ഇസ്‌ലാമിക പ്രസ്ഥാനം അനുഭവങ്ങളും വെല്ലുവിളികളും
ജമാഅത്തെ ഇസ്‌ലാമി രൂപംകൊണ്ടിട്ട് 75 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. നീണ്ട മുക്കാല്‍ നൂറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭാവിസാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് പര്യാലോചിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വിധിനിര്‍ണായക ഘട്ടമാണിത്. ഈ ഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കലവറയില്‍ നാടിന്റെ ഭാഗധേയം നിര്‍ണയിക്കാനുതകുന്ന വല്ലതുമുണ്ടോ എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും.
രാജ്യം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ട സന്ദര്‍ഭം. നാടിന്റെ ഭാഗധേയത്തെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി നവോത്ഥാന ദൗത്യവുമായി മുന്നോട്ടുവരുന്നത്. ബ്രിട്ടീഷുകാര്‍ രാജ്യത്തുനിന്ന് കെട്ടുകെട്ടേണ്ടതുണ്ട്, വിദേശഭരണം എത്രയും വേഗം അവസാനിച്ചേതീരൂ. എന്നാല്‍, സാമ്രാജ്യത്വശക്തികളില്‍നിന്ന് മോചനം നേടുകയും ആധിപത്യം സ്വന്തം നാട്ടുകാരുടെ കൈകളില്‍ വരികയും ചെയ്യുന്നതുകൊണ്ടുമാത്രം യഥാര്‍ഥ സ്വാതന്ത്ര്യം കൈവരികയില്ല. ഭരിക്കുന്ന കൈകള്‍ മാറുന്നുണ്ടോ എന്നതല്ല, ഭരണനിര്‍വഹണ വ്യവസ്ഥിതി മാറുന്നുണ്ടോ എന്നതാണ് പ്രധാനം. മനുഷ്യന്റെ മേലുള്ള മനുഷ്യാടിമത്തം അവസാനിപ്പിച്ച്, സ്രഷ്ടാവിന്റെ മാത്രം അടിമത്തത്തിന് കീഴ്‌പ്പെടുമ്പോള്‍ മാത്രമേ യഥാര്‍ഥ സ്വാതന്ത്ര്യം കൈവരികയുള്ളൂ. പുതിയ സാഹചര്യത്തില്‍ നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ കേവല ഭൗതികമായ പാശ്ചാത്യ സെക്യുലരിസത്തിനോ ദൈവനിഷേധപരമായ സോഷ്യലിസത്തിനോ കാര്യമായ ഒന്നും സംഭാവന ചെയ്യാനില്ല. രാജ്യം നേരിടുന്ന മൗലിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ദൈവിക വ്യവസ്ഥയായ ഇസ്‌ലാമിനാണ് നല്‍കാനാവുക. ഇതാണ് സയ്യിദ് മൗദൂദി ശക്തിയുക്തം മുന്നോട്ടുവെച്ച ആശയം.
ഇസ്‌ലാമിനെ കേവലം മന്ത്രോച്ചാരണങ്ങളിലും മാമൂല്‍ ചടങ്ങുകളിലും ഒതുക്കിയ യാഥാസ്ഥിതികവൃന്ദം ഒരു വശത്തും, മതവുമായി ബന്ധപ്പെട്ട എല്ലാം പഴഞ്ചനും പിന്തിരിപ്പനുമാണെന്ന് ഗണിച്ചുപോന്ന അഭ്യസ്ഥവിദ്യരും ബുദ്ധിജീവികളും മറുവശത്തുമായി മൗലാനാ മൗദൂദിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനുമെതിരെ ശക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. മതേതര മേഖലകളില്‍നിന്നുള്ള എതിര്‍പ്പുകളോടൊപ്പം, രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പുകളും വര്‍ധിച്ചുവന്നു. എതിര്‍പ്പുകളുടെ എരിതീയില്‍ പിറന്നുവീണ പ്രസ്ഥാനം പക്ഷേ, ചിന്തകനും പണ്ഡിതനുമായ മൗലാനയുടെ കരുത്തുറ്റ നേതൃത്വത്തിനു കീഴില്‍ പാറപോലെ ഉറച്ചുനിന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീവ്രജ്വരത്തോടൊപ്പം വര്‍ഗീയ കലാപങ്ങളുടെ അഗ്നിജ്വാലകളും വിഭജനത്തിന്റെ വ്രണങ്ങളും പ്രസ്ഥാനത്തെ വല്ലാതെ ഞെരുക്കുകയുണ്ടായി. എന്നാലും എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് അവിഭക്ത ഇന്ത്യയില്‍ എന്ന പോലെ സ്വതന്ത്ര ഇന്ത്യയിലും ജമാഅത്ത് മുന്നോട്ടുനീങ്ങി.
