Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം സംഘടനകളും

ശൈഖ് മുഹമ്മദ് കാരകുന്ന്

സമൂഹം ജീര്‍ണമാകുമ്പോഴാണ് നവോത്ഥാനം അനിവാര്യമാകുന്നത്. മുസ്‌ലിം സമുദായത്തില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും നവോത്ഥാന ശ്രമങ്ങളുമുണ്ടായത് ആദര്‍ശവിശ്വാസം ദുര്‍ബലമാവുകയും ലക്ഷ്യം പിഴക്കുകയും ചെയ്തപ്പോഴാണ്. അതുകൊണ്ടുതന്നെ നവോത്ഥാന സംരംഭങ്ങള്‍ സമൂഹത്തില്‍ വമ്പിച്ച ആഘാത പ്രത്യാഘാതങ്ങളുണ്ടാക്കുന്നു, ജനജീവിതത്തെ ഇളക്കിമറിക്കുന്നു.
ഇസ്‌ലാമിക ചരിത്രത്തില്‍ ഇന്നോളമുണ്ടായ എല്ലാ നവോത്ഥാനനായകരും പരിഷ്‌കര്‍ത്താക്കളും സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭവവും മറിച്ചല്ല. പിന്തുടരുന്ന പാരമ്പര്യങ്ങള്‍ക്കും ആചരിച്ചുവരുന്ന ചര്യകള്‍ക്കും ശീലിച്ചുപോന്ന ജീവിതരീതികള്‍ക്കും എതിരെ  ഉണ്ടാകുന്ന ഏതു ശ്രമങ്ങളെയും ഭീതിയോടെ നോക്കിക്കാണുന്നതും ശക്തമായി  എതിര്‍ക്കുന്നതും സ്വാഭാവികമാണ്. 
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നല്‍കിയ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി പ്രധാനമായി എതിരിട്ടത് പാശ്ചാത്യ ഭൗതിക ദര്‍ശനങ്ങളോടും മൂല്യങ്ങളോടും ജീവിതരീതികളോടുമാണ്; ശ്രമിച്ചത് സമുദായത്തെ അവയുടെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താനാണ്. സമുദായത്തില്‍ അടിഞ്ഞുകൂടിയ ജീര്‍ണതകള്‍ തുടച്ചുമാറ്റാനും യത്‌നിച്ചു. അതോടെ ഭൗതികവാദികളുടെ ഭാഗത്തുനിന്നുണ്ടായതുപോലെയോ കൂടുതലായോ സമുദായത്തിനകത്തുനിന്ന് എതിര്‍പ്പുകളുണ്ടായി.


വിമര്‍ശനം മൗദൂദിക്കു നേരെ
മതപൗരോഹിത്യം മൗദൂദിയുടെ പേരിനെ വിമര്‍ശിച്ചുകൊണ്ടാണ് തങ്ങളുടെ എതിര്‍പ്പുകള്‍ക്ക് തുടക്കമിട്ടത്. അബുല്‍ അഅ്‌ലാ എന്നതിന്റെ അര്‍ഥം അത്യുന്നതന്റെ പിതാവ് എന്നാണ്. അഅ്‌ലാ എന്നത് അല്ലാഹുവിന്റെ പേരാണ്. അതിനാല്‍ അതുപയോഗിക്കാന്‍ പാടില്ല. ഇപ്പോള്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും ഉന്നയിക്കപ്പെടുന്നില്ലെന്നതിനാല്‍ വിശദീകരണം ആവശ്യമില്ല. 
വിമര്‍ശകര്‍ മൗദൂദിയുടെ വിദ്യാഭ്യാസ യോഗ്യതയെയും ചോദ്യം ചെയ്തിരുന്നു. വ്യവസ്ഥാപിത ഉന്നത മതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്ന് വാദിച്ചു. സയ്യിദ് മൗദൂദിയുടെ പാണ്ഡിത്യം ചോദ്യംചെയ്യാന്‍ ഇന്നാരും ധൈര്യപ്പെടുന്നില്ലെന്നതിനാലും അത്തരം വിമര്‍ശനങ്ങള്‍ എവിടെനിന്നും ഉയര്‍ത്തപ്പെടുന്നില്ലെന്നതിനാലും വിശകലനമാവശ്യമില്ല. യാഥാസ്ഥിതിക പണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് ഉന്നയിക്കപ്പെട്ടിരുന്ന മറ്റു വിമര്‍ശനങ്ങളുടെ സ്ഥിതിയും ഇതുതന്നെ. അവയൊന്നും ഇന്ന് നിലനില്‍ക്കുന്നില്ല, ചര്‍ച്ച ചെയ്യപ്പെടുന്നുമില്ല. 
ആദ്യകാലത്ത് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഉന്നയിക്കപ്പെട്ട പ്രധാന ആരോപണങ്ങളിലൊന്ന്, സംഘടന മൗദൂദി കൃതികളെ ആധികാരിക പ്രമാണങ്ങളായി സ്വീകരിക്കുന്നു എന്നതാണ്. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്ന് വിശ്വസിക്കാത്തവരാണെന്നും പ്രചാരണമുണ്ടായി. ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ പ്രഫസര്‍ മതിയെന്ന് സയ്യിദ് മൗദൂദി പറഞ്ഞുവെന്നതാണ് മറ്റൊരാരോപണം. മുഹമ്മദ് നബി(സ) ആഗ്രഹിച്ചും ശ്രമിച്ചും നേടിയെടുത്തതാണ് പ്രവാചകത്വമെന്ന് മൗദൂദി പറഞ്ഞുവെന്നും ആരോപണമായി ഉന്നയിക്കപ്പെടുകയുണ്ടായി. വളരെ ദുര്‍ബലവും ബാലിശവും വ്യാജവുമായ ഇത്തരം ആരോപണങ്ങളാണ് ഉത്തരേന്ത്യയിലെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍നിന്ന് ഉന്നയിക്കപ്പെട്ടിരുന്നത്. അവക്കെല്ലാം അക്കാലത്തുതന്നെ വിശദീകരണം നല്‍കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇത്തരം വിമര്‍ശനങ്ങളൊന്നും നേരിടുന്നില്ല. വല്ലപ്പോഴും ആരോപണങ്ങളുന്നയിക്കപ്പെട്ടാല്‍പോലും ഏവരാലും അവ അവഗണിക്കപ്പെടാറാണ് പതിവ്. അതിനാല്‍ മറുപടിപോലും ആവശ്യമായി വരാറില്ല. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ആത്മീയതക്ക് വേണ്ടത്ര പരിഗണനയും പ്രാധാന്യവും കല്‍പിക്കുന്നില്ലെന്ന ആരോപണം ഉന്നയിക്കപ്പെടാറുണ്ട്. ആത്മീയതയെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാടാണിതിനു കാരണം. അതുകൊണ്ടുതന്നെ മറുപടിയോ വിശദീകരണമോ നല്‍കുന്നതിനുപകരം ഇസ്‌ലാമിന്റെ സമഗ്രതയും സന്തുലിതത്വവും ഊന്നിപ്പറഞ്ഞ് രചനാത്മകമായി ഇതിനെ പ്രതിരോധിക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 
രാഷ്ട്രീയത്തിനും ഭരണത്തിനും അമിത പ്രാധാന്യം നല്‍കിയെന്നും അതിനായി ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നുമുള്ള ആരോപണമാണ് സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വിയെപോലുള്ള ഉത്തരേന്ത്യയിലെ ഒരു വിഭാഗം പണ്ഡിതന്മാരില്‍നിന്നുണ്ടായത്. ലഖ്‌നൗവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായും ഇത്തരമൊരു പ്രചാരണത്തില്‍ പങ്കുവഹിക്കുകയുണ്ടായി. സയ്യിദ് അഹ്മദ് ഉറൂജ് ഖാദിരിയെപോലുള്ള പണ്ഡിതന്മാര്‍ ഇതിന് പ്രമാണബദ്ധവും വസ്തുനിഷ്ഠവുമായ വിശദീകരണം നല്‍കുകയും ചെയ്തു. അടുത്തകാലത്ത് ഇത്തരം ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ ദേശീയതലത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ എതിര്‍പ്പുകളൊന്നും അഭിമുഖീകരിക്കുന്നില്ല എന്നു പറയാം; രാഷ്ട്രീയ തീരുമാനങ്ങള്‍ ചിലപ്പോഴൊക്കെ വിമര്‍ശിക്കപ്പെടാറുണ്ടെങ്കിലും.
