ജമാഅത്തെ ഇസ്ലാമിയുടെ 75 വർഷങ്ങൾ
നാഗരികതയുടെ പ്രയാണപഥങ്ങളില്‍ വിമോചനത്തിന്റെ പ്രഭ ചൊരിഞ്ഞവരാണ് പ്രവാചകന്മാര്‍. നൂഹിന്റെ കപ്പല്‍ ജൂദി പര്‍വതത്തില്‍ ചെന്നുനിന്നത് ആ വിമോചനത്തിന്റെ പ്രതീകമായാണ്. ഇബ്‌റാഹീമിന്റെ പോരാട്ടവീര്യവും പ്രബോധനയാത്രയും ഇസ്‌ലാമിനെ ഭൂഖണ്ഡങ്ങളിലേക്ക് പ്രസരിപ്പിച്ചു. ത്വുവാ താഴ്‌വരയില്‍നിന്ന് മൂസാ കൊളുത്തിയ വെളിച്ചത്തിലൂടെ നടന്ന് ചെങ്കടല്‍ കടന്ന് ഇസ്രാഈല്യര്‍ വിമോചിതരായി, ഫറോവയുടെ സ്വേഛാധിപത്യം കടപുഴകി. ഈസാ പൗരോഹിത്യമതത്തെ കുടഞ്ഞെറിഞ്ഞു. മുഹമ്മദ് നബിയില്‍ ഈ വെളിച്ചം പൂര്‍ണത പ്രാപിച്ചപ്പോള്‍ മനുഷ്യാടിമത്തത്തില്‍നിന്ന് ദൈവികാടിമത്തത്തിലേക്ക്, അനീതിയുടെ ലോകക്രമത്തില്‍നിന്ന് നീതിയുടെ ദൈവിക ദര്‍ശനത്തിലേക്ക്, ഐഹികതയുടെ കുടുസ്സില്‍നിന്ന് ഇഹ-പരലോകങ്ങളുടെ വിശാലതയിലേക്ക് ലോകം ഉണര്‍ന്നു. ഈ അഞ്ച് മഹത്തുക്കളെ എടുത്തുപറഞ്ഞുകൊണ്ടാണ് ദൈവിക ദര്‍ശനത്തിന്റെ സംസ്ഥാപനം (ഇഖാമത്തുദ്ദീന്‍) ഇസ്‌ലാമിക സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചത്.
ഇരുള്‍ വീണ ചരിത്രസന്ധികളില്‍ നവോത്ഥാന ദൗത്യവുമായി പരിഷ്‌കര്‍ത്താക്കള്‍ എഴുന്നേറ്റുനിന്നു. ഉമറുബ്‌നുല്‍ അബ്ദില്‍ അസീസ്, ഇമാം ശാഫിഈ, ഇമാം അബൂഹാമിദുല്‍ ഗസാലി, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ തുടങ്ങിയ നവോത്ഥാന നായകന്മാരുടെ ശൃംഖലയില്‍ 20-ാം നൂറ്റാണ്ടില്‍ ഉസ്താദ് അബുല്‍ അഅ്‌ലാ മൗദൂദിയും കണ്ണിചേര്‍ന്നു. 1941-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്‌ലാമി പിറന്നുവീണു. ഈ മഹാ പ്രസ്ഥാനത്തിന് 75 വയസ്സ് തികഞ്ഞിരിക്കുന്നു.
ഇന്ത്യ മുഴുവന്‍ വ്യവസ്ഥാപിതമായ ഘടകങ്ങളും പോഷക സംഘടനകളും അനേകം സ്ഥാപന സംരംഭങ്ങളുമുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രം രേഖപ്പെടുത്തല്‍ ഏറെ സാഹസികമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ കര്‍മകാലങ്ങളില്‍നി
ന്നുള്ള ചില അടരുകള്‍ മാത്രമാണ് ഈ വിശേഷാല്‍ പതിപ്പ്. 1994 മുതലുള്ള ചരിത്രമാണ് ഇതില്‍ മുഖ്യമായി ക്രോഡീകരിച്ചിരിക്കുന്നത്. അതില്‍തന്നെ കേരളത്തിലെ പ്രസ്ഥാന ചരിത്രത്തിനാണ് ഊന്നല്‍. 1992-ല്‍ പ്രബോധനം പുറത്തിറക്കിയ 'ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷികപ്പതിപ്പി'ന്റെ തുടര്‍ച്ചയായാണിത് പരിഗണിക്കേണ്ടത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമെടുത്താല്‍തന്നെ ഇനിയും ഉള്‍പ്പെടുത്തപ്പെടേണ്ട പല തലക്കെട്ടുകളുമുണ്ടാകാം. നിസ്തുല സംഭാവനകള്‍ നല്‍കി പ്രസ്ഥാനത്തെ ജീവിതംകൊണ്ട് അടയാളപ്പെടുത്തി യാത്രയായ ഒട്ടേറെ മഹദ്‌വ്യക്തികളുണ്ട്. വൈജ്ഞാനികവും ആത്മീയവുമായ അനുഭവങ്ങള്‍ പകര്‍ന്നാണ് അവര്‍ അല്ലാഹുവിങ്കലേക്ക് യാത്രയായത്. അവയൊന്നും രേഖപ്പെടുത്താന്‍ ഈ താളുകള്‍ക്കാവില്ല. കണക്കുതെറ്റാത്ത പുസ്തകത്തില്‍ എല്ലാം കൊത്തിവെച്ചിട്ടുണ്ട്.
ആദര്‍ശനയങ്ങളും ചരിത്രവികാസവും വിശദീകരിക്കുന്ന ലേഖനങ്ങളോടൊപ്പം ചില വിമര്‍ശങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഇടം നല്‍കിയിരിക്കുന്നു. പൂര്‍ണതയവകാശപ്പെടാതെ കര്‍മകാലം: ജമാഅത്തെ ഇസ്‌ലാമിയുടെ 75 വര്‍ഷങ്ങള്‍ വിശേഷാല്‍ പതിപ്പ് 2017 വായനക്കായി സമര്‍പ്പിക്കുന്നു.
Comments