മൗദൂദിയും ജമാഅത്തും തമ്മില്‍
ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമാണ് ഉസ്താദ് അബുല്‍ അഅ്‌ലാ മൗദൂദി. ജമാഅത്തിന്റെ രൂപവത്കരണത്തിന് ഒരുക്കങ്ങള്‍ നടത്തിയതും അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ കാര്യങ്ങള്‍ സംവിധാനിച്ചതും അദ്ദേഹം തന്നെയായിരുന്നു. ഭരണഘടന ഉള്‍പ്പെടെയുള്ള ആദ്യകാല അടിസ്ഥാന സാഹിത്യങ്ങള്‍ പിറവിയെടുത്തതും മൗദൂദിയുടെ ചിന്തകളിലൂടെയാണ്. ജമാഅത്തിന്റെ ഉത്ഭവവും വളര്‍ച്ചയും വികാസവും പഠിക്കുമ്പോള്‍ എന്തുകൊണ്ടും ആദ്യ പരിഗണനയില്‍ വരേണ്ട വ്യക്തിത്വം സയ്യിദ് മൗദൂദിയുടേതു തന്നെയാണ്. എന്നാല്‍, പിരിയാനാവാത്ത തരത്തിലാണോ ജമാഅത്തും മൗദൂദിയും തമ്മിലുള്ള ബന്ധം, മൗദൂദി തന്നെ അത്തരമൊരു ബന്ധത്തെ എങ്ങനെയാണ് വിഭാവന ചെയ്യുന്നത്, മൗദൂദിയെ ഒഴിവാക്കി ജമാഅത്തിന് മാത്രമായി ഒരസ്തിത്വം സാധ്യമല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ജമാഅത്തും മൗദൂദിയും തമ്മിലുള്ള ബന്ധങ്ങളെ വായിക്കുമ്പോള്‍ പ്രസക്തമാണ്.
'മൗദൂദിസം' എന്ന അപരനാമത്തിലൂടെ ജമാഅത്തിനെയും അതിന്റെ കാല്‍വെപ്പുകളെയും തടയാന്‍ ശ്രമിക്കുന്ന പൊതുബോധം വളര്‍ന്നുവരുന്ന ഒരു ഘട്ടത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും പ്രസക്തിയുണ്ട്. അടുത്തകാലത്തായി കേരളത്തില്‍ ജമാഅത്തുമായും അതിന്റെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മൗദൂദിസമെന്ന വാക്ക് പലരും തിരുകിവെക്കുന്നതായി കാണാം. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജമാഅത്തിനെയും അതിന്റെ നയവികാസങ്ങളെയും വിശദീകരിക്കുമ്പോള്‍ ചിലര്‍ പറയും: നാം ഇസ്‌ലാമിനെ കുറിച്ച് ചര്‍ച്ചചെയ്യാനല്ല ഇവിടെ വന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിലും അതിന്റെ ആശയങ്ങളിലും ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമില്ല. മൗദൂദി പറഞ്ഞതിനെക്കുറിച്ചാണ് നിങ്ങളിവിടെ പറയേണ്ടത്.
മൗദൂദി സാഹിബിനു ശേഷം ജമാഅത്തില്‍ സമഗ്രമായി കാര്യങ്ങള്‍ വിഭാവനം ചെയ്യാന്‍ ശ്രമിച്ച ചിന്തകരുണ്ടായിട്ടില്ല, അത്തരമൊരു ചിന്തകനെ വളര്‍ത്താനോ പ്രോത്സാഹിപ്പിക്കാനോ ജമാഅത്ത് ശ്രമിച്ചിട്ടില്ല തുടങ്ങിയ സിയാഉദ്ദീന്‍ സര്‍ദാറിനെ പോലുള്ളവരുടെ വിമര്‍ശനവുമു്. അതിനെ ആത്മവിമര്‍ശനാത്മകമായി സ്വീകരിക്കാവുന്നതാണ്. എന്നാല്‍, ജമാഅത്തിന്റെ മുന്നോട്ടുപോക്കും മൗദൂദി സാഹിബിന്റെ ചിന്തയും തമ്മിലുള്ള ബന്ധത്തെയും അവ തമ്മിലുള്ള പാരസ്പര്യത്തെയും കുറിച്ച് മൗദൂദി തന്നെ എന്താണ് ചിന്തിച്ചതെന്നും പറഞ്ഞതെന്നും പരിശോധിക്കുന്നത് ഈ വിഷയത്തില്‍ നിര്‍ണായകമാണ്. ജമാഅത്ത് പ്രവര്‍ത്തനത്തില്‍ താന്‍ നേരിട്ട് പങ്കാളിയല്ലാത്ത പ്രദേശങ്ങളില്‍ സ്വീകരിക്കേ നയങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാനാവശ്യപ്പെട്ടപ്പോള്‍ ഈ വിഷയത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ നിലപാടുകളെയും വീക്ഷണങ്ങളെയും കുറിച്ച വായനകളും ചിന്തകളുമാണ് ഇവിടെ പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്നത്.
