സ്വരവൈവിധ്യങ്ങളുടെ വര്‍ത്തമാനം
ഒരു ഉപദേശത്തില്‍ മുഹമ്മദ് നബി അവതരിപ്പിച്ച രൂപകത്തെ അല്‍പം സ്വതന്ത്രമായ ആഖ്യാനമായി അവതരിപ്പിക്കാം.
മഹാസമുദ്രത്തിലൂടെ ചാഞ്ഞും ചെരിഞ്ഞും സഞ്ചരിക്കുന്ന മഹായാനം. നിറയെ യാത്രക്കാര്‍. കപ്പലിന് രണ്ട് തട്ടുകളുണ്ട്. അതിദീര്‍ഘമായ യാത്രയാണ്. മുകള്‍ത്തട്ടിലാണ് ശുദ്ധജലമുള്ളത്. ജീവജലത്തിന്റെ സ്രോതസ്സാണത്. ജീവസന്ധായിനിയായ ധാതുപദാര്‍ഥങ്ങള്‍ തികച്ചും സമീകൃതമായ അളവില്‍ ലയിച്ചുചേര്‍ന്നത്. താഴത്തെ തട്ടില്‍ യാത്ര ചെയ്യുന്നവര്‍ ദാഹശമനത്തിനായി മുകളിലേക്ക് വരികയും ദാഹം തീര്‍ക്കുകയും ചെയ്തുപോന്നു.
ദിവസങ്ങളേറെ കടന്നുപോയി. പുതിയ ചില അസ്വാസ്ഥ്യങ്ങള്‍ മുകള്‍ത്തട്ടിലെ യാത്രക്കാരെ ബാധിച്ചതോടെ, വെള്ളം തങ്ങളുടേതു മാത്രമാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ടായി. അതോടെ അവര്‍ അസഹിഷ്ണുക്കളാവുകയും അത് താഴെയുള്ള യാത്രക്കാരോട് പ്രകടിപ്പിക്കുകയും ചെയ്തു. കുടിവെള്ളം തടയപ്പെട്ടത് താഴെയുള്ളവരില്‍ താല്‍ക്കാലിക പ്രശ്‌നങ്ങളേ സൃഷ്ടിച്ചുള്ളൂ. കാരണം കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്ന മഹാസമുദ്രമാണ്. അവരുടെ സാങ്കേതിക വിദഗ്ധര്‍ കപ്പലിന്റെ അടിത്തട്ടില്‍ ദ്വാരമുണ്ടാക്കാന്‍ തുടങ്ങി. ഇതേസമയം തന്നെ, മുകളിലെ നീരൊഴുക്ക് കുറഞ്ഞുവന്നു. അത് കെട്ടിനിര്‍ത്തപ്പെട്ട ചാലു പോലെയായി. അഴുക്കുകളും മാലിന്യങ്ങളും അടിഞ്ഞു. അടിത്തട്ടില്‍ ഉണ്ടാക്കപ്പെട്ട ദ്വാരത്തിലൂടെ കടലിലെ ഉപ്പുവെള്ളം, പൊട്ടിയ അഗ്നിപര്‍വതത്തില്‍നിന്നുള്ള ലാവ കണക്കെ മുകളിലേക്ക് തെറിച്ചു.
ഒരു ലക്ഷ്യത്തിലേക്ക് പുറപ്പെട്ട ആ കപ്പലിന്റെ ഭാവിയെപ്പറ്റി ഇനിയൊരു പ്രവചനം ആവശ്യമില്ല.
***
യാത്ര
ഈ കഥയെ തല്‍ക്കാലം നമുക്ക് കപ്പലിന്റെ അന്യാപദേശം (Parable of the Ship) എന്നു വിളിക്കാം. (അതേ പേരില്‍ പ്ലേറ്റോയുടെ വിഖ്യാതമായ മറ്റൊരു രൂപകമുണ്ട്- Republic. Ship of State എന്നും അറിയപ്പെടുന്ന ഇത് രാഷ്ട്രത്തെ സംബന്ധിച്ച പ്ലേറ്റോണിയന്‍ ദര്‍ശനവുമായി ബന്ധപ്പെടുന്നതാണ്). ഇതിലെ ഓരോ ഘടകത്തിന്റെയും വിശദാംശങ്ങള്‍ ഇവിടെ വിവരിക്കേതുന്നെ് തോന്നുന്നില്ല. മുസ്‌ലിം സമൂഹത്തെപ്പറ്റി ഇസ്‌ലാമിന്റെ ആധാരപ്രമാണമായ ഖുര്‍ആനില്‍ ഒരു വിഭാവനയുണ്ട്. അത് മനുഷ്യസമൂഹത്തിനു വേണ്ടി ഉയര്‍ന്നുനില്‍ക്കുന്ന (ഉണര്‍ന്നു നില്‍ക്കുന്ന) ഉത്തമ സമൂഹം എന്നതാണ്. ഈ വാക്യത്തിന്റെ ഏറ്റവും ശരിയായ വ്യാഖ്യാനം യാനരൂപകത്തില്‍ കണ്ടെത്താം. ഈ രൂപകത്തെ യഥാര്‍ഥത്തില്‍ ജീവിതത്തെക്കുറിച്ച അന്യാപദേശം ആയിത്തന്നെ എടുക്കാം. ജീവിതം യാത്രയാണെന്ന ആപ്തവാക്യങ്ങള്‍ എമ്പാടുമുണ്ടല്ലോ. ഉണര്‍ന്നും ഉയര്‍ന്നും നില്‍ക്കേണ്ടവര്‍ വ്യാമോഹങ്ങള്‍ പിടിപെട്ട് ഇടുങ്ങിയ മനസ്സ് സ്വീകരിക്കുമ്പോള്‍ ആ യാത്രക്കുണ്ടാകാവുന്ന പരിണതിയാണ് കപ്പലിന്റെ അന്യാപദേശത്തില്‍ വ്യക്തമാകുന്നത്. കപ്പല്‍ത്തട്ടുകള്‍ മേല്‍കീഴ് വ്യത്യാസത്തെയോ കര്‍തൃത്വപരമായ മനോഭാവത്തെയോ കുറിക്കുന്നില്ല. മുസ്‌ലിം സമൂഹത്തെക്കുറിച്ച ഇത്തരം ആഖ്യാനങ്ങള്‍ കര്‍തൃത്വത്തേക്കാളും അവകാശത്തേക്കാളും ഉത്തരവാദിത്തത്തെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, മനുഷ്യര്‍ക്കു വേണ്ടി നിലകൊള്ളാന്‍ കല്‍പിക്കപ്പെട്ടവര്‍ മനുഷ്യസമൂഹത്തെ അറിയണം. സമൂഹത്തിന്റെ സ്വഭാവം, ഘടന, ചരിത്രം, മറ്റ് സവിശേഷതകള്‍ എല്ലാം തന്നെ. ഈ അറിവിലേക്കാണ് ചരിത്രത്തില്‍ എന്നും എങ്ങും നിലനിന്നിട്ടുള്ള സ്വരവൈവിധ്യങ്ങളുടെ ബാഹുല്യം, അഥവാ ബഹുസ്വരത കടന്നുവരുന്നത്.
മനുഷ്യന്‍ ഒന്നായിരിക്കെത്തന്നെ പലതായി വികസിച്ചതിന്റെ ഈ ചരിത്രത്തെ, വിശുദ്ധ ഖുര്‍ആന്‍ മൂന്ന് മന്ത്രങ്ങളിലായി സംക്ഷേപിച്ചിട്ടുണ്ട്.
ചരിത്രം
ഒന്ന്, സൂറഃ അന്നിസാഇലെ ഒന്നാമത്തെ സൂക്തം. അത് ഉല്‍പത്തിയെയും വ്യാപനത്തെയും കുറിക്കുന്നു. ''മനുഷ്യസമൂഹമേ, നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെപ്പറ്റി ബോധമുള്ളവരാവുക. അവനല്ലോ ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങള്‍ക്കുയിരേകിയത്. അതേ സത്തയില്‍നിന്നുതന്നെ അതിന്റെ ഇണയും. പിന്നെ, ആ യുഗ്മത്തില്‍നിന്നായി ലോകത്തെമ്പാടും ആണായും പെണ്ണായും നിങ്ങളെ വ്യാപിപ്പിച്ചതും. അല്ലാഹുവിനെ ബോധത്തില്‍ ഉള്‍ക്കൊള്ളുക. അവനെ മുന്‍നിര്‍ത്തിയാണ് നിങ്ങള്‍ പരസ്പരം ചോദിക്കുന്നത്. നിങ്ങളുടെ കുടുംബ ബന്ധങ്ങളെക്കുറിച്ചും ബോധം കൈവരിക്കൂ. നിശ്ചയം, അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.''
രണ്ട്, അല്‍ ഹുജുറാത്ത് അധ്യായത്തിലെ പതിമൂന്നാം വാക്യം. വൈവിധ്യങ്ങളുള്ള സമൂഹങ്ങളായാണ് മനുഷ്യര്‍ വികസിച്ചതെന്ന് അതില്‍ വ്യക്തമാക്കുന്നു. ''മനുഷ്യസമൂഹമേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നും തന്നെയാണ് നിങ്ങളേവരെയും നാം പടച്ചത്. എന്നിട്ട് നിങ്ങളെ കുലങ്ങളും ഗോത്രങ്ങളുമാക്കി വളര്‍ത്തി. ഈ വൈവിധ്യം നിങ്ങള്‍ പരസ്പരം അംഗീകരിക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയത്രെ. മനുഷ്യരില്‍ ഏറ്റവും ബോധമുള്ളവന്‍ അല്ലാഹുവിങ്കല്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്നു. സര്‍വജ്ഞനാണ് അല്ലാഹു, സൂക്ഷ്മദൃക്കും.''
മൂന്ന്, സൂറഃ അര്‍റൂമിലെ ഇരുപത്തിരണ്ടാം ആയത്ത്. അതേസമയം, അന്നിസാഇലെ ഉല്‍പത്തിയെ സംബന്ധിച്ച ആശയവും ഹുജുറാത്തിലെ ഏകപൈതൃകത്വവും ഇത് രണ്ടിലൂടെയും സ്ഥാപിക്കുന്ന, സകല വൈവിധ്യങ്ങളെയും അംഗീകരിച്ചും ആദരിച്ചുമുള്ള മാനുഷികൈക്യത്തിന്റെ പാഠവും അര്‍റൂമില്‍ ഇരുപത്, ഇരുപത്തി ഒന്ന് സൂക്തങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്. അതിനുശേഷം പറയുന്നത് ഇങ്ങനെ: ''ആകാശഭൂമികളുടെ ഘടനയിലും മൊഴിയിലും വഴിയിലും നിങ്ങള്‍ തമ്മിലുള്ള വൈവിധ്യങ്ങളിലും അല്ലാഹുവിന്റെ അടയാളങ്ങള്‍ രേഖപ്പെട്ടിരിക്കുന്നു. അറിവുള്ളവര്‍ക്ക് ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍.''
