IAFIE, INFACC, AICL, SangHamam പലിശരഹിത വ്യവസ്ഥയിലേക്ക് ചെറുചുവടുകള്‍
സാമ്പത്തിക അസമത്വങ്ങള്‍ എല്ലാ സമൂഹങ്ങളിലൂം ഉണ്ടായിട്ടുണ്ട്. ലഭ്യമായ സമ്പത്തിന്റെ ഗുണഫലങ്ങള്‍ പരസ്പര സഹകരണത്തിലൂടെ എല്ലാവര്‍ക്കും എത്തിക്കാന്‍ മനുഷ്യനു കഴിയും. അതിന് വ്യത്യസ്ത രീതികള്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. കടം, ദാനം, സകാത്ത്, പിന്തുടര്‍ച്ചാവകാശം എന്നിവ അതില്‍ പ്രധാനമാണ്. മിച്ചമുള്ളവരുടെ പണം ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതിനാണ് കടം എന്ന് പറയുന്നത്. പണത്തിന്റെ ഉത്ഭവകാലം മുതല്‍ വായ്പാ ഇടപാടുകള്‍ എല്ലാ സമൂഹങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ചിലര്‍ പലിശ ഈടാക്കി കടത്തെ ചൂഷണോപാധിയായി ഉപയോഗിക്കുന്നു. ഇസ്‌ലാം കടം നല്‍കുന്നത് അനുവദിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ പലിശയെ നിരോധിക്കുകയും ചാരിറ്റിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പലിശരഹിത സംരംഭങ്ങളുടെ സൃഷ്ടിപ്പിനും നടത്തിപ്പിനും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി തുടക്കംമുതല്‍ ശ്രദ്ധിച്ചു വന്നിട്ടുണ്ട്.
നല്ലൊരു ശതമാനം വരുന്ന ദരിദ്രര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും ബാങ്കുകളുടെ സേവനം അന്യമാണ്. കാരണം അവര്‍ക്ക് കാര്യമായ സമ്പാദ്യമോ വരുമാനമോ ഇല്ല. ഭൂമിയോ മറ്റു ആസ്തികളോ സ്വന്തമായി കൈവശമില്ലാത്തതിനാല്‍ വായ്പയും ലഭ്യമാവുന്നില്ല. അതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ 40 ശതമാനം ജനങ്ങള്‍ ഈ മേഖലയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നു. ദാരിദ്ര്യത്തിന്റെ മൂലകാരണങ്ങളിലൊന്ന് സാമ്പത്തിക മേഖലയില്‍നിന്നുള്ള ഈ ഒഴിച്ചുനിര്‍ത്തലാണ് എന്ന് സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തുകയും, അവര്‍ക്ക് പ്രത്യേക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കി മാത്രമേ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാവൂ എന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് മൈക്രോ ഫിനാന്‍സ് സംവിധാനങ്ങള്‍ ലോകത്ത് വ്യാപകമാവുന്നത്. പാവപ്പെട്ടവര്‍ക്ക് ചെറുകിട വായ്പകള്‍ ലഭ്യമാക്കി അവരുടെ വരുമാനം വര്‍ധിപ്പിച്ച് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്നതാണ് മൈക്രോ ഫിനാന്‍സ് സംരംഭങ്ങളുടെ ലക്ഷ്യം. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഇസ്‌ലാമിക് ഇക്കണോമിക്‌സി(ഐ.എ.എഫ്.ഐ.ഇ)ന്റെ ആവിര്‍ഭാവം പലിശേതര ധനകാര്യസ്ഥാപനങ്ങളുടെ ചെറുതും വലുതുമായ മാതൃകകള്‍ കേരളത്തില്‍ നട്ടുവളര്‍ത്തുന്നതിന് അക്കാദമികമായി വളരെയേറെ സഹായകമായിട്ടു്.
