Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

കാലത്തോടൊപ്പം സഞ്ചരിക്കുന്നത്     ജമാഅത്തിന്റെ നന്മ

ഡോ. പി.എ ഫസല്‍ ഗഫൂര്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഒരു കാലത്ത് ഇന്ത്യയില്‍ ആര്‍.എസ്.എസ് പോലുള്ള തീവ്രവാദ സംഘടനകളെ നിരോധിക്കുമ്പോള്‍ തൂക്കമൊപ്പിക്കാനായി ജമാഅത്തിനെ നിരോധിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലത്തും ബാബരിധ്വംസന ശേഷവും ഇങ്ങനെ സംഭവിക്കുകയുണ്ടായി. ഇതിനു പുറമെ സമൂഹത്തിന്റെ വിവിധ മേഖലകളിലും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കപ്പെടുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളുടെ കാരണം ജമാഅത്തിന്റെ പ്രകൃതത്തെയും അടിസ്ഥാനങ്ങളെയും മനസ്സിലാകാത്തതാണെന്നാണ് എന്റെ അഭിപ്രായം. 
ജമാഅത്ത് പ്രവര്‍ത്തിക്കുന്നത് ജീവിതത്തിന്റെ സകല മേഖലകളിലും ഇസ്‌ലാമിനെ പ്രയോഗവത്കരിക്കുക എന്ന ഫിലോസഫിയുടെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ മറ്റു പ്രസ്ഥാനങ്ങളില്‍നിന്ന് അതിന് ചില വ്യത്യാസങ്ങളുണ്ടാകും. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ജമാഅത്തിനെ മറ്റു ചില സംഘടനകളുമായി താരതമ്യം ചെയ്തുനോക്കാം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുജാഹിദ് പ്രസ്ഥാനങ്ങള്‍. എന്നാല്‍ അവയുടെ ചരിത്രത്തില്‍ മതമേഖലകള്‍ക്കപ്പുറത്ത്, സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ അവര്‍ സ്വാധീനം ചെലുത്തിയതായി കാണാനാവില്ല (ഈയടുത്ത കാലത്ത് ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്). മാത്രമല്ല, രാഷ്ട്രീയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അതിലെ അംഗങ്ങള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലാണ് നിര്‍വഹിക്കുന്നത്. മറ്റൊരു സംഘടനയായ എം.ഇ.എസിനെ എടുക്കുക. എം.ഇ.എസ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. മറ്റു മേഖലകള്‍ അവരുടെ പരിഗണനയില്‍ വരുന്നില്ല. എന്നാല്‍ ജമാഅത്ത് അങ്ങനെയല്ല. എല്ലാ മേഖലകളിലും അവര്‍ക്ക് ചെറിയ ചുവടുകളെങ്കിലും മുന്നോട്ടുവെക്കാനായിട്ടുണ്ട്. ഇസ്‌ലാമിക വിദ്യാഭ്യാസം, സ്ത്രീവിദ്യാഭ്യാസം, ഭൗതിക വിദ്യാഭ്യാസം എന്നിവയിലെല്ലാം ജമാഅത്ത് ഇടപെടുന്നു. പുറമെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലും അവരുടേതായ പങ്കുവഹിക്കുന്നു. അവയെല്ലാം വിജയമായിരുന്നോ, ബൃഹത്തായ സ്വാധീനമുണ്ടോ എന്നെല്ലാം വേറെ വിലയിരുത്തേണ്ടതാണ്. എന്തായാലും ഇസ്‌ലാമിന്റെ സിദ്ധാന്തങ്ങള്‍ ഈ മേഖലകളിലെല്ലാം പ്രയോഗവത്കരിക്കണമെന്നും അവിടെയെല്ലാം അതിന്റെ ഫലങ്ങളുണ്ടാവണമെന്നുമാണ് ജമാഅത്തിന്റെ അടിസ്ഥാന തത്ത്വശാസ്ത്രം. 
