Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ശരശയ്യയില്‍   മുക്കാല്‍ നൂറ്റാണ്ട്

ഒ. അബ്ദുര്‍റഹ്മാന്‍

കാലഘട്ടത്തിലെ പ്രമുഖ മതപണ്ഡിതന്മാരും ബുദ്ധിജീവികളും ഉള്‍പ്പെട്ട എഴുപത്തിയഞ്ചു പേര്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നു ദിവസം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 1941 ആഗസ്റ്റിലാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്‌ലാമി നിലവില്‍ വന്നതെങ്കിലും മത, സാമുദായിക, മതേതര വൃത്തങ്ങളില്‍നിന്നുള്ള രൂക്ഷവിമര്‍ശനങ്ങളും എതിര്‍പ്പുകളും തുടക്കം മുതല്‍ പ്രസ്ഥാനത്തെ പിന്തുടരാതിരുന്നില്ല. ഒന്നോര്‍ത്താല്‍ അത് അസ്വാഭാവികമോ അപ്രതീക്ഷിതമോ ആയിരുന്നില്ല താനും.  ഇസ്‌ലാമിനെക്കുറിച്ച ദയനീയമായ അജ്ഞതയും തെറ്റിദ്ധാരണകളും വികല സങ്കല്‍പങ്ങളും, മുസ്‌ലിം സമുദായത്തില്‍ രൂഢമൂലമായിക്കഴിഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജീര്‍ണതയും, പാശ്ചാത്യ സംസ്‌കാരം ജന്മം നല്‍കിയ കേവല ഭൗതികാദര്‍ശങ്ങളും പ്രത്യയശാസ്ത്രങ്ങളും അരങ്ങുവാണ ഒരു കാലഘട്ടത്തില്‍ ഇസ്‌ലാമിനെ സമ്പൂര്‍ണവും സമഗ്രവുമായ ജീവിതവ്യവസ്ഥയും മെച്ചപ്പെട്ട ബദലുമായി അവതരിപ്പിക്കുന്ന ഒരു പ്രസ്ഥാനം രംഗപ്രവേശം ചെയ്യുമ്പോള്‍ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ! പ്രസ്ഥാനത്തിന് ബീജവാപം നല്‍കിയ സയ്യിദ് മൗദൂദി ഒരേയവസരത്തില്‍ മതപരവും മതേതരവുമായ ചിന്താധാരകളെയും തജ്ജന്യ പ്രസ്ഥാനങ്ങളെയും നിശിതമായി നിരൂപണം ചെയ്തുകൊണ്ടായിരുന്നു പുതിയൊരു ഇസ്‌ലാമിക പ്രസ്ഥാനത്തെക്കുറിച്ച കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത് എന്നതുകൊണ്ട് വിശേഷിച്ചും. ഇസ്‌ലാം മറ്റെല്ലാ മതങ്ങളെയുംപോലെ വിശ്വാസസംഹിതയും ആരാധനാനുഷ്ഠാനങ്ങളുമടങ്ങിയ മതം മാത്രമാണെന്നും മുസ്‌ലിമായിരിക്കെത്തന്നെ സോഷ്യലിസ്റ്റോ കമ്യൂണിസ്റ്റോ സെക്യുലരിസ്റ്റോ ആവാന്‍ വിരോധമില്ലെന്നും ആത്മീയേതര ജീവിത രംഗങ്ങളില്‍ ഏതു ഭൗതിക ദര്‍ശനത്തെയും സ്വാംശീകരിക്കുന്നതില്‍ മതവിരുദ്ധമായി ഒന്നുമില്ലെന്നും വിശ്വസിച്ച, പാശ്ചാത്യ  വിദ്യാഭ്യാസം നേടിയ ബുദ്ധിജീവികളെയാണ് തന്റെ തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ മൗദൂദി നിരന്തരം ആക്രമിച്ചുവന്നത്. ഒപ്പംതന്നെ ആ വികല കാഴ്ചപ്പാടിനെ ശരിവെക്കുംവിധം ഇസ്‌ലാമിനെ സാമ്പ്രദായിക വിശ്വാസാചാരങ്ങളില്‍ ഒതുക്കിയ മതപണ്ഡിതന്മാരെയും അദ്ദേഹം വെറുതെ വിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സമ്പൂര്‍ണവും സമഗ്രവുമായ ഇസ്‌ലാമിന്റെ ഭൂമികയില്‍ രൂപവല്‍കൃതമായ ജമാഅത്തെ ഇസ്‌ലാമി ഇരുവിഭാഗങ്ങളില്‍നിന്നും പ്രത്യാക്രമണം നേരിടേണ്ടിവരിക അനിവാര്യമാണ്. വശ്യസുന്ദരമായ ശൈലിയുടെ ഉടമയായ മൗദൂദിയുടെ അയത്‌നലളിതമായ രചനകള്‍ സാമാന്യ വായനക്കാരെയും ബുദ്ധി ജീവികളെയും ഒരേസമയം പിടിച്ചുനിര്‍ത്തിയത് പാരമ്പര്യ മതപണ്ഡിതന്മാരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. 
എന്നാല്‍ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ ഏറ്റവും രൂക്ഷമായ എതിര്‍പ്പ് നേരിടേണ്ടിവന്നത്, മുസ്‌ലിം സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നായിരുന്നു. അനുയായികള്‍ ഖാഇദെ അഅ്‌സം എന്നു വിളിച്ച മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗ്, ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന്റെ പാരമ്യത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകള്‍ കൂട്ടിച്ചേര്‍ത്ത് പാകിസ്താന്‍ രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവെച്ച കാലഘട്ടത്തിലായിരുന്നുവല്ലോ ജമാഅത്തെ ഇസ്‌ലാമി നിലവില്‍ വന്നത്. രാഷ്ട്രവിഭജനം അയുക്തികവും ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം ദോഷകരവും പ്രബോധനസാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതുമായിരിക്കും എന്നായിരുന്നു ജമാഅത്തിന്റെ സുചിന്തിത കാഴ്ചപ്പാട്. കിഴക്കന്‍ ബംഗാളും 1800 കിലോമീറ്റര്‍ ദൂരെയുള്ള പശ്ചിമ പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, വടക്കു പടഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം എന്നീ പ്രവിശ്യകളും ചേര്‍ന്നുകൊണ്ടുള്ള ഒരു രാഷ്ട്രത്തിന്റെ നിര്‍മിതി അതിന്റെ നിലനില്‍പിനുതന്നെ ഭീഷണിയായിരിക്കുമെന്നതുകൊണ്ടാണ് അയുക്തികം എന്നു പറഞ്ഞത്. ഇസ്‌ലാമിന്റെ സമഗ്രതയോ സമ്പൂര്‍ണതയോ രാഷ്ട്രീയമോ പ്രാഥമികമായി പോലും മനസ്സിലാക്കിയിട്ടില്ലാത്ത മുസ്‌ലിം ജനസാമാന്യത്തെ ഉപയോഗിച്ച് ഏതാണ്ടതേ നിലവാരത്തിലുള്ള സാമുദായിക നേതൃത്വം ഒരു രാഷ്ട്രം നിര്‍മിക്കാന്‍ പോയാല്‍ ഇസ്‌ലാമിന് ദുഷ്‌പേര് വരുത്തിവെക്കുക മാത്രമാവും ഫലമെന്നതിനാലാണ് പാകിസ്താന്‍ ഇസ്‌ലാമിന് ദോഷകരമാവുമെന്ന് ചൂണ്ടിക്കാട്ടിയത്. വര്‍ഗീയ ധ്രുവീകരണം മൂര്‍ഛിക്കുന്നതോടെ ഇസ്‌ലാമിനെക്കുറിച്ച് കേള്‍ക്കാന്‍പോലും  അമുസ്‌ലിം ഭൂരിപക്ഷം തയാറാവുകയില്ല, ഒപ്പം ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭാവി അത്യധികം ദയനീയവുമായിരിക്കും എന്നും ജമാഅത്ത് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഇക്കാര്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടിയോ തൃപ്തികരമായ വിശദീകരണമോ നല്‍കാതെ ജമാഅത്തെ ഇസ്‌ലാമി വിഭജനത്തോട് വിയോജിക്കുക വഴി ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിന്റെ പക്ഷത്താണെന്ന് ആക്ഷേപിക്കുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം ചെയ്തത്. ജമാഅത്താവട്ടെ മുസ്‌ലിം സാമുദായികതയെ എന്നപോലെ ഹൈന്ദവ ദേശീയതയെയും എതിര്‍ക്കുകയും ഹിന്ദു ദേശീയവാദികള്‍ക്ക് കോണ്‍ഗ്രസിലുള്ള സ്വാധീനം തുറന്നുകാട്ടുകയും ചെയ്തിരുന്നു. 1946-ല്‍ പറ്റ്‌നയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി പശ്ചിമ മേഖലാ സമ്മേളനത്തിലേക്ക്   കേവലം ശ്രോതാവായി ക്ഷണിക്കപ്പെട്ട ഗാന്ധിജി ക്ഷണം സ്വീകരിച്ച് സമ്മേളന സ്ഥലത്തെത്തി മറ്റെല്ലാവരെയും പോലെ സദസ്സിലിരുന്ന് നടപടികള്‍ ശ്രദ്ധിക്കുകയും തദാനന്തരം തന്റെ സദ്വിചാരപരമായ പ്രതികരണം അറിയിക്കുകയും ചെയ്തത് വാര്‍ത്തയായതോടെ, ജമാഅത്ത് കോണ്‍ഗ്രസ് പാളയത്തില്‍തന്നെയാണെന്ന പ്രചാരണത്തിന് ആക്കം കൂടി. പിന്നീട് 1947 ഏപ്രിലില്‍ മദ്രാസില്‍ ചേര്‍ന്ന ജമാഅത്തിന്റെ ദക്ഷിണ മേഖലാ സമ്മേളനം മുസ്‌ലിം ലീഗുകാര്‍ കൈയേറി കലക്കുക തന്നെ ചെയ്തു. നിര്‍ഭാഗ്യകരമായ ഈ സംഭവങ്ങളില്‍ ലീഗിന്റെ ഉത്തരവാദപ്പെട്ട ചില നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചുവെങ്കിലും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെപോലെ ജമാഅത്തെ ഇസ്‌ലാമിയും കോണ്‍ഗ്രസ് അനുകൂല മത സംഘടനയാണെന്ന ധാരണയായിരുന്നു ഏവര്‍ക്കും. സത്യാവസ്ഥ ജമാഅത്ത് വക്താക്കള്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. 
വിഭജനം യാഥാര്‍ഥ്യമാവുകയും പാകിസ്താന്‍ നിലവില്‍വരികയും ചെയ്തതോടെ ജമാഅത്തെ ഇസ്‌ലാമിക്കും രണ്ടായിത്തീരുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല. കിഴക്കന്‍ പാകിസ്താനായി മാറിയ പൂര്‍വ ബംഗാള്‍, പശ്ചിമ പഞ്ചാബ്, സിന്ധ്, വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം (ഇന്നത്തെ ഖൈബര്‍ പക്തൂണ്‍ഖ്വ), ബലൂചിസ്താന്‍ എന്നീ പ്രദേശങ്ങളടങ്ങിയ പാകിസ്താനില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നെന്ന് പറയേണ്ടതില്ലല്ലോ. അതിനാല്‍ നവജാത രാഷ്ട്രത്തെ അതിന്റെ പ്രണേതാക്കള്‍ അവകാശപ്പെട്ടിരുന്നപോലെ ഒരു ഇസ്‌ലാമിക രാഷ്ട്രമാക്കാനുള്ള യത്‌നത്തിലാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി നേതൃത്വം നല്‍കിയ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി ഏര്‍പ്പെട്ടത്. വിഭജനം ആസന്നമാവുകയും വിഭജിതമാവാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ മൂര്‍ഛിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യന്‍ പഞ്ചാബിലെ പഠാന്‍കോട്ടായിരുന്നു ജമാഅത്തിന്റെ ആസ്ഥാനമായ ദാറുല്‍ ഇസ്‌ലാം. സിഖുകാര്‍ക്കും ശീഈകള്‍ക്കും മേധാവിത്വമുള്ള പഠാന്‍കോട്ടില്‍ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചതനുസരിച്ച് മൗദൂദിയും സഹപ്രവര്‍ത്തകരും കുടുംബസമേതം പടിഞ്ഞാറന്‍ മേഖലയിലെ ലാഹോറിലേക്ക് കുടിയേറുകയായിരുന്നു. ജിന്നാ സാഹിബിന്റെ വലംകൈയായിരുന്ന നവാബ്‌സാദാ ലിയാഖത്ത് അലി ഖാനോട്, വിഭജനം സുനിശ്ചിതമായ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന മൗലാനാ അബുല്‍കലാം ആസാദ് പറഞ്ഞ ഒരു വാചകമുണ്ട്; 'ലിയാഖത്ത്, ഇന്ത്യ ഒരു യാഥാര്‍ഥ്യമാണ്, പാകിസ്താന്‍ ഒരു പരീക്ഷണവും. അത് വിജയമാണന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.' പരീക്ഷണം വിജയിക്കുന്നതിന്റെ പ്രഥമപടി ഒരു ഇസ്‌ലാമിക ജനാധിപത്യ ഭരണഘടന രാജ്യത്ത് നിര്‍മിക്കുകയും നടപ്പാക്കുകയുമായിരുന്നു. അങ്ങേയറ്റത്തെ പരിമിതികളില്‍നിന്നുകൊണ്ട് മൗദൂദിയുടെ നേതൃത്വത്തില്‍ പാക് ജമാഅത്തെ ഇസ്‌ലാമി അതിനായി സര്‍ക്കാറിനെ പ്രേരിപ്പിക്കാനാണ് സര്‍വ ശ്രമങ്ങളും നടത്തിയത്. എല്ലാ വിഭാഗങ്ങളിലും പെട്ട മതപണ്ഡിതന്മാരെ 1952-ല്‍ കറാച്ചിയില്‍ വിളിച്ചുചേര്‍ത്ത് ഭരണഘടനയുടെ മൗലികതത്ത്വങ്ങളടങ്ങുന്ന മാര്‍ഗദര്‍ശക രേഖ പാസ്സാക്കിയെടുക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പക്ഷേ, ജിന്നാ സാഹിബിനെയും മുസ്‌ലിം ലീഗ് നേതാക്കളെയും സംബന്ധിച്ചേടത്തോളം തങ്ങളുടെ ആധിപത്യത്തിലുള്ള ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ ഇസ്‌ലാമികാവേശവും വികാരവും ഇളക്കിവിടുന്നതില്‍ കവിഞ്ഞ അജണ്ടയുണ്ടായിരുന്നില്ല. ഒരു ഇസ്‌ലാമിക സ്റ്റേറ്റ് എവ്വിധമായിരിക്കണമെന്ന വിവരമോ ബോധമോ അവര്‍ക്കുണ്ടായിരുന്നില്ലതാനും. ഒരു മുസ്‌ലിം സാമുദായിക സെക്യുലര്‍ രാഷ്ട്രം എന്നതായിരുന്നു അവരുടെ സ്വപ്നം. അതിനാല്‍ ഇസ്‌ലാമിക ജനാധിപത്യ ഭരണഘടനക്ക് വേണ്ടിയുള്ള മുറവിളിയെ അവര്‍ പാടേ അവഗണിക്കുകയും അതിന്റെ ചാലക ശക്തിയായ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും നിശ്ശബ്ദമാക്കാനോ ഇല്ലാതാക്കാനോ പണിയെടുക്കുകയും ചെയ്തു.  ഖാദിയാനീ പ്രക്ഷോഭത്തിന്റെ പേരില്‍ 1953-ല്‍ മൗദൂദിയെ അറസ്റ്റ് ചെയ്ത്, മാര്‍ഷല്‍ ലോ പ്രകാരം പട്ടാള കോടതിയില്‍ വിചാരണ ചെയ്തതും വധശിക്ഷ വിധിച്ചതും ഈ പശ്ചാത്തലത്തിലാണ്. ഈ കാലഘട്ടത്തില്‍ ദ്വിമുഖാക്രമണങ്ങളാണ് പാക് ജമാഅത്തിന് നേരിടേണ്ടിവന്നത്. ഗവണ്‍മെന്റിന്റെ പ്രത്യേക പിന്തുണയോടെ മതേതരവാദികള്‍, ഇസ്‌ലാമിക രാഷ്ട്രീയ സങ്കല്‍പത്തെയും ഭരണഘടനക്കടിസ്ഥാനമാവാനുള്ള ഇസ്‌ലാമിന്റെ കെല്‍പിനെ കുറിച്ച അവകാശവാദങ്ങളെയും നിശിതമായി ചോദ്യം ചെയ്തു. അഥവാ പാകിസ്താന്‍ ഒരു ഇസ്‌ലാമിക രാഷ്ട്രമാവാമെന്ന് വെച്ചാല്‍തന്നെ ഏത് മദ്ഹബനുസരിച്ചാണ് നിയമനിര്‍മാണം നടത്തുക എന്ന ആശയക്കുഴപ്പം അവര്‍ സൃഷ്ടിച്ചു. പാകിസ്താന്‍ ഒരു ഇസ്‌ലാമിക സ്റ്റേറ്റായാല്‍ ഇന്ത്യ ഒരു ഹിന്ദു സ്റ്റേറ്റുമാവില്ലേ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഈ ചോദ്യങ്ങള്‍ക്കത്രയും മൗദൂദിയും സഹപ്രവര്‍ത്തകരായ ഖുര്‍ശിദ് അഹ്മദ്,  ഡോ. അബ്ദുല്‍ ഹമീദ് സിദ്ദീഖി, സഫര്‍ ഇസ്ഹാഖ് അന്‍സാരി തുടങ്ങിയവരും ശക്തിയുക്തം മറുപടി നല്‍കി. അതേയവസരത്തില്‍തന്നെ ദയൂബന്ദ്, ബറേല്‍വി ചിന്താധാരകളെ പ്രതിനിധീകരിക്കുന്ന ഉലമാക്കളും കടുത്ത ആക്രമണമാണ് ജമാഅത്തിനെതിരെ അഴിച്ചുവിട്ടത്. മൗദൂദി ഹദീസ് നിഷേധിയാണ്, മഹാന്മാരായ സ്വഹാബികളെ അവഹേളിക്കുന്നവനാണ്, സ്വയം മഹ്ദിയായി അവതരിക്കാന്‍ വഴിതേടുന്നവനാണ് എന്നു തുടങ്ങി വ്യാജപ്രചാരണങ്ങളുടെ കൊടുങ്കാറ്റ് തന്നെ അഴിച്ചുവിട്ടു. മൗലാനാ മുഹമ്മദ് യൂസുഫ് ബനൂരിയെപോലുള്ള പ്രഗത്ഭ പണ്ഡിതന്മാര്‍ ഈ ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടികള്‍ നല്‍കി. അദ്ദേഹത്തിന്റെ മൗലാനാ മൗദൂദി വ ഇല്‍സാമാത് കാ ഇല്‍മീ ജാഇസ എന്ന ബൃഹദ് കൃതി ശ്രദ്ധേയമായ സംഭാവനയാണ്.  മൂന്നാമതൊരു ഭാഗത്ത് പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനെ ചൊല്ലി ജമാഅത്തിനോട് വിടപറഞ്ഞുപോയ മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, പ്രഫ. ഇസ്‌റാര്‍ അഹ്മദ് തുടങ്ങിയ പ്രഗത്ഭരുടെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങളും മൗദൂദിക്ക് നേരിടേണ്ടിവന്നു. തികഞ്ഞ സഹനവും സംയമനവുമായിരുന്നു അവരുടെ നേരെ മൗദൂദിയുടെ പ്രതികരണം. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ദര്‍ശനത്തെയും നയനിലപാടുകളെയും അതികഠിനമായി എതിര്‍ത്ത മത-പണ്ഡിത സംഘടനകള്‍തന്നെ 'നിസാമെ മുസ്ത്വഫ' (പ്രവാചക ഭരണവ്യവസ്ഥ)ക്കായി രാഷ്ട്രീയത്തിലിറങ്ങുന്നതും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും പലപ്പോഴും ഭരണത്തില്‍ പങ്കാളികളാകുന്നതുമാണ് പിന്നീട് കണ്ടത്. ഇസ്‌ലാമിക ജനാധിപത്യ സംസ്ഥാപന ശ്രമങ്ങളെ അനേകീകരിക്കാനും ശിഥിലമാക്കാനും ജനങ്ങളില്‍ അവിശ്വാസം വളര്‍ത്താനുമാണ് ഇത് വഴിയൊരുക്കിയത്. അതേസമയം പലപ്പോഴും സൈനിക ഭരണാധികാരികള്‍ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളില്‍ മത-രാഷ്ട്രീയ പാര്‍ട്ടികള്‍ ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം പങ്കാളികളായതും പില്‍ക്കാല ചരിത്രമാണ്. 
