Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

നവോത്ഥാന പ്രസ്ഥാനത്തിന്റെ മുക്കാല്‍ നൂറ്റാണ്ട്

അശ്‌റഫ് കീഴുപറമ്പ്

ഇന്ന് നാം ഇസ്‌ലാമിക പ്രസ്ഥാനങ്ങളെന്ന് വ്യവഹരിക്കുന്ന കൂട്ടായ്മകള്‍ രൂപംകൊള്ളുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ രണ്ടാം പകുതിയിലാണെന്നു പറയാം. അവ നവോത്ഥാന പ്രസ്ഥാനങ്ങള്‍ കൂടിയായിരുന്നു. കാലങ്ങളായി മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസാചാരങ്ങളിലും കര്‍മപഥങ്ങളിലും അടിഞ്ഞുകൂടിയ ജീര്‍ണതകള്‍ക്കെതിരെ അവ പോരാടി. അത് പോരാട്ടത്തിന്റെ ഒരുവശം മാത്രമായിരുന്നു. മുസ്‌ലിംനാടുകളെ അധിനിവേശം ചെയ്തിരുന്ന കൊളോണിയല്‍ ശക്തികള്‍ക്കെതിരെയും മത-ധാര്‍മിക-സദാചാര സംഹിതകളെ വെല്ലുവിളിച്ചുകൊണ്ടിരുന്ന കേവല ഭൗതിക ചിന്താ പ്രസ്ഥാനങ്ങള്‍ക്കെതിരെയും അവ പോര്‍മുഖം തുറന്നു. മനുഷ്യജീവിതത്തിന്റെ വിശ്വാസപരവും ധാര്‍മികവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവുമായ ഒരു വശവും ആ പ്രസ്ഥാനങ്ങളുടെ നോട്ടത്തിനും പരിഗണനക്കും പുറത്തായിരുന്നില്ല. ഇസ്‌ലാമിനെ സമഗ്രവും സമ്പൂര്‍ണവുമായാണ് അവ അവതരിപ്പിച്ചത്. ഈ സ്വഭാവത്തിലുള്ള മൂന്ന് പ്രസ്ഥാനങ്ങളെ നമുക്ക് പേരെടുത്തു പറയാം. അറബ് ലോകത്തെ അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമി, ഇന്തോനേഷ്യയിലെ മശൂമി പാര്‍ട്ടി. യഥാക്രമം അവയുടെ നേതാക്കളായ ശഹീദ് ഹസനുല്‍ ബന്നാ, ഇമാം മൗദൂദി, ഡോ. മുഹമ്മദ് നാസ്വിര്‍ എന്നിവരെ നാം നവോത്ഥാന നായകരെന്ന് വിളിക്കുന്നത്, പല തരത്തിലുള്ള ആന്ധ്യങ്ങള്‍ ബാധിച്ച് വഴിയറിയാത്തവരും നിസ്സഹായരും ദുര്‍ബലരുമായി കഴിഞ്ഞിരുന്ന വിശ്വാസി സമൂഹങ്ങള്‍ക്ക് ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍ അവരും അവര്‍ പ്രതിനിധാനം ചെയ്ത പ്രസ്ഥാനങ്ങളും പുതിയ വഴികള്‍ വെട്ടിത്തുറന്നു എന്നതിനാലാണ്.
ഈ നവോത്ഥാന പ്രസ്ഥാനങ്ങളൊന്നും ശൂന്യതയില്‍ ഉദയം ചെയ്തവയായിരുന്നില്ല. വിവിധ കാലങ്ങളിലും ദേശങ്ങളിലും ജീവിച്ച ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി (1699-1762 ഇന്ത്യ), മുഹമ്മദുബ്‌നു ഇസ്മാഈല്‍ അല്‍ അമീര്‍ (1688-1768 യമന്‍), ശാഹ് ഇസ്മാഈല്‍ ശഹീദ് (1779-1831, ഇന്ത്യ), അബ്ദുര്‍റഹ്മാന്‍ കവാകിബി (1849-1902, ഈജിപ്ത്), മുഹമ്മദുബ്‌നു അലി സനൂസി (1782-1860, മൊറോക്കോ), മുഹമ്മദ് അബ്ദു (1849-1905 ഈജിപ്ത്), അമീര്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി (1807-1883, അള്‍ജീരിയ), റശീദ് രിദാ (1865-1933, ഈജിപ്ത്), സയ്യിദ് അഹ്മദ് ശഹീദ് (1786-1831, ഇന്ത്യ), ജമാലുദ്ദീന്‍ അഫ്ഗാനി (1838-1897), ഡോ. മുഹമ്മദ് ഇഖ്ബാല്‍ (1877-1938, ഇന്ത്യ), ശകീബ് അര്‍സലാന്‍ (1869-1946, സിറിയ) തുടങ്ങിയ നിരവധി ചിന്തകരുടെയും പണ്ഡിതന്മാരുടെയും പോരാളികളുടെയും ചിന്തകളും പ്രവര്‍ത്തനരീതികളും അവയെ സ്വാധീനിച്ചിട്ടുണ്ട്. അടിസ്ഥാന ദര്‍ശനങ്ങളില്‍ ഈ പ്രസ്ഥാനങ്ങളൊക്കെയും സമാനത പുലര്‍ത്തുന്നതോടൊപ്പം തന്നെ, അതത് കാലത്തെയും ദേശത്തെയും സവിശേഷ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളാണ് അവയുടെ നയപരിപാടികള്‍ നിശ്ചയിച്ചിരുന്നത്.
ഈജിപ്തില്‍ രൂപീകൃതമായ (1928) ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ വളരെ പെട്ടെന്ന് ഒരു ജനകീയ പ്രബോധക സംഘമെന്ന നിലയില്‍ അറബ് ലോകത്തെങ്ങും സാന്നിധ്യമറിയിച്ചു. ഒന്നാം അറബ്-ഇസ്രയേല്‍ യുദ്ധമുഖത്തേക്ക് സ്വന്തം പോരാളികളെ അയച്ചും രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടും ഇന്നത് പല പേരുകളില്‍ ഓരോ അറബ് രാജ്യത്തും അവഗണിക്കാനാവാത്ത ശക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം പണ്ഡിത സംഘടനകളുടെ കൂട്ടായ്മയാണ് ഇന്തോനേഷ്യയില്‍ സ്വാതന്ത്ര്യാനന്തരം 1948-ല്‍ മശൂമി പാര്‍ട്ടി എന്ന പേരില്‍ രൂപീകൃതമായത്. കമ്യൂണിസ്റ്റ് സ്വേഛാധിപത്യത്തിലേക്ക് രാജ്യം വഴിമാറുന്നത് തടുക്കുക എന്നതായിരുന്നു ഈ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം. അതിലവര്‍ വിജയിക്കുകയും ചെയ്തു. മശൂമി എന്ന കൂട്ടായ്മ ഇപ്പോള്‍ നിലവിലില്ലെങ്കിലും വിദൂര പൗരസ്ത്യ രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയെല്ലാം അത് ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമിക്ക് ഇത്തരം സുപ്രധാനമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, അത് നേടിയെടുത്ത ബൗദ്ധികവും ചിന്താപരവുമായ സ്വാധീനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാലത്തെ വായിക്കുക എന്ന സുപ്രധാനമായ നവോത്ഥാന ദൗത്യം അതിന്റെ സമഗ്രവും പൂര്‍ണവുമായ രൂപത്തില്‍ മൗലാനാ മൗദൂദിയെപ്പോലെ നിര്‍വഹിച്ച മറ്റൊരാള്‍ ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ല എന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും.  അദ്ദേഹത്തിന്റെ സുപ്രധാന നവോത്ഥാന സംഭാവനകളെ ഇങ്ങനെ സംഗ്രഹിക്കാം:
* ഇഹലോകത്ത് വിശ്വാസികള്‍ക്ക് വിജയവും ഖിലാഫത്തും സമ്മാനിക്കുന്ന, പരലോകത്ത് അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും ഉറപ്പുവരുത്തുന്ന യഥാര്‍ഥ ഈമാന്‍(വിശ്വാസം) എന്താണെന്ന് പ്രമാണങ്ങളുടെയും യുക്തിയുടെയും പിന്‍ബലത്തില്‍ സമര്‍ഥിച്ചു. അല്ലാഹുവിനുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ പേരാണ് ഇസ്‌ലാമെന്നും ബോധ്യപ്പെടുത്തി. ''ഈമാന്‍ നിങ്ങളുടെ മനസ്സില്‍ രൂഢമാണെങ്കില്‍, ജീവന്‍ എന്റേതാണ്, ഇന്നയിന്ന സാധനങ്ങളൊക്കെ എന്റേതാണ് എന്ന് നിങ്ങള്‍ പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? ഉടമസ്ഥന്‍ മറ്റൊരാളാണെന്ന് പറയുക, എന്നിട്ട് ആ ഉടമസ്ഥന്റെ സ്വത്തുവഹകളൊക്കെ സ്വന്തമാക്കിവെക്കുക. ഇത് വൈരുധ്യമല്ലേ?''
