പ്രവാചകജീവിതത്തില്‍ മാതൃക കണ്ടെത്തുന്ന പ്രസ്ഥാനം
ഒരു പ്രസ്ഥാനത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ സ്ഥാപകനെയും തുടക്കക്കാരെയും മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. പലരും ഇന്ന് ജമാഅത്തിനെ വിലയിരുത്തുന്നത് ഇപ്രകാരമാണ്. മൗദൂദി അദ്ദേഹത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ചില കാര്യങ്ങള്‍ ചിന്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതേ കാര്യങ്ങള്‍ തന്നെ ഇപ്പോഴും തുടരണമെന്നും അവര്‍ പറഞ്ഞതിനെല്ലാം ജമാഅത്ത് മറുപടി പറയണമെന്നും പറയുന്നത് അന്യായമാണ്. മാത്രമല്ല, ലോകത്ത് ഒരു പാര്‍ട്ടിയും സിദ്ധാന്തവും മാറ്റമില്ലാതെ തുടരുന്നില്ല. അത് ജമാഅത്തിനും ബാധകമാണ്.
ജമാഅത്ത് ഒരു ഇസ്‌ലാമിക സംഘടനയാണ് എന്നത് വസ്തുതയാണ്. അതിനാല്‍ ഇസ്‌ലാമിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് അത് കാര്യങ്ങള്‍ വിലയിരുത്തുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുക. വേദഗ്രന്ഥവും പ്രവാചകന്റെ ജീവിതമാതൃകയുമാണ് ജമാഅത്ത് അതിന്റെ പ്രവര്‍ത്തനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനമായി സ്വീകരിക്കുന്നത്. ഇസ്‌ലാമിന്റെ അത്തരം അടിസ്ഥാനങ്ങളോട് വിയോജിപ്പുള്ളവര്‍ക്ക് സ്വാഭാവികമായും ജമാഅത്തിനോടും വിയോജിപ്പുണ്ടാവും.
പ്രവാചക മാതൃകകള്‍ ജമാഅത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിഴലിച്ചുകാണാവുന്നതാണ്. ഉദാഹരണത്തിന്, നിഗൂഢസ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.എസിനെപോലുള്ള സംഘടനകള്‍ ഉയര്‍ന്നുവന്നപ്പോള്‍ ജമാഅത്ത് 'ഐ.എസ് ഇസ്‌ലാമല്ല' എന്ന് നാട്ടില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രചാരണം നടത്തി. ഇത് പ്രവാചക മാതൃകയില്‍നിന്ന് അവര്‍ മനസ്സിലാക്കിയ കാര്യമാണ്. ഞാന്‍ വായിച്ചു മനസ്സിലാക്കിയ പ്രവാചകന്‍ ഒരിക്കലും നിഗൂഢപ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും പ്രവര്‍ത്തനമാര്‍ഗമായി സ്വീകരിച്ചിട്ടില്ല. ഇതാണ് ജമാഅത്ത് പറയാന്‍ ശ്രമിച്ചത്.
പ്ലാച്ചിമടയിലെ തദ്ദേശവാസികളുടെ കുടിവെള്ള പ്രശ്‌നത്തില്‍ ജമാഅത്തിന്റെ യുവജനസംഘടന ഇടപെടുന്നു. അതിലെവിടെ മതം എന്ന് ചിലര്‍ ചോദിച്ചിരുന്നു. പ്രവാചകന്റെ പ്രവര്‍ത്തനങ്ങളിലാണ് ജമാഅത്ത് അതിന് മാതൃക കണ്ടത്. എനിക്കും ആദ്യം ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ലായിരുന്നു. പിന്നെ, പ്രവാചകനെ കുറിച്ച് വായിച്ചപ്പോള്‍ അദ്ദേഹം ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഒരു കിണര്‍ തന്നെ വിലയ്ക്കു വാങ്ങി ആളുകള്‍ക്ക് നല്‍കിയത് കണ്ടു. അപ്പോള്‍ ഇത്തരം കാര്യങ്ങളിലെ ജമാഅത്തിന്റെ പ്രചോദനം എനിക്ക് മനസ്സിലായി. ജലം ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. അത് ഒരു സാമ്രാജ്യത്വ ശക്തിക്കും കൈയടക്കിവെക്കാന്‍ അവകാശമില്ലെന്നാണ് അവര്‍ മനസ്സിലാക്കുന്നത്. ഇതുപോലെയാണ് മണ്ണിനോടും മറ്റുമെല്ലാമുള്ള അവരുടെ നിലപാട്.
