ആധിപത്യവും പ്രാതിനിധ്യവും ജനാധിപത്യത്തിന്റെ ഇസ്‌ലാംവായന
അഡോള്‍ഫ് ഹിറ്റ്‌ലര്‍ മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെയുള്ളവരുടെ 'ജനായത്ത' രീതികളിലൂടെയുള്ള തെരഞ്ഞെടുപ്പു വിജയങ്ങള്‍ വിവിധ രീതികളില്‍ പ്രവര്‍ത്തിക്കുന്ന ജനായത്തപ്രക്രിയകളുടെ ശക്തിദൗര്‍ബല്യങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഇസ്‌ലാമിക ഭൂമികയില്‍നിന്നുള്ള രാഷ്ട്രീയം കൂടി ഉള്‍ക്കൊ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പൊതുവെയും ജമാഅത്തെ ഇസ്‌ലാമി വിശേഷിച്ചും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നേരെ തുടക്കം മുതലേ കൃത്യവും വ്യക്തവുമായ ഇസ്‌ലാമിക സമീപനം രൂപപ്പെടുത്തിയെടുക്കുകയും അവയിലെ നിര്‍മാണാത്മകമായ മുഴുവന്‍ മൂല്യങ്ങളും ഇസ്‌ലാമിന്റെ ഭൂമികയില്‍നിന്നുകൊണ്ടുതന്നെ സ്വന്തം സംഘടനാ ഘടനക്കകത്തുവരെ സ്വാംശീകരിക്കുകയും ചെയ്തിട്ടു്. അപ്പോഴും താത്ത്വികമായി അവക്ക് നല്‍കപ്പെടുന്ന വ്യത്യസ്ത വിവക്ഷകളെ ഇസ്ലാമിക ഭൂമികയില്‍നിന്ന് വിശകലനവിധേയമാക്കുകയും, സ്രഷ്ടാവില്‍നിന്നുള്ള നിയമ നിര്‍മാണപരമായ അതിര്‍വരമ്പുകളും പരിധികളും കൊണ്ട് നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ സമൂഹങ്ങളെയും ജനതതികളെയും അവ കൊണ്ടെത്തിച്ചേക്കാവുന്ന അപകടകരമായ സാഹചര്യങ്ങളെ സംബന്ധിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുകയും സ്വന്തം പ്രവര്‍ത്തകര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും ചെയ്തുപോന്നു ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍.
തെറ്റായ ലക്ഷ്യങ്ങളില്‍ അധിഷ്ഠിതവും, അബദ്ധജടിലമായ അടിസ്ഥാനങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടതും, ആ ലക്ഷ്യങ്ങളിലും അടിസ്ഥാനങ്ങളിലും നിലകൊണ്ടുതന്നെ സമൂഹത്തില്‍ വ്യാപകമായി നടപ്പിലുള്ളതുമായ, എന്നാല്‍ മറ്റു നിലകളില്‍ ശരിയുടെ ചില തലങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന ആചാരങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും നേരെ സ്വീകരിക്കേണ്ട സമീപനം എന്ത് എന്നത് പ്രവാചകചര്യകളില്‍നിന്ന് രൂപപ്പെടുത്തിയെടുക്കാവുന്നതാണ്. ആ കര്‍മങ്ങളും ആചാരങ്ങളും അതേപടി തുടര്‍ന്നാല്‍ തെറ്റായ ലക്ഷ്യങ്ങളെയും അബദ്ധ ജടില അടിസ്ഥാനങ്ങളെയും സംബന്ധിച്ച് ബോധവല്‍ക്കരിക്കപ്പെടുകയോ അവ ഇസ്ലാമികമായ തലങ്ങളില്‍ മുസ്‌ലിംകളാല്‍ പോലും തിരുത്തപ്പെടുകയോ ഇല്ല.
രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ സമഗ്രതല സ്പര്‍ശിയായ ഒരു പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ കാണുന്ന പ്രസ്ഥാനങ്ങള്‍ക്ക്, അവയുടെ അനുയായികള്‍ക്കും മുസ്‌ലിം സമൂഹത്തിനും ഇതുസംബന്ധമായ കൃത്യമായ അവബോധം നല്‍കാന്‍ സഹായകമാവുന്ന സമീപനം, മറ്റു സമീപനങ്ങള്‍ക്ക് വേറിട്ട എന്തെങ്കിലും വ്യത്യാസമോ മാറ്റമോ ഉണ്ടാക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ വിശേഷിച്ചും, അനിസ്‌ലാമിക അടിസ്ഥാനങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടതും തുടര്‍ന്നുപോരുന്നതുമായ പ്രക്രിയകളില്‍നിന്ന് വിട്ടുനില്‍ക്കുക എന്നതുതന്നെയാണ്. ഇതാണ് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിഷയങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച സമീപനം. പ്രവാചകന്റെ ആദ്യകാല ഖബ്ര്‍ സന്ദര്‍ശന വിലക്കില്‍നിന്ന് ഇതിന്റെ ന്യായം കത്തൊം.