ഇഖ്തിലാഫു അല്‍സിനതികും വ അല്‍വാനികും എന്നാണ് പ്രയോഗം. നിറത്തിലും ഭാഷയിലുമുള്ള വൈവിധ്യങ്ങള്‍ എന്ന് പദാര്‍ഥം. Ethno-Linguistic Diversity ആണ് ഇവിടെ പ്രത്യക്ഷത്തില്‍ ഉദ്ദേശിക്കുന്നത് എന്നു പറയാം. Ethnicity-യുടെ പ്രധാന അടയാളമാണ് നിറം. നബി വിടവാങ്ങല്‍ പ്രഭാഷണത്തില്‍ ഈ നിറത്തെയും ഭാഷയെയും എടുത്തു പറയുന്നുണ്ട്. കറുപ്പും വെളുപ്പുമൊരുപോലെ, അറബിയും അജമിയുമൊരുപോലെ എന്നാണ് അവിടുന്ന് പ്രഖ്യാപിച്ചത്. നിറവും ഭൂപ്രദേശവും കാലാവസ്ഥയുമൊക്കെ തമ്മില്‍ പരസ്പര ബന്ധമുണ്ട്. വ്യത്യസ്ത ഭൂപ്രദേശങ്ങളും കാലാവസ്ഥകളും വ്യത്യസ്ത ഭാഷകളും ചേര്‍ന്ന് വിവിധങ്ങളായ സാമൂഹികഘടനകളെയും സംസ്‌കാരങ്ങളെയും സൃഷ്ടിക്കുന്നു. അത് സാംസ്‌കാരികവൈവിധ്യമായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. സ്വാഭാവികമായും ഈ എല്ലാ സംസ്‌കൃതികളെയും അവയിലെ വൈവിധ്യങ്ങളോടെത്തന്നെ അല്ലാഹുവിന്റെ അടയാളങ്ങളായി കാണണം എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. അല്ലാഹുവിന്റെ അടയാളങ്ങള്‍ക്കാകട്ടെ, ആത്മീയമായ പവിത്രതയുമുണ്ട്.
ദൗത്യം
മറ്റൊരു കാര്യവും കൂടിയുണ്ട്. ഈ എല്ലാ എത്‌നോ-ലിംഗ്വിസ്റ്റിക് സമൂഹങ്ങളില്‍നിന്നും അനുഗാമികളെ കണ്ടെത്താനാണ് ഖുര്‍ആന്‍ ശ്രമിക്കുന്നത്. സ്വാഭാവികമായും മുസ്‌ലിം സമൂഹത്തിനകത്തുതന്നെയുള്ള സ്വരവൈവിധ്യങ്ങളെയും തത്ത്വത്തില്‍ അത് അംഗീകരിക്കുന്നുണ്ട്. ഈ വൈവിധ്യങ്ങളോടു കൂടിത്തന്നെ വികസിക്കുന്ന മുസ്‌ലിം സമൂഹമാകട്ടെ, തങ്ങളുടെ അസ്തിത്വത്തെ സാധൂകരിക്കുകയും സാര്‍ഥകമാക്കുകയും ചെയ്യേണ്ടത്, മുകളില്‍ പറഞ്ഞ വിധം മനുഷ്യര്‍ക്കു വേണ്ടി നിലകൊള്ളുന്ന സമൂഹം (ഉഖ്‌രിജത് ലിന്നാസ്) ആയി നിന്നുകൊണ്ടാകുന്നു. മനുഷ്യര്‍ എന്ന അര്‍ഥത്തില്‍ മുകളില്‍ സൂചിപ്പിച്ച സൂക്തങ്ങളിലെല്ലാം ഉപയോഗിച്ച പദം അന്നാസ് എന്നതാണ്. നിരുപാധികം മനുഷ്യന്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന വാക്കാണത്.
മുസ്‌ലിമും അന്നാസും തമ്മിലുള്ള ബന്ധത്തെ പല രീതിയിലാണ് ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നത്. ഇതെല്ലാം തന്നെ യാനത്തിലെ എല്ലാ യാത്രക്കാരോടും മുസ്‌ലിംകള്‍ക്കുള്ള ബാധ്യതയെ വ്യക്തമാക്കുന്നു.
ഒന്നാമതായി, മുകളില്‍ പറഞ്ഞ ഉഖ്‌രിജത് ലിന്നാസ് എന്ന പ്രയോഗം തന്നെ. അത് ഖുര്‍ആന്‍ ഇപ്രകാരം വിശദീകരിക്കുന്നു: ''നിങ്ങള്‍ മനുഷ്യസമൂഹത്തിനു വേണ്ടി പുറപ്പെട്ട (പിറവികൊണ്ട) ഉത്തമസമുദായമായിത്തീര്‍ന്നിരിക്കുന്നു. നന്മ കല്‍പിക്കുകയും തിന്മ വിലക്കുകയും അല്ലാഹുവില്‍ ശാന്തിയും പ്രതീക്ഷയും കൈക്കൊള്ളുകയും ചെയ്യുന്നവര്‍. ഇവ്വിധമുള്ള വിശ്വാസമാണ് പൂര്‍വകാലത്തെ വേദത്തിന്റെ ആളുകളും കൈക്കൊള്ളുന്നതെങ്കില്‍ അവര്‍ക്കും അതേറെ ശ്രേഷ്ഠമായിരിക്കും. തീര്‍ച്ചയായും അവരിലുമൊരുപാടുപേര്‍ അങ്ങനെയുള്ളവരായുണ്ട്. എന്നാലോ, കൂടുതലാളുകളും (ഉത്തരവാദവിമുഖരായ) അധര്‍മികളായിത്തീരുന്നു'' (ആലു ഇംറാന്‍: 110).
ഖുര്‍ആന്‍ മുസ്‌ലിമിന് നല്‍കുന്നത് രണ്ടാം ജന്മമാണ്. ഉഖ്‌രിജത് എന്ന പ്രയോഗം അതാണ് കുറിക്കുന്നത്. മനുഷ്യരുടെ അതിജീവനം സാധ്യമാക്കുന്ന നന്മകള്‍ സ്ഥാപിച്ചും പരിപാലിച്ചും അതിന് വിഘാതം സൃഷ്ടിക്കുന്ന തിന്മകള്‍ നിര്‍മൂലനം ചെയ്യാന്‍ യത്‌നിച്ചും നിലകൊള്ളുന്നതിലൂടെ ലഭിക്കുന്നതാണ് ഈ പുനര്‍ജന്മം. ഇതിലൂടെ സമൂഹത്തില്‍ നൈതികമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കുന്നു. ഇതാണ് അവരുടെ അന്നാസുമായുള്ള ബന്ധത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്ന മറ്റൊരു കാര്യം.
''നിശ്ചയം, നാം നമ്മുടെ ദൂതന്മാരെ അയച്ചത് തെളിഞ്ഞ പാഠങ്ങളുമായാണ്. ഒപ്പം ഗ്രന്ഥവും തുലാസും. മനുഷ്യര്‍ നീതിയില്‍ നിലകൊള്ളേണ്ടതിന്. ഗാഢമായ കരുത്തും ഏറെ ഉപകാരവും മനുഷ്യര്‍ക്കുള്ള ഇരുമ്പും നാം ഇറക്കിയിട്ടുണ്ട്. (മനുഷ്യരെ നീതിയില്‍ നയിക്കുന്നതില്‍) അല്ലാഹുവിനെയും അവന്റെ ദൂതനെയും, അവനെ പുറംകണ്ണ് കൊണ്ട് കാണാതെ തന്നെ, സഹായിക്കുന്നവര്‍ ആരെന്ന് വ്യക്തമായറിയാനാണിത്. കരുത്തുടയവനും അജയ്യനുമത്രെ അല്ലാഹു'' (അല്‍ ഹദീദ് 25).
സമൂഹത്തെ നീതിയില്‍ മുന്നോട്ടുനയിക്കുന്നതിനുള്ള പരിശ്രമങ്ങളെയാണ് ഈ സൂക്തത്തിലെ ലി യഖൂമന്നാസു ബില്‍ ഖിസ്ത്വ് എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. ഈ ദൗത്യങ്ങളുടെ നിര്‍വഹണത്തില്‍ ജനങ്ങള്‍ക്ക് മുമ്പാകെ സാക്ഷ്യം വഹിക്കേണ്ടി വരുന്നതിനെപ്പറ്റി ഖുര്‍ആന്‍ മറ്റ് ചില സൂക്തങ്ങളില്‍ പറയുന്നു. ലി തകൂനൂ ശുഹദാഅ അലന്നാസ് എന്നാണ് പ്രയോഗം. ആലു ഇംറാന്‍ 143 ഉള്‍പ്പെടെ പലേടങ്ങളിലായി ഇത് വന്നിട്ടുണ്ട്.
ഖുര്‍ആനിലെ അന്നാസ് എന്ന സംവര്‍ഗത്തിലെ ബഹുത്വങ്ങളെ ഖുര്‍ആന്‍ തന്നെ സ്ഥാപിക്കുന്നതിനെയാണ് ആദ്യം വിവരിച്ചത്. ശേഷം, ആ ബഹുസ്വരതയോട് കൂടിത്തന്നെ മുസ്‌ലിമിന് അന്നാസുമായുള്ള ബന്ധങ്ങളെയും ബാധ്യതകളെയും സൂചിപ്പിച്ചിരിക്കുന്നു.
ഏകം
അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ വൈവിധ്യങ്ങള്‍ എന്നത് പൊതുവെ ഖുര്‍ആന്‍ സൂചിപ്പിക്കുന്ന മുഖ്യമായ ആശയങ്ങളിലൊന്നാണ്. മനുഷ്യന്റെ, എത്‌നോ-ലിംഗ്വിസ്റ്റിക് ആയ വൈവിധ്യങ്ങളെപ്പറ്റി പറയുന്നതുതന്നെ അതിലും ആകാശഭൂമികളുടെ സൃഷ്ടിപ്പിലും അടയാളങ്ങളുണ്ട് എന്നാണല്ലോ (മുകളിലുദ്ധരിച്ച അര്‍റൂമിലെ ആയത്ത് നോക്കുക). പ്രപഞ്ചത്തിലെയും പ്രകൃതിയിലെയും വൈവിധ്യങ്ങളെ പല സ്ഥലങ്ങളിലും വേദഗ്രന്ഥം എടുത്തു പറയുന്നുണ്ട്. ചിലതില്‍ ഇതോട് ചേര്‍ത്തുതന്നെ മനുഷ്യര്‍ക്കിടയിലെ വൈവിധ്യങ്ങളെയും വിവരിക്കുന്നു: ''നീ കാണുന്നില്ലേ? മാനത്തുനിന്ന് അല്ലാഹു മഴ വീഴ്ത്തി. അതുവഴി മണ്ണില്‍ ഫലങ്ങള്‍ ഉല്‍പാദിപ്പിച്ചു. വിവിധ നിറങ്ങളിലുള്ള പഴങ്ങള്‍. ഇനി, പര്‍വതങ്ങളില്‍ വെളുപ്പും ചുവപ്പും കാക്കക്കറുപ്പുമായി വ്യത്യസ്തവര്‍ണങ്ങളിലുള്ള വഴികള്‍. പിന്നെയിതാ, മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും വിവിധങ്ങളായ വര്‍ണങ്ങള്‍. നിശ്ചയം, അല്ലാഹുവിന്റെ ദാസന്മാരില്‍ അറിവുള്ളവര്‍ മാത്രമേ അവനെ ശരിയായി സൂക്ഷിക്കുന്നുള്ളൂ'' (അല്‍ഫാത്വിര്‍: 27-28).
പ്രകൃതിയിലെ വൈവിധ്യം അനന്തമാണ്. ഈ അനന്തവൈവിധ്യങ്ങള്‍ സൃഷ്ടിക്കുന്ന അനുകൂലനങ്ങളുടെയും സാഹചര്യങ്ങളുടെയും സ്വാധീനം മനുഷ്യരിലെ വൈവിധ്യങ്ങള്‍ക്കു പിന്നിലുള്ള പ്രധാന ഘടകമാകുന്നു. അതേസമയം പ്രപഞ്ചത്തിലെ സകല വൈവിധ്യങ്ങളെയും ഒരുമിപ്പിക്കുന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വമായ തൗഹീദ്. ലഘുവായിപ്പറഞ്ഞാല്‍ ദൈവത്തിന്റെ ഏകത്വമാണ് തൗഹീദ്. എന്നാല്‍ അത് ചുറ്റുപാടുകളിലെ വൈവിധ്യങ്ങളെ ആ വൈവിധ്യങ്ങളോടുകൂടിത്തന്നെ ഒന്നായിക്കാണലാകുന്നു.
