ഡോഗ്മകളില്‍ കുടുങ്ങിപ്പോവാതെ ഒരു ചിന്തകന്‍
പ്രകൃതിക്രമമായി സ്രഷ്ടാവ് നിര്‍ണയിച്ച ദീനുല്‍ ഇസ്‌ലാമിനെ അതിന്റെ ആദിമ വിശുദ്ധ സൗന്ദര്യത്തോടും കാലഘട്ടത്തില്‍ അനിവാര്യമായ ഊന്നലുകളോടും കൂടി അവതരിപ്പിച്ച്, എഴുപത്താറാണ്ട് നീണ്ട തന്റെ ജീവിതകാലം
ഇസ്‌ലാമിന്റെ ആര്‍ജവമാര്‍ന്ന പ്രതിനിധാനത്തിന് തലമുറകളെ സന്നദ്ധമാക്കാന്‍ ചെലവഴിച്ച സയ്യിദ് മൗദൂദിയുടെ ജീവിതവും ചിന്തയും സജീവ ചര്‍ച്ചാ വിഷയമാണിന്നും. ജമാഅത്തെ ഇസ്‌ലാമി രൂപീകരണത്തിന്റെ എഴുപത്തിയഞ്ചു വര്‍ഷം പിന്നിടുന്ന ഈ സമയത്ത്, മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ പ്രസക്തമാകുന്നു അദ്ദേഹത്തിന്റെ ചിന്തകളെ സംബന്ധിച്ച ആലോചനകള്‍. മുന്‍വിധി നിറഞ്ഞ അന്വേഷണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടയില്‍ മൗദൂദിയുടെ ചിന്തയെയും അതിന്റെ ക്രമപ്രവൃദ്ധമായ വികാസത്തെയും സംബന്ധിച്ച ചര്‍ച്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
തന്റെ ചിന്തകളുടെ പ്രയോഗരൂപം കാണിക്കുന്നതിനും താന്‍ പ്രബോധനം ചെയ്യുന്ന മാതൃകാ സമൂഹസൃഷ്ടി ലക്ഷ്യം വെച്ചും ഒരു പ്രസ്ഥാനത്തിന് രൂപം കൊടുത്തു എന്നതാണ് മൗലാനാ മൗദൂദിയെ വ്യതിരിക്തനാക്കുന്നത്. പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും തന്റെ ആശയത്തെ പ്രസാരണം ചെയ്ത്, വ്യാഖ്യാനസാധ്യതകള്‍ അനുവാചകര്‍ക്കായി വിട്ടുകൊടുക്കാന്‍ ഒരു പ്രസ്ഥാനത്തെ നയിക്കുന്ന ഒരാള്‍ക്കാവില്ല. മറിച്ച്, തന്റെ ചിന്തകള്‍ ജീവിതസാഹചര്യങ്ങളുമായി എങ്ങനെ പ്രതിപ്രവര്‍ത്തിക്കുന്നു എന്നു നോക്കി, തടസ്സങ്ങള്‍ മറികടന്ന് എങ്ങനെ അതിനെ മുന്നോട്ടുനയിക്കാമെന്ന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം പ്രസ്ഥാന നായകനുണ്ടാകും. അങ്ങനെ വരുത്തുന്ന നയപരമായ മാറ്റങ്ങള്‍, ആശയമാര്‍ഗത്തില്‍നിന്നുള്ള വ്യതിചലനമായി ആക്ഷേപിക്കപ്പെടാം. ഒരേസമയം, മാറുന്ന കാലത്തിനനുസൃതമായി നയവികാസം വരുത്തിയും അതേസമയം അവയുടെ സൈദ്ധാന്തികാടിത്തറ ബോധ്യപ്പെടുത്തിയും മുന്നോട്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, മാറുന്ന കാലത്തോട് പ്രതികരിക്കാനുള്ള ഇസ്‌ലാമിന്റെ ഉള്‍ക്കരുത്തിനെയാണ് ഇത്തരം നയവികാസങ്ങള്‍ കാണിക്കുന്നതെന്ന് പ്രസ്ഥാന മാര്‍ഗത്തില്‍ തന്നോടൊത്ത് അണിനിരന്നവരെ ബോധ്യപ്പെടുത്താന്‍ മൗലാനാ മൗദൂദിക്ക് കഴിഞ്ഞു. 1950-കളുടെ അവസാനത്തില്‍ പാക്പഞ്ചാബിലെ മാച്ചികോട്ട് സമ്മേളനത്തില്‍ ചില ജമാഅത്തംഗങ്ങള്‍ രാജിവെക്കുന്നതില്‍ കലാശിച്ച അഭിപ്രായഭിന്നതകളുടെ കാലത്ത്, മൗദൂദി തന്നെ തന്റെ ആശയങ്ങളില്‍നിന്ന് വ്യതിചലിച്ചു എന്നാണ് ജമാഅത്ത് അംഗങ്ങളില്‍ ചിലര്‍ ആരോപിച്ചത്. ആ സമ്മേളനത്തില്‍ അദ്ദേഹം ചെയ്ത പ്രസംഗം (ഇത് പിന്നീട് തഹ്‌രീകെ ഇസ്‌ലാമി കാ ആഇന്‍ദ ലാഇഹെ അമല്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) എപ്രകാരമാണ് തന്റെ നിലപാടുകളെ ഇസ്‌ലാമികാടിത്തറകളില്‍ അദ്ദേഹം സമര്‍ഥിക്കുന്നത് എന്നതിന്റെ നിദര്‍ശനമാണ്.
