Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കര്‍മവൈവിധ്യത്തിന്റെ സമഗ്ര സ്വാധീനം

സയ്യിദ് സആദത്തുല്ല ഹുസൈനി

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനമാണ്. ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ അത് പ്രവര്‍ത്തനനിരതമാണ്. സ്വാഭാവികമായും അത് ചെലുത്തുന്ന സ്വാധീനവും സമഗ്ര സ്വഭാവമുള്ളതായിരിക്കും. ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷവും ഇത്ര വലിയ ഒരു രാജ്യത്ത് ഇത്ര കുറഞ്ഞ ആളുകളെയല്ലേ ഇസ്‌ലാമിക പ്രസ്ഥാനത്തിന് നേടാനായിട്ടുള്ളൂ എന്ന ചോദ്യമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം അതിന്റെ കേഡറുകളിലോ യൂനിറ്റുകളിലോ പരിമിതമല്ല എന്നതാണ് അതിന്റെ ഉത്തരം. അത് അടിസ്ഥാനപരമായി ഒരു സാമൂഹിക പ്രസ്ഥാനമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ സാമൂഹിക സ്വാധീനം അതിന്റെ അംഗസംഖ്യയുമായി തട്ടിച്ചുനോക്കിയാല്‍ വളരെ വലുതാണ്. പ്രഫ. ജോണ്‍ എല്‍. എസ്‌പോസിറ്റോ എഴുതുന്നു: ''ജമാഅത്തിന്റെ അംഗസംഖ്യയെ കവച്ചുവെക്കുന്നതാണ് അതിന്റെ സ്വാധീനം. സംഘടനയുടെ അച്ചടക്കവും ചിട്ടയായ പ്രവര്‍ത്തനങ്ങളും സാമൂഹികശക്തിയും വിശ്വാസ്യതയുമാണ് ആ സ്വാധീനത്തിന് കാരണം.''1
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രം ധീരതയോടെ ഉറച്ചുനിന്നതിന്റെ കൂടി ചരിത്രമാണ്. ഇന്ത്യാ വിഭജനത്തോടെ അവരുടെ സ്ഥിതി വളരെ ഇടുങ്ങിപ്പോയിട്ടുണ്ടെന്നും മുസ്‌ലിം സ്വത്വം നിലനിര്‍ത്തി ജീവിച്ചുപോവുക അവര്‍ക്ക് അസാധ്യമായിത്തീരുമെന്നും മറ്റുമുള്ള ധാരണ സൃഷ്ടിക്കപ്പെട്ടിരുന്നു. പാകിസ്താനു വേണ്ടി വാദിച്ചവരും ഇരട്ട ദേശീയതയുടെ വക്താക്കളുമെല്ലാം ഇങ്ങനെയൊരു ധാരണ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിഭജനാനന്തരം അതിഭീകരമായ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയതോടെ ആ ധാരണ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. എന്നാല്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ അസാമാന്യമായ ധീരതയോടെ മാതൃരാജ്യത്തുതന്നെ ഉറച്ചുനിന്ന്, മതപരമായ സ്വത്വവും സവിശേഷതകളും ഒട്ടും കൈയൊഴിക്കാതെ രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അത്തരം ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കുകയുണ്ടായി. സുദീര്‍ഘമായ ഈ ചരിത്രത്തില്‍ പല പ്രതിസന്ധികളിലൂടെയും സമുദായം കടന്നുപോയി എന്നതും ശരിയാണ്. ഇന്ന് വിദ്യാഭ്യാസ, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ മുസ്‌ലിം സമുദായം വളരെ പിന്നിലാണ്; സ്വാതന്ത്ര്യ സമരകാലത്തേക്കാള്‍ പിന്നില്‍.  ഇന്നത് രാജ്യത്തെ പിന്നാക്ക സമൂഹങ്ങളിലൊന്നാണ്. ഈ ദുര്‍ബലാവസ്ഥ കാരണം അനീതിക്കും അതിക്രമങ്ങള്‍ക്കും സമുദായം നിരന്തരം വിധേയമാക്കപ്പെടുകയും ചെയ്യുന്നു. അതേസമയം ചില മേഖലകളില്‍ ഈ സമുദായം ആര്‍ജിച്ച അസൂയാര്‍ഹമായ നേട്ടങ്ങളും നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല. മുസ്‌ലിം സമൂഹത്തിനകത്തെ സാമൂഹിക, പരിഷ്‌കരണ, ദാര്‍ശനിക പ്രസ്ഥാനങ്ങളും അവയെ നയിച്ച നേതാക്കളുമൊക്കെയാണ് ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. ഇവിടത്തെ ഭൂരിപക്ഷ സമൂഹവും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രത്തിന്റെ സെക്യുലര്‍ ഘടനയുമൊക്കെ ഇക്കാര്യത്തില്‍ അവയുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിച്ച ദൗത്യമാകട്ടെ വളരെ മര്‍മപ്രധാനവും അടിസ്ഥാനപരവുമാണെന്നും കാണാം. തങ്ങളുടെ പ്രമാണബദ്ധമായ പ്രത്യയശാസ്ത്ര നിലപാടുകളിലൂടെയും പത്ര-പുസ്തക പ്രസിദ്ധീകരണങ്ങളിലൂടെയും രാജ്യത്തുടനീളമുള്ള സംഘടനാ നെറ്റ്‌വര്‍ക്കുകളിലൂടെയും വിപുലമായ ബഹുജന സമ്പര്‍ക്കങ്ങളിലൂടെയും ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക കാഴ്ചപ്പാടുകളെയും കര്‍മമണ്ഡലങ്ങളെയും ആഴത്തില്‍ സ്വാധീനിക്കാന്‍ ജമാഅത്തിന് കഴിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുടനെ മറ്റു സംഘടനകളുമായി ചേര്‍ന്ന് മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസവും മനോദാര്‍ഢ്യവും പകര്‍ന്നുകൊടുക്കാനാണ് ജമാഅത്ത് ശ്രമിച്ചത്. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് ഇന്ത്യന്‍ പൗരന്മാരെന്ന നിലക്ക് എങ്ങനെ മുന്നോട്ടുപോകണമെന്ന് മുസ്‌ലിം സമുദായത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അക്കാലത്തെ ജമാഅത്ത് നേതാക്കളുടെ പ്രസ്താവനകളും അവര്‍ പുറത്തിറക്കിയിരുന്ന പ്രസിദ്ധീകരണങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. മുസ്‌ലിം സ്വത്വവും വ്യക്തിത്വവും സംരക്ഷിക്കുക, വര്‍ഗീയ കലാപങ്ങളുടെ കെടുതികളില്‍നിന്ന് സംരക്ഷണം നല്‍കുക എന്നീ രണ്ട് മുഖ്യ ലക്ഷ്യങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് അന്ന് ആസൂത്രണം ചെയ്തിരുന്നത്. വിഭജനാനന്തരം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സാരഥ്യമേറ്റ മൗലാനാ അബുല്ലൈസ് ഇസ്വ്‌ലാഹി 'സിന്ദഗി' മാസികക്ക് നല്‍കിയ പ്രസ്താവനയില്‍, ഭരണകൂടവുമായി സഹകരിച്ചുകൊണ്ട് രാജ്യപുരോഗതിയില്‍ ക്രിയാത്മക പങ്കുവഹിക്കാന്‍ മുസ്‌ലിംകളെ ആഹ്വാനം ചെയ്യുന്നതു കാണാം.2
മുസ്‌ലിം സമുദായത്തിന് ദീനീശിക്ഷണം നല്‍കിക്കൊണ്ട് മാത്രമേ അവരുടെ സ്വത്വസവിശേഷതകള്‍ നിലനിര്‍ത്താനാവൂ എന്ന് മനസ്സിലാക്കിയ ജമാഅത്ത്, മറ്റു സംഘടനകളുടെയും നേതാക്കളുടെയും സഹകരണത്തോടെ ആ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അന്തസ്സോടെ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ചില സാമൂഹിക മേഖലകളില്‍ ജമാഅത്ത് കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിലൊന്നാണ് അഭ്യസ്തവിദ്യരിലെ പ്രവര്‍ത്തനം. അവരില്‍ യഥാര്‍ഥ മതബോധം സൃഷ്ടിക്കുകയും സമുദായത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള ത്യാഗമനഃസ്ഥിതി വളര്‍ത്തിയെടുക്കുകയും ചെയ്തു. വിദ്യാസമ്പന്നരായ മിഡില്‍ ക്ലാസ്സാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഹൃദയമായി മനസ്സിലാക്കപ്പെട്ടുവരുന്നത്. സാമൂഹിക മാറ്റത്തിനുള്ള ചാലകശക്തിയായി വര്‍ത്തിക്കുക അവരായിരിക്കും. മധ്യവര്‍ഗം ഉദ്ബുദ്ധരും ക്രിയാത്മകതയുള്ളവരുമാണെങ്കില്‍ സമൂഹത്തിലൊന്നാകെയും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. വിദ്യാസമ്പന്നരായ ഈ മിഡില്‍ ക്ലാസ്സിലാണ് ജമാഅത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ സ്വാധീനവൃത്തങ്ങളുള്ളത്. കോളേജുകളിലും യൂനിവേഴ്‌സിറ്റികളിലുമുള്ള വിദ്യാസമ്പന്നരെ ദീനിലേക്ക് തിരിച്ചുപിടിക്കാന്‍ പ്രസ്ഥാനത്തിന് സാധിച്ചു. ഇക്കാര്യത്തില്‍ ജമാഅത്ത് സാഹിത്യങ്ങള്‍ വഹിച്ച ചരിത്രപരമായ പങ്ക് സമുദായത്തിലെ പണ്ഡിതന്മാരെല്ലാം അംഗീകരിച്ചിട്ടുള്ളതാണ്. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി സയ്യിദ് മൗദൂദിയുടെ രചനകളെ വിലയിരുത്തുന്നു:
''ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തന്റെ പ്രശസ്തമായ തര്‍ജുമാനുല്‍ ഖുര്‍ആന്‍ (ഹൈദരാബാദ്) പത്രത്തിലെഴുതിയ ലേഖനങ്ങള്‍ മുസ്‌ലിം വിദ്യാസമ്പന്നരുടെ വീക്ഷണഗതികളെയാണ് അഭിസംബോധന ചെയ്തിരുന്നത്. ആ ലേഖനങ്ങള്‍ പാശ്ചാത്യ ജീവിതദര്‍ശനങ്ങളെ ചെറുക്കുക മാത്രമല്ല, കടന്നാക്രമിക്കുക തന്നെ  ചെയ്തു. പാശ്ചാത്യ ചിന്തകളുടെ സ്വാധീനത്താല്‍ അവര്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന പരിഷ്‌കാര ചിന്തകളെയും ധാരണകളെയും അവ ചോദ്യം ചെയ്തു. കടുത്ത സാമുദായികതയുടെ രൂപത്തിലാണത് അവര്‍ക്കിടയില്‍ പ്രത്യക്ഷമായിരുന്നത്. എന്നു മാത്രമല്ല, പരിഷ്‌കരണവാദികള്‍ പ്രത്യേകം ലക്ഷ്യമിട്ടിരുന്ന ശരീഅത്തിന്റെയും ഇസ്‌ലാമിക നിയമത്തിന്റെയും വിവാദമായിത്തീര്‍ന്ന വിവിധ വശങ്ങളെക്കുറിച്ച് മനസ്സില്‍ തറക്കുന്ന പ്രമാണബദ്ധമായ പഠനങ്ങളും അദ്ദേഹം എഴുതി; പലിശ, പര്‍ദ, ജിഹാദ്, ബലി, അടിമത്തം, ഹദീസും സുന്നത്തും, കുടുംബ നിയമങ്ങള്‍ തുടങ്ങി ഒട്ടു വളരെ വിഷയങ്ങളെക്കുറിച്ച്. ആ ലേഖനങ്ങള്‍ പിന്നീട് സമാഹരിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് സ്വതന്ത്ര കൃതികളും അദ്ദേഹം രചിക്കുകയുണ്ടായി.  ഈ രചനകളിലൂടെ ആധുനിക വിദ്യാഭ്യാസം നേടിയ വിദ്യാസമ്പന്നരെയും ബുദ്ധിജീവികളെയും ഇസ്‌ലാമിനെക്കുറിച്ച് ആത്മാഭിമാനമുള്ളവരാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ച് വിദ്യാസമ്പന്നരില്‍ നിലനിന്നിരുന്ന അപകര്‍ഷബോധത്തില്‍നിന്ന് അവരെ രക്ഷപ്പെടുത്തി. ഈ സേവനങ്ങളെ അംഗീകരിക്കാതിരിക്കുന്നത് അതിരുകവിച്ചിലാണ്. ഇതുകൊണ്ടാവാം അക്കാലത്തെ ചില എഴുത്തുകാര്‍ മൗലാനാ മൗദൂദിയെ ഇസ്‌ലാമിന്റെ വക്താവ് (മുതകല്ലിമെ ഇസ്‌ലാം) എന്നു വിളിച്ചത്.''3
വിദ്യാസമ്പന്നരില്‍ ഇസ്‌ലാമിനെക്കുറിച്ച് അഭിമാനബോധവും ആത്മവിശ്വാസവും ഉണ്ടാക്കിയ ശേഷം, രാജ്യത്തിന്റെയും സമുദായത്തിന്റെയും പുനര്‍നിര്‍മാണത്തിലും പുരോഗതിയിലും അവര്‍ എങ്ങനെ ഭാഗഭാക്കാകണം എന്ന് ഒരു പ്രവര്‍ത്തന പരിപാടി സമര്‍പ്പിച്ചുകൊണ്ട് ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്തു ജമാഅത്തെ ഇസ്‌ലാമി. രാജ്യത്തെ മുസ്‌ലിംകളോട് ഇസ്‌ലാമിക പ്രസ്ഥാനം പറഞ്ഞുകൊണ്ടിരുന്ന സുപ്രധാന കാര്യം, ഇസ്‌ലാമിനെ പ്രബോധനം ചെയ്യുകയെന്നത് അവരുടെ ദീനീബാധ്യതയാണ് എന്നാണ്. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ഇസ്‌ലാമിനെ സമര്‍പ്പിച്ചുകൊണ്ട് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നും ആഹ്വാനം ചെയ്തു.  രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ സ്റ്റഡി സര്‍ക്ക്‌ളുകളിലൂടെയും അതുപോലുള്ള സംവിധാനങ്ങളിലൂടെയും ഈ പരിഷ്‌കരണ മനസ്സും നവോത്ഥാന സ്പിരിറ്റും ഉള്‍ക്കൊണ്ട ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ജമാഅത്തിന് സാധ്യമാവുകയുണ്ടായി. ഇന്ന് ഇന്ത്യയുടെ എല്ലാ നഗരങ്ങളിലും വിദ്യാഭ്യാസം, പ്രബോധനം, രാഷ്ട്രീയം, സാമൂഹിക സേവനം തുടങ്ങിയ വിവിധ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഇത്തരം ആയിരക്കണക്കിന് അഭ്യസ്തവിദ്യരെ നിങ്ങള്‍ക്ക് കാണാം. ഇവരില്‍ പലര്‍ക്കും ജമാഅത്തുമായി ഔദ്യോഗിക ബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. പക്ഷേ, അവരുടെ ചിന്തയിലും ശിക്ഷണത്തിലുമൊക്കെ ജമാഅത്തിന്റെ ആഴത്തിലുള്ള സ്വാധീനം നിങ്ങള്‍ക്ക് കാണാം. വിദ്യാഭ്യാസരംഗത്ത് മതപരമെന്നും ഭൗതികമെന്നുമുള്ള വിഭജനത്തിന് അന്ത്യം കുറിച്ചത്, ദീനീനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആധുനിക വിദ്യാഭ്യാസത്തെ പുനഃസംഘടിപ്പിച്ചത്, സാമ്പത്തിക മേഖലയില്‍ പലിശരഹിത സംവിധാനങ്ങള്‍ക്ക് തുടക്കം കുറിച്ചത്, രാഷ്ട്രീയത്തില്‍ ധാര്‍മിക-സദാചാര മൂല്യങ്ങള്‍ക്ക് പരിഗണന ലഭിക്കാന്‍ നടത്തിയ യത്‌നങ്ങള്‍, സഹോദര സമുദായങ്ങളുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തി പ്രബോധന മേഖലയില്‍ നടത്തിയ കാല്‍വെപ്പുകള്‍, പുതിയ മെത്തഡോളജികള്‍ ഉപയോഗിച്ച് ഇസ്‌ലാമിക വൈജ്ഞാനിക-ഗവേഷണ സാഹിത്യത്തിന് പുതിയ മുഖഭാവം നല്‍കിയത്, രാജ്യത്തിന്റെയും സമുദായത്തിന്റെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉതകുംവിധം ഇസ്‌ലാമിക മൂല്യങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ടുള്ള ഒരു ബദല്‍ വ്യവഹാര (Discourse)ത്തിന് ജന്മം നല്‍കിയത്... ഇങ്ങനെ എണ്ണിപ്പറയാന്‍ ധാരാളമുണ്ട്. ഇതൊക്കെയും ഒരുകാലത്ത് ജമാഅത്തിന്റെ വിചിത്ര ഭാവനകളായാണ് ആളുകള്‍ കണ്ടിരുന്നത് എന്നുമോര്‍ക്കണം. ഈ സ്വപ്‌നങ്ങളും ഭാവനകളുമൊക്കെ ഇന്ന് മുഴുവന്‍ സമുദായത്തിന്റെയും ഭാവനകളും സ്വപ്‌നങ്ങളുമാണ്. അവ നെഞ്ചേറ്റിയ സുശിക്ഷിതരായ ഒരു തലമുറ ഇന്ത്യയൊട്ടുക്കും ഇന്ന് വളര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം ലക്ഷ്യങ്ങള്‍ക്കു വേണ്ടി സമുദായത്തിലെ മുഴുവന്‍ വിഭാഗങ്ങളും കര്‍മോത്സുകതയോടെ രംഗത്തിറങ്ങുന്ന സ്ഥിതിവിശേഷവും സംജാതമായിരിക്കുന്നു.
പ്രതിസന്ധികള്‍ക്ക് നടുവിലും സന്തുലിതവും നിര്‍മാണാത്മകവുമായ ചിന്തയില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ഉറപ്പിച്ചുനിര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമി എന്നും ശ്രമിച്ചിട്ടുണ്ട്. വിഭജനം സൃഷ്ടിച്ച മുറിവുകള്‍ വളരെ ഭീകരമായിരുന്നു. വര്‍ഗീയ കലാപങ്ങളുടെ ഒടുങ്ങാത്ത പരമ്പരകള്‍, ബാബരി മസ്ജിദിന്റെ തകര്‍ച്ച. ഇങ്ങനെ സമുദായം തീവ്ര നിലപാടുകളിലേക്ക് വഴിതെറ്റാനുള്ള സാഹചര്യങ്ങള്‍ നിരവധി. പക്ഷേ, സന്തുലിതത്വത്തിന്റെ രാജപാതയില്‍നിന്ന് മുസ്‌ലിം സമുദായം വഴിതെറ്റുകയുണ്ടായില്ല. ഇത്തരമൊരു പോസിറ്റീവ് ചിന്ത കെടാതെ സൂക്ഷിക്കുന്നതില്‍ മറ്റു വിഭാഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമൊപ്പം ജമാഅത്തും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. ക്രിയാത്മക ചിന്തയുടെ സാമൂഹിക പരിസരമാണ് ജമാഅത്ത് സൃഷ്ടിച്ചുകൊണ്ടിരുന്നത്. നിഷേധാത്മക ചിന്തകളെ ഫലപ്രദമായി തടയാനും ഇതുവഴി സാധിച്ചു. സ്വാതന്ത്ര്യാനന്തരം ജമാഅത്ത് തയാറാക്കിയ പോളിസി-പ്രോഗ്രാമുകളിലെല്ലാം വര്‍ഗീയത ചെറുക്കുകയെന്നത് ഒരു പ്രധാന ലക്ഷ്യമായി എടുത്തുപറഞ്ഞതായി കാണാം. വര്‍ഗീയതയും സാമുദായികതയും ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും അവസാനിപ്പിക്കേണ്ടതുണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനം. ഇന്ന് ആഗോളതലത്തില്‍ കാണുന്ന തീവ്രവാദ പ്രതിഭാസങ്ങളില്‍നിന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്നു കാണാം. ഭരണകൂടത്തിന്റെ വക്താക്കള്‍ വരെ അത് സമ്മതിച്ചിട്ടുണ്ട്.
