Prabodhanm Weekly

Pages

Search

2017 കര്‍മ്മകാലം- ജ.ഇയുടെ 75 വർഷങ്ങൾ

3240

1438

1993 - 2016     നാഴികക്കല്ലുകള്‍ പിന്നിട്ട കാലയളവ്

ടി ശാകിര്‍


1993-2016 കാലയളവില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര നേതൃത്വത്തിനു കീഴില്‍ നടന്ന പ്രധാന ചുവടുവെപ്പുകളുടെ ഹ്രസ്വ അവലോകനം.


1990-ല്‍ മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ് അമീറായി ചുമതലയേറ്റതോടെ പുതിയൊരു ഘട്ടത്തിന് തുടക്കമായി. സംഘടനാതലത്തില്‍ അഴിച്ചുപണികള്‍ നടത്തി. അസിസ്റ്റന്റ് അമീറുമാരെ നിയമിച്ചുകൊണ്ട് അമീറിന്റെ പ്രവര്‍ത്തനങ്ങള്‍ വിഭജിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളിലെ വികേന്ദ്രീകൃത ശൈലിയിലേക്കുള്ള ശക്തമായ ചുവടുവെപ്പായിരുന്നു ഇത്. ബാബരി പ്രശ്‌നവും മസ്ജിദിന്റെ തകര്‍ച്ചയും മണ്ഡല്‍ കമീഷന്‍ വിഷയവും തുടര്‍ച്ചയായ വര്‍ഗീയ കലാപങ്ങളും രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെ അത്യന്തം വര്‍ഗീയവല്‍ക്കരിച്ച സൗന്ദര്‍ഭം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ മതസമൂഹങ്ങള്‍ക്കിടയില്‍ ബന്ധങ്ങള്‍ ഊഷ്മളമാക്കാനും സാമൂഹിക സൗഹാര്‍ദം അടിത്തട്ടില്‍തന്നെ കെട്ടിപ്പടുക്കാനുമാണ് ഈ കാലയളവില്‍ ജമാഅത്ത് നേതൃത്വം കൂടുതല്‍ ശ്രദ്ധിച്ചത്.
ബാബരി മസ്ജിദിനെ മുന്‍നിര്‍ത്തി സംഘ്പരിവാര്‍ ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ രാഷ്ട്രശരീരത്തെയാകെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. മാധ്യമങ്ങളുടെ വര്‍ഗീയ നിലപാടും ഈ ധ്രുവീകരണത്തിന് ആക്കം കൂട്ടി. സമൂഹത്തിന്റെ ഏതാണ്ടെല്ലാ  മേഖലകളെയും വര്‍ഗീയതയുടെ തീക്കാറ്റ് ബാധിച്ച ഇത്തരമൊരു അവസ്ഥയിലാണ് സാമൂഹിക സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി 1993-ല്‍ ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി എന്ന പൊതുവേദി ജമാഅത്ത് മുന്‍കൈയില്‍ രൂപംകൊള്ളുന്നത്. ബാബരി പ്രശ്‌നം വഴി സംഘ്പരിവാറും മാധ്യമങ്ങളും സൃഷ്ടിച്ച വര്‍ഗീയാന്തരീക്ഷത്തെ മറികടക്കാന്‍ ശ്രമിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും വലിയ പ്രചോദനവും ആവേശവുമാണ് എഫ്.ഡി.സി.എയുടെ പ്രവര്‍ത്തനങ്ങള്‍ പകര്‍ന്നുനല്‍കിയത്.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഹിന്ദുത്വ വര്‍ഗീയ സംഘടനകളെ നിരോധിച്ച കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി. വഷളന്‍ മതേതര ബാലന്‍സിംഗിനു വേണ്ടിയായിരുന്നു ജമാഅത്തിനുമേലുള്ള ഈ നിരോധം. ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ ഹിന്ദുത്വ വര്‍ഗീയ സംഘടനകളെ നിരോധിക്കുമ്പോള്‍ മുസ്‌ലിം സംഘടനയെയും നിരോധിക്കുക എന്ന വിചിത്ര മതേതര ബാലന്‍സിംഗാണത്. വര്‍ഗീയത ആരോപിച്ചുകൊണ്ടാണ് ഹിന്ദുത്വ സംഘടനകളെ നിരോധിച്ചതെങ്കിലും വര്‍ഗീയ ആരോപണമുന്നയിച്ചല്ല യഥാര്‍ഥത്തില്‍ ജമാഅത്തിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇത് അധിക പേര്‍ക്കും അജ്ഞാതമാണ്. ജമാഅത്തിനുമേല്‍ വര്‍ഗീയത ആരോപിക്കാന്‍ ഒരു പഴുതുമില്ലാത്തതുകൊണ്ടും ആ ആരോപണം നിയമപരമായി നിലനില്‍ക്കില്ലെന്ന നല്ല ബോധ്യം സര്‍ക്കാറിനുള്ളതുകൊണ്ടും ഒരു പ്രസംഗത്തിന്റെ പേരിലാണ് ജമാഅത്ത് നിരോധം കേന്ദ്ര സര്‍ക്കാര്‍ അന്ന് നടപ്പാക്കിയത്. ഹിന്ദുത്വ വര്‍ഗീയ സംഘടനകളുടെ കൂട്ടത്തില്‍ ഒരു മുസ്‌ലിം സംഘടന നിരോധിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും മുസ്‌ലിം വര്‍ഗീയതയായിരിക്കും കാരണം എന്നു സമൂഹം ധരിച്ചുകൊള്ളും എന്നതായിരുന്നു സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. അഖിലേന്ത്യാ അമീര്‍ മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബും അസി. അമീര്‍ മൗലാനാ അബ്ദുല്‍ അസീസ് സാഹിബും നടത്തിയതായി പറയപ്പെടുന്നതാണ് പ്രസ്തുത പ്രസംഗം. കശ്മീര്‍ വിഷയത്തെക്കുറിച്ചായിരുന്നു അത്. എന്നാല്‍ ഈ ആരോപണവും തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നു. അതുകൊണ്ടുതന്നെ നിരോധന ഉത്തരവിന്റെ കൂടെ പ്രസംഗത്തെക്കുറിച്ച് യാതൊരു സൂചനയും ഇല്ലായിരുന്നു. നിരോധനത്തിന്റെ ഭരണഘടനാ സാധുതയെ സംഘടന സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. വിശദമായ വാദങ്ങള്‍ക്കു ശേഷം ജസ്റ്റിസ് പി.ബി സാവന്തും ജസ്റ്റിസ് എസ്. മോഹനനും അടങ്ങിയ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് നിരോധന ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി നിരോധന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 
