Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

അറബ് വസന്തത്തിന്റെ വിപ്ലവാത്മക ഉള്ളടക്കം

ഡോ. മുഹമ്മദ് റഫ്അത്ത്‌

പല നിലയിലും അര്‍ഥവത്തായൊരു പരിവര്‍ത്തനത്തിനാണ് അറബ് ലോകമിപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ പരിവര്‍ത്തനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തലം ഒരു പക്ഷേ ഇസ്‌ലാമുമായി അതിനുള്ള ബന്ധമായിരിക്കും. അറബ് ലോകത്തുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്കെല്ലാം ഒരു പൊതു സ്വത്വമോ സ്വഭാവമോ ഉണ്ടെന്ന് പറയാനാവില്ലെങ്കിലും പ്രാദേശികമായ അന്തര്‍ധാരകള്‍ക്കും വിവക്ഷാഭേദങ്ങള്‍ക്കുമപ്പുറം അവക്ക് ഇസ്‌ലാമുമായി കൃത്യമായൊരു ബന്ധമുള്ളതായി നമുക്ക് കണ്ടെത്താനാവും. അറബ് വിപ്ലവത്തിന്റെ ഈയൊരു ഇസ്‌ലാമികമാനം നിരീക്ഷകരെല്ലാം ഒരുപോലെ അംഗീകരിക്കുന്നുമുണ്ട്; അവരതിനെ സ്വാഗതം ചെയ്യുമോ അതോ അപലപിക്കുമോ എന്നത് അവരുടെ മനോനിലയെ ആശ്രയിച്ചിരിക്കുമെങ്കിലും.
മാറ്റം മനുഷ്യസമൂഹത്തിലെ അനുസ്യൂതമായൊരു പ്രതിഭാസമാണെന്നതില്‍ തര്‍ക്കമില്ല. ബാഹ്യതലത്തില്‍ നിശ്ചലമെന്നു തോന്നുന്ന വേളകളില്‍ പോലും സാമൂഹിക സാഹചര്യങ്ങള്‍ നിരന്തര മാറ്റത്തിനു വിധേയമാണ്. പക്ഷേ, വിപ്ലവമെന്ന വിശേഷണത്തെ നീതീകരിക്കാന്‍ മാത്രം ആഴവും പരപ്പും ഉണ്ടാവുമ്പോള്‍ മാത്രമേ നമുക്കത് അനുഭവവേദ്യമാവൂ എന്നു മാത്രം. അറബ് ലോകത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ വിപ്ലവാത്മകമാണെന്നു തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിനാല്‍, ഈ പരിവര്‍ത്തനങ്ങള്‍ക്ക് ഒരു ഇസ്‌ലാമിക മാനമുണ്ടെന്നും നിസ്സാരമായൊരു മാറ്റം എന്നതില്‍ കവിഞ്ഞ ഒരു വിപ്ലവപരത ഇവക്കുണ്ടെന്നുമുള്ള വസ്തുതകളെ അടിസ്ഥാനമാക്കി അറബ് വിപ്ലവം വേരാഴ്ത്തിയിരിക്കുന്ന ആശയാദര്‍ശങ്ങളെ വായിച്ചെടുക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
വിപ്ലവം സഹജമായിത്തന്നെ ഒറ്റപ്പെട്ടതും അപൂര്‍വവുമായ പ്രതിഭാസമാണ്. മിക്കപ്പോഴും കാര്യങ്ങളെ കീഴ്‌മേല്‍ മറിച്ചുകൊണ്ട് അവ പതിവു യുക്തികളെ വെല്ലുവിളിക്കുന്നു. എന്നാല്‍, പ്രകടമായ ഈ പൊരുത്തക്കേടുകള്‍ക്കപ്പുറവും വിപ്ലവങ്ങള്‍ യഥാര്‍ഥത്തില്‍ സര്‍വ സാധാരണമായ ചരിത്രപ്രക്രിയയുടെ (ഹിസ്റ്റോറിക്കല്‍ പ്രോസസ്) പരമകാഷ്ടയാണെന്ന വസ്തുത അവശേഷിക്കുകതന്നെ ചെയ്യുന്നു. സ്വതവേ സാധാരണമായ അത്തരം പ്രക്രിയകള്‍ അവയുടെ പ്രവാഹം പൂര്‍ത്തീകരിക്കാന്‍ ദീര്‍ഘകാലമെടുത്തെന്നു വരും. അതെന്തായിരുന്നാലും, സ്ഫുടമായ ഏതൊരാശയവും ഒരിക്കല്‍ പ്രകാശിതമായിക്കഴിഞ്ഞാല്‍ സമൂഹത്തില്‍ അതിന്റെ മുദ്ര പതിപ്പിക്കും. വിശ്വാസദാര്‍ഢ്യത്തിന്റെ പിന്‍ബലത്താല്‍ നിര്‍വഹിക്കപ്പെടുന്ന ആവിഷ്‌കാരങ്ങളും അതുപോലെ വര്‍ത്തമാന ലോകത്ത് തനതായ മുദ്ര പതിപ്പിച്ച് പ്രകടമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. പ്രത്യക്ഷത്തില്‍ ആകസ്മികവും സ്വാഭാവികവുമാണെന്ന് തോന്നിക്കുമെങ്കിലും യഥാര്‍ഥത്തില്‍ സുദീര്‍ഘകാലത്തെ നിരന്തര പരിശ്രമങ്ങളുടെ സാക്ഷാത്കാരമാണ് അവയെല്ലാം.

