ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പ്രയാണപഥങ്ങൾ
'പ്രസ്ഥാനം' എന്ന മലയാള വാക്കിനര്‍ഥം യാത്ര എന്നാണ്. സൈന്യം മാര്‍ച്ചിന് ഒരുങ്ങുമ്പോള്‍ മുഴക്കുന്ന വാദ്യത്തിന് 'പ്രസ്ഥാന വാദ്യം' എന്നു പറയും. ചലനത്തെ പ്രതിനിധാനം ചെയ്യുന്ന പ്രക്രിയയാണ് യാത്ര. അപ്പോള്‍ മറ്റൊരു ഭാഷയില്‍ 'ചലനം' തന്നെയാണ് പ്രസ്ഥാനം. അറബി ഭാഷയില്‍ 'ഹറക' എന്നു പറയും. ചലിക്കുന്നത് എന്ന പ്രയോഗത്തേക്കാള്‍ ധ്വനിസാന്ദ്രമാണ് ചലനം എന്ന പ്രയോഗം. ഒരു സംഘടനയുടെ, അല്ലെങ്കില്‍ കൂട്ടായ്മയുടെ ജൈവസ്വഭാവം ചലനമായി മാറുമ്പോള്‍ മാത്രമേ അത് പ്രസ്ഥാനം എന്ന വിശേഷണത്തിനര്‍ഹമാകൂ. അങ്ങനെ സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടന, മാറുന്ന സാഹചര്യങ്ങളും ആവശ്യങ്ങളുമനുസരിച്ച് അതിന്റെ നയങ്ങളിലും അഴിച്ചുപണികള്‍ നടത്തിക്കൊണ്ടിരിക്കും. ഒരു ഘട്ടത്തില്‍ സ്വീകരിച്ച നയത്തില്‍തന്നെ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, അതിന് ആദര്‍ശദാര്‍ഢ്യത്തിന്റെ പരിവേഷം ചാര്‍ത്തിയാലും സ്തംഭനമായിരിക്കും ഫലം. അപ്പോള്‍ കാലം മുന്നോട്ടു പോവുകയും പ്രസ്ഥാനം സ്ഥാപനമായി മുരടിക്കുകയും ക്രമേണ ജീര്‍ണിച്ച് അപ്രത്യക്ഷമാവുകയും ചെയ്യും. ഒരു കാലത്ത് സജീവമായ പല പ്രസ്ഥാനങ്ങളും പില്‍ക്കാലത്ത് നിര്‍ജീവമായി നാമാവശേഷമായത് നാം ചരിത്രത്തില്‍ വായിക്കുന്നത് അങ്ങനെയാണ്. നയവികാസങ്ങളിലൂടെയാണ് പ്രസ്ഥാനങ്ങള്‍ കാലത്തെ അതിജീവിക്കുന്നത്. അത് നിലനില്‍പിന്റെ ഭാഗമാണ്. നയങ്ങളില്‍ തെറ്റു സംഭവിക്കാം. അപ്പോള്‍ അത് തിരുത്താനുള്ള ധീരത പ്രകടിപ്പിക്കുമ്പോഴാണ് പ്രസ്ഥാനം കൂടുതല്‍ ചലനാത്മകമാവുക. ചലനാത്മകമായ പ്രസ്ഥാനങ്ങള്‍ക്കേ ആ ധീരതയുണ്ടാകൂ.
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ബാധകമാണ് ഈ തത്ത്വം. ലോകത്തിന്റെ പല ഭാഗങ്ങളിലും, പല പ്രതിസന്ധികളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ചുകൊണ്ട് മുക്കാല്‍ നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും ഈ പ്രസ്ഥാനങ്ങളില്‍ പലതും ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് നയസമീപനങ്ങളിലെ വികസ്വരസ്വഭാവം മൂലമാണ്. അതിനിടക്ക് സ്വീകരിക്കുന്ന സ്ട്രാറ്റജികളിലെ പാളിച്ചകള്‍ക്ക് വിലകൊടുക്കേണ്ടതായും വരാറുണ്ട്.
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ എന്ന് പറയുമ്പോള്‍ അറബ്‌ലോകത്തെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജമാഅത്തെ ഇസ്‌ലാമിയുമാണ് മുഖ്യമായും ഉദ്ദേശിക്കപ്പെടുക. ചരിത്ര പശ്ചാത്തലവും പേരും പങ്കിട്ടെടുക്കുന്നുണ്ടെങ്കിലും ഘടനാപരമായും നയപരമായും സ്വതന്ത്ര സ്വഭാവം പുലര്‍ത്തുന്നവയാണ് ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും ജമാഅത്തെ ഇസ്‌ലാമി. അവിഭക്ത ഇന്ത്യയില്‍നിന്ന് ഭിന്നമായി വിഭജനത്തിനുശേഷം ഇന്ത്യയിലും പാകിസ്താനിലും, പാകിസ്താനില്‍നിന്ന് കിഴക്കന്‍ പാകിസ്താന്‍ വേറിട്ട ശേഷം ബംഗ്ലാദേശിലും ജമാഅത്തെ ഇസ്‌ലാമി അതത് ദേശീയ സാഹചര്യങ്ങള്‍ക്കനുസൃതമായ നയസമീപനങ്ങളാണ് സ്വീകരിച്ചുപോരുന്നത്.
വിഭജനത്തിനു ശേഷം മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് രൂപംകൊള്ളുമ്പോള്‍ കലുഷമായ അന്നത്തെ അന്തരീക്ഷത്തില്‍ പ്രസ്ഥാനത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് ഇന്ത്യയില്‍ അവശേഷിച്ച ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് ഒരു ചിന്താവിഷയമായിരുന്നു. മാതൃസംഘടനയുമായി പൂര്‍ണമായും വിഛിന്നമായ ഒരു സംഘടനാ രൂപം, വിദൂര ഭൂതകാലത്തിലെ ഖിലാഫത്തിനെ സംബന്ധിച്ച കാല്‍പനിക സങ്കല്‍പത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് അചിന്ത്യമായത് സ്വാഭാവികമായിരുന്നു. അക്കാലത്ത് പാകിസ്താനിലെ നേതൃത്വവുമായി മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നടത്തിയ കത്തിടപാടില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടു നേതൃത്വം പ്രവാചക കാലഘട്ടത്തിലെ സംഘടനാ സങ്കല്‍പത്തിന് വിരുദ്ധമാകില്ലേ എന്നായിരുന്നു ആശങ്ക. പാകിസ്താനിലെ മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിക്ക് ഇന്ത്യന്‍ ഘടകത്തിന്റെ ചുമതല നല്‍കാന്‍ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കയച്ച കത്തുകളിലൊന്നില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ അസാധാരണമായ യാഥാര്‍ഥ്യബോധവും ഭാവി രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ദൂരക്കാഴ്ചയുമുള്ള സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഈ ആവശ്യം അപ്പാടെ തള്ളിക്കളയുകയാണ് ചെയ്തത്. ഇന്ത്യന്‍ നേതൃത്വം ഇവിടത്തെ സാഹചര്യമനുസരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിഭജനം യാഥാര്‍ഥ്യമാവാന്‍ പോകുന്ന ഘട്ടത്തില്‍ മൗദൂദി തയാറാക്കിയ 'ഇന്ത്യന്‍ യൂനിയനും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവിയും' എന്ന ലഘുലേഖയില്‍ ഇന്ത്യയില്‍ ഇനിയങ്ങോട്ട് നടക്കേണ്ട പ്രവര്‍ത്തനത്തിന്റെ ഒരു രൂപരേഖ അദ്ദേഹം വരച്ചിട്ടുണ്ട്. വിഭജനം ഇന്ത്യന്‍ ഭൂരിപക്ഷ മനസ്സില്‍ സൃഷ്ടിക്കുന്ന കടുത്ത മുറിപ്പാടുകളെ കുറിച്ച് ബോധവാനായ മൗദൂദി അത് ഇസ്‌ലാമിനോടുതന്നെയുള്ള വിദ്വേഷമായി പരിണമിക്കുന്നതിനെ കുറിച്ച് ആശങ്കാകുലനായിരുന്നു. ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുന്നവിധം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാനാണ് മൗദൂദി ഈ കൃതിയില്‍ ആവശ്യപ്പെടുന്നത്. ഉര്‍ദു ഭാഷയുടെ പ്രഭാവം ഏറെക്കാലം നിലനില്‍ക്കുകയില്ലെന്നും അതിനാല്‍ ഹിന്ദിക്കു പുറമെ പ്രാദേശിക ഭാഷകളില്‍ ഇസ്‌ലാമിക സാഹിത്യങ്ങള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നുമായിരുന്നു മൗദൂദിയുടെ മറ്റൊരു നിര്‍ദേശം. ഇന്ത്യന്‍ ദേശീയത്വം ബ്രിട്ടീഷ് വിരോധത്തിന്റെയും ഹിന്ദുത്വത്തിന്റെയും രണ്ട് കാലുകളിലാണ് നില്‍ക്കുന്നതെന്നും സ്വാതന്ത്ര്യ പ്രാപ്തിയോടെ അത് ഹിന്ദുത്വത്തിന്റെ ഒറ്റക്കാലിലേക്ക് മാറുമെന്നും ആന്തരവൈരുധ്യത്താല്‍ അത് തകരുന്നതുവരെ കുറച്ചുകാലം മുസ്‌ലിംകള്‍ക്ക് വലിയ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. ഈ ആശങ്കകളൊക്കെ എത്രമാത്രം യാഥാര്‍ഥ്യമായി പുലര്‍ന്നുവെന്നതിന്റെ ചിത്രമാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കരിക്കുലത്തില്‍ ഹിന്ദി ആധിപത്യം സ്ഥാപിച്ചതോടെ കിഷന്‍ ചന്ദും പ്രേം ചന്ദും കഥകളെഴുതിയ, അനന്തനാരായണന്‍ മുല്ലയും ജിഗര്‍ മുറാദാബാദിയും കവിതകളെഴുതിയ ഉര്‍ദു പുതിയ മുസ്‌ലിം തലമുറക്ക് അപരിചിതമായിത്തുടങ്ങി. വായനക്കാര്‍ കുറവായതിനാല്‍ കഥാകൃത്തായ സാജിദ് റാശിദ് ഉര്‍ദുവില്‍നിന്ന് ഹിന്ദിയിലേക്ക് എഴുത്ത് മാറ്റുകയുണ്ടായി. മൗദൂദി ആശങ്കിച്ചപോലെ മാതൃഭാഷയായ ഉര്‍ദു ഇന്ന് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അന്യമായിക്കൊിരിക്കുകയാണ്.