1993-ല്‍ ദല്‍ഹിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്ന ജമാഅത്തിന്റെ 7-ാം അഖിലേന്ത്യാ സമ്മേളനം നിരോധം മൂലം നടക്കാതെപോയി. നിരോധം പിന്‍വലിക്കപ്പെട്ട ശേഷം സംഘടനയുടെ അഖിലേന്ത്യാ സമ്മേളനം നടത്താന്‍ പ്രവര്‍ത്തകരില്‍നിന്ന് വലിയ സമ്മര്‍ദം ഉയര്‍ന്നുവന്നു. അതേസമയം ജമാഅത്തിന്റെ സ്വാധീനവൃത്തം വളര്‍ന്നുവന്നതിനാല്‍ അത്തരമൊരു അഖിലേന്ത്യാ സമ്മേളനം ചേരാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സമ്മേളനം ജമാഅത്ത് വേണ്ടെന്നുവെക്കുകയായിരുന്നു. പകരമായി അംഗങ്ങളുടെ(റുക്ന്‍) അഖിലേന്ത്യാ സമ്മേളനവും പൊതുസമൂഹങ്ങളെക്കൂടി പങ്കെടുപ്പിക്കാവുന്ന തരത്തില്‍ രാജ്യത്തിന്റെ നാലു മേഖലകളില്‍ മേഖലാ സമ്മേളനങ്ങളും നടത്താന്‍ കേന്ദ്ര കൂടിയാലോചനാ സമിതി -ശൂറ- തീരുമാനിച്ചു. 1995-ല്‍ ഹൈദരാബാദിലാണ് അംഗങ്ങളുടെ സമ്മേളനം നടന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുറന്ന ചര്‍ച്ചക്കായി 1978-ല്‍ ഭോപ്പാലില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിനു ശേഷം അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ആദ്യ അഖിലേന്ത്യാ സമ്മേളനമായിരുന്നു ഇത്. നാലു സ്ഥലങ്ങളില്‍ മേഖലാ സമ്മളനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യന്‍ സമ്മേളനം 1998 ഒക്‌ടോബറില്‍ ഇലാഹാബാദില്‍ ചേര്‍ന്നു. 1998 ഡിസംബറില്‍ പശ്ചിമേന്ത്യാ സമ്മേളനം ബോംബെയിലും, ദക്ഷിണേന്ത്യന്‍ സമ്മേളനം 1999 ഫെബ്രുവരിയില്‍ ബാംഗ്ലൂരിലും പൂര്‍വേന്ത്യന്‍ സമ്മേളനം 1999 ഫെബ്രുവരിയില്‍ പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദിലും നടന്നു. ഈ പരമ്പരയില്‍ കേരള ഘടകം സ്വന്തമായാണ്  സമ്മേളനം നടത്തിയത്; 1998 ഏപ്രിലില്‍ വേങ്ങര കൂരിയാട് ഹിറാ നഗറില്‍. ഏറെ സങ്കീര്‍ണമായ സാമൂഹികാന്തരീക്ഷവും വലിയ വെല്ലുവിളികള്‍ നേരിടുന്ന മുസ്‌ലിം അവസ്ഥയും നിലനില്‍ക്കുന്ന ഈ നാളുകളില്‍ നടത്തിയ മേഖലാ സമ്മേളനങ്ങള്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഒന്ന്, മുസ്‌ലിം ഐക്യം. സംഘ്പരിവാര്‍ സമൂഹശ്രേണിയുടെ സര്‍വതലങ്ങളിലും ബോധപൂര്‍വം പിടിമുറുക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തിയ ആ ഘട്ടത്തില്‍ സമ്മേളനങ്ങള്‍ മുന്നോട്ടുവെച്ച രണ്ടാമത്തെ ആശയം സംഘ് പരിവാര്‍ വിരുദ്ധ സാമൂഹികമുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുക എന്നതായിരുന്നു.  സംഘ്പരിവാറിന്റെ പ്രധാന ടാര്‍ഗറ്റും രാജ്യത്തെ പ്രബല ന്യൂനപക്ഷവുമായ മുസ്‌ലിംകളുടെ പ്രശ്‌നത്തോടൊപ്പം ഇതര ന്യൂനപക്ഷങ്ങള്‍, ദലിതര്‍, ആദിവാസികള്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ കൂടി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അജണ്ടയായിരിക്കണമെന്ന ആശയവും സമ്മേളനം മുന്നോട്ടുവെച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങളും സാമൂഹിക പങ്കാളിത്തവും കൂടുതല്‍ ഗൗരവത്തില്‍ ഉന്നയിക്കപ്പെട്ട സമ്മേളനങ്ങള്‍ എന്ന പ്രത്യേകതയും ഈ സമ്മേളനങ്ങള്‍ക്കുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുന്നതിലും സാമൂഹിക-രാഷ്ട്രീയ നിലപാടുകളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകളും വീക്ഷണങ്ങളും പൊതുശ്രദ്ധയില്‍ എത്തിക്കുന്നതിലും ഈ സമ്മേളനങ്ങള്‍ വലിയ പങ്കുവഹിച്ചു. 1990-ല്‍ അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ട മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ് 1995-ലും 1999-ലും തുടര്‍ച്ചയായി 2 തവണകൂടി അമീറായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഇതര മതവിഭാഗങ്ങളുമായും ആശയചേരികളുമായും ആഴമുള്ള സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ നടത്തിയ ബോധപൂര്‍വമായ നീക്കങ്ങള്‍ ഈ കാലയളവിലെ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്.
2003-ല്‍ അഖിലേന്ത്യാ അമീറായി ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടത് ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. കാലത്തിന്റെയും രാജ്യത്തിന്റെയും സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഉള്ളടക്കത്തിലും മുന്‍ഗണനാക്രമങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ കാലയളവില്‍ പല ശ്രമങ്ങളും നടക്കുകയുണ്ടായി. സാമൂഹികനീതി, മനുഷ്യാവകാശം എന്നീ ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തന അജണ്ടയില്‍ മുന്തിയ പരിഗണന നല്‍കപ്പെട്ടു.