ഇങ്ങനെ ലളിതമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും അവക്ക് ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടുമാണ് അദ്ദേഹത്തിന്റെ ആദ്യകാല കൃതികള്‍ വിരചിതമായിട്ടുള്ളത്. ഏകദൈവവിശ്വാസത്തെ മുഴുവന്‍ ജീവിതമേഖലകളുമായും അദ്ദേഹം ബന്ധപ്പെടുത്തുന്നുണ്ട്. പുറത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹങ്ങളേക്കാള്‍ ആപത്കരമാണ് ഓരോ മനുഷ്യനും തന്റെ മനസ്സില്‍ കുടിയിരുത്തിയിരിക്കുന്ന വിഗ്രഹങ്ങള്‍. ദൈവവിരുദ്ധ ദര്‍ശനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും അത്തരം വിഗ്രഹങ്ങളെ മനസ്സില്‍നിന്ന് പിഴുതെറിയുമ്പോഴേ ഒരാള്‍ തനിക്ക് നഷ്ടപ്പെട്ട ഈമാന്‍ തിരിച്ചുപിടിക്കുന്നുള്ളൂ. ഈ ന്ധവിഗ്രഹഭഞ്ജനംത്സ മത-രാഷ്ട്രീയ വൃത്തങ്ങളില്‍ ഒരുപോലെ വമ്പിച്ച കോലാഹലങ്ങള്‍ക്ക് വഴിവെച്ചു. മതഭ്രഷ്ട് വരെ സയ്യിദ് മൗദൂദിയെ തേടിയെത്തി. പക്ഷേ, എതിര്‍ക്കാന്‍ മുമ്പിലുണ്ടായിരുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമൊക്കെ ഏറിയോ കുറഞ്ഞോ അളവില്‍ ഈ ആശയങ്ങളെ സ്വാംശീകരിക്കേണ്ടിവന്നു എന്നത്, അദ്ദേഹം ഇപ്പോഴും ചെലുത്തിക്കൊണ്ടിരിക്കുന്ന പരോക്ഷ സ്വാധീനത്തിന് തെളിവാണ്.
* ശരിയായ അറിവുണ്ടെങ്കിലേ ശരിയായ വിശ്വാസത്തില്‍ എത്തിച്ചേരാനാവൂ. ശരിയായ വിശ്വാസം ആര്‍ജിച്ചുകഴിഞ്ഞാല്‍ പിന്നെ വെറുതെ ഇരിക്കാനാവില്ല. സ്വന്തം ജീവിതം അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നീക്കിവെക്കണം. അറിവിനെയും കര്‍മത്തെയും (ഇല്‍മ്/അമല്‍) ബന്ധിപ്പിച്ചുകൊണ്ട് ഇത്രയധികം എഴുതിയ മറ്റൊരു നവോത്ഥാന ചിന്തകനെ ഒരുപക്ഷേ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. വിശ്വാസം വിത്താണെങ്കില്‍ അതില്‍നിന്ന് പൊട്ടിമുളക്കുന്ന ഫലവൃക്ഷമാണ് കര്‍മങ്ങള്‍. വിത്ത് വെറുതെ സൂക്ഷിച്ചുവെച്ചിട്ട് എന്തു കാര്യം! വിശുദ്ധ ഖുര്‍ആനിലെ ന്ധനല്ല മരത്സത്തെ ഉദാഹരിച്ചുകൊണ്ടാണ് ഈ ചിന്ത വികസിക്കുന്നത്. ആ ചിന്തയുടെ കര്‍മരൂപമായിരുന്നു ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനം പോലും.
* ''രാവും പകലും ദൈവത്തിന്റെ കല്‍പനകള്‍ ധിക്കരിച്ച് ജീവിക്കുന്നു, ഇടപാടുകളൊക്കെ തന്നിഷ്ടം പോലെ. ദൈവിക വിധികള്‍ക്ക് യാതൊരു സ്ഥാനവുമില്ല. മറുവശത്ത് തസ്ബീഹും ഖുര്‍ആന്‍ പാരായണവും നമസ്‌കാരവുമൊക്കെ മുറക്ക് നടത്തുന്നുമുണ്ട്. അതൊക്കെയാണല്ലോ ഇബാദത്ത് എന്നാണ് ധാരണ.'' ഇബാദത്തിനെക്കുറിച്ച ഇത്തരം വികല ധാരണകള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. ജീവിതം അല്ലാഹുവിന് സമര്‍പ്പിക്കുന്നതിന്റെ പേരാണ് ഇബാദത്ത് എന്ന് പ്രമാണസാക്ഷ്യങ്ങളോടെ അദ്ദേഹം സമര്‍ഥിച്ചു. ഇതുപോലെ ഇലാഹ്, ദീന്‍, ശരീഅത്ത് തുടങ്ങി മുസ്‌ലിം പൊതുധാരയില്‍ അര്‍ഥശോഷണം സംഭവിച്ച ഇസ്‌ലാമിക സംജ്ഞകള്‍ക്കൊക്കെയും അവയുടെ പൊരുളും ചൈതന്യവും തിരിച്ചുനല്‍കി. രാഷ്ട്രീയ സംഘടനകളുടെ പോഷക ഘടകങ്ങളോ ബി.ടീമുകളോ ആയി പ്രവര്‍ത്തിക്കുന്ന മത സംഘടനകള്‍ക്ക് ഈ വ്യാഖ്യാനങ്ങളൊന്നും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. ഇന്ന് പക്ഷേ, താത്ത്വികമായെങ്കിലും ഈ വ്യാഖ്യാനങ്ങളെ അംഗീകരിക്കാതെ മുന്നോട്ടുപോകാനാവില്ല എന്ന അവസ്ഥയില്‍ മുസ്‌ലിം സംഘടനകള്‍ എത്തിച്ചേര്‍ന്നിട്ടുമുണ്ട്.
* ജിഹാദിനെക്കുറിച്ച് രണ്ട് വലിയ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന കാലത്താണ് മൗലാനാ മൗദൂദി നവോത്ഥാന യത്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇസ്‌ലാമില്‍ ജിഹാദേ ഇല്ല എന്ന് വരുത്തിത്തീര്‍ക്കേണ്ടത് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളുടെ ആവശ്യമായിരുന്നു. മുസ്‌ലിം ചെറുത്തുനില്‍പുകളെ അങ്ങനെ നിര്‍വീര്യമാക്കാമെന്ന് അവര്‍ കരുതി. ജിഹാദ് റദ്ദ് ചെയ്തുകിട്ടാനാണ് ഒരാളെ പ്രവാചകനായി വേഷം കെട്ടിച്ചതുപോലും. ജിഹാദ് എന്നാല്‍ കേവലം ഹിംസയും ഭീകരതയുമാണെന്ന പ്രചാരണവും മറുവശത്ത് നടക്കുന്നുണ്ടായിരുന്നു. ചില മതഭ്രാന്തന്മാരുടെ പ്രവൃത്തികള്‍ അതിന് നിമിത്തവുമായി. വളരെ ചെറുപ്പത്തില്‍ തന്നെ ന്ധഅല്‍ ജിഹാദു ഫില്‍ ഇസ്‌ലാംത്സ എന്ന കൃതി അദ്ദേഹം രചിക്കാനുണ്ടായ ചരിത്രപശ്ചാത്തലം അതാണ്. ആരോപണങ്ങള്‍ക്കുള്ള കേവല  മറുപടിയായിരുന്നില്ല അത്. സകല ദൈവവിരുദ്ധ, മാനവികവിരുദ്ധ ശക്തികള്‍ക്കെതിരെയുമുള്ള പോരാട്ടമായി ജിഹാദിനെ അദ്ദേഹം പ്രമാണങ്ങളുടെയും ഇസ്‌ലാമിക ചരിത്രത്തിന്റെയും പിന്‍ബലത്തില്‍ അവതരിപ്പിച്ചു.
* പാശ്ചാത്യ തത്ത്വചിന്തകള്‍ സ്വാംശീകരിച്ച് മറ്റു മതങ്ങളെയെന്നപോലെ ഇസ്‌ലാമിനെയും സ്വകാര്യ വ്യവഹാരങ്ങളില്‍ തളച്ചിട്ടതിനെ ശക്തമായി ചോദ്യം ചെയ്യുമ്പോള്‍, മുസ്‌ലിം ജീവിതത്തിലെ വൈരുധ്യങ്ങളെയും ജീര്‍ണതകളെയും അദ്ദേഹത്തിന് തുറന്നുകാണിക്കേണ്ടിവന്നിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്ക് പോറലേല്‍പിക്കുന്നതാണ് പല ആചാരങ്ങളുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. പക്ഷേ, അതോടൊപ്പം അദ്ദേഹം പലയിടത്തും ഊന്നിപ്പറഞ്ഞ കാര്യം, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഉരുവിട്ട ഒരു മനുഷ്യനെയും ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്താക്കാനുള്ള (തക്ഫീര്‍) അധികാരം ഒരാള്‍ക്കുമില്ല എന്നതാണ്. ബോധവത്കരണ പരിപാടികളിലൂടെ അനാചാരങ്ങളെയും മറ്റു വികല സങ്കല്‍പങ്ങളെയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.  നിര്‍ബന്ധം/ഐഛികം, പ്രമാണമുള്ളവ/ ഇല്ലാത്തവ തുടങ്ങി ഇസ്‌ലാമിക വൈജ്ഞാനിക ശേഖരത്തിലെ ഓരോന്നും ഇനം തിരിച്ച് മുന്‍ഗണനാ പട്ടികയും അദ്ദേഹം തയാറാക്കി. അപ്രധാനമായവയെ മുന്‍ഗണനാ ലിസ്റ്റില്‍ ആദ്യം ചേര്‍ക്കുന്ന പരമ്പരാഗത സംഘടനകളുടെ അരാഷ്ട്രീയ നിലപാടുകളെ തിരുത്തിക്കാന്‍ ഇതുവഴി കുറേയേറെ സാധിക്കുകയും ചെയ്തു.