വിഭജനം നിമിത്തം പാകിസ്താന്‍ ഇന്ത്യയുടെ ദൃഷ്ടിയില്‍ 'ശത്രുരാജ്യ'മായി മാറുമെന്ന് മൗദൂദി മുന്‍കൂട്ടി കണ്ടു. അതുകൊണ്ടാണ് ഇന്ത്യന്‍ ജമാഅത്തിന്റെ പ്രഥമ അമീറായിരുന്ന മൗലാനാ അബുല്ലൈസ് സാഹിബിന് അക്കാലത്ത് മൗദൂദി ഇങ്ങനെ എഴുതിയത്: ''വിഭജനത്തോടെ രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ യൂനിയനിലെയും പാകിസ്താനിലെയും ജമാഅത്തിന്റെ ഘടന വേറിട്ടുനില്‍ക്കേണ്ടത് തീര്‍ത്തും അനിവാര്യമായിരിക്കുകയാണ്........ ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ സംബന്ധിച്ച് എന്റെ മദ്രാസ് പ്രഭാഷണത്തില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.'' പ്രവര്‍ത്തകര്‍ ഒരിടത്ത് സമ്മേളിച്ച് ഒരു നേതാവിനെ തെരഞ്ഞെടുക്കാനും ഈ കത്തില്‍ മൗദൂദി നിര്‍ദേശിക്കുന്നുണ്ട്. അങ്ങനെയാണ് 1948 ഏപ്രില്‍ 16,17,18 തീയതികളില്‍ ഇലാഹാബാദില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വിയെ അമീറായി തെരഞ്ഞെടുത്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് രൂപം കൊള്ളുന്നത്. അതോടെ അവിഭക്ത ജമാഅത്തിന്റെ മൊത്തം 'ബൈത്തുല്‍മാലി'(ഫണ്ട്)ല്‍നിന്ന് 43,684 ക. 13 അണ ഇന്ത്യന്‍ ജമാഅത്തിന്റെ വിഹിതമായി നിര്‍ണയിച്ച് ഇന്ത്യയിലെ സംഘടന പൂര്‍ണമായി പാകിസ്താനില്‍നിന്ന് വേര്‍പ്പെട്ടു. ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അവിടത്തെ ജമാഅത്തിന് ആനുപാതികമായ വിഹിതം ഇന്ത്യയില്‍നിന്ന് നല്‍കാന്‍ അവിഭക്ത ജമാഅത്തിന്റെ സെക്രട്ടറി (ഖയ്യിം) തുഫൈല്‍ മുഹമ്മദ് സാഹിബ് എഴുതിയ കത്തില്‍ നിര്‍ദേശിച്ചതായി കാണാം.
ഇമാമുദ്ദീന്‍ റാംനഗരിയുടെ വേറിട്ട വീക്ഷണം
വിശദമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ സമാഹരണത്തിനും ശേഷമായിരുന്നു ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നിലവില്‍വന്നതും പ്രവര്‍ത്തനരൂപം ആവിഷ്‌കരിച്ചതും. 'ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണം എന്തിന്, എങ്ങനെ' (തശ്കീലെ ജമാഅത്തെ ഇസ്‌ലാമി ക്യൂം ഔര്‍ കൈസെ) എന്ന കൃതിയില്‍ മൗലാനാ അബുല്ലൈസ് സാഹിബ് അത് വിസ്തരിക്കുന്നുണ്ട്. മൗദൂദിയുടെ നേതൃത്വത്തില്‍ തുടര്‍ന്നാല്‍ മതിയെന്നും പുതിയൊരു കേന്ദ്രം സ്ഥാപിക്കുകയാണെങ്കില്‍ തന്നെ പുതിയ അമീറിനെ തെരഞ്ഞെടുക്കേണ്ട ആവശ്യം ഇല്ലെന്നും അഭിപ്രായപ്പെട്ടവരുണ്ടായിരുന്നു. ഒരേസമയം രണ്ട് അമീറുമാര്‍ക്ക് ബൈഅത്ത് ചെയ്യുന്നത് എങ്ങനെ സാധുവാകും എന്നായിരുന്നു ചിലരുടെ പ്രശ്‌നം. വേറിടുകയാണെങ്കില്‍തന്നെ സ്വതന്ത്ര അമീര്‍ ആവശ്യമില്ലെന്നും ഡെപ്യൂട്ടി അമീര്‍ എന്ന് പ്രയോഗിച്ചാല്‍ മതിയെന്നും ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. മൗദൂദിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജമാഅത്ത് സെക്രട്ടറി തുഫൈല്‍ മുഹമ്മദ് സാഹിബിന്റെ കത്ത് വായിച്ചതോടെയാണ് സ്വതന്ത്ര സംഘടന എന്ന ആശയത്തിന് വ്യക്തതയും തീര്‍ച്ചയും കൈവന്നത്.
ബനാറസിലെ അമീറും ജമാഅത്തിന്റെ ഹിന്ദി സാഹിത്യ രചനാ വിഭാഗമായ 'സാഹിത്യ സദന്‍' മാനേജറുമായിരുന്ന ഹാഫിള് ഇമാമുദ്ദീന്‍ റാംനഗരിയുടെ സങ്കല്‍പത്തിലുള്ള സംഘടന ഇതില്‍നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു. മൗലാനാ അബുല്ലൈസിന് എഴുതിയ കത്തില്‍ അദ്ദേഹം അത് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ''മാറിയ പരിതഃസ്ഥിതിയില്‍, ജമാഅത്തില്‍ അടിമുടി അഴിച്ചുപണി നടക്കേണ്ടതുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ ഓരോ കാര്യവും പുതിയ ചുറ്റുപാടുകള്‍ക്കനുസരിച്ചു വേണം ചിന്തിക്കാനും തീരുമാനമെടുക്കാനും. ആ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടാത്തപക്ഷം തീരുമാനങ്ങള്‍ പരിതഃസ്ഥിതികളുമായി പൊരുത്തപ്പെടുകയില്ല. സത്യമാണോ എന്ന് മാത്രം നോക്കിയായിരിക്കരുത് നടപടികള്‍. സത്യവുമായി പൊരുത്തപ്പെടുന്നതോടൊപ്പം സന്ദര്‍ഭവും പരിതഃസ്ഥിതികളുമായി പൊരുത്തപ്പെടുന്നതാണോ എന്നുകൂടി നോക്കേണ്ടതുണ്ട്. യുക്തിയും വിവേകവും ജ്ഞാനവും ചിന്തയും ഇക്കാര്യത്തിലാണ് പരീക്ഷിക്കപ്പെടുക. ഒരു കാര്യം തീരുമാനിക്കുമ്പോള്‍ നമുക്കതിന് അവകാശമില്ല എന്നത് തടസ്സമാവാന്‍ പാടില്ല. ആദ്യമേ നമുക്ക് സത്യം കരഗതമായിട്ടുണ്ട്. ഏറ്റവും മെച്ചപ്പെട്ട മാര്‍ഗം സ്വീകരിക്കാന്‍ നമുക്കാകും. ഏതെങ്കിലും ഘട്ടത്തില്‍ നിര്‍ബന്ധിതമാവുകയാണെങ്കില്‍ അപ്പോഴും അതിനനുസരിച്ച തീരുമാനമെടുക്കാനുള്ള അധികാരം നമുക്കുണ്ടാവണം. ഇപ്പോള്‍ ആലോചിക്കേണ്ട വിഷയങ്ങള്‍ താഴെ പറയുന്നു:
1. ജമാഅത്തിന്റെ പേരു മാറ്റുന്നതാവും കൂടുതല്‍ നന്നാവുക. അത് ജംഇയ്യ ഇസ്‌ലാമിയ്യ എന്നാക്കാം.
2. ഭരണഘടന അനിവാര്യമായും മാറ്റണം. ലക്ഷ്യം കലിമ ത്വയ്യിബ(സത്യസാക്ഷ്യവചനം)യും പരിപാടി അല്ലാഹുവിന്റെ വേദഗ്രന്ഥവും നബിയുടെ ചര്യയുമായിരിക്കണം.
3. ഏകദൈവത്വം, പ്രവാചകത്വം, പരലോകം എന്നീ വിശ്വാസങ്ങളുടെ സാധുതയും ജീവിത കര്‍മങ്ങളുടെയും സ്വഭാവചര്യകളുടെയും സംസ്‌കരണവും ഖുര്‍ആന്റെയും പ്രവാചകന്റെയും ശാസനാ-നിരോധങ്ങള്‍ക്കനുസൃതമായിരിക്കുന്നതായിരിക്കണം പ്രവര്‍ത്തന മണ്ഡലം.
4. അംഗത്വ നിബന്ധനകള്‍ ഇപ്പോഴത്തെ പരിതഃസ്ഥിതിയില്‍ ലഘൂകരിക്കപ്പെടണം.
5. പാര്‍ട്ടി സാഹിത്യങ്ങള്‍ തെരഞ്ഞെടുക്കുകയും അവ മാത്രം ഉപയോഗിക്കുകയും വേണം. ആദ്യത്തെ റൂദാദും (സംഘടനാ റിപ്പോര്‍ട്ട്) പ്രസംഗങ്ങളും വേറിട്ടു നിര്‍ത്തണം. അതായത് നിലവിലെ സ്ഥിതിഗതികളുമായി പൊരുത്തപ്പെടുന്ന പുസ്തകങ്ങള്‍ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്.