2004 ഡിസംബറില്‍  ദേശീയതലത്തില്‍ നടത്തിയ മനുഷ്യാവകാശ കാമ്പയിന്‍ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. 'മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക'(Uphold Human Dignity) എന്ന തലക്കെട്ടിലാണ് കാമ്പയിന്‍ സംഘടിപ്പിക്കപ്പെട്ടത്. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടാനും സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനുമായി 'മൂവ്‌മെന്റ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ്' (MPJ) എന്ന സമൂഹിക പ്രസ്ഥാനത്തിന് രൂപം നല്‍കിയതും ഈ കാലയളവിലാണ്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് എം.പി.ജെ രൂപീകരിക്കപ്പെട്ടത്. മനുഷ്യാവകാശ-സാമൂഹിക പ്രശ്‌നങ്ങളില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്താന്‍ എം.പി.ജെക്ക് സാധിച്ചു. ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനമാണ് തെലങ്കാന. സാമൂഹിക നീതിക്കുവേണ്ടിയുള്ള ദീര്‍ഘകാലത്തെ സമര പ്രക്ഷോഭങ്ങളാണ് തെലങ്കാന രൂപീകരണത്തിന് വഴിതുറന്നത്. തെലങ്കാന രൂപീകരണ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയായി എം.പി.
ജെ നിലകൊണ്ടു. 2003-ല്‍ കേരളത്തില്‍ സോളിഡാരിറ്റി രൂപീകരിക്കപ്പെടുന്നതും ഈ കാലയളവിലാണ്. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സന്ദിഗ്ധ ഘട്ടമായിരുന്നു. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ജമാഅത്ത് കേന്ദ്രനേതൃത്വം ബോധപൂര്‍വമായ ശ്രമങ്ങള്‍ തന്നെ നടത്തി. ഓരോ മണ്ഡലത്തിലെയും വര്‍ഗീയവിരുദ്ധരും മതേതരരുമായ, എന്നാല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച് അവരുടെ ലിസ്റ്റുകള്‍ നേരത്തേതന്നെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മുസ്‌ലിം വോട്ടുകള്‍ ശിഥിലീകരിക്കപ്പെട്ട് അതിലൂടെ വര്‍ഗീയ-ഫാഷിസ്റ്റ് ശക്തികള്‍ ജയിച്ചുകയറുക എന്നത് ഉത്തരേന്ത്യയിലെ  പതിവ്  തെരഞ്ഞെടുപ്പു ചിത്രമാണ്. ഈ ദുരനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജമാഅത്ത് നേതൃത്വം മുസ്‌ലിം സമുദായത്തിനകത്തും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. പല മണ്ഡലങ്ങളിലും മുസ്‌ലിം വോട്ട് ശിഥിലീകരിക്കപ്പെടാതിരിക്കാനും മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനും അതുവഴി ഫാഷിസ്റ്റുകളുടെ വിജയം തടയാനും ഈ പരിശ്രമങ്ങള്‍ സഹായിച്ചു. 
2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപക്ഷ പ്രകടനപത്രിക പുറത്തിറക്കുകയുണ്ടായി. നീതിയും സമാധാനവും പുലരുന്ന, മുഴുവന്‍ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ അനുഭവിക്കാന്‍ കഴിയുന്ന ക്ഷേമരാഷ്ട്രമെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിഭാവന സാക്ഷാത്കരിക്കുന്നതിനുള്ള മാര്‍ഗത്തിലെ ചെറിയ കാല്‍വെപ്പ് എന്ന നിലയിലാണ് ഈ മാനിഫെസ്റ്റോ രാജ്യനിവാസികള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചത്. വികസനം, സാമൂഹികനീതി, സമ്പദ് രംഗം, സുരക്ഷാ മേഖല, വിദേശ നയം, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, മൗലികാവകാശങ്ങള്‍, വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, സാംസ്‌കാരിക രംഗം, കാര്‍ഷികരംഗം, വ്യവസായം, വഖ്ഫ് സ്വത്ത് തുടങ്ങി പതിനഞ്ച് മേഖലകളിലായി പ്രായോഗിക കര്‍മപദ്ധതികളാണ് ഈ പ്രകടനപത്രികയിലൂടെ ജമാഅത്ത് രാജ്യത്തിനു മുമ്പാകെ വെച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാന്‍ 1978-ല്‍ തത്ത്വത്തില്‍ നല്‍കിയ അനുവാദം പ്രയോഗത്തില്‍ വരുത്തിയത് ഈ കാലയളവിലാണ്. 2005-ല്‍ ശൂറ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. അതിനെ തുടര്‍ന്ന് മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുകയും ചിലര്‍ വിജയിക്കുകയും ചെയ്തു. പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കുള്ള ജമാഅത്തിന്റെ  നിര്‍ണായക ചുവടുവെപ്പായിരുന്നു ഇതെന്നു പറയാം.