ഐ.എ.എഫ്.ഐ.ഇ
ഐ.എ.എഫ്.ഐ.ഇ കേരള ചാപ്റ്ററിന് 15 വര്‍ഷം പൂര്‍ത്തിയാവുകയാണ്. അഖിലേന്ത്യാ തലത്തില്‍ ഡോ. നജാത്തുല്ല സിദ്ദീഖിയുടെയും ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദിയുടെയും നേതൃത്വത്തിലാണ് സംഘടന രൂപംകൊണ്ടത്. രണ്ടായിരത്തില്‍ ഐ.എ.എഫ്.ഐ.ഇക്ക് രൂപം നല്‍കുമ്പോള്‍ ഇസ്‌ലാമിക് ഇക്കണോമിക്‌സ്- ബാങ്കിംഗ്- ഫിനാന്‍സ് എന്നിവ മുസ്‌ലിം സമുദായത്തിനും കേരള ജനതക്കും ഏറെ പുതുമുയുള്ള പദപ്രയോഗങ്ങളായിരുന്നു. 2000 നവംബര്‍ മാസത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ സാമ്പത്തിക ശാസ്ത്ര സെമിനാറാണ് ഈ വിഷയത്തില്‍ കേരളത്തിലെ ആദ്യ പൊതുപരിപാടി. ശേഷം ഐ.എ.എഫ്.ഐ.ഇ നിരവധി ശില്‍പശാലകള്‍ സംഘടിപ്പിക്കുകയുായി.
ഇസ്‌ലാമിക് ഇക്കണോമിക്‌സില്‍ ആഴത്തില്‍ അറിവുള്ള യുവ തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇതു സംബന്ധമായ സിലബസുമായി യൂനിവേഴ്‌സിറ്റികളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് ഇസ്‌ലാമിക് ഇക്കണോമിക്‌സ് മുഖ്യ വിഷയമായി പി.ജി ഡിപ്ലോമ കോഴ്‌സ് ശാന്തപുരം അല്‍ ജാമിഅയുമായി ചേര്‍ന്ന് തുടക്കം കുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഇസ്‌ലാമിക് ഇക്കണോമിക്‌സ് & ഫിനാന്‍സ് കോഴ്‌സ് എന്ന നിലയില്‍ അക്കാദമിക രംഗത്ത് ഇത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അലീഗഢ് സര്‍വകലാശാലയിലടക്കം വിവിധ യൂനിവേഴ്‌സിറ്റികളില്‍ ആരംഭിച്ച കോഴ്‌സുകള്‍ക്ക് സിലബസ് തയാറാക്കാന്‍ ബന്ധപ്പെട്ടവര്‍ സമീപിച്ചത് അല്‍ ജാമിഅയെയാണ്.
പൊതുജന ബോധവല്‍ക്കരണത്തിന് നിരവധി സെമിനാറുകളും ശില്‍പശാലകളും ഐ.എ.എഫ്.ഐ.ഇ സംഘടിപ്പിച്ചു. മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ യു.ജി.സി സഹായത്തോടെ സെമിനാറുകള്‍ സംഘടിപ്പിക്കുമ്പോഴും വേ വിഭവങ്ങള്‍ സംഭാവന ചെയ്യുന്നത് ഐ.എ.എഫ്.ഐ.ഇ ആണ്. കേരളത്തിനകത്തും പുറത്തും ഒരു സംഘം വിദഗ്ധരെ വളര്‍ത്തിയെടുക്കാന്‍ സംഘടനക്ക് കഴിഞ്ഞു.
മുഖ്യധാരാ യൂനിവേഴ്‌സിറ്റികളില്‍ ഈ വിഷയം പാഠ്യപദ്ധ്യതിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടന്നുകൊിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അനുകൂല ഫലം കണ്ടു. ബി.എ ഇസ്‌ലാമിക് ഇക്കണോമിക്‌സ് ആന്റ് ഫിനാന്‍സ്, ബി.കോം ഇസ്‌ലാമിക് ഫിനാന്‍സ്, എം.എ ഇസ്‌ലാമിക് ഫിനാന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ യൂനിവേഴ്‌സിറ്റിയില്‍ ആരംഭിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ തലങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിംഗിന് അനുകൂലമായി ചിന്തകളും ആലോചനകളും നടക്കുന്നു്.