6. ശരിയും സത്യവുമെന്ന് മനസ്സിലാകുന്നതിന്റെ അടിസ്ഥാനത്തില്‍ വേറിട്ട നിലപാട് സ്വീകരിക്കുന്നതിനെ കുറ്റകരമായി മനസ്സിലാക്കുന്നതായിരിക്കരുത് സംഘടനയോടുള്ള പ്രതിബദ്ധതയുടെ മാനദണ്ഡം.''
ഇലാഹാബാദ് സമ്മേളനത്തില്‍ ഇമാമുദ്ദീനും പങ്കെടുത്തിരുന്നു. ഒന്നിലധികം കത്തിടപാടുകള്‍ ഈ വിഷയത്തില്‍ അദ്ദേഹവും മൗലാനാ അബുല്ലൈസുമായി അതിനുമുമ്പ് നടന്നിട്ടുമുണ്ടായിരുന്നു. പക്ഷേ, ഇമാമുദ്ദീന്‍ റാംനഗരിയുടെ അഭിപ്രായത്തിന് ഇലാഹാബാദ് സമ്മേളനത്തില്‍ ആരുടെയും പിന്തുണ ലഭിക്കുകയുണ്ടായില്ല. എങ്കിലും അദ്ദേഹം സംഘടനയില്‍നിന്ന് വിട്ടുപോയില്ല. ബനാറസിലെ പാര്‍ട്ടി നേതൃത്വം ഒഴിവാകുകയും അനുഭാവിയായി സംഘടനയില്‍ തുടരാന്‍ അനുമതി തേടുകയുമായിരുന്നു. പാര്‍ട്ടിയുടെ ഹിന്ദി സാഹിത്യങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ആ ചുമതല അഫ്‌സല്‍ ഹുസൈന്‍ സാഹിബിന് ഒഴിഞ്ഞുകൊടുക്കുകയും അതേവരെ ഹിന്ദിയിലേക്ക് തര്‍ജമ ചെയ്ത പുസ്തകങ്ങളുടെ കൈയെഴുത്തു പ്രതികള്‍ അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു (വിഭജനത്തിന്റെ കലുഷമായ അന്തരീക്ഷം തെളിഞ്ഞതോടെ ഇമാമുദ്ദീന്‍ സാഹിബ് വൈകാതെ സംഘടനയുടെ സജീവാംഗമായി മാറുകയുണ്ടായി). ഈ നിലപാടുകളുടെ സമകാലിക വായനയുടെ പ്രസക്തിയിലേക്ക് ഇവിടെ കടക്കുന്നില്ല. ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ സാഹചര്യങ്ങളോട് എങ്ങനെയെല്ലാമാണ് സംവേദനം ചെയ്തതെന്നതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനും ഇവിടെ ഉദ്ദേശ്യമില്ല. എന്നാല്‍ ഇതഃപര്യന്തമുള്ള പ്രയാണത്തിനിടയില്‍ ക്രമാനുഗതമായിട്ടാണെങ്കിലും നയനിലപാടുകളില്‍ സംഘടന പല മാറ്റങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്.
മുശാവറ രാഷ്ട്രീയം
1960-കളില്‍ വര്‍ഗീയ കലാപങ്ങള്‍ ശക്തി പ്രാപിച്ചപ്പോള്‍ സാമുദായികത്വത്തില്‍നിന്ന് മുഖം തിരിച്ചുനിന്ന ആദ്യഘട്ടത്തില്‍നിന്ന് ഭിന്നമായി സാമുദായിക ലൈനിലേക്കുള്ള ഒരു ചുവടുമാറ്റം ദൃശ്യമാകുന്നുണ്ട്. ജമാഅത്ത് മുഖപത്രമായ ദഅ്‌വത്തിന്റെ പത്രാധിപര്‍ മുഹമ്മദ് മുസ്‌ലിമിന്റെ പ്രവര്‍ത്തനഫലമായി രൂപം കൊണ്ട 'മജ്‌ലിസെ മുശാവറ' എന്ന മുസ്‌ലിം പൊതു പ്ലാറ്റ്‌ഫോം ഈ മാറ്റത്തിന്റെ അടയാളമായിരുന്നു.
മുശാവറ രൂപീകരണത്തിന്റെ അണിയറശില്‍പിയായ മുസ്‌ലിം സാഹിബിന്, ജമാഅത്തിന്റെ ദിശയും ക്യാരക്ടറും മാറ്റുന്നുവെന്ന് സംഘടനക്കകത്തുനിന്നുതന്നെ പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. നെഹ്‌റുവിന്റെ ഉറ്റ സുഹൃത്തായ ഡോ. സയ്യിദ് മഹ്മൂദ്, കോണ്‍ഗ്രസ് ബാന്ധവമുള്ള ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മുഫ്തി അതീഖുര്‍റഹ്മാന്‍, യു.പിയിലെ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ. എ.ജെ ഫരീദി എന്നീ പ്രഗത്ഭരെയൊക്കെ മുശാവറയില്‍ അണിനിരത്തിയ മുസ്‌ലിം സാഹിബ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മുശാവറയുടെ സാന്നിധ്യത്തെ അവഗണിക്കാന്‍ കഴിയാത്ത ഒരു ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവന്നു. മുസ്‌ലിംകളെ വോട്ട്ബാങ്കായി മാത്രം കണ്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുമ്പില്‍ തെരഞ്ഞെടുപ്പുകാലത്ത് ഒരു പ്രകടനപത്രിക ഇറക്കിക്കൊണ്ട് ചരിത്രത്തിലാദ്യമായി മുശാവറ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ശക്തി തെളിയിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ അങ്കലാപ്പിലാക്കിയ നടപടിയായിരുന്നു അത്. പക്ഷേ, അതിനെ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ മുസ്‌ലിം ഇന്ത്യയുടെ ചരിത്രത്തില്‍ അതൊരു വഴിത്തിരിവാകുമായിരുന്നു. മുശാവറയുടെ തീരുമാനങ്ങള്‍ക്ക്, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെക്കുറിച്ച പഴയ നിലപാടില്‍നിന്ന് മാറാന്‍ കഴിയാത്തതു കാരണം ജമാഅത്ത് ശൂറയുടെ പിന്തുണ നല്‍കാന്‍ കഴിയാതിരുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. മുശാവറയുടെ രാഷ്ട്രീയ പ്രസക്തി കാലക്രമത്തില്‍ ദുര്‍ബലമായിത്തീരുകയും ചെയ്തു.
മതനിരപേക്ഷത,
സോഷ്യലിസം
മതനിരാസത്തിലധിഷ്ഠിതമായ പാശ്ചാത്യ സെക്യുലരിസത്തെയും ഏകാധിപത്യത്തിലധിഷ്ഠിതമായ സോഷ്യലിസത്തെയും കുറിച്ചുള്ള ആദ്യകാല സാഹിത്യങ്ങളിലെ വിശകലനങ്ങള്‍ ജമാഅത്തിനെ വര്‍ഗീയ പാര്‍ട്ടിയും പിന്തിരിപ്പന്‍ മുതലാളിത്ത ഏജന്റുമായി മുദ്രകുത്താന്‍ പ്രതിയോഗികള്‍ ദുരുപയോഗം ചെയ്തിരുന്നു. അതിനാല്‍, 1970 ആഗസ്റ്റില്‍ ചേര്‍ന്ന ജമാഅത്തിന്റെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗീകരിച്ച പ്രമേയത്തില്‍ ഈ വിഷയത്തില്‍ എന്താണ് ജമാഅത്തിന്റെ യഥാര്‍ഥ നിലപാട് എന്ന് ഇങ്ങനെ വിശദീകരിച്ചു: ''ഇന്ത്യന്‍ ഭരണഘടന വിവിധ മതങ്ങള്‍ക്കും മതാനുയായികള്‍ക്കുമിടയില്‍ നിഷ്പക്ഷമാണ്. അഥവാ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്കിടയില്‍ ഒരു വിവേചനവും അനുവര്‍ത്തിക്കുകയില്ല എന്ന അര്‍ഥത്തില്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്.... ഇന്നത്തെ പരിതഃസ്ഥിതിയില്‍ ഇന്ത്യയില്‍ സമഗ്രാധിപത്യപരവും ഫാഷിസ്റ്റ് രീതിയിലുള്ളതുമായ ഭരണക്രമത്തെ അപേക്ഷിച്ച് മതനിരപേക്ഷ- ജനാധിപത്യ ഭരണക്രമം നിലനില്‍ക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു.''
സോഷ്യലിസത്തെ സംബന്ധിച്ച വീക്ഷണത്തിലും വ്യക്തത വരുത്തിയതായി കാണാം. നാസ്തികത, മതവിരോധം, സമഗ്രാധിപത്യം, വ്യക്തിസ്വാതന്ത്ര്യനിഷേധം എന്നിവക്കുവേണ്ടി നിലകൊള്ളുന്ന സോവിയറ്റ്-ചൈനീസ് മോഡല്‍ സോഷ്യലിസത്തെ തിരസ്‌കരിച്ച ശേഷം അതേ പ്രമേയത്തില്‍ ഈ വിഷയത്തിലുള്ള നിലപാട് ഇങ്ങനെ വിശദീകരിക്കുന്നു:
''ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പ്രയോഗിക്കപ്പെട്ടപോലെ സാമൂഹിക നീതി എന്ന വിവക്ഷയാണ് സോഷ്യലിസത്തിനുള്ളതെങ്കില്‍, അഥവാ പൊതുജനങ്ങള്‍ക്ക് തുല്യമായ സാമ്പത്തികാവസരങ്ങള്‍ ഉണ്ടാക്കുക, മുതലാളിത്തപരമായ ചൂഷണത്തിന് അന്ത്യം വരിക, വ്യക്തികളുടെയും വിഭാഗങ്ങളുടെയുമിടയില്‍ സാമ്പത്തികാസമത്വം പെരുകിവരുന്നതിനു പകരം കുറഞ്ഞുകൊണ്ടിരിക്കുക, ഒട്ടാകെ നോക്കുമ്പോള്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക മണ്ഡലം ഉന്നതമാകുന്നതോടൊപ്പം നാട്ടിലെ സാധാരണക്കാര്‍ സുസ്ഥിതിയില്‍ കഴിയുക എന്നൊക്കെയാണെങ്കില്‍ അത് അഭിലഷണീയവുമാണ്. അതൊരിക്കലും എതിര്‍ക്കപ്പെട്ടിട്ടില്ല. മനുഷ്യരുടെ സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അതിനുള്ള പ്രാധാന്യം ജമാഅത്ത് മനസ്സിലാക്കുന്നുണ്ട്. മുതലാളിത്തവും മുതലാളിത്തപരമായ ചൂഷണവും ശാപമാണെന്ന് അത് കരുതുന്നു''.
