Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ജമാഅത്തെ ഇസ്‌ലാമിയും     അതിന്റെ ദൃഢബോധ്യങ്ങളും

സ്വാമി വിശ്വഭദ്രാനന്ദ  ശക്തിബോധി

1941-ല്‍ മൗലാനാ മൗദൂദിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ഇസ്‌ലാമിക ആദര്‍ശ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. പ്രസ്ഥാനം എഴുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ആര്‍.എസ്.എസ്സിനെ നിരോധിച്ച രണ്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍- ഇന്ദിരാ ഗാന്ധിയും പി.വി നരസിംഹറാവുവും- തങ്ങള്‍ക്ക് പക്ഷപാതിത്വമില്ലെന്ന് ബോധ്യപ്പെടുത്താനായി ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് പലപ്പോഴും ആര്‍.എസ്.എസ് പോലൊരു മത രാഷ്ട്രവാദ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നൊരു ധാരണ പരക്കെ നിലവിലുണ്ട്. പക്ഷേ, ആര്‍.എസ്.എസ്സുകാരുടെ ആക്രോശിതമായ അസഹിഷ്ണുത വിയോജിക്കുന്നവരെ തെറിവിളിക്കാനും തല്ലിക്കൊല്ലാനുമൊക്കെ കിരാതത്വം കാണിക്കാറുണ്ട്. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരില്‍നിന്ന് അവരോട് വിയോജിക്കുന്ന ഒരാള്‍ക്കും അപമര്യാദയായി ഒരു വാക്കോ കല്ലേറോ വധഭീഷണിയോ ഒന്നും ഇന്നോളം നേരിടേണ്ടിവന്നിട്ടില്ല. ഈ സ്വഭാവവ്യത്യാസം ജമാഅത്തെ ഇസ്‌ലാമിയെ ആര്‍.എസ്.എസ്സിനോടും മൗലാനാ മൗദൂദിയെ ഗോള്‍വാള്‍ക്കറോടും താരതമ്യം ചെയ്യുന്നവരെല്ലാം ഓര്‍ക്കേണ്ടതുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നാണ് അവരിപ്പോള്‍ ഞാനുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നവര്‍ ആവശ്യപ്പെടുന്നു. അവരുടെ ആവശ്യത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ, വിമര്‍ശനാത്മകമായ ഒരു വിലയിരുത്തലിന് ഞാന്‍ മുതിരുന്നില്ല. അങ്ങനെ ചെയ്യാതിരിക്കുന്നതിന് കാരണം മാധ്യമത്തില്‍ ലേഖനമെഴുതുന്നതിനും മീഡിയാ വണ്‍ ചാനലില്‍ ചര്‍ച്ചക്ക് ക്ഷണിക്കപ്പെടുന്നതിനും വിഘാതമുണ്ടാവുമോ എന്നു തുടങ്ങിയ ഭീതികളല്ല. മറിച്ച്, പ്രത്യയശാസ്ത്രപരമായ ദൃഢബോധ്യത്തോടെ ആദര്‍ശനിഷ്ഠമായി പ്രവര്‍ത്തിക്കുന്നവരോട് നമ്മള്‍ നമ്മുടെ ധാരണ അനുസരിച്ച് വിമര്‍ശനാത്മകമായി എന്തു പറഞ്ഞാലും അതൊന്നും പരിഗണിക്കപ്പെടാന്‍ ഇടയില്ല എന്നതിനാലാണ്! ദൃഢബോധ്യങ്ങള്‍ക്കു മേല്‍ സംവാദം സാധ്യമല്ല; എന്നാല്‍, സൗഹൃദം സാധ്യമാണ്. ലോകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഹിന്ദു മതസ്ഥനും, എന്റെ ഭാഷയില്‍ പറഞ്ഞാല്‍ മഹര്‍ഷി മതസ്ഥനുമായ എനിക്ക്, അബൂത്വാലിബിന് മുഹമ്മദ് നബിയോട് പുലര്‍ത്താനായ സൗഹൃദം തീര്‍ച്ചയായും ജമാഅത്തെ ഇസ്‌ലാമിയോടും പുലര്‍ത്താനാകും. ഒരുപക്ഷേ, ഈ സൗഹൃദം വേണ്ടെന്നുവെക്കാനുള്ള സ്വാതന്ത്ര്യം ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. എന്നാല്‍ ഞാനൊരിക്കലും എന്റെ സ്വാതന്ത്ര്യം ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സൗഹൃദം വേണ്ടെന്നുവെക്കാന്‍ ഉപയോഗിക്കുകയില്ല; ഏതു പരിതഃസ്ഥിതിയിലാണെങ്കിലും.
