Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ഐ.പി.എച്ച്: ഇസ്‌ലാമിക ചിന്തയുടെ കേരളീയ പ്രതിനിധാനം

അബൂ അഫ്‌നാന്‍

കേരളത്തിലെ ഇസ്‌ലാമിക ചിന്തയുടെ അക്ഷര സാക്ഷാല്‍ക്കാരമാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്. ജനകീയതയില്‍ ജമാഅത്തെ ഇസ്‌ലാമിയേക്കാള്‍ മുന്നിലുള്ള മുസ്‌ലിം സംഘടനകള്‍ കേരളത്തിലുണ്ടെങ്കിലും ബൗദ്ധിക മികവ് ഏറക്കുറെ എല്ലാവരും ജമാഅത്തെ ഇസ്‌ലാമിക്ക് അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. കേരളീയ ഇസ്‌ലാമിന്റെ ബൗദ്ധിക നേത്യത്വം ഇപ്പോഴും ജമാഅത്തെ ഇസ്‌ലാമിക്കാണെന്ന് പറയുന്നതില്‍ അതിനാല്‍തന്നെ  ഒട്ടും അതിശയോക്തിയില്ല. പ്രസിദ്ധീകരണരംഗത്ത് അത് ആര്‍ജിച്ച  മുന്നേറ്റമാണ് ഈ മികവിന്റെ അടിസ്ഥാനം. പുസ്തക പ്രസാധന രംഗത്ത് എഴുപത്തിരണ്ട് വര്‍ഷം പിന്നിട്ട ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന് ജമാഅത്തെ ഇസ്‌ലാമിയുടെ ഈ ബൗദ്ധിക മികവില്‍ നിര്‍ണായക പങ്കുണ്ട്. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും ഇന്ന് സുപരിചിതമാണ് ഐ.പി.എച്ച് എന്ന മൂന്നക്ഷരം.
1945-ല്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ രിസാലേ ദീനിയാത്തിന്റെ മലയാള മൊഴിമാറ്റം 'ഇസ്‌ലാം മതം' പ്രസിദ്ധീകരിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത ഇരിമ്പിളിയത്തുനിന്ന് പ്രയാണം തുടങ്ങിയ ഐ.പി.എച് എണ്ണൂറോളം പുസ്തകങ്ങളുടെ സമ്പാദ്യവുമായി ഇന്ന് കേരളത്തിലെ ഇസ്‌ലാമിക പുസ്തക പ്രസിദ്ധീകരണത്തിന്റെ മുന്‍നിരയിലുണ്ട്. കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഗ്രന്ഥരചനാ വിഭാഗവും കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള രാജാജി റോഡില്‍ മുഖ്യ വിതരണ കേന്ദ്രവുമുള്ള ഐ.പി.എച്ച് തിരുവനന്തപുരം, എറണാകുളം, ത്യശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ആറ് നഗരങ്ങളില്‍ സ്വന്തമായി ബ്രാഞ്ചുകളും മറ്റു ഇരുപതോളം സ്ഥലങ്ങളില്‍ അംഗീകൃത ഏജന്‍സികളുമുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസിദ്ധീകരണശാലയാണ്. പ്രതീക്ഷാ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പൊതു പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതും ഐ.പി.എച്ച് തന്നെയാണ്.
മാലപ്പാട്ടുകള്‍ക്കും  സബീനപ്പാട്ടുകള്‍ക്കും പുറമെ അറബി മലയാളത്തിലും വിലക്ഷണ മലയാളത്തിലുമായി അനുഷ്ഠാനക്രമങ്ങളും ആത്മീയമായ സാരോപദേശങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും മാത്രമുണ്ടായിരുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണ രംഗത്ത് സാമൂഹികമാറ്റത്തിന് ശക്തി പകരുന്ന സാമൂഹിക പ്രസ്ഥാനമായി ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന  ഗ്രന്ഥങ്ങള്‍ ശുദ്ധ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഐ.പി.എച്ച് പ്രസിദ്ധീകരണരംഗത്ത് വേറിട്ട ഇടം  കണ്ടെത്തിയത്. അതിനു വേണ്ടി പ്രാദേശികവും ദേശീയവുമായ അതിരുകള്‍ ഭേദിച്ചുകൊണ്ട് പടിഞ്ഞാറു നിന്നും കിഴക്കു നിന്നും ഇസ്‌ലാമിക ചിന്തകരുടെയും ആക്ടിവിസ്റ്റുകളുടെയും പുസ്തകങ്ങളെയും ചിന്തകളെയും ഐ.