പാകിസ്താനിലെ സെക്യുലര്‍ പാര്‍ട്ടികള്‍ പൊതുവെത്തന്നെ ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ത്തു. മുസ്‌ലിം ലീഗും പി.പി.പിയും അവാമി ലീഗും നാഷ്‌നല്‍ അവാമി പാര്‍ട്ടിയും ജമാഅത്തിനെ പ്രതിയോഗിയായി കണ്ടവരാണ്. എന്നാല്‍ പട്ടാള ഭരണാധികാരികള്‍ അധികാരത്തിലേറിയപ്പോഴൊക്കെ ജനാധിപത്യ പുനഃസ്ഥാപനത്തിനായി നടന്ന പ്രക്ഷോഭങ്ങളില്‍ ഈ പാര്‍ട്ടികളിലധികവും ജമാഅത്തുമായി സഹകരിച്ചിട്ടുണ്ട്. രാഷ്ട്രത്തിന് ഒരു ഇസ്‌ലാമിക ജനാധിപത്യ ഭരണഘടന എന്ന ആവശ്യത്തിനായി നിരന്തരം ശബ്ദമുയര്‍ത്തിയ ജമാഅത്തെ ഇസ്‌ലാമിയെ അക്കാരണത്താല്‍ എതിര്‍ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ സുല്‍ഫിക്കര്‍ അലി ഭുട്ടോയുടെ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി സര്‍ക്കാര്‍ 1973-ല്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്റെ ജനാധിപത്യ ഭരണഘടന അംഗീകരിക്കാന്‍ നിര്‍ബന്ധിതമായി. ആ ഭരണഘടനയാണ് അഹ്മദികളെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ ഇടപെടലിന്റെ പേരില്‍ മൗദൂദിയെ രൂക്ഷമായി എതിര്‍ത്തുവന്ന യാഥാസ്ഥിതിക മതപണ്ഡിത സംഘടനകള്‍ സജീവ രാഷ്ട്രീയത്തിലേക്ക് വന്നതും ഭരണത്തില്‍ പങ്കാളികളായതുമാണ് വിചിത്ര പരിണാമം. ദയൂബന്ദ് ചിന്താധാരയുടെ വക്താക്കളായ ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാം, ബറേല്‍വികളുടെ ജംഇയ്യത്തുല്‍ ഉലമായെ പാകിസ്താന്‍, സലഫികളുടെ ജംഇയ്യത്ത് അഹ്‌ലെ ഹദീസ് എന്നിവയെല്ലാം ഈ പട്ടികയില്‍ വരുന്നു. ഈ പാര്‍ട്ടികളെല്ലാം തന്നെ പലപ്പോഴും ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് മുന്നണികള്‍ രൂപവത്കരിച്ചിട്ടുമുണ്ട്. ഇത്തരം കൂട്ടുകെട്ടുകള്‍ക്കായി ജമാഅത്തും വില നല്‍കേണ്ടിവന്നിട്ടുണ്ട്. ഇന്ന് എതിര്‍പ്പുകളും വിമര്‍ശങ്ങളും താരതമ്യേന കുറവാണ്, അതോടൊപ്പം സംഘടനയുടെ ജനകീയ അടിത്തറയിലും ഇടിച്ചില്‍ സംഭവിച്ചിരിക്കുന്നു.
എന്നാല്‍ സര്‍ക്കാറില്‍നിന്നും സെക്യുലരിസ്റ്റുകളില്‍നിന്നും സാമ്പ്രാദായിക മത കൂട്ടായ്മകളില്‍നിന്നും കടുത്ത ശത്രുത തന്നെ നേരിടുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം വലുതായി നഷ്ടമായിട്ടും ജനകീയാടിത്തറ നഷ്ടമായിട്ടില്ലെന്നതാണ് ശ്രദ്ധേയമായ മറുവശം.
കിഴക്കന്‍ പാകിസ്താനില്‍ സജീവമായി പ്രവര്‍ത്തിച്ചുവന്ന ജമാഅത്തെ ഇസ്‌ലാമിക്ക്, 1971-ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടര്‍ന്ന് ബംഗ്ലാദേശ് നിലവില്‍ വന്നതോടെ കടുത്ത പ്രതികാര നടപടികളെയും നിരോധത്തെയും നേരിടേണ്ടിവന്നു. ബംഗ്ലാദേശിന്റെ സംസ്ഥാപനത്തെ എതിര്‍ത്തതും പാക് പട്ടാള ഭരണകൂടവുമായി സഹകരിച്ചതുമാണ് കാരണം. ബംഗ്ലാദേശിന്റെ സ്ഥാപക പ്രസിഡന്റ് ശൈഖ് മുജീബുര്‍റഹ്മാന്‍   പട്ടാള അട്ടിമറിയില്‍ വധിക്കപ്പെട്ടശേഷം അധികാരത്തില്‍ വന്ന  ജനറല്‍ സിയാഉര്‍റഹ്മാന്റെ കാലത്താണ് നിരോധം നീക്കം ചെയ്യപ്പെട്ടതും ജമാഅത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങിയതും. കടുത്ത പ്രതികൂല സാഹചര്യങ്ങളിലും ജനകീയ പ്രസ്ഥാനമായി മാറാനും സ്വതന്ത്രമായി തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴൊക്കെ  നാഷ്‌നല്‍ അസംബ്ലിയില്‍ ഗണ്യമായ സീറ്റുകള്‍ നേടാനും ചില മന്ത്രിസഭകളില്‍ പങ്കാളികളാകാനും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്കു കഴിഞ്ഞു.  അവാമി ലീഗിന്റെയും ഇടതുപക്ഷത്തിന്റെയും ഭാഗത്തു നിന്നുള്ള മതേതരാക്രമണവും തബ്‌ലീഗ് ജമാഅത്ത് അടക്കമുള്ള മതസംഘടനകളുടെ എതിര്‍പ്പും തരണം ചെയ്തുകൊണ്ടാണ് ജമാഅത്ത് കരുത്തും സ്വാധീനവും തെളിയിച്ചത്. ഏറ്റവുമൊടുവില്‍ ശൈഖ് ഹസീന വാജിദിന്റെ അവാമി ലീഗ് സര്‍ക്കാര്‍ ജമാഅത്തെ  ഇസ്‌ലാമിയുടെ  രാഷ്ട്രീയ ഇടപെടല്‍ വിലക്കുകയും  നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി തടവിലിടുകയും പ്രമുഖ നേതാക്കളെ '71-ലെ യുദ്ധക്കുറ്റം ആരോപിച്ച് തൂക്കിലേറ്റുകയും ചെയ്തിരിക്കുകയാണ്.  മീഡിയ തീര്‍ത്തും ഏകപക്ഷീയമായ ദുഷ്പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതും. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും കവാടങ്ങള്‍ എന്നെങ്കിലും തുറക്കപ്പെടുമെങ്കില്‍ ഇസ്‌ലാമിക പ്രസ്ഥാനം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവരാണ് പ്രവര്‍ത്തകരിലും അനുഭാവികളിലുമേറെയും.
 
മതപണ്ഡിതന്മാരുടെ വിമര്‍ശനങ്ങള്‍
സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിക്കും ജമാഅത്തെ ഇസ്‌ലാമിക്കും മറ്റൊരു ചിന്തകനോ പ്രസ്ഥാനമോ നേരിട്ടിട്ടില്ലാത്ത അതിരൂക്ഷമായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നു എന്നതാണ് ഇതഃപര്യന്തമുള്ള ചരിത്രം. മതപണ്ഡിതന്മാരും മതേതര ബുദ്ധിജീവികളും  ഒരുപോലെ ഈ ആക്രമണത്തില്‍ പങ്കാളികളായിരുന്നിട്ടുണ്ട്. അതുപോലെ യാഥാസ്ഥിതിക പണ്ഡിതന്മാരും ഉല്‍പതിഷ്ണുക്കളും ജമാഅത്തിനെ വെറുതെ വിട്ടില്ല. ആദ്യം ഉന്നയിച്ച ആരോപണങ്ങളല്ല പിന്നീട് മുന്നോട്ടുവെച്ചതെന്ന വ്യത്യാസമുണ്ട്. പുസ്തക രൂപത്തിലോ ലേഖനങ്ങളിലൂടെയോ ഫത്‌വകള്‍ വഴിയോ പ്രകടിപ്പിച്ച എതിര്‍പ്പുകളിലും വിമര്‍ശനങ്ങളിലും ചിലത് മാന്യവും ബുദ്ധിപരവും ചിന്തിപ്പിക്കുന്നതുമായിരുന്നു എന്ന്  സമ്മതിക്കാന്‍ മടിക്കേണ്ടതില്ല.  പലതിനോടും ജമാഅത്തിന്റെ വക്താക്കളോ അതിലെ പണ്ഡിതന്മാരോ അതിനോട് അനുഭാവമുള്ളവരോ വസ്തുനിഷ്ഠമായി പ്രതികരിച്ചിട്ടുമുണ്ട്. വിമര്‍ശനങ്ങളെ പൊതുവെയും ബാലിശമായ വാദങ്ങളെ വിശേഷിച്ചും അവഗണിച്ചും സ്വാഭിപ്രായങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു മൗദൂദിയുടെ സാമാന്യ നയമെങ്കിലും ഗൗരവപ്പെട്ട ചിലതിന് അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കൃതികളിലൂടെ കണ്ണോടിച്ചാല്‍ ബോധ്യപ്പെടും. തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയിലെ 'റസാഇല്‍ വ മസാഇല്‍' എന്ന ചോദ്യോത്തര പംക്തിയിലൂടെയായിരുന്നു മറുപടികളിലധികവും. അതിലധികവും പിന്നീട് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.  മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹി, പ്രഫ. അബ്ദുല്‍ ഹമീദ് സിദ്ദീഖി, പ്രഫ. ഖുര്‍ശിദ് അഹ്മദ്, സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരി എന്നിവരും പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടി എഴുതിയ പ്രമുഖരാണ്. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയുമായി സംഘടനാ ബന്ധങ്ങളില്ലാത്ത പരേതരായ മൗലാനാ ആമിര്‍ ഉസ്മാനി (എഡിറ്റര്‍ തജല്ലീ, ദയൂബന്ദ്), ശോരിഷ് കശ്മീരി (എഡിറ്റര്‍ ചഠാന്‍, ലാഹോര്‍), മുഹമ്മദ് സലാഹുദ്ദീന്‍ (എഡിറ്റര്‍ തക്ബീര്‍, കറാച്ചി) എന്നിവരാണ് മൗദൂദിയെയും ജമാഅത്തിനെയും ആവേശപൂര്‍വം പ്രതിരോധിച്ചവരില്‍ പ്രധാനികള്‍. കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയവരില്‍ ജമാഅത്ത് വിട്ടുപോയ മൗലനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, പ്രഫ. ഇസ്‌റാര്‍ അഹ്മദ്, കൗസര്‍ നിയാസി, വഹീദുദ്ദീന്‍ ഖാന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ അബ്ദുല്‍മാജിദ് ദര്‍യാബാദി തുടങ്ങിയവരും ജമാഅത്തിനെ വിമര്‍ശിച്ചിരുന്നുവെങ്കിലും രൂക്ഷമായിരുന്നില്ല അവരുടെ എതിര്‍പ്പ്, നല്ലതെന്ന് അവര്‍ക്ക് തോന്നിയ കാര്യങ്ങളില്‍ പ്രസ്ഥാനത്തോട് മൃദു സമീപനം സ്വീകരിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളായ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്നും(മുസ്‌ലിം ബ്രദര്‍ ഹുഡ്) ജമാഅത്തെ ഇസ്‌ലാമിക്കും നേരെ പൊതുവെ മതപണ്ഡിതന്മാരില്‍നിന്നും മതസംഘടനകളില്‍നിന്നും ഉയര്‍ന്ന വിമര്‍ശനവും ആരോപണവും അത് രാഷ്ട്രീയത്തിന് അമിത പ്രാധാന്യം നല്‍കി എന്നതാണ്. യാഥാസ്ഥിതിക വിഭാഗങ്ങളാകട്ടെ മദ്ഹബ്‌നിരപേക്ഷതയെയും നിശിതമായി ചോദ്യം ചെയ്തു. ഇന്ത്യയും ഈജിപ്തും മറ്റു മുസ്‌ലിം നാടുകളും ദീര്‍ഘകാലം പാശ്ചാത്യ കോളനി വാഴ്ചയിലമര്‍ന്ന കാലഘട്ടത്തില്‍ മതേതരത്വം വിദ്യാഭ്യാസ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ സ്ഥാപിച്ചെടുത്ത അഗാധ സ്വാധീനത്തിന്റെ പ്രതിഫലനമായിക്കൂടി മതപണ്ഡിതന്മാരുടെ ഇസ്‌ലാമിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തോടുള്ള അലര്‍ജിയെ കാണേണ്ടതുണ്ട്. മൂലപ്രമാണങ്ങളുടെയും ഖിലാഫത്തുര്‍റാശിദയുടെയും വെളിച്ചത്തില്‍ ഇസ്‌ലാമിന് ശക്തവും വ്യക്തവും പ്രായോഗികവുമായ രാഷ്ട്രീയ വ്യവസ്ഥയും നിലപാടുകളുമുണ്ടെന്നത് ഒരു പണ്ഡിതനും നിഷേധിക്കാനായില്ല, സാമാന്യമായി അവര്‍ അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ആധുനിക ഭൗതിക പ്രത്യയശാസ്ത്രങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ലോകത്തും സാഹചര്യങ്ങളിലും ഇസ്‌ലാമിന്റെ രാഷ്ട്രീയ, സാമൂഹികാധ്യാപനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെ ആത്മീയ, ധാര്‍മിക രംഗങ്ങളിലും സ്വകാര്യ ജീവിതത്തെ സംബന്ധിക്കുന്ന മത കര്‍മശാസ്ത്ര വിഷയങ്ങളിലും അഭിരമിക്കാനാണ് മിക്ക പണ്ഡിതന്മാരും താല്‍പര്യമെടുത്തത്. ആ രംഗങ്ങളാവട്ടെ മതേതര സര്‍ക്കാറുകളുടെ പരിധിക്ക് പുറത്തുമായിരുന്നു. തികച്ചും വിപരീതമായി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും-ഈജിപ്തില്‍ ഹസനുല്‍ ബന്നായും സയ്യിദ് ഖുത്വ്ബും സമാന ചിന്താഗതിക്കാരും- ആധുനിക മനുഷ്യനിര്‍മിത ഭൗതിക പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളുമാണ് മനുഷ്യസമൂഹത്തിന്റെ അശാന്തിക്കും ധര്‍മച്യുതിക്കും അരാജകത്വത്തിനും യുദ്ധങ്ങള്‍ക്കും നിമിത്തങ്ങളായതെന്നും അവക്കെതിരെ ദൈവിക സന്മാര്‍ഗമായ ഇസ്‌ലാമിന്റെ ഭൂമികയില്‍നിന്നുകൊണ്ട് ചിന്താപരവും കര്‍മപരവുമായ പോരാട്ടമാണ് മുസ്‌ലിംകളുടെയും ലോകത്തിന്റെയും വിമോചനമാര്‍ഗമെന്നും യുക്തിഭദ്രമായി സമര്‍ഥിച്ചു. ഇസ്‌ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയും അംഗീകരിക്കുന്ന പണ്ഡിതന്മാര്‍തന്നെ പ്രായോഗിക ജീവിതത്തില്‍ അതിനെ കേവലം സങ്കുചിത മതമായി അവതരിപ്പിക്കുന്നതിലെ വൈരുധ്യവും അവര്‍ എടുത്തുകാട്ടി. അധര്‍മത്തിനും അസത്യത്തിനും അനീതിക്കുമെതിരെ സമാധാനപരവും, എന്നാല്‍ ശക്തവുമായ പോരാട്ടമാണ് ജിഹാദ് എന്നിരിക്കെ ഇസ്‌ലാമിന്റെ ശത്രുക്കള്‍ നല്‍കിയ അബദ്ധജടിലമായ വ്യാഖ്യാനങ്ങള്‍ക്ക് ചെവികൊടുക്കുന്നതോ പരോക്ഷമായെങ്കിലും സമ്മതിച്ചുകൊടുക്കുന്നതോ ആത്മഹത്യാപരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിക ശരീഅത്ത് എന്നാല്‍ ഭീരുക്കള്‍ക്കും കാറ്റില്‍ പറന്നുപോകുന്നവര്‍ക്കും ഒഴുക്കിനൊത്ത് നീന്തുന്നവര്‍ക്കും വേണ്ടി അവതരിച്ചതല്ലെന്നും കൊടുങ്കാറ്റിനും പ്രവാഹത്തിനുമെതിരെ നെഞ്ച് വിരിക്കുന്ന ധീരന്മാര്‍ക്കുള്ളതാണെന്നും ശരീഅത്തിനെ പാശ്ചാത്യര്‍ക്കനുകൂലമായി വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും മിനക്കെടുന്ന ചിന്താപരമായ അടിമത്തത്തെ ഒരര്‍ഥത്തിലും പിന്താങ്ങാനാവില്ലെന്നും സയ്യിദ് മൗദൂദി എഴുതി. ശ്രേഷ്ഠ പണ്ഡിതന്മാരായിരുന്ന അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിക്കോ അലി മിയാനോ ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെയല്ല. അലി മിയാന്‍ തന്റെ രാജിക്കു ശേഷം എഴുതിയ 'ഇസ്‌ലാമും പാശ്ചാത്യ സംസ്‌കാരവും തമ്മിലെ വടംവലി' എന്ന ഗ്രന്ഥത്തില്‍, നിരീശ്വര-നിര്‍മത പ്രസ്ഥാനങ്ങളിലേക്കുള്ള കുത്തൊഴുക്കില്‍നിന്ന് മുസ്‌ലിം യുവതലമുറയെ തടഞ്ഞുനിര്‍ത്തിയതില്‍ മൗദൂദികൃതികള്‍ വഹിച്ച പങ്കിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, 'ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനം' എന്ന കൃതിയില്‍ എല്ലാം രാഷ്ട്രീയപരമായി നോക്കിക്കാണുകയും വ്യാഖ്യാനിക്കുകയും ചെയ്തതാണ് മൗദൂദിയില്‍ ആരോപിച്ച വ്യതിയാനം. ഏറെ വൈകി മൗദൂദിയുടെ ജീവിത സായാഹ്നത്തില്‍ പുറത്തുവന്ന അലി മിയാന്റെ വിമര്‍ശന പുസ്തകത്തിന് അദ്ദേഹം മറുപടിയെന്നും എഴുതുകയുണ്ടായില്ല. നേരത്തേ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ വിമര്‍ശനങ്ങളോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. 'എന്നെക്കുറിച്ച ജനങ്ങളുടെ മതിപ്പ് കുറഞ്ഞാലും വിമര്‍ശകരായ പണ്ഡിതന്മാരെക്കുറിച്ച മതിപ്പ് ബാക്കിനില്‍ക്കട്ടെ' എന്നതാണ് തന്റെ വികാരമെന്നാണ് അതേപ്പറ്റി മൗദൂദി ഒരിക്കല്‍ പറഞ്ഞത്.
പണ്ഡിതനും എഴുത്തുകാരനുമായ വഹീദുദ്ദീന്‍ ഖാന്‍ ജമാഅത്തിനോട് വിടപറയാനുള്ള കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് സാമാന്യം ബൃഹത്തായ ഒരു ഗ്രന്ഥം പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. 'തഅ്ബീര്‍ കീ ഗലത്വി' (വ്യാഖ്യാനത്തിന്റെ അബദ്ധം) എന്ന് പേരിട്ട തന്റെ ഗ്രന്ഥത്തില്‍ ജമാഅത്തിന്റെ ലക്ഷ്യമായ ഇഖാമത്തുദ്ദീനിനെ തള്ളിപ്പറയുക മാത്രമല്ല അദ്ദേഹം ചെയ്തത്. മുന്‍ പ്രവാചകന്മാരോടെല്ലാം അല്ലാഹു നല്‍കിയ ദീനിനെ നിലനിര്‍ത്തുക എന്ന സന്ദേശം തന്നെയാണ് മുഹമ്മദ് നബിക്കും നല്‍കിയതെന്ന സൂറഃ അശ്ശൂറയിലെ പതിമൂന്നാം സൂക്തത്തെയാണല്ലോ ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയില്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യം വ്യവഹരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്, അതായത് ഇഖാമത്തുദ്ദീന്‍. എല്ലാ പ്രവാചകന്മാരോടും അല്ലാഹു ആവശ്യപ്പെട്ടത്, ദീന്‍ നിലനിര്‍ത്താനാണ്, ദീനില്‍ ശരീഅത്ത് ഉള്‍പ്പെടുന്നില്ല, പ്രവാചകന്മാര്‍ക്കെല്ലാം ശരീഅത്ത് വെവ്വേറെയായിരുന്നെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട്, എന്നിരിക്കെ അടിസ്ഥാന വിശ്വാസകാര്യങ്ങളല്ലാതെ മാറ്റങ്ങള്‍ക്ക് വിധേയമായ നിയമസംഹിത സ്ഥാപിക്കാന്‍ നാം ബാധ്യസ്ഥമല്ല എന്ന പുതിയൊരു വാദഗതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഇതിന് നേര്‍ക്കുനേരെ മറുപടി മൗദൂദി നല്‍കിയില്ലെങ്കിലും തഫ്ഹീമുല്‍ ഖുര്‍ആനില്‍ പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ സംക്ഷിപ്തമായി വിഷയം പ്രതിപാദിച്ചിട്ടുണ്ട്. ശരീഅത്തിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ ഖുര്‍ആന്‍ വിവരിച്ചേടത്ത് അതേപ്പറ്റി ദീന്‍ എന്നുതന്നെ വ്യക്തമാക്കിയിരിക്കെ ഇവ്വിധമൊരു വ്യാഖ്യാനത്തിന് ഒരു പഴുതുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. വഹീദുദ്ദീന്‍ ഖാന്‍ പിന്നീട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ജിഹ്വയായ അല്‍ ജംഇയ്യത്തിന്റെ എഡിറ്ററാവുകയും തന്റെ വേറിട്ട അഭിപ്രായങ്ങള്‍ അതിലൂടെ പ്രകടിപ്പിക്കുകയുമായിരുന്നു കുറേ കാലം. പിന്നീട് അദ്ദേഹം മുസ്‌ലിം സംഘടനകളുടെ മൊത്തം വിമര്‍ശകനായി മാറുകയും ബി.ജെ.പിയുടെ പോലും നല്ല പുസ്തകത്തില്‍ സ്ഥലം പിടിക്കുകയും ചെയ്തു. തബ്‌ലീഗ് ജമാഅത്തുകാരനായ മൗലാനാ സകരിയ്യ കാന്ത്‌ലവിയും മൗദൂദിയുടെ നിശിത വിമര്‍ശകനായിരുന്നു. അദ്ദേഹം ഫിത്‌നയെ മൗദൂദിയ്യത്ത് (മൗദൂദിസമെന്ന ഫിത്‌ന) എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ പേരൊഴിച്ചാല്‍ ഉള്ളടക്കം മെച്ചപ്പെട്ടതാണെന്ന അഭിപ്രായമായിരുന്നു ഇതേപ്പറ്റി അലിമിയാന്‍ രേഖപ്പെടുത്തിയത്. മന്‍സൂര്‍ നുഅ്മാനിയുമായി വലിയ അളവില്‍ മാനസികപ്പൊരുത്തം പുലര്‍ത്തിവന്നയാളായിരുന്നു അദ്ദേഹം. 1941-ല്‍ ജമാഅത്ത് രൂപവത്കരണത്തില്‍ പങ്ക് വഹിച്ച ഈ പണ്ഡിതന്മാരൊക്കെ സൂഫിസത്തില്‍ ആകൃഷ്ടരായിരുന്നു എന്നതാണ് വാസ്തവം. നുഅ്മാനി ഒരിക്കല്‍ മൗദൂദിയുടെ വീട്ടില്‍ അതിഥിയായി വന്ന സംഭവം അദ്ദേഹത്തിന്റെ മകള്‍ ഹുമൈറാ മൗദൂദി തന്റെ മാതാപിതാക്കളെക്കുറിച്ച് എഴുതിയ 'ശജര്‍ഹായെ സായെദാര്‍' (തണല്‍മരങ്ങള്‍) എന്ന കൃതിയില്‍ അനുസ്മരിക്കുന്നുണ്ട്. പഠാന്‍കോട്ട് ദാറുല്‍ ഇസ്‌ലാമില്‍ ജമാഅത്ത് രൂപവത്കരണത്തിന് അധികനാള്‍ കഴിയുന്നതിനു മുമ്പാണ് സംഭവം.
''ദാറുല്‍ ഇസ്‌ലാമിലെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി(മ.1997)യുടെയും മൗലാനാ ജഅ്ഫര്‍ ഷാഹ് ഫുല്‍മാറവി(മ.1982)യുടെയും കൂടെ ഏതാനും പണ്ഡിതന്മാരും ആഗതരായി. ഒന്നരയാഴ്ചയോളം അവര്‍ ദാറുല്‍ ഇസ്‌ലാമില്‍ താമസിച്ചു. ബാപ്പ അവരെ ഒരുനാള്‍ വീട്ടില്‍ ആഹാരത്തിന് ക്ഷണിച്ചു. ഒരു സൂക്ഷ്മതക്കുവേണ്ടി, തങ്ങള്‍ നിത്യേന ഭക്ഷണം കഴിക്കാറുള്ള ചെമ്പു പാത്രങ്ങളിലേ അതിഥികള്‍ക്കും വിളമ്പാവൂ എന്ന് ഉമ്മയെ പ്രത്യേകം ശട്ടം കെട്ടി. കല്യാണനാളില്‍ ഉപയോഗിച്ച ഡിന്നര്‍ സെറ്റ് ഒരിക്കലും പുറത്തെടുക്കരുതെന്നും മുത്ത് ചിത്രപ്പണി ചെയ്ത തൂവാലകള്‍ കൊണ്ട് ഗ്ലാസ്സുകള്‍ പൊതിയരുതെന്നും ബാപ്പ ഓര്‍മിപ്പിച്ചിരുന്നു. ഇത്ര മഹാന്മാരായ പണ്ഡിതന്മാര്‍ വീട്ടില്‍ വരുമ്പോള്‍ അവരെ ആദരിക്കാന്‍ നല്ല പാത്രങ്ങള്‍ പോലും ഉപയോഗിക്കാതെ ചെമ്പു പാത്രങ്ങളില്‍തന്നെ അവര്‍ക്ക് ഭക്ഷണം വിളമ്പണമെന്ന് ശഠിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു ഉമ്മ. വളരെ മുന്തിയ വിഭവങ്ങള്‍ പാകം ചെയ്യരുതെന്നും ഞങ്ങള്‍ നിത്യേന കഴിക്കുന്ന പരിപ്പും മറ്റും മതി എന്നും ബാപ്പ നിര്‍ദേശിച്ചിരുന്നു. ഉമ്മ അക്കാര്യത്തിലും അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. 'നമ്മുടെ മതവൃത്തങ്ങളോട് നാം അന്തസ്സോടെ പെരുമാറിയില്ലെങ്കില്‍ സാധാരണക്കാരില്‍നിന്നാണോ അത് പ്രതീക്ഷിക്കേണ്ടത്' എന്നായി ഉമ്മ.... 
''ചുരുക്കത്തില്‍, പാചകക്കാരന്‍ വളരെ മുന്തിയ ഭക്ഷണം പാകം ചെയ്തു. അതിഥികള്‍ വന്നു. ആഹാരം കഴിച്ചുപോയി. ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ, മുറുമുറുപ്പ് പുകയാന്‍ തുടങ്ങി. ആ പണ്ഡിതന്മാര്‍ ജമാഅത്തില്‍നിന്ന് രാജിവെക്കുകയാണ് പിന്നീടുണ്ടായത്. ഇടതും വലതും തങ്ങള്‍ കണ്ടുമുട്ടിയവരോട് അവര്‍ പറഞ്ഞതിങ്ങനെ: 'മൗലാനാ മൗദൂദി മതനിഷ്ഠയുടെ മറവില്‍ ദുന്‍യാവിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് പാചകക്കാരനാണ്, കുട്ടികളെ പോറ്റുന്നത് ആയയാണ്. പിന്നെ എന്ത് സുഖക്കേടിനുള്ള മരുന്നാണ് ഭാര്യ? മൗലാനയുടെ ഭാര്യ ചിലപ്പോള്‍ സാരിയും ചിലപ്പോള്‍ ശറാറയും ധരിക്കാറുണ്ടെന്നാണ് കേള്‍വി. വെറ്റിലടക്ക സൂക്ഷിക്കുന്ന ചെല്ലപ്പെട്ടി വെള്ളിയുടേതാണത്രെ! വെറ്റിലടക്ക കൊണ്ടുവെക്കുന്ന പാത്രവും വെള്ളിയുടേതാണുപോല്‍ (സത്യത്തില്‍ അത് വെള്ളിയുടേതായിരുന്നില്ല). മൗലാനയുടെ കുട്ടികളെ മറ്റു കുട്ടികള്‍ വണ്ടിയില്‍ സവാരി ചെയ്യാന്‍ കൊണ്ടുപോവാറുണ്ട്. ഇതെല്ലാം മതനിഷ്ഠയുടെ പേരിലെ ചതിയല്ലാതെ മറ്റെന്താണ്?' ഈ സംഭവത്തിനു ശേഷം ഉമ്മ ഒരിക്കലും ബാപ്പ പറഞ്ഞതിന് എതിരായി ഒന്നും പറയുമായിരുന്നില്ല.''
മൗലാനാ നുഅ്മാനിയെ പോലുള്ള പണ്ഡിതന്മാരുടെ മനോഗതി എന്തായിരുന്നുവെന്നും അവര്‍ ജമാഅത്ത് വിടാനുള്ള കാരണമെന്താണെന്നും മനസ്സിലാക്കാന്‍ ഉതകുന്നതാണ് ഈ സംഭവം. അവരുടെ ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടേണ്ടതില്ല. അതേസമയം, അതിരുകവിഞ്ഞ ആത്മീയതയിലോ മതപരതയിലോ അഭിരമിച്ച വ്യക്തിയായിരുന്നില്ല മൗദൂദി. സുഖലോലുപമായ ജീവിതവുമായിരുന്നില്ല അദ്ദേഹത്തിന്റേത്. സര്‍ക്കാര്‍ പദവികളോ മറ്റാനുകൂല്യങ്ങളോ സ്വീകരിക്കാനും അദ്ദേഹം സന്നദ്ധനായില്ല.

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി
1948-ല്‍ നിലവില്‍വന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും രൂക്ഷമായ എതിര്‍പ്പുകളുടെ ശരശയ്യയിലൂടെയാണ് കടന്നുപോന്നിട്ടുള്ളത്. സാമ്പ്രദായിക മത സംഘടനകളും പണ്ഡിതന്മാരും മാത്രമല്ല, സെക്യുലര്‍ പാര്‍ട്ടികളും സര്‍ക്കാറുകളും വ്യക്തികളും ഒരുപോലെ പ്രസ്ഥാനത്തെ കടന്നാക്രമിക്കുകയും സത്യപ്രബോധന മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. 1975-ല്‍ ഇന്ദിരാഗാന്ധിയുടെ സര്‍ക്കാറും 1992-ല്‍  നരസിംഹറാവു സര്‍ക്കാറും തീര്‍ത്തും അന്യായമായും അകാരണമായും സംഘടനയെ നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. രണ്ടു തവണയും തീവ്ര ഹിന്ദുത്വ സംഘടനകളോടൊപ്പമാണ് ജമാഅത്തിന്റെ മേല്‍ നിരോധം അടിച്ചേല്‍പിച്ചത്. അതേസമയം ഭരണഘടനാപരമായി നിരോധത്തെ ന്യായീകരിക്കാന്‍ ദുര്‍ബല തെളിവു പോലും ഹാജരാക്കാന്‍ സര്‍ക്കാറിന് കഴിയാതെ വന്നപ്പോള്‍ പരമോന്നത കോടതി നിരോധം റദ്ദാക്കുകയാണ് ചെയ്തത്. 1977-ലെ ഇലക്ഷന്‍ പരാജയത്തെത്തുടര്‍ന്ന് അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധി പിന്‍വലിച്ചതിനോടൊപ്പം സംഘടനകളുടെ നിരോധം റദ്ദാക്കാനും നിര്‍ബന്ധിതയായി.  എങ്കിലും ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യമോ മതനിരപേക്ഷതയോ ദേശീയതയോ അംഗീകരിക്കാത്ത, മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയാണെന്ന ആരോപണം അള്‍ട്രാ സെക്യുലരിസ്റ്റുകളും ഇടതു പാര്‍ട്ടികളില്‍ ചിലരും ഇപ്പോഴും തുടരുന്നു. ആദ്യകാലത്ത് സോവിയറ്റ് അനുകൂലി എടത്തട്ട നാരായണന്‍ എഡിറ്ററായ ലിങ്ക് വാരികയും പാട്രിയറ്റ് പത്രവും ആര്‍.കെ കരിഞ്ചിയയുടെ ബ്ലിറ്റ്‌സ് വാരികയുമായിരുന്നു ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നതെങ്കില്‍ പിന്നീട് സി.പി.എം നേതാവ് സീതാറാം യെച്ചൂരിയെപോലുള്ളവരും അതേറ്റുപാടി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തിലും ജമാഅത്തിനെ വര്‍ഗീയ സംഘടനയായി മുദ്രകുത്തിയിട്ടുണ്ട്. അമ്പതുകളില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഈ ആരോപണം ആദ്യമായി ഉന്നയിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ മന്ത്രിസഭാംഗവും പ്രമുഖ കോണ്‍ഗ്രസ് മുസ്‌ലിം നേതാവുമായിരുന്ന ഡോ. സയ്യിദ് മഹ്മൂദ് മതേതരത്വത്തെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്ചപ്പാട് എന്താണെന്ന് അന്നത്തെ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയോട് ഒരു കത്തിലൂടെ ആരാഞ്ഞപ്പോള്‍ (1964 ജൂലൈ 13) അദ്ദേഹം നല്‍കിയ മറുപടി തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ പര്യാപ്തമായിരുന്നു. മതനിഷേധപരമായ സെക്യുലരിസത്തെയാണ് ജമാഅത്ത് എതിര്‍ക്കുന്നതെന്നും ഒരു മതത്തിനും പ്രത്യേക പരിഗണന ഇല്ല, എല്ലാ മതങ്ങളോടും തുല്യ ബഹുമാനം എന്ന വിവക്ഷ പ്രകാരമുള്ള ഇന്ത്യന്‍ മതനിരപേക്ഷതയോട് വിയോജിപ്പില്ലെന്നും അബുല്ലൈസ് മറുപടി നല്‍കി ('ഡോക്ടറുടെ കത്തും മൗലാനായുടെ മറുപടിയും', പ്രബോധനം പാക്ഷികം 1964 ആഗസ്റ്റ് 15). തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി നിര്‍ണായക പങ്കാളിത്തം വഹിച്ച മുസ്‌ലിം പൊതുവേദിയായ ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ അധ്യക്ഷനായി ഡോ. സയ്യിദ് മഹ്മൂദ് ചുമതലയേല്‍ക്കുകയും രാജ്യത്ത് സാമുദായിക സൗഹാര്‍ദത്തിനായി മുശാവറ സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.
താത്ത്വികമായി എത്രതന്നെ വിയോജിക്കുകയോ എതിര്‍ക്കുകയോ ചെയ്താലും പ്രയോഗതലത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സഹകരണവും പിന്തുണയും നേടാന്‍ ഇന്ത്യയിലെ മിക്ക മതേതര പാര്‍ട്ടികളും മടിച്ചിട്ടില്ല. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്, സി.പിഎം, സി.പി.ഐ, ജനതാദള്‍ (വിവിധ ഗ്രൂപ്പുകള്‍), തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ ഒരവസരത്തിലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ ജമാഅത്തുമായി വിവിധ ദേശീയ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയവരാണ്. സംഘടനയുടെ പിന്തുണ തേടിവരുന്നവര്‍ക്ക് ജമാഅത്തിന്റെ ആദര്‍ശത്തോടോ ലക്ഷ്യത്തോടോ നയങ്ങളോടോ യോജിക്കാനാവില്ല എന്നത് ശരിയായിരിക്കാം. എന്നാല്‍, സംഘടന ഭരണഘടനാവിരുദ്ധമായോ നിയമവിരുദ്ധമായോ പ്രവര്‍ത്തിക്കുന്നുവെന്നോ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നുവെന്നോ ജനാധിപത്യത്തെ തള്ളിപ്പറയുന്നുവെന്നോ ആരോപിക്കാന്‍ ന്യായങ്ങള്‍ കണ്ടെത്തിയിട്ടില്ല.

കേരളത്തില്‍
ആയിരത്തിതൊള്ളായിരത്തി നാല്‍പതുകളുടെ ഒടുവിലാണ് ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. മദ്ഹബുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും മദ്ഹബുകളെ നിരാകരിച്ച് സുന്നത്തിനെ മുഖ്യാവലംബമായി അംഗീകരിക്കുന്ന കേരള ജംഇയ്യത്തുല്‍ ഉലമായുമാണ് അന്ന് രംഗത്തുള്ള പ്രബല മത സംഘടനകള്‍. സുന്നികളെന്നും സലഫികളെന്നും അറിയപ്പെടുന്ന ഈ രണ്ട് വിഭാഗവും ജമാഅത്തിനെ കടന്നാക്രമിച്ചു. രിസാലയെ ദീനിയ്യാത്ത് (ഇസ്‌ലാം മതം) എന്ന ഗ്രന്ഥത്തില്‍ വിശ്വാസ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി സാമ്പ്രദായിക പാഠപുസ്തകങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈമാന്‍ കാര്യങ്ങള്‍ ആറ് എണ്ണത്തിന് പകരം അഞ്ചെണ്ണമാക്കി ചുരുക്കിയതാണ് മുസ്‌ലിയാക്കന്മാര്‍ ഏറ്റവും കൂടുതല്‍ പ്രചാരണത്തിനുപയോഗിച്ചത്. വാസ്തവത്തില്‍ ഒന്നാമത്തേതായ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ വിശദീകരണത്തില്‍ തന്നെ നന്മതിന്മകള്‍ അല്ലാഹുവില്‍നിന്നുള്ളതാണെന്ന വിധിവിശ്വാസം ഉള്‍പ്പെടുത്തിയതുകൊണ്ടാണ് അത് ആറാം കാര്യമായി പ്രത്യേകം രേഖപ്പെടുത്താതിരുന്നത്. അല്ലാതെ അദ്ദേഹം വിധിവിശ്വാസത്തെ നിരാകരിച്ചതല്ല. വിധിയില്‍ വിശ്വാസമില്ലെങ്കില്‍ ഒരാള്‍ക്കും യഥാര്‍ഥ വിശ്വാസിയാവാന്‍ കഴിയുകയുമില്ല. വിവിധ ലോക ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികള്‍ വിതരണം ചെയ്യപ്പെട്ട 'ഇസ്‌ലാം മത'ത്തെക്കുറിച്ച് കേരളത്തിനു പുറത്ത് ഒരു പണ്ഡിതനും ഈ പരാതി ഉന്നയിച്ചിരുന്നുമില്ല. കേരള ജമാഅത്ത് ഇതേപ്പറ്റി മൗദൂദിയോട് വിശദീകരണം ആരാഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി പിന്നീടുള്ള പതിപ്പുകളില്‍ ചേര്‍ത്തിട്ടുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഈമാന്‍ കാര്യങ്ങള്‍ അഞ്ചെണ്ണമേ വേര്‍തിരിച്ചു പ്രതിപാദിച്ചിട്ടുള്ളൂ എന്ന വസ്തുത മൗദൂദിയുടെ വിശദീകരണക്കുറിപ്പില്‍ കാണാം. കാലാകാലങ്ങളില്‍ സംശയാലുക്കളെ കുഴക്കിയ വിധിവിശ്വാസത്തെ യുക്തിപൂര്‍വം വ്യക്തമാക്കുന്ന ഒരു ലഘുകൃതി 'മസ്അലയെ ഖദ്ര്‍ വ ജബ്ര്‍' (വിധിയുടെയും നിര്‍ബന്ധിതത്വത്തിന്റെയും പ്രശ്‌നം) എന്ന പേരില്‍ അദ്ദേഹത്തിന്റേതായുണ്ടുതാനും.
പ്രവാചകന്റെ പാപസുരക്ഷിതത്വമായിരുന്നു 'സമസ്ത' പണ്ഡിതന്മാര്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും പിഴച്ചുപോയെന്ന് വിധി പുറപ്പെടുവിക്കാന്‍ കണ്ടെത്തിയ രണ്ടാമത്തെ കാര്യം. മഹാന്മാരായ പ്രവാചകന്മാരുടെ പാപസുരക്ഷിതത്വം അനിഷേധ്യമാണ്. അതിനെ ചോദ്യം ചെയ്യാന്‍ വിശ്വാസിക്ക് സാധ്യമല്ല. മൗദൂദിയോ ജമാഅത്തോ അത്തരമൊരബദ്ധത്തില്‍ ചെന്നു ചാടിയിട്ടുമില്ല. ആകപ്പാടെ സംഭവിച്ചത് 'ഇസ്‌ലാം മതം' എന്ന ഗ്രന്ഥത്തില്‍ മൗദൂദി പ്രവാചകന്മാരുടെ പാപസുരക്ഷിതത്വം പരാമര്‍ശിക്കെ, അവരും മനുഷ്യരാണെന്ന് തെളിയിക്കേണ്ടതിന് ഒന്നോ രണ്ടോ പാകപ്പിഴകള്‍ (ലഗ്‌സിഷ്) അവരില്‍നിന്ന് സംഭവിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ലഗ്‌സിഷ് എന്ന വാക്കിന് തെറ്റെന്നോ കുറ്റമെന്നോ പാപമെന്നോ അര്‍ഥമേയില്ല. ചെറിയ വീഴ്ചയെന്നോ പാകപ്പിഴയെന്നോ ആണര്‍ഥം. ഇതിനാവട്ടെ വിശുദ്ധ ഖുര്‍ആനിലെ സൂറഃ അത്തൗബ 43-ാം സൂക്തത്തിലും അബസ ഒന്നാം സൂക്തത്തിലും വ്യക്തമായ ഉദാഹരണങ്ങള്‍ കാണാവുന്നതുമാണ്. പക്ഷേ, മുസ്‌ലിയാക്കന്മാര്‍ക്ക് വേണ്ടത് ജമാഅത്തെ ഇസ്‌ലാമിയെ മുസ്‌ലിം ജനസാമാന്യത്തിനു മുന്നില്‍ വഴിപിഴച്ചവരായി അവതരിപ്പിക്കുകയായിരുന്നതുകൊണ്ട് പശ്ചാത്തലവും സന്ദര്‍ഭവും തീര്‍ത്തും മറച്ചുവെച്ചു. ലഗ്‌സിഷിന് മഹാ പാപം എന്ന അര്‍ഥം കല്‍പിച്ച് വഅ്‌ളുകളും പ്രസംഗങ്ങളും പൊടിപൊടിച്ചു. പരേതരായ വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ദുഷ്പ്രചാരണങ്ങളുടെ മുന്‍പന്തിയില്‍. 'മൗദൂദി ഖണ്ഡനം' എന്ന പേരില്‍ മൂന്നു വാള്യങ്ങളുള്ള പുസ്തകം എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
'പ്രഫസര്‍ കാഫീ ഹെ' എന്ന മൗദൂദിയുടെ പ്രയോഗമായിരുന്നു  ഒച്ചപ്പാടുണ്ടാക്കാന്‍ മുസ്‌ലിയാക്കന്മാര്‍ക്ക് വീണുകിട്ടിയ മറ്റൊരായുധം. ഇസ്‌ലാമിക വിഷയങ്ങളുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയോട് ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹം സമര്‍പ്പിച്ച കരട് പദ്ധതിയിലെ വിശുദ്ധ ഖുര്‍ആന്‍ ബോധനത്തെക്കുറിച്ച അഭിപ്രായപ്രകടനത്തിന്മേല്‍ കയറിപ്പിടിച്ചായിരുന്നു കോലാഹലം. ഏതെങ്കിലും ഒരു തഫ്‌സീറിനെ അവലംബിച്ചുള്ള അധ്യാപനം പ്രായോഗികമോ ഫലപ്രദമോ ആവില്ലെന്നും പകരം അഗാധമായി ഖുര്‍ആന്‍ പഠിച്ച ഒരു പ്രഫസര്‍ മതിയാവുമെന്നുമാണ് (പ്രഫസര്‍ കാഫീ ഹെ) മൗദൂദി നിര്‍ദേശിച്ചത്. കോളേജ് പ്രഫസര്‍ എന്ന ആശയം തന്നെ മനസ്സിലാവാതിരുന്ന അന്നത്തെ മതപണ്ഡിതന്മാര്‍, കോട്ടും സൂട്ടും ടൈയും ധരിച്ച് ശാസ്ത്രമോ മാനവിക വിഷയങ്ങളോ പഠിപ്പിക്കുന്ന ഒരു കോളേജ് അധ്യാപകന് പ്രാചീന തഫ്‌സീറുകളിലെ നഹ്‌വും സര്‍ഫും സബബുന്നുസൂലും വായിച്ച് വിദ്യാര്‍ഥികളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ എങ്ങനെ കഴിയും എന്നാണ് ചിന്തിച്ചത്. മറ്റേതു വിഷയവും പോലെ ഖുര്‍ആന്‍ വിജ്ഞാനീയങ്ങളിലും അവഗാഹം നേടിയ പ്രഫസര്‍ ഉണ്ടാവാമെന്നും പഴയ കിതാബുകള്‍ മുന്നില്‍വെച്ച് വായിച്ച് 'മഅ്‌ന' വെക്കാതെ കൂടുതല്‍ ഫലപ്രദമായും ആകര്‍ഷകമായും വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കാമെന്നും മുസ്‌ലിയാക്കന്മാരില്‍ പലരും ഇപ്പോഴും മനസ്സിലാക്കിയിട്ടുണ്ടാവുമോ എന്നത് സംശയകരമാണ്. അല്ലെങ്കിലും ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആന്‍ അന്ന് -ഒരു പരിധിവരെ ഇന്നും- അക്ഷരശുദ്ധിയോടെ പാരായണം ചെയ്യാനല്ലാതെ ശാസ്ത്രീയമായ ഖുര്‍ആന്‍ പഠനം മതപാഠ്യപദ്ധതിക്ക് പുറത്താണ്.  അറബി വ്യാകരണവും അലങ്കാരശാസ്ത്രവും ഫന്നുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിവിധ വിജ്ഞാനശാഖകളുമെല്ലാം പഠിപ്പിക്കുന്നതും പഠിക്കുന്നതും തന്നെ വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് സഹായകമാവാനാണ് എന്ന മൗലിക ലക്ഷ്യം വിസ്മരിച്ചതാണ് മത സ്ഥാപനങ്ങള്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന 'ദര്‍സ് നിസാമി'യുടെ പ്രകടമായ ന്യൂനത.