പ്രസ്ഥാന രൂപീകരണവും തജ്ജന്യമായ നയവികാസങ്ങളും അതേതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും അദ്ദേഹത്തിന്റെ മറ്റു ധിഷണാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഊര്‍ജവും സമയവും ഗുണാത്മകമല്ലാതെ വിനിയോഗിക്കപ്പെടാന്‍ കാരണമായി എന്ന് കരുതുന്നവരുണ്ടാകാം. എന്നാല്‍ കൊളോണിയല്‍വിരുദ്ധ വികാരം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന കാലത്ത് അദ്ദേഹം നടത്തിയ രചനകളെ ഉപജീവിച്ച് അതിവാദകൂട്ടായ്മകള്‍ രൂപപ്പെടാതിരുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ പ്രസ്ഥാനരൂപീകരണം കൂടിയാണെന്ന് പറയാനാവും. ജാഹിലിയ്യത്തിനോടുള്ള നിലക്കാത്ത സമരമായിത്തന്നെ ഇസ്‌ലാമിനെ പ്രബോധനം ചെയ്ത മൗദൂദി, അതിന്റെ പ്രായോഗികരൂപം എന്തെന്ന് കാണിക്കുകയായിരുന്നു പ്രസ്ഥാനത്തിലൂടെ. സാമൂഹിക ഘടനയില്‍ അധികാരം ചെലുത്തുന്ന സ്വാധീനത്തെയും ദൈവഭയമില്ലാത്ത ആളുകളില്‍ അതെത്തിപ്പെട്ടാലുണ്ടാകുന്ന കെടുതികളെയും കുറിച്ച് അല്‍ ജിഹാദു ഫില്‍ ഇസ്‌ലാമില്‍ എഴുതിയ മൗദൂദി പക്ഷേ, അധികാരം കൈയടക്കുന്നതിന് വളഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതുകൊണ്ട് താനുദ്ദേശിക്കുന്ന സാമൂഹികമാറ്റം ഉണ്ടാവില്ലെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു. അതിനാല്‍ 1941-ല്‍ പ്രസ്ഥാനം രൂപം കൊടുത്ത ആദ്യ ഭരണഘടനയില്‍തന്നെ സമാധാനപരവും നിയമവിധേയവുമായ മാര്‍ഗങ്ങള്‍ മാത്രമേ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉപയോഗിക്കൂ എന്ന് രേഖപ്പെടുത്തി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിയുന്നതിന് സായുധ സമരമാര്‍ഗം സ്വീകരിക്കണമെന്ന് വാദിക്കുന്ന ഒരു ധാര ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍തന്നെ സജീവമായ 1940-കളുടെ തുടക്കത്തിലാണ്, മനംമാറ്റത്തിലൂടെ വ്യക്തിയും അതുവഴി കുടുംബവും അതേത്തുടര്‍ന്ന് നാട് മൊത്തവും മാറുന്ന സാമൂഹികാവസ്ഥ വിഭാവന ചെയ്തുകൊണ്ടുള്ള വിഖ്യാതമായ ഇസ്‌ലാമീ ഹുകൂമത്ത് കിസ്തരഹ് ഖാഇം ഹോതീ ഹെ എന്ന പ്രസംഗം മൗദൂദി നടത്തുന്നത്. ഇപ്രകാരം ക്രമപ്രവൃദ്ധമായി വികസിക്കേണ്ട ഒരു രക്തരഹിത വിപ്ലവ പ്രക്രിയയായി (ഗൈര്‍ ഖൂനീ ഇന്‍ഖിലാബ്) അധികാരമാറ്റത്തെ കണ്ട മൗദൂദിയെ, അട്ടിമറിശ്രമങ്ങളുടെ പ്രചോദനമായി ചിത്രീകരിക്കുന്നത് മറ്റു പല താല്‍പര്യങ്ങളാലുമാണെന്നു വ്യക്തം.
