ജനസേവനത്തിന്റെ പ്രസ്ഥാനവഴികള്‍
'ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും.' പ്രവാചകനിയോഗം സര്‍വലോകര്‍ക്കുമുള്ള കാരുണ്യമായി വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു: ''ലോകര്‍ക്കാകമാനം കാരുണ്യമായിട്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല'' (അല്‍അമ്പിയാഅ് 107). പ്രവാചകനു ശേഷം, സച്ചരിത ഖലീഫമാരുടെ ഭരണകാലത്തും പില്‍ക്കാല ചരിത്രത്തിലുടനീളവും ഇസ്‌ലാമിന്റെ ജീവകാരുണ്യ മുഖം അടയാളപ്പെടുത്തപ്പെട്ടിട്ടു്. ഇസ്‌ലാമിന്റെ ഈ മാനവിക മുഖത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും എക്കാലത്തും നെഞ്ചേറ്റി.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രസ്ഥാനമായി മാറിയത് അത് സ്വീകരിച്ചുവരുന്ന സാമൂഹിക-രാഷ്ട്രീയ നയ നിലപാടുകളോടൊപ്പം അതിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയുമാണ്. ദീര്‍ഘ പോരാട്ടത്തിനൊടുവില്‍ രാജ്യം നേടിയ സ്വാതന്ത്ര്യത്തിന്റെ നിറംകെടുത്തിയ ദുരന്തമായിരുന്നുവല്ലോ ഇന്ത്യാവിഭജനം. വിഭജനാനന്തര ഇന്ത്യ നിരന്തര കലാപങ്ങളുടെ ദുരന്തചിത്രങ്ങളുടെ രംഗഭൂമിയാണ്. കലാപങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും അനേകായിരങ്ങള്‍ കൊല്ലപ്പെടുകയും അവരുടെ കുടുംബങ്ങള്‍ അനാഥരാവുകയും ചെയ്യുക മാത്രമല്ല, അവശേഷിക്കുന്നവരുടെ ജീവിതോപാധികള്‍ തകര്‍ന്ന് അവര്‍ നിരാലംബരാവുകയും ചെയ്യുന്നു. കലാപാനന്തരമുള്ള ദുരിതഭൂമികളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കര്‍മസാന്നിധ്യം മനസ്സുകളിലേറ്റ മുറിവുണക്കാനും തകര്‍ന്നടിഞ്ഞ ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്താനുമുതകുന്നു. വിഭജനവേളയിലെ കലാപങ്ങള്‍ മുതല്‍ ഗുജറാത്ത് വംശഹത്യ, മുസഫര്‍ നഗര്‍ കലാപം വരെ ഈ ധര്‍മം ഉദാരമതികളുടെ നിര്‍ലോഭ സഹകരണത്തോടെ ഭംഗിയായി നിര്‍വഹിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചു. പ്രകൃതിദുരന്തങ്ങളിലും പ്രവര്‍ത്തകര്‍ സേവനസന്നദ്ധരായി ഓടിയെത്തി. ഏറ്റവുമൊടുവില്‍ കശ്മീരിലെ പ്രളയത്തിലും അയല്‍ രാജ്യമായ നേപ്പാളിലെ ഭൂകമ്പത്തിലും കേരള ജമാഅത്തെ ഇസ്‌ലാമിയുടെ സന്നദ്ധ വിഭാഗമായ ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകരുള്‍പ്പെടെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിച്ചു. സഹാനുഭൂതി എന്ന ഇസ്‌ലാമിന്റെ ഉന്നത മൂല്യമാണ്, ജാതിമതദേശഭേദമന്യേ കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും പ്രേരിപ്പിക്കുന്നത്.
ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങി ഇസ്‌ലാം മുഖ്യപരിഗണന നല്‍കുന്ന അടിസ്ഥാനാവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ജമാഅത്തെ ഇസ്‌ലാമി ജനസേവനവിഭാഗം പദ്ധതികളാവിഷ്‌കരിക്കുന്നത്. പ്രസ്ഥാനത്തിന്റെ പരിമിത വിഭവങ്ങളും ഉദാരമതികളുടെ സഹായവും ചേര്‍ത്തുവെച്ച് സാമൂഹികാവശ്യങ്ങളെ അര്‍ഹതയുടെ മുന്‍ഗണനാക്രമത്തിലാണ് ജമാഅത്ത് പരിഗണിക്കുന്നത്. ഈ രംഗത്ത് രൂപപ്പെട്ട ഒരോ സംരംഭവും ഇസ്‌ലാമികാശയാടിത്തറകളില്‍ നിലയുറപ്പിച്ചുകൊണ്ട് സാമൂഹികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സംവിധാനമാണ്. അഖിലേന്ത്യാ തലത്തില്‍ 'ഖിദ്മത്തെ ഖല്‍ഖ്' എന്ന വകുപ്പിനു കീഴിലാണ് ജനസേവന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
പ്രാദേശിക സകാത്ത് കമ്മിറ്റികളും ബൈത്തുസ്സകാത്തും
ആദ്യകാലം മുതല്‍തന്നെ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍കൈയെടുത്ത് ഓരോ പ്രദേശത്തും രൂപംനല്‍കിയ സകാത്ത് കമ്മിറ്റികളാണ് സകാത്തിന്റെ സംഘടിതവും ശാസ്ത്രീയവുമായ ശേഖരണ-വിതരണത്തിന് തുടക്കംകുറിച്ചത്. അജ്ഞത കാരണം സകാത്തിന് ഒട്ടും പ്രാധാന്യം നല്‍കാതിരുന്ന മുസ്‌ലിം സമുദായത്തില്‍ ജമാഅത്ത് നടത്തിയ ക്രിയാത്മക ഇടപെടല്‍, സകാത്തിനെ അതിന്റെ യഥാര്‍ഥ ചൈതന്യത്തോടെ ജനമനസ്സുകളില്‍ പുനഃസ്ഥാപിക്കുന്നതില്‍ ഒരളവോളം വിജയിച്ചിട്ടുണ്ട്. സകാത്തിന്റെ പ്രാധാന്യവും അത് നിര്‍ബന്ധമാവുന്ന പരിധിയും മറ്റും സമുദായത്തിനകത്ത് സജീവ ചര്‍ച്ചാവിഷയമായി മാറി. ഈ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും സംഘടിത സകാത്ത് എന്ന ആശയത്തെ സമുദായത്തിലെ ഒരു വിഭാഗത്തിനും പൂര്‍ണമായി തള്ളിക്കളയാനോ അവഗണിക്കാനോ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങളില്‍ ജനങ്ങളുടെ അടിസ്ഥാനാവശ്യപൂര്‍ത്തീകരണത്തിനുള്ള ഉപാധിയായി സകാത്ത് മാറിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിക്കു കീഴില്‍ സംസ്ഥാനത്ത് നിരവധി പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതത് പ്രദേശങ്ങളിലെ അടിസ്ഥാനാവശ്യങ്ങളുടെയും അപ്പപ്പോഴുണ്ടാകുന്ന അടിയന്തര ആവശ്യങ്ങളുടെയും പൂര്‍ത്തീകരണത്തിനാണ് പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ മുന്‍ഗണന നല്‍കുന്നത്.
സംസ്ഥാനതലത്തില്‍ സകാത്തിന്റെ സംഭരണവും വിതരണവും പ്രചാരണവുമാണ് ബൈത്തുസ്സകാത്ത് കേരളയുടെ ലക്ഷ്യം. ഇതുവഴി വ്യക്തികളുടെയും ബന്ധപ്പെട്ട പ്രദേശങ്ങളുടെയും ക്ഷേമവും സുസ്ഥിര വികസനവും സാധ്യമാകുമെന്ന കാഴ്ചപ്പാടാണുള്ളത്. 553,089 രൂപയുമായി 2000 ഒക്‌ടോബറില്‍ ആരംഭിച്ച ഈ സംരംഭം 2016-ല്‍ 36,000,000 രൂപ സമാഹരിക്കുകയുണ്ടായി. കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമാണിത്. ഓണ്‍ലൈന്‍ അപേക്ഷ ഉള്‍പ്പെടെ വ്യവസ്ഥാപിത ഓഫീസ് സംവിധാനത്തോടെ, ശാസ്ത്രീയമായാണ് ബൈത്തുസ്സകാത്ത് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 15,000-ല്‍പരം ദായകരില്‍നിന്ന് സകാത്ത് ശേഖരിച്ച് കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും 10500-ല്‍പരം ഗുണഭോക്താക്കള്‍ക്ക് എത്തിച്ചുകഴിഞ്ഞു. കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് ഭവനനിര്‍മാണം, സ്വയംതൊഴില്‍, ചികിത്സ, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, കടബാധ്യത തീര്‍ക്കല്‍, കുടിവെള്ള പദ്ധതി, റേഷന്‍/പെന്‍ഷന്‍ പദ്ധതി തുടങ്ങിയ സ്‌കീമുകളിലാണ് സകാത്ത് വിതരണം