലര്‍. സോഷ്യലിസ്റ്റ് സാമൂഹികക്രമം സ്വീകരിക്കണമെന്ന് വേറെ ചിലര്‍. ഹൈന്ദവ ദേശീയതയിലധിഷ്ഠിതമായ ഭരണക്രമം വേണമെന്ന് ഒരു കൂട്ടര്‍. അഹിംസയിലധിഷ്ഠിതമായിരിക്കണം രാജ്യത്തിന്റെ വ്യവസ്ഥിതിയെന്ന് ഇനിയുമൊരു കൂട്ടര്‍. ഇതിനിടയില്‍ പ്രവേശം ചെയ്ത ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ ലക്ഷ്യം ഹുകൂമത്തെ ഇലാഹിയ്യയാണെന്ന് പ്രഖ്യാപിച്ചു. ദൈവത്തിന്റെ പരമാധികാരത്തിനും അനുശാസനങ്ങള്‍ക്കും വിധേയമായ ജനാധിപത്യക്രമമാണ് അതുകൊണ്ടുദ്ദേശിക്കപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ സ്ഥിതിഗതികള്‍ മാറി. രാജ്യം വിഭജിക്കപ്പെട്ടു. മുസ്‌ലിംജനതയുടെ വലിയൊരു ഭാഗം പാ
കിസ്താന്‍ എന്ന പുതിയ രാഷ്ട്രത്തിന്റെ ഭാഗമായി. ഇന്ത്യ സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപി
ക്കപ്പെട്ടു. എങ്കിലും വിഭജനത്തിന്റെ ബാക്കിപത്രമായി രാജ്യത്തെങ്ങും ഹിന്ദുക്കള്‍ക്കിടയില്‍ കടുത്ത മുസ്‌ലിംവിരോധം നിലനിന്നു. ഈ സാഹചര്യം ജമാഅത്തെ ഇസ്‌ലാമി ഉന്നയിച്ച ഹുകൂമത്തെ ഇലാഹിയ്യയുടെ ഉദ്ദേശ്യം ഇന്ത്യയില്‍ ബ്രിട്ടീഷ്പൂര്‍വ മുസ്‌ലിം ആധിപത്യം പു
നഃസ്ഥാപിക്കുകയാണെന്ന് തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും കാരണമായി. ജമാഅത്ത് അതിന്റെ ലക്ഷ്യം അവതരിപ്പിക്കാന്‍ പുതിയൊരു വചനം സ്വീകരിച്ചുകൊണ്ടാണ് ഈ സങ്കീര്‍ണതയെ മറികടന്നത്. അതാണ് 'ഇഖാമത്തുദ്ദീന്‍'. ഇതുവഴി ജമാഅത്ത് ലക്ഷ്യം തെറ്റുകയായിരുന്നില്ല, പ്രത്യുത യഥാര്‍ഥ ലക്ഷ്യത്തെ കൂടുതല്‍ കൃത്യമായി കുറിക്കുന്നതും തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത കുറഞ്ഞതുമായ ഒരു ലക്ഷ്യവചനം കെണ്ടത്തുകയായിരുന്നു.
ആരംഭകാലത്ത് ജമാഅത്തുകാര്‍ വോട്ടവകാശം വിനിയോഗിച്ചിരുന്നില്ല. തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നത് പൊതുവില്‍ ദൈവത്തെയും ദൈവിക ദീനിനെയും നിരാകരിക്കുന്ന കക്ഷികളായിരുന്നു. അതില്‍ ആര് ജയിക്കുന്നതിലും ജമാഅത്തിന് പ്രത്യേക താല്‍പര്യമുണ്ടാ
യിരുന്നില്ല. 'ഇഖാമത്തുദ്ദീനി'നുവേണ്ടി നിലകൊള്ളുന്ന ജമാഅത്ത്, അനിസ്‌ലാമിക പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ മത്സരിക്കുന്ന കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സമ്മതിദാനം ചെയ്യുന്നത് ആദര്‍ശോചിതമല്ല എന്നും ജമാഅത്തുകാര്‍ കരുതിയിരുന്നു. അതുകൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന് തങ്ങളുടെ പരിമിതമായ ശേഷി പ്രബോധനത്തിലും സമൂഹ സംസ്‌കരണത്തിലും വിനിയോഗിക്കാന്‍ ജമാഅത്ത് തീരുമാനിച്ചു.