കേരളത്തില്‍ യാഥാസ്ഥിതിക വിഭാഗമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുജാഹിദുകള്‍ക്കെതിരായ വിമര്‍ശനങ്ങളിലെല്ലാം ജമാഅത്തെ ഇസ്‌ലാമിയെയും ചേര്‍ത്തുവെക്കുകയുണ്ടായി. വഹാബി-മൗദൂദി, ജമ-മുജ എന്നീ പദാവലികളിലൂടെയും പുത്തന്‍ പ്രസ്ഥാനക്കാരെന്ന പ്രയോഗത്തിലൂടെയുമാണ് ഇത് നിര്‍വഹിച്ചുപോന്നത്! അത്യാവശ്യ ഘട്ടങ്ങളില്‍മാത്രം ജമാഅത്ത് ഇതിന് അനിവാര്യമായ വിശദീകരണങ്ങള്‍ നല്‍കിപ്പോന്നു. രണ്ടു മൂന്നു പതിറ്റാണ്ടായി അവരില്‍ ചിലര്‍ മുജാഹിദ് സഹോദരന്മാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളും ഏറ്റുപറഞ്ഞുവരുന്നു. 
ഇസ്‌ലാഹി പ്രവര്‍ത്തകര്‍, സലഫികള്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന കേരളത്തിലെ മുജാഹിദുകള്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ലോകത്താരും ഉന്നയിക്കാത്ത വിചിത്രമായ ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരുന്നത്. ഇസ്‌ലാമിലെ അതിപ്രധാന സാങ്കേതിക പദമായ ഇബാദത്തിന് ഒറ്റവാക്കില്‍ അര്‍ഥമോ വിവക്ഷയോ നല്‍കാന്‍ സാധ്യമല്ലാത്തതിനാല്‍ നിരുപാധികമായ അനുസരണവും പരമമായ അടിമത്തവും ആരാധനയും ചേര്‍ന്നതാണ് പ്രസ്തുത പദമെന്ന് ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ വിശദീകരിച്ചു. മുജാഹിദ് സഹോദരങ്ങള്‍ ഇതിനെ ചോദ്യം ചെയ്തു. ഇബാദത്ത് എന്ന പദത്തിന് അനുസരണമെന്നും അടിമത്തമെന്നും അര്‍ഥമേ ഇല്ലെന്ന് ചിലപ്പോള്‍ വാദിച്ചു, മൗദൂദിക്കുമുമ്പ് ആരും അങ്ങനെയൊരു അര്‍ഥം പറഞ്ഞിട്ടില്ലെന്ന് ശഠിച്ചു. മറ്റുചിലപ്പോള്‍ ഭാഷയില്‍ അര്‍ഥമുണ്ടെന്നും ഇബാദത്തിന് ആ അര്‍ഥങ്ങളുപയോഗിക്കാന്‍ പാടില്ലെന്നും പറഞ്ഞു. വേറെ ചിലപ്പോള്‍ മൂന്നര്‍ഥമുണ്ടെന്നും എന്നാല്‍ മൂന്നര്‍ഥവും ഉള്‍ക്കൊള്ളുന്നതാണ് ഇബാദത്ത് എന്നു പറയരുതെന്നും വാദിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണങ്ങളൊന്നും കാര്യഗൗരവത്തോടെ ഉന്നയിക്കപ്പെടാറില്ല. പല പ്രഗത്ഭ പണ്ഡിതന്മാരും ഉള്‍ക്കൊള്ളുന്ന വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ഇബാദത്തിന് നല്‍കുന്ന വിവക്ഷ ലോക സലഫി പണ്ഡിതന്മാരും സയ്യിദ് മൗദൂദിയും നല്‍കിയതുതന്നെയാണ്. ചില പണ്ഡിതന്മാരെങ്കിലും ഇവ്വിഷയകമായി തങ്ങള്‍ നടത്തിയ വിമര്‍ശനം തെറ്റായിരുന്നുവെന്ന് തുറന്നുപറയുകയും ചെയ്തു. 
