Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

സോളിഡാരിറ്റി        സൃഷ്ടിച്ച വിപ്ലവം

പി.ഐ നൗഷാദ്

വര്‍ത്തമാനകാലത്ത് സമരോത്സുകമായി ജീവിക്കുകയും ഭാവിയെ പുതുക്കുന്നതിന്  പരമ്പരാഗത യുവജന സംഘടനകളില്‍നിന്ന് ഭിന്നമായ സഞ്ചാര പാതകളിലൂടെ യുവതയെ ചലിപ്പിക്കുകയും ചെയ്യുന്ന സോളിഡാരിറ്റി അകം അറിഞ്ഞുകൊണ്ടുള്ള ഗൗരവപൂര്‍വമായ വിശകലനങ്ങള്‍ ആവശ്യമുള്ള സംഘമാണ്.  ഇസ്‌ലാമിക ആശയാടിത്തറകളില്‍നിന്ന് രൂപവത്കരിച്ച നിലപാടുകളും പരിപാടികളുമായി കേരളത്തിന്റെ സാമൂഹിക പരിസരങ്ങളില്‍ സജീവ സാന്നിധ്യമായ ചെറുപ്പക്കാരുടെ സംഘം ഏതെല്ലാം പരമ്പരാഗത കീഴ്‌വഴക്കങ്ങളെയും കാഴ്ചപ്പാടുകളെയുമാണ് തകര്‍ക്കാന്‍ ശ്രമിച്ചതെന്നും ഏതു  മൂല്യബോധ്യങ്ങളെയും സാമൂഹിക ജീവിതത്തെയുമാണ് സൃഷ്ടിക്കാന്‍ പരിശ്രമിച്ചതെന്നും വ്യക്തമാകാന്‍ അതേറെ ഉപകരിക്കുകതന്നെ ചെയ്യും. 
ഒരു വ്യാഴവട്ടക്കാലം പൂര്‍ത്തീകരിച്ച സോളിഡാരിറ്റി കേരളത്തിന്റെ പൊതുമണ്ഡലങ്ങളെ മാറ്റിപ്പണിയുന്നതില്‍ നിര്‍ണായകമായ വല്ല പങ്കും വഹിച്ചിട്ടുണ്ടോ? ഇസ്‌ലാമിക ആദര്‍ശത്തില്‍ പ്രചോദിതമായ ഒരു യുവസംഘത്തിന്റെ ഇടപെടലുകള്‍ കേരളീയസമൂഹം എങ്ങനെയാണ് സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്തത്? മത/മതേതര ദ്വന്ദ്വ പരികല്‍പനകളില്‍ സോളിഡാരിറ്റി സൃഷ്ടിച്ച ആശയപരവും കര്‍മപരവുമായ വിള്ളലുകള്‍ എത്രത്തോളമാണ്? ശബ്ദവും മുഖവുമില്ലാതെ പോകുന്ന വ്യക്തികളുടെയും വിഭാഗങ്ങളുടെയും നിഷേധിക്കപ്പെടുന്ന നീതിയുടെ ശബ്ദമാകാനുള്ള സോളിഡാരിറ്റിയുടെ ശ്രമങ്ങള്‍  സമര, സാമൂഹിക സംഘങ്ങളിലും സാമൂഹിക/സാംസ്‌കാരിക വ്യവഹാരങ്ങളിലുമുണ്ടാക്കിയ സംഘര്‍ഷങ്ങളും സംവാദ- പരിവര്‍ത്തനങ്ങളും എത്രത്തോളമാണ്? ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടലുകള്‍ സോളിഡാരിറ്റിയുടെ ശക്തിദൗര്‍ബല്യങ്ങള്‍ അറിയാന്‍ ഉപകരിക്കുന്നതുപോലെ കേരളീയ പൊതുമണ്ഡലത്തിന്റെ സവിശേഷതകളും ആന്തരിക വൈരുധ്യങ്ങളും പുറത്തുകൊണ്ടുവരുന്നതിനും സഹായകമാകും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കേരളീയ സാമൂഹിക ജീവിതത്തില്‍ സോളിഡാരിറ്റി എങ്ങനെ ഇടപഴകിയെന്നത് പഠിക്കുകയും നിരൂപിക്കുകയും ചെയ്യുന്നതുപോലെ പ്രധാനമാണ് കേരളീയ സാമൂഹിക ജീവിതം സോളിഡാരിറ്റയെ എങ്ങനെ നിരീക്ഷിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്തുവെന്നതും. അത്തരമൊരു അന്വേഷണത്തില്‍, യാതൊരു സംശയവുമില്ലാതെ പറയാനാകും; കേരളീയ സാമൂഹിക ബോധത്തെ നിര്‍മിക്കുകയും നിര്‍ണയിക്കുകയും ചെയ്തിട്ടുള്ള യൂറോപ്യന്‍ മാനവികതാ വാദത്തിന്റെ മേല്‍പ്പാളിക്കു കീഴില്‍  അനുഭവനിഷേധപരവും അപരഭീതി ഉല്‍പാദിപ്പിക്കുന്നതുമായ വരേണ്യ മേല്‍ക്കോയ്മാ വാദങ്ങള്‍ ഇരമ്പിയാര്‍ക്കുന്നുണ്ടെന്ന്.