പലിശരഹിത നിധികള്‍
ഇന്ത്യയില്‍ ദശകങ്ങള്‍ക്കു മുമ്പുതന്നെ പലിശരഹിത വായ്പാ സംവിധാനങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഈ രംഗത്ത് ഇസ്‌ലാമിക പ്രസ്ഥാനം മുന്നില്‍ നില്‍ക്കുന്നു. കേരളത്തില്‍ 1979 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലിശരഹിത വായ്പാനിധികള്‍ ആരംഭിച്ചു. 1996-ല്‍ 'പലിശക്കെതിരെ' കാമ്പയിനുശേഷം കേരളത്തില്‍ 400-ലധികം പലിശരഹിത വായ്പാ നിധികള്‍ നിലവില്‍വന്നു. കാമ്പയിന്‍ കാലയളവില്‍ പലിശക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക മാത്രമല്ല പൊതുജനങ്ങളില്‍നിന്ന് ഒപ്പുകള്‍ സ്വീകരിച്ച് ഭീമഹരജി അധികാരികള്‍ക്ക് സമര്‍പ്പിക്കുകയുമുണ്ടായി.
പ്രാദേശിക സാഹചര്യമനുസരിച്ച് ഇത്തരം സംരംഭങ്ങളുടെ മൂലധനത്തിലും പ്രവര്‍ത്തന രീതികളിലും പദ്ധതികളിലും വ്യത്യാസമുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 10000 രൂപ വരെയുള്ള വായ്പകള്‍ നിശ്ചിത കാലാവധിക്ക് നല്‍കുന്നുണ്ട്. നഗരങ്ങളില്‍ ചെറുകിട കച്ചവടക്കാരെയും മറ്റും കേന്ദ്രീകരിച്ച് നടക്കുന്ന വലിയ സംരംഭങ്ങളുണ്ട്. വ്യക്തികള്‍ ഓരോ മാസവും നിശ്ചിത സംഖ്യ നിക്ഷേപിക്കുന്ന കുറികള്‍, ഹയര്‍ പര്‍ച്ചേസ് സംവിധാനം, കച്ചവടക്കാര്‍ക്ക് ഹ്രസ്വകാലത്തേക്കുള്ള വായ്പകള്‍, തൊഴില്‍ പദ്ധതികള്‍ തുടങ്ങിയ നിരവധി സംരംഭങ്ങള്‍ നിലവില്‍ പലിശരഹിത നിധികള്‍ മുഖേന നടന്നുവരുന്നുണ്ട്.
പലിശരഹിത സംവിധാനങ്ങള്‍ വായ്പകള്‍ അനുവദിക്കുന്നതില്‍ മാത്രമല്ല, ചെറുകിട സംരംഭങ്ങളില്‍ നിക്ഷേപം നടത്തി ജനങ്ങളുടെ പണം വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും വ്യാപൃതമായിട്ടുണ്ട്.
പണമിടപാടുകള്‍, സമ്പാദ്യ സ്വരൂപണമായാലും വായ്പയായാലും ഒരു സ്ഥാപനമെന്ന നിലയില്‍ നടത്തുന്നതിന് സര്‍ക്കാറില്‍നിന്ന് ലൈസന്‍സ് ആവശ്യമാണ്. 20 അംഗങ്ങള്‍വരെയുള്ള സ്വയം സഹായസംഘങ്ങളോ അയല്‍ക്കൂട്ടങ്ങളോ അംഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് നിയമപരമായി വിലക്കുകളില്ല. അതിനാല്‍ മൈക്രോ ഫിനാന്‍സ് പലിശരഹിതസംരംഭങ്ങളും ഈ രീതി സ്വീകരിക്കുന്നതാണ് ഉചിതം.