നിയമനിര്‍മാണത്തിന്റെ പരമാധികാരം (ഹാകിമിയ്യത്ത്) അല്ലാഹുവിന് മാത്രമാണെന്ന് ജമാഅത്ത് വാദിച്ചുവെന്നും അത് ഇസ്‌ലാമിലില്ലാത്തതാണെന്നുമായിരുന്നു മുജാഹിദ് സഹോദരന്മാര്‍ ഉന്നയിച്ച മറ്റൊരാരോപണം. ചിലര്‍ ഹാകിമിയ്യത്ത് തൗഹീദിന്റെ ഭാഗമല്ലെന്നു വാദിച്ചു. മറ്റു ചിലര്‍ ഹാകിമിയ്യത്തിന്റെ വിവക്ഷ പ്രപഞ്ചഭരണത്തിനുള്ള അല്ലാഹുവിന്റെ അധികാരമാണെന്ന് അവകാശപ്പെട്ടു. ഇനിയും ചിലര്‍ ഹാകിമിയ്യത്തിന്റെ വിവക്ഷ മതനിയമങ്ങളുണ്ടാക്കാനുള്ള അധികാരമാണെന്നും മതനിയമമെന്നാല്‍ ആരാധനാ കാര്യങ്ങളാണെന്നും വിശദീകരിച്ചു. മുഴുവന്‍ ജീവിതമേഖലകളിലും നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനു മാത്രമാണെന്നത് (ഹാകിമിയ്യത്ത്) ഇന്ന് ഏറക്കുറെ എല്ലാവരും അംഗീകരിച്ചിരിക്കുന്നു.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ മുജാഹിദ് സഹോദരങ്ങളുന്നയിച്ച മറ്റൊരാരോപണം അത് ഇസ്‌ലാമിനെ ഒരു സമഗ്ര ജീവിത പദ്ധതിയായി പരിചയപ്പെടുത്തി എന്നതാണ്. ചില മുജാഹിദ് പണ്ഡിതന്മാര്‍ ഇസ്‌ലാം ഒരു ജീവിത പദ്ധതിയല്ലെന്നും മരണ പദ്ധതിയാണെന്നും പറഞ്ഞു. വേറെ ചിലര്‍ ഇസ്‌ലാമിന്റെ എല്ലാ അറ്റങ്ങളും സമമല്ലെന്നും അതുകൊണ്ട് സമഗ്രമെന്ന് പറയാന്‍ പാടില്ലെന്നും വാദിച്ചു. ദുന്‍യാവിലെ ഒരു കാര്യവും ദീന്‍ പരിഗണിക്കാതെ തീരുമാനിക്കുകയോ ചെയ്യുകയോ അരുതെന്ന അര്‍ഥത്തില്‍ ദീനും ദുന്‍യാവും രണ്ടാകരുതെന്ന ജമാഅത്ത് പ്രസ്താവത്തെ വിമര്‍ശിക്കാനായി ദീന്‍ മതമാണെന്നും ദുന്‍യാവ് ഈ ലോകമാണെന്നും രണ്ടും രണ്ടാണെന്നുമുള്ള അര്‍ഥശൂന്യമായ വാദമുയര്‍ത്തി. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ എല്ലാ മുസ്‌ലിം പണ്ഡിതന്മാരും എഴുത്തുകാരും പ്രഭാഷകരും ഇസ്‌ലാം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണെന്ന് നിരന്തരം പറയാനും എഴുതാനും തുടങ്ങിയിരിക്കുന്നു. 
ജനാധിപത്യം, മതേതരത്വം, ദേശീയത്വം എന്നിവയോടുള്ള സമീപനം, ഇന്ത്യന്‍ ഭരണകൂടത്തോടുള്ള സമീപനം, കോടതികളോടുള്ള നിലപാട്, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പങ്കാളിത്തം പോലുള്ള എല്ലാ വിഷയങ്ങളിലും മുജാഹിദ് സഹോദരങ്ങള്‍ ജമാഅത്തിനെതിരെ നടത്തുന്ന വിമര്‍ശനം ഇസ്‌ലാംവിരുദ്ധരായ മതേതര ഭൗതികവാദികള്‍ ഉയര്‍ത്തിയവയും ഉന്നയിച്ചുകൊണ്ടിരിക്കുന്നവയുമാണ്. സമുദായത്തിനകത്ത് അത് വ്യാപകമായി ആദ്യം പ്രചരിപ്പിച്ചത് ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റിയാണ്. 'ജമാല്‍' എന്ന തൂലികാ നാമത്തില്‍ മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ സമുന്നത നേതാവായിരുന്ന പ്രഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി അവരുടെ മുഖപ്പത്രത്തില്‍ 'ജമാഅത്തെ ഇസ്‌ലാമി വിമര്‍ശിക്കപ്പെടുന്നു' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയാത്ത ഒരാരോപണവും ഈ രംഗത്ത് മുജാഹിദുകള്‍ ഉന്നയിക്കാറില്ല. ജമാഅത്തിനെ വിമര്‍ശിക്കാനുപയോഗിക്കുന്ന മതരാഷ്ട്രവാദമെന്ന പദം പോലും ഇസ്‌ലാം വിരുദ്ധ മതേതര ഭൗതികവാദികളില്‍നിന്ന് കടം കൊണ്ടതാണ്. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മാസ്റ്റര്‍ ബ്രെയ്ന്‍ സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയുമാണെന്ന ആരോപണവും ഇവ്വിധം തന്നെ. എന്നാല്‍ കാലമെന്ന മഹാനായ അധ്യാപകന്‍ വിമര്‍ശകരെ പാഠം പഠിപ്പിച്ചിരിക്കുന്നു. അന്താരാഷ്ട്രതലത്തിലോ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ തീവ്രവാദ-ഭീകരവാദ ആരോപണം ഉന്നയിക്കപ്പെടുന്നുപോലുമില്ല. മതരാഷ്ട്രവാദം, മതമൗലികവാദം പോലുള്ള മുദ്രകളും തേഞ്ഞുമാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്.

മുസ്‌ലിം സംഘടനകളോടുള്ള സമീപനം 
ഓരോ ജമാഅത്ത് പ്രവര്‍ത്തകന്റെയും പരമമായ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടലാണ്. അതിനായി ഓരോ പ്രസ്ഥാന പ്രവര്‍ത്തകനും ഇസ്‌ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനായി  പണിയെടുക്കണം. അഥവാ ഇസ്‌ലാമിന്റെ യഥാര്‍ഥ പ്രതിനിധാനം നിര്‍വഹിക്കണം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് സഹോദര സമുദായാംഗങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ അകറ്റി അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക, പ്രബോധനം നടത്തുക, നാട്ടില്‍ സമാധാനാന്തരീക്ഷമൊരുക്കുക, സൗഹൃദം വളര്‍ത്തുക, മുസ്‌ലിം സമൂഹത്തെ സംസ്‌കരിക്കുക, വ്യക്തിബന്ധങ്ങളും പഠന ക്ലാസുകളും പ്രഭാഷണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളും സംഘടിപ്പിക്കുക, സമുദായത്തിന്റെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തുക, മുസ്‌ലിംകളുള്‍പ്പെടെ മര്‍ദിതരായ മുഴുവന്‍ മനുഷ്യര്‍ക്കുമായി നിലകൊള്ളുക, സാമൂഹിക നീതിയുടെ സംസ്ഥാപനത്തിനായി യത്‌നിക്കുക, രാജ്യത്തും ലോകത്തും നടക്കുന്ന സംഭവഗതികളെ ഇസ്‌ലാമികാടിസ്ഥാനത്തില്‍ വിലയിരുത്തി ജനത്തെ ബോധവത്കരിക്കുക, ജനസേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക തുടങ്ങിയവയെല്ലാം ദൈവിക ദീനിന്റെ സംസ്ഥാപന ശ്രമത്തിന്റെ ഭാഗമാണ്. ഇവിടെയുള്ള എല്ലാ മുസ്‌ലിം സംഘടനകളും ഏതെങ്കിലും അര്‍ഥത്തില്‍ ഇതിലേതെങ്കിലും പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നവയാണ്. അഥവാ എല്ലാ മുസ്‌ലിം സംഘടനകളും ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യംവെച്ച ഇഖാമത്തുദ്ദീനിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നു. അതുകൊണ്ടും ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം അവയൊന്നും ശത്രു സംഘടനകളല്ല;  സഹായക സംഘടനയോ സഹോദര സംഘടനയോ അനുബന്ധ സംഘടനയോ ആണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും ലക്ഷ്യവും നയപരിപാടികളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നവയല്ലാത്തതിനാല്‍ സമാന്തര സംഘടനയുമല്ല. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ജമാഅത്തെ ഇസ്‌ലാമി രാജ്യത്തെ മുഴുവന്‍ മുസ്‌ലിം സംഘടനകളോടും സ്വീകരിക്കുന്ന സമീപനം സഹായക സംഘടനയെന്ന നിലയിലും സഹോദര സംഘടനയെന്ന നിലയിലുമാണ്.