മുസ്‌ലിം സമുദായത്തിന് ഖുര്‍ആനുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ടാണ് സന്തുലിതവും ക്രിയാത്മകവുമായ ഒരു നിലപാടില്‍ അതിനെ ഉറപ്പിച്ചുനിര്‍ത്താന്‍ ജമാഅത്ത് ശ്രമിച്ചത്. അതില്‍ വലിയൊരളവ് വിജയിക്കുകയും ചെയ്തു. മദ്ഹബുകളും ത്വരീഖത്തുകളുമായി വേര്‍പിരിഞ്ഞുനിന്നിരുന്ന സമുദായത്തോട് ഖുര്‍ആന്റെ അടിത്തറയില്‍ ഒന്നിക്കണമെന്നാണ് പ്രസ്ഥാനം പറഞ്ഞുകൊണ്ടിരുന്നത്. മദ്ഹബുപരവും വീക്ഷണപരവുമായ ഭിന്നതകള്‍ സമുദായൈക്യത്തിന് തടസ്സമല്ലെന്നും അത് സമുദായത്തെ ബോധ്യപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമി വ്യാപകമായി ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍/സംവിധാനങ്ങള്‍ തുടങ്ങിയത് ഈയൊരു ബോധവത്കരണം കൂടി ഉദ്ദേശിച്ചായിരുന്നു. ധാരാളം ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും അതിന്റെ ഭാഗമായി പുറത്തിറക്കി. ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലൊക്കെ ഖുര്‍ആന്‍ പരിഭാഷകള്‍ ലഭ്യമാക്കി. ഖുര്‍ആനികാശയങ്ങളുടെ പ്രചാരണത്തിനു വേണ്ടി തുടക്കം കുറിച്ച ഈ മൂവ്‌മെന്റ് ഇന്ന് മറ്റു മുഴുവന്‍ സംഘടനകളും ചിന്താധാരകളും ഏറ്റെടുത്തിരിക്കുന്നു.
ഖുര്‍ആന്റെ ആശയപ്രചാരണത്തോടൊപ്പം, ജമാഅത്ത് സമുദായത്തെ നിരന്തരം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാര്യമാണ് മദ്ഹബിലെ ഭിന്നതകള്‍ അടിസ്ഥാനപരമല്ല, ശാഖാപരമാണ് എന്നത്. ഈ ഭിന്നതകള്‍ ഉള്ളതോടൊപ്പം തന്നെ, എല്ലാവരും പൊതുവായി അംഗീകരിക്കുന്ന വിഷയങ്ങളില്‍ (അതാണ് കൂടുതലും) ഒന്നിക്കാനും അങ്ങനെ കൂട്ടായി മൗലിക ദീനീബാധ്യതകള്‍ നിര്‍വഹിക്കാനും സാധ്യമാണ്. ജമാഅത്തില്‍തന്നെ പല മദ്ഹബുകള്‍ പിന്തുടരുന്നവരുണ്ട്. മദ്ഹബീ വീക്ഷണങ്ങള്‍ ഒഴിവാക്കിക്കൊണ്ടല്ല അവരൊന്നും ജമാഅത്തിലേക്ക് വന്നത്. എന്നിട്ടും ഒരൊറ്റ സംഘടനയായി അവര്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്നു. ഐക്യത്തിന്റെ പ്രായോഗിക മാതൃക ജമാഅത്ത് സ്വയം തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു. അതിനു പുറമെ സമുദായത്തിലെ എല്ലാ സംഘടനകള്‍ക്കും ഒന്നിച്ചിരിക്കാവുന്ന വേദികളൊരുക്കുന്നതിലും മുഖ്യപങ്കു വഹിച്ചതും ജമാഅത്ത് തന്നെയായിരുന്നു.