എന്നെക്കൊണ്ടാകുംവിധം അഭാരതീയവും ഭാരതീയവുമായ വേദധര്‍മസംഹിതകള്‍ നവീന സായന്‍സിക ജനാധിപത്യാവബോധങ്ങളുടെ പശ്ചാത്തലത്തില്‍ മനനവിധേയമാക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്കുണ്ടായ തിരിച്ചറിവുകള്‍ താഴെ പറയാം. സര്‍വേശ്വരനും സര്‍വശക്തനുമായ സത്യേക ദൈവം ഭൂമിയുടെ മാത്രം ഭരണകര്‍ത്താവല്ല; അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍വ ലോകങ്ങളുടെയും ഭരണകര്‍ത്താവാണ്. അതിനാല്‍ സര്‍വേശ്വരന്റെ വിശ്വപ്രപഞ്ച ഭരണം എങ്ങനെ നടന്നുവരുന്നു എന്നത് നോക്കിവേണം, വിശ്വപ്രപഞ്ചത്തിലെ ഒരു മണല്‍ത്തരി മാത്രമായ മനുഷ്യരുള്‍പ്പെടെയുള്ള ഭൂമിയുടെ ഭരണവ്യവസ്ഥാ സംവിധാനങ്ങളും നടപ്പിലാക്കാന്‍. അത്തരമൊരു ഭരണനിര്‍വഹണത്തിനു ശ്രമിക്കുമ്പോള്‍ സൂര്യപ്രകാശം, മഴ, വായു എന്നിവയൊക്കെ ജാതിയോ മതമോ ദേശമോ വിശ്വാസി-അവിശ്വാസി ഭേദമോ കൂടാതെ സര്‍വര്‍ക്കും ലഭ്യമാക്കുന്നവിധം പ്രപഞ്ചഭരണം നിര്‍വഹിക്കുന്ന സര്‍വേശ്വരന്റെ കാരുണ്യാധിഷ്ഠിത ഭരണവ്യവസ്ഥയോട് നീതി പുലര്‍ത്താവുന്ന ഭരണവ്യവസ്ഥ മതജാതിനിരപേക്ഷവും ജനാധിപത്യപരവുമായ ഭരണവ്യവസ്ഥയാണെന്നേ പറയാനാകൂ. അത്തരമൊരു ജനാധിപത്യ-മതേതര ഭരണവ്യവസ്ഥയില്‍ ഒരു വ്യക്തിക്ക് മുസ്‌ലിമോ ക്രിസ്ത്യാനിയോ ബൗദ്ധനോ ജൈനനോ പാഴ്‌സിയോ സിഖ് മതസ്ഥനോ മഹര്‍ഷി മതസ്ഥനോ (ഹിന്ദു മതസ്ഥന്‍) ആയിരിക്കുന്നതില്‍ എന്തെങ്കിലും അസൗകര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ നിരീക്ഷണത്തോട് ജമാഅത്തെ ഇസ്‌ലാമിക്കുള്ള നിലപാടാണ് ഒരു മതേതര- ജനാധിപത്യ സാമൂഹിക വ്യവസ്ഥയില്‍ പ്രസ്തുത പ്രസ്ഥാനത്തെ സാമൂഹിക മൂല്യനിര്‍ണയത്തിന് വിധേയമാക്കുമ്പോള്‍ നിര്‍ണായകമാവുക. മതേതര-ജനാധിപത്യ വ്യവസ്ഥയോട് പൊരുത്തപ്പെടാനാകാത്ത ദൃഢബോധ്യങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിക്കുണ്ടെങ്കില്‍ പിന്നെ മതേതര-ജനാധിപത്യ വ്യവസ്ഥയില്‍ വിവേകപൂര്‍വം ഇടപെടുന്നവരുടെ സോഷ്യല്‍ ഓഡിറ്റിംഗിന് ജമാഅത്തെ ഇസ്‌ലാമിയെ വിധേയമാക്കുക എന്നതിന് ഒരു പരിപാടി എന്നതിനപ്പുറം ഒരു പ്രസക്തിയുമില്ല. കാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചുറച്ച ശ്രീരാമനോട് കാട്ടിലേക്ക് പോവരുതെന്ന് ആരു പറഞ്ഞിട്ടും ഫലമില്ലല്ലോ. അതിനാലിവിടെ ജമാഅത്തെ ഇസ്‌ലാമിയുടെ ദൃഢബോധ്യങ്ങള്‍ അവരെ വഴിനടത്തട്ടെ എന്നാശംസിക്കാനേ കഴിയൂ. അവരുടെ ഐഹികവും പാരത്രികവുമായ ജീവിതം അവരുടെ ദൃഢബോധ്യങ്ങളാല്‍ മംഗളകരമാകുമെങ്കില്‍ തീര്‍ച്ചയായും അങ്ങനെയാകട്ടെ. എന്തായാലും ഞാനൊരു ജനാധിപത്യ മതേതരവാദിയാണ് എന്നതിനാലാണ് ജമാഅത്തെ ഇസ്‌ലാമിയോട് സഹകരിക്കുന്നത്. എന്തെന്നാല്‍ 'ജനാധിപത്യം ശരിയല്ല' എന്നു പറയാനുള്ള സ്വാതന്ത്ര്യത്തെ പോലും സംരക്ഷിക്കാനുള്ള ബാധ്യത ജനാധിപത്യ വ്യവസ്ഥക്കുണ്ട്. ഹിന്ദുത്വം ശരിയല്ല എന്നു പറയാനുള്ള സ്വാതന്ത്ര്യത്തെ ഹിന്ദു രാഷ്ട്രം സംരക്ഷിക്കില്ല എന്നതിനാലാണ് അതിനെ ചെറുക്കുന്നതും.
ജമാഅത്തെ ഇസ്‌ലാമി ജാതിമതഭേദം കൂടാതെ വേദനിക്കുന്നവര്‍ക്ക് അന്നവും വസ്ത്രവും മരുന്നും വീടുമൊക്കെ നല്‍കി ചെയ്തുവരുന്ന സേവന പ്രവര്‍ത്തനങ്ങളോടുള്ള നിറഞ്ഞ സമാദരവോടെ ഈ ലഘുകുറിപ്പ് ഉപസംഹരിക്കട്ടെ.

Comments

Other Post