എന്നാല്‍, തദ്വിഷയകമായി ആവശ്യമായ വിദ്യാഭ്യാസം അനുയായികള്‍ക്ക് നല്‍കി എന്ന് ഉറപ്പുവരുത്തിയാല്‍, ഇസ്ലാമികമായ മറ്റു വേറിട്ട ഉപലക്ഷ്യങ്ങള്‍ മുന്നില്‍നിര്‍ത്തി അതേ പ്രകിയയെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മറ്റുള്ളവര്‍ മറ്റു നിലകളില്‍ തെറ്റായ ലക്ഷ്യങ്ങള്‍ക്ക് ആ പ്രക്രിയയെ ഉപയോഗപ്പെടുത്തുന്നു എന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അതിനെ ഉപയോഗപ്പെടുത്തുന്നതിന് തടസ്സമാവേണ്ടതില്ല. വ്യവസ്ഥയും അതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ കക്ഷികളും അനിസ്ലാമികമാണെങ്കില്‍ പോലും, ഇസ്ലാമിനോടും മുസ്‌ലിംകളോടുമുള്ള വ്യത്യസ്ത കക്ഷികളുടെ നിലപാടുകള്‍ വ്യത്യസ്തമാവുകയും, പൊതുവായ മത സദാചാര പ്രശ്‌നങ്ങളെ സമീപിക്കുന്നിടത്ത് ഓരോ കക്ഷിക്കും അനുഭാവത്തിന്റേതും എതിര്‍പ്പിന്റേതുമായ ഭിന്ന സമീപനങ്ങള്‍ ഉണ്ടാവുകയും, തദ്വിഷയകമായി ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ സമീപനത്തിന് ചെറുതല്ലാത്തെ സ്വാധീനം സമൂഹത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിശേഷിച്ചും ഒരു ബഹുകക്ഷി ജനായത്ത പ്രക്രിയയില്‍ കൃത്യമായ മുന്‍ഗണനാക്രമത്തിന്റെ അടിസ്ഥാനത്തില്‍ ഇടപെടുന്നതിന് വിശുദ്ധ ഖുര്‍ആനോ തിരുസുന്നത്തോ ഇസ്ലാമിക കര്‍മശാസ്ത്രമോ തടസ്സം നില്‍ക്കുന്നില്ല. അത് നേരത്തേ മറ്റൊരു ലക്ഷ്യം മുന്നില്‍വെച്ച് വിട്ടുനില്‍ക്കുക എന്ന സമീപനവും നയവും സ്വീകരിച്ചു എന്നതിന് വിരുദ്ധവുമല്ല. മാത്രമല്ല നേരത്തേ സൂചിപ്പിച്ച സാഹചര്യങ്ങളില്‍ അത്തരം ഇടപെടലുകള്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ആവശ്യപ്പെടുന്നുമുണ്ട്. ഈ സമീപനം സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച് ഇസ്ലാമിക മൂല്യങ്ങളിലും അടിസ്ഥാനങ്ങളിലും ഉറച്ചുനിന്നുകൊണ്ടുതന്നെ ഇനിയും പല തലങ്ങളില്‍ വികസിപ്പിക്കാവുന്നതാണ്. അത്തരം ഒരു വികാസം മാത്രമാണ് ഇന്ത്യ പോലുള്ള, നീതിനിഷേധവും ചൂഷണവും മനുഷ്യാവകാശ ലംഘനങ്ങളും വര്‍ഗീയതയും അഴിമതിയും നിറഞ്ഞാടുന്ന ബഹുസ്വര സമൂഹങ്ങളില്‍, ചില പൊതു മൂല്യങ്ങളില്‍ യോജിക്കുന്ന ജനങ്ങളെ മത-വിശ്വാസനിരപേക്ഷമായി സംഘടിപ്പിച്ചുകൊണ്ട്, സമത്വത്തിനും നീതിക്കും മനുഷ്യാവകാശത്തിനും വിശ്വാസസ്വാതന്ത്ര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമൊക്കെ നിലകൊള്ളുന്ന കൂട്ടായ്മ രൂപപ്പെടുത്തുക എന്നതും. സമൂഹം പൊതുവായി തിന്മയെന്ന് വിശ്വസിക്കുന്ന ഒരു കാര്യം ഇല്ലാതാക്കുന്നതിന് സത്യവിശ്വാസി സ്വീകരിക്കേണ്ട അധികാരശക്തിയുടെയും മാധ്യമങ്ങളുടെയും നിസ്സഹകരണത്തിന്റെയും ക്രമം പ്രവാചകാധ്യാപനത്തിലൂടെ സ്ഥിരപ്പെട്ടതാണ്. പ്രവാചകന്റെയും അനുയായികളുടെയും ജീവിതംതന്നെ ഇത്തരം സാമൂഹികവും രാഷ്ട്രീയവുമായ പരീക്ഷണങ്ങളുടെ തുടര്‍ച്ച കൂടിയായിരുന്നു.
ഇത്രയും പറഞ്ഞത് ജനാധിപത്യവും മതേതരത്വവും പോലുള്ള സാമൂഹിക-രാഷ്ട്രീയ പ്രക്രിയകളെ സമീപിക്കുമ്പോഴുള്ള ഇലാസ്തികവും അതേസമയം ഇസ്ലാമികവുമായ നയസമീപനങ്ങളെ കുറിച്ചാണ്. എന്നാല്‍, ജനാധിപത്യം താത്ത്വികമായും പ്രായോഗികമായും വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് പൊതുബോധത്തിന് സ്വീകാര്യമാകുന്ന പുതിയ പദാവലികളും സംജ്ഞകളും ഉപയോഗിച്ച് ആവശ്യമായ തിരുത്തുകള്‍ കൂടി നല്‍കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും രണ്ട് അടിസ്ഥാനങ്ങള്‍ സമഭാവനയുടേതും നീതിയുടേതുമാണ്. ഇത് രണ്ടും ഇസ്ലാമിക സാമൂഹിക-രാഷ്ട്രീയ സംവിധാനത്തിന്റെയും അടിസ്ഥാനങ്ങളാണ്. ഉത്തരവാദിത്തങ്ങള്‍ എല്ലാ തലങ്ങളിലും അതിന് അര്‍ഹരായ ആളുകളെ ഏല്‍പിക്കുക എന്നത് ഇസ്ലാമും (ഖുര്‍ആന്‍ 4:58) ജനാധിപത്യവും അവയുടെ രീതിശാസ്ത്രങ്ങളില്‍ പൊതുവായി ലക്ഷ്യംവെക്കുന്ന കാര്യമാണ്. ജനഹിതത്തെ പുഛിക്കുന്ന ഭരണം എന്നത് ജനാധിപത്യത്തിന്റെ ചൈതന്യത്തിന് യോജിക്കാത്തതാണെങ്കില്‍, ഇസ്ലാം അത്തരം ഭരണാധികാരികളെ അനുസരിക്കുന്നതുതന്നെ അധര്‍മമായി കണക്കാക്കുകയും അങ്ങനെ അനുസരിക്കുന്ന സമൂഹത്തെ അധര്‍മകാരികളായി കാണുകയും ചെയ്യുന്നു (ഖുര്‍ആന്‍ 43:54). ഇവിടെ ജനാധിപത്യത്തിലെ 'ആധിപത്യം' എന്ന പ്രത്യയം പ്രയോഗതലത്തില്‍ അത് ഉയര്‍ത്തിപ്പിടിക്കുന്ന സമഭാവനയുടെ നിഷേധം കൂടിയാണ്. മനുഷ്യന്റെ മേലുള്ള മറ്റു ചിലരുടെ ആധിപത്യമായി അത് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ഈ ആധിപത്യമനോഭാവം സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ മാത്രമല്ല പ്രതിഫലിക്കുന്നത്. സാമ്പത്തിക-സാംസ്‌കാരിക-പാരിസ്ഥിതിക രംഗങ്ങളിലെല്ലാം അതിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിക്കുന്നുണ്ട്. 'ആധിപത്യം' എന്നതിനു പകരം 'പ്രാതിനിധ്യം' എന്ന് പറയുന്നത് വെറും ഒരു പദത്തിലെ മാറ്റമല്ല; തത്ത്വത്തിലും പ്രയോഗത്തിലും അടിസ്ഥാനപരമായ മാറ്റം ഉള്‍ക്കൊള്ളുന്നതും നിലവിലെ രാഷ്ട്രീയ-സാമൂഹിക ക്രമത്തെ മനുഷ്യന്റെ പ്രകൃതിപരതയുടെ തലത്തില്‍നിന്നുകൊണ്ട് നിര്‍മാണാത്മക രൂപത്തില്‍ പുനഃസംരചന നടത്തുന്നതുമാണ് അത്. 'പ്രാതിനിധ്യം' എന്നത് സര്‍വ തലങ്ങളിലും മനുഷ്യന്‍ അനുഭവിക്കുന്ന അപര്യാപ്തതക്കുള്ള പരിഹാരം കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.
