Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

മത-രാഷ്ട്രീയ സംഘടനകളുടെ     'മതരാഷ്ട്രവാദങ്ങള്‍'

എസ്.എം.സൈനുദ്ദീന്‍

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തിന്റെ പൊതുമണ്ഡലത്തിലെ ഒരു സംവാദ വിഷയമാണ് മതരാഷ്ട്രവാദം. മത-മതേതര മണ്ഡലങ്ങളിലുള്ളവരെല്ലാം ഈ സംവാദവേദിയില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. യാഥാസ്ഥിതിക സമസ്തക്കാരും ഉല്‍പതിഷ്ണു സലഫികളും ഇടതു ലിബറലുകള്‍ മുതല്‍ അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ വരെയും കമ്യൂണിസ്റ്റുകളും ഹിന്ദുത്വവാദികളും മുസ്‌ലിം സാമുദായിക രാഷ്ട്രീയ വിഭാഗങ്ങളുമടക്കം, അറിഞ്ഞോ അറിയാതെയോ ഈ സംവാദത്തില്‍ ഇസ്‌ലാമിസ്റ്റ്‌വിരുദ്ധ മുന്നണിയിലെ ഘടക കക്ഷികളാണ്. എല്ലാവരുടെയും വിശകലനത്തിലും അപഗ്രഥനത്തിലും, ഉള്ളടക്കത്തിലും റഫറന്‍സിലും ദൃശ്യമാകുന്ന സമാനത ആശ്ചര്യകരമാണ്.  മതക്കാര്‍ മതപരമോ, അല്ലാത്തവര്‍ എന്തെങ്കിലും പ്രത്യയശാസ്ത്രപരമോ ആയ കാരണങ്ങളാലല്ല ഈ സംവാദത്തില്‍ കക്ഷിചേര്‍ന്നിരിക്കുന്നത്. അന്ധമായ ജമാഅത്ത് വിരോധം, അസൂയ, നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍, ലോകമെങ്ങും വ്യാപിച്ചുകഴിഞ്ഞ ഇസ്‌ലാംപേടി എന്നിവയെല്ലാമാണ് ഇക്കൂട്ടരെയെല്ലാം സ്വാധീനിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്.
ആധുനികത രൂപപ്പെടുത്തിയ മതത്തെക്കുറിച്ച വീക്ഷണത്തെ ആധാരമാക്കിയാണ് ഇസ്‌ലാമിസ്റ്റ് വിമര്‍ശകര്‍ മതരാഷ്ട്രവാദം ചര്‍ച്ച ചെയ്യുന്നത്. 'മതരാഷ്ട്രം' എന്ന പ്രയോഗം രൂപപ്പെട്ട ഭൂപ്രദേശമോ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോ, അത് ഇന്നും  മാനവസമൂഹത്തില്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന തെറ്റായ സ്വാധീനങ്ങളോ ഒന്നും ഈ ചര്‍ച്ചകളില്‍ കടന്നുവരാതിരിക്കാന്‍ ഇവര്‍ വേണ്ടതിലധികം മെയ്‌വഴക്കം പ്രകടിപ്പിക്കുന്നു്. ഈ തമസ്‌കരണ ശ്രമങ്ങള്‍ക്കുമുണ്ട് കൃത്യമായ രാഷ്ട്രീയം. ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയെ തിയോക്രാറ്റിക് സ്റ്റേറ്റിനോട് ചേര്‍ത്തുവെക്കാനും ഇസ്‌ലാമിക രാഷ്ട്രീയ പ്രതിനിധാനങ്ങളെ മതരാഷ്ട്രവാദം എന്ന വ്യവഹാരത്തിലൊതുക്കാനും ശ്രമിക്കുന്നത് ഇസ്‌ലാമിക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ജനാധിപത്യപരമായി ഉള്‍ക്കൊള്ളാനും ആശയപരമായി അതിനോട് സംവദിക്കാനും സാധിക്കാത്തതിനാലാണ്. ഇസ്‌ലാം ലോകത്ത് സജീവ ഭരണ-രാഷ്ട്രീയ സാന്നിധ്യമായിരുന്ന നൂറ്റാണ്ടുകളുടെ ചരിത്രം നിരാകരിച്ചും, വര്‍ത്തമാനകാലത്ത് സജീവമായ ഇസ്‌ലാമിന്റെ വിമോചനാത്മകമായ സാമൂഹിക-രാഷ്ട്രീയ പ്രതിനിധാനങ്ങളെ തള്ളിക്കളഞ്ഞുമാണ് മതരാഷ്ട്രവാദം, മതതീവ്രവാദം, മതഭീകരത എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതെന്ന് സാമാന്യമായി പറയാം. മാത്രമല്ല, ലോകം നേരിടുന്ന മുഖ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവാതിരിക്കാനുള്ള തല്‍പരകക്ഷികളുടെ കെണിയില്‍ വീണതുപോലെയാണ് പലരുടെയും പ്രതികരണങ്ങള്‍. 'ശീതയുദ്ധത്തിനു ശേഷം ലോകസമാധാനത്തിനും സൈ്വര ജീവിതത്തിനും ഭീഷണിയായി ഉയര്‍ന്നുവന്നിരിക്കുന്നത് അണുബോംബുകളോ ദാരിദ്ര്യമോ മഹാമാരികളോ അല്ല; മത തീവ്രവാദമാണ്'(1) എന്നു വരെയെത്തി വിശകലനങ്ങള്‍!
'തിയോക്രാറ്റിക് സ്റ്റേറ്റ്' ആണ് മതരാഷ്ട്രം എന്നതുകൊണ്ട് യാഥാര്‍ഥത്തില്‍ സാധാരണ വിവക്ഷിച്ചുവരാറുള്ളത്.  കത്തോലിക്ക സഭയും ക്രൈസ്തവ ചര്‍ച്ചുമാണ് തിയോക്രാറ്റിക് സ്റ്റേറ്റിനോട് ബന്ധപ്പെട്ടിരിക്കുന്നത്; ഇസ്‌ലാമല്ല. ചില പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളിലും ഇത്തരം മതാധികാര പ്രവണതകള്‍ ഉണ്ടായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലമായി വര്‍ത്തിച്ച രാഷ്ട്രീയവും മതപരവുമായ കാരണങ്ങള്‍ വിലയിരുത്തുന്ന പക്ഷം ഈ വസ്തുത ബോധ്യമാകും. രാജാവിന്റെ പരമാധികാരം, ഉപരിവര്‍ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പുരോഹിതന്മാരുടെ പ്രത്യേകാവകാശങ്ങള്‍ എന്നിവയെ ആധാരമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുന്‍നിര്‍ത്തി മറിച്ചിട്ട പതിനെട്ടാം നൂറ്റാണ്ടിലെ രാഷ്ട്രീയ-സാമൂഹിക കലാപമായിരുന്നല്ലോ ഫ്രഞ്ച് വിപ്ലവം (1789-1799). വിപ്ലവത്തിനു മുമ്പ് ഫ്രാന്‍സില്‍ മൂന്നു തരം ജനവിഭാഗങ്ങളാണുണ്ടായിരുന്നത്. എസ്റ്റേറ്റുകള്‍ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ഒന്ന്, പുരോഹിതര്‍. രണ്ട്, പ്രഭുക്കള്‍. മൂന്ന്, കര്‍ഷകരും ഇടത്തരക്കാരും. മൊത്തം ജനസംഖ്യയില്‍ പുരോഹിതന്മാരും പ്രഭുക്കന്മാരും എണ്ണത്തില്‍ വളരെ കുറവായിരുന്നു. എന്നാല്‍, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്. പാവപ്പെട്ട കര്‍ഷകരും ഇടത്തരക്കാരുമായ മൂന്നാം എസ്റ്റേറ്റില്‍പെട്ടവര്‍ക്ക് സമൂഹത്തില്‍ ഒരവകാശവും ലഭിച്ചിരുന്നില്ല. മഹാനായ യേശു ക്രിസ്തു ഏതെല്ലാം തിന്മകളെയാണോ ചെറുത്തുനിന്നത്, അവയോടെല്ലാം കൈകോര്‍ത്ത് കത്തോലിക്കാ സഭ നടത്തിയ അധികാര ചൂഷണത്തിനെതിരെ ഉയര്‍ന്നുവന്ന സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ക്രൈസ്തവ 'ദൈവരാജ്യ'ത്തെ (തിയോക്രാറ്റിക് സ്റ്റേറ്റിനെ) കടപുഴക്കുമ്പോള്‍ യൂറോപ്പേതര വന്‍കരകളുടെ രാഷ്ട്രീയ- സാമൂഹിക അവസ്ഥകള്‍ എന്തായിരുന്നുവെന്ന് എന്തുകൊണ്ടാണ് പരിശോധിക്കപ്പെടാതെ പോകുന്നത്?
