Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

നയവികാസങ്ങളും      സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും

വി.കെ അലി

സാഹചര്യങ്ങളുടെയും സമൂഹത്തിന്റെയും മാറ്റങ്ങള്‍ക്കനുസരിച്ച് പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാവുകയെന്നത് മുന്നോട്ട് ഗമിക്കുന്ന ഏതൊരു പ്രസ്ഥാനത്തിനും അനിവാര്യമായിരിക്കും. എല്ലാ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇത് ശരിവെക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇപ്രകാരം തന്നെ. അതിന് പുതിയ ഖുര്‍ആന്‍ ഇറങ്ങുകയോ വഹ്‌യ് ലഭിക്കുകയോ വേണ്ടതില്ല. അതിനാല്‍ 'പരിവര്‍ത്തനങ്ങളി'ലൂടെ എന്നത് ഒരു ഇസ്‌ലാമിക സംഘടനക്ക് നൃശംസയല്ല, പ്രശംസയാണ്. പ്രവാചക ചരിത്രത്തില്‍ അതിന്റെ മാതൃക സുലഭം.
പ്രവാചകന്‍ ആദ്യമായി രഹസ്യപ്രബോധനം ആരംഭിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞാണ് പരസ്യപ്പെടുത്താന്‍ തുടങ്ങിയത്. ആരാധനാ കര്‍മങ്ങള്‍ സ്വകാര്യമായി നിര്‍വഹിച്ചു. അനുയായികളുമൊത്ത് രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു. അക്രമങ്ങളെയും മര്‍ദനങ്ങളെയും പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. എല്ലാം സഹിച്ചു. സംഘടിതപ്രധാനമായ മതനിര്‍ദേശങ്ങളെല്ലാം -ജമാഅത്ത് നമസ്‌കാരം, ജുമുഅ, സകാത്ത്, റമദാന്‍ വ്രതം, ഹജ്ജ് തുടങ്ങിയവ ഉദാഹരണം- സ്വന്തമായ ഒരു സമൂഹവും രാഷ്ട്രീയ ശക്തിയും കൈവന്ന ശേഷമാണ് നടപ്പായത്. അങ്ങനെ 23 വര്‍ഷംകൊണ്ടാണ് ഇസ്‌ലാമിന്റെ സമ്പൂര്‍ണ രൂപം സ്ഥാപിതമാകുന്നത്. 
ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക പ്രസ്ഥാനം കാലോചിതമായ വികാസ പരിണാമങ്ങളിലൂടെയാണ് പ്രയാണം തുടരുന്നത്. സമൂഹത്തില്‍നിന്ന് ഇസ്‌ലാമിന്റെ സാക്ഷാല്‍ രൂപം അപ്രത്യക്ഷമാവുകയും ഇതര മതങ്ങളെപോലെ അല്‍പം ആരാധനാ സമ്പ്രദായങ്ങളുടെയും ആചാരങ്ങളുടെയും സമുച്ചയമായി അത് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തപ്പോഴാണ് ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര തനിമ വീണ്ടെടുക്കുന്ന ചിന്തകളുമായി മൗലാനാ മൗദൂദി രംഗപ്രവേശം ചെയ്തത്. മനുഷ്യജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും ഏറ്റവും ഉത്തമമായ മാര്‍ഗദര്‍ശനം നല്‍കുന്ന ഇസ്‌ലാം മുഴുവന്‍ മനുഷ്യരാശിയുടെയും മോചനമാര്‍ഗമാണെന്നും, അതിന്റെ സംസ്ഥാപനത്തിലൂടെ സമാധാനവും ശാന്തിയും കൈവരുമെന്നും അദ്ദേഹം സമര്‍ഥിച്ചു. കമ്യൂണിസം, സോഷ്യലിസം, കാപിറ്റലിസം, ദേശീയത്വം, മതേതരത്വം, ജനാധിപത്യം എന്നിവ ആത്യന്തിക പരിഹാരങ്ങളല്ലെന്നും മനുഷ്യസമൂഹത്തെ നാശഗര്‍ത്തത്തിലേക്ക് തള്ളിവിടാനേ അവ കാരണമാവുകയുള്ളൂവെന്നും അദ്ദേഹം വാദിച്ചു. ഇന്ന് ചരിത്രം ആ ദര്‍ശനത്തെ ശരിവെക്കുകയാണ്. സമഗ്രമായ ഇസ്‌ലാമിക വിപ്ലവം സ്വപ്‌നം കണ്ടുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചത്. ഹിന്ദുക്കളും മുസ്‌ലിംകളും വര്‍ഗീയാടിസ്ഥാനത്തില്‍ രണ്ടു രാഷ്ട്രമായി മാറുകയല്ല വേണ്ടതെന്നും മനുഷ്യരാശിയുടെ മോചനത്തിനുപകരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെ കണ്ടെത്തുകയാണ് വേണ്ടെതെന്നും മൗലാനാ മൗദൂദി വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ യോഗത്തില്‍ (1941 ആഗസ്റ്റ് 26) ഈ സംഘടനയുടെ സവിശേഷത വ്യക്തമാക്കി മൗലാനാ മൗദൂദി പറഞ്ഞു: 
1. ഇതര സംഘടനകള്‍ ഇസ്‌ലാമിന്റെ ഏതെങ്കിലും ഒരു ശാഖയെയോ അല്ലെങ്കില്‍ ഭൗതികമായ ഏതെങ്കിലും ലക്ഷ്യത്തേയോ മുന്‍നിര്‍ത്തി സ്ഥാപിതമായതാണ്. നാമാകട്ടെ ഇസ്‌ലാമിനെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. 