പ്രകൃതിയും നാഗരികചരിത്രവും ഒരു അവിതര്‍ക്കിത യാഥാര്‍ഥ്യത്തെ വ്യക്തമാക്കുന്നു; ഈ ലോകത്ത് പാഴ്‌വസ്തു ഉണ്ടാവില്ല എന്നതാണത്. ഏതൊരു സൃഷ്ടിയുടെ പിന്നിലും വിവേകപൂര്‍ണമായ ലക്ഷ്യം ഇല്ലാതിരിക്കില്ല. ഈ പ്രപഞ്ചത്തില്‍ അങ്ങനെയല്ലാത്ത വല്ലതും നാം കാണുന്നുണ്ടോ? ഒരുപക്ഷേ കുറച്ചുകാലത്തേക്ക് ഒരു പ്രത്യേക സൃഷ്ടിയുടെ പിന്നിലെ യുക്തി നമുക്ക് മനസ്സിലാകാതെയിരിക്കാം എന്നു കരുതി ആ സൃഷ്ടി യുക്തിരഹിതമാണെന്നു പറയുക സാധ്യമല്ല. നാം ചിന്തിക്കുന്നുവെന്നതുതന്നെ നമ്മുടെ അറിവിലെ അപര്യാപ്തതയുടെ കൂടി ഫലമാണ്. എന്നും നാം ചിന്തിക്കുന്നവരായിരിക്കും എന്നത് നമുക്ക് അറിയാത്ത പലതും എന്നും ഉണ്ടായിരിക്കും എന്നതിനെ സ്ഥിരീകരിക്കുന്നുണ്ട്. അതിനാലാണ് നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പരിഷ്‌കരണത്തിന്റെയും നവീകരണത്തിന്റെയും പുതിയ കണ്ടെത്തലുകളുടെയും കണ്ടുപിടിത്തങ്ങളുടെയും ഒക്കെ സാധ്യത നിലകൊള്ളുന്നത്. അങ്ങനെ ചിന്തയുടെ ചക്രം മുന്നോട്ടുപോകുന്നതിനനുസരിച്ച്, നാം ഓരോ സൃഷ്ടിക്കു പിന്നിലും ഉണ്ടെന്ന് അറിയുന്ന ലക്ഷ്യമാണ് പിന്നീട് കണ്ടുപിടിത്തമായി വിശേഷിപ്പിക്കപ്പെടുക. അങ്ങനെയാണ് എഞ്ചിനുകള്‍ കണ്ടുപിടിക്കപ്പെട്ടതോടെ അതുവരെ പാഴ്‌വസ്തുവായി കണക്കാക്കപ്പെട്ടിരുന്ന പെട്രോളും പ്ലാസ്റ്റിക് യുഗത്തിന്റെ ബില്‍ഡിംഗ് ബ്ലോക്കായി പ്രവര്‍ത്തിക്കുന്ന ഈഥൈനുമൊക്കെ ആധുനിക സമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായി മാറിയത്.
ഇത്രയും പറഞ്ഞത് മനുഷ്യന്റെ ജീവസന്ധാരണത്തിന് നമ്മുടെ പ്രകൃതിയെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതയെ സൂചിപ്പിക്കാനാണ്. പക്ഷേ, ഇത് മനുഷ്യനിലെ ആധിപത്യ മനോഭാവം സൂചിപ്പിക്കുന്നതുപോലെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടായിരിക്കരുത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''നാം ഈ പ്രപഞ്ചത്തെ ഉപരിഘടനയോടുകൂടി സൃഷ്ടിച്ചു. എന്നിട്ട് അതിനൊരു സന്തുലിതത്വത്തിന്റേതായ തുലനക്രമം നിശ്ചയിച്ചു; നിങ്ങള്‍ ആ തുലനക്രമത്തില്‍ അതിക്രമിച്ചു കയറാതിരിക്കാന്‍. നിങ്ങള്‍ ആ തുലനം അതേപടി നിലനിര്‍ത്തുന്നതിനു പ്രവര്‍ത്തിക്കുക. അതിനെ അലങ്കോലപ്പെടുത്തരുത്'' (55:79). ഈ പ്രയോജനം ഏതെങ്കിലും ഒരു തലമുറയോടു കൂടി അവസാനിക്കേണ്ടതുമല്ല. ഇത് മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുന്നകാലത്തോളം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യേണ്ടതാണെന്ന ബോധം നമുക്കുണ്ടായിരിക്കണം. 'നീ ഈ ലോകത്ത് പ്രവര്‍ത്തിക്കുമ്പോള്‍ എന്നെന്നും ജീവിക്കുന്നവനെ പോലെ പ്രവര്‍ത്തിക്കണ'മെന്ന പ്രവാചകവചനം ഓര്‍ക്കുക.
പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യപ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ അടിസ്ഥാന കാരണം അവന്‍ ആവിഷ്‌കരിച്ച ആധിപത്യത്തിന്റെ രാഷ്ട്രീയമാണ്. മനുഷ്യചിന്ത രൂപം കൊടുത്ത ഏതാണ്ടെല്ലാ വ്യവസ്ഥകളും അവ ഏതു പേരില്‍ അറിയപ്പെട്ടാലും അവസാനിക്കുന്നത് 'ആധിപത്യ'ത്തിലാണ്.
ജനാധിപത്യ വ്യവസ്ഥക്ക് അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ആധിപത്യത്തിന്റേതായ ഒരു മുഖമുണ്ടെങ്കിലും പേരില്‍ സൂചിതമല്ലാത്തതെങ്കിലും അവഗണിക്കാനാകാത്ത ജനപ്രാതിനിധ്യത്തിന്റേതായ ഒരു തലവും ഉണ്ട്. നിര്‍ഭാഗ്യവശാല്‍, ഇന്ത്യയിലേതുള്‍പ്പെടെയുള്ള ആധുനിക ജനാധിപത്യ വ്യവസ്ഥകള്‍ അതിന്റെ ആധിപത്യബോധത്തിന്റെ തലത്തില്‍ വികസിക്കുകയും പ്രാതിനിധ്യബോധത്തിന്റെ തലത്തില്‍ സങ്കോചിക്കുകയും ചെയ്തതാണ് അവ ജീര്‍ണിക്കുകയും ഒരുതരം സ്വത്വപ്രതിസന്ധി നേരിടുകയും ചെയ്യുന്നതിന്റെ കാരണം. ഇതുവരെ നാം അനുഭവിച്ച ഈ ആധിപത്യരാഷ്ട്രീയം പൗരന്മാരുടെയും പ്രകൃതിവ്യവസ്ഥയുടെയും സുരക്ഷയുടെയും സംരക്ഷണത്തിന്റെയും ഉത്തരവാദിത്തം ഒട്ടും ദ്യോതിപ്പിക്കുന്നില്ലെന്നു മാത്രമല്ല, ഈ ആധിപത്യബോധത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന വ്യവസ്ഥ പൗരന്മാര്‍ക്കുള്ള സേവന സമിതിയാകുന്നതിനു പകരം അവരുടെ വിഭവങ്ങളെ കൊള്ളയടിച്ച്, അവരുടെ ആവാസവ്യവസ്ഥയെ അപകടപ്പെടുത്തി 'ആധിപത്യം' എന്ന സംജ്ഞ സൂചിപ്പിക്കുന്നതുപോലെത്തന്നെ 'അടിച്ചേല്‍പ്പിക്കല്‍ സമിതി'കളായി മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക മേഖലയില്‍ ഈ ആധിപത്യമാനോഭാവം പ്രതിഫലിക്കുന്നത് താന്തോന്നിത്തത്തിന്റെയും അഹങ്കാരത്തിന്റെയും തത്ത്വശാസ്ത്രമായ കേവലവും അനിയന്ത്രിതവുമായ ഉടമാവകാശമായിട്ടാണ്. തനിക്കപ്പുറമുള്ള തലമുറയെ കാണാന്‍ സാധിക്കാത്ത, തന്റെ കേവലമായ അധികാര-അവകാശങ്ങളെ മാത്രം ദ്യോതിപ്പിക്കുന്ന 'ആധിപത്യ'ബോധത്തിന്റെ സ്ഥാനത്ത് കൃത്യവും വ്യക്തവുമായ ഉത്തരവാദിത്തത്തെയും കടമകളെയും പ്രകാശിപ്പിക്കുന്ന, അവയെ കൂടി പ്രതിനിധീകരിക്കുന്ന, ജനങ്ങളെയും മൂല്യങ്ങളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്ന, അവയുടെ കൂടി പ്രതിനിധാനം നിര്‍വഹിക്കുന്ന, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യവും പങ്കാളിത്തവും നല്‍കുന്ന, നമ്മുടെ തലമുറക്കു ശേഷവും പിറക്കാനും വളരാനുമുള്ള മുഴുവന്‍ തലമുറകളെയും കണ്‍മുന്നില്‍ കാണുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന 'പ്രാതിനിധ്യ'ബോധത്തെ സ്ഥാപിക്കുന്ന ഒരു നവ ജനായത്ത രാഷ്ട്രീയത്തിന്റെ നിര്‍മിതിയിലൂടെ മാത്രമേ നമുക്ക് മനുഷ്യനെയും പ്രകൃതിയെയും സംരക്ഷിക്കാന്‍ സാധിക്കൂ. സാമ്പത്തിക മേഖലയിലാവട്ടെ, താന്തോന്നിത്തവും തജ്ജന്യമായ മനോവൈകൃതങ്ങളും ഉണ്ടാക്കുന്ന ഉടമാവകാശ സങ്കല്‍പത്തിനു പകരം പ്രാതിനിധ്യബോധത്തിനു അനുപൂരകമായ ഉത്തരവാദിത്തബോധം സന്നിവേശിപ്പിക്കുന്ന, സമൂഹത്തോടും സമഷ്ടി ലോകത്തോടുമുള്ള കടമകളും ബാധ്യതകളും കൃത്യമായി പഠിപ്പിക്കുന്ന, മനുഷ്യമനോഭാവത്തില്‍തന്നെ ക്രിയാത്മകവും നിര്‍മാണാത്മകവുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന, വിനയവും യാഥാര്‍ഥ്യബോധവും സൃഷ്ടിക്കുന്ന 'ട്രസ്റ്റിഷിപ്പ്' സങ്കല്‍പ്പം