സമര്‍ഥനും പരിണിതപ്രജ്ഞനുമായ പണ്ഡിതശ്രേഷ്ഠന്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ കാറ്റിലും കോളിലും ഉലയാതെ മുന്നോട്ടുനയിച്ചത്. ദൈവിക ദീനിന്റെ സംസ്ഥാപനം ലക്ഷ്യമാക്കി രംഗത്തുവന്ന ജമാഅത്തിന് വ്യത്യസ്തങ്ങളായ നിരവധി ദൗത്യങ്ങള്‍ ഒരേസമയം ഏറ്റെടുക്കേണ്ടിവന്നു. ജമാഅത്തിനെ സംബന്ധിച്ചേടത്തോളം അതിന്റെ മഹത്തായ ലക്ഷ്യം കേവല രാഷ്ട്രീയമായിരുന്നില്ല. വ്യക്തിയുടെ സംസ്‌കരണം, സമൂഹത്തിന്റെ സംവിധാനം, രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണം എന്നിങ്ങനെ സുദീര്‍ഘ ഘട്ടങ്ങളിലൂടെ മാത്രമേ യഥാര്‍ഥ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കൂ എന്ന് ജമാഅത്ത് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ബഹുഭൂരിപക്ഷം സഹോദര സമുദായാംഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഇസ്‌ലാം എന്ന സമ്പൂര്‍ണ ജീവിതവ്യവസ്ഥ പരിചയപ്പെടുത്താനുള്ള മാര്‍ഗം പരിശുദ്ധ ദീനിന്റെ പ്രബോധനമാണെന്നും, നീണ്ട നൂറ്റാണ്ടുകളായി മുസ്‌ലിം ഭരണം നിലനിന്നുപോന്ന ഇന്ത്യയിലെ ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കണമെങ്കില്‍ സമുദായത്തിന്റെ നിലവിലുള്ള ജീര്‍ണതകള്‍ കൈയൊഴിയേണ്ടതുണ്ടെന്നും, ഇസ്‌ലാമിന്റെ യഥാര്‍ഥ മാതൃകയില്‍ മുസ്‌ലിം സമൂഹത്തിന്റെ ജീവിതം പുനഃസംവിധാനിക്കണമെന്നും, അത് ചൂണ്ടിക്കാണിച്ചുവേണം ഇസ്‌ലാമിനെ സമര്‍പ്പിക്കേണ്ടതെന്നും ജമാഅത്ത് വിശ്വസിച്ചു. നിലവിലുള്ള മുസ്‌ലിം സമുദായത്തിന്റെ ജീവിതം ഇസ്‌ലാമിനെ പൂര്‍ണാര്‍ഥത്തില്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രതിനിധാനം ചെയ്യുന്ന ശുദ്ധവും സുന്ദരവുമായ ഇസ്‌ലാമിന്റെ പ്രബോധനദൗത്യം ജമാഅത്ത് അതിന്റെ മുഖ്യ ധര്‍മമായി കണ്ടു. അതേസമയം ഇസ്‌ലാമിനെ സ്വന്തം ജീവിതാദര്‍ശമായി തത്ത്വത്തില്‍ അംഗീകരിച്ച മുസ്‌ലിം സമൂഹത്തെ തങ്ങള്‍ അംഗീകരിക്കുന്ന ഇസ്‌ലാമികാദര്‍ശത്തിന് അനുസൃതമായി ജീവിതം കെട്ടിപ്പടുക്കാനും ദൈവിക ജീവിതവ്യവസ്ഥയുടെ കര്‍മമാതൃക ഉയര്‍ത്തിപ്പിടിച്ച് അതിന്റെ ദൗത്യവാഹകരായി രംഗത്തുവരാനും അവരെ ആഹ്വാനം ചെയ്യുക എന്നതും ജമാഅത്ത് അതിന്റെ ബാധ്യതയായി കണ്ടു.
തികച്ചും അപ്രതീക്ഷിതമായി മൂന്നാമതൊരു നിയോഗം കൂടി ജമാഅത്തിന്റെ ചുമലില്‍ വന്നുവീണു. ഇന്ത്യന്‍ മുസ്‌ലിംകളുടെ സ്വത്വസംരക്ഷണമായിരുന്നു അത്. തുടരെത്തുടരെ ഉണ്ടായ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച ഭീതിയും അരക്ഷിതാവസ്ഥയും കാലങ്ങളായി നിലനില്‍ക്കുന്ന പിന്നാക്കാവസ്ഥയും ഭരണകൂടത്തിന്റെയും സ്ഥാപിത താല്‍പര്യക്കാരുടെയും ഭാഗത്തുനിന്നുണ്ടായ അവഗണനയും പീഡനങ്ങളും മുസ്‌ലിം സമൂഹത്തെ തീര്‍ത്തും നിസ്സഹായമായ ഒരു പതനത്തിലെത്തിച്ചിരുന്നു. മര്‍ദിതരും നീതി നിഷേധിക്കപ്പെട്ടവരുമായ ഒരു ജനവിഭാഗമെന്ന നിലക്ക് സമുദായത്തിന് സംരക്ഷണത്തണല്‍ ഒരുക്കിക്കൊടുക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നു. അതോടെ ഇസ്‌ലാമിക പ്രബോധനം, സമുദായ സംസ്‌കരണം, സമുദായത്തിന്റെ സ്വത്വസംരക്ഷണം എന്നിങ്ങനെയുള്ള മൂന്നു ബാധ്യതകളും ഒരേസമയം ജമാഅത്തിന് ഏറ്റെടുക്കേണ്ടിവന്നു. വളരെ ഭാരിച്ചതും ഏറെ വിഷമകരവും അന്യോന്യഭിന്നമെന്ന് തോന്നിക്കുന്നതുമായ ഈ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ജമാഅത്ത് എത്രത്തോളം വിജയിച്ചു എന്നത് വിലയിരുത്തപ്പെടേണ്ടതുണ്ട്. 75 വര്‍ഷക്കാലത്തെ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തം വിലയിരുത്താന്‍ ഈ ലേഖനം മതിയാവുകയില്ല. ചില സുപ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ.
വിഭജനകാലത്തുണ്ടായ വര്‍ഗീയ കലാപങ്ങളും അതിനെത്തുടര്‍ന്നുള്ള നിസ്സഹായതയും അരക്ഷിതത്വവും മുസ്‌ലിം സമുദായത്തെ കപ്പിത്താനില്ലാത്ത നൗകയാക്കി മാറ്റിയിരുന്നു. മിക്കവാറും എല്ലാ മുസ്‌ലിം സംഘടനകളും തലപൊക്കാന്‍ വയ്യാത്തവിധം തകര്‍ന്നു. ഈ ഘട്ടത്തില്‍, ഒട്ടും സമയം പാഴാക്കാതെ സടകുടഞ്ഞെഴുന്നേറ്റ ജമാഅത്ത് അതിന്റെ സര്‍വ ശക്തിയും ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തിന്റെ നഷ്ടപ്പെട്ട ആത്മവീര്യം വീണ്ടെടുക്കാന്‍ യത്‌നിച്ചു. ഉത്തരേന്ത്യയിലുടനീളം വിദ്യാലയങ്ങള്‍ സ്ഥാപിച്ചും പാഠപുസ്തകങ്ങളും ആനുകാലികങ്ങളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചും ഇതര മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയും സമുദായോദ്ധാരണത്തിന് പരിശ്രമിച്ചു. വിഭക്ത ഇന്ത്യയിലെ അന്നത്തെ മുസ്‌ലിം അവസ്ഥ മുന്നില്‍ വെച്ച് പരിശോധിക്കുമ്പോഴേ ജമാഅത്തിന്റെ സേവനങ്ങളുടെ മഹത്വം മനസ്സിലാക്കാനാവൂ. യാഥാസ്ഥിതിക പുരോഹിതന്മാരുടെയും ഭൗതിക പ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് നേരിടേണ്ടിവന്ന കടുത്ത എതിര്‍പ്പുകളും വെല്ലുവിളികളും അതിജീവിച്ച് ഉത്തരേന്ത്യന്‍ സമൂഹത്തില്‍ ജമാഅത്ത് നേടിയെടുത്ത സ്വാധീനവും തിളക്കമാര്‍ന്ന പ്രതിഛായയും മതിയാവും ഇക്കാര്യം ബോധ്യമാവാന്‍.