സയ്യിദ് മൗദൂദിക്കെതിരായ ഇത്തരം ആരോപണങ്ങള്‍ പൊതുവെ പങ്കിടാതിരുന്ന മുജാഹിദുകള്‍, അഥവാ സലഫികള്‍ ഖുര്‍ആനിലെ പ്രധാന സാങ്കേതിക പദപ്രയോഗങ്ങളുടെ, വിശിഷ്യാ ഇബാദത്തിന്റെ അര്‍ഥവും വിവക്ഷയും വിവരിക്കുന്നതില്‍ തെറ്റുപറ്റുക വഴി മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും വഴിപിഴച്ചുപോയി എന്നാരോപിച്ചുകൊണ്ടാണ് ആക്രമണം തുടങ്ങിയത്. കെ.എന്‍.എം ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് മൗലവിയുടെ 'ഇബാദത്തും ഇത്വാഅത്തും' ഉള്‍പ്പെടെ കുറേ പുസ്തകങ്ങളും പുറത്തിറങ്ങി. കെ. ഉമര്‍ മൗലവിയുടെ സല്‍സബീല്‍ മാസിക പ്രസിദ്ധീകരണമാരംഭിച്ചതിന്റെ മുഖ്യലക്ഷ്യം തന്നെ ഇബാദത്തിന്റെ അര്‍ഥകല്‍പനയില്‍ തെറ്റുപറ്റിയതു മൂലം ജമാഅത്തെ ഇസ്‌ലാമി തൗഹീദില്‍നിന്ന് വ്യതിചലിച്ചു എന്ന് സ്ഥാപിക്കുകയായിരുന്നു. മരണം വരെ അദ്ദേഹം തന്റെ ദൗത്യം തുടര്‍ന്നു. തദ്വിഷയകമായി എഴുപതുകളുടെ തുടക്കത്തില്‍ കെ.എന്‍.എം കൊച്ചി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അന്നത്തെ പ്രസിഡന്റ് അഡ്വ. കെ.എം സെയ്തു മുഹമ്മദ് മോഡറേറ്ററായി ഒരു സംവാദം സംഘടിപ്പിക്കപ്പെട്ടു. രാവിലെ മുതല്‍ രാത്രി വരെ നീണ്ട സംവാദത്തില്‍ മൊയ്തീന്‍ കുട്ടി മൗലവി, കെ. ഉമര്‍ മൗലവി, എ. അലവി മൗലവി എന്നിവര്‍ മുജാഹിദ് ഭാഗത്തുനിന്നും കെ. അബ്ദുല്ല ഹസന്‍, വി.കെ അലി, ഒ. അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പക്ഷത്തുനിന്നും പങ്കെടുത്ത താല്‍പര്യജനകമായ സംവാദത്തിനൊടുവില്‍ മോഡറേറ്റര്‍ നിരീക്ഷിച്ചത് ഇബാദത്തിന്റെ അര്‍ഥകല്‍പനയില്‍ ജമാഅത്തിന് തെറ്റുപറ്റിയെന്നോ തന്മൂലം സംഘടന തൗഹീദില്‍നിന്ന് വ്യതിചലിച്ചുവെന്നോ തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നാണ്. കെ.സി അബ്ദുല്ല മൗലവിയുടെ ഇബാദത്ത്: ഒരു സമഗ്ര പഠനം, ടി. മുഹമ്മദ് സാഹിബിന്റെ ഇസ്‌ലാമിലെ ഇബാദത്ത് തുടങ്ങിയ ഗ്രന്ഥങ്ങള്‍ തദ്വിഷയകമായുള്ള പ്രസ്ഥാനത്തിന്റെ വീക്ഷണവും നിലപാടും സമഗ്രമായി പ്രതിപാദിക്കുന്നതാണ്. മൗലവി അബുസ്സ്വബാഹ് അഹ്മദലി, സി.എന്‍ അഹ്മദ് മൗലവി, സി.പി അബൂബക്കര്‍ മൗലവി, അബുസ്സ്വലാഹ് മൗലവി, വി. മുഹമ്മദ് സാഹിബ് തുടങ്ങിയ പ്രഗത്ഭരായ ഉല്‍പതിഷ്ണു പണ്ഡിതന്മാരൊന്നും ഇബാദത്തിന്റെ അര്‍ഥത്തിലും നിര്‍വചനത്തിലും ജമാഅത്തെ ഇസ്‌ലാമിക്ക് പിഴച്ചു എന്ന അഭിപ്രായം പങ്കിടുന്നവരായിരുന്നില്ല. ഏതായിരുന്നാലും കെ. ഉമര്‍ മൗലവിയുടെ നിര്യാണത്തോടെ മുജാഹിദ് വിഭാഗം ഇതേ ചൊല്ലിയുള്ള വിവാദത്തില്‍നിന്ന് സ്വമേധയാ പിന്മാറി. പിന്നീട് ഒരു സംസ്ഥാന സമ്മേളന അജണ്ടയിലും ഇബാദത്ത് കടന്നുവരികയുമുണ്ടായില്ല. ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍ (ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍) എന്ന സയ്യിദ് മൗദൂദിയുടെ മൗലിക കൃതി പ്രസ്തുത പദങ്ങളുടെ അര്‍ഥവും വിവക്ഷയും പ്രാമാണികമായി വിശകലനം ചെയ്യുന്നതാണ്. അദ്ദേഹത്തെ വിമര്‍ശിച്ച ലോക പണ്ഡിതന്മാരാരും ഈ ഗ്രന്ഥത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തതായി ശ്രദ്ധയില്‍പെട്ടിട്ടില്ല.
ഇസ്‌ലാമില്‍ അടിസ്ഥാനപരവും ശാഖാപരവുമായ കാര്യങ്ങളുണ്ടെന്നും രണ്ടിനും തുല്യ പ്രാധാന്യമല്ല ഉള്ളതെന്നും മൗലികമായ കാര്യങ്ങള്‍ അവഗണിച്ച് ശാഖകളുടെ പേരില്‍ പോരടിക്കുന്നത് വിനാശകരമാണെന്നുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടാണ് മുജാഹിദുകള്‍ക്ക് ദഹിക്കാതെ പോയ മറ്റൊരു കാര്യം. ശാഖാപരം, നിസ്സാരം എന്നു തീരുമാനിച്ച് ജമാഅത്ത് അവഗണിച്ച കാര്യങ്ങളും സുന്നത്തില്‍ പെട്ടതായതിനാല്‍ മുന്തിയ പരിഗണന അര്‍ഹിക്കുന്നതാണെന്ന് അവര്‍ വാദിച്ചു. നമസ്‌കാരത്തിലെ കൈകെട്ട്, ജുമുഅ ഖുത്വ്ബയുടെ ഭാഷ, തറാവീഹ് നമസ്‌കാരത്തിലെ റക്അത്തുകളുടെ എണ്ണം തുടങ്ങിയ കര്‍മശാസ്ത്ര പ്രശ്‌നങ്ങളില്‍ ഏതു മദ്ഹബ് പ്രകാരം പ്രവര്‍ത്തിച്ചാലും പ്രശ്‌നമില്ലെന്ന ജമാഅത്തിന്റെ കാഴ്ചപ്പാടിനെ അവര്‍ നിശിതമായി വിമര്‍ശിച്ചു. ആശയപ്രചാരണത്തിന്റെ മാധ്യമങ്ങളിലൊന്നായി വാദപ്രതിവാദത്തെ സ്വീകരിക്കുന്നതിലും  ജമാഅത്തിന്റെ നിഷേധാത്മക നിലപാട് മുജാഹിദുകള്‍ക്ക് അംഗീകരിക്കാനായില്ല. പ്രായോഗികമായി പക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരിലധികവും സലഫി പശ്ചാത്തലത്തില്‍നിന്ന് വന്നവരായതുകൊണ്ട് സാമാന്യമായി അവരുടെ മാര്‍ഗമാണ് പിന്തുടര്‍ന്നുവന്നത്. ഖണ്ഡിതമായ ശിര്‍ക്ക്-ബിദ്അത്തുകളില്‍നിന്ന് ജമാഅത്ത് പൂര്‍ണമായി വിട്ടുനില്‍ക്കുക മാത്രമല്ല, സ്വന്തം ശൈലിയില്‍ അതിനെതിരെ ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍തന്നെ 'സമസ്ത'ക്കാരുടെ കണ്ണില്‍ 'വഹാബി മൗദൂദികള്‍' ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങള്‍ മാത്രമാണ്! ഇപ്പോഴും സമുദായത്തിലെ ഗണ്യമായ വിഭാഗം സാധാരണക്കാര്‍ മുജാഹിദുകളും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലെ വ്യത്യാസം വേണ്ടത്ര പിടികിട്ടാത്തവരാണ്. ഇസ്‌ലാം പൂര്‍ണവും സമഗ്രവുമായ ദൈവിക സന്മാര്‍ഗമാണെന്നിരിക്കെ, സ്വകാര്യ ജീവിതവുമായോ ആചാരാനുഷ്ഠാനങ്ങളുമായോ ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം അതിനെ തളച്ചിടുന്നതിലും ജീവിതത്തിന്റെ സുപ്രധാനമായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ ഏത് ഭൗതിക സിദ്ധാന്തങ്ങളെയും പുണരുന്നതിലും തെറ്റില്ലെന്നതാണ് മുജാഹിദ് സംഘടനകളുടെ സാമാന്യ നിലപാട്. ഈ കാഴ്ചപ്പാടിനോട് മൗലികമായി വിയോജിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയില്‍ മതരാഷ്ട്രവാദം ആരോപിക്കുന്നേടത്തോളം അത് രൂക്ഷമായിട്ടുണ്ട്. സലഫികള്‍ മൂന്നോ നാലോ വിഭാഗങ്ങളായി പിളര്‍ന്നതോടെ ഇക്കാര്യത്തില്‍ തീവ്രവും മിതവുമായ സമീപനങ്ങള്‍ സ്വീകരിക്കുന്നവര്‍ അവരിലുണ്ടെന്നു മാത്രം. മതപരമായ കാര്യങ്ങളില്‍ പലതിലും വീക്ഷണൈക്യമുള്ള മുജാഹിദുകളും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലെ അഭിപ്രായഭിന്നതകള്‍ ഒതുക്കാനും യോജിപ്പുള്ള കാര്യങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും ഇരു സംഘടനകളും തീരുമാനിച്ച സന്ദര്‍ഭം അറുപതുകളില്‍ ഉണ്ടായിട്ടുണ്ട്. കെ.എന്‍.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി എ.കെ അബ്ദുല്ലത്വീഫ് മൗലവി സ്ഥാനമേറ്റതിന്റെ ശേഷമായിരുന്നു അത്. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന സംയുക്ത പരിപാടികളും അന്ന് വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, സൗഹൃദപൂര്‍ണമായ ഈ നല്ല നാളുകള്‍ അധികം നീണ്ടില്ല. കടുത്ത ജമാഅത്ത് വിമര്‍ശകര്‍ക്ക് സംഘടനയില്‍ മേല്‍ക്കൈ ലഭിച്ചതോടെ പലപ്പോഴും മുജാഹിദുകളുടെ മുഖ്യശത്രു ജമാഅത്താണെന്ന പ്രതീതിയുണ്ടായി. 1982 ഫെബ്രൂവരിയിലെ മുജാഹിദ് ഫറോക്ക് സമ്മേളനത്തില്‍ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയുടെ (മുസ്‌ലിം വേള്‍ഡ് ലീഗ്) പ്രതിനിധിയായി അവര്‍ നിയോഗിച്ചത് അന്ന് റാബിത്വയിലെ അംഗം കൂടിയായിരുന്ന അന്നത്തെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബിനെയായിരുന്നെങ്കിലും ആതിഥേയര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ഖത്തറില്‍നിന്നെത്തിയ ശൈഖ് അബ്ദുല്ല ഇബ്‌റാഹീമുല്‍ അന്‍സാരി, ഖത്തര്‍ ശരീഅത്ത് കോര്‍ട്ട് ജഡ്ജ് ഇബ്‌നു ഹജര്‍, വിദ്യാഭ്യാസ വകുപ്പിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ എന്നിവര്‍ നടത്തിയ തീവ്രമായ അനുരഞ്ജന ശ്രമങ്ങളൊന്നും സഫലമാവാതെ മുഹമ്മദ് യൂസുഫ് സാഹിബിന് മടങ്ങേണ്ടിവന്നു. 
പിന്നീട് പുളിക്കലില്‍ ചേര്‍ന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ റാബിത്വയെ പ്രതിനിധീകരിച്ച് സംബന്ധിക്കാനെത്തിയ ഇഅ്ജാസ് അഹ്മദ് അസ്‌ലം സാഹിബിനെ പ്രസംഗിക്കാന്‍ അനുവദിക്കുകയില്ലെന്ന് പറഞ്ഞു. അതേതുടര്‍ന്ന്  ദാറുല്‍ ഇഫ്തായുടെ പ്രതിനിധികളും പ്രമുഖ പണ്ഡിതരുമായ ശൈഖ് അബ്ദുല്ല ഫന്‍ദൂഖും ശൈഖ് ഉമര്‍ മുഹമ്മദ് ഫുല്ലാത്തയും ഇരുവിഭാഗങ്ങളുമായി ബന്ധപ്പെട്ട് അനുരജ്ഞനത്തിന് ശ്രമിച്ചു. യോജിക്കുന്ന കാര്യങ്ങളില്‍ സഹകരിക്കാനും വിയോജിക്കുന്ന പ്രശ്‌നങ്ങള്‍ സുഊദി സലഫി പണ്ഡിതന്മാരുടെ പരിഗണനക്ക് വിടാനും കേരള ജംഇയ്യത്തുല്‍ ഉലമായുടെ അന്നത്തെ പ്രസിഡന്റ് കെ. ഉമര്‍ മൗലവിയും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.കെ അബ്ദുല്ല സാഹിബും ഫുല്ലാത്തയുടെ മാധ്യസ്ഥതയില്‍ കരാര്‍ ഒപ്പിട്ടു. പക്ഷേ, പിറ്റേ ദിവസംതന്നെ മുജാഹിദ് സംഘടന കരാറില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനാല്‍ ഉമര്‍ മൗലവി കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണുണ്ടായത്. അങ്ങനെ വഞ്ചി തിരുനക്കരെ തന്നെ കിടന്നു. പില്‍ക്കാലത്ത് എം.ഇ.എസ് നേതാക്കളായിരുന്ന ബാവ മൂപ്പന്‍, ഇ.കെ അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ മുന്‍കൈ എടുത്ത് കെ.എന്‍.എം നേതൃത്വവും ജമാഅത്ത് നേതാക്കളും തമ്മില്‍ വിഷയാധിഷ്ഠിത സംവാദങ്ങള്‍ കോഴിക്കോട്ട് നടത്തിയിരുന്നു. കെ.പി മുഹമ്മദ് മൗലവി, എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി, അലി അബ്ദുര്‍റസ്സാഖ് മദനി എന്നിവര്‍ മുജാഹിദുകളെ പ്രതിനിധീകരിച്ചും കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, ഒ. അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ ജമാഅത്ത് പക്ഷത്തുമായി പല റൗണ്ട് സംവാദങ്ങള്‍ നടത്തിയെങ്കിലും എം.ഇ.എസ് നേതാക്കള്‍ നിരാശരായാണ് മടങ്ങിയത്. പിന്നീടും നടന്നു ഇരു സംഘടനകള്‍ക്കുമിടയില്‍ സംവാദം. ഇത്തവണ ഖത്തറില്‍നിന്ന് വന്ന പ്രമുഖ പണ്ഡിതനും ആക്ടിവിസ്റ്റുമായിരുന്ന ഡോ. സുലൈമാന്‍ അല്‍ഖൂശായിരുന്നു സംഘാടകന്‍. കോഴിക്കോട്ടെ സീക്വീന്‍ ഹോട്ടലില്‍ നടന്ന സംവാദങ്ങളില്‍ ഒരു പുതിയ പ്രശ്‌നം എടുത്തിട്ടു മുജാഹിദുകള്‍. മുബ്തദിഉകള്‍ക്കും ശീഈകള്‍ക്കും വരെ അംഗത്വം നല്‍കാന്‍ വിരോധമില്ലാത്തതാണ് ജമാഅത്തിന്റെ ഘടന എന്നവര്‍ വാദിച്ചപ്പോള്‍ വി.കെ അലിയും ടി. ആരിഫലിയും ഒ. അബ്ദുര്‍റഹ്മാനുമടങ്ങിയ ടീം വിശദീകരിച്ചതിങ്ങനെ: ''ശീഈകള്‍ക്കെന്നല്ല ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെല്ലാം അംഗത്വം സ്വീകരിക്കാന്‍ അനുവദിക്കുന്നതാണ് ജമാഅത്ത് ഭരണഘടന. ഇന്ത്യന്‍ യൂനിയനിലെ ഏതു പൗരനും സംഘടനയില്‍ അംഗത്വം നല്‍കും. പക്ഷേ, ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മുദുര്‍റസൂലുല്ലാഹ് എന്ന പരിശുദ്ധ വാക്യത്തില്‍ അയാള്‍ വിശ്വസിച്ചിരിക്കണം എന്നതാണ് ഉപാധി. അതുപോലെ സത്യത്തിന്റെ മാനദണ്ഡമായി മുഹമ്മദ് നബി(സ)യെ ഒഴിച്ച് മറ്റാരെയും അംഗീകരിക്കുകയില്ല എന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കെ ഇമാമുകളുടെ പാപസുരക്ഷിതത്വം ഉദ്‌ഘോഷിക്കുന്ന ശീഈകള്‍ക്ക് ആ വിശ്വാസം കൈയൊഴിക്കാതെ സംഘടനയില്‍ അംഗത്വമെടുക്കുക സാധ്യമല്ല.'' ആ ചര്‍ച്ചയും എങ്ങുമെത്താതെ പിരിയുകയായിരുന്നു; ഡോ.സുലൈമാന്‍ ഖൂശിന് കാര്യത്തിന്റെ കിടപ്പ് ബോധ്യപ്പെട്ടത് മിച്ചം.