അതേസമയം മത, സാമൂഹിക, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളെ അവയില്‍ ആദര്‍ശ രംഗത്തോ കര്‍മപഥത്തിലോ സമീപനത്തിലോ ഗുരുതരമായ വ്യതിയാനങ്ങളോ ജീര്‍ണതകളോ കാണപ്പെടുമ്പോള്‍ ഗുണകാംക്ഷാപൂര്‍വം നിരൂപണം നടത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നു, ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ സമൂഹത്തിനോ നാടിനോ ദോഷകരമായേക്കാവുന്ന പ്രവര്‍ത്തനങ്ങളുണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നു. അപ്പോഴും മുസ്‌ലിം സംഘടനകളോടുള്ള അതിന്റെ സമീപനം അടിസ്ഥാനപരമായി സൗഹൃദത്തിന്റേതും സഹകരണത്തിന്റേതുമാണ്.

മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മകള്‍
മൗലിക വിശ്വാസ കാര്യങ്ങളും അടിസ്ഥാന ആരാധനാ കര്‍മങ്ങളും അംഗീകരിക്കുകയും മുസ്‌ലിമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരും ഈ സമുദായത്തിലെ അംഗങ്ങളാണ്. എന്തൊക്കെ ദൗര്‍ബല്യങ്ങളും ജീര്‍ണതകളുമുണ്ടെങ്കിലും മുസ്‌ലിമെന്ന നിലക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങള്‍ക്കും അയാള്‍ അര്‍ഹനാണ്. ഒട്ടേറെ ദൗര്‍ബല്യങ്ങളുണ്ടായിരുന്ന ഇസ്രാഈല്യരെ മൂസാ നബി(അ) സ്വന്തം സമുദായക്കാരായി അംഗീകരിക്കുകയും അവരുടെ മോചനത്തിനായി ശ്രമിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു (ഖുര്‍ആന്‍: 28:4,5, 7:137, 20:47).
സ്വന്തം സമുദായത്തിന്റെ സുരക്ഷക്കും ശാക്തീകരണത്തിനും പുരോഗതിക്കുമുള്ള ശ്രമങ്ങളെല്ലാം ഇഖാമത്തുദ്ദീനിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ സുരക്ഷക്കും അവകാശ സംരക്ഷണത്തിനും ബഹുമുഖ പുരോഗതിക്കും മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയും അവക്കിടയിലെ ഐക്യവും അനിവാര്യമത്രെ. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്‌ലാമി ആദ്യകാലം മുതലേ ഇതിന് മുന്‍കൈയെടുത്തുപോന്നിട്ടുണ്ട്.
സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ തബ്‌ലീഗ് ജമാഅത്തുമായി സഹകരിച്ചാണ് മതപരിത്യാഗികളെ ഇസ്‌ലാമിലേക്ക് തിരിച്ചുകൊണ്ടുവരാനും പുതിയ മതപരിത്യാഗം സംഭവിക്കാതിരിക്കാനും തീവ്രശ്രമത്തിലേര്‍പ്പെട്ടത്. പിന്നീട് 1960-കളോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വര്‍ഗീയ കലാപങ്ങള്‍ നടന്നു. അവയില്‍ നൂറുകണക്കിന് മുസ്‌ലിംകള്‍ ക്രൂരമായി കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. മുസ്‌ലിംകളുടെ മതസ്ഥാപനങ്ങളും പള്ളികളും അന്യാധീനമായി. വഖ്ഫ് സ്വത്തുക്കള്‍ കൈയേറ്റങ്ങള്‍ക്ക് വിധേയമായി. ഉര്‍ദു ഭാഷ പൂര്‍ണമായി അവഗണിക്കപ്പെട്ടു. അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെയും ജാമിഅ മില്ലിയ്യയുടെയും ന്യൂനപക്ഷ സ്വഭാവം എടുത്തുകളയാന്‍ ശ്രമങ്ങളുണ്ടായി. വിപത്കരമായ ഈ സാഹചര്യത്തില്‍ സമുദായത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും സാംസ്‌കാരിക അസ്തിത്വവും വ്യക്തിത്വവും പരിരക്ഷിക്കാനും മുഴുവന്‍ മുസ്‌ലിം സംഘടനകളെയും ഒരുമിപ്പിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ വിവിധ സംഘടനാ നേതാക്കള്‍ നിരന്തരം പരസ്പരം കൂടിയാലോചിച്ച് ഒരു പൊതുവേദി രൂപീകരിക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് 1964 ആഗസ്റ്റ് 8,9 തീയതികളില്‍ രാജ്യത്തെ എല്ലാ പ്രമുഖ മുസ്‌ലിം സംഘടനകളുടെയും നേതാക്കള്‍ ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായില്‍ ഒത്തുചേര്‍ന്നു. അവിടെവെച്ച് ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ രൂപീകൃതമായി. ജമാഅത്തെ ഇസ്‌ലാമിയെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വിയും ദഅ്‌വത്ത് പത്രാധിപര്‍ മുഹമ്മദ് മുസ്‌ലിം സാഹിബും അതില്‍ സംബന്ധിച്ചു. ഡോ. സയ്യിദ് മഹ്മൂദ്, മുഫ്തി അതീഖുര്‍റഹ്മാന്‍, ഖാദി മുഹമ്മദ് ത്വയ്യിബ്, മൗലാനാ കല്‍ബെ സാദിഖ്, മൗലാനാ മുത്വീഉര്‍റഹ്മാനി, ഇബ്‌റാഹീം സുലൈമാന്‍ സേട്ട് തുടങ്ങിയവരാണ് പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത മറ്റു പ്രധാനികള്‍. ഡോ. സയ്യിദ് മഹ്മൂദ് പ്രസിഡന്റും എം.എന്‍ അന്‍വര്‍ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. അന്നുമുതലിന്നോളം ജമാഅത്തെ ഇസ്‌ലാമി ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. 
ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമത്തിനെതിരെ വെല്ലുവിളികള്‍ ശക്തിപ്പെടാന്‍ തുടങ്ങിയത് 1970 മുതലാണ്. എച്ച്. ആര്‍ ഗോഖലെ നിയമമന്ത്രിയായിരിക്കെ ദത്താവകാശ ചര്‍ച്ചയില്‍ ഏക സിവില്‍കോഡ് നിര്‍ദേശം മുന്നോട്ടുവെച്ചു. അതൊരു തുടക്കമായിരുന്നു. മുസ്‌ലിം വ്യക്തി നിയമത്തിനെതിരെ നീക്കമാരംഭിച്ചതോടെ അതിന്റെ സംരക്ഷണാര്‍ഥം മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രൂപീകൃതമായി. 1973 ഏപ്രില്‍ 7-ന്  ഹൈദറാബാദില്‍ ചേര്‍ന്ന മുസ്‌ലിം നേതാക്കളുടെ യോഗമാണ് ബോര്‍ഡിന് രൂപം നല്‍കിയത്. അബുല്‍ ഹസന്‍ അലി നദ്‌വി, ഖാരി മുഹമ്മദ് ത്വയ്യിബ് ഖാസിമി, ഹസ്‌റത്ത് മൗലാനാ സയ്യിദ് ഷാ, മിന്നത്തുല്ലാ റഹ്മാനി, മൗലാനാ കല്‍ബെ സാദിഖ് തുടങ്ങിയ വിവിധ മുസ്‌ലിം സംഘടനാ നേതാക്കളുടെ സാന്നിധ്യത്തിലാണ് പേഴ്‌സണല്‍ ലോ ബോര്‍ഡ് സ്ഥാപിതമായത്. ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ കൂട്ടായ്മയിലും ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതലിന്നോളം നിര്‍ണായക പങ്കു വഹിച്ചുവരുന്നു. ബാബരി മസ്ജിദിനെതിരെ വെല്ലുവിളികള്‍ ഉയര്‍ന്ന ഘട്ടത്തില്‍ ബാബരി മസ്ജിദ് മൂവ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിക്കെതിരായ നീക്കങ്ങളാരംഭിച്ച സന്ദര്‍ഭത്തില്‍ 'എ.എം.യു ആക്ഷന്‍ കമ്മിറ്റി'യും രൂപീകൃതമായി. ഇവയിലെല്ലാം ജമാഅത്തെ ഇസ്‌ലാമി സജീവ പങ്കുവഹിച്ചു.
ദേശീയതലത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി മുഴുവന്‍ മുസ്‌ലിം സംഘടനകളുമായും നല്ല ബന്ധം പുലര്‍ത്തിവരുന്നു. മികച്ച പരസ്പര സഹകരണവും നിലനില്‍ക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ പരിപാടികളിലും പൊതുപ്രവര്‍ത്തനങ്ങളിലും മറ്റു സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും പൊതുവെ സഹകരണാത്മക സമീപനമാണ് സ്വീകരിക്കുന്നത്. അഖിലേന്ത്യാതലത്തില്‍ കേരളത്തെ അപേക്ഷിച്ച് സംഘടനാ പക്ഷപാതിത്വവും കടുംപിടിത്തവും കുറവാണ്.

കേരളത്തില്‍
കേരള  മുസ്‌ലിംകള്‍ക്കിടയിലെ ഏറ്റവും പ്രബല മതസംഘടന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായാണ്, രാഷ്ട്രീയ സംഘടന മുസ്‌ലിം ലീഗും. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി രണ്ടിന്റെയും നേതൃത്വം പാണക്കാട് കുടുംബത്തിനാണ്; സംഘടനാ ഭാരവാഹികള്‍ ആരായിരുന്നാലും. അതുകൊണ്ടുതന്നെ ഇവിടത്തെ മുഴുവന്‍ മുസ്‌ലിം സംഘടനകളെയും ഒരുമിച്ചുകൂട്ടാന്‍ കഴിയുക പാണക്കാട് കുടുംബത്തിലെ മത-രാഷ്ട്രീയ നേതൃത്വത്തിനാണ്. ദേശീയതലത്തില്‍ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മക്ക് ജമാഅത്തെ ഇസ്‌ലാമി നേതൃപരമായ പങ്കുവഹിക്കുമ്പോള്‍ കേരളത്തില്‍ ക്ഷണിക്കപ്പെടുന്ന എല്ലാ കൂട്ടായ്മകളിലും പങ്കാളികളാവുകയും സജീവമായി ഇടപെടുകയുമാണ് ചെയ്യാറുള്ളത്. പാണക്കാട് തങ്ങള്‍ വിളിച്ചുചേര്‍ക്കുന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ ജമാഅത്തിന് അര്‍ഹമായ പരിഗണനയും പങ്കാളിത്തവും ലഭിക്കാറുണ്ട്. അത് മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ പൊതുവെ അംഗീകരിക്കപ്പെടാറുമുണ്ട്. 