ആഗോളവത്കരണത്തിന്റെ ചുഴി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സാമൂഹിക സംഘങ്ങളെയും ആശയപരമായും ഘടനാപരമായും കടപുഴക്കിയിടുകയും  ജീവിത സന്ധാരണമേഖലകളില്‍നിന്ന് വേരറുക്കപ്പെട്ട ജനങ്ങള്‍ക്ക് സംഘടിതശബ്ദം നഷ്ടപ്പെടുകയും ചെയ്ത കാലത്തായിരുന്നുവല്ലോ സോളിഡാരിറ്റി പിറവിയെടുക്കുന്നത്. കോര്‍പ്പറേറ്റ് വികസനത്തിന്റെ ഭ്രാന്തമായ തേരോട്ടത്തില്‍ നിലനില്‍ക്കാനുള്ള മണ്ണും ഭാവി കെട്ടിമേയാനുള്ള വീടും നഷ്ടമായവന്റെ സങ്കടം അപ്രധാനമായി വിലയിരുത്തപ്പെടുന്ന മുഖ്യധാരക്ക് മുമ്പിലാണല്ലോ മണ്ണിനും മനുഷ്യനും വേണ്ടി സോളിഡാരിറ്റി എഴുന്നേറ്റുനിന്നത്. അതുവരെ ആരും മുഴക്കാത്ത, അപരിചിതമായ ആശയങ്ങളൊന്നും സോളിഡാരിറ്റി മുഴക്കിയിട്ടില്ല.  ഭാവി രാഷ്ട്രീയം പരിസ്ഥിതിയുടേതാണ്, ആഗോളവത്കരണത്തിന് ബദല്‍ സാധ്യമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളെല്ലാം  സോളിഡാരിറ്റിക്ക് മുമ്പും നവ സാമൂഹിക രാഷ്ട്രീയത്തിന്റെ പ്രതിധ്വനികളായി ഇവിടെ ഘോഷത്തോടെ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. നവ മുതലാളിത്തത്തിന്റെ സംഹാരാത്മകതക്കെതിരെ ആകാശത്തേക്ക് മുഷ്ടി ഉയരുകയും സമരജ്വാലകള്‍ പടരുകയും ചെയ്തിട്ടുണ്ട്. മനുഷ്യപക്ഷത്തിന് എതിരുനില്‍ക്കുന്ന ആക്രമോത്സുക വികസനത്തിന്റെ ഇരകള്‍ കേരളത്തിന്റെ പതിനാല് ജില്ലകളിലും സമരപ്പന്തലുകളില്‍ വാവിട്ട് കരയുകയും ഭരണകര്‍ത്താക്കളെ ശപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ നിരാശയും നിസ്സഹായതയുമായിരുന്നു അവരുടെ വിധി. സമരപന്തലുകളുടെ മുന്നിലൂടെ നിര്‍വികാരരായി ജനവും അവരെ പ്രബുദ്ധരാക്കേണ്ട മാധ്യമങ്ങളും കടന്നുപോയി. ഇരകളായിത്തീര്‍ന്ന നിസ്വര്‍ക്ക് പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണ ലഭിക്കണമെങ്കില്‍ അവരുടെ സ്വയം ബോധ്യങ്ങളും അനുഭവങ്ങളും കര്‍തൃത്വവുെമല്ലാം ഏറ്റെടുക്കുന്ന പ്രസ്ഥാനങ്ങളുടെ ചട്ടക്കൂടുകള്‍ക്കും ആശയ/ സംഘടനാ താല്‍പര്യങ്ങള്‍ക്കുമനുസരിച്ചും വിധേയപ്പെടാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. അതിന് വിസമ്മതിച്ചവര്‍ പൊതുവ്യാവഹാരിക മണ്ഡലങ്ങളില്‍ മാത്രമല്ല സമരഭൂമികയില്‍നിന്നുവരെ നിഷ്‌കാസിതരാകാന്‍ വിധിക്കപ്പെട്ടു. സോളിഡാരിറ്റി കേരളീയ പൊതുമണ്ഡലത്തെ മാറ്റിപ്പണിയാന്‍ തുടങ്ങിയത് നീതിനിഷേധിക്കപ്പെട്ടവരുടെ ഐക്യനിര സൃഷ്ടിച്ചുകൊണ്ടാണ്.