ഒരു സംഘടനയുടെ ആധികാരിക രേഖയായി അംഗീകരിക്കപ്പെടാറുള്ളത് അതിന്റെ ഭരണഘടനയാണല്ലോ. ജമാഅത്തിന്റെ തീരുമാനങ്ങളുടെയും മറ്റും ഉറവിടവും അവലംബവുമായി ഭരണഘടന വ്യക്തമാക്കുന്നത് ഖുര്‍ആനെയും സുന്നത്തിനെയുമാണ്. നിരുപാധികവും വിമര്‍ശനാതീതവുമായ അനുസരണവും അംഗീകാരവും സംഘടനാ നേതാക്കള്‍ക്ക് നല്‍കാവതല്ലെന്നും ഭരണഘടന അനുശാസിക്കുന്നു്. ജമാഅത്ത് ഭരണഘടനയുടെ പ്രധാന ശില്‍പിയും ആദ്യ അമീറുമായ മൗദൂദി സാഹിബിനെ കുറിച്ചും ജമാഅത്ത് പുലര്‍ത്തുന്ന നിലപാട് ഇതുതന്നെയാണ്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയിലെ മൂന്നാം ഖണ്ഡികയില്‍, ആദര്‍ശം വിശദീകരിക്കുന്ന ഭാഗത്ത് പറയുന്നു: ''ഈ ആദര്‍ശത്തിലെ രണ്ടാം ഭാഗമായ 'മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂലാണ്' എന്നതിന്റെ വിവക്ഷ ഇതാണ്: സാക്ഷാല്‍ 'മഅ്ബൂദും' പ്രപഞ്ചത്തിന്റെ അധിപതിയുമായ അല്ലാഹു, ഭൂവാസികളായ മനുഷ്യര്‍ക്കാകമാനം അന്ത്യദിനം വരേക്കുള്ള പ്രാമാണിക മാര്‍ഗനിര്‍ദേശപത്രവും പരിപൂര്‍ണ ജീവിതപദ്ധതിയും കൊടുത്തയച്ച്, ആ നിര്‍ദേശവും പദ്ധതിയും അനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട്, ഒരു സമ്പൂര്‍ണ ജീവിതമാതൃക സംസ്ഥാപിക്കാന്‍ നിയോഗിച്ചിട്ടുള്ള അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) തിരുമേനി ആകുന്നു.
ഈ വസ്തുത ഗ്രഹിച്ച് അംഗീകരിക്കുന്നതിനാല്‍ താഴെ പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ അനിവാര്യമായിത്തീരുന്നു:
1. മുഹമ്മദ് നബി(സ)യുടേതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണനിര്‍ദേശങ്ങളും നിരുപാധികം സ്വീകരിക്കുക.
2. ഒരു കാര്യം ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമുള്ള പ്രേരണ, ആ കാര്യത്തില്‍ ദൈവദൂതന്റെ കല്‍പനയോ നിരോധമോ ഉള്ളതായി തെളിഞ്ഞിട്ടുണ്ട് എന്നത് മാത്രമാവുക. അതല്ലാതെ മറ്റൊരു തെളിവും അനുസരണത്തിന് ആവശ്യമില്ലാതിരിക്കുക.
3. ദൈവദൂതന്റേതൊഴിച്ച് മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാര്‍ഗദര്‍ശനവും അംഗീകരിക്കാതിരിക്കുക. മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിത്താബിനും റസൂലിന്റെ സുന്നത്തിനും വിധേയമായിട്ടല്ലാതെ അവ രണ്ടില്‍നിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുക.
4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അല്ലാഹുവിന്റെ കിത്താബും റസൂലിന്റെ സുന്നത്തും അംഗീകരിക്കുക. കിത്താബിനും സുന്നത്തിനും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാര്‍ഗവും മാത്രം അവലംബിക്കുകയും അവക്കെതിരായതെന്തും തിരസ്‌കരിക്കുകയും ചെയ്യുക.
5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ വംശീയമോ ദേശീയമോ കക്ഷിത്വപരമോ സംഘടനാപരമോ ആയ എല്ലാവിധ അനിസ്‌ലാമിക പക്ഷപാതങ്ങളെയും മനസ്സില്‍നിന്ന് പുറംതള്ളുക. ദൈവദൂതനോടും അവിടുന്ന് സമര്‍പ്പിച്ച സത്യത്തോടുമുള്ള സ്‌നേഹാദരവിനെ അതിജയിക്കുകയോ, അതിനോട് കിടപിടിക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്‌നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുക.