    ഇന്ത്യന്‍ മുസ്‌ലിംകളുടെ ദയനീയാവസ്ഥ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നത് സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടായിരുന്നു. മാറിമാറി ഭരിച്ച ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യന്‍ മുസ്‌ലിംകളെ വികസനത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതില്‍ കുറ്റകരമായ അലംഭാവമാണ് കാണിച്ചതെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലിം-പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക വളര്‍ച്ചക്കും ശാക്തീകരണത്തിനുമായി 'വിഷന്‍ 2016' എന്ന ബൃഹദ് പദ്ധതിക്ക് തുടക്കം കുറിക്കപ്പെട്ടത് ഈ  പ്രവര്‍ത്തന കാലയളവിലാണ്. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിനു കീഴിലാണ് വിഷന്‍ പദ്ധതികള്‍ പ്രായോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സുസ്ഥിരത, ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, മനുഷ്യാവകാശ പോരാട്ടങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയ ചുവടുവെപ്പുകള്‍ 'വിഷന്റെ' നേതൃത്വത്തില്‍ നടത്തി. ചരിത്രപരമായി പിന്നാക്കാവസ്ഥയും പതിത്വവും പേറുന്ന ഇന്ത്യന്‍ മുസ്‌ലിംകളെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനായി ഇത്ര സമഗ്രവും ആസൂത്രിതവുമായ മറ്റൊരു പദ്ധതിയും രാജ്യത്തില്ല എന്നതാണ് യാഥാര്‍ഥ്യം.
2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകവ്യാപകമായി തുടങ്ങിയ ഭീകരതക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടം ഫലത്തില്‍ പൗരന്മാരുടെ മേല്‍ അനിയന്ത്രിതമായ ഭരണകൂട ഭീകരതകള്‍ക്കാണ് വഴിവെച്ചത്. മുസ്‌ലിം സമൂഹത്തിനുമേല്‍ തീവ്രവാദാരോപണം ശക്തിപ്പെടുകയും, മുസ്‌ലിം ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് വിചാരണത്തടവുകാരായി ജയിലിലടക്കല്‍ നിത്യ സംഭവമായിത്തീരുകയും ചെയ്തു. പോലീസ്-ഭരണകൂട ഭാഷ്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ ചെയ്തുപോന്നത്. തീവ്രവാദ-ഭീകരവാദ ആരോപണങ്ങളും അറസ്റ്റുകളും മുസ്‌ലിം സമൂഹത്തിന്റെ ആത്മവിശ്വാസത്തിന് സാരമായി പരിക്കേല്‍പിക്കുകയും രാജ്യവ്യാപകമായി അവരെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷം സംജാതമായി. ഈ പ്രതിസന്ധിയെ വളരെ ധീരമായി ജമാഅത്ത് അഭിമുഖീകരിച്ചു. തീവ്രവാദ-ഭീകരവാദ വേട്ടയുടെ മറവിലെ സാമ്രാജ്യത്വ-ഭരണകൂട-സംഘ്പരിവാര്‍ താല്‍പര്യങ്ങളെക്കുറിച്ചും രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ ദുരൂഹതകളെക്കുറിച്ചും ജമാഅത്ത് വ്യാപകമായ ആശയപ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികള്‍ എന്ന മുദ്രകുത്തി അന്യായമായി വര്‍ഷങ്ങളോളം ജയിലിലിടുന്ന ഭരണകൂടവേട്ടയെ നിയമപരമായി നേരിടാനായി എ.പി.സി.ആര്‍ എന്ന നിയമപോരാട്ട വേദിക്ക് രൂപം നല്‍കുന്നത് ഈ കാലയളവിലാണ്. എ.പി.സി.ആറിന്റെ ഇടപെടലുകളും നിയമപോരാട്ടങ്ങളും വഴി പലരും ജയില്‍ മോചിതരായി. ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും തീവ്രവാദാരോപണങ്ങള്‍ക്കു മുമ്പില്‍ പ്രതിരോധത്തിലായ മുസ്‌ലിം സമൂഹത്തിന് ഈ ഇടപെടലുകള്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കുന്നത്.  
ജമാഅത്തെ ഇസ്‌ലാമിയുടെ പരമോന്നത വേദിയായ പ്രതിനിധി സഭയിലേക്ക് (മജ്‌ലിസെ നുമാഇന്ദഗാന്‍) സംഘടനയിലെ സ്ത്രീ അംഗങ്ങള്‍ക്ക് ആനുപാതികമായി വനിതാ പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്ന് ഭരണഘടനാ ഭേദഗതിയിലൂടെ വ്യവസ്ഥ കൊണ്ടുവന്നത് 2006-ലാണ്.
2006 മുതല്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിയാണ് ജമാഅത്ത് അഖിലേന്ത്യാ അമീര്‍. 2011-ലും 2015-ലും അദ്ദേഹം കേന്ദ്ര അമീറായി തെരഞ്ഞെടുക്കപ്പെട്ടു. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കാളിത്തമുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിറവിക്ക് അവസരമൊരുങ്ങി എന്നതാണ് ഈ കാലയളവിലെ പ്രധാന നാഴികക്കല്ല്. സാമൂഹിക നീതി, മനുഷ്യാവകാശം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സമാധാനപരമായ സാമൂഹികാന്തരീക്ഷം തുടങ്ങി ജമാഅത്തെ ഇസ്‌ലാമി പതിറ്റാണ്ടുകളായി രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളെയും സമരങ്ങളെയും ശക്തിപ്പെടുത്തുന്നതിലെ പ്രധാന ചുവടുവെപ്പ് എന്ന അര്‍ഥത്തിലാണ് ഇത് പ്രധാനമാവുന്നത്.  നിയമനിര്‍മാണ സഭകളിലേക്ക്  ജമാഅത്ത് അംഗങ്ങള്‍ക്ക് മത്സരിക്കാനുള്ള അനുമതി ഭരണഘടനാ ഭേദഗതിയിലൂടെ നല്‍കിയതും ഈ കാലയളവില്‍ തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ക്കെതിരെയും തീവ്രവാദവിരുദ്ധതയുടെ മറവിലെ മുസ്‌ലിം വേട്ടക്കെതിരെയും ശക്തമായ നിലപാടുകള്‍ ഈ കാലയളവില്‍ ജമാഅത്ത് കൈക്കൊള്ളുകയുണ്ടായി.

