തുടര്‍ച്ച തേടുന്ന സ്വഫാ സമ്മേളനം
ചിട്ടയായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ചരിത്രമെഴുതുമ്പോള്‍ സമ്മേളനങ്ങള്‍ നാഴികക്കല്ലുകളായാണ് വിലയിരുത്തപ്പെടാറുള്ളത്. പല പ്രദേശങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ പരിശ്രമങ്ങളുടെ ഫലം ഒരുമിച്ച് മൂര്‍ത്തമായി അനുഭവിക്കുന്നു എന്നതുകൊണ്ട് ആവേശവും ആത്മവിശ്വാസവും നല്‍കുന്ന സന്ദര്‍ഭമാണത്. അതുകൊണ്ടുതന്നെ 2010 ജനുവരി 24-ന് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വഫാ നഗറില്‍ ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം സംഘടിപ്പിച്ച സമ്മേളനം വലിയൊരു നാഴികക്കല്ലാണ്. 1952-ല്‍ രേഖപ്പെടുത്തപ്പെട്ട ഏഴ് അനുഭാവികളില്‍നിന്ന് സ്ത്രീകള്‍ 2010-ല്‍ ഒരു ലക്ഷത്തിന് പുറത്തേക്ക് വര്‍ധിച്ചതിന്റെ സായൂജ്യം. ഇത്രയും വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്ത സംഘാടന-നേതൃപാടവം തെളിയിച്ച് സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ നടത്തിയ സ്ത്രീകളുടെ സമ്മേളനം.
രണ്ട് തലങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി സ്ത്രീകളെ സംഘടിപ്പിക്കാറുണ്ട്. അവരെ പ്രത്യേകമായും, പുരുഷന്മാരോടൊപ്പവും. സമയം, സൗകര്യം, പങ്കാളിത്തം എന്നിവ പരിഗണിച്ച് സ്ത്രീകളെ പ്രത്യേകം സംഘടിപ്പിക്കുന്നതിനാണ് മുന്‍തൂക്കം. രണ്ടിനും അതിന്റേതായ നന്മകളുണ്ട്. സംഘടനയുടെ ആദ്യകാല സമ്മേളനങ്ങളില്‍ പ്രത്യേക വനിതാ സമ്മേളനങ്ങള്‍ ഉണ്ടായിരുന്നു. 1998-ലെ ഹിറാ സമ്മേളനത്തില്‍ പൊതുസദസ്സിനെ അഭിസംബോധന ചെയ്ത് സ്ത്രീകള്‍ സംസാരിച്ചു. അവിടന്നിങ്ങോട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ പൊതുവേദികളില്‍ വനിതാ പ്രസംഗകരുടെ സാന്നിധ്യമുണ്ട്. ജമാഅത്ത് കൂടിയാലോചനാ സമിതി-ശൂറാ-യിലും സ്ത്രീകളുണ്ട്. സ്ത്രീപുരുഷന്മാരെ ഒരുമിച്ച് സംഘടിപ്പിക്കുന്നതിലും ഒരേ വേദിയും സദസ്സും പങ്കിടുന്നതിലുമൊക്കെ കേരളത്തിലെ മുസ്‌ലിം സമൂഹവുമായി നിരന്തര സംവാദത്തിലാണ് ജമാഅത്തെ ഇസ്‌ലാമി. ആക്ഷേപങ്ങളും പരിഹാസങ്ങളും നിലച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം വന്നതിനു ശേഷം എതിര്‍പ്പുകള്‍ക്ക് അല്‍പം ശമനമുണ്ട്. 'സ്ത്രീകള്‍ക്കുള്ള പെരുമാറ്റച്ചട്ട'ത്തില്‍നിന്ന് സാമുദായിക രാഷ്ട്രീയധാരക്ക് ഇന്നും രക്ഷപ്പെടാന്‍ സാധിക്കാത്തത് വിഷയത്തിലെ തീര്‍പ്പില്ലായ്മകൊണ്ടാണ്.