രണ്ട് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച മാനസികാടിമത്തം അഭ്യസ്തവിദ്യരായ മുസ്‌ലിം തലമുറയെ ഇസ്‌ലാമികമൂല്യങ്ങളോട് പുഛവും പാശ്ചാത്യ സംസ്‌കാരത്തോട് ആദരവും പുലര്‍ത്തുന്നവരാക്കി മാറ്റിയിരുന്നു. ഈ പുത്തന്‍ തലമുറയെ ഇസ്‌ലാമില്‍ അഭിമാനം കൊള്ളുന്നവരായി മാറ്റിയെടുക്കുന്നതില്‍ മൗലാനാ മൗദൂദിയുടെ കരുത്തുറ്റ തൂലികയും ജമാഅത്ത് സാഹിത്യവും വഹിച്ച പങ്ക് അനിഷേധ്യമാണ്. മതത്തോട് അപകര്‍ഷത പുലര്‍ത്തിപ്പോന്ന മുസ്‌ലിം യുവതലമുറയെ സയ്യിദ് മൗദൂദി ഇസ്‌ലാമില്‍ അഭിമാനം കൊള്ളുന്നവരും ഇസ്‌ലാമിക മാര്‍ഗത്തില്‍ ജീവിതസമര്‍പ്പണത്തിന് തയാറുള്ളവരുമാക്കി എന്ന വസ്തുത മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇസ്‌ലാമിനെ പാരമ്പര്യമതമായി കണ്ട മുസ്‌ലിം സമൂഹം ചില ആചാരോപചാരങ്ങളില്‍ അതിനെ തളച്ചിട്ടിരുന്നു. തലമുറകളായി തുടര്‍ന്നുപോന്ന ഈ അബദ്ധ ധാരണ തിരുത്തി ഇസ്‌ലാമിനെ സമഗ്രവും സമ്പൂര്‍ണവുമായ ഒരു ജീവിത വ്യവസ്ഥയായി ജമാഅത്ത് ശക്തിയുക്തം സമര്‍ഥിച്ചു. ഇന്ന് ഏതാണ്ട് എല്ലാ വിഭാഗം മുസ്‌ലിംകളും ഇസ്‌ലാമിനെ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായി അംഗീകരിക്കുന്നവരാണ്. ഈ അംഗീകാരം ഒരര്‍ഥത്തില്‍ ജമാഅത്തിനുള്ള അംഗീകാരമാണ്. ജമാഅത്തെ ഇസ്‌ലാമി രംഗത്തു വരുന്നതിനു മുമ്പ് മുസ്‌ലിം സമൂഹത്തിന് ഈ കാഴ്ചപ്പാട് തീര്‍ത്തും അന്യമായിരുന്നു.
കമ്യൂണിസം, കാപിറ്റലിസം പോലുള്ള ആധുനിക ദര്‍ശനങ്ങള്‍ മനുഷ്യരാശിയുടെ ക്ഷേമത്തിനും നന്മക്കും ഉതകുന്നതല്ലെന്നും, അവയുടെ തിന്മകളില്‍നിന്ന് മുക്തവും നന്മകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു ജീവിത വ്യവസ്ഥയാണ് ഇസ്‌ലാമെന്നും ജമാഅത്ത് സമര്‍ഥിച്ചു. വസ്തുതകളുടെയും ചരിത്രാനുഭവങ്ങളുടെയും വെളിച്ചത്തില്‍ പാശ്ചാത്യ ഭൗതിക പ്രസ്ഥാനങ്ങള്‍ക്കു നേരെ ജമാഅത്ത് നടത്തിയ കടന്നാക്രമണം കുറിക്കുകൊണ്ടു. ജമാഅത്തിനെതിരെയുള്ള മതമൗലികവാദം, വര്‍ഗീയത തുടങ്ങിയ ആരോപണങ്ങളാല്‍ അന്തരീക്ഷം മുഖരിതമായി. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചുകൊണ്ട് ജമാഅത്തിന്റെ സമര്‍ഥനങ്ങള്‍ ഒരു പ്രവചനം പോലെ പുലരുകയാണുണ്ടായത്.
അന്ധമായ ദേശീയവാദം ഒരു ഭാഗത്തും പാകിസ്താന്‍ വാദം മറുഭാഗത്തുമായി രാജ്യം നിലയുറപ്പിച്ച ഘട്ടത്തില്‍ ദേശീയതയുടെയും സാമുദായികതയുടെയും തീവ്ര നിലപാടുകള്‍ കൈയൊഴിച്ച് ആദര്‍ശനിഷ്ഠമായ നിലപാട് പുലര്‍ത്താന്‍ ജമാഅത്ത് മുസ്‌ലിം സമൂഹത്തെ ആഹ്വാനം ചെയ്തു. അന്ധമായ സാമുദായികവാദവും ദേശീയവാദവും നാട്ടിന് ആപത്താണെന്നും, സത്യവും നീതിയും സമത്വവും പുലരുന്ന ഒരു സാമൂഹിക ക്രമമാണ് ലക്ഷ്യം വെക്കേണ്ടതെന്നും ജമാഅത്ത് വാദിച്ചു. മുസ്‌ലിം സാമുദായികവാദികളില്‍നിന്ന് ഏറെ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയ ഒന്നായിരുന്നു ഇത്. ഇന്ത്യയിലെ മുസ്‌ലിം സമൂഹം സാമുദായികതയുടെ മാളത്തില്‍ ഒതുങ്ങിക്കഴിയുന്നതിനു പകരം രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും മോചനത്തിനു വേണ്ടി നിലകൊള്ളേണ്ടവരാണ്. മുസ്‌ലിംകള്‍ ഒരു ആദര്‍ശസമൂഹമാണെന്നും ഇസ്‌ലാമിന്റെ പ്രബോധന ദൗത്യവുമായി അവര്‍ രംഗത്തുവരേണ്ടതുണ്ടെന്നും മുഴുവന്‍ രാജ്യനിവാസികളും അവരുടെ സംബോധിതരാണെന്നും ജമാഅത്ത് ഉദ്‌ഘോഷിച്ചു.
