Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

രാഷ്ട്രീയ ഇടപെടലുകളുടെ      നൈരന്തര്യവും വികാസവും

ശിഹാബ് പൂക്കോട്ടൂര്‍

1948 ഏപ്രിലിലാണ് ഇലാഹാബാദില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെട്ടത്. ആദ്യ കാലഘട്ടത്തില്‍ ആധുനിക രാഷ്ട്രീയ ദര്‍ശനങ്ങളോടും ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ വ്യവഹാരങ്ങളോടും തത്ത്വാധിഷ്ഠിത വിമര്‍ശനങ്ങള്‍ ജമാഅത്ത് ഉന്നയിച്ചിരുന്നു. ഭൂരിപക്ഷ ഇഛക്കനുസരിച്ച് നിയമനിര്‍മാണങ്ങള്‍ നടത്താമെന്നും മതമൂല്യങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്നുമുള്ള ജനാധിപത്യ-മതേതര കാഴ്ചപ്പാടിനെ ആശയതലത്തില്‍ ശക്തമായി നിരൂപിക്കുകയും അതോടൊപ്പം പ്രായോഗികരംഗത്ത് ക്രിയാത്മകമായ സമീപനങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്തത്. 1950-കളില്‍ അഞ്ച് കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തിന് (വിഭജനാനന്തരം ഇന്ത്യയില്‍ അവശേഷിച്ച) ഏറ്റ ആഴമേറിയ മുറിവുകളില്‍ അവര്‍ക്ക് സാന്ത്വനം പകരാനും ജീവിതത്തിന്റെ സിസ്സഹായതയില്‍നിന്ന്  അവരെ കരകയറ്റാനും വിഭജനം സൃഷ്ടിച്ച സാമൂഹിക ഒറ്റപ്പെടലുകളില്‍നിന്നും രാഷ്ട്രീയ സങ്കീര്‍ണതകളില്‍നിന്നും മുക്തമാക്കാനും ആവശ്യമായ നിലപാടുകളും പ്രവര്‍ത്തനങ്ങളും ജമാഅത്തെ ഇസ്‌ലാമി കൈക്കൊണ്ടു. സമുദായത്തെ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളില്‍ പുനരുദ്ധരിക്കാനും ലക്ഷ്യബോധമുള്ളവരാക്കാനും ശ്രമിച്ചു. പുനരധിവാസ പദ്ധതികള്‍ ഏറ്റെടുത്തു. സമൂഹത്തിന് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും തെറ്റിദ്ധാരണകളറ്റാനുമുള്ള നയപരിപാടികള്‍ക്കും കര്‍മപദ്ധതികള്‍ക്കും  രൂപം നല്‍കി. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ പ്രഥമ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 1952-ലെ ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ പൊതുവെ ആശയക്കുഴപ്പത്തിലകപ്പെട്ട സ്ഥിതിയിലായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്തു ചെയ്യണം' എന്ന ശീര്‍ഷകത്തില്‍ ജംഇയ്യത്തുല്‍ ഉലമാ നേതാവ് മൗലാനാ നൂറുദ്ദീന്‍ ബുഖാരി എഴുതിയ ലേഖനം. ഇലക്ഷന്‍ ബഹിഷ്‌കരിക്കാനാണ് അദ്ദേഹം അതില്‍ ആഹ്വാനം ചെയ്തത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വിയുടെ 'മുസ്‌ലിംകളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും' എന്ന ലേഖനവും പ്രസിദ്ധീകൃതമാവുന്നത് ഈ സമയത്താണ്. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതോടൊപ്പം ജനാധിപത്യത്തിന്റെ ദൂഷ്യഫലങ്ങളെ ഇസ്‌ലാമികാടിത്തറയില്‍ അദ്ദേഹം വിശകലനം ചെയ്യുന്നുമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍നിന്ന് ജമാഅത്തെ ഇസ്‌ലാമി വിട്ടുനിന്നു.
പിന്നീട് രാജ്യത്ത് നടന്നുകൊണ്ടിരുന്ന ഓരോ പൊതുതെരഞ്ഞെടുപ്പിലും സന്ദര്‍ഭാനുസൃതം വ്യത്യസ്ത നിലപാടുകളാണ് ജമാഅത്ത് സ്വീകരിച്ചുപോന്നത്. ഇലക്ഷനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഉള്‍ക്കൊള്ളാനും യഥാസമയം ഉചിതമായ നിലപാടുകളെടുക്കാനും പ്രസ്ഥാനം ശ്രമിച്ചു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇലക്ഷന്‍ രാഷ്ട്രീയത്തെ കുറിച്ച് നടത്തിയ ചര്‍ച്ചകളും എടുത്ത തീരുമാനങ്ങളും പ്രസ്ഥാനത്തിന്റെയും ഇസ്‌ലാമിന്റെയും മുസ്‌ലിം സമുദായത്തിന്റെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു. അടിസ്ഥാന പ്രമാണങ്ങളില്‍നിന്ന് വ്യതിചലിക്കാതെ, സാഹചര്യങ്ങളെ വിലയിരുത്തി, പ്രമാണങ്ങളെയും സന്ദര്‍ഭങ്ങളെയും കോര്‍ത്തിണക്കി ആത്മവിശ്വാസത്തോടും ആര്‍ജവത്തോടും കൂടിയാണ് ജമാഅത്ത് നയങ്ങള്‍ സ്വീകരിക്കാറുള്ളത്. തീരുമാനങ്ങള്‍ പരിഷ്‌കരിക്കുകയും തിരുത്തുകയും റദ്ദ് ചെയ്യുകയും ചെയ്യാറുണ്ട്. ജീവസ്സുറ്റ ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവമാണത്. തീരുമാനങ്ങളിലും നയങ്ങളിലുമുള്ള മാറ്റം പ്രതിയോഗികളും സംഘടനാ സങ്കുചിതവാദികളും പ്രചാരണായുധങ്ങളായി കൊണ്ടുനടക്കുന്നുന്നെത് വാസ്തവമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെതന്നെ ജൈവിക സവിശേഷതയാണ് മാറ്റങ്ങള്‍ക്ക് വിധേയമാവുക എന്നത്. മാറുന്ന രാഷ്ട്രീയ നിലപാടുകളിലൂടെ, പുതിയ പരീക്ഷണങ്ങളിലൂടെ, പുനര്‍വായനകളിലൂടെ ഏറ്റവും അനുയോജ്യമായ നയങ്ങളിലേക്കെത്തിച്ചേര്‍ന്ന് അനുസ്യൂതമായി മുന്നേറുക എന്നതുതന്നെയാണ് ജമാഅത്തിന്റെ രീതിശാസ്ത്രം.