മുസ്‌ലിം സമുദായം ഇവിടെയുള്ള പൊതുസമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നവരാണ്. അങ്ങനെയാണ് അവര്‍ ജീവിതം നയിക്കേണ്ടതും. അതുകൊണ്ടുതന്നെ ഇവിടെ സമൂഹത്തിലുണ്ടാകുന്ന എല്ലാ വിഷയങ്ങളും മുസ്‌ലിം സമുദായത്തെകൂടി  ബാധിക്കുന്നതാണ്. അത്തരത്തില്‍ ഇവിടെയുള്ള സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക- സാംസ്‌കാരിക വിഷയങ്ങളെയെല്ലാം കാണാനാകണം. നോട്ട്‌നിരോധന പ്രശ്‌നത്തിലും പ്ലാച്ചിമടയിലും എന്റോസള്‍ഫാന്‍ പ്രശ്‌നത്തിലുമെല്ലാം ഇടപെടാന്‍ മുസ്‌ലിംകള്‍ക്കാവണം. അത്തരത്തിലുള്ള ശ്രമം ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ ഇവിടെ പലരും, ജമാഅത്ത് ചില മേഖലകളില്‍ ഇടപെടുമ്പോള്‍ അവര്‍ക്കെന്താണ് അവിടെ കാര്യം, അത് മതകാര്യമല്ലല്ലോ എന്നു പറയുന്നുണ്ട്. മറ്റു ചിലര്‍ രാഷ്ട്രീയ- സാമൂഹിക കാര്യങ്ങളിലാണ് ജമാഅത്ത് അഭിപ്രായം പറയേണ്ടത്, കാരണം അവര്‍ മതസംഘടനയല്ലല്ലോ എന്നും പറയാറുണ്ട്. ഈ രണ്ട് വാദങ്ങളോടും ഞാന്‍ വിയോജിക്കുകയാണ്. ജമാഅത്ത് മനസ്സിലാക്കുന്ന തത്ത്വശാസ്ത്രമനുസരിച്ച് സാമൂഹിക -രാഷ്ട്രീയ-സാംസ്‌കാരിക-സാമ്പത്തിക കാര്യങ്ങളെല്ലാം പറയാനാകുന്ന സംഘടനയാണത്. അവര്‍ക്ക് അവരുടെ തത്ത്വങ്ങള്‍ പ്രയോഗവത്കരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കുകയാണ് ബാക്കിയുള്ളവര്‍ ചെയ്യേണ്ടത്.
ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒന്ന് അതിന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. വ്യക്തികളായാലും സംഘടനകളായാലും അവക്കൊരു ഭൂതകാലമുണ്ടായിരിക്കും. അവയെല്ലാം വിശദീകരിച്ച്, ന്യായീകരിച്ച് ബോധ്യപ്പെടുത്തിയ ശേഷമേ അയാള്‍, അല്ലെങ്കില്‍ ആ സംഘടന സമൂഹത്തില്‍ എന്തെങ്കിലും പറയാവൂ എന്ന് നിര്‍ബന്ധം പിടിക്കരുത്. ജമാഅത്തിനെ കുറിച്ച് പറയുമ്പോഴേക്കും സ്ഥാപകനായ മൗദൂദി ജനാധിപത്യത്തെ എങ്ങനെയാണ് വീക്ഷിച്ചത്, സ്ത്രീയെ കുറിച്ച് എന്താണ് അദ്ദേഹം പറഞ്ഞത് തുടങ്ങി നൂറു ചോദ്യങ്ങളുന്നയിക്കപ്പെടും. എന്നാല്‍ മൗദൂദി അദ്ദേഹത്തിന്റെ ചിന്തകള്‍ അവതരിപ്പിച്ചത് പ്രത്യേക സാഹചര്യത്തിലും അദ്ദേഹത്തിന്റെ കാലത്തെ വിശകലന രീതികള്‍ ഉപയോഗിച്ചുമാണ്. അവയെ എടുത്തുദ്ധരിച്ച് പുതിയ മേഖലയിലേക്ക് ജമാഅത്ത് കടന്നുവരുന്നതിനെ തടയാനുള്ള ആയുധമായി അതിനെ ഉപയോഗിക്കരുത്. സംഘടന വര്‍ത്തമാന കാലത്ത് എന്താണോ, അതിനോടാണ് ഇടപാടുകളും എന്‍ഗേജ്‌മെന്റുകളും നടത്തേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പങ്കാളിത്തം, വോട്ട്‌ചെയ്യല്‍, സ്ത്രീകളുമായി ബന്ധപ്പെട്ട നിലപാടുകള്‍ തുടങ്ങി ധാരാളം മേഖലകളില്‍ ഇക്കാര്യം പരിഗണിക്കണം.  