* ജിഹാദിന്റെ മാത്രമല്ല, ഇജ്തിഹാദിന്റെയും പ്രാധാന്യം മൗലാനാ മൗദൂദിയും ഇസ്‌ലാമിക പ്രസ്ഥാനവും ഊന്നിപ്പറഞ്ഞു. ഒരു കാലത്ത് ലോകത്തിന്റെ തന്നെ നാഗരിക വളര്‍ച്ചക്ക് ഊടും പാവും നല്‍കിയത് ഇസ്‌ലാമിക ദര്‍ശനമായിരുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ വഴികള്‍ വെട്ടിത്തുറന്നുകൊണ്ടുള്ള അന്വേഷണങ്ങളായിരുന്നു അതിന് മുസ്‌ലിംകളെ പ്രാപ്തരാക്കിയത്. പ്രമാണങ്ങളിലോ അടിസ്ഥാനങ്ങളിലോ വിട്ടുവീഴ്ച ചെയ്യാതെത്തന്നെ അതത് കാലത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കഴിയുക ഇജ്തിഹാദ് എന്ന ഈ മെക്കാനിസം പ്രവര്‍ത്തനക്ഷമമാകുമ്പോഴാണ്. നൂറ്റാണ്ടുകളായി അത് ചലനരഹിതമായിക്കിടക്കുകയായിരുന്നു. ഏതൊരു പരിഷ്‌കരണ പ്രസ്ഥാനത്തിന്റെയും ആദ്യ ദൗത്യങ്ങളിലൊന്ന് ഇജ്തിഹാദിന് പുതുജീവന്‍ നല്‍കുക എന്നതാണ്. ജിഹാദിനൊപ്പം തന്നെ ഇജ്തിഹാദും വേണം. രണ്ടിനെയും കൈവിട്ടു എന്നതാണ് മുസ്‌ലിം സമൂഹത്തിന്റെ പതനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മൗലാനാ മൗദൂദി എഴുതി: ''ജിഹാദിന്റെയും ഇജ്തിഹാദിന്റെയും പതാക മുസ്‌ലിംകള്‍ വലിച്ചെറിഞ്ഞപ്പോള്‍ പാശ്ചാത്യ സമൂഹങ്ങള്‍ ആ പതാക കൈയിലെടുത്തു. അറിവിന്റെയും കര്‍മത്തിന്റെയും ഭൂമിയില്‍ അവര്‍ മുന്നേറി. നേതൃത്വവും അവരുടെ കൈകളില്‍ വന്നു. മുസ്‌ലിംകള്‍ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നല്ലോ'' (തന്‍ഖീഹാത്ത് 38,39). മുസ്‌ലിംകള്‍ ഇജ്തിഹാദ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ മുഴുവന്‍ ലോകസമൂഹങ്ങളും അവരുടെ അനുകര്‍ത്താക്കളായി മാറിയെന്നും ഇത് ഉപേക്ഷിച്ചപ്പോള്‍ മറ്റുള്ളവരെ അനുകരിക്കുന്നവരായി അവര്‍ തരംതാഴ്‌ന്നെന്നും അദ്ദേഹം നിരീക്ഷിച്ചു. ബൗദ്ധികമായി മുസ്‌ലിംകള്‍ അടിമകളായിപ്പോയതിന് കാരണമതാണ്. വൈജ്ഞാനികമായ നിശ്ചലതയും മുരടിപ്പും മാറ്റിയെടുത്തെങ്കിലേ സമൂഹത്തിന് മുന്നോട്ടുപോകാനാകൂ. ഓരോ കാലത്തെയും വിവിധ ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുക മാത്രമല്ല, അവയുടെ ആശയപാപ്പരത്തം തുറന്നുകാണിക്കുകയും വേണം. മൗലാനാ മൗദൂദിയും ഇസ്‌ലാമിക പ്രസ്ഥാനവും ചെയ്തത് അതാണ്. മാപ്പുസാക്ഷിത്വമനസ്സുമായി നിന്ന മുസ്‌ലിം സമുദായത്തിന് ആര്‍ജവവും ആത്മാഭിമാനവും പകര്‍ന്നുനല്‍കുന്നതില്‍ ഈ ബൗദ്ധിക പോരാട്ടങ്ങള്‍ വഹിച്ച പങ്ക് ഏതു കടുത്ത വിമര്‍ശകര്‍ക്കു പോലും അവഗണിക്കാനാവുകയില്ല.
കമ്യൂണിസം, സോഷ്യലിസം, കാപിറ്റലിസം തുടങ്ങിയ പാശ്ചാത്യ തത്ത്വചിന്തകളെ നിരൂപണം ചെയ്തുകൊണ്ടാണ് മൗലാനാ മൗദൂദി ഒരു ദര്‍ശനമെന്ന നിലക്ക് ഇസ്‌ലാമിന്റെ മേന്മയും മഹത്വവും ഉയര്‍ത്തിപ്പിടിച്ചത്. ശീതയുദ്ധാനന്തരമുള്ള ആഗോളവത്കൃത ലോകത്ത് ശാക്തിക സന്തുലനമടക്കം കാര്യങ്ങളൊക്കെ തകിടം മറിഞ്ഞുകഴിഞ്ഞിരുന്നു. പുതിയ വെല്ലുവിളികളും ഉയര്‍ന്നുവന്നു. അവയെ അഭിമുഖീകരിക്കാന്‍ പുതിയ ചിന്തകളും അന്വേഷണങ്ങളും നയവികാസങ്ങളും ആവശ്യമായിവന്നു. മൗലാനാ മൗദൂദിയില്‍ പരിമിതപ്പെട്ടുനില്‍ക്കുകയല്ല, ഇജ്തിഹാദിന്റെ പുതിയ മേഖലകളിലേക്ക് കാലെടുത്തുവെക്കുകയാണ് പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്തത്. പാകിസ്താനില്‍ ഖുര്‍റം മുറാദ്, ഖുര്‍ശിദ് അഹ്മദ് പോലുള്ളവരും ഇന്ത്യയില്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ഡോ. നജാത്തുല്ല സിദ്ധീഖി, ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി തുടങ്ങിയവരും ഈ ബൗദ്ധിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി. ഏതൊരു കാലത്തും സ്വയം നവീകരിക്കാനുള്ള ശേഷി ഇസ്‌ലാമിക പ്രസ്ഥാനത്തിന് ജന്മസിദ്ധമായിതന്നെ ഉള്ളതുകൊണ്ടാണ് ഈ ചിന്താവികാസം സാധ്യമാകുന്നത്. മുക്കാല്‍ നൂറ്റാണ്ട് കാലത്തെ ചരിത്രം പരിശോധിച്ചാല്‍ അതെങ്ങനെ സാധ്യമായി എന്ന് വ്യക്തമാകും.
എഴുപത്തിയഞ്ച് വര്‍ഷം പിന്നിട്ട ജമാഅത്തെ ഇസ്‌ലാമി എന്ന നവോത്ഥാന പ്രസ്ഥാനത്തെ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍  ഇന്നും സജീവമായി നിലനിര്‍ത്തുന്നത് എന്ത് എന്ന ചോദ്യത്തിന് കാലത്തിനൊത്ത് പുതിയ നിലപാടുകളും നയപരിപാടികളും സ്വീകരിച്ച് മുന്നോട്ടുപോകാനുള്ള അതിന്റെ ശേഷി എന്നാണ് ഉത്തരം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന പ്രസ്ഥാനങ്ങള്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. അവ ഇടക്കു വെച്ച് സ്തംഭിച്ചുപോകും, പിന്നെ തിരോധാനം ചെയ്യും. തജ്ദീദ് വൊ ഇഹ്‌യാ എദീന്‍ എന്ന കൃതിയില്‍ വ്യക്തിയെ കേന്ദ്രീകരിച്ച് ചരിത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദയം ചെയ്ത നവോത്ഥാന സംരംഭങ്ങള്‍ക്ക് സംഭവിച്ച പാളിച്ചകള്‍ മൗലാനാ മൗദൂദി വിശകലനം ചെയ്യുന്നുണ്ട്. രൂപവത്കരിക്കാന്‍ പോകുന്ന ഇസ്‌ലാമിക പ്രസ്ഥാനം ഏതെങ്കിലും വ്യക്തിയെയോ, അയാളുടെ ചിന്തയെയൊ കേന്ദ്രീകരിച്ചായിരിക്കരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാലാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏതാണ്ടെല്ലാ പണ്ഡിതന്മാര്‍ക്കും രൂപവത്കരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് അയച്ചത്. എഴുപതില്‍പരം പണ്ഡിതന്മാര്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. അക്കാലത്തെ പണ്ഡിത സമൂഹത്തിന്റെ സമവായത്തിലൂടെ ജമാഅത്തെ ഇസ്‌ലാമി രൂപംകൊണ്ടു എന്നു പറയുന്നതാവും ശരി. മൗലാനാ മൗദൂദിയെ ജമാഅത്തെ ഇസ്‌ലാമിയുടെ 'സ്ഥാപക നേതാവ്' ആക്കുന്നത് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സമുന്നത നിലപാടുമായി ചേര്‍ന്നുനില്‍ക്കുന്നില്ല. 
