Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം       ചരിത്രം, വര്‍ത്തമാനം, ഭാവി

എ റഹ്മത്തുന്നിസ

1994 ജൂലൈ 13-നാണ് 'ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം' ഫാത്വിമാ മൂസ പ്രസിഡന്റും ആമിനാ ഉമ്മു ഐമന്‍ സെക്രട്ടറിയുമായി ഔദ്യോഗിക സംഘടനാ സംവിധാനത്തോടെ നിലവില്‍ വന്നത്. ഇസ്‌ലാമിക പ്രസ്ഥാനപ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ച 1943 കാലത്തുതന്നെ സ്ത്രീകളുടെ സംഘാടനവും വനിതകള്‍ക്കിടയിലെ സംസ്‌കരണ-പ്രബോധന പ്രവര്‍ത്തനങ്ങളും അതിന്റെ മുഖ്യ അജണ്ടയായിരുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചക മാതൃകയും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമെന്ന നിലയില്‍ 'സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു, തിന്മ തടയുന്നു...' (9:71) എന്ന ഖുര്‍ആനിക വാക്യം അവഗണിക്കുക സാധ്യമായിരുന്നില്ല. പ്രവാചകകാലത്ത് സ്ത്രീകള്‍ നേടിയ ബഹുമുഖ വളര്‍ച്ച തന്നെയായിരുന്നു പ്രസ്ഥാനത്തിന് മാതൃക. കുടുംബത്തിലും സമൂഹത്തിലും ന്യായവും അര്‍ഹവുമായ ഇടം പെണ്ണിന് നേടിക്കൊടുക്കുക എന്നത് മൊത്തം സാമൂഹിക വളര്‍ച്ചക്ക് അനിവാര്യമായിരുന്നു. ക്രമാനുഗതമായ വനിതാ സംഘാടനത്തിനാണ് ഇസ്‌ലാമിക പ്രസ്ഥാനം ശ്രമിച്ചത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിയ, വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന, സാമ്പത്തികമായും സാമൂഹികമായും അതീവ ദുര്‍ബലമായ ഒരു സമുദായത്തില്‍ നവോത്ഥാന സംരംഭങ്ങളുമായി രംഗത്തുവന്നപ്പോള്‍ സമുദായത്തിനകത്തുനിന്നുതന്നെ നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ പുരുഷന്മാര്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങളെപോലും മന്ദഗതിയിലാക്കുന്നതായിരുന്നു. കൂടാതെ, സ്ത്രീകളുടെ അവസ്ഥ മുസ്‌ലിം സമുദായത്തില്‍ മാത്രമല്ല പൊതുവെ എല്ലാ മത വിഭാഗങ്ങളിലും പരിതാപകരമായിരുന്നു. മുസ്‌ലിം സ്ത്രീകളില്‍ ഭൂരിഭാഗത്തിനും സാക്ഷരത അന്യം. വ്യക്തി എന്നതിനേക്കാള്‍ കാത്തുസൂക്ഷിക്കേണ്ട വസ്തു ആയി സ്ത്രീയെ കണ്ടിരുന്ന കാലം. വീടാണ് അവളുടെ ഇടം എന്നു വാദിച്ചിരുന്നവര്‍ വീട്ടില്‍ പോലും അവള്‍ക്ക് മാന്യമായ ജീവിതം നല്‍കിയിരുന്നില്ല.  
ചരിത്രത്തില്‍ വിശ്വമാനവികതയുടെയും സ്ത്രീവിമോചനത്തിന്റെയും തുല്യതയില്ലാത്ത കാഹളം മുഴക്കി മനുഷ്യര്‍ക്കാകമാനം സന്മാര്‍ഗദര്‍ശനമായി അവതീര്‍ണമായ ഖുര്‍ആന്റെ അര്‍ഥമറിയുക പോയിട്ട് അത് പാരായണം ചെയ്യാന്‍ അറിയുന്നവര്‍ പോലും കുറവായിരുന്നു. ഖിസ്സപാട്ടുകളും മാലമൗലിദുകളും മാത്രം വശമുള്ള അവര്‍ക്ക് ആകെക്കൂടി ലഭിച്ചിരുന്ന ദീനീ ഉദ്‌ബോധനം പാതിരാ വഅ്‌ളുകളായിരുന്നു. അവയുടെ പ്രതിപാദ്യമാകട്ടെ പെണ്ണിന്റെ ഉത്തരവാദിത്തങ്ങളെകുറിച്ചും അവ ലംഘിച്ചാലുള്ള നരക ശിക്ഷയെകുറിച്ചുമുള്ള അതിശയോക്തി കലര്‍ന്ന വിവരണങ്ങളും. നമസ്‌കാരംപോലും നേരെ ചൊവ്വെ നിര്‍വഹിക്കാന്‍ അറിയാത്തവരായിരുന്നു പലരും. അതിനാല്‍, സാവകാശം ക്രമാനുഗത പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രസ്ഥാനം ഇന്ന് കാണുന്ന രീതിയില്‍, പൊതുസമൂഹത്തില്‍ സജീവ സാന്നിധ്യമായ, ബഹുമുഖ പ്രവര്‍ത്തനങ്ങളാല്‍ കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ ഒരു സുസംഘടിത വനിതാ നിരയെ വളര്‍ത്തിയെടുത്തത്. 