ലോകം മുഴുവന്‍ ഇസ്‌ലാമിലേക്ക് വരികയെന്നത് ഒരു സ്വപ്‌നമാണ്. അത് സംഭവ്യമാണോ എന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും സംശയമാണ്. എന്നാല്‍ അത് ഇസ്‌ലാമികമായ ഒരു കാഴ്ചപ്പാടിന്റെ ഭാഗവുമാണ്. അപ്പോള്‍ അത്തരം കാര്യങ്ങള്‍ നമ്മുടെ ലക്ഷ്യമായി എഴുതിവെക്കാം. എന്നാല്‍ പ്രായോഗികതകള്‍ക്കനുസരിച്ചാണ് അവ നടപ്പിലാവുക. ഈ യാഥാര്‍ഥ്യം പരിഗണിക്കാതിരിക്കരുത്. മാത്രമല്ല, സാമൂഹികമായ ഏതെങ്കിലും വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ജമാഅത്തിനെ പ്രതിരോധത്തിലാക്കാനായി അത്തരം കാര്യങ്ങള്‍ ഉന്നയിക്കപ്പെടുന്നത് സദുദ്ദേശ്യപരമാണെന്ന് തോന്നുന്നില്ല. 
ഭൂതകാലത്തെ കാര്യങ്ങള്‍ ചികഞ്ഞെടുത്താല്‍ ഇന്ത്യയിലെ പല പാര്‍ട്ടികള്‍ക്കും ന്യായീകരിക്കാനാവാത്ത കാര്യങ്ങള്‍ അവരുടെ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. മുസ്‌ലിം ലീഗാണ് മുസ്‌ലിംകളുടെ ഇടയിലെ പ്രധാനപ്പെട്ട മതേതര പാര്‍ട്ടിയായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ അവര്‍ ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരാണ്. അക്കാലത്തെ എല്ലാ മുസ്‌ലിം ലീഗ് നേതാക്കളും പാകിസ്താന്‍ വാദത്തിന് അനുകൂലമായിരുന്നു. അതിനാല്‍ അതിനവര്‍ മറുപടി പറഞ്ഞിട്ട് ബാക്കി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്ന് പറയേണ്ടിവരും. ഇനി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ആദ്യകാലത്ത് പൂര്‍ണമായി ഗാന്ധിജിയെയായിരുന്നു പരിഗണിച്ചിരുന്നത്. ഗാന്ധിജിയുടെ ഗ്രാമസ്വരാജും മറ്റുമെല്ലാം പ്രചരിപ്പിച്ചു. എന്നാല്‍ നെഹ്‌റു വന്നതോടെ സോഷ്യലിസമെന്ന പേരില്‍ തുടങ്ങി ഉദാരവത്കരണവും സ്വകാര്യവത്കരണവുമാണ് അവര്‍ നടപ്പിലാക്കിയത്. ഇന്ദിരാ ഗാന്ധി വന്നതോടെ ബാങ്കുകളെയെല്ലാം ദേശസാല്‍ക്കരിച്ച് കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് രീതികളുടെ തീവ്രതയിലേക്ക് പോയി. ശേഷം വീണ്ടും കോണ്‍ഗ്രസ് പൂര്‍ണമായ ലിബറല്‍ മുതലാളിത്ത സ്വഭാവത്തിലേക്കുതന്നെ തിരിച്ചുപോയി ഇപ്പോഴുള്ള അവസ്ഥയിലെത്തി. ഈ മാറ്റങ്ങള്‍ക്കെല്ലാം വിശദീകരണം നല്‍കിയാലേ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനുള്ള അവകാശമുള്ളൂ എന്ന് വാദിക്കാനാവുമോ? ഇനി ഇടതു പാര്‍ട്ടികളുടെ ചരിത്രം നോക്കുക. ആദ്യം റഷ്യയിലെ വിപ്ലവഭരണത്തെയാണ് അവര്‍ കൊണ്ടുനടന്നത്. താമസിയാതെ അവര്‍ ചൈനയിലേക്ക് തിരിഞ്ഞു. എന്നാല്‍ 1967-ല്‍ ചൈന ഇവിടെയുള്ള മാവോയിസ്റ്റുകളാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ എന്നു പറഞ്ഞ് ബാക്കിയെല്ലാവരെയും തള്ളിപ്പറഞ്ഞു. മാത്രമല്ല ആയിരത്തിതൊള്ളായിരത്തി നാല്‍പതുകളില്‍ സായുധ വിപ്ലവത്തിനാണ് ഇടതുപക്ഷം മുന്‍ഗണന നല്‍കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷവും തെലങ്കാന പോലുള്ള പല സ്ഥലങ്ങളിലും അവര്‍ സ്വയംഭരണം പ്രഖ്യാപിച്ചു. എന്നാല്‍ പത്തു കൊല്ലം കഴിഞ്ഞില്ല, കേരളത്തില്‍ അവര്‍ ജനാധിപത്യത്തെ അംഗീകരിച്ച് ഭരണത്തിലേറി. കാലക്രമത്തില്‍ പിന്നെയും ഇടതുപക്ഷം ധാരാളം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ചുരുക്കത്തില്‍, മനുഷ്യചരിത്രത്തില്‍ മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്നാണ് ഇവ തെളിയിക്കുന്നത്. 
പഴയ കാര്യങ്ങള്‍ പറഞ്ഞ് പുതിയതെന്തെങ്കിലും ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നത് നല്ല പ്രവണതയല്ല. സംഘടനയോ വ്യക്തിയോ പണ്ട് ചെയ്തതും പറഞ്ഞതുമെല്ലാം മാറ്റിപ്പറഞ്ഞ ശേഷം മാത്രം ഇപ്പോള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് പറയുന്നത് ന്യായമല്ലല്ലോ. ഇപ്രകാരം കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സംഘടനകളും മറ്റും മാറുന്നത് അവരുടെ കഴിവാണെന്നാണ് നാം പറയേണ്ടത്. ജമാഅത്തിന് അതിന് സാധിക്കുന്നുണ്ടെങ്കില്‍ അത് ജമാഅത്തിന്റെ മേന്മയാണ്. മറ്റേതെങ്കിലും സംഘടനക്കാണത് സാധിക്കുന്നതെങ്കില്‍ അതിന്റെ നന്മയാണത്. ഇങ്ങനെയാണ് ഭൂതകാലത്തെ നാം മനസ്സിലാക്കേണ്ടത്.
ജമാഅത്തിനെ കുറിച്ച് പറയുമ്പോള്‍ അതിന് ധാരാളം പ്രശ്‌നങ്ങളുമുണ്ട്. ആളുകള്‍ക്ക് മനസ്സിലാകാത്തതും സംശയിക്കാവുന്നതുമായ ചില കാര്യങ്ങളുണ്ട്. പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി, ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി, കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി ഇവയെല്ലാം വ്യത്യസ്ത കോലങ്ങളാണ്. ഇവരുടെയെല്ലാം നിലപാടുകള്‍ ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. ഇപ്പോള്‍ ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചെറിയ രീതിയില്‍ അവിടെയുള്ള ജമാഅത്തും കാരണക്കാരാണെന്നാണ് എന്റെ അഭിപ്രായം. ബംഗ്ലാദേശ് വാദത്തെ മൗദൂദി സാഹിബിന്റെ പാന്‍ ഇസ്‌ലാം എന്ന വീക്ഷണത്തിലാണ് ജമാഅത്ത് കാണാന്‍ ശ്രമിച്ചത്. മുസ്‌ലിം രാഷ്ട്രങ്ങള്‍ വിഭജിക്കപ്പെടരുത്, ഒന്നായി നില്‍ക്കണം എന്നായിരുന്നു ആ നിലപാട്. എന്നാല്‍ യഥാര്‍ഥത്തില്‍ ബംഗ്ലാദേശ് പ്രശ്‌നം ഒരു മതപരമായ പ്രശ്‌നമായിരുന്നില്ല, രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായിരുന്നു. അത് മനസ്സിലാക്കാന്‍ ജമാഅത്തിനായില്ല. പഞ്ചാബി സംസ്‌കാരവും ബംഗാളി സംസ്‌കാരവും തമ്മിലുള്ള തര്‍ക്കത്തില്‍ ജമാഅത്ത് വെറുതെ കക്ഷിയായതാണ് ശൈഖ് മുജീബുര്‍റഹ്്മാന്റെ മകള്‍ ഹസീനക്ക് ജമാഅത്തിനെതിരെ പകതീര്‍ക്കാന്‍ അവസരം നല്‍കിയതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 
ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം തന്നെ പലപ്പോഴും ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ നിലപാടുകള്‍ക്ക് എതിരായി അഭിപ്രായം പറയുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, മുത്ത്വലാഖുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ വീക്ഷണത്തിനെതിരായ വീക്ഷണമുള്ള ധാരാളം ജമാഅത്ത് നേതാക്കള്‍ കേരളത്തിലുണ്ട്. കേരളത്തിലെ ജമാഅത്തിന്റെ വീക്ഷണം അപ്രകാരമാണെന്ന് പറയാന്‍ മാത്രം ഇത്തരം അഭിപ്രായങ്ങള്‍ ശക്തമാണ്. കേന്ദ്ര നേതൃത്വം ലോ ബോര്‍ഡിന്റെ വീക്ഷണത്തിനൊപ്പമാണെന്നതിനാല്‍ ഇവിടെ അത് തുറന്നുപറയുന്നില്ല. 
രാഷ്ട്രീയവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്കായി അഭിപ്രായങ്ങളില്‍ വിട്ടുവീഴ്ചകളും നീക്കുപോക്കുകളും അനിവാര്യമാണെന്നതും ശരിയാണ്. ഇത്തരത്തിലുള്ള ഹിക്മത്തുകളില്ലാതെ ഇന്ത്യപോലുള്ള രാജ്യത്ത് ജീവിക്കാനാവില്ല. ഹുക്മ് (ഭരണം) ഹിക്മത്തിലൂടെ (യുക്തി) ആണ് നടപ്പാക്കപ്പെടുകയെന്നാണ് എന്റെ അഭിപ്രായം. ഓണം പോലുള്ള ആഘോഷങ്ങളും മറ്റും നടത്തുന്നതും അതില്‍ പങ്കാളിത്തം വഹിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ജമാഅത്ത് എടുക്കുന്ന നിലപാടുകള്‍ ഇങ്ങനെ മനസ്സിലാക്കാം. പ്രത്യേകിച്ച് മാധ്യമം, മീഡിയാവണ്‍ പോലുള്ള മേഖലകളില്‍ ഇടപെടല്‍ സജീവമായതോടെ ജമാഅത്ത് ഇത്തരം മേഖലകളില്‍ നന്നായി വികസിച്ചിട്ടുണ്ട്. 
കേരളത്തിലെ മാധ്യമരംഗത്ത് ആര്‍ക്കും നിഷേധിക്കാനാകാത്ത ജമാഅത്തിന്റെ മഹത്തായ സംഭാവനയാണ് മാധ്യമം. എഡിറ്റോറില്‍ ഉള്ളടക്കത്തിന്റെ വിഷയത്തില്‍ ഏറ്റവും മികച്ച പത്രമാണിത്. മാത്രമല്ല കീഴാള, ദലിത്, മുസ്‌ലിം വിഭാഗങ്ങളില്‍നിന്നടക്കം വിവിധതരം ആളുകളെ ഉള്‍ക്കൊള്ളാന്‍ മാധ്യമത്തിന് സാധിച്ചു. മിക്ക പ്രശ്‌നങ്ങളിലും വിശദവും കൃത്യവുമായി വാര്‍ത്തകള്‍ നല്‍കാനും മാധ്യമത്തിന് സാധിക്കുന്നുണ്ട്. ഞാന്‍ നേരിട്ട് ഇടപെട്ട സ്വാശ്രയപ്രശ്‌നം പോലുള്ള വിഷയങ്ങളിലെ മാധ്യമത്തിന്റെ നിലപാട് വളരെ കൃത്യതയുള്ളതായിരുന്നുവെന്നത് എന്റെ അനുഭവമാണ്. 