പി.എച്ച് മലയാളത്തിലേക്ക് കൊണ്ടുവന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍നിന്ന് ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവി,   സയ്യിദ് മൗദൂദി, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, സദ്‌റുദ്ദീന്‍ ഇസ്‌ലാഹി, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, സയ്യിദ് സുലൈമാന്‍ നദ്‌വി, മൗലാനാ അബുല്‍ കലാം ആസാദ്, ഡോ. മുഹമ്മദ് ഹമീദുല്ല, ഖുര്‍റം മുറാദ്, നഈം സിദ്ദീഖി, ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി, ഡോ. നജാത്തുല്ലാ സിദ്ദീഖി, ഡോ. എഫ്.ആര്‍ ഫരീദി, അബ്ദുല്‍ ഹമീദ് സിദ്ദീഖി, മര്‍യം ജമീല, അറബ് - മുസ്‌ലിം രാജ്യങ്ങളില്‍നിന്ന് ഇമാം ഹസനുല്‍ ബന്നാ, സയ്യിദ് ഖുത്വ്ബ്, മുഹമ്മദ് ഖുത്വ്ബ്, മുഹമ്മദുല്‍ ഗസ്സാലി, സയ്യിദ് സാബിഖ്, ഡോ. യുസുഫുല്‍ ഖറദാവി, റാശിദുല്‍ ഗന്നൂശി, മാലിക് ബിന്നബി, ഇസ്മാഈല്‍ റാജി ഫാറൂഖി, അലി ശരീഅത്തി, യൂറോപ്പില്‍നിന്ന് അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്, മുഹമ്മദ് അസദ്, മുറാദ് ഹോഫ്മാന്‍, ഗായ് ഈറ്റണ്‍, റജാ ഗരോഡി, അമേരിക്കയില്‍നിന്ന്  ജെഫ്‌റി ലാങ്, മാല്‍ക്കം എക്‌സ്, കരോള്‍ ആല്‍വി തുടങ്ങിയവരുടെ ചിന്തകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയത് ഐ.പി.എച്ചാണ്. ഇവയില്‍ നവ മുസ്‌ലിം എഴുത്തുകാരുടെ ഇസ്‌ലാം അനുഭവങ്ങള്‍ മുഖ്യ പ്രതിപാദ്യമായ  മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത', മാല്‍ക്കം എക്‌സിന്റെ ആത്മകഥ, ജെഫ്‌റി ലാങിന്റെ 'പോരാട്ടവും കീഴടങ്ങലും' ഗായ് ഈറ്റന്റെ 'ഇസ്‌ലാമും മനുഷ്യ ഭാഗധേയവും', കിഴക്കും പടിഞ്ഞാറുമുള്ള ഒരു കൂട്ടം  വനിതകളുടെ ഇസ്‌ലാം ആശ്ലേഷണ കഥ വിവരിക്കുന്ന 'ഇസ്‌ലാമിലേക്കുള്ള പാത', കരോള്‍ ആല്‍വിയുടെ 'ഇസ്‌ലാം എന്റെ ലോകത്തേക്ക്' എന്നീ ഗ്രന്ഥങ്ങള്‍ എടുത്തു പറയേണ്ടതാണ്. മാല്‍കം എക്‌സിന്റെ ആത്മകഥ, അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ ഇസ്‌ലാം രാജമാര്‍ഗം എന്നീ ക്യതികള്‍ മലയാളി മുസ്‌ലിമിന്റെ ഇസ്‌ലാമികഭാവുകത്വത്തെ തന്നെ മാറ്റിപ്പണിയുന്നതിന് സഹായകമായ ഗ്രന്ഥങ്ങളാണ്.
ഐ.പി.എച്ച് കാര്യമായ ചുവടുവെപ്പ് നടത്തിയ ഒരു  മേഖല ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം എന്നിവയാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ  പ്രശസ്തമായ തഫ്ഹീമുല്‍ ഖുര്‍ആനു (6 വാല്യം) പുറമെ  മലയാളത്തില്‍ രചിക്കപ്പെട്ട മൗലിക സ്പര്‍ശമുള്ള ഖുര്‍ആന്‍ വ്യാഖ്യാനമായ ടി.കെ ഉബൈദിന്റെ ഖുര്‍ആന്‍ ബോധനം (7 വാല്യങ്ങള്‍, തീര്‍ന്നിട്ടില്ല), ഭാഷാ ശുദ്ധിയും ലാളിത്യവുമുള്ള ഖുര്‍ആന്‍ പരിഭാഷ എന്ന നിലയില്‍ സ്വീകാര്യത നേടിയ ശൈഖ് മുഹമ്മദ് കാരകുന്നിന്റെയും വാണിദാസ് എളയാവൂരിന്റെയും സംയുക്ത സംരംഭമായ ഖുര്‍ആന്‍ ലളിതസാരം എന്നിവ ഖുര്‍ആനുമായി ബന്ധപ്പെട്ട ഐ.പി.