പ്രസ്ഥാനം നടത്തുന്ന പഠന ക്ലാസ്സുകളിലും യോഗങ്ങളിലും കഴിയുന്നത്ര സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 1943-ല്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നടന്ന ജമാഅത്തുല്‍ മുസ്തര്‍ശിദീന്റെ പ്രഥമ യോഗത്തില്‍ പാത്തുണ്ണി, ആഇശ എന്നീ വനിതകള്‍ പങ്കെടുത്തിരുന്നു. 1968-ല്‍ അംഗീകരിച്ച ചതുര്‍വര്‍ഷ പരിപാടിയില്‍ സ്ത്രീകളെ പ്രസ്ഥാനവുമായി സഹകരിപ്പിക്കാന്‍ വ്യവസ്ഥയുണ്ടാക്കി. തദനുസാരം 'മുത്തഫിഖുകള്‍' (അനുഭാവികള്‍) ആയ സ്ത്രീകള്‍ക്ക് വനിതാ ഘടകങ്ങള്‍ രൂപീകരിക്കാനും, ഒന്നിലധികം വനിതാ ഘടകങ്ങളുള്ളിടത്ത് വനിതാ കണ്‍വീനര്‍മാരെ നിശ്ചയിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും തുടങ്ങി.  1969-ല്‍ മലപ്പുറത്തു നടന്ന സമ്മേളനത്തില്‍ പ്രത്യേക വനിതാ സമ്മേളനം സംഘടിപ്പിക്കപ്പെട്ടതോടെ വനിതാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി. തുടര്‍ന്ന് ചെറുതും വലുതുമായ മിക്കവാറും എല്ലാ ജമാഅത്ത് സമ്മേളനങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളും പരിപാടികളും ഏര്‍പ്പെടുത്തി. 
വനിതാ വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയ കാല്‍വെപ്പുകള്‍ പ്രസ്ഥാനം നടത്തി. 1960-ല്‍ കേരളത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ സ്ഥാപിക്കപ്പെട്ട മദ്‌റസത്തുല്‍ ബനാത്തിലൂടെ മുസ്‌ലിം വനിതാ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് നാന്ദി കുറിക്കപ്പെട്ടു. തുടര്‍ന്ന് മൂവാറ്റുപുഴ, എറിയാട്, കൊടുങ്ങല്ലൂര്‍, കുറ്റ്യാടി, ശാന്തപുരം, വണ്ടൂര്‍, തിരൂര്‍ക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍  മദ്‌റസത്തുല്‍ ബനാത്തുകളും വനിതാ ഇസ്‌ലാമിയ കലാലയങ്ങളും ഉയര്‍ന്നുവന്നു. പിന്നീടുള്ള പ്രസ്ഥാനത്തിന്റെ വനിതാ പ്രവര്‍ത്തന നാള്‍വഴികളില്‍ ഈ വിദ്യാലയങ്ങളിലും കലാലയങ്ങളിലും  നിന്ന് പഠിച്ചിറങ്ങിയ പെണ്‍കൊടികള്‍ സൃഷ്ടിച്ച വിപ്ലവ തരംഗങ്ങള്‍ ഇതര മുസ്‌ലിം സംഘടനകളെകൂടി ഈ രംഗത്ത് ശ്രദ്ധ ചെലുത്താന്‍ നിര്‍ബന്ധിതരാക്കി. 1969-ലെ മലപ്പുറം സമ്മേളനത്തില്‍ പ്രസംഗിച്ച കെ.ടി ആസ്യ ടീച്ചറും എം.കെ നഫീസയും എം.സി ആമിനയും ചേന്ദമംഗല്ലൂര്‍ മദ്‌റസത്തുല്‍ ബനാത്തിന്റെ സന്തതികളായിരുന്നു.

വനിതാ വകുപ്പ്
ഫാത്വിമാ മൂസ കണ്‍വീനറും കെ.കെ ഫാത്വിമ സുഹ്‌റ, റുഖിയ്യ റഹീം, സുബൈദ സിദ്ദീഖ് ഹസന്‍, കെ.ടി ആസ്യ, കെ.എം ഖദീജ എന്നിവര്‍ അംഗങ്ങളുമായി കൊണ്ടോട്ടി കെ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ വനിതാ വകുപ്പ് രൂപീകരിച്ചതോടെ സ്ത്രീകള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ സംഘടിതവും കാര്യക്ഷമവുമായി. 1983 ഫെബ്രുവരി 15, 20 തീയതികളില്‍ മലപ്പുറം ദഅ്‌വത്ത് നഗറില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേരള സമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആ കാലയളവിലെ (1974-1982) വനിതാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍നിന്ന്: ''വനിതകളില്‍ മതപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുന്നതിനും അവരെ പ്രസ്ഥാനവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ സജീവമായിത്തന്നെ നടക്കുകയുണ്ടായി. വിവിധ പ്രദേശങ്ങളിലായി 983 വനിതാ യോഗങ്ങളും 155 വനിതാ ക്യാമ്പുകളും 8833 വനിതാ സ്‌ക്വാഡുകളും നടത്തപ്പെട്ടു. വനിതകള്‍ക്കിടയില്‍ വ്യാപകമായി നടന്ന സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ വഴി 5000-ലധികം സഹോദരികളുമായി വ്യക്തിബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.... 186 വനിതാ സമാജങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. തികച്ചും ആശാജനകമായ പുരോഗതിയാണ് ഈ രംഗത്ത് പ്രസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. റിപ്പോര്‍ട്ട് കാലത്താണ് അന്താരാഷ്ട്ര വനിതാ വര്‍ഷം കടന്നുപോയത്. ഈ സന്ദര്‍ഭം ഫലപ്രദമായി ഉപയോഗപ്പെടുത്തി എല്ലാ ജമാഅത്ത് ഫര്‍ഖകളിലും വനിതാ പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും തുടര്‍ന്ന് ഫര്‍ഖാ തലത്തില്‍ അതിവിപുലമായ സമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. അഭ്യസ്തവിദ്യരായ ധാരാളം സഹോദരിമാര്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനങ്ങള്‍ വനിതാ പ്രവര്‍ത്തന രംഗത്ത് നവോന്മേഷമുളവാക്കി. ഹൈദരാബാദില്‍ നടന്ന 6-ാം അഖിലേന്ത്യാ സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് 250-ഓളം വനിതകള്‍ പങ്കെടുത്തു. വനിതകള്‍ക്കിടയിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വണ്ടൂരിലും ശാന്തപുരത്തും കണ്ണൂരിലും ചേര്‍ന്ന വനിതാ പ്രവര്‍ത്തക ക്യാമ്പുകള്‍ ഫലപ്രദമായിരുന്നു...''
