ജമാഅത്തെ ഇസ്‌ലാമി എന്റെ കാഴ്ചയില്‍
ഒരു ഋഷിപുംഗവനെപ്പോലെ ദാര്‍ശനികപഥത്തില്‍ വ്യത്യസ്തവും വ്യതിരിക്തവുമായ പ്രതിഭ പ്രകാശിപ്പിച്ച മഹാനായിരുന്നു അബുല്‍ അഅ്‌ലാ മൗദൂദി. മൗദൂദി രചിച്ചതും മൗദൂദിയെക്കുറിച്ചുള്ളതുമായ കുറേ പ്രൗഢ നിബന്ധങ്ങള്‍ എന്റെ മുന്നിലുണ്ട്.
ഖുര്‍ആനിലെ 114 അധ്യായങ്ങളില്‍ പതിഞ്ഞുകിടക്കുന്ന തെളിഞ്ഞ ആശയങ്ങളും പരസഹസ്രം ഹദീസുകളും അവലംബമാക്കി തെളിവുറ്റ ഒരു ജീവിതവ്യവസ്ഥ മൗദൂദി വരച്ചുകാണിച്ചപ്പോള്‍ അക്കാലത്ത് ലോകത്ത് പ്രചുരമായ കമ്യൂണിസത്തിനും മുതലാളിത്തത്തിനും പകരമായി നില്‍ക്കാന്‍ പോരുന്ന, ആത്മീയതയാര്‍ന്ന ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി ഇസ്‌ലാം മാറുകയായിരുന്നു. മുപ്പതു വര്‍ഷം നീണ്ടുനിന്ന ഒരു തപസ്സിദ്ധിയുടെ ഫലമായി രൂപം കൊണ്ട്, ആറു വാല്യങ്ങളില്‍ വിടര്‍ന്നുനില്‍ക്കുന്ന തഫ്ഹീമുല്‍ ഖുര്‍ആന്‍ വിശ്വോത്തരവും മഹത്തരവുമാണെന്ന് എന്റെ എളിയ ബുദ്ധിക്കുപോലും തോന്നുന്നു. ആ ഗ്രന്ഥം വായിച്ചപ്പോള്‍ യുക്തിഭദ്രമായ ആശയങ്ങളുടെ വരായുധമണിഞ്ഞതുപോലെ ഒരാത്മവിശ്വാസം തനിക്കുണ്ടായെന്ന് രേഖപ്പെടുത്തിയ അമേരിക്കക്കാരിയായ മര്‍യം ജമീലയുടെ വാക്കുകള്‍ക്ക് അടിയൊപ്പു വെക്കാന്‍ എനിക്കും കരുത്തു കൈവന്നതുപോലെ. 'ഇസ്‌ലാമികമായ വിജ്ഞാനപ്രബുദ്ധത കൈവരിച്ച പണ്ഡിതന്മാരുടെയും ബുദ്ധിജീവികളുടെയും കരുത്തുറ്റ ഒരു പ്രബുദ്ധനിരയെ വളര്‍ത്തിയെടുത്ത മറ്റൊരാളെ കാണാന്‍ പ്രയാസമാണ്' എന്ന ഡോ. യൂസുഫുല്‍ ഖറദാവിയുടെ വരിഷ്ഠവചനം എനിക്ക് ആത്മബലം നല്‍കുന്നതായി ഇവിടെ രേഖപ്പെടുത്തട്ടെ.
ലെനിനും ബോള്‍ഷെവിക് പാര്‍ട്ടിയുമുണ്ടായിരുന്നില്ലെങ്കില്‍ കാള്‍ മാര്‍ക്‌സിന്റെ ചിന്തകള്‍ കേവലം ബൗദ്ധികാസ്വാദനത്തിനുള്ള ഒരലങ്കരണവസ്തുവായി പരിണമിക്കുമായിരുന്നു. അതുപോലെ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിരുന്നില്ലെങ്കില്‍ മൗദൂദിയുടെ ചിന്തകളും. മൗദൂദിയുടെ ചിന്തകള്‍ക്ക് ക്രിയാരൂപം നല്‍കുകയായിരുന്നു ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമി ഇന്ന് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ സ്വതന്ത്ര സംഘടനകളായി പ്രവര്‍ത്തിക്കുന്നു. ലോകത്തുള്ള ഇസ്‌ലാമിക നവോത്ഥാന സംരംഭകര്‍ക്ക് അതിപ്രചോദകമായി ജമാഅത്തെ ഇസ്‌ലാമി ജീവിക്കുന്നു. 1940-കളില്‍ പഠാന്‍കോട്ടിലെ ദാറുല്‍ ഇസ്‌ലാമില്‍ ഉദയം ചെയ്തപ്പോള്‍ അതിന്റെ വികാസവൃദ്ധികള്‍ ഇത്രമാത്രം വിപുലവും വിസ്മയകരവുമായി പരിണമിക്കുമെന്ന് സംഘാടകര്‍ കരുതിയിരിക്കുകയില്ല.
നാഗരികത എന്ന പദത്തിന്റെ വ്യാഖ്യാനം വിപുലമാണ്, വിവിധവുമാണ്. അതീവ ശ്രദ്ധേയം എന്ന് വിശേഷിപ്പിക്കാവുന്ന വില്‍ ഡ്യൂറന്റിന്റെ ന്ധദ സ്റ്റോറി ഓഫ് സിവിലൈസേഷന്‍ത്സ എന്ന ഗ്രന്ഥസമുച്ചയം ആ മേഖലയില്‍ ഒരിതിഹാസമാണ്.