6. ദൈവദൂതനെ അല്ലാതെ മറ്റാരെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുക (ഒരാളെ 'സത്യത്തിന്റെ മാനദണ്ഡ'മാക്കുന്നതും അയാളെ 'സത്യവാനാ'ണെന്ന് കരുതുന്നതും തമ്മിലും, 'വിമര്‍ശന'വും 'നിന്ദ'യും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പരിഗണിക്കേണ്ടതാണ്). മറ്റാരെയും വിമര്‍ശനാതീതനായി ഗണിക്കാതിരിക്കുക. മറ്റൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാതിരിക്കുക. അല്ലാഹു നിശ്ചയിച്ച ഈ പരിപൂര്‍ണ മാനദണ്ഡംകൊണ്ട് ഓരോരുത്തനെയും പരിശോധിക്കുകയും അതനുസരിച്ച് ആര്‍ ഏതു പദവിയിലാണോ അതേ പദവിയില്‍ വെക്കുകയും ചെയ്യുക'' (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, മൂന്നാം ഖണ്ഡിക -2011).
ഇവിടെ വ്യക്തമായി പ്രഖ്യാപിച്ച കാര്യമാണ് പ്രവാചകന്‍ ഒഴിച്ചുള്ള മറ്റൊരു മനുഷ്യനെയും പൂര്‍ണസത്യത്തിന്റെ അവലംബമായി കാണുകയില്ല എന്നത്. സയ്യിദ് മൗദൂദി തന്നെ അദ്ദേഹത്തിന്റെ മറ്റു പല എഴുത്തുകളിലും ഇക്കാര്യം എടുത്തു പറഞ്ഞിട്ടുമുണ്ട്. ചരിത്രവിശകലനത്തിന്റെ ചില സന്ദര്‍ഭങ്ങളില്‍ സ്വഹാബിമാരെ വരെ അദ്ദേഹം നിരൂപണം ചെയ്യുന്നുണ്ട്. എന്നിരിക്കെ മഹാന്മാരായ സ്വഹാബിവര്യന്മാരേക്കാള്‍ മഹാനായി തന്നെ അദ്ദേഹം കാണുമെന്ന് വിചാരിക്കാന്‍ ദുരുദ്ദേശ്യക്കാര്‍ക്ക് മാത്രമേ സാധിക്കൂ.
ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകത്തില്‍ അദ്ദേഹം ഖിലാഫത്തുര്‍റാശിദയെയും തുടര്‍ന്നുള്ള ഘട്ടങ്ങളെയും സൂക്ഷ്മായി വിലയിരുത്തുന്നുണ്ട്. അതിന്റെ ഭാഗമായി പല സ്വഹാബിമാരെയും അദ്ദേഹം നിരൂപണം ചെയ്യുന്നുണ്ട്. അവിടെയും പ്രവാചകനല്ലാതെ മറ്റൊരാളെയും നിരുപാധികം അനുസരിക്കുകയോ, അവര്‍ പറയുന്നതെല്ലാം അപ്പടി സ്വീകരിക്കുകയോ ചെയ്യരുതെന്ന തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിക്കുന്നു. തന്റെ നിലപാട് ഗവേഷണാടിസ്ഥാനത്തിലാണെന്നും അതും തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും അദ്ദേഹം പറയുന്നുണ്ട്. പ്രവാചകന്മാരൊഴികെയുള്ള എല്ലാ മഹാന്മാരും ശരിയും തെറ്റും സംഭവിക്കാവുന്നവരാണെന്നും അവര്‍ പറഞ്ഞത് സ്വീകരിക്കല്‍ നിര്‍ബന്ധമല്ലെന്നും സാരം.
ഖിലാഫത്തും രാജവാഴ്ചയും എന്ന തന്റെ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടികള്‍ ഇക്കാര്യത്തിലെ മൗദൂദിയുടെ നിലപാട് മനസ്സിലാക്കാനുതകും. അദ്ദേഹം എഴുതുന്നു: ''ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സ്വഹാബികളുടെ മഹത്വത്തെ ഇടിച്ചുതാഴ്ത്തുമെന്നും മുസ്‌ലിംകള്‍ക്ക് അവരോടുള്ള ആദരവിന് ഭംഗം വരുത്തുമെന്നുമൊക്കെയുള്ള ആശങ്കകള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. അതുസംബന്ധമായി ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടതാവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ........... പ്രവാചകന്മാരൊഴികെ, സ്വഹാബിമാരടക്കമുള്ള സകല