റഫറന്‍സ്
1. മുഖ്തസര്‍ താരീഖ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
2. ഇസ്‌ലാമിക വിജ്ഞാനകോശം - വാല്യം 11  
3. ദഅ്‌വത്ത്, ഖുസൂസീ ഇശാഅത്ത്. 'ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കെ 60 സാല്‍'

 

അമീറെ ജമാഅത്ത് (1948 - 1972, 1981 - 1990)
മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വി

1913-ല്‍ ഉത്തര്‍ പ്രദേശിലെ അഅ്‌സംഗഢില്‍ ജനനം. പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം അഅ്‌സംഗഢിലെ മദ്‌റസത്തുല്‍ ഇസ്‌ലാഹിലും ശേഷം  ലഖ്‌നൗ നദ്‌വത്തുല്‍ ഉലമയിലും ഉപരിപഠനം. പഠനം പൂര്‍ത്തീകരിച്ച ശേഷം ഈ രണ്ട് സ്ഥാപനങ്ങളിലും കുറച്ചുകാലം അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 
ആദ്യം കാലം മുതല്‍ തന്നെ സയ്യിദ് മൗദൂദിയുമായും ജമാഅത്തുമായും അബുല്ലൈസ് സാഹിബ് ബന്ധം പുലര്‍ത്തി. ജമാഅത്ത് രൂപീകരിക്കപ്പെട്ട ശേഷം 1944-ല്‍ ജമാഅത്ത് അംഗമായി. ഇന്ത്യാ വിഭജനം വരെ അദ്ദേഹം അവിഭക്ത ജമാഅത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. വിഭജനാനന്തരം 1948 ഏപ്രിലില്‍ ഇലാഹാബാദില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെട്ട യോഗത്തില്‍തന്നെ അബുല്ലൈസ് സാഹിബ് അതിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. 1972 വരെ 24 വര്‍ഷം ആ ഉത്തരവാദിത്തത്തില്‍ തുടര്‍ന്നു. ശേഷം 1981 മുതല്‍ 1990 വരെ വീണ്ടും അഖിലേന്ത്യാ അമീറായി.  33 വര്‍ഷം പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് കാറ്റിലും കോളിലുമുലയാതെ അബുല്ലൈസ് സാഹിബ് അതിനെ നയിച്ചു. വിഭജനാനന്തരം ഇന്ത്യന്‍ ജമാഅത്തിനെ രൂപപ്പെടുത്തിയെടുക്കുന്നതിലും, പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് അതിനെ മുന്നോട്ടു നയിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളില്‍ എല്ലാ വിഭാഗവും ആദരിച്ച ജ്ഞാനിവര്യനായ നേതാവാണ് മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി.
ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനും ശാക്തീകരണത്തിനും അദ്ദേഹം വലിയ സംഭാവനകളര്‍പ്പിച്ചു. മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ഉത്തര്‍ പ്രദേശിലെ ദീനീ തഅ്‌ലീമീ കൗണ്‍സില്‍ എന്നിവയുടെ രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും അബുല്ലൈസ് ഇസ്‌ലാഹി നിര്‍ണായക പങ്കു വഹിച്ചു. 
പത്രപ്രവര്‍ത്തനത്തിലും കഴിവു തെളിയിച്ച അദ്ദേഹം ആദ്യകാലത്ത് ചില ആനുകാലികങ്ങള്‍ എഡിറ്റ് ചെയ്തു. ജമാഅത്ത് അമീറായിരിക്കെ സിന്ദഗിയുടെ എഡിറ്ററെന്ന നിലയിലും പ്രവര്‍ത്തിച്ചു. 'ജമാഅത്തെ ഇസ്‌ലാമി കീ തശ്കീലെ ജദീദ്: ക്യേൂം ഔര്‍ കൈസെ' എന്ന പുസ്തകത്തില്‍ വിഭജനാനന്തര ഇന്ത്യയിലെ ജമാഅത്തിന്റെ വികാസപരിണാമങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് അദ്ദേഹം. 
1990 ഡിസംബര്‍ 5-ന് അന്തരിച്ചു.