കേരളത്തിലെ ഒരു പൊതുപത്രം എന്ന സ്ഥാനം നേടിയെടുക്കാന്‍ മാധ്യമത്തിന് സാധിച്ചു എന്നത് പ്രസ്താവ്യമാണ്. കേരളത്തിലെ മറ്റു പാര്‍ട്ടി പത്രങ്ങളെ പോലെ ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും വാര്‍ത്തകള്‍ നല്‍കുന്ന ഒരു പത്രമല്ല മാധ്യമം. സമൂഹത്തിലെ, പ്രത്യേകിച്ച് സമുദായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വായിക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ഒരു പത്രമായി മാധ്യമം മാറിയിട്ടുണ്ട്. 
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുണ്ടാക്കിയ  മാറ്റങ്ങളും വികാസങ്ങളും വിവിധ മേഖലകളില്‍ സമുദായത്തിന് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്; വിദ്യാഭ്യാസപരമായും സാമൂഹികമായും രാഷ്ട്രീയമായിട്ടുമെല്ലാം. ഇപ്പോള്‍ പലതരത്തില്‍ നവോത്ഥാന ആശയങ്ങള്‍ മുസ്‌ലിംകളിലെ മുഖ്യധാരയുടെ ജീവിതശൈലിയായി മാറിയിട്ടുണ്ട്. സ്ത്രീവിദ്യാഭ്യാസം പോലുള്ള വിഷയങ്ങളില്‍ പഴയ വീക്ഷണത്തില്‍ തന്നെയാണ് തങ്ങളെന്ന് പറയുന്നവര്‍ പോലും ഇന്ന് പെണ്‍മക്കളുടെയും മറ്റും വിദ്യാഭ്യാസ വിഷയങ്ങളില്‍ കാണിക്കുന്ന ശ്രദ്ധ ആശാവഹമാണ്. പ്രസംഗത്തിലും മറ്റും ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്ന നേതാക്കളുടെ മക്കള്‍ പോലും വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നുണ്ട്. 
ജമാഅത്തിനെ കുറിച്ച് പറയുമ്പോള്‍ ഒഴിവാക്കാനാവാത്ത കാര്യമാണ് ജമാഅത്തിനെ ആര്‍.എസ്.എസ് പോലുള്ള സംഘടനകളുമായി സമീകരിക്കുന്ന വാദങ്ങള്‍. യഥാര്‍ഥത്തില്‍ ജമാഅത്തുകാരെ അറിയുന്നവര്‍ക്കെല്ലാം ഈ വാദം ശരിയല്ലെന്നറിയാം. ജമാഅത്ത് ഒരിക്കലും സായുധപരിശീലനങ്ങള്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നില്ല, ചെയ്തിട്ടുമില്ല. എന്നാല്‍ ജമാഅത്തുമായി താരതമ്യപ്പെടുത്തുന്ന സംഘടനകള്‍ അങ്ങനെയല്ലെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. 
ജമാഅത്തിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ പ്രവര്‍ത്തകരുടെ ആത്മാര്‍ഥതയെയും സജീവതയെയും മറക്കാനാവില്ല. ജമാഅത്തില്‍ കുറച്ചാളുകളായിരിക്കും ഉണ്ടാവുക. പക്ഷേ, ഒരു കാര്യം നടപ്പിലാക്കാന്‍ അവര്‍ തന്നെ ധാരാളമാണ്. പണ്ട് ഗുരു ഗോബിന്ദ് സിംഗിനോട് ഇവിടെ എത്ര സിഖുകാരുണ്ടെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിപോലെയാണ് ജമാഅത്ത് പ്രവര്‍ത്തകരുടെ സജീവത. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാര്‍ക്ക് പകരം ഒരു സിഖ് മതിയെന്നാണ് സിംഗ് അന്ന് പറഞ്ഞത്. കേരളത്തില്‍ ജമാഅത്തിനേക്കാള്‍ ഒരുപക്ഷേ പലതരത്തില്‍ കൂടുതല്‍ അംഗങ്ങളുണ്ടാവും എം.ഇ.എസിന്. എന്നാല്‍, എന്തെങ്കിലും ഒരു പ്രശ്‌നത്തില്‍ ഇടപെടാന്‍ ജമാഅത്തിനെ പോലെ എം.ഇ.എസിന് സാധിക്കില്ല. അതിലെ ആളുകളുടെ ആത്മാര്‍ഥത തന്നെയാണ് പ്രശ്‌നം. 