ജീവിക്കുന്ന മാതൃക
ഇസ്‌ലാമെന്ന ദൈവിക ജീവിത വ്യവസ്ഥയിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ മുന്നോട്ടു വന്നപ്പോള്‍ ജമാഅത്തിന്റെ മുമ്പിലുണ്ടായ ഏറ്റവും വലിയ കടമ്പ, തങ്ങള്‍ പ്രബോധനം ചെയ്യുന്ന ആശയത്തിന്റെ ജീവിക്കുന്ന മാതൃക മുന്നിലില്ല എന്നതായിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ടല്ലാതെ ഒരിഞ്ചു പോലും മുന്നോട്ടുപോവുക സാധ്യമല്ലായിരുന്നു. അതിനാല്‍ ഒരു മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നത് ജമാഅത്ത് ലക്ഷ്യമായി സ്വീകരിച്ചു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍, ഏവര്‍ക്കും മാതൃകയാവുന്ന രൂപത്തില്‍ പ്രസ്ഥാനം കെട്ടിപ്പടുത്താലേ അത് സാധ്യമാവൂ. ദൈവാനുഗ്രഹത്താല്‍, രാജ്യത്തുടനീളം വേരുകളുള്ള ചെറുതെങ്കിലും ഭദ്രവും വ്യവസ്ഥാപിതവുമായ ഒരു പ്രസ്ഥാനമാണിന്ന് ജമാഅത്ത്. എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തന ശൃംഖലകളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുമുള്ള, കഴിഞ്ഞ 75 വര്‍ഷമായി കളങ്കമേല്‍ക്കാത്ത വ്യക്തിത്വവും തിളക്കമാര്‍ന്ന ഇമേജും കാത്തുസൂക്ഷിക്കുന്ന ഈ പ്രസ്ഥാനത്തെ ഭാവി ചരിത്രകാരന് കണ്ടില്ലെന്നു നടിക്കാനാവില്ല. തികഞ്ഞ ജനാധിപത്യരീതികള്‍ പിന്തുടരുന്ന സുശിക്ഷിതമായ ധാര്‍മിക പ്രസ്ഥാനം എന്ന നിലക്ക് ജമാഅത്ത് രാജ്യത്ത് നേടിയ സല്‍പേര്, രാജ്യത്തെ മറ്റേത് പ്രസ്ഥാനങ്ങളില്‍നിന്നും അതിനെ വേര്‍തിരിച്ചുനിര്‍ത്തുന്നു. തുടക്കം മുതലേ അതിന്റെ നേരെ വര്‍ഗീയവാദത്തിന്റെയും മതമൗലികവാദത്തിന്റെയും ചളിയെറിയാന്‍ തല്‍പരകക്ഷികള്‍ ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും അവയെല്ലാം വിഫലമെന്ന് തെളിയിച്ചുകൊണ്ട് ജമാഅത്ത് അതിന്റെ പ്രയാണം തുടരുന്നു. രാജ്യത്തുടനീളമുള്ള ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളും ജമാഅത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സര്‍വതോമുഖ പ്രവര്‍ത്തനങ്ങള്‍ ഒരുപക്ഷേ നമ്മുടെ പ്രിന്റ്- ഇലക്‌ട്രോണിക് മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റിക്കൊള്ളണമെന്നില്ല. എന്നിരുന്നാലും, ധര്‍മത്തിന്റെ പുനഃസ്ഥാപനത്തിനു വേണ്ടി അത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സേവനം രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന പ്രസിദ്ധീകരണാലയങ്ങളും വിദ്യാ സ്ഥാപനങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും പലിശരഹിത നിധികളും മറ്റും നിശ്ശബ്ദം വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന 'വിഷന്‍ 2016' പദ്ധതിയും കഴിഞ്ഞ പത്തു വര്‍ഷമായി രംഗത്തുണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ വിദ്യാഭ്യാസം, ആതുരശുശ്രൂഷ, മൈക്രോഫിനാന്‍സ്, സിവില്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ തുടങ്ങിയവ മുന്നില്‍വെച്ചുകൊണ്ട് 'വിഷന്‍' ഭംഗിയായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. അടുത്ത പത്തുവര്‍ഷക്കാലത്തേക്ക് ഈ പദ്ധതിയുടെ രണ്ടാം ഘട്ടം-വിഷന്‍ 2026 തയാറായിക്കഴിഞ്ഞു. ഇവക്കെല്ലാം പുറമെയാണ് വര്‍ഗീയ കലാപങ്ങളും ക്ഷാമവും പ്രകൃതിദുരിതങ്ങളും നേരിടേണ്ടിവരുമ്പോള്‍ സ്‌നേഹ-കാരുണ്യ സന്ദേശമുയര്‍ത്തിപ്പിടിച്ച് ജമാഅത്ത് പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളും മതസൗഹാര്‍ദ ശ്രമങ്ങളും. ഈ രണ്ടു കാര്യങ്ങളും മറ്റു സാമൂഹിക-സാംസ്‌കാരിക സംഘടനകളില്‍നിന്ന് ജമാഅത്തിനെ വേര്‍തിരിച്ചുനിര്‍ത്തുന്ന സവിശേഷതയത്രെ. സ്വാതന്ത്ര്യലബ്ധിയുടെ നാളുകള്‍ മുതല്‍ രാജ്യനിവാസികളുടെ ഉറക്കം കെടുത്തിയ മഹാശാപമാണ് നിരന്തരം തുടര്‍ന്നുവന്ന വര്‍ഗീയ കലാപങ്ങള്‍. ഇത് സൃഷ്ടിച്ച ദുഃഖവും ദുരിതവും വിവരണാതീതമാണ്. ഭവനരഹിതരായ പതിനായിരങ്ങളെ പുനരധിവസിപ്പിക്കുന്നതിലും ജമാഅത്ത് എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.
വര്‍ഗീയതയുടെ കൊടും വിപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സാമുദായിക സൗഹാര്‍ദ പരിപാടികള്‍ക്കും ജമാഅത്ത് നേതൃത്വം നല്‍കിക്കൊണ്ടിരുന്നു. എഫ്.ഡി.സി.എ (Forum for Democracy and Communal Amity), ഈ അടുത്തകാലത്തായി വിവിധ മത-രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ നേതാക്കളെ ചേര്‍ത്ത് രൂപം നല്‍കിയ സദ്ഭാവനാ മഞ്ച് പോലുള്ള കൂട്ടായ്മകള്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധേയമായവയാണ്. രാജ്യം കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തില്‍ ഏറെ വിലമതിക്കേണ്ടതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.
