മുഖവാചകം
സമീപ കാല ലോകചരിത്രത്തില് നിര്ണായക വഴിത്തിരിവുകള് സൃഷ്ടിച്ച പ്രതിഭാസമാണ് അറബ് വസന്തം എന്ന് പരക്കെ അറിയപ്പെടുന്ന അറബ് നാടുകളിലെ ജനകീയ വിപ്ലവങ്ങള്. പതിറ്റാണ്ടുകളോളം അധികാരത്തില് കടിച്ച് തൂങ്ങിയ തുനീഷ്യയിലെയും ഈജിപ്തിലെയും ലിബിയയിലെയും യമനിലെയും സ്വേഛാധിപതികള് കടപുഴക്കപ്പെട്ടു. സിറിയയില് രക്തപങ്കിലമായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള് തുടര്ന്നു കൊണ്ടിരിക്കുന്നു. ബഹ്റൈനില് പ്രക്ഷോഭത്തിന്റെ കെട്ടടങ്ങാത്ത കനലുകള് ഏത് നിമിഷവും നീറിപ്പിടിക്കുമെന്ന നിലയിലാണ്. മൊറോക്കോ പതുക്കെയാണെങ്കിലും ജനഹിതത്തിന്റെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അള്ജീരിയയിലും ജോര്ദാനിലും ജനേഛയെ മാനിക്കാതെ ഭരണാധികാരികള്ക്ക് മുന്നോട്ട് നീങ്ങാനാവാത്ത സ്ഥിതിയാണ്. സമാന്തരമായി യൂറോപ്പും പ്രക്ഷോഭ കൊടുങ്കാറ്റുകളില് ആടിയുലയുകയാണ്. അടിസ്ഥാന സൗകര്യങ്ങള് നിഷേധിക്കപ്പെടുന്ന തൊഴിലാളികളും കര്ഷകരുമൊക്കെയാണ് അവിടെ തെരുവിലിറങ്ങുന്നത്. അമേരിക്കയിലെ 'വാള്സ്ട്രീറ്റ് കൈയടക്കല്' പ്രക്ഷോഭത്തിന് വരെ അത് തിരികൊളുത്തി. ഇന്ത്യയില് ശക്തിപ്പെടുന്ന അഴിമതി വിരുദ്ധ സമരങ്ങള്ക്കും അറബ് വസന്തം ഇന്ധനം പകരുന്നുണ്ട്.
ഇങ്ങനെ ചരിത്രത്തില് വലിയ തോതില് ഇടപെടലുകള് നടത്തുകയും മാറ്റങ്ങള്ക്ക് കളമൊരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അറബ് വസന്തത്തെ നമ്മുടെ മീഡിയ ഇതുവരെയും അതര്ഹിക്കുന്ന ഗൗരവത്തോടെ വിശകലനം ചെയ്തിട്ടില്ല. ആ വിടവ് ഒരുപരിധി വരെയെങ്കിലും നികത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രബോധനം ഈ വിശേഷാല് പതിപ്പ് ഒരുക്കിയിരിക്കുന്നത്. എല്ലാവരും അംഗീകരിക്കുന്ന ഒരു സത്യമുണ്ട്. സ്വന്തം മനോധര്മമനുസരിച്ച് ഒരു ഫോര്മുലയുണ്ടാക്കി അതിനൊപ്പിച്ച് അളക്കാനും വിശകലനം ചെയ്യാനും പറ്റുന്ന ഒരു പ്രതിഭാസമല്ല അറബ് വസന്തം. വളരെ സങ്കീര്ണമാണ് അതിന്റെ രൂപപ്പെടലും മുന്നോട്ടുള്ള പ്രയാണവും. ഓരോ നാട്ടിലും അവിടത്തെ പ്രത്യേക രാഷ്ട്രീയ സാമൂഹിക സാഹചര്യമനുസരിച്ചാണ് അത് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തീര്ത്തും വ്യത്യസ്തമായ വിശകലനങ്ങളും അഭിപ്രായങ്ങളും അതെക്കുറിച്ച് ഉണ്ടാവുക സ്വാഭാവികമാണ്. ആ ഭിന്നാഭിപ്രായങ്ങളെ കഴിയുന്നത്ര ഉള്ക്കൊള്ളാനും ഉള്പ്പെടുത്താനും ശ്രമിച്ചിട്ടുണ്ട് എന്നതാണ് ഈ വിശേഷാല് പതിപ്പിന്റെ പ്രത്യേകത.