1984-ല്‍ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ജി.ഐ.ഒയിലൂടെ സംസ്ഥാനതലത്തില്‍ നേതൃപാടവമുള്ളവര്‍ വളര്‍ന്നുവരികയും പിന്നീട് വനിതാ വിഭാഗം രൂപീകരിച്ചപ്പോള്‍ നേതൃസ്ഥാനത്തേക്ക് അവര്‍ കടന്നുവരികയും ചെയ്തു. ഈ കാലഘട്ടത്തില്‍ വനിതകള്‍ക്കിടയിലും വിദ്യാര്‍ഥിനികള്‍ക്കിടയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കൊാേട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബ് തന്നെയായിരുന്നു. പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ള യോഗ്യരായ വനിതകളെ കണ്ടെത്തി അവസരങ്ങള്‍ നല്‍കി അവരെ വളര്‍ത്തിയെടുത്ത അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്.
1994 മുതല്‍ 2003 വരെ വി. മൂസ മൗലവി, 2003 മുതല്‍ 2007 വരെ ശൈഖ് മുഹമ്മദ് കാരകുന്ന്, 2007 മുതല്‍ 2011 വരെ എം.ഐ അബ്ദുല്‍ അസീസ് എന്നിവരായിരുന്നു വനിതാ വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ജമാഅത്ത് സംസ്ഥാന ശൂറാ അംഗങ്ങള്‍. പിന്നീട് ചുമതല ജമാഅത്ത് സെക്രട്ടറിമാരില്‍ ഒരാളായ കെ.കെ ഫാത്വിമ സുഹ്‌റയാണ് നിര്‍വഹിച്ചുവരുന്നത്. 23 അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും ഉള്‍പ്പെടുന്ന സംസ്ഥാന സമിതിക്കു പുറമെ, 14 ജില്ലകളിലും പ്രത്യേക ജില്ലാ സമിതികളും 131 ഏരിയാ സമിതികളും 1240 പ്രാദേശിക ഘടകങ്ങളും അടങ്ങുന്നതാണ് നിലവിലെ ഘടന. കെ. സ്വഫിയ്യ അലി (പ്രസിഡന്റ്), ആര്‍.സി സ്വാബിറ (സെക്രട്ടറി), പി.സുബൈദ, എ. റഹ്മത്തുന്നിസ (വൈസ് പ്രസിഡന്റുമാര്‍), കെ.എ സ്വഫിയ്യ ടീച്ചര്‍ (ജോയന്റ് സെക്രട്ടറി), പി.വി റഹ്മാബി, ടി.കെ ജമീല (സെക്രട്ടേറിയറ്റ് അംഗങ്ങള്‍)എന്നിവരാണ് ഇപ്പോഴത്തെ ഭാരവാഹികള്‍.
സൗദ പടന്ന, റഹ്മത്ത്, ഫാത്വിമ ഉമര്‍ പൊന്നാനി, കെ.ടി ആസ്യ ടീച്ചര്‍, ഫാത്വിമ മൂസ, കുഞ്ഞീരുമ്മ ടീച്ചര്‍ ശാന്തപുരം, റുഖിയ്യ റഹീം, കെ.കെ ആബിദ മര്‍യം, എന്‍. ജമീല ശാന്തപുരം, ഖദീജ കൊടിഞ്ഞി, ആഇശ ടീച്ചര്‍ കന്മനം, സുബൈദ സിദ്ദീഖ് ഹസന്‍, മെഹ്‌റുന്നിസ മുരുക്കുംപുഴ, ഹമീദ ടീച്ചര്‍, വലമ്പൂര്‍ ശരീഫ, കെ.കെ ആബിദ ടീച്ചര്‍, അസ്മാബി കൊടുങ്ങല്ലൂര്‍, എം ജമീല തൃശൂര്‍, ഫാത്വിമ കൊടിഞ്ഞി, ആമിനക്കുട്ടി, റാഹില ടീച്ചര്‍, ഇ. മാമി, ഇ.സി ആഇശ, ഡോ. അമീന, കെ.എന്‍ സുലൈഖ, ഒ.എ സുലൈഖ, ആഇശ ടീച്ചര്‍ ഊട്ടേരി, തിത്തിക്കുട്ടി, സീനത്ത് ബാനു, വി.എ നസീമ, സബിത ടീച്ചര്‍, അസൂറ അലി, ഖദീജ ടീച്ചര്‍ കോടൂര്‍, അസ്മ ടീച്ചര്‍, പി. മര്‍യം കക്കോടി, സ്വഫിയ്യ ശംസുദ്ദീന്‍, ഫാത്വിമ ടീച്ചര്‍ ചാവക്കാട്, എം.ടി മൈമൂന, പി. ലൈല, യു.ടി ഫാത്വിമ, റുഖിയ്യ വടക്കാങ്ങര, ഡോ. ഖദീജ, ടി.പി ജമീല, സഈദ ടീച്ചര്‍ പാലക്കാട് തുടങ്ങി നിരവധി വനിതകള്‍ ഈ രംഗത്ത് ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചവരാണ്. ആദ്യത്തെ 9 വര്‍ഷം വനിതാ പ്രവര്‍ത്തന മേഖല സജീവമാക്കാനായിരുന്നു ലക്ഷ്യം വെച്ചിരുന്നതെങ്കില്‍, 2003 മുതല്‍ 2007 വരെ കാലയളവില്‍ പാര്‍ട്ടി സ്‌കൂള്‍ ക്യാമ്പുകളിലൂടെ വനിതകളുടെ പ്രാസ്ഥാനിക വളര്‍ച്ചയും, 2007 മുതല്‍ 2011 വരെ വൈജ്ഞാനിക വളര്‍ച്ചക്കൊപ്പം സാമൂഹിക ഇടപെടലും സാധ്യമാവുന്ന വിധമായിരുന്നു പ്രവര്‍ത്തന പരിപാടികളിലെ ഊന്നല്‍. 