മനുഷ്യപ്രകൃതങ്ങളിലെയും സംസ്‌കാരങ്ങളിലെയും വൈവിധ്യങ്ങളെ അംഗീകരിക്കുമ്പോഴും ഖുര്‍ആന്‍ അത് ഇതേ രീതിയില്‍തന്നെ പരിചരിക്കുന്നുണ്ട്. ഏകമായ സത്തയില്‍നിന്ന് നിങ്ങള്‍ക്ക് ഉയിര് തന്നു എന്ന് പറയുന്ന, അന്നിസാഇലെ മുകളില്‍ ഉദ്ധരിച്ച സൂക്തം ഇതിനു തെളിവാണ്. ഒരാണില്‍നിന്നും പെണ്ണില്‍നിന്നും എന്ന, അല്‍ ഹുജുറാത്തിലെ ആയത്ത് സ്വര, വര്‍ണ വൈവിധ്യങ്ങളെ വൈവിധ്യങ്ങളായി അംഗീകരിക്കുന്നതോടൊപ്പം മനുഷ്യന്‍ എന്ന നിലക്ക് എല്ലാവരും ഒരുപോലെ പങ്കുവെക്കേണ്ടതായ ഏകപൈതൃകത്തെ ഓര്‍മിപ്പിക്കുന്നു. ഏതൊരു വിഷയത്തിലും എന്ന പോലെ ഇതിലും ഇസ്‌ലാം കൈക്കൊള്ളുന്ന, നിലപാടിലെ സന്തുലിതത്വത്തിന് തെളിവാണ് ഈ വര്‍ത്തമാനങ്ങള്‍. അറബിയെയും അജമിയെയും കറുത്തവനെയും വെളുത്തവനെയും ആണിനെയും പെണ്ണിനെയും അവരായിത്തന്നെ അഭിമുഖീകരിക്കുന്ന പ്രവാചകന്‍, വിടവാങ്ങല്‍ പ്രഭാഷണത്തില്‍ എല്ലാറ്റിനുമൊടുവില്‍ ഇങ്ങനെ കൂടി പറഞ്ഞു: ''അല്ലയോ മനുഷ്യരേ, നിങ്ങള്‍ക്ക് ദൈവമൊന്ന്, പിതാവും ഒന്ന്. എല്ലാവരും ആദമില്‍നിന്ന്, ആദം മണ്ണില്‍നിന്നും.''
പവിത്രം
ഇപ്രകാരം മനുഷ്യരെ ഒരുമിപ്പിക്കുന്ന പൈതൃകമാവട്ടെ, പവിത്രതയുടെ പൈതൃകമാകുന്നു.
മനുഷ്യനെ അല്ലാഹു ആദരിച്ചിരിക്കുന്നു എന്ന് സൂറഃ അല്‍ ഇസ്രാഇലെ എഴുപതാം വാക്യത്തില്‍ പറയുന്നുണ്ട്: ''ഉറപ്പായും ആദം സന്തതികളെ (മനുഷ്യരെ) നാം ആദരിച്ചിട്ടുണ്ട്. കടലിലും കരയിലും സഞ്ചരിക്കാനായി അവര്‍ക്ക് വാഹനങ്ങളൊരുക്കുകയും ഉത്തമവിഭവങ്ങള്‍ ആഹാരമായി നല്‍കുകയും ചെയ്തു. നമ്മുടെ അനവധി സൃഷ്ടിജാലങ്ങളേക്കാള്‍ മഹത്വം അവര്‍ക്ക് കല്‍പിക്കുകയും ചെയ്തു.'' ആദരണീയമായ ഇതേ സത്തയിലും പാരമ്പര്യത്തിലുമാണ് സകല കുലഗോത്രങ്ങളും സമുദായങ്ങളും നിലകൊള്ളുന്നത് എന്നാണല്ലോ തുടക്കത്തില്‍ ഉദ്ധരിച്ച, ഹുജുറാത്തിലെ പതിമൂന്നാം സൂക്തത്തില്‍ പറയുന്നത്. അതേസമയം അതില്‍തന്നെ സവിശേഷമായ ഒരു പദവിയെയും ആദരവിനെയും സൂചിപ്പിക്കുന്നുണ്ട്. മനുഷ്യരില്‍ ഏറ്റവും ബോധമുള്ളവന്‍ അല്ലാഹുവിങ്കല്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്നു എന്നതാണത്. എന്നാല്‍ അത് അല്ലാഹുവിന്റെ മാത്രം അറിവും പരിഗണനയുമായി ബന്ധപ്പെട്ട കാര്യമാണ്. അതിനപ്പുറം മനുഷ്യന്‍ എന്ന പാരമ്പര്യത്തില്‍ നിലകൊള്ളുന്ന എല്ലാ വ്യക്തികളെയും സമൂഹങ്ങളെയും അല്ലാഹു ആദരിച്ചിരിക്കുന്നു എന്ന പ്രസ്താവത്തില്‍നിന്ന് ഇതേ ആദരവ് നല്‍കാനുള്ള ബാധ്യത ഖുര്‍ആന്‍ അതിന്റെ അനുഗാതാക്കളില്‍ ചുമത്തുന്നുണ്ടെന്ന് മനസ്സിലാക്കാം.
ഈ ബഹുമതി (കറാമഃ) ഒരു സമൂഹത്തെയും ജീവിതത്തെയും പടുക്കുന്നതുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പഠിപ്പിക്കുന്ന അടിസ്ഥാനമൂല്യങ്ങളില്‍ ഒന്നാണ്. ഇതിന്റെ ആധാരത്തിലാണ് മറ്റുള്ളവരുമായുള്ള പെരുമാറ്റങ്ങളെ നിര്‍ണയിക്കേണ്ടത്. ഇത് ഓരോ വ്യക്തിയോടും ഒരു മുസ്‌ലിം വ്യക്തിക്കും ഓരോ സമൂഹത്തോടും ഒരു മുസ്‌ലിം സമൂഹത്തിനും ഉള്ള ബാധ്യതയാണ്. സാധാരണ ഇടപെടലുകള്‍ തൊട്ട് മതപരമായ സഹിഷ്ണുതയും ആദരവും, രാഷ്ട്രീയമായ വ്യവഹാരങ്ങള്‍ തുടങ്ങിയവ വരെ ഈ ബാധ്യത പാലിക്കണമെന്നാണ് ഖുര്‍ആന്റെ കല്‍പന. ''എന്റെ ദാസന്മാരോട് പറയണം പ്രവാചകരേ, അവര്‍ ഏറ്റവും നല്ലത്, ഏറ്റവും നല്ല രീതിയില്‍ മാത്രം പറയട്ടെ. സാത്താന്‍ അവര്‍ക്കിടയില്‍ (അഹിതഭാഷണങ്ങളിലൂടെ) കുഴപ്പമുണ്ടാക്കുന്നു. മനുഷ്യന്റെ പ്രത്യക്ഷശത്രുവാണ് സാത്താന്‍'' (അല്‍ ഇസ്രാഅ് 43).
വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും കാര്യത്തില്‍ ഭിന്നമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ളവരോടും ഇതേ നിലപാട് തന്നെ സ്വീകരിക്കണം: ''നിങ്ങളുടെ ആദര്‍ശത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയോ നിങ്ങളുടെ ഗേഹങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നതിനെ അല്ലാഹു ഒരിക്കലും വിലക്കുകയില്ലല്ലോ. എന്നല്ല, നീതി കാണിക്കുന്നവരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്'' (അല്‍ മുംതഹന 8). ഇങ്ങോട്ട് ശത്രുതയും വിദ്വേഷവും പുലര്‍ത്തുന്നവരോടുപോലും (മനുഷ്യര്‍ക്കു വേണ്ടി ഉയിര് നല്‍കപ്പെട്ട ഉത്തമ സമൂഹത്തിന്റെ ആളുകള്‍ ആരോടും അങ്ങോട്ട് വിദ്വേഷം പുലര്‍ത്തുകയില്ല- ഗുണകാംക്ഷയല്ലാതെ) നീതിയുടെ പ്രതലത്തില്‍ നിന്നുകൊണ്ടേ ഇടപെടാവൂ എന്ന് അല്ലാഹു കര്‍ശനമായി ആജ്ഞാപിക്കുന്നു: ''വിശ്വാസം കൈക്കൊണ്ടവരേ, അല്ലാഹുവിനു വേണ്ടി നിങ്ങള്‍ ദൃഢതയോടെ നിലകൊള്ളുക, നീതിയുടെ സാക്ഷികളാവുകയും. ഒരു ജനതക്ക് നിങ്ങളോടുള്ള ശത്രുത അവരോട് അനീതി കാണിക്കാന്‍ നിങ്ങള്‍ക്ക് കാരണമാകരുത്. നീതി പാലിക്കൂ, അതാണ് വിശുദ്ധിയോട് അടുത്ത് നില്‍ക്കുന്നത്. അല്ലാഹുവിനെക്കുറിച്ച ബോധം കാത്തുസൂക്ഷിക്കുക. അവന്‍ നിങ്ങളുടെ പ്രവൃത്തികളെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നു'' (അല്‍ മാഇദ 8).
അല്ലാഹു വൈയക്തികമായ നിര്‍ണയാവകാശങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും അനുവദിക്കുന്നു. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം (Freedom of Choice) അതില്‍ പ്രധാനമാണ്. മനുഷ്യരുടെ ഇഹപരവിജയത്തിനു വേണ്ടി അല്ലാഹു തന്നെ പ്രദാനം ചെയ്യുന്ന മാര്‍ഗദര്‍ശനത്തിന്റെ (ഹിദായത്ത്) കാര്യത്തില്‍ പോലും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്. ''പറയിന്‍, ഇത് നിങ്ങളുടെ ഈശ്വരനില്‍നിന്നുള്ള സത്യം. ഇഷ്ടമുള്ളവര്‍ക്ക് കൈക്കൊള്ളാം, ഇഷ്ടമുള്ളവര്‍ക്ക് തള്ളാം'' (അല്‍ കഹ്ഫ് 29). അല്ലാഹു തന്നെ ഈ സ്വാതന്ത്ര്യം അനുവദിച്ചിരിക്കെ, ഇങ്ങനെയൊരു ഔദാര്യത്തെത്തന്നെ പുഛിച്ചുതള്ളുന്നവനോടു പോലും മാന്യത കാണിക്കാന്‍ മുസ്‌ലിം ബാധ്യസ്ഥനാകുന്നു.
ഇതുപോലെയാണ് ആശയങ്ങളുടെ ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യവും (Freedom of Expression). തങ്ങളുടെ വിശ്വാസങ്ങളും നിലപാടുകളും പ്രകടിപ്പിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇതില്‍വരും. നബിയുടെ പ്രബോധനങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആശയപരമായ വിമര്‍ശങ്ങള്‍ക്ക് ഖുര്‍ആന്‍ മറുപടി പറയുന്നുണ്ട്. ആ മറുപടിയുടെ ശൈലിയാകട്ടെ, സംവാദങ്ങളില്‍ തികഞ്ഞ മാന്യത പുലര്‍ത്താന്‍ അനുഗാതാവിനെ പരിശീലിപ്പിക്കുന്ന തരത്തിലാകുന്നു.