യൂറോപ്പിലെ ചര്‍ച്ചും ഏഷ്യയിലെ മതവും പതിനെട്ടാം നൂറ്റാണ്ട് വരെ ലോകഘടനയെ ഒരേ നിലക്കായിരുന്നില്ല സ്വാധീനിച്ചിരുന്നത്. പടിഞ്ഞാറന്‍ കൊളോണിയലിസവും, കിഴക്കനേഷ്യന്‍ നാടുകളിലെയും ഉത്തരാഫ്രിക്കയിലെയും യൂറോപ്പിലെ തന്നെ തുര്‍ക്കി, സ്‌പെയിന്‍ തുടങ്ങിയ നാടുകളിലേയും ഭരണകൂടങ്ങളും വ്യത്യസ്തമായ ആശയധാരകളെയായിരുന്നു പ്രതിനിധീകരിച്ചിരുന്നത്. ആറാം നൂറ്റാണ്ടിന്റെ ഒടുവില്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ രൂപംകൊള്ളുകയും വികസിക്കുകയും ചെയ്ത ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഉരുവംകൊണ്ട ഇസ്‌ലാമിക നാഗരികതക്കും പടിഞ്ഞാറിനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളിലും രാഷ്ട്രീയ വടംവലികളിലും രക്തരൂഷിത യുദ്ധങ്ങളിലും മിക്കതും പടിഞ്ഞാറ് അടിച്ചേല്‍പ്പിച്ചതായിരുന്നു. ഇതൊന്നും മനസ്സിലാക്കാതെയും വിലയിരുത്താതെയും യൂറോപ്യന്‍ അനുഭവത്തിലെ കത്തോലിക്കാ മതത്തെയും അത് സ്വാധീനിച്ച കോളനിഭരണത്തെയും മാത്രം മുന്നില്‍ വെച്ച് മതത്തെയും മതാത്മകവും ആത്മീയവുമായ രാഷ്ട്രീയത്തെയും ഭരണത്തെയും കുറിച്ച് സംസാരിക്കുന്നത് നീതിയല്ല. മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ ഏറ്റവും വലിയ പരിമിതിയും ഇതുതന്നെയാണ്. കാള്‍  മാര്‍ക്‌സിന്റെയും ഫ്രെഡറിക് ഏംഗല്‍സിന്റെയും പഠനങ്ങളില്‍ ക്രിസ്തുമതം മാത്രമേ വിലയിരുത്തപ്പെട്ടിട്ടുള്ളു. അതും പ്രൊട്ടസ്റ്റന്റ്-കത്തോലിക്കാ സഭകള്‍ പ്രതിനിധാനം ചെയ്യുന്ന പൗരോഹിത്യമതം മാത്രം. ഈ മതത്തെക്കുറിച്ച മാര്‍ക്‌സിയന്‍ വിമര്‍ശനങ്ങളെ ഇടതു സൈദ്ധാന്തികര്‍, എല്ലാ മതങ്ങളെയും കുറിച്ചുള്ള വിശകലനവും സമീപനവുമായി സാമാന്യവത്കരിച്ച് 'വികസിപ്പിക്കുക'യായിരുന്നു. അതായത്, പടിഞ്ഞാറന്‍ മുതലാളിത്തവും ചര്‍ച്ചും ഇസ്‌ലാമിനെക്കുറിച്ച് വെച്ചുപുലര്‍ത്തിയിരുന്ന മുന്‍വിധികളെയും മിഥ്യാധാരണകളെയും അതേപടി ഏറ്റെടുക്കുകയായിരുന്നു കമ്യൂണിസ്റ്റ് സൈദ്ധാന്തികരും എന്നര്‍ഥം. 
എന്നാല്‍, മതരാഷ്ട്രവാദം എടുത്തുവീശി ജമാഅത്തെ ഇസ്‌ലാമിയെ ആക്രമിക്കുന്നതില്‍ ഇസ്‌ലാംവിരുദ്ധ പക്ഷത്തോട് മത്സരിക്കുന്ന മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരും എന്തിന്റെ പേരിലാണ്, ആര്‍ക്കു വേിയാണ് ചാവേറുകളായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്? ഇസ്‌ലാമിക രാഷ്ട്രീയത്തോടുള്ള അവരുടെ സമീപനം എന്താണ്?
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ സാമൂഹിക മൂല്യങ്ങള്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ സംഭാവനയാണെന്നത് പടിഞ്ഞാറിനെ സംബന്ധിച്ചേടത്തോളം ശരിയായിരിക്കാം. പക്ഷേ സാര്‍വദേശീയവും സാര്‍വലൗകികവുമായി അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യമല്ല അത്. ഫ്രഞ്ച് വിപ്ലവത്തിന്റെ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ, ഇസ്‌ലാമിക നിയമ-രാഷ്ട്രീയ-ഭരണ ക്രമത്തിന്റെയും സാമൂഹിക വ്യവസ്ഥിതിയുടെയും ആധാര ശിലകളായിരുന്നു ഇവയെല്ലാം. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും തുര്‍ക്കിയിലും സ്‌പെയിനിലും വ്യാപിച്ചുകിടന്ന ഇസ്‌ലാമിക നാഗരികതയുടെ  മൗലികലക്ഷ്യം നീതിയും സമത്വവും മനുഷ്യാവകാശവും സംരക്ഷിക്കലായിരുന്നു എന്നതും വിസ്മരിക്കാവതല്ല. ക്രൈസ്തവ സാമ്രാജ്യമായിരുന്ന റോമന്‍ ഭരണവ്യവസ്ഥയെയും പേര്‍ഷ്യന്‍ സ്വേഛാധിപത്യത്തെയും കടപുഴക്കിക്കൊണ്ടായിരുന്നു ഇസ്‌ലാം അതിന്റെ രാഷ്ട്രീയ സാന്നിധ്യം അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചത്. സിറിയ, ലബനാന്‍, ജോര്‍ദാന്‍, ലിബിയ, ഈജിപ്ത് എന്നിവിടങ്ങളില്‍ ആധിപത്യമുണ്ടായിരുന്ന ബൈസാന്റിയന്‍ ക്രൈസ്തവ സാമ്രാജ്യങ്ങളുടെയും ചക്രവര്‍ത്തിമാരുടെയും ചൂഷണത്തില്‍നിന്നും അടിച്ചമര്‍ത്തലുകളില്‍നിന്നും തദ്ദേശീയരായ ക്രൈസ്തവരെ മോചിപ്പിച്ചത് രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബായിരുന്നു. തങ്ങളുടെ മത, സാംസ്‌കാരിക, സാമൂഹിക സ്വത്വങ്ങള്‍ നിലനിര്‍ത്താനും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും ബൈസാന്റിയന്‍ കാലത്തേക്കാള്‍ ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ അവര്‍ക്ക് സാധിച്ചിരുന്നു എന്നതും ചരിത്രവസ്തുതയാണ്.(2) മധ്യകാല നൂറ്റാണ്ടുകളിലുടനീളം യൂറോപ്യന്‍ നാടുകള്‍ ചര്‍ച്ചിന്റെയും സീസറിന്റെയും കാല്‍ക്കീഴില്‍ ചവിട്ടിയരക്കപ്പെടുകയും ശാസ്ത്രവും കലയും ചിന്തയും ചങ്ങലക്കിടപ്പെടുകയും ചെയ്തപ്പോള്‍ ഇസ്‌ലാമിക നാടുകളുടെ ചിത്രം വ്യത്യസ്തമായിരുന്നു. കലയും ശാസ്ത്രവും നാഗരികതയും പുഷ്‌കലമായ ഭൂപ്രദേശങ്ങള്‍ അന്ന് ഇസ്‌ലാമിന്റെ തണലിലായിരുന്നു. കൊര്‍ദോവയും ബഗ്ദാദും ഇസ്തംബൂളും കയ്‌റോയും സംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് 'മതരാഷ്ട്രവാദ'ത്തെ കുറിച്ച് വ്യാജ തീസീസുകളിറങ്ങുന്നത്. 