താന്‍ പുതുതായി ഒരു ചിന്തയും അവതരിപ്പിക്കുന്നില്ല എന്നാണ് മൗലാനാ മൗദൂദി തുടക്കം മുതലേ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഖുര്‍ആനിക സൂക്തങ്ങള്‍ക്കും പ്രവാചക ചര്യക്കും ഇടക്കാലത്ത് കൈമോശം വന്ന അവയുടെ യഥാര്‍ഥ ഭാഷ്യവും പൊരുളും കണ്ടെത്തുക മാത്രമാണ് താന്‍ ചെയ്യുന്നത്. ''ഇസ്‌ലാമിലെ മുഴുവന്‍ സാങ്കേതിക ശബ്ദങ്ങള്‍ക്കും തുടക്കത്തില്‍ എന്ത് പൊരുളും ആശയവും ആണോ ഉണ്ടായിരുന്നത് അവയെ കണ്ടെടുക്കുകയാണ് നാം ചെയ്യുന്നത്. ഇസ്‌ലാമിനെ അംഗീകരിക്കുന്നവരും അതിനെപ്പറ്റി സംസാരിക്കുന്നവരും ഇക്കാര്യങ്ങള്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്താല്‍ മാത്രം പോരാ, തങ്ങളുടെ മുഴു ജീവിതത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ പ്രത്യക്ഷമാക്കുകയും വേണം'' (റൂദാദെ ജമാഅത്ത്, ഭാഗം 3).
അതിനാല്‍ 'മൗദൂദിസ'ത്തിനോ 'മൗദൂദി ജമാഅത്തി'നോ യാതൊരുവിധ പ്രസക്തിയുമില്ല. 'മൗദൂദി ചിന്തകള്‍' എന്ന് പറയുന്നതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. 1941-ല്‍ പ്രസ്ഥാനം രൂപവത്കരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇപ്രകാരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്: ''ജമാഅത്തെ ഇസ്‌ലാമിയിലെ ഒരു അംഗവും ഏതെങ്കിലും ഫിഖ്ഹ് പ്രശ്‌നങ്ങളില്‍ എന്റെ വാക്കുകള്‍ മറ്റുള്ളവരുടെ മുന്നില്‍ തെളിവായി ഉദ്ധരിക്കരുത്. ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കും ഇത് ബാധകമാണ്'' (റൂദാദെ ജമാഅത്ത്, ഭാഗം ഒന്ന്). ഒരു ചോദ്യകര്‍ത്താവിനുള്ള മറുപടിയായി അദ്ദേഹം മറ്റൊരിക്കല്‍ ഇങ്ങനെ വിശദീകരിച്ചു: ''ജമാഅത്തെ ഇസ്‌ലാമിയില്‍ ചേരുന്നതിനോ ചേരാതിരിക്കുന്നതിനോ എന്റെ രചനകളിലെ ആശയങ്ങളോട് യോജിക്കുക എന്നത് ഒരുപാധിയേ അല്ല. ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിച്ച അന്നുതൊട്ട് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണിത്'' (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1976 സെപ്റ്റംബര്‍). മറ്റൊരിക്കല്‍: ''ഒരു കാര്യം ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരുതരത്തിലുള്ള ദീനീപദവിയും അവകാശപ്പെടുന്നില്ല. ഞാന്‍ എന്ന വ്യക്തിയിലേക്ക് നിങ്ങളിലൊരാളെയും ക്ഷണിക്കുന്നുമില്ല. അതിനാല്‍ എനിക്കൊരിക്കലും 'വിശ്വാസികള്‍'(മുഅ്തഖിദേന്‍) ഉണ്ടാവുകയില്ല. ഞാനും എന്റെ കൂടെയുള്ളവരും അല്ലാഹുവിലും അവന്റെ ദൂതനിലും ദൃഢവിശ്വാസമര്‍പ്പിക്കുന്നവര്‍ മാത്രമാണ്.  ദൈവമാര്‍ഗത്തിലെ സഹയാത്രികര്‍ എന്നത് മാത്രമായിരിക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം'' (തര്‍ജുമാനുല്‍ ഖുര്‍ആന്‍, 1955 സെപ്റ്റംബര്‍).
ഏതൊരു പരിഷ്‌കര്‍ത്താവും താന്‍ ജീവിക്കുന്ന കാലത്തോടാണ് പ്രതികരിക്കുന്നത്. കാലം മാറുമ്പോള്‍ പ്രതികരണവും മാറും. ഫിഖ്ഹുല്‍ മഖാസ്വിദിലെയും ഒരു അടിസ്ഥാന തത്ത്വമാണിത്. കാലവും ദേശവും മനുഷ്യനും മാറുന്ന മുറക്ക് ഫത്‌വകളും മാറും എന്നതാണ് തത്ത്വം. ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതലേ ദീക്ഷിച്ചുവരുന്ന തത്ത്വമാണിത്. ഖുര്‍ആനും പ്രവാചകചര്യയും മുന്നില്‍ വെച്ച് നടത്തുന്ന അന്വേഷണങ്ങളിലൂടെ രൂപപ്പെടുത്തുന്ന പ്രവര്‍ത്തന പരിപാടിയനുസരിച്ചായിരിക്കും പ്രസ്ഥാനം മുന്നോട്ടുപോവുക എന്ന് അതിന്റെ ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ട്. ഒരു ചിന്തകന്റെയും അഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്വമില്ല എന്നതാണതിന്റെ അര്‍ഥം. ഏതൊരാളുടെയും ചിന്തകളെ പൂര്‍ണമായി നിരാകരിച്ചുകൊണ്ടും പ്രസ്ഥാനത്തിന് മുന്നോട്ടുപോകാം. താന്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഭാവിയില്‍ പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് ഒരു തരത്തിലും തടസ്സമാകരുതെന്ന് മൗലാനാ മൗദൂദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നയങ്ങളും നിലപാടുകളും പുതുക്കിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒരു കൂട്ടായ്മക്കും പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ടാണ് സ്വന്തം നിലപാടുകളെ അദ്ദേഹം നിരന്തരം പരിഷ്‌കരിച്ചുകൊണ്ടിരുന്നത്. നിലപാടുമാറ്റത്തെക്കുറിച്ച് ചിലര്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: ''നിങ്ങള്‍ ഉന്നയിക്കുന്ന വിമര്‍ശനത്തെക്കുറിച്ച് എനിക്ക് ആദ്യമായി പറയാനുള്ളത് നമ്മള്‍ ഈ പ്രസ്ഥാനത്തെ കൊണ്ടു നടത്തുന്നത് ശൂന്യതയിലല്ല എന്നതാണ്. അനുഭവലോകത്താണ് നമുക്കിതിനെ മുന്നോട്ടു നയിക്കേണ്ടത്. കേവലം സത്യം വിളിച്ചുപറയുക മാത്രമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ അങ്ങനെ ചെയ്ത് മതിയാക്കുന്നതില്‍ തടസ്സമൊന്നുമില്ല. പക്ഷേ, പറയുന്ന സത്യങ്ങള്‍ പുലര്‍ന്നുകാണാന്‍ നാം ശ്രമിക്കേണ്ടതുളളതുകൊണ്ട്, അനുഭവലോകത്ത് അതിനൊരു വഴി വെട്ടിയൊരുക്കേണ്ടത് അനിവാര്യമായിത്തീരുന്നു. അപ്പോള്‍ ആശയ(Idealism)വും പ്രയോഗ(Practical Wisdom)വും തമ്മില്‍ ഒരു സന്തുലനം ദീക്ഷിക്കേണ്ടതായിവരുന്നു. ആശയപരമായി, നമ്മുടെ ആത്യന്തിക ലക്ഷ്യമെന്തെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ മാത്രമല്ല, ജനങ്ങളെ അതിലേക്ക് ക്ഷണിക്കാനും നമുക്ക് കഴിയും. പക്ഷേ, പ്രയോഗതലത്തിലേക്ക് വരുമ്പോള്‍,ഘട്ടംഘട്ടമായേ കാര്യങ്ങള്‍ ചെയ്യാനൊക്കൂ. ഓരോ സന്ദര്‍ഭത്തെയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചിന്തിക്കണം. അതിനിടക്ക് വരുന്ന തടസ്സങ്ങളെയും പ്രതിസന്ധികളെയും തട്ടിമാറ്റണം. അതിനാല്‍ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള പ്രയാണ പാതയില്‍ നമുക്ക് ഇടക്കാല ലക്ഷ്യങ്ങളോ എളുപ്പം എത്തിപ്പിടിക്കാവുന്ന ലക്ഷ്യങ്ങളോ (ദര്‍മിയാനി മഖാസ്വിദ്/ ഖരീബു ഹുസ്വൂല്‍ മഖാസിദ്) ആകാവുന്നതാണ്. ഓരോ ടാര്‍ഗറ്റ് പൂര്‍ത്തീകരിച്ച് നമുക്ക് മുന്നോട്ടു നീങ്ങാനാവുമല്ലോ. ഉദാഹരണത്തിന് പാശ്ചാത്യ മുതലാളിത്ത സാമ്രാജ്യത്വവും റഷ്യന്‍ സോഷ്യലിസ്റ്റ് സാമ്രാജ്യത്വവും നമ്മുടെ പ്രയാണ പാതയിലെ വലിയ തടസ്സങ്ങളാണ്. ഇന്നത്തെ മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയും മതില്‍ക്കെട്ടായി ഉയര്‍ന്നുനില്‍ക്കുന്നു. ഇത്തരം തടസ്സങ്ങള്‍ നീക്കം ചെയ്യുക നമ്മുടെ ഇടക്കാല ലക്ഷ്യങ്ങളില്‍പെടുന്നതാണ്. അതിനു വേണ്ടി ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കുമ്പോള്‍, നമ്മള്‍ പരമപ്രധാനമായ ലക്ഷ്യം വിസ്മരിച്ചല്ലോ, അല്ലെങ്കില്‍ അതിന് എതിരായ കാര്യമാണല്ലോ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന തോന്നല്‍ നിങ്ങളുടെ മനസ്സില്‍ ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്'' (റസാഇല്‍ വ മസാഇല്‍, നാലാം ഭാഗം).