ചെയ്യുന്നത്. പ്രാദേശിക സകാത്ത് സംരംഭങ്ങളുമായി സഹകരിച്ചുള്ള പദ്ധതികള്‍, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ശാസ്ത്രീയ നടപടിക്രമങ്ങള്‍, കേരളം മുഴുവന്‍ പ്രവര്‍ത്തന ശ്യംഖലയുള്ള സംവിധാനം, സകാത്തുമായി ബന്ധപ്പെട്ട അക്കാദമിക - ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ബൈത്തുസ്സകാത്തിന്റെ പ്രത്യേകതകളാണ്. ഇതിനകം 395 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണമായും 2131 വീടുകളുടെ നിര്‍മാണത്തിന് ഭാഗികമായും സഹായമനുവദിക്കുകയുണ്ടായി. 1041 വ്യക്തികള്‍ക്ക് തൊഴില്‍ പദ്ധതികള്‍, 1500 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, 1497 വ്യക്തികള്‍ക്ക് റേഷന്‍/പെന്‍ഷന്‍, 83 കുടിവെള്ള പദ്ധതികള്‍, 2504 രോഗികള്‍ക്ക് ചികിത്സാ സഹായം, 1309 പേര്‍ക്ക് കടബാധ്യത തീര്‍ക്കുന്നതിനുള്ള സഹായം തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ബൈത്തുസ്സകാത്ത് നിര്‍വഹിച്ചത്. തൊഴില്‍ പദ്ധതികളുടെ ഭാഗമായി, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 125 വ്യക്തികള്‍ക്ക് ഓട്ടോറിക്ഷകള്‍ നല്‍കി.
കലാപ ഭൂമികളില്‍
പ്രകൃതി ദുരന്തഭൂമികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും സജീവമാകുമെങ്കിലും കലാപ ഭൂമികളിലേക്ക് പൊതുവെ അവര്‍ തിരിഞ്ഞുനോക്കാറില്ല. അതിനാല്‍ തന്നെ വര്‍ഗീയ കലാപ ഭൂമികളില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഈ പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ പ്രസ്ഥാന ഘടകം വലിയ തോതിലുള്ള പങ്കാളിത്തമാണ് നിര്‍വഹിക്കുന്നത്. 1994-ലെ അസമിലെ ബോഡോ കലാപം, 1992-'93 മുംബൈ കലാപം, 2012-ലെ അസം ബോഡോ കലാപം, ഗുജറാത്ത് വംശഹത്യ, മുസഫര്‍ നഗര്‍ കലാപം തുടങ്ങിയ സന്ദര്‍ഭങ്ങളിലെ സേവനങ്ങള്‍ ഉദാഹരണം. ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ ലഭ്യമാക്കല്‍, ടെന്റുകളുടെ നിര്‍മാണം, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയവയാണ് ദുരന്തഭൂമികളിലെ അടിയന്തര കര്‍മപരിപാടികള്‍. തുടര്‍ന്ന് വിദ്യാലയങ്ങള്‍, പള്ളികള്‍, വീടുകള്‍, ടോയ്‌ലറ്റുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ലൈബ്രറികള്‍, അംഗനവാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, കുടിവെള്ള സംവിധാനങ്ങളൊരുക്കല്‍, തൊഴിലുപകരണ വിതരണം എന്നിവ നിര്‍വഹിക്കുന്നു.
പീപ്പ്ള്‍സ് ഫൗണ്ടേഷന്‍
ജീവകാരുണ്യമേഖലയില്‍ കാലത്തിന്റെ ആവശ്യങ്ങളും അനിവാര്യതകളും പരിഗണിച്ച് മുന്നോട്ടുപോയ പ്രസ്ഥാനമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി. ജനസേവനരംഗത്ത് വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത സ്വഭാവത്തിലുള്ള നിരവധി സംവിധാനങ്ങള്‍ക്ക് പ്രസ്ഥാനം രൂപം നല്‍കിയിട്ടുണ്ട്. പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാനും നേരത്തേയുള്ള സംരംഭങ്ങള്‍ ഏകോപിപ്പിക്കാനും കൂടുതല്‍ സംഘടിതവും ശാസ്ത്രീയവുമായ സംവിധാനം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് കേരള ജമാഅത്തിനു കീഴിലുള്ള മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ എന്ന കുടക്കീഴില്‍ ഏകീകരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ ജനസേവനരംഗത്ത് വിശ്വാസ്യതയും കാര്യക്ഷമതയുമുള്ള ഏജന്‍സിയായി മാറുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. 2013-ലാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ പ്രാരംഭം.
