Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

വിഷന്‍     ശാക്തീകരണ മുന്നേറ്റത്തിലെ നാഴികക്കല്ല്

ബഷീര്‍ തൃപ്പനച്ചി

ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ഏറ്റവുമൊടുവിലത്തെ ഔദ്യോഗിക സാക്ഷ്യപത്രമാണ് 2006-ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട ജ. രജീന്ദര്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആദിവാസികളേക്കാളും ദലിതരേക്കാളും മുസ്‌ലിംകള്‍ പിന്നാക്കമാണെന്ന് കണക്കുകള്‍ സഹിതം ആ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദാരിദ്ര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കും സാക്ഷരതയില്‍ ഏറ്റവും താഴ്ന്ന നിരക്കും മുസ്‌ലിം സമുദായത്തിനാണെന്നാണ് സച്ചാര്‍ സമിതിയുടെ കണ്ടെത്തല്‍. ദേശീയ ശരാശരിയുടെ മുകളിലാണ് മുസ്‌ലിം സമുദായത്തിലെ ദരിദ്രരുടെ എണ്ണം. മുസ്‌ലിം പുരുഷന്മാര്‍ 35 ശതമാനവും മുസ്‌ലിം സ്ത്രീകള്‍ 47 ശതമാനവും നിരക്ഷരരാണ്. 19 ശതമാനം മുസ്‌ലിം ആണ്‍കുട്ടികളും 23 ശതമാനം മുസ്‌ലിം പെണ്‍കുട്ടികളും സ്‌കൂളിന് പുറത്താണ്. ശുചീകരണ സൗകര്യങ്ങള്‍, ശുദ്ധജല ലഭ്യത തുടങ്ങിയവയിലും ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ് മുസ്‌ലിം സമൂഹമെന്നാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിയോഗിച്ച ഏഴംഗ ഉന്നതാധികാര സമിതി നടത്തിയ  മാസങ്ങള്‍ നീ പഠനങ്ങളുടെ ഫലമായി കണ്ടെത്തിയ ഔദ്യോഗിക വിവരങ്ങളാണിത്. സര്‍വതലത്തിലുമുള്ള ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ വ്യത്യസ്ത പദ്ധതികളും നിര്‍ദേശങ്ങളും വെച്ചിരുന്നുെവങ്കിലും അതെല്ലാം പത്തു വര്‍ഷത്തിനു ശേഷവും കടലാസില്‍ വിശ്രമിക്കുകയാണ്. ചില പൊടിക്കൈ പ്രോജക്ടുകള്‍ക്കപ്പുറം ആസൂത്രിതവും ദീര്‍ഘവീക്ഷണവുമുള്ള പദ്ധതികളൊന്നും സര്‍ക്കാര്‍ തലത്തില്‍നിന്ന് ഇന്ത്യയിലെ മുസ്‌ലിം പൗരന്മാരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഉണ്ടായിട്ടില്ലെന്നതാണ് നേര്.
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ച അതേ 2006-ല്‍ മുസ്‌ലിം ഇന്ത്യയുടെ പിന്നാക്കാവസ്ഥ സാധ്യമാവുംവിധം പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സര്‍ക്കാരിതര പ്രോജക്ടാണ് വിഷന്‍ 2016. ഏഴംഗ സച്ചാര്‍ സമിതിയിലെ പ്രമുഖാംഗമായിരുന്ന അലീഗഢ് യൂനിവേഴ്‌സിറ്റി മുന്‍ വി.സി സയ്യിദ് ഹാമിദ് ആയിരുന്നു വിഷന്‍ പ്രോജക്ടുകളുടെ പ്രഥമ ചെയര്‍മാന്‍ എന്നത് വിഷന്റെ ലക്ഷ്യവും രൂപീകരണ പശ്ചാത്തലവും വ്യക്തമാക്കുന്നതാണ്. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അമീറായി തെരഞ്ഞെടുക്കപ്പെട്ട വേളയിലാണ് ഈ ബൃഹദ് പ്രോജക്ടിനുള്ള പ്രാരംഭ ആലോചനകള്‍ നടക്കുന്നത്. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങളുടെ മാതൃകയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പദ്ധതികളുണ്ടാവണമെന്ന് ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി ആഗ്രഹിച്ചു. അതിനായി കേരള ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന പ്രഫ. കെ.എ സിദ്ദീഖ് ഹസനെ അദ്ദേഹം ജനസേവന വിഭാഗം സെക്രട്ടറിയായി നിശ്ചയിച്ച് ഈ ഉത്തരവാദിത്തമേല്‍പിച്ചു. ഓരോ സംസ്ഥാനങ്ങളുടെയും  സാഹചര്യങ്ങളും ആവശ്യങ്ങളും വ്യത്യസ്തമായതിനാല്‍ അവിടങ്ങളിലെല്ലാം നേരിട്ട് സന്ദര്‍ശിച്ച് പഠനം നടത്തി സിദ്ദീഖ് ഹസന്റെ നേതൃത്വത്തിലുള്ള ടീം പ്രഥമ പ്രോജക്ട് തയാറാക്കി. ആ പ്രോജക്ടിന് ജമാഅത്ത് അഖിലേന്ത്യാ അമീര്‍ അനുവാദം നല്‍കിയതോടെയാണ് വിഷന്‍ 2016 എന്ന പേരില്‍ 10 വര്‍ഷം മുന്നില്‍കണ്ടുള്ള വ്യത്യസ്ത പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ശാക്തീകരണ പരിപാടിക്ക് തുടക്കം കുറിക്കപ്പെടുന്നത്.