ജനാധിപത്യം, മതേതരത്വം, ദേശീയത
ഇടതു പാര്‍ട്ടികള്‍, ബുദ്ധിജീവികള്‍, ലിബറലുകള്‍, നാഷ്‌നലിസ്റ്റുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ പൊതുവെ ജമാഅത്തെ ഇസ്‌ലാമിയെ എല്ലായ്‌പ്പോഴും കടന്നാക്രമിച്ചിരുന്നത് ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ തത്ത്വങ്ങളെ അത് തള്ളിപ്പറയുന്നു എന്നാരോപിച്ചാണ്. അതിനുള്ള തെളിവ് സയ്യിദ് മൗദൂദി ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാരംഭകാലത്ത് ബ്രിട്ടീഷിന്ത്യയില്‍ ചെയ്ത പ്രസംഗങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത ചില പരാമര്‍ശങ്ങളും.
1939-'45 കാലത്താണ് രണ്ടാം ലോകയുദ്ധം മനുഷ്യവര്‍ഗത്തിന്റെ തന്നെ സ്വാസ്ഥ്യം അപഹരിച്ചുകൊണ്ട് സംഹാരതാണ്ഡവമാടിയത്. ആര്യവംശീയതയില്‍ അഭിരമിച്ച ജര്‍മന്‍ സര്‍വാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറും ഇറ്റാലിയന്‍ സ്വേഛാധിപതി മുസ്സോളിനിയും, തങ്ങളുടെ സാങ്കേതിക മികവിലും ശക്തിയിലും അഹങ്കരിച്ച ജപ്പാനുമായിരുന്നു ലോകയുദ്ധത്തിനുത്തരവാദികള്‍ എന്നത് അനിഷേധ്യ ചരിത്രസത്യം. ഹിറ്റ്‌ലറെ നേരിട്ട ജോസഫ് സ്റ്റാലിനാവട്ടെ സോഷ്യലിസ്റ്റ്് വിപ്ലവത്തിന്റെ പേരില്‍ സോവിയറ്റ് യൂനിയനിലെ ദശലക്ഷക്കണക്കിന് മനുഷ്യരെ കശാപ്പ് ചെയ്ത മു
ഠാളനും. ഇവരെയൊക്കെ ആവാഹിച്ചിരുന്നത് ഭ്രാന്തമായ ദേശീയതയും സര്‍വതന്ത്ര സ്വതന്ത്രമായ മതേതര ജനാധിപത്യവും ബലപ്രയോഗത്തിലൂടെ മാത്രം നിലവില്‍വരികയും നിലനില്‍ക്കുകയും ചെയ്ത സോഷ്യലിസവും ആയിരുന്നെന്ന വസ്തുത ആര്‍ക്ക് നിഷേധിക്കാന്‍ കഴിയും? യൂറോപ്പിനെയും ലോകത്തെയാകെയും മത-ധാര്‍മിക-സദാചാര മൂല്യങ്ങളില്‍നിന്ന് മാറ്റിയെടുത്ത് കേവല ഭൗതികവാദത്തിലേക്കും വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിലേക്കും മതനിരാസത്തിലേക്കും ഒടുവില്‍ അരാജകത്വത്തിലേക്കും നയിച്ച സെക്യുലരിസം, ബൂര്‍ഷ്വാ ഡെമോക്രസി, നാഷ്‌നലിസം, ഡാര്‍വിനിസം, ഫാഷിസം എന്നീ ആദര്‍ശങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ഉല്‍പന്നങ്ങളാണ് ഹിറ്റ്‌ലറും മുസ്സോളിനിയും സ്റ്റാലിനുമെല്ലാം. അതേയവസരത്തില്‍ ജനങ്ങളല്ല അവരെയൊന്നും അധികാരത്തിലേറ്റിയതെന്നു ആരോപിക്കാനും സാധ്യമല്ല. ഈ കാലഘട്ടത്തിലാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൗദൂദി തന്റെ ഇസ്‌ലാമിക ചിന്തകള്‍ അവതരിപ്പിച്ചതും ജമാഅത്തെ ഇസ്‌ലാമി രൂപം കൊണ്ടതും.  സ്രഷ്ടാവിന്റെ പരമാധികാരത്തിനു കീഴില്‍ വിശ്വമാനവികതയിലും സാമൂഹികനീതിയിലും ധാര്‍മിക സംസ്‌കരണത്തിലും ഊന്നിയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഇസ്‌ലാമിനെ പുനരവതരിപ്പിക്കാനും പ്രബോധനം ചെയ്യാനും സംസ്ഥാപിക്കാനും വേണ്ടി നിലവില്‍വന്ന ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിക്ക് യൂറോപ്യന്‍ സങ്കല്‍പത്തിലുള്ള സെക്യുലരിസത്തെയോ ഡെമോക്രസിയെയോ നാഷ്‌നലിസത്തെയോ അപ്പടി അംഗീകരിക്കാനാവുമായിരുന്നില്ല. അല്ലെങ്കില്‍ ഇസ്‌ലാമിനെ ചില വിശ്വാസ കാര്യങ്ങളിലും ആരാധനാനുഷ്ഠാനങ്ങളിലും പരിമിതപ്പെടുത്തി, നിര്‍ബന്ധമുള്ളവര്‍ക്ക് സ്വകാര്യ ജീവിതത്തില്‍ മാത്രം കൊണ്ടുനടത്താവുന്ന കേവല മതമായി ജമാഅത്ത് അവതരിപ്പിക്കണം. പിന്നെയെന്തിന് ഈ സംഘടന എന്ന ചോദ്യമാണുയരുക. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയും അനന്തരഗാമികളായ ഖലീഫമാരും പ്രായോഗികമാക്കിക്കാണിച്ച സമ്പൂര്‍ണ ജീവിതവ്യവസ്ഥയായ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനുമാണ് ജമാഅത്ത് സ്ഥാപിതമായത് എന്ന മൗലിക സത്യം വിസ്മരിച്ചുകൊണ്ട് അവസരവാദപരവും കപടവുമായ നയനിലപാടുകള്‍ സ്വീകരിക്കാന്‍ അതിനെങ്ങനെ കഴിയും?
അതേയവസരത്തില്‍ ജനാധിപത്യത്തിനു പകരം ഏകാധിപത്യത്തെയോ സമഗ്രാധിപത്യത്തെയോ കുടുംബവാഴ്ചയെയോ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നില്ലെന്നും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സഭകളാണ് നിയമനിര്‍മാണം നടത്തേണ്ടതെന്നും ഭരിക്കേണ്ടതെന്നുമാണ് മൗദൂദി ആദ്യമേ അസന്ദിഗ്ധമായി വ്യക്തമാക്കിയത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പോളിസി-പ്രോഗ്രാമില്‍ സ്ഥിരമായി ഊന്നിപ്പറയുന്ന കാര്യം രാജ്യത്ത് ഏകാധിപത്യ, സമഗ്രാധിപത്യ ശക്തികള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ അത് ജനാധിപത്യ പാര്‍ട്ടികളെ പിന്തുണക്കും എന്നാണ്. ഫാഷിസ്റ്റ് ശക്തികള്‍ക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ജനാധിപത്യ സ്ഥാനാര്‍ഥികളെ പിന്തുണക്കുകയെന്നതും മൂന്നു പതിറ്റാണ്ടുകാലമായി പിന്തുടരുന്ന നയമാണ്. അതുപോലെ തിയോക്രാറ്റിക് സ്റ്റേറ്റ്് (മതരാഷ്ട്രം) എന്ന ക്രൈസ്തവ യൂറോപ്പില്‍ ഒരുകാലത്ത് നിലവിലിരുന്നതിനെ ഇസ്‌ലാം പാടേ നിരാകരിക്കുന്നുവെന്നും പൗരോഹിത്യ-രാജവാഴ്ച കൂട്ടുകെട്ടിന്റെ അത്യന്തം ജനദ്രോഹപരമായ ഭരണരീതി ഇസ്‌ലാമിലില്ലെന്നും മൗദൂദി ചൂിക്കാട്ടിയതാണ്. ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ലെന്നിരിക്കെ മതരാഷ്ട്രവാദം എങ്ങനെ ആരോപിക്കാനാവും? ഒരു പരാശക്തിയുടെ ആസ്തിക്യവും അവന്റെ വിധികര്‍തൃത്വവും അംഗീകരിക്കലാണ് തങ്ങള്‍ പറയുന്നതിന്റെ പൊരുളെന്ന് സയ്യിദ് മൗദൂദി വിശദീകരിച്ചിട്ടുണ്ട്. ഒരു ഇസ്‌ലാമിക ജനാധിപത്യ വ്യവസ്ഥയില്‍ മറ്റു മതസ്ഥരായ പൗരന്മാര്‍ക്ക് തുല്യ പൗരാവകാശങ്ങളും നീതിയും വിവേചനരഹിതമായ പെരുമാറ്റവും ഉറപ്പുനല്‍കിയിട്ടുണ്ടെന്നിരിക്കെ മതേതരത്വത്തിന്റെ പ്രസക്തിയും നിലനില്‍ക്കുന്നില്ലെന്ന് മൗദൂദി സ്വന്തം കൃതികളില്‍ വ്യക്തമാക്കാതിരുന്നിട്ടില്ല. 1951-ല്‍ കറാച്ചിയില്‍ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി മതപണ്ഡിതസംഗമം സര്‍വസമ്മതമായി പാസ്സാക്കിയ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ രൂപരേഖയില്‍ ഇതെല്ലാം അക്കമിട്ട് പ്രതിപാദിച്ചിട്ടുമുണ്ട്. ഇസ്‌ലാമിക ഭരണഘടന അപ്രായോഗികവും അപകടകരവുമാണെന്ന പാകിസ്താനിലെ ഭരണാധികാരികളുടെയും സെക്യുലര്‍ ബുദ്ധിജീവികളുടെയും വാദത്തിന് മറുപടിയായിട്ടാണ് ഈ രൂപരേഖ അംഗീകരിച്ചതെന്നതും സ്മരണീയമാണ്.
ഇതൊന്നും പക്ഷേ ഗൗനിക്കാതെയും അന്ധമായ മുന്‍വിധിയോടെയും മതേതര ജനാധിപത്യ വ്യവസ്ഥയെ എതിര്‍ക്കുന്നവരാണ് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും എന്ന് പ്രചാരണം നടത്തുകയായിരുന്നു മുഖ്യമായും മുസ്‌ലിം നാമധാരികളായ ചില ബുദ്ധിജീവികളും കോളമിസ്റ്റുകളും. ഇന്നും അത് തുടരുന്നു.
പ്രമുഖ സാഹിത്യകാരനും സാംസ്‌കാരിക നായകനുമായിരുന്ന എന്‍.പി മുഹമ്മദായിരുന്നു മതേതര ജനാധിപത്യത്തെ നിരാകരിക്കുന്നു എന്ന ആരോപണം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ആദ്യം ഉന്നയിച്ചത്. പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും അദ്ദേഹം അതാവര്‍ത്തിച്ചു. 1953-ല്‍ പാകിസ്താനില്‍ നടന്ന ഖാദിയാനീവിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് അതേപ്പറ്റി അന്വേഷിക്കാന്‍ പാക് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മുനീര്‍ കമീഷന്റെ റിപ്പോര്‍ട്ടായിരുന്നു ഏറെക്കാലം എന്‍.പിയുടെ അവലംബം. തികഞ്ഞ സെക്യുലരിസ്റ്റായിരുന്ന ജസ്റ്റിസ് മുഹമ്മദ് മുനീര്‍ ഖാദിയാനീവിരുദ്ധ പ്രക്ഷോഭത്തെക്കുറിച്ച അന്വേഷണത്തേക്കാള്‍ ശ്രദ്ധയൂന്നിയത് മതപരമായ വിഷയങ്ങളില്‍ ഭിന്നത വെച്ചുപുലര്‍ത്തുന്ന യാഥാസ്ഥിതിക പണ്ഡിതന്മാര്‍ക്കും സംഘടനകള്‍ക്കും ഇസ്‌ലാമിനെക്കുറിച്ച് ഏകമുഖമായ വീക്ഷണമോ മുസ്‌ലിം ആരാണെന്നതിനെക്കുറിച്ച് പോലും കൃത്യമായി ഉത്തരമോ ഇല്ലെന്ന് സ്ഥാപിക്കുന്നതിലായിരുന്നു. അതിനാല്‍ ഒരു സമ്പൂര്‍ണ മതേതര ഭരണഘടനയല്ലാതെ പാകിസ്താന് പ്രായോഗികമാവില്ല എന്ന് സമര്‍ഥിക്കാനാണ് അദ്ദേഹം പാടുപെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി മറ്റു പണ്ഡിതന്മാരെയെന്ന പോലെ മൗദൂദിയെയും ചോദ്യം ചെയ്യാന്‍ കമീഷന്‍ വിളിച്ചുവരുത്തിയിരുന്നു. അദ്ദേഹത്തോട് തികച്ചും ദുരുദ്ദേശ്യപരവും കുത്സിതവുമായ ചോദ്യങ്ങളാണ് ഉന്നയിച്ചത്. അവക്കെല്ലാം അദ്ദേഹം കൃത്യവും യുക്തിഭദ്രവുമായ മറുപടികള്‍ നല്‍കിയെങ്കിലും ആ മറുപടികളല്ല സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെ മൗദൂദി, തന്റെ പ്രസ്താവനകളെ വളച്ചൊടിച്ചതിനെയും തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത വ്യാജങ്ങളെയും നിഷേധിച്ചുവെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. പാക് ജമാഅത്തെ ഇസ്‌ലാമിയിലെ പ്രമുഖ ചിന്തകനും ഗ്രന്ഥകാരനുമായ പ്രഫസര്‍ ഖുര്‍ശിദ് അഹ്മദ് മുനീര്‍ കമീഷന്‍ റിപ്പോര്‍ട്ട് എക്‌സ്‌റേയ്ഡ് എന്ന പേരില്‍ സമഗ്രമായ ഒരു വിമര്‍ശന ഗ്രന്ഥം പുറത്തിറക്കുകയുണ്ടായി. പക്ഷേ, എന്‍.പി മുഹമ്മദ് മുതല്‍ എം.എന്‍ കാരശ്ശേരി വരെയുള്ളവര്‍ അതിനൊന്നും ഒരു പരിഗണനയും നല്‍കാതെ മതരാഷ്ട്രവാദത്തിന്റെ അപ്പോസ്തലനാണ് മൗദൂദിയെന്ന് നിരന്തരം ആവര്‍ത്തിക്കുകയാണുണ്ടായത് (തീര്‍ത്തും സംശയഗ്രസ്ത വ്യക്തിത്വമായിരുന്നു ജസ്റ്റിസ് മുനീറിന്റേതെന്ന് പിന്നീട് തെളിയുകയും ചെയ്തു).