സോളിഡാരിറ്റി നിര്‍വഹിച്ച പ്രഥമദൗത്യം ചിതറിക്കിടന്ന സമരങ്ങളെ, ഒറ്റപ്പെട്ട ബദല്‍ ശബ്ദങ്ങളെ, ആത്മവിശ്വാസമില്ലാതിരുന്ന യുവതയെ ഏകോപിപ്പിക്കുകയും മുഖ്യ പ്രതിപക്ഷമായി നിലയുറപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുകയുമായിരുന്നു. 2005 ഫെബ്രുവരി ഒന്നിന് സംസ്ഥാന സമ്മേളന പ്രഖ്യാപനത്തിന് സോളിഡാരിറ്റി എറണാകുളത്ത് പ്രാരംഭം കുറിച്ചത് 32-ലധികം വരുന്ന സമരസംഘങ്ങളുടെ ഉള്‍ച്ചേരലുകളിലൂടെയായിരുന്നു. പ്രാദേശികമായി മാത്രം ഒതുങ്ങാന്‍ വിധിക്കപ്പെട്ട സമരസംഘങ്ങളുടെ കൂട്ടായ്മയും പൊതുശബ്ദവും സ്വീകാര്യതയും പ്രബലമാകുന്നത് അന്നുമുതലാണ്. സമരസമൂഹങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കും സ്വയം നിര്‍ണയാവകാശങ്ങള്‍ക്കും അല്‍പം പോലും പോറലേല്‍ക്കാതെ പിന്നീടുള്ള വര്‍ഷങ്ങളില്‍ 200-ലധികമായി ആ കൂട്ടായ്മ വികസിച്ചതില്‍ പ്രമുഖ പങ്ക് വഹിച്ചത് സംഘടനയെന്ന നിലക്ക് സോളിഡാരിറ്റിയും വ്യക്തിയെന്ന നിലക്ക് സി.ആര്‍. നീലകണ്ഠനുമാണ്. കേരളത്തിലെ നവ സാമൂഹിക രാഷ്ട്രീയത്തിന് ഊടും പാവും നല്‍കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഭൂരിപക്ഷം സമര പ്രസ്ഥാനങ്ങളുടെയും ചരിത്രം  പരിശോധിച്ചാല്‍ സോളിഡാരിറ്റിയും അവരും തമ്മിലുള്ള സഹകരണത്തിന്റെ ഏടുകള്‍ ലഭിക്കും. പ്രാദേശികമായി നിലനിന്ന സമരങ്ങള്‍ക്ക് ജനകീയഭാവം നല്‍കുന്നതിലും മുഖ്യധാരാ ശ്രദ്ധയിലേക്ക് അവയെ കൊണ്ടുവരുന്നതിലും അശ്രാന്തപരിശ്രമമാണ് സോളിഡാരിറ്റി നിര്‍വഹിച്ചത്. ഈ കുറിപ്പെഴുതുന്ന ഇന്നുവരെ ഒരു സമരസംഘവും സോളിഡാരിറ്റിയെ തള്ളിപ്പറഞ്ഞിട്ടില്ല. വഞ്ചിച്ചുവെന്നോ അപഹസിച്ചുവെന്നോ നേതൃത്വം ഹൈജാക്ക് ചെയ്തുവെന്നോ ആക്ഷേപിച്ചിട്ടില്ല. അവരുടെ പരാതി ഒന്നുമാത്രമായിരുന്നു; നിങ്ങള്‍ ഞങ്ങളെ കൂടുതല്‍ കുടുതല്‍ പരിഗണിക്കണം. ഞങ്ങളുടെ ശബ്ദത്തെ, ആവശ്യത്തെ കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴക്കണം. അവരാഗ്രഹിക്കുന്നവിധം എത്താനാകുന്നില്ലല്ലോ എന്ന സ്‌നേഹപരിഭവത്തിനപ്പുറം പരാതി ഉയരാതിരിക്കാന്‍ മാത്രമുള്ള ധാര്‍മികവും ജനാധിപത്യപരവുമായ മൂല്യം നിന്താന്ത ജാഗ്രതയോടെ  കാത്തുസൂക്ഷിച്ചിരുന്നു (ഇതില്‍നിന്ന് ഭിന്നമായ ഏക അനുഭവം കിനാലൂര്‍ സമരത്തിലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനമാണ്. അതിന്റെ കാരണമാകട്ടെ സമരവുമായി ബന്ധപ്പെട്ടതായിരുന്നില്ല. സമരബാഹ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സോളിഡാരിറ്റിയുടെ നിലപാടുകളുമായി ബന്ധപ്പെട്ടായിരുന്നുതാനും).  കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് കേരളത്തിലെ സമര സമൂഹങ്ങളിലുണ്ടായ ഭിന്നതകളില്‍ മധ്യസ്ഥരായും വിയോജിച്ച് വേര്‍പ്പെട്ടുപോയവരെ ഒന്നിച്ചിരുത്തുന്ന കണ്ണിയായും  സമരസംഘങ്ങള്‍ക്കിടയില്‍ സോളിഡാരിറ്റി മാറിക്കഴിഞ്ഞിരുന്നു. കേരളവും കേരളീയരും അനുഭവിക്കുന്ന പ്രതിസന്ധികളെ ജനപക്ഷത്തു ചേര്‍ന്ന് സംസാരിച്ചിട്ടും  സോളിഡാരിറ്റിയെ അവര്‍ ഉള്‍ക്കൊണ്ടതും സ്വീകരിച്ചതും സംശയത്തിന്റെ ആവരണത്തോടെയായിരുന്നു. അനുഭവപരമായ എന്തെങ്കിലുമായിരുന്നില്ല ആ സംശയത്തിന്റെ ഹേതു. പകരം, അനുഭവബാഹ്യമായി യൂറോപ്യന്‍ മാനവികവാദത്തിന്റെ ആശയവലിക്കാര്‍ ഒരു സമരച്ചൂടുമനുഭവിക്കാതെ, ഒരു തെരുവിലും മുഷ്ടിചുരുട്ടാന്‍ തയാറാകാതെ മതം സമം വര്‍ഗീയത സമം ബഹിഷ്‌കരണം എന്ന ലഘുതമ യുക്തിസമവാക്യങ്ങളിലൂടെ കൃത്രിമമായ സൈദ്ധാന്തിക പ്രചാരണം അഴിച്ചുവിട്ടതിന്റെ ഫലമായിരുന്നു. 
സോളിഡാരിറ്റിയെ കുറിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ചാല്‍ ഈ നിരീക്ഷണത്തിന്റെ സാധുത തെളിഞ്ഞുകിട്ടും. അതില്‍ പ്രധാനം അത് ശാസ്ത്ര സാഹിത്യ പരിഷത്തിനെ അനുകരിക്കുന്നുവെന്നതായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ മുസ്‌ലിം പതിപ്പാണന്നതായിരുന്നു മറ്റൊരു വിമര്‍ശം.  ഇസ്‌ലാമിന്റെ ഇടതുപക്ഷ മുഖമാണ് സോളിഡാരിറ്റിയെന്നതായിരുന്നു വിമര്‍ശനത്തിന്റെ ആകത്തുക. ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സ്ഥാനമേറ്റടുത്തു, ഡി.വൈ.എഫ്.ഐയുടെ പകരക്കാരനായാണ്് സോളിഡാരിറ്റി വളരുന്നത് തുടങ്ങിയ വിമര്‍ശനങ്ങള്‍ പരോക്ഷമായി സമ്മതിക്കുന്നത്, വികസനത്തിന്റെ ബദലന്വേഷണത്തിനും ശിഥിലീകരിക്കപ്പെട്ട സമരങ്ങള്‍ക്കും സോളിഡാരിറ്റി കര്‍തൃപരമായ പങ്കുവഹിച്ചുവെന്ന വസ്തുതയെത്തെന്നയാണ്.  