ഭരണഘടനയില്‍ സോഷ്യലിസം, സെക്യുലരിസം എന്നീ വാക്കുകള്‍ എഴുതിച്ചേര്‍ത്ത് 1976-ല്‍ ഇന്ദിരാ ഗാന്ധി ഭേദഗതി കൊണ്ടുവരുന്നതിനു മുമ്പാണ് ഈ വിശദീകരണം എന്നുകൂടി ഓര്‍ക്കേണ്ടതാണ്.
മുആവിന്‍ ഫോറം
അമുസ്‌ലിംകളുമായുള്ള സമ്പര്‍ക്കം സംഘടനയുടെ തുടക്കം മുതലേയുള്ള പരിപാടിയായിരുന്നു. ജമാഅത്തിന്റെ സമ്മേളന വേദികളില്‍ അതിഥികളായും ചര്‍ച്ചകളിലെ പങ്കാളികളായും ആദ്യകാലം മുതലേ അമുസ്‌ലിം സഹോദരന്മാരെ പങ്കെടുപ്പിച്ചുപോന്നിട്ടുണ്ട്.
1946-ല്‍ പറ്റ്‌നയില്‍ ചേര്‍ന്ന ഇത്തരമൊരു സമ്മേളനത്തില്‍ ഗാന്ധിജിയെയും പങ്കെടുപ്പിക്കുകയുണ്ടായി. പാര്‍ട്ടിയുടെ ഘടനക്കകത്തുനിന്നുതന്നെ അമുസ്‌ലിം സഹോദരങ്ങളെ ഉള്‍ക്കൊള്ളാന്‍ പിന്നീടുണ്ടാക്കിയ സംവിധാനമായിരുന്നു മുആവിന്‍ (സഹകാരി) ഫോറം. മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി 'പയാമെ ഇന്‍സാനിയ്യത്ത് ഫോറം' (മാനവവേദി) രൂപീകരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. നദ്‌വിയുടെ സാന്നിധ്യത്തില്‍ 1970-കളില്‍ ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ഈ വേദിയുടെ ആഭിമുഖ്യത്തില്‍ വന്‍ സമ്മേളനങ്ങള്‍ ചേര്‍ന്നിരുന്നു. കേരളത്തിലും ഇതിനായുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. നദ്‌വയുടെ ഉര്‍ദു പത്രമായ നിദായെ മില്ലത്തിന്റെ പത്രാധിപര്‍ മൗലാനാ ഇസ്ഹാഖ് ജലീസ് നദ്‌വി ഈയാവശ്യാര്‍ഥം കേരളം സന്ദര്‍ശിച്ചപ്പോള്‍ വേദിയുടെ അംഗത്വ ഫോറം മലയാളത്തിലാക്കിക്കൊടുത്തത് ഈ ലേഖകനായിരുന്നു. പക്ഷേ, നദ്‌വിയുടെ 'മാനവവേദി' എവിടെയും വേരു പിടിച്ചില്ല. അധികകാലം കഴിയും മുമ്പു തന്നെ അത് അപ്രത്യക്ഷമായി. ജമാഅത്തിന്റെ സഹകാരി വേദി ആ രൂപത്തില്‍ ഇപ്പോള്‍ നിലവിലില്ലെങ്കിലും അതിന്റെ വികാസമാണ് സോളിഡാരിറ്റിയെപോലുള്ള നവ സാമൂഹിക പ്രസ്ഥാനങ്ങളുടെയും ജാതിമതഭേദമന്യേ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളികളാകാന്‍ സാധിക്കുന്ന പൊതു രാഷ്ട്രീയ പ്ലാറ്റ്‌ഫോമുകളുടെയും രൂപവത്കരണത്തില്‍ നാം കാണുന്നത്.
പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി
സയ്യിദ് മൗദൂദിയുടെ നേതൃത്വത്തില്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയവികാസം ഇന്ത്യന്‍ ജമാഅത്തിനെ അപേക്ഷിച്ച് കുറേകൂടി ത്വരിത വേഗത്തിലായിരുന്നു. ദൈവിക പരമാധികാരത്തെ നിരാകരിക്കുന്ന മനുഷ്യകേന്ദ്രീകൃത പ്രപഞ്ചസങ്കല്‍പത്തിലധിഷ്ഠിതമായ പാശ്ചാത്യ ജനാധിപത്യത്തെ താത്ത്വികമായി നിരാകരിച്ച് തിയോ ഡെമോക്രസി എന്ന പരികല്‍പന അവതരിപ്പിച്ച മൗദൂദി പാകിസ്താനില്‍ ജനാധിപത്യ തെരഞ്ഞെടുപ്പുരീതിയെ അംഗീകരിക്കാന്‍ മടിച്ചില്ല. അതാകട്ടെ, അദ്ദേഹം 'ഇസ്‌ലാമിലെ രാഷ്ട്രീയ വ്യവസ്ഥ' എന്ന സ്വന്തം കൃതിയില്‍ വിശദീകരിച്ചപോലെ, പരമാധികാരസങ്കല്‍പം മാറ്റിനിര്‍ത്തിയാല്‍ മറ്റേതൊരു ജനാധിപത്യവാദിയേക്കാള്‍ വലിയ ജനാധിപത്യവാദികളാണ് തങ്ങളെന്നും അത് ഇസ്‌ലാമിക ചരിത്രത്തിന്റെ തന്നെ ഭാഗമാണെന്നും അവകാശപ്പെട്ടതിന് അനുസൃതവുമായിരുന്നു. പട്ടാള സ്വേഛാധിപത്യത്തെ എതിര്‍ക്കാനും ജനാധിപത്യ പുനഃസ്ഥാപനത്തിനായി മുന്നണി രാഷ്ട്രീയം രൂപപ്പെടുത്താനും അദ്ദേഹം മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യങ്ങളുണ്ടാക്കി. മൗദൂദി നിര്യാതനായപ്പോള്‍ പാകിസ്താനിലെ സമുന്നത രാഷ്ട്രീയ നേതാക്കളിലൊരാളായ നവാബ്‌സാദ നസ്‌റു
ല്ലാ ഖാന്‍ എഴുതിയ അനുസ്മരണ ലേഖനത്തില്‍ ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ അതായിരുന്നു കാരണം.
മൗദൂദി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയതും അന്നത്തെ കിഴക്കന്‍ പാകിസ്താനിലെ (ബംഗ്ലാദേശ്) എച്ച്.എസ് സുഹ്‌റവര്‍ദിയെപ്പോലുള്ളവരുടെ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതും ഖിലാഫത്തിനെക്കുറിച്ച് കാല്‍പനിക സങ്കല്‍പം താലോലിക്കുന്ന ജമാഅത്തിലെതന്നെ ചില സമുന്നത നേതാക്കള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. ജമാഅത്തിന്റെ ആദര്‍ശ വ്യതിയാനമായിട്ടാണ് അവരതിനെ കണ്ടത്. സ്വന്തം വലംകൈയായി കരുതപ്പെട്ടിരുന്ന മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയടക്കമുള്ള പാര്‍ട്ടിയിലെ ഒരു ക്രീമിലെയര്‍ വിഭാഗമാണ് അതിന്റെ പേരില്‍ അദ്ദേഹത്തിന് നഷ്ടമായത്. എങ്കിലും ഉറച്ച നിലപാടുമായി അദ്ദേഹം മുന്നോട്ടുപോയി. രാജിവെച്ചവര്‍ക്ക് അണികളുടെ പിന്തുണ ലഭിച്ചില്ല.
ജനറല്‍ അയ്യൂബ് ഖാനെതിരെ പ്രതിപക്ഷസഖ്യം ഫാത്വിമ ജിന്നയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ മൗദൂദി ജയിലിലായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടനെ സഖ്യത്തിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. മുന്‍ഗണനാക്രമത്തെക്കുറിച്ച അവബോധവും യാഥാര്‍ഥ്യബോധവുമുള്ള മൗദൂദിക്ക് സ്ത്രീയുടെ അധികാരത്തെ സംബന്ധിച്ച് താന്‍ മുമ്പെഴുതിയത് ഇതിന് തടസ്സമായില്ല. തക്ക സമയത്ത് തീരുമാനമെടുക്കാനുള്ള ഇഛാശക്തിയായിരുന്നു മൗദൂദിയുടെ ഒരു പ്രത്യേകത. ഫിഖ്ഹുല്‍ ഔലവിയ്യാത്ത്, ഫിഖ്ഹുല്‍ വാഖിഅ് (മുന്‍ഗണനാക്രമത്തിന്റെയും സാഹചര്യ യാഥാര്‍ഥ്യത്തിന്റെയും രീതിശാസ്ത്രം) എന്നീ പരികല്‍പനകള്‍ വികസിച്ചുവന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തിലായിരുന്നു ഇതെന്നുകൂടി ഓര്‍ക്കണം.