നിരക്ഷരത, ദാരിദ്ര്യം, സാമൂഹിക അരക്ഷിതാവസ്ഥ, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് മുസ്‌ലിം പിന്നാക്കാവസ്ഥയുടെ അടിസ്ഥാന പ്രശ്‌നങ്ങളെന്ന് വിഷന്‍ ടീം തുടക്കത്തിലേ തിരിച്ചറിഞ്ഞു. ഓരോ പ്രദേശത്തിന്റെയും സാമൂഹികാന്തരീക്ഷം മനസ്സിലാക്കി മുന്‍ഗണനാടിസ്ഥാനത്തില്‍ ഈ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികളാണ് ആദ്യ പത്തു വര്‍ഷത്തേക്ക് വിഷന്‍ ആസൂത്രണം ചെയ്തത്. വിദ്യാഭ്യാസ ബോധവത്കരണത്തിനും പ്രാഥമിക സ്‌കൂള്‍ സംവിധാനമൊരുക്കാനുമുള്ള സംവിധാനങ്ങള്‍ക്കായിരുന്നു മുഖ്യ ഊന്നല്‍. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനു കീഴില്‍ ഓരോ മേഖലയും പ്രത്യേകം ശ്രദ്ധിക്കുന്നതിന് വ്യത്യസ്ത എന്‍.ജി.ഒകള്‍ രൂപീകരിച്ചാണ് വിഷന്‍ 2016 പ്രോജക്ടുകള്‍ പ്രായോഗികമായി നടപ്പാക്കിത്തുടങ്ങിയത്. ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍), സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂചര്‍ (എസ്.ബി.എഫ്), മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്), സഹൂലത്ത് എന്നീ എന്‍.ജി.ഒകള്‍ക്കു കീഴില്‍ വിദ്യാഭ്യാസ-ആരോഗ്യ -തൊഴില്‍ മേഖലകളിലും മനുഷ്യാവകാശ -ദുരിതാശ്വാസ-പുനരധിവാസ രംഗങ്ങളിലും ഒട്ടനേകം പദ്ധതികളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വിഷന്‍ പൂര്‍ത്തീകരിച്ചത്.