മനുഷ്യ മനസ്സില്‍ രൂഢമൂലാമാക്കേണ്ടതുണ്ട്. ഈ പ്രപഞ്ചത്തിലെ ഒരു പ്രതിഭാസത്തിനും അതിന്റെ ഉണ്മയിലോ നിലനില്‍പിലോ വളര്‍ച്ചയിലോ അതിന്റെ അവസാനത്തിലോ ഒരു ഉടമാവകാശവും നിയന്ത്രണവും ഇല്ല എന്നതാണ് വസ്തുത. മനുഷ്യനും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. മനുഷ്യന്‍ അവന്റേത് എന്ന് കരുതുന്ന അവന്റെ ശരീരത്തെ പോലും ഉടമപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വന്തത്തില്‍തന്നെ ഉടമാവകാശം ഇല്ലാത്ത മനുഷ്യന്‍ എങ്ങനെയാണ് അവനു ബാഹ്യമായ വസ്തുവിനെ ഉടമപ്പെടുത്തുക? അപ്പോള്‍, നാമും നമ്മുടെ തലമുറയും പിറന്നുവീഴുന്നതിനു മുമ്പേ ഇവിടെയുണ്ടായിരുന്ന, നമ്മള്‍ ജനിച്ചുവീഴുമ്പോള്‍ കൊണ്ടുവന്നിട്ടില്ലാത്ത, നമ്മള്‍ മരിക്കുമ്പോള്‍ നമുക്ക് കൂടെ കൊണ്ടുപോകാന്‍ കഴിയാത്ത, നമുക്കു ശേഷവും ഇവിടെ നിലനില്‍ക്കുന്ന, നമുക്ക് പൂര്‍വിക തലമുറകള്‍ കൈമാറിയ, നമ്മള്‍ വരുംതലമുറകള്‍ക്ക് കൂടുതല്‍ യോഗ്യവും ഉത്തമവുമായ രൂപത്തില്‍ കൈമാറേണ്ട ഈ പ്രകൃതിവിഭവങ്ങളുടെ മേല്‍ നമുക്കുണ്ടാകാവുന്ന ഏക ബന്ധം ട്രസ്റ്റിഷിപ്പിന്റേതു മാത്രമാണെന്നതാണ് യാഥാര്‍ഥ്യം. ഉപരിസൂചിത ഉടമാവകാശ സങ്കല്‍പത്തിനു പകരം പ്രാതിനിധ്യബോധത്തിന് അനുപൂരകമായ ട്രസ്റ്റിഷിപ്പിന്റെ അവസരം സൃഷ്ടിക്കപ്പെടുന്നതും നല്‍കപ്പെടുന്നതും സമൂഹത്തിലൂടെയാണ്. അവസരങ്ങള്‍ക്കു വേണ്ടി മത്സരിക്കാനുള്ള അവകാശത്തില്‍ എല്ലാവരും തുല്യരാണെങ്കിലും, അവസരങ്ങള്‍ എല്ലാവര്‍ക്കും തുല്യമായല്ല ലഭിക്കുന്നത്. പരിമിതമായ അവസരങ്ങള്‍ അങ്ങനെ ലഭിക്കുക സംഭവ്യമോ സാധ്യമോ അല്ല. അപ്പോള്‍ സമൂഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതും നല്‍കപ്പെടുന്നതുമായ അവസരങ്ങള്‍ ഉപയോഗിച്ച് ആവശ്യത്തിലേറെ സമ്പാദിക്കാന്‍ സാധിക്കുന്നവരുടെ മിച്ചധനത്തില്‍, ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ള അവസരം ലഭിക്കാത്ത അതേ സമൂഹത്തിലെ തന്നെ മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ടെന്നത് ഇതേ ട്രസ്റ്റിഷിപ്പിന്റെ പാഠമാണ്. ഇത് അവസരം ലഭിക്കാതിരുന്നവരുടെ അവകാശം എന്നതിനു പുറമെ മിച്ചധനം ആര്‍ജിക്കാന്‍ അവസരം ലഭിച്ചവരുടെ ധാര്‍മികവും സാമൂഹികവുമായ ബാധ്യതയുമാണ്. പൗരസമൂഹത്തിന് ഇത് സാമൂഹികപ്രതിബദ്ധതയുടെ പാഠം നല്‍കുകയും ധനത്തിന്റെ ചംക്രമണത്തിന് സഹായിക്കുക വഴി സമ്പദ്ഘടനയുടെ സകല തന്ത്രികളെയും ലൂബ്രിക്കേറ്റ് ചെയ്ത് കാര്യക്ഷമവും പ്രവര്‍ത്തനക്ഷമവുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. നീതിനിഷ്ഠയിലും മാനവിക ബോധത്തിലുമധിഷ്ഠിതമായ, പ്രകൃതിക്കും ആവാസവ്യവസ്ഥക്കുമിണങ്ങുന്ന, പ്രാതിനിധ്യ രാഷ്ട്രീയത്തിന് അനുപൂരകമായ സാമ്പത്തിക വ്യവസ്ഥയുടെ നിര്‍മാണത്തിനുകൂടി ഈ നവരാഷ്ട്രീയസങ്കല്‍പം സഹായകമാവും. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ഭൂമിയിലെ സ്ഥാനത്തെ 'പ്രതിനിധി' എന്ന് വിശേഷിപ്പിക്കുമ്പോള്‍ 'എന്റെ പ്രതിനിധി' എന്നോ 'ദൈവത്തിന്റെ പ്രതിനിധി' എന്നോ ഒരിടത്തും പറയാതിരുന്നത്, മനുഷ്യന്‍ വൈയക്തികമായും സാമൂഹികമായും അവനെ തന്നെയും, സകല മൂല്യങ്ങളെയും ഭാവിയെയും പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും ഒക്കെ പ്രതിനിധീകരിക്കുന്നതുകൊണ്ടുകൂടിയാണ് എന്ന് മനസ്സിലാക്കാം.