സംഘടന, സംഘടിത ജീവിതം എന്നതിനൊക്കെ പുതിയ അര്‍ഥവും ചൈതന്യവും നല്‍കിയതും ഇസ്‌ലാമിക പ്രസ്ഥാനമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജമാഅത്ത്, തന്‍സീം എന്നതൊക്കെ ഏതെങ്കിലുമൊരു കരിസ്മാറ്റിക് നേതാവിനെ, അല്ലെങ്കില്‍ ഗുരുവിനെ നിശ്ശബ്ദം അനുഗമിക്കുന്ന മുരീദുമാരുടെ കൂട്ടങ്ങള്‍ക്ക് പറയുന്ന പേരായിരുന്നു. നേതൃസ്ഥാനങ്ങളൊക്കെ അനന്തരമായി കിട്ടിപ്പോരുന്നതുമായിരുന്നു. കൂടിയാലോചനാ സംവിധാനങ്ങള്‍ പേരിനുമാത്രം. ഈയൊരു അവസ്ഥയിലാണ് ജമാഅത്തെ ഇസ്‌ലാമി തത്ത്വങ്ങളുടെയും ലിഖിത ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സംഘടന കെട്ടിപ്പടുക്കുന്നതും പതിറ്റാണ്ടുകളായി അതിനെ മുന്‍നിര്‍ത്തി വളരെ വിജയകരമായി സംഘടന നടത്തിക്കൊണ്ടുപോകുന്നതും. ഏഴു പതിറ്റാണ്ടായി വളരെ കൃത്യമായി, വ്യവസ്ഥാപിതമായി സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന പ്രസ്ഥാനമാണിത്. അനന്തരമായോ തറവാടിത്തമഹിമ കൊണ്ടോ ഒരാള്‍ക്കും നേതൃസ്ഥാനങ്ങള്‍ നല്‍കപ്പെടുന്നില്ല. അത്തരമൊരു ലാഞ്ഛന പോലും എവിടെയുമില്ല. പ്രശ്‌നങ്ങളില്‍ വിവിധ അഭിപ്രായങ്ങള്‍ ജമാഅത്തില്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും, ശക്തമായ ശൂറാ-കൂടിയാലോചനാ- സംവിധാനത്തിലൂടെയും ഉപോദ്ബലകമായ മറ്റു സംഘടനാ രീതികളിലൂടെയും അത്തരം ഭിന്നതകളില്‍ ഒരു തീര്‍പ്പിലെത്താന്‍ ജമാഅത്തിന് സാധിക്കാറുണ്ട്. അസാധാരണമെന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രത്തില്‍, ഒരുപക്ഷേ ഇന്ത്യയുടെ സമീപകാല ചരിത്രത്തില്‍തന്നെ പിളര്‍പ്പിനെ നേരിട്ടിട്ടില്ലാത്ത ഏക സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.
ഈ ജനാധിപത്യരീതി ജമാഅത്തിന്റെ സംഘടനാ ഘടനയില്‍ മാത്രമല്ല അത് നടത്തുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങളിലും അതിന്റെ കീഴിലുള്ള പോഷക സംഘടനകളിലും നിങ്ങള്‍ക്കു കാണാം. തെരഞ്ഞെടുപ്പുകളിലൂടെ വളരെ എളുപ്പത്തില്‍ സംഘടനാ നേതൃത്വങ്ങള്‍ മാറുന്നു. ഈ കൂടിയാലോചനാ സംസ്‌കാരം (ശൂറാഈ മിസാജ്) നേതൃമാറ്റങ്ങളില്‍ ഒതുങ്ങുന്നതുമല്ല. സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാനും വിചാരണ ചെയ്യാനും വിമര്‍ശിക്കാനുമൊക്കെ പാര്‍ട്ടിക്കകത്തു തന്നെ വേദികളുണ്ട്. ഈ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ ജമാഅത്തെ ഇസ്‌ലാമി എല്ലാ മുസ്‌ലിം സംഘടനകളേക്കാളും, എന്നല്ല മറ്റു രാഷ്ട്രീയ -സാമൂഹിക പ്രസ്ഥാനങ്ങളേക്കാളും വളരെയേറെ മുന്നേറിയ പ്രസ്ഥാനമാണ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇത്ര ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന, ഇത്ര എളുപ്പത്തില്‍ നേതൃത്വങ്ങള്‍ മാറുന്ന, കൂടിയാലോചനാ സ്പിരിറ്റ് ഉള്‍ക്കൊണ്ട് തീരുമാനങ്ങളെടുക്കുന്ന ഇതുപോലൊരു സംഘടന മറ്റേതാണ്? 
സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത. വനിതകള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും  പ്രവര്‍ത്തിക്കാന്‍ സംഘടന വ്യവസ്ഥാപിതമായ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സമുദായത്തിലെ മറ്റു അഖിലേന്ത്യാ കൂട്ടായ്മകളില്‍ ഇതിനൊക്കെ മാതൃക കണ്ടെത്തുക പ്രയാസം. സ്ത്രീകള്‍ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതില്ല എന്ന തെറ്റായ ധാരണകളെ തിരുത്താന്‍ വനിതാ സംഘാടനത്തിലൂടെ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.