എച്ചിന്റെ മികച്ച സംഭാവനകളാണ്. സ്വഹീഹുല്‍  ബുഖാരിയുടെയും സ്വഹീഹ് മുസ്‌ലിമിന്റെയും  പരിഭാഷകളാണ് ഹദീസ് രംഗത്തെ പ്രധാന ചുവടുവെപ്പുകള്‍, തിര്‍മിദിയുടെ പരിഭാഷയും വൈകാതെ പ്രസിദ്ധീകരിക്കും. കര്‍മശാസ്ത്രത്തില്‍ പത്ത് വാല്യങ്ങളുള്ള സയ്യിദ് സാബിഖിന്റെ ഫിഖ്ഹുസ്സുന്നയാണ് ഏറ്റവും ശ്രദ്ധേയമായ  പ്രസിദ്ധീകരണം. ടി.കെ ഉബൈദിന്റെ പ്രശ്‌നവും വീക്ഷണവും, മുഹമ്മദ് കാടേരിയുടെ കര്‍മശാസ്ത്രം സംശയങ്ങള്‍ക്ക് മറുപടി, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ വൈവാഹിക ജീവിതം ഇസ്‌ലാമിക വീക്ഷണത്തില്‍ എന്നിവയും കര്‍മശാസ്ത്രരംഗത്ത് ശ്രദ്ധേയമായ രചനകള്‍ തന്നെ. കര്‍മശാസ്ത്ര ഭിന്നതകളെ ചരിത്രപരമായി വിശകലനം ചെയ്യുന്ന ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ കര്‍മശാസ്ത്ര ഭിന്നതകള്‍: ചരിത്രവും സമീപനവും, നാല് പ്രധാന കര്‍മശാസ്ത്ര മദ്ഹബുകളുടെ ഇമാമുകളുടെ ജീവചരിത്രവും അവരുടെ മദ്ഹബുകളും പരിചയപ്പെടുത്തുന്ന ഇമാം ശാഫിഈ (മുഹമ്മദ് കാടേരി), ഇമാം അബൂ ഹനീഫ (ഇ.എന്‍ ഇബ്‌റാഹീം മൗലവി), ഇമാം അഹ്മദുബ്‌നു ഹമ്പല്‍ (കെ.എ ഖാദര്‍ ഫൈസി), ഇമാം മാലിക് (കെ. ഇല്‍യാസ് മൗലവി) തുടങ്ങിയവയും ഇസ്‌ലാമിക കര്‍മശാസ്ത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ്.
ഇസ്‌ലാമിക ചരിത്രത്തില്‍, പ്രത്യേകിച്ച് ജീവചരിത്രത്തില്‍ കനപ്പെട്ട കൃതികള്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍ (നഈം സിദ്ദീഖി), ഖലീഫ ഉമര്‍ (ശൈഖ് മുഹമ്മദ് കാരകുന്ന്), സിദ്ദീഖുല്‍ അക്ബര്‍ (ഇ.എന്‍ ഇബ്‌റാഹീം മൗലവി), ഖലീഫ ഉസ്മാന്‍ (കെ.പി കമാലുദ്ദീന്‍), സ്വഹാബികള്‍, സ്വഹാബി വനിതകള്‍ (കെ.കെ മുഹമ്മദ് മദനി), ഉമറുബ്‌നുല്‍ അബ്ദുല്‍ അസീസ് (ശൈഖ് മുഹമ്മദ് കാരകുന്ന്) തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്. പൊതു ഇസ്‌ലാമിക ചരിത്രത്തില്‍ സംക്ഷിപ്തമാണെങ്കിലും സര്‍വത് സൗലത്തിന്റെ നാല് വാല്യത്തിലുള്ള ഇസ്‌ലാമിക സമൂഹം: ചരിത്ര സംഗ്രഹത്തിന് സമാനമായ മറ്റൊന്ന് മലയാളത്തിലില്ല. സയ്യിദ് മൗദൂദിയുടെ ഖിലാഫത്തും രാജവാഴ്ചയുമാകട്ടെ ഖിലാഫത്തുര്‍റാശിദയുടെ സവിശേഷതകള്‍ വിവരിക്കുന്ന കൃതിയെന്നതിനപ്പുറം ഇസ്‌ലാമിക ചരിത്രത്തിന് തന്നെയുള്ള ഒരാമുഖവും ഇസ്‌ലാമിക ചരിത്രരചനക്കുള്ള മഹത്തായ മാതൃകയുമാണ്.
കേരള മുസ്‌ലിം ചരിത്രത്തിലും ശ്രദ്ധേയമായ രചനകള്‍ ഐ.പി.എച്ച് പുറത്തിറക്കിയിട്ടുണ്ട്. മാപ്പിള സമുദായം ചരിത്രം, സംസ്‌കാരം (ടി. മുഹമ്മദ്), കേരള മുസ്‌ലിംകള്‍ പ്രതിരോധത്തിന്റെ ചരിത്രം (പ്രഫസര്‍ കെ.എം ബഹാവുദ്ദീന്‍), കേരള മുസ്‌ലിംകള്‍ അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ പ്രത്യയ ശാസ്ത്രം (കെ.ടി ഹുസൈന്‍), തുഹ്ഫത്തുല്‍ മുജാഹിദീന്‍ വഴിയും വായനയും (ടി. മുഹമ്മദ് വേളം), മലബാര്‍ സമരം എം.പി നാരായണ മേനോനും സഹ പ്രവര്‍ത്തകരും (പ്രഫസര്‍ എം.പി.എസ് മേനോന്‍), സാമൂതിരിക്കു വേണ്ടി ഒരു സമരാഹ്വാനം (ഖാദി മുഹമ്മദ്), മലയാളത്തിലെ ഇശല്‍വഴി (കെ. അബൂബക്കര്‍) തുടങ്ങിയവ കേരള ചരിത്ര സാംസ്‌കാരിക പഠനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. 