പ്രഥമ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകളുടെ ഒരവകാശപത്രിക തയാറാക്കുന്നതിനും മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്നതിനും ജമാഅത്ത് ശ്രമിച്ചു. രാജ്യം അഭിമുഖീകരിച്ച അടിയന്തരാവസ്ഥയുടെ ഭീതിദാന്തരീക്ഷത്തിനു ശേഷം 1977-ല്‍ നടന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ ജമാഅത്ത്, അടിയന്തരാവസ്ഥ അവസാനിപ്പിക്കാനും, ഭരണകൂടത്തിന് ലഭ്യമാവുന്ന അമിതാധികാരങ്ങള്‍ ഇല്ലാതാക്കാന്‍ 42-ാം ഭരണഘടനാ ഭേദഗതി തിരുത്താനും സംഘടനയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തിരിച്ചുകിട്ടാനുമായി വോട്ടവകാശം വിനിയോഗിക്കാന്‍ തീരുമാനിച്ചു. അവിടന്നിങ്ങോട്ട് വിവിധ സന്ദര്‍ഭങ്ങളിലെ ഇലക്ഷന്‍ രാഷ്ട്രീയത്തില്‍  ജമാഅത്ത് നിലപാടുകള്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പൊതുവിഷയങ്ങളില്‍      രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കാനും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശബ്ദിക്കാനും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനുമെല്ലാം പ്രസ്ഥാനം ഇക്കാലയളവില്‍ ശ്രമിച്ചു.
1960 മുതല്‍ തന്നെ ഇലക്ഷനെക്കുറിച്ച് ജമാഅത്തിന്റെ മജ്‌ലിസ് ശൂറാ-കേന്ദ്ര കൂടിയാലോചനാ സമിതി- ചര്‍ച്ച ചെയ്യുകയും നിലപാടുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. 1961-ല്‍ ഇലക്ഷന്‍ പ്രശ്‌നങ്ങളെയും സമീപന രീതികളെയും പഠിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. 1967-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പും വിശദ ചര്‍ച്ചകള്‍ക്കു ശേഷം നിലപാടുകളെടുത്തു. 1978-ല്‍ ഭോപാലില്‍ ചേര്‍ന്ന ജമാഅത്ത് അംഗങ്ങളുടെ കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുപ്പിനെ ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗമായി പ്രയോജനപ്പെടുത്തണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. 1981-1986 കാലത്തെ നയപരിപാടികളില്‍ വിശ്വസ്തതക്കും സത്യസന്ധതക്കും നിരക്കാത്തതോ വര്‍ഗീയവൈരവും വര്‍ഗീയ സംഘട്ടനവും കലാപവും സൃഷ്ടിക്കുന്നതോ ആയ കാര്യങ്ങളില്‍ ഒരര്‍ഥത്തിലും പെട്ടുപോകാതിരിക്കാനും മറ്റുള്ളവരെ അതില്‍നിന്ന് പി
ന്തിരിപ്പിക്കാനും ജമാഅത്ത് തീരുമാനിച്ചു. അതോടൊപ്പം സ്വന്തം തത്ത്വങ്ങള്‍ക്കു വിധേയമായി യുക്തമായ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി. 1985-ല്‍ ചേര്‍ന്ന മജ്‌ലിസ് ശൂറാ, രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തെ തടഞ്ഞുനിര്‍ത്താനാവശ്യമായ തീരുമാനങ്ങളെടുക്കുന്നതായി  കാണാം: ''നമ്മുടെ രാജ്യം വ്യത്യസ്ത മത-സാംസ്‌കാരിക-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ തൊട്ടിലാണ്. തങ്ങളുടെ വ്യക്തിത്വവും ഭാഷയും സവിശേഷ സംസ്‌കാരവും പരിരക്ഷിക്കാനും പുഷ്ടിപ്പെടുത്താനുമുള്ള അവകാശം ഭരണഘടന അവര്‍ക്ക് ഉറപ്പുനല്‍കുന്നു. ദൗര്‍ഭാഗ്യവശാല്‍ ഈ മൗലികാവകാശങ്ങളുടെ പാതയില്‍ സാംസ്‌കാരികമായി ആക്രമണ മനഃസ്ഥിതിയും വര്‍ഗീയ വിദ്വേഷവും ശക്തമായ പ്രതിബന്ധം സൃഷ്ടിക്കുന്നു. ഇത് സമുദായ വളര്‍ച്ചയെയും രാജ്യത്തിന്റെ ഭദ്രതയെയും ഒരുപോലെ ഹാനികരമായി ബാധിക്കുന്നു. ഈ വിഷയകമായി വ്യക്തിനിയമം, മതവിദ്യാഭ്യാസം, വഖ്ഫുകള്‍, ഭാഷ തുടങ്ങിയ സുപ്രധാന മുസ്‌ലിം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സങ്കുചിതവും വിദ്വേഷാത്മകവുമായ സമീപനവും അനിശ്ചിതത്വവും സംബന്ധിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലാത്തവിധം വ്യക്തമാണ്. ഏകാധിപത്യപരവും സമഗ്രാധിപത്യപരവുമായ പ്രവര്‍ത്തനരീതികളെയും അത്തരം പ്രവണതകള്‍ പ്രകടമാക്കുന്നവരെയും ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതാണ്. ജനാധിപത്യത്തിന്റെ പുനഃസ്ഥാപനവും പരിരക്ഷണവും ജമാഅത്തിന്റെ അടുക്കല്‍ സുപ്രധാനമായ ഒരാവശ്യമാണ്......  