മൗദൂദിക്കു ശേഷവും പാക് ജമാഅത്തിന്റെ രാഷ്ട്രീയ നയങ്ങളില്‍ പല വികാസ പരിണാമങ്ങളുമുണ്ടായി. നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളുമായുണ്ടായ സഖ്യങ്ങള്‍ ഉദാഹരണം. ഖാദി ഹുസൈന്‍ അഹ്മദ് ജമാഅത്ത് അമീറായപ്പോള്‍ പാര്‍ട്ടിയുടെ ജനകീയവത്കരണം നടന്നു. മൗദൂദി വിഭാവനം ചെയ്ത കേഡര്‍ സ്വഭാവത്തിനെതിരാണെന്ന് ജമാഅത്തിനകത്തുനിന്നുതന്നെ ഇതിനെതിരെ വിമര്‍ശനമുയരുകയുണ്ടായി. മൗദൂദിക്കു ശേഷം ഏറെകാലം അമീറായിരുന്ന തുഫൈല്‍ മുഹമ്മദ് സാഹിബടക്കം പലരും ഖാദി ഹുസൈന്റെ നയത്തിന് എതിരായിരുന്നു. നഈം സിദ്ദീഖി, ഉമ്മു സുബൈര്‍ തുടങ്ങിയ സീനിയര്‍ നേതാക്കള്‍ ജമാഅത്തില്‍നിന്ന് രാജിവെച്ച് 'തഹ്‌രീകെ ഇസ്‌ലാമി' എന്ന പേരില്‍ പുതിയ സംഘടനയുണ്ടാക്കി. പക്ഷേ, പുതിയ പ്രസ്ഥാനം അധികകാലം നിലനിന്നില്ല.
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി
കിഴക്കന്‍ പാകിസ്താന്‍ ബംഗ്ലാദേശ് ആയി മാറിയപ്പോഴും ജമാഅത്തെ ഇസ്‌ലാമി അതേ പേരില്‍തന്നെയാണ് പ്രവര്‍ത്തനം തുടര്‍ന്നത്. ശൈഖ് മുജീബുര്‍റഹ്മാന്റെ ഏക കക്ഷി ഏകാധിപത്യ ഭരണത്തിന് അറുതിവന്ന് ബഹുകക്ഷി രാഷ്ട്രീയ വ്യവസ്ഥ നിലവില്‍വന്നതോടെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയരംഗത്ത് സജീവമായി. പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയേക്കാള്‍ മുന്നേറാനും സാധിച്ചു. രാഷ്ട്രീയ സഖ്യങ്ങളിലൂടെയായിരുന്നു പാര്‍ട്ടി നേട്ടങ്ങള്‍ കൈവരിച്ചത്. സംഘടനയുടെ പ്രഥമ അമീറും മൗദൂദിയുടെ സാഹിത്യങ്ങള്‍ ബംഗാളി ഭാഷയിലേക്ക് മൊഴിമാറ്റിയ എഴുത്തുകാരനുമായ മൗലാനാ അബ്ദുര്‍റഹീം 1979 ഫെബ്രുവരി 18-നു നടന്ന തെരഞ്ഞെടുപ്പില്‍ 'ഇസ്‌ലാമിക് ഡെമോക്രാറ്റിക് ലീഗ്' എന്ന ബാനറില്‍ ഒരു മുന്നണിയുണ്ടാക്കി മത്സരിച്ച് പാര്‍ലമെന്റില്‍ 6 സീറ്റുകള്‍ നേടി. പില്‍ക്കാലത്ത് മതാധിഷ്ഠിത പാര്‍ട്ടി രൂപീകരണ നിരോധം നീക്കിയ ശേഷം സ്വന്തം ബാനറില്‍തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ചേര്‍ന്നതോടെ മികച്ച പ്രവര്‍ത്തനങ്ങളും സേവനങ്ങളും കാഴ്ചവെച്ച ജമാഅത്തിന് തൃണമൂലതലത്തില്‍ ബഹുജനാടിത്തറ വിപുലപ്പെടുത്താന്‍ സാധിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ഏറ്റവും ഒടുവിലത്തെ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി അധികാരത്തിലെത്തിയ ഹസീനാ വാജിദിന്റെ അവാമി ലീഗ് സ്വേഛാധിപത്യ ഭരണകൂടം കങ്കാരു കോടതികളുണ്ടാക്കി ജമാഅത്ത് നേതാക്കളെ തൂക്കിലേറ്റാന്‍ തുടങ്ങിയതിന് കാരണം പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും ജനസ്വാധീനത്തിലുമുള്ള അങ്കലാപ്പല്ലാതെ മറ്റൊന്നുമല്ല.
ജമാഅത്തും ഇഖ്‌വാനും
ജമാഅത്തിനേക്കാള്‍ കാല്‍നൂറ്റാണ്ടിലേറെ പ്രായം ഇഖ്‌വാനുല്‍ മുസ്‌ലിമൂനുണ്ട്. 1941-ലാണ് മൗദൂദി അവിഭക്ത ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നത്. ശൈഖ് ഹസനുല്‍ ബന്നാ, ഇഖ്‌വാന്‍ രൂപീകരിക്കുന്നതാകട്ടെ 1928 മാര്‍ച്ച് 22-നാണ്. ഉസ്മാനിയാ ഖിലാഫത്തിന്റെ തകര്‍ച്ചയാണ് രണ്ട് പ്രസ്ഥാനങ്ങളുടെയും രൂപീകരണ പശ്ചാത്തലം. ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ മൗദൂദിയും പങ്കെടുക്കുന്നുണ്ട്. പക്ഷേ, തങ്ങള്‍ സംരക്ഷിക്കാന്‍ വെമ്പല്‍കൊണ്ട ഈ ഖിലാഫത്ത് എത്രമാത്രം ഉള്ളുപൊള്ളയായിരുന്നുവെന്ന് മൗദൂദി പിന്നീട് തിരിച്ചറിയുന്നുണ്ട്. അത്ര ആഴത്തിലുള്ള ഒരു വിശകലനം ബന്നായുടേതായി കണ്ടിട്ടില്ല. ഹാഫിള് ഇബ്‌റാഹീമിന്റെ കവിതയിലെ പോലെ ഗൃഹാതുരമായൊരു വികാരമായിരുന്നു ഇഖ്‌വാന് ഉസ്മാനിയാ ഖിലാഫത്ത്. അതെന്തായാലും രണ്ട് പ്രസ്ഥാനങ്ങള്‍ക്കും ഇസ്‌ലാമിനെ സംബന്ധിച്ച സങ്കല്‍പം സമാനമായിരുന്നു.
ഇവിടെ കൗതുകകരമായൊരു സംഗതിയുണ്ട്. ജമാഅത്തിന്റെ രൂപീകരണഘട്ടത്തില്‍ മൗദൂദിക്കോ ജമാഅത്തിനോ ഇഖ്‌വാനുമായി ഒരു സമ്പര്‍ക്കവുമുണ്ടായിരുന്നില്ല എന്നതാണത്. ആരെങ്കിലുമായി അക്കാലത്ത് ഇഖ്‌വാന് ബന്ധമുണ്ടായിരുന്നെങ്കില്‍ അത് മുഹമ്മദലി ജിന്നയുമായും അദ്ദേഹത്തിന്റെ സംഘടനയായ മുസ്‌ലിം ലീഗുമായിട്ടുമായിരുന്നു. 1947 മെയ് മാസത്തില്‍ ജിന്നക്ക് ബന്നാ കത്തെഴുതുന്നുണ്ട്. അതേവര്‍ഷം മെയ് ഒന്നിന് ഇസ്സുദ്ദീന്‍ ഇബ്‌റാഹീമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇഖ്‌വാന്റെ വിദ്യാര്‍ഥി സമ്മേളനം മുസ്‌ലിം ലീഗിനും പാകിസ്താന്‍വാദത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസ്സാക്കുകയുണ്ടായി. അതിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മുസ്‌ലിം ലീഗ് അയച്ച കത്തില്‍ ഫലസ്ത്വീന്‍ വിമോചനത്തിന് പിന്തുണ നല്‍കി. 1947 അവസാനം ഇഖ്‌വാന്‍ നേതാക്കളിലൊരാളായ സ്വാലിഹ് അശ്മാവി പാകിസ്താന്റെ ക്ഷണപ്രകാരം ഒരു അറബ് പ്രതിനിധി സംഘത്തോടൊപ്പം അവിടെ സന്ദര്‍ശിക്കുന്നുണ്ട്. ഈജിപ്തിലെ ഇഖ്‌വാന്‍ കേന്ദ്രം ജിന്നയും സന്ദര്‍ശിക്കുകയുണ്ടായി. അന്ന് അറബ് ലീഗിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ഡോ. അബ്ദുര്‍റഹ്മാന്‍ അസാമിന്റെ സാന്നിധ്യത്തിലാണ് ജിന്നയെ ബന്നാ സ്വീകരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ പാകിസ്താന്‍ വാദത്തെ മൗദൂദി എതിര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴൊക്കെ. അമ്പതുകളില്‍ ഡോ. സഈദ് റമദാനും പാകിസ്താന്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്.
പാകിസ്താന്‍ നിലവില്‍വന്ന് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടുതുടങ്ങിയ ശേഷമാണ് പാക് ജമാഅത്തും ഇഖ്‌വാനുമായി സാഹോദര്യബന്ധം ശക്തിപ്പെടുന്നത്. പക്ഷേ, ഘടനാതലത്തിലോ നയരൂപീകരണത്തിലോ പ്രവര്‍ത്തന പരിപാടികളിലോ ബന്ധമില്ലാതെ രണ്ടും സ്വതന്ത്ര സംഘടനകളായി നിലനിന്നുപോന്നു.