മൗദൂദീചിന്ത രൂപപ്പെട്ട പശ്ചാത്തലം
ഏതൊരു വ്യക്തിയുടെയും ചിന്തയും ജീവിതവീക്ഷണവും മുന്‍ഗണനകളും രൂപപ്പെടുത്തുന്നതില്‍ അയാളുടെ ജീവിതസാഹചര്യങ്ങള്‍ സ്വാധീനം ചെലുത്തുമെന്നത് തീര്‍ച്ചയാണ്. മൗദൂദിയും ഈ പൊതു അവസ്ഥക്ക് അപവാദമൊന്നുമല്ല. പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും സംഭവവികാസങ്ങള്‍ രൂപപ്പെടുത്തിയ ഇന്ത്യന്‍ മുസ്‌ലിം മനസ്സിന്റെ കൂടി ഉല്‍പന്നമായി വേണം മൗദൂദിയെ കാണാന്‍. ക്ഷയോന്മുഖമായി തുടങ്ങിയ മുഗള്‍ ഭരണം, ശക്തിപ്രാപിച്ചുവരുന്ന മറാത്താ-സിഖ് രാജാക്കന്മാര്‍, സിറാജുദ്ദൗലയുടെയും ടിപ്പു സുല്‍ത്താന്റെയും പരാജയങ്ങളോടെ ആഴത്തില്‍ വേരുകളാഴ്ത്തിയ ഇംഗ്ലീഷ് ഭരണം, പാകിസ്താനിലെ ബലാകോട്ടില്‍ 1831-ല്‍ സയ്യിദ് അഹ്മദ് ശഹീദിന്റെയും ഇസ്മാഈല്‍ ശഹീദിന്റെയും രക്തസാക്ഷ്യത്തില്‍ കലാശിച്ച പ്രസ്ഥാനം, പേര്‍ഷ്യന്‍ മാറ്റി ഇംഗ്ലീഷ് ഭരണഭാഷയാക്കിയ ബ്രിട്ടീഷ് നടപടി, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം, അനന്തരമുണ്ടായ ബ്രിട്ടീഷ് പ്രതികാര നടപടികള്‍ തുടങ്ങിയ വിവിധ സംഭവവികാസങ്ങള്‍ മുസ്‌ലിം മനസ്സില്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ വളരെ വലുതായിരുന്നു. ആയിരം കൊല്ലം ഭരിച്ച നാട്ടില്‍ പതിയെ നിന്ദ്യാവസ്ഥയിലേക്ക് മാറ്റപ്പെടുന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ കൈക്കൊണ്ട നിലപാടുകളോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ പകച്ചുപോയ ഒരു സമുദായത്തെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാണാന്‍ കഴിയുക. പടച്ചവന്റെയല്ലാതെ മറ്റൊരടിമത്തവും അംഗീകരിക്കാനാവില്ലെന്ന വിശ്വാസപ്രചോദിത ആശയത്തില്‍നിന്നുകൊണ്ട് പല പ്രതികരണശ്രമങ്ങളും സമുദായം നടത്തിനോക്കിയെങ്കിലും അത്ര ഗുണാത്മകമായിരുന്നില്ല ഫലങ്ങള്‍. മൗദൂദി സാഹിബിന്റെ ബാല്യകൗമാരങ്ങള്‍ പിന്നിടുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ രണ്ട് ദശകങ്ങളില്‍ മൗലാനാ ആസാദിനെപ്പോലുള്ളവര്‍ തങ്ങളുടെ രചനകളിലൂടെ യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ കൃത്രിമമായി വരച്ചുണ്ടാക്കിയ ദേശീയതകളുടെ അതിരുകളെ അവഗണിച്ച് ഏക ഉമ്മത്തായി അടിമത്തത്തിനെതിരെ പോരാടേണ്ടവരാണ് മുസ്‌ലിംകള്‍ എന്ന് സമുദായത്തെ ബോധിപ്പിച്ചുകൊണ്ടിരുന്നു. തന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ദേശീയ പ്രസ്ഥാനത്തോട് താല്‍പര്യമുള്ള ഒരാളായാണ് മൗദൂദിയെ കാണാനാവുന്നത്.
എന്നാല്‍, സ്വാമി ശ്രദ്ധാനന്ദ വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സാഹചര്യവും തുടര്‍ന്ന് മൗലാനാ മുഹമ്മദലി ദല്‍ഹി ജുമാ മസ്ജിദില്‍ നടത്തിയ പ്രസംഗവും പുതിയൊരു മൗദൂദിയെ സൃഷ്ടിക്കുന്നത് നമുക്ക് കാണാം. അല്‍ ജിഹാദു ഫില്‍ ഇസ്‌ലാമിന്റെ രചനക്കു വേണ്ടി നടത്തിയ പഠനങ്ങള്‍, മുസ്‌ലിം സമുദായത്തിന്റെ അവസ്ഥകളെക്കുറിച്ച് പുതിയ ബോധങ്ങള്‍ മൗദൂദിയിലുണ്ടാക്കുന്നു. തങ്ങളുടെ ഉത്തരവാദിത്തങ്ങളോട് കാണിച്ച വിസ്മൃതിയാണ് സമുദായത്തെ നിന്ദ്യതയിലേക്ക് നയിക്കുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം പിന്നീടുള്ള 10-15 വര്‍ഷം സമുദായത്തെ ബോധവത്കരിക്കുന്നതിനാണ് ചെലവഴിച്ചത്. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ സങ്കലിത ദേശീയതക്കും മുസ്‌ലിം ലീഗിന്റെ സാമുദായിക ദേശീയതക്കും പിറകില്‍ കൂടേണ്ടവരല്ല മുസ്‌ലിംകളെന്നും ഉത്തമസമുദായം എന്ന രീതിയില്‍ സമൂഹത്തിന്റെ പുനഃസൃഷ്ടിയാണ് അവരുടെ ഉത്തരവാദിത്തമെന്നും തന്റെ ജിഹ്വയായ തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ അദ്ദേഹം സമൂഹത്തെ തെര്യപ്പെടുത്തി.