ജമാഅത്തിന്റെ മേല്‍പറഞ്ഞ സുപ്രധാന ലക്ഷ്യങ്ങളോട് യോജിപ്പുള്ള സ്ഥാനാര്‍ഥികള്‍ മാത്രമേ അയാള്‍ മുസ്‌ലിമാകട്ടെ, അമുസ്‌ലിമാകട്ടെ തങ്ങളുടെ വോട്ടിനര്‍ഹരാവുകയുള്ളൂ.'' വ്യക്തിമൂല്യവും ഫാഷിസ്റ്റ്‌വിരുദ്ധതയും ഉള്‍ച്ചേര്‍ന്ന രാഷ്ട്രീയ നിലപാടിനെ പിന്തുണക്കാനാണ് ഈ സന്ദര്‍ഭങ്ങളില്‍ ജമാഅത്ത് സന്നദ്ധമായത്. രാഷ്ട്രീയം മൂല്യച്യുതിയുടെ വിഹാരകേന്ദ്രമായി മാറുകയും ഫാഷിസ്റ്റ് കക്ഷികള്‍ രാജ്യത്തെ വരിഞ്ഞുമുറുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഫാഷിസ്റ്റിതര പാര്‍ട്ടികളുടെ താരതമ്യേന മൂല്യബോധമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. മുഴുവന്‍ രാജ്യനിവാസികള്‍ക്കും ജമാഅത്തിന്റെ സന്ദേശം എത്തിക്കാനും ബഹുജനാഭിപ്രായം അനുകൂലമാക്കിത്തീര്‍ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും, ജമാഅത്തിന്റെ ഈ ലക്ഷ്യം മുമ്പില്‍ വെച്ച് അതിന്റെ നയപരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെന്നും, സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 100 ഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബോധ്യമായാല്‍ മാത്രമേ ജമാഅത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതുള്ളൂ എന്നും തീരുമാനിച്ചു (1985 ഫെബ്രുവരി 15-20 മജ്‌ലിസ് ശൂറാ തീരുമാനം).
ഇതിന്റെ പ്രയോഗവത്കരണത്തിന് 2005 സെപ്റ്റംബര്‍ 17-20 തീയതികളില്‍ ദല്‍ഹിയില്‍ ചേര്‍ന്ന മജ്‌ലിസ് ശൂറാ അംഗീകാരം നല്‍കി. നല്ലവരും വിശ്വസ്തരും ജനസേവനതല്‍പരരും ഉത്തരവാദിത്തബോധമുള്ളവരും യോഗ്യരുമായ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെടുക എന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദവും ക്രിയാത്മകവുമായ പങ്കുവഹിക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചതായി ശൂറാ തീരുമാനങ്ങള്‍ വ്യക്താക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്തിന്റെയും സമുദായത്തിന്റെയും താല്‍പര്യങ്ങള്‍ക്ക് ആവശ്യമായിവന്നാല്‍ ജമാഅത്ത് അംഗങ്ങള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ശൂറാ അനുമതി നല്‍കി.
2005 സെപ്റ്റംബര്‍ 17-20 തീയതികളില്‍ ചേര്‍ന്ന മജ്‌ലിസ് ശൂറാ തീരുമാനത്തില്‍നിന്ന്:
''ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി സമാധാനപരവും ഭരണഘടനാനുസൃതവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളാണ് അവലംബിക്കാറുള്ളത്. ജമാഅത്തിന്റെ പ്രബോധനം മുഴുവന്‍ മനുഷ്യരോടുമാണ്. അതിനാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ അത് സ്വന്തം പ്രശ്‌നങ്ങളായാണ് ഗണിക്കുന്നത്. അക്രമവും അനീതിയും അവസാനിപ്പിച്ച് നീതി പുനഃസ്ഥാപിക്കണം. മൗലികാവകാശങ്ങള്‍, വിശിഷ്യാ ജീവനും ധനവും അഭിമാനവും സംരക്ഷിക്കാനും ഫാഷിസത്തെ തളച്ചിടാനും ദാരിദ്ര്യം, രോഗം, അജ്ഞത, അസമത്വം എന്നിവ നിഷ്‌കാസനം ചെയ്യാനും സാമൂഹിക ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യാനും അതാഗ്രഹിക്കുന്നു. ഈ ലക്ഷ്യ സാധ്യത്തിന് മത-സമുദായഭേദമന്യേ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം ജമാഅത്ത് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു........ 
ഈ പശ്ചാത്തലത്തില്‍ ശൂറാ താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു:
* നല്ലവരും വിശ്വസ്തരും ജനസേവനതല്‍പരരും ഉത്തരവാദിത്തബോധമുള്ളവരും കാര്യനിര്‍വഹണശേഷിയുള്ളവരുമായ ആളുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ജമാഅത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കും. അതിനായി വ്യക്തി സംഭാഷണം, സ്‌ക്വാഡുകള്‍, പൊതുപ്രഭാഷണങ്ങള്‍, കവലയോഗങ്ങള്‍, ലഘുലേഖാ വിതരണം തുടങ്ങിയ മാര്‍ഗങ്ങള്‍ ജമാഅത്ത് അവലംബിക്കും.
