Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

എസ്.ഐ.ഒ ഇടപെടലുകള്‍       ചരിത്രവും സ്വാധീനവും

ഒ.കെ ഫാരിസ്

ദൈവിക മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചത്തില്‍ സമൂഹത്തിന്റെ പുനര്‍നിര്‍മാണം സാധിക്കുന്നതിന് വിദ്യാര്‍ഥി-യുവജനങ്ങളെ സജ്ജരാക്കുക എന്ന ദൗത്യം ധഎസ്.ഐ.ഒ ഭരണഘടന ഖണ്ഡിക-4(മ)പ നിര്‍ണയിച്ച് 1403 മുഹര്‍റം ഒന്നിന് (1982 ഒക്‌ടോബര്‍ 19) സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, അഥവാ എസ്.ഐ.ഒ നിലവില്‍വന്നു. വിദ്യാര്‍ഥി- യുവജനങ്ങള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക, നന്മ പ്രോത്സാഹിപ്പിക്കുക- തിന്മ വിരോധിക്കുക, ഇസ്‌ലാമികമായ അറിവും ബോധവും നല്‍കി വളര്‍ത്തുക, ഖുര്‍ആനും സുന്നത്തുമനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ സന്നദ്ധരാക്കുക, വിദ്യാഭ്യാസ വ്യവസ്ഥയിലും സ്ഥാപനങ്ങളിലും പഠന-ധാര്‍മിക അന്തരീക്ഷം സൃഷ്ടിക്കുക, സംഘടനയുമായി ബന്ധപ്പെടുന്നവരുടെ സര്‍വതോമുഖമായ വളര്‍ച്ചക്ക് സംവിധാനമൊരുക്കുക തുടങ്ങിയവയാണ് എസ്.ഐ.ഒ ഭരണഘടന അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളായി പ്രഖ്യാപിക്കുന്നത് ധഭരണഘടന ഖണ്ഡിക-4 (b)].
ജമാഅത്തെ ഇസ്‌ലാമി അതിന്റെ തുടക്ക കാലഘട്ടത്തില്‍തന്നെ സുശിക്ഷിതരായ ഒരു വിദ്യാര്‍ഥി വിഭാഗത്തെ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പ് 1946-ല്‍ പഞ്ചാബിലെ പഠാന്‍കോട്ടിനടുത്ത് ദാറുല്‍ ഇസ്‌ലാമില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു കര്‍മവേദി രൂപീകരിക്കാന്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചെങ്കിലും, സംഘര്‍ഷഭരിതമായ സാഹചര്യം കാരണം തുടര്‍നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിച്ചില്ല. വിഭജനാനന്തരം പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി വിദ്യാര്‍ഥികള്‍ക്കായി 'ജംഇയ്യത്തുത്ത്വലബ' എന്ന സംഘടന രൂപീകരിച്ചു. 
എന്നാല്‍, ഇന്ത്യയില്‍ അത്തരത്തില്‍ ഒരു നീക്കം നടന്നില്ല. മറിച്ച്, പലേടങ്ങളിലായി ചെറു സംഘങ്ങള്‍ ഉടലെടുത്തു. 1956-ല്‍ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ സ്ഥാപിതമായ എസ്.ഐ.ഒയാണ് ഈ രംഗത്തെ പ്രഥമ കാല്‍വെപ്പ്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ ചതുര്‍വര്‍ഷ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥി ഹല്‍ഖകള്‍ക്ക് രൂപം നല്‍കി. 1967-ല്‍ ഹൈദരാബാദില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി ദേശീയ സമ്മേളനത്തില്‍നിന്ന് കര്‍മാവേശമുള്‍ക്കൊണ്ട് രാജ്യവ്യാപകമായി വിദ്യാര്‍ഥി ഹല്‍ഖകള്‍ക്കും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും തുടക്കം കുറിക്കപ്പെട്ടു. വിദ്യാര്‍ഥി-യുവജന ലോകത്ത് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച എഴുപതുകളില്‍ ആവേശപ്രചോദിതരായി വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ രൂപീകരിക്കപ്പെട്ടു. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് യൂനിയന്‍ ആന്ധ്ര (എസ്.ഐ.യു), സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സര്‍ക്ക്ള്‍ തമിഴ്‌നാട് (എസ്.ഐ.സി),  മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പശ്ചിമ ബംഗാള്‍, മുസ്‌ലിം സ്റ്റുഡന്റ്‌സ് ആന്റ് യൂത്ത് ഓര്‍ഗനൈസേഷന്‍ ഉത്തര്‍ പ്രദേശ്, ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ് കേരളം(ഐ.എസ്.എല്‍), ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ആരംഭിച്ച 'ഹല്‍ഖയെ ത്വലബയെ ഇസ്‌ലാമി' തുടങ്ങിയവ അവയില്‍ ചിലതാണ്. അടിയന്തരാവസ്ഥക്കു ശേഷം 1977-ല്‍ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ അവിടത്തെ വിദ്യാര്‍ഥി നേതാവായ മുഹമ്മദ് അഹ്മദുല്ല സിദ്ദീഖിയുടെ നേതൃത്വത്തില്‍ 'സിമി' രൂപീകരിക്കപ്പെട്ടു. 