ഉള്ളടക്കവും സംഘാടനവും കൊണ്ട് സവിശേഷ മാതൃകയാണ് സ്വഫാ സമ്മേളനം. സ്ത്രീകളുടെ കര്‍തൃത്വത്തില്‍ അവരോട് അവര്‍തന്നെ സംസാരിക്കുന്ന ഇടം; അതിനു വേണ്ടിയുള്ള ആസൂത്രണവും പ്രചാരണവും അവര്‍തന്നെ. വേദിയും സദസ്സും പെണ്ണുങ്ങളുടേത്. ഹിജാബ്, മറ, ഇടകലരല്‍, വുദൂ മുറിയല്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇടയില്ലാത്തവിധം സ്ത്രീ ഉള്ളടങ്ങിയ ഒന്നിനെ അംഗീകരിക്കാനും പകര്‍ത്താനുമായിരുന്നു കേരളത്തിലെ പാരമ്പര്യ മുസ്‌ലിംധാരകള്‍ക്ക് കഴിയേണ്ടിയിരുന്നത്. സ്ത്രീകളുടെ സാമൂഹികത അംഗീകരിക്കാത്തതുകൊണ്ടോ സംഘടനാ വിദ്വേഷം മൂലമോ അന്ന് എതിര്‍ത്തിരുന്നവര്‍ ഇന്ന് സ്ത്രീകളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയിരിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള പെണ്ണൊരുക്കമാണോ സ്വഫ എന്നതായിരുന്നു വ്യവസ്ഥാപിത പാര്‍ട്ടികളുടെ ആശങ്ക. 2006-ല്‍ ആന്ധ്രപ്രദേശിലെ ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം നടത്തിയ സമ്മേളനമാണ് സ്വഫാ സമ്മേളനത്തിന്റെ ഒരു പ്രചോദനം. തെലങ്കാന രൂപീകരണം അതില്‍ ഒരു പ്രമേയമായിരുന്നു. കേരളത്തിനു പുറത്ത് മുസ്‌ലിം സ്ത്രീസമ്മേളനം താരതമ്യേന എളുപ്പമാണ്. അവര്‍ കേരള മുസ്‌ലിം സ്ത്രീകളേക്കാള്‍ ശാക്തീകരിക്കപ്പെട്ടവരും സ്ത്രീയിടങ്ങള്‍ വികസിപ്പിച്ചെടുത്തവരുമാണ്. എന്നാല്‍, ആണ്‍കോയ്മയുടെയും പൗരോഹിത്യത്തിന്റെയും ഇടയില്‍നിന്ന് കര്‍തൃത്വം നേടിയെടുക്കേണ്ടവരാണ് കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍. അവര്‍ക്കില്ലാതെപോയ സ്വാതന്ത്ര്യവും സമത്വവുമൊക്കെ നേടിക്കൊടുക്കാന്‍, അവരെ അലട്ടുന്ന മുത്ത്വലാഖ്, ബഹുഭാര്യത്വം, അറബി കല്യാണം എന്നിവയിലൊക്കെ പരമ്പരകള്‍ തയാറാക്കുന്നവരാണ് ഇവിടത്തെ ഇടതുപക്ഷ -മതേതര മാധ്യമങ്ങളും അക്കാദമിക- രാഷ്ട്രീയ ആക്ടിവിസ്റ്റുകളുമൊക്കെ. പക്ഷേ, ഇവരൊന്നും ഇങ്ങനെയൊരു സമ്മേളനം നടന്നത് അറിഞ്ഞതേയില്ല. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി മുസ്‌ലിം വ്യക്തിനിയമം പരിഷ്‌കരിക്കണമെന്ന പ്രമേയം സ്വഫാ സമ്മേളനത്തില്‍ പാസ്സാക്കിയിരുന്നു. ഉര്‍ദു പത്രറിപ്പോര്‍ട്ടുകളിലൂടെ വിഷയം ധരിച്ച മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അത് പരിഗണിക്കുമെന്ന് പ്രതികരിച്ചപ്പോള്‍ ദേശാഭിമാനി പോലും അത് കണ്ടില്ല. സ്ത്രീസംവരണത്തിനകത്തെ ന്യൂനപക്ഷ സംവരണം, മഹല്ലുകളിലെ സ്ത്രീപ്രാതിനിധ്യം എന്നൊക്കെ കുറേ തട്ടമിട്ട പെണ്ണുങ്ങള്‍ പറഞ്ഞത് കേള്‍ക്കാതിരിക്കാന്‍ അവരെത്ര ബുദ്ധിമുട്ടിയിട്ടുണ്ടാവും! താലിബാനികളുടെ പെരുമാറ്റത്തില്‍ ആകൃഷ്ടയായി ഇസ്‌ലാമിനെ പഠിച്ച്, ഇസ്‌ലാം സ്വീകരിച്ച യിവോണ്‍ റിഡ്‌ലിയെ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്നതില്‍നിന്ന് തടയാന്‍ പക്ഷേ ഈ അധികാര-മാധ്യമ ലോബി ഉത്സാഹിക്കുകയും ചെയ്തു.