മനുഷ്യരും പാപസുരക്ഷിതത്വം (മഅ്‌സൂമിയ്യത്ത്) ഇല്ലാത്തവരാണ്. പ്രവാചകന്മാര്‍ മാത്രമേ പാപമുക്തരായുള്ളൂ. പ്രവാചകന്മാരല്ലാത്ത ഒരാളും തന്നെ അവര്‍ തെറ്റു പറ്റാത്തവരും പറ്റിയിട്ടില്ലാത്തവരുമാണ് എന്ന അര്‍ഥത്തില്‍ മഹാനാവുന്നില്ല. മറിച്ച് അവര്‍ മഹാന്മാരാകുന്നത് ജ്ഞാനവും കര്‍മവും കൊണ്ട് അവരുടെ ജീവിതത്തില്‍ നന്മ മുന്തിനില്‍ക്കുന്നതിനാലാണ്. ഒരാളില്‍ നന്മ എത്രത്തോളം മികച്ചുനില്‍ക്കുന്നുവോ അത്രത്തോളം അയാള്‍ മഹാനായിരിക്കും. ഒരു പ്രവൃത്തിയോ ഏതാനും പ്രവൃത്തികളോ തെറ്റായതുകൊണ്ട് അയാളുടെ മഹത്വം കുറഞ്ഞുപോവുകയില്ല.......... എല്ലാ മഹാന്മാരെ കുറിച്ചും പൊതുവിലും, സ്വഹാബിവര്യന്മാരെ കുറിച്ച് പ്രത്യേകിച്ചും എന്റെ സമീപനമിതാണ്: ഏതെങ്കിലും യുക്തിയുക്തമായ വ്യാഖ്യാനത്തിന്റെയോ പരിഗണനീയമായ നിവേദനത്തിന്റെയോ സഹായത്തോടെ അവരുടെ ഒരു വാക്കോ പ്രവൃത്തിയോ ശരിയായി വിശദീകരിക്കാന്‍ കഴിയുമെങ്കില്‍ ഞാനത് സ്വീകരിക്കും. മറ്റൊരു മാര്‍ഗവും ഇല്ലാത്തപ്പോഴല്ലാതെ അത് തെറ്റാണെന്ന് ഞാന്‍ പറയുകയില്ല. തെറ്റ് പൂഴ്ത്തിവെക്കുകയും ശരിയെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നത് നീതിക്കും വൈജ്ഞാനിക ഗവേഷണത്തിനും നിരക്കാത്തതു മാത്രമല്ല ദോഷകരവും കൂടിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്തെന്നാല്‍ ഇത്തരം ബാലിശമായ വക്കാലത്ത് ആരെയും തൃപ്തിപ്പെടുത്തുകയില്ല. അത് സ്വഹാബിവര്യന്മാരുടെയും ഇതര മഹാന്മാരുടെയും യഥാര്‍ഥമായ മഹത്വത്തെ കുറിച്ച് നാം പറയുന്ന കാര്യങ്ങളെകൂടി സംശയാസ്പദമാക്കിത്തീര്‍ക്കും. അതിനാല്‍, ഒരു കാര്യം വ്യക്തമായും സംശയാതീതമായും തെറ്റാണെന്നു കണ്ടാല്‍ വളച്ചുകെട്ടില്ലാതെ, ഇന്ന മഹാന്റെ ഇന്ന വാക്ക് അല്ലെങ്കില്‍ ഇന്ന പ്രവൃത്തി തെറ്റായിരുന്നു എന്ന് തുറന്നുപറയുകയാണ് വേണ്ടത്. തെറ്റുകള്‍ വലിയ വലിയ മഹാന്മാര്‍ക്കു വരെ സംഭവിക്കാവുന്നതാണ്. അതുകൊണ്ട് അവരുടെ മഹത്വത്തിന് ഒരു കോട്ടവും തട്ടുകയില്ല. കാരണം, അവരുടെ മഹത്വം നിര്‍ണയിക്കുന്നത് അവരുടെ മഹത്തായ കര്‍മങ്ങളാണ്, അവരുടെ ഒന്നോ രണ്ടോ വീഴ്ചകളല്ല'' (ഖിലാഫത്തും രാജവാഴ്ചയും, പേജ് 249-257).
ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച് ആദ്യ അമീറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍, തന്നെ ഒരിക്കലും നന്മ-തിന്മകളുടെ മാനദണ്ഡമാക്കരുതെന്ന് പ്രത്യേകം പറയുന്നുണ്ട്. മാത്രമല്ല, വൈജ്ഞാനികവും ഗവേഷണപരവുമായ വിഷയങ്ങളില്‍ പ്രസ്ഥാനം താനുള്‍പ്പെടെയുള്ള ഒരു അംഗത്തിന്റെ മേലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തന്റെയും മറ്റു നേതാക്കളുടെയും പഠനഗവേഷണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അഭിപ്രായങ്ങള്‍ സംഘടനക്ക് ഭാരമാകുന്ന തരത്തില്‍ അടിച്ചേല്‍പിക്കരുതെന്നും തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം ഉണര്‍ത്തുന്നു.