എഴുപതുകളുടെ തുടക്കത്തില്‍ എന്‍.പി മുഹമ്മദ്, പി.എന്‍.എം കോയട്ടി, മങ്കട അബ്ദുല്‍ അസീസ് മൗലവി, എസ്.ഐ അബ്ദുല്‍ അസീസ് (ഡ്രസ് ലാന്റ്) തുടങ്ങിയവര്‍ ചേകനൂര്‍ പി.കെ മുഹമ്മദ് മൗലവിയെ മുന്നില്‍ നിര്‍ത്തി 'ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റി' രൂപവത്കരിച്ചപ്പോള്‍ അതിന്റെ മുഖ്യ ടാര്‍ജറ്റും ജമാഅത്തെ ഇസ്‌ലാമി ആയിരുന്നു. ഇസ്‌ലാമിനെ ആധുനികവത്കരിക്കുക എന്ന അവകാശവാദത്തിന്റെ മറവില്‍ അതിന്റെ അടിവേരിന് കത്തിവെക്കുന്ന വിചാരങ്ങളും വാദങ്ങളുമാണ് സൊസൈറ്റി മുന്നോട്ടുവെച്ചത്. ദേശീയതലത്തില്‍ ജാമിഅ മില്ലിയ്യ ആസ്ഥാനമാക്കി എ.എ.എ ഫൈസി, പ്രഫ. നൂറുല്‍ ഹസന്‍, പ്രഫ. മുഹമ്മദ് മുജീബ്, ഡോ. അബ്ദുസ്സലാം ഖിദ്വായി, ആലം ഖുന്ദ്മീരി, ഹസ്‌നൈന്‍ സയ്യിദ് തുടങ്ങിയ പ്രഗത്ഭര്‍ ചേര്‍ന്ന് രൂപവത്കരിച്ച 'ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജി'ന്റെ മാതൃകയിലാണ് കേരളത്തില്‍ എന്‍.പിയും കൂട്ടുകാരും കൂട്ടായ്മക്ക് രൂപം നല്‍കിയതെങ്കിലും വിശ്വാസിയേ അല്ലാതിരുന്ന ഹമീദ് ദല്‍വായിയെ പോലുള്ളവരെ കൂട്ടുപിടിച്ചത് സംഘാടകര്‍ക്ക് വിനയായി. മുസ്‌ലിം ലീഗും ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളും മോഡേണിസ്റ്റുകള്‍ക്കെതിരെ ആഞ്ഞടിച്ചുവെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്തുനിന്നുള്ള ബൗദ്ധികമായ പ്രതിരോധമാണ് മോഡേണിസത്തെ മുഖംകുത്തി വീഴ്ത്തിയത്. ഹദീസ് നിഷേധം, അബൂഹുറയ്‌റ-ഇമാം ശാഫിഈ-ഇമാം ബുഖാരി തുടങ്ങിയ മഹാന്മാരായ മുന്‍ഗാമികള്‍ക്കെതിരായ ഹീനമായ ആക്രമണം, നമസ്‌കാര സമയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച ചേകനൂര്‍ മൗലവിയുടെ പോരാട്ടം, മോഡേണിസത്തിന്റെ ഊന്നലുകളുമായി സമരസപ്പെട്ടുപോവുന്നതായിരുന്നില്ലെന്നതും തിരിച്ചടിക്ക് കാരണമാണ്. അദ്ദേഹം നടത്തിവന്ന നിരീക്ഷണം മാസിക മോഡേണ്‍ എയ്ജ് സൊസൈറ്റി ഏറ്റെടുത്തു നടത്താനാരംഭിച്ചുവെങ്കിലും രണ്ട് ലക്കങ്ങളോടെ അതവസാനിച്ചു. ഒരു ലക്കം മതസംഘടനകള്‍ക്കുള്ള മറുപടിയായിരുന്നെങ്കില്‍ രണ്ടാം ലക്കം പൂര്‍ണമായി 'ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്നു' എന്ന കവര്‍ സ്റ്റോറിക്കായി നീക്കിവെച്ചു. 'ജമാല്‍' എന്ന പേരില്‍ മങ്കട അബ്ദുല്‍ അസീസ് മൗലവിയുടെ കടുത്ത ജമാഅത്ത് വിമര്‍ശനമായിരുന്നു മുഖലേഖനം. ബാക്കി ദേശീയതലത്തിലെ മോഡേണിസ്റ്റുകളുടെ ആക്രമണങ്ങളും. യുക്തിവാദം, മോഡേണിസം, ശരീഅത്ത് എന്നീ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ ബൗദ്ധിക പ്രതിരോധത്തെ സംബന്ധിച്ചേടത്തോളം ഇസ്‌ലാമിക പ്രസ്ഥാനം തന്നെയാണ് മുഖ്യാവലംബം എന്ന് സമുദായത്തെ ബോധ്യപ്പെടുത്താനായതാണ് ഇതുകൊണ്ടുണ്ടായ നേട്ടം.
എന്നാല്‍, പില്‍ക്കാലത്ത് എന്‍.പി മുഹമ്മദിന്റെ ചിന്തകളിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റമുണ്ടായി. സെക്യുലരിസത്തിന്റെ ആത്യന്തിക വിഭാവനയില്‍നിന്ന് അദ്ദേഹം പിന്മാറി. മുസ്‌ലിം സാമുദായിക രാഷ്ട്രീയത്തോടുള്ള കടുത്ത വിയോജനം തുടര്‍ന്നുവെങ്കിലും കിട്ടുന്ന ഏതു വടി കൊണ്ടും മുസ്‌ലിം ലീഗിനെ അടിക്കുക എന്ന സമീപനം മാറ്റി. ഇസ്‌ലാമിക തത്ത്വചിന്തയിലേക്കും വിശുദ്ധ ഖുര്‍ആന്റെ സൗന്ദര്യദര്‍ശനത്തിലേക്കും ശ്രദ്ധ തിരിച്ചു. ഇക്കാര്യങ്ങളിലൊക്കെ ജമാഅത്തെ ഇസ്‌ലാമിയോട് സഹകരിക്കുന്നതിനും എന്‍.പി വിമുഖത കാട്ടിയില്ല. ബോസ്‌നിയന്‍ ചിന്തകനായ അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ ഇസ്‌ലാം ബിറ്റ്‌വീന്‍ ഈസ്റ്റ് ആന്റ് വെസ്റ്റ്് എന്ന വിഖ്യാത ഗ്രന്ഥം ഇസ്‌ലാം രാജമാര്‍ഗം എന്ന പേരില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിനു വേണ്ടി മൊഴിമാറ്റം ചെയ്തു. 1985 ഡിസംബറില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മൂന്ന് ലക്കങ്ങളിലായി 'ഇന്ത്യയിലെ മുസ്‌ലിംകളും സെക്യുലര്‍ ഡെമോക്രാസിയും' എന്ന ശീര്‍ഷകത്തില്‍ എന്‍.പി എഴുതിയ ലേഖനത്തിലെ താഴെ ഉദ്ധരിക്കുന്ന ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുമാറ്റം പ്രതിഫലിപ്പിക്കുന്നതാണ്:
''സര്‍ഗാത്മക ന്യൂനപക്ഷമായ മറ്റൊരു വിഭാഗം മുസ്‌ലിംകളിലുണ്ട്. അവര്‍ മതമീമാംസമൗലികരും അതോടൊപ്പം ആധുനികരുമാണ്. ഇവരാണ് മൂന്നാം കക്ഷി. അവര്‍ പുതുസമൂഹങ്ങളെ കാണുന്നു. കാപ്പിറ്റലിസവും കമ്യൂണിസവുമാണ് നവ സമൂഹങ്ങളുടെ പിറകിലുള്ള ആശയപ്രമാണം. ഇത് രണ്ടും തീവ്രവാദങ്ങളാണ്. ഇസ്‌ലാം ഈ രണ്ട് തീവ്രവാദങ്ങളെയും തിരസ്‌കരിക്കുന്നു. ഇവക്ക് നടുവില്‍ മറ്റൊരു മാര്‍ഗമുണ്ട്. ദൈവത്തിന്റെ രാജമാര്‍ഗം. ഇത് നടപ്പില്‍ വരുത്താനാണ് അവരുടെ ശ്രമം....
''തീര്‍ച്ചയായും ഇത് ചരിത്രത്തെക്കുറിച്ചൊരു തനിമയുള്ള ദര്‍ശനം നല്‍കുന്നു. അത് വികലമാവാം; റൊമാന്റിക് ആവാം. പക്ഷേ, അതൊരു തനത് വീക്ഷണമാണെന്ന വസ്തുത നിരാകരിക്കാന്‍ വയ്യ.....
''ഇന്നലെ ചരിത്രത്തില്‍ സംഭവിച്ചത് നിങ്ങള്‍ സമ്പൂര്‍ണ വിശ്വാസികളാണെങ്കില്‍, നാളെയും അതു തന്നെ സംഭവിക്കും എന്ന ആദ്യ ചേരിയുടെ വാദത്തിന്റെ തെളിവാര്‍ന്ന ചിത്രം ഇവര്‍ക്കുണ്ട്. അത് പ്രായോഗികമാക്കാന്‍ ഉണ്ടാക്കിയ കര്‍മപരിപാടികളാണ് അവരെ ആദ്യ ചേരിയില്‍നിന്ന് വ്യത്യസ്തരാക്കുന്നത്. ആദ്യ ചേരിയുടെ കൈമുതല്‍ ആവേശം മാത്രമാണ്...
''വിശ്വസ്തവും അര്‍പ്പണബോധവുമുള്ള ഒരു സര്‍ഗാത്മകവ്യൂഹം ഉണ്ടാക്കുക എന്നതാണവരുടെ ആദ്യ പരിപാടി. നിങ്ങള്‍ സ്വയം വിശ്വാസത്തിനു വേണ്ടി ഉഴിഞ്ഞിടുക. നിങ്ങള്‍ കര്‍മനിരതരാവുക. തളര്‍ച്ചയില്ലാത്ത ആശയപ്രചാരണം നടത്തുക- എന്നിട്ട് ദൈവേഛ പ്രകാരം വിജയം നേടുക. ഈ ഇഛാവാദം (Voluntarism) മറ്റു മുസ്‌ലിം ഗ്രൂപ്പുകളില്‍ പ്രകടമല്ല. അവരുടെ സംഘടനക്കാകട്ടെ നല്ല കെട്ടുറപ്പുണ്ട്...
''ഭൂമിയിലെ പരിവര്‍ത്തനം അവര്‍ കാണുന്നു. പരിവര്‍ത്തനത്തിനവര്‍ പ്രത്യയസത്താപദവി(Ontological Status) നല്‍കുന്നില്ല. ചരിത്രപ്രവാഹം തന്നെ മാറാം എന്നതാണവരുടെ തീവ്രാഭിലാഷം. ചരിത്രം നീളെ ഓടുകയില്ലല്ലോ. അത് വട്ടത്തില്‍ ചലിക്കുന്നു. ഒരു പിരിയന്‍കോണിയിലൂടെയാണ് ചരിത്രം ചലിക്കുന്നത്....
''മൂന്നാം കക്ഷി ഘടികാരസൂചി പിറകോട്ട് നീക്കാന്‍ വെമ്പുന്നു. ഘടികാരസൂചിയും വൃത്തത്തിലാണല്ലോ ചലിക്കുന്നത്. ആ ചാക്രിക ഗമനത്തില്‍ അത് ആവര്‍ത്തനസ്വഭാവം കാണിക്കുന്നു. മനുഷ്യപ്രയത്‌നത്തിന് സൂചിയുടെ പ്രവര്‍ത്തനത്തെ തടയാമല്ലോ. ക്രമീകരിക്കുകയും ചെയ്യാം...
''വര്‍ത്തമാനത്തില്‍നിന്ന് ഭിന്നമായ ഭാവി ഭൂതകാലത്തിന്റെ സുവര്‍ണ ദിനങ്ങളായി മാറണം. ഭാവിക്ക് തികച്ചും സ്വതന്ത്രമായ ഒരു പന്ഥാവില്ല. ഭാവി ഭൂതത്തിന്റെ പുനരാവിഷ്‌കാരമായിരിക്കണം, ഉള്ളടക്കത്തില്‍...
''ചുരുക്കത്തില്‍, ഇസ്‌ലാം സമ്പൂര്‍ണാദര്‍ശമാണ്. അത് ദൈവകക്ഷിയുടെ ആദര്‍ശമാണ്. ദൈവത്തിന്റെ ആധിപത്യമാണ് ഭൂമിയില്‍ വരുത്തേണ്ടത്. റശീദ് രിദായുടെയും ആസാദിന്റെ ആദ്യകാല രചനകളും ഏതാിതിന്റെ അനുകൂലമാണ്. എന്നാല്‍ ഇതൊരു സമ്പൂര്‍ണ സിദ്ധാന്ത സമുച്ചയവും സങ്കല്‍പനവും (Concept) ആയി വികസിപ്പിച്ചത് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയാകുന്നു....
''മൂല്യനിര്‍ധാരണ സമ്പ്രദായവും മൂന്നാം കക്ഷിയുടെ പ്രമാണങ്ങളും സാദൃശ്യപ്പെടുത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. അവര്‍ ഈ കാലഘട്ടത്തെക്കുറിച്ച് ബോധവാന്മാരാണ്. കാപ്പിറ്റലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ഇടക്ക് ഒരു ബദല്‍ സിദ്ധാന്തം അവര്‍ ഉന്നയിക്കുന്നുവല്ലോ'' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 1985 ഡിസംബര്‍ 15-21).