2. അവയുടെ ഘടന നിലവിലുള്ള ഭൗതിക പാര്‍ട്ടികളുടെ രീതിയനുസരിച്ചാണ്. എന്നാല്‍, നാം പ്രവാചകന്റെ മാതൃകയാണ് തെരഞ്ഞെടുക്കുന്നത്.
3. ഇതര സംഘടനകളില്‍ അംഗത്വയോഗ്യത മുസ്‌ലിം സമുദായത്തില്‍ ജനിക്കുകയെന്നതാണ്. ഇതിന്റെ അനന്തര ഫലം ഇത്തരം സംഘടനകളിലെ അംഗങ്ങളും പ്രവര്‍ത്തകരും മാത്രമല്ല, നേതാക്കള്‍വരെ സ്വഭാവകര്‍മങ്ങളില്‍ അവലംബിക്കാന്‍ കൊള്ളാത്തവരും വിശ്വസിക്കാന്‍ പറ്റാത്തവരുമാണ്. നമ്മുടെ പ്രസ്ഥാനത്തില്‍ അംഗത്വമെടുക്കുന്നവര്‍ ദീനിന്റെ താല്‍പര്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നവരും ഈമാനിന്റെ നന്നേക്കുറഞ്ഞ തേട്ടങ്ങളെങ്കിലും പൂര്‍ത്തീകരിക്കുന്നവരുമാകണം.
4. മറ്റു സംഘടനകള്‍ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടാണ്. എന്നാല്‍, നമ്മുടെ ദൃഷ്ടി ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിലേക്ക് മാത്രമല്ല. മുഴുവന്‍ മനുഷ്യരെയുമാണ് നാം അഭിമുഖീകരിക്കുന്നത് (റൂദാദ് ജമാഅത്തെ ഇസ്‌ലാമി-ഒന്നാം ഭാഗത്തില്‍നിന്ന് സംഗ്രഹം).
ജമാഅത്തിന്റെ രൂപീകരണം മുതല്‍ ഇന്ത്യാ വിഭജനം വരെയുള്ള കാലഘട്ടത്തില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും പ്രബോധന പ്രചാരണങ്ങള്‍ നടത്തുന്നതിനുമാണ് സംഘടന ഊന്നല്‍ നല്‍കിയത്. സയ്യിദ് ഹാമിദ് ഹുസൈന്‍ എഴുതുന്നു: ''ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിത്തറകള്‍ ഭദ്രമാക്കുന്നതിനും പ്രസ്ഥാനത്തെ ഊര്‍ജസ്വലമാക്കുന്നതിനും വേണ്ടി ജമാഅത്ത് ഈ പ്രഥമഘട്ടത്തില്‍ രാജ്യനിവാസികളില്‍ ചിന്താപരമായ ഒരു വിപ്ലവത്തിന്റെ കാഹളം മുഴക്കി. ഭൗതികതയുടെയും പരലോകനിഷേധത്തിന്റെയും മതരാഹിത്യത്തിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ജീവിത വ്യവസ്ഥയുടെ ന്യൂനതകള്‍ എടുത്തുകാണിച്ചു. രാജ്യനിവാസികളെ പൊതുവിലും മുസ്‌ലിംകളെ പ്രത്യേകിച്ചും ദൈവത്തെ അനുസരിക്കാനും അവന് അടിമപ്പെടാനും ക്ഷണിച്ചു. ദൈവത്തിന്റെ അധീശത്വത്തെയും പാരത്രിക ജീവിതത്തിലെ കര്‍മഫലങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ജീവിത വ്യവസ്ഥയുടെ സംസ്ഥാപനത്തിലാണ് തങ്ങളുടെ ഐഹികവും പാരത്രികവുമായ വിജയസൗഭാഗ്യങ്ങള്‍ നിലനില്‍ക്കുന്നതെന്ന യാഥാര്‍ഥ്യത്തെപ്പറ്റി അവരെ ബോധവാന്മാരാക്കി'' (ഉദ്ധരണം: പ്രബോധനം - ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്). 