ഇന്ത്യയുടെ പ്രാചീന നാഗരികതയെയും സംസ്‌കാരത്തെയും പഠിക്കുന്ന മികച്ച  പഠനങ്ങളും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, ഒരു ജാതി ഒരു ദൈവം (ടി. മുഹമ്മദ്), ദൈവ സങ്കല്‍പം കാലഘട്ടങ്ങളിലൂടെ (അബുല്‍ കലാം ആസാദ്), സൈന്ധവ നാഗരികതയും പുരാണ കഥകളും, സൈന്ധവ ഭാഷ ചരിത്രവും വ്യഖ്യാനവും, ബ്രഹ്മസൂത്രം ദ്വൈതമോ അദ്വൈതമോ (എന്‍. എം ഹുസൈന്‍), വേദദര്‍ശനം (ശിഹാബുദ്ദീന്‍ ആരാമ്പ്രം) തുടങ്ങിയ അവയില്‍ പ്രധാനപ്പെട്ടതാണ്. ഐ.പി.എച്ച് കൈവെച്ച മറ്റൊരു മേഖലയാണ് മതതാരതമ്യ പഠനം. ബുദ്ധന്‍ യേശു മുഹമ്മദ് ലോക മതങ്ങളെക്കുറിച്ച് ഒരു പുസ്തകം (മുഹമ്മദ് ശമീം), ദൈവം മതം സ്‌നേഹസംവാദം (ശൈഖ് മുഹമ്മദ് കാരകുന്ന്), ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും (ഇ.സി സൈമണ്‍ മാസ്റ്റര്‍), ക്രൈസ്തവതയുടെ വര്‍ത്തമാനം (ഇ.എം സക്കീര്‍ ഹുസൈന്‍) തുടങ്ങിയവ ഈ ഗണത്തില്‍ വരുന്നവയാണ്.
അല്ലാഹു ഖുര്‍ആനില്‍ (കെ.സി അബ്ദുല്ല മൗലവി),  ഖുര്‍ആനും ആധുനിക ശാസ്ത്രവും (മോറിസ് ബുക്കായ്), ജൈവ വര്‍ഗോല്‍പത്തി വിമര്‍ശന പഠനം (ഫൈസി ദോഹ) തുടങ്ങിയവ ശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക ദര്‍ശനത്തെ അവതരിപ്പിക്കുന്നതും, ധനതത്ത്വ ശാസ്ത്ര ചിന്തകള്‍ (സയ്യിദ് മൗദൂദി), ഇസ്‌ലാമിക് ബാങ്കിംഗ് (ലേഖന സമാഹാരം) തുടങ്ങിയവ ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങളെയും, അതിനു പിന്നിലെ ഫിലോസഫിയെയും പരിചയപ്പെടുത്തുന്ന പുസ്തകങ്ങളാണ്. പുതിയ മാനേജ്‌മെന്റിന്റെയും മനഃശാസ്ത്രത്തിന്റെയും സങ്കേതം ഉപയോഗിച്ചുകൊണ്ടുള്ള വ്യക്തിത്വ വികസന ഗ്രന്ഥങ്ങളും (നമുക്കും വിജയിക്കേണ്ടേ, പ്രസ്ഥാനം തേടുന്ന പ്രവര്‍ത്തകന്‍) ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്‌ലാമികാദര്‍ശത്തെയും അതിന്റെ സാമൂഹിക-രാഷ്ട്രീയ ക്രമങ്ങളെയും  തെളിമയോടെ അവതരിപ്പിക്കുന്ന  ഗ്രന്ഥങ്ങളോടൊപ്പം ഇസ്‌ലാമും മുസ്‌ലിംകളും വിവിധ സന്ദര്‍ഭങ്ങളില്‍  സൈദ്ധാന്തികമായും പ്രയോഗികമായും നേരിടേണ്ടിവരികയോ എന്‍ഗേജ് ചെയ്യേണ്ടിവരികയോ ചെയ്യുന്ന സാമൂഹിക പ്രവണതകളെയും സിദ്ധാന്തങ്ങളെയും വിശകലനം ചെയ്യുന്ന ധാരാളം ഗ്രന്ഥങ്ങള്‍ ഐ.പി.എച്ച് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനികത, കമ്യൂണിസം, മുതലാളിത്തം, സാമ്രാജ്യത്വം, ആഗോളവത്കരണം, സയണിസം, യുക്തിവാദം, പരിണാമവാദം, ഹദീസ്‌നിഷേധം, ശരീഅത്ത് വിരോധം, നവ നാസ്തികത, നവ ആത്മീയത, നവ സാമൂഹികത, ഉദാര ലൈംഗികത, ബഹുസ്വരത, ജാതീയത, ഹിന്ദുത്വ രാഷ്ട്രീയം, തീവ്രവാദം, ഭരണകൂട ഭീകരത, ഇസ്‌ലാമോഫോബിയ, അപകോളനീകരണം എന്നിവയെല്ലാം  ഐ.പി.എച്ച്  അതിന്റെ പ്രസിദ്ധീകരണങ്ങളിലൂടെ അഭിമുഖീകരിച്ചിട്ടുണ്ട്.