മൗലാനാ മൗദൂദിയുടെ ഈ ക്രാന്തദര്‍ശിത്വമാണ് തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളിലേക്ക് എടുത്തെറിയപ്പെട്ട പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ നയനിലപാടുകളുമായി മുന്നോട്ടുപോകാന്‍ പ്രാപ്തി നല്‍കിയത്. വിഭജനാനന്തരം പാകിസ്താനില്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് മൗലാനാ മൗദൂദി തന്നെയായിരുന്നല്ലോ. അവിഭക്ത ഇന്ത്യയില്‍ സ്വീകരിച്ചു വന്ന നിലപാടുകളുടെ പൊളിച്ചെഴുത്ത് തന്നെയാണ് അദ്ദേഹം നടത്തിയത്. രാഷ്ട്രീയ സാഹചര്യം അടിമുടി മാറി എന്നതാണ് കാരണം. അവിഭക്ത ഇന്ത്യയില്‍ വിഭജനത്തിനെതിരെ ശക്തമായ പ്രചാരണങ്ങള്‍ നടത്തിയിരുന്നു പ്രസ്ഥാനം. എന്നാല്‍ വിഭജനം യാഥാര്‍ഥ്യമായ സ്ഥിതിക്ക് പഴയ നിലപാടുകളുമായി മുന്നോട്ടുപോകുന്നത് പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ആത്മഹത്യാപരമായിരിക്കുമെന്ന് മനസ്സിലാക്കിയ മൗദൂദി 1948-ല്‍തന്നെ ജനകീയ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുന്നതാണ് നാം കണ്ടത്. ഇസ്‌ലാമിന്റെ പേരില്‍ രൂപംകൊണ്ട രാഷ്ട്രത്തില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കണം എന്ന ആവശ്യമുന്നയിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭം. അധികാരികളുടെ പരിഗണനക്കായി ഒരു കരട് ഭരണഘടനയും അദ്ദേഹം സമര്‍പ്പിച്ചു. പല തവണ അദ്ദേഹം ജയിലിലടക്കപ്പെട്ടു. 1955 ആയപ്പോഴേക്കും മൊത്തം മതസംഘടനകളെയും അണിനിരത്തി ഭരണഘടനാ വിഷയത്തില്‍ ഒരു സമവായമുണ്ടാക്കാനും ഭരണാധികാരികളെക്കൊണ്ട് അത് അംഗീകരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു; പിന്നീട് പട്ടാള ഭരണകൂടം അത് റദ്ദ് ചെയ്‌തെങ്കിലും എഴുപതുകളുടെ തുടക്കമായപ്പോഴേക്കും ജമാഅത്ത് അധികാരത്തിലെത്തുമോ എന്നു തോന്നിപ്പോകുംവിധം ശക്തമായിരുന്നു തെരുവുകളില്‍ അതിന്റെ സാന്നിധ്യം.
പക്ഷേ, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മൗലാനാ മൗദൂദിയുടെ കാലത്തും അതിനു ശേഷവും പാക് ജമാഅത്തെ ഇസ്‌ലാമിക്ക് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാനായില്ല. പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും കൃത്രിമത്വം കാണിച്ചും തെരഞ്ഞെടുപ്പുകളെ വരുതിയിലാക്കുന്ന പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടി, മുസ്‌ലിം ലീഗ്, എം.ക്യു.എം പോലുള്ള ഫ്യൂഡല്‍ പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതിയാണ് അതിനൊരു കാരണം. മുന്നണി രാഷ്ട്രീയത്തിന് മുന്നിട്ടിറങ്ങാത്തതും മറ്റൊരു  കാരണമാണ്. 2002-ല്‍ പാക് ജമാഅത്ത് മുന്‍കൈയെടുത്ത് രൂപീകരിച്ച മുത്തഹിദ മജ്‌ലിസെ അമല്‍ (എം.എം.എ) എന്ന മുന്നണി ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ അധികാരത്തിലേറുകയും ദേശീയ അസംബ്ലിയില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഭിന്ന താല്‍പര്യക്കാര്‍ അണിനിരന്ന ഈ മുന്നണി 2005-ല്‍തന്നെ ഏറക്കുറെ ശിഥിലമായി. അതിനാല്‍ മറ്റൊരു മുന്നണി രൂപീകരണത്തിന് ജമാഅത്ത് ഇനിയും തയാറായിട്ടില്ല. ചില നിലപാടുകള്‍ പാളിയതും രാഷ്ട്രീയമായി പ്രഹരമേല്‍പിച്ചു. പട്ടാള ഭരണാധികാരി ജനറല്‍ സിയാഉല്‍ ഹഖ് രൂപം നല്‍കിയ മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചത് അത്തരത്തിലൊന്നായിരുന്നു. അബദ്ധം മനസ്സിലാക്കിയ ജമാഅത്ത് പെട്ടെന്ന് പിന്‍വാങ്ങിയെങ്കിലും അതിന്റെ ദുഷ്‌പ്പേര് ഇപ്പോഴും ബാക്കിനില്‍ക്കുന്നു. പരമ്പരാഗതമായി ജമാഅത്തിന് വോട്ടുചെയ്തിരുന്ന ഗണ്യമായൊരു വിഭാഗം ഭരണസാധ്യത കണക്കിലെടുത്ത് മുസ്‌ലിം ലീഗിലേക്കും പീപ്പ്ള്‍സ് പാര്‍ട്ടിയിലേക്കും ചേക്കേറിയിട്ടുമുണ്ട്. ജമാഅത്തിന്റെ ശക്തികേന്ദ്രമായിരുന്ന കറാച്ചി മുഹാജിര്‍ ഉപദേശീയതയുടെ വക്താക്കളായ എം.ക്യു.എം (മുഹാജിര്‍ ഖൗമി മൂവ്‌മെന്റ്-ഇപ്പോള്‍ മുത്തഹിദ ഖൗമി മൂവ്‌മെന്റ്) പിടിച്ചെടുക്കുകയും ചെയ്തു. ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയിലും ജമാഅത്തിനെ പിന്തുണച്ചിരുന്നവര്‍ ധാരാളമുണ്ട്. അവരെ തൃപ്തിപ്പെടുത്താനാവണം ഇംറാന്‍ ഖാന്‍ ഇടക്കിടെ ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കും എന്നൊക്കെ വെറും വര്‍ത്തമാനം പറയുന്നത്.
അതേസമയം, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേറ്റ തിരിച്ചടികള്‍ പാക് ജനജീവിതത്തില്‍ ജമാഅത്തിനുള്ള സ്വാധീനം അളക്കാന്‍ മാനദണ്ഡമാക്കിക്കൂടാ. സാമൂഹിക ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളെ ആഴത്തില്‍ സന്നിവേശിപ്പിക്കാന്‍ ജമാഅത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം അവിടത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇസ്‌ലാം വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്തത്. പീപ്പ്ള്‍സ് പാര്‍ട്ടിയോ മുസ്‌ലിം ലീഗോ ഇന്‍സാഫ് പാര്‍ട്ടിയോ ഒന്നുംതന്നെ ജമാഅത്തിന് അയിത്തം കല്‍പിക്കുന്നില്ല. മുന്നണി ബന്ധങ്ങള്‍ക്കുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശക്തമായ സാന്നിധ്യമറിയിക്കുന്ന ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങിയ നാടുകളില്‍ ഇതല്ല സ്ഥിതി. അവിടങ്ങളില്‍ ഇസ്‌ലാം വിരുദ്ധത അതിന്റെ പരമകാഷ്ഠയിലാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാവണം എം.ജെ അക്ബര്‍ തന്റെ പുസ്തകത്തില്‍ (Tinderbox: The Past and Future of Pakistan), ജിന്ന പാകിസ്താന്റെ രാഷ്ട്രപിതാവാണെങ്കില്‍ മൗദൂദി അതിന്റെ ഗോഡ്ഫാദറാണെന്ന് പറഞ്ഞത്. 