ജമാഅത്തെ ഇസ്‌ലാമി ഇന്നോളം മുസ്‌ലിം സംഘടനകളുടെ ഐക്യത്തിനും അടുപ്പത്തിനും സൗഹൃദത്തിനും പരമാവധി ശ്രമിച്ചുപോന്നിട്ടുണ്ട്. കേരളത്തില്‍ ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റി രൂപീകൃതമായപ്പോള്‍ അതിന്റെ നേതൃത്വത്തില്‍ എം.ഇ.എസിലെ ചില നേതാക്കളുണ്ടായിരുന്നു. അതിനാല്‍ ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റിയോട് എം.ഇ.എസ് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണമുായി. എം.ഇ.എസ് ജേര്‍ണല്‍ ശരീഅത്തിനെതിരായ പരാമര്‍ശങ്ങളുള്ള ലേഖനം പ്രസിദ്ധീകരിച്ചു. അതേതുടര്‍ന്ന് മുസ്‌ലിം ലീഗ് എം.ഇ.എസിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും വിവാദങ്ങളും തീര്‍ത്തും അനാവശ്യവും മോശവുമായ പതനത്തിലെത്തി. മുസ്‌ലിം ലീഗ് അതിന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രഫസറായിരുന്ന എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.കെ അബ്ദുല്‍ ഗഫൂറിനെ സ്ഥലം മാറ്റിച്ചെന്ന ആരോപണമുയര്‍ന്നതോടെ ശത്രുതയും സംഘര്‍ഷവും അതിന്റെ പാരമ്യതയിലെത്തി. പി.കെ അബ്ദുല്‍ ഗഫൂര്‍ രാജിവെച്ചു. ഇത് സമുദായത്തിലെ പുരോഗമനാശയക്കാരില്‍ എം.ഇ.എസിനോട് ആഭിമുഖ്യവും ലീഗിനോട് അനിഷ്ടവുമുണ്ടാക്കി. ഈ പശ്ചാത്തലത്തില്‍ എം.ഇ.എസ് കോഴിക്കോട്ട് ഒരു പ്രൗഢമായ സമ്മേളനം നടത്തി. എം.ഇ.എസില്‍ അംഗത്വമെടുക്കുകയോ അതുമായി സഹകരിക്കുകയോ ചെയ്യരുതെന്ന് മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്തു. അങ്ങനെ സമുദായത്തില്‍ അനൈക്യവും ശൈഥില്യവും പരസ്പര ശത്രുതയും ശക്തിപ്പെട്ടപ്പോള്‍ അതവസാനിപ്പിക്കാനും ഇരുവിഭാഗത്തിനുമിടയില്‍ ഐക്യവും സന്ധിയുമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നു. പ്രബോധനം വാരിക പ്രസിദ്ധീകരിച്ച 'എം.ഇ.എസ് - മുസ്‌ലിം ലീഗ് സമരവും വഷളായ സാമുദായികാന്തരീക്ഷവും' എന്ന മുഖലേഖനത്തില്‍ ഇരുവിഭാഗത്തിനുമിടയില്‍ ഐക്യമുണ്ടാക്കാനുള്ള ആത്മാര്‍ഥമായ ആഗ്രഹവും ആഹ്വാനവും നിറഞ്ഞുനിന്നു. തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന ശൂറാ ഇവ്വിഷയകമായി പ്രമേയം അംഗീകരിക്കുകയും ഇരുസംഘടനകളുടെയും നേതാക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ചന്ദ്രിക ദിനപ്പത്രം ഉള്‍പ്പെടെ ജമാഅത്തിന്റെ പ്രമേയം പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചു. പ്രമേയം കൈപ്പറ്റിയ എം.ഇ.എസ് പ്രസിഡന്റ് പി.കെ അബ്ദുല്‍ ഗഫൂര്‍, ജമാഅത്തെ ഇസ്‌ലാമി അമീര്‍ കെ.സി അബ്ദുല്ല മൗലവിക്ക് അയച്ച കത്തില്‍ സമുദായസ്‌നേഹികള്‍ ഐക്യത്തിന് ശ്രമിക്കുകയാണെങ്കില്‍ പൂര്‍ണ സഹകരണം തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പുനല്‍കി. ഏറെ കഴിയും മുമ്പെ മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ തന്നെ മുന്‍കൈയെടുത്ത് ഐക്യം സാധിതമാക്കി. 
1974-ല്‍ മുസ്‌ലിം ലീഗില്‍നിന്ന് വേര്‍പിരിഞ്ഞ് അഖിലേന്ത്യാ ലീഗ് രൂപീകൃതമായി. അവക്കിടയില്‍ അകല്‍ച്ചയും ശത്രുതയും ശക്തിപ്പെട്ട ഘട്ടത്തിലാണ് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് കേരളത്തിലെത്തുന്നത്. അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി ഇരുവിഭാഗത്തിനുമിടയില്‍ ഐക്യമുണ്ടാക്കാന്‍ ജമാഅത്ത് ശ്രമിച്ചു. അഖിലേന്ത്യാ ലീഗ് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അതുമായി സഹകരിച്ചില്ല. ശരീഅത്ത് സംവാദമാണ് പിന്നീട് അവയെ സംയോജിപ്പിച്ചത്. 'സമസ്ത'യിലും മുജാഹിദ് സംഘടനയിലും എം.ഇ.എസിലും പിളര്‍പ്പുണ്ടായപ്പോഴെല്ലാം അതൊഴിവാക്കാന്‍ ജമാഅത്ത് അഭ്യര്‍ഥിക്കുകയുണ്ടായി. 
ജമാഅത്തെ ഇസ്‌ലാമിക്കും കേരള നദ്‌വത്തുല്‍ മുജാഹിദീനുമിടയിലുള്ള അകലം കുറക്കാനും സഹകരിച്ചു പ്രവര്‍ത്തിക്കാനുമുള്ള ശ്രമം നടന്നപ്പോള്‍ ജമാഅത്ത് അതിനോട് പൂര്‍ണമായി സഹകരിച്ചു. 1979 മാര്‍ച്ച് 8,9,10,11 തീയതികളില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന സമ്മേളനം പുളിക്കലില്‍ സംഘടിപ്പിക്കപ്പെട്ടു. എല്ലാവിധ സജ്ജീകരണങ്ങളോടെ വിപുലമായ തോതില്‍ നടത്തപ്പെട്ട പരിപാടിയായിരുന്നു. സംഘാടകര്‍ റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി(മുസ്‌ലിം വേള്‍ഡ് ലീഗ്) പ്രതിനിധിയെ ക്ഷണിച്ചിരുന്നു. റാബിത്വ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രത്തെ ചുമതലപ്പെടുത്തി. അതനുസരിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ അന്നത്തെ തമിഴ്‌നാട് അമീര്‍ ഇഅ്ജാസ് അഹ്മദ് അസ്‌ലം സാഹിബിനെ റാബിത്വയുടെ പ്രതിനിധിയായി സമ്മേളനത്തിലേക്കയച്ചു. അടിയന്തരാവസ്ഥയിലും തുടര്‍ന്നും ജമാഅത്തിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരുന്ന മുജാഹിദ് നേതൃത്വത്തിന് ഇത് ഇഷ്ടമായില്ല. അവര്‍ ഇഅ്ജാസ് അസ്‌ലം സാഹിബ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ വിമ്മിട്ടം പ്രകടിപ്പിച്ചു. സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ സുഊദി അറേബ്യയിലെ ദാറുല്‍ ഇഫ്തായുടെ പ്രതിനിധികളും പ്രമുഖ പണ്ഡിതന്മാരുമായ ശൈഖ് അബ്ദുല്ല ഇബ്‌റാഹീം ഫന്‍ദുഖും ശൈഖ് ഉമര്‍ മുഹമ്മദ് ഫുല്ലാത്തയും വിവരമറിഞ്ഞ് പ്രശ്‌നത്തിലിടപെട്ടു. 