വിജ്ഞാന പ്രചാരണം
ഒരു സമ്പൂര്‍ണ ദര്‍ശനമായി ഇസ്‌ലാമിനെ അവതരിപ്പിച്ച ജമാഅത്ത്, ആദര്‍ശപ്രചാരണത്തിനായി പുറത്തിറക്കിയ ആയിരക്കണക്കിന് വരുന്ന ഗ്രന്ഥങ്ങളുടെ സഞ്ചയം സമകാലിക മുസ്‌ലിം സമൂഹത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. രാജ്യത്തെ എല്ലാ പ്രധാന പ്രാദേശിക ഭാഷകളിലും അത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉര്‍ദുവിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമുള്ള ആനുകാലികങ്ങള്‍ ഇതിനു പുറമെയാണ്. പ്രിന്റ് -ഇലക്‌ട്രോണിക് മീഡിയ രംഗങ്ങളില്‍ കേരളത്തില്‍ തുടക്കം കൂറിച്ച പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഗൗരവതരമായ ആലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നു. വര്‍ത്തമാനകാലത്തെ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് ഭാവിയിലേക്ക് മുന്നേറുന്ന ഒരു ധാര്‍മിക വിപ്ലവ പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം കരുത്തുറ്റ വൈജ്ഞാനിക അടിത്തറ എന്തുകൊണ്ടും അനിവാര്യമാണ്. രാജ്യത്തെ മുസ്‌ലിം അഭ്യസ്തവിദ്യരുടെയും ബുദ്ധിജീവികളുടെയും വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ജമാഅത്ത് സാഹിത്യങ്ങളും ആനുകാലികങ്ങളും ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനം അനിഷേധ്യമാണ്.
മുസ്‌ലിം ഐക്യം
മുസ്‌ലിം ഐക്യത്തിനു വേണ്ടി ജമാഅത്ത് അര്‍പ്പിച്ച സേവനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. സമുദായത്തിന്റെ ഉന്നമനത്തിന് പ്രഥമവും പ്രധാനവുമായി വേണ്ടത് മുസ്‌ലിം ഐക്യമാണെന്ന് ജമാഅത്ത് ഉറച്ചുവിശ്വസിക്കുന്നു. മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമിക പ്രബോധനത്തിന് സജ്ജമാക്കുന്നതിന്റെ ഭാഗമായി സമുദായാംഗങ്ങള്‍ക്കിടയില്‍ സുരക്ഷിതത്വബോധം ഉറപ്പുവരുത്തേണ്ടതുണ്ട്. ആത്മവിശ്വാസത്തോടെ സ്വന്തം ഭാഗധേയം കെട്ടിപ്പടുക്കാന്‍ പ്രാപ്തരാക്കിയാലേ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു പ്രബോധക സംഘമാക്കി അവരെ മാറ്റാന്‍ കഴിയൂ. ഈ ലക്ഷ്യം നേടുന്നതിന് സര്‍വപ്രധാനമാണ് മുസ്‌ലിം ഐക്യം എന്നു മനസ്സിലാക്കിയ ജമാഅത്ത് 1960-കളില്‍ മുസ്‌ലിം മജ്‌ലിസെ മുശാവറ രൂപീകരിക്കുന്നതിലും പിന്നീട് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെ അഖിലേന്ത്യാതലത്തിലുള്ള എല്ലാ സംയുക്ത സംരംഭങ്ങളിലും നിര്‍ണായക പങ്കാണ് വഹിച്ചുപോന്നത്. സ്വന്തം നിലക്കും ഈ ഐക്യവേദികളുടെ ആഭിമുഖ്യത്തിലും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി- ജാമിഅ മില്ലിയ്യ ന്യൂനപക്ഷ പദവി, ഉര്‍ദു ഭാഷാ സംരക്ഷണം, ബാബരി മസ്ജിദ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ ജമാഅത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്.
വെല്ലുവിളികള്‍,
സാധ്യതകള്‍
ജമാഅത്തിന്റെ വിഭവങ്ങള്‍ വെച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ സാമാന്യ വിലയിരുത്തലാണ് മുകളില്‍. കഴിഞ്ഞ 75 വര്‍ഷത്തെ അനുഭവം മുന്നില്‍ വെച്ച് ജമാഅത്തിന്റെ ഭാവി സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ചിലത് സൂചിപ്പിക്കാം. ജമാഅത്തിന്റെ ശക്തി തന്നെയാണ് അതിന്റെ ദൗര്‍ബല്യവും. ജീവിതത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ പ്രസ്ഥാനമെന്നതാണ് ജമാഅത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇത്രയും ഭാരിച്ച ഉത്തരവാദിത്തം നേരാംവണ്ണം നിര്‍വഹിക്കാനാവശ്യമായ 'മെഷിനറി'യുടെ അഭാവം ജമാഅത്തിനെ നന്നായി വിഷമിപ്പിക്കുന്നുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസാചാരങ്ങള്‍ക്ക്് അന്യമായ ഒരു ആദര്‍ശവും മൂല്യസംഹിതയും തനിമയോടെ പരിചയപ്പെടുത്തുന്നതിന് പാരമ്പര്യ മുസ്‌ലിം സമൂഹത്തിന്റെ നിലപാടും ചരിത്രത്തില്‍ ഇന്നോളമുണ്ടായ സാമുദായിക സ്പര്‍ധകളും തടസ്സമായി നില്‍ക്കുന്നു. സാമുദായിക പ്രശ്‌നങ്ങളില്‍ ശ്രദ്ധപതിപ്പിച്ചതോടെ ജമാഅത്തിന്റെ ആദര്‍ശ വ്യക്തിത്വത്തിന് മങ്ങലേറ്റു. ഹിന്ദു-മുസ്‌ലിം ബന്ധങ്ങളില്‍ പുരണ്ട കറുത്ത പാടുകള്‍ ജമാഅത്തും ഒരു സാമുദായിക പ്രസ്ഥാനമായി ചിത്രീകരിക്കപ്പെടാന്‍ ഇടയാക്കി. എന്നല്ല മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും മാല അതിന്റെ കഴുത്തില്‍ ചിലര്‍ ചാര്‍ത്തുകയും ചെയ്തു. ഇത് പ്രസ്ഥാനത്തിന്റെ പ്രബോധക വ്യക്തിത്വത്തെ ബാധിച്ചു. ആദ്യമേ മുസ്‌ലിംകളെയും മുസ്‌ലിം പ്രസ്ഥാനങ്ങളെയും സംശയദൃഷ്ടിയോടെ വീക്ഷിച്ചുപോന്ന ഹൈന്ദവ സഹോദരങ്ങളെ, ഹിന്ദുത്വ തീവ്രവാദികളുടെയും അള്‍ട്രാ സെക്യുലരിസ്റ്റുകളുടെയും അവരുടെ മീഡിയയുടെയും എതിര്‍ പ്രചാരവേലകള്‍ ജമാഅത്തില്‍നിന്ന് അകറ്റി. ഈ ആപത്ത് മുന്‍കൂട്ടി കണ്ട്, ഹൈന്ദവ ജനസാമാന്യവുമായി വ്യാപകമായി സമ്പര്‍ക്കങ്ങളുണ്ടാക്കുന്നതില്‍ ജമാഅത്ത് പൂര്‍ണമായി വിജയിച്ചു എന്നു പറയാനാവില്ല. സമൂഹത്തിന്റെ സമ്പൂര്‍ണ ഇസ്‌ലാമിക പരിവര്‍ത്തനം ലക്ഷ്യമായി കണ്ടുവെങ്കിലും ആ ലക്ഷ്യത്തിന്റെ മാര്‍ഗത്തിലെ പ്രഥമ ബിന്ദുവായ ഇസ്‌ലാമിക പ്രബോധനത്തിന് ആദ്യഘട്ടത്തില്‍ ജമാഅത്തിന് ശ്രദ്ധയൂന്നാന്‍ ആയില്ല. സാഹചര്യത്തിന്റെ സമ്മര്‍ദത്തില്‍ ഏറെ ശ്രദ്ധയും ശ്രമവും മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ചെലവഴിക്കേണ്ടിവന്നു. പുതിയ സാഹചര്യത്തില്‍ സഹോദര സമുദായാംഗങ്ങളുമായുള്ള സമ്പര്‍ക്കത്തിനും പ്രബോധന സംരംഭങ്ങള്‍ക്കും മുഖ്യ സ്ഥാനം കല്‍പിച്ചു എന്നത് നേരാണ്. എന്നാലും ആദ്യം രൂപപ്പെട്ട ഇമേജ് മാറ്റിയെടുക്കാന്‍ പാടുപെടേണ്ടിവരും.
ജമാഅത്തിനെ തെറ്റിദ്ധരിപ്പിക്കാനിടയാക്കിയ ഒരു മുഖ്യഘടകം, ആദര്‍ശപ്രസ്ഥാനമെന്ന നിലയില്‍ പാശ്ചാത്യ സെക്യുലരിസത്തിനും അന്ധമായ ദേശീയതക്കും മനുഷ്യന്റെ പരമാധികാര വ്യവസ്ഥ എന്ന അര്‍ഥത്തില്‍ ജനാധിപത്യത്തിനുമെതിരെ നടത്തിയ നിരൂപണ-വിമര്‍ശനങ്ങളായിരുന്നു. സ്വതന്ത്ര ചിന്തക്കും ജനാഭിപ്രായത്തിനും മനുഷ്യ പുരോഗതിക്കും നിരക്കാത്ത, ദേശക്കൂറ് പുലര്‍ത്താത്ത പഴഞ്ചന്‍ മതമൗലികവാദത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപിക്കപ്പെട്ടു. ഈ തെറ്റിദ്ധാരണ തിരുത്തപ്പെടുന്നതിനുമുമ്പുതന്നെ ഇന്ത്യന്‍ സെക്യുലരിസത്തെയും ജനാധിപത്യത്തെയും അതിന്റെ നല്ല അര്‍ഥത്തില്‍ ജമാഅത്ത് സ്വീകരിച്ചത് മറ്റൊരു തെറ്റിദ്ധാരണക്കും ആക്ഷേപത്തിനും കാരണമായി. ഈ സാഹചര്യം രാജ്യത്തെ വലിയൊരു വിഭാഗം അഭ്യസ്തവിദ്യരും ബുദ്ധിജീവികളുമായ ആളുകളെ ജമാഅത്തില്‍നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ട്. അതേസമയം, സ്വന്തം നിലക്ക് ഒരു ബഹുജന പ്രസ്ഥാനമായി ഉയരാന്‍ ജമാഅത്തിന് കഴിഞ്ഞതുമില്ല. ശക്തവും ഭദ്രവും വ്യവസ്ഥാപിതവുമായ കേഡര്‍ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നത് നേര്. എന്നാല്‍ അതിന് വേണ്ടത്ര ജനകീയമുഖം നല്‍കാനോ ജനസാമാന്യത്തിലേക്ക് ഇറങ്ങിച്ചെല്ലാനോ കഴിഞ്ഞില്ല.
പിന്നീട് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും ജനകീയസ്വഭാവം കൈവരിക്കുന്നതിനും ജമാഅത്തിന് കൂടുതല്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളായതോടെ ബഹുജനാടിത്തറ രൂപപ്പെടുത്തിയെടുക്കല്‍ അനിവാര്യമായിട്ടു്. സര്‍ക്കാര്‍തലത്തില്‍ സംശയത്തോടെ വീക്ഷിക്കപ്പെട്ടുപോന്ന ഒരു പ്രസ്ഥാനമെന്ന നിലക്ക് ഉദ്യോഗസ്ഥവൃന്ദം പൊതുവില്‍ ജമാഅത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍, അധികാര കേന്ദ്രങ്ങളില്‍നിന്നുള്ള ആക്ഷേപശകാരങ്ങള്‍ ഒട്ടൊന്നു ശമിച്ച പുതിയ സാഹചര്യത്തില്‍, സമൂഹത്തിലെ ഉന്നത വിഭാഗത്തില്‍പെട്ടവര്‍ കൂടുതല്‍ അടുപ്പവും ആഭിമുഖ്യവും പ്രകടിപ്പിച്ചുവരുന്നുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയുടെ കൊളോണിയല്‍ സാഹചര്യത്തില്‍ പിറന്നുവീണ പ്രസ്ഥാനം അതിന്റെ ആരംഭഘട്ടത്തില്‍ പുലര്‍ത്തിയ തീക്ഷ്ണവും നിശിതവുമായ സമീപനശൈലി, പില്‍ക്കാലത്ത് സ്വീകരിക്കാനിടയായ നയപരമായ സമീപനങ്ങളില്‍ തെറ്റിദ്ധാരണകളുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഉദ്യോഗ പങ്കാളിത്തം, തെരഞ്ഞെടുപ്പു രാഷ്ട്രീയം, രാഷ്ട്രീയ വ്യവഹാരങ്ങളിലെ പങ്കാളിത്തം തുടങ്ങിയവ ആദര്‍ശത്തിന്റെ ഭാഗമാണെന്ന് ധരിച്ചവര്‍ ജമാഅത്തിനെ 'ആദര്‍ശഭ്രംശ'ത്തിന്റെ പേരില്‍ ആക്ഷേപിക്കാന്‍ തുടങ്ങി. എന്നാല്‍ ഇപ്പോള്‍ അത്തരം തെറ്റിദ്ധാരണകള്‍ മിക്കവാറും നീങ്ങിക്കഴിഞ്ഞു.