ദേശീയത, മനുഷ്യപുരോഗതിയുടെ മുന്നില്‍ തീര്‍ക്കുന്ന വിലങ്ങുതടികളെക്കുറിച്ച് മൗദൂദി എഴുതുന്നുണ്ട്. ഏക മാതാപിതാക്കളുടെ മക്കളായ മനുഷ്യര്‍, അവര്‍ കൃത്രിമമായി വരച്ചുണ്ടാക്കിയ അതിരുകള്‍ക്കുള്ളില്‍നിന്ന് നടത്തുന്ന പോര്‍വിളികള്‍ ലോകത്തിനുണ്ടാക്കുന്ന കെടുതികള്‍ കൃത്യമായി വരച്ചുകാണിക്കാന്‍ ഒന്നും രണ്ടും ലോകയുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ മൗദൂദിക്കായി. പരസ്പരസന്ദര്‍ശനത്തിന് പാസ്‌പോര്‍ട്ടും വിസയുമാവശ്യമുള്ള ദേശരാഷ്ട്രങ്ങള്‍ എന്ന കൊളോണിയല്‍ നിര്‍മിതി ഏകലോകം സ്വപ്‌നം കാണുന്ന ഇസ്‌ലാമിന് അന്യമാണെന്നതിനാല്‍, മൗദൂദിക്ക് അസ്വീകാര്യമാവുന്നു എന്നതില്‍ അത്ഭുതമില്ല. എന്നാല്‍, ഈ വികാരം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മൗദൂദിയേക്കാള്‍ ഗംഭീരമായി പ്രചരിപ്പിച്ചവരും അതിനനുസൃതമായി ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയവരും ഇന്ത്യയിലുണ്ടായിരുന്നു. അബുല്‍ കലാം ആസാദ്, ഉബൈദുല്ലാ സിന്ധി എന്നിവരാണ് ഇവരില്‍ പ്രമുഖര്‍. തന്റെ അല്‍ ഹിലാലിലൂടെയും അല്‍ ബലാഗിലൂടെയും ആസാദ് പകര്‍ന്ന കൊളോണിയല്‍വിരുദ്ധ ആഗോള ഇസ്‌ലാം പാഠങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ്. ആഇശ ജലാല്‍ പറഞ്ഞതുപോലെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആസാദിനെ അണിയിച്ച ഇന്ത്യന്‍ ദേശീയതയുടെ കട്ടിയേറിയ വസ്ത്രത്തിനുള്ളില്‍ ആസാദിലെ ഈ ഭാവം മറയ്ക്കപ്പെട്ടുവെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ മുന്‍കാല രചനകളെ തള്ളിപ്പറഞ്ഞില്ല. ട്രിപ്പോളിയിലെയും ബാള്‍ക്കനിലെയും യുദ്ധമുഖങ്ങളില്‍ പോരടിച്ചുനില്‍ക്കുന്ന മുസ്‌ലിം സൈന്യം ആസാദിന്റെ പത്രങ്ങളില്‍ നിറഞ്ഞുനിന്നു. തിന്മയെ തടയാതെങ്ങനെ നന്മ കല്‍പിക്കാനാവും എന്ന ചോദ്യമുയര്‍ത്തിയ പത്രം നീതിയുടെ സംസ്ഥാപനത്തിനായി മധ്യമസമുദായമെന്ന രീതിയില്‍ പൊരുതേണ്ടത് മുസ്‌ലിംകളുടെ ബാധ്യതാണെന്നുണര്‍ത്തി. 1914 ഒകേ്ടാബറില്‍ കല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തില്‍ തങ്ങളുടെ വിശ്വാസിസഹോദരങ്ങളുടെ കഷ്ടപ്പാടുകളില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെങ്ങനെ വിഷമവും പ്രതിഷേധവും തോന്നാതിരിക്കുമെന്ന് ചോദിച്ചു. തങ്ങളെ വിദേശ യജമാനന്മാര്‍ക്ക് വിറ്റ മുസ്‌ലിംകള്‍ക്ക് മാത്രമേ ദേശാന്തരീയ മുസ്‌ലിം ഉമ്മത്ത് എന്ന ആശയം മതഭ്രാന്തും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമായി കാണാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ബാള്‍ക്കന്‍ യുദ്ധത്തില്‍ പരിക്കേറ്റ ഉസ്മാനിയാ ഖിലാഫത്തിന്റെ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഡോ. മുഖ്താര്‍ അഹ്മദ് അന്‍സാരിയുടെ നേതൃത്വത്തില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ മിഷന്‍ 1912-'13-ല്‍ തുര്‍ക്കിയിലേക്ക് പോവുകയുണ്ടായി. മൗലാനാ മുഹമ്മദലിയായിരുന്നു സംഘത്തിലെ മറ്റൊരു പ്രമുഖാംഗം. തുര്‍ക്കി ഖിലാഫത്തിനെ സഹായിക്കേണ്ടത് ഇന്ത്യന്‍ മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണെന്ന മൗലാനാ ശൗക്കത്തലിയുടെ ആഹ്വാനത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.