ഭൂരിപക്ഷത്തിന്റെ തീരുമാനാടിസ്ഥാനത്തില്‍ രൂപപ്പെടുന്നതെന്ന് കരുതപ്പെടുന്ന ജനാധിപത്യവ്യവസ്ഥ ഈ വിഷയത്തില്‍ ഇതര വ്യവസ്ഥകളില്‍നിന്ന് താരതമ്യേന ഗുണപരമായ മേന്മ പുലര്‍ത്തേണ്ടതായിരുന്നു. പക്ഷേ, ജനാധിപത്യവ്യവസ്ഥതന്നെയും ഒരുതരം സ്വത്വപ്രതിസന്ധി നേരിടുന്നുവെന്നതാണ് വസ്തുത. ഒന്നാമതായി ആധുനിക ജനാധിപത്യം അനുഭവിക്കുന്ന പ്രശ്‌നം, ഭൂരിപക്ഷ തീരുമാനത്തിന്റെ സാധുത ഉരച്ചുനോക്കാനുള്ള സ്ഥായിയായ മൂല്യങ്ങളുടെ ഒരു അടിത്തറ ജനാധിപത്യത്തിനില്ല എന്നതാണ്. അങ്ങനെയൊരു അടിത്തറ ഉണ്ടായിരുന്നെങ്കില്‍ ഏതു അഭിപ്രായങ്ങളെയും അതുമായി ഉരച്ചുനോക്കി തീരുമാനിക്കാമായിരുന്നു. അങ്ങനെയൊന്ന് ഇല്ലാത്തതുകൊണ്ടുതന്നെ അക്ഷരജ്ഞാനം പോലുമില്ലാത്ത ഭൂരിപക്ഷം ഒരുതരം വൈകാരികതക്കടിപ്പെട്ട്, രാജ്യത്തിന്റെ ദേശീയതാല്‍പര്യങ്ങള്‍ അറിയാതെ, രാജ്യമനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളെക്കുറിച്ച് ചിന്തിക്കാതെ, അതഭിമുഖീകരിക്കുന്ന വൈദേശിക ഭീഷണികളെക്കുറിച്ച് ബോധമില്ലാതെ, പാര്‍ലമെന്റും നിയമസഭകളും നടനനൃത്തപരിപാടികള്‍ക്കുള്ളതാണെന്നപോലെ മറ്റു നിലക്ക് ഒരു യോഗ്യതയുമില്ലാത്ത നടീനടന്മാരെയും പണച്ചാക്കുകളെയും ക്രിമിനലുകളെയും വോട്ടു ചെയ്ത് വിജയിപ്പിക്കുന്ന സാഹചര്യം രൂപപ്പെടുന്നു. ആരെ ജനങ്ങളുടെ പ്രതിനിധിയാക്കണമെന്ന അഭിപ്രായത്തെ 'സമ്മതിദാന'മായി കണക്കാക്കുമ്പോള്‍ ജനാധിപത്യം മൗലികമായ ഒരു പ്രശ്‌നത്തെ നേരിടുന്നു. കുറേയാളുകള്‍ തങ്ങളുടെ സമ്മതം ദാനമായി നല്‍കുന്നതുകൊണ്ട്, അങ്ങനെ നല്‍കാത്തവരുടേതു കൂടി നല്‍കപ്പെട്ടതായി കണക്കാക്കാന്‍ സാധിക്കുമോ? അങ്ങനെയൊരു 'സമ്മതിദാനം' മറ്റു നിലക്ക് ഒരു യോഗ്യതയുമില്ലാത്ത ക്രിമിനലിനോ പണച്ചാക്കിനോ നടീനടന്മാര്‍ക്കോ നല്‍കിയിട്ടില്ലാത്തവരുടേതു കൂടിയാക്കുന്നതിനു വേണ്ടി ജനാധിപത്യത്തിന് വീണ്ടും ഈ സമ്മതിദാനത്തെ ജനങ്ങളുടെ ഭൂരിപക്ഷാഭിപ്രായമായി മാത്രം കണക്കാക്കേണ്ടിവരുന്നു.
വേണ്ടത്ര വിദ്യാഭ്യാസമോ രാഷ്ട്രീയ-സാമൂഹികാവബോധമോ ഇല്ലാത്ത ഭൂരിപക്ഷം ജീവിക്കുന്ന ഒരു രാജ്യത്ത് തലയെണ്ണി മാത്രം തീരുമാനമെടുക്കുന്ന ജനാധിപത്യ വ്യവസ്ഥ പൂര്‍ണ പരാജയമായിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല. പൗരന്മാരുടെ ജനാധിപത്യബോധവും അവകാശവും വോട്ടിംഗ് മെഷീനിലെ സമ്മതിദാനത്തില്‍ അവസാനിക്കും. ഇങ്ങനെ തെരഞ്ഞടുക്കപ്പെടുന്ന സംവിധാനം ചുരുക്കം ചിലരുടെ സ്വേഛാധിപത്യമാകുന്നതിന്റെ പ്രശ്‌നം ഇതിനു പുറമെയാണ്. പ്രാതിനിധ്യബോധത്തിന്റെ സ്ഥാനത്ത് ആധിപത്യബോധം നിലനില്‍ക്കുന്നിടത്ത് ഇത് സ്വാഭാവികം മാത്രം. ശരിയായ പ്രാതിനിധ്യസങ്കല്‍പ്പത്തില്‍ ജനങ്ങള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുത്തവരെ, തെരഞ്ഞെടുക്കപ്പെട്ടവര്‍ തങ്ങളെ പ്രതിനിധീകരിക്കേ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് അനുഭവപ്പെടുമ്പോള്‍ തിരിച്ചുവിളിക്കാനുള്ള അവകാശമുണ്ടായിരിക്കും. എന്നാല്‍, ലോകത്തെ മിക്ക ജനായത്ത രാജ്യങ്ങളിലും ആധിപത്യമനോഭാവം നിലനില്‍ക്കുന്നതുകൊണ്ടുതന്നെയായിരിക്കണം തെരഞ്ഞെടുത്തയച്ച ജനങ്ങള്‍ക്ക് അവരുടെ എം.പിയോ ഭരണാധികാരിയോ ജനങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്ന് അനുഭവപ്പെട്ടാലും തിരിച്ചുവിളിക്കാനുള്ള അവകാശം നല്‍കുന്നില്ല.
