Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

വിദ്യാഭ്യാസരംഗത്ത്        ഇസ്‌ലാമിക പ്രസ്ഥാനം

എസ്. ഖമറുദ്ദീന്‍

ജീവിതമൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച്, സാമൂഹികമാറ്റത്തിനായി വിദ്യാഭ്യാസത്തെ പ്രയോജനപ്പെടുത്താന്‍ നടത്തിയ ബൗദ്ധികവും പ്രായോഗികവുമായ യത്‌നങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ അടയാളപ്പെടുത്തുമ്പോള്‍ മുഖ്യപരിഗണനയില്‍ വരിക.
മൗലാനാ മൗദൂദി അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലും ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായിലും അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ഒരു പുതിയ വിദ്യാഭ്യാസ വ്യവസ്ഥയുടെ അടിത്തറ സമര്‍പ്പിക്കുന്നുണ്ട്. പിന്നീട് പ്രസിദ്ധീകരിച്ച തഅ്‌ലീമാത്ത് എന്ന കൃതിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. അത്തരം സമീപനങ്ങളെ ഉള്‍ക്കൊണ്ടും പ്രാദേശിക സാഹചര്യങ്ങളെ നിരീക്ഷിച്ചും ആദ്യകാലങ്ങളില്‍തന്നെ കേരളത്തിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചിരുന്നു.
ഇസ്‌ലാമിനെ തനതുരൂപത്തില്‍ അതിന്റെ പ്രാഥമികസ്രോതസ്സുകളില്‍നിന്ന് പുതിയൊരു വീക്ഷണകോണില്‍ സമൂഹത്തെ പഠിപ്പിക്കാനാണ് പ്രസ്ഥാനം ശ്രമിച്ചത്. ഒരു സാമൂഹിക പരിശീലന രീതിയാണ് പ്രസ്ഥാനം ഇതിനായി അവലംബിച്ചത്. ആധുനിക ചിന്താപ്രസ്ഥാനങ്ങളോട് താരതമ്യം ചെയ്തുകൊണ്ട് ഒരു സമഗ്ര ജീവിത പദ്ധതിയായി ഇസ്‌ലാമിനെ സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍തന്നെ, പുതിയ തലമുറയെ വ്യവസ്ഥാപിതമായി വിദ്യ അഭ്യസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും സംരംഭങ്ങളും കേരളത്തിലും പ്രസ്ഥാന പ്രവര്‍ത്തകര്‍ ആരംഭിച്ചു.
ന്ധഅല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യത്സ എന്ന പേരിലും സമാന നാമങ്ങളിലും ആരംഭിച്ച പ്രാഥമിക പാഠശാലകളില്‍ ഇസ്‌ലാമിക വിഷയങ്ങളോടൊപ്പം ഗണിതവും ശാസ്ത്രവും ഭാഷകളുമൊക്കെ അഭ്യസിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചത്. രാവിലെയും വൈകുന്നേരവുമുള്ള മദ്‌റസകളും സ്ഥാപിക്കപ്പെട്ടു. പൊതു വിദ്യാഭ്യാസത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചിട്ടയായ ഇസ്‌ലാമിക വിദ്യാഭ്യാസം കൂടി നല്‍കുന്ന വ്യത്യസ്ത രീതികള്‍ പരീക്ഷിക്കുകയുണ്ടായി; ന്ധഓറിയന്റല്‍ത്സ സംവിധാനം മുതല്‍ ന്ധഓവര്‍ ഏജ്ഡ്ത്സ രീതി വരെ. പൊതു വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളും പരിഷ്‌കാരങ്ങളും അവക്ക് തടസ്സമാകുമ്പോള്‍ പുതിയ സാധ്യതകളന്വേഷിച്ച് അത് വിപുലപ്പെടുത്തിക്കൊണ്ടിരുന്നു.
കേരളത്തിന്റെ സവിശേഷമായ മദ്‌റസാ വിദ്യാഭ്യാസ രീതിയുടെ സാധ്യതകളെ ഇസ്‌ലാമിക പ്രസ്ഥാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മദ്‌റസകളെ സാമൂഹിക കേന്ദ്രങ്ങളാക്കി വളര്‍ത്തിയെടുത്തു. മദ്‌റസാ വാര്‍ഷികങ്ങള്‍, ആ പ്രദേശങ്ങളുടെ സാംസ്‌കാരിക മുദ്രകളായി. മദ്‌റസ സിലബസ്സും പാഠപുസ്തകങ്ങളും തയാറാക്കാന്‍ പ്രസ്ഥാനം ആദ്യകാലത്തുതന്നെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ശുദ്ധമായ മലയാളത്തില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കി, അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. പാഠ്യപദ്ധതി ആവിഷ്‌കരിക്കാനും പാഠപുസ്തക നിര്‍മാണത്തിനും അധ്യാപക പരിശീലനത്തിനും മറ്റും നേതൃത്വം നല്‍കാന്‍ ന്ധമജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിത്സ എന്ന പേരില്‍ ഒരു എജുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചു. 