എല്ലാ വിദ്യാര്‍ഥി സംഘടനകളെയും ഏകോപിപ്പിച്ച് ദേശീയതലത്തില്‍ ഒരൊറ്റ സംഘടന രൂപീകരിക്കണമെന്നായിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ വ്യത്യസ്ത സംഘടനകള്‍ക്കിടയില്‍ പരസ്പര സഹകരണവും ധാരണകളും സൃഷ്ടിക്കാന്‍ ജമാഅത്ത് നേതൃത്വം ശ്രദ്ധ പുലര്‍ത്തിയിരുന്നു. 1980-ല്‍ എല്ലാ സംഘടനകളെയും ജമാഅത്ത് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്തു. മര്‍ഹൂം മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഓരോ മേഖലയിലും പരസ്പര ധാരണയോടെ മുന്നോട്ടുപോകാന്‍ തീരുമാനമെടുത്തു.
എല്ലാ സംഘടനകളെയും യോജിപ്പിച്ച് ദേശീയതലത്തില്‍ ഒരു ഏക വിദ്യാര്‍ഥി സംഘടന രൂപവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ 1981 ഫെബ്രുവരിയില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍നോട്ടത്തില്‍ ഒരു വിദ്യാര്‍ഥി സംഘടന എന്ന ആശയം പൊതുവില്‍ അംഗീകരിക്കപ്പെട്ടു. പക്ഷേ, ജമാഅത്തിന്റെ പരിപൂര്‍ണ നിയന്ത്രണം എന്ന ആശയത്തോട് സിമി വിയോജിച്ചു. 1982 ഒക്‌ടോബര്‍ 19-ന് സിമി ഒഴികെയുള്ള പല ഇസ്ലാമിക വിദ്യാര്‍ഥി സംഘടനകളെയും ലയിപ്പിച്ച് ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ എസ്.ഐ.ഒ നിലവില്‍വന്നു.
1983 ഫെബ്രുവരിയില്‍  ജമാഅത്തെ ഇസ്‌ലാമിയുടെ ദഅ്‌വത്ത് നഗര്‍ സമ്മേളനം കാരണം എസ്.ഐ.ഒ കേരള ഘടക രൂപീകരണം വൈകി. 1983 ജൂലൈ മാസത്തിലാണ് ആദ്യ സംസ്ഥാന സമിതി നിലവില്‍വന്നത്. വടക്കന്‍ കേരളത്തില്‍ ചിലയിടങ്ങളില്‍ ഉടലെടുത്ത വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 'നാം മനുഷ്യര്‍ നാമൊന്ന്' എന്ന പേരില്‍ കാമ്പയിന്‍ നടത്തുകയും അതിന്റെ സമാപനമായി ആയിരങ്ങളെ അണിനിരത്തി കോഴിക്കോട് നഗരത്തില്‍ വിദ്യാര്‍ഥി -യുവജന റാലി സംഘടിപ്പിക്കുകയും ചെയ്തു. 1985-ല്‍ പ്രതീക്ഷകള്‍ മറികടന്ന് ഒഴുകിയെത്തിയ വിദ്യാര്‍ഥി-യുവജനങ്ങളെ സാക്ഷിയാക്കി ഫറോക്കില്‍ ഒന്നാം സംസ്ഥാന സമ്മേളനം നടന്നു. ഇരുപത്തിയാറായിരം പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനത്തോടെ ഒന്നാം മീഖാത്തില്‍ തന്നെ എസ്.ഐ.ഒ കേരള മണ്ണില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 1986 ഡിസംബറില്‍ ബാംഗ്ലൂരില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തോടെ എസ്.ഐ.ഒ ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു.
1986 ആഗസ്റ്റ് 25-ന് എസ്.ഐ.ഒവിന്റെ മുഖപത്രമായ യുവസരണിക്ക് തുടക്കം കുറിച്ചു. ഇസ്‌ലാമിക ഗാനങ്ങളുടെ ഓഡിയോ കാസറ്റുകള്‍ ഇറക്കിത്തുടങ്ങിയതും ആ കാലത്താണ്. പില്‍ക്കാലത്ത് മൂസാ നബിയും ഫിര്‍ഔനും, ആദം, കുട്ടികള്‍ക്കുള്ള അല്ലാഹുവിന്റെ പാഠങ്ങള്‍ തുടങ്ങി ധാരാളം കാസറ്റുകളും സീഡികളും 'സര്‍ഗസംഗമ'ത്തിന്റെയും 'സംവേദനവേദി'യുടെയും പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സേവന മേഖലയില്‍ പ്രവര്‍ത്തന സൗകര്യത്തിന് സോഷ്യല്‍ സര്‍വീസ് സ്‌കീം രൂപീകരിച്ചു. 
1988-'89 കാലയളവില്‍ നടന്ന ജില്ലാ സമ്മേളനങ്ങള്‍ കേരളത്തിലെ എസ്.ഐ.ഒവിന്റെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തി. എസ്.ഐ.ഒവിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് സമ്മേളനങ്ങള്‍.  പ്രവര്‍ത്തകരെ തര്‍ബിയത്തും ആത്മവിശ്വാസവും ആവേശവും നല്‍കി വളര്‍ത്താനും പുതിയ വിദ്യാര്‍ഥികളെ സംഘടനയിലേക്കടുപ്പിക്കാനും സമൂഹത്തിനു മുന്നില്‍ പുതിയ ആശയങ്ങളും ചിന്തകളും ചോദ്യങ്ങളും സമര്‍പ്പിക്കാനും സമ്മേളനങ്ങള്‍ക്ക് സാധിച്ചു.