ഒട്ടും ധാര്‍മികതയില്ലാത്ത, ഒരു തരത്തിലുള്ള മൂല്യങ്ങളെയും പ്രതിനിധീകരിക്കാത്ത ചില സ്വാര്‍ഥംഭരികളും കുടില-സങ്കുചിത താല്‍പര്യങ്ങളുടെ അടിമകളുമായ നേതാക്കളുടെ സ്വേഛക്ക് വിധേയപ്പെട്ട് അടിമജീവിതം നയിക്കാമെന്ന് പറയുന്നതിനു തുല്യമായി തോന്നിപ്പിക്കുന്ന, വെറും വോട്ടിംഗ് മെഷീനില്‍ അവസാനിക്കുന്ന നിലവിലെ ജനായത്ത പ്രക്രിയയെ മാറ്റിപ്പണിത്, ജനങ്ങളുടെ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്ന, അവരെ ശാക്തീകരിക്കുന്ന, നേരത്തേ പറഞ്ഞ ജനപ്രാതിനിധ്യത്തെയും പങ്കാളിത്തത്തെയും ഉറപ്പുവരുത്തുന്ന ജനായത്ത രീതിയിലേക്ക് മാറിക്കൊണ്ടു മാത്രമേ ഈ നഷ്ടപ്പെടുന്ന വിശ്വാസത്തെ വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. സുപ്രധാനമായ സാമൂഹിക-പാരിസ്ഥിതിക വിഷയങ്ങളിലോ, സാമ്പത്തിക-വിദേശ നയപ്രശ്‌നങ്ങളിലോ ഒരു നിലപാടും വ്യക്തമാക്കാതെ ജനങ്ങളെ പ്രതിനിധീകരിക്കുമെന്നും ഭരണത്തിന്റെ നയനിലപാടുകള്‍ രൂപീകരിക്കുമ്പോള്‍ അവരെ വിശ്വാസത്തിലെടുക്കുകയും പങ്കാളികളാക്കുകയും ചെയ്യുമെന്നും അവരെ വിശ്വസിപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട 'ജനായത്ത' ഭരണകൂടങ്ങള്‍ ഭരണകാര്യങ്ങളില്‍ ജനഹിതത്തില്‍നിന്ന് എത്രമാത്രം വിദൂരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ജനാധിപത്യ മേലങ്കിയണിഞ്ഞ ഏതൊരു രാജ്യത്തെയും രാഷ്ട്രീയത്തെയും രാഷ്ട്രീയ പാര്‍ട്ടിയെയും പഠനവിധേയമാക്കിയാല്‍ കൂടുതല്‍ അര്‍ഹരായ ആളുകള്‍ പുറത്തിരിക്കെതന്നെ ജനാധിപത്യത്തിന്റെ പേരില്‍ പുത്ര-ഭാര്യാ-സഹോദര-സഹോദരീ-ബന്ധുമിത്രാദികളുടെ രുചിക്കൂട്ട്, ഭരണ-പാര്‍ട്ടി നിര്‍വാഹക സിരാകേന്ദ്രങ്ങളില്‍ രൂപപ്പെടുന്നത് കാണാന്‍ സാധിക്കും. ഈ വീതംവെപ്പിനു വേണ്ടി മാത്രം ഒരു ജനായത്ത രീതിയും പരിപാടികളും ചേരുവയായി ഉണ്ടാവുകയും പിന്നെ അല്‍പസ്വല്‍പം മറ്റു വിഭാഗങ്ങളെയും വീതംവെപ്പില്‍ പങ്കാളികളാക്കുകയും ചെയ്താല്‍ അതുമാത്രം തന്നെ ജനാധിപത്യത്തിന്റെ റെസിപ്പീയാകുന്നിടത്താണ് പ്രയോഗതലത്തില്‍ ആധുനിക ജനാധിപത്യത്തിന്റെ കാതലായ പ്രശ്‌നം കുടികൊള്ളുന്നത്.
പ്രായോഗികതലത്തില്‍ ജനാധിപത്യം, ഉത്തരവാദിത്തത്തെ അതിന്റെ എല്ലാ തലങ്ങളിലും മേഖലകളിലും അര്‍ഹരായ ആളുകളെ ഏല്‍പിക്കുന്ന സാമൂഹിക പ്രക്രിയ കൂടിയാവേണ്ടതായിരുന്നു. വളരെ പ്രധാനമായ രാഷ്ട്രീയതലം തലയെണ്ണി മാത്രം നിശ്ചയിക്കുന്ന ജനാധിപത്യം ഒരുപക്ഷേ ഏറ്റവും കൂടുതല്‍ പരാജയപ്പെടുന്നതും ഈ രംഗത്താണ്. ഈ പരാജയം ജനങ്ങള്‍ക്ക് ഒരു ചെലവും ഒരു നഷ്ടവും വരുത്താത്ത പരാജയമല്ല. അനര്‍ഹരായ ആളുകളില്‍ ഭരണവും നിയമനിര്‍മാണവും പോലുള്ള സുപ്രധാന കാര്യങ്ങള്‍ ഏല്‍പിക്കപ്പെടുമ്പോള്‍ അത് ക്രമാതീത (Exponential) നഷ്ടം വരുത്തിവെക്കുക മാത്രമല്ല, ഒരു ഭരണ-രാഷ്ട്രീയ ക്രമമെന്ന നിലയില്‍ ഏറ്റവും ചെലവുകൂടിയ വ്യവസ്ഥയായി ജനാധിപത്യം മാറുകയും ചെയ്യും. കോടിക്കണക്കിനു രൂപ ഇന്‍വെസ്റ്റ് ചെയ്ത് നൂറു രൂപപോലും വരുമാനം കാണിക്കാന്‍ സാധിക്കാത്ത ഒരു കച്ചവടത്തിലാണ് നാം ഏര്‍പ്പെട്ടിരിക്കുന്നതെന്ന് കട്ടായം. ഇത്രയധികം കാശ് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രക്രിയക്കും ആവശ്യമായിവരുന്നതുതന്നെ ഈ സ്വഭാവത്തിലുള്ള തെരഞ്ഞെടുപ്പുരീതി ജനാധിപത്യവ്യവസ്ഥകളെ ആഗോളാടിസ്ഥാനത്തില്‍ പൊതുവെയും ഇന്ത്യയില്‍ പ്രത്യേകിച്ചും രാഷ്ട്രീയക്കാര്‍ക്ക് ഒരു നഷ്ടസാധ്യതയുമില്ലാതെ പണം നിക്ഷേപിച്ച് പണം കൊയ്യുന്ന വെറും വ്യവസായമാക്കി മാറ്റിയിരിക്കുന്നു എന്നതിന് തെളിവാണ്. ഇവിടെയാണ് ജനാധിപത്യ വ്യവസ്ഥകള്‍ പൊതുവെ കോര്‍പറേറ്റ് കമ്പനികളാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയവ്യവസ്ഥയായി മാറുന്ന സാഹചര്യം ഉണ്ടായതും, പാര്‍ലമെന്റും നിയമസഭകളും കുബേര-ക്രിമിനലുകളുടെ സങ്കേതമായി മാറിയതും അഴിമതി വ്യവസ്ഥയുടെ സത്വഭാവമായിത്തീര്‍ന്നതും.