1979-ലാണ് ഇത് രജിസ്റ്റര്‍ ചെയ്തത്. തുടക്കത്തില്‍ മദ്‌റസാ ബോര്‍ഡായി രൂപീകരിക്കപ്പെട്ട മജ്‌ലിസ്, സ്‌കൂളുകളുടെയും ഇസ്‌ലാമിയാ കോളേജുകളുടെയും വേദിയായി വികസിച്ചു. മജ്‌ലിസ് രൂപവത്കരിക്കപ്പെട്ടതോടെ പാഠപുസ്തക നിര്‍മാണം, പരിശീലനം, ഇന്‍സ്‌പെക്ഷന്‍, പരീക്ഷ എന്നിവ കൂടുതല്‍ വ്യവസ്ഥാപിതമായി. കാലിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, പരിഷ്‌കരണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും മജ്‌ലിസ് എന്നും തയാറായി. എന്‍.സി.ഇ.ആര്‍.ടി വനിതാ പഠന കേന്ദ്രം മേധാവി ഡോ. സുഷമ ജയ്‌റേത്ത് നടത്തിയ പഠനത്തില്‍ മജ്‌ലിസ് മദ്‌റസാ പാഠപുസ്തകങ്ങളും മജ്‌ലിസ് പ്രവര്‍ത്തനങ്ങളും പ്രശംസിക്കപ്പെട്ടതായി കാണാം. 
പാഠപുസ്തക നിര്‍മാണം ഇപ്പോള്‍ മജ്‌ലിസ് എജുക്കേഷന്‍ ട്രസ്റ്റാണ് നിര്‍വഹിക്കുന്നത്. മദ്‌റസാ പ്രവര്‍ത്തനങ്ങള്‍ക്ക് മജ്‌ലിസ് മദ്‌റസാ ബോര്‍ഡ് നേതൃത്വം നല്‍കുന്നു. കേരളത്തിനു പുറമെ ഗള്‍ഫ് രാജ്യങ്ങള്‍, ബംഗളൂരു-ചെന്നൈ നഗരങ്ങള്‍ എന്നിവിടങ്ങളിലും മദ്‌റസകള്‍ പ്രസ്ഥാനനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. കലാ-കായിക വികാസത്തിന് അവസരമൊരുക്കുന്നതിനൊപ്പം ന്ധഹിക്മത്സ ടാലന്റ് സെര്‍ച്ച് പോലുള്ള വൈജ്ഞാനിക വികാസ സംരംഭങ്ങളും മജ്‌ലിസ് മദ്‌റസാ ബോര്‍ഡിനു കീഴിലുണ്ട്.
പല പ്രദേശങ്ങളിലെയും പ്രാഥമിക മദ്‌റസാ സംരംഭങ്ങള്‍, ക്രമേണ പൊതു കലാലയങ്ങളായി വികസിച്ചു. ഇന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക അധ്യയനവും നല്‍കുന്ന നിരവധി കലാലയങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു കീഴിലുണ്ട്. മികവുറ്റ സ്‌കൂള്‍ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ, മജ്‌ലിസില്‍ അഫിലിയേറ്റ് ചെയ്തിരുന്ന സ്‌കൂളുകള്‍ക്ക് ന്ധവിദ്യാ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ത്സ എന്ന പ്രത്യേക ബോര്‍ഡ് രൂപവത്കരിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സ്ഥാപന മേധാവികള്‍ക്കും പരിശീലനങ്ങള്‍, ബോധവത്കരണം, പാഠപുസ്തക നിര്‍മാണം, ടാലന്റ് പരീക്ഷകള്‍, കലാ-കായിക മത്സരങ്ങള്‍, മോണിറ്ററിംഗ് തുടങ്ങി സ്‌കൂളുകളെ മികച്ചതാക്കുന്നതിന് എല്ലാ മേഖലകളിലും വിദ്യാ കൗണ്‍സിലിന്റെ ശ്രദ്ധ ലഭിക്കുന്നുണ്ട്.
പ്രീ-പ്രൈമറി വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന് ഏര്‍ലി ചൈല്‍ഡ്ഹുഡ് എജുക്കേഷന്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിന് കൂടുതല്‍ വേഗത പകരാന്‍ ഈ പ്രീ-പ്രൈമറി സംവിധാനം പ്രയോജനകരമാകും. നമ്മുടെ കാഴ്ചപ്പാടുകള്‍ക്ക് ഇണങ്ങുന്ന, പുതിയ ഒരു കരിക്കുലവും ബ്രാന്‍ഡും വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാണ് ബോര്‍ഡ്.