സാമൂഹിക മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്  നഷ്ടപ്പെടുന്ന കര്‍തൃത്വത്തില്‍ വേപഥുകൊണ്ടുയരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ തന്നെയാണ് സോളിഡാരിറ്റി പൊതുമണ്ഡലത്തെ 2003-നു ശേഷം എങ്ങനെയൊക്കെ നിര്‍ണയിച്ചുവെന്നതിന് തെളിവ്.  ഈ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവരില്‍ ഭൂരിഭാഗവും ആധുനികതയുടെ മത/മതേതര ദ്വന്ദ്വ ചിന്തകളില്‍ അഭിരമിക്കുന്നവരും യൂറോപ്യന്‍ മാനവികതാവാദമാണ് സൈദ്ധാന്തിക പൂര്‍ണത എന്നു ധരിച്ചുവശായവരുമായിരുന്നു. 2001 സെപ്റ്റംബര്‍ 11 സംഭവത്തിനുശേഷം ആഗോളതലത്തില്‍ പ്രബലമായ ഇസ്‌ലാംഭീതിയുടെ അനുകര്‍ത്താക്കള്‍ കൂടിയായിരുന്നു അവര്‍. അത്തരം വിമര്‍ശനങ്ങളുടെ ആശയപരിസരം സൂക്ഷ്മമായി പരിശോധിക്കാന്‍ ഇവിടെ മുതിരുന്നില്ല. പക്ഷേ, നേരത്തേ സൂചിപ്പിച്ച  പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന ചിന്താവരേണ്യതയും അനുഭവനിഷേധവും സംശയങ്ങളെ ഉദ്ദീപിപ്പിക്കലും സാമൂഹിക മണ്ഡലത്തിലെ വിവേചനങ്ങളും പടിക്കു പുറത്താക്കല്‍ ആഹ്വാനവുമെല്ലാം ധാരാളമായി അതില്‍ ദര്‍ശിക്കാനാകും. കേരളത്തിലെ ലിബറലിസത്തിന്റെ മേല്‍പ്പാളിക്കടിയില്‍ ഒളിപ്പിച്ചുവെച്ച അസ്പൃശ്യതയുടെ സവര്‍ണഭൂതം എത്ര ശക്തവും ആഴമേറിയതുമാണന്ന വസ്തുത പുറത്തിടുകയെന്ന ചരിത്രപരമായ വിപ്ലവം കൂടിയാണ് അത്തരം സംവാദങ്ങളിലൂടെ സോളിഡാരിറ്റി നിര്‍വഹിച്ചത്. 
പൊതുമണ്ഡലം കരുണാര്‍ദ്രനായ അല്ലാഹുവിനെയും വിമോചകനായ പ്രവാചകനെയും സോളിഡാരിറ്റിയിലൂടെ ദര്‍ശിച്ചു. ഒട്ടും വിവേചനമില്ലാതെ മനുഷ്യര്‍ ഒന്നായി ചേര്‍ന്നുനില്‍ക്കുമ്പോള്‍ ബിലാലനുഭവിച്ച ആത്മഹര്‍ഷം ചെങ്ങറയിലെയും ആറളത്തെയും പച്ച മനുഷ്യരുമറിഞ്ഞു. അങ്ങനെയാണ് വിമര്‍ശകരുടെ കിനാക്കളില്‍ ദുഃസ്വപ്‌നമായി സോളിഡാരിറ്റി ഇസ്‌ലാമിക യൗവനത്തിന്റെ സര്‍ഗാത്മകമായ സാമൂഹിക പരിവര്‍ത്തനത്തിന്റെ കേരളീയ മാതൃക സൃഷ്ടിച്ചത്. കാരണം നീതി നിഷേധിക്കപ്പെടുന്ന ജനത ജീവിക്കുന്നത് പ്രത്യയശാസ്ത്രങ്ങളിലൂടെയായിരുന്നില്ല, മറിച്ച് അനുഭവസാക്ഷ്യത്തിന്റെ സത്യസന്ധതകളിലൂടെയാണ്. പരമ്പരാഗത ആധുനികതയുടെ യുക്തിക്കു പുറത്ത് ആത്മീയതയുടെ സാമൂഹികതയെ ഉള്‍ക്കൊള്ളുന്ന ബുദ്ധിജീവിവര്‍ഗം പിറവിയെടുക്കുന്നതിലും  സാംസ്‌കാരിക മണ്ഡലത്തില്‍ വിഭിന്ന സ്വരങ്ങള്‍ മേല്‍ക്കൈ നേടുന്നതിലുമാണ് അത്തരം സംവാദങ്ങള്‍ പര്യവസാനിച്ചത്. 