സമ്മേളനത്തേക്കാള്‍ ആവേശകരമായിരുന്നു പ്രചാരണം, പോസ്റ്റര്‍, ചുമരെഴുത്ത്, വാഹന പ്രചാരണം, കവല പ്രസംഗങ്ങള്‍... എല്ലാം സ്ത്രീകള്‍തന്നെ. സ്ത്രീയിടങ്ങളെ ആഘോഷിക്കുന്ന മത്സരങ്ങളും പരിപാടികളുമൊക്കെ നടന്നു. ജി.ഐ.ഒ നടത്തി, മുസ്‌ലിം സ്ത്രീക്ക് ചേരുന്ന ഡ്രസ് കോഡുകള്‍ ഡിസൈന്‍ ചെയ്യല്‍. ഒന്നാം സ്ഥാനം നേടിയ പാറ്റേണ്‍ 'സ്വഫാ സ്യൂട്ട്' എന്ന പേരില്‍ അവിടെ വിതരണം ചെയ്തിരുന്നു. പിന്നീട് അത് ചില മുസ്‌ലിം പാഠശാലകളില്‍ പെണ്‍കുട്ടികളുടെ യൂനിഫോമായി.
സമ്മേളനനഗരിയുടെ പരിസരത്ത് ദേശീയ പാതയിലടക്കം ട്രാഫിക് നിയന്ത്രണം മുതല്‍ നഗരി നിയന്ത്രണം വരെ സ്ത്രീകളുടെ കൈകളില്‍ ഭദ്രമായിരുന്നു. നാല് മാസക്കാലത്തെ നിരന്തര പ്രയത്‌നം സ്ത്രീകളിലുണ്ടാക്കിയ ഉണര്‍വും ആവേശവും അമ്പരപ്പിക്കുന്നതുതന്നെ.
ആഭ്യന്തര വിമര്‍ശനങ്ങളെ പ്രയോജനപ്പെടുത്തുന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ രീതി. ഈ സമ്മേളനവും അത്തരം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമായിട്ടുണ്ട്. സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍, അഭിസംബോധിതര്‍, അവതരണ രീതി, സംഘാടനം തുടങ്ങിയവയിലെ മികവുകള്‍ മാത്രമല്ല അതിലെ വീഴ്ചകളും വൈരുധ്യങ്ങളും പാളിച്ചകളുമൊക്കെ വളരെ സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് വിധേയമായി. സ്ത്രീകളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും സജീവ പ്രവര്‍ത്തനത്തിലേര്‍പ്പെടുത്താനും ആവേശത്തോടെ പുതിയ മേഖലകളിലേക്ക് നയിക്കാനുമൊക്കെ സാധിച്ച വലിയ വിജയമായിരുന്നു സമ്മേളനം. അതിനു നേരെയുള്ള വിമര്‍ശനങ്ങളെ മൂന്ന് പോയന്റുകളിലേക്ക് ചുരുക്കാം:
ഒന്ന്, പുരുഷനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഫെമിനിസങ്ങളെ വിമര്‍ശിച്ചപ്പോഴും ഏതോ അര്‍ഥത്തില്‍ ഒരു 'അദര്‍' ആയി അവതരിപ്പിക്കപ്പെട്ടു. ആണുങ്ങള്‍ ചെയ്യുന്ന പണികളൊക്കെ പെണ്ണുങ്ങളും ചെയ്യുക, ആണുങ്ങളില്ലാത്ത സമ്മേളനം എന്നതൊക്കെ തീമായി പ്രചരിപ്പിക്കപ്പെട്ടു.