ജമാഅത്തിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം നടത്തിയ പ്രസംഗത്തില്‍നി
ന്ന്: ''അവസാനമായി ഒരു കാര്യം സ്പഷ്ടമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും എനിക്ക് സ്വന്തമായൊരു സരണിയുണ്ട്. സ്വന്തം പഠനഗവേഷണങ്ങളുടെ ഫലമായി ഞാന്‍ സ്വീകരിച്ചതാണത്. കഴിഞ്ഞ എട്ടു വര്‍ഷമായി തര്‍ജുമാനുല്‍ ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക് അറിയാവുന്നതുമാണത്. ഇപ്പോള്‍ ഞാന്‍ ഈ ജമാഅത്തിന്റെ അമീറായിരിക്കുന്ന സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഫിഖ്ഹിലും ഇല്‍മുല്‍ കലാമിലും ഞാന്‍ മുമ്പ് എഴുതിയിട്ടുള്ളതും ഇനി എഴുതുന്നതും പറയുന്നതും ജമാഅത്തിന്റെ അമീര്‍ എന്ന നിലക്കുള്ള തീരുമാനമായിരിക്കുകയില്ല. മറിച്ച്, എന്റെ വ്യക്തിഗതമായ അഭിപ്രായമായിരിക്കും അത്. എന്റെ അഭിപ്രായങ്ങളെ ജമാഅത്തിലെ പണ്ഡിതന്മാരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ എന്റെ വൈജ്ഞാനിക ഗവേഷണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജമാഅത്തിന്റെ ഭാഗത്തുനിന്ന് നിയന്ത്രണമേര്‍പ്പെടുത്തുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ജമാഅത്ത് പ്രവര്‍ത്തകരോട് അല്ലാഹുവിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുകയാണ്, ഫിഖ്ഹും ഇല്‍മുല്‍ കലാമുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ മുമ്പില്‍ പ്രമാണമായി നിങ്ങള്‍ അവതരിപ്പിക്കരുത്. അതുപോലെ, എന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ തെളിവാക്കരുത്. അത്തരം പ്രവര്‍ത്തനങ്ങളെ, അത് ഞാന്‍ ചെയ്തതാണെന്നതുകൊണ്ട് മാത്രം അനുകരിക്കുകയും ചെയ്യരുത്. അറിവില്ലാത്ത ആളുകള്‍ തങ്ങള്‍ക്ക് വിശ്വാസമുള്ള ആളുകളുടെ അറിവിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കട്ടെ...
''ഇത്തരം കാര്യങ്ങളില്‍ എന്നോട് വിയോജിക്കുന്നതിനും സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. ശാഖാപരമായ കാര്യങ്ങളിലുള്ള അഭിപ്രായഭിന്നത നിലനിര്‍ത്തിക്കൊണ്ടും ഒരു ജമാഅത്തായി തുടരാന്‍ നമുക്ക് സാധിക്കും. സ്വഹാബിവര്യന്മാര്‍ക്ക് സാധിച്ചതുപോലെ'' (ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ്).
മൗദൂദി സാഹിബ് തന്നെ തന്റെ പല നിലപാടുകളും തിരുത്തി മുന്നോട്ടുപോയതിന് ധാരാളം തെളിവുകള്‍ കാണാനാവും. സാഹചര്യങ്ങളും അവസ്ഥകളും മാറിയപ്പോള്‍ ജനാധിപത്യം, സ്ത്രീനേതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പഴയ നിലപാട് തിരുത്തിയിട്ടു്. അങ്ങനെയുള്ള ഒരാള്‍ ഒരു സാഹചര്യത്തിലും ജമാഅത്ത് തന്റെ 'മൗദൂദിസ'ത്തില്‍നിന്ന് പുറത്തുകടക്കരുതെന്ന് ശഠിക്കുമോ?
ഈ നിലപാടുമാറ്റത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് പാകിസ്താനില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഫാത്വിമാ ജിന്നയുടെ വിജയത്തിനായി അദ്ദേഹം രംഗത്തിറങ്ങിയത്. സ്ത്രീകളുടെ നേതൃത്വം, അവരുടെ സാമൂഹിക പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് തന്റേതായ അഭിപ്രായമു്. അതേസമയം, പട്ടാള ഭരണത്തിന് അറുതിവരുത്താനും ജനാധിപത്യം സംരക്ഷിക്കാനും ഫാത്വിമ ജിന്നയെ പിന്തുണക്കേിവന്നപ്പോള്‍ അദ്ദേഹമതിന് തയാറാവുകയും ചെയ്തു. സ്ത്രീനേതൃത്വം സംബന്ധിച്ച മുന്‍ നിലപാട് മാറുന്നതോടൊപ്പംതന്നെ, പാകിസ്താനിലെ ജനാധിപത്യസംരക്ഷണത്തിലെ മൗദൂദി സാഹിബിന്റെ ശ്രദ്ധയും മനസ്സിലാക്കാവുന്നതാണ്. ജനാധിപത്യവുമായി ബന്ധപ്പെട്ട ആദ്യകാല നിലപാടുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇത്.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലാണ് മൗദൂദി പ്രവര്‍ത്തിച്ചത്. ഇന്ത്യാ-പാക് വിഭജനം ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്ര-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അത് മൗദൂദി സാഹിബിന്റെ ചിന്തകളിലും പ്രായോഗിക പ്രവര്‍ത്തനങ്ങളിലും നന്നായി പ്രതിഫലിക്കുന്നുമുണ്ട്. ആ വശം പൊതുവെ തമസ്‌കരിക്കപ്പെടുകയാണ് ചെയ്യാറുള്ളത്. ജനാധിപത്യ ഭരണസംവിധാനത്തോടും മറ്റുമുള്ള അദ്ദേഹത്തിന്റെ നിലപാടുകളില്‍ ഈ പരിണാമം വ്യക്തമായി ദര്‍ശിക്കാനാവും.