സോളിഡാരിറ്റി സൃഷ്ടിച്ച പരിവര്‍ത്തനത്തിന്റെ ശരിയായ സാന്ദ്രത ബോധ്യമാവുക, കേരളീയ മുസ്‌ലിം വര്‍ത്തമാന ചരിത്രത്തില്‍ അത് നിര്‍വഹിച്ച സ്വാധീനവും കൂടി പരിശോധിക്കുമ്പോഴാണ്. ഇസ്‌ലാമിനെ കുറിച്ച് മുസ്‌ലിം ജനസാമാന്യം പുലര്‍ത്തിയിരുന്ന അനുഷ്ഠാനപരം മാത്രമായ വിചാരങ്ങളെ ജമാഅത്തെ ഇസ്‌ലാമി ആശയപരമായും ഒരു പരിധിവരെ കര്‍മപരമായും തിരുത്തിയിരുന്നു. എന്നാല്‍ ചടുലമായ ദൈനംദിന തെരുവനുഭവമായി  അവ കാണാനും കേള്‍ക്കാനും കഴിഞ്ഞത് സോളിഡാരിറ്റിക്കുശേഷമാണ്. പതിവുപോലെ, മുസ്‌ലിം സമൂഹം ആശങ്കയോടെയും കുറഞ്ഞതോതില്‍ വിമര്‍ശനത്തോടെയുമാണതിനെ അഭിമുഖീകരിച്ചത്. എന്നാല്‍ സോളിഡാരിറ്റി തുറന്നുവിട്ട സമരത്തിന്റെയും സേവനത്തിന്റെയും ഇസ്‌ലാമിക അനുഭവത്തെ വ്യത്യസ്തതകളോടെ അവര്‍ ഉള്‍ക്കൊള്ളുകയുമായിരുന്നു. ഭവനനിര്‍മാണവും കുടിവെള്ളപദ്ധതികളും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പുനരധിവാസവും സണ്‍റൈസ് കൊച്ചി പോലുള്ള ചേരിനിര്‍മാര്‍ജന യജ്ഞങ്ങളും എല്ലാവിധ യുവസംഘങ്ങളുടെയും പ്രവര്‍ത്തനവഴികളായി.
കേരളീയ പൊതുസമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ ഇസ്‌ലാമിക പക്ഷത്തുനിന്നുകൊണ്ട് വിശകലനം ചെയ്യുക മാത്രമല്ല, പരിഹാരങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കേണ്ടവരായി മുസ്‌ലിം യുവത സ്വയം പ്രതിഷ്ഠിക്കുന്നതിലേക്ക് വികസിച്ചുവെന്നത് അത്ര ചെറിയ കാര്യമല്ല. ലിബറല്‍ പന്തിയില്‍ ഇസ്‌ലാമിക സ്വത്വത്തിന്റെ പേരില്‍ അപകര്‍ഷതയോടെ  നില്‍ക്കേണ്ടിവന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ആത്മാഭിമാനവും പുതിയ ഉള്‍ക്കാഴ്ചകളും പകരുകയും ചെയ്തു. ഫാഷിസത്തിന്റെ ആശയസ്വാധീനവും അധികാരാരോഹണവും മൂര്‍ത്ത യാഥാര്‍ഥ്യമായ ഇന്ത്യയില്‍, പ്രവചിക്കപ്പെട്ടതുപോലെ അതിന്റെ ഒന്നാമത്തെ ഇരകളായി മുസ്‌ലിം സമൂഹം മാറി. അതിനുമുമ്പേ മുസ്‌ലിംകള്‍ അര്‍ധ പൗരത്വത്തിന്റെ വക്രീകരിച്ച നോട്ടത്തിനും വിധേയരായിരുന്നു. തീവ്രവാദത്തിന്റെയും ഭീകരതയുടെയും ചാപ്പകള്‍ കുത്തി മനുഷ്യാവകാശവും പൗരാവകാശവും നിഷേധിക്കപ്പെടുന്നത് സ്വാഭാവികതയോടെ സ്വീകരിക്കപ്പെടാന്‍ തുടങ്ങിയതോടെ  പ്രതിരോധത്തിന്റെ മുന്നണി രൂപവത്കരിക്കാന്‍ സോളിഡാരിറ്റി മുന്നിട്ടിറങ്ങി. തീവ്രവാദമുദ്ര ചാര്‍ത്തിയാല്‍ നിശ്ശബ്ദമാകുമായിരുന്ന മുസ്‌ലിം സമൂഹത്തെ ചോദ്യങ്ങളും സംശയങ്ങളും സാമുദായികതയുടെ അതിപ്രസരങ്ങളില്ലാതെ പൗരാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഷയില്‍ ചോദിക്കാന്‍ പഠിപ്പിച്ചു. മറുവശത്ത്, ഇരയെന്ന പൊതുപരികല്‍പനക്കകത്ത് മുസ്‌ലിം ഇരയുടെ സവിശേഷ പ്രശ്‌നങ്ങള്‍ അദൃശ്യമാകുന്നു എന്ന വസ്തുത പൊതുമണ്ഡലത്തില്‍ പതര്‍ച്ചകളില്ലാതെ പറയാനുള്ള തന്റേടവും സ്വായത്തമാക്കി. 