മൈക്രോ ഫിനാന്‍സ് വെറും വായ്പകളില്‍ ഒതുങ്ങുന്നില്ല. അംഗങ്ങളില്‍നിന്ന് ലഘുസമ്പാദ്യം സ്വരൂപിക്കുക, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് പങ്കാളിത്ത വായ്പകള്‍ നല്‍കുക, അവശ്യവസ്തുക്കള്‍ ചെറിയ ലാഭം ഈടാക്കി വില്‍പന നടത്തുക തുടങ്ങിയ വിവിധ രീതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്‍ഫാക് (INFACC- Sustainable Development Society)
'ഇന്‍ഫാക്' സസ്റ്റയ്‌നബ്ള്‍ ഡെവലപ്‌മെന്റ് സൊസൈറ്റി കേരളത്തിലുടനീളം പ്രാദേശികതലങ്ങളില്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്ന പലിശരഹിത സംരംഭങ്ങളിലൂടെ സാമ്പത്തിക സഹകരണം ശക്തമാക്കി ജനക്ഷേമം ഉറപ്പുവരുത്താനായി രൂപവത്കരിച്ച എന്‍.ജി.ഒ ആണ്. പ്രസ്ഥാന നിയന്ത്രണത്തിലും മാര്‍ഗനിര്‍ദേശത്തിലും നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും, പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായസഹകരണങ്ങള്‍ ലഭ്യമാക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ രൂപവല്‍ക്കരിക്കുന്ന പ്രാദേശിക സന്നദ്ധ സംഘടനകളാണ് (Local NGOs) അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിലവില്‍ നടന്നുവരുന്ന പലിശരഹിത വായ്പാ സംരംഭങ്ങള്‍ അധികം വൈകാതെ ഈ രീതിയില്‍ പുനഃസംഘടിപ്പിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കും. അയല്‍ക്കൂട്ടങ്ങള്‍ വഴി വായ്പ ലഭ്യമാക്കുന്നതിനുപുറമെ സമ്പാദ്യ സ്വരൂപണം, മൈക്രോ സംരംഭങ്ങളുടെ ആരംഭം, സാമൂഹിക ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കുന്നു.
അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിച്ച് പലിശരഹിത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ മികച്ച ഫലം ലഭിക്കും. കൂടുതല്‍ വ്യക്തികളെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ സാധിക്കും. സേവനപ്രവര്‍ത്തനങ്ങളുടെ സംഘാടനമടക്കം നിര്‍വഹിക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം ഉറപ്പുവരുത്താന്‍ സാധിക്കും. പലിശരഹിത നിധിയില്‍ ഏതാനും വ്യക്തികളില്‍നിന്ന് ശേഖരിക്കുന്നത് ആവശ്യക്കാര്‍ക്ക് കടമായി നല്‍കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍, അയല്‍ക്കൂട്ട രീതി പ്രകാരം ഗുണഭോക്താക്കളുടേതടക്കം നിക്ഷേപമുപയോഗിച്ച് കൂടുതല്‍ ജനകീയമായ രീതിയില്‍ പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനം ഫലപ്രദമാക്കാന്‍ സാധിക്കുന്നു.