പാകിസ്താനിലെത്തിയ ശേഷം അദ്ദേഹം ഭരണകൂടത്തോട് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതു കാണാം. ആദ്യകാലത്ത് ഭരണത്തെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നു്. ഭരണം മുസ്‌ലിം നാമധാരികളിലേക്ക് മാറുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്നീട് ജനാധിപത്യ സര്‍ക്കാറിന് അദ്ദേഹം പിന്തുണ നല്‍കുന്നതും നാം കാണുന്നു. ഇസ്‌ലാമിക വിരുദ്ധമല്ലാത്ത ദേശബോധത്തെ അദ്ദേഹം പുകഴ്ത്തുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നുമു്.
ഫോട്ടോകളോടും ചിത്രങ്ങളോടുമുള്ള മൗദൂദിയുടെ സമീപനം, അവ നിരുത്സാഹപ്പെടുത്തുക എന്നതായിരുന്നു. ശൈഖ് യൂസുഫുല്‍ ഖറദാവി ഒരിക്കല്‍ പാകിസ്താനില്‍ മൗദൂദിയെ സന്ദര്‍ശിച്ചപ്പോള്‍ അനുയായികള്‍ ഖറദാവിയോട് ഫോട്ടോയുടെ വിധി ചോദിച്ചു. ഖറദാവി അനുവദനീയമാണെന്ന് പറഞ്ഞു. അപ്പോള്‍ മൗദൂദി സാഹിബ്, അവിടെയുള്ള ജമാഅത്തുകാര്‍ക്ക് ആരുടെ നിലപാടും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ചെയ്തത്. ജമാഅത്ത് നേതാവെന്ന നിലയില്‍ പ്രസ്ഥാനം തന്റെ അഭിപ്രായങ്ങള്‍ തന്നെ പിന്‍പറ്റണമെന്ന് മൗദൂദിക്ക് ഒരു നിര്‍ബന്ധവുമില്ലായിരുന്നെന്നാണ് ഈ സംഭവം കുറിക്കുന്നത്.
വിഭജനാനന്തരം പാകിസ്താനിലേക്ക് പോയശേഷം മറ്റു രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ മൗദൂദിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. തങ്ങളുടെ പ്രസ്ഥാനം എന്ത് നയസമീപനങ്ങളാണ് സ്വീകരിക്കേണ്ടത് എന്ന് അന്വേഷിക്കാനായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. ഇത്തരം അന്വേഷണങ്ങള്‍ക്കൊന്നും കാര്യമായ പ്രതികരണം അദ്ദേഹത്തില്‍നിന്ന് ഉാവാറില്ല. ഓരോ നാട്ടിലെയും ഇസ്‌ലാമിക പ്രസ്ഥാനം തങ്ങളുടെ സാഹചര്യങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും അനുസരിച്ച് സ്വയം നിലപാടുകള്‍ രൂപവത്കരിക്കുകയാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
1978-ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ഒരു സംഘം മൗദൂദിയെ സന്ദര്‍ശിച്ച് അവിടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടതെങ്ങനെയെന്ന് ചോദിച്ചു. നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നതായിരുന്ന പ്രധാന പ്രശ്‌നം. മൗദൂദി സാഹിബ് പറഞ്ഞത്, നിങ്ങളുടെ രാജ്യത്തെ സാഹചര്യങ്ങളും അനുഭവങ്ങളും മുന്നില്‍ വെച്ച് നിങ്ങള്‍തന്നെ തീരുമാനിക്കൂ എന്നാണ്. ദക്ഷിണാഫ്രിക്കന്‍ സംഘത്തോട് അദ്ദേഹം പറഞ്ഞു: ''ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ അടിച്ചമര്‍ത്തല്‍ നയങ്ങളില്‍നിന്ന് മുസ്‌ലിംകളെയും മറ്റു പീഡിതരെയും മോചിപ്പിക്കാന്‍ നിങ്ങള്‍ കഠിനപ്രയത്‌നങ്ങള്‍ നടത്തണം. ഇത്തരം അക്രമ നയങ്ങള്‍ കൈക്കൊള്ളുന്നവരെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ പരമാവധി ശ്രമിക്കണം. അവര്‍ക്കെതിരെ സ്വതന്ത്രനായി ഒരാളെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്യുക. അതിന് സാധ്യമല്ലെങ്കില്‍ വെള്ളക്കാരുടെ അക്രമനയങ്ങളെ ചെറുക്കുന്നവര്‍ മത്സരിക്കുന്നുങ്കെില്‍ അവരെ സഹായിക്കുക'' (സിയാസീ വ ഇജ്തിഹാദീ ഉമൂര്‍ ഔര്‍ മൗലാനാ മൗദൂദി- മൗലാനാ റിയാസ് അഹ്മദ് ഖാന്‍, പേജ് 17).