വിപ്ലവത്തിന്റെ മുന്നൊരുക്കങ്ങള്‍
ചാള്‍സ് ഡിക്കന്‍സ് തന്റെ എ ടെയില്‍ ഓഫ് ടു സിറ്റീസില്‍ വിപ്ലവത്തിനായി യത്‌നിക്കുന്ന ദമ്പതികളുടെ സംഭാഷണം വിവരിച്ചിടുന്നുണ്ട്. ''പ്രതികാരത്തിന് ഒടുപാട് കാലമെടുക്കും. അത് പ്രകൃതി നിയമമാണ്''- ഭാര്യ പറഞ്ഞു. ''പക്ഷേ, മിന്നല്‍ പിണര്‍ കൊണ്ട് ഒരാളെ നശിപ്പിച്ചുകളയാന്‍ അധിക സമയമൊന്നും വേണ്ടല്ലോ''- ഡിഫാര്‍ജിന്റെ പ്രതികരണം.
ഭാര്യ ശാന്തമായി ചോദിച്ചു: ''ഒരു മിന്നല്‍പിണര്‍ ഉയിര്‍ക്കൊള്ളണമെങ്കില്‍ എത്രകാലം വേണ്ടിവരും, പറയൂ?''
അപ്പറഞ്ഞതില്‍ കാര്യമുണ്ടെന്നവണ്ണം ഡിഫാര്‍ജ് ചിന്താമഗ്നനായി.
''ഭൂകമ്പത്തിന് ഒരു നഗരത്തെയൊന്നാകെ വിഴുങ്ങാന്‍ അധിക സമയമൊന്നും വേണ്ട. പക്ഷേ, അവ്വിധമൊരു ഭൂകമ്പം ഉരുത്തിരിഞ്ഞുവരാന്‍ എത്ര കാലമെടുക്കും, പറയൂ..''
''ഒരുപാട് കാലം''- ഡിഫാര്‍ജ് പറഞ്ഞു.
''അതെ. തയാറായിക്കഴിഞ്ഞാല്‍ ഉടനത് സംഭവിക്കുന്നു. പക്ഷേ, അതുവരേക്കും അത് നീണ്ട തയാറെടുപ്പിലായിരുന്നു''- ഭാര്യ.
''ഒരുപാട് കാലം അത് അതിന്റെ പാതയിലായിരുന്നു എന്നത് ശരിതന്നെ. പക്ഷേ, ഒരിക്കലും നിലക്കാതെ മുടങ്ങാതെ അത് പുരോഗമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു''- അവള്‍ തുടര്‍ന്നു.
''എന്റെ ധീര പത്‌നീ, നമ്മുടെ ജീവിതാന്ത്യം വരെ അത് നമ്മിലേക്കെത്താതിരിക്കാനും സാധ്യതയുണ്ട്''- അയാള്‍ പറഞ്ഞു.
''പക്ഷേ, നമ്മളും അതില്‍ ഭാഗഭാക്കായിട്ടുണ്ടല്ലോ''- ആവേശപൂര്‍വം മുഷ്ടി ചുരുട്ടിക്കൊണ്ടവള്‍ പറഞ്ഞു.
''അതിനാല്‍ നാം ചെയ്യുന്നതൊന്നും നിഷ്ഫലമല്ല'' (അധ്യായം പതിനാറ്).

വിശ്വാസത്താല്‍ പ്രചോദിതമായ ആശയങ്ങള്‍
ജനഹൃദയങ്ങളിലും മനസ്സുകളിലും കനലെരിയിപ്പിക്കുന്ന ആശയങ്ങളില്‍നിന്നാണ് വിപ്ലവങ്ങള്‍ ഉയിര്‍ക്കൊള്ളുന്നത്. വിപ്ലവാത്മകമായ ആശയാദര്‍ശങ്ങള്‍ തെളിമയുറ്റൊരു പ്രപഞ്ചവീക്ഷണമവതരിപ്പിക്കുകയും അതില്‍ മനുഷ്യന്റെ ഇടവും ദൗത്യവും ഭാഗധേയവും കൃത്യമായി നിര്‍ണയിച്ചു നല്‍കുകയും ചെയ്യുന്നു. മനുഷ്യന്റെ വിവേചനബുദ്ധിയെ ത്രസിപ്പിക്കുംവിധം യാഥാര്‍ഥ്യങ്ങളുടെ പരിഛേദങ്ങള്‍ സമര്‍പ്പിക്കുന്നേടത്താണ് ഏതൊരാശയത്തിന്റെയും ശേഷി പ്രകടമാവുന്നത്. ഭാവിയെക്കുറിച്ച് അഭികാമ്യവും ഒപ്പം പ്രാപ്യവുമായൊരു വീക്ഷണമായിരിക്കും അതവതരിപ്പിക്കുന്നത്. പക്ഷേ, ഈ ഇരട്ട ദൗത്യനിര്‍വഹണം സാധ്യമാവണമെങ്കില്‍ വിപ്ലവാത്മകമായ ആ ആദര്‍ശം മനുഷ്യ പ്രകൃതത്തോട് തികച്ചും ചേര്‍ന്നുനില്‍ക്കേണ്ടതുണ്ട്.