ജനാധിപത്യത്തിന് രാഷ്ട്രീയമുഖമുള്ളതുപോലെത്തന്നെ സാംസ്‌കാരികവും സാമൂഹികവുമായ മുഖങ്ങളുമുണ്ട്. ജനായത്തം ഒരു കൂട്ട് ചിന്താപ്രക്രിയയിലൂടെ ആശയങ്ങളെയും നയങ്ങളെയും ശുദ്ധിചെയ്‌തെടുക്കുന്ന രീതി കൂടിയാണ്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നിരവധി തേനീച്ചകള്‍ വിവിധ പൂവുകളില്‍നിന്ന് മധു നുകര്‍ന്ന് തങ്ങളുടെ കൂടുകളില്‍ കൊണ്ടുപോയി അവയില്‍നിന്ന് തേന്‍ കടഞ്ഞെടുക്കുന്നതുപോലുള്ള ഒരു പ്രക്രിയയാണത്. ഒരു രീതിശാസ്ത്രം എന്ന നിലയില്‍ വിയോജിപ്പുകളെ എങ്ങനെയാണ് സര്‍ഗാത്മകമായി സ്വാംശീകരിക്കേണ്ടതെന്നുകൂടി അത് നമ്മെ പഠിപ്പിക്കുന്നു. ആ രീതിയെ ഏറ്റവും ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അത് എങ്ങനെയാണ് ആദരവോടു കൂടി വിയോജിക്കാന്‍ യോജിക്കേണ്ടതെന്ന കല കൂടിയാണ്. ശ്രദ്ധയോടെ ശ്രവിച്ചും പഠിച്ചും അപഗ്രഥിച്ചും വിഷയങ്ങളെ സമീപിച്ച്, യോജിക്കാനുള്ള പോയിന്റുകളില്‍ യോജിച്ച്, വിയോജിക്കേണ്ടിടത്ത് ആദരപൂര്‍വം വിയോജിക്കുന്ന ഒരു കൂടിയാലോചനാസംസ്‌കാരം നമുക്ക് ഉണ്ടാവുമ്പോഴേ ആ ജനായത്ത സംസ്‌കാരം നമ്മുടെ ജനതയിലും പ്രതിഫലിക്കൂ. അന്നേ ജനായത്തത്തിന് പാകവും പക്വവുമായ ഒരു ജനതയായി നാം മാറുകയുള്ളൂ.
ഉള്‍പ്പാര്‍ട്ടി നിരൂപണത്തിലും വിമര്‍ശനത്തിലുമാണ് ജനാധിപത്യത്തിന്റെ ശക്തിയും കരുത്തും നിലകൊള്ളുന്നത്. അതിന്റെ നിലനില്‍പ്പാകട്ടെ സമഭാവനയിലും ന്യൂനപക്ഷമാണെങ്കിലും വിയോജിക്കുന്നവരെ ഉള്‍ക്കൊള്ളാനും ആദരിക്കാനും സാധിക്കുന്ന മനോവിശാലതയിലുമാണ്. സ്ത്രീകളും പുരുഷന്മാരും ഉള്‍ക്കൊള്ളുന്ന അണികളുടെ ശാക്തീകരണവും ഒഴുകുന്ന നദിപോലെ നിരന്തരമായി ശുദ്ധീകരിക്കപ്പെടുന്നതിനും നവീകരിക്കപ്പെടുന്നതിനും പാര്‍ട്ടിക്കുള്ളില്‍ കീഴ്ഘടകങ്ങളില്‍ മുതല്‍ അധ്യക്ഷ സ്ഥാനത്തേക്കു വരെ തുല്യതയുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുമാണ് ജനായത്തത്തെ പ്രവര്‍ത്തിപ്പിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന അതിന്റെ സോഫ്റ്റ്‌വെയര്‍. ഒരു ജനാധിപത്യവ്യവസ്ഥയുടെ ശക്തിസൗന്ദര്യവും വൈരൂപ്യവൈകൃതങ്ങളും നിഴലിക്കുന്നത് ആ ജനാധിപത്യവ്യവസ്ഥക്കു കീഴില്‍ ജീവിക്കുന്ന സ്ഥിര ന്യൂനപക്ഷങ്ങളുടെ സാമൂഹിക-രാഷ്ട്രീയ അവസ്ഥകളിലാണ്. ഈ വിഷയത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ ജനായത്തരാജ്യങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ ജനാധിപത്യ രാഷ്ട്രങ്ങളെല്ലാം തന്നെ ഇതര രാജ്യങ്ങളില്‍ പോലും അവര്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ജനായത്തരീതിയില്‍ അധികാരത്തില്‍ വരുന്നതിനെ ഏതു വിധേനയും തടയുന്നുവെന്നതുതന്നെ, തങ്ങളുടെ രാജ്യങ്ങളില്‍ അതേസ്വഭാവത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വളരുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുക എന്നതിന്റെ കൃത്യമായ സൂചികയാണ്. ചുരുക്കത്തില്‍, തത്ത്വത്തിലും പ്രയോഗത്തിലും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളുടെ മൂലകാരണം അതിലെ 'ആധിപത്യം' തന്നെയാണ്. അത് പരിഹരിക്കാനുള്ള മനുഷ്യന്റെ പ്രകൃതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പരിഹാരം 'ആധിപത്യ'ത്തെ പ്രാതിനിധ്യം കൊണ്ട് പകരം വെക്കലുമാണ്.
Comments