അന്താരാഷ്ട്ര വേദി
ഇഖ്‌വാന് 'അത്തന്‍ളീമുല്‍ ആലമി' എന്ന അന്താരാഷ്ട്ര തലത്തിലുള്ള ഒരു ഏകോപന വേദി ഹസനുല്‍ ബന്നായുടെ കാലത്തേ ഉണ്ടായിരുന്നു. ഇന്ത്യയിലോ പാകിസ്താനിലോ ബംഗ്ലാദേശിലോ ഉള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്, പരസ്പരമില്ലാത്തതു പോലെതന്നെ, ഈ വേദിയുമായും ബന്ധമുണ്ടായിരുന്നില്ല. പ്രധാനമായും അറബ് ലോകത്തെ ഉന്നംവെച്ചായിരുന്നു ഇഖ്‌വാന്‍ ഇങ്ങനെയൊരു വേദി ഉണ്ടാക്കിയിരുന്നത്. പാന്‍ അറബിസം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന അക്കാലത്ത് അത് സ്വാഭാവികമായിരുന്നു. സിറിയയും ഇറാഖും ഈജിപ്തും കൂടി ഒരു ഘട്ടത്തില്‍ യുനൈറ്റഡ് അറബ് റിപ്പബ്ലിക്കായി മാറിയിരുന്നു. അന്ന് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന അതേ പേരില്‍തന്നെയായിരുന്നു സിറിയയിലും ഇറാഖിലും മറ്റും ഇഖ്‌വാന്റെ പ്രവര്‍ത്തനം. ഈജിപ്തിന്റെ അയല്‍രാജ്യമായ സുഡാനിലും ഭിന്നമായിരുന്നില്ല അവസ്ഥ. പക്ഷേ, ഐക്യ അറബ് റിപ്പബ്ലിക് പൊളിയാന്‍ അധികകാലം വേണ്ടിവന്നില്ല. ഈജിപ്തിന്റെ അയല്‍രാജ്യങ്ങളില്‍ പട്ടാള സ്വേഛാധിപത്യം പിടിമുറുക്കിയതോടെ ഇഖ്‌വാന്‍ അവിടങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്തു.
രഹസ്യ വിംഗ്
ഈജിപ്തില്‍തന്നെ ദീര്‍ഘകാല പ്രയാണത്തിനിടയില്‍ ഇഖ്‌വാന്റെ സ്ട്രാറ്റജികളില്‍ പല മാറ്റങ്ങളും കാണാം. ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന സംവിധാനമായിരുന്നു 'അല്‍ജിഹാസ് അല്‍ഖാസ്സ്' എന്നറിയപ്പെട്ടിരുന്ന പാര്‍ട്ടിയുടെ രഹസ്യ വിംഗ്. ബ്രിട്ടീഷ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലും ഫലസ്ത്വീന്‍ ജിഹാദിലും സജീവ പങ്കാളിത്തമുണ്ടായിരുന്ന ഒരു സംഘടനക്ക് അക്കാലത്ത് അത്തരമൊരു സംവിധാനമുണ്ടായതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് സ്വലാഹ് ഈസയെപോലുള്ള ഇടതുപക്ഷ എഴുത്തുകാര്‍ ന്യായീകരിച്ചിട്ടുണ്ടെങ്കിലും നേതൃത്വമറിയാതെയുള്ള രഹസ്യ വിംഗിന്റെ ഓപ്പറേഷനുകള്‍ ഹസനുല്‍ ബന്നാക്കു തന്നെ പിന്നീട് തലവേദന സൃഷ്ടിക്കുകയുണ്ടായി. ജഡ്ജി ഖാസന്ദറാന്റെ വധം ഉദാഹരണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഹസനുല്‍ ബന്നാ നീരസവും രോഷവും പ്രകടിപ്പിച്ചതിനെക്കുറിച്ച് ശൈഖ് യൂസുഫുല്‍ ഖറദാവി ആത്മകഥയില്‍ എഴുതിയതായി കാണാം.
ബന്നായുടെ ആരാധകനായിരുന്ന ജമാല്‍ അബ്ദുന്നാസിര്‍ ഇഖ്‌വാന്റെ ആശീര്‍വാദത്തോടെ വിപ്ലവം നടത്തി അധികാരത്തിലേറിയ ആദ്യഘട്ടത്തില്‍ വളരെ അനുഭാവപൂര്‍വമായിരുന്നു ഇഖ്‌വാനോടുള്ള സമീപനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും നിരോധിച്ചപ്പോള്‍ നാസിര്‍ ഇഖ്‌വാനെ തൊടുകയുണ്ടായില്ല. പക്ഷേ, നാസിറിന്റെ ഭരണരീതി രണ്ടു കൂട്ടരുടെയും വഴിപിരിയലിലാണ് കലാശിച്ചത്. ഏറ്റുമുട്ടല്‍ ഒഴിവാക്കുകയായിരുന്നു അഭികാമ്യം എന്ന നിലപാടുളള നേതാക്കള്‍ അന്നും ഇഖ്‌വാനിലുണ്ടായിരുന്നു. മുഹമ്മദുല്‍ ഗസ്സാലി, ബാഖൂരി എന്നിവര്‍ അതില്‍പെടുന്നു. ബാഖൂരി ഔഖാഫ് മന്ത്രിയായി നാസിര്‍ ഭരണകൂടത്തില്‍ പ്രവര്‍ത്തിക്കുകയുമുണ്ടായി. ഇതേ നിലപാടുകാരനായിരുന്നു ഖറദാവിയും. എങ്കിലും ഏകാധിപതസ്വഭാവത്തില്‍ ഊട്ടപ്പെട്ട നാസിറുമായി ഏറെകാലം ഒത്തുപോകാനുള്ള സാധ്യത കുറവായിരുന്നുവെന്നും പില്‍ക്കാലത്ത് ആത്മകഥയില്‍ ഖറദാവി എഴുതുന്നുണ്ട്.
ബഹുസ്വരതയിലേക്ക്
കക്ഷിരാഷ്ട്രീയത്തിനും ബഹുകക്ഷി വ്യവസ്ഥക്കും എതിരായിരുന്നു ബന്നാ. 'അല്‍ ജമാഅത്ത്' എന്ന പാരമ്പര്യ സങ്കല്‍പവും മുപ്പതുകളിലെയും നാല്‍പതുകളിലെയും രാഷ്ട്രീയ കാലാവസ്ഥയുമാകാം അതിനു കാരണം. സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാനും നവോത്ഥാനം ത്വരിതപ്പെടുത്താനുമുള്ള ഏകവഴി സമുദായത്തിന്റെ മുഴുവന്‍ ശക്തിയും സംഭരിച്ച് ഒറ്റപ്പാര്‍ട്ടി രൂപീകരിക്കുക എന്നതായിരുന്നു മൂന്നാം ലോകത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും സ്വീകരിച്ചിരുന്ന നയം. ബഹുസ്വരതയെ ശിഥിലീകരണ ശക്തിയായാണ് അവര്‍ കണ്ടിരുന്നത്. '80-കള്‍ വരെ ഇതുതന്നെയായിരുന്നു ഇഖ്‌വാന്റെ നയം. ഇത്തരമൊരു നയം പിന്തുടരുന്നതിന്റെ നഷ്ടത്തെക്കുറിച്ച് പിന്നീടാണ് ഇഖ്‌വാന് രാഷ്ട്രീയ ബോധമുദിക്കുന്നത്.
1979-'80 കാലത്ത് ഇഖ്‌വാന്‍ സുപ്രീമോ ഉമര്‍ തിലിംസാനിയെ കണ്ട കഥ റാശിദുല്‍ ഗന്നൂശി അനുസ്മരിക്കുന്നുണ്ട്. രാഷ്ട്രീയ ബഹുസ്വരതയെക്കുറിച്ച് അദ്ദേഹം തിലിംസാനിയുമായി തര്‍ക്കിച്ചു. ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഇഖ്‌വാനെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ അപേക്ഷ കൊടുക്കണമെന്ന് അദ്ദേഹത്തോട് ശക്തമായി ആവശ്യപ്പെട്ടു. പക്ഷേ, പരിഗണനയര്‍ഹിക്കാത്ത നിരര്‍ഥക ഭാഷണമായിട്ടാണ് തിലിംസാനി അതിനെ കണ്ടത്. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം എല്ലാ സംഘടനകള്‍ക്കുമുപരിയായ സംഘടനയും ഒരു പാര്‍ട്ടിയാവുക എന്നതിനപ്പുറം വലിപ്പമുള്ള പാര്‍ട്ടിയുമായിരുന്നു ഇഖ്‌വാന്‍. ''അങ്ങനെ വരുമ്പോള്‍ ജീര്‍ണത ബാധിച്ച ഈ സെക്യുലര്‍ പാര്‍ട്ടികളുമായി എങ്ങനെ അതിന് സഖ്യം സ്ഥാപിക്കാന്‍ സാധിക്കും? എന്നാല്‍ 1982-ലോ 1983-ലോ ഞാന്‍ ജയിലിലായിരിക്കെ എന്നെ അമ്പരപ്പിച്ചുകൊണ്ട് വഫ്ദ് പാര്‍ട്ടിയുമായി ഇഖ്‌വാന്‍ സഖ്യമുണ്ടാക്കിയ വാര്‍ത്തയാണ് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞത്. ഈ നേതാവിന് ജീവത്തായ നിയമ ചിന്തകളാല്‍ ദൈവം സംഗതികള്‍ എളുപ്പമാക്കിക്കൊടുത്തിരുന്നില്ലെങ്കില്‍ ബഹുകക്ഷി വ്യവസ്ഥയെ നിരാകരിക്കുന്ന തങ്ങളുടെ മഹാനായ സ്ഥാപക നേതാവിന്റെ ഫത്‌വയില്‍നിന്ന് അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും വിട്ടുപോരില്ലായിരുന്നുവെന്ന് എനിക്ക് മനസ്സിലായി'' (ഗന്നൂശിയുടെ ആത്മകഥ, പേജ്: 90)
ഇഖ്‌വാന്റെ നിരോധം നീക്കാതിരുന്നതിനാല്‍ വഫ്ദിന്റെ ബാനറിലാണ് ഇഖ്‌വാന്‍ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. ഗണ്യമായ സ്ഥാനാര്‍ഥികളെ പാര്‍ലമെന്റിലെത്തിച്ച് നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തു. തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റായിരുന്ന ആദില്‍ ഹുസൈന്റെ ലേബര്‍ പാര്‍ട്ടിയുമായിട്ടായിരുന്നു ഇഖ്‌വാന്റെ സഖ്യം. അതിലും ഇഖ്‌വാന്‍ നേട്ടങ്ങളുണ്ടാക്കി. അറബ് വസന്തകാലത്ത് ഈജിപ്തിന്റെ ചരിത്രത്തില്‍ ഇദംപ്രഥമമായി സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി എന്ന പേരില്‍ ക്രിസ്തയന്‍ കോപ്റ്റുകള്‍ക്കുകൂടി അംഗത്വം നല്‍കുന്ന പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിയിലൂടെ ഇഖ്‌വാന്‍ രാഷ്ട്രീയം വികസിക്കുന്നതായും ആ തെരഞ്ഞെടുപ്പില്‍ പ്രസ്തുത പാര്‍ട്ടി ഭൂരിപക്ഷം നേടി ഭരണത്തിലെത്തുന്നതായും നാം കാണുന്നു.