കേരളത്തിനു പുറത്ത് ദല്‍ഹി, ചെന്നൈ, ബംഗളൂരു തുടങ്ങി മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കേരള വനിതാ വിഭാഗത്തിന് ഘടകങ്ങളുണ്ട്. വിവിധ ഗള്‍ഫ് നാടുകളില്‍ അവിടത്തെ സാഹചര്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുസംഘടിതമായി നടന്നുവരുന്നു. 
ബഹുമുഖ പ്രവര്‍ത്തനങ്ങളാണ് പ്രാദേശിക-ഏരിയാ -ജില്ലാ- സംസ്ഥാന തലങ്ങളില്‍ നടത്തിവരുന്നത്. പ്രാദേശിക തലങ്ങളില്‍ വനിതകളെ സംഘടിപ്പിച്ച് അവര്‍ക്ക് അടിസ്ഥാന ദീനീ വിദ്യാഭ്യാസം നല്‍കുന്നതിനാണ് ഊന്നല്‍. ആനുകാലിക വിഷയങ്ങളില്‍ സാമാന്യബോധവും തിരിച്ചറിവും ഉണ്ടാക്കിയെടുത്ത് സ്ത്രീകളുടെ ശേഷി ഉത്തമ സമുദായത്തിന്റെ ഭാഗം എന്ന നിലയില്‍ സമൂഹത്തിന്റെ മൊത്തം നന്മക്കായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നു. വാരാന്ത യോഗങ്ങളുടെ ഉള്ളടക്കം ഖുര്‍ആന്‍/ഹദീസ് പഠനം, പുസ്തക പാരായണം, വാര്‍ത്താവലോകനം, ചര്‍ച്ച തുടങ്ങിയ വൈജ്ഞാനികപ്രധാന ഇനങ്ങള്‍ക്കും പ്രവര്‍ത്തന പരിപാടികളുടെ ആസൂത്രണത്തിനും അവലോകനത്തിനും വിനിയോഗിക്കുന്നു. അംഗങ്ങളുടെ തര്‍ബിയത്ത് മുഖ്യ അജണ്ടയാണ്. വനിതാ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് പ്രാദേശിക ഘടകങ്ങള്‍ കേന്ദ്രീകരിച്ച് 794 ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളും 179 'തംഹീദുല്‍ മര്‍അ' അടിസ്ഥാന ഇസ്‌ലാമിക പഠന കോഴ്‌സ് സെന്ററുകളും, വ്യവസ്ഥാപിത മദ്‌റസകളില്‍ പല കാരണങ്ങളാല്‍ പഠിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് 56 ഹോം മദ്‌റസകളും നടന്നുവരുന്നു.
തര്‍ബിയത്ത് ക്യാമ്പുകള്‍, പ്രസ്ഥാന ക്ലാസുകള്‍, എച്ച്.ആര്‍.ഡി പരിശീലന ക്യാമ്പുകള്‍, പ്രസംഗ പരിശീലന ക്ലാസുകള്‍, ഐ.ടി പരിശീലനം, രചനാ ശില്‍പ ശാല, പഠന ക്ലാസ്സുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വൈജ്ഞാനിക കളരികളിലൂടെ പ്രവര്‍ത്തകരെ ശാക്തീകരിക്കുന്നു. ഇങ്ങനെ വളര്‍ന്നുവരുന്ന  പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി പൊതു ഖുര്‍ആന്‍ ക്ലാസുകള്‍, പഠന ക്ലാസുകള്‍, ലഘുലേഖ-പുസ്തക വിതരണങ്ങള്‍, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, വ്യക്തി സംഭാഷണങ്ങള്‍, മുഖാമുഖങ്ങള്‍, ടേബ്ള്‍ ടോക്കുകള്‍, ഗൃഹാങ്കണ/അയല്‍പക്ക/കുടുംബയോഗങ്ങള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ക്വിസ് പ്രോഗ്രാമുകള്‍, ആരോഗ്യ ക്ലാസുകള്‍, നിയമ ക്ലാസുകള്‍, മാതൃസംഗമങ്ങള്‍, വൈജ്ഞാനിക മത്സരങ്ങള്‍, കൊളാഷ് പ്രദര്‍ശനങ്ങള്‍ തുടങ്ങി വിപുലമായ പഠന/പരിശീലന/ ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നു. ഫസ്റ്റ് എയ്ഡ്, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, സാമ്പത്തികാസൂത്രണം, വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവയിലും പരിശീലനങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നു. വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി  കൗണ്‍സലിംഗ്, തയ്യല്‍/കുട/സോപ്പ്/അടുക്കളത്തോട്ട നിര്‍മാണം, കോഴിവളര്‍ത്തല്‍ തുടങ്ങിയവയില്‍ പ്രാദേശിക തലങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയില്‍ അണിനിരന്ന വനിതകളുടെ പ്രസംഗ /സംഘാടന പാടവവും വൈജ്ഞാനിക നിലവാരവും ത്യാഗസന്നദ്ധതയും പലരെയും അതിശയിപ്പിച്ചിട്ടുണ്ട്. 'കേരളത്തില്‍ മറ്റൊരു ജാതിക്കാരുടെ ഇടയിലും ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനമില്ല' എന്ന് ജസ്റ്റിസ് ഡി. ശ്രീദേവി ഒരഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധേയമാണ് (പ്രബോധനം ജനു: 16, 2010). 