മനുഷ്യജീവിതത്തിന്റെ സന്തുലനമെന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സഹജ തേട്ടമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലുമുള്ള മനുഷ്യ സ്വത്വത്തിന്റെ സകല തലങ്ങള്‍ക്കും അവയര്‍ഹിക്കുന്ന പരിഗണന നല്‍കുക എന്നതാണ് സന്തുലിതത്വത്തിന്റെ സാരം. അവ്വിധമൊരു സന്തുലനത്തിന് സാരമായ ഭംഗം വരുമ്പോള്‍ സമൂഹം സ്വാഭാവികമായും ഒരു വിപ്ലവത്തെ തേടുന്നു. ആ തേട്ടം സാക്ഷാല്‍കൃതമാവുമോ എന്നതാവട്ടെ, അത്തരമൊരു സന്തുലനത്തിന്റെ പുനഃസ്ഥാപനത്തിന് പര്യാപ്തമായ പുതിയ ആശയാദര്‍ശങ്ങളുടെ സാന്നിധ്യത്തെ ആശ്രയിച്ചുമിരിക്കും.
ഇസ്‌ലാം എക്കാലവും വിപ്ലവാത്മക ആശയങ്ങളുടെ പ്രഭവകേന്ദ്രമാണ്. ഇസ്‌ലാമിന് മാത്രമവകാശപ്പെടാവുന്ന അനുപമമായ ചില സവിശേഷതകളാണ് ഇസ്‌ലാമിന്റെ ഈയര്‍ഥത്തിലുള്ളൊരു ശേഷിയുടെ കാരണം.
എ. വിശ്വാസത്തിന്റെ പരിസരത്തിലും ഇസ്‌ലാം യുക്തിക്ക് ഇടം നല്‍കുന്നു.
ബി. കര്‍മ-സംവര്‍ഗ തലങ്ങളിലെ സാര്‍വജനീനത (universality of concept and action).
സി. വൈയക്തിക വിജയത്തിന്റെയും സാമൂഹിക വീക്ഷണങ്ങളുടെയും സമന്വയം.
എന്നാല്‍, ഇസ്‌ലാമിലെ ആശയങ്ങള്‍ കേവല യുക്തിചിന്തയുടെ ഉല്‍പന്നമല്ല. അത്തരം ചിന്തകള്‍ മിക്കപ്പോഴും അപക്വവും അതിനാല്‍തന്നെ വിശ്വാസത്തിന്റെ തലത്തിലേക്കുയരാന്‍ അപര്യാപ്തവുമായിരിക്കും. നേരെ മറിച്ച്, ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്തും വിശ്വാസാധിഷ്ഠിതമാണ്. യുക്തിയുടെ പ്രയോഗം സാധ്യവും പലപ്പോഴും ആവശ്യവുമാണ്. പക്ഷേ, വിശ്വാസത്തിന്റെ പരിസരത്തിലായിരിക്കണമെന്ന് മാത്രം. ആശയാദര്‍ശങ്ങളുടെ ഇസ്‌ലാമിക ചട്ടക്കൂട് നിലകൊള്ളുന്നത് സത്യവിശ്വാസത്തിന്റെ അചഞ്ചലവും സുശക്തവുമായ അടിത്തറയിലാണ്. ബാഹ്യ സാമൂഹിക സാഹചര്യങ്ങള്‍ വിശ്വാസികളുടെ ശ്രദ്ധയെ സ്വന്തം വിശ്വാസത്തിന്റെ തന്നെ വിഭിന്നമായ മറ്റു തലങ്ങളിലേക്ക് നയിക്കുകയും ആ അര്‍ഥത്തില്‍ അവക്കുള്ളൊരു ഓര്‍മപ്പെടുത്തലായി വര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷേ, ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം പരമമായി അവന് പ്രചോദനം സിദ്ധിക്കുന്നത് സ്വന്തത്തിനകത്തു നിന്നുതന്നെയാണ്.