സ്വരവൈവിധ്യങ്ങളോടുള്ള നിലപാടുകള്‍ പ്രധാനമായും അഞ്ച് കാര്യങ്ങളിലൂടെയാണ് നിര്‍ണയിക്കപ്പെടുക. അംഗീകാരം, സഹിഷ്ണുത, ആദരവ്, സംവാദം, ഇടപെടല്‍ (Recognition, Tolerance, Respect, Dialogue, Engangement) എന്നിവയാണവ. മനുഷ്യരെ വ്യത്യസ്ത വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിത്തിരിച്ചതിനെക്കുറിച്ച, അല്‍ ഹുജുറാത്തിലെ പതിമൂന്നാം സൂക്തത്തില്‍ അപ്രകാരം തിരിച്ചതിന്റെ ഉദ്ദേശ്യം പറയുന്നത് ലി തആറഫൂ എന്നാണ്. പരസ്പരം തിരിച്ചറിയാനും അംഗീകരിക്കാനും എന്നര്‍ഥം. Recognition എന്ന മര്യാദ, പ്രത്യക്ഷത്തില്‍തന്നെ ഇവിടെ നിര്‍ബന്ധമായിത്തീരുന്നു. അതേസമയം തിരിച്ചറിയാന്‍ (ലി തആറഫൂ) എന്ന പ്രയോഗം മേല്‍പ്പറഞ്ഞ അഞ്ച് മര്യാദകളെയും സൂചിപ്പിക്കുന്നുണ്ടെന്നും മനസ്സിലാക്കാം.
ഇടപെടുന്ന ദൈവമായാണ് അല്ലാഹു സ്വയം പരിചയപ്പെടുത്തുന്നത്. ഈ ഇടപെടലിന്റെ ലക്ഷ്യങ്ങളിലൊന്നായി വ്യത്യസ്ത മതങ്ങളുടെ ആരാധനാഗേഹങ്ങളുടെ സംരക്ഷണത്തെയും ഖുര്‍ആന്‍ എടുത്തുകാണിക്കുന്നു. ''അല്ലാഹു ജനങ്ങളില്‍ ചില വിഭാഗങ്ങളെ മറ്റ് ചില വിഭാഗങ്ങളെക്കൊണ്ട് പ്രതിരോധിക്കുന്നു. അല്ലായിരുന്നെങ്കില്‍, ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സ്വവാമിഅ് (ആശ്രമങ്ങള്‍), ബിയഅ് (ചര്‍ച്ചുകള്‍), സ്വലവാത് (സിനഗോഗുകള്‍), മസാജിദ് (മോസ്‌കുകള്‍) എന്നിവ തകര്‍ക്കപ്പെടുമായിരുന്നു'' (അല്‍ ഹജ്ജ് 40). ഖുര്‍ആന്‍ ഈ അംഗീകാരം മതവൈവിധ്യങ്ങള്‍ക്ക് നല്‍കുന്നതില്‍നിന്ന് സഹിഷ്ണുത ജനിക്കുന്നു. ആദരവാകട്ടെ, മുകളില്‍ സൂചിപ്പിച്ച, ആദം സന്തതികള്‍ക്ക് അല്ലാഹു നല്‍കിയ ആദരവിന്റെ (കറാമഃ) പ്രകടനമാണ്.
മാന്യമായ രീതിയില്‍ പരസ്പരം സംവദിക്കണം എന്നും ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. ''ഏറ്റവും നല്ല രീതിയില്‍ നീ അവരുമായി സംവദിക്കുക'' (അന്നഹ്ല്‍ 125). പരസ്പരസംവാദത്തിന്റെ (Dialogue) ഏറ്റവും ഉദാത്തമായ മാതൃകയാണ് നബി കാണിച്ചുതന്നത്. കരാറുകളെയും ഇടപാടുകളെയും (Engagements) പറ്റി ഖുര്‍ആന്‍ നല്‍കുന്ന ഉപദേശം മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. വലിയ കരാറുകള്‍ മുതല്‍ സാധാരണ വ്യവഹാരങ്ങളില്‍ വരെയുള്ള ഇത്തരം ഇടപെടലുകള്‍ സാമൂഹികഭദ്രതയുടെ തന്നെ അനിവാര്യതയാകുന്നു. മക്കയിലെ പാരമ്പര്യ മതനിഷ്ഠര്‍ക്കു പോലും നബിയുമായുണ്ടായിരുന്ന സഹവര്‍ത്തിത്വവും തങ്ങളുടെ വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കാന്‍ അവര്‍ അദ്ദേഹത്തെ സമീപിച്ചിരുന്നതുമൊക്കെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വിവിധം
സ്വരവൈവിധ്യങ്ങളെ രണ്ട് തരത്തില്‍ അടയാളപ്പെടുത്തുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. അതിന്റെ ഭാഷയില്‍തന്നെ പറഞ്ഞാല്‍ ഒന്ന് ഇഖ്തിലാഫ് ആണെങ്കില്‍ രണ്ടാമത്തേത് തഫര്‍റുഖ് ആണ്. മുകളില്‍ സൂചിപ്പിച്ച വിധത്തില്‍ വിശാലമായ കാഴ്ചപ്പാടിനെയാണ് ഇഖ്തിലാഫ് (വൈവിധ്യം) എന്ന് പറയുക. എന്നാല്‍ തഫര്‍റുഖ് (ഭിന്നത) സൂചിപ്പിക്കുന്നത് സങ്കുചിതമായ വിഭാഗീയതയെയും ശിഥിലീകരണപ്രവണതകളെയുമാണ് (ഖുര്‍ആനില്‍ ഈ പദങ്ങള്‍ ഇതേ അര്‍ഥങ്ങളില്‍ പരസ്പരം മാറ്റിയും ഉപയോഗിച്ചിട്ടുണ്ടെങ്കിലും പൊതുവെ ക്രിയാത്മക സമീപനത്തെ ഇഖ്തിലാഫും നിഷേധാത്മകപ്രവണതകളെ തഫര്‍റുഖും അര്‍ഥമാക്കുന്നു).
ഒന്ന്, ആഭ്യന്തരവൈവിധ്യം
ആഭ്യന്തരമായ ഇഖ്തിലാഫും അന്തര്‍സമൂഹ ഇഖ്തിലാഫും എന്നിങ്ങനെ വൈവിധ്യം രണ്ടു തരമുണ്ട്. ചിന്താപരവും കര്‍മശാസ്ത്രപരവും എന്ന് വേറൊരു തരത്തിലും വിഭജിക്കാം. മറ്റൊരു നിലക്ക് ചിന്തിച്ചാല്‍ പ്രകൃതിപരവും സാമൂഹികവും എന്ന വിഭജനവും സാധ്യമാണ്. പരമ്പരാഗതവും നവീനവും എന്ന തലത്തിലുള്ള വിഭജനവുമാകാം. ഈ ഓരോ ദ്വന്ദ്വങ്ങളിലും മറ്റു ദ്വന്ദ്വങ്ങളിലെ വൈജാത്യങ്ങള്‍ പ്രകടമാവുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ മനുഷ്യസമൂഹത്തിലെ വൈവിധ്യങ്ങള്‍ അതിസങ്കീര്‍ണമാണ്.
വ്യത്യസ്ത പാരമ്പര്യങ്ങളിലൂടെയും ചരിത്രത്തിലൂടെയും കടന്നുവരുന്നവയാണ് എല്ലാ സമൂഹങ്ങളും. ഓരോന്നും വളര്‍ന്നുവന്ന പരിസരവും അവര്‍ക്ക് ലഭിക്കുന്ന പ്രകൃതിപരവും സാമൂഹികവുമായ അനുകൂലനങ്ങളും വ്യത്യസ്തമാണ്. അനുകൂലനങ്ങളിലെ വൈജാത്യങ്ങള്‍ ഏതൊരു സമൂഹത്തിന്റെയും പാരമ്പര്യത്തെ ബാധിക്കുകയും ചെയ്യും. ഈ വൈജാത്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് അവയെ ആദര്‍ശബദ്ധമായി പരിഷ്‌കരിക്കാനല്ലാതെ നിര്‍മൂലനം ചെയ്യാന്‍ മതം കൊണ്ട് പോലും സാധിക്കില്ല.
കര്‍ണാടക സംസ്ഥാനത്തിന്റെ വടക്ക് മുതല്‍ കേരളത്തിന്റെ തെക്ക് വരെ തീരദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന മുസ്‌ലിം സമൂഹത്തെ പരിശോധിക്കാം. കര്‍ണാടകയുടെ വടക്ക് നവായത്തുകളാണ് വസിക്കുന്നത്. തെക്കന്‍ കര്‍ണാടകയിലാകട്ടെ, ബ്യാരി എന്ന് വിളിക്കപ്പെടുന്ന സമൂഹമാണ്. കേരളത്തിന്റെ വടക്കന്‍ തീരങ്ങളില്‍ വസിക്കുന്ന മുസ്‌ലിംകള്‍ മാപ്പിളമാര്‍ എന്നറിയപ്പെടുന്നു. തെക്ക് ലബ്ബമാരും മറ്റും അധിവസിക്കുന്നു. ഇസ്‌ലാം മതം മാത്രമല്ല, അതില്‍തന്നെ ശാഫിഈ കര്‍മശാസ്ത്രസരണി കൂടി പിന്‍പറ്റുന്നവരാണ് ഇപ്പറഞ്ഞ നാല് സമൂഹങ്ങളും. ഒരേ മതവും അതില്‍തന്നെ ഒരേ കര്‍മശാസ്ത്രസരണിയും പിന്തുടരുന്നവരായിട്ടും ഈ നാല് സമൂഹങ്ങളുടെയും പാരമ്പര്യങ്ങളും സാമൂഹികവും മതപരവുമായ ആചാരങ്ങളും (പൊതുവായ ഇസ്‌ലാമികാനുഷ്ഠാനങ്ങള്‍ ഒഴിച്ചാല്‍) വ്യത്യസ്തമാണ്. ഇനി ഇതില്‍തന്നെ മാപ്പിളമാരെ എടുത്താല്‍, ആചാരങ്ങളിലും സംസ്‌കാരത്തിലുമൊക്കെ കണ്ണൂരിലെ മാപ്പിളയില്‍നിന്ന് വ്യത്യസ്തനാണ് മലപ്പുറത്തെ മാപ്പിള. കൂട്ടുകുടുംബങ്ങളും തറവാടുകളും മാപ്പിളമാര്‍ക്കിടയില്‍ പൊതുവായി നിലനിന്നിരുന്നുവെങ്കിലും കണ്ണൂര്‍ ജില്ലയില്‍ അവര്‍ മാതൃദായ തറവാട് രീതിയാണ് പിന്തുടരുന്നത്. അതായത്, തറവാട്ടിലും അതിനകത്തെ അണുകുടുംബങ്ങളിലും കേന്ദ്രസ്ഥാനം സ്ത്രീക്കാണ്. തറവാടിന്റെ പാരമ്പര്യം പെണ്‍മക്കളിലൂടെയാണ് തുടരുന്നത്. കണ്ണൂര്‍ ജില്ലയില്‍നിന്ന് തെക്കോട്ട് വന്നാലാകട്ടെ, അപൂര്‍വം ചില സ്ഥലങ്ങളൊഴിച്ചാല്‍ പൊതുവെ എല്ലാവരും പിതൃദായ തറവാട്ടുക്രമം സ്വീകരിച്ചിരിക്കുന്നു. അണുകുടുംബങ്ങള്‍ സ്വതന്ത്രമായി, സ്വന്തമായ വീടും അസ്തിത്വവും നേടുന്നതിന് പ്രാധാന്യം കൈവന്ന ഇക്കാലത്ത് പൊതുവെ തറവാടുകളെല്ലാം തകര്‍ന്നെങ്കിലും ബന്ധങ്ങളുടെ അടുപ്പത്തിലും അകല്‍ച്ചയിലുമെല്ലാം ഇന്നും കണ്ണൂരിലെ മാപ്പിളമാര്‍ ഇതേ രീതി തന്നെ പിന്തുടരുന്നു.