വിദ്യാഭ്യാസ മേഖലയില്‍
വിദ്യാഭ്യാസ രംഗത്ത് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് പ്രസ്ഥാനം മുഖ്യ പരിഗണന നല്‍കുന്നു. ഉന്നത വിദ്യാഭ്യാസമേഖലയിലെ വലിയ സാമ്പത്തിക ചെലവ് കാരണം മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍. പതിറ്റാണ്ടുകളായി വ്യത്യസ്ത സ്‌കീമുകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ലോണ്‍ സ്‌കോളര്‍ഷിപ്പുകളും തിരിച്ചടക്കേണ്ടതില്ലാത്ത സ്‌കോളര്‍ഷിപ്പ് സ്‌കീമുകളും ഇതില്‍ പെടും. സ്‌കോളര്‍ഷിപ്പ് പ്രത്യേക പദ്ധതിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങളാവിഷ്‌കരിക്കുന്നത് 2007 മുതലാണ്. 2004 മുതല്‍ തന്നെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ 'മര്‍ഹമ' എജു സപ്പോര്‍ട്ട് സ്‌കോളര്‍ഷിപ്പ് പദ്ധതി നടന്നുവരുന്നുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചപ്പോള്‍ രണ്ട് സ്‌കീമുകളെയും ഒരുമിപ്പിച്ചു. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ രൂപീകരിച്ചതു മുതല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് എല്ലാ സ്‌കോളര്‍ഷിപ്പ് പദ്ധതികളും.
മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള മനുഷ്യവിഭവശേഷി വളര്‍ത്തിയെടുക്കുക എന്നതാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ലക്ഷ്യമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നിര്‍ണയിച്ചിരിക്കുന്നത്. സ്‌കോളര്‍ഷിപ്പ് ഫണ്ട് സാമൂഹിക പ്രധാനമായ മേഖലകളില്‍ വിനിയോഗിക്കുന്നതിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. നിയമം, മീഡിയ, മാനേജ്‌മെന്റ്, മാനവിക വിഷയങ്ങളിലെ ബിരുദ - ബിരുദാനന്തര - ഗവേഷണ കോഴ്‌സുകള്‍, ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്‌സുകള്‍ എന്നിവക്ക് വലിയ പ്രാധാന്യം നല്‍കുന്നു. കേന്ദ്ര യൂനിവേഴ്‌സിറ്റികളിലും ഇതര ഉന്നത ദേശീയ കലാലയങ്ങളിലും പഠിക്കുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നു്. അതിനു പുറമെ രാജ്യത്തെ ഉന്നത തൊഴില്‍ മേഖലകളിലേക്കും കോഴ്‌സുകളിലേക്കും ഗവേഷണ മേഖലകളിലേക്കും എത്തിച്ചേരുന്നതിനുള്ള സിവില്‍ സര്‍വീസ്, യു.ജി.സി ( നെറ്റ്-ജെ.ആര്‍.എഫ്) തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനത്തിനും പീപ്പ്ള്‍സ് ഫൗഷേന്‍ സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു.
ഭവനനിര്‍മാണ മേഖലയില്‍
ഭവനനിര്‍മാണമാണ് ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന മറ്റൊരു സേവന മേഖല. കൂടുതല്‍ ചെലവേറുമെന്നതിനാല്‍ ഈ മേഖലയിലേക്ക് പൊതുവെ മുഖ്യധാരാ സേവന സംഘടനകളൊന്നും കടന്നുവരാറില്ല. ദരിദ്ര കുടുംബങ്ങളുടെ സ്വപ്‌നവും നെടുവീര്‍പ്പുമായി അവശേഷിക്കുന്ന സ്വന്തം കൂരയെന്ന ആഗ്രഹം സാക്ഷാല്‍ക്കരിക്കുന്ന വിവിധ പദ്ധതികളാണ് പ്രസ്ഥാന സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുന്നത്. പ്രസ്ഥാനത്തിനു കീഴിലെ സകാത്ത് - റിലീഫ് സംരംഭങ്ങള്‍ മുഖ്യ പരിഗണന നല്‍കുന്നതും നിര്‍ധനര്‍ക്കുള്ള ഭവനനിര്‍മാണത്തിനാണ്. യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ 'നിങ്ങളുടെ പണം + ഞങ്ങളുടെ അധ്വാനം' എന്ന തലക്കെട്ടില്‍ നടന്നുവരുന്ന 'കാരുണ്യത്തിന്റെ മേല്‍ക്കൂര' ഭവന നിര്‍മാണ പദ്ധതിയില്‍ ഇതുവരെ മൂവായിരത്തിലധികം വീടുകളാണ് നിര്‍മിച്ചുനല്‍കിയത്. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള ബൈത്തുസ്സകാത്ത് കേരള 395 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണ സഹായവും 2131 വീടുകളുടെ നിര്‍മാണത്തിന് ഭാഗിക സഹായവും അനുവദിച്ചത് നേരത്തേ പരാമര്‍ശിക്കുകയുണ്ടായി. ഇസ്‌ലാമിക പ്രസ്ഥാനത്തിനു കീഴിലെ മലര്‍വാടി ബാലസംഘം 'ചങ്ങാതിക്കൊരു വീട്' പദ്ധതിയില്‍ കുട്ടികള്‍ വീടുവീടാന്തരം കയറി 24 ലക്ഷം രൂപ ഫണ്ട് ശേഖരിച്ച് 5 വീടുകള്‍ നിര്‍മിച്ചുനല്‍കുകയുായി. പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ ഒരു സുപ്രധാന പദ്ധതിയും ഭവന നിര്‍മാണംതന്നെ. 'പീപ്പ്ള്‍സ് ഹോം' എന്ന പേരില്‍ കേരളത്തിലെ 1500 ദരിദ്രകുടുംബങ്ങള്‍ക്ക് അഞ്ചര ലക്ഷം രൂപ ചെലവില്‍ 500 ച.അടി വിസ്തീര്‍ണമുള്ള വീടുകള്‍ വ്യത്യസ്ത സേവന സംവിധാനങ്ങളുടെ സഹകരണത്തോടെ നിര്‍മിച്ചുനല്‍കുന്ന പദ്ധതിയും ആരംഭിച്ചുകഴിഞ്ഞു.
പെയ്ന്‍ ആന്റ് പാലിയേറ്റീവ്
കേരളത്തിന്റെ ജനകീയ സേവന മേഖലയായ പെയ്ന്‍ ആന്റ്് പാലിയേറ്റീവ് രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു സാധിച്ചിട്ടുണ്ട്. പെയ്ന്‍ ആന്റ്് പാലിയേറ്റീവ് പൊതു യൂനിറ്റുകളുടെ ഭാഗമായി പ്രസ്ഥാന പ്രവര്‍ത്തകര്‍ കര്‍മരംഗത്ത് സജീവമാണ്. ഒപ്പം പ്രസ്ഥാന പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ട്രസ്റ്റുകള്‍ രൂപീകരിച്ച് വിപുല സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സാന്ത്വന-പരിചരണ സംഘങ്ങളുമുണ്ട്. മലപ്പുറം അത്താണിക്കല്‍ 'കാരുണ്യ കേന്ദ്രം' പോലെ ജനകീയമായ 40-ലധികം പെയ്ന്‍ ആന്റ് പാലിയേറ്റീവ് യൂനിറ്റുകള്‍ കേരളത്തില്‍ പ്രസ്ഥാന മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പെയ്ന്‍ ആന്റ് പാലിയേറ്റീവ് യൂനിറ്റുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ഇപ്പോള്‍ വിതരണം ചെയ്തുവരുന്നു.
പെയ്ന്‍ ആന്റ് പാലിയേറ്റീവ് മേഖലയിലെ സവിശേഷ പദ്ധതിയാണ് നട്ടെല്ലിന് ക്ഷതമേറ്റ് തളര്‍ന്നു കിടക്കുന്ന രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും പരിചരണവും പുനരധിവാസവും. വിവിധ ജില്ലകളിലെ 300-ല്‍ പരം പാരപ്പീജിയ രോഗികള്‍ക്കാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിരന്തര പരിചരണം നല്‍കുന്നത്. രോഗികള്‍ക്കും കുടുംബത്തിനും ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, വീല്‍ചെയര്‍, എയര്‍ ബെഡ്, വാക്കര്‍ തുടങ്ങിയ മെഡിക്കല്‍ എയ്ഡ് ഉപകരണങ്ങള്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നല്‍കിവരുന്നു. സ്ഥിരം കിടപ്പു രോഗികളുടെ വിദഗ്ധ ചികിത്സക്ക് നിരവധി ഹോസ്പിറ്റലുകളില്‍ സൗജന്യമായി സൗകര്യങ്ങളൊരുക്കുന്നുണ്ട്. ഇത്തരം രോഗികളുടെ പുനരധിവാസത്തിന് പീപ്പ്ള്‍സ് ഫൗണ്ടേഷനു കീഴില്‍ സ്വതന്ത്ര സന്നദ്ധ സംഘടനക്ക് രൂപം നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടു്.