ഇസ്‌ലാമിക ആശയലോകത്തിന്റെ അതുല്യമായ മറ്റൊരു സവിശേഷത അതിന്റെ സാര്‍വജനീനത(universality)യാണ്. പ്രാദേശികവും വര്‍ഗപരവും ദേശീയവുമായ അതിര്‍വരമ്പുകളെയും ഭൂമിശാസ്ത്രപരമായ വൈജാത്യങ്ങളെയും കാലാന്തരങ്ങളെയും അതിജീവിച്ചു നില്‍ക്കുന്നു ഇസ്‌ലാമിക പരികല്‍പനകളുടെ പ്രായോഗികത. ഇസ്‌ലാമികേതര വിപ്ലവങ്ങള്‍ മിക്കതും ഒരു 'മര്‍ദിത' വര്‍ഗത്തെയോ വിഭാഗത്തെയോ കണ്ടെടുക്കാന്‍ ശ്രമിക്കുകയും വിപ്ലവാത്മക ആശയങ്ങളുടെ ആവിഷ്‌കാരം അത്തരം സവിശേഷ വര്‍ഗങ്ങളിലൊതുക്കാനുദ്യമിക്കുകയുമാണ് ചെയ്യാറ്. എന്നാല്‍, ഇതില്‍നിന്ന് ഭിന്നമായി ഇസ്‌ലാമിനാല്‍ പ്രചോദിതമായൊരു വിപ്ലവത്തിന് വിവേചന ലേശമന്യെ മനുഷ്യവര്‍ഗത്തെയൊന്നാകെ അഭിസംബോധന ചെയ്യാനുള്ള ശേഷിയുണ്ട്. ഇസ്‌ലാമിന്റെ ഈ സാര്‍വജനീനതയാവട്ടെ വിപ്ലവത്താല്‍ സംസ്ഥാപിതമാവുന്ന സന്തുലനം, സ്ഥാപിത താല്‍പര്യക്കാരാല്‍ വീണ്ടും അട്ടിമറിക്കപ്പെടാനുള്ള സാധ്യതയെ ഇല്ലാതാക്കുകയും ചെയ്യുന്നു.
വിജയത്തെക്കുറിച്ചുള്ള വൈയക്തികാഭിലാഷങ്ങളെ നീതിയിലധിഷ്ഠിതമായൊരു സമൂഹത്തെക്കുറിച്ച വിപ്ലവാത്മക വീക്ഷണത്തോട് സമന്വയിപ്പിക്കുന്നുവെന്നതാണ് ഇസ്‌ലാമിനാല്‍ പ്രചോദിതമായുണ്ടാവുന്ന വിപ്ലവത്തിന്റെ ഏറ്റവും വലിയ സവിശേഷത. ചാള്‍സ് ഡിക്കന്‍സിന്റെ കഥാപാത്രങ്ങള്‍ക്കിടയിലെ സംഭാഷണത്തില്‍, ഫ്രഞ്ച് വിപ്ലവത്തിനായി യത്‌നിക്കുന്ന ആ സ്ത്രീക്ക് വിപ്ലവം തന്റെ ജീവിതകാലത്ത് സംഭവിക്കുമോ എന്നുറപ്പില്ല. വിപ്ലവം എന്നു സംഭവിച്ചാലും നാമതില്‍ ഭാഗഭാക്കാണല്ലോ എന്നു പറഞ്ഞാണ് അവര്‍ സ്വന്തത്തെയും ഭര്‍ത്താവിനെയും ആശ്വസിപ്പിക്കുന്നത്. വിശ്വാസാധിഷ്ഠിതമല്ലാതൊരു വിപ്ലവ പരിസരത്ത് ഒരു വ്യക്തിക്ക് ആശിക്കാവുന്നതിന്റെ പാരമ്യമാണത്. എന്നാല്‍, ഇസ്‌ലാമാവട്ടെ വ്യക്തി വിമോചനത്തിന്റെയും അനശ്വരമായ സ്വര്‍ഗീയ ജീവിതത്തിന്റെയും തെളിമയുറ്റ വാഗ്ദാനങ്ങള്‍ മനുഷ്യന് നല്‍കുന്നു.

ഇസ്‌ലാമും പടിഞ്ഞാറും
മുസ്‌ലിം നാടുകളിലേക്കുള്ള പാശ്ചാത്യ കോളനീകരണ ശക്തികളുടെ അധിനിവേശത്തിന് രണ്ടു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പാശ്ചാത്യാധിനിവേശം മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഹൃദയഭേദകമായിരുന്നു. കാരണം, രാഷ്ട്രീയാധിനിവേശം എന്നതിലുപരി, സാംസ്‌കാരികവും ധൈഷണികവുമായ അടിമവത്കരണമായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്. ഒരു ഭാഗത്ത് രാഷ്ട്രീയവും സായുധവും മറുഭാഗത്ത് സാംസ്‌കാരികവും ധൈഷണികവുമെന്ന നിലയില്‍ കോളനീകരണത്തോടുള്ള മുസ്‌ലിം ചെറുത്തുനില്‍പുകളും ബഹുമുഖമായിരുന്നു. പക്ഷേ, നിരന്തരമായ പോരാട്ടങ്ങള്‍ നടത്തിയിട്ടും മിക്കപ്പോഴും മുസ്‌ലിംകള്‍ക്ക് തിരിച്ചടി നേരിട്ടു. നിരന്തര വിജയങ്ങളുമായി മുന്നേറിയ പാശ്ചാത്യ സൈന്യം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും മൂന്നാം ലോകത്തിനുമേലുള്ള തങ്ങളുടെ ആധിപത്യം പരിപൂര്‍ണമാക്കി. എങ്കിലും, കോളനിശക്തികളില്‍നിന്നും ഔപചാരിക സ്വാതന്ത്ര്യമെങ്കിലും ലഭിക്കുന്നതുവരെ മുസ്‌ലിംകള്‍ പോരാട്ടം തുടര്‍ന്നു. രണ്ടാം ലോക യുദ്ധാനന്തരം മറ്റു മൂന്നാം ലോകരാജ്യങ്ങള്‍ക്കൊപ്പം മുസ്‌ലിം രാജ്യങ്ങളും ഓരോന്നായി സ്വാതന്ത്ര്യം നേടി. മുസ്‌ലിം ബഹുജനങ്ങളും നേതാക്കളും നിരന്തരമായി നടത്തിയ സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ പടിഞ്ഞാറിന്റെ ശക്തി ക്ഷയിപ്പിച്ചതോടെയാണ് ആദ്യ വിജയമുണ്ടായത്. ഔപചാരിക സ്വാതന്ത്ര്യമെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി അപ്പോഴേക്കും എണ്ണമറ്റ ജീവനുകള്‍ ബലിനല്‍കേണ്ടിവന്നിരുന്നു.