ജമാഅത്തും മുജാഹിദും തമ്മില്‍ ഇത്ര രൂക്ഷമായ ഭിന്നതയുള്ളതായി അവരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. അതിനാലവര്‍ ഇരുവിഭാഗത്തെയും അവര്‍ താമസിക്കുന്ന കോഴിക്കോട്ടെ സീക്വീന്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി. കേരള നദ്‌വത്തുല്‍ മുജാഹിദീനെ പ്രതിനിധീകരിച്ച് അതിന്റെ പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റായിരുന്ന മര്‍ഹൂം കെ. ഉമര്‍ മൗലവിയും ജമാഅത്തെ ഇസ്‌ലാമിയെ പ്രതിനിധീകരിച്ച് അന്നത്തെ സംസ്ഥാന അമീര്‍ ടി.കെ അബ്ദുല്ല സാഹിബുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് സുഊദി അറേബ്യയിലെ മദീനാ യൂനിവേഴ്‌സിറ്റി അധ്യാപകനായിരുന്ന ശൈഖ് അബ്ദുസ്സമദ് അല്‍ കാത്തിബും ടൊറാേ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടറുമായിരുന്ന ടി.കെ ഇബ്‌റാഹീം സാഹിബും ചര്‍ച്ചയില്‍ സാക്ഷികളായും സംബന്ധിച്ചു. എന്താണ് ജമാഅത്തെ ഇസ്‌ലാമിയുമായുള്ള പ്രധാന ഭിന്നത എന്ന് ശൈഖ് ഫന്‍ദുഖും ശൈഖ് ഫുല്ലാത്തയും ഉമര്‍ മൗലവിയോട് ചോദിച്ചു. അതിനോട് അദ്ദേഹത്തിന്റെ പ്രതികരണം: ''ഇബാദത്തിന് അബുല്‍ അഅ്‌ലാ മൗദൂദി നല്‍കിയ അര്‍ഥവും വിശദീകരണവും തെറ്റാണ്. അതിനാല്‍ ഭിന്നത തൗഹീദിലാണ്.'' അപ്പോള്‍ ദാറുല്‍ ഇഫ്താ പ്രതിനിധികള്‍ ചോദിച്ചു: ''വിഷയം വളരെ മൗലികവും പ്രധാനവുമായതിനാല്‍ ശൈഖ് അബ്ദുല്‍ അസീസുബ്‌നു അബ്ദുല്ലാഹിബ്‌നു ബാസിന്റെ നേതൃത്വത്തില്‍ ലോകപണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. അങ്ങനെ എടുക്കുന്ന തീരുമാനം ഇരുകൂട്ടര്‍ക്കും സ്വീകാര്യമാണോ?''
ഇരുവിഭാഗവും അതംഗീകരിച്ചു. അങ്ങനെ അപ്പോള്‍തന്നെ കരാര്‍ എഴുതി. ഉമര്‍ മൗലവിയും ടി.കെ അബ്ദുല്ല സാഹിബും അതില്‍ ഒപ്പുവെച്ചു. സാക്ഷികളായി അബ്ദുസ്സമദ് അല്‍ കാത്തിബും ടി.കെ ഇബ്‌റാഹീം സാഹിബും. തുടര്‍ന്ന് കരാറിന്റെ കോപ്പിയെടുത്ത് ഓരോന്ന് മുജാഹിദ് പക്ഷവും ജമാഅത്തും സൂക്ഷിക്കാനും ഒറിജിനല്‍ ദാറുല്‍ ഇഫ്താ പ്രതിനിധികള്‍ക്ക് നല്‍കാനുമായി മര്‍ഹൂം ഉമര്‍ മൗലവിയെ ഏല്‍പിച്ചു. നിര്‍ഭാഗ്യവശാല്‍ അത് വെളിച്ചം കാണുകയോ അതിന്റെ കോപ്പി ജമാഅത്ത് നേതൃത്വത്തിനും ഒറിജിനല്‍ ദാറുല്‍ ഇഫ്താ പ്രതിനിധികള്‍ക്കും ലഭിക്കുകയോ ഉണ്ടായില്ല. മാത്രമല്ല കെ. ഉമര്‍ മൗലവി ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായി പ്രസ്താവിക്കുകയും ചെയ്തു. അതിന് അദ്ദേഹം പറഞ്ഞ കാരണം ഇങ്ങനെ: ''പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കി കഴിയുന്നതും സൗഹാര്‍ദപരമായി ഇരു കൂട്ടരും പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഏകോപിച്ച് എന്നോടാവശ്യപ്പെട്ടു. ശൈഖ് ഇബ്‌നുബാസിന്റെ ഫത്‌വ ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചാല്‍ അതുപ്രകാരം പ്രവര്‍ത്തിക്കാമെന്നു പറഞ്ഞപ്പോള്‍ അതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് ശൈഖുമാര്‍ സമ്മതിച്ചു. അങ്ങനെ സൗഹാര്‍ദം നിലനില്‍ക്കത്തക്കവിധം മുന്നോട്ടുപോകാന്‍ ഉതകുന്ന ഒരു കരാര്‍ ഉണ്ടാക്കുകയും ജമാഅത്ത് നേതാക്കളും ഞാനും അതില്‍ ഒപ്പുവെക്കുകയും ചെയ്തു. ഈ സംഭവം കെ.എന്‍.എം നേതൃത്വത്തില്‍ വലിയ അലോസരമുണ്ടാക്കി. ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായിരിക്കെ നേതൃത്വവുമായി ആലോചിക്കാതെ ഇത്തരമൊരു കരാറില്‍ ഒപ്പുവെച്ചതില്‍ അവരെന്നെ ശക്തിയായി കുറ്റപ്പെടുത്തി. ആ കുറ്റപ്പെടുത്തലില്‍ കഴമ്പുണ്ടെന്ന് എനിക്കും തോന്നി. എ.പി അബ്ദുല്‍ ഖാദര്‍ മൗലവിയാണ് എനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. സംഘടനാ വൈഭവത്തില്‍ അക്കാലത്തുതന്നെ അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. ഞാന്‍ സംഘടനക്ക് ഒരു ഭാരവും മുന്നോട്ടുള്ള ഗമനത്തിനും ചിട്ടവട്ടങ്ങള്‍ക്കും തടസ്സമാകുന്നുവെന്ന സൂചനയാണ് എ.പിയും മറ്റുള്ളവരും നല്‍കുന്നതെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തിന് ചുമക്കാന്‍ കഴിയാത്ത ഒരു ഭാരമാകരുതെന്ന് തീരുമാനിച്ചു. സംഘടനയില്‍ ഭാരവാഹിയാകുന്നതിന് ഞാന്‍ കൊള്ളുകയില്ലെന്ന് സ്വയം മനസ്സിലാക്കി. ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷപദവി ഒഴിയാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഞാന്‍ സ്ഥാനമൊഴിഞ്ഞു'' (ഓര്‍മയുടെ തീരത്ത് - കെ. ഉമര്‍ മൗലവിയുടെ ആത്മകഥ, പേജ് 525, 526).