ഈ രണ്ട് സമ്പ്രദായങ്ങളില്‍ ഏതാണ് നല്ലത് എന്ന ചര്‍ച്ച തന്നെ നിരര്‍ഥകമാണ്. ഓരോ ക്രമവും ഓരോ ചരിത്ര സാമൂഹിക സാഹചര്യങ്ങളില്‍ രൂപപ്പെട്ടതാണ്. അതുപോലെ മുകളില്‍ പറഞ്ഞ നാല് സമൂഹങ്ങളിലും നിലനില്‍ക്കുന്ന മറ്റ് വൈജാത്യങ്ങളും. കാലാനുഗതികമായ മാറ്റങ്ങള്‍ പല ആചാരങ്ങളിലും ഉണ്ടാകുമെന്നതൊഴിച്ചാല്‍ ഇവയെ ഐകരൂപ്യം വരുത്താന്‍ ഒന്നിനും പറ്റില്ല.
തീരെ ചെറിയ ഒരു ഭൂപ്രദേശത്തിന്റെ ഉദാഹരണമാണ് മുകളില്‍ സൂചിപ്പിച്ചതെങ്കില്‍, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു മതത്തിനകത്ത് എത്രത്തോളം വൈവിധ്യങ്ങള്‍ രൂപപ്പെടാം! യഥാര്‍ഥത്തില്‍ ഓരോ പ്രദേശത്തിന്റെയും തനിമയുമായി ലയിക്കാനുള്ള ശേഷിയാണ് ഇസ്‌ലാമിന് അതിജീവനം നല്‍കിയത് എന്നതാണ് ശരി. നിയമാക്ഷരങ്ങള്‍ വെച്ചുകൊണ്ട് ആഗോള മുസ്‌ലിം സമൂഹത്തെ ഒരച്ചില്‍ വാര്‍ക്കാം എന്ന ധാരണ, ഇസ്‌ലാം അതിന് സ്വയം നല്‍കുന്ന പ്രകൃതിമതം എന്ന വിശേഷണത്തെ തീര്‍ത്തും റദ്ദ് ചെയ്യുന്നതായിരിക്കും.
മതതത്ത്വങ്ങളുടെ സൂക്ഷ്മവ്യാഖ്യാനങ്ങളില്‍പോലും ചിലപ്പോള്‍ ആഭ്യന്തരമായ ഇഖ്തിലാഫ് രൂപപ്പെട്ടേക്കാം. പൂര്‍വസമൂഹങ്ങളുടെ ചരിത്രപ്രതിപാദനങ്ങളുടെ കൂട്ടത്തില്‍ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ''മൂസാക്ക് നാം വേദം നല്‍കിയിട്ടുണ്ടായിരുന്നു. അതിനാല്‍ ഇതിനെ അഭിമുഖീകരിക്കുന്നതില്‍ നിനക്ക് സന്ദേഹമൊന്നും വേണ്ടതില്ല. നാം ആ വേദത്തെ ഇസ്രാഈല്‍ സന്തതികള്‍ക്ക് വഴികാട്ടിയാക്കുകയും ചെയ്തു. സ്ഥൈര്യം കാണിച്ചുകൊണ്ട് നമ്മുടെ വചനങ്ങളില്‍ ഉറച്ചുനിന്നപ്പോള്‍ നമ്മുടെ കല്‍പനകളാല്‍ അവരെ നയിക്കുന്ന നേതാക്കന്മാരെയും നാം ഉണ്ടാക്കി. പിന്നെ അവര്‍ക്കിടയില്‍ ഉണ്ടായ വൈജാത്യങ്ങള്‍, അവര്‍ അകപ്പെട്ട ഇഖ്തിലാഫുകള്‍, അതില്‍ തീര്‍പ്പു കല്‍പിക്കുന്നതാകട്ടെ, നിന്റെ ദൈവം തന്നെയായിരിക്കും, പുനരുത്ഥാനനാളില്‍'' (അസ്സജദ 23-25). വളരെ കൃത്യമായും വ്യക്തമായും ഇതില്‍ സൂചിപ്പിക്കുന്നത് അടിസ്ഥാന മൂല്യങ്ങളെയോ തത്ത്വങ്ങളെയോ നിരാകരിക്കാത്ത ഇഖ്തിലാഫുകള്‍ ഒരേ സമൂഹത്തിനകത്തുതന്നെ രൂപപ്പെട്ടേക്കാം എന്നു തന്നെയാണ്. മാത്രവുമല്ല, അതില്‍ തീരുമാനമെടുക്കുന്നത് അല്ലാഹുവായിരിക്കും എന്നും അത് പുനരുത്ഥാനനാളിലായിരിക്കും എന്നും പറഞ്ഞതില്‍നിന്ന് ഈ ലോകത്ത് അവയെ നിര്‍മൂലനം ചെയ്യാന്‍ നിങ്ങളാരും പരിശ്രമിക്കേണ്ടതില്ല എന്ന കല്‍പന കൂടി ലഭിക്കുന്നു. പൂര്‍വസമുദായത്തിന്റെ ഈ അവസ്ഥ മുസ്‌ലിംകള്‍ക്കും ബാധകമാകുന്നു.
രണ്ട്, അന്തര്‍സമൂഹ വൈവിധ്യം
ലോകത്തിന്റെ ഏത് കോണിലും സമൂഹങ്ങളുടെ രൂപങ്ങളും ഘടനകളും എല്ലാ നിലക്കും സങ്കീര്‍ണമാണ്. ഓരോ സമൂഹത്തിനുമകത്തുണ്ടാകുന്ന ഉപസമൂഹങ്ങള്‍, രണ്ട് വലിയ സമൂഹങ്ങളിലെ വ്യക്തികളോ ഉപസമൂഹങ്ങളോ തമ്മില്‍ ഉണ്ടാകുന്ന പ്രാദേശികമായ ചാര്‍ച്ചകള്‍.... ഇങ്ങനെ പല ഘടകങ്ങള്‍.
സമൂഹങ്ങള്‍ തമ്മില്‍ സംവാദാത്മകമായ ബന്ധമാണ് വളര്‍ന്നു വരേണ്ടതെന്നാണ് ഖുര്‍ആന്റെ അടിസ്ഥാന നിലപാട്. ഏതൊരു സമൂഹമാണെങ്കിലും, ഒരുപക്ഷേ എത്രതന്നെ ശത്രുതാപരമായ നിലപാട് ഇങ്ങോട്ട് അത് വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും നിങ്ങള്‍ അവരുമായി സംവദിക്കണം എന്ന് ഖുര്‍ആന്‍ കല്‍പിക്കുന്നു. അതാകട്ടെ, അഹ്‌സന്‍ ആയി, അഥവാ ഏറ്റവും ഉത്തമമായ രീതിയിലും വാക്കുകളിലും വേണം എന്നും കര്‍ശനമായി കല്‍പിക്കുന്നു (അന്നഹ്ല്‍ 125).
ജനതകളുടെ ചരിത്രങ്ങളെപ്പറ്റിയുള്ള ഖുര്‍ആന്റെ നിലപാട് ഓരോ സമൂഹത്തെയും ഒരു പ്രവാചകന്റെ സാന്നിധ്യത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ്. ഒരു പ്രവാചകന്‍ ആഗതനായിട്ടില്ലാത്ത ഒരു സമൂഹവും കടന്നുപോയിട്ടില്ല എന്ന് വേദഗ്രന്ഥം പ്രഖ്യാപിക്കുന്നു. മേലാളത്തങ്ങളും അധികാരത്തര്‍ക്കങ്ങളും ഉള്‍പ്പെടെ ചേര്‍ന്ന് സൃഷ്ടിച്ച അന്തസ്സംഘര്‍ഷങ്ങളാല്‍ ജനതകള്‍ പിന്നീട് വേദശാസനകളില്‍നിന്ന് വഴിതെറ്റി. ഈ തെറ്റല്‍ ഇന്ന് ഇസ്‌ലാമികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹത്തിലും ഉണ്ടായിട്ടില്ല എന്ന് വാദിക്കുന്നത് ചരിത്രത്തെ അപഹസിക്കലാവും. അത്തരം വഴിതെറ്റലുകളുടെ ചരിത്രത്തെ പ്രമാണബദ്ധമായി പരിശോധിക്കുക ഈ നിബന്ധത്തിന്റെ ലക്ഷ്യമല്ല. എന്നാല്‍ ഇങ്ങനെയൊരു ചരിത്രാവര്‍ത്തനത്തിലൂടെത്തന്നെ കടന്നുപോയിട്ടും കാലിക മുസ്‌ലിം സമൂഹം ഒരേ സമൂഹമെന്ന നിലക്ക് പരസ്പരം സഹവര്‍ത്തിക്കുന്നുണ്ടെങ്കില്‍, പ്രവാചകന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട് എന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്ന ഇതര സമൂഹങ്ങളോട് സാഹോദര്യം കാത്തുസൂക്ഷിക്കാനും മുസ്‌ലിം സമൂഹത്തിന് സാധിക്കേണ്ടതാണ്. സമൂഹങ്ങള്‍ തമ്മിലുള്ള എല്ലാ ആദാനപ്രദാനങ്ങളിലും ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ഫോര്‍മുലയാണ് പ്രവാചകസാന്നിധ്യത്തെക്കുറിച്ച വര്‍ത്തമാനം. തീര്‍ത്തും സംവൃതവും സങ്കുചിതവുമായ (Closed and Parochial /Narrow/ Minded) സമുദായമായി വര്‍ത്തിക്കാന്‍ വേദഗ്രന്ഥം അതിന്റെ അനുഗാതാക്കളെ അനുവദിക്കുന്നില്ല എന്നതാണ് സത്യം.
ഇതിന്റെ ആധാരത്തില്‍ ഓരോ സമൂഹവുമായുള്ള സംവാദത്തിലും പ്രബോധനത്തിലും പരസ്പരം ഐക്യപ്പെടാവുന്ന കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നുണ്ട്: ''പറയുവിന്‍, അല്ലയോ വേദവാഹകരേ, ഞങ്ങളും നിങ്ങളും ഒരുപോലെ അംഗീകരിക്കുന്ന തത്വത്തിലേക്ക് വരൂ'' (ആലു ഇംറാന്‍ 64).
പ്രവാചകന്മാര്‍ ഓരോ സമൂഹത്തോടും അവരുടെ ഭാഷയിലാണ് സംസാരിച്ചത്. ''നാം നിയോഗിച്ച ഒരു ദൂതനും തന്റെ ജനതയുടെ ഭാഷയിലല്ലാതെ അവരുമായി സംവദിച്ചിട്ടില്ല. അവര്‍ക്ക് അത് വിവരിച്ചുകൊടുക്കാനാണ് അപ്രകാരം ചെയ്തത്'' (ഇബ്‌റാഹീം 4). ജനതയുടെ ഭാഷ എന്ന് പറയുമ്പോള്‍ വാക്കും വ്യാകരണവും മാത്രമല്ല, മറിച്ച് അവരുടെ സ്ഥിതിയും മനഃസ്ഥിതിയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിലപാട് എന്നു കൂടിയാണ് അര്‍ഥം.