ആദര്‍ശ പ്രസ്ഥാനമെന്ന നിലയില്‍ ജമാഅത്ത് നേരിട്ട മുഖ്യ വെല്ലുവിളികളിലൊന്ന് കമ്യൂണിസത്തിന്റെ ഭാഗത്തുനിന്നായിരുന്നു. എന്നാല്‍, മുസ്‌ലിം യുവാക്കളെ കമ്യൂണിസം പോലുള്ള പ്രത്യയശാസ്ത്രങ്ങളില്‍നിന്ന് തടഞ്ഞുനിര്‍ത്തുന്നതില്‍ ജമാഅത്ത് വലിയ പങ്കുവഹിച്ചു. ആഗോളതലത്തില്‍ കമ്യൂണിസ്റ്റ് വ്യവസ്ഥിതിയുടെ തകര്‍ച്ച ഈ രംഗത്ത് കാര്യമായ വ്യതിയാനം സൃഷ്ടിച്ചു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഭീഷണി മിക്കവാറും അസ്തമിച്ചുകഴിഞ്ഞു. അഭ്യസ്തവിദ്യരായ മുസ്‌ലിം യുവാക്കളെ ഏറെയൊന്നും ആകര്‍ഷിക്കാന്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇനി കഴിയില്ല.
രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന വര്‍ഗീയത ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയെന്നല്ല, രാജ്യത്തിന്റെ തന്നെ ഭാവിക്കു മുമ്പില്‍ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. മതപരവും ജാതീയവുമായ വികാരങ്ങളിളക്കിവിട്ട് കൊല്ലും കൊലയും കലാപവും സൃഷ്ടിക്കാനാണ് വര്‍ഗീയ ശക്തികളുടെ നീക്കം. ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വന്നതോടെ, ഈ ഭീഷണി ഇപ്പോള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. ആഗോള ശക്തികളുടെ പിന്‍ബലത്തോടെ സര്‍വസജ്ജരായി മുന്നേറുന്ന വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കുന്നതില്‍ രാജ്യത്തെ മതേതര ശക്തികള്‍ പരാജയപ്പെട്ടിരിക്കുന്നു. വര്‍ഗീയതക്കെതിരെ വര്‍ഗീയമായി ചിന്തിക്കുന്നതും പ്രകോപനങ്ങളില്‍ വീഴുന്നതും പ്രശ്‌നം കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. സ്ഥാപിത താല്‍പര്യക്കാരായ അധികാര രാഷ്ട്രീയക്കാര്‍ക്ക് ഒരുവേള ഇത്തരമൊരു അന്തരീക്ഷം പ്രയോജനം ചെയ്‌തേക്കും. എന്നാല്‍ ആദര്‍ശത്തോടൊപ്പം ലക്ഷ്യവും മാര്‍ഗവും വിശുദ്ധമായിരിക്കണമെന്ന് വിശ്വസിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിനാവശ്യം സമാധാനാന്തരീക്ഷമാണ്. സമാധാനത്തിന്റെയും ശാന്തിയുടെയും ചുറ്റുപാടിലേ ജനഹൃദയങ്ങള്‍ക്ക് സ്വസ്ഥമായി കാര്യങ്ങള്‍ വിലയിരുത്താനും ചിന്തിക്കാനും കഴിയൂ. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കാനും മതേതര ശക്തികളുമായി യോജിച്ചുനീങ്ങുകയാണ് വേണ്ടത്. രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും മതേതരവും അവര്‍ഗീയവുമായ കാഴ്ചപ്പാട് പുലര്‍ത്തുന്നവരെ യോജിപ്പിക്കാനും അത്തരക്കാര്‍ക്ക് പിന്തുണ നല്‍കാനും സന്നദ്ധമാവേണ്ടത് കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ്.
മുതലാളിത്ത വ്യവസ്ഥിതിയുടെ കരാള ഹസ്തങ്ങള്‍ നാടിന്റെ സിരാകേന്ദ്രങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുന്നതും പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം വലിയ ഭീഷണിതന്നെയാണ്. ഭൗതികപ്രമത്തതയും ഉപഭോഗാസക്തിയും ലൈംഗിക അരാജകത്വവും സാന്മാര്‍ഗിക-നൈതിക ദര്‍ശനത്തിന്റെ വേരോട്ടത്തിന് വിഘാതമായിരിക്കും. മാരകമായ മുതലാളിത്ത ഭീഷണിക്കെതിരെ സമൂഹത്തെ ജാഗരൂകമാക്കാനും അതിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് ജനതയെ മോചിപ്പിക്കാനും ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഈ രംഗത്ത് നാളിതുവരെയുള്ള സമീപനം മാറ്റിവെച്ച് ഇടതുപക്ഷ വിഭാഗങ്ങളുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് സാധ്യമാകുന്ന കര്‍മ പരിപാടികളാവിഷ്‌കരിക്കാന്‍ കഴിയേണ്ടതുണ്ട്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുമ്പിലുള്ള മറ്റൊരു വെല്ലുവിളി സമുദായത്തിന്റെ ആഭ്യന്തര രംഗത്തുനിന്നാണ്. സാമുദായിക സംഘടനകള്‍ക്കിടയിലെ അന്തഃഛിദ്രമാണത്. സമുദായത്തിന്റെ അസ്തിത്വംപോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദിഗ്ധ ഘട്ടങ്ങളിലും ഐക്യവും സാഹോദര്യവും പുലര്‍ത്താനുള്ള സന്മനസ്സോ ഹൃദയവിശാലതയോ സമുദായ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇത് ഇസ്‌ലാമിനെ സംബന്ധിച്ച് മതിപ്പ് നഷ്ടപ്പെടുന്നതിനിടയാക്കും എന്നതോടൊപ്പം പ്രസ്ഥാനത്തിന്റെ ശ്രദ്ധയും ഊര്‍ജവും ഇതര വിഭാഗങ്ങളില്‍നിന്നുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നീക്കിവെക്കേണ്ടിവരും എന്നതും ഇതിന്റെ ദൂഷ്യഫലമാണ്.
എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജമാഅത്തിനെ സംബന്ധിച്ചേടത്തോളം അന്തരീക്ഷം കൂടുതല്‍ തെളിഞ്ഞുവരികയാണ്. സമുദായ സംഘടനകളില്‍നിന്നുള്ള അന്ധമായ എതിര്‍പ്പുകള്‍ ഇപ്പോള്‍ കുറഞ്ഞുവന്നിട്ടുണ്ട്. ഒരു വിഭാഗത്തിന്റെയും മതഭ്രഷ്‌ടോ കുഫ്‌റ്ഫത്‌വയോ ഇന്നാരും വകവെക്കാറില്ല. യഥാര്‍ഥ ഇസ്‌ലാമിക പ്രസ്ഥാനമായി പൊതുവില്‍ ജമാഅത്തിനെ സമൂഹം അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗത്തുനിന്നുള്ള എതിര്‍പ്പുകളും ഒട്ടൊന്ന് ശമിച്ച മട്ടാണ്. തെറ്റിദ്ധാരണകളുടെ പുകമറ നീങ്ങിക്കൊണ്ടിരിക്കുന്നതും ആരോപണങ്ങളുടെ മുന ഒടിഞ്ഞുവരുന്നതും പ്രസ്ഥാനത്തിന്റെ സമീപകാല നയങ്ങളില്‍ ഇസ്‌ലാമിക പ്രബോധനത്തിന് കാര്യമായ ഊന്നല്‍ നല്‍കിയതും രാജ്യനിവാസികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്താനും പുതിയ മേഖലകളിലേക്ക് പ്രസ്ഥാനത്തെ നയിക്കാനും സഹായകമായേക്കും. ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ പരാജയം പ്രസ്ഥാനത്തിന് അനുകൂലമായ ഘടകങ്ങളാണ്. കഴിഞ്ഞ 75 വര്‍ഷക്കാലത്തെ ഉജ്ജ്വലമായ പാരമ്പര്യവും തിളക്കമാര്‍ന്ന പരിവേഷവും ജമാഅത്തിന് നല്ല ഭാവിസാധ്യതകള്‍ തുറന്നുവെക്കുന്നുണ്ട്. ഇന്ത്യയൊട്ടുക്കും വേരുകളുള്ളതും അച്ചടക്കമുള്ള പ്രവര്‍ത്തക വൃന്ദവും മാനുഷികവും ധാര്‍മികവുമായ വ്യക്തിത്വവും ജമാഅത്തിനനുകൂലമായ ഘടകങ്ങളാണ്. എല്ലാ തിരിച്ചടികള്‍ക്കും വെല്ലുവിളികള്‍ക്കുമപ്പുറം, ആഗോളതലത്തില്‍ ഇസ്‌ലാമിന്റെ ഉയിര്‍ത്തെഴുന്നേല്‍പും ഇസ്‌ലാമിസ്റ്റുകളുടെ മുന്നേറ്റവും ജമാഅത്തിന്റെ ശബ്ദം ശ്രവിക്കാനും യുവജനങ്ങള്‍ക്ക് അതിന്റെ പിന്നില്‍ ആവേശപൂര്‍വം അണിനിരക്കാനും പ്രചോദനമേകുന്നുണ്ട്. കാലത്തിനൊത്തുണര്‍ന്ന് കര്‍മബദ്ധരായി പ്രവര്‍ത്തനരംഗത്തിറങ്ങുന്ന പക്ഷം ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ശുഭകരമായ നാളുകളാണ് വരാനിരിക്കുന്നത്.
എന്നാല്‍, രാജ്യത്ത് പിടിമുറുക്കുന്ന ഫാഷിസ്റ്റ് ഭീഷണിയുടെ നേര്‍ക്ക് കണ്ണടക്കുന്നത് വസ്തുതകളെ അവഗണിക്കലാകും. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ മുന്നേറ്റം ഇസ്‌ലാമിക പ്രസ്ഥാനം ഗൗരവപൂര്‍വം തന്നെ കണക്കിലെടുക്കേണ്ടതുണ്ട്. അത്യന്തം പ്രകോപനപരവും ആക്രമണോത്സുകവുമായ ഫാഷിസ്റ്റ് പ്രചാരവേലകളോടും നീക്കങ്ങളോടുമുള്ള പ്രതികരണമെന്ന നിലക്ക് മുസ്‌ലിം യുവത തീവ്രവാദത്തിലേക്ക് വഴുതിവീഴുന്നതും ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒട്ടും ശുഭകരമല്ല. ചിന്താശേഷിയുള്ള യുവജനങ്ങളിലാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ളത്. മുസ്‌ലിം യുവത തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നപക്ഷം അതേറെ ദോഷം ചെയ്യുക ഇസ്‌ലാമിക പ്രസ്ഥാനത്തിനായിരിക്കുമെന്ന് തീര്‍ച്ച. രാജ്യത്തെ സാമുദായിക ബന്ധങ്ങളില്‍ വരുന്ന മാറ്റം പ്രബോധന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. പുതിയ സാഹചര്യത്തില്‍ മുസ്‌ലിം യുവാക്കള്‍ക്ക് ഫലപ്രദമായ മാര്‍ഗദര്‍ശനം നല്‍കാനും അവരെ ബോധവത്കരിക്കാനും ശ്രദ്ധിക്കുന്ന പക്ഷം ക്രിയാത്മകമായ വഴികളിലേക്ക് അവരെ തിരിച്ചുവിടാന്‍ കഴിയും. യുവജനങ്ങളെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കി മുന്നോട്ടുനീങ്ങാന്‍ സാധിക്കുന്നപക്ഷം മുന്നില്‍ കാണുന്ന വൈതരണികള്‍ മറികടക്കാനും ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കാനും സാധിക്കുമെന്നുറപ്പാണ്. ആധുനിക ഇന്ത്യയുടെ തന്നെ മനസ്സാക്ഷിയുടെ തേട്ടമാണത്.
Comments