സമ്മേളനങ്ങള്‍
വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വിവിധ പ്രമേയങ്ങള്‍ ഉയര്‍ത്തി ഏരിയ-മേഖലാ തലങ്ങളില്‍ വനിതാ വിഭാഗം നിരവധി സമ്മേളനങ്ങള്‍ നടത്തിയിട്ടു്. സമ്മേളനങ്ങളില്‍ ഏറ്റവും ശ്രദ്ധേമായിരുന്നു 2010 ജനുവരി 24-ന് കുറ്റിപ്പുറം സ്വഫാ നഗറില്‍ 'സാമൂഹിക വിപ്ലവത്തിന് സ്ത്രീശക്തി' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഒരു ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിച്ച് നടത്തിയ കേരള വനിതാ സമ്മേളനം. യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് നിളയുടെ മണല്‍പരപ്പില്‍  ജനസാഗരം തീര്‍ത്തുകൊണ്ടുള്ള സ്ത്രീസമ്മേളനം വനിതാ സംഘടനകളുടെ ചരിത്രത്തില്‍ പുതിയ വഴിത്തിരിവായി എന്നാണ് കേരളശബ്ദം (ഫെബ്രുവരി 14, 2010) വിലയിരുത്തിയത്. ഇ.സി ആഇശയായിരുന്നു സമ്മേളന കണ്‍വീനര്‍. 

കാമ്പയിനുകള്‍, പ്രമേയങ്ങള്‍
കാമ്പയിനുകള്‍ക്കും സമ്മേളനങ്ങള്‍ക്കും തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളും ശീര്‍ഷകങ്ങളും വനിതാ വിഭാഗത്തിന്റെ ഊന്നലുകളും ലക്ഷ്യവും വിളിച്ചോതുന്നവയാണ്. മതം, മതേതരത്വം: മുസ്‌ലിം സ്ത്രീ ഇടപെടുന്നു, ധൂര്‍ത്ത് കൊണ്ട് പിശാചിനെ വിരുന്നൂട്ടരുത്, പെണ്ണ് ഇരയല്ല പോരാളിയാണ്, സാംസ്‌കാരികാധിനിവേശത്തിനെതിരെ സ്ത്രീശക്തി, സ്ത്രീശാക്തീകരണം അകവും പുറവും, സ്ത്രീസംവരണം സാധ്യതകളും വെല്ലുവിളികളും, പെണ്‍മയുടെ പൊലിമ, ഭരണകൂട ധ്വംസനം: ഇരകളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഗമിക്കുന്നു, നീതിനിഷേധം  ഉന്നം വെക്കുന്നത് ആരെ? പൗരാവകാശങ്ങളുടെ സമകാലികത, കുടുംബത്തിലേക്ക് വീണ്ടും, വളരുന്ന തലമുറ തകരുന്ന മൂല്യങ്ങള്‍, ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ, സ്ത്രീപീഡനം കാരണങ്ങളും പരിഹാരവും, ഉപഭോഗസംസ്‌കാരം കുടുംബത്തെ എങ്ങനെ സ്വാധീനിക്കുന്നു, വിദ്യാഭ്യാസത്തിന്റെ മൂല്യവത്കരണം, സ്ത്രീജന്മം പാപമോ? സ്ത്രീ സംരക്ഷണ നിയമം നോക്കുകുത്തിയോ? ഇസ്‌ലാമിന്റെ പെണ്‍വഴികള്‍, വര്‍ഗീയതയെ നേരിടുന്നതില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീവിമോചനം സത്യവും മിഥ്യയും, മാധ്യമങ്ങളിലെ സ്ത്രീ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ കേരളത്തിന്റെ പൊതു മണ്ഡലങ്ങളില്‍ ചര്‍ച്ചാവിഷയമാക്കാന്‍ കാമ്പയിനുകളിലൂടെയും സമ്മേളനങ്ങളിലൂടെയും ഇതര പരിപാടികളിലൂടെയും വനിതാ വിഭാഗത്തിന് സാധിച്ചിട്ടുണ്ട്.