എ.ഐ.സി.എല്‍
ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് & ക്രെഡിറ്റ്‌സ് ലിമിറ്റഡ് (AICL). വലിയ സാമ്പത്തിക സ്ഥാപനമായാണ് എറണാകുളം ഇടപ്പള്ളി ആസ്ഥാനമായി 2000-ല്‍ എ.ഐ.സി.എല്‍ രൂപംകൊണ്ടിട്ടുള്ളത്. കഴിവും പ്രാപ്തിയുമുളള സംരംഭകര്‍ക്ക് ലാഭ-നഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ മുതല്‍മുടക്ക് സാധ്യമാക്കുക, വ്യക്തികളില്‍ കച്ചവടതാല്‍പര്യം വളര്‍ത്തി പരിപോഷിപ്പിക്കുക, നിക്ഷേപ പദ്ധതികളെയും ബിസിനസ്സ് സംരംഭങ്ങളെയും നീതിയുക്തമാക്കുന്നതിന് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്നീ ലക്ഷ്യങ്ങളില്‍ ഊന്നിയാണ് എ.ഐ.സി.എല്ലിന്റെ പ്രവര്‍ത്തനം. ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുസൃതമായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (NBFC) ധാരാളം രൂപപ്പെട്ടുവെങ്കിലും സുതാര്യമായും, തത്ത്വങ്ങള്‍ മുറുകെപിടിച്ചും വളരാന്‍ എ.ഐ.സി.എല്ലിന് മാത്രമാണ് സാധിച്ചത്. കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അല്‍ബറക്ക (ചേരമാന്‍ ഫിനാന്‍ഷ്യേഴ്‌സ്) രൂപീകരിക്കുന്നതിന് എ.ഐ.സി.എല്‍ പ്രചോദനവും സഹായകവുമായിട്ടുണ്ട്. അധികം താമസിയാതെ ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്കിംഗ് സാധ്യമാകുമെന്നാണ് പ്രതീക്ഷ. ആര്‍.ബി.ഐയുടെ നിയമപരമായ അനുവാദം ലഭിക്കുന്നതോടെ എ.ഐ.സി.എല്‍ ഇസ്‌ലാമിക് ബാങ്കായി മാറും.
നിക്ഷേപം വിനിയോഗിക്കുന്നത് രണ്ടു വിധത്തിലാണ്. ഒന്ന്, ലാഭകരമായതും താരതമ്യേന റിസ്‌ക് കുറഞ്ഞതുമായ സംരംഭങ്ങളില്‍ ലാഭ-നഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ പണം നിക്ഷേപിക്കുക. മറ്റൊന്ന് വാഹന വായ്പകള്‍ നല്‍കുന്നത് അടക്കമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുക. AICL Builders & Devolopers Limited പോലുള്ള സംരംഭങ്ങള്‍ സ്വന്തം നിലക്ക് തുടങ്ങാം. ലാഭവിഹിതം ഇന്‍കം ടാക്‌സ്, സകാത്ത്, റിസര്‍വ് എന്നിവ കഴിച്ച് നിക്ഷേപകര്‍ക്കിടയില്‍ ഡിവിഡന്റായി നല്‍കുന്നു. ഇതര സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് എ.ഐ.സി.എല്ലിന് ലാഭവിഹിതം താരതമ്യേന കുറവാണ്.
സംഗമം: സഹകരണ മേഖലയിലെ നവാഗത സംരംഭം
പരമാവധി ആളുകള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ (Financial Inclusion) നിലവില്‍ വന്ന സംവിധാനങ്ങളില്‍ ഒന്നാണ് മൈക്രോ ഫിനാന്‍സ്. എന്നാല്‍ ഇവയും ബാങ്കിനോട് കിടപിടിക്കുന്ന രീതിയിലോ അതിനേക്കാള്‍ കൂടിയ തോതിലോ പലിശനിരക്ക് ഈടാക്കുകവഴി വിപരീതഫലമാണ് സൃഷ്ടിച്ചത്.
മൈക്രോ ഫിനാന്‍സ് സംരംഭങ്ങളിലൂടെ സമൂഹത്തിന് സാമ്പത്തിക സുസ്ഥിരതയും സമഗ്രവികസനവും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ലിമിറ്റഡ്)യുടെ രൂപീകരണം. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനപരിധിയുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ 2002-ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമത്തിനു കീഴില്‍ കേന്ദ്രസര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണിത്. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളാണ് 'സംഗമ'ത്തിന്റെ പ്രവര്‍ത്തനമേഖല. സാമ്പത്തികരംഗത്തെ ചൂഷണത്തില്‍നിന്ന് സാധാരണക്കാരന് ആശ്വാസം നല്‍കലാണ് മുഖ്യ ദൗത്യം. നിലവിലെ നിയമവ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി സഹകരണ മേഖലയുടെയും പലിശരഹിത സംവിധാനത്തിന്റെയും സാധ്യതകളെ സൂക്ഷ്മതല സാമ്പത്തിക മേഖലയില്‍ (Micro Finance) ഉപയോഗപ്പെടുത്തുകയാണ് 'സംഗമം'.