അതേസമയം ഈ വിപ്ലവങ്ങള് ശൂന്യതയില് നിന്ന് പൊട്ടിമുളച്ചതാണ് എന്ന വാദത്തെയും നമുക്ക് അംഗീകരിക്കാനാവില്ല. കൗമാരക്കാരുടെ ഏതാനും ദിവസത്തെ പ്രക്ഷോഭങ്ങള്ക്കാണ് ചിലര് സകല പേറ്റന്റും ക്രെഡിറ്റും പതിച്ച് നല്കുന്നത്. കൗമാരക്കാര് വിപ്ലവത്തിന്റെ മുന്നിര പോരാളികളായിരുന്നു എന്നത് ശരിതന്നെ. പക്ഷേ അത്ര വേഗത്തില് ഒരു വിപ്ലവവും എവിടെയും നടക്കാറില്ല. ഏത് വിപ്ലവത്തിന് പിന്നിലും ത്യാഗത്തിന്റേയും ബലിയര്പ്പണത്തിന്റേയും നീണ്ട ചരിത്രമുണ്ടാവും. ആ ചരിത്രത്തെയും അതിന് ഊര്ജവും ഇന്ധനവും പകര്ന്ന പ്രത്യയശാസ്ത്രത്തെയും കണ്ടെത്താനുള്ള ശ്രമവും ഞങ്ങള് നടത്തിയിട്ടുണ്ട്.
വിപ്ലവത്തെ വിശകലനം ചെയ്തുകൊണ്ട് റാശിദുല് ഗനൂശി, തവക്കുല് കര്മാന്, ഹാമിദ് ദബാശി, ജൂഡിത് ബട്ലര്, ലാര്ബി സ്വദീഖി, എ.കെ രാമകൃഷ്ണന്, ബി. രാജീവന് എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങളും നിങ്ങള്ക്കിതില് വായിക്കാം. പി.കെ പോക്കര്, മുജീബുര്റഹ്മാന് കിനാലൂര്, കെ.കെ ബാബുരാജ്, എ.പി കുഞ്ഞാമു, കെ. സുരേന്ദ്രന്, എം.ഡി നാലപ്പാട് എന്നിവര് അവരുടെ വേറിട്ട ചിന്തകള് അവതരിപ്പിക്കുന്നു. ഇര്ഫാന് അഹ്മദിന്റെയും ആസിഫ് ബയ്യാത്തിന്റെയും അലി ലാഗയുടെയും പഠനങ്ങള് അറബ് വസന്തം കൊണ്ട് വന്ന മാറ്റങ്ങള് ആഴത്തില് പരിശോധിക്കുന്നു.
വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളായ ഏതാനും നേതാക്കളുടെ വ്യക്തിചിത്രങ്ങളും ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്. വിപ്ലവം നടന്ന/നടക്കുന്ന രാജ്യങ്ങളിലെ പ്രധാന സംഭവങ്ങളും പ്രവണതകളും ഉള്പ്പെടുത്തി തയാറാക്കിയതാണ് 'വിപ്ലവത്തിന്റെ നാള്വഴികള്' എന്ന സെക്ഷന്. കഴിഞ്ഞ രണ്ട് വര്ഷത്തെ പ്രക്ഷോഭത്തിന്റെ ചരിത്രം അതില്നിന്ന് വായിച്ചെടുക്കാം. വിപ്ലവ കവിതകള് ചൊല്ലിയായിരുന്നു ജനം തെരുവുകളെ ഇളക്കി മറിച്ചത്. അതെക്കുറിച്ച് ഒരു പഠനവും ചില ആക്ഷേപ ഹാസ്യ കവിതകളും ഇതില് വായിക്കാം.
അറബ് വസന്തം പൂര്ത്തിയായിട്ടില്ലാത്ത ഒരു പ്രതിഭാസമാണ്. ഭാവിയില് അട്ടിമറികളും വഴിതിരിയലുകളുമൊക്കെ സംഭവിച്ചേക്കാം. അതിന്റെ പരിണാമം എന്തൊക്കെ ആയിരുന്നാലും ചരിത്രപ്രയാണത്തില് വലിയൊരു തുറസ്സാണ് അതുണ്ടാക്കിയതെന്ന കാര്യം നിഷേധിക്കാനാവുകയില്ല. ക്രിയാത്മകമായ ആ വശത്തെ ഉയര്ത്തിക്കാണിക്കുന്ന ഈ വിശേഷാല് പതിപ്പ് സഹൃദയ സമക്ഷം സമര്പ്പിക്കുന്നു.
എഡിറ്റര്
Comments