വിദ്യാഭ്യാസം
ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ദാരിദ്ര്യമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണം വിദ്യാഭ്യാസമില്ലായ്മയാണെന്ന് വിഷന്‍ ശില്‍പികള്‍ മനസ്സിലാക്കിയിരുന്നു. മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന മിക്ക ഗ്രാമങ്ങളിലും പ്രാഥമിക വിദ്യാലയങ്ങള്‍ പോലുമില്ലായിരുന്നു. ഉള്ളിടത്താണെങ്കില്‍ പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളുമില്ല. ഇങ്ങനെ പല കാരണങ്ങളാല്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം അവര്‍ക്ക് അപ്രാപ്യമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് കുട്ടികളെ അയക്കാനുള്ള വിദ്യാഭ്യാസ ബോധവത്കരണമാണ് വിഷന്‍ ആദ്യം നടത്തിയത്. പിന്നീട് സ്‌കൂളുകളില്ലാത്ത ഗ്രാമങ്ങളില്‍ പ്രാഥമിക സ്‌കൂളുകള്‍ പണിതും, ഉള്ള വിദ്യാലയങ്ങളില്‍ ടോയ്‌ലറ്റ് -കുടിവെള്ള സൗകര്യങ്ങളും ക്ലാസ് റൂം സംവിധാനവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയും ഉച്ചഭക്ഷണ പദ്ധതികളുമൊരുക്കിയും മറ്റും കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാനുമുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടു. രണ്ടാം ഘട്ടത്തില്‍, സാധ്യമായ പ്രദേശങ്ങളില്‍ ടെക്‌നിക്കല്‍ സ്‌കൂളുകള്‍ ആരംഭിച്ച് വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ നൈപുണ്യം ഉറപ്പുവരുത്തി. ഗ്രാമങ്ങളില്‍നിന്ന് വിദ്യാഭ്യാസത്തിനായി ദൂരേക്ക് പോകുന്നവര്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യമുള്ള ഹോസ്റ്റല്‍ സംവിധാനങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡുകള്‍, കരിയര്‍ ഗൈഡന്‍സ് എന്നിവ ഏര്‍പ്പെടുത്തി കൂടുതല്‍ പേരെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൈപ്പിടിച്ചുയര്‍ത്തി. വിഷന്‍ പദ്ധതികള്‍ക്കു കീഴില്‍ 'ദി സ്‌കോളര്‍' മോഡല്‍ സ്‌കൂളുകള്‍, സ്ലം സ്‌കൂളുകള്‍, വൊക്കേഷണല്‍ സ്‌കൂളുകള്‍ എന്നിവയും നടക്കുന്നു. 5176 വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ബിരുദ-ബിരുദാനന്തര സ്‌കോളര്‍ഷിപ്പ് നല്‍കി. ഓരോ അധ്യയന വര്‍ഷാരംഭത്തിലും നല്‍കുന്ന സ്‌കൂള്‍ കിറ്റ് പദ്ധതിയിലൂടെ ദരിദ്ര  വിദ്യാര്‍ഥികള്‍ക്ക് നോട്ട് ബുക്കുകള്‍, ബാഗ്, സ്‌റ്റേഷനറി, യൂനിഫോം എന്നിവ വിഷന്‍ ഉറപ്പുവരുത്തി. ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത പദ്ധതികളിലൂടെ കൈത്താങ്ങാകാന്‍ ഇതിനകം വിഷന് സാധിച്ചു. സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ തയാറാക്കുക, കൂടുതല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക എന്നീ പ്രോജക്ടുകള്‍ക്ക് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ആരോഗ്യം
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍, വിശേഷിച്ചും മുസ്‌ലിം പോക്കറ്റുകളില്‍ ചികിത്സാ സൗകര്യങ്ങള്‍ വളരെ വിരളമാണ്. പോഷകാഹാരക്കുറവു മൂലവും പകര്‍ച്ചവ്യാധികളാലും രോഗങ്ങള്‍ അവരുടെ കൂടപ്പിറപ്പുകളാണ്. അപൂര്‍വം ഗ്രാമങ്ങളിലുള്ള സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളാണ് ലഭ്യമായ ഏറ്റവും ഉയര്‍ന്ന ചികിത്സാ സംവിധാനം. അവിടെനിന്ന് ലഭിക്കുന്ന ചികിത്സാ സൗകര്യമാവട്ടെ പരിമിതവും. സാധ്യമാവുംവിധം ഈ ഗ്രാമീണര്‍ക്ക് ചികിത്സാ സംവിധാനങ്ങളൊരുക്കുന്നതിന് വ്യത്യസ്ത പ്രോജക്ടുകള്‍ക്കാണ് വിഷന്‍ രൂപം നല്‍കിയത്. മൊബൈല്‍ മെഡിക്കല്‍ വാനുകള്‍, ആംബുലന്‍സുകള്‍, മെഡിക്കല്‍ സെന്ററുകള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ എന്നിവയാണവ. നിരന്തരം നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. 14 സംസ്ഥാനങ്ങളില്‍ 1807 മെഡിക്കല്‍ ക്യാമ്പുകള്‍ വിഷനു കീഴില്‍ നടന്നിട്ടുണ്ട്. മൂന്നര ലക്ഷം രോഗികള്‍ ഈ ക്യാമ്പുകളിലൂടെ സൗജന്യചികിത്സ നേടുകയുണ്ടായി.
