Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ബിന്‍ഗാസി

വി.പി.എസ്‌

ലിബിയന്‍ തലസ്ഥാനമായ ട്രിപളിയില്‍ നിന്ന് 1000 കിലോ മീറ്റര്‍ അകലെ കിഴക്ക് മെഡിറ്ററേനിയന്‍ തീരത്താണ് 'ബിന്‍ഗാസി' പട്ടണം. ട്രിപളിക്കുശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം. 15-ാം നൂറ്റാണ്ടിലാണ് നഗര പിതാവായ 'മുര്‍സി ഇബ്‌നു ഗാസി'യിലേക്ക് ചേര്‍ത്തുകൊണ്ട് 'ബിന്‍ഗാസി എന്നറിയപ്പെട്ടുതുടങ്ങിയത്. തുറമുഖ നഗരമായ ബിന്‍ഗാസിയുടെ നിര്‍മിതി ബി.സി 525 ലാണത്രെ.
വിപ്ലവവീര്യമാണ് ബിന്‍ഗാസിക്കാരുടെ പ്രത്യേകത. ബിന്‍ഗാസിയെ 1911-ലാണ് ഇറ്റലിക്കാര്‍ അധീനപ്പെടുത്തുന്നത്. 'മരുഭൂസിംഹം' എന്നറിയപ്പെടുന്ന ഉമറുല്‍ മുഖ്താര്‍ 1912-ല്‍ ഇറ്റാലിയന്‍ കോളനി ഭരണത്തിനെതിരെ പ്രതിരോധസേന ഒരുക്കിയപ്പോള്‍ ബിന്‍ഗാസിക്കാരില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പടക്കിറങ്ങി. ഇരുപത് വര്‍ഷത്തോളം ധീരമായ പോരാട്ടം തുടര്‍ന്നു. 1931-ല്‍ ഉമറുല്‍ മുഖ്താറിനെ പിടികൂടി മുസ്സോളിനിയുടെ ഇറ്റലി തൂക്കിലേറ്റിയെങ്കിലും, ബിന്‍ഗാസിക്കാരുടെ വിപ്ലവവീര്യത്തിന് തീപിടിക്കുകയാണുണ്ടായത്. അവര്‍ ഇറ്റലിക്കാരെ കെട്ടുകെട്ടിച്ചു. ഉമറുല്‍ മുഖ്താറിന്റെ സ്മാരകം നിലകൊള്ളുന്നതും 'ബിന്‍ഗാസി'യിലാണ്.
1699-ല്‍ ലിബിയന്‍ രാജാവ് ഇദ്‌രീസ് അസ്സന്ദൂസനെതിരെ ആദ്യമായി വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് 'ബിന്‍ഗാസിയില്‍' നിന്നായിരുന്നു. തുടര്‍ന്ന് 1969 സെപ്റ്റംബര്‍ 1-ന് കേണല്‍ മുഅമ്മര്‍ അല്‍ ഖദ്ദാഫിയുടെ സ്ഥാനാരോഹണത്തിന് സാക്ഷ്യംവഹിച്ച അതേ ബിന്‍ഗാസിയില്‍ വെച്ചുതന്നെയാണ്, 2011 ഫെബ്രുവരി 15-ന് ഖദ്ദാഫിക്കെതിരെ ആദ്യമായി ബഹുജനമുന്നേറ്റം അണപൊട്ടി ഒഴുകിയതും.
ഏകാധിപത്യ ഹുങ്കില്‍ ചരിത്രം മറന്ന കേണല്‍ ഖദ്ദാഫി ബിന്‍ഗാസിക്കാരോട് കാട്ടിയത് കടുത്ത ക്രൂരത. 1996-ല്‍ ജൂണ്‍ 29ന് ട്രിപളിയിലെ 'ബൂസലീം' തടവറയില്‍ ഇരച്ചുകയറി ഖദ്ദാഫിയുടെ പട്ടാളം 1200 പേരെ നിഷ്ഠുരം വെടിവെച്ചു കൊന്നു. ഇസ്്‌ലാമിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു എന്നതായിരുന്നു കുറ്റം. ഇതില്‍ അധികപേരും വിപ്ലവ ചരിത്രമുറങ്ങുന്ന ബിന്‍ഗാസിയുടെ മക്കളായിരുന്നു. അന്നു മുതല്‍ ബിന്‍ഗാസിക്കാര്‍ ആഴ്ചകള്‍ തോറും പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച് 'ബൂസലീം' തടവറക്കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതൊക്കെയും ഖദ്ദാഫി പട്ടാളം അടിച്ചൊതുക്കുകയായിരുന്നു.
2011 ഫെബ്രുവരി 15-ന് ബിന്‍ഗാസിക്കാര്‍ ഖദ്ദാഫിക്കെതിരെ കൂട്ടത്തോടെ തെരുവിലിറങ്ങി. ഫെബ്രുവരി 19-ന് ബിന്‍ഗാസി പട്ടണം ഖദ്ദാഫിയുടെ പിടിയില്‍നിന്ന് മോചിതയായി. ചെറുത്തുനില്‍പില്‍ ഇരുനൂറോളം യുവാക്കള്‍ രക്തസാക്ഷികളായെങ്കിലും നഗരത്തിന്റെ ഭരണകേന്ദ്രങ്ങള്‍ അവരുടെ അധീനത്തിലായി. ബിന്‍ഗാസിയില്‍ പൊട്ടിവീണ ആദ്യ തീപ്പൊരിയാണ് പിന്നീട് ലിബിയയില്‍ വിപ്ലവത്തീക്കാറ്റായി പടര്‍ന്നു പിടിച്ചതും, 42 വര്‍ഷം വാണ ഏകാധിപതിയെ മൂക്ക് കുത്തിച്ചതും.
ഖദ്ദാഫിയെ താഴെയിറക്കാന്‍ ലിബിയക്കാര്‍ രൂപീകരിച്ച 'നാഷണല്‍ ട്രാന്‍സിഷന്‍ കൗണ്‍സിലി'ന്റെ (NTC) ആസ്ഥാനമാകാന്‍ ഭാഗ്യമുണ്ടായത് ബിന്‍ഗാസിക്കാണ്. 1960-നു ശേഷം 2012 മേയ് 19 ന് ആദ്യമായി ബിന്‍ഗാസിക്കാര്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു, അവരുടെ രാജ്യത്തിന്റെ ഭാഗധേയം സ്വയം നിര്‍ണയിക്കാന്‍.

Comments

Other Post