നാമെല്ലാവരും മനസ്സിലാക്കിയപോലെ, മുസ്‌ലിം രാജ്യങ്ങള്‍ നേടിയ സ്വാതന്ത്ര്യം കേവലം ഔപചാരികം മാത്രമായിരുന്നു. വിവിധ കരാറുകളിലൂടെയും അന്താരാഷ്ട്ര സാമ്പത്തിക, രാഷ്ട്രീയ, സൈനിക സ്ഥാപനങ്ങളിലൂടെയും പരോക്ഷരൂപത്തില്‍ കോളനീകരണം തുടര്‍ന്നുകൊണ്ടേയിരുന്നു. വേദനാജനകമായ ഈയൊരു പശ്ചാത്തലത്തിലും പക്ഷേ, മുസ്‌ലിംകള്‍ വിവിധ രൂപത്തില്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ തുടര്‍ന്നു. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ പരിസമാപ്തിയോടെ മുസ്‌ലിംകള്‍ രണ്ടാം വിജയവും നേടി. ഇന്നും സാമ്രാജ്യത്വശക്തികളുടെ പ്രഥമ ലക്ഷ്യം ഇറാനാണ് എന്നത് യാദൃഛികമല്ല. പരോക്ഷ കോളനീകരണത്തോടുള്ള മുസ്‌ലിം ചെറുത്തുനില്‍പു സമരങ്ങളുടെ പ്രഥമ വിജയത്തിന്റെ ഏറ്റവും മൂര്‍ത്തമായ പ്രതീകമാണ് ഇറാന്‍ എന്നതുതന്നെയാണ് അതിനു കാരണം.
അറബ്‌ലോകം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ ഈയൊരു ചരിത്ര പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ഈ നിലയില്‍ വീക്ഷിക്കുമ്പോള്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായുള്ള മുസ്‌ലിം ചെറുത്തുനില്‍പിന്റെ മൂന്നാം ഘട്ട വിജയമായി അറബ് വിപ്ലവത്തെ വായിച്ചെടുക്കാനാവും. അറബ് ലോകത്തിന്റെ വലിയൊരു ഭാഗത്തെയും സ്പര്‍ശിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ ഇറാന്‍ വിപ്ലവത്തേക്കാള്‍ പ്രാധാന്യമുണ്ട് ഇപ്പോഴത്തെ ഈ അറബ് ഉയിര്‍ത്തെഴുന്നേല്‍പിന്. ഇറാനിയന്‍ വിപ്ലവത്തെപ്പോലെ, ഇപ്പോഴത്തെ ഈ ജനകീയ സമരങ്ങളും ഒരുഭാഗത്ത് സ്വന്തം നാട്ടിലെ സ്വേഛാധിപതികളെ തൂത്തെറിയാന്‍ ശ്രമിക്കുന്നതോടൊപ്പം മറുഭാഗത്ത് പരോക്ഷ കോളനീകരണത്തിന്റെ ഉപകരണങ്ങളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അറബ് ഉയിര്‍ത്തെഴുന്നേല്‍പിനോടുള്ള പാശ്ചാത്യ പ്രതികരണങ്ങളും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. കാരണം, അറബ് ലോകത്ത് പല അര്‍ഥത്തിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ് പാശ്ചാത്യര്‍. ഔപചാരികമായ ജനാധിപത്യ സംവിധാനത്തെ എതിര്‍ക്കുക പാശ്ചാത്യരെ സംബന്ധിച്ചേടത്തോളം പ്രയാസകരമാണ്. അതേസമയം, ജനാധിപത്യ പ്രക്രിയയെ നേരാംവണ്ണം വികസിക്കാനനുവദിച്ചാല്‍ ഇസ്‌ലാമിക കക്ഷികള്‍ അധികാരത്തിലേറുമെന്നും ഉറപ്പാണ്.