ചികിത്സാ മേഖല
മാരകരോഗങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ മെഡിക്കല്‍ സേവന രംഗത്ത് ശ്രദ്ധേയ മുദ്രകള്‍ പതിപ്പിക്കാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ രോഗികളെ പരിചരിക്കുന്ന അഭയകേന്ദ്രം, കോട്ടയം മെഡിക്കല്‍ കോളേജിനു സമീപനം പ്രവര്‍ത്തിക്കുന്ന സേവന കേന്ദ്രം, മഞ്ചേരി മെഡിക്കല്‍ കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന സോളിഡാരിറ്റി സേവന കേന്ദ്രം, കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം പ്രവര്‍ത്തിക്കുന്ന കനിവ്, തലശ്ശേരി കാന്‍സര്‍ സെന്ററിനു സമീപം പ്രവര്‍ത്തിക്കുന്ന അഭയ കേന്ദ്രം തുടങ്ങിയവ പാവപ്പെട്ട രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും സേവനം നല്‍കുന്ന സംരംഭങ്ങളാണ്. ഭക്ഷണ- മരുന്ന് വിതരണം, താമസ സൗകര്യം, ആബുലന്‍സ്, രക്തദാന ഗ്രൂപ്പുകള്‍ തുടങ്ങി വിവിധ തരം പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ക്കു കീഴില്‍ നടന്നുവരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച സൗകര്യങ്ങളോടെ ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നു്.
അനാഥര്‍ക്കും നിരാലംബര്‍ക്കും വേണ്ടി
അനാഥര്‍ക്കും നിരാലംബര്‍ക്കും വേണ്ടി വിവിധ സംരംഭങ്ങള്‍ പ്രസ്ഥാനത്തിനു കീഴില്‍ നടക്കുന്നുണ്ട്. അല്‍ ഇസ്‌ലാഹ് ഓര്‍ഫനേജ് കൊടിയത്തൂര്‍, പാലക്കാട് ഓര്‍ഫനേജ്, തായിക്കാട്ടുകര ഓര്‍ഫനേജ്, വി.എം.വി ഓര്‍ഫനേജ് തൃശൂര്‍, പാണ്ടിക്കാട് സല്‍വ കള്‍ച്ചറല്‍ സെന്റര്‍, കനിവ് കേന്ദ്രം കാപ്പാട് തുടങ്ങിയവ അത്തരം സ്ഥാപനങ്ങളില്‍ ചിലതാണ്.
ഡീ അഡിക്ഷന്‍
ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിപ്പെട്ടവരെ അതില്‍നിന്ന് മോചിപ്പിക്കുന്നതിന് സംവിധാനങ്ങളൊരുക്കുന്നുണ്ട് പ്രസ്ഥാനത്തിനു കീഴില്‍. ഐ.ആര്‍.ഡബ്ല്യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സഹവാസ ചികിത്സ ക്യാമ്പുകളാണ് ഇതില്‍ പ്രധാനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന ഇത്തരം ഡീ അഡിക്ഷന്‍ ക്യാമ്പുകള്‍ നിരവധി കുടുംബങ്ങളെയാണ് ദുരിതങ്ങളില്‍നിന്ന് കരകയറ്റുന്നത്. ആത്മീയ-ധാര്‍മിക പാഠങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന ചികിത്സാ-ശിക്ഷണ രീതികള്‍ ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രായോഗിക ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പ്ള്‍സ് ഫൗണ്ടേഷനു കീഴില്‍ വിപുല സൗകര്യങ്ങളോടെ ഡീ അഡിക്ഷന്‍ ഹോസ്പിറ്റല്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. പ്രാഥമിക ലഹരിമുക്ത ചികിത്സ നല്‍കുന്നതിന് പ്രൈമറി ഡീ അഡിക്ഷന്‍ സെന്ററുകളും ആരംഭിക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ച് സേവന പദ്ധതികളാവിഷ്‌കരിക്കാന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ചുകഴിഞ്ഞു. മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സാമൂഹികസേവന-ജീവകാരുണ്യ രംഗങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന് സാധിച്ചു. സമ്പന്നരുടെ വീട്ടുപടിക്കല്‍ ആത്മാഭിമാനം കൈയൊഴിച്ച് കണ്ണീര്‍ ചാലിച്ച കവിള്‍ത്തടങ്ങളുമായി പാവപ്പെട്ടവര്‍ വരിനിന്നത് നമ്മുടെ നാട്ടിലെ പതിവു കാഴ്ചയായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭമായ സകാത്തിനെ, സമ്പന്നന്‍ സാധാരണക്കാരന് നല്‍കുന്ന ഔദാര്യമെന്ന നിലയിലാണ് വലിയൊരു വിഭാഗമാളുകളും മനസ്സിലാക്കിയിരുന്നത്. കണക്കും വ്യവസ്ഥയും മാറ്റിവെച്ച് തോന്നുംപടി നല്‍കുന്ന ദാനധര്‍മങ്ങളെ സകാത്തായി കണക്കാക്കിയവര്‍ ധാരാളമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഈ മനോഭാവം മാറ്റിയെടുക്കുന്നതില്‍ വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. സമ്പന്നര്‍ നാട്ടിലെ സാമൂഹിക സംരംഭങ്ങളുമായി സഹകരിക്കാന്‍ അതിടയാക്കി. അങ്ങനെ അവരുടെകൂടി വിഹിതം ചേര്‍ത്തുവെച്ച് സാമൂഹിക പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചു. നിരാലംബരും അശരണരും ആത്മാഭിമാനം പണയം വെക്കാതെ തന്നെ ഇത്തരം സാമൂഹിക സംരംഭങ്ങളുടെ ഗുണഭോക്താക്കളായി.