ഹൈദരാബാദിലെ റസാഖാര്‍ നേതാവും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമൂന്‍ സെക്രട്ടറിയുമായിരുന്ന ഖാസിം റിസ്‌വിയുമായി നടത്തിയ കത്തിടപാടുകളില്‍ മൗദൂദി ഇന്ത്യയിലെ ഭരണത്തോട് സ്വീകരിക്കേണ്ട നിലപാട് സൂചിപ്പിക്കുന്നുണ്ട്. പരമാവധി ഇന്ത്യന്‍ ഭരണവുമായി സഹകരിച്ചു മുന്നോട്ടുപോകണമെന്നാണ് മൗദൂദി റിസ്‌വിയെ ഉപദേശിക്കുന്നത്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സ്വതന്ത്രമായി ഇന്ത്യന്‍ സാഹചര്യത്തിന് യോജിക്കുന്ന നയനിലപാടുകളുമായി മുന്നോട്ടുപോകണമെന്നതായിരുന്നു മൗദൂദി സാഹിബിന്റെ വീക്ഷണം. ഇന്ത്യന്‍ ജമാഅത്ത് രാഷ്ട്രീയ വിഷയങ്ങളിലും തെരഞ്ഞെടുപ്പുകളിലും എന്ത് നിലപാട് സ്വീകരിക്കണമെന്ന് പലരും മൗദൂദിയോട് കത്തുകളിലൂടെയും മറ്റും അന്വേഷിച്ചിരുന്നു. മിക്കതിനും അദ്ദേഹം മറുപടി പറയാതിരിക്കുകയാണ് ചെയ്തത്. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള സംഘത്തോട് പറഞ്ഞതാണ് നിങ്ങളോടും പറയാനുള്ളത് എന്ന് ചിലരോട് പ്രതികരിച്ചിട്ടു്.
1978-ല്‍ അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. അതിനിടയിലാണ് ഇന്ത്യന്‍ ജമാഅത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന റിയാസ് അഹ്മദ് ഖാനും ശംസ് പീര്‍സാദയും ഹജ്ജിന് പോയത്. മൗദൂദിയും പാകിസ്താനില്‍നിന്ന് പ്രസ്തുത വര്‍ഷം ഹജ്ജിനെത്തിയിരുന്നു. റിയാസ് ഖാനും പീര്‍സാദയും ഹജ്ജിനിടയില്‍ മൗദൂദിയുമായി കൂടിക്കാഴ്ച നടത്തി. റിയാസ് ഖാന്‍ അടിയന്തരാവസ്ഥക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്ത് എന്ത് നിലപാട് സ്വീകരിക്കണമെന്ന ചോദ്യമുന്നയിച്ചു. മൗദൂദി സാഹിബ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍, റിയാസ് ഖാന്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. അവസാനം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സജീവ രാഷ്ട്രീയത്തിലിറങ്ങണമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്ന് മൗദൂദി സാഹിബ് വ്യക്തമാക്കി. അദ്ദേഹം റിയാസ് ഖാനോട് പറഞ്ഞു: ''ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും മുസ്‌ലിംകളുടെ പ്രശ്‌നങ്ങളും സാഹചര്യങ്ങളും ഏകദേശം ഒരുപോലെയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും പാര്‍ലമെന്റില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ദക്ഷിണാഫ്രിക്കയിലെ മുസ്‌ലിംകള്‍ക്ക് ഞാന്‍ നല്‍കിയ നിര്‍ദേശം തന്നെയാണ് നല്‍കാനുള്ളത്'' (അതേ പുസ്തകം, പേജ് 18).
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പു നിലപാട് രൂപീകരിക്കാനുള്ള സുപ്രധാന യോഗം നടക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് റിയാസ് ഖാന്‍ മൗദൂദിയെ കണ്ട കാര്യം അന്നത്തെ അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് സാഹിബ് അറിയുന്നത്. അപ്പോള്‍ തന്നെ റിയാസ് ഖാനോട് ഹജ്ജ് കഴിഞ്ഞെത്തിയാല്‍ ഉടനെ തന്നെ വന്നു കാണണമെന്ന് അമീര്‍ ആവശ്യപ്പെട്ടു. മൗദൂദി സാഹിബുമായുള്ള സംസാരത്തിന്റെ ഉള്ളടക്കം യോഗത്തില്‍ പറയരുതെന്ന് നിര്‍ദേശിച്ചു. യോഗത്തിന്റെ തീരുമാനത്തെ അത് സ്വാധീനിക്കുമെന്നതാണ് കാരണമായി പറഞ്ഞത്.