ഇതെല്ലാം തന്നെ സ്വരവൈവിധ്യങ്ങളോടുള്ള ഇസ്‌ലാമിന്റെ നിലപാടിനെ സൂചിപ്പിക്കുന്നതാണ്. അതേസമയം ഈ വൈവിധ്യങ്ങളെ മനുഷ്യസമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയുടെ അനിവാര്യതയും ഉപകരണം തന്നെയും ആയും അല്ലാഹുവിന്റെ അടയാളമായും കാണുന്നതിനു പകരം ഇതിന്റെ പേരില്‍ സങ്കുചിതത്വം കൈക്കൊള്ളുമ്പോള്‍ തഫര്‍റുഖ് (ഭിന്നിപ്പ്, ശൈഥില്യം) രൂപപ്പെടുന്നു.
ശിഥിലം
ജനിച്ചുവീഴുന്ന സാഹചര്യങ്ങളെച്ചൊല്ലി അഭിമാനം കൈക്കൊള്ളുന്നതിനേക്കാള്‍ വലിയ മിഥ്യാബോധം മറ്റൊന്നില്ല. ദേശ, വര്‍ണ, വര്‍ഗ സങ്കുചിതത്വങ്ങളെല്ലാം അതില്‍നിന്നുണ്ടാകുന്നതാണ്. ദൗര്‍ഭാഗ്യവശാല്‍ ലോകം കടന്നുപോകുന്നത് ഇത്തരമൊരു വിഭാഗീയതയുടെ പരിസരങ്ങളിലൂടെയാണ്. ഈ മിഥ്യാബോധമാണ് സമൂഹങ്ങളില്‍ ശ്രേണീബദ്ധത (Hierarchy) സൃഷ്ടിച്ചത്. മേല്‍ക്കോയ്മ നേടുന്ന വിഭാഗം തങ്ങളുടെ ചിഹ്നങ്ങളും അധികാരവും രാഷ്ട്ര, സമൂഹ ശരീരങ്ങളില്‍ അടിച്ചേല്‍പിക്കുകയും അതിലൂടെ അധീശപദവി ഭദ്രമാക്കുകയും ചെയ്യുന്നു. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്ന പ്രവണതയാണിത്. അതേസമയം ഇതിന് ആധാരമായി വര്‍ത്തിക്കുന്ന അതേ വിഭാഗീയ മനസ്സും സങ്കുചിതത്വവും കൊണ്ട് ഇതിനെ നേരിടാം എന്ന് കരുതുന്നതും മൗഢ്യമാണ്. ലളിതമായ വായനയില്‍ സ്വരവൈവിധ്യങ്ങളെ സങ്കുചിതമായ പുനരുത്ഥാനവാദങ്ങളായി പരിവര്‍ത്തിപ്പിക്കുന്ന സങ്കീര്‍ണ പ്രത്യയശാസ്ത്രങ്ങളും മറുഭാഗത്ത് തഴച്ചുവളരുന്നുണ്ട്.
എല്ലാതരം സങ്കുചിതത്വങ്ങളെയും പ്രവാചകന്‍ നിരോധിച്ചിട്ടുണ്ട്. ആദര്‍ശത്തിന്റെയോ പോരാട്ടത്തിന്റെയോ പേരിലുള്ള ഇടുക്കങ്ങളെപ്പോലും കര്‍ശനമായിത്തന്നെ തടഞ്ഞിരിക്കെ, ജന്മത്തിന്റെയും സ്വത്വത്തിന്റെയും പേരിലുള്ള വിഭാഗീയതകള്‍ കൂടുതല്‍ അപലപനീയമായിത്തീരുന്നു. ഇന്ത്യയില്‍ ഹിന്ദുമതത്തിലെ കാസ്റ്റ് ഹയറാര്‍ക്കിയില്‍ ഉന്നതജാതിയില്‍ ജനിക്കുന്ന ഒരാള്‍, അതിന്റെ പേരില്‍ വെച്ചുപുലര്‍ത്തുന്ന മിഥ്യാഭിമാനം നിമിത്തം മുസ്‌ലിംകളെ വെറുക്കുകയും താഴ്ന്ന ജാതിക്കാരെയും ഗോത്രവര്‍ഗക്കാരെയുമൊക്കെ രണ്ടാം ക്ലാസ് പൗരന്മാരായി മാത്രം പരിഗണിക്കുകയും പാകിസ്താനോട് ശത്രുത വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. ഇതേ മനുഷ്യന്‍ ജനിക്കുന്നത് പെഷവാറിലെ പഷ്തൂണ്‍ കുടുംബത്തിലാണെങ്കില്‍ (ഒരു സങ്കല്‍പം മാത്രം) വെറുപ്പ് മുസ്‌ലിമേതര മതവിഭാഗങ്ങളോടും ഇന്ത്യയോടും ആയി മാറുന്നു. ജാതി, നിറം, ഭാഷ, കുടുംബമഹിമ തുടങ്ങിയ കാര്യങ്ങളിലൊക്കെയും ഇതേ പക്ഷപാതം തന്നെ പ്രവര്‍ത്തിക്കുന്നു. സാഹചര്യങ്ങള്‍ വിപരീതമാവുമ്പോള്‍ ചായ്‌വും വിപരീതമാവുമെന്നു മാത്രം. പ്രക്രിയ ഒന്നുതന്നെ.
വെറുപ്പും അതില്‍നിന്ന് ഉത്ഭൂതമാകുന്ന ശൈഥില്യവും ഗുരുതരാപരാധങ്ങളായി ഖുര്‍ആന്‍ കരുതുന്നു. ചിഹ്നങ്ങളോടുള്ള ചായ്‌വുകളുടെ പേരില്‍ സംവാദത്തിന് മുതിര്‍ന്നവരെ മൂഢന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍ (അല്‍ ബഖറ 146). ശൈഥില്യത്തെക്കുറിച്ച മുന്നറിയിപ്പ് ആലു ഇംറാന്‍ സൂറയില്‍ നമുക്ക് ഇപ്രകാരം വായിക്കാം: ''നല്ലതിലേക്ക് ക്ഷണിക്കുകയും നന്മ കല്‍പിക്കുകയും ചെയ്യുന്ന സമുദായമായി മാറണം നിങ്ങള്‍. എന്തെന്നാല്‍ അങ്ങനെയുള്ളവര്‍ തന്നെയാണ് വിജയികള്‍. കൃത്യമായ അടയാളങ്ങള്‍ എത്തിക്കഴിഞ്ഞിരിക്കെ, ഭിന്നിക്കുകയും പല കക്ഷികളായിപ്പിരിയുകയും ചെയ്ത ആളുകളെപ്പോലാവരുത് നിങ്ങള്‍. അവര്‍ക്കുള്ളത് കൊടുംപീഡ തന്നെയാകുന്നു''(104,105).
ജനങ്ങളെ മേല്‍കീഴ് തട്ടുകളാക്കുന്ന ഭരണാധികാരികളെയും ഭിന്നിപ്പിന്റെ വൈതാളികന്മാരായിത്തന്നെ അല്ലാഹു പരിചയപ്പെടുത്തുന്നു. അല്‍ ഖസ്വസ്വില്‍ (4) ഫറോവയുടെ കഥ പറയുമ്പോള്‍ അവന്‍ ജനതയെ തട്ടുകളാക്കിത്തിരിച്ച്, അതിലൊരു വിഭാഗത്തെ പതിതരാക്കി എന്ന് പറയുന്നു്.
വീക്ഷണാന്തരങ്ങളുടെ പേരില്‍ ഒരേ സമുദായത്തിനകത്തുതന്നെ ശൈഥില്യം വിതക്കുന്നവരെ വേദഗ്രന്ഥം കഠിനമായി ആക്ഷേപിക്കുന്നു. ഇക്കാര്യത്തില്‍ ഇസ്രാഈല്‍ സമൂഹത്തെ ഖുര്‍ആന്‍ അഭിമുഖീകരിക്കുന്നുണ്ട്: ''നിങ്ങളില്‍നിന്ന് നാം ഉറപ്പു വാങ്ങിയതോര്‍മയില്ലേ, പരസ്പരം ചോര ചിന്തുകയോ വീടുകളില്‍നിന്ന് പുറത്താക്കുകയോ ചെയ്യില്ലെന്ന്? ആ കരാര്‍ നിങ്ങള്‍ സ്ഥിരീകരിച്ചു. നിങ്ങളതിന് സാക്ഷികള്‍ തന്നെയായിരുന്നു. എന്നിട്ടോ, നിങ്ങളിതാ സ്വസ്വത്വത്തെത്തന്നെ കൊന്നുതീര്‍ക്കുന്നു. സ്വന്തം ജനതയിലൊരു വിഭാഗത്തെ അവരുടെ വീടുകളില്‍നിന്ന് ആട്ടിപ്പുറത്താക്കുന്നു. ശത്രുതയോടെ അവര്‍ക്കെതിരെ കുറ്റകരമായ ഒത്തുചേരല്‍ നടത്തുകയും ചെയ്യുന്നു'' (അല്‍ ബഖറ 84,85).
ആന്തരികമായ വീക്ഷണവൈജാത്യങ്ങള്‍ എന്റെ സമുദായത്തിന് ഗുണകരമാണെന്ന് നബി പറഞ്ഞിട്ടുണ്ട്. അതേസമയം അവയുടെ പേരില്‍ ഭിന്നിക്കരുത് എന്നും. മുന്‍ പ്രവാചകന്മാരെയും അവരുടെ സമൂഹങ്ങളെയും തുടര്‍ന്ന് അല്ലാഹു നിങ്ങളെ പരിശീലിപ്പിച്ച അവന്റെ ധര്‍മത്തെ സ്ഥാപിക്കുന്നതില്‍ ഒറ്റക്കെട്ടാവണമെന്നും അശ്ശൂറാ എന്ന അധ്യായത്തില്‍ പതിമൂന്നാം വാക്യമായി കാണാം. സ്വവീക്ഷണങ്ങള്‍ നിര്‍ഭയം പറയുന്നതോടൊപ്പം എതിരഭിപ്രായക്കാരെ അങ്ങേയറ്റം ആദരിച്ചവരായിരുന്നു പ്രാമാണിക ചിന്തകന്മാര്‍. ഇമാം ശാഫിഈയുടെ പ്രഖ്യാപനം പ്രസിദ്ധമാണ്. ''ഞാന്‍ പറയുന്നത് തെറ്റാവാന്‍ സാധ്യതയുള്ള ശരിയും നിങ്ങള്‍ പറയുന്നത് ശരിയാവാന്‍ സാധ്യതയുള്ള തെറ്റുമാണ്.''
മദീന
ക്രിയാത്മക വൈവിധ്യങ്ങള്‍ക്കെല്ലാം പ്രാധാന്യവും ഇടവും നല്‍കിക്കൊണ്ടാണ് ഇസ്‌ലാമിലെ മാനവികത വികാസം പ്രാപിച്ചത്. അത് പക്ഷേ, സാര്‍വലൗകികതയുടെയും ഏകമാനവികതയുടെയും വര്‍ണരഹിതവും മുഷിപ്പനുമായ അവ്യക്തതയല്ല. സകല വര്‍ണങ്ങളെയും വേറിട്ട് പ്രതിഫലിപ്പിക്കുന്നതോടൊപ്പം അവയുടെ സമന്വയത്തെ അതിമനോഹരമായി ആവിഷ്‌കരിക്കുന്ന പ്രിസം ആണ്. എല്ലാ സ്വത്വങ്ങളെയും അതായിത്തന്നെ നിലനിര്‍ത്തുന്നതോടൊപ്പം അവക്കിടയിലെ അതിര്‍വരമ്പുകളുടെ സാന്ദ്രതയെ ദൃഢീകരിക്കുന്ന സകല പ്രവണതകളുടെയും പ്രതിരോധം ആണ്. ശ്രേണീബദ്ധതയെ ശാശ്വതീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ കലാപമാണ്.