* പൂര്‍ണവിശ്വാസത്തോടെയുള്ള ജനസേവനവും വ്യാപകമായ അധാര്‍മികതകള്‍ക്ക് തടയിട്ടുകൊണ്ടുള്ള പൊതുജനത്തിന്റെ പ്രശ്‌നപരിഹാരവും സാധ്യമാകുന്നവിധം, രാജ്യത്തിന്റെയും സമുദായത്തിന്റെയും കടുത്ത സമ്മര്‍ദം താല്‍പര്യപ്പെടുമ്പോള്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതാണ്.
* ജമാഅത്ത് ബന്ധമുള്ള സ്ഥാനാര്‍ഥികള്‍ നിലവിലില്ലാത്തിടങ്ങളില്‍ നിര്‍ണിത ഉപാധികള്‍ക്കു വിധേയമായി മൂല്യബോധമുള്ള ഫാഷിസ്റ്റ്‌വിരുദ്ധനായ, തെരഞ്ഞെടുക്കപ്പെട്ടാല്‍ മത-വംശ-ഭാഷാ-കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി ജനസേവനം നടത്തുമെന്ന് വാക്കുനല്‍കിയ, മദ്യപാനം, അധാര്‍മികത, അഴിമതി എന്നീ തിന്മകളില്‍നിന്ന് പ്രദേശത്തെ രക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ, അനാഥര്‍, അംഗവൈകല്യമുള്ളവര്‍, അവശവിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സേവനങ്ങളില്‍ വീഴ്ചവരുത്താത്ത, വിദ്യാഭ്യാസ- സാമ്പത്തിക- കാര്‍ഷിക- ചികിത്സാ സൗകര്യങ്ങളുടെ സമാഹരണത്തില്‍ യാതൊരുവിധ വിവേചനവും കാണിക്കാത്ത, സമുദായ സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും നിലനില്‍പ്പും ജീവന്റെയും അഭിമാനത്തിന്റെയും സംരക്ഷണവും മുഖ്യപരിഗണനയായി കണക്കാക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കും.''
ഈ തീരുമാനപ്രകാരം പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംഘടനയെന്ന നിലയിലല്ല മത്സരരംഗത്തിറങ്ങിയത്.  മജ്‌ലിസ് ശൂറായുടെ തീരുമാനം വരുന്നതിനുമുമ്പാണ് കേരളത്തില്‍ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്. അതിനാല്‍ സംസ്ഥാനത്ത് ആ സന്ദര്‍ഭത്തില്‍ ഈ തീരുമാനം നടപ്പില്‍ വരുത്തിയിട്ടില്ല. ജമാഅത്ത് സ്വാധീനമുള്ള മേഖലകളില്‍ അനുഭാവികളോ സഹകാരികളോ ആയ ചിലര്‍ മത്സരിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ പൂര്‍ണാര്‍ഥത്തില്‍ അത് നടപ്പാക്കാന്‍ കേരളത്തില്‍ സാധിച്ചില്ല. 
2006-ല്‍ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ ഫാഷിസ്റ്റിതര കക്ഷികള്‍ക്ക് മുന്‍ഗണന നല്‍കുന്ന തീരുമാനമെടുക്കുകയുണ്ടായി. താരതമ്യേന സാമ്രാജ്യത്വ-ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളെടുക്കുന്ന ഇടതുപക്ഷ മുന്നണിയെയാണ് 2006-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചത്. ഈ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് ജമാഅത്ത് കേരള നേതൃത്വം ഇറക്കിയ പത്രക്കുറിപ്പില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''കേരളത്തില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണിയെ പിന്തുണക്കാന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ തീരുമാനിച്ചു. രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയുടെ സമൂല മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തിന്റെ മൂല്യവല്‍ക്കരണത്തിലൂന്നി മെച്ചപ്പെട്ട വ്യക്തികളെ പിന്തുണക്കുന്ന നിലപാടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലായി സ്വീകരിച്ചുവന്നത്. എന്നാല്‍ സാഹചര്യങ്ങളുടെ താല്‍പര്യം പരിഗണിച്ചുകൊണ്ട് വ്യക്തിപരിഗണനകള്‍ക്കുപരിയായി പാര്‍ട്ടികളെയോ മുന്നണികളെയോ പിന്തുണക്കാവുന്നതാണെന്ന കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിലപാട്. സമീപകാലത്ത് രൂപപ്പെട്ടുവന്നിട്ടുള്ള ആഗോള സാഹചര്യം, പാര്‍ട്ടികളും ഭരണകൂടങ്ങളും അവയുടെ നേരെ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ എന്നിവ തീരുമാനമെടുക്കുമ്പോള്‍ പ്രസ്ഥാനം പരിഗണിച്ചിട്ടുണ്ട്. സമകാലിക സാഹചര്യത്തില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള മുതലാളിത്ത അധിനിവേശങ്ങളെ ചെറുത്തുനില്‍ക്കേണ്ടത് അനിവാര്യമാണ്. മാനുഷികതയുടെ നിലനില്‍പിനുതന്നെ അതനിവാര്യമാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെയും ഇറാന്‍ ആണവപ്രശ്‌നത്തിലും ലാറ്റിനമേരിക്കയിലും മറ്റും നടക്കുന്ന അധിനിവേശവിരുദ്ധ സമരങ്ങളിലും സാമാന്യനീതിയുടെ പക്ഷത്തുനിന്ന് നിലപാട് സ്വീകരിച്ച ഇടതുപക്ഷ സംഘടനകള്‍ അവരുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ വ്യക്തമായ ഫാഷിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയത്തിനും അവര്‍ നേതൃത്വം നല്‍കുന്നു. ഈ നിലപാടുകള്‍ പിന്തുണക്കപ്പെടേണ്ടതാണെന്ന് ജമാഅത്ത് കരുതുന്നു...... ഈ പൊതുനിലപാട് സ്വീകരിക്കുന്നതോടൊപ്പം സംഘ്പരിവാര്‍ സ്ഥാനാര്‍ഥികള്‍ക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി-മുന്നണി പരിഗണനയില്ലാതെ തൊട്ടടുത്ത വിജയസാധ്യതയുള്ള മതേതര കക്ഷിക്ക് വോട്ടുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.''