സാമൂഹികജീവിതത്തില്‍ മതത്തിന് നിര്‍മാണാത്മകമായ പങ്കുവഹിക്കാനാവും എന്ന് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞതും ജമാഅത്തിന്റെ വലിയൊരു സേവനമായി കാണണം. മതം നിറഞ്ഞുനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇവിടെ മതത്തെ സാമൂഹികജീവിതത്തില്‍നിന്ന് പൂര്‍ണമായി എടുത്തുമാറ്റാനാവില്ലെന്നും പലരും നിരന്തരം പറയാറുണ്ട്. അതിനാല്‍ പാശ്ചാത്യനാടുകളിലുള്ള അതേ അര്‍ഥമല്ല സെക്യുലരിസത്തിന് നാം ഇവിടെ നല്‍കുന്നത്. പക്ഷേ, മതം രാഷ്ട്രീയത്തിലിടപെട്ടപ്പോള്‍ സൃഷ്ടിക്കപ്പെട്ട വിദ്വേഷത്തില്‍നിന്നോ രക്തച്ചൊരിച്ചിലില്‍നിന്നോ നമ്മുടെ രാജ്യവും മുക്തമല്ല എന്നതാണ് സത്യം. അപ്പോള്‍ സ്വാഭാവികമായും കുഴക്കുന്ന ഒരു ചോദ്യമുയര്‍ന്നു. സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ മതത്തിന്റെ യഥാര്‍ഥ റോള്‍ എന്താണ്? ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഏഴു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനചരിത്രം കൊണ്ട് ഈ ചോദ്യത്തിന് മറുപടി കാണാനാണ് ശ്രമിച്ചിട്ടുള്ളത്. സാമൂഹിക ജീവിതത്തില്‍ മതത്തിന്റെ മാനവികമൂല്യങ്ങള്‍ പ്രസരിപ്പിക്കാനും മതത്തിന്റെ പേരില്‍ നടക്കുന്ന വിഭാഗീയതയെയും വിദ്വേഷ പ്രചാരണങ്ങളെയും ശക്തമായി ചെറുക്കാനുമായിരുന്നു അതിന്റെ യത്‌നങ്ങള്‍. രാഷ്ട്രീയത്തില്‍ മതമൂല്യങ്ങള്‍ സ്ഥാനം പിടിക്കേണ്ടതിന്റെ ആവശ്യകത ജമാഅത്ത് ഊന്നിപ്പറഞ്ഞു. അതോടൊപ്പം സമാനമനസ്‌കരുടെ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും അവരുടെ സഹകരണം തേടുകയും ചെയ്തു. പൊതുജീവിതത്തില്‍ സത്യസന്ധതയും നീതിയും മനുഷ്യസ്‌നേഹവും പുലരണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളെയും ചേര്‍ത്തുപിടിക്കുന്നതോടൊപ്പം, മതത്തെ ദുരുപയോഗപ്പെടുത്തി വെറുപ്പും അസഹിഷ്ണുതയും സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിനുവേണ്ടി ജമാഅത്ത് പലയിടങ്ങളിലും ധാര്‍മിക് ജന്‍മോര്‍ച്ചകള്‍ രൂപവത്കരിച്ചിട്ടുണ്ട്. എല്ലാ മതങ്ങളിലുംപെട്ട മതനേതാക്കള്‍ അതില്‍ അംഗങ്ങളായിരിക്കും. ഇന്ത്യന്‍ സമൂഹത്തില്‍ മതം വളരെ വലിയ ഒരു ശക്തിയാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല. അതിന്റെ ദുരുപയോഗം തടയുകയും നി
ര്‍മാണാത്മകമായി അതിനെ ഉപയോഗിക്കുകയും ചെയ്താല്‍ ക്രിയാത്മകമായ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയങ്ങള്‍ നടക്കണം. ഒരു ബഹുസ്വര സമൂഹത്തില്‍ ഇത് ഒഴിച്ചുകൂടാനാവാത്തതാണ്. സിമ്പോസിയങ്ങളും ഈദ് മിലനുകളും മറ്റും സംഘടിപ്പിച്ചുകൊണ്ട് ജമാഅത്ത് അതിന് വേദിയൊരുക്കുന്നു. മതസൗഹാര്‍ദത്തിനുവേണ്ടി രാജ്യമൊട്ടുക്ക് കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഗ്രാമങ്ങളില്‍ വിവിധ മതാനുയായികള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിന് സദ്ഭാവനാ മഞ്ചുകള്‍ സ്ഥാപിക്കുന്നു. നമ്മുടെ രാജ്യത്ത് എന്‍.ജി.ഒകളാണ് ഇത്തരം മതസൗഹൃദ വേദികള്‍ സംഘടിപ്പിച്ചുപോന്നിരുന്നത്. ജമാഅത്ത് അതിനെ രാജ്യമൊട്ടുക്കുള്ള ഒരു പ്രസ്ഥാനമായി വികസിപ്പിക്കുകയാണ് ചെയ്തത്; ഗ്രാമങ്ങളില്‍ വരെ ആശയവിനിമയത്തിനുള്ള വേദികള്‍ ഒരുക്കിക്കൊണ്ട്.