സമൂഹത്തെ മൊത്തത്തിലും സ്ത്രീകളെ സവിശേഷമായും ബാധിക്കുന്ന പ്രശ്‌നങ്ങളിലും സ്ത്രീചൂഷണങ്ങള്‍ക്കെതിരിലും സാധ്യമാവുന്ന രീതിയില്‍ വനിതാ വിഭാഗം ഇടപെട്ടിട്ടു്. വനിതാ കൂട്ടായ്മകള്‍, സംഗമങ്ങള്‍, ഒപ്പുശേഖരണങ്ങള്‍, റാലികള്‍ തുടങ്ങിയവയിലൂടെ പ്രതിഷേധം അധികാരികളുടെ ശ്രദ്ധയില്‍ കൊുവരാനും പെടുത്താനും പ്രശ്‌നങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കാനും ശ്രമിക്കുന്നു. സ്ത്രീ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട് 1996-ല്‍ നടത്തിയ കാമ്പയിനിലൂടെ, കേവല ഫിഖ്ഹ് വിഷയം എന്നതിലുപരി, സ്ത്രീക്ക് ഇസ്‌ലാം അനുവദിച്ച പള്ളി അവള്‍ക്ക് വിലക്കുന്നത് സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയ കാമ്പയിനായിരുന്നു അത്. 'യാത്രക്കാരായ സ്ത്രീകള്‍'ക്കെങ്കിലും പള്ളിപരിസരം തുറന്നുകൊടുക്കാന്‍ യാഥാസ്ഥിതിക വിഭാഗം നിര്‍ബന്ധിതരാവാന്‍ ഇത്തരം ഇടപെടലുകളും കാരണമായിട്ടു്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവരെ നേരില്‍ കണ്ട് വര്‍ധിച്ചുവരുന്ന പെണ്‍ ഭ്രൂണഹത്യയും സ്ത്രീപീഡനങ്ങളും തടയണമെന്നാവശ്യപ്പെട്ട് നടത്തിയ നിവേദനങ്ങള്‍ (1999), അശ്ലീല പോസ്റ്ററുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കിയ നിവേദനങ്ങള്‍, ധൂര്‍ത്തിനും ദുര്‍വ്യയത്തിനുമെതിരെ ഖത്വീബ്, ഖാദി, മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നിവേദനങ്ങള്‍, സൗന്ദര്യ മത്സരത്തിനെതിരെ നടത്തിയ റാലി തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്. മദ്യവിരുദ്ധ സമരങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചു. ജമാഅത്തും മറ്റു പോഷക സംഘടനകളും നടത്തുന്ന എല്ലാ സംയുക്ത പരിപാടികളിലും പ്രതിഷേധ സംഗമങ്ങളിലും വനിതാ വിഭാഗം പ്രവര്‍ത്തകരും മുന്‍നിരയില്‍ തന്നെയുണ്ട്.

ജനസേവന പ്രവര്‍ത്തനങ്ങള്‍
ഐഡിയല്‍ റിലീഫ് വിംഗിലും പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങളിലും ഇതര സേവന സംരംഭങ്ങളിലും വനിതകള്‍ സജീവമാണ്. തിരുവനന്തപുരം ജില്ലയില്‍ എ. ജൗഹറ നേതൃത്വം നല്‍കുന്ന തണല്‍, തൃശൂര്‍ ജില്ലയില്‍ റുഖിയ്യ റഹീമിന്റെ നേതൃത്വത്തില്‍  നടന്നുവരുന്ന വി.എം.വി ഓര്‍ഫനേജ്, പാലക്കാട് ജില്ലയില്‍ എ.യു റഹീമ മുന്‍കൈയെടുത്ത് സ്ഥാപിച്ച് നടത്തിവരുന്ന രണ്ട് പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ ക്ലിനിക്കുകള്‍, കെ. സ്വഫിയ്യ അലിയുടെ സജീവ പങ്കാളിത്തത്തില്‍ കോഴിക്കോട് കടലോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'മെസേജ്' തുടങ്ങിയ സംരംഭങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. റേഷന്‍/തൊഴില്‍/വീട്/പഠന-ചികിത്സാ-വിവാഹ സഹായങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഓണം/റമദാന്‍/ഈദ് കിറ്റ് വിതരണങ്ങള്‍, കുടിവെള്ള പദ്ധതി തുടങ്ങിയവയില്‍ സാധ്യമാകുന്ന പങ്കാളിത്തം അര്‍പ്പിച്ചുവരുന്നു. സ്വഫാ സമ്മേളനത്തോടനുബന്ധിച്ച് 50 ലക്ഷം രൂപയുടെ ജനസേവന പദ്ധതികളാണ് വനിതകള്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയത്. പല ഘടകങ്ങളിലും പലിശരഹിത വായ്പാ നിധികളും മൈക്രോ ഫിനാന്‍സ് സംവിധാനങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. 

സൗഹൃദ കൂട്ടായ്മകള്‍
വിവിധ മതവിഭാഗങ്ങളിലെയും സംഘടനകളിലെയും സഹോദരിമാരെ ഉള്‍പ്പെടുത്തി ഓണം /ഈദ് സൂഹൃദ് സംഗമങ്ങളും സൗഹൃദ കൂട്ടായ്മകളും പ്രാദേശിക-ജില്ലാ- സംസ്ഥാന തലങ്ങളില്‍ സംഘടിപ്പിക്കുന്നു. സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ ഒരു വര്‍ഷം മുമ്പ് നടത്തിയ 'സൗഹൃദ കേരളം പെണ്‍കൂട്ടായ്മ' കാമ്പയിനിലൂടെ കേരളത്തിലെ മിക്ക ജില്ലകളിലും സൗഹൃദവേദികളും കൂട്ടായ്മകളും നിലവില്‍വന്നിട്ടുണ്ട്.