കെ.പി.എഫ് ഖാന്‍ തയാറാക്കിയ ഐ.പി.എച്ച് അറബി- മലയാള ശബ്ദകോശമാണ് പ്രസിദ്ധീകരണരംഗത്തെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഐ.പി.എച്ചിന്റെ മറ്റൊരു പ്രധാന സംഭാവന. 1650 പേജ് വരുന്ന ഈ ഡിക്ഷ്‌നറി മലയാളത്തില്‍ ഇതുവരെ ഇറങ്ങിയവയില്‍ ഏറ്റവും പദസമ്പന്നവും സമഗ്രവുമാണ്. അറബിയിലെ ഏറ്റവും പുതിയ പദങ്ങളെ വരെ ഉള്‍ച്ചേര്‍ക്കാന്‍ ഈ ശബ്ദകോശം ശ്രമിച്ചിട്ടുണ്ട.് 
മൗലികമായ ഇസ്‌ലാമിക രചനകള്‍  മലയാളത്തില്‍ അധികമില്ല എന്നത് ശക്തമായ ഒരു വിമര്‍ശനമാണ്. ഈ വിമര്‍ശനത്തില്‍ തീരെ ശരിയില്ല  എന്ന് പറഞ്ഞുകൂടാ. ഐ.പി.എച്ച് തന്നെ ഇസ്‌ലാമിനെ കുറിച്ച് പ്രസിദ്ധീകരിച്ച മിക്കവാറും മൗലിക രചനകളെല്ലാം അറബിയില്‍നിന്നോ ഉര്‍ദുവില്‍നിന്നോ ഉള്ള മൊഴിമാറ്റങ്ങളാണ്. ഈ വിടവ് നികത്തുന്ന ഐ.പി.എച്ചിന്റെ ഏറ്റവും ബൃഹത്തായ സംരംഭമാണ് ഇസ്‌ലാമിക വിജ്ഞാന കോശ പരമ്പര. അതിസാഹസികം എന്ന് വിശേഷിപ്പിക്കപ്പെട്ട  ഈ സംരംഭം ഇപ്പോള്‍ 12 വാല്യത്തില്‍ എത്തിനില്‍ക്കുന്നു. മലയാള അക്ഷരമാലാ ക്രമത്തില്‍ ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഇസ്‌ലാമിക വിജ്ഞാന കോശത്തിന്റെ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചത് 1995-ലാണ്. 16 വാല്യത്തില്‍ ഈ സംരംഭം പൂര്‍ത്തീകരിക്കാനാണ് ഐ.പി.എച്ച്  ലക്ഷ്യമിടുന്നത്. ഒരേസമയം ഇസ്‌ലാമിനെയും മുസ്‌ലിമിനെയും സമുദായത്തിന് അകത്തേക്കും പുറത്തേക്കും  പ്രക്ഷേപണം ചെയ്യുക എന്ന ദ്വിമുഖ ദൗത്യമാണ് വിജ്ഞാനകോശം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മലയാള ഭാഷയുടെ ഇസ്‌ലാമൈസേഷനും ഇതിലൂടെ നടക്കുന്നു.
ചുരുക്കത്തില്‍, കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ച ഐ.പി.എച്ചിനെ ഇസ്‌ലാമിക ചിന്തയുടെ കേരളീയ പ്രതിനിധാനം എന്ന് ഒറ്റ വാക്കില്‍ നിര്‍വചിക്കാം.

D4 മീഡിയ

ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് D4 മീഡിയ രൂപം കൊണ്ടത്. 'ധര്‍മധാര ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍ മീഡിയ' എന്ന് പൂര്‍ണ രൂപം. 2012 ഫെബ്രുവരി ഒന്നിന് പ്രവര്‍ത്തനം തുടങ്ങി. ഓഡിയോ-വീഡിയോ റിക്കോര്‍ഡിംഗിനും സി.ഡി വിതരണത്തിനുമായി നേരത്തേ നിലവിലുണ്ടായിരുന്ന 'ധര്‍മധാര' ഡിജിറ്റല്‍ വിംഗ് ഇതോടെ D4 മീഡിയയുടെ ഭാഗമായി.  
അനുദിനം മാറുന്ന ലോകത്ത് ഇസ്‌ലാമിന്റെയും പ്രസ്ഥാനത്തിന്റെയും സന്ദേശം വിപുലമായ തോതില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയ വിവിധ മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാനായി വ്യത്യസ്ത പദ്ധതികള്‍ D4 മീഡിയ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നു.