'പക്ഷ'പാതിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ 'സമനീതി' സിദ്ധാന്ത കോട്ടകളില്‍ അഭയം തേടി മുസ്‌ലിം സ്വത്വപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെയോ മൃദുവിമര്‍ശനം നടത്തിയോ ഉപജീവിക്കുന്നവരുടെ ആശയരാഹിത്യത്തെ വെളിച്ചത്തുനിര്‍ത്താന്‍ സാധിച്ചു.  ഭീതിയുടെയും മാപ്പുസാക്ഷിത്വത്തിന്റെയും ഒറ്റുകൊടുക്കലിന്റെയും ഭാഷകള്‍ക്കു പുറമെ ഫാഷിസത്തിന്റെ യുക്തിയില്‍ ചിന്തിക്കുന്നവര്‍ക്കുപോലും മുസ്‌ലിം സമൂഹത്തിലും സ്വാധീനം  ചെലുത്താന്‍ സാധിച്ചിരുന്നു. ചുരുങ്ങിയപക്ഷം അത് ലജ്ജാവഹമാണന്ന് ചെറുപ്പക്കാരെ അംഗീകരിപ്പിക്കാന്‍ സോളിഡാരിറ്റിക്ക് സാധിച്ചിരിക്കുന്നു. അബ്ദുന്നാസിര്‍ മഅ്ദനിക്കും സകരിയ്യക്കും എം.എം അക്ബറിനും രാവുണ്ണിക്കും വേണ്ടി ഒരുപോലെ സംസാരിക്കുന്ന ഒരു സംഘമേ കേരളീയ യൗവനത്തില്‍ ഇന്നുള്ളൂ; അതിന്റെ നാമം സോളിഡാരിറ്റി എന്നാണ്. 
മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക ഇടപെടലുകളില്‍ വന്ന പരിവര്‍ത്തനങ്ങളോട് ചേര്‍ത്തുവായിക്കേണ്ടതാണ്, ഇസ്‌ലാമിക പ്രസ്ഥാനത്തെ ആശയപരവും കര്‍മപരവുമായ പുതിയ വിതാനത്തിലേക്ക് കൊണ്ടുപോകുന്നതില്‍ സോളിഡാരിറ്റി വഹിച്ച പങ്കും. പരിസ്ഥിതി രാഷ്ട്രീയം, വികസനത്തിന്റെ ഇസ്‌ലാം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, സേവനപ്രവര്‍ത്തനങ്ങളുടെ പുതിയ ശൈലികള്‍ തുടങ്ങി ഇസ്‌ലാമോഫോബിയയുള്ള കേരളത്തിന്റെ സാമൂഹികത വരെയുള്ള ചര്‍ച്ചകളിലൂടെയും ആശയരൂപീകരണത്തിലൂടെയും ഇസ്‌ലാമിക പ്രസ്ഥാനത്തെ ചലനാത്മകമാക്കുന്നതില്‍ സോളിഡാരിറ്റി വഹിച്ച നിര്‍വാഹകത്വം നിഷേധിക്കാനാവില്ല.  പോസ്റ്ററുകളുടെ നിര്‍മാണത്തില്‍ മുതല്‍ മുദ്രാവാക്യങ്ങളുടെ ശൈലിയില്‍ വരെ സോളിഡാരിറ്റിയാനന്തര മുസ്‌ലിം ജീവിതം അതിനു മുമ്പുള്ളതില്‍നിന്ന് വ്യത്യസ്തമാണ്. വേള്‍ഡ് ട്രേഡ് ആക്രമണാനന്തരം ആഗോള രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങളില്‍ കേരളീയ മുസ്‌ലിം അജണ്ടകളെ നവീകരിക്കുന്നതില്‍, പൊതുസമൂഹവുമായുള്ള ഉദ്ഗ്രഥനങ്ങളില്‍ മാപ്പുസാക്ഷിമനഃസ്ഥിതിയില്ലാതെ കാര്യങ്ങളെ കാണുന്നതില്‍, സഹവര്‍ത്തിത്വത്തിന്റെ ആദര്‍ശതലം ഉയര്‍ത്തികൊണ്ടുവരുന്നതില്‍ സോളിഡാരിറ്റിയുടെ പങ്ക് അനല്‍പമാണ്. അക്കാദമിക തലങ്ങളിലും സാംസ്‌കാരിക വ്യവഹാരങ്ങളിലും തെരുവു പ്രഭാഷണങ്ങളിലും ഇസ്‌ലാമിന്റെ കര്‍തൃസാധ്യതകളെ കുറിച്ചുള്ള സംവാദങ്ങളെ ത്വരിപ്പിച്ചത് സോളിഡാരിറ്റിയുടെ കര്‍മചടുലത ഉല്‍പാദിപ്പിച്ച ഊര്‍ജവും ചിലപ്പോഴെല്ലാം അതിനോടുള്ള ഭീതിയുമായിരുന്നു. 