ബുദ്ധിജീവികളെയും സമൂഹത്തില്‍ സ്വാധീനമുള്ളവരെയും പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കുക എന്ന നയമാണ് തുടക്കത്തില്‍ ജമാഅത്ത് സ്വീകരിച്ചത്. സാധാരണക്കാരുടെ പ്രാധാന്യം ഒട്ടും കുറച്ചുകാണാതെത്തന്നെ ബുദ്ധിജീവികളുടെ സവിശേഷത വിശദീകരിച്ചുകൊണ്ട് മൗലാനാ മൗദൂദി പറഞ്ഞു: ''യഥാര്‍ഥത്തില്‍ ഒരു ബുദ്ധിജീവിയുടെ സംസ്‌കരണം ഒരായിരം സാധാരണക്കാരുടെ സംസ്‌കരണത്തേക്കാള്‍ അമൂല്യവും സുപ്രധാനവുമാണ്. വിദ്യാഭ്യാസപരവും വൈജ്ഞാനികവുമായ യോഗ്യതയുള്ളവര്‍ തങ്ങള്‍ക്ക് താല്‍പര്യവും പരിചയവുമുള്ള മേഖലകളെ അവഗണിച്ച് ഗ്രാമീണര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ ചുറ്റിക്കറങ്ങുന്നത് സ്വന്തം ജീവിതലക്ഷ്യത്തോട് അന്യായം ചെയ്യുകയായിരിക്കും'' (റൂദാദ് ജമാഅത്തെ ഇസ്‌ലാമി-ഒന്നാം ഭാഗം, പേജ്: 63). 
വിഭജനം ഒരു യാഥാര്‍ഥ്യമാകുമെന്നു വന്നപ്പോള്‍ മുസ്‌ലിംകളുടെ അധീനത്തില്‍ വരുന്ന രാഷ്ട്രം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചും ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിംകള്‍ എങ്ങനെ മുന്നോട്ടുപോകണമെന്നതിനെക്കുറിച്ചും മൗലാനാ മൗദൂദിക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഇന്ത്യയിലെ മൂന്ന് പ്രമുഖ കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി തന്റെ നിലപാടുകള്‍ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലെ മുസ്‌ലിംകള്‍ എന്തു ചെയ്യണമെന്ന് 1947-ല്‍ മദ്രാസില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം വിശദീകരിച്ചത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് അടിയന്തര സ്വഭാവത്തില്‍ നിര്‍വഹിക്കേണ്ട നാലിന പരിപാടി പ്രസ്തുത പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. അവ ഇങ്ങനെ സംഗ്രഹിക്കാം: 
1. മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയില്‍ ഇപ്പോള്‍ നടന്നുവരുന്ന സംഘര്‍ഷത്തിന് അറുതി വരുത്തുക. മുസ്‌ലിംകള്‍ ഇസ്‌ലാമിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനുപകരം സാമുദായിക താല്‍പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്റെ വീക്ഷണത്തില്‍ ശരിയല്ല. സംഘര്‍ഷം തുടരുന്നത് വിനാശകരവും വിഡ്ഢിത്തപൂര്‍ണവുമായ തെറ്റാണ്.
2. മുസ്‌ലിംകളില്‍ വ്യാപകമായി ഇസ്‌ലാമിക വിജ്ഞാനം പ്രചരിപ്പിക്കുക. അവരില്‍ ഇസ്‌ലാമിക പ്രബോധന വികാരം വളര്‍ത്തുക. അവരുടെ ധാര്‍മികവും സാമൂഹികവുമായ ജീവിതം അമുസ്‌ലിംകളില്‍പോലും മതിപ്പുളവാക്കുന്നവിധം സംസ്‌കരിച്ച് നന്നാക്കുക. 