അടിസ്ഥാന തത്ത്വങ്ങളുടെ മാനിഫെസ്റ്റൊ
ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ സ്ട്രാറ്റജിയിലും നയനിലപാടുകളിലുമുള്ള പുനരാലോചനകള്‍ 1980-കള്‍ മുതല്‍ക്കേ അറബ്‌ലോകത്ത് നടക്കുന്നുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഒരു കൂട്ടം ചിന്തകന്മാരുമായി ഇതു സംബന്ധമായ കൂടിയാലോചന നടത്തി അടിസ്ഥാന തത്ത്വങ്ങളുടെ വിജ്ഞാപനം (ഇഅ്‌ലാനുല്‍ മബാദിഅ്) എന്ന ശീര്‍ഷകത്തില്‍ 1981-ല്‍ മുന്‍ ഈജിപ്ഷ്യന്‍ ഔഖാഫ് മന്ത്രിയും ഇസ്‌ലാമിസ്റ്റ് ബുദ്ധിജീവിയുമായ ഡോ.അഹ്മദ് കമാല്‍ അബുല്‍ മജ്ദ് ഒരു പത്രിക തയാറാക്കി വിപുലമായ ചര്‍ച്ചക്കും അഭിപ്രായ രൂപീകരണത്തിനുമായി നേതാക്കള്‍ക്കിടയില്‍ സ്വകാര്യമായി വിതരണം ചെയ്യുകയുണ്ടായി. ഈ പത്രിക തയാറാക്കുന്നതില്‍ അദ്ദേഹത്തെ സഹായിച്ചവരില്‍ പ്രമുഖരായിരുന്നു ഫഹ്മീ ഹുവൈദിയും ഡോ. അബ്ദുല്‍ ഹലീം അബൂശഖയും. 10 വര്‍ഷത്തോളം സ്വകാര്യ ചര്‍ച്ചകള്‍ നടന്ന ഈ പത്രിക 'ഒരു സമകാലിക ഇസ്‌ലാമിക കാഴ്ചപ്പാട്- അടിസ്ഥാന തത്ത്വ വിജ്ഞാപനം' (റുഅ്‌യ ഇസ്‌ലാമിയ്യ മുആസ്വറ ഇഅ്‌ലാനുല്‍ മബാദിഅ്) എന്ന പേരില്‍ 1991-ലാണ് പുറത്തിറങ്ങുന്നത്. പിന്നീട് ആവിഷ്‌കരിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ട പ്രവര്‍ത്തന പരിപാടികള്‍ക്കുള്ള മാര്‍ഗദര്‍ശനരേഖ മാത്രമാണിതെന്ന് വിജ്ഞാപനം എടുത്തുപറയുന്നുണ്ട്. അപരനോടുള്ള കാഴ്ചപ്പാട്, നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള സമീപനം, പൊതു പൗരത്വമടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സമാവകാശങ്ങള്‍, രാഷ്ട്രീയ-സാമൂഹിക പ്രവേശമടക്കമുള്ള സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളൊക്കെ വിജ്ഞാപനം പരാമര്‍ശിക്കുന്നു. ഇഖ്‌വാന്റെ നയവികാസത്തില്‍ ഈ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകള്‍ സാരമായി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുവേണം കരുതാന്‍.
സുഡാന്‍ അനുഭവം
ഈജിപ്തില്‍ മാറ്റങ്ങളുണ്ടാകുന്നതിനു മുമ്പേ സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്ത് ചടുലമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. യൂനിവേഴ്‌സിറ്റി കാമ്പസുകളില്‍ വിദ്യാര്‍ഥിനികളെ അടക്കം ആകര്‍ഷിക്കാന്‍ അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാന നായകനായ ഡോ. ഹസന്‍ തുറാബിക്ക് സാധിച്ചിരുന്നു. സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് അന്താരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ തുറാബിയെ വിസ്മയകരമായ ഇസ്‌ലാമിക ധിഷണ എന്നാണ് ഇന്ത്യന്‍ ഇസ്‌ലാമിസ്റ്റ് ബുദ്ധിജീവിയായ ഡോ. നജാത്തുല്ല സിദ്ദീഖി വിശേഷിപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണത്തില്‍ പ്രസ്ഥാനത്തെ ഏറെ മുന്നോട്ടു നയിച്ചതില്‍ തുറാബിക്കുള്ള പങ്കിനെ കുറിച്ച് ഗന്നൂശിയും ആത്മകഥയില്‍ എഴുതുന്നുണ്ട്.
താന്‍ പലതവണ ജയിലിലടച്ച തുറാബിയുമായി ജനറല്‍ ജഅ്ഫര്‍ നുമൈരി ഒടുവില്‍ അനുരഞ്ജനത്തിലാവുകയായിരുന്നു. മറിച്ചും പറയാം. തന്റെ പാര്‍ട്ടിയെ നുമൈരിയുടെ സോഷ്യലിസ്റ്റ് യൂനിയന്റെ ഘടകമാക്കുന്നതില്‍ തുറാബിക്ക് പന്തികേടൊന്നും തോന്നിയില്ല. ഇക്കാലത്ത് ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ ജൂബിലിയില്‍ പങ്കെടുക്കാനെത്തിയ, ഹസനുല്‍ ബന്നായുടെ സഹപ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ ബദീഅ് സഖറിനോട് തുറാബിയുടെ നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ ലേഖകന് അവസരമുണ്ടായി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന പേരില്‍ തന്നെയായിരുന്നു സുഡാനില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തുടക്കം. തുറാബി ഇഖ്‌വാന്‍ ലൈനില്‍നിന്ന് വ്യതിചലിച്ചിരിക്കുകയാണെന്നും സാദിഖ് അബ്ദുല്‍മാജിദിന്റെ നേതൃത്വത്തിലുള്ളതാണ് സുഡാനിലെ യഥാര്‍ഥ ഇഖ്‌വാനെന്നുമായിരുന്നു ശൈഖ് അബ്ദുല്‍ ബദീഇന്റെ പ്രതികരണം. ഇഖ്‌വാന്റെ അന്താരാഷ്ട്ര സമിതിയുമായുള്ള ഔപചാരിക ബന്ധം അതിനകം തുറാബി അവസാനിപ്പിച്ചിരുന്നു. നുമൈരി അദ്ദേഹത്തെ അറ്റോര്‍ണി ജനറലാക്കുകയുണ്ടായെങ്കിലും ഇസ്‌ലാമിസ്റ്റുകളുടെ സ്വാധീനം വര്‍ധിക്കുന്നതില്‍ ഭീതിദനായ നുമൈരി വീണ്ടും ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരില്‍ തിരിഞ്ഞു. പക്ഷേ, സിവാറുദ്ദഹബിന്റെ പട്ടാള അട്ടിമറിയില്‍ നുമൈരി അധികാരത്തില്‍നിന്ന് തെറിച്ചു. വാഗ്ദാനം ചെയ്തതുപോലെ സിവാറുദ്ദഹബ് തെരഞ്ഞെടുപ്പ് നടത്തുകയും സാദിഖുല്‍ മഹ്ദിയുടെ അല്‍ ഉമ്മ പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു. ഇക്കാലത്ത് 'അല്‍ ജബ്ഹത്തുല്‍ ഇസ്‌ലാമിയ്യ' എന്ന പേരില്‍ പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറ തുറാബി വികസിപ്പിക്കുകയും വിപുലമായ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തി അറബ് ലോകത്തുള്ള ദേശീയ പ്രസ്ഥാനങ്ങളുടെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയുമെല്ലാം പ്രതിനിധികളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. മുഖ്യധാരാ ഇഖ്‌വാന്‍ നേതൃത്വം തങ്ങളുടെ അന്താരാഷ്ട്ര സമിതിക്കെതിരെയുള്ള വെല്ലുവിളിയായാണ് ഇതിനെ കണ്ടത്. കുവൈത്തിലെ ഇസ്‌ലാമിസ്റ്റ് വാരികയായ അല്‍മുജ്തമഅ് തുറാബിയെ വിഘടിതനായി ചിത്രീകരിച്ച് രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഉമറുല്‍ ബശീറിന്റെ പട്ടാള വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചതായിരുന്നു തുറാബിക്ക് സംഭവിച്ച നയപരമായ വീഴ്ച. അല്‍ജബ്ഹത്തുല്‍ ഇസ്‌ലാമിയ്യയില്‍നിന്ന് ദേശീയ കോണ്‍ഗ്രസ് (അല്‍ മുഅ്തമറുല്‍ വത്വനി) ലേക്ക് വികസിച്ച അദ്ദേഹത്തിന്റെ പാര്‍ട്ടി രണ്ടായി പിളരുന്നതിലാണ് അത് കലാശിച്ചത്. കൂടുതല്‍ വിശദമായ പഠനമര്‍ഹിക്കുന്ന ആ ഭാഗത്തേക്ക് ഇവിടെ കടക്കുന്നില്ല.