എന്താണ് മതരാഷ്ട്രവാദം?

വസ്തുനിഷ്ഠമോ സൂക്ഷ്മമോ ആയി നിര്‍വചിക്കപ്പെടാത്ത പ്രയോഗമാണ് മതരാഷ്ട്രവാദം. തിയോക്രസി, തിയോക്രാറ്റിക് സ്റ്റേറ്റ് എന്നതിന് നല്‍കപ്പെട്ട നിര്‍വചനം മുന്നില്‍ വെച്ചാണ് സാധാരണ 'മതരാഷ്ട്രവാദം' ഇവിടെ ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ആ നിലക്ക് 'നിയമത്തിന്റെ പരമാധികാരം ദൈവത്തിനോ മൂര്‍ത്തികള്‍ക്കോ അംഗീകരിച്ചുകൊടുത്ത ഭരണകൂടമാണ് മതരാഷ്ട്രം. ഇവിടെ പുരോഹിതന്മാരാണ് ദൈവനിയമങ്ങള്‍ വ്യാഖ്യാനിക്കുന്നത്. ദിവ്യാധികാരം അവകാശപ്പെടുന്ന പുരോഹിതന്മാരാല്‍ നയിക്കപ്പെടുന്ന ഭരണകൂടവും മതരാഷ്ട്രമാണ്.'(3) 
''തിയോക്രസി എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഒന്നാം ശതകത്തിന്റെ അവസാനകാലത്ത് ജീവിച്ചിരുന്ന ജോസഫ് ഫ്‌ളേവിയസ് എന്ന യഹൂദ ചരിത്രകാരനായിരുന്നു. അക്കാലത്തെ ലോകരാഷ്ട്രങ്ങളെല്ലാം രാജാധിപത്യം (Monarchy), പ്രഭുജനവാഴ്ച (Aristocracy), ജനാധിപത്യം എന്നീ വിഭാഗങ്ങളില്‍പെട്ടവയായിരുന്നപ്പോള്‍ യഹൂദരാജ്യം മാത്രം ഒരു തിയോക്രസി ആണെന്ന് ജോസഫ് ഫ്‌ളേവിയസ് പ്രസ്താവിച്ചു. ഇദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് ബൈബിളിലെ പഴയ നിയമത്തില്‍ മോശ ഭരിച്ചിരുന്ന സമൂഹമായിരുന്നു ആദ്യത്തെ തിയോക്രസി. 1622-ല്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവിയായ ജോണ്‍ ഡണ്‍ (John Donne) പുരാതന ഇസ്രായേലിനെ തിയോക്രസിയായി ചിത്രീകരിച്ചു. പുരാതന പൗരസ്ത്യ രാഷ്ട്രങ്ങള്‍ അധികവും തിയോക്രസി ആണെന്നായിരുന്നു ജര്‍മന്‍ ചിന്തകനായ ഹെഗല്‍ അഭിപ്രായപ്പെട്ടത്. ഇത്തരം രാഷ്ട്രങ്ങളില്‍ മതവും രാഷ്ട്രസംവിധാനവും തമ്മില്‍ വലിയ വ്യത്യാസം കല്‍പിക്കപ്പെട്ടിരുന്നില്ല....
''ആധുനിക സാമൂഹിക ശാസ്ത്രത്തില്‍ തിയോക്രസി എന്ന പദം ഒരു നിശ്ചിത അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നല്ല. എങ്കിലും ഈ പദം ചരിത്രരചനയില്‍ പതിവായി പലപ്പോഴും പ്രയോഗിച്ചുകാണാറുണ്ട്. രാജവാഴ്ച പോലെയോ ജനാധിപത്യം പോലെയോ ഒരുതരം ഗവണ്‍മെന്റായി തിയോക്രസിയെ പരിഗണിക്കാറില്ല. രാഷ്ട്രത്തിന്റെ പരമാധികാരം എവിടെ സ്ഥിതിചെയ്യുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ് തിയോക്രസി എന്ന പദം ഉപയോഗിക്കാറുള്ളത്. പൗരോഹിത്യ തിയോക്രസി (Hierocracy), രാജകീയ തിയോക്രസി (Royal Theocracy), അനിയന്ത്രിത തിയോക്രസി (General Theocracy) എന്നിവയാണ് മുഖ്യതരം തിയോക്രസികള്‍.''4
എന്നാല്‍, ഈ നിര്‍വചനങ്ങളോ വിശകലനങ്ങളോ മുന്നില്‍വെച്ച് ഇസ്‌ലാമിക രാഷ്ട്രീയത്തേയോ ഭരണത്തെയോ സമീപിക്കുന്നതും വിശകലനം ചെയ്യുന്നതും സത്യസന്ധമാവുകയില്ല. രാഷ്ട്രീയ വ്യവസ്ഥ, നിയമനിര്‍മാണം, പൗരാവകാശം, ഭരണം തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ സമീപനവും നിലപാടും എന്ത് എന്നും അന്വേഷിക്കേണ്ടതുണ്ട്. ഇത് ഖുര്‍ആന്റെയും പ്രവാചക മാതൃകയുടെയും ഇസ്‌ലാമിക രാഷ്ട്രീയ ചരിത്രത്തിന്റെയും വെളിച്ചത്തിലാണ് നടക്കേണ്ടത്. ഈ റഫറന്‍സുകളെ മാറ്റിവെച്ച്, ഇസ്‌ലാമിനെ ഒരുനിലക്കും അംഗീകരിക്കാത്ത നാസ്തികരും ഭൗതികവാദികളും കമ്യൂണിസ്റ്റുകളും നടത്തുന്ന പ്രചാരണ പുകമറകളെയും ഇതിനെ ആധാരമാക്കി ഇസ്‌ലാമിക രാഷ്ട്രീയ വ്യാഖ്യാനങ്ങളെ ഭര്‍ത്സിച്ച് സലഫി-യാഥാസ്ഥിതിക വിഭാഗങ്ങള്‍ അഴിച്ചുവിടുന്ന അന്തസ്സാരശൂന്യമായ ആശയവൈകൃതങ്ങളെയും മുന്നില്‍വെച്ചല്ല ഇസ്‌ലാമിക രാഷ്ട്രീയത്തെ വായിക്കേണ്ടത്.

ഇസ്‌ലാം എന്നാല്‍

സെക്യുലര്‍ പക്ഷ
ത്തുനിന്ന് ചിന്തിക്കുന്നവര്‍ക്ക് ഇസ്‌ലാം ഒരു മതം മാത്രമാണ്. സെക്യുലരിസം രൂപപ്പെട്ട സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലം മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ മതം അധികാരത്തില്‍ ഇടപെടുന്നത് പ്രതിലോമപരമാണെന്നത് വസ്തുതയാണ്. യൂറോപ്പിന്റെ മതാനുഭവത്തില്‍, സമൂഹത്തിന്റെ സ്വതന്ത്രമായ പ്രയാണത്തിനു മുന്നിലെ വെല്ലുവിളിയായിരുന്നു മതം. അതിനാല്‍ സ്വാതന്ത്ര്യം എന്നാല്‍ മതമുക്തമായ വ്യക്തിത്വം കൈവരിക്കലാണെന്ന് വന്നു. ചരിത്രവസ്തുതകള്‍ ഈ ധാരണയെ അരക്കിട്ടുറപ്പിക്കുന്നതുമാണ്. അതുകൊണ്ട്, മതേതരവത്കരണം എന്നതുകൊണ്ട് പടിഞ്ഞാറ് അര്‍ഥമാക്കുന്നത്  'Secularisation is the deliverance of man, first from religious and then from metaphysical control over his reason and his language..' (മനുഷ്യന്റെ യുക്തിയുടെയും ഭാഷയുടെയും മേലുള്ള മതത്തിന്റെയും ഭൗതികാതീതമായ അധ്യാപനങ്ങളുടെയും  നിയന്ത്രണത്തില്‍നിന്നുമുള്ള മോചനമാണ് മതേതരവത്കരണം) എന്നാണ്.(5) അതിനാല്‍ ഇസ്‌ലാമും രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടുന്നത് മതേതര യുക്തിക്ക് ഒരു നിലക്കും അംഗീകരിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ നമ്മുടെ നാട്ടിലെ സലഫി-സമസ്ത വിഭാഗങ്ങള്‍ മതേതര യുക്തിയെ ആധാരമാക്കി ഇസ്‌ലാമിക രാഷ്ട്രീയം അപകടമാണെന്നും തീവ്രവാദവും ഭീകരതയും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഉപോല്‍പന്നമാണെന്നും തട്ടിവിടുന്നതിലെ ഇസ്‌ലാമിക യുക്തി അവരിനിയും വിശദീകരിക്കേതായിട്ടാണിരിക്കുന്നത്. 'അല്ലാഹുവില്‍നിന്നും ഖുര്‍ആനില്‍നിന്നും ഭാഷ, യുക്തി, ജീവിതം എന്നിവയെ മോചിപ്പിക്കല്‍' ആണോ അവര്‍ക്കും സെക്യുലരിസം? 

ഇസ്‌ലാമിന്റെ രാഷ്ട്രീയം തിയോക്രസിയോ?

ഇസ്‌ലാം സമഗ്ര ജീവിത വ്യവസ്ഥയാണെന്നതാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രധാന സിദ്ധാന്തം. ആത്മീയവും സാമൂഹികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്നതാണ് ഇസ്‌ലാമിന്റെ ആദര്‍ശം. നാഗരികതയെ കെട്ടിപ്പടുക്കാനാവശ്യമായ പ്രത്യയശാസ്ത്രവും നിയമവ്യവസ്ഥയും ഇസ്‌ലാമിനുണ്ട്. ഇസ്‌ലാം സമര്‍പ്പിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങളാണ് കമ്യൂണിസവും സോഷ്യലിസവും മുതലാളിത്തവും പ്രതിനിധാനം ചെയ്യുന്നത്. മതരംഗത്ത് അല്ലാഹുവിനെയും ഇസ്‌ലാമിനെയും അംഗീകരിക്കുകയും അനുസരിക്കുകയും ആത്മീയ വ്യവസ്ഥ ഇസ്‌ലാമികമാകണമെന്ന് വാദിക്കുകയും ചെയ്യുന്ന മുസ്‌ലിം, ജീവിതത്തിന്റെ ആത്മീയേതരവും ഭൗതികവുമായ രംഗങ്ങളില്‍ ഇസ്‌ലാമേതര പ്രത്യയശാസ്ത്രങ്ങളും ദര്‍ശനങ്ങളും പിന്തുടരാന്‍ പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. ഈ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ സമീപിക്കുന്ന  ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഇസ്‌ലാമിക രാഷ്ട്രീയം/രാഷ്ട്രം പടിഞ്ഞാറിന്റെ അനുഭവത്തിലെ മതരാഷ്ട്രമല്ലതന്നെ. ഇസ്‌ലാമിന് ഒരു രാഷ്ട്രീയ വ്യവസ്ഥയുണ്ടോ? ഉണ്ടെങ്കില്‍ അത് ഈ കാലത്ത് എങ്ങനെ പ്രയോഗവത്കരിക്കണം? ലോകത്ത് നിലനില്‍ക്കുന്ന ഇതര രാഷ്ട്രീയ സിദ്ധാന്തങ്ങളോട് മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം? ഇതെല്ലാം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിമര്‍ശകരായ മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും ഇസ്‌ലാമിന്റെ പ്രമാണങ്ങളും ചരിത്രാനുഭവങ്ങളും മുന്നില്‍ വെച്ച് വിശദീകരിക്കേണ്ടതുണ്ട്. 