3. ഈ രാജ്യത്തെ ധിഷണാശേഷിയെ പരമാവധി ഇസ്‌ലാമിക പ്രബോധനത്തില്‍ ഭാഗഭാക്കാക്കുക. ഇസ്‌ലാമിക പ്രസ്ഥാനത്തിന് ബുദ്ധിപരമായും കര്‍മപരമായും മികച്ച നേതൃത്വം നല്‍കാന്‍ യോഗ്യതയുള്ള ആളുകളെ നേതൃരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക. എങ്കില്‍ മാത്രമേ ഇസ്‌ലാമിക പ്രബോധനം ജനകീയമാകൂ.
4. ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ പഠിക്കുകയും അവയില്‍ എഴുതാനും പ്രസംഗിക്കാനും കഴിവുകളാര്‍ജിക്കുകയും ചെയ്യുക. ഈ ഭാഷകളില്‍ എത്രയും വേഗം ഇസ്‌ലാമിക സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുക. 
1948 ഏപ്രില്‍ 16-ന് മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ പ്രസ്ഥാന നായകന്റെ ഉപദേശനിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താനായിരുന്നു സംഘടനയുടെ ശ്രമം. സാമുദായികതക്കെതിരെ ജമാഅത്ത് നിലകൊണ്ടു. മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിക വിജ്ഞാനം പ്രചരിപ്പിക്കാനും അഭ്യസ്തവിദ്യരെ കൂടുതലായി ആകര്‍ഷിക്കാനും ആവശ്യമായ നയങ്ങള്‍ രൂപീകരിക്കപ്പെട്ടു. കുറഞ്ഞ കാലയളവിനുള്ളില്‍ ഉര്‍ദുവിനു പുറമെ മലയാളം, അസമീസ്, ഗുജറാത്തി, ബംഗാളി, മറാത്തി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ പ്രസിദ്ധീകരണാലയങ്ങള്‍ സ്ഥാപിതമായി. 
എന്നാല്‍, ഇന്ത്യയില്‍ ജമാഅത്തിന്റെ പ്രവര്‍ത്തനം സുഗമമായിരുന്നില്ല. മതേതര പാര്‍ട്ടികളില്‍നിന്നും മതപണ്ഡിതന്മാരില്‍നിന്നും ജമാഅത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. 1951-ലും 1952-ലും ജമാഅത്തിന്റെ രണ്ട് അഖിലേന്ത്യാ സമ്മേളനങ്ങള്‍ റാംപൂരില്‍ ചേര്‍ന്നതോടെ ജമാഅത്ത് കരുപ്പിടിച്ചുവരുന്നതായി ഗവണ്‍മെന്റിനും ബോധ്യമായി. അതോടെ ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് ശല്യങ്ങള്‍ തുടങ്ങുകയും ഉത്തരവാദപ്പെട്ട ചില നേതാക്കള്‍ കാരാഗൃഹത്തിലടക്കപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ ജോലികളില്‍നിന്ന് പല ജമാഅത്ത് പ്രവര്‍ത്തകരെയും പിരിച്ചുവിട്ടു.