ആ കാലത്തുതന്നെ കാമ്പസുകളിലെ പ്രവര്‍ത്തനങ്ങളിലേക്കും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കും എസ്.ഐ.ഒ ഇറങ്ങിത്തുടങ്ങിയെങ്കിലും ഒരു യുവജന പ്രസ്ഥാനം എന്ന പ്രതിഛായ തന്നെയാണ് അന്നുണ്ടായിരുന്നത്. 1990-ലാണ് എസ്.ഐ.ഒ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. അഖിലേന്ത്യാ തലത്തില്‍ തര്‍ബിയത്തിന് മുഖ്യ ഊന്നല്‍ നല്‍കിയ കാലയളവായതിനാല്‍ തന്നെ സമ്മേളനവും തര്‍ബിയത്തിനും സംഘടനാ വികാസത്തിനും മുഖ്യ പരിഗണന നല്‍കി. 1995-ല്‍ 'മതം മത ജീര്‍ണതക്കെതിരെ' എന്ന ആഹ്വാനവുമായി നടത്തപ്പെട്ട ജില്ലാ സമ്മേളനങ്ങള്‍ സമുദായത്തിനകത്തും പുറത്തും ശ്രദ്ധയാകര്‍ഷിച്ചു.
മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട്, കണ്ണൂരിലെ ആണവ നിലയം, ബാബരി മസ്ജിദ്, വിലക്കയറ്റം, സാമ്രാജ്യത്വം, ശരീഅത്ത് വിവാദം തുടങ്ങി കാലികപ്രസക്തമായ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ എസ്.ഐ.ഒ ഇടപെട്ടുകൊണ്ടിരുന്നു. മതത്തെ പഴഞ്ചനായി കണ്ടിരുന്ന കാലത്ത് കാമ്പസുകളിലും പൊതുസമൂഹത്തിലും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ ഇസ്‌ലാമിക പ്രതിനിധാനം നിര്‍വഹിക്കാന്‍ എസ്.ഐ.ഒവിന്് സാധിച്ചു. 
ഭഗത്പൂര്‍ കലാപത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടപ്പോള്‍ കേവലം സാമുദായിക പ്രശ്‌നമെന്നതിലുപരി ഭരണകൂട ഭീകരതക്കും മനുഷ്യാവകാശലംഘനത്തിനുമെതിരെ എസ്.ഐ.ഒ സംസ്ഥാന സമിതിയംഗങ്ങള്‍ മാത്രം അണിനിരന്ന് കോഴിക്കോട്ട് പ്രകടനം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ മുസ്‌ലിം സമൂഹം ഒരുതരം അരക്ഷിതാവസ്ഥയിലായിരുന്നു. പ്രതിഷേധിക്കാന്‍ പോലും ഭയന്നുപോയ ഒരു ഘട്ടം. ശക്തവും സംഘടിതവുമായ പ്രതിഷേധ സംഗമമായിരുന്നു എസ്.ഐ.ഒ കേരള സോണിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്നത്. അതിനു ശേഷമാണ് പല സംഘടനകളും രംഗത്തുവന്നത്.
തൃശൂരില്‍ സംഘടിപ്പിക്കപ്പെട്ട ഹിന്ദു-മുസ്‌ലിം ഡയലോഗ് കേരളത്തെ, വിശേഷിച്ച് മതസമൂഹങ്ങളെ സംവാദത്തിന്റെ ബൗദ്ധികതലത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ മികച്ച രീതിയില്‍ മതസംവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ എസ്.ഐ.ഒവിനെ ഐക്യരാഷ്ട്ര സംഘടനക്കു കീഴിലുള്ള യുനെസ്‌കോ 2011-ല്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് സംഘടനകളില്‍ ഏക ഇസ്‌ലാമിക സംഘടന എസ്.ഐ.ഒ ആയിരുന്നു. 2015-ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയുമായി സഹകരിച്ച് 'സമുദായ സൗഹാര്‍ദവും രാഷ്ട്രനിര്‍ണവും' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കേന്ദ്ര സമിതി  നടത്തിയ സമ്മേളനമടക്കം ഡയലോഗിന്റെ പുതിയ സാധ്യതകള്‍ തുറക്കുന്നതായിരുന്നു.
ആദ്യ പത്തു വര്‍ഷങ്ങള്‍ യുവജനകേന്ദ്രിതമായി മുന്നോട്ടുപോയെങ്കിലും പിന്നീട് പതിയെ വിദ്യാര്‍ഥി പ്രസ്ഥാനം എന്ന രീതിയിലേക്ക് പ്രവര്‍ത്തനം മാറിക്കൊണ്ടിരുന്നു. അഖിലേന്ത്യാ തലത്തില്‍തന്നെ വിദ്യാര്‍ഥിവത്കരണത്തിന് തുടക്കം കുറിച്ചതും പ്രായപരിധി രണ്ട് ഘട്ടങ്ങളിലായി 35-ല്‍നിന്ന് 30-ലേക്ക് കുറച്ച് നിശ്ചയിച്ചതും അതിന് കൂടുതല്‍ ആക്കം കൂട്ടി. 1993 -1995 മീഖാത്തിന്റെ അവസാനത്തില്‍ എസ്.ഐ.ഒ മൂന്ന് പ്രമേയങ്ങള്‍ പാസാക്കി ജമാഅത്തിന് സമര്‍പ്പിച്ചതില്‍ ഒന്ന് ഒരു യുവജന സംഘടന രൂപീകരിക്കുക എന്നതായിരുന്നു. 1995-1997 മീഖാത്ത് വിദ്യാര്‍ഥിവത്കരണത്തിന് പ്രായോഗിക നടപടികള്‍ സ്വീകരിച്ച കാലയളവാണ്. സാമൂഹിക പ്രശ്‌നങ്ങളില്‍നിന്നും പ്രചാരണാത്മക പരിപാടികളില്‍നിന്നും വിട്ടുനിന്നു. മീഖാത്തിന്റെ രണ്ടാം പകുതിയില്‍ ജില്ലാ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. 1997-'99 മീഖാത്തും വിദ്യാര്‍ഥിവത്കരണത്തില്‍ ശ്രദ്ധ പതിപ്പിച്ചു.