പിന്നീട് ഭരണരംഗത്ത് ഏകാധിപത്യ-സ്വേഛാധിപത്യ പ്രവണതകള്‍ വളര്‍ന്നുവന്നു. 1975-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു. 1977-ല്‍ ജമാഅത്തിന് പ്രവര്‍ത്തനസ്വാതന്ത്ര്യം തിരിച്ചുകിട്ടിയപ്പോള്‍ സ്വേഛാധിപത്യത്തിനെതിരെ വോട്ടുചെയ്യാന്‍ സംഘടന അതിന്റെ പ്രവര്‍ത്തകരെ അനുവദിച്ചു.
പിന്നീട് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയും അസ്തിത്വവും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടുകയുണ്ടാ
യി. പൗരാവകാശലംഘനങ്ങളും വ്യാപകമായി. ഈ സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങളുടെ പരിഹാരാര്‍ഥം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചു. സ്വേഛാധിപത്യ ശക്തികള്‍ക്കെതിരെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്ന ജനാധിപത്യശക്തികളെ പി
ന്തുണക്കാന്‍ സ്വന്തം ആദര്‍ശലക്ഷ്യങ്ങള്‍ താല്‍പര്യപ്പെടുന്ന സാഹചര്യം സംജാതമായിക്കഴിഞ്ഞിരിക്കുന്നുവെന്ന് ജമാഅത്ത് തിരിച്ചറിഞ്ഞു. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെ വോട്ടുകള്‍ മതേതര ജനാധിപത്യാശയങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന മൂല്യബോധമുള്ള സ്ഥാനാര്‍ഥികള്‍ക്കും കക്ഷികള്‍ക്കും നല്‍കിത്തുടങ്ങി. 1985-ലാണ് ഈ തീരുമാനമെടുത്തത്. മാറിവന്ന സാഹചര്യങ്ങളോടും പ്രതികരിക്കാന്‍ ജമാഅത്ത് കാണിച്ച ആര്‍ജവമാണ് ഇത്തരം മാറ്റങ്ങള്‍. അതുകൊണ്ട് ജമാഅത്തിന് എന്നും മുന്നോട്ടുതന്നെ നടക്കാന്‍ കഴിയുന്നു.
നയസമീപനങ്ങളിലെ മാറ്റങ്ങള്‍ ജമാഅത്തില്‍ ആഭ്യന്തര സംഘര്‍ഷങ്ങളുണ്ടാക്കാറില്ല. മാറ്റങ്ങളൊന്നും വ്യക്തിതാല്‍പര്യങ്ങളില്‍നിന്നോ ഗ്രൂപ്പ് താല്‍പര്യങ്ങളില്‍നിന്നോ ഉണ്ടാകുന്നതല്ല എന്നതാണ് അതിനു കാരണം. നേതൃത്വം പ്രശ്‌നങ്ങള്‍ കൂട്ടായും കൂലങ്കഷമായും ചര്‍ച്ചചെയ്ത് സമവായത്തിലെത്തുകയാണ്. ജമാഅത്തിനന്യമാണ് ഗ്രൂപ്പിസവും വിഭാഗീയതയും. കഴിഞ്ഞ ഏഴര പതിറ്റാണ്ടായി പിളര്‍പ്പിനെ നേരിടേണ്ടിവന്നിട്ടില്ലാത്ത സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. സംഘടന അതിന്റെ ആദര്‍ശലക്ഷ്യങ്ങളോട് പുലര്‍ത്തുന്ന സുദൃഢമായ പ്രതിബദ്ധതക്കും നയപരിപാടികളിലെ സത്യസന്ധതക്കും നിസ്വാര്‍ഥതക്കും മതിയായ സാക്ഷ്യമാണിത്.
Comments