തുടക്കം മുതല്‍തന്നെ ഉന്മൂലന ഭീഷണി നേരിട്ടുകൊാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രയാണം. ബംഗ്ലാദേശ് വിഭജനത്തെ അനുകൂലിച്ചില്ല എന്നതാണ് കാരണം. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ അഞ്ചിലേറെ കക്ഷികള്‍ വിഭജനത്തെ എതിര്‍ത്തിരുന്നുവെങ്കിലും ജനസ്വാധീനമുള്ള ജമാഅത്തെ ഇസ്‌ലാമിയെ മാത്രമാണ് ഭരണാധികാരികള്‍ വേട്ടയാടുന്നത്. കള്ളക്കേസുകളുണ്ടാക്കി ജമാഅത്തിന്റെ നേതൃനിരയിലെ പകുതിയിലധികം പേരെ ഹസീനാ വാജിദിന്റെ ഏകാധിപത്യ ഭരണകൂടം തൂക്കിലേറ്റിക്കഴിഞ്ഞു. രക്തസാക്ഷ്യത്തിന്റെ അന്യാദൃശ മാതൃക കാഴ്ചവെക്കുന്ന ബംഗ്ലാദേശിലെ ഇസ്‌ലാമിക പ്രസ്ഥാനം, തൃണമൂലതലത്തിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ജനസ്വീകാര്യത നേടിയത്. ഏറ്റവുമൊടുവില്‍ രക്തസാക്ഷിത്വം വരിച്ച മീര്‍ ഖാസിം അലിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക് ബാങ്കിംഗ് മേഖലയിലും മറ്റും വിപുലമായ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി ഇസ്‌ലാമിക പ്രസ്ഥാനം. സംശുദ്ധമായ തെരഞ്ഞെടുപ്പു നടന്നാല്‍ ഫലം എന്താവുമെന്ന് നന്നായി അറിയുന്നതുകൊണ്ടുതന്നെയാണ് ഭരണകക്ഷിയായ അവാമി ലീഗ് എന്ത് വിലകൊടുത്തും ഇസ്‌ലാമിക പ്രസ്ഥാനത്തെ വേരോടെ പിഴുതുമാറ്റാന്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ പശ്ചാത്തലം

തീര്‍ത്തും ഭിന്നമായ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിച്ചുതുടങ്ങിയത്. വിഭജനത്തെത്തുടര്‍ന്നുണ്ടായ കൂട്ടക്കൊലകളും വര്‍ഗീയ കലാപങ്ങളും ജമാഅത്തിന്റെ മുന്‍ഗണനകളെ തകിടം മറിക്കാന്‍ പോന്നതായിരുന്നു. അരക്ഷിതാവസ്ഥയില്‍ കഴിയുന്ന സമുദായത്തിന് ആത്മവിശ്വാസം നല്‍കാതെ മുന്നോട്ടുപോക്ക് സാധ്യമായിരുന്നില്ല. മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനാ കൂട്ടായ്മകള്‍ക്ക് ദിശ നല്‍കാന്‍ പ്രസ്ഥാനം മുന്നിട്ടിറങ്ങിയതും സാഹചര്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ്. പ്രവര്‍ത്തനങ്ങള്‍ ധാരളമായി ഈ മേഖലയില്‍ കേന്ദ്രീകരിക്കപ്പെട്ടതുകൊണ്ട് ഒരു സാമുദായിക സംഘടന എന്ന പ്രതിഛായയാണ് പൊതുമണ്ഡലത്തില്‍ ജമാഅത്തിന് വന്നുചേര്‍ന്നത്. പ്രബോധനരംഗത്ത് ചില പരിമിതികള്‍ ഇതുമൂലം ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. എങ്കിലും ആശയപ്രചാരണരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കാന്‍ ജമാഅത്തിന് സാധിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയുടെ വാക്കുകളില്‍: ''പ്രസ്ഥാനം ചിന്താരംഗത്ത് ചെലുത്തിയ സ്വാധീനം ബോധ്യപ്പെടണമെങ്കില്‍, ജമാഅത്തിന്റെ രൂപവത്കരണത്തിനു മുമ്പും ശേഷവും മറ്റു സംഘടനകള്‍ പുറത്തിറക്കിയ കൃതികള്‍ തമ്മില്‍ താരതമ്യം നടത്തിയാല്‍ മതിയെന്ന് മൗലാനാ മൗദൂദി പറയാറുണ്ടായിരുന്നു. ജമാഅത്തിന്റെ വൈജ്ഞാനികവും ചിന്താപരവുമായ കരുത്ത് ബോധ്യപ്പെടാന്‍ ഇതിനപ്പുറം തെളിവ് ആവശ്യമില്ല. കര്‍മ മേഖലയിലാണെങ്കില്‍ ജമാഅത്ത് ഒരു അഖിലേന്ത്യാ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മുക്കുമൂലകളില്‍ അതിന് ശാഖകളുണ്ട്. അതിന്റെ പ്രവര്‍ത്തകര്‍ കര്‍മനിരതരുമാണ്. ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മറ്റു സംഘടനകള്‍ക്കോ ഒന്നും ഇന്ന് ജമാഅത്തിനെ അവഗണിക്കുക സാധ്യമല്ല. ഇതൊരു വന്‍ വിജയം തന്നെയല്ലേ? രാജ്യത്ത് ഇസ്‌ലാമിനെ ഒരു ജീവിത പദ്ധതിയായി അവതരിപ്പിച്ചു എന്നതാണ് ജമാഅത്തിന്റെ യഥാര്‍ഥ സേവനം'' (പ്രബോധനം വാരിക, 2009 മെയ് 9).

വൈജ്ഞാനിക ശാക്തീകരണം

ഇന്ത്യാ വിഭജനത്തിന്റെ തൊട്ടുമുമ്പ് മൗലാനാ മൗദൂദി നടത്തിയ മദ്രാസ് പ്രഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടതെന്നു പറയാം. ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും ഖുര്‍ആന്‍, ഹദീസ് പരിഭാഷകളും ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നത് അങ്ങനെയാണ്. തുടക്കത്തില്‍ വൈജ്ഞാനിക -പ്രാസ്ഥാനിക സാഹിത്യങ്ങള്‍ അധികവും മൗലാനാ മൗദൂദിയുടേതു തന്നെയായിരുന്നു. ഏറെ വൈകാതെ, ഇന്ത്യയുടെ സവിശേഷ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന കൃതികള്‍ വേണമെന്ന ചിന്ത പ്രബലമായി. അത്തരം കൃതികള്‍ രചിക്കാന്‍ പ്രാപ്തരായ പണ്ഡിതന്മാരെയും ചിന്തകന്മാരെയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹിയുടെ നേതൃത്വത്തില്‍ 'ഇദാറെ തസ്‌നീഫെ ഇസ്‌ലാമി' രൂപവത്കരിക്കപ്പെടുന്നത്. ഇതിനു കീഴിലുള്ള സ്ഥാപനത്തില്‍നിന്ന് പഠിച്ചിറങ്ങിയവരാണ് പില്‍ക്കാലത്ത് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹഖ് അന്‍സാരി, ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി, റാവു ഇര്‍ഫാന്‍ അഹ്മദ് ഖാന്‍, ഡോ. അബ്ദുല്‍ മുഇസ്സ് മന്‍ളര്‍, ഹബീബ് ഹാമിദ് അല്‍കാഫ് തുടങ്ങിയവര്‍. ഇതില്‍ ആദ്യം പറഞ്ഞ മൂന്നു പേര്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ  പില്‍ക്കാല നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയവരാണ്. സദ്‌റുദ്ദീന്‍ ഇസ്‌ലാഹിയും ഇവിടെ അനുസ്മരിക്കപ്പെടണം. കൃത്യാന്തര ബാഹുല്യം കാരണം മൗലാനാ മൗദൂദിക്ക് ശ്രദ്ധിക്കാന്‍ കഴിയാതെപോയ ചില വൈജ്ഞാനിക മേഖലകളിലാണ് ഇസ്‌ലാഹിയുടെ കാര്യമായ സംഭാവനകള്‍. അദ്ദേഹത്തിന്റെ 'ഇഖാമത്തുദ്ദീന്‍ എന്ന ബാധ്യത' (ഫരീദെ ഇഖാമത്തുദ്ദീന്‍), ജമാഅത്ത് ലക്ഷ്യമായി അംഗീകരിച്ച ആശയത്തെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്ന ഏറ്റവും സമഗ്രമായ കൃതിയാണ്. സൂഫി കാഴ്ചപ്പാടും ഖുര്‍ആനിക വീക്ഷണവും രണ്ടും രണ്ടാണെന്ന് സമര്‍ഥിച്ചുകൊണ്ട് 'ദീനിന്റെ ഖുര്‍ആനിക പരിപ്രേക്ഷ്യം' (ദീന്‍ കാ ഖുര്‍ആനീ തസവ്വുര്‍) എന്ന കൃതിയും അദ്ദേഹം രചിക്കുകയുണ്ടായി.
ശൈലിയിലും അവതരണത്തിലും ചില മാറിനടത്തങ്ങളും നാം കാണുന്നുണ്ട് ഇവരുടെ കൃതികളില്‍. മൗലാനാ മൗദൂദിയുടെ ആദ്യകാല കൃതികളില്‍ യുക്തിയെ കൂട്ടുപിടിച്ചുള്ള അവതരണമായിരുന്നെങ്കില്‍, പ്രമാണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള അവതരണമായിരുന്നു സദ്‌റുദ്ദീന്‍ ഇസ്‌ലാഹി, സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരി, മൗലാനാ ഹാമിദലി, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി തുടങ്ങിയവരുടേത്. പ്രമാണങ്ങള്‍ക്ക് ഉപോദ്ബലകമായേ യുക്തിചിന്ത വരുന്നുള്ളൂ. മൗലാനാ മൗദൂദിയുടെ ആദ്യകാല രചനാ ശൈലികളില്‍ തര്‍ക്കശാസ്ത്രത്തിന്റെയും ഇല്‍മുല്‍ കലാമിന്റെയും ഗണ്യമായ സ്വാധീനമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത്തരം യുക്തികള്‍ തിരിച്ചും പ്രയോഗിക്കാമെന്നതാണ് അതിന്റെയൊരു പരിമിതി. അത് മറികടക്കാനായിരിക്കണം പ്രമാണകേന്ദ്രീകൃതമായ ഈ അവതരണരീതി.