1999 മുതല്‍ മീഖാത്ത് ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയാക്കി നിശ്ചയിച്ചു. 'പുതിയ മനുഷ്യനിലേക്ക്' എന്ന പ്രമേയത്തില്‍ 2000 ജനുവരിയില്‍ കായംകുളത്ത് നടന്ന ദക്ഷിണ കേരള സമ്മേളനം പ്രമുഖ ജര്‍മന്‍ ചിന്തകന്‍ മുറാദ് ഹോഫ്മന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മീഖാത്തിന്റെ അവസാനത്തില്‍ 'സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന്' എന്ന തലക്കെട്ടില്‍ ആഗോളവത്കരണത്തിനും വര്‍ഗീയതക്കും അന്ധവിശ്വാസത്തിനുമെതിരെയുള്ള ജനമുന്നേറ്റ പരിപാടികള്‍ നടന്നു. 
പ്രവര്‍ത്തനങ്ങള്‍ പ്രചാരണപരമായി ഒതുങ്ങിപ്പോകുന്നുവോ എന്ന ആശങ്ക ഉടലെടുത്തതോടെ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിച്ചു. അതിന്റെ ഭാഗമായി നിസാമുല്‍ ഉസ്‌റ, ദ്വൈമാസ ദഅ്‌വാ സംഗമം തുടങ്ങിയവ കേന്ദ്രതലത്തില്‍ ആവിഷ്‌കരിക്കപ്പെട്ടു. പ്രസ്ഥാനത്തിന് ഏറെ സംഭാവനകളര്‍പ്പിച്ച ദീനീമദാരിസ് വിദ്യാര്‍ഥികളുടെ ഒത്തുചേരലായ ദീനീ മദാരിസ് സമ്മേളനം ആദ്യമായി നടന്നത് ഈ മീഖാത്തിലാണ്. പ്രവര്‍ത്തകരുടെ എക്കാലത്തെയും സ്വപ്‌നമായ സ്വന്തമായ ആസ്ഥാനം പണി തുടങ്ങിയതും പൂര്‍ത്തീകരിച്ചതും ഈ കാലയളവിലാണ്. മെമ്പര്‍മാരുടെയും പ്രവര്‍ത്തകരുടെയും വരുമാനത്തിന്റെ നിശ്ചിത വിഹിതം വാങ്ങിയാണ് ഓഫീസ് പണിതത്
2001 ഏപ്രില്‍ 18,19 തീയതികളില്‍ പെരുമ്പിലാവ് അന്‍സാറില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തക സംഗമത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് കീഴില്‍ ഒരു യുവജന പ്രസ്ഥാനം രൂപീകരിക്കുമെന്ന് അന്നത്തെ അമീര്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് പ്രഖ്യാപനം നടത്തി. അതുകൊണ്ടുതന്നെ പത്താം മീഖാത്ത് യുവജനപ്രസ്ഥാനാനന്തരമുള്ള എസ്.ഐ.ഒ വിനുള്ള മണ്ണൊരുക്കമായിരുന്നു. 2003 മെയ് 13-ന് കേരളത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സ്ഥാപിതമായപ്പോള്‍ എസ്.ഐ.ഒ സമ്പൂര്‍ണ വിദ്യാര്‍ഥി പ്രസ്ഥാനമായി മാറി.
2003-2004 മീഖാത്ത് മുതല്‍ എസ്.ഐ.ഒ പൂര്‍ണാര്‍ഥത്തില്‍ വിദ്യാര്‍ഥിവത്കരണം നടപ്പാക്കി. മുന്‍ മീഖാത്തുകള്‍ പാത ഒരുക്കിവെച്ചതിന്റെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രായപരിധി അവസാനിക്കാതെ തന്നെ വിദ്യാര്‍ഥി അല്ല എന്ന കാരണത്താല്‍ നേതൃതലത്തിലുള്ളവരടക്കം സോളിഡാരിറ്റിയിലേക്ക് ചേക്കേറിയത് തുടക്കത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, സോളിഡാരിറ്റിക്കു ശേഷം എസ്.ഐ.ഒവിന് വിദ്യാര്‍ഥി- വിദ്യാഭ്യാസ- അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിച്ചു. 2003 മുതല്‍ 2016 വരെയുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അത് ബോധ്യമാകും. സ്‌കൂള്‍-കോളേജ് ഇലക്ഷനുകള്‍, യൂനിവേഴ്‌സിറ്റി മാര്‍ച്ചുകള്‍, വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നം, ഫീസ് വര്‍ധന, റിസള്‍ട്ട് വൈകല്‍ തുടങ്ങിയ വിഷയങ്ങളില്‍ നടന്ന സമര പരിപാടികള്‍, അക്കാദമിക ചര്‍ച്ചകള്‍, സിലബസ്, പാഠപുസ്തകം തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചകള്‍, വിദ്യാഭ്യാസരംഗത്തെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാറുകള്‍ക്ക് മുമ്പാകെയും യൂനിവേഴ്‌സിറ്റികളിലും പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കലും ആവശ്യങ്ങള്‍ ഉന്നയിക്കലും തുടങ്ങി ധാരാളം ഇടപെടലുകള്‍.