ദല്‍ഹിയില്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപിച്ച അല്‍ ശിഫ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണ് ആരോഗ്യ മേഖലയിലെ വിഷന്റെ ശ്രദ്ധേയമായ ഒരു സംരംഭം. ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഇവിടെ ചികിത്സ ലഭിക്കുന്നു. ഗ്രാമങ്ങളില്‍നിന്ന് വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളവരെ വിഷന്‍ വളന്റിയര്‍മാര്‍ വഴി അല്‍ ശിഫ ഹോസ്പിറ്റലില്‍ എത്തിക്കുന്ന പദ്ധതി വഴി ഒട്ടനേകം പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചത്. അടുത്ത ദശവര്‍ഷ പദ്ധതിയില്‍ -വിഷന്‍ 2026- നൂറ് പ്രദേശങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ച് പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, പത്ത് ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

തൊഴില്‍-വായ്പാ പദ്ധതികള്‍
കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, റിക്ഷ വലിക്കുന്നവര്‍, തൊഴില്‍രഹിത യുവാക്കള്‍ എന്നിവര്‍ക്ക് തൊഴില്‍ പരിശീലനങ്ങളും തൊഴിലുപകരണങ്ങളുടെ വിതരണവും പലിശരഹിത വായ്പകളും നല്‍കുന്ന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത് സഹൂലത്ത് എന്ന എന്‍.ജി.ഒ ആണ്. ഗ്രാമീണ മേഖലയിലെ സാധാരണക്കാര്‍ക്ക് പതിനായിരം രൂപ വരെ പലിശരഹിത വായ്പ നല്‍കി അവരുടെ ഉപജീവനമാര്‍ഗത്തിന് കരുത്ത് നല്‍കുന്ന സംവിധാനമാണ് സഹൂലത്തിന്റെ ഈ ജനകീയ പദ്ധതി.
പലിശരഹിത വായ്പാ സംവിധാനങ്ങള്‍ക്കായി വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വിവിധ മൈക്രോ ഫിനാന്‍സ് സൊസൈറ്റികള്‍ക്ക് സഹൂലത്ത് രൂപം കൊടുത്തിട്ടുണ്ട്. സംഗമം (കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി), ഖിദ്മത്ത് (ആന്ധ്രാ പ്രദേശ്, തെലങ്കാന), സഹായത (പശ്ചിമ ബംഗാള്‍, അസം), യൂനിറ്റി (മഹാരാഷ്ട്ര, ഗുജറാത്ത്), അല്‍ഖൈര്‍ (ദല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്) തുടങ്ങിയ മൈക്രോ ഫിനാന്‍സ് സൊസൈറ്റികളൊക്കെ സഹൂലത്തിന്റെ മേല്‍നോട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നവയാണ്. ഈ ക്രെഡിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റികളില്‍നിന്ന് 16397 പേര്‍ക്ക് ഇതുവരെ പ്രയോജനം ലഭിച്ചു. പലിശരഹിത മൈക്രോ ഫിനാന്‍സിംഗ് ജനകീയമാക്കുന്നതിനും ഈ രംഗത്ത് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു ജേര്‍ണലും സഹൂലത്ത് പുറത്തിറക്കുന്നുണ്ട്. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഡോ. അര്‍ശദ് അജ്മലാണ് സഹൂലത്ത് ചെയര്‍മാന്‍.