യഥാര്‍ഥത്തില്‍ വേണ്ടത്ര സജീവമല്ലാതെ കിടന്നിരുന്ന ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനെ സജീവമാക്കാന്‍ ഗാന്ധിജി തന്നെയും ഇന്ത്യന്‍ മുസ്‌ലിംകളില്‍ രൂഢമൂലമായിരുന്ന ഈ ആഗോള മുസ്‌ലിം വികാരത്തെ ഉപയോഗപ്പെടുത്തിയതിന്റെ ഫലമായാണ് ഖിലാഫത്ത് മൂവ്‌മെന്റിനെ കാണേണ്ടത്. അതിനാല്‍ ദേശാതിര്‍ത്തികള്‍ക്കിടയില്‍ പരിമിതമല്ലാത്ത ആഗോള മുസ്‌ലിം ഉമ്മത്ത് എന്നത് ഒരു മൗദൂദിയന്‍ ആശയമല്ലെന്നും മുസ്‌ലിം ലോക വീക്ഷണത്തിന്റെ ഭാഗം തന്നെയായിരുന്നെന്നും പല സമയങ്ങളില്‍ ഗാന്ധിജിയടക്കമുള്ള ആളുകള്‍ അത് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും നമുക്ക് കാണാം.
ദേശരാഷ്ട്രങ്ങളായുള്ള വിഭജനങ്ങളെ 1937-'39 കാലത്ത് എതിര്‍ത്ത സയ്യിദ് മൗദൂദി വിഭജനം യാഥാര്‍ഥ്യമായി വന്നപ്പോള്‍ അതിനെ ധൈര്യപൂര്‍വം അഭിമുഖീകരിക്കുന്നുമു്. ദേശരാഷ്ട്ര സങ്കല്‍പത്തോടുള്ള സൈദ്ധാന്തിക വിയോജിപ്പ്, ആറു വര്‍ഷം മാത്രം പ്രായവും തുഛം പ്രവര്‍ത്തകരുമുള്ള തന്റെ പ്രസ്ഥാനത്തെ ജമാഅത്തെ ഇസ്‌ലാമി പാകിസ്താന്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്നീ രണ്ട് ഖണ്ഡങ്ങളാക്കി മുറിച്ച് രണ്ടും പരസ്പരബന്ധമില്ലാത്ത സ്വതന്ത്ര സംഘടനകളായി പ്രവര്‍ത്തിക്കുമെന്നുവെക്കാന്‍ മൗദൂദിക്ക് തടസ്സമായില്ല. വിഭജനത്തോടടുത്ത സമയത്ത് ഇന്ത്യന്‍ യൂനിയന്റെയും പാകിസ്താന്റെയും ഭാഗമാകാന്‍ പോകുന്ന പ്രവര്‍ത്തകരെ വെവ്വേറെ അഭിസംബോധന ചെയ്യുന്നുണ്ട് മൗദൂദി.