അമീറെ ജമാഅത്ത് (1972 - 1981)
മൗലാനാ മുഹമ്മദ് യൂസുഫ് 

1908 ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ ബാന്‍സ് ബറേലിയിലാണ് മൗലാനാ മുഹമ്മദ് യൂസുഫ് ജനിച്ചത്. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ നിപുണനായ മുഹമ്മദ് യൂസുഫ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇലാഹാബാദ് ജില്ലാ കോടതിയില്‍ റീഡറായി ജോലിയില്‍ പ്രവേശിച്ചു. ഇക്കാലത്താണ് ഇമാം മൗദൂദിയുടെയും ജമാഅത്തിന്റെയും പ്രവര്‍ത്തനങ്ങളുമായി മുഹമ്മദ് യൂസുഫ് പരിചയപ്പെടുന്നത്. മൗദൂദിയുമായുള്ള നിരന്തര ബന്ധങ്ങള്‍ക്കൊടുവില്‍ 1946-ല്‍ അദ്ദേഹം ജമാഅത്തില്‍ അംഗമായി. ഇലാഹാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീ
കരണയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം ആ വര്‍ഷം തന്നെ ഖയ്യിമെ ജമാഅത്തായി നിയോഗിക്കപ്പെട്ടു. 1972 വരെ അബുല്ലൈസ് ഇസ്‌ലാഹി അമീറായിരുന്ന കാലത്ത് മുഹമ്മദ് യൂസുഫ് സാഹിബായിരുന്നു ഖയ്യിം. 1972-ല്‍ അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ടു. 1981 വരെ പ്രസ്തുത ഉത്തരവാദിത്തത്തില്‍ തുടര്‍ന്നു. 
യൂസുഫ് സാഹിബ് അമീറായിരുന്ന കാലത്താണ് ജമാഅത്തിന്റെ ശ്രമഫലമായി ഇന്ത്യയിലെ 12 പ്രമുഖ പ്രാദേശികഭാഷകളില്‍ ഖുര്‍ആന്‍ പരിഭാഷ പ്രസിദ്ധീകരിക്കപ്പെടുന്നത്. മിക്ക പ്രാദേശിക ഭാഷകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ജമാഅത്ത് ആരംഭിക്കുന്നതും ഈ കാലത്താണ്. 
പത്രപ്രവര്‍ത്തന മേഖലയില്‍ കഴിവ് തെളിയിച്ച മുഹമ്മദ് യൂസുഫ് സാഹിബ് 1963-ല്‍ ദല്‍ഹിയില്‍ രൂപീകരിച്ച 'ബോര്‍ഡ് ഓഫ് ഇസ്‌ലാമിക് പബ്ലിക്കേഷന്‍സി'ന്റെ സ്ഥാപക പ്രസിഡിന്റാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായാണ് ബോര്‍ഡിനു കീഴില്‍ റേഡിയന്‍സ് വാരിക ആരംഭിച്ചത്. 
ജമാഅത്ത് നിരോധിക്കപ്പെട്ട അടിയന്തരാവസ്ഥ കാലത്ത് കേന്ദ്ര അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ആ ഘട്ടത്തെ അസാധാരണ ധീരതയോടെ അദ്ദേഹം അഭിമുഖീകരിച്ചു. സ്ഥൈര്യത്തോടെ പുതിയ തീരുമാനങ്ങളെടുക്കാനും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്താനും അമീറെന്ന നിലയില്‍ അദ്ദേഹം നേതൃത്വം നല്‍കി. 
വിദേശത്ത്, പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ ജമാഅത്ത് സുപരിചിതമാകുന്നത് യൂസുഫ് സാഹിബിന്റെ കാലത്താണ്.  അന്ന് ജീവിച്ചിരുന്ന ലോകപ്രശസ്ത പണ്ഡിതന്മാരുമായെല്ലാം അദ്ദേഹത്തിന് വ്യക്തിബന്ധമുണ്ടായിരുന്നു. ലോക മുസ്‌ലിം കൂട്ടായ്മയായ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയില്‍ അംഗമായിരുന്ന മുഹമ്മദ് യൂസുഫ് സാഹിബിന് പലപ്പോഴും ഇന്ത്യയിലെയും കേരളത്തിലെയും മുസ്‌ലിം സംഘടനകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹിക്കുന്നതിന് ഈ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചു. 1991 ജൂലൈ 4-ന് അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായി. 


അമീറെ ജമാഅത്ത് (1990 - 2003)
മൗലാനാ സിറാജുല്‍ ഹസന്‍ 

1932-ല്‍ കര്‍ണാടകയിലെ റെയ്ച്ചൂരില്‍ ജനനം. 19-ാം വയസ്സില്‍തന്നെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടു. 1957-ല്‍ ജമാഅത്ത് അംഗമായി. ഉടനെത്തന്നെ 1958-ല്‍ അദ്ദേഹത്തെ മൈസൂര്‍ ഹല്‍ഖാ അമീറായി നിയോഗിച്ചു. 1984 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 1972 മുതല്‍ കേന്ദ്ര കൂടിയാലോചനാ സമിതിയില്‍ അംഗമായി. 1984-ല്‍ ജമാഅത്തിന്റെ കേന്ദ്ര സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അതിനിടെ മൗലാനാ അബുല്ലൈസ് സാഹിബ് അമീറായിരുന്ന കാലത്ത് 6 മാസക്കാലം ആക്ടിംഗ് അമീറായി പ്രവര്‍ത്തിച്ചു. 1990-ല്‍ അഖിലേന്ത്യാ അമീറായി തെരഞ്ഞെടുക്കപ്പെട്ട സിറാജുല്‍ ഹസന്‍ സാഹിബ് 2003 വരെ പ്രസ്തുത സ്ഥാനത്ത് തുടര്‍ന്നു. 
അസാമാന്യ നേതൃപാടവവും പക്വതയുമുള്ള സംഘാടകനാണ് മൗലാനാ സിറാജുല്‍ ഹസന്‍. ചടുലതയോടെയും ധീരതയോടെയും ഇസ്‌ലാമിക പ്രസ്ഥാനത്തെ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1990-കളിലെ കലുഷമായ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങളും സംവാദങ്ങളും നടത്താന്‍ അദ്ദേഹം നേതൃത്വം നല്‍കി. ദഅ്‌വാ മേഖലയില്‍ വ്യക്തിപരമായും സംഘടനാ നേതാവെന്ന നിലയിലും വലിയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. 