കേരളത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ മലബാര്‍ അവഗണന നേരിടുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ടുകള്‍ സഹിതം 'മലബാറെന്താ കേരളത്തിലല്ലേ' എന്ന പേരില്‍ സമര പരമ്പരകള്‍ എസ്.ഐ.ഒ നടത്തിയതിനു ശേഷമാണ് മലബാര്‍ വിവേചനം ഒരു രാഷ്ട്രീയ വിഷയമായി മാറുന്നതും വിവിധ സംഘടനകള്‍ അതേറ്റെടുക്കുന്നതും അധികാരികള്‍ മലബാര്‍ പാക്കേജടക്കം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാകുന്നതും. കേരളത്തിനായി അനുവദിച്ച ഇഫ്‌ളു കാമ്പസ്, അലീഗഢ് ഓഫ് കാമ്പസ്, ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള തുടങ്ങിയവയുമായി ബന്ധപ്പെട്ട ധാരാളം സമരങ്ങള്‍ നടന്നു. 
സേവനരംഗത്തും എസ്.ഐ.ഒ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഒ കൈത്താങ്ങായി. ആദിവാസികളിലും തീരപ്രദേശങ്ങളിലും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പഠനോപകരണങ്ങളുമായി കടന്നുചെന്നു. പുതിയ ബാച്ചുകളനുവദിച്ചിട്ടും ക്ലാസ് മുറിയില്ലെന്ന കാരണത്താല്‍ പ്രയാസമനുഭവിച്ച സ്‌കൂളുകള്‍ക്ക് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ കായികാധ്വാനം നല്‍കി കെട്ടിടം പണിതുകൊടുത്തത് തുല്യതയില്ലാത്ത സേവന മാതൃകയായി.
എസ്.ഐ.ഒ ഓരോ വര്‍ഷവും വേനലവധിക്കാലത്ത് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കായി ടീന്‍സ് മീറ്റുകളും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ഹയര്‍ സെക്കന്ററി മീറ്റുകളും നടത്തിവരുന്നു. എട്ടാം ക്ലാസ് മുതല്‍ പ്ലസ് 2 വരെയുള്ള ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കായി 'കോമ്പസ്' എന്ന പേരില്‍ ഏഴ് വര്‍ഷമായി ക്യാമ്പുകള്‍ നടത്തിവരുന്നു. കാമ്പസ് വിദ്യാര്‍ഥികള്‍ക്ക് കാമ്പസ് ഓറിയന്റേഷന്‍ ക്യാമ്പുകളും നടന്നുവരുന്നു. ഇതിനു പുറമെ എല്ലാ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുന്ന ദഅ്‌വത്ത്, തര്‍ബിയത്ത്, കല, പി.ആര്‍, സംഘാടനം, ദീനീപഠനങ്ങള്‍, മീഡിയ, നിയമം, കരിയര്‍ തുടങ്ങി പല മേഖലകളിലും ക്യാമ്പുകള്‍ നടന്നുവരുന്നു. കൂടാതെ യൂനിറ്റ് യോഗങ്ങളും മെമ്പേഴ്‌സ് മീറ്റുകളും പ്രവര്‍ത്തകരുടെയും മെമ്പര്‍മാരുടെയും സര്‍വതോമുഖ വളര്‍ച്ചക്ക് സഹായകമാകുന്നു.
2005-ല്‍ 'മതവര്‍ഗീയതക്കും മതേതര ഭീകരതക്കുമെതിരെ' എന്ന തലക്കെട്ടില്‍ നടന്ന കാമ്പയിന്‍ ശ്രദ്ധേയമായി. എസ്.ഐ.ഒ ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്ന സന്ദര്‍ഭത്തില്‍ 2007 അവസാനം ‘Redefining Education Regaining Struggle Renovating Society SIO Awakening the Nation’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ദേശീയ കാരവനില്‍ തിരുവനന്തപുരം, ദല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്നാരംഭിച്ച് മുംബൈയില്‍ അവസാനിക്കുന്ന മൂന്ന് കാരവനുകളും ത്രിപുരയില്‍നിന്ന് ആരംഭിച്ച് ഭോപാലില്‍ അവസാനിക്കുന്ന ഒരു ഉപ ജാഥയുമായാണ് നടന്നത്. കാരവന് ഇന്ത്യയിലെ പ്രധാന കാമ്പസുകളിലും പട്ടണങ്ങളിലും സ്വീകരണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.
2010-ല്‍ കണ്ണൂരില്‍ നടന്ന കാഡര്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ് പകര്‍ന്നു. 2011-'12 മീഖാത്തില്‍ നടന്ന ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ് പുതിയ ഒരു കാല്‍വെപ്പായിരുന്നു. അക്കാദമിക പഠനങ്ങളുടെ പേപ്പര്‍ പ്രസന്റേഷന്‍ രീതിയിലുള്ള പരിപാടിയുടെ ഒരു തുടക്കമായിരുന്നു ഈ പരിപാടി. കേരള ജമാഅത്തെ ഇസ്‌ലാമി പിന്നീട് നടത്തിയ ഹിസ്റ്ററി കോണ്‍ഗ്രസ്സും 2016-ല്‍ എസ്.ഐ.ഒ കേന്ദ്രതലത്തില്‍ നടത്തിയ ഇന്ത്യ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സുമൊക്കെ ഇതിന്റെ ശൈലി സ്വീകരിച്ച് നടത്തിയ പരിപാടികളാണ്. വ്യത്യസ്തതകളുടെ സംഗമമായ ഡിഫറന്‍സ് ആന്റ് ഡെമോക്രസി കോണ്‍ഫറന്‍സും ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു. എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് മാത്രമായി നടത്തിയ സംസ്ഥാന കായിക മേള പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. 