ഇസ്‌ലാമിന്റെ രാഷ്ട്രീയവ്യവസ്ഥ

ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇസ്‌ലാമിന്റെ രാഷ്ട്രീയവ്യവസ്ഥ എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഖിലാഫത്തും രാജവാഴ്ചയും എന്ന വിഖ്യാത ഗ്രന്ഥത്തില്‍ തത്സംബന്ധമായി വന്ന വിവരണങ്ങളെ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം: ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥക്ക് സുപ്രധാനമായ ചില അടിത്തറകളുണ്ട്. പ്രപഞ്ചസങ്കല്‍പം മുതല്‍ പൗരാവകാശങ്ങള്‍ വരെയുള്ള, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നിലപാട് അതില്‍ വിവരിക്കപ്പെടുന്നുണ്ട്. പ്രപഞ്ചത്തിന്റെയും അതിലെ സകല ചരാചരങ്ങളുടെയും സ്രഷ്ടാവും ഉടമസ്ഥനും അധികാരിയും അല്ലാഹുവാണ്. പ്രപഞ്ചത്തിന്റെ മേലുള്ള പരമാധികാരം (Sovereignty) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. പ്രപഞ്ചചലനം ദൈവനിയമത്തിന് വിധേയമാണ്. ഈ പ്രപഞ്ചസങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍, മനുഷ്യന്റെ മേലുള്ള പരമാധികാരിയും ശാസനാധികാരിയും വിധികര്‍ത്താവും നിയമനിര്‍മാതാവും ധര്‍മാധര്‍മ വിവേചകനും അല്ലാഹു മാത്രമാണ്. ശരിതെറ്റുകള്‍ നിര്‍ണയിക്കാനും ജീവിതനിയമങ്ങള്‍ നല്‍കാനുമുള്ള അവകാശം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. അല്ലാഹുവിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാകുന്നു. ദൈവനിയമങ്ങള്‍ക്ക് വിരുദ്ധമായി നിയമം നിര്‍മിക്കാനും അത്തരം നിയമങ്ങള്‍ ജീവിതത്തില്‍ പാലിക്കാനും പാടില്ല. 
ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. ഈ പ്രാതിനിധ്യപദവിക്ക് ഖുര്‍ആന്‍ 'ഖിലാഫത്ത്' എന്ന് വിളിക്കുന്നു.  ദൈവാഭീഷ്ടങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ജീവിതം ദൈവത്തിന് സമര്‍പ്പിക്കലാണിത്. ദൈവം നല്‍കിയ കഴിവുകള്‍ ദൈവത്തിനായി വിനിയോഗിക്കലാണ് 'ഖിലാഫത്ത്.' സാമൂഹികമായ ഖിലാഫത്തിന്റെ സാക്ഷാത്കാരമാണ് രാഷ്ട്രരൂപീകരണം. സമൂഹത്തിലെ ഓരോ വ്യക്തിക്കും ഖിലാഫത്തില്‍- രാഷ്ട്രീയാധികാരത്തില്‍- തുല്യ പങ്കാളിത്തമുണ്ട്. തിയോക്രസിയുടെ പരിമിതിയായി പൊതുവെ വിമര്‍ശിക്കപ്പെടുന്ന രാജവാഴ്ചയില്‍നിന്നും പൗരോഹിത്യ വാഴ്ചയില്‍നിന്നും വര്‍ഗാധിപത്യത്തില്‍നിന്നും ഇസ്‌ലാമിക രാഷ്ട്രത്തെ അകറ്റി, അതിനെ ജനാധിപത്യത്തോട് അടുപ്പിക്കുന്നത് ഈ സവിശേഷതയാണ്. 
എന്നാല്‍ ഇത് പാശ്ചാത്യ ജനാധിപത്യ സങ്കല്‍പത്തില്‍നിന്ന് അടിസ്ഥാനപരമായിത്തന്നെ ഭിന്നമാണ്. പാശ്ചാത്യ സങ്കല്‍പത്തിലുള്ള ജനാധിപത്യം ജനങ്ങളുടെ പരമാധികാരത്തില്‍ (Popular Sovereignty) അധിഷ്ഠിതമാണ്. എന്നാല്‍, ഇസ്‌ലമിന്റെ ജനാധിപത്യ ഖിലാഫത്തില്‍ ജനങ്ങള്‍ പരമാധികാരം അല്ലാഹുവിന് സമര്‍പ്പിക്കുകയും സ്വമേധയാ തങ്ങളുടെ അധികാരങ്ങള്‍ ദൈവിക നിയമങ്ങളുടെ പരിധിയില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്യുന്നു. 
ഭരണാധികാരികളുടെ തെരഞ്ഞെടുപ്പ്, ഉദ്യോഗസ്ഥ നിയമനം, ഭരണനിര്‍വഹണം തുടങ്ങി മുഴുവന്‍ കാര്യങ്ങളും ഇസ്‌ലാമിക തത്ത്വമനുസരിച്ച് പൗര സമൂഹവുമായി കൂടിയാലോചിച്ച് ചെയ്യേണ്ടതാണ്. ഭദ്രവും ശക്തവുമായ ശൂറാ (കൂടിയാലോചന) സിസ്റ്റം ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ നെടുംതൂണാണ്. 
ആദര്‍ശനിഷ്ഠയും വ്യവസ്ഥയോടുള്ള കൂറുമാണ് അധികാരത്തിലെത്താനുള്ള പ്രാഥമിക യോഗ്യത. അക്രമിയും ധിക്കാരിയും തെമ്മാടിയും ഒരു കാരണവശാലും അധികാരത്തിലേക്ക് പരിഗണിക്കപ്പെട്ടുകൂടാ. വിശ്വസ്തരും സത്യസന്ധരും അഭിജ്ഞരും ആയിരിക്കണം ഭരണാധികാരികള്‍. ജുഡീഷ്യറി  ആന്തരികവും ബാഹ്യവുമായ എല്ലാവിധ സമ്മര്‍ദങ്ങളില്‍നിന്നും തികച്ചും മുക്തമായിരിക്കണം. അധികാരികളും പൗരന്മാരും അടക്കം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും നിയമത്തിന്റെ മുന്നില്‍ സമന്മാരായിരിക്കും. നീതി സ്ഥാപിക്കലും അക്രമവും അനീതിയും വിപാടനം ചെയ്യലുമാണ് ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ മൗലിക ലക്ഷ്യം. ദൈവാടിമത്തമല്ലാത്ത എല്ലാതരം അടിമത്തങ്ങളും അവസാനിപ്പിച്ച്, സദാചാര ബന്ധിതവും ക്ഷേമസമ്പൂര്‍ണവുമായ രാഷ്ട്രമാണ് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. സത്യവും നന്മയും പോഷിപ്പിക്കലും ദൈവം വെറുക്കുന്നതും മനുഷ്യപ്രകൃതി അംഗീകരിക്കാത്തതുമായ എല്ലാ തിന്മകളും ഉഛാടനം ചെയ്യലും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ലക്ഷ്യമായിരിക്കും. 
എല്ലാ പൗരന്മാര്‍ക്കും മതഭേദമന്യേ അടിസ്ഥാന മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ടതും ഭരണകൂടത്തിന്റെ ബാധ്യതയാണ്. ജീവന്‍, സമ്പത്ത്, അഭിമാനം, സ്വകാര്യത, അക്രമത്തിനെതിരെ ശബ്ദിക്കല്‍, സംഘടനാ സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം, നീതി, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയാണ് ഇസ്‌ലാമികദൃഷ്ട്യാ മൗലികാവകാശങ്ങള്‍.(6)
സയ്യിദ് മൗദൂദി എഴുതുന്നു: ''ഈ രാഷ്ട്രീയക്രമം പടിഞ്ഞാറ് പരിചയിച്ച ഡെമോക്രസിയല്ല. ബഹുജനങ്ങള്‍ക്ക് ആധിപത്യവും നിയമനിര്‍മാണാധികാരവുമുള്ള ഒരു രാഷ്ട്രത്തെയാണല്ലോ 'ജനാധിപത്യ രാഷ്ട്ര'മെന്ന് സാമാന്യേന വിളിക്കുന്നത്. അവിടെ പൊതുജനാഭിപ്രായത്തിനനുസരിച്ചാണ് നിയമം രൂപം കൊള്ളുന്നതും ഭേദഗതി ചെയ്യപ്പെടുന്നതും. ജനഹിതമുണ്ടെങ്കിലേ ഏതു നിയമവും നടപ്പില്‍വരൂ. ഇല്ലെങ്കില്‍ അത് നിയമ പുസ്തകത്തില്‍നിന്ന് തുടച്ചുമാറ്റപ്പെടും. എന്നാല്‍, ഈ സമ്പ്രദായം ഇസ്‌ലാമിലില്ല. അതുകൊണ്ട് ഈ അര്‍ഥത്തില്‍ അതിന് 'ജനായത്തം' (ഡെമോക്രസി) എന്നു പറയാനും വയ്യ....
''ഇസ്‌ലാമിക സ്റ്റേറ്റിന് അനുയോജ്യമായ പേര് 'ദൈവിക രാഷ്ട്രം' എന്നത്രെ. ദൈവിക രാഷ്ട്രത്തിന് ഇംഗ്ലീഷില്‍ 'തിയോക്രസി' എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ യൂറോപ്യര്‍ക്ക് സുപരിചിതമായ തിയോക്രസിയല്ല ഇസ്‌ലാമിലെ തിയോക്രസി. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. ദൈവത്തിന്റെ പേരില്‍ ഒരു പ്രത്യേക മതവര്‍ഗം (Priest Class-പുരോഹിതവര്‍ഗം) തങ്ങളുടെ സ്വയംകൃത നിയമങ്ങള്‍ നടപ്പാക്കുകയും അങ്ങനെ ഫലത്തില്‍ സ്വന്തം ദൈവത്വം ബഹുജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന ഒരു 'തിയോക്രസി'യേ യൂറോപ്പിന് പരിചയമുള്ളൂ. ദൈവിക രാഷ്ട്രം എന്നല്ല, 'പൈശാചികരാഷ്ട്രം' എന്നാണ് അത്തരം ഭരണകൂടങ്ങള്‍ക്ക് ഉചിതമായ പേര്!.... ഇസ്‌ലാമിക ഭരണകൂടത്തിന് പുതിയ വല്ല പേരും കൊടുക്കാമെങ്കില്‍, Theo-Democracy (ദൈവിക ജനാധിപത്യം) എന്നായിരിക്കും ഞാന്‍ നാമകരണം ചെയ്യുക.''(7)
ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ജനാധിപത്യം കുറ്റമറ്റതും കറകളഞ്ഞതുമാണെന്ന അഭിപ്രായം ആര്‍ക്കാണുള്ളത്? ജനകീയ ജനാധിപത്യത്തിലൂടെ നിലവില്‍വരുന്ന ഭരണകൂടങ്ങള്‍ ജനഹിതത്തെയെങ്കിലും നിയമനിര്‍മാണത്തിനും ഭരണനയത്തിന്റെ രൂപീകരണത്തിനും യഥാര്‍ഥത്തില്‍ ആശ്രയിക്കുന്നുണ്ടോ? നിയമനിര്‍മാണസഭയിലെ ഏതാനും പേരടങ്ങുന്ന കോക്കസ്, അല്ലെങ്കില്‍ ഭരണത്തില്‍ സ്വാധീനം ചെലുത്തുന്ന സമ്പത്തും ശക്തിയുമുള്ള ഒരു ചെറു ന്യൂനപക്ഷം ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വസ്തുത ഇതാണെന്നിരിക്കെ ദൈവികനിയമത്തെ ആധാരമാക്കി ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സിദ്ധാന്തത്തെ മതരാഷ്ട്രവാദ മുദ്ര കുത്തി ആക്ഷേപിക്കുന്നവര്‍ എന്താണാഗ്രക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 
സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും ജനാധിപത്യ രാഷ്ട്രക്രമത്തെ കുറിച്ച് ഇത്രയും പറഞ്ഞതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെ രൂക്ഷമായി വിമര്‍ശിക്കുകയും മതരാഷ്ട്രവാദികളെന്ന് ആക്ഷേപിക്കുകയും ചെയ്യുന്ന മതസംഘടനയാണല്ലോ കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍. എന്നാല്‍ സമുന്നത മുജാഹിദ് നേതാവും പ്രഭാഷകനും ഗ്രന്ഥകാരനുമായ എം.എം അക്ബര്‍ ഡെമോക്രസിയെ കുറിച്ചും തിയോക്രസിയെ കുറിച്ചും എഴുതുന്നതു നോക്കൂ: ''ഇസ്‌ലാമികരാഷ്ട്രം തിയോക്രാറ്റിക് അല്ലെങ്കില്‍ പിന്നെ ഡെമോക്രാറ്റിക് ആണോ എന്ന ചോദ്യം പ്രസക്തമാണ്. ജനങ്ങള്‍ക്ക് അഭിപ്രായം പറയാനും നീതി നേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിനാണ് ഡെമോക്രാറ്റിക് എന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം നൂറു ശതമാനവും ഡെമോക്രാറ്റിക് ആണെന്ന് പറയാവുന്നതാണ്. എന്നാല്‍, ജനഹിതത്തിന്റെ പേരില്‍ അധാര്‍മികതകളും അനാശാസ്യ പ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെടുകയെന്നതാണ് ഡെമോക്രസി അര്‍ഥമാക്കുന്നതെങ്കില്‍ അതിന് ഇസ്‌ലാം നൂറു ശതമാനം എതിരാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കപ്പെടുകയുള്ളൂവെന്ന് സാരം. ഭൂരിപക്ഷം പേരും വ്യഭിചാരം സാര്‍വത്രികമാക്കണമെന്ന് പറഞ്ഞാലും ഇസ്‌ലാമികരാഷ്ട്രത്തില്‍ വ്യഭിചാരം അനുവദിക്കപ്പെടുകയില്ല. കാരണം, അത് വിശുദ്ധ ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന മൂല്യ സങ്കല്‍പ്പത്തിന് വിരുദ്ധമാണ്..... 
''ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കാവശ്യമുള്ളതെല്ലാം ചെയ്തുകൊടുക്കുകയെന്ന ജനായത്ത രാഷ്ട്രീയത്തിന്റെ കറുത്തമുഖം ഇസ്‌ലാമികരാഷ്ട്രീയത്തിനുണ്ടാവുകയില്ല. അവിടെ ജനഹിതം പരിശോധിക്കപ്പെടുന്നത് വ്യക്തമായ ധാര്‍മിക നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. അതുകൊണ്ടുതന്നെ, ഭൂരിപക്ഷത്തിനു വേണ്ടി എന്ത് തോന്നിവാസവും ചെയ്യാന്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് കഴിയില്ല. ഈ അര്‍ഥത്തില്‍ ഇസ്‌ലാമിക രാഷ്ട്രം തിയോക്രസിക്കും ഡെമോക്രസിക്കും മധ്യേ ആണെന്നു പറയാം. ഈ രണ്ട് മീമാംസകളിലെയും നല്ല വശങ്ങള്‍ ഇസ്‌ലാമികരാഷ്ട്രം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് സാരം.''(8) ഇതിനപ്പുറമൊന്നും സയ്യിദ് മൗദൂദിയോ ജമാഅത്തെ ഇസ്‌ലാമിയോ പറഞ്ഞിട്ടില്ല. എന്നാലും, ജമാഅത്തെ ഇസ്‌ലാമി പിന്തിരിപ്പന്‍ മതരാഷ്ട്രവാദികള്‍, സലഫികള്‍ പുരോഗമന മതേതരവാദികള്‍!