അമീറെ ജമാഅത്ത് (2003 - 2007)
ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി

1931 സെപ്റ്റംബര്‍ 1-ന് ഉത്തര്‍ പ്രദേശിലെ തംകോഹിലാണ് അബ്ദുല്‍ ഹഖ് അന്‍സാരി ജനിച്ചത്. അലീമുദ്ദീന്‍ അന്‍സാരി പിതാവ്. മാതാവ് റദിയ്യ ഖാത്തൂന്‍. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1950-ല്‍ റാംപൂരിലെ സാനവീ ദര്‍സ്ഗാഹില്‍ ചേര്‍ന്നു. 1953-ല്‍ അറബി-ഇസ്‌ലാമിക വിഷയങ്ങളില്‍   ആലിം ബിരുദമെടുത്തു. 1955-ല്‍ അലീഗഢ് സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. അലീഗഢില്‍നിന്ന് 1962-ല്‍ ഡോക്ടറേറ്റ്. 1972-ല്‍  അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് തിയോളജിക്കല്‍ സ്റ്റഡീസില്‍ ഉന്നത ബിരുദം. പിന്നീട് സുഊദി അറേബ്യയിലെ ഇമാം മുഹമ്മദുബ്‌നു സുഊദ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായി ദീര്‍ഘകാലം ജോലിചെയ്തു. 
ഉര്‍ദു, ഹിന്ദി ഭാഷകള്‍ക്കു പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളിലും പ്രാവീണ്യം. ഇന്ത്യ, അമേരിക്ക, പാകിസ്താന്‍, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നിറങ്ങുന്ന അക്കാദമിക് ജേര്‍ണലുകളില്‍ നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. മഖ്‌സദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വവ്വുര്‍ (ഉര്‍ദു), മആലിമുത്തസ്വവ്വുഫില്‍ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നിതൈമിയ്യ (അറബി), Sufism and Shariah,  An Introduction to the Exegesis of the Quran, The Ethical Philosophy of Miskawaihi, The Moral Philosophy of al-Farabi, Ibn Taymiyah Expounds on Islam, Commentary on the Creed of Al-Tahawi, Learning the Language of the Quran എന്നിവയാണ് പ്രസിദ്ധ കൃതികള്‍. 
വിദ്യാഭ്യാസ കാലത്തുതന്നെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട അന്‍സാരി 1956-ല്‍ അലീഗഢില്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥി കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ചിന്താപരമായ സ്വാധീനം ചെലുത്താന്‍ തുടക്കം മുതല്‍തന്നെ ഡോ. അന്‍സാരിക്ക് സാധിച്ചു. നാട്ടില്‍ സ്ഥിരതാമസമാക്കിയതു മുതല്‍ ജമാഅത്തിന്റെ കേന്ദ്ര ശൂറാ അംഗമായിരുന്നു.  2003-ല്‍ അഖിലേന്ത്യാ അമീറായി ചുമതലയേറ്റു. 2007 വരെ പ്രസ്തുത പദവിയില്‍ തുടര്‍ന്നു. ജമാഅത്തിന് നേതൃത്വം നല്‍കിയ കാലത്ത് അബ്ദുല്‍ഹഖ് അന്‍സാരി ദീര്‍ഘദര്‍ശിത്വത്തോടെ പല പദ്ധതികളും നടപ്പാക്കി. വിഷന്‍ 2016 ആവിഷ്‌കരിക്കുന്നതും രാഷ്ട്രീയ ചുവടുവെപ്പുകള്‍ക്ക് പ്രാരംഭം കുറിക്കുന്നതും അദ്ദേഹത്തിന്റെ കാലത്താണ്. ചിന്താപരവും വൈജ്ഞാനികവുമായി ജമാഅത്തിന് പുതിയ ദിശ നിര്‍ണയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദല്‍ഹിയില്‍ സെന്റര്‍ ഫോര്‍ റിലീജ്യസ് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് അക്കാദമി സ്ഥാപിച്ചു. പിന്നീട് അത് അലീഗഢിലേക്ക് മാറ്റി. 2012 ഒക്‌ടോബര്‍ 3-ന് നിര്യാതനാകുന്നതുവരെ അതിന്റെ ഡയറക്ടറായിരുന്നു.