ചുരുക്കത്തില്‍, പൊതുമണ്ഡലത്തില്‍ കേരള മുസ്‌ലിം സമൂഹത്തിന് നഷ്ടമായ ആദര്‍ശാത്മക കര്‍തൃത്വത്തെ ആശയപരതക്കുപരിയായി പ്രായോഗിക പരിപാടികളിലൂടെ തിരിച്ചുപിടിക്കാന്‍ സോളിഡാരിറ്റിക്ക് സാധിച്ചിരിക്കുന്നു. ഇസ്‌ലാമിന് പൊതുജീവിതത്തെ നവീകരിക്കുന്നതില്‍ നേതൃപരമായും, ഇസ്‌ലാമികാസ്തിത്വത്തില്‍ അല്‍പംപോലും വെള്ളം ചേര്‍ക്കാതെയും പങ്കാളിത്തം വഹിക്കാനാകുമെന്ന് ഭാഗികമായാണെങ്കിലും കേരളീയ ബൗദ്ധികതയെ ഒന്നര പതിറ്റാണ്ടിനുള്ളില്‍ അംഗീകരിപ്പിക്കുന്നതില്‍ നേടിയ വിജയമാണ് സോളിഡാരിറ്റി സൃഷ്ടിച്ച ഏറ്റവും കാതലായ വിപ്ലവം. ഇതിനര്‍ഥം ശരികളില്‍നിന്ന് ശരികളിലേക്ക് മാത്രം സഞ്ചരിച്ച യുവാക്കളുടെ സംഘമാണിത് എന്നല്ല. തങ്ങള്‍ക്ക് സംഭവിച്ച പിഴവുകള്‍ ഏറ്റവുമാദ്യം തിരിച്ചറിയുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണത്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 2003-ല്‍ രൂപവത്കരിച്ചതിനുശേഷം കുറഞ്ഞ കാലയളവിനുള്ളില്‍തന്നെ ഏറ്റവും കൂടുതല്‍ സ്വയം നവീകരണത്തിന് വിധേയമായ യുവസംഘടനയാണ്; ആശയപരമായും ഘടനാപരമായും.  പൊതുജനമധ്യത്തില്‍ സംഘടനാപരമായ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താന്‍ ധൈര്യം കാണിച്ച ചെറുപ്പമാണത്. അതിലെ നിരൂപണങ്ങളിലധികവും സോളിഡാരിറ്റിക്ക് സ്വയം ബോധ്യമുള്ളതു തന്നെയായിരുന്നു. മുന്നോട്ടുള്ള ചലനത്തില്‍ ഇല്ലാതാകുന്ന, പുതിയ ചക്രവാളങ്ങള്‍ താണ്ടുമ്പോള്‍ തിരുത്തപ്പെടുന്ന സ്ഖലിതങ്ങളാണധികവും. കാരണം വരാന്‍ പോകുന്നത് കൂടുതല്‍ ജാഗ്രതയും രാഷ്ട്രീയ ഇഛാശക്തിയും ഇസ്‌ലാമിക പ്രതിബദ്ധതയുമുള്ള ചെറുപ്പമാണ്. ചെറുപ്പത്തിന്റെ കുതിപ്പുകള്‍ക്ക് തടയണ കെട്ടാന്‍ ലോകത്തിന് ഇന്നുവരെ സാധിച്ചിട്ടില്ല.
 

 

സോളിഡാരിറ്റി നേതൃത്വം


വര്‍ഷം    പ്രസിഡന്റ്    ജന. സെക്രട്ടറി

2003-2005    കൂട്ടില്‍ മുഹമ്മദലി    ഹമീദ് വാണിയമ്പലം 
2005-2007    ഹമീദ് വാണിയമ്പലം    പി. മുജീബുര്‍റഹ്മാന്‍ 
2007-2009    പി. മുജീബുര്‍റഹ്മാന്‍    കെ.എ ശഫീഖ്
2009-2011    പി. മുജീബുര്‍റഹ്മാന്‍    എം. സാജിദ് 
2011-2013    പി.ഐ നൗഷാദ്    ടി. മുഹമ്മദ് വേളം
2013-2015    ടി. മുഹമ്മദ് വേളം    കളത്തില്‍ ഫാറൂഖ് 
2015-2017    ടി. ശാകിര്‍    സാദിഖ് ഉളിയില്‍
 

Comments

Other Post