ജമാഅത്തെ ഇസ്‌ലാമിയും സെക്യുലരിസവും

ജമാഅത്തെ ഇസ്‌ലാമി സെക്യുലരിസത്തെ അംഗീകരിക്കുന്നില്ല, ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയുടെ അടിത്തറയെ അംഗീകരിക്കാത്ത പ്രസ്ഥാനം ദേശവിരുദ്ധമാണ് എന്നെല്ലാമാണ് വിമര്‍ശകരുടെ മറ്റൊരു വാദം. എന്താണ് വസ്തുത? ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വരുന്നതും ഇന്ത്യ ഒരു സെക്യുലര്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുന്നതും 1951-ലാണ്. അവിഭക്ത ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെട്ടതാകട്ടെ 1941-ലും. അന്ന് ലോക ഘടനയെ സ്വാധീനിച്ചിരുന്ന സെക്യുലരിസവും ഇന്ത്യന്‍ രാഷ്ട്ര-സാമൂഹികക്രമത്തിന്റെ അടിത്തറയായി പില്‍ക്കാലത്ത് പ്രഖ്യാപിക്കപ്പെട്ട സെക്യുലരിസവും രണ്ടാണ്. പടിഞ്ഞാറന്‍ സെക്യുലരിസം എന്തെന്ന് പരിശോധിക്കാം: ''ദൈവവും ദൈവിക നിര്‍ദേശവും  ദൈവാരാധനയുമെല്ലാം വ്യക്തിയുടെ സ്വകാര്യവ്യവഹാരത്തില്‍ മാത്രം പരിമിതമായിരിക്കണം. വ്യക്തി ജീവിതമാകുന്ന അതികുടുസ്സായ വലയത്തിനു പുറത്തുള്ള സകല ലൗകിക ഇടപാടുകളെയും കേവലം ഭൗതികവീക്ഷണകോണിലൂടെ നോക്കിക്കാണുകയും അവയെപ്പറ്റി അവനവന്റെ ഹിതത്തിനൊത്ത് തീരുമാനം കല്‍പിക്കുകയും വേണം. തദ്വിഷയകമായി ദൈവം എന്തു പറയുന്നു, ദൈവനിര്‍ദേശമെന്ത്, ദൈവിക ഗ്രന്ഥത്തില്‍ എന്തെഴുതിയിരിക്കുന്നു എന്നും മറ്റുമുള്ള പ്രശ്‌നം തന്നെ ഉളവാകുന്നില്ല....
''പാശ്ചാത്യ ജനത, തങ്ങളുടെ പാദങ്ങളെ ബന്ധിച്ചു പൂട്ടിയിരുന്ന സ്വയംകൃത മതശാസ്ത്ര(Theology)ത്തോടുള്ള വെറുപ്പുകൊണ്ട്, ആ കെട്ടില്‍നിന്ന് മോചനം പ്രാപിക്കാന്‍ വേണ്ടിയായിരുന്നു ഈ കര്‍മരീതി ആരംഭത്തില്‍ സ്വീകരിച്ചത്. ക്രമേണ അതൊരു സുസ്ഥിര ജീവിതസിദ്ധാന്തമായിത്തീര്‍ന്നു. ഈ സിദ്ധാന്തപ്രകാരം, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യനും ലോകവും തമ്മിലുള്ള എല്ലാ ബന്ധവും ദൈവത്തില്‍നിന്നും മതത്തില്‍നിന്നും തീരെ സ്വതന്ത്രങ്ങളാണ്. സാമൂഹിക വ്യവഹാരം, വിദ്യാഭ്യാസം, സാമ്പത്തിക ഇടപാടുകള്‍, നിയമം, പാര്‍ലമെന്റ്, രാജ്യതന്ത്രം, ഭരണം, രാജ്യാന്തര ബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം തികച്ചും സ്വതന്ത്രമായിരിക്കും. ഇവിടെയെല്ലാം തീരുമാനമെടുക്കുന്നത് സ്വാഭിലാഷവും സ്വന്തം യുക്തിയും അനുസരിച്ചായിരിക്കും.''(9) സയ്യിദ് മൗദൂദിയുടെ പക്ഷം, സാമാന്യ യുക്തിക്ക് പോലും അംഗീകരിക്കാനാകാത്തതാണ് ഈ സിദ്ധാന്തം എന്നാണ്. പ്രപഞ്ചത്തിനും തനിക്കും ഒരു ദൈവം ഉണ്ടെന്ന് ഒരാള്‍ വിശ്വസിക്കുന്നു. ആ ദൈവം സര്‍വശക്തനും സര്‍വജ്ഞനും എന്നയാള്‍ക്കുറപ്പാണ്. എന്നിട്ടും ആ ദൈവത്തിനുള്ള അനുസരണം വ്യക്തിജീവിതത്തിന്റെ പരിമിത മണ്ഡലത്തില്‍ ഒതുക്കി നിര്‍ത്തുക, സാമൂഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നിടത്ത് ദൈവവുമായുള്ള ബന്ധം അവസാനിപ്പിക്കുക. ഇതാണ് മതേതരത്വമെങ്കില്‍ ഇസ്‌ലാമിതിനെ അംഗീകരിക്കുന്നില്ല. ജമാഅത്ത് വിരുദ്ധപക്ഷത്ത് നിലയുറപ്പിച്ച മുസ്‌ലിം സംഘടനകള്‍ ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുമോ?
എന്നാല്‍, ഇന്ത്യന്‍ സെക്യുലരിസം പടിഞ്ഞാറ് വിഭാവനം ചെയ്യുന്ന സെക്യുലരിസമാണോ? അല്ല. മതനിരപേക്ഷതയെന്നോ പ്ലൂരലിസമെന്നോ വിവക്ഷിക്കാവുന്ന സാങ്കേതിക പദമാണ് ഇന്ത്യന്‍ സെക്യുലരിസം എന്ന് ഡോ. കെ.എന്‍ പണിക്കരെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 
ജമാഅത്തെ ഇസ്‌ലാമിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മതനിരപേക്ഷതക്കും മത-സാംസ്‌കാരിക ബഹുത്വത്തിനും ഒരു നിലക്കും പോറലേല്‍പിച്ചിട്ടില്ല. സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും വിശാല മാനവികത കെട്ടിപ്പടുക്കാനും ശ്രമിച്ചും ഇന്ത്യയുടെ സെക്യുലര്‍ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ള വേദികള്‍ രൂപീകരിച്ചും അത്തരം വേദികളില്‍ സജീവ പങ്കാളിത്തം വഹിച്ചുമാണ് ഇസ്‌ലാമിക പ്രസ്ഥാനം ഇന്നുവരെ നിലകൊത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം രാജ്യത്ത് നടന്ന ആയിരക്കണക്കായ സാമുദായിക-വര്‍ഗീയ ലഹളകളിലും സംഘര്‍ഷങ്ങളിലും ജമാഅത്ത് കക്ഷിയായില്ലെന്നു മാത്രമല്ല, വര്‍ഗീയാഗ്നി ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രസ്ഥാനം നേതൃപരമായ പങ്കുവഹിക്കുകയായിരുന്നുവെന്നതാണ് ചരിത്രം. പടിഞ്ഞറന്‍ മതേതരത്വത്തോടുള്ള ജമാഅത്തിന്റെ വിയോജിപ്പ് താത്ത്വികവും പ്രത്യയശാസ്ത്രപരവുമാണ്. അത് സംവാദാത്മകമായി പ്രകടിപ്പിക്കുക എന്നതാണ് ജമാഅത്ത് നയം. അതിനുവേണ്ടി അത്തരം മതേതര പ്രത്യയശാസ്ത്രവാദികളുമായി നിരന്തര സംവാദത്തിന്റെ വാതില്‍ തുടക്കം മുതലേ തുറന്നിട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്നത് അനുഭവ യാഥാര്‍ഥ്യമാണ്.
സെക്യുലരിസത്തെ കുറിച്ചുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രപരമായ വിശകലനത്തെയും നിരൂപണത്തെയും മഹാ പാതകമായി കാണുന്നവര്‍ കുറ്റമറ്റ ദര്‍ശനമാണ് പടിഞ്ഞാറന്‍ സെക്യുലരിസമെന്ന് വിശ്വസിക്കുന്നവരാണോ? ആദര്‍ശാത്മക മതപരിസരത്തുനിന്ന് ജീവിതത്തെ സമഗ്രമായി വീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സെക്യുലരിസത്തെയടക്കം സൂക്ഷ്മവിശകലനം നടത്തുകയും ചെയ്തതിനെ ആ നിലക്ക് സമീപിക്കാനുള്ള ആര്‍ജവമില്ലായ്മയാണ് വിമര്‍ശകര്‍ നിരന്തരം പ്രകടിപ്പിക്കുന്നത്. സെക്യുലരിസത്തെ കുറിച്ച ജമാഅത്ത് നിരൂപണത്തെ ആര്‍.എസ്.എസ്സിന്റെ വംശീയതയുമായി സമീകരിക്കാന്‍ ശ്രമിക്കുക വഴി, ഇവരെല്ലാം ആര്‍.എസ്.എസ്സിന്റെ ഫാഷിസ്റ്റ് നിലപാടുകളെ വെള്ളപൂശുകയാണ്. ഇതുമുഖേന, അറിഞ്ഞോ അറിയാതെയോ സവര്‍ണ വരേണ്യ പൊതുബോധത്തെ സാമൂഹിക വിമര്‍ശനത്തിന്റെ രീതിശാസ്ത്രമായി ജ്ഞാനമണ്ഡലത്തില്‍ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുകയാണിവര്‍. ഇസ്‌ലാമിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ, ഖുര്‍ആന്റെയും പ്രവാചകന്റെയും രഷ്ട്രീയ-ഭരണ അധ്യാപനങ്ങളെ നേരിട്ട് വിമര്‍ശിക്കാനോ തള്ളിക്കളയാനോ ഭയക്കുന്ന ഇവര്‍ ജമാഅത്തിനെ മറയാക്കി ആ ദൗത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ആശങ്കകളും 
യാഥാര്‍ഥ്യവും