ഇപ്രകാരം പാകിസ്താന്‍ എന്ന പുതിയ ദേശരാഷ്ട്രത്തിനകത്ത് ഉള്‍പ്പെടുത്താന്‍ പോകുന്ന പ്രവര്‍ത്തകരെ/അനുഭാവികളെ അഭിസംബോധന ചെയ്ത് അദ്ദേഹം നടത്തിയ 'ജമാഅത്തെ ഇസ്‌ലാമീ കീ ദഅ്‌വത്ത്' (മതേതരത്വം, ജനാധിപത്യം, ദേശീയത്വം: ഒരു താത്ത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്) എന്ന പ്രസംഗം ചൂിക്കാണിച്ചാണ് ദേശീയതയെ മൗദൂദി അംഗീകരിക്കുന്നില്ല എന്നു പറയുന്നത്. സ്വന്തം ദേശത്തോട് ഏതൊരു വ്യക്തിക്കും സ്വാഭാവികമായി ഉാകുന്ന സ്‌നേഹത്തെയല്ല താന്‍ ദേശീയത എന്ന് വിളിക്കുന്നതെന്ന് പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
മൗദൂദി മതേതരത്വവിരുദ്ധനാണെന്നും അതിനാല്‍ ജമാഅത്തിന്റെ ബഹുസ്വരതാപ്രേമം കാപട്യമാണെന്നും ഈ പ്രസംഗം മുന്‍നിര്‍ത്തി ചിലര്‍ ആരോപിക്കാറുണ്ട്. ആദ്യം ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം എന്ന പേരിലും പിന്നീട് മതേതരത്വം, ജനാധിപത്യം, ദേശീയത്വം: ഒരു താത്ത്വിക വിശകലനം എന്ന പേരിലും ഈ പുസ്തകം ഇറങ്ങിയതുമൂലം, ഇവ്വിഷയകമായുള്ള മൗദൂദിയുടെ അന്തിമവിശകലനമാണിത് എന്നൊരു ധാരണ ഉണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ രാജ്യവിഭജനം ഉറപ്പായ വേളയില്‍ 1947 മെയ് മാസത്തില്‍ പാകിസ്താനിലേക്ക് പോകുന്നവരെ ഉദ്ദേശിച്ചാണ് മൗദൂദിയുടെ ഈ ഭാഷണം. നാരേ തക്ബീറും ബോലോ തക്ബീറും യഥേഷ്ടം വിളിച്ചും പാകിസ്താന്‍ കാ മത്‌ലബ് ക്യാ, ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ മുദ്രാവാക്യം മുഴക്കിയും നേടിയെടുക്കുന്ന രാജ്യം, ദൈവത്തെ ജീവിതത്തിന്റെ സ്വകാര്യഭാഗത്ത് മാത്രം ഒതുക്കേണ്ട ഒന്നല്ലെന്ന് ശക്തമായി പറയുകയായിരുന്നു മൗദൂദി. സെക്യുലര്‍ രാഷ്ട്രങ്ങള്‍ ഒരുക്കുന്നതിനേക്കാള്‍ സുശക്തമായ നിയമപരിരക്ഷ അമുസ്‌ലിംകള്‍ക്ക് തങ്ങളുടെ വ്യക്തിനിയമങ്ങളും സാംസ്‌കാരികാസ്തിത്വവും സംരക്ഷിക്കുന്നതിന് മൗദൂദിയുടെ ഇസ്‌ലാമിക ഗേഹത്തില്‍ ലഭിക്കുമെന്നിരിക്കെ, അതിനു മാത്രമായി സെക്യുലരിസത്തില്‍നിന്ന് ഒരു കടമെടുപ്പ് മൗദൂദിക്ക് ആവശ്യമില്ലതാനും.
ജനഹിതം പരിഗണിച്ചുള്ള ദൈവികാധിപത്യമാണ് (തിയോ ഡെമോക്രസി എന്ന് മൗദൂദിയുടെ പ്രയോഗം) മണ്ണില്‍ വാഴേണ്ടതെന്ന് കരുതിയപ്പോള്‍തന്നെ ജനാധിപത്യ മൂല്യങ്ങളോട് മറ്റേത് ജനാധിപത്യവാദിക്കുമുള്ളതിലേറെ പ്രതിബദ്ധത തനിക്കുണ്ടെന്ന 'ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം' എന്ന പ്രസംഗത്തിലെ പ്രഖ്യാപനത്തിന് തന്റെ ജീവിതം കൊണ്ട് കര്‍മസാക്ഷ്യം വഹിക്കാന്‍ മൗലാനാ മൗദൂദിക്കായി. പാകിസ്താന്‍ രൂപം കൊണ്ട ഉടനെ തന്നെ ഇസ്‌ലാമിസ്റ്റുകളെയും കമ്യൂണിസ്റ്റുകളെയും മുസ്‌ലിം ലീഗിലെ വിമതരെയും വേട്ടയാടാനായി ഗവണ്‍മെന്റ് കാടന്‍ നിയമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചപ്പോള്‍ ജമാഅത്ത് എല്ലാ സംഘടനകളുമായി ചേര്‍ന്ന് പൊതുമുന്നണി രൂപീകരിച്ചു. ബ്രിട്ടീഷ്‌രാജ് ഇന്ത്യന്‍ പൗരന്മാരെ വേട്ടയാടാന്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്ന പബ്ലിക് സേഫ്റ്റി ആക്ട്, ഫ്രോണ്ടിയര്‍ ക്രൈംസ് റെഗുലേഷന്‍ ആന്റ് സെക്യൂരിറ്റി ആക്ട് എന്നിവ ഉപയോഗിച്ചും അതും പോരാഞ്ഞ് സ്വന്തമായി നിര്‍മിച്ച പഞ്ചാബ് പബ്ലിക് സേഫ്റ്റി ആക്ട് പ്രയോഗിച്ചും എതിരാളികളെ വേട്ടയാടിയപ്പോള്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ (സി.എല്‍.യു) എന്ന പേരിലാണ് ജമാഅത്ത്-കമ്യൂണിസ്റ്റ്-ട്രേഡ് യൂനിയന്‍-വിമത മുസ്‌ലിം ലീഗ് പൊതുവേദി രൂപവത്കരിച്ചത്. മതവിരുദ്ധരായ കമ്യൂണിസ്റ്റുകളുമായി സഖ്യം ചേരുന്നു എന്ന ആരോപണത്തെ അവഗണിച്ചാണ് മൗദൂദിയും ജമാഅത്തും ജനകീയസഖ്യത്തിന്റെ ഭാഗമാകുന്നത്.