അവഗണിക്കപ്പെട്ട വശത്തിന് ഏതൊരു പരിഷ്‌കര്‍ത്താവും കൂടുതല്‍ ഊന്നല്‍ നല്‍കും. ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികതയും നിഷേധിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തപ്പോള്‍ മൗലാനാ മൗദൂദി ആ വശങ്ങള്‍ നന്നായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. അവയൊക്കെ അംഗീകരിക്കപ്പെട്ട പുതിയ കാലത്ത് അത്തരം ഊന്നലുകള്‍ അധികപ്പറ്റായി തോന്നാം. ആരാധനകളെപ്പോലും രാഷ്ട്രീയവത്കരിച്ചു എന്ന് ചിലര്‍ ആരോപിക്കുകയും ചെയ്‌തേക്കാം. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയുടെ രചനകള്‍ അത്തരം സംശയങ്ങള്‍ ദൂരീകരിക്കുന്നുണ്ട്. ഇസ്‌ലാമിലെ ആരാധനകള്‍ ഓരോന്നും സ്വയം ഒരു ലക്ഷ്യമാണെന്ന് സമര്‍ഥിച്ചുകൊണ്ട് അദ്ദേഹം ഒരു പുസ്തകം എഴുതുകയുണ്ടായി. 
തദ്ദേശീയ മതങ്ങളെയും സംസ്‌കാരങ്ങളെയും പഠിക്കേണ്ടത് വിജയകരമായ ഇസ്‌ലാമിക പ്രബോധനത്തിന് ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും, ഈ മേഖലയില്‍ ശുഷ്‌കമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംഭാവനകള്‍. ഉര്‍ദുവില്‍ മൗലാനാ ഇമാമുദ്ദീന്‍ റാംനഗരി, സയ്യിദ് ഹാമിദലി, അക്ബര്‍ ഷാ ഖാന്‍ നജീബാബാദി, മൗലാനാ മുഹമ്മദ് ഫാറൂഖ് (ഖുര്‍ആന്‍ ഹിന്ദി വിവര്‍ത്തകന്‍), ഡോ. മുഹമ്മദ് അഹ്മദ് (കാന്തി എഡിറ്റര്‍), നസീം അഹ്മദ് ഗാസി ഫലാഹി എന്നിവരുടെ ഏതാനും പുസ്തകങ്ങളും പ്രബന്ധങ്ങളും മാത്രമേ ഉള്ളൂ ഈ വിഷയകമായി. വേദങ്ങളെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചും പ്രാഥമിക വിവരങ്ങള്‍ നല്‍കുന്ന കൃതികള്‍ എന്നേ അവയെക്കുറിച്ച് പറയാനാവൂ. തീര്‍ച്ചയായും ഈ വിഷയത്തില്‍ ലക്ഷണമൊത്ത കൃതി മലയാളത്തില്‍ ടി. മുഹമ്മദ് എഴുതിയ ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ ആണ്. ഹൈന്ദവ വേദങ്ങളില്‍ ഏകദൈവ വിശ്വാസത്തിന്റെയും സെമിറ്റിക് പ്രവാചകന്മാരുടെ പ്രബോധന സന്ദേശങ്ങളുടെയും തായ്‌വേര് കണ്ടെത്താനുള്ള ശ്രമമാണിത്. അതിന് പിന്നീട് തുടര്‍ച്ചയുണ്ടായില്ല. ഡോ.അബ്ദുല്‍ ഹഖ് അന്‍സാരി തുടങ്ങിവെച്ച 'ഇസ്‌ലാമീ അക്കാദമി' നല്ലൊരു ചുവടുവെപ്പായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ വിയോഗാനന്തരം ആ ഗവേഷണ സ്ഥാപനവും നിന്നുപോയി.
അതേസമയം എസ്.ഐ.ഒ- സോളിഡാരിറ്റി പ്രായത്തിലുള്ള പുതുതലമുറ അക്കാദമിക മേഖലയില്‍ പുത്തനുണര്‍വുകള്‍ സൃഷ്ടിക്കുന്നതും കാണാതിരുന്നുകൂടാ. സത്തമീംമാംസ(Ontology)യിലും ജ്ഞാന സിദ്ധാന്ത(Epistomology)ങ്ങളിലും അവര്‍ പൊളിച്ചെഴുത്തുകള്‍ നടത്തുന്നു. ദേശീയതലത്തില്‍ നിരവധി പഠന പരിപാടികള്‍ നടന്നിട്ടുണ്ടെങ്കിലും കേരളത്തിലെ പഠന സഹവാസങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അപകോളനീകരണ (Decolonial) ചിന്തകളും വിമര്‍ശനങ്ങളുമാണ് അവയുടെ കാതല്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സോളിഡാരിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ഇസ്‌ലാമോഫോബിയ സെമിനാര്‍. ഇത്തരം ചര്‍ച്ചകള്‍ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാനുള്ള ധൈഷണിക ശേഷി ഇന്ന് കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമാണുള്ളത് എന്നതാണ് വസ്തുത. ചര്‍ച്ചകള്‍ ബൗദ്ധിക വ്യായാമങ്ങളിലൊതുങ്ങാതെ, ഇന്ത്യന്‍ ചരിത്രത്തിലും സാമൂഹിക ജീവിതത്തിലുമുള്ള മൗലിക പ്രശ്‌നങ്ങളെ ഡികൊളോണിയല്‍ വിശകലനസാമഗ്രികളുപയോഗിച്ച് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അവര്‍ കൈകാര്യം ചെയ്യുമെന്നാണ് സമൂഹം പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നം ജാതീയത തന്നെയാണ്.  ഇന്നത് അക്കാദമികമായി പലരീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. മേലാള-കീഴാള പ്രശ്‌നമായി ന്യൂനീകരിക്കുന്ന പ്രവണതയാണ് പൊതുവെയുള്ളത്. കീഴാളര്‍ക്കിടയിലെ ഉപജാതികള്‍ തമ്മിലുമുണ്ട് ഈ അയിത്തവും തൊട്ടുകൂടായ്മയുമൊക്കെ. സംഘര്‍ഷത്തിന്റെ പാത സ്വീകരിക്കുന്ന അംബേദ്കറൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വലിയൊരു ആശയപ്രതിസന്ധി നേരിടുന്നുണ്ട്. അത് പരിഹരിക്കാന്‍ കൂടി ഉതകുന്ന വിധത്തിലാകണം നവ ഗവേഷകരുടെ ഇടപെടല്‍. 

വിദ്യാഭ്യാസ ശാക്തീകരണം 

വിദ്യാഭ്യാസ ശാക്തീകരണം (Educational Empoverment) ആണ് മറ്റൊരു പ്രധാന വിഷയം. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി, പ്രത്യേകിച്ച് അതിന്റെ കേരള ഘടകം ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്. മികച്ച പ്രബോധകരെയും പണ്ഡിതന്മാരെയും എഴുത്തുകാരെയും സൃഷ്ടിക്കുന്നതില്‍ അവ വലിയൊരളവില്‍ വിജയിച്ചിട്ടുമുണ്ട്. പ്രബോധകരെയും പണ്ഡിതരെയും വാര്‍ത്തെടുക്കുകയെന്നത് ഒരു കാലഘട്ടത്തിന്റെ ദൗത്യവുമായിരുന്നു. വിദ്യാഭ്യാസ ശാക്തീകരണം എന്നതുകൊണ്ട് ഇതൊന്നുമല്ല ഉദ്ദേശിക്കുന്നത്. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരുടെ വിദ്യാഭ്യാസമാണ്. ഇന്ത്യയില്‍ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയിലായിരിക്കും ഏറ്റവും കൂടുതല്‍ നിരക്ഷരരുള്ളത്. ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പലയിടത്തും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പോലുമില്ല. പിന്നാക്ക മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് നടത്തുന്നതില്‍ 'വിഷന്‍ 2016' പ്രൊജക്ട് മികച്ച തുടക്കമിട്ടിട്ടുണ്ട്. പക്ഷേ, ഇത്തരം സംരംഭങ്ങള്‍ക്ക് മാത്രം ഏറ്റെടുത്ത് നടത്താവുന്നതിനും എത്രയോ അപ്പുറമാണ് പ്രശ്‌നത്തിന്റെ വ്യാപ്തി. വിശ്വാസയോഗ്യമായ ഒരു സ്ഥിതിവിവരക്കണക്കെങ്കിലും പ്രസിദ്ധീകരിക്കാന്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് കഴിയേണ്ടതുണ്ട്. പത്തു വര്‍ഷം മുമ്പുള്ള സച്ചാര്‍ കമീഷന്‍ രേഖയിലെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോഴും ഏക ആശ്രയം.