ബഹുസ്വരതയോടുള്ള ഇസ്‌ലാമിന്റെ സമീപനത്തിന്റെ പ്രത്യക്ഷമാണ് പ്രവാചകന്റെ മദീന. ഗോത്രങ്ങള്‍ തമ്മിലുള്ള പോരിന്റെയും കുടിപ്പകകളുടെയും കേന്ദ്രമായിരുന്ന യസ്‌രിബിനെ, ഗോത്രാസ്തിത്വങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ മനുഷ്യത്വത്തിന്റെ ഉറവിടമായ മദീനയാക്കി മുഹമ്മദ് നബി മാറ്റി. മദീനയുടെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ വ്യവഹാരങ്ങളുടെയും കേന്ദ്രമായി വര്‍ത്തിച്ച, നബിയുടെ പള്ളി മനുഷ്യര്‍ക്കായി തുറന്നുവെക്കപ്പെട്ടു. നജ്‌റാനിലെ പാത്രിയാര്‍ക്കീസും സംഘവും അവിടെ വെച്ച് നബിയോട് സംവദിക്കുകയും അവിടെ താമസിക്കുകയും അവിടെത്തന്നെ പ്രാര്‍ഥിക്കുകയും ചെയ്തു.
മദീനക്ക് നബി ഒരു ചട്ടം ആവിഷ്‌കരിച്ചു. അവിടത്തെ യൂദ പണ്ഡിതന്മാരും ഗോത്രത്തലവന്മാരുമടക്കം നൂറോളം പേരെ പ്രവാചകാനുചരനായ അനസുബ്‌നു മാലികിന്റെ വീട്ടില്‍ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്താണ് ആ ചട്ടം രൂപപ്പെടുത്തിയത്. മദീനാ രാഷ്ട്രത്തിന്റെ പരമാധികാരം, സ്വാതന്ത്ര്യം, സമാധാനം എന്നിവ നിലനിര്‍ത്തുന്നതോടൊപ്പം ജനപങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്നതായിരുന്നു ആ കരാര്‍.
യസ്‌രിബില്‍ നിലനിന്നിരുന്ന ആഭ്യന്തരശൈഥില്യവും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ചുകൊണ്ടാണ് അത് മദീനയായി മാറിയത്. രക്തത്തിന്റെ പിഴയെയും സ്വാതന്ത്ര്യത്തിന്റെ വിലയെയും മദീനാ പ്രമാണം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. അധികാരവാഴ്ചയേക്കാള്‍ പരസ്പര പങ്കാളിത്തത്തിനാണ് ചട്ടം പ്രാമുഖ്യം നല്‍കുന്നത്. ഏഴാം നൂറ്റാണ്ടില്‍, മൂന്ന് പ്രബല മതവിഭാഗങ്ങളും അവക്കകത്തും പുറത്തുമുള്ള, ചെറുതും വലുതുമായ ഒട്ടേറെ സ്വത്വസമൂഹങ്ങളും പരസ്പര ചര്‍ച്ചകളിലൂടെ അംഗീകരിച്ച് പ്രയോഗത്തില്‍ വരുത്തിയ പ്രമാണമാണിത് എന്നത് ചരിത്രപരമായി വളരെ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാകുന്നു. ഖുര്‍ആനും പ്രവാചകനിര്‍ദേശങ്ങളും അനുസരിച്ച് ജീവിക്കാനും അതിലെ തത്ത്വങ്ങള്‍ പ്രബോധനം ചെയ്യാനും മുസ്‌ലിംകള്‍ക്കുള്ള അതേ സ്വാതന്ത്ര്യവും അവകാശങ്ങളും തങ്ങളുടെ പ്രമാണങ്ങളനുസരിച്ച് ജീവിക്കുന്നതില്‍ യൂദാദി മതവിഭാഗങ്ങള്‍ക്കും മദീനാ പ്രമാണം നല്‍കുന്നുണ്ട്.
എല്ലാ വിഭാഗങ്ങളുമായുള്ള ചര്‍ച്ചകളിലൂടെ പരസ്പരാദരവിന്റെ മഹത്തായ ഒരു പ്രതലം നബി സൃഷ്ടിച്ചു. ഒരു കരാര്‍ എന്ന നിലക്ക് കൂടി സ്ഥാനമുള്ള ഇതിനെ പിന്നീട് ആദ്യം ലംഘിച്ചതും ശത്രുക്കള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാന്‍ ശ്രമിച്ചതും യൂദന്മാര്‍ തന്നെയായിരുന്നുവെന്നതും ചരിത്രവസ്തുതയാണ്. വംശീയവ്യാമോഹങ്ങള്‍ക്കടിപ്പെട്ട്, പ്രമാണം വാഗ്ദാനം ചെയ്യുന്ന സുരക്ഷയില്‍നിന്നും സ്വാതന്ത്ര്യത്തില്‍നിന്നും സ്വയം പുറത്തുപോവുകയായിരുന്നു അവര്‍. എന്നാല്‍ ഓരോ സമയത്തും പ്രമാണത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച അതത് യൂദഗോത്രത്തോട് മാത്രമായല്ലാതെ യൂദമതവിശ്വാസികളോട് ഒന്നടങ്കം ഇതിന്റെ പേരില്‍ നബിയുടെ സമൂഹം പ്രതികരിച്ചിരുന്നില്ല.
പ്രമാണാനുബന്ധമായ കരാറുകളില്‍ ഏര്‍പ്പെടുന്ന കക്ഷികള്‍ എല്ലാ നിലക്കും സ്വരവൈവിധ്യങ്ങള്‍ പുലര്‍ത്തുന്നവരാണ്. അതിനാല്‍തന്നെ ഓരോ വകുപ്പും പൊതുതാല്‍പര്യത്തെ കൂടുതലായി പ്രതിനിധാനം ചെയ്യുന്നതായിരുന്നു.
ചിലേടത്ത് മതപരമായ സ്വത്വത്തേക്കാള്‍ ഗോത്രപരമായ സ്വത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. സാമൂഹികമായ വിഭാഗങ്ങളെയും ഉപവിഭാഗങ്ങളെയും പ്രത്യേകമായി എടുത്തുപറയുന്നു. മുഹാജിര്‍, അന്‍സാര്‍ എന്നീ വിഭാഗങ്ങളും മുസ്‌ലിം, യൂദ, പാരമ്പര്യ മതങ്ങളില്‍പ്പെട്ട ഔസ്, ഖസ്‌റജ്, ബനൂ ഖുറൈദ, ബനുന്നദീര്‍, ബനൂ ഖൈനുഖാഅ് തുടങ്ങിയ ഗോത്രങ്ങളും ബനൂ ഔഫ് (മുസ്‌ലിം), ബനൂ ഔഫ് (യൂദ), ബനുല്‍ ഹാരിസ്, ബനൂ സാഇദ (മുസ്‌ലിം), ബനൂ സാഇദ (യൂദ), ബനൂ അംറുബ്‌നു ഔഫ്, ബനൂ സഅ്‌ലബ, ജഫ്‌ന, ബനുല്‍ ഔസ് (മുസ്‌ലിം), ബനുല്‍ ഔസ് (യൂദ) തുടങ്ങിയ ഉപഗോത്രങ്ങളും കുടുംബങ്ങളും എന്ന് തുടങ്ങി ഓരോ വിഭാഗത്തെയും എടുത്തുപറഞ്ഞുകൊണ്ടുതന്നെ എല്ലാ സ്വത്വങ്ങള്‍ക്കും അംഗീകാരം നല്‍കുകയും അവകാശങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ഈ ഓരോന്നിന്റെയും പ്രതിനിധികള്‍ പ്രമാണക്കരാറില്‍ ഒപ്പു വെക്കുകയും ചെയ്തു. പരമ്പരാഗത മതവിശ്വാസികളുടെ അവകാശങ്ങളെ കരാര്‍ വേറെത്തന്നെ പരാമര്‍ശിക്കുന്നു. പൊതുവായ ഒരു ഘടന ഉള്ളതോടൊപ്പം, ഓരോ മത, വംശീയ വിഭാഗങ്ങള്‍ക്കും സാംസ്‌കാരികവും നിയമപരവുമായ സ്വയംഭരണാവകാശവും വിദ്യാഭ്യാസം, സംസ്‌കാരം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ പൊതുവായ പങ്കാളിത്തത്തോടൊപ്പം ഓരോ വിഭാഗത്തിനും പ്രത്യേകമായ അവകാശങ്ങളും മദീനാ ചട്ടം അനുവദിക്കുന്നതായി കാണാം.
ഉമ്മത്ത് എന്നത്, പ്രവാചകന്‍ തന്റെ സമൂഹത്തെ വിശേഷിപ്പിക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന പദമാണ്. എന്നാല്‍ മദീനാ പ്രമാണത്തില്‍ രാഷ്ട്രശരീരത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായും ഓരോ സമൂഹത്തെയും സവിശേഷമായും ഉമ്മത്തായി വിശേഷിപ്പിക്കുന്നുണ്ട്. പൊതുവായ ഒരു രാഷ്ട്രഘടനക്കകത്തുതന്നെ ഓരോ സമൂഹത്തിന്റെയും സ്വത്വത്തെയും നിലനില്‍പിനെയും അംഗീകരിക്കുന്നതായിരുന്നു ഈ നിലപാട്.
എല്ലാ സ്വത്വങ്ങളുടെയും വ്യക്തിനിയമങ്ങളെയും ആചാരങ്ങളെയും പ്രവാചകന്‍ മാനിച്ചു. മുസ്‌ലിംകളല്ലാത്തവര്‍ കേസുകളുമായി നബിയെ സമീപിച്ചാല്‍ ഞാന്‍ എങ്ങനെ വിധി കല്‍പിക്കണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്, ഖുര്‍ആന്‍ അനുസരിച്ചോ അതോ നിങ്ങളുടെ പ്രമാണം അനുസരിച്ചോ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നത്രെ.