ഇവിടെയുള്ള ജനാധിപത്യ വ്യവസ്ഥയോട് ജമാഅത്ത് സഹകരിക്കുന്നില്ലെന്ന് പറയുന്ന ആളുകളുണ്ട്. അതിനുള്ള മറുപടി അവര്‍ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ അവര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന രാഷ്ട്രീയ സംഘടന. അത് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഇങ്ങനെ കാണാനാവുന്ന ഉദാഹരണം നമ്മുടെ മുമ്പിലുണ്ടായിരിക്കെ മൗദൂദി പറഞ്ഞു എന്നു പറഞ്ഞ് ഇപ്പോഴും ജമാഅത്തിനെ ഈ വിഷയത്തില്‍ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് എന്റെ അഭിപ്രായം. മാവോയുടെയോ ലെനിന്റെയോ മറ്റു മാര്‍ക്‌സിസ്റ്റുകളുടെയോ നിലപാടുകള്‍ പരിഗണിച്ച് ഇവിടത്തെ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതിന് തുല്യമാണത്. കാരണം മാവോയുടെയും മറ്റും ആശയങ്ങള്‍ നമുക്കറിയാം, അതിന്റെ പ്രശ്‌നങ്ങളും. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ സഖ്യം എന്ന പേരില്‍ ഭരണത്തിലിരിക്കുന്നവരോട് അത് ചോദിക്കുന്നത് ശരിയല്ലല്ലോ. അതുപോലെയാണ് ജമാഅത്തിനോട് ചോദിക്കുന്ന അത്തരം ചോദ്യങ്ങളുടെയും കാര്യം.
ജിഹാദുമായി ബന്ധപ്പെട്ട് ധാരാളം വിമര്‍ശനങ്ങളുയരാറുണ്ട്. അതുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ജിഹാദ് എന്നത് ഇസ്‌ലാമില്‍ മതരാഷ്ട്രം സ്ഥാപിക്കാന്‍ വേിയുള്ള യുദ്ധമല്ല എന്നതാണ്. സാമൂഹികമായ എല്ലാ വിഷയങ്ങളിലും ഇടപെട്ട് ആളുകള്‍ക്ക് നീതി, സ്വാതന്ത്ര്യം പോലുള്ള അവകാശങ്ങള്‍ നേടിക്കൊടുക്കാനുള്ളതാണ് ജിഹാദ്. പ്രവാചകന്റെ ജീവിതത്തില്‍തന്നെ അതിന് ധാരാളം തെളിവുകളു്.