സാമ്പത്തിക ശാക്തീകരണം
ഇതോട് ചേര്‍ത്തുവെക്കേണ്ടതാണ് സാമ്പത്തിക ശാക്തീകരണവും. ജനകീയമായിത്തീര്‍ന്ന എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സാധാരണക്കാരുടെ സാമ്പത്തിക ശാക്തീകരണത്തിന് വലിയ ഊന്നല്‍ നല്‍കിയതായി കാണാം. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി മികച്ച ഉദാഹരണമാണ്. രൂപവത്കരണകാലം തൊട്ട് ഇന്നുവരെ പ്രതിസന്ധിയുടെ മുള്‍മുനയിലൂടെയായിരുന്നു അതിന്റെ സഞ്ചാരം. എന്നിട്ടും സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രസ്ഥാനത്തിന് സാധിച്ചു. എന്‍.ജി.ഒകള്‍ക്ക് തുടക്കമിട്ടും തൊഴിലാളി സംഘടന ശക്തിപ്പെടുത്തിയും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ രാജ്യമൊട്ടാകെ വ്യാപിപ്പിച്ചുമാണ് ഈ നേട്ടം കൈവരിച്ചത്. തുര്‍ക്കിയിലെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തൊള്ളായിരത്തിതൊണ്ണൂറുകളില്‍ ഇസ്തംബൂള്‍ മേയറായി തെരഞ്ഞെടുക്കപ്പട്ടപ്പോള്‍ ആദ്യമായി ചെയ്തത് ജനകീയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരെയും മറ്റും ഉള്‍പ്പെടുത്തി വിദഗ്ധ സംഘങ്ങള്‍ രൂപവല്‍ക്കരിക്കുകയായിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. വിവരങ്ങളും ആസൂത്രണങ്ങളും കൃത്യമായതുകൊണ്ട് പദ്ധതികള്‍ വന്‍ വിജയമായി. ഇസ്തംബൂള്‍ മേയറെന്ന നിലക്ക് നഗരവാസികളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി എന്ന ഖ്യാതിയുമായാണ് അദ്ദേഹം പ്രധാനമന്ത്രിയായും പിന്നീട് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെടുന്നത്. ജീവിത ദുരിതങ്ങളുടെ ആഗോളീകരണകാലത്ത് ഈ പ്രസ്ഥാനങ്ങളില്‍നിന്ന് ധാരാളം പഠിക്കാനുണ്ട് ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്. 
ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സാമ്പത്തിക ശാക്തീകരണത്തിനും ബദല്‍ വഴികള്‍ തുറക്കുന്ന ശ്രദ്ധേയമായ നിരവധി പഠനങ്ങള്‍ പുറത്തിറക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിലെ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന കാര്യവും ഓര്‍ക്കണം. ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദിയും ഡോ. നജാത്തുല്ല സിദ്ദീഖിയുമാണ് അവരില്‍ മുന്‍പന്തിയില്‍. 'ബഹുസ്വരതയും ഇന്ത്യന്‍ മുസ്‌ലിംകളും'എന്ന കൃതിയില്‍ ഡോ. ഫരീദി ചോദിക്കുന്നുണ്ട്; ഭിക്ഷ തെണ്ടുന്ന സമൂഹത്തിന് എങ്ങനെയാണ് പ്രബോധകരാകാന്‍ സാധിക്കുക എന്ന്. അവരെ ആരെങ്കിലും ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യുമോ?  സാമ്പത്തിക സുസ്ഥിതി എന്നത് പ്രബോധനപരമായ ഒരാവശ്യം കൂടിയാണെന്നര്‍ഥം. 
ഇസ്‌ലാമിക് ബാങ്കിംഗ് മേഖലയില്‍ ചില ചുവടുവെപ്പുകള്‍ വെക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. അനുകൂലമായ റിപ്പോര്‍ട്ടുകള്‍, മുന്‍ ആര്‍.ബി.ഐ തലവന്‍ രഘുറാം രാജന്റേത് ഉള്‍പ്പെടെ പലതും വന്നിട്ടുണ്ടെങ്കിലും നിയമക്കുരുക്കുകള്‍ കാരണം അതിന്റെ കടന്നുവരവ് തടയപ്പെടുകയാണ്. 'ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സി'ന്റെ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുര്‍റഖീബ് ഇസ്‌ലാമിക് ബാങ്കിംഗിന്റെ പ്രചാരകരില്‍ പ്രത്യേക  പരാമര്‍ശമര്‍ഹിക്കുന്നു. ചെറുകിട സംരംഭങ്ങള്‍ക്ക് സഹായം നല്‍കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും പ്രസ്ഥാനം നടത്തിവരുന്നുണ്ട്. സഹൂലത്ത് മൈക്രോഫിനാന്‍സ് സൊസൈറ്റി അത്തരം ശ്രദ്ധേയ സംരംഭങ്ങളിലൊന്നാണ്.

രാഷ്ട്രീയ ശാക്തീകരണം
മൗലാനാ മൗദൂദിയുടെ മദ്രാസ് പ്രഭാഷണത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ട ചില രാഷ്ട്രീയ മുന്‍കരുതലുകളെക്കുറിച്ചും പറയുന്നുണ്ട്. സാമുദായിക വിദ്വേഷമോ സംഘര്‍ഷമോ സൃഷ്ടിച്ചേക്കാവുന്ന കാര്യങ്ങളില്‍നിന്ന് അവര്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു; പാര്‍ലമെന്റിലും അസംബ്ലിയിലും ഉദ്യോഗങ്ങളിലും പ്രാതിനിധ്യം കിട്ടാന്‍ പ്രത്യേക പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കരുതെന്നും. എങ്കില്‍പിന്നെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതും അസംബ്ലികളിലും ഉദ്യോഗങ്ങളിലും പ്രാതിനിധ്യം വേണമെന്ന് മുറവിളി കൂട്ടുന്നതും മേല്‍ പരാമര്‍ശങ്ങള്‍ക്ക് എതിരാവുകയില്ലേ എന്നാണ് ചോദ്യം. ഇതിന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി നല്‍കുന്ന മറുപടി ഇങ്ങനെയാണ്: ''പ്രസ്ഥാന നായകന്‍ ഇത് പറയുന്ന സാഹചര്യം പരിശോധിച്ചാല്‍ ആ നിര്‍ദേശം തത്ത്വത്തില്‍ ശരിയായിരുന്നുവെന്നു കാണാം. അത് ആത്മാര്‍ഥമായി നടപ്പാക്കാനും പ്രസ്ഥാനം ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇത് നയപരമായ ഒരു കാര്യമാണ്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമായാണ്  അതിന് ബന്ധം. സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഇതൊക്കെ അനിവാര്യമായും പുനഃപരിശോധിക്കേണ്ടിവരും. നിലപാട് പുനഃപരിശോധിക്കുകയും മാറ്റുകയും ചെയ്തിട്ടുമുണ്ട്. ഒരു ജീവിക്കുന്ന പ്രസ്ഥാനം അങ്ങനെയാണ് ചെയ്യുക. അതില്‍ വിസ്മയിക്കേണ്ട കാര്യമൊന്നുമില്ല. ആ നിലപാടുമാറ്റം ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് പോറലേല്‍പിക്കുകയോ ഖുര്‍ആനിനും സുന്നത്തിനും അത് എതിരാവുകയോ ചെയ്യുന്നില്ല'' (ജമാഅത്തെ ഇസ്‌ലാമി കി തര്‍ജീഹാത്ത്, പേ: 26). ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഇതഃപര്യന്തമുള്ള ചരിത്രം ഇത്തരം രാഷ്ട്രീയ നിലപാടുമാറ്റങ്ങളുടെ കൂടി ചരിത്രമാണ്. നിലപാടുമാറ്റത്തെ പരിഹസിക്കുന്നവരും നിലപാടുകള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നുണ്ട് എന്നതാണ് സത്യം, അവരത് അംഗീകരിക്കാന്‍ കൂട്ടാക്കില്ലെങ്കിലും. സാഹചര്യങ്ങളുടെ മാറ്റം, പ്രസ്ഥാനത്തിന്റെ വളര്‍ച്ച തുടങ്ങി നിരവധി കാര്യങ്ങള്‍ നിലപാടുമാറ്റത്തിന് കാരണമായേക്കാം. പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപവത്കരണത്തില്‍ എത്തിനില്‍ക്കുന്നു അത്. രാഷ്ട്രീയ ശാക്തീകരണത്തിന്റെ തുടക്കമായി അതിനെ കാണാം. 
പിന്നാക്ക, ന്യൂനപക്ഷ, അധഃസ്ഥിത വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എത്രത്തോളം സാധ്യമാണ് എന്ന മര്‍മപ്രധാനമായ ചോദ്യം ഇവിടെ ഉയരുന്നുണ്ട്. വിദ്യാഭ്യാസ-സാമ്പത്തിക ശാക്തീകരണത്തിന് നേതൃത്വം കൊടുത്തുകൊണ്ടുമാത്രമേ രാഷ്ട്രീയ ശാക്തീകരണത്തില്‍ എത്തിച്ചേരാനാവൂ എന്നാണ് ജനകീയ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നല്‍കുന്ന പാഠം. ഗസ്സയിലെ ഹമാസ് ഉദാഹരണമാണ്. ആദ്യകാലങ്ങളില്‍ രാഷ്ട്രീയ ഗോദയില്‍ അവര്‍ ഇറങ്ങാറില്ലായിരുന്നു.ുണ്ടായിരുന്നില്ല. സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വ്യാപൃതരായിരുന്നു അവര്‍. മാറിയ പരിതഃസ്ഥിതിയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍, ആദ്യ പരീക്ഷണത്തില്‍തന്നെ അവര്‍ അധികാരത്തിലേറുകയും ചെയ്തു. സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവും മറ്റുമായ ഉന്നമനത്തിന് നേതൃത്വം കൊടുത്തവരെന്ന നിലക്ക് അവരുടെ വിശ്വാസമാര്‍ജിക്കാന്‍ പ്രസ്ഥാനത്തിന് കഴിഞ്ഞിരുന്നു. അത്തരമൊരു മണ്ണൊരുക്കല്‍ ഇന്ത്യയില്‍ നടന്നിട്ടില്ല എന്നതാണ് പ്രശ്‌നം. രാഷ്ട്രീയ പരീക്ഷണങ്ങള്‍ വിജയം കാണുമോ എന്ന ചോദ്യമുയരുന്നത് അവിടെയാണ്.
 

Comments

Other Post