ജമാഅത്തിന്റെ കേഡറിസത്തിന്റെ ഒരു പരിമിതിയായി എനിക്ക് തോന്നിയ കാര്യമാണ്, അതിന്റെ ഘടനയുടെ കാര്‍ക്കശ്യംകൊണ്ടതിന് ജനകീയമാകാനാവുന്നില്ല എന്നത്. നമുക്ക് സംഘടനയിലേക്ക് സ്വയം വരുന്നവരെ സംസ്‌കരിച്ചെടുക്കാനാവും. എന്നാല്‍ പൊതുജനം ഇതേ നിലവാരം പുലര്‍ത്തണമെന്ന് കരുതിയാല്‍ സംഭവ്യമല്ലല്ലോ. അതുകൊണ്ടുതന്നെ ജമാഅത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ വേണ്ടത്ര വിജയിക്കില്ലെന്നാണ് എന്റെ അഭിപ്രായം. ജമാഅത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ വിജയിക്കാതിരിക്കാന്‍ മറ്റൊരു കാരണമായി എനിക്ക് തോന്നുന്നത് ജമാഅത്ത് ഒരു ഐഡിയോളജിയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ്. അതായത്, ഒരു പ്രത്യേക ആശയസംഹിതയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതിനോട് യോജിക്കുന്നവരോടു മാത്രമേ കൂട്ടുകൂടാനാകൂ. അത് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്ര സാധ്യമല്ലെന്നാണ് എനിക്ക് തോന്നിയത്. താല്‍ക്കാലികമായ രാഷ്ട്രീയ, തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി പരസ്പരം നീക്കുപോക്കുകള്‍ നടത്തുകയെന്നതാണ് ഇന്നിവിടെ നടക്കുന്നത്. ഐഡിയോളജികള്‍ ഇവിടെ സഖ്യങ്ങള്‍ക്ക് തടസ്സമാണ്. എന്റെ അഭിപ്രായത്തില്‍ ജമാഅത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ വിജയിക്കണമെങ്കില്‍ അതിന്റെ കേഡറിസത്തില്‍ അയവുവരുത്തുകയും, ഐഡിയോളജിയുടെ കാര്യത്തില്‍ സഖ്യങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്ന ചില നീക്കുപോക്കുകള്‍ നടത്തുകയും ചെയ്യേണ്ടിവരും എന്നാണ്. അതല്ലെങ്കില്‍, ഐഡിയോളജിയും മറ്റും നിലനിര്‍ത്തി സമുദായത്തിന് രാഷ്ട്രീയ ദിശാബോധം നല്‍കുന്ന തരത്തില്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇടപെടാതെ തുടരുകയാണ് ജമാഅത്ത് ചെയ്യേണ്ടതെന്ന് തോന്നുന്നു. രണ്ടാമത് പറഞ്ഞത് ജമാഅത്തിന്റെ മുന്നിലുള്ള വലിയൊരു സാധ്യതയാണെന്നാണ് തോന്നുന്നത്. രാഷ്ട്രീയത്തില്‍ മറ്റൊരു സാധ്യതയായി എനിക്ക് തോന്നുന്നത് ഇതാണ്: ഇപ്പോള്‍ ഇന്ത്യയിലുള്ള എല്ലാ മുസ്‌ലിം രാഷ്ട്രീയ സംഘടനകളും പ്രാദേശിക ശക്തികളാണ്. അതിനാല്‍ അഖിലേന്ത്യാ തലത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സാധ്യതയുണ്ട്. അതിനുള്ള ശ്രമങ്ങള്‍ കാര്യമായി നടത്തുകയാണെങ്കില്‍ ജമാഅത്തിന് ഈ മേഖലയില്‍ ചില പ്രതീക്ഷകളുണ്ട്. 