ഒരു നിശ്ചിത കാലഘട്ടത്തില്‍ പിറവിയെടുത്ത് സകല മേഖലകളിലും വികാസവൃദ്ധികള്‍ വാരിയണിഞ്ഞ മനുഷ്യ സംസ്‌കാരത്തെയാണ് നാഗരികത എന്നു പറയുന്നത്. എങ്കില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ജനനം മുതല്‍ ബഗ്ദാദിലെ അബ്ബാസിയാ ഭരണത്തിന്റെ പതനം വരെയുള്ള ചരിത്രഘട്ടത്തില്‍ വിശ്വോത്തരമായ ഒരു നൂതന നാഗരികതക്ക് ഇസ്‌ലാം ജന്മമരുളി. വിശ്വവ്യാപകം എന്നൊന്നും വിശേഷിപ്പിക്കുന്നില്ലെങ്കിലും ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമെല്ലാം അതിന്റെ ശക്തിയായ പ്രസരണമുണ്ടായി. എന്റെ മുന്നിലുള്ള വില്‍ ഡ്യൂറന്റിന്റെ ചരിത്രഗ്രന്ഥത്തില്‍ ന്ധമധ്യകാലഘട്ടത്തിലെ അസാധാരണമായ പ്രതിഭാസംത്സ എന്നാണ് ആ കാലഘട്ടത്തെ അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. ജാഹിലിയ്യാ കാലത്തിന്റെ ഇരുളാര്‍ന്ന അങ്കതലത്തില്‍ ജന്മമെടുത്ത ദരിദ്രഗോത്രം ഒരു നൂറ്റാണ്ടുകൊണ്ട് ബൈസാന്റിയന്‍ -പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെയും ഉത്തരാഫ്രിക്കയെയും സ്‌പെയിനിനെയും പ്രകാശപ്പൊലിമയിലാറാടിച്ചു. ഇത് അവിശ്വസനീയമായ ഒരു മഹാ യാഥാര്‍ഥ്യമാണെന്ന് ചരിത്രകാരന്മാര്‍ അടിവരയിടുന്നു.
സകലാശ്രയമായ വേദഗ്രന്ഥം ഖുര്‍ആന്‍, അതിലെ സവിശേഷതയോലുന്ന ഒമ്പതാം അധ്യായം നാഗരിക നിയമങ്ങള്‍ക്ക് അവലംബശിലയായി വര്‍ത്തിക്കുന്നു. അതിലെ വരിഷ്ഠ
വചനങ്ങള്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്ക് ഭദ്രമായ രൂപം നല്‍കുന്നു, വേദഗ്രന്ഥം കൊണ്ടുതന്നെ വിശ്വാസി പ്രബോധിതനായി, പ്രചോദിതനായി; ആത്മോന്നതിക്കും പരോല്‍ക്കര്‍ഷത്തിനും വേണ്ടി പരിശ്രമിക്കാന്‍ സത്യവേദ വിശ്വാസി പ്രതിജ്ഞാബദ്ധനായി.
ഖുര്‍ആനും പ്രവാചകനും ഖലീഫമാരും, ദിവ്യാവസ്ഥയിലേക്കുള്ള വഴികാണിക്കലാണ് വിശ്വാസിയുടെ അലംഘ്യ ബാധ്യതയായി പ്രബോധിപ്പിക്കുന്നത്. ആധ്യാത്മിക ഭാഷയില്‍ പറഞ്ഞാല്‍ തന്റെ നാഥന്റെ മാര്‍ഗത്തിലേക്കുള്ള വഴി കാണിക്കലാണ് മുസല്‍മാന്റെ കര്‍മബാധ്യത, അഥവാ ധര്‍മദൗത്യം.
മലയാളത്തില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും പ്രബോധനവുമെല്ലാം ഇസ്‌ലാം മത സംസ്‌കൃതിയുടെ ജ്ഞാന-വിജ്ഞാന പ്രചാരണം നിര്‍വഹിച്ചുപോരുന്ന അസദൃശ ചൈതന്യമാര്‍ന്ന സ്ഥാപനങ്ങളാണ്. ജിഹാദിന്റെ വിഭാവിത ലക്ഷ്യം പോലെ സത്യവേദ വിശ്വാസികളെ ആശയാദര്‍ശങ്ങളുടെ വരായുധമണിയിച്ച് അധൃഷ്യരാക്കാന്‍ അവക്ക് സാധിക്കുന്നു. ഭാഗ്യവിപര്യയം കൊണ്ട് മുസ്‌ലിം സമൂഹത്തില്‍ വിഭാഗീയതകള്‍ മുളപൊട്ടി വളര്‍ന്നുകാണുന്നുണ്ടെങ്കിലും സത്യവേദ വിശ്വാസികളില്‍ പ്രബുദ്ധ ജനപദമായി പ്രകാശിക്കാന്‍ മലയാളക്കരയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ പടയണിയിലെ വാഗ്ഭടന്മാരായി ഒന്നാം നിരയില്‍ നില്‍ക്കുന്ന ടി.കെ അബ്ദുല്ല, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍, ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയവരെയെങ്കിലും അനുസ്മരിക്കാതെ എന്റെ പരാമര്‍ശത്തിന് പൂര്‍ണ വിരാമമിട്ടുകൂടാ. നിഷ്‌കപടമായ അവരുടെ ദൈവികോപാസനക്ക് അതര്‍ഹിക്കുന്ന പ്രതിഫലം കൈവരുമാറാകട്ടെ! പ്രസ്ഥാനത്തില്‍ അംഗത്വമില്ലാത്ത ഒരാത്മബന്ധുവിന്റെ അക്ഷരാര്‍ച്ചനയാണിത്.
Comments