2013-'14-ല്‍ കേരളത്തിനകത്തും പുറത്തുമുള്ള നൂറില്‍പരം അക്കാദമീഷ്യന്മാരെ അണിനിരത്തി നടത്തിയ കേരള എജുക്കേഷന്‍ കോണ്‍ഗ്രസ് അക്കാദമികരംഗത്ത് ധാരാളം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. വൈസ് ചാന്‍സ്‌ലര്‍മാരടക്കം അക്കാദമീഷ്യന്മാരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ സംഘാടനമികവു കൊണ്ട് ശ്രദ്ധേയമായ ഈ പരിപാടിയിലൂടെ എസ്.ഐ.ഒവിന് സാധിച്ചു. 
2015-1'6-ല്‍ നടന്ന സുപ്രധാന പരിപാടിയാണ് മുഖദ്ദിമ അക്കാദമിക് സമ്മിറ്റ്. പുതിയ കാലത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ആഗോള ഇസ്‌ലാമിക ചിന്തകളെ കേരള പരിസരത്തില്‍ ചര്‍ച്ചക്കെടുക്കാന്‍ ഈ പരിപാടിയിലൂടെ സാധിച്ചു. ഡോ. ഫരീദ് ഇസ്ഹാഖ്, ഡോ. സയ്യിദ് മുസ്ത്വഫ അലി തുടങ്ങിയ പ്രമുഖര്‍ മുഖ്യ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സംഘടനാ മതിലുകള്‍ ഭേദിച്ച് നടത്തിയ ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റ് പുതിയ കാല്‍വെപ്പായിരുന്നു. തന്‍ശിഅഃ എന്ന പേരില്‍ ഇപ്പോള്‍ എസ്.ഐ.ഒ പഠനപദ്ധതികള്‍ നടപ്പാക്കിവരുന്നു.
ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം എന്നവകാശപ്പെടാന്‍ കഴിയുന്ന ഒരു സംഘം എസ്.ഐ.ഒ മാത്രമാണ്. ഇന്ത്യയിലെ ഏതാണ്ടെല്ലാ കേന്ദ്ര സര്‍വകലാശാലകളിലും ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങി മറ്റു പ്രമുഖ കലാലയങ്ങളിലും എസ്.ഐ.ഒവിന്റെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ പോലെയുള്ള കേന്ദ്ര സര്‍വകലാശാലകളിലെ സമകാലിക വിദ്യാര്‍ഥി രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ എസ്.ഐ.ഒവിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ ധാരാളം പ്രവര്‍ത്തകര്‍ പഠിച്ചുകൊണ്ടിരിക്കുന്നത് എസ്.എ.ഒ നല്‍കിയ ഓറിയന്റേഷന്റെ കൂടി ഭാഗമാണ്.
സാമൂഹിക മാറ്റങ്ങള്‍ക്കനുസരിച്ച് പെട്ടെന്ന് ക്രിയാത്മകമായി പ്രതികരിക്കാന്‍ എസ്.ഐ.ഒവിന് എക്കാലത്തും സാധിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകള്‍, നിരപരാധികളോടുള്ള സൈന്യത്തിന്റെ ക്രൂരതകള്‍, മുസ്‌ലിം-ദലിത്-പിന്നാക്ക വിഭാഗങ്ങളോട് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ തുടങ്ങിയവയോട് ശക്തമായ പ്രതികരണങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഇസ്‌ലാമിക ചലനങ്ങളെ ഉള്‍ക്കൊള്ളാനും ആവാഹിക്കാനും ചര്‍ച്ചയാക്കാനും സാധിച്ചു. പല വിഷയങ്ങളിലും മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് മുന്നില്‍ നടക്കാനും അവരുടെ അജണ്ടയെ സ്വാധീനിക്കാനും കഴിഞ്ഞു. എസ്.ഐ.ഒ ഉയര്‍ത്തിയ പല മുദ്രാവാക്യങ്ങളും പിന്നീട് പലരും ഏറ്റെടുത്തിട്ടുണ്ട്. പല സംഘടനകളുടെയും പോസ്റ്ററുകളും കാമ്പയിനുകളുമൊക്കെ അതിന് സാക്ഷിയാണ്.  സോഷ്യല്‍ മീഡിയാ രംഗത്തും സജീവ സാന്നിധ്യമാണ് എസ്.ഐ.ഒ.  പുതിയ കാലത്ത് ഏത് വിഷയവും ആദ്യം ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമെന്ന നിലയില്‍ പല ചര്‍ച്ചകളുടെയും ഗതി നിര്‍ണയിക്കാനും നിലപാട് വ്യക്തമാക്കാനും സംഘടനക്ക് കഴിയുന്നുണ്ട്.
പ്രവര്‍ത്തകബാഹുല്യം കൊണ്ടല്ല, മറിച്ച് അണിനിരന്ന പ്രവര്‍ത്തകരുടെ ആത്മാര്‍ഥ പ്രവര്‍ത്തനം കൊണ്ടാണ് എസ്.ഐ.ഒ ശ്രദ്ധേയമാകുന്നത്. പ്രവര്‍ത്തകര്‍ തമ്മിലുള്ള ഹൃദയബന്ധമാണ് എസ്.ഐ.ഒവിന്റെ കരുത്ത്. ചെറിയ സംഘത്തിന് താങ്ങാനാവാത്ത പരിപാടികള്‍ ഏറ്റെടുത്ത് നടത്താന്‍ നേതൃത്വം ധൈര്യം കാണിക്കുന്നതും ആ കരുത്തിന്റെ പിന്‍ബലത്തിലാണ്.  