ഇതോടെ ജമാഅത്ത് ഒരു പുതിയ ഘട്ടത്തെ അഭിമുഖീകരിക്കുകയായിരുന്നു. നാലിന പ്രവര്‍ത്തന പരിപാടിയില്‍ പുനഃപരിശോധന വേണ്ടിവന്നു. 1965-ല്‍ ജമാഅത്ത് അതിന്റെ ഭരണഘടന പുനഃപരിശോധനക്ക് വിധേയമാക്കി. പ്രവര്‍ത്തകരുടെ തര്‍ബിയത്ത്, സംഘടനാ കാര്യങ്ങള്‍, ദഅ്‌വത്ത്, മതവിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ ചതുര്‍വര്‍ഷ പരിപാടി തയാറാക്കി. ജമാഅത്തംഗങ്ങളുടെ വ്യക്തിപരവും ഈമാനികവുമായ സംസ്‌കരണത്തിനും ആഭ്യന്തരഭദ്രതക്കും ചിന്താപരമായ ഐക്യത്തിനും ദീനീപ്രവര്‍ത്തനങ്ങളിലുള്ള ഗതിവേഗം വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കപ്പെട്ടു. അമുസ്‌ലിംകളില്‍ ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളുടെ കൊള്ളരുതായ്മ സമൂഹത്തെ ബോധ്യപ്പെടുത്താനും പ്രത്യേകം ശ്രദ്ധ ചെലുത്തി. മതവിദ്യാഭ്യാസ രംഗത്ത് നിരവധി സ്ഥാപനങ്ങള്‍ തുടങ്ങാനും പുതിയ സിലബസും പാഠപുസ്തകങ്ങളും നടപ്പാക്കാനും ശ്രമിച്ചു. ഇതോടെ മുസ്‌ലിം സമുദായത്തിനകത്ത് ജമാഅത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാര്‍വത്രികമായ അംഗീകാരം ലഭിച്ചു. ഉര്‍ദു ഭാഷാ പഠനത്തിന് ജമാഅത്ത് തയാറാക്കിയ 'ഹമാരി കിതാബ്' എന്ന സീരീസിന് വന്‍ പ്രചാരം സിദ്ധിച്ചു 
1964-ല്‍ അശോക് മേത്തയുടെ അധ്യക്ഷതയില്‍ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച ദേശീയോദ്ഗ്രഥന കമ്മിറ്റിയുടെ മുമ്പാകെ ജമാഅത്ത് അതിന്റെ വീക്ഷണം വ്യക്തമാക്കുകയുണ്ടായി. മുസ്‌ലിംകളുടെ വ്യക്തിനിയമത്തില്‍ കൈകടത്തുന്നത് ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അത്തരം ശ്രമങ്ങളില്‍നിന്ന് ഗവണ്‍മെന്റ് പിന്തിരിയണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതിനായി രംഗത്തുവരാന്‍ മുസ്‌ലിം സംഘടനകളോടും രാഷ്ട്രീയ നേതാക്കളോടും ആഹ്വാനം ചെയ്തു. നിലവിലുള്ള മുഹമ്മദന്‍ ലോയില്‍ ഖുര്‍ആനിനും സുന്നത്തിനും നിരക്കാത്ത നിയമങ്ങളുണ്ടെന്നും അവ ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍ അത് നിര്‍വഹിക്കേണ്ടത് ഗവണ്‍മെന്റല്ല, മതപണ്ഡിതന്മാരാണ്. മതപണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന ഭേദഗതിക്ക് നിയമരൂപം നല്‍കേണ്ടത് പാര്‍ലമെന്റാണ്- ഇതായിരുന്നു ജമാഅത്തിന്റെ നിലപാട് (സയ്യിദ് ഹാമിദ് ഹുസൈന്‍ തയാറാക്കിയ ജമാഅത്തിന്റെ മുപ്പതു വര്‍ഷത്തെ -1948-'71 വരെ- റിപ്പോര്‍ട്ടില്‍നിന്ന്). ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിം സംഘടനകളുടെ ഐക്യവേദി രൂപീകരിക്കാനും പൊതു പ്രശ്‌നങ്ങള്‍ ഒന്നിച്ചു നേരിടാനും ജമാഅത്ത് ശ്രമിച്ചു.
ജമാഅത്തിന്റെ ദീര്‍ഘസാരഥ്യം വഹിച്ച മൗലാനാ സിറാജുല്‍ ഹസന്‍ പ്രസ്ഥാനവ്യാപനം ഉദ്ദേശിച്ച് ചടുലമായ പല പദ്ധതികള്‍ക്കും രൂപം നല്‍കുകയുണ്ടായി. സഹോദ സമുദായാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഊര്‍ജിതമാക്കാനും മതാധ്യക്ഷന്മാരുമായി ഊഷ്മള ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ബുദ്ധിജീവികളെയും സാംസ്‌കാരിക നായകരെയും ഉള്‍പ്പെടുത്തി എഫ്.ഡി.സി.എ (ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി) സ്ഥാപിതമായി. ജസ്റ്റിസ് താര്‍ക്കുണ്ഡെ ആയിരുന്നു പ്രഥമ അധ്യക്ഷന്‍. പിന്നീട് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരായിരുന്നു മരണം വരെയും പ്രസ്തുത പദവിയില്‍. ബാബരി മസ്ജിദ് ധ്വംസന കാലത്തും സിറാജുല്‍ ഹസന്‍ സാഹിബ് തന്നെയായിരുന്നു ജമാഅത്തിന്റെ അമരത്ത്. വനിതകള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും ഇക്കാലത്ത് സജീവമായി. 