ഇസ്‌ലാമിക പ്രസ്ഥാനത്തോട് താത്ത്വികമായി വിയോജിച്ചുകൊണ്ടുതന്നെ അതിനെ വസ്തുനിഷ്ഠമായി പഠിക്കാനും വിലയിരുത്താനും ശ്രമിച്ച, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രതിഭാധനനെ നമുക്കീ വരികളില്‍ ദര്‍ശിക്കാം. പക്ഷേ, അങ്ങനെയുള്ളവര്‍ തുലോം കുറവാണ്. ദേശീയതയുടെയും മതേതര ജനാധിപത്യത്തിന്റെയും വീറുറ്റ വക്താക്കളാണ് തങ്ങളെന്ന് തെളിയിക്കാനും ഒപ്പം തങ്ങളുടെ മതനിരാസപരമായ ജീവിതത്തെ പരോക്ഷമായി ന്യായീകരിക്കാനും മൂന്നു നാല് പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഒരു കുരിശുയുദ്ധം തന്നെ നടത്തിവരികയാണ് ചിലര്‍. ഏകശിലാമുഖമായ ആര്‍ഷ സംസ്‌കാരത്തിന്റെ ഭൂമികയില്‍ അതിദേശീയതാവാദവുമായി ആര്‍.എസ്.എസ് ഇന്ത്യയുടെ അധികാരമേറ്റെടുത്ത് ലക്ഷണമൊത്ത ഫാഷിസ്റ്റ്‌വത്കരണ പരിപാടികളുമായി അതിവേഗം കുതിക്കുമ്പോഴും ഇവരുടെ മുഖ്യശത്രു ജമാഅത്തെ ഇസ്‌ലാമി തന്നെ. ജമാഅത്ത് 'മതരാഷ്ട്രവാദം' മുന്നോട്ടുവെച്ചിരുന്നില്ലെങ്കില്‍ സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വം വേരുപിടിക്കുകയോ വളരുകയോ രാജ്യത്തിന്റെ അധികാരം പിടിച്ചുപറ്റുകയോ ചെയ്യുമായിരുന്നില്ല എന്ന് വിശ്വസിപ്പിക്കാനാണിവരുടെ ശ്രമം. മതന്യൂനപക്ഷ വിരോധം ജനിതക ദൗര്‍ബല്യമായ മാധ്യമങ്ങള്‍ ഇവക്ക് ഉദാരമായി അവസരമൊരുക്കുകയും ചെയ്യുന്നു. ആഗോള സാമ്രാജ്യത്വവും സയണിസവും നവലിബറലിസവും സര്‍വോപരി തീവ്ര ദേശീയതയുടെ ഉല്‍പന്നമായ ഫാഷിസവും ഭൂമിയില്‍ മനുഷ്യജീവിതം തന്നെ നരകതുല്യമാക്കിക്കൊണ്ടിരിക്കുമ്പോഴാണ് അവക്കെതിരെ പതറാതെ പൊരുതുന്ന ഒരാദര്‍ശ ധാര്‍മിക പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാനുള്ള ചാവേറാക്രമണം. എന്നാല്‍, എല്ലാ തരത്തിലും തലത്തിലുമുള്ള സാംസ്‌കാരിക നായകരോടും രാഷ്ട്രീയ നേതാക്കളോടും സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരോടും നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ സത്യസന്ധമായ മുഖം തുറന്നുകാണിക്കാന്‍ വലിയ അളവില്‍ സാധിച്ചിട്ടുണ്ടെന്നതാണ് മറുവശം. അന്ധവും അയുക്തികവുമായ വിരോധം മാത്രമാണ് ചില കോളമിസ്റ്റുകളെയും എഴുത്തുകാരെയും പ്രചോദിപ്പിക്കുന്നതെന്ന് അവര്‍ സ്വാനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനം നാനാ വിഭാഗം ജനങ്ങളുടെ സഹകരണത്തോടെ മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്ഥാപിച്ച മാധ്യമം ദിനപത്രം തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കുന്നതില്‍ വലുതായ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇവിടെ അനുസ്മരിക്കണം. കോര്‍പറേറ്റുകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭരണകൂടങ്ങളുടെയോ പിന്‍ബലമില്ലാതെ തീര്‍ത്തും ജനകീയാടിത്തറയില്‍ നിലനില്‍ക്കുകയും അരികുവത്കരിക്കപ്പെട്ട ജനകോടികളുടെ പടവാളായി മാറുകയും ചെയ്ത ഈ പത്രം രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന്റെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി വളര്‍ന്നത് മുന്‍വിധികളുടെ തടവറയില്‍ കിടന്ന് പല്ലിറുമ്മാന്‍ വിധിക്കപ്പെട്ടവരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ജമാഅത്തിന്റെ ബന്ധം ഇണക്കത്തിന്റേതും പിണക്കത്തിന്റേതുമായിരുന്നു. വോട്ടുകളുടെ എണ്ണത്തിലും തദടിസ്ഥാനത്തിലെ വിലപേശലിലും തല്‍പരരായ പാര്‍ട്ടികള്‍, 1986 മുതല്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ വോട്ടവകാശം വിനിയോഗിക്കാന്‍ തുടങ്ങിയതില്‍പിന്നെ സംഘടനയുടെ നിലപാടുകളില്‍ സജീവ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങി എന്നത് വസ്തുതയാണ്. ഓരോ തെരഞ്ഞെടുപ്പ് വേളയിലും ഇണങ്ങുകയോ പിണങ്ങുകയോ ചെയ്തവരാണ് സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍. ഇവയുടെ നേതാക്കളും വക്താക്കളും സന്ദര്‍ഭത്തിനൊത്ത് തള്ളിപ്പറയുകയോ നിഷേധിക്കുകയോ ചെയ്താലും പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍ പിള്ള, പി.കെ വാസുദേവന്‍ നായര്‍, വെളിയം ഭാര്‍ഗവന്‍, ബിനോയ് വിശ്വം, സത്യന്‍ മൊകേരി, എ.കെ ആന്റണി, വി.എം സുധീരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, കൊരമ്പയില്‍ അഹ്മദ് ഹാജി, ഇ. അഹ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീര്‍, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കള്‍ ഒറ്റക്കോ കൂട്ടായോ ജമാഅത്ത് നേതാക്കളുമായി സന്ധിച്ചിട്ടുണ്ട്, സംവദിച്ചിട്ടുമുണ്ട്. ജമാഅത്തെ ഇസ്‌ലാമി അങ്ങോട്ടും തഥൈവ. ബി.ജെ.പി, ആര്‍.എസ്.എസ് സംഘടനകളിലെ പ്രമുഖരുമായും ജമാഅത്ത് ആശയവിനിമയം നടത്തുകയുണ്ടായി. വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവസാനകാലത്ത്, വികസനത്വരയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതിനെയും ഭൂമി ഒഴിപ്പിക്കപ്പെടുന്നവരുടെ അവകാശനിഷേധത്തെയും ചൊല്ലി സോളിഡാരിറ്റി നടത്തിയ സമരങ്ങള്‍ സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. തദവസരത്തില്‍ സി.പി.എം ജിഹ്വയായ ദേശാഭിമാനി 2010 ജൂണ്‍ 22 മുതല്‍ ജൂലൈ അഞ്ചുവരെ 11 ലക്കങ്ങളിലായി ജമാഅത്തിനെ രൂക്ഷമായി കടന്നാക്രമിക്കുന്ന ലേഖന പരമ്പരതന്നെ പ്രസിദ്ധീകരിച്ചു. പ്രത്യേക ലേഖകന്‍ എന്ന പേരില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍, ടി.കെ ഹംസ, കെ.ടി കുഞ്ഞിക്കണ്ണന്‍, ഡോ. പി.ജെ വിന്‍സെന്റ്, ഡോ. പി.കെ പോക്കര്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഹുസൈന്‍ രണ്ടത്താണി, ഡോ. എന്‍.എം മുഹമ്മദലി, എ.എം ഷിനാസ്, പിണറായി വിജയന്‍ എന്നിവരാണ് 'ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട് എതിര്‍ക്കപ്പെടണം' എന്ന് കേരള ജനതയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. ഖകഒ എന്ന ജമാഅത്തിന്റെ ഔദ്യോഗിക ചിഹ്നത്തിലായിരുന്നു പരമ്പര. എന്നാല്‍ ജമാഅത്ത് ഈ ഇടതുപക്ഷാക്രമണത്തെ മുഖവിലക്കെടുക്കുകയോ തുല്യ രീതിയില്‍ പ്രതികരിക്കുകയോ ചെയ്തില്ല. പശ്ചാത്തലത്തെക്കുറിച്ച ശരിയായ വിലയിരുത്തലും കാലാവധി ഹ്രസ്വമായിരിക്കുമെന്ന തിരിച്ചറിവുമായിരുന്നു കാരണം. പരസ്പരബന്ധങ്ങളിലെ മഞ്ഞുരുക്കത്തിന് അധികം താമസമുണ്ടായതുമില്ല. ലേഖകരില്‍ പലരുടെയും നിലപാടുകളില്‍ പില്‍ക്കാലത്ത് പ്രകടമായ മാറ്റവുമുണ്ടായി.
കുറേക്കൂടി സങ്കീര്‍ണമായിരുന്നു മുസ്‌ലിം ലീഗുമായുള്ള ജമാഅത്തിന്റെ ബന്ധം. മുസ്‌ലിം പശ്ചാത്തലമുള്ള കേരളത്തിലെ ഒരു സംഘടനയും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ക്കുന്നതോ പാര്‍ട്ടിക്ക് വോട്ട് നിഷേധിക്കുന്നതോ, അധികാരത്തിലിരിക്കുമ്പോള്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിക്കുന്നതോ ലീഗിന് പൊറുപ്പിക്കാനാവില്ല എന്നതാണ് പ്രശ്‌നത്തിന്റെ മര്‍മം. ജമാഅത്തെ ഇസ്‌ലാമിയാകട്ടെ മൗലികമായിത്തന്നെ സാമുദായിക രാഷ്ട്രീയത്തെ നിരാകരിക്കുകയും തദടിസ്ഥാനത്തിലുള്ള പല നിലപാടുകളെയും എതിര്‍ക്കുകയും ചെയ്തുപോന്നു. മുസ്‌ലിം ലീഗിന്റെ ചിറകിനടിയില്‍ അഭയം കണ്ടെത്തിയ മതസംഘടനകള്‍ ജമാഅത്തിനോടുള്ള വിരോധം തീര്‍ക്കാന്‍ പലപ്പോഴും ലീഗിനെയും ലീഗ് ജിഹ്വയായ ചന്ദ്രികയെയും ഉപയോഗിച്ചു എന്നതും വസ്തുതയാണ്. പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ 1959-ലെ വിമോചന സമരത്തിലും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സിനോടൊപ്പം നില്‍ക്കുക മാത്രമല്ല, കേരളത്തെ കമ്യൂണിസ്റ്റ് മുക്തമാക്കാനുള്ള ധര്‍മസമരമായി അതിനെ ചിത്രീകരിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വിമോചന സമരത്തിലോ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലോ പങ്കെടുത്തില്ല. ഇത് മതവിരുദ്ധമായ കമ്യൂണിസത്തെ പരോക്ഷമായി സഹായിക്കലാണെന്നും അതിനാല്‍ ദീനിന് നിരക്കാത്ത നടപടിയാണെന്നും ആരോപിച്ചുകൊണ്ട് സമാദരണീയനായ കെ.എം മൗലവി ഉള്‍പ്പെടെ ഏഴ് മുജാഹിദ് പണ്ഡിതന്മാര്‍ ചേര്‍ന്ന് ഫത്‌വ ഇറക്കി. എന്നാല്‍, മുസ്‌ലിം ലീഗ് 1967-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയിലും മുന്നണി സര്‍ക്കാറിലും ഘടകമായപ്പോള്‍ പ്രസ്തുത ഫത്‌വ ഇറക്കിയ പണ്ഡിതന്മാര്‍ മൗനത്തിന്റെ വാത്മീകത്തിലൊളിക്കുകയായിരുന്നു. 1987 മുതല്‍ക്കുള്ള നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫ്-എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് മൂല്യാധിഷ്ഠിത രാഷ്ട്രീയനയത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് നല്‍കുകയുണ്ടായി. ഇരു മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ പിന്തുണ ആവശ്യപ്പെടുമ്പോള്‍ താരതമ്യേന യോഗ്യരും സ്വഭാവശുദ്ധിയുള്ളവരുമായവര്‍ക്ക് വോട്ട് നല്‍കുകയായിരുന്നു പിന്തുടര്‍ന്ന രീതി. പക്ഷേ ആര്‍ക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങിയിരുന്നില്ല. ഏതെങ്കിലും ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ പൊതുവെ ക്ഷുഭിതരായിരുന്നു പാര്‍ട്ടിക്കാര്‍. 2011-ലെ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രരെ രംഗത്തിറക്കി മത്സരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചതോടെ തീര്‍ത്തും പ്രകോപിതരായി മുസ്‌ലിം ലീഗ്. മുസ്‌ലിം സമുദായത്തിലെ ഏതാണ്ടെല്ലാ മത, സാംസ്‌കാരിക സംഘടനകളെയും കോട്ടക്കലില്‍ വിളിച്ചുചേര്‍ത്ത് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മുസ്‌ലിം ലീഗ് ബഹിഷ്‌കരണം പ്രഖ്യാപിച്ചു. ജമാഅത്തിന്റെ പിന്തുണ നേടിയാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് നഷ്ടപ്പെടുമെന്ന ന്യായവും ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ചു. 'ജമാഅത്തെ ഇസ്‌ലാമി ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്' എന്ന തലക്കെട്ടില്‍ അപവാദങ്ങളുടെയും വാസ്തവവിരുദ്ധമായ ആരോപണങ്ങളുടെയും പരമ്പര തന്നെ 31 ലക്കങ്ങളിലായി ചന്ദ്രിക പ്രസിദ്ധീകരിച്ചതും ഇവിടെ ഓര്‍ക്കാവുന്നതാണ്. പക്ഷേ, ജമാഅത്ത് ജനകീയ മുന്നണികള്‍ രൂപീകരിച്ച് സ്വന്തം നിലയില്‍ തന്നെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. പ്രഥമ പരീക്ഷണത്തില്‍ എട്ട്് പഞ്ചായത്ത് വാര്‍ഡുകളിലേ ജയിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും നൂറോളം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. മോശമായ ബന്ധങ്ങള്‍ ഏറെ താമസിയാതെ സാധാരണ നിലയിലായി. ഗള്‍ഫാര്‍ പി. മുഹമ്മദലി, പി.വി അബ്ദുല്‍ വഹാബ്, സി.പി കുഞ്ഞുമുഹമ്മദ്, സി.എച്ച് അബ്ദുര്‍റഹീം മുതലായ പ്രമുഖര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കേരള മുസ്‌ലിം സൗഹൃദവേദിയുടെ മുന്‍നിരയില്‍ മുസ്‌ലിം ലീഗുായിരുന്നു. സുന്നി, മുജാഹിദ് സംഘടനകളോടൊപ്പം ജമാഅത്തെ ഇസ്‌ലാമിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായും എം.ഇ.എസും എം.എസ്.എസും വേദിയുമായി സജീവമായി സഹകരിച്ചിരുന്നു. പിന്നീട് 'സമസ്ത' ഇ.കെ വിഭാഗത്തിന്റെ മുശാവറ തീരുമാനം മൂലമുണ്ടായ നിസ്സഹകരണമാണ് സൗഹൃദവേദിയെ നിശ്ചലമാക്കിയത്. എ.പി വിഭാഗം ആദ്യമേ സജീവമായി സഹകരിച്ചിരുന്നില്ല. 'മുബ്തദിഉകളു'മായി വേദി പങ്കിട്ടുവെന്നാരോപിച്ചായിരുന്നല്ലോ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ 'സമസ്ത'യെ പിളര്‍ത്തിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിളിച്ചുകൂട്ടുന്നതും അദ്ദേഹം അധ്യക്ഷ സ്ഥാനത്തിരിക്കുന്നതുമായ പൊതുവേദികളുമായേ തങ്ങള്‍ സഹകരിക്കൂ എന്നതായിരുന്നു ഔദ്യോഗിക വിഭാഗത്തിന്റെ പിന്നീടുള്ള നിലപാട്. വിവാഹ രജിസ്‌ട്രേഷന്‍, ശരീഅത്ത് സംരക്ഷണം, വിദ്യാഭ്യാസം, മോശമാവുന്ന സാമുദായികാന്തരീക്ഷം തുടങ്ങിയ പ്രശ്‌നങ്ങളില്‍ പിന്നീടും കൂട്ടായ ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായിട്ടുണ്ട്. എ.പി വിഭാഗം മാത്രമേ വിട്ടുനില്‍ക്കാറുള്ളൂ. 
അതേയവസരത്തില്‍ മതേതരത്വ പ്രതിബദ്ധതയുടെ കുത്തകാവകാശം തങ്ങള്‍ക്കാണെന്ന് തെളിയിക്കാന്‍ വ്യഗ്രത കാട്ടുന്ന ഏതാനും മുസ്‌ലിം നാമധാരികള്‍ ഒരിക്കലും ജമാഅത്തെ ഇസ്‌ലാമിയോട് മൃദുസമീപനം സ്വീകരിച്ചിട്ടില്ല. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ മാത്രമാണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് അവരുടെ സര്‍വ ശ്രമങ്ങളും. മാതൃഭൂമിയെ പോലുള്ള പത്രങ്ങള്‍ ഇവര്‍ക്ക് വേണ്ടതിലധികം പ്രോത്സാഹനവും നല്‍കുന്നു. സൈനികവത്കൃത തീവ്ര ദേശീയതയുടെയും വംശീയതയുടെയും അടിത്തറയില്‍ രൂപം കൊണ്ട ആര്‍.എസ്.എസ്സും വിശ്വമാനവികതയുടെയും സാമൂഹിക നീതിയുടെയും ഭൂമികയില്‍ തീര്‍ത്തും സമാധാനപരമായും നിയമവാഴ്ചക്കു വിധേയമായും പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനവും തമ്മില്‍ ചെന്നായയും ആട്ടിന്‍കുട്ടിയും തമ്മിലെ സാമ്യതയേ ഉള്ളൂവെന്ന് നിരന്തരം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും അതേ വാദഗതി, രാജ്യത്തിന്റെ ഭരണം ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ പിടിയിലമര്‍ന്നതിന്റെ വ്യാപക പ്രത്യാഘാതങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും ആവര്‍ത്തിക്കുകയാണ് ഈ കപട മതേതരവാദികള്‍. പക്ഷേ, പൊതുസമൂഹം അത് ഗൗനിക്കുന്നില്ല എന്നതാണിപ്പോഴത്തെ അവസ്ഥ. കേരളത്തില്‍ അധികാരത്തിലേറിയ ഇടതുപക്ഷം അവരുടെ 'മുന്നറിയിപ്പി'ന് ചെവി കൊടുക്കാത്തതിലും അറിയപ്പെട്ട സാംസ്‌കാരിക നായകര്‍ തങ്ങളുടെ 'മുന്നറിയിപ്പി'നെ അവഗണിക്കുന്നതിലും കടുത്ത അമര്‍ഷവുമായി കഴിയുകയാണ് ഈ വിഭാഗം. പ്രമുഖ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയും പുരോഗമന കലാ സാഹിത്യ സംഘം ഭാരവാഹിയുമായ കെ.ഇ.എന്‍ തികഞ്ഞ യാഥാര്‍ഥ്യബോധത്തോടും പുതിയ സാഹചര്യങ്ങളെ അഗാധമായി വിലയിരുത്തിയും തന്റെ സമീപനത്തില്‍ കാതലായ മാറ്റം വരുത്തിയത് ഇക്കൂട്ടര്‍ക്ക് സഹിക്കാനേ കഴിയുന്നില്ല. ഇസ്‌ലാമിക പ്രസ്ഥാനത്തോട് ശത്രുതാപരമായി പെരുമാറാത്തതും അതിനോടാഭിമുഖ്യമുള്ള മാധ്യമങ്ങളില്‍ സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതും കാപട്യവും ദ്രവ്യബലത്തിനുമാണെന്ന് തട്ടിമൂളിക്കാന്‍ പോലും അവര്‍ക്ക് വൈമനസ്യമില്ല. ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള ഒരു കൊച്ചു സംഘടനക്ക് ആളെ പിടിക്കാന്‍ ചെലവാക്കാന്‍ കഴിയുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സംഖ്യ ഓഫര്‍ ചെയ്യാന്‍ കഴിയുന്ന മതേതര, ഹിന്ദുത്വ ശക്തികള്‍ രാജ്യത്തുണ്ടെന്ന കാര്യം പോലും അവര്‍ മറന്നുപോവുന്നു! ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലശക്തികളാണ് മതേതര ചാവേറുകളുടെ 'ജിഹാദി'ന്റെ പിന്നിലെന്ന് ന്യായമായും സംശയിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. 

അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അല്ലാഹുവോ, അവന്റെ പ്രകാശധാര സാക്ഷാത്കരിക്കുക തന്നെ ചെയ്യും. സത്യനിഷേധികള്‍ക്കഹിതകരമായിരുന്നാലും ശരി.
 

Comments

Other Post