 

എ.പി.സി.ആര്‍

പൗരാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ദേശീയ സംവിധാനമാണ് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍). 2006-ല്‍ ദല്‍ഹി ആസ്ഥാനമായി നിലവില്‍വന്ന ദേശീയ എന്‍.ജി.ഒയായ എ.പി.സി.ആറിന്റെ സ്ഥാപക ചെയര്‍മാന്‍ മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ യൂസുഫ് ഹാതിം മുച്ചാലയും ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിദ്ദീഖ് ഹസനുമാണ്. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണുള്ളത്. ഇപ്പോള്‍ ടി.ആരിഫലി ജനറല്‍ സെക്രട്ടറി.
ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് (വെസ്റ്റ്), മധ്യപ്രദേശ്, ബിഹാര്‍, അസം (നോര്‍ത്ത്,) വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ എ.പി.സി.ആറിന് ചാപ്റ്ററുകളു്. ഉത്തര്‍പ്രദേശ്(വെസ്റ്റ്), ബംഗാള്‍, അസം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ ജില്ലാ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി നേടിക്കൊടുക്കുന്നതിന് നിയമപോരാട്ടം നടത്തുകയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യം. യു.എ.പി.എ പോലുള്ള കിരാതനിയമങ്ങള്‍ക്കെതിരെ ജനകീയ പോരാട്ടം സംഘടിപ്പിക്കല്‍, മനുഷ്യാവകാശ ബോധവത്കരണ പരിപാടികള്‍, ലീഗല്‍ ആക്ടിവിസ്റ്റുകളുടെ പരിശീലനം എന്നിവയും ലക്ഷ്യങ്ങളാണ്. ഇന്ത്യയില്‍ പൗരാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന 5000 വളന്റിയര്‍മാര്‍ എ.പി.സി.ആറിനുണ്ട്. 2017 ജനുവരി 7-ന് കേരള ചാപ്റ്റര്‍ നിലവില്‍വന്നു.


ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ)

സഹിഷ്ണുത, വ്യത്യസ്താഭിപ്രായങ്ങള്‍ മാനിക്കാനുള്ള സന്നദ്ധത തുടങ്ങിയ സാര്‍വലൗകിക മൂല്യങ്ങളെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഇടനെഞ്ചില്‍ ആണ്ടിറങ്ങിയ വാളാണ്  ഫാഷിസം. ഗാന്ധിജിയുടെ കൊലപാതകമാണ് ഫാഷിസം ഇന്ത്യക്ക് നല്‍കിയ ആദ്യപ്രഹരം. അത് രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച രണ്ടാമത്തെ കറുത്ത ദിനമായിരുന്നു 1992 ഡിസംബര്‍ 6. ആ ഘട്ടത്തില്‍,  ചകിതമായ ഇന്ത്യന്‍ മനസ്സാക്ഷിയെ വര്‍ഗീയ- വിഭാഗീയതകളിലേക്ക് പതിക്കാതെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച ഒട്ടേറെ മനുഷ്യസ്‌നേഹികളുണ്ട്. മതമൈത്രിയുടെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ജനാധിപത്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചുമാണ് അവരത് നിര്‍വഹിച്ചത്. 
ഇന്ത്യാചരിത്രത്തിലെ ഈ നിര്‍ണായകഘട്ടത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷന്‍ യശശ്ശരീരനായ മാലാനാ ശഫീഅ് മൂനിസ്  നിയമ-സാംസ്‌കാരിക - മാധ്യമ - നീതിന്യായ മേഖലകളിലെ പ്രമുഖരെ ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ 1993 ജൂലൈ 11-ന് ഒരുമിച്ചുചേര്‍ത്തു. ജസ്റ്റിസ് വി.എം താര്‍ക്കുണ്ഡെ, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, ജസ്റ്റിസ് ആര്‍.എസ് നറൂല, അഡ്വ. എന്‍.സി പാഞ്ചോലി, സോളി. ജെ സൊറാബ്ജി, അഡ്വ. ഗാര്‍ഗ്, സ്വാമി അഗ്നിവേശ്, കുല്‍ദീപ് നയാര്‍, മുച്കുന്ദ് ദുബെ, സയ്യിദ് യൂസുഫ് തുടങ്ങിയവര്‍  ആ യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തിലാണ് ജസ്റ്റിസ് താര്‍ക്കുണ്ഡെ  ചെയര്‍മാനായി എഫ്.ഡി.സി.എ ദേശീയ കമ്മിറ്റി നിലവില്‍വന്നത്.
വൈകാതെതന്നെ എറണാകുളത്ത് പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ ഒരു യോഗം ദേശീയ ചെയര്‍മാന്‍ ജ. വിഎം താര്‍ക്കുണ്ഡെ ഉദ്ഘാടനം ചെയ്തു. മൗലാനാ ശഫീഅ് മൂനിസ് അധ്യക്ഷത വഹിച്ചു.  ജസ്റ്റിസ്. വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായി എഫ്.ഡി.സി.എ കേരള ചാപ്റ്റര്‍ രൂപീകരിക്കപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഒ. അബ്ദുര്‍റഹ്മാന്‍ ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റു. 2014 ഡിസംബറില്‍ കൃഷ്ണയ്യരുടെ വിയോഗാനന്തരം ജസ്റ്റിസ് കെ.സുകുമാരനാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കേരളത്തിലെ മതേതര-മതസൗഹാര്‍ദ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി. ക്രിമിനല്‍ രാഷ്ട്രീയം രക്തം ചിന്തിയ കണ്ണൂര്‍, രാഷ്ട്രീയ-വര്‍ഗീയ ചേരിതിരിവിനാല്‍ നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ട നാദാപുരം-മാറാട്, ആദിവാസികള്‍ക്കു നേരെ ക്രൂരമായ കടന്നുകയറ്റം നടന്ന മുത്തങ്ങ എന്നിവിടങ്ങളിലെല്ലാം എഫ്.ഡി.സി.എയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മൗലികതത്ത്വങ്ങള്‍ വെല്ലുവിളിക്കപ്പെടുകയും ഫാഷിസം അതിന്റെ വിഷനാവുകള്‍ നീട്ടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ എഫ്.ഡി.സി.എയുടെ ഇടപെടലുകള്‍ ഏറെ പ്രസക്തമാണ്.
 

Comments

Other Post