ജമാഅത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (jihkerala.org), അതിന്റെ ഇംഗ്ലീഷ് പതിപ്പ്, റിപ്പോര്‍ട്ട് സൈറ്റ് (jihkerala.info), പ്രബോധനം വാരിക (prabodhanam.net), ആരാമം, മലര്‍വാടി, തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ലളിതസാരം എന്നിവക്കു പുറമെ സോളിഡാരിറ്റി, ജി.ഐ.ഒ, ബൈത്തുസ്സകാത്ത്, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍, കേരള മുസ്‌ലിം ഹെറിറ്റേജ്, മെസ്സേജ് ചാരിറ്റബ്ള്‍ ട്രസ്റ്റ് തുടങ്ങിയ വെബ്‌സൈറ്റുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കി. ഖുത്വ്ബ, പ്രഭാഷണം ഉള്‍പ്പെടെ ആയിരത്തഞ്ഞൂറിലധികം വീഡിയോകള്‍ അടങ്ങുന്ന വീഡിയോ പോര്‍ട്ടലും പ്രവര്‍ത്തിച്ചുവരുന്നു. ഓഫ്‌ലൈന്‍ റീഡിംഗിനും സൗകര്യപ്പെടുന്ന രീതിയില്‍ പ്രബോധനം വാരിക, ഇസ്‌ലാം ഓണ്‍ലൈവ് തുടങ്ങിയ വെബ്‌സൈറ്റുകളുടെ മൊബൈല്‍ ആപ്പുകള്‍ തയാറായിവരുന്നു. 
പ്രാദേശിക-അന്തര്‍ദേശീയ ഇസ്‌ലാമിക ചലനങ്ങള്‍, വാര്‍ത്തകള്‍, പഠനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നവര്‍ക്ക് സമ്പൂര്‍ണ ഇന്റര്‍നെറ്റ് റഫറന്‍സായി ഇസ്‌ലാം ഓണ്‍ലൈവ് (islamonlive.in) ന്യൂസ് പോര്‍ട്ടലിന് 2012 ജൂണ്‍ 18-നാണ് തുടക്കം കുറിച്ചത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ഇസ്‌ലാമിക് വെബ് പോര്‍ട്ടലായി ഇത് വളര്‍ന്നിരിക്കുന്നു. 
സോഫ്റ്റ്‌വെയര്‍ വികസനമാണ് മറ്റൊരു മേഖല. 2008 ഒക്‌ടോബറില്‍ ധര്‍മധാരയുടെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ 'തഫ്ഹീമുല്‍ ഖുര്‍ആന്‍' കമ്പ്യൂട്ടര്‍ പതിപ്പിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2013 ജൂണില്‍ തുടക്കം കുറിക്കുകയും സമ്പൂര്‍ണ ഓഡിയോ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പതിപ്പ് 2016 ഏപ്രിലില്‍ പുറത്തിറക്കുകയും ചെയ്തു. പിന്നീട് 2016 ഡിസംബറില്‍ ഇതിന്റെ വെബ് പതിപ്പും (thafheem.net) പുറത്തിറക്കി. 2012-ല്‍ ഖുര്‍ആന്‍ ലളിതസാരത്തിന്റെ ഓഡിയോ പതിപ്പും വെബ് പതിപ്പും തുടര്‍ന്ന് ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പതിപ്പുകളും പുറത്തിറക്കുകയുണ്ടായി. 
വിപുലമായ തോതില്‍ സി.ഡി, ഡി.വി.ഡി പ്രോഗ്രാമുകളുടെ നിര്‍മാണമായിരുന്നു മറ്റൊരു പ്രവര്‍ത്തനരംഗം. സാധാരണക്കാര്‍ക്കിടയിലെ വിജ്ഞാന വ്യാപനത്തിന് ഉപകരിക്കുന്ന വിധത്തില്‍ സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രോഗ്രാമുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി. പൊതു വിഷയങ്ങളിലുള്ള സ്റ്റഡി ക്ലാസ്സുകള്‍, ഖുര്‍ആന്‍-ഹദീസ് പഠന ക്ലാസ്സുകള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ ഓഡിയോ-വീഡിയോ പ്രോഗ്രാമുകളുടെ നല്ലൊരു ശേഖരം തന്നെ D4 മീഡിയ പുറത്തിറക്കി. ജമാഅത്തെ ഇസ്‌ലാമി പരിചയം, 'റമദാന്‍ സന്ദേശം' പ്രഭാഷണ കിറ്റുകള്‍, ലളിതസാരം ഓഡിയോ പതിപ്പ്, കുട്ടികള്‍ക്ക് നമസ്‌കാരം പഠിക്കാനായി നിര്‍മിച്ച ആനിമേഷന്‍ ഫിലിം തുടങ്ങിയവയും ഇതിലുള്‍പ്പെടുന്നു. സി.ഡി, ഡി.വി.ഡി ആവശ്യം ക്രമേണ കുറഞ്ഞുവന്നതോടെ വെബ്, മൊബൈല്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. അതോടൊപ്പം ഫേസ് ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും യൂട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. ജമാഅത്ത് പരിപാടികളുടെയും പ്രഭാഷണങ്ങളുടെയും ഖുത്വ്ബകളുടെയും വീഡിയോ, ഓഡിയോ എഡിറ്റിംഗ് സ്ഥിരമായി നടന്നുവരുന്നു. തെരഞ്ഞെടുത്തവ ഇന്റര്‍നെറ്റിലെ വീഡിയോ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നു.