ഇസ്‌ലാമിക രാഷ്ട്രം, ഇസ്‌ലാമിനെ ഔദ്യോഗിക മതമായി സ്ഥാപിക്കും എന്നാണ് ഒന്നാമത്തെ ആശങ്ക. ബലാല്‍ക്കാരത്തിലൂടെ ഭരണകൂടം മതം അടിച്ചേല്‍പ്പിക്കും എന്നാണ് പ്രചാരണം. എന്നാല്‍ ഇത് പ്രാമാണികമായും ചരിത്രപരമായും അവാസ്തവമാണ്. ഇസ്‌ലാമിക രാഷ്ട്രത്തില്‍ എല്ലാ മതങ്ങള്‍ക്കും തുല്യ പദവിയാണുള്ളത്. മുഹമ്മദ് നബി(സ)യുടെയും ഖുലഫാഉര്‍റാശിദുകളു(സച്ചരിത ഖലീഫമാര്‍)ടെയും ഭരണപ്രദേശങ്ങളില്‍ പൗരത്വത്തില്‍ തുല്യാവകാശത്തോടെ നിരവധി മതവിഭാഗങ്ങള്‍ തങ്ങളുടെ മതം ആചരിച്ചു ജീവിച്ചിരുന്നു എന്നത് അവിതര്‍ക്കിതമായ യാഥാര്‍ഥ്യമാണ്. മത- ഭാഷാ- സാംസ്‌കാരിക ബഹുസ്വരത ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ  സുപ്രധാന സവിശേഷതയാണ്. ഇവയെ അല്ലാഹുവിന്റെ അടയാളങ്ങള്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്: ''ആകാശഭൂമികളുടെ സൃഷ്ടി, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍ പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്'' (സൂറഃ അര്‍റൂം: 22).
മതങ്ങളുടെ ഏറ്റവും പാവന കേന്ദ്രങ്ങളാണ് ആരാധനാലയങ്ങള്‍. ഇവയുടെ സംരക്ഷണം ഇസ്‌ലാമിക സ്റ്റേറ്റിന്റെ ചുമതലയാണ്: ''അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ സന്ന്യാസിമഠങ്ങളും ചര്‍ച്ചുകളും ജൂതപള്ളികളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മസ്ജിദുകളും തകര്‍ക്കപ്പെടുമായിരുന്നു'' (അല്‍ ഹജ്ജ് 40). വിശ്വാസവൈവിധ്യത്തെക്കുറിച്ച് ഖുര്‍ആന്‍: ''നിന്റെ നാഥന്‍ ഇഛിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?'' (യൂനുസ് 99). ''നിന്റെ നാഥന്‍ ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും'' (ഹൂദ് 118).
മദീനയില്‍ പ്രവാചകന്‍ (സ) സ്ഥാപിച്ച ഇസ്‌ലാമികരാഷ്ട്രത്തിന്റെ ഭരണഘടനയായ മദീനാ ചാര്‍ട്ടറില്‍ ഇങ്ങനെ കണാം: ''നാമുമായി ചേര്‍ന്നുനില്‍ക്കുന്ന യഹൂദന്മാര്‍ നീതിക്കും സമത്വത്തിനും നമ്മുടെ സൗഹാര്‍ദത്തിനും സഹാനുഭൂതിക്കും അര്‍ഹരായിരിക്കും. അവരോട് അനീതിയോ പക്ഷപാതമോ കാണിക്കുന്നതല്ല. അവര്‍ അക്രമത്തിനു വിധേയരാവുകയുമില്ല. അവര്‍ക്കെതിരായി ആരും സഹായിക്കപ്പെടുന്നതുമല്ല..... വിശ്വാസികളോടൊപ്പം ജീവിക്കുന്ന ഒരു വിഭാഗമാണ് ഔഫ് ഗോത്രത്തിലെ ജൂതന്മാര്‍. ജൂതന്മാര്‍ക്ക് അവരുടെ മതമുണ്ട്; മുസ്‌ലിംകള്‍ക്ക് അവരുടേതും. എങ്കിലും ഇരുവിഭാഗവും ചേര്‍ന്ന് ഒരു ജനത (ഉമ്മത്ത്) ആയിരിക്കും.... നജ്ജാര്‍, ഹാരിസ്, സാഇദ, ജുശം, ഔസ്, സഅ്‌ലബ, ജഫ്‌ന, ശയ്ത്വബ ഗോത്രങ്ങളിലെ യഹൂദന്മാര്‍ക്കെല്ലാം ഔഫ് ഗോത്രത്തിലെ യഹൂദന്മാരുടെ എല്ലാ അവകാശങ്ങളും ബാധ്യതകളുമുണ്ട്..... ഈ പ്രമാണം അംഗീകരിച്ച എല്ലാ വിഭാഗത്തിനും തങ്ങള്‍ക്കര്‍ഹതപ്പെട്ട അവകാശം ഒരു കാരണവശാലും നിഷേധിക്കപ്പെടുന്നതല്ല.''(10) 
ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥ അക്രമത്തിന്റെ മാര്‍ഗത്തിലൂടെയാണ് അധികാരത്തില്‍ വരുന്നതെന്നും അധികാരം നിലനിര്‍ത്തുന്നതെന്നുമുള്ളതാണ് മറ്റൊരു തെറ്റിദ്ധാരണ. ഇതും പടിഞ്ഞാറിന്റെ കുപ്രചാരണമാണ്. ഇതിനെ ആധാരമാക്കി, ഇസ്‌ലാമിക് പൊളിറ്റിക്‌സിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കുന്നവരുടെ ചരിത്ര സാക്ഷരത ദയനീയമാണ്. മുഹമ്മദ് നബി(സ) മദീനയില്‍ സ്ഥാപിച്ച പ്രഥമ ഇസ്‌ലാമികരാഷ്ട്രം അക്രമത്തിലൂടെയല്ല നിലവില്‍ വന്നത്. പ്രവാചകനു ശേഷം ഭരണാധികാരികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഈ രീതിയും കീഴ്‌വഴക്കവും നാലാം ഖലീഫ അലി(റ)ക്കു ശേഷം അട്ടിമറിക്കപ്പെട്ടപ്പോള്‍ പ്രഗത്ഭരായ പ്രവാചക ശിഷ്യന്മാര്‍ അതിനെ ചോദ്യം ചെയ്തു. മുആവിയ മകന്‍ യസീദിനെ ഭരണത്തില്‍ പിന്തുടര്‍ച്ചക്കാരനാക്കാന്‍ തീരുമാനിച്ചപ്പോഴും പ്രവാചക പൗത്രന്‍ ഹുസൈന്‍(റ) അടക്കം പ്രമുഖരായ സ്വഹാബികള്‍ അതിനെതിരെ രംഗത്തുവന്നു. യസീദിനെ പിന്‍ഗാമിയാക്കിക്കൊണ്ടുള്ള മുആവിയയുടെ ഉത്തരവ് മര്‍വാന്‍ മദീനക്കാരെ അറിയിച്ചു. മസ്ജിദുന്നബവിയില്‍ മര്‍വാന്‍ പ്രഖ്യാപിച്ചു: ''നിങ്ങളില്‍നിന്നും അനുയോജ്യനായ ആളെ തെരഞ്ഞെടുക്കുന്നതില്‍ അമീറുല്‍ മുഅ്മിനീന്‍ യാതൊരു വിഴ്ചയും വരുത്തിയിട്ടില്ല. അദ്ദേഹം തന്റെ കാലശേഷം പുത്രന്‍ യസീദിനെത്തന്നെ പിന്‍ഗാമിയായി നിശ്ചയിച്ചിരിക്കുന്നു. അദ്ദേഹത്തിന് അല്ലാഹു ഒരു നല്ലബുദ്ധി തോന്നിപ്പിച്ചിരിക്കുന്നു. ഇതൊരു പുതിയ കാര്യമൊന്നുമല്ല. അബൂബക്‌റും ഉമറും എല്ലാം പിന്‍ഗാമികളെ നിശ്ചയിച്ചിരുന്നുവല്ലോ.'' ഉടനെ അബ്ദുര്‍റഹ്മനുബ്‌നു അബീബക്ര്‍ പറഞ്ഞു: ''അല്ലയോ മര്‍വാന്‍, താങ്കള്‍ കള്ളം പറയുന്നു. മുആവിയയും കള്ളം പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ നന്മ നിങ്ങളൊരിക്കലും ആഗ്രഹിച്ചിട്ടില്ല. കിസ്‌റയുടെ പാരമ്പര്യം പിന്തുടരാനാണ് നിങ്ങള്‍ തുനിയുന്നത്. ഒരു കൈസര്‍ മരിക്കുമ്പോള്‍ തല്‍സ്ഥാനത്ത് അദ്ദേഹത്തിന്റെ പുത്രന്‍ പ്രതിഷ്ഠിക്കപ്പെടുന്നു. ഇതൊരിക്കലും അബൂബക്‌റിന്റെയും ഉമറിന്റെയും ചര്യയല്ല. അവരാരും സ്വന്തം മക്കളെ പിന്‍ഗാമികളാക്കിയിട്ടില്ല'. അബ്ദുര്‍റഹ്മാനെപ്പോലെ ഹുസൈന്‍, അബ്ദുല്ലാഹിബ്‌നു സുബൈര്‍ തുടങ്ങിയവരും ഈ സദസ്സില്‍ വെച്ച് യസീദിന്റെ നിയമനത്തെ തള്ളിക്കളയുകയുണ്ടായി.(11)