രണ്ട്, സ്ത്രീയുടെ അവകാശങ്ങള്‍, പദവി എന്നിവയൊക്കെ എപ്പോഴും വിശദീകരിച്ചുകൊടുക്കുന്നത് സ്ത്രീകളോടുതന്നെയാണ്. അത് നേടിയെടുക്കാന്‍ ഉദ്ബുദ്ധരാക്കുന്നതും അവരെത്തന്നെ. ഇത് തങ്ങള്‍ ഇരകളാണെന്നും പദവിയും അവകാശവുമൊക്കെ വേണ്ടപ്പെട്ടവരോട് പിടിച്ചുവാങ്ങേണ്ടതാണെന്നുമുള്ള ഉപബോധം സൃഷ്ടിക്കുന്നു. എന്നാല്‍ ഇത് വകവെച്ചുകൊടുക്കേണ്ടവരോടാണ് സംസാരിക്കേണ്ടത്. ഖുര്‍ആന്റെ രീതി അതാണ്.
മൂന്ന്, കുടുംബം, സദാചാരം, സ്ത്രീവിഷയങ്ങള്‍ എന്നിവയായിരിക്കും പെണ്ണുങ്ങള്‍ക്ക് പറയാനും കേള്‍ക്കാനുമുണ്ടാവുക. ഇതിലപ്പുറമുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നതിലേക്ക് സ്ത്രീകളും, കുടുംബം-സദാചാരം എന്നിവ കേള്‍ക്കുന്നതിലേക്ക് പുരുഷലോകവും വളരേണ്ടതുണ്ട്. സകാത്ത്-ഖുര്‍ആന്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ കാമ്പയിന്‍ നടക്കുമ്പോള്‍ നാം പൊതുസമൂഹത്തെ അഡ്രസ് ചെയ്യാറുണ്ട്. സ്ത്രീ, കുടുംബം, സദാചാരം തുടങ്ങിയ വിഷയങ്ങളിലും ഈ രീതി തന്നെ പിന്തുടരേണ്ടതുണ്ട്.
ഈ ചര്‍ച്ചകള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്നീട് വന്ന പരിപാടികളില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു. പലപ്പോഴും സമ്മേളനപ്രമേയങ്ങള്‍ സമ്മേളന സമാപനത്തോടൊപ്പം ഒടുങ്ങുന്നതാണ് പതിവ്. മുസ്‌ലിം വ്യക്തിനിയമങ്ങളിലെ അപാകതകള്‍ പരിഹരിച്ച് ക്രോഡീകരിക്കണമെന്ന കൃത്യതയുള്ള പ്രമേയം സമ്മേളനത്തില്‍ പാസ്സാക്കുകയും വ്യക്തിനിയമ ബോര്‍ഡ് പ്രതികരിക്കുകയും ചെയ്തുവെങ്കിലും അതിന് തുടര്‍ച്ചയുണ്ടായില്ല. ചര്‍ച്ചകളും പഠനങ്ങളും നടത്തി, അപാകത പരിഹരിക്കാനുള്ള ശ്രമങ്ങളും പരിഹാരങ്ങളും കൃത്യതപ്പെടുത്തി പൊതുസമൂഹത്തിന് വായിക്കാനും ചര്‍ച്ചചെയ്യാനും സാധിക്കുംവിധം ക്രോഡീകരിക്കാന്‍ നമുക്ക് സാധിച്ചില്ല. ഇത്രയും സന്നാഹങ്ങളോടെ സമ്മേളനം നടത്തിയ ആവേശവും ടീം സ്പിരിറ്റും ആസൂത്രണമികവുമൊക്കെ ആ ദിശയിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്. കാരണം അഭിപ്രായങ്ങളും സിദ്ധാന്തങ്ങളുമല്ല, മൂര്‍ത്തമായ മാതൃകകളാണ് എപ്പോഴും സ്വീകരിക്കപ്പെടുക.
Comments