തുടക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ സ്ത്രീകളും പുരുഷന്മാരും യുവാക്കളും വിദ്യാര്‍ഥികളുമെല്ലാം ഒരേ ഘടനയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സംഘടന വികസിക്കുന്നതിനനുസരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകം സംവിധാനങ്ങള്‍ വേണ്ടിവന്നു. വിദ്യാര്‍ഥി-യുവജനങ്ങളില്‍ ഇസ്‌ലാമിക സന്ദേശമെത്തിക്കുക, മുസ്‌ലിം വിദ്യാര്‍ഥി-യുവജനങ്ങളെ ആദര്‍ശബോധമുള്ളവരാക്കുക, വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതിക്കെതിരെ ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്ത് എസ്.ഐ.ഒ (സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ) രൂപീകരിച്ചു. 1982 ഒക്‌ടോബറിലാണ് എസ്.ഐ.ഒ രൂപവത്കരിക്കപ്പെട്ടത്. പിന്നീട് യുവജനങ്ങളെ സംഘടിപ്പിക്കുന്നതിന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരളത്തില്‍ നിലവില്‍വന്നു. സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട സോളിഡാരിറ്റി ഇതിനകം അതിന്റെ ഇടം അടയാളപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥിനികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വേദിയാണ് ജി.ഐ.ഒ (ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍).
സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ജീവിതത്തിന്റെ ബഹുമുഖ മേഖലകളെ സ്വന്തം പ്രവര്‍ത്തനവൃത്തത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രസ്ഥാനം ജനകീയമായതോടെ ചില പ്രത്യേക മേഖലകളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നു. പ്രസ്ഥാനത്തിന്റെ പൊതുജനാടിത്തറ ഭദ്രമാക്കാനും അത് ലക്ഷ്യമിടുന്ന സാമൂഹിക പരിവര്‍ത്തനം സാധ്യമാക്കാനും അതനിവാര്യമായിരുന്നു. ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി ജമാഅത്ത് നേതൃത്വം ഏറ്റെടുക്കുന്നതോടെയാണ് ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാകുന്നത്. ജനസേവന രംഗത്തുള്ള വന്‍ സംരംഭങ്ങളും രാഷ്ട്രീയ ചുവടുവെപ്പുകളുമാണ് ഇവിടെ സവിശേഷമായി സൂചിപ്പിക്കുന്നത്. 
സജീവ രാഷ്ട്രീയത്തില്‍ ഇടപെടാതെ അകലം പാലിക്കുകയെന്നതായിരുന്നു തുടക്കത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നയം. ജമാഅത്തിന്റെ ജനകീയാടിത്തറ വിപുലമല്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുന്നത് ആത്മഹത്യാപരമാകുമെന്ന് സംഘടന നിരീക്ഷിച്ചു.  എന്നാല്‍ 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും സംഘടന നിരോധിക്കപ്പെടുകയും പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങ് വീഴുകയും ചെയ്തപ്പോള്‍, ജനാധിപത്യാവകാശങ്ങള്‍ പുനഃസ്ഥാപിച്ച് പ്രവര്‍ത്തന സ്വാതന്ത്ര്യം വീണ്ടെടുക്കേണ്ടത് അനിവാര്യതയായി. 1977-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിതര കക്ഷികളെ ജമാഅത്ത് പിന്തുണച്ചു. പിന്നീട് രാജ്യത്ത് സാമൂഹികനീതി നടപ്പാക്കുന്നതിനും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ഫാഷിസ്റ്റ് ശക്തികളെ തടയുന്നതിനും സഹായകമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. തെരഞ്ഞെടുപ്പുവേളകളില്‍ ഇതിനു സഹായകമായ നിലപാടെടുക്കാന്‍ ജമാഅത്ത് ശൂറ തീരുമാനിച്ചു. 1983-ല്‍ നടത്തിയ ഒരഭിമുഖത്തില്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി തെരഞ്ഞെടുപ്പു പങ്കാളിത്തത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ''പാശ്ചാത്യ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ സംവിധാനം അതിന്റെ എല്ലാ വശങ്ങളോടും കൂടി സ്വീകാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍, ഏകാധിപത്യപരവും സമഗ്രാധിപത്യപരവുമായ സംവിധാനങ്ങളെ അപേക്ഷിച്ച് ഈ സംവിധാനം എത്രയോ മെച്ചപ്പെട്ടതും മുന്‍ഗണനാര്‍ഹവുമാകുന്നു. അതിനാല്‍ ഇലക്ഷനില്‍നിന്നുള്ള ജമാഅത്തിന്റെ വിട്ടുനില്‍പ് നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടുള്ള അനിഷ്ടവുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. ഇലക്ഷനില്‍ പങ്കെടുക്കാന്‍ അനുയോജ്യമായ പരിതഃസ്ഥിതിയല്ല ഇപ്പോള്‍ ഉള്ളത് എന്നാണ്. അനുയോജ്യമായ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്ന് ഞങ്ങളുടെ പോളിസി പ്രോഗ്രാമിലുണ്ട്'' (പ്രബോധനം അമ്പതാം വാര്‍ഷിക പതിപ്പ് പേജ്: 183).
അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ സര്‍ക്കാര്‍ വീഴുകയും ജനതാ പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു. ജമാഅത്തിന് പ്രവര്‍ത്തനസ്വാതന്ത്ര്യം തിരിച്ചുകിട്ടി. എന്നാല്‍ ആഭ്യന്തരഛിദ്രത കാരണം ജനതാ സര്‍ക്കാര്‍ തകര്‍ന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ 'മൂല്യാധിഷ്ഠിത രാഷ്ട്രീയം' എന്ന ഒരു പുതിയ പരീക്ഷണമാണ് സംഘടന മുന്നോട്ടുവെച്ചത്. താരതമ്യേന ധാര്‍മിക മൂല്യങ്ങള്‍ പാലിക്കുന്നവരും അവര്‍ഗീയരും അഴിമതിയില്ലാത്തവരുമായ സ്ഥാനാര്‍ഥികളെ മതേതര പാര്‍ട്ടികളില്‍നിന്ന് പിന്തുണക്കുകയെന്നതായിരുന്നു പ്രസ്തുത നയം. എന്നാല്‍ പാര്‍ട്ടിവിപ്പുകള്‍ ലംഘിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ ഈ നയവും വേണ്ടത്ര വിജയകരമായിരുന്നില്ല. മാത്രമല്ല, മൂല്യബോധമുള്ളവരെ കണ്ടെത്തുകയെന്നതും പ്രയാസകരമായ അഭ്യാസമായിരുന്നു. എന്നാല്‍ പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ, മാറിയ സാഹചര്യത്തില്‍ പുതിയൊരു നയം ജമാഅത്ത് ആവിഷ്‌കരിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തില്‍ വരാതിരിക്കാനുള്ള അടവുകളും തന്ത്രങ്ങളും സ്വീകരിക്കുക, എന്‍.ഡി.എക്കെതിരെ മതേതര സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക, മതേതര വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക, എന്‍.ഡി.എ അപ്രസക്തമാകുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസിതര മതേതര കക്ഷികള്‍ക്കും ഇടതുപക്ഷത്തിനും മുന്‍തൂക്കം നല്‍കുന്ന സമീപനം സ്വീകരിക്കുക, ന്യൂനപക്ഷ സമൂഹങ്ങളുടെ പ്രശ്‌നങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും പാര്‍ലമെന്റ് പ്രാതിനിധ്യം വര്‍ധിപ്പിക്കുക -ഇതായിരുന്നു ആ നയത്തിന്റെ കാതല്‍ (പ്രബോധനം 2009 ഏപ്രില്‍ 11).
എന്നാല്‍, അതത് സന്ദര്‍ഭങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള ഈ നിലപാടുകള്‍ പലപ്പോഴും പരസ്പരവിരുദ്ധവും പ്രാവര്‍ത്തികമാക്കാന്‍ പ്രയാസകരവുമായി അനുഭവപ്പെട്ടു. പ്രസ്ഥാനത്തിന്റെ നിലപാടുകളോട് യോജിക്കുന്ന ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോം രൂപപ്പെടുന്നതിലൂടെ മാത്രമേ ഈ സങ്കീര്‍ണത അവസാനിക്കുമായിരുന്നുള്ളൂ. അതുകൊണ്ടാണ്  പ്രസ്ഥാനം അത്തരം നീക്കങ്ങള്‍ക്ക് മുന്‍കൈയെടുത്തത്.
 

Comments

Other Post