പ്രവര്‍ത്തന രീതി
സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിപുലമായ സൗകര്യമൊരുക്കി, ചെറുകിട തൊഴില്‍-സേവന പദ്ധതികളിലൂടെ വ്യക്തികളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയും സ്വയംപര്യാപ്തതയും കൈവരിക്കാനാണ് 'സംഗമം' ശ്രമിക്കുന്നത്. ഓഹരി മൂലധനത്തോടൊപ്പം, അംഗങ്ങളില്‍നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ കൂടി ചേര്‍ന്നതാണ് 'സംഗമ'ത്തിന്റെ പ്രവര്‍ത്തന മൂലധനം. ഈ തുക അംഗങ്ങളുടെ വിവിധ തൊഴില്‍-വ്യാപാര സംരംഭങ്ങളില്‍ ലാഭ-നഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ വിനിയോഗിച്ച്, അതില്‍നിന്നുള്ള വരുമാനത്തിന്റെ നിര്‍ണിത വിഹിതം നിക്ഷേപകരുമായി പങ്കുവെക്കുകയെന്നതാണ് പ്രവര്‍ത്തന രീതി. ഇതുവഴി സംരംഭകത്വ പ്രോത്സാഹനവും സമൂഹത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും കൈവരിക്കാന്‍ കഴിയുന്നു.
ഓഹരികള്‍ വഴിയാണ് വ്യക്തികള്‍ക്ക് സൊസൈറ്റിയില്‍ അംഗത്വം ലഭിക്കുക. മുഴുവന്‍ അംഗങ്ങളുമുള്‍ക്കൊണ്ട ജനറല്‍ ബോഡി തെരഞ്ഞെടുക്കുന്ന 20 അംഗങ്ങളും മാനേജിംഗ് ഡയറക്ടറും ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. അംഗങ്ങള്‍ സമര്‍പ്പിക്കുന്ന സംരംഭകത്വപദ്ധതികള്‍ സാധ്യതാ പഠനത്തിനും സൂക്ഷ്മ പരിശോധനക്കും വിധേയമാക്കും.
അംഗങ്ങളില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിച്ച് അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കുള്ള വരുമാനമാര്‍ഗമായി സേവിംഗ്‌സ് ഡെപ്പോസിറ്റ്, ഡെയ്‌ലി ഡെപ്പോസിറ്റ്, എജുക്കേഷ്‌നല്‍ ഡെപ്പോസിറ്റ്, സ്‌പെഷ്യല്‍ സ്‌കീം ഡെപ്പോസിറ്റ് തുടങ്ങി വിവിധ നിക്ഷേപസേവനങ്ങള്‍ നടപ്പാക്കുന്നു. നിക്ഷേപങ്ങള്‍ക്ക് സുരക്ഷയും പിന്‍വലിക്കാനുള്ള സൗകര്യവും ഉണ്ട്.
ഷെയര്‍-ഡെപ്പോസിറ്റുകളുടെ ശാക്തീകരണം
സൊസൈറ്റിയുടെ സേവനങ്ങള്‍ അംഗങ്ങളില്‍ പരിമിതമായിരിക്കും. സൂക്ഷ്മ-ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ലാഭ-നഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ വായ്പകള്‍ നല്‍കി, അവയുടെ പ്രവര്‍ത്തനം സമയാസമയങ്ങളില്‍ വിലയിരുത്തുന്നതിനും പ്രവര്‍ത്തന മൂലധനം പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ 'സംഗമം' സ്വീകരിക്കും.