പ്രസിദ്ധീകരണങ്ങള്‍

ദേശീയതലത്തില്‍ 'ദി കംപാനിയന്‍' (ഇംഗ്ലീഷ്), 'റഫീഖെ മന്‍സില്‍' (ഉര്‍ദു), 'ഛാത്ര വിമര്‍ഷ്' (ഹിന്ദി) എന്നിവ ദല്‍ഹിയില്‍നിന്ന് പുറത്തിറങ്ങുന്നു
1986 മുതല്‍ 1996 വരെ 'യുവസരണി' എന്ന പേരില്‍ മലയാളത്തില്‍ മാസിക പ്രസിദ്ധീകരിച്ചു. നിലവില്‍ 'ദിശ' എന്ന പേരില്‍ വാര്‍ത്താ ബുള്ളറ്റിന്‍ പുറത്തിറക്കുന്നു. 2010 സെപ്റ്റംബര്‍ മുതല്‍ കേരള ഘടകത്തിന്റെ മുഖപത്രമായി 'കാമ്പസ് അലൈവ്' പുറത്തിറങ്ങുന്നു. 2015 മുതല്‍ കാമ്പസ് അലൈവ് വെബ് പോര്‍ട്ടലാണ്.

പുസ്തകങ്ങള്‍
കാമ്പസ് വിദ്യാര്‍ഥി പ്രതിപക്ഷം സംസാരിക്കുന്നു.
സമര പുസ്തകം  അറബിക് സര്‍വകലാശാല ഒരു അനിവാര്യതയാണ്
ബെല്ലടിക്കുന്നു.- കുട്ടികളുടെ നാടകങ്ങള്‍
ഖുര്‍റം മുറാദിന്റെ വസ്വിയ്യത്ത്
വിദ്യാഭ്യാസ ഭൂപടത്തില്‍ മലബാര്‍ കേരളത്തിന് അകത്തോ പുറത്തോ? -  കെ. നജാത്തുല്ല
ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്  പ്രബന്ധ സമാഹാരം
അടയാളം  ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം പിന്നിട്ട വഴികള്‍  ചീഫ് എഡിറ്റര്‍: കെ. മുഹമ്മദ് നജീബ്
അതിരടയാളങ്ങള്‍  ജമീല്‍ അഹ്മദ്
സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. എഡിറ്റര്‍: സി. ദാവൂദ്
@സ്റ്റേജ് നാടക സമാഹാരം.

KERALA EDUCATION: ISSUES AND CHALLENGES. EDITOR : ISMAIL THAMARASSERY
ക്ലാസ്‌മേറ്റ്‌സ്. എഡിറ്റര്‍ : കെ. അശ്‌റഫ്
ബഷീര്‍ എഴുത്തിന്റെ അറകള്‍- അനീസുദ്ദീന്‍ അഹ്മദ്


സമ്മേളനങ്ങള്‍

'സത്യം സമരം സമാധാനം'/ ഒന്നാം സംസ്ഥാന സമ്മേളനം / 1985/ ഫറോക്ക്് 
'ഇസ്‌ലാം, പുരോഗതിക്ക്, മോക്ഷത്തിന്' / അഖിലേന്ത്യാ സമ്മേളനം /1986/ ബാംഗ്ലൂര്‍
'വിശ്വാസത്തിലേക്ക് വീണ്ടും'/ ജില്ലാ സമ്മേളനങ്ങള്‍ / 1988-1989
'പീഡനത്തിനെതിരെ യുവശക്തി'/ രണ്ടാം സംസ്ഥാന സമ്മേളനം /1990/ എറണാകുളം 
'ഇസ്ലാം നവലോകത്തിന്റെ പ്രതീക്ഷ'/ ജില്ലാ സമ്മേളനങ്ങള്‍ / 1994
 'പുതുനൂറ്റാണ്ട് പുതിയ വ്യവസ്ഥ' / ജില്ലാ സമ്മേളനങ്ങള്‍/ 1994 
'മതം മതജീര്‍ണതക്കെതിരെ' / ജില്ലാ സമ്മേളനങ്ങള്‍ / 1995 
'അജ്ഞതയില്‍നിന്ന് ഇസ്‌ലാമിലേക്ക്'/ഉത്തരേന്ത്യന്‍ സമ്മേളനം / 1996/ പറ്റ്‌ന
'വിദ്യാഭ്യാസത്തിന്റെ പുനര്‍മാനവീകരണത്തിന്' / വിദ്യാര്‍ഥി സമ്മേളനം/ 1996 / പറവൂര്‍ 
ദക്ഷിണ മേഖലാ വിദ്യാര്‍ഥി സമ്മേളനം / 1998 / എറണാകുളം 
ഉത്തര മേഖലാ വിദ്യാര്‍ഥി സമ്മേളനം / 1998 / വടകര     
'പുതിയ മനുഷ്യനിലേക്ക്'/ ദക്ഷിണ കേരള സമ്മേളനം/ 2000/കായംകുളം 
'അറിവിന്റെ സമരസാക്ഷ്യം' / വിദ്യാര്‍ഥി  സമ്മേളനങ്ങള്‍ / 2001 
ദീനീമദാരിസ് വിദ്യാര്‍ഥി സമ്മേളനം / 2002 / ശാന്തപുരം 
ദീനീമദാരിസ് വിദ്യാര്‍ഥി സമ്മേളനം / 2004 / പറവൂര്‍ 
അറബിക് കോണ്‍ഫറന്‍സ് / 2007 / കോഴിക്കോട് 
'വൈദ്യനൈതികതയല്ല; വേണ്ടത് ജീവിതനൈതികത'/ മെഡിക്കല്‍ വിദ്യാര്‍ഥി സമ്മേളനം / 2008 / തൃശൂര്‍ 
ഉര്‍ദു സമ്മേളനം / 2008 / ആലുവ 
കേഡര്‍ കോണ്‍ഫറന്‍സ്  / 2010 / കണ്ണൂര്‍ 
ദക്ഷിണ മേഖലാ കാമ്പസ് സമ്മേളനം / 2011 / ആലപ്പുഴ 
ഇസ്ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്  / 2012 / ശാന്തപുരം 
ഡിഫറന്‍സ് & ഡെമോക്രസി കോണ്‍ഫറന്‍സ്/ 2012 / എറണാകുളം 
കേരളാ എജുക്കേഷന്‍ കോണ്‍ഗ്രസ് /2013/ തിരുവനന്തപുരം 
കാമ്പസ് കേഡര്‍ കോണ്‍ഫറന്‍സ് /2014/ കോഴിക്കോട്
പ്രഫഷനല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്//2014/ പെരുമ്പിലാവ്
മുഖദ്ദിമ അക്കാദമിക് സമ്മിറ്റ് / 2015 / കണ്ണൂര്‍
തഫവ്വുഖ് ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റ് /2016/മലപ്പുറം    