നിരന്തരമായ സൈനിക ഇടപെടലും ജനാധിപത്യ ഭരണസംവിധാനങ്ങളുടെ അട്ടിമറിയും പാകിസ്താന്റെ ശാപമാണ്. ജനാധിപത്യം ചവിട്ടിയരക്കപ്പെട്ട മുഴുവന്‍ സന്ദര്‍ഭങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളോടൊന്നിച്ചുള്ള ജനാധിപത്യ പുനഃസ്ഥാപന മുന്നണികളില്‍ ജമാഅത്ത് ഭാഗമായി. പൊതു നന്മ ലാക്കാക്കി സൈദ്ധാന്തികമായി തന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന സോഷ്യലിസ്റ്റുകളോടും നിര്‍മതരോടും ചേര്‍ന്ന് സമരമുന്നണി രൂപീകരിക്കാന്‍ മൗദൂദിക്ക് പ്രയാസമുണ്ടായില്ല. ഇതിലേറ്റവുമധികം വിമര്‍ശമേറ്റുവാങ്ങിയത്, 1964-ലെ തെരഞ്ഞെടുപ്പില്‍ അയ്യൂബ് ഖാനെതിരെ ഫാത്വിമ ജിന്നയെ പിന്തുണക്കാമെന്ന തീരുമാനമായിരുന്നു. സ്ത്രീയുടെ ഭരണപങ്കാളിത്തവും നേതൃത്വവും വലിയ തിന്മകളായി കാണുന്ന മതയാഥാസ്ഥിതികര്‍ മൗദൂദി സാഹിബിനെതില്‍ വിമര്‍ശനത്തിന്റെ ശരവര്‍ഷമെയ്തു. എന്നാല്‍, മൗദൂദിക്കെതിരിലിറങ്ങിയ പുരോഹിതവൃന്ദം അര്‍ഹിക്കുന്നത് അവഗണന മാത്രമാണെന്ന് കാലം തെളിയിച്ചു. ഫത്‌വാ കെട്ടുകളുമായി ജമാഅത്തിന്റെ പ്രസ്തുത നയത്തിനെതിരില്‍ രംഗത്തുവന്നവര്‍ തന്നെ പില്‍ക്കാലത്ത് ബേനസീര്‍ ഭുട്ടോയുടെ മന്ത്രിസഭയില്‍ പങ്കാളികളാവുകയും അഴിമതിക്ക് കുപ്രസിദ്ധരാവുകയും ചെയ്തു. ഭരണകൂടം പീഡകരാവുന്ന കാലത്ത് നിഷ്പക്ഷത മര്‍ദകാനുകൂല നിലപാടാണെന്നും അതിനാല്‍ ഫാത്വിമ ജിന്നയെ പിന്തുണക്കുകയല്ലാതെ മറ്റൊരു നിലപാടില്ലെന്നും മൗദൂദി പ്രഖ്യാപിച്ചു.
മൗദൂദിയുടെ നിലപാട് ആശയസ്വാതന്ത്ര്യത്തിനെതിരായിരുന്നെന്ന് സ്ഥാപിക്കാനായി വിമര്‍ശകര്‍ പലപ്പോഴുമുന്നയിക്കുന്ന ഒന്നാണ് അഹ്മദീവിരുദ്ധ പ്രക്ഷോഭത്തിന് മൗദൂദി നേതൃത്വം നല്‍കി എന്ന അസത്യപ്രസ്താവന. മിര്‍സാ ഗുലാം അഹ്മദിന്റെ അനുയായികള്‍ ഇസ്‌ലാമിന്റെ മേലങ്കിയണിഞ്ഞ് നടത്തുന്ന ഇസ്‌ലാംവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പാക് ഭരണകൂടത്തില്‍ അവര്‍ ചെലുത്തുന്ന സ്വാധീനത്തെയും മൗദൂദി ചൂിക്കാട്ടി എന്നത് നേരുതന്നെ. പക്ഷേ ഖാദിയാനീവിരുദ്ധ പ്രക്ഷോഭം മൗദൂദിയുടെ അജണ്ടയിലെ ഇനമേ ആയിരുന്നില്ല. ഒരു അമുസ്‌ലിം ന്യൂനപക്ഷം എന്ന നിലയില്‍ ഖാദിയാനികളുടെ പ്രശ്‌നങ്ങള്‍, ഇസ്‌ലാം അടിസ്ഥാനമാക്കി രൂപം കൊടുക്കപ്പെടുന്ന ഭരണഘടനക്കുള്ളില്‍ പരിഹരിക്കപ്പെടണം എന്നതായിരുന്നു ജമാഅത്ത് നിലപാട്. അതിനാല്‍ ഖാദിയാനീപ്രശ്‌നം ഭരണഘടനാ രൂപീകരണത്തിനു മുമ്പ് ചര്‍ച്ചക്കെടുക്കുന്നത് രാജ്യത്തിന് ഇസ്‌ലാമിക ഭരണഘടന എന്ന ആവശ്യത്തിനു മുന്നില്‍ തടസ്സങ്ങള്‍ വലിച്ചിടലാകും എന്ന് മൗദൂദി പറഞ്ഞു. എന്നാല്‍ വിഭജനപൂര്‍വ ഇന്ത്യയില്‍ കോണ്‍ഗ്രസനുകൂല നിലപാടിലായിരുന്ന അഹ്‌റാര്‍ പാര്‍ട്ടിക്കാര്‍ പാകിസ്താനോടും ഇസ്‌ലാമിനോടുമുള്ള കൂറ് തെളിയിക്കാനും തങ്ങളുടെ കോണ്‍ഗ്രസനുകൂല ഭൂതകാലം മായ്ച്ചുകളയാനുമുള്ള വ്യഗ്രതയില്‍ ഖാദിയാനീപ്രശ്‌നം വലിച്ചിടുകയായിരുന്നു. ഏറെ വൈകാതെ തന്നെ പാകിസ്താന്റെ സാമൂഹികാവസ്ഥയില്‍, ഒന്നുകില്‍ ഖാദിയാനികള്‍ക്കെതിരെ അല്ലെങ്കില്‍ അവരോടൊപ്പം എന്ന അവസ്ഥ സംജാതമാവുകയും ജമാഅത്ത് ഖാദിയാനീവിരുദ്ധ പക്ഷത്ത് മറ്റുള്ളവരോടൊപ്പം നിലയുറപ്പിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. ഇത് മറയാക്കി നേരത്തേതന്നെ മൗദൂദീവിരുദ്ധരായിരുന്ന അള്‍ട്രാ സെക്യുലര്‍ ലോബി ഖാദിയാനീ മസ്അല എന്ന ഗ്രന്ഥത്തിന്റെ പേരില്‍ മൗദൂദിയില്‍ കുറ്റം ചാര്‍ത്തുകയായിരുന്നു.
ചുരുക്കത്തില്‍, 1979-ല്‍ അവസാനിച്ച മൗദൂദിയുടെ മഹദ്ജീവിതം പരിശോധിക്കുമ്പോള്‍ ഇസ്‌ലാമിനെ കാലഘട്ടത്തിന്റെ ഭാഷയില്‍ അവതരിപ്പിച്ച ഒരു ചിന്തകനെയും, മാറുന്ന കാലത്തോട് സര്‍ഗാത്മകമായി പ്രതികരിക്കുന്ന തരത്തിലുള്ള നയവികാസങ്ങള്‍ രൂപപ്പെടുത്തിയെടുത്ത ധിഷണാശാലിയായ സംഘാടനകനെയുമാണ് കാണാന്‍ കഴിയുക.
മ്മ
റഫറന്‍സ്
1. തഹ്‌രീകെ ഇസ്‌ലാമീ കാ ആഇന്‍ദ ലാഇഹേ അമല്‍ (ഉര്‍ദു). മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, ഇസ്‌ലാമിക് പബ്ലിക്കേഷന്‍സ് (പ്രൈ.) ലിമിറ്റഡ്, ലാഹോര്‍
2. മുശാഹദാത്ത്: മൗലാനാ മൗദൂദി, ജമാഅത്തെ ഇസ്‌ലാമി ഔര്‍ പാകിസ്താന്‍ (ഉര്‍ദു), മിയാന്‍ തുഫൈല്‍ മുഹമ്മദ്, ഇദാറ മആരിഫെ ഇസ്‌ലാമി, മന്‍സൂറ, ലാഹോര്‍
3. തഹ്‌രീകേ ആസാദേ ഹിന്ദ് ഔര്‍ മുസല്‍മാന്‍ (വാല്യം 1), സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി
4. ഇസ്‌ലാമീ ഹുകൂമത്ത് കിസ്തരഹ് ഖാഇം ഹോതീ ഹെ (ഉര്‍ദു), സയ്യിദ് മൗദൂദി, മര്‍കസീ മക്തബ ഇസ്‌ലാമി, ന്യൂദല്‍ഹി
5. ജമാഅത്തെ ഇസ്‌ലാമി കീ ദഅ്‌വത്ത് (ഉര്‍ദു), സയ്യിദ് മൗദൂദി, മര്‍കസീ മക്തബ ഇസ്‌ലാമി, ന്യൂദല്‍ഹി
6. Partisans of Allah: Jihad in South Asia, Ayesha Jalal, Harvard University Press
Comments