ണകചഏട, ണണഅഗ
കഴിഞ്ഞ രണ്ടു ദശകങ്ങളിലായി പ്രഫഷനല്‍ വിദ്യാഭ്യാസരംഗത്ത് വന്‍ കുതിച്ചുചാട്ടം തന്നെയാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ നടത്തിയിട്ടുള്ളത്. തല്‍ഫലമായി ഇന്ന് മിക്ക പ്രഫഷനല്‍ മേഖലകളിലും മുസ്‌ലിം വനിതകളുടെ സാന്നിധ്യമുണ്ട്. എന്നാല്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ ഉതകുന്ന വിധത്തിലല്ല നിലവിലെ വനിതാ പ്രാദേശിക ഘടകങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം വനിതാ പ്രഫഷനലുകള്‍ക്ക് തങ്ങളുടെ പ്രഫഷനലും സര്‍ഗാത്മകവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും അവ സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനും ഉതകുന്ന വിധത്തില്‍ ഒരു വേദിക്ക് രൂപം നല്‍കിയത്. ണകചഏട (ണീാലി’ െകിശശേമശേ്‌ല ീേ ചമൃൗേൃമഹ ഏൃീംവേ ീള ടീരശല്യേ) എന്ന പേരില്‍ 2016 ഫെബ്രുവരിയില്‍ ലോഞ്ചിംഗ് നടന്ന വേദിക്ക് ഇപ്പോള്‍ ഡോ. തസ്‌നീം ഫാത്വിമ കണ്‍വീനറും ഡോ. ഫെമിദ അലി സെക്രട്ടറിയുമായി സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നുകഴിഞ്ഞു. ജില്ലാ കമ്മിറ്റികളുടെ സംഘാടനം നടന്നുകൊണ്ടിരിക്കുകയാണ്. 
എല്ലാ മുസ്‌ലിം സംഘടനകളിലെയും വനിതാ പ്രതിനിധികളുടെയും സാമൂഹിക സേവനത്തില്‍ തല്‍പരരായ മറ്റു പ്രമുഖ മുസ്‌ലിം വനിതകളുടെയും വേദിയായ ണ ണ അ ഗ (ണീാലി’ െണലഹളമൃല  അീൈശെമശേീി ഗലൃമഹമ)-ല്‍ ജമാഅത്ത് വനിതാ വിഭാഗം പ്രവര്‍ത്തകരും സജീവ പങ്കാളികളാണ്. അഡ്വ. ലൈല അശ്‌റഫ് പ്രസിഡന്റായ വേദിയുടെ സെക്രട്ടറി വനിതാ വിഭാഗം പ്രസിഡന്റ് സ്വഫിയ്യാ അലിയാണ്. 2016 ഒക്‌ടോബര്‍ 15-ന് കോഴിക്കോട്ട്  'ഇന്ത്യ: മതം, മതേതരത്വം' എന്ന തലക്കെട്ടില്‍ നടന്ന സെമിനാര്‍  ണ ണ അ ഗന്റെ എടുത്തുപറയാവുന്ന പരിപാടികളില്‍ ഒന്നാണ്. 

പ്രതിഫലനങ്ങള്‍
1. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ പദവി സമുദായത്തിനകത്ത് ചര്‍ച്ചാവിഷയമാക്കാനും ആധികാരികമായി അത് പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും കഴിവുള്ള നിരവധി വനിതകള്‍ വളര്‍ന്നുവന്നു. ഇതര മുസ്‌ലിം സ്ത്രീ കൂട്ടായ്മകളെയും സംഘടനകളെയും അപേക്ഷിച്ച് ഇക്കാര്യത്തില്‍ ജമാഅത്ത് വനിതകള്‍ വളരെ മുന്നിലാണ്. ഇസ്‌ലാമിക വിഷയങ്ങള്‍ മാത്രമല്ല പൊതു വിഷയങ്ങളും ആധികാരികമായി അവതരിപ്പിക്കാന്‍ കഴിയുന്ന നിരവധി പ്രഭാഷകരും എഴുത്തുകാരും വളര്‍ന്നുവന്നിട്ടുണ്ട്.
2. ഇസ്‌ലാമിക വേഷവിധാനം അടിമത്തത്തിന്റെ അടയാളമാണ് എന്ന പൊതുബോധം തിരുത്തിക്കാനും അത് കൂടുതല്‍ വ്യാപകമാക്കാനും സാധിച്ചു. ഇന്ന് പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഹിജാബ് ഒരു സാധാരണ വേഷമാണ്. 
3. സാമ്പ്രദായിക സ്ത്രീ  വിമോചന പ്രസ്ഥാനങ്ങളുടെ സ്വാധീനഫലമായി ഉടലെടുത്ത, സ്ത്രീസംഘാടനം പുരുഷന്മാര്‍ക്കെതിരായ സംഘാടനമാണെന്ന തെറ്റായ സങ്കല്‍പം മാറ്റാനും സ്ത്രീസംഘാടനം സമൂഹത്തെ മൊത്തം സംസ്‌കരിക്കാനുതകുന്നതുകൂടിയാവണം എന്ന ധാരണ വളര്‍ത്തിയെടുക്കാനും, കുടുംബത്തെ നിരാകരിച്ചുകൊണ്ടല്ല, കൂടെ ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമാര്‍ഗമാണ് അഭികാമ്യമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ഒരളവോളം സാധിച്ചു. 
4. വിദ്യാഭ്യാസരംഗത്ത്, വിശേഷിച്ചും മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് കേരളം കണ്ട കുതിച്ചുചാട്ടത്തില്‍ വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം അനിഷേധ്യമാണ്.