എന്നാല്‍, വ്യക്തികേന്ദ്രീകൃതമായിരുന്ന പഴയ രീതി പുതിയ ഭാവത്തില്‍ തിരിച്ചുവരാന്‍ തുടങ്ങിയിരിക്കുന്നുവോ എന്ന ആശങ്ക അവഗണിക്കാവതല്ല. സമ്പന്നര്‍ പ്രത്യേകം പ്രത്യേകം കുടുംബ ട്രസ്റ്റ് രൂപീകരിച്ച് സാമൂഹിക സംരംഭങ്ങളില്‍നിന്ന് പിന്‍വാങ്ങുന്ന പ്രവണത കുവരുന്നു. നാട്ടിലെ നിരാലംബരെ വീണ്ടും സമ്പന്ന കടുംബങ്ങളുടെ പടിപ്പുരകളിലേക്ക് ആട്ടിത്തെളിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുമോ എന്ന ഭയം അസ്ഥാനത്താവട്ടെ. സദുദ്ദേശ്യപരമാണെങ്കിലും സമ്പന്നരുടെ കുടുംബ ട്രസ്റ്റുകളിലേക്കുള്ള തിരിച്ചുപോക്ക് സമുദായത്തിന്റെ പിന്‍നടത്തമായും സാമൂഹിക സേവന സംരംഭങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയായും മാറാതിരിക്കട്ടെ.
ഐ.ആര്‍.ഡബ്ല്യു:
സമര്‍പ്പിത സേവനത്തിന് കാല്‍നൂറ്റാണ്ട്
1992 മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സന്നദ്ധ സേവന സംഘമാണ് ഐഡിയല്‍ റിലീഫ് വിംഗ് (ഐ.ആര്‍.ഡബ്ല്യു). അന്നത്തെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസനായിരുന്നു ഐ.ആര്‍.ഡബ്ല്യു രൂപീകരണത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം തന്നെയായിരുന്നു ആദ്യ ജനറല്‍ ക്യാപ്റ്റന്‍. അല്ലാ ബക്ഷ് ഹാജി പ്രഥമ ജനറല്‍ കണ്‍വീനര്‍. ഇസ്‌ലാമിക പ്രസ്ഥാനം ആവശ്യപ്പെടുന്ന മേഖലയില്‍ സ്വയംസമര്‍പ്പിതരായി സേവനം ചെയ്യാനും ജനസേവനരംഗത്ത് കൂടുതല്‍ കാര്യക്ഷമമാകാനുമാണ് ഐ.ആര്‍.ഡബ്ല്യു നിലവില്‍വന്നത്. രൂപീകരണവര്‍ഷം മുതല്‍ പ്രകൃതിദുരന്ത-കലാപഭൂമികളില്‍ റിലീഫ്-സേവന പ്രവര്‍ത്തനങ്ങളുമായി ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ സജീവമായി. 1992 സെപ്റ്റംബറില്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കടുത്ത നാശനഷ്ടം വിതച്ച ഉരുള്‍പൊട്ടലുണ്ടായി. ആ ദുരന്തപ്രദേശങ്ങളില്‍ പുനരധിവാസത്തിനായി 80 അംഗ ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ രംഗത്തിറങ്ങിയതായിരുന്നു ഈ വിംഗിന്റെ ആദ്യ സേവനപ്രവര്‍ത്തനം. പിന്നീട്, 2017 വരെയുള്ള രര പതിറ്റാിനിടയില്‍ കേരളത്തിനകത്തും പുറത്തും ഒട്ടനവധി ദുരന്തഭൂമികളില്‍ ഐ.ആര്‍.ഡബ്ല്യു തങ്ങളുടെ ദൗത്യം നിര്‍വഹിക്കുകയുണ്ടായി. ദുരന്തമേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച പ്രാപ്തരായ വളന്റിയര്‍മാര്‍ക്കു പുറമെ മെഡിക്കല്‍-പാരാമെഡിക്കല്‍ ടീമുകളും ഐ.ആര്‍.ഡബ്ല്യുവിന്റെ ഭാഗമായി. 1996-ല്‍ എന്‍.ജി.ഒ ആയി ഐ.ആര്‍.ഡബ്ല്യു രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പരിശീലനം ലഭിച്ച സ്ത്രീകളെയും ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാരായി വളര്‍ത്തിയെടുത്തു.