1955-ല്‍ ഹാജി സാഹിബിന്റെ നേതൃത്വത്തില്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജ് സ്ഥാപിതമായി. കേരളത്തിന് പരിചിതമല്ലാത്ത ഒരു വിദ്യാഭ്യാസരീതിയുടെ പരീക്ഷണമായിരുന്നു അത്. ദീനീവിജ്ഞാനത്തെ ആധുനിക വിദ്യാഭ്യാസ രീതികളോട് ചേര്‍ത്തുനിര്‍ത്തി, എന്നാല്‍ പാരമ്പര്യങ്ങളും പൈതൃകങ്ങളും കൈയൊഴിയാതെ രൂപപ്പെടുത്തിയ പാഠ്യപദ്ധതി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ വിജയകരമായ ഒരു പരീക്ഷണമായി നമുക്കതിനെ വിലയിരുത്താം. കാലത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്ന ഇസ്‌ലാമിക പ്രബോധകരെ വാര്‍ത്തെടുക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. 1956-ല്‍ കുറ്റ്യാടിയിലും 1960-ല്‍ ചേന്ദമംഗല്ലൂരും തുടര്‍ന്ന് ഇവയുടെ ചുവടു പിടിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രസ്ഥാനം നേരിട്ടും പ്രവര്‍ത്തകരുടെ മുന്‍കൈയാലും നിരവധി സ്ഥാപനങ്ങള്‍ തുടങ്ങി. മജ്‌ലിസ് രൂപവത്കരിക്കപ്പെട്ടതോടെ പാഠ്യപദ്ധിയിലും സമീപനങ്ങളിലും അവിടങ്ങളില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ നടപ്പില്‍വരുത്തി. ഇസ്‌ലാമിയാ കോളേജുകളിലെ ആദ്യ തലമുറ ബിരുദധാരികള്‍ പ്രസ്ഥാന നേതൃരംഗത്ത് അദ്വിതീയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. ഇസ്‌ലാമിയാ കോളേജുകള്‍ ന്ധകാഴ്ചപ്പാടും വീക്ഷണവുംത്സ പ്രദാനം ചെയ്ത വിദ്യാര്‍ഥികള്‍ ജീവിതത്തിന്റെ വിവിധ തുറകളിലേക്ക് സധൈര്യം നടന്നുകയറുകയും സംഭാവനകളര്‍പ്പിക്കുകയും ചെയ്തു. വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇസ്‌ലാമിക കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു തലമുറയെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നത് ഈ വിദ്യാഭ്യാസ പരീക്ഷണങ്ങളുടെ വിജയം തന്നെയാണ്. ഇടക്ക് നിറംമങ്ങിപ്പോയ ഈ ഇസ്‌ലാമിക കലാലയങ്ങള്‍ ഒരു പുനരുജ്ജീവനത്തിന്റെ പാതയിലാണിപ്പോള്‍.
സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കടന്നുവരവ് കുറച്ച് വൈകിയാണ് സംഭവിച്ചത്. ഒരു സേവന മേഖലയെന്ന കാഴ്ചപ്പാടില്‍ വിവിധ കേന്ദ്രങ്ങളില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പോലുള്ള എയ്ഡഡ് സ്ഥാപനങ്ങള്‍ അധ്യാപക നിയമനത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും കോഴയും കൈക്കൂലിയുമില്ലാതെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നു.
വിദ്യാഭ്യാസരംഗത്ത് വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുന്നില്‍ ഇസ്‌ലാമിക പ്രസ്ഥാനം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. 1952-ല്‍ ചേന്ദമംഗല്ലൂരില്‍ സ്ഥാപിച്ച ന്ധമദ്‌റസത്തുല്‍ ബനാത്ത്ത്സ വനിതകള്‍ക്ക് താമസിച്ച് പഠിക്കുന്നതിനുള്ള ആദ്യ സംരംഭമായിരുന്നു. വനിതാ കോളേജുകളും ഇതര കലാലയങ്ങളില്‍ പെണ്‍കുട്ടികളുടെ പ്രവേശനവും അധ്യാപനരംഗത്ത് വനിതാ പങ്കാളിത്തവും ആദ്യകാലങ്ങളില്‍ തന്നെ സജീവമായിരുന്നു. കേരളത്തിലെ മദ്‌റസാ അധ്യാപകരിലെ കുറഞ്ഞ വനിതാ പങ്കാളിത്തം ഒരു ന്യൂനതയായി ഡോ. സുഷമാ ജയ്‌റേത്ത് നിരീക്ഷിക്കുമ്പോള്‍, മജ്‌ലിസ് മദ്‌റസകളില്‍ അമ്പതു ശതമാനത്തിലധികം വനിതകളാണ് അധ്യയനം നിര്‍വഹിക്കുന്നത്.
വൈജ്ഞാനികരംഗത്ത് അതിദ്രുതം മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് അവയെ ഉള്‍ക്കൊണ്ട്് മുന്നോട്ടുപോകേണ്ടതുണ്ട്. ആദര്‍ശങ്ങളിലൂന്നിനിന്ന് ഏതു മാറ്റത്തെയും ക്രിയാത്മകമായി വിലയിരുത്താനും നന്മയെ ഉള്‍ക്കൊള്ളാനും കരുത്ത് നേടിയിട്ടുണ്ട് ഇസ്‌ലാമിക പ്രസ്ഥാനം. ആ കരുത്തും ധൈര്യവും കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസരംഗത്ത് ഇനിയും മാര്‍ഗദര്‍ശനമാകുമെന്ന് പ്രതീക്ഷിക്കാം.