5. പ്രവര്‍ത്തകരെയും അവരുമായി ബന്ധപ്പെട്ടവരെയും അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, മാമൂലുകള്‍, ആഭരണ/ഫാഷന്‍ ഭ്രമം, ഉപഭോഗ സംസ്‌കാരം തുടങ്ങിയവയില്‍നിന്നും, അശ്ലീല സാഹിത്യങ്ങളുടെയും പ്രതിലോമ സിനിമാ- സീരിയലുകളുടെയും സ്വാധീനവലയത്തില്‍നിന്നും മോചിതരാക്കാന്‍ കഴിഞ്ഞു.
6. ഇതര മുസ്‌ലിം സംഘടനകളുടെ വനിതാ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ രചനാത്മക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. അക്ഷരലോകം പെണ്ണിന് നേരെ കൊട്ടിയടച്ചവര്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതും, വനിതകള്‍ക്ക് ഖുര്‍ആന്‍ പഠന ക്ലാസുകള്‍ പള്ളിയുടെ ഓരത്തും ചാരത്തും നടത്താന്‍ നിര്‍ബന്ധിതമായതും വനിതാ മാസികകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതും ഉദാഹരണങ്ങളാണ്.

ഭാവി
ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം കേരള മുസ്‌ലിം ചരിത്രപ്രയാണത്തില്‍ വഹിക്കുന്ന ക്രിയാത്മക പങ്ക് അന്യാദൃശമാണ്, അനിഷേധ്യമാണ്. എന്നാല്‍, പുതിയ കാലം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇതുവരെ പിന്തുടരുന്ന പ്രവര്‍ത്തനരീതികള്‍ മാത്രം മതിയാവില്ല. സോഷ്യല്‍ മീഡിയ പോലുള്ള പുതുമാധ്യമങ്ങളെ നന്മയടെ മാര്‍ഗത്തില്‍ പ്രയോജനപ്പെടുത്താനും മറ്റും വനിതാ പ്രവര്‍ത്തകര്‍ കൂടുതല്‍ കഴിവുകളാര്‍ജിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അവക്ക് പരിഹാരം കണ്ട് മാത്രമേ ഇനി മുന്നോട്ടുപോകാന്‍ കഴിയൂ. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം നടത്തുമ്പോള്‍ സമുദായത്തിലെ ആണ്‍കുട്ടികള്‍ ഡിഗ്രിതലം കടക്കുന്നത് താരതമ്യേന കുറവാണ്. ഈ അസന്തുലിതാവസ്ഥ വിവാഹത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുന്ന സാമൂഹികപ്രശ്‌നമായി മാറിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ അധികം പഠിക്കേണ്ടതില്ല, കല്യാണം പ്രശ്‌നമാവും തുടങ്ങിയ തെറ്റായ വിധിതീര്‍പ്പുകള്‍ സമുദായ നേതൃത്വത്തിലെ ചിലരില്‍നിന്നെങ്കിലും ഉയര്‍ന്നുവരുന്നു. കാലങ്ങളായി അജ്ഞതയുടെ അന്ധകാരത്തില്‍ കഴിഞ്ഞുകൂടിയ ഒരു വിഭാഗം ത്യാഗനിര്‍ഭരമായ കഠിന പാതകള്‍ താിക്കടന്ന്  മുന്നേറിയതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട സല്‍ഫലങ്ങള്‍ അട്ടിമറിക്കപ്പെടുകയാവും വീണ്ടും പെണ്‍കുട്ടികളെ പിറകോട്ടു വലിക്കുന്നതിലൂടെ സംഭവിക്കുക. ആണ്‍കുട്ടികളെ വിദ്യാഭ്യാസപരമായി കൂടുതല്‍ ശാക്തീകരിക്കാനുള്ള ശ്രമങ്ങളാണ് യഥാര്‍ഥത്തില്‍ നടക്കേണ്ടത്. ഇക്കാര്യത്തില്‍ മാതാക്കള്‍ക്ക് പലതും ചെയ്യാനുണ്ട്. കുടുംബ ജീവിതത്തിന്റെ സന്തുലിതാവസ്ഥയെയും പരസ്പരാശ്രയത്വത്തെയും കെട്ടുറപ്പിനെയും കുറിച്ച് ആണിനും പെണ്ണിനും ശക്തമായ ബോധവത്കരണം അനിവാര്യമാണ്. തങ്ങളുടെ കുടില താല്‍പര്യം മറച്ചുവെച്ച് ഏക സിവില്‍ കോഡ് സ്ത്രീക്ഷേമപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, അതിന് കരുത്തുനല്‍കുന്ന വിധത്തില്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ പലതും സമുദായത്തിനകത്ത് സംഭവിക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യത്തിനു നേരെ കണ്ണടക്കാനാവില്ല. മഹല്ല് കമ്മിറ്റികളില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തി അവരുടെ കഴിവുകള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി പല പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതാണ്. ഇത്തരം വിഷയങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ പരിഗണനയിലുണ്ട്. മാറിയ സാഹചര്യത്തില്‍ വനിതാവിഭാഗത്തെ കൂടുതല്‍ സ്ത്രീസൗഹൃദപരമായി എങ്ങനെ പുനഃക്രമീകരിക്കാം എന്ന ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍, കാലാനുസൃത മാറ്റങ്ങളോടെ വനിതാവിഭാഗം കൂടുതല്‍ കരുത്തോടെ പുതിയ ചുവടുവെപ്പുകള്‍ നടത്തും- ഇന്‍ശാ അല്ലാഹ്.

Comments

Other Post