എം.ഇ.എസിന്റെ പ്രവര്‍ത്തനങ്ങളുമായി ജമാഅത്ത് ആദ്യം മുതല്‍തന്നെ സഹകരിക്കാറുണ്ട്. ധാരാളം ജമാഅത്ത് പ്രവര്‍ത്തകര്‍ അതില്‍ അംഗങ്ങളായുണ്ട്. എം.ഇ.എസിന്റെ പള്ളികളിലും മറ്റും ഖുത്വ്ബ നടത്തുന്നത് നവോത്ഥാന പ്രസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ജമാഅത്ത് ഉത്തരേന്ത്യയും മറ്റും കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വിഷന്‍ പ്രോജക്ടുമായും വിദ്യാഭ്യാസ- ആരോഗ്യമേഖലകളിലെ പ്രവര്‍ത്തനങ്ങളിലും എം.ഇ.എസ് സഹകരിച്ചുവരുന്നുണ്ട്. മാത്രമല്ല, പല കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുന്നതും മുന്നോട്ടുപോകുന്നതും ജമാഅത്തിലെ നേതാക്കളുമായൊക്കെ ചര്‍ച്ചചെയ്താണ്. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്, ശൈഖ് മുഹമ്മദ് കാരകുന്ന് ഇവരെല്ലാം അതില്‍ എടുത്തുപറയേണ്ട വ്യക്തികളാണ്. 
ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒയും മറ്റും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ സമുദായത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം പുറത്തുകൊണ്ടുവന്നത് അതില്‍ വലിയൊരു കാര്യമാണ്. പല തരത്തില്‍ സമുദായത്തിലുള്ളവര്‍ തന്നെ ഇത്തരം യാഥാര്‍ഥ്യങ്ങളെ രാഷ്ട്രീയ കാരണങ്ങളാല്‍ നിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്തപ്പോള്‍ അതിനെ കുറിച്ച വിശദ പഠനങ്ങളടങ്ങിയ പുസ്തകം പുറത്തിറക്കിയത് എസ്.ഐ.ഒ ആയിരുന്നു. 
മുസ്‌ലിം പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട് സച്ചാര്‍ കമ്മിറ്റി ചര്‍ച്ചകള്‍ വന്നപ്പോഴും പാലൊളി കമ്മിറ്റി വന്നപ്പോഴും ജമാഅത്ത് വലിയ സംഭാവനകളാണ് നല്‍കിയത്. ബാക്ക്‌ലോഗ് നികത്തലുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിനോടുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായി സമുദായത്തിന് വലിയ നഷ്ടമുണ്ടായ സന്ദര്‍ഭത്തില്‍ സമുദായത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നിലയുറപ്പിക്കാന്‍ ജമാഅത്തിനായി. മാത്രമല്ല, സമുദായത്തിന് ഗുണകരമാകുന്ന നിലയില്‍ യാഥാര്‍ഥ്യങ്ങള്‍ എല്ലാവരെക്കൊും അംഗീകരിപ്പിക്കാനും സാധിച്ചു. 
കേരളത്തിലെ ജമാഅത്ത് വ്യത്യസ്ത ആശയങ്ങളുള്ളവരെയും ആളുകളെയും ഉള്‍ക്കൊള്ളുന്നതില്‍ മൊത്തം ലോകത്തുതന്നെയുള്ള ഇസ്‌ലാമിക സംഘടനകള്‍ക്കെല്ലാം മാതൃകയാണെന്നാണ് എന്റെ അഭിപ്രായം. ഇപ്രകാരമുള്ള ഇന്‍ക്ലൂസീവ്‌നെസ്സ് ജമാഅത്ത് കൂടുതല്‍ ശക്തമാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. 

Comments

Other Post