പ്രസിദ്ധീകരണങ്ങള്‍

പ്രബോധനം
1949 ആഗസ്റ്റ് 1-ന് മലയാള ലിപിയില്‍ പ്രതിപക്ഷ-ദ്വൈവാരിക- പത്രമായി പ്രബോധനം പ്രഥമലക്കം പുറത്തിറങ്ങി. ഹാജി സാഹിബായിരുന്നു പ്രഥമ എഡിറ്ററും പ്രിന്ററും പബ്ലിഷറും. ആദ്യകാലത്ത് എഡിറ്റിംഗ് മുതല്‍ പോസ്റ്റിംഗ് വരെ ഹാജി സാഹിബും സഹപ്രവര്‍ത്തകന്‍ കെ.സി അബ്ദുല്ല മൗലവിയും തന്നെയായിരുന്നു ചെയ്തത്. 
1951-ലാണ് സ്വന്തമായി സിലിണ്ടര്‍ പ്രസ് പ്രബോധനം വാങ്ങിയത്. 1953 മുതല്‍ ടി. മുഹമ്മദ് സാഹിബ് പ്രബോധനത്തിന്റെ സഹപത്രാധിപരായി ചുമതലയേറ്റു. 1959-ല്‍ ഹാജി സാഹിബിന്റെ വിയോഗാനന്തരം ടി.എം പത്രാധിപസ്ഥാനം ഏറ്റെടുത്തു. ഹാജി സാഹിബിനു പകരം അബ്ദുല്‍ അഹദ് തങ്ങള്‍ പ്രന്ററും പബ്ലിഷറുമായി. 
1964-ല്‍ പ്രബോധനം കോഴിക്കേട്ടേക്ക് ആസ്ഥാനം മാറ്റി. പൂര്‍ണമായ പ്രസ് സംവിധാനവും നിലവില്‍വന്നു. 1964 ഡിസംബര്‍ 3-ന് വാരികയായി പുറത്തിറങ്ങി, ടി.കെ അബ്ദുല്ല പത്രാധിപര്‍. ഇതേ സമയംതന്നെ 1965 ജനുവരി മുതല്‍ ടി. മുഹമ്മദ് സാഹിബിന്റെ പത്രാധിപത്യത്തില്‍ പ്രബോധനം മാസികയും പുറത്തിറങ്ങാനാരംഭിച്ചു. 1970-ല്‍ മാസികയുടെ പത്രാധിപചുമതല കെ. അബ്ദുല്ലാ ഹസന്‍ ഏറ്റെടുത്തു. 
1975-ലെ അടിയന്തരാവസ്ഥാ കാലത്ത് പ്രബോധനം പ്രസിദ്ധീകരണം മുടങ്ങി. അക്കാലത്ത് വി.എ കബീര്‍ പത്രാധിപരായി അബ്ദുല്‍ അഹദ് തങ്ങള്‍ ബോധനം മാസിക ആരംഭിച്ചു. 1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതോടെ പ്രബോധനം വാരിക പുനരാരംഭിച്ചു. 1977-ല്‍ ടി.കെ ഉബൈദ് പത്രാധിപരായി പ്രബോധനം മാസികയും പുനരാരംഭിച്ചു. 1987-ല്‍ മാധ്യമം ആരംഭിച്ചതോടെ പ്രബോധനം മാസിക നിര്‍ത്തുകയും ടി.കെ ഉബൈദ് പ്രബോധനം വാരികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാവുകയും ചെയ്തു. 
1992-ലെ ജമാഅത്ത് നിരോധന കാലത്ത് പ്രസിദ്ധീകരണങ്ങള്‍ നിലച്ചു. ഇക്കാലത്ത് ബോധനം പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് 1994-ല്‍ പ്രബോധനം പുനരാരംഭിച്ചു, ടി.കെ ഉബൈദ് എഡിറ്റര്‍. എക്‌സിക്യൂട്ടീവ് എഡിറ്ററായി 2003-ല്‍ അശ്‌റഫ് കീഴുപറമ്പ് ചുമതലയേറ്റു. 
വിവിധ കാലങ്ങളിലായി പ്രബോധനം പ്രസിദ്ധീകരിച്ച സ്‌പെഷ്യല്‍ പതിപ്പുകള്‍: വാര്‍ഷിക പതിപ്പ് (1972), ശരീഅത്ത് പതിപ്പ് (1984), മുഹമ്മദ് നബി വിശേഷാല്‍ പതിപ്പ് (1989), ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപതിപ്പ് (1992), കേരള മുസ്‌ലിം നവോത്ഥാന ചരിത്രം (1998), ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് (2002), ഇസ്‌ലാമിന്റെ ലോകം (2004), ഹദീസ് പതിപ്പ് (2007), പ്രബോധനം അറുപതാം വാര്‍ഷികപ്പതിപ്പ് (2009), ഇമാം ഗസാലി പതിപ്പ് (2011), ഉയിര്‍പ്പ് (അറബ് വസന്തം സ്‌പെഷ്യല്‍ -2013), ഇമാം ശാഫിഈ പതിപ്പ് (2016). 