മൂല്യബോധത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികളെ പിന്തുണച്ചിരുന്ന രാഷ്ട്രീയനിലപാടില്‍നിന്ന് മുന്നണികളെ പിന്തുണക്കുന്ന ഒരു സമീപന രീതിയിലേക്ക് ഇതിലൂടെ ജമാഅത്തിന്റെ ഇലക്ഷന്‍ നയം മാറുകയായിരുന്നു. ഇതോടെ കേരളത്തിലെ മത-രാഷ്ട്രീയ കക്ഷികളില്‍നിന്ന് ജമാഅത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ഇടതുമുന്നണിയെ സഹായിച്ച ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജമാഅത്തിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചത് സ്വാഭാവികം. എന്നാല്‍, തീവ്രവാദ- വര്‍ഗീയ ആരോപണങ്ങളുമായാണ് കോണ്‍ഗ്രസും ലീഗും ചില മത സംഘടനകളും രംഗത്തുവന്നത് എന്നതാണ് വിചിത്രം. ജമാഅത്ത് നിലപാടും ജമാഅത്ത് നേതൃത്വവുമായുള്ള രാഷ്ട്രീയ നേതാക്കളുടെ ആശയവിനിമയവും സെന്‍സിറ്റീവ്  വിഷയമാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചു. ചില തീവ്ര ഇടതുപക്ഷ വക്താക്കളും ജമാഅത്ത് നിലപാടിനെ ശക്തിയുക്തം എതിര്‍ത്തു. എന്‍.എം പിയേഴ്‌സണും അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമടക്കമുള്ളവര്‍ ജമാഅത്തിന്റെ ഇടതുപക്ഷ പിന്തുണയെ അപരാധമായി കു. സംഘ് പരിവാറുമായി എന്നപോലെ ജമാഅത്തെ ഇസ്‌ലാമിയുമായും പൊരുത്തപ്പെടാവുന്ന മേഖലകളില്ല എന്നു പ്രഖ്യാപിച്ച് സി.പി.എമ്മിന്റെ നയവ്യതിയാനമായി ഇതിനെ ചിത്രീകരിച്ചു. ഈ പിന്തുണയെക്കുറിച്ച് ജമാഅത്ത് പറഞ്ഞത് തങ്ങളുടെ നിലപാട് തത്ത്വാധിഷ്ഠിതമാണെന്നാണ്. ഇടതുപക്ഷം ഇതഃപര്യന്തം പുലര്‍ത്തിപ്പോരുന്ന നിലപാടുകളോടെല്ലാം ജമാഅത്തെ ഇസ്‌ലാമി പൂര്‍ണമായി യോജിക്കുന്നുവെന്ന് ഇതിനര്‍ഥമില്ലെന്നും വ്യക്തമാക്കി.
ലോകാടിസ്ഥാനത്തില്‍തന്നെ ഇസ്‌ലാമിസ്റ്റുകള്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഇടതുകക്ഷികളുമായി സഹകരിക്കുന്നു്. ഈജിപ്തിലെ തജമ്മുഅ് പാര്‍ട്ടിയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും  ഫലസ്ത്വീനിലെ ഇടതു പ്രസ്ഥാനമായ പി.എഫ്.എല്‍.പിയും ഹമാസും പല രംഗങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതുപക്ഷ-ഇസ്‌ലാമിസ്റ്റ് സഹകരണം മുസ്‌ലിം ലോകത്ത് പലപ്പോഴും നടക്കുന്ന ഒരു രാഷ്ട്രീയ പ്രതിരോധമാണെന്ന വിവരം സ്വന്തം തട്ടകത്തില്‍ മാത്രം രാഷ്ട്രീയം ഒതുക്കിനിര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ രാഷ്ട്രീയത്തെക്കുറിച്ച് അവസരവാദ  കാഴ്ചപ്പാട് മാത്രം പുലര്‍ത്തുന്ന മതസംഘടനകള്‍ക്കോ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല. 