പ്രധാന കക്ഷികള്‍
അറബ് ഉയിര്‍ത്തെഴുന്നേല്‍പിനെ ഇറാന്‍ വിപ്ലവത്തോടുപമിക്കുമ്പോള്‍ പാശ്ചാത്യ കോളനീകരണ ശക്തികള്‍ക്കെതിരെയുള്ള ഈ രണ്ട് വിജയഗാഥകളും എല്ലാ അര്‍ഥത്തിലും ഒരുപോലെയാണ് എന്നൊന്നും അതിനര്‍ഥമില്ല. ഇരു വിപ്ലവങ്ങള്‍ക്കുമിടക്ക് മൗലികമായ വ്യത്യാസങ്ങള്‍ തന്നെയുണ്ട്. ഇറാന്‍ വിപ്ലവത്തിന്റെ നേതൃത്വം ഏറെക്കുറെ പൂര്‍ണമായും കേന്ദ്രീകരിച്ചിരുന്നത് ഇമാം ഖുമൈനിയുടെ വ്യക്തിപ്രഭാവത്തിലായിരുന്നു. കമ്യൂണിസമുള്‍പ്പെടെയുള്ള ഇതര ഘടകങ്ങളെല്ലാം അനുബന്ധം മാത്രമായിരുന്നു. എന്നാല്‍, അറബ് ലോകത്തെ വര്‍ത്തമാന ഉയിര്‍ത്തെഴുന്നേല്‍പുകളില്‍ അവ്വിധം കേന്ദ്രീകൃതമായൊരു നേതൃത്വത്തെ നാം കാണുന്നില്ല. മറിച്ച്, തികച്ചും വ്യതിരിക്തമായ നാല് വിഭാഗങ്ങളാണ് അറബ് വിപ്ലവത്തിന്റെ കേന്ദ്ര ബിന്ദുവായി വര്‍ത്തിക്കുന്നതെന്ന് പറയാം. ഒന്ന്, അറബ് പൊതുസമൂഹം. രണ്ട്, സംഘടിത ഗ്രൂപ്പുകളിലൊന്നിനോടും ആഭിമുഖ്യമില്ലാത്ത വിദ്യാസമ്പന്നരായ യുവതലമുറ. മൂന്ന്, ഇഖ്‌വാന്‍. നാല്, പരിവര്‍ത്തന പാതയിലുള്ള മതവിഭാഗങ്ങളും പാര്‍ട്ടികളും. നിലവിലെ സ്വേഛാധിപത്യ ഭരണകൂടങ്ങളെ തൂത്തെറിയണമെന്ന കാര്യത്തില്‍ ഈ വിഭാഗങ്ങളെല്ലാം സമാന നിലപാടിലാണ്. എന്നാല്‍, സ്വേഛാധിപതികളെ സ്ഥാനഭ്രഷ്ടരാക്കിയ ശേഷമുള്ള രാഷ്ട്രീയ പുനര്‍നിര്‍മാണത്തിന്റെ സ്വഭാവവും രൂപവും എവ്വിധമായിരിക്കണമെന്ന കാര്യത്തില്‍ ഇനിയും കൃത്യമായ അഭിപ്രായ സമന്വയം രൂപപ്പെടേണ്ടതുണ്ട്.
വിശാല അറബ് സമൂഹത്തിന്റെ, മേല്‍ പരാമര്‍ശിച്ച നാലു വിഭാഗങ്ങള്‍ നിരന്തരമായ പരസ്പര സമ്പര്‍ക്കത്തിലാണ്. വിപ്ലവാനന്തര സംവിധാനങ്ങളുടെ സ്വഭാവ ഘടനകള്‍ സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലെത്തിയിട്ടില്ലെങ്കിലും ഈ നാല് വിഭാഗങ്ങളും വിപ്ലവത്തിന് ഒരുപോലെ ശക്തി പകരുന്നുണ്ട്. പ്രായോഗികവും വികസനോന്മുഖവുമായ ഒരു ഭാവി രൂപരേഖ തയാറാക്കേണ്ടതുണ്ട്എന്നതിനു പുറമെ സ്ഥാപിത താല്‍പര്യക്കാരെ ഫലപ്രദമായി നേരിടുകയെന്ന ശക്തമായൊരു വെല്ലുവിളിയും ഇവര്‍ക്കു മുമ്പിലുണ്ട്. സാമ്രാജ്യത്വ താല്‍പര്യം ഉള്ളില്‍ പേറുന്ന ബാഹ്യശക്തികളുടെ പിന്തുണയുള്ളതിനാല്‍ വിപ്ലവത്തിന്റെ ഗതി തിരിച്ചുവിട്ട് ഒരു പ്രതിവിപ്ലവത്തിനു തന്നെ കോപ്പുകൂട്ടാനുള്ള ശേഷി കൂടിയുണ്ട് മേല്‍ പറഞ്ഞ തല്‍പര കക്ഷികള്‍ക്ക്.
ഇതൊക്കെയാണെങ്കിലും മുസ്‌ലിംകളുടെ ഈ വീരഗാഥ പരാജയത്തിലേക്ക് വഴിമാറാതെ പൂര്‍ണ വിജയത്തില്‍തന്നെ പര്യവസാനിക്കുമെന്ന ശുഭപ്രതീക്ഷക്ക് തീര്‍ച്ചയായും ഇടമുണ്ട്. വിപ്ലവത്തെ സര്‍വാത്മനാ പിന്തുടണക്കുന്ന ഈ നാലു വിഭാഗങ്ങളുടെയും പ്രചോദനത്തിന്റെ പ്രഭവകേന്ദ്രം ഇസ്‌ലാം ആണെന്നതാണ് ശുഭപ്രതീക്ഷക്ക് ആക്കംകൂട്ടുന്ന വസ്തുത. ഇസ്‌ലാമിനെ വായിച്ചെടുക്കാനുള്ള അവരുടെ സമീപനങ്ങളില്‍ വൈജാത്യമുണ്ടായിരിക്കാം. കാരണം, ഇസ്‌ലാം അതിന്റെ മൗലിക ഭാവത്തില്‍തന്നെ മനുഷ്യരെ ഭിന്ന രീതികളിലൂടെ ആകര്‍ഷിക്കുന്നുണ്ടല്ലോ.