കാമ്പയിനുകള്‍

'നാം മനുഷ്യര്‍ നാം ഒന്ന്'/ 1984 
'ശരീഅത്ത് കാമ്പയിന്‍'/1985
'മാനവമൈത്രിക്ക് യുവശക്തി'/ 1988 
'മൂല്യാധിഷ്ഠിത രാഷ്ട്രീയം'/1989
'പ്രവാചകന്‍ വിശ്വവിമോചകന്‍'/1990
'സ്രഷ്ടാവിലേക്ക് മടങ്ങുക'/ 1994
'ഖുര്‍ആന്‍ കാമ്പയിന്‍'/1992
'സംസ്‌കാരമോ സര്‍വനാശമോ'/ 1995 
'വിജയത്തിലേക്ക് വരിക'/ 1999 
'വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുക'/ 1999 
ആഗോളവല്‍ക്കരണത്തിനും വര്‍ഗീയതക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ യുവജന മുന്നേറ്റം  'സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന്'/ 2000
'വിദ്യാര്‍ഥിത്വം സംരക്ഷിക്കുക'/ 2001 
'സ്രഷ്ടാവിലേക്ക്'/2002
'ആത്മസാക്ഷാത്കാരത്തിന് സംഘം ചേരുക'/ 2002 
 'ഉറവതേടി.... കുട്ടികള്‍ നാടുണര്‍ത്തുന്നു' / 2002 
 'ജീവിതം സമരം ഭാവി; നമുക്ക് നമ്മെ നിര്‍വചിക്കുക'/ 2003 
'ഇഖ്തറബ ലിന്നാസി ഹിസാബഹും'/2003
'നാളേക്ക് ഒരു തുള്ളി, ഒരു വിത്ത്'/ 2003 
'മതവര്‍ഗീയതക്കും മതേതര ഭീകരതക്കുമെതിരെ' / 2005 
'സദാചാരത്തിനു വേണ്ടി ഒരു പെരുവിരല്‍'/ 2005
'അറിവിന്റെ തെരുവ്; പോരാട്ടത്തിന്റെ ക്ലാസ് മുറി'/ 2006 
'നേരിന്റെ ജാഗ്രത; ഭാവിയുടെ രാഷ്ട്രീയം' / 2011 

Future is Ours’ / 2012 
 ‘Wake up for Fajir, Awaken a Generation’ / 2015 
'നമുക്ക് സംഘം ചേരാം; നേരിന്റെ കരുത്തില്‍ നീതിക്കായി'/ 2015 
Let’s lighten up our Masjids’ / 2015
‘Hug your Parents’ / 2016


കേരള നേതൃത്വം

വര്‍ഷം    പ്രസിഡന്റ്    സെക്രട്ടറി
1983- 85    പി.എ അബ്ദുല്‍ ഹകീം    സി.എച്ച് അബ്ദുല്‍ ഖാദര്‍
1985-87    പി.സി ഹംസ    എം.എ മജീദ്
1987- 89    ടി. ആരിഫലി    കെ.ബി.എം സലീം
1989- 91    എം.ഐ അബ്ദുല്‍ അസീസ്     കെ.എ യൂസുഫ് ഉമരി    
    കൂട്ടില്‍ മുഹമ്മദലി    ഖാജാ ശിഹാബുദ്ദീന്‍
1991- 93    ടി. ആരിഫലി    എം.കെ മുഹമ്മദലി
1993- 95    കൂട്ടില്‍ മുഹമ്മദലി     ടി.കെ ഫാറൂഖ്
1995- 97    ടി.കെ ഫാറൂഖ്    ആര്‍ യൂസുഫ്
1997- 98    ആര്‍. യൂസുഫ്    എന്‍. എം അബ്ദുര്‍റഹ്മാന്‍
1999- 2000    വി.ടി അബ്ദുല്ലക്കോയ    പി. മുജീബുര്‌റഹ്മാന്‍
2001- 2002    ടി.എ ഫൈസ് ബാബു    കെ.എ ശഫീഖ്    
    ടി.പി യൂനുസ്    പി.ഐ നൗഷാദ്
2003- 2004    കെ മുഹമ്മദ് നജീബ്    എം.ഐ അബ്ദുര്‍റശീദ്
2005- 2006    പി.ഐ നൗഷാദ്    പി.കെ  മുഹമ്മദ് സാജിദ്
2007- 2008    സി. ദാവൂദ്    എ. മുഹമ്മദ് അസ്‌ലം
2009- 2010    പി.എം സ്വാലിഹ്    എസ്. ഇര്‍ശാദ്
2011- 2012     ശിഹാബ് പൂക്കോട്ടൂര്‍    കെ.പി അബ്ദുസ്സലാം
    എസ്. സമീര്‍
2013- 2014    എസ്. ഇര്‍ശാദ്    കെ.വി സഫീര്‍ ഷാ
2015- 2016    എ.എച്ച് നഹാസ്    ശംസീര്‍ ഇബ്‌റാഹീം
2017 -    സി.ടി സുഹൈബ്    കെ. പി തൗഫീഖ്

 

 

 

അവലംബം
1.    അടയാളം  ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം പിന്നിട്ട വഴികള്‍  ചീഫ് എഡിറ്റര്‍: കെ. മുഹമ്മദ് നജീബ്
2. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി. എഡിറ്റര്‍: സി ദാവൂദ്
3. സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ഭരണഘടന
4. http://jihkerala.org
5. പ്രബോധനം - 2007 ഒക്‌ടോബര്‍ 27
6. എസ്.ഐ.ഒ സ്റ്റേറ്റ് ബ്രോഷര്‍ 2016
7. http://ml.wikipedia.org
8. http://sioindia.org

Comments

Other Post