സയ്യിദ് മൗദൂദിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും കടുത്ത വിമര്‍ശകനും   നിരൂപകനുമാണ് സിയാഉദ്ദീന്‍ സര്‍ദാര്‍. തന്റെ Desperately Seeking Paradise: Journey of a Sceptical Muslim എന്ന ഗ്രന്ഥത്തില്‍ സയ്യിദ് മൗദൂദിയെ കുറിച്ച് അദ്ദേഹം പറയുന്നു: ''പില്‍ക്കാലത്ത്, 1969-ല്‍ ഞാന്‍ മൗദൂദിയെ കണ്ടുമുട്ടുകയുണ്ടായി. ലണ്ടനില്‍ ചികിത്സക്കായി വന്നതായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് വിദ്യാര്‍ഥികളോടൊപ്പം ഞാന്‍ അദ്ദേഹത്തെ സ്വീകരിക്കാനായി ഹീത്രു വിമാനത്താവളത്തിലേക്കു പോയി....... ദ മുസ്‌ലിം മാഗസിനു വേണ്ടി അദ്ദേഹവുമായി ഞാന്‍ ദീര്‍ഘമായ ഒരഭിമുഖം നടത്തുകയുണ്ടായി. ....... സായുധകലാപത്തെ കുറിച്ച് അദ്ദേഹത്തോട് ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചു..... 'സായുധ കലാപത്തിലൂടെ ഒരിസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാമെന്ന് താങ്കള്‍ കരുതുന്നുണ്ടോ' എന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. 'അതാണ് ശരിയായ പാതയെന്ന് എനിക്ക് തോന്നുന്നില്ല'- ഒരുനിമിഷം പോലും തങ്ങിനില്‍ക്കാതെ അദ്ദേഹം പറഞ്ഞു. 'അത്തരം ഒരു നയം ഏതെങ്കിലും തരത്തില്‍ ഗുണകരമാകുന്നതിനു പകരം വളരെയധികം ദോഷകരമായിട്ടാണ് ഭവിക്കുക.' പിന്നീടദ്ദേഹം വിശദീകരിച്ചു. 'സായുധ വിപ്ലവത്തിലൂടെ ഒരിസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍തന്നെ, ആ രാഷ്ട്രത്തെ മുന്നോട്ട് കൊണ്ടുപോകാനോ ഇസ്‌ലാമികരീതിയില്‍ അവിടത്തെ കാര്യങ്ങള്‍ കൈയാളാനോ കഴിയില്ല. ഇസ്‌ലാം ആവശ്യപ്പെടുന്ന ധാര്‍മികമായ മാറ്റത്തിന് അവിടെയുള്ള വിവിധ വിഭാഗങ്ങളില്‍പെട്ട ജനങ്ങള്‍ പാകമായിട്ടുണ്ടാവില്ല എന്നതാണതിന്റെ ലളിതമായ കാരണം. അധികാരത്തിലെത്തുന്നതിന് മറ്റുള്ളവര്‍ക്കും അവലംബിക്കാവുന്ന ഒരു മാര്‍ഗമാണ് സായുധ കലാപം. അതിനാല്‍, മുസ്‌ലിം രാഷ്ട്രങ്ങള്‍ വിപ്ലവങ്ങളുടെയും പ്രതിവിപ്ലവങ്ങളുടെയും ഗൂഢാലോചനയുടെയും പ്രതിഗൂഢാലോചനയുടെയും ദൂഷിതവൃത്തത്തിലെ കുരുക്കില്‍പെട്ടുപോകാനുള്ള ഒരപകട സാധ്യതയും അതിലുണ്ട്. ഒരു സായുധ വിപ്ലവം നടത്തണമെങ്കില്‍ നിങ്ങള്‍ക്ക് രഹസ്യ സംഘങ്ങളുടെ മാതൃകയില്‍ നിങ്ങളുടെ പ്രസ്ഥാനത്തെ സംഘടിപ്പിച്ചെടുക്കേണ്ടിവരും. അവക്ക് അവയുടേതായ മാനസികാവസ്ഥയുണ്ട്. അവ ഒരുതരത്തിലുമുള്ള എതിരഭിപ്രായങ്ങളും എതിര്‍പ്പും പൊറുക്കില്ല. വിമര്‍ശനത്തിന്റെ ശബ്ദം എപ്പോഴും തടയപ്പെടും. സ്വതന്ത്രവും ന്യായവും തുറന്നതുമായ ചര്‍ച്ചകള്‍ക്ക് സ്ഥാനമുണ്ടാവില്ല. രഹസ്യസംഘങ്ങളില്‍ കണ്ടുവരുന്ന മറ്റു ചില സ്വഭാവങ്ങളാകട്ടെ ചതി, കള്ളം പറയല്‍, വ്യാജ ഇടപാടുകള്‍, വിശ്വാസവഞ്ചന, രക്തച്ചൊരിച്ചില്‍ തുടങ്ങിയവയാണ്. ഇവയാകട്ടെ ഇസ്‌ലാം നിരോധിച്ചതുമാണ്. തോക്കിന്‍കുഴലിലൂടെ കൊണ്ടുവന്ന വിപ്ലവങ്ങളെല്ലാം  തോക്കിന്‍കുഴലിലൂടെ മാത്രമേ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്നതാണ് വിപ്ലവങ്ങള്‍ നല്‍കുന്ന പാഠം. ഒരിസ്‌ലാമികവ്യവസ്ഥയിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനത്തിനുള്ള അന്തരീക്ഷം പറ്റേ ഇല്ലാതാക്കുമിത്....
''എനിക്കത് നന്നായി മനസ്സില്‍ പതിഞ്ഞു. മുസ്‌ലിം ലോകത്തും മൂന്നാം ലോകരാഷ്ട്രങ്ങളിലും നടക്കുന്നതും നടക്കാന്‍ സാധ്യതയുള്ളതുമായ സംഭവങ്ങളുടെ ശീര്‍ഷകങ്ങള്‍ സൂക്ഷ്മമായി വായിച്ചെടുക്കുന്നതുപോലെ തോന്നി. രാഷ്ട്രീയവും സാമൂഹികവും ധാര്‍മികവും സദാചാരപരവുമായ ചിന്തകള്‍ക്ക് വേറിട്ട ഒരു മാനം ആവശ്യപ്പെടുന്നതുപോലെ. പുതിയൊരു രീതി. പറുദീസയിലേക്കുള്ള പുതിയ ഒരു പാസ്‌പോര്‍ട്ട്.''(12)
ജമാഅത്തിനെ ഭര്‍ത്സിക്കുന്നവര്‍ അംഗീകരിക്കാന്‍ തയാറാകാത്ത ഒന്നുണ്ട്. രൂപീകരണത്തിന്റെ ഏഴര പതിറ്റാണ്ട് ഈ പ്രസ്ഥാനം പിന്നിട്ടുകഴിഞ്ഞു. 1975-ല്‍ ഇന്ദിര സര്‍ക്കാരും 1992-ല്‍ നരസിംഹ റാവു സര്‍ക്കാരും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പത്രപ്രസിദ്ധീകരണങ്ങള്‍ മരവിപ്പിച്ചു. ഈ പ്രസ്ഥാനം രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ സമീപിച്ചു. സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പൊള്ളയാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി നിരോധം പിന്‍വലിക്കുകയായിരുന്നു. നിരോധനവേളകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരനുഭാവി പോലും തീവ്രവാദപരമെന്ന് വ്യാഖ്യാനിക്കാവുന്ന ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടില്ലെന്നു മാത്രമല്ല, പ്രസ്ഥാനപ്രവര്‍ത്തകര്‍ ഒന്നടങ്കം, രാജ്യത്തിന്റെ ജനായത്ത സ്വഭാവം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും  വര്‍ഗീയധ്രുവീകരണം ചെറുക്കാനുള്ള വേദികളില്‍ സജീവമാവുകയുമായിരുന്നു.
മറ്റൊരു വൈരുധ്യം, ജമാഅത്തെ ഇസ്‌ലാമിയുടെ 'രാഷ്ട്രീയ ഇസ്‌ലാമാ'ണ് എല്ലാ തീവ്രവാദത്തിന്റെയും നാരായവേരെന്ന് ആരോപിക്കുന്ന കക്ഷികളിലും അവരുടെ അണികളിലും പെട്ട പലരും രാജ്യത്ത് നടന്ന/ നടക്കുന്ന നിരവധി അക്രമ പ്രവര്‍ത്തനങ്ങളില്‍, നിയമലംഘനങ്ങളില്‍, കൊലപാതകങ്ങളില്‍, സാമുദായിക കലാപങ്ങളില്‍, വംശീയ ഉന്മൂലനങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളാണെന്നതാണ്. ഏറ്റവുമൊടുവില്‍ ആഗോളതലത്തില്‍ വലിയ ഭീഷണിയായിത്തീര്‍ന്ന ഐ.എസ്സിന്റെ ആശയസ്രോതസ്സ് സലഫിസമാണെന്നും പരക്കെ നിരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. അംഗുലീ പരിമിതരാണെങ്കിലും, കേരളത്തില്‍നിന്ന് ഈ ആശയധാരയിലേക്ക് ചേക്കേറിയതായി ആരോപിക്കപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും സലഫീധാരയില്‍നിന്നുള്ളവരാണെന്നതും നിഷേധിക്കാനാവില്ല. ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ച്, ആധുനിക ഭൗതിക ദര്‍ശനങ്ങള്‍ക്കു പകരം പുതുലോക നിര്‍മിതിയില്‍ ഇസ്‌ലാമിന്റെ സാധ്യതകളെ ജനാധിപത്യപരമായും സമാധാനപരമായും മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ മതരാഷ്ട്രവാദം ആരോപിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരുടെ താല്‍പര്യത്തിനു വേിയാണ് നിലകൊള്ളുന്നത്?