വര്‍ത്തമാനം
ലോകത്ത് ഏറ്റവുമധികം സ്വത്വ, സ്വര വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്ത്യ. ഈ വൈവിധ്യങ്ങളെല്ലാം അത
തിന്റെ സ്വത്വം നിലനിര്‍ത്തിയും എന്നാല്‍ പരസ്പരം കലര്‍ന്നും കൊടുത്തും വാങ്ങിയും ആണ് ഇവിടെ ജീവിതവും സംസ്
കാരവും പടുത്തുയര്‍ത്തിയത്. ആഫ്രിക്ക, ആസ്‌ത്രേലിയ, മെസപ്പൊട്ടേമിയ, ഇറാന്‍, ഏഷ്യാമൈനര്‍, ചൈന, അറേബ്യ തുടങ്ങി ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് ചരിത്രാതീതകാലം മുതല്‍ക്കേ ഈ പ്രദേശത്തേക്ക് ആളുകള്‍ കുടിയേറുകയും ഇവിടത്തെ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ നരവര്‍ഗങ്ങള്‍, അസംഖ്യം ജാതികളും ഉപജാതികളും, അനേകം മതങ്ങളും സമുദായങ്ങളും, വിവിധങ്ങളായ ഭാഷകള്‍ അങ്ങനെ വൈവിധ്യങ്ങളുടെ കേന്ദ്രമാണ് ഇന്ത്യ. ഇവ തന്നെ വ്യത്യസ്തമായ തനിമകളും സംസ്‌കാരങ്ങളുമായി വികസി ച്ചു. ഈ വര്‍ണ, വര്‍ഗ, സ്വര ബാഹുല്യങ്ങളെയെല്ലാം നിഷേധിച്ച് ഏകമുഖമായ ജീവിതത്തെയും ചരിത്രത്തെ യും നിര്‍മിക്കാനുള്ള ശ്രമമാണ് ഫാഷിസ്റ്റ് ദേശീയതയുടെ അധികാരവാഴ്ച ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
മറുഭാഗത്ത് ആധുനിക കാലത്തെ ഇന്ത്യന്‍ മുസ്‌ലിം സമൂഹം ഈ ബഹുസ്വരതയെ അഭിമുഖീകരിക്കുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടുണ്ട് എന്നും പറഞ്ഞുകൂടാ. കോരാതെ നീരൊഴുക്ക് കുറഞ്ഞ് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ ജലാശയം പോലെയായിത്തീര്‍ന്നിട്ടുണ്ട് മുസ്‌ലിം സമുദായത്തിന്റെ കൈയിലെ ഇസ്‌ലാം. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച കപ്പല്‍ രൂപകത്തിലെ യാത്രക്കാരെ ഓര്‍ക്കുക. ഉഖ്‌രിജത് ലിന്നാസ് എന്ന് ഖുര്‍ആന്‍ അതിന്റെ അനുയായികളെ വിശേഷിപ്പിച്ചെങ്കിലും മുസ്‌ലിം സമൂഹം അന്നാസിനു വേണ്ടി നിലകൊള്ളുന്നതിന് തയാറായി എന്ന് തോന്നുന്നില്ല. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനം ഊന്നല്‍ നല്‍കിയത് ഈ പശ്ചാത്തലത്തിലാണ്.
ഇസ്‌ലാമിന്റെ നവാവിഷ്‌കാരത്തെ (തജ്ദീദ്) ലോകത്തിന്റെയും ലോകജനതയുടെയും തന്നെ നവോത്ഥാനത്തിന്റെ യഥാര്‍ഥ കരുവായി അവതരിപ്പിക്കുകയാണല്ലോ സയ്യിദ് മൗദൂദിയെപ്പോലുള്ള ആധുനിക ഇസ്‌ലാമിക പ്രസ്ഥാനനായകന്മാര്‍ ചെയ്തത്. സാമുദായികതയുടെ സങ്കുചിതത്വത്തിനകത്തുനിന്ന് ഇസ്‌ലാമിനെ മോചിപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. എന്നു തന്നെയല്ല, തജ്ദീദിന്റെ അടിത്തറയായി സയ്യിദ് മൗദൂദി സ്വീകരിച്ചത് മുസ്‌ലിം എന്ന കേവല ഐഡന്റിറ്റിയെ അല്ല, മറിച്ച് ഇസ്‌ലാം എന്ന ഫിലോസഫിയെയാണ്. കേവല സമുദായ സ്വത്വപരിസരത്തുനിന്ന് ദര്‍ശനത്തെ വേര്‍പ്പെടുത്തിക്കാണിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. എല്ലാ വിഭാഗീയതകളെയും തള്ളിപ്പറഞ്ഞ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും സാമുദായിക രാഷ്ട്രീയം തങ്ങള്‍ക്ക് എന്തുകൊണ്ട് അസ്വീകാര്യമായിത്തീരുന്നു എന്ന് വിശദീകരിച്ചിട്ടുണ്ട്.
മനുഷ്യര്‍ക്കു വേണ്ടി ഉയിരേകപ്പെട്ട ഉത്തമസമുദായം നന്മയെ, സത്യധര്‍മാദികളെ പ്രബോധനം ചെയ്യുകയും സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തുന്ന തിന്മകളെ ദൂരീകരിക്കാന്‍ യത്‌നിക്കുകയും ചെയ്യുന്നവരായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നത് നാം വായിച്ചുവല്ലോ. എന്നാല്‍ സാമുദായികത ഉള്‍പ്പെടെയുള്ള പക്ഷപാതിത്വങ്ങളില്‍ അധിഷ്ഠിതമായ നിലപാടുകളും അവയുടെ ആധാരത്തിലുള്ള സംഘബോധവുമൊക്കെ, സത്യസന്ധതയെയും പ്രതിബദ്ധതയെയും കുറച്ചുകളയുന്നു. സമുദായം മാത്രം പരിഗണനയായിത്തീരുന്നതോടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ പോലും വിഭാഗീയമായ ഒച്ചയിടലുകള്‍ മാത്രമായിത്തീരുകയും ചെയ്യുന്നു.
മര്‍ദനത്തിനെതിരായ പോരാട്ടത്തെയും പ്രതിരോധത്തെയും കുറിച്ച പ്രവാചകാധ്യാപനങ്ങളില്‍, മനുഷ്യന്‍ എന്ന നിലക്ക് മര്‍ദകനോടും കൂടിയുള്ള ഗുണകാംക്ഷയും മനുഷ്യത്വത്തോടുള്ള പ്രതിബദ്ധതയും കാണാം. നിങ്ങള്‍ നിങ്ങളുടെ സഹോദരനെ സഹായിക്കുക, മര്‍ദകനായാലും മര്‍ദിതനായാലും എന്ന് നബി പറഞ്ഞു. മര്‍ദനം അവസാനിപ്പിക്കുന്നതിലൂടെ മര്‍ദിതന്‍ മര്‍ദനത്തില്‍നിന്നും മര്‍ദകന്‍ ആ പാപത്തില്‍നിന്നും രക്ഷ പ്രാപിക്കുന്നു എന്ന് അവിടുന്ന് അത് വിശദീകരിക്കുകയും ചെയ്തു. നിങ്ങളോടുള്ള ശത്രുത ഒരു വിഭാഗത്തോട് അനീതി കാണിക്കാനുള്ള ന്യായമാകാവതല്ല എന്ന, ഖുര്‍ആനിലെ സൂക്തം നാം മുകളില്‍ ഉദ്ധരിച്ചിട്ടുണ്ട്. പ്രതിരോധം നന്മയില്‍ മാത്രമാവണമെന്നും നിങ്ങളുടെ പ്രതിരോധത്തിന് കൊടും ശത്രുവിനെ ആത്മമിത്രം (വലിയ്യുന്‍ ഹമീം) ആക്കാനുള്ള ശേഷി കൂടിയുണ്ടാവണമെന്നും കല്‍പിക്കുന്നു വിശുദ്ധ ഖുര്‍ആന്‍: ''നന്മയും തിന്മയും തുല്യമാവില്ല. അതിനാല്‍ തിന്മയെ ഏറ്റവും ഉചിതമായ നന്മ കൊണ്ട് വേണം പ്രതിരോധിക്കാന്‍. അങ്ങനെ ചെയ്താല്‍ നിന്നോട് ശത്രുതയുള്ളവന്‍ നിന്റെ ആത്മമിത്രം ആയിത്തീരും'' (ഫുസ്സ്വിലത്ത് 34).
ഇവിടെ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി ജമാഅത്തെ ഇസ്‌ലാമി കൈക്കൊണ്ടിട്ടുള്ള നയങ്ങളും നിലപാടുകളും പ്രധാനമാണ്. ഉപരിസൂചിതമായ ഇന്ത്യന്‍ ബഹുസ്വരതയെ ശരിയായ മുന്‍ഗണനാക്രമത്തില്‍ അഭിമുഖീകരിക്കാന്‍ ജമാഅത്തിന് എത്രത്തോളം സാധിച്ചിട്ടുണ്ട് എന്നത് വിശകലനമര്‍ഹിക്കുന്ന വിഷയമാണ്. ആദാനപ്രദാനങ്ങള്‍ ചുരുങ്ങുകയും സമുദായങ്ങള്‍ കൂടുതല്‍ കൂടുതല്‍ സംവൃതമാവുകയും ചെയ്യുന്ന ഇക്കാലത്ത് സ്വരവൈവിധ്യങ്ങളെയും വര്‍ണവൈവിധ്യങ്ങളെയും സംബന്ധിച്ച ഖുര്‍ആനിക കാഴ്ചപ്പാടിലും പ്രവാചക മാതൃകയിലും ഊന്നിനിന്നുകൊണ്ട് അവയെ അഭിമുഖീകരിക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തയാറാവേണ്ടതുണ്ട്. പ്രത്യേകിച്ചും വംശീയതയുടെ രാഷ്ട്രീയവും ഫാഷിസ്റ്റ് അധികാരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തിപ്പെട്ടുവരുന്ന പശ്ചാത്തലത്തില്‍.
സമുദായത്തിനെതിരായ മനോഭാവങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ട ഫോബിയയുടെ ഭാഗമായി മാത്രം സംഭവിച്ചതാണെന്ന് കരുതാന്‍ വയ്യ, അത് എത്ര തന്നെ പ്രധാനവും വലുതും ആണെന്ന് സമ്മതിച്ചാലും. നൂറ്റാണ്ടുകളായി പരസ്പരം സഹവര്‍ത്തിക്കുന്ന ജനസമൂഹങ്ങള്‍ തമ്മില്‍ അവിശ്വാസം വളരുമ്പോള്‍, അതിന്റെ പിന്നില്‍ ദേശീയവും അന്തര്‍ദേശീയവുമായ ഭരണകൂടങ്ങളുടെയും അധികാരവാഴ്ചയുടെയും താല്‍പര്യങ്ങള്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ആ അവിശ്വാസം ഉത്ഭവിക്കുന്നത് സഹവര്‍ത്തിത്വത്തിന്റെ അനുഭവങ്ങളില്‍നിന്നാവാം, അല്ലെങ്കില്‍ സഹവര്‍ത്തിത്വത്തിന് അവസരം ലഭിക്കാത്തതില്‍നിന്നാവാം. ഇത് മുസ്‌ലിം സമുദായത്തിന്റെ കാര്യത്തിലാകുമ്പോള്‍, സമുദായം ഇസ്‌ലാമിനെ തെറ്റായി പ്രതിനിധീകരിക്കുന്നതുകൊണ്ടാവാം, അല്ലെങ്കില്‍ ഒരു നിലക്കുള്ള പ്രതിനിധാനവും നിര്‍വഹിക്കാത്തതുകൊണ്ടുമാവാം. രണ്ടായാലും ഉഖ്‌രിജത് ലിന്നാസ് എന്ന് ഖുര്‍ആന്‍ നല്‍കിയ വിശേഷണത്തെ സാധൂകരിക്കാന്‍ സാധിച്ചിട്ടില്ല എന്നാണല്ലോ അര്‍ഥം. ചുറ്റുപാടുകളുമായുള്ള ഇടപെടലുകള്‍ ഖുര്‍ആന്റെ കല്‍പനയില്‍നിന്നുകൊണ്ട് നിര്‍ണയിക്കപ്പെടുകയും നിര്‍വഹിക്കപ്പെടുകയും ചെയ്യുമ്പോള്‍, ജനതയെ സംബന്ധിച്ചേടത്തോളം ഒരു ക്രിയാത്മകസാന്നിധ്യമായി ഇസ്‌ലാം മാറും.
മനുഷ്യസമൂഹത്തെ വഹിച്ചുകൊണ്ട് യാത്ര പുറപ്പെട്ട ആ കപ്പല്‍ ലക്ഷ്യത്തിലെത്തുകയും ചെയ്യും.
Comments