മൂന്ന് സംസ്ഥാനങ്ങളിലെ അംഗങ്ങളെ പരിഗണിച്ചാണ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. പരമ്പരാഗത നിക്ഷേപങ്ങള്‍ക്കു പുറമെ, സ്‌പെഷ്യല്‍ സ്‌കീം ഡെപ്പോസിറ്റ്, ഹോം സേഫ് ഡെപ്പോസിറ്റ്, ഗ്രൂപ്പ് റിക്കറിംഗ് ഡെപ്പോസിറ്റ്, ഡെയ്‌ലി ഡെപ്പോസിറ്റ്, നോട്ടീസ് ഡെപ്പോസിറ്റ് തുടങ്ങിയ നൂതന നിക്ഷേപ സേവനങ്ങളും 'സംഗമം' നല്‍കുന്നു.
ഭാരിച്ച ചെലവുകള്‍ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസം, വിവാഹം, തീര്‍ഥാടനങ്ങള്‍, ഭവനനിര്‍മാണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായി സമ്പാദ്യം സ്വരൂപിക്കാനുദ്ദേശിച്ചുള്ളതാണ് സ്‌പെഷ്യല്‍ സ്‌കീം ഡെപ്പോസിറ്റുകള്‍. അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വീട്ടിലിരുന്നുതന്നെ നിക്ഷേപങ്ങള്‍ നടത്താവുന്ന പദ്ധതിയാണ് ഹോം സേഫ് ഡെപ്പോസിറ്റ്.
സാമ്പത്തിക സുസ്ഥിരതയില്‍ സ്ത്രീകളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 'ഐശ്വര്യ ഭവനം', 'ഹോം സേഫ്' എന്നീ നിക്ഷേപപദ്ധതികള്‍ നടപ്പിലാക്കിവരുന്നു. വീടുകളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതോടൊപ്പം അവര്‍ക്കാവശ്യമായ വായ്പകളും (തൊഴിലിനും അല്ലാതെയും) നല്‍കിവരുന്നു. ഒന്നിലധികം അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കപ്പെടുന്ന അയല്‍ക്കൂട്ട സംവിധാനങ്ങളെയും സാമ്പത്തികമായും മറ്റും സഹായിച്ച് പുതിയ തൊഴില്‍-വരുമാന മേഖലകള്‍ സൃഷ്ടിക്കാനും 'സംഗമം' ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
വായ്പാ സേവനങ്ങള്‍
ഉല്‍പാദനക്ഷമമായ വായ്പകള്‍ക്ക് മുന്‍ഗണന നല്‍കി വായ്പയെടുക്കുന്ന അംഗത്തെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്താനും ഏറെ പ്രയാസമില്ലാതെ തവണവ്യവസ്ഥയില്‍ വായ്പ തിരിച്ചടക്കാനും സഹായിക്കുന്ന പദ്ധതികള്‍ക്കാണ് 'സംഗമം' രൂപം നല്‍കിയിട്ടുള്ളത്. ചെറുകിട സ്വയംതൊഴില്‍-സേവന സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, ഹ്രസ്വകാല വ്യാപാര പങ്കാളിത്ത വായ്പകള്‍, സ്വയംതൊഴിലിന് വാഹനങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം, അടിയന്തര വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ സെക്യൂരിറ്റിയില്‍ നല്‍കുന്ന വായ്പകള്‍ തുടങ്ങിയ പങ്കാളിത്ത-വായ്പാ സേവനങ്ങളാണ് 'സംഗമം' നല്‍കുക. ചെറുകിട സ്വയംതൊഴില്‍-സേവന സംരംഭങ്ങള്‍ക്ക് പങ്കാളിത്താടിസ്ഥാനത്തില്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളാണ് 'സംഗമ'ത്തിന്റെ മുഖ്യ പങ്കാളിത്തസേവനം. പരമാവധി 5 ലക്ഷം രൂപ വരെ ഈ സ്‌കീമില്‍ നല്‍കും.