അവലംബം:
1. 'മതഭീകരവാദം മതത്തിന്റെ സൃഷ്ടി', സി.കെ ശശി കൊടുങ്ങല്ലൂര്‍, യുക്തിരേഖ, 2016 സെപ്റ്റംബര്‍
2. സര്‍ തോമസ് ആര്‍ണോള്‍ഡ്, ഇസ്‌ലാം പ്രബോധനവും പ്രചാരവും
3. http://www.dictionary.com/browse/theocratic state
4. https://www.wikipedia.org/wiki/theocratic state
5. The Secular City: Secularisation and Urbanisation: A Theological Perspective, 1966, Pelican Books By Dutch Theologian. C. V. Van Peursen, http://www.chaplaincyacademy.com
6. സംഗ്രഹം, ഖിലാഫത്തും രാജവാഴ്ചയും, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് കോഴിക്കോട്
7.    ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, സയ്യിദ് മൗദൂദി, ഐ.പി.എച്ച്, കോഴിക്കോട്.
8.    'ഇസ്‌ലാമിക രാഷ്ട്രം: പ്രസക്തിയും പ്രയോഗവും', ജംഇയ്യത്തുല്‍ മുജാഹിദീന്‍ (അരീക്കോട്) സുവനീര്‍ 1995.
9.    മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്ത്വിക വിശകലനം, സയ്യിദ് മൗദൂദി
10.    ഉദ്ധരണം: ഇസ്‌ലാമും മതസഹിഷ്ണുതയും, ശൈഖ് മുഹമ്മദ് കാരകുന്ന്, ഐ.പി.എച്ച്, കോഴിക്കോട്.
11.    ഖിലാഫത്തും രാജവാഴ്ചയും, സയ്യിദ് മൗദൂദി
12.    സ്വര്‍ഗം തേടി ഒരു മുസ്‌ലിം സന്ദേഹിയുടെ യാത്രകള്‍, സിയാവുദ്ദീന്‍ സര്‍ദാര്‍, അദര്‍ ബുക്‌സ്

Comments

Other Post