ജമാഅത്തെ ഇസ്‌ലാമിയുടെ അസം ഘടകം ഈ കാലത്താണ് മറ്റൊരു പരീക്ഷണത്തിന് മുന്‍കൈയെടുത്തത്. 35 ശതമാനത്തോളം മുസ്‌ലിംകള്‍ അധിവസിക്കുന്ന അസമില്‍ മുസ്‌ലിം-ആദിവാസി-ദലിത്- തോട്ടം തൊഴിലാളി വിഭാഗങ്ങളുടെ പിന്തുണയോടെ എ.ഐ.യു.ഡി.എഫ് (ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്) എന്ന സംവിധാനത്തിന്റെ രൂപീകരണത്തിന് ജമാഅത്ത് പശ്ചാത്തല ശക്തിയായി. പിന്നാക്ക-ദലിത് വിഭാഗങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും രാഷ്ട്രീയമായും സാമൂഹികമായും ശാക്തീകരിക്കുക എന്നത് ജമാഅത്തിന്റെ തന്നെ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമാണ്. അതിനുവേണ്ടി പല സംസ്ഥാനങ്ങളിലും സാഹചര്യങ്ങള്‍ക്കനുസൃതമായ പരീക്ഷണങ്ങള്‍ ജമാഅത്തിന്റെ നേതൃത്വത്തിലും പങ്കാളിത്തത്തിലും നടന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെയും
ആന്ധ്രയിലെയും എം.പി.ജെ (മൂവ്‌മെന്റ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ്)ഇതിന്റെ ഭാഗമാണ്. കര്‍ണാടകയില്‍ 40-ലധികം മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ 'കര്‍ണാടക മുസ്‌ലിം മുത്തഹിദ മഹാസി'ന്റെ ഭാഗമായാണ് ജമാഅത്ത് ഈ കാലയളവില്‍ തെരഞ്ഞെടുപ്പ് നിലപാട് രൂപപ്പെടുത്തിയത്. പ്രത്യേക മുന്നണിയെ പിന്തുണച്ചും സ്വന്തമായി ചില മുന്നണികള്‍ സൃഷ്ടിച്ചും ജനകീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ചുമെല്ലാമാണ് 2006, 2007 കാലഘട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പിനെ ജമാഅത്ത് അഭിമുഖീകരിച്ചത്. 
2009-ല്‍ നടന്ന പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ മൂന്ന് പ്രധാന കാഴ്ചപ്പാടുകളാണ് ജമാഅത്ത് അവതരിപ്പിച്ചത്. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തില്‍ വരാതിരിക്കാനുള്ള അടവുകളും തന്ത്രങ്ങളും നയസമീപനങ്ങളും സ്വീകരിക്കുക, എന്‍.ഡി.എ അപ്രസക്തമായ സ്ഥലങ്ങളില്‍ കോണ്‍ഗ്രസിതര മതേതര കക്ഷികള്‍ക്കും ഇടതുപക്ഷത്തിനും മുന്‍തൂക്കം നല്‍കുന്ന സമീപനം സ്വീകരിക്കുക, ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന വ്യക്തികളുടെ പാര്‍ലമെന്റ് പ്രാതിനിധ്യം വര്‍ധിപ്പിക്കുക. ഈ ദേശീയനയം ഓരോ സംസ്ഥാനത്തെയും പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് നടപ്പാക്കിയത്. സ്വാഭാവികമായും പ്രധാന ദേശീയ പ്രശ്‌നങ്ങള്‍ക്കു പുറമെ അത് സംസ്ഥാന സാഹചര്യങ്ങള്‍ കൂടി പ്രതിഫലിക്കുന്നതായിരുന്നു പ്രസ്തുത നിലപാടുകള്‍. ആന്ധ്രാപ്രദേശില്‍ 42 മണ്ഡലങ്ങളില്‍ 37 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും രണ്ടു വീതം ടി.ഡി.പി- സി.പി.എം സ്ഥാനാര്‍ഥികളെയും ഒരു ടി.ആര്‍.എസ് സ്ഥാനാര്‍ഥിയെയുമായിരുന്നു പിന്തുണച്ചിരുന്നത്. കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 എണ്ണത്തില്‍ കോണ്‍ഗ്രസിനെയും 5 എണ്ണത്തില്‍ ജനതാദളിനെയും പിന്തുണച്ചു. ഗോവയിലെ രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ എന്‍.സി.പിക്കും മറ്റൊന്നില്‍ കോണ്‍ഗ്രസിനും, മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളില്‍ 43 എണ്ണത്തില്‍ കോണ്‍ഗ്രസ്-എന്‍.സി.പി.-ആര്‍.പി.ഐ മുന്നണിക്കും 5 ഇടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ നല്‍കി. ഗുജറാത്തിലെ ഒന്നൊഴികെ മുഴുവന്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. ഒരു മണ്ഡലത്തില്‍ വോട്ടിംഗില്‍നിന്ന് വിട്ടുനിന്നു. മധ്യപ്രദേശില്‍ നിലപാട് പ്രഖ്യാപിച്ച 20 മണ്ഡലങ്ങളിലും രാജസ്ഥാനിലെ 25 മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ തന്നെയാണ് സഹായിച്ചത്. യു.പിയിലെ 80 മണ്ഡലങ്ങളില്‍ 70 മണ്ഡലങ്ങളിലാണ് ജമാഅത്ത് വോട്ട് വിനിയോഗിച്ചത്. 24 ഇടങ്ങളില്‍ എസ്.പിയെയും 18 മണ്ഡലങ്ങളില്‍ ബി.എസ്.പിയെയും 15 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെയും നാല് മണ്ഡലങ്ങളില്‍ ഉലമാ കൗണ്‍സിലിനെയും ആറ് മണ്ഡലങ്ങളില്‍ പീസ് പാര്‍ട്ടിയെയും ഓരോ മണ്ഡലങ്ങളില്‍ സി.പി.ഐ, എന്‍.എല്‍.പി, അപ്‌നാദള്‍ കക്ഷികളെയും പിന്തുണച്ചു. കേരളത്തില്‍ 18 സീറ്റുകളില്‍ എല്‍.ഡി.എഫിനെയും രണ്ട് സീറ്റുകളില്‍ യു.ഡി.