ഇന്ത്യയിലെ മുസ്‌ലിം സംഘടനകളോട് ജമാഅത്തെ ഇസ്‌ലാമി നിരന്തരം പറഞ്ഞുകൊണ്ടിരുന്ന മറ്റൊരു പ്രധാന കാര്യം, അവരുടെ പ്രവര്‍ത്തനം അവരുടെ പ്രശ്‌നങ്ങളിലും വൃത്തങ്ങളിലുമായി ഒതുങ്ങിപ്പോകരുത് എന്നാണ്. മൊത്തം ഇന്ത്യന്‍ സമൂഹത്തിന്റെയും അഭ്യുന്നതിക്കായി അവര്‍ രംഗത്തിറങ്ങണം. ഇസ്‌ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ തന്നെ, നാട്ടില്‍ നീതിക്കു വേണ്ടിയും നിര്‍ഭയത്വത്തിനു വേണ്ടിയും നിലകൊള്ളാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഈയൊരു ചിന്തയെ വികസിപ്പിച്ചുകൊണ്ട് നവമുതലാളിത്തത്തിനെതിരെയും പ്രസ്ഥാനം ശക്തമായ നിലപാടെടുത്തു. ഗവേഷകരും അക്കാര്യം അംഗീകരിച്ചിട്ടുണ്ട്.4 പലിശരഹിത സാമ്പത്തിക സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനു വേണ്ടി സമാനമസ്‌കരായ മുഴുവനാളുകളുടെയും സഹായം ജമാഅത്ത് തേടിക്കൊണ്ടിരിക്കുന്നുണ്ട്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം, മുസ്‌ലിംകളുടെ സര്‍വതോമുഖമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് വിഷന്‍ 2016-ന് പ്രസ്ഥാനം രൂപം നല്‍കി. ഉന്നമന യത്‌നങ്ങളെന്ന പേരില്‍ മതവിദ്യാലയങ്ങള്‍ സ്ഥാപിക്കലും ചില്ലറ ദാനധര്‍മങ്ങള്‍ നല്‍കലും മറ്റും മാത്രം നടന്നുവന്നിരുന്ന സന്ദര്‍ഭത്തിലാണ്, സമുദായത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള വികാസം എന്ന ആശയം  വിഷന്‍ ഉയര്‍ത്തിപ്പിടിച്ചത്. വിദ്യാഭ്യാസം, തൊഴില്‍ സംരംഭങ്ങള്‍, മൈക്രോ ഫിനാന്‍സ,് പൊതുജനാരോഗ്യം, മാലിന്യമുക്ത പരിസരം തുടങ്ങി എല്ലാം അതില്‍ ഉള്‍പ്പെടുന്നു. വടക്കേ ഇന്ത്യയിലെ മുസ്‌ലിംകളുടെ അതീവ ഗുരുതരമായ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് താരതമ്യേന മെച്ചപ്പെട്ട നിലയിലുള്ള ദക്ഷിണേന്ത്യന്‍ മുസ്‌ലിംകളുടെ അധ്വാനവും വിഭവവും ഉപയോഗപ്പെടുത്തുക എന്ന സവിശേഷമായ കര്‍മപദ്ധതി കൂടിയായിരുന്നു വിഷന്റേത്. അല്ലാഹുവിന് സ്തുതി; വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു വിഷന്‍ 2016-ന്. ജമാഅത്തുമായി ബന്ധമുള്ളവരും ആശയപ്പൊരുത്തമുള്ളവരും എന്‍.ജി.ഒകള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തനം വ്യവസ്ഥാപിതമാക്കി. ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ വിവിധ കൂട്ടായ്മകള്‍ വിഷനെ മാതൃകയാക്കിവരികയാണ്. വിഷന്‍ 2016 വിജയകരമായി പര്യവസാനിച്ചപ്പോള്‍, അതിന്റെ തുടര്‍ച്ചയെന്നോണം 'വിഷന്‍ 2026' പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. സമുദായത്തിന്റെ ശാക്തീകരണത്തില്‍ ഈ ബൃഹദ് പദ്ധതിയും പ്രോജക്ടും ഒരു നാഴികക്കല്ലായിരിക്കും; ഇന്‍ശാ അല്ലാഹ്.
ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ സാമൂഹിക സ്വാധീനങ്ങളെക്കുറിച്ച വളരെ സംക്ഷിപ്തമായ ചില സൂചനകള്‍ മാത്രമാണിത്. ജമാഅത്ത് ഇന്ത്യയിലൊട്ടാകെ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തും സാമൂഹികാവസ്ഥകള്‍ വ്യത്യസ്തമാണ്. അതിനാല്‍ ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനങ്ങളും ഏറെ വ്യത്യാസപ്പെട്ടിരിക്കും. ഓരോ സംസ്ഥാനത്തും മുന്‍ഗണനകളിലും മാറ്റമുണ്ടാവും. ചില സംസ്ഥാനങ്ങളിലെ ചില പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രസക്തമായിരിക്കുകയില്ല. പൊതുസ്വഭാവമുള്ള പ്രവര്‍ത്തനങ്ങളും അവയുടെ സ്വാധീനങ്ങളുമാണ് ഇവിടെ രേഖപ്പെടുത്താന്‍ ശ്രമിച്ചത്.

റഫറന്‍സ്:
1. Esposito, J.L (2003) Oxford Dictionary of Islam. New York: Oxford Univesity Press, 156
2. മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി, 'ഇന്ത്യന്‍ യൂനിയന്‍ മേം മുസല്‍മാനോം കാ മഖാം', സിന്ദഗി മാസിക, റാംപൂര്‍, 1948, പേജ് 44-48
3. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി: അസ്വ്ര്‍ മേം ദീന്‍ തഫ്ഹീം വൊ തശ്‌രീഹ്, കറാച്ചി, മജ്‌ലിസ് നശ്‌രിയ്യാത്തെ ഇസ്‌ലാം (1982), പേജ് 20
4. ഉദാഹരണത്തിന്: Maidul Islam (2005) Limits of Islamism. New Delhi, Cambridge Univeristy Press, 110-169
 

Comments

Other Post