പൊതുജനം
കോളനീകരണ യുഗം മുസ്‌ലിം സമൂഹത്തെ ഛിന്നഭിന്നമാക്കുകയും അവരുടെ സ്ഥാപനങ്ങളെ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. മുസ്‌ലിംകളുടെ രാഷ്ട്രീയാധികാരം കവര്‍ന്നെടുത്ത കോളനീകരണത്തിന്റെ സ്വാഭാവിക ഫലമായിരുന്നു അത്. സര്‍വോപരി, മുസ്‌ലിം സമൂഹത്തെ അപഇസ്‌ലാമീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സാമ്രാജ്യത്വശക്തികളില്‍നിന്നുണ്ടായിരുന്നു. ഇപ്പോഴും പരോക്ഷ കോളനീകരണത്തിന്റെ ഈ രണ്ടാംഘട്ടത്തിലും അത്തരം ശ്രമങ്ങള്‍ അഭംഗുരം തുടരുന്നുണ്ട്. എന്നിരുന്നാലും, പല നിലയിലും അത്തരം വിനാശങ്ങളെ അതിജീവിച്ച് സ്വന്തം സ്ഥാപനങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ് മുസ്‌ലിം സമൂഹം. മുസ്‌ലിം കുടുംബങ്ങള്‍, ആത്മീയ കേന്ദ്രങ്ങള്‍, മതവൃത്തങ്ങള്‍, മദ്‌റസകള്‍, പള്ളികള്‍ തുടങ്ങിയവയിലൂടെയെല്ലാം ഇസ്‌ലാമിക ബോധത്തിന്റെ ഒരു നൈരന്തര്യം നിലനിര്‍ത്തപ്പെട്ടുപോരുന്നുണ്ട്. സര്‍വോപരി, മിക്ക മുസ്‌ലിം രാജ്യങ്ങളിലെയും നിയമസംഹിതയുടെ വലിയൊരു ഭാഗം ഇസ്‌ലാമിക ശരീഅത്തില്‍നിന്നും നിര്‍ധാരണം ചെയ്‌തെടുത്തതാണ്. അതുകൊണ്ടുതന്നെ തങ്ങളുദ്ദേശിച്ചപോലെ മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍നിന്ന് അന്യവത്കരിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് കഴിഞ്ഞിട്ടില്ല. സാധാരണ സാഹചര്യങ്ങളില്‍ ജനങ്ങള്‍ നിസ്സംഗത പുലര്‍ത്താമെങ്കിലും പ്രക്ഷോഭ വേളകളില്‍ അവരുടെ ഇസ്‌ലാമികബോധം കൃത്യമായും പ്രകടമാവുന്നുണ്ട്. തങ്ങളുടെ ഔപചാരികമായ ജനാധിപത്യാവകാശ വിനിയോഗവേളയില്‍ മുസ്‌ലിം സമൂഹം ഇസ്‌ലാമിക കക്ഷികളെ തന്നെ തെരഞ്ഞെടുത്തേക്കാം.

യുവതലമുറ
ഏതെങ്കിലും സംഘടനകളുമായി ബന്ധം പുലര്‍ത്താത്ത ധാരാളം യുവജനങ്ങള്‍ മുസ്‌ലിം ലോകത്താകമാനം -അറബ് ലോകത്ത് വിശേഷിച്ചും- ഉണ്ട്. എന്നിരുന്നാലും, സ്വന്തം വായനകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും മറ്റും അവര്‍ ഇസ്‌ലാമിനെ കൂടുതല്‍ ആഴത്തില്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മഭാവത്തെയും സൗന്ദര്യത്തെയും ഉല്‍കൃഷ്ടതയെയും അവര്‍ വിലമതിക്കുന്നുണ്ട്. ചരിത്രത്തിലുടനീളം ഇസ്‌ലാമിക സംസ്‌കാരം അതിന്റെ ആവിഷ്‌കാര നൈരന്തര്യം നിലനിര്‍ത്തിപ്പോന്നത് മതപഠനങ്ങളിലൂടെ മാത്രമായിരുന്നില്ല. മറിച്ച് സാഹിത്യം, കവിത, വാസ്തുവിദ്യ, ആധ്യാത്മിക കാര്യങ്ങള്‍ തുടങ്ങിയവയിലൂടെയെല്ലാമായിരുന്നു.