മറ്റൊരു പ്രധാന വിഷയം, വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായാണ് ജമാഅത്ത് രാഷ്ട്രീയം മുതലുള്ള ഭൗതികമെന്ന് നാം പറയുന്ന എല്ലാ കാര്യങ്ങളെയും കാണുന്നത് എന്നതാണ്. അപ്പോള്‍ അവര്‍ രാഷ്ട്രീയത്തിലോ മറ്റു സാമൂഹിക വിഷയങ്ങളിലോ ഇടപെട്ടാല്‍ അതില്‍ മതത്തിന്റെയും അവരുടെ വിശ്വാസത്തിന്റെയും സ്വാധീനമുണ്ടാകും. നിലവില്‍ നാം പരിചയിച്ച പോലുള്ള രാഷ്ട്രീയ നീക്കുപോക്കുകള്‍ അതിന് സാധിക്കില്ല. നിങ്ങളുടെ സിദ്ധാന്തങ്ങള്‍ പകുതി പിന്നെ നമ്മുടേത് പകുതി, എന്ന നിലപാട് അതിന് സാധിക്കില്ല. അതിനും അവരുടെ മാതൃക പ്രവാചകന്‍ തന്നെയാണ്. പ്രവാചകനോട് മക്കയിലുള്ളവര്‍ കൊല്ലത്തിന്റെ പകുതി ഞങ്ങളുടെ മതം സ്വീകരിച്ചാല്‍, ബാക്കി പകുതി നിങ്ങളുടെ മതം സ്വീകരിക്കാം എന്ന വാഗ്ദാനം മുന്നില്‍ വെക്കുന്നുണ്ട്. അപ്പോള്‍ പ്രവാചകന്‍ പറയുന്നത് 'നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' എന്നാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ നീക്കുപോക്കുകള്‍ സാധ്യമല്ലെന്നാണ് ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്. ഇതാണ് ജമാഅത്തിന്റെയും രാഷ്ട്രീയ നിലപാടില്‍നിന്ന് നമുക്ക് മനസ്സിലാവുക. വിശ്വാസം പൂര്‍ണമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് പിന്നെ അതിന്റെ പൂര്‍ണതയെ നിഷേധിക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കാനാവില്ലല്ലോ.
ജിഹാദ് എന്നത് ഇപ്രകാരം പരിപൂര്‍ണമായ വിശ്വാസത്തെ സ്ഥാപിക്കാനുള്ള സമരമാണ്. അതുകൊണ്ടാണ് അത്തരമൊരു സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനോട് താങ്കള്‍ക്ക് വൃദ്ധരായ മാതാപിതാക്കളില്ലേ, അവരെ സംരക്ഷിക്കലാണ് താങ്കളുടെ ഇപ്പോഴത്തെ ജിഹാദ് എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ഇതേ കാര്യമാണ് കേരളത്തില്‍ തന്നെ രചിക്കപ്പെട്ട തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ ജിഹാദിനെ കുറിച്ച് പറയുന്നത്. നമ്മുടെ നാട് അധിനിവേശം ചെയ്ത വൈദേശിക ശക്തികള്‍ക്കെതിരെ പോരാടുന്നത് ജിഹാദാണ് എന്നാണ് ഗ്രന്ഥകര്‍ത്താവ് സമര്‍ഥിക്കുന്നത്. ആലി മുസ്‌ലിയാരെ പോലുള്ളവരെ അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടാന്‍ പ്രേരിപ്പിച്ചതും ഈ ജിഹാദീ ആവേശം തന്നെയായിരുന്നു.
ജമാഅത്ത് വെച്ചുപുലര്‍ത്തുന്ന ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. ആ വിശ്വാസം അവര്‍ക്ക് ശരിയാണെന്ന് ബോധ്യപ്പെട്ടതുമാണ്. എനിക്ക് അത് ബോധ്യപ്പെടണമെന്ന് നിര്‍ബന്ധമില്ല. അപ്പോള്‍ ഇതിന്റെ ശരിതെറ്റുകള്‍ വിലയിരുത്താന്‍ ഞാന്‍ അര്‍ഹനല്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം എന്റെ ശരിയെതന്നെ കൃത്യമായി നിര്‍ണയിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഇന്ന് പറയുന്ന ശരി ചിലപ്പോള്‍ നാളെ മാറ്റിപ്പറയേണ്ടിവരും. അതുകഴിഞ്ഞു വേണമല്ലോ മറ്റുള്ളവരുടെ ശരികേടുകള്‍ തീരുമാനിക്കാന്‍. ഖസാക്കിന്റെ ഇതിഹാസത്തില്‍ ഒ.വി വിജയന്‍ അല്ലാ പിച്ചാ മൊല്ലാക്കയാണോ നൈജാം അലിയാണോ ശരിയെന്നതിന് രണ്ടും ശരിയാകാം എന്നാണ് ഉത്തരം പറയുന്നത്. പല സത്യങ്ങളാകാം എന്നും അദ്ദേഹം തുടര്‍ന്നു പറയുന്നതു കാണാം.
ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയില്‍ സക്രിയമായി ഇടപെട്ട് അതിന്റെ ജനദ്രോഹപരവും ചൂഷണപരവുമായ ഉള്ളടക്കങ്ങളെ പരിഷ്‌കരിക്കാന്‍ ജമാഅത്തിന് കുറച്ചെങ്കിലും സാധിക്കുന്നുണ്ട് എന്നതാണ് എനിക്ക് ഉറപ്പുള്ള ഒരു കാര്യം. അതിനാലാണ് ഞാന്‍ പലപ്പോഴും അവരോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ജനകീയ സമരങ്ങളിലും നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലുമെല്ലാം വിശാല സഖ്യങ്ങള്‍ വികസിപ്പിക്കാന്‍ സോളിഡാരിറ്റി അടക്കമുള്ള ജമാഅത്തിന്റെ പോഷക ഘടകങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം സമരമുഖങ്ങളില്‍ യുക്തിവാദികളോടും നിരീശ്വരവാദികളോടും മതേതരരോടും മറ്റേത് തത്ത്വങ്ങളെ പിന്‍പറ്റുന്നവരോടും ഐക്യപ്പെടാന്‍ അവര്‍ക്ക് മടിയില്ല. മാത്രമല്ല, മതാത്മകമായ അടിസ്ഥാനത്തില്‍ ഇത്തരം ഐക്യത്തിനും ഒന്നിച്ചുചേരലിനും പ്രസക്തിയും സാധ്യതയുമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്.
ജമാഅത്തിന്റെ പത്രസ്ഥാപനമായ മാധ്യമം എടുത്തുപറയേണ്ട ഒന്നാണ്. വ്യത്യസ്ത അഭിപ്രായങ്ങളെയും ആശയങ്ങളെയും ജനങ്ങളിലെത്തിക്കാര്‍ പത്രം ശ്രമിക്കുന്നുണ്ട്. ജമാഅത്തിനെതിരായ കാര്യങ്ങള്‍ പോലും അതില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഈ മേഖലയിലും വിശാലതയും വ്യത്യസ്തതയും പുലര്‍ത്തുന്നുണ്ട് ജമാഅത്തെ ഇസ്‌ലാമി.
സ്ത്രീകളെ ശാക്തീകരിക്കുന്നതിലും രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ അവര്‍ക്ക് അര്‍ഹമായ പങ്കാളിത്തം നല്‍കുന്നതിലും ജമാഅത്ത് ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ സമരങ്ങളിലും പൊതുപരിപാടികളിലും അവര്‍ക്ക് സ്ഥാനം നല്‍കാന്‍ സംഘടനക്കാവുന്നുണ്ട്.
എവിടെയെല്ലാം വിയോജിക്കാം എന്നാണ് പലപ്പോഴും ആളുകള്‍ അന്വേഷിക്കുന്നതെന്നാണ് ചിലരുടെ പ്രതികരണങ്ങള്‍ കണ്ടാല്‍ തോന്നുക. ഇന്ത്യയെ പോലുള്ള ഒരു രാഷ്ട്രത്തില്‍ ഫാഷിസ്റ്റ് ആധിപത്യവും മറ്റു പ്രശ്‌നങ്ങളും നമുക്കെല്ലാം അറിയുന്നതാണ്. അതിനാല്‍ ഫാഷിസ്റ്റ്‌വിരുദ്ധ സമരങ്ങളില്‍, ജനോപകാര പ്രവര്‍ത്തനങ്ങളില്‍ എവിടെയെല്ലാം ഐക്യപ്പെടാമെന്നതാകണം നമ്മുടെ ഊന്നല്‍.
Comments