എഫിനെയും പിന്തുണച്ചു. ദല്‍ഹിയിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസിനെ പിന്തുണച്ചു. ബിഹാറില്‍ നിലപാട് വ്യക്തമാക്കിയ 31 ഇടങ്ങളില്‍ ആര്‍.ജെ.ഡിക്ക് 20 സീറ്റിലും എല്‍.ജെ.പിക്ക് 4 സീറ്റിലും കോണ്‍ഗ്രസിന് 4 സീറ്റിലും എന്‍.സി.പിക്കും സി.പി.ഐക്കും ഓരോ സീറ്റിലും പിന്തുണ നല്‍കി. പശ്ചിമ ബംഗാളിലെ 42 മണ്ഡലങ്ങളില്‍ 35 എണ്ണത്തിലാണ് നിലപാട് വ്യക്തമാക്കിയത്. 14 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും 10 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും 7 ഇടത്ത് സി.പി.എമ്മിനും ഓരോ സീറ്റില്‍ എസ്.യു.സി.ഐക്കും ഫോര്‍വേഡ് ബ്ലോക്കിനും സി.പി.ഐക്കും പിന്തുണ നല്‍കി. അസമിലെ 14 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് 6-ഉം എ.ഐ.യു.ഡി.എഫിന് 7-ഉം ബി.പി.പി.എഫിന് ഒന്നും സീറ്റുകളില്‍ വോട്ട് നല്‍കി. ഝാര്‍ഖണ്ഡിലെ 14 മണ്ഡലങ്ങളില്‍ ആറു സീറ്റില്‍ കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കിയത് ('ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനങ്ങളില്‍ ജമാഅത്ത് ആരെയൊക്കെ പിന്തുണക്കുന്നു'-പ്രബോധനം മെയ് 16 2009). രാജ്യത്തെക്കുറിച്ച വിശാല കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചും മുസ്‌ലിം-പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയും ശിഥിലമായ മുസ്‌ലിം സമുദായത്തിന് രാഷ്ട്രീയ ദിശാബോധം നല്‍കിയുമാണ് ഈ ഇലക്ഷനില്‍ ജമാഅത്ത് ഇടപെട്ടത്. 
ഇതേ കാലയളവില്‍ കേരളത്തില്‍ ജനകീയ മുന്നണികള്‍ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ മത്സരിച്ചത് 2005-ല്‍ രൂപപ്പെടുത്തിയ നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതോടെ എതിര്‍പ്പിന്റെ രൂപവും പ്രതിയോഗികളുടെ എണ്ണവും വര്‍ധിച്ചു. നേരത്തേതന്നെ ചാര്‍ത്തിക്കൊിരുന്ന തീവ്രവാദ-ഭീകരവാദ ആരോപണങ്ങളോടൊപ്പം ജമാഅത്തിന്റെ ഇതുവരെയുള്ള ഇലക്ഷന്‍ നയത്തിലെ 'വൈരുധ്യങ്ങള്‍' വിശദീകരിച്ച് ചര്‍ച്ചകളും പ്രഭാഷണങ്ങളും കൊഴുത്തു, ലഘുലേഖകളും നോട്ടീസുകളും ഇറങ്ങി. ആദ്യം വോട്ട് 'ഹറാമാക്കിയവര്‍' ഇപ്പോള്‍ ഹലാലാക്കിയെന്ന ആരോപണങ്ങളുന്നയിച്ച്് മത സംഘടനാ പ്രവര്‍ത്തകര്‍ ഹരം കൊു. ജമാഅത്ത് മേല്‍നോട്ടത്തില്‍ രൂപപ്പെട്ട ജനകീയ മുന്നണികള്‍ മത്സരിക്കുന്നിടത്ത് തെരഞ്ഞെടുപ്പും നാടിന്റെ വികസനവും ചര്‍ച്ചയാക്കേണ്ടതിനുപകരം മതസംവാദമുഖരിതമായ അന്തരീക്ഷമാണ് മത-സമുദായിക രാഷ്ട്രീയ സംഘടനകള്‍ സൃഷ്ടിച്ചത്. എന്നാല്‍ ആയിരത്തിലധികം വാര്‍ഡുകളില്‍ മത്സരിച്ച് പരിമിതമായ സീറ്റുകളിലാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞതെങ്കിലും ഒന്നര ലക്ഷത്തോളം വോട്ടുകള്‍ കരസ്ഥമാക്കുകയും 100-ല്‍പരം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ നിയമസഭാ -തദ്ദേശ തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് കൂടുതല്‍ വ്യക്തമായ രാഷ്ട്രീയ പ്രയോഗങ്ങളാണ് നടത്തിയത്. സംഘ് പരിവാര്‍ ഭീഷണി നേരിടുന്നതിന് പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യനിര സൃഷ്ടിക്കാനും ഫാഷിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയ  സഖ്യങ്ങള്‍ രൂപപ്പെടുത്താനും മത ന്യൂനപക്ഷ സംഘടനകളെയും മതേതര പാര്‍ട്ടികളെയും ജമാഅത്ത് ആഹ്വാനം ചെയ്തു. സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്താനും മൂല്യബദ്ധമായ ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പത്തിലൂന്നി പണിയെടുക്കാനും പ്രസ്ഥാനം തീരുമാനിച്ചു.  നവ സാമൂഹിക വിഷയങ്ങളും പൗരരാഷ്ട്രീയത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്തി ഫാഷിസ്റ്റ്‌വിരുദ്ധ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടി. കാമ്പസുകളില്‍ രൂപപ്പെടുന്ന പുതുകാല രാഷ്ട്രീയ മുദ്രാവാക്യങ്ങളോട് പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും മുഖം തിരിക്കുമ്പോള്‍  കേവല തെരഞ്ഞെടുപ്പ് ലക്ഷ്യത്തിലുപരി സവര്‍ണ സംഘ് രാഷ്ട്രീയത്തെ പ്രതിരോധിച്ചുനിര്‍ത്താന്‍ സാമൂഹിക മേഖലകളില്‍ നയങ്ങളും നിലപാടുകളും ആവിഷ്‌കരിക്കാനും നവ  രാഷ്ട്രീയ മുന്നേറ്റങ്ങളെ ചേര്‍ത്തുനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ ജമാഅത്ത് നടത്തി. 