ഈ സംഭവത്തില്‍ രണ്ട് പ്രധാന കാര്യങ്ങള്‍ മനസ്സിലാക്കാം. മൗലാനാ മൗദൂദി മതേതര ജനാധിപത്യ വ്യവസ്ഥയോടുള്ള തന്റെ നിലപാട് മാറ്റി എന്നതാണൊന്ന്. രണ്ടാമത്തെ കാര്യം, മൗലാനാ മൗദൂദിയുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചല്ല ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടു പോവുകയെന്ന മുഹമ്മദ് യൂസുഫ് സാഹിബിന്റെ നിലപാടാണ്.
ഇമാം മൗദൂദി ഖുര്‍ആനെയും തന്റെ കാലഘട്ടത്തെയും ഒരു പോലെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത പ്രതിഭയാണ്. ഒരു നവോത്ഥാന നായകനെന്ന നിലയില്‍, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ കാലഘട്ടത്തിന്റെ ഭാഷയില്‍ സമര്‍ഥിക്കുകയാണ് അദ്ദേഹം ചെയ്തത്. സമര്‍ഥനത്തിലും ഗവേഷണത്തിലുമെല്ലാം മൗലാനാ മൗദൂദി അന്നത്തെ പണ്ഡിതന്മാരില്‍നിന്ന് വ്യതിരിക്തത പുലര്‍ത്തി. ആധുനിക പാശ്ചാത്യ ചിന്തകളുടെ എല്ലാ സ്വാധീനങ്ങളില്‍നിന്നും മുക്തമാകണം തന്റെ ചിന്തയെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാശ്ചാത്യ സിദ്ധാന്തങ്ങളോട് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മൗലിക നിലപാടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വിയോജിച്ചു. അത്തരം ചിന്താധാരകളെയും തത്ത്വങ്ങളെയും ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു. അന്നത്തെ സാഹചര്യങ്ങളുടെ തേട്ടമെന്ന നിലയില്‍ അനിവാര്യമായ ഇടപെടലുകളായിരുന്നു അവയെല്ലാം.
ഈ ചിന്താ തീക്ഷ്ണതയില്‍ രൂപവത്കരിക്കപ്പെട്ട പ്രസ്ഥാനമെന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അദ്ദേഹത്തിന്റെ ചിന്തകളുടെ സ്വാധീനം ഉണ്ടാവുമെന്നുറപ്പാണ്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള നിലപാടുകളായിരുന്നു ഇവയെല്ലാം. അതിന്റെ അടിസ്ഥാനത്തെ ആഗോളപ്രശസ്തരായ പണ്ഡിതന്മാരാരും വിമര്‍ശിച്ചിട്ടില്ല. അദ്ദേഹം പ്രായോഗികമായി സ്വീകരിച്ച നിലപാടുകളെയാണ് പല പണ്ഡിതന്മാരും വിമര്‍ശിച്ചത്. ഖറദാവിയും ഗന്നൂശിയുമെല്ലാം മൗദൂദിയോട് ഇത്തരത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ആധുനിക പണ്ഡിതരാണ്. പാശ്ചാത്യരുടെ എല്ലാ അജണ്ടകളെയും നന്നായി തിരിച്ചറിഞ്ഞിരുന്നു മൗദൂദി. അതിനാല്‍ അത്തരം രാഷ്ട്രീയ പ്രശ്‌നങ്ങളോട് ഇസ്‌ലാമികാടിത്തറയില്‍നിന്ന് നിലപാട് സ്വീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം നിലപാടുകള്‍ രൂപവത്കരിക്കാന്‍ സ്വീകരിച്ച അടിസ്ഥാനങ്ങള്‍ ഇന്നും പ്രസക്തമാണ്. അതിനെ ജമാഅത്ത് സ്വീകരിക്കുന്നുമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ മാറുമ്പോള്‍ മേല്‍പറഞ്ഞ അടിത്തറകളില്‍ ഉറച്ചുനിന്ന് നിലവിലെ സാഹചര്യങ്ങളോടുള്ള നിലപാട് സ്വീകരിക്കുകയാണ് ജമാഅത്ത് ചെയ്യുന്നത്. അപ്പോള്‍ ജമാഅത്തിനെ സംബന്ധിച്ചേടത്തോളം മൗദൂദി അതിന്റെ നിലപാടുകളുടെ രൂപവത്കരണത്തിനുള്ള ഒരു റഫറന്‍സ് ആണെന്ന് മനസ്സിലാക്കാം. ജമാഅത്ത് സംഘടനയെന്ന നിലയില്‍ നടത്തുന്ന പുനരാലോചനകള്‍ക്കൊന്നും മൗദൂദീചിന്തകള്‍ തടസ്സമല്ല. മൗദൂദിയുടെ ചിന്തകളും അദ്ദേഹത്തിന്റെ ഇസ്‌ലാംവായനകളും ജമാഅത്തെ ഇസ്‌ലാമിയെ സ്വാധീനിച്ചു എന്നു പറയാം. എന്നാല്‍ മൗദൂദിസമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന വാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
Comments