സഹകരണരംഗത്തെ പലിശരഹിത മോഡല്‍
സമൂഹത്തിന്റെ സുസ്ഥിര വളര്‍ച്ചക്കും സാമ്പത്തിക അഭിവൃദ്ധിക്കും ഉത്തമ മാര്‍ഗമാണ് പലിശരഹിത പങ്കാളിത്താധിഷ്ഠിത ഇസ്‌ലാമിക് ഫിനാന്‍സ്. ഇസ്‌ലാമിക് ഫിനാന്‍സിന്റെ സൈദ്ധാന്തിക വശങ്ങള്‍ക്ക് പ്രചാരം നല്‍കാന്‍ നിരവധി സംവിധാനങ്ങള്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ പ്രായോഗിക രൂപം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന സംരംഭങ്ങള്‍ രാജ്യത്ത് വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ. അവയുടെ തന്നെ സേവനങ്ങള്‍ പരിമിത വൃത്തങ്ങളില്‍ ഒതുങ്ങുകയും ചെയ്യുന്നു. ഈ പരിമിതികള്‍ മറികടന്നുകൊണ്ട്, സഹകരണ സ്ഥാപനങ്ങളിലൂടെ ഇന്ത്യയില്‍ ഇസ്‌ലാമിക സാമ്പത്തിക സംരംഭങ്ങള്‍ ആരംഭിക്കാമെന്ന് ഇസ്‌ലാമിക് ഫിനാന്‍സ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
2012 ജൂണില്‍ 'സംഗമ'ത്തിന് രജിസ്‌ട്രേഷന്‍ ലഭിച്ചു; 2013 സെപ്റ്റംബറില്‍ ആദ്യ ബ്രാഞ്ച് തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ ആരംഭിച്ചു. ഇപ്പോള്‍ ട്രിച്ചി, വിരുത നഗര്‍ (തമിഴ്‌നാട്), ആലുവ, കോഴിക്കോട്, ഈരാറ്റുപേട്ട, കുറ്റ്യാടി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ അംഗങ്ങളില്‍നിന്ന് സംഗമത്തിന്റെ ഭരണസമിതി നിശ്ചയിക്കുന്ന പ്രാദേശിക ഉപദേശക സമിതിയുടെ മേല്‍നോട്ടത്തിലാണ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രാദേശിക ഉപദേശക സമിതികള്‍ ബ്രാഞ്ചുകളുടെ മികച്ച പ്രവര്‍ത്തനം സാധ്യമാക്കുന്നതോടൊപ്പം അര്‍ഹരായ അംഗങ്ങളെ കണ്ടെത്തി ആവശ്യങ്ങള്‍ പരിഗണിച്ച് വായ്പകള്‍ നല്‍കാനും അവരുടെ ഉന്നമനത്തിനും സഹായിക്കുന്നു. ബ്രാഞ്ചുകളില്‍ ലഭിക്കുന്ന വായ്പാ അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തുന്നതും അനുവദിക്കുന്നതും അതത് സമിതികളുടെ മേല്‍നോട്ടത്തിലാണ്.
5 ബ്രാഞ്ചുകളിലായി 3990 അംഗങ്ങളില്‍നിന്ന് 1.5 കോടി രൂപ ഓഹരി മൂലധനമായും 8.5 കോടി രൂപ നിക്ഷേപമായും സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 900 അംഗങ്ങള്‍ക്ക് വിവിധ വായ്പാ പദ്ധതികള്‍ വഴി 5.5 കോടി രൂപ നല്‍കാനും സാധിച്ചു. റിസര്‍വ് ബാങ്കിന്റെ പുതിയനയം പ്രതീക്ഷ നല്‍കുന്നു.
(ലേഖകന്‍ ഇന്‍ഫാക് ചെയര്‍മാന്‍, എ.ഐ.സി.എല്‍ ഡയറക്ടര്‍, 'സംഗമം' പ്രസിഡന്റ് എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു)
Comments