അപമാനവീകരണം മുഖമുദ്രയാക്കിയ പടിഞ്ഞാറിന്റെ അകംപൊള്ളയായ ഭൗതിക സംസ്‌കാരത്തില്‍നിന്ന് ഭിന്നമായി, ആവേശോജ്വലമായ ഇസ്‌ലാമിക സംസ്‌കൃതിക്ക് വിദ്യാസമ്പന്നരായ മുസ്‌ലിം യുവതലമുറയെ വീണ്ടെടുക്കാന്‍ സാധിച്ചു. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഒരു പക്ഷേ അവര്‍ക്ക് കേട്ടുകേള്‍വി പോലുമുണ്ടാവില്ല. പക്ഷേ, ഇസ്‌ലാമിനെ ഗ്രഹിക്കാനും അതിന്റെ ഭംഗിയും മഹത്വവും തിരിച്ചറിയാനും പോഷിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ, പ്രത്യയശാസ്ത്രപരമായ ഒരു സംഘര്‍ഷ വേളയില്‍ അവരുടെ മനസ്സും പിന്തുണയും ഇസ്‌ലാമിക കക്ഷികളോടൊപ്പമായിരിക്കുമെന്നതില്‍ സംശയമില്ല.

ഇഖ്‌വാന്‍
അറബ് വിപ്ലവത്തില്‍ ഇഖ്‌വാന്റെ പ്രാധാന്യം സ്ഥാപിക്കാന്‍ ഒരു വിശദീകരണമാവശ്യമില്ല. സുപ്രധാനമായ മൂന്ന് നേട്ടങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
എ. സമ്പദ്‌വ്യവസ്ഥ, സമൂഹം, ഭരണകൂടം തുടങ്ങിയവയെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം തെളിമയോടെ വിശദമാക്കാന്‍ ഇഖ്‌വാന് സാധിച്ചു. അതുകൊണ്ടുതന്നെ, ഭരണകൂട സ്ഥാപനങ്ങളുടെ വിപ്ലവാനന്തര പുനര്‍നിര്‍മാണത്തിന് കൃത്യമായൊരു രൂപരേഖ മുന്നോട്ടുവെക്കാന്‍ ആ പ്രസ്ഥാനത്തിനു കഴിയും. തന്നെയുമല്ല, തങ്ങള്‍ മുന്നോട്ടുവെക്കുന്ന പദ്ധതി ഇസ്‌ലാമികമാണെന്ന് സ്ഥാപിക്കാനും പ്രയോഗവത്കരിച്ചു കാണിക്കാനും അവര്‍ക്ക് കഴിയും. എന്നാല്‍, കൊട്ടിഘോഷിക്കപ്പെടുന്ന മതേതര കക്ഷികള്‍ക്ക് അത്തരമൊരു അവകാശവാദമുന്നയിക്കാന്‍ പോലും കഴിഞ്ഞുകൊള്ളണമെന്നില്ല.
ബി. സത്യസന്ധരും ഒപ്പം യോഗ്യരുമായ അംഗങ്ങളുള്ള സംഘടനയായി നിലവില്‍ ഇഖ്‌വാന്‍ മാത്രമേയുള്ളൂ. യോഗ്യരായ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ നേതൃത്വം സ്വാഭാവികമായും അവരിലേക്കുതന്നെയായിരിക്കും ചെന്നുചേരുക.
സി. വിശദാംശങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ട് ഇസ്‌ലാം. ഉദാഹണത്തിന് വ്യത്യസ്ത കര്‍മശാസ്ത്ര ധാരകളുടെ ഭാഗമായിക്കൊണ്ടുതന്നെ മുസ്‌ലിംകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇസ്‌ലാമിന്റെ അത്തരമൊരു ബഹുസ്വരതയെ അംഗീകരിക്കാനും സ്വന്തം ആശയപദ്ധതികളില്‍ വിഭിന്ന വീക്ഷണങ്ങള്‍ക്ക് ഇടം നല്‍കാനും ഇഖ്‌വാനു മാത്രമേ കഴിയൂ.
അറബ്‌ലോകത്തെ ജനകീയ വിപ്ലവത്തിന്റെ ആദ്യപടി സ്വേഛാധിപത്യ ഭരണകൂടങ്ങളെ തകര്‍ക്കലാണ്. ഈ ഘട്ടത്തില്‍ യുവതലമുറയും പൊതുജനങ്ങളുമാണ് നേതൃപരമായ പങ്കുവഹിക്കുന്നത്. പ്രഥമ ഘട്ടത്തിന്റെ വിജയകരമായ പരിസമാപ്തിയോടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. പുനര്‍നിര്‍മാണത്തിന്റെ ഈ ഘട്ടത്തില്‍ പുതിയ ഭാവിയെ കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള സ്വാഭാവിക നേതൃത്വമായി ഇഖ്‌വാന്‍ ഉയര്‍ന്നുവരും. ആ ഒരു വസ്തുതയാവട്ടെ, ഇസ്‌ലാമികാദര്‍ശത്തിന്റെ അകക്കാമ്പിനാണ് അടിവരയിടുന്നത്. അഥവാ, വിശ്വാസിസമൂഹത്തിലെ സകല വിഭാഗങ്ങളെയും സമരസജ്ജരാക്കാനുള്ള ഇസ്‌ലാമിന്റെ ഉള്‍ക്കരുത്തിന്.
(ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രകൂടിയാലോചനാ സമിതിയംഗമാണ് ലേഖകന്‍)
വിവ: വി. ബഷീര്‍

Comments

Other Post