മനുഷ്യാവകാശം
ചെറുതും വലുതുമായ കലാപങ്ങളിലൂടെ ഏകപക്ഷീയമായ മുസ്‌ലിം വേട്ടകളാണ് മിക്കപ്പോഴും ഉത്തേരന്ത്യയില്‍ അരങ്ങേറുക. അക്രമികള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ അവര്‍ക്കെതിരെ കേസ് ചുമത്തപ്പെടുകയോ ചെയ്യുന്ന അനുഭവങ്ങള്‍ അപൂര്‍വം. അക്രമങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കപ്പെടുന്ന വീടുകള്‍, ആരാധനാലയങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവക്ക് യാതൊരു നഷ്ടപരിഹാരവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ലഭിക്കാറില്ല. ഈ അനീതികള്‍ക്കെതിരെ ശബ്ദിക്കാനുള്ള ശേഷിയോ കൂട്ടായ്മകളോ ഇല്ലാത്തതിനാല്‍ നീതിനിഷേധം നിര്‍ബാധം തുടരുകയായിരുന്നു. ഇതിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭിഭാഷകരുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്(എ.പി.സി.ആര്‍) എന്ന നിയമസഹായ വേദി രൂപീകരിച്ചത്. നിയമവിരുദ്ധ തടങ്കല്‍, കസ്റ്റഡി മരണങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, പകപോക്കല്‍ കേസുകള്‍, പോലീസ് അതിക്രമങ്ങള്‍, കലാപാനന്തര കേസുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം നിയമസഹായങ്ങള്‍ നല്‍കുന്ന വേദിയായി എ.പി.സി.ആര്‍ ഇപ്പോള്‍ വളര്‍ന്നുകഴിഞ്ഞു. രാജ്യത്തെ പ്രമുഖ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഈ വേദിയുമായി സഹകരിക്കുന്നു. വ്യാജ ഭീകരവാദ കേസുകള്‍ ചുമത്തപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ജയിലുകളില്‍ കഴിഞ്ഞിരുന്ന ആയിരത്തോളം ചെറുപ്പക്കാര്‍ക്ക് നിയമസഹായം നല്‍കി അവരുടെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി മോചിപ്പിക്കാന്‍ ഇതിനകം എ.പി.സി.ആറിന് സാധിച്ചിട്ടുണ്ട്. 13389 പേര്‍ക്ക് പത്ത് വര്‍ഷത്തിനുള്ളില്‍ ഈ വേദി നിയമസഹായം നല്‍കി. വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍ തയാറാക്കല്‍, ലീഗല്‍ വര്‍ക് ഷോപ്പുകള്‍- സെമിനാറുകള്‍ സംഘടിപ്പിക്കല്‍, നിയമബോധവത്കരണം തുടങ്ങി ഒട്ടനവധി മേഖലകളില്‍ സജീവമാണ് എ.പി.സി.ആര്‍.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
കലാപങ്ങളും പ്രകൃതിദുരന്തങ്ങളും സംഭവിക്കുമ്പോള്‍ അവിടെ കുതിച്ചെത്തി അടിയന്തര സേവനം ചെയ്യുന്ന വേദിയാണിത്. റിലീഫ്-റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഈ  ടീമിന്റെ മുഖ്യ ദൗത്യം. വിഷനു കീഴിലുള്ള സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂചര്‍ (എസ്.ബി.എഫ്) ആണ് ഈ ടീമിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടന്ന പ്രകൃതി ദുരന്ത-കലാപ പ്രദേശങ്ങളിലെല്ലാം ഈ ടീമിന്റെ സേവനങ്ങളുണ്ടായിരുന്നു. കേരളത്തില്‍നിന്നുള്ള ഐ.ആര്‍.ഡബ്ല്യുമായി സഹകരിച്ചും എസ്.ബി.എഫ് ദുരിതാശ്വാസ-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ദുരന്തത്തിനിരയായവര്‍ക്ക് ഭക്ഷണം, കുടിവെള്ളം, അവശ്യമരുന്നുകള്‍ എത്തിക്കുക, താമസ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, വീടുകളും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കുക എന്നീ സേവനങ്ങളെല്ലാം ഡിസാസ്റ്റര്‍് മാനേജ്‌മെന്റിലുള്‍പ്പെടുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ പ്രവര്‍ത്തനസജ്ജരായ വളന്റിയര്‍മാരും മെഡിക്കല്‍ -പാരാ മെഡിക്കല്‍ ടീമുകളും ഉള്‍പ്പെട്ടതാണ് ഈ വേദി.