അല്‍ജാമിഅ അല്‍ഇസ്‌ലാമിയ

1955-ല്‍ സ്ഥാപിതമായ ശാന്തപുരം ഇസ്‌ലാമിയ കോളേജിനെ 2000-ത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ  അന്താരാഷ്ട്രനിലവാരമുള്ള ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. നിലവിലെ എ.ഐ.സി കോഴ്‌സിനു പുറമെ ഉസ്വൂലുദ്ദീന്‍ എന്ന പേരില്‍ ദീനീപഠനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു 6 വര്‍ഷ കോഴ്‌സ് കൂടി ആരംഭിച്ചു. ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയില്‍ ഉന്നതപഠനത്തിനായി വിപുലമായ സംവിധാനം എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ. യൂനിവേഴ്‌സിറ്റി പ്രഖ്യാപനം 2003 മാര്‍ച്ച് 1-ന് ലോകപ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി നിര്‍വഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ഇവിടെ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. 
സീനിയര്‍ സെക്കന്ററി, കുല്ലിയത്തു ഉസ്വൂലുദ്ദീന്‍, കുല്ലിയത്തുല്‍ ഖുര്‍ആന്‍, കുല്ലിയത്തുല്‍ ഹദീസ്, കുല്ലിയത്തുശ്ശരീഅ, കുല്ലിയത്തുദ്ദഅ്‌വ,  ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജസ്, ഫാക്കല്‍റ്റി ഓഫ് ഇസ്‌ലാമിക് ഫിനാന്‍സ് എന്നിവയാണ് അല്‍ ജാമിഅക്ക് കീഴിലുള്ള കോഴ്‌സുകള്‍. 
ഈ കോഴ്‌സുകള്‍ക്കു പുറമെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്പെടുന്ന വിപുല സജ്ജീകരണങ്ങളോടെയുള്ള ഐ.ടി സെന്റര്‍, സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് എന്നീ സ്ഥാപനങ്ങളും അല്‍ ജാമിഅയില്‍ പ്രവര്‍ത്തിക്കുന്നു. 
ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും അല്‍ജാമിഅയുടെ സിലബസ് പഠിക്കാന്‍ സൗകര്യമൊരുക്കുന്ന അല്‍ജാമിഅ ഓണ്‍ലൈന്‍ കോഴ്‌സുകളുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഉന്നതപഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സൗകര്യമുണ്ടാവും.
കേരളത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളെ കൂടുതല്‍ ഉള്‍ക്കൊള്ളാനാകുന്ന തരത്തില്‍ പ്രാഥമിക തലത്തില്‍ അവരുടെ സംസ്ഥാനങ്ങളില്‍തന്നെ പഠിപ്പിച്ച് ഉന്നതപഠനത്തിന് മാത്രം അല്‍ജാമിഅയില്‍ എത്തിക്കുകയെന്ന രീതിയിലേക്ക് മാറണമെന്നാണ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ഹരിയാനയിലും തമിഴ്‌നാട്ടിലും അല്‍ജാമിഅ ഓഫ് കാമ്പസുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
ഇപ്പോള്‍ 'നോളജ് വേള്‍ഡ്' ബൃഹദ് പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചുകഴിഞ്ഞു.
 

Comments

Other Post