2010 ജൂലൈ 24 മുതല്‍ പ്രബോധനം ഇന്റര്‍നാഷ്‌നല്‍ പ്രസിദ്ധീകരണമാരംഭിച്ചു. 2007 മുതല്‍ ഓണ്‍ലൈന്‍ എഡിഷന്‍. 
www.prabodhanam.net

ആരാമം

1985 ജൂണിലാണ് ജി.ഐ.ഒയുടെ കീഴില്‍ വനിതകള്‍ക്ക് മാത്രമായി ആരാമം മാസിക പ്രസിദ്ധീകരണമാരംഭിക്കുന്നത്. കെ.കെ സുഹ്‌റയായിരുന്നു പത്രാധിപ. പി.ടി അബ്ദുര്‍റഹ്മാന്‍, ഖാദിര്‍ കുട്ടി മാരേക്കാട്, ബശീര്‍ തൊടിയില്‍, എന്‍.എന്‍ ഗഫൂര്‍, അന്‍വര്‍ പാലേരി, ഡോ. അബ്ദുസ്സലാം വാണിയമ്പലം, പി.എ.എം ഹനീഫ് എന്നിവര്‍ പല കാലങ്ങളില്‍ ആരാമം എഡിറ്റോറിയലില്‍ സേവനമനുഷ്ഠിച്ചു. കെ.കെ ശ്രീദേവി, ആശാ പോള്‍, ഫൗസിയ മുഹമ്മദ് കുഞ്ഞ്, ആഇശ, ഹംശീന, വി.പി റജീന, ഖാസിദ കലാം വിവിധ കാലയളവുകളില്‍ എഡിറ്റോറിയലിന്റെ ഭാഗമായവരാണ്. ഇപ്പോള്‍ എഡിറ്റര്‍ കെ.കെ സുഹ്‌റക്കു പുറമെ സബ് എഡിറ്റര്‍മാരായ ഫൗസിയ ശംസ്, ബിശാറ മുജീബ് എന്നിവരടങ്ങുന്നതാണ് ആരാമം എഡിറ്റോറിയല്‍ ടീം.
www.aramamonline.net


മലര്‍വാടി

കുട്ടികളെയും വനിതകളെയും ഉദ്ദേശിച്ച് പെരിന്തല്‍മണ്ണയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സന്മാര്‍ഗം ദ്വൈവാരിക പല കാരണങ്ങളാല്‍ മുടങ്ങി. കൊടുങ്ങല്ലൂരിലെ മൂവ്‌മെന്റ് ഓഫ് ഇസ്‌ലാം ട്രസ്റ്റും (എം.ഐ.ടി) അതിന്റെ ചാലകശക്തിയായിരുന്ന കെ.എ സിദ്ദീഖ് ഹസന്‍ സാഹിബും കുട്ടികള്‍ക്കൊരു പ്രസിദ്ധീകരണം എന്ന ചിന്ത വീണ്ടും സജീവമാക്കി. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ തന്നെ ശ്രമഫലമായി ഇ.വി അബ്ദു ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു. അങ്ങനെ 1980 നവംബറില്‍ മലര്‍വാടി മാസിക ആദ്യലക്കം പുറത്തിറങ്ങി. മലര്‍വാടിയുടെ ആദ്യ ആസ്ഥാനം എറണാകുളത്തായിരുന്നു, പ്രിന്റിംഗ് തൃശൂരില്‍. എഡിറ്റോറിയല്‍ വര്‍ക്കുകള്‍ ഇ.വിയുടെ മേല്‍നോട്ടത്തില്‍ പ്രബോധനം എഡിറ്റോറിയല്‍ ടീമാണ് ചെയ്തിരുന്നത്. കേരളത്തിലെ പല പ്രമുഖ എഴുത്തുകാരെയും സാഹിത്യകാരന്മാരെയും മലര്‍വാടിയുമായി സഹകരിപ്പിക്കാന്‍ ഇ.വി അബ്ദുവിന് സാധിച്ചു. കെ.എ കൊടുങ്ങല്ലൂര്‍, എന്‍.പി മുഹമ്മദ്, എം.ടി വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ മലര്‍വാടിയുമായി സഹകരിച്ചു. 
പിന്നീട് വി.എസ് സലീം മലര്‍വാടി റസിഡന്‍ഷ്യല്‍ എഡിറ്ററായി ചുമതലയേറ്റു. അതിനിടെ 'മലര്‍വാടി ബുക്‌സും' കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. 1986-ല്‍ മലര്‍വാടി ദ്വൈവാരികയായി. പിന്നീട് വീും മാസികയായി. ഇടക്കാലത്ത് മലര്‍വാടി ഓണററി എഡിറ്ററായി കുഞ്ഞുണ്ണി മാഷ് 'എഡിറ്റര്‍ കോളം' എഴുതിയിരുന്നു. ഇക്കാലത്ത് തൃശൂരായിരുന്നു മലര്‍വാടിയുടെ ആസ്ഥാനം. 2002-ല്‍ കോഴിക്കോട് ഐ.എസ്.ടിയിലേക്ക് മാറി. എക്‌സിക്യൂട്ടീവ് എഡിറ്ററായി നൂറുദ്ദീന്‍ ചേന്നര ചുമതലയേറ്റു. 2007 മുതല്‍ പി.എ നാസിമുദ്ദീനാണ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍. ടി.കെ ഉബൈദ് ചീഫ് എഡിറ്റര്‍. 
www.malarvadi.net
 

Comments

Other Post