മോഡല്‍ വില്ലേജ്
ഗ്രാമങ്ങളെ പൂര്‍ണമായി ദത്തെടുത്ത് ശാക്തീകരിക്കുന്ന വിഷന്‍ പ്രോജക്ടിന്റെ പേരാണ് മോഡല്‍ വില്ലേജ്. ഒരു ഗ്രാമം കേന്ദ്രീകരിച്ച് അവിടത്തെ വിഭവങ്ങളും സാമൂഹിക-വിദ്യാഭ്യാസ സാഹചര്യങ്ങളും വിശദമായി പഠിച്ച് ഗ്രാമീണരെ സമ്പൂര്‍ണമായി ശാക്തീകരിക്കാനുള്ള പദ്ധതികളൊരുക്കുകയാണ് മോഡല്‍ വില്ലേജ് പ്രോജക്ടിലൂടെ വിഷന്‍, ഭവനരാഹിത്യം, ഉള്ള വീടുകളിലെ പ്രാഥമിക സൗകര്യങ്ങളുടെ അഭാവം, കുടിവെള്ള ദൗര്‍ലഭ്യം, വിദ്യാഭ്യാസ ആവശ്യങ്ങള്‍, കൊഴിഞ്ഞുപോക്ക് തുടങ്ങി ഓരോ കുടുംബത്തിന്റെയും വിശദ വിവരങ്ങള്‍ ശേഖരിച്ച് അവക്ക് ആദ്യം പരിഹാരം കാണും. അതിനു ശേഷം ഗ്രാമത്തിന് പൊതുവായി ആവശ്യമുള്ള വിദ്യാലയം, കുടിവെള്ള പദ്ധതി എന്നിവ നടപ്പാക്കും. ആ നാട്ടിലെ വിഭവങ്ങള്‍തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തൊഴിലുകളില്‍ പരിശീലനം നല്‍കി അവര്‍ക്ക് ജോലിയും വരുമാനവും ഉറപ്പു വരുത്തും. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ ഗ്രാമത്തിനു പുറത്ത് ഉന്നത തുടര്‍ വിദ്യാഭ്യാസത്തിനയക്കാനുള്ള സംവിധാനമൊരുക്കും. ഇങ്ങനെ ഒരു ഗ്രാമത്തെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ളതാക്കി മാറ്റുന്ന മാതൃകാ പദ്ധതിയാണിത്. മുന്നൂറിലേറെ കുടുംബങ്ങളുള്ളതാണ് ഓരോ ഗ്രാമവും.  പത്ത് ഗ്രാമങ്ങളെ ദത്തെടുത്ത് പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ ഇതുവരെ വിഷന് സാധിച്ചിട്ടുണ്ട്.

മറ്റു സാമൂഹിക പദ്ധതികള്‍
ഭവനനിര്‍മാണം, ഭക്ഷണകിറ്റ് പദ്ധതി, കുടിവെള്ള പദ്ധതി, സമൂഹവിവാഹം, ശൈത്യകാലത്തെ കമ്പിളി വിതരണം, റമദാന്‍ കിറ്റുകള്‍, ഖുര്‍ബാനി ബലിമാംസ വിതരണം തുടങ്ങി ചെറുതും വലുതുമായ പ്രോജക്ടുകളും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗഷേനു കീഴില്‍ വിഷന്‍ നടപ്പിലാക്കുന്നു. 1837 കുടിവെള്ള പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. 898905 കുടുംബങ്ങള്‍ക്ക് പല സന്ദര്‍ഭങ്ങളിലായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് ഉപകാരപ്പെട്ട പദ്ധതിയാണ് ശൈത്യകാലത്തെ കമ്പിളി വിതരണം. രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലായി 2365 നിര്‍ധന യുവതീയുവാക്കളുടെ വിവാഹത്തിന് സംവിധാനമൊരുക്കാനും ഇതിനകം വിഷന് സാധിച്ചിട്ടുണ്ട്.  1753 വീടുകള്‍ നിര്‍മിച്ചുനല്‍കി. ഇത്തരം പദ്ധതികള്‍ വിഷന്‍ 2026 എന്ന തുടര്‍ പ്രോജക്ടിന്റെ ഭാഗമായും ആസൂത്രണം ചെയ്തിട്ടുണ്ട്. സംഘടനാതീതമായി ലഭിക്കുന്ന ഉദാര സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും കാരണമാണ് വിഷന്‍ ടീമിന് ഇത്ര വിപുലമായ പദ്ധതികളൊരുക്കാന്‍ കഴിഞ്ഞത്. ഈ അനുഭവവും തിരിച്ചറിവും വിഷന്‍ 2026-ന്റെ ഭാഗമായ  ബൃഹദ് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ വിഷന്‍ പ്രവര്‍ത്തകര്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം.

Comments

Other Post