ഗള്‍ഫില്‍
ഇഖ്‌വാന്‍ ആശയധാരയിലൂടെ തന്നെയാണ് ഗള്‍ഫിലും ഇസ്‌ലാമിക പ്രസ്ഥാനം വേരുപടര്‍ത്തിയത്. നാസിര്‍ യുഗത്തിലെ പീഡനകാലത്ത് ഗള്‍ഫിലെത്തിയ ഇഖ്‌വാന്‍ നേതാക്കള്‍ അവിടത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ സംഭാവനകളര്‍പ്പിച്ചവരാണ്. നാസിര്‍ പിന്തിരിപ്പന്മാരായി കണ്ടിരുന്ന ഗള്‍ഫ് ഭരണാധികാരികള്‍ ഇഖ്‌വാന്‍കാരെ സ്വാഗതം ചെയ്തതിന്റെ പിന്നിലെ രാഷ്ട്രീയം അവ്യക്തമല്ല. ആധുനികവും ഇസ്‌ലാമികവുമായ കരിക്കുലത്തിലൂടെ ഉദ്ബുദ്ധമായ ഒരു ഇസ്‌ലാമിക നവ തലമുറയെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്തുതന്നെ ഹസനുല്‍ ബന്നാക്ക് സുഊദി ഭരണകേന്ദ്രത്തില്‍ സ്വീകാര്യതയും സ്വാധീനവും നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. സുഊദിയില്‍ ഇഖ്‌വാന്റെ ശാഖ രൂപീകരിക്കാന്‍ ഒരു സന്ദര്‍ശനവേളയില്‍ അദ്ദേഹം അബ്ദുല്‍ അസീസ് രാജാവിനോട് അനുമതി തേടുന്നുണ്ട്. 'നമ്മളൊക്കെ മുമ്പേ ഇഖ്‌വാന്‍ (സഹോദരന്മാര്‍) തന്നെയല്ലേ' എന്ന് ചിരിച്ചുകൊണ്ട് ആ അപേക്ഷയില്‍നിന്ന് സൗമ്യമായി മുഖം തിരിക്കുകയാണ് അദ്ദേഹം ചെയ്തത്. ബന്നാക്കു ശേഷമാകട്ടെ സംഘടന എന്ന നിലയില്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കേണ്ട എന്ന് ഇഖ്‌വാന്‍തന്നെ സ്വയം സ്വീകരിച്ച നയമായിരുന്നു. സുഊദിയുടെ രാഷ്ട്രീയ വ്യവസ്ഥാ മാറ്റത്തില്‍ താന്‍ തല്‍പരനായിരുന്നില്ലെന്ന് സിറിയന്‍ ഇഖ്‌വാന്‍ നേതാവും സുഊദിയിലെ ഒരു യൂനിവേഴ്‌സിറ്റി അധ്യാപകനുമായിരുന്ന സഈദ് ഹവ്വ സ്വന്തം ഓര്‍മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. സുഊദി ബുദ്ധിജീവിയായ ഇവാദുല്‍ ഖര്‍നി അശ്ശര്‍ഖുല്‍ ഔസതിന് (1.6.10) നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ''സുഊദിയിലെ ഇഖ്‌വാന്‍ സാന്നിധ്യം ഒരു ചിന്താധാര എന്ന നിലയില്‍ സുഊദികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതര രാഷ്ട്രങ്ങളിലെ സംഘടനാ മാതൃകയിലോ അത്തരം സംഘടനകളുമായി പരസ്പരം ബന്ധം സ്ഥാപിച്ചോ സുഊദികളുടേതായ ഒരു സംഘടന രൂപംകൊണ്ടിരുന്നു എന്ന് ആര്‍ക്കും തെളിയിക്കാന്‍ സാധ്യമല്ല. ഖറദാവിയടക്കം സുഊദിയിലെ ഇഖ്‌വാന്‍കാരെ കുറിച്ച് എഴുതിയവരെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലെ അമ്പതുകളിലും അറുപതുകളിലും മന്നാഉല്‍ ഖത്താന്റെ നേതൃത്വത്തില്‍ ഇഖ്‌വാന്‍കാര്‍ ഈജിപ്തില്‍നിന്ന് സുഊദിയിലെത്തിയപ്പോള്‍ സുഊദികള്‍ക്കിടയില്‍ സംഘടനാ പ്രവര്‍ത്തനം വേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നു എന്നാണ് വ്യക്തമാക്കിയത്.''
വ്യത്യസ്തമായിരുന്നില്ല ഇതര ഗള്‍ഫ് നാടുകളിലെ സ്ഥിതിയും. ഖത്തറിലെ പ്രഥമ ഹയര്‍ സെക്കന്ററി വിദ്യാലയമായ 'മഅ്ഹദുദ്ദീനി'യില്‍ അധ്യാപകരായെത്തിയ ഈജിപ്ഷ്യന്‍ ഇഖ്‌വാന്‍കാര്‍ക്ക് ഒട്ടേറെ യുവ മസ്തിഷ്‌കങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇഖ്‌വാന്‍ ബാനറില്‍ ഇവരെ സംഘടിപ്പിക്കാന്‍ ശ്രമങ്ങളൊന്നും നടന്നിരുന്നില്ല. ചില ഗള്‍ഫ് രാജ്യങ്ങളില്‍ നിയമിക്കപ്പെട്ട ഈജിപ്ഷ്യന്‍ സുരക്ഷാ ഉപദേശകരുടെ സ്വാധീനത്തിന് വിധേയരായി ഇഖ്‌വാന്‍ ആശയത്തില്‍ ആകൃഷ്ടരായ യുവാക്കള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തങ്ങളുടെതന്നെ സംഘടനാപരമായ 'ഉസ്‌റ' ചട്ടക്കൂട് ഒഴിവാക്കുന്നതിനെക്കുറിച്ച് ഇഖ്‌വാന്‍ കൂട്ടായ്മകള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തിരുന്നതായി ഖത്തരി പത്രപ്രവര്‍ത്തകനായ അബ്ദുല്‍ അസീസ് ആലു മഹ്മൂദ് എഴുതിക്കാണുന്നു.
ഇഖ്‌വാനോട് ഇപ്പോഴും ശക്തമായ അനുഭാവം പുലര്‍ത്തുന്ന ഖത്തറില്‍ സംഘടനയുടെ ബാനറില്‍ അവര്‍ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലും യമനിലും ഇഖ്‌വാന്‍ സമാനാശയഗതിക്കാര്‍ സംഘടിച്ചിരുന്നത് അല്‍ ഇസ്‌ലാഹ് എന്ന ബാനറിലായിരുന്നു. ഇതില്‍തന്നെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നത് കുവൈത്തില്‍ 'മിംബറുദ്ദസ്തൂറും' യമനില്‍ 'അല്‍ ഇസ്‌ലാഹു'മാണ്.
മഗ്‌രിബില്‍
ഗള്‍ഫിനു പുറത്ത് മഗ്‌രിബ് ദേശങ്ങളായ തുനീഷ്യ, മൊറോക്കൊ എന്നിവിടങ്ങളില്‍ യഥാക്രമം അന്നഹ്ദയും ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതും ഇഖ്‌വാനില്‍നിന്ന് തികച്ചും സ്വതന്ത്രമായാണ്. ജോര്‍ദാനിലെ ഇസ്‌ലാമിക് ആക്ഷനും (അല്‍ അമല്‍ അല്‍ ഇസ്‌ലാമി)അവിടത്തെ ഇഖ്‌വാന്‍ സംഘടനയുടെ പ്രത്യേക രാഷ്ട്രീയ വിംഗായാണ് പ്രവര്‍ത്തിക്കുന്നത്. അന്നഹ്ദ തുനീഷ്യന്‍ രാഷ്ട്രീയത്തിലും ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി മൊറോക്കോയിലും ഈജിപ്തില്‍ അറബ്‌വസന്തം തല്ലിക്കൊഴിച്ച ശേഷവും നിര്‍ണായക ശക്തികളായി തുടരുകയാണ്. അവയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഭരണം ഒരു പാര്‍ട്ടിക്കും സാധ്യമല്ല. അറബ് വസന്താനന്തരം നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെങ്കിലും ഭരണത്തില്‍ പങ്കാളിയാണ് ഇപ്പോഴും അന്നഹ്ദ. ഈയടുത്ത കാലത്ത് നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ടാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി മൊറോക്കോയില്‍ തിരിച്ചുവന്നത്. തന്റെ പാര്‍ട്ടി ഭൂരിപക്ഷം നേടുകയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബിന്‍കീറാന്റെ ആത്മവിശ്വാസം വ്യര്‍ഥമായില്ല. രാജാവിന്റെ ആശീര്‍വാദമുള്ള 'അസാല' പാര്‍ട്ടി ഒഴികെ ഏതു പാര്‍ട്ടിയെയും മന്ത്രിസഭാ രൂപീകരണത്തില്‍ സഹകരിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സോഷ്യലിസ്റ്റുകള്‍ ഉള്‍പ്പെട്ടതായിരുന്നു ബിന്‍കീറാന്റെ മുന്‍ മന്ത്രിസഭ. അന്നഹ്ദയുടെയും ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെയും രാഷ്ട്രീയ നിലപാടുകളും നയസമീപന വികാസപരിണാമങ്ങളും വിശദമായ പഠനമര്‍ഹിക്കുന്ന വിഷയങ്ങളാണ്. വിസ്താരഭയത്താല്‍ അതിനിവിടെ മുതിരുന്നില്ല. ബഹുസ്വരതയെ ആലിംഗനം ചെയ്തുകൊണ്ടുള്ളതാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെയും സമകാലിക വികാസമെന്ന് ചുരുക്കിപ്പറയാം. അതിന്റെ പ്രമാണപരമായ അടിസ്ഥാനങ്ങള്‍ പ്രവാചകന്‍ ഗോത്രങ്ങളുമായി നടത്തിയ സഖ്യങ്ങളില്‍ കാണാവുന്നതുമാണ്.
Comments