അതോടെ കേരള മുസ്‌ലിം ചരിത്രത്തില്‍ വമ്പിച്ച നേട്ടവും സദ്ഫലവും ഉണ്ടാക്കുമായിരുന്ന കരാര്‍ എങ്ങുമെത്താതെ പോയി. സമുദായത്തിന്റെയും ദീനിന്റെയും വളര്‍ച്ചക്കും ഉയര്‍ച്ചക്കും ഉപയോഗിക്കാമായിരുന്ന അനേകായിരം മണിക്കൂറുകളും നിരവധി പേരുടെ അധ്വാനവും വമ്പിച്ച സമ്പത്തും പാഴാകുന്നത് ഒഴിവാക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെട്ടു. മുസ്‌ലിം നവോത്ഥാനത്തിന് വമ്പിച്ച മുതല്‍ക്കൂട്ടാകുമായിരുന്ന രണ്ട് മഹദ് സംഘടനകളുടെ ഒരുപാട് ശ്രദ്ധയും ശ്രമങ്ങളും പാഴാകുന്നതിന് അറുതിവരുത്താനുള്ള സന്ദര്‍ഭം ഇല്ലാതായി. 
കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കള്‍ കുവൈത്തില്‍ വെച്ച് സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായുണ്ടാക്കിയ കരാറിനും ഇതേ ഗതിതന്നെയാണുണ്ടായത്. 1989 ഡിസംബര്‍ 27-ന് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിലെ ഇസ്‌ലാമികകാര്യ ഡയറക്ടര്‍ ശൈഖ് നാദിര്‍ അബ്ദുല്‍ അസീസ് നൂരിയുടെ സാന്നിധ്യത്തിലും മുജാഹിദ് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ അബ്ദുസ്സമദ് അല്‍ കാത്തിബും ജമാഅത്തെ ഇസ്‌ലാമിയെ പ്രതിനിധീകരിച്ച് ശാന്തപുരം ഇസ്‌ലാമിയാ കോളേജ് അധ്യാപകന്‍ അബ്ദുര്‍റഹ്മാന്‍ തറുവായിയും എ.പി അബൂബക്കര്‍ മുസ്‌ലിയാരും ഐക്യ കരാറില്‍ ഒപ്പിട്ടു. ഈ സംഘടനകള്‍ക്കിടയില്‍ തര്‍ക്കമുള്ള പ്രശ്‌നങ്ങളെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കുമെന്നും പ്രവാചകനല്ലാതെ മറ്റാര്‍ക്കും അപ്രമാദിത്വമില്ലെന്നും ഏതു ഇമാമിന്റെ വാക്കുകളിലും തള്ളാവുന്നതും കൊള്ളാവുന്നതും ഉണ്ടെന്നും സത്യത്തിന്റെ മാനദണ്ഡം ഖുര്‍ആനും സുന്നത്തും മാത്രമാണെന്നുമാണ് കരാറിലെ പ്രധാന ഉള്ളടക്കം. പരസ്പരം കാഫിറാക്കുകയില്ലെന്നും അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് മറുപടി പറയാനും പരസ്പരം സഹകരിക്കുമെന്നും കരാറില്‍ രേഖപ്പെടുത്തി. പത്രപ്രസിദ്ധീകരണങ്ങളിലൂടെയുള്ള വിമര്‍ശനം അവസാനിപ്പിക്കുമെന്നും ഓരോ വിഭാഗവും സംഘടിപ്പിക്കുന്ന പരിപാടികളില്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കുമെന്നും കരാര്‍ ഊന്നിപ്പറയുന്നു. എന്നാല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പിന്നീട് കരാറിനെ തള്ളിപ്പറയുകയാണുണ്ടായത്. 
ഇവ്വിധം ഐക്യത്തിനും യോജിപ്പിനും ലഭിക്കുന്ന ഒരവസരവും പാഴാക്കാതിരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ജാഗ്രത പുലര്‍ത്തിപ്പോന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദറലി ശിഹാബ് തങ്ങളും വിളിച്ച എല്ലാ മുസ്‌ലിം സംഘടനാ യോഗങ്ങളിലും ജമാഅത്ത് സജീവമായി പങ്കെടുത്തു. മുജാഹിദുകള്‍ക്കും ജമാഅത്തിനുമിടയില്‍ യോജിപ്പുണ്ടാക്കാനായി മര്‍ഹൂം ബാവ മൂപ്പനും ഇ.കെ അബ്ദുല്‍ ഖാദര്‍ സാഹിബും തൃശൂരിലെ സക്കീര്‍ സാഹിബും മറ്റും നടത്തിയ ശ്രമങ്ങളോടും ജമാഅത്ത് പൂര്‍ണമായി സഹകരിച്ചു. റമദാന്‍, പെരുന്നാള്‍ ഏകീകരണവുമായി ബന്ധപ്പെട്ട് ഗള്‍ഫാര്‍ മുഹമ്മദലി സാഹിബും മറ്റും വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗങ്ങളിലും എം.എസ്.എസ് പല സന്ദര്‍ഭങ്ങളിലായി വിളിച്ചുചേര്‍ത്ത മുസ്‌ലിം കൂട്ടായ്മകളിലും ജമാഅത്ത് കലവറയില്ലാതെ സഹകരിച്ചു. ഒരിക്കല്‍പോലും ഏതു ഭാഗത്തുനിന്നുമുണ്ടായ ഐക്യ ശ്രമങ്ങളിലൊന്നിനോടുപോലും ജമാഅത്ത് പുറംതിരിഞ്ഞുനിന്നിട്ടില്ല. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയോ ഒത്തുകൂടലോ ആവശ്യമാണെന്ന് തോന്നുമ്പോഴെല്ലാം ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം ലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്താറു്. സമുദായത്തിനു നേരെയുള്ള വെല്ലുവിളികള്‍ നേരിടാനും ഇസ്‌ലാമിന്റെ പ്രതിനിധാനം യഥാവിധി നിര്‍വഹിക്കാനും മുസ്‌ലിം ഐക്യവും കൂട്ടായ്മയും അനിവാര്യമാണെന്ന് ജമാഅത്ത് മനസ്സിലാക്കുന്നു. അതിനനുകൂലമായ സമീപനം എപ്പോഴും സ്വീകരിച്ചുവരികയും ചെയ്യുന്നു.
 

Comments

Other Post