1993-ലെ ലാത്തൂരിലെ (മഹാരാഷ്ട്ര) ഭൂകമ്പബാധിത പ്രദേശങ്ങള്‍, 1994-ലെ ഒഡീഷ ചുഴലിക്കാറ്റ് ദുരന്ത മേഖലകള്‍, 2001-ലെ ഗുജറാത്ത് ഭൂകമ്പബാധിത പ്രദേശങ്ങള്‍, 2004-ല്‍ കേരളത്തിലടക്കം ആഞ്ഞടിച്ച സൂനാമി ദുരന്തം, 2008-ലെ ബിഹാര്‍ വെള്ളപ്പൊക്ക മേഖലകള്‍, 2012-ലെ അസം-ബോഡോ കലാപഭൂമി, 2014-ലെ കശ്മീര്‍ പ്രളയം, 2015-ലെ നേപ്പാള്‍ ഭൂകമ്പം, 2015-ലെ ചെന്നൈ വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തഭൂമികളിലെല്ലാം കടന്നുചെന്ന് ആഴ്ചകളോളം നീളുന്ന സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐ.ആര്‍.ഡബ്ല്യുവിന് സാധിച്ചു. ദുരന്തമേഖലകളില്‍ ചെയ്യേണ്ട അടിയന്തര റിലീഫ് വര്‍ക്കുകള്‍, മൃതദേഹങ്ങള്‍ യഥോചിതം സംസ്‌കരിക്കല്‍, ടെന്റ് നിര്‍മാണം, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ചെറുഭവനങ്ങളും ഷെഡുകളും തയാറാക്കല്‍, അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന റിലീഫ് ക്യാമ്പുകളില്‍ ആവശ്യമായ ടോയ്‌ലറ്റുകളും മറ്റും നിര്‍മിക്കല്‍, മരുന്നു വിതരണം, ദുരന്ത മേഖലകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തല്‍ തുടങ്ങിയ ദൗത്യങ്ങള്‍ ഐ.ആര്‍.ഡബ്ല്യു വളന്റിയര്‍മാര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. ദുരിത മേഖലകളിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ ഗ്രാമീണ പ്രദേശങ്ങളില്‍ റോഡ് നിര്‍മിക്കുക, മെഡിക്കല്‍ ക്യാമ്പ് നടത്തുക, ഡീ അഡിക്ഷന്‍ ക്യാമ്പുകള്‍ നടത്തുക, ഭവന നിര്‍മാണ പ്രോജക്റ്റുകള്‍ നടപ്പിലാക്കുക തുടങ്ങിയവയും ഐ.ആര്‍.ഡബ്ല്യു അജണ്ടയില്‍ ഉള്‍പ്പെടുന്നു. പെയിന്‍ ആന്റ് പാലിയേറ്റീവ്, വയോജന പരിചരണം എന്നീ രംഗങ്ങളിലും ഐ.ആര്‍.ഡബ്ല്യു സജീവമാണ്. നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ മുന്നൂറിലധികം രോഗികളെയും കുടുംബങ്ങളെയും പരിചരിച്ചുപോരുന്ന കൂട്ടായ്മയും വിംഗിന് കീഴിലുണ്ട്.
അല്ലാ ബക്ഷ് ഹാജി, കെ.കെ ഇബ്‌റാഹീം, ഖാജാ ശിഹാബുദ്ദീന്‍, പ്രഫ. ഇസ്മാഈല്‍ മമ്പാട്, ഹനീഫ മാസ്റ്റര്‍, വി.ഐ ശമീര്‍ എടത്തല എന്നിവരാണ് ഐ.ആര്‍.ഡബ്ല്യുവിന്റെ ജനറല്‍ കണ്‍വീനര്‍മാരായി ഇതുവരെ സേവനം ചെയ്തവര്‍.
Comments