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചെറു രാഷ്ട്രീയ പാര്‍ട്ടികളെയും  പ്രാദേശിക കൂട്ടായ്മകളെയും പരിഗണിക്കാനും പിന്തുണക്കാനും ജമാഅത്ത് തയാറായി. തങ്ങളുടെ സഹകരണത്തോടെ  രൂപീകൃതമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമിനെ ശക്തിപ്പെടുത്താനും പവര്‍ പൊളിറ്റിക്‌സിനപ്പുറമുള്ള സിവില്‍ പൊളിറ്റിക്‌സിനെ ത്വരിപ്പിക്കാനും ഇതിലൂടെ ശ്രമിച്ചു. കാമ്പസുകളില്‍ ഇപ്പോള്‍ ശക്തിയാര്‍ജിക്കുന്ന ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ ഭാവങ്ങളുടെയും ദലിത് വിമോചന മുദ്രാവാക്യങ്ങളുടെയും പൊതു ഇടങ്ങളെ സ്വാംശീകരിച്ച്  അവയെ രാഷ്ട്രീയപ്രശ്‌നമായിതന്നെ അഭിമുഖീകരിക്കാന്‍ ജമാഅത്തിനും അനുബന്ധ സംവിധാനങ്ങള്‍ക്കും ഏറക്കുറെ സാധിച്ചു. രാജ്യത്തിനകത്ത് രൂപപ്പെട്ടുവന്ന സൂക്ഷ്മ രാഷ്ട്രീയ ചോദ്യങ്ങളെ കേള്‍ക്കാനും സമഭാവനയോടെ അവയെ അഭിമുഖീകരിക്കാനും കഴിയുന്ന സംവാദങ്ങള്‍ ഇന്ത്യന്‍ കാമ്പസുകളില്‍ എസ്.ഐ.ഒയും കേരളത്തിലെ യുവജന- പൊതു രാഷ്ട്രീയ മണ്ഡലങ്ങളില്‍ സോളിഡാരിറ്റിയും ഉയര്‍ത്തി. ഈ മറുരാഷ്ട്രീയത്തെ ഇന്ന് തീക്ഷ്ണമായി ജ്വലിപ്പിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ ഭാവങ്ങള്‍ക്കു്.
സ്ത്രീസംവരണവുമായി ബന്ധപ്പെട്ട് സംവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവര്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കുമ്പോള്‍ ഒ.ബി.സി-പിന്നാക്ക-ദലിത്- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ ആ ക്വാട്ടക്കകത്ത് ഉള്‍പ്പെടുത്തണമെന്ന് ജമാഅത്ത് ആവശ്യപ്പെട്ടു. കരിനിയമങ്ങള്‍ റദ്ദാക്കല്‍, വ്യാജ ഏറ്റുമുട്ടലുകളിലെയും വര്‍ഗീയകലാപങ്ങളിലെയും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കല്‍, വിചാരണത്തടവുകാരുടെ റിമാന്റ് കാലാവധി അനിശ്ചിതമായി നീ
ളുന്നത് തടയല്‍ തുടങ്ങിയ ആവശ്യങ്ങള്‍ 2016-ലെ ഇലക്ഷന്‍ രാഷ്ട്രീയനയത്തില്‍ ഉള്‍പ്പെടുത്തിയത് നവ സാമൂഹിക, പൗര രാഷ്ട്രീയ, പിന്നാക്ക-ദലിത്-ന്യൂനപക്ഷ ശാക്തീകരണ ശബ്ദങ്ങള്‍ക്ക് ജമാഅത്ത് വലിയ പരിഗണന നല്‍കിയതിന്റെ സൂചനകളായിരുന്നു.
നൈരന്തര്യമുള്ള ഇടപെടലുകളിലൂടെയും സമൂഹത്തെയും സാഹചര്യത്തെയും ഉള്‍ക്കാഴ്ചയോടെ വായിക്കാനുള്ള  ശേഷിയിലൂടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയ നയങ്ങള്‍ കാലാകാലങ്ങളില്‍ ജമാഅത്ത് വികസിപ്പിക്കുന്നു. നി
ലപാടുകളുടെ ഈ ക്രമാനു
ഗത വളര്‍ച്ചയെയും വികാസത്തെവും വൈരുധ്യമായി ചിത്രീകരിക്കുന്നവര്‍ക്കു പോലും ആ രാഷ്ട്രീയത്തെ അവഗണിക്കാന്‍ കഴിയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണകൂടത്തിനുമുാകേ സാമൂഹിക പ്രതിബദ്ധതയും നീതിബോധവും നിരന്തരമായി സമൂഹമധ്യത്തിലേക്കെടുത്തിട്ട് അഭിപ്രായ രൂപീ
കരണം നടത്തുന്നതിനും
പൊതുജനസമ്മര്‍ദം സൃഷ്ടിക്കുന്നതിനും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  രാഷ്ട്രീയ നിലപാടുകളും തെരഞ്ഞെടുപ്പു നയങ്ങളും വളരെയധികം സഹായകമാകുന്നു.
മ്മ
അവലംബം
1) ജമാഅത്തും തെരഞ്ഞെടുപ്പും: എ.ആര്‍, പ്രബോധനം  ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാര്‍ഷിക പതിപ്പ്.
2) 'ജമാഅത്തെ ഇസ്‌ലാമിയും ജനായത്തവും', പച്ചക്കുതിര ഏപ്രില്‍ 2006   
3) നിലപാടുള്ള പ്രസ്ഥാനം. ടി. ആരിഫലി, ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്.
 

Comments

Other Post