അറബ് ഉത്തരാഫ്രിക്കന്‍ മേഖലയില്‍ നടക്കുന്നത് ഭാവനയുടെ പൊളിച്ചെഴുത്ത്
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ 2012 ആഗസ്റ്റ് 27, 29 വരെ 'അമെക്ക്' (ആഫ്രോ-മിഡിലീസ്റ്റ് സെക്ടര്‍) സംഘടിപ്പിച്ച 'മിന' (മിഡിലീസ്റ്റ്-നോര്‍ത്ത് ആഫ്രിക്കന്‍) ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ച കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രമുഖ തുനീഷ്യന്‍ ബുദ്ധിജീവിയും ഗ്രന്ഥകാരനുമായ ലാര്‍ബി സ്വദീഖി. മേഖലയിലെ തന്റെ ജീവിതാനുഭവം കൊണ്ടും ഇംഗ്ലണ്ടിലെ എക്‌സ്റ്റേര്‍ യൂനിവേഴ്‌സിറ്റിയിലെ തന്റെ ഗവേഷണ പരിചയം കൊണ്ടും അറബ്/ആഫ്രിക്കന്‍ മേഖലയെ ആഴത്തില്‍ അറിഞ്ഞയാളാണ് ലാര്‍ബി സ്വദീഖി. അല്‍-ജസീറയുടെ ഇംഗ്ലീഷ് വെബ് സൈറ്റില്‍ ജനപ്രിയ എഴുത്തുകാരനാണ് അദ്ദേഹം. ആധുനിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍, ഇസ്‌ലാം എന്നിവയെക്കുറിച്ചു പഠിക്കുന്ന ലാര്‍ബി സ്വദീഖി വളരെ പ്രകടമായ രാഷ്ട്രീയ ആഭിമുഖ്യം പുലര്‍ത്തുന്നയാളാണ്. സംവാദവേദിയില്‍ ഒരു വിട്ടുവീഴ്ചക്കും തയാറില്ലാത്ത ലാര്‍ബി ഒരു കര്‍ക്കശക്കാരനാണെന്നാണ് തോന്നിയത്. എന്നാല്‍ മലയാളം എന്ന സൗത്ത് ഇന്ത്യന്‍ ഭാഷയിലുള്ള 'പ്രബോധനം' എന്ന ഇസ്‌ലാമിക മാഗസിനു വേണ്ടി അഭിമുഖം ചോദിച്ചപ്പോള്‍ വളരെ വേഗം സമ്മതിച്ചു. ഒരൊറ്റ ദിവസം കൊണ്ട് തീരാതെ മൂന്നു ദിവസം ലാര്‍ബി സ്വദീഖി സംസാരിച്ചു. Rethinking Arab Democratisation-Elections Without Democracy, The Search for Arab Democracy: Discourses and Counter-Discourses തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയ ലാര്‍ബി തന്റെ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. സ്വദീഖിയുമായുള്ള ദീര്‍ഘസംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളാണിവിടെ നല്‍കുന്നത്.
അറബ് വസന്തത്തെ നിര്‍വചിക്കുന്നതിനെക്കുറിച്ചാണ് താങ്കള്‍ ഈ കോണ്‍ഫ്രന്‍സില്‍ സംസാരിച്ചത്. അത് ഒന്നുകൂടി വിശദീകരിക്കാമോ?
അറബ്/ആഫ്രിക്കന്‍ മേഖലയില്‍ നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ മനസ്സിലാക്കുന്നതില്‍ സംഭവിച്ച പ്രധാന പോരായ്മ, അത് നിര്‍വചിച്ച രീതി തന്നെയാണ്. ''പെട്ടെന്നുള്ള പൊട്ടിത്തെറി,'' ''ഒരു കാലാവസ്ഥാ വ്യതിയാനം'' ഒക്കെ ആയി ഒരു ജനത നടത്തിയ ഇടപെടലിനെ വിലയിരുത്തുന്നത് സൂക്ഷ്മാര്‍ഥത്തില്‍ നിരവധി പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. ഞാന്‍ സംസാരിക്കുന്നത് ''അറബ് വസന്തം'' എന്ന പ്രയോഗത്തെക്കുറിച്ചു തന്നെയാണ്. മഗ്‌രിബ് എന്ന് വിളിക്കുന്ന ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലായാലും ഈജിപ്തിനെപ്പോലുള്ള മഗ്‌രിബ് പ്രദേശങ്ങളിലായാലും ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങള്‍ നിര്‍മിച്ചിരിക്കുന്ന നിരവധി ധാരണകളുണ്ട്. അതിലൊന്ന് യൂറോപ്പിന്റെ പിന്നാമ്പുറമാണ് ഈ പ്രദേശങ്ങളാണെന്നതാണ്. സബ്-സഹാറന്‍ ആഫ്രിക്കക്കാര്‍ അടിമകളായും മനുഷ്യരല്ലാതെയും നിര്‍മിക്കപ്പെട്ടപ്പോള്‍, വടക്കനാഫ്രിക്കയെ യൂറോപ്പിന്റെ പിന്നാമ്പുറം ആയാണ് ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങള്‍ നിര്‍മിച്ചത്. ഇത് ഒരിക്കലും യൂറോപ്പിന്റെ ഗുണങ്ങള്‍ കിട്ടാതെ അവരുടെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന, അവരെ അനുകരിക്കുന്ന, അര്‍ദ്ധ മനുഷ്യരുടെ പ്രദേശമാക്കി ഉത്തരാഫ്രിക്കയെ മാറ്റി. അതാണ് പോസ്റ്റ്-കൊളോണിയല്‍ വരേണ്യ വിഭാഗങ്ങളിലൂടെ യൂറോപ്പ് കാലങ്ങളായി തേടിക്കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത്തരം വരേണ്യഭാവനകളില്‍നിന്ന് ഉത്തരാഫ്രിക്കക്കാര്‍ വിമോചിതമാവുമ്പോള്‍ അവരെ 'അറബ്' എന്ന സാംസ്‌കാരികാനുഭവത്തിലേക്ക് ചുരുക്കുന്നു. ആഫ്രിക്ക, ഇസ്‌ലാം തുടങ്ങിയ മത/ദേശ സ്ഥാനങ്ങള്‍ ഇതിലൂടെ ലഘൂകരിക്കപ്പെടുന്നു. നേരത്തെ അറബികളെക്കുറിച്ചു തയാര്‍ചെയ്ത ധാരണകള്‍ ഉത്തരാഫ്രിക്കന്‍ ഇസ്‌ലാമിക മാറ്റത്തെ അട്ടിറിക്കാന്‍ ഇതിലൂടെ ഉപയോഗപ്പെടുന്നു. ഹോളിവുഡ് സിനിമകള്‍ കാണിച്ച നീല ജീന്‍സണിഞ്ഞ, ട്വിറ്ററും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്ന, അറബ് ചുവയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന വിപ്ലവകാരിയുടെ ചിത്രം, ദീര്‍ഘകാലമായി പോരാട്ടത്തിലേര്‍പ്പെട്ട ജനസമൂഹങ്ങളെ മനസ്സിലാക്കാന്‍ ഉതകില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. വടക്കനാഫ്രിക്കന്‍/പശ്ചിമേഷ്യന്‍ ജനസമൂഹങ്ങളെ മനസ്സിലാക്കാന്‍ മാധ്യമ നിര്‍മിത വാര്‍പ്പ് മാതൃകകള്‍ മതിയാവില്ല. പകരം എഡ്വേഡ് സൈദ് വിശേഷിപ്പിച്ച സത്താപരമായ പ്രതിബദ്ധത (Existential Commitment) തന്നെ ആവശ്യമുണ്ട്.
താങ്കള്‍ തുനീഷ്യക്കാരനാണല്ലോ. എന്താണ് തുനീഷ്യന്‍ വിപ്ലവാനുഭവം?
തുനീഷ്യയെക്കുറിച്ചു ഞാന്‍ സംസാരിക്കുമ്പോള്‍ അതൊരു ലഘുജീവചരിത്രക്കുറിപ്പു തന്നെയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ തുനീഷ്യ വിട്ടിരുന്നു. രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും എന്നെ ഒരു കോളമിസ്റ്റും ജേര്‍ണലിസ്റ്റുമായാണ് എല്ലാവരും തിരിച്ചറിയുന്നത്. മിക്ക തുനീഷ്യക്കാരെയും ലോകമറിയുന്നത് പത്രപ്രവര്‍ത്തകരായിട്ടാണ്. സുമയ്യ ഗനൂശിയൊക്കെ ഉദാഹരണം. എന്റെ കോളങ്ങള്‍ (അല്‍ ജസീറ, ന്യൂയോര്‍ക്ക് ടൈംസ്) എന്നെ ഒരു വന്‍ഭീഷണിയായി കാണാന്‍ ഏകാധിപതി ബിന്‍ അലിയെ പ്രേരിപ്പിച്ചിരുന്നു. വധഭീഷണി അടക്കം ഉണ്ടായിട്ടുണ്ട്. അന്നഹ്ദയുടെ നേതാവായ റാശിദ് ഗനൂശി ലണ്ടനില്‍ പ്രവാസത്തിലായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. പുതിയ ഭരണകൂടം ഗനൂശിയുടെ കീഴില്‍ നിലവില്‍ വരുമ്പോള്‍ കുറച്ചുകൂടി വിമര്‍ശനാത്മകമായ ബൗദ്ധിക നിലപാട് സ്വീകരിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. തീര്‍ച്ചയായും ഗനൂശിയുടെ 'വസത്വിയ്യ' എന്ന ആശയം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈജിപിതിലെ ബ്രദര്‍ഹുഡിനേക്കാള്‍ ലോകം ഗനൂശിയെ ആദരിക്കുന്നത് സ്വതന്ത്രമായ ചിന്തകൊണ്ടാണ്.
അന്നഹ്ദയുടെ സാധ്യതകളും പരിമിതികളും എന്തൊക്കെയാണ്?
അന്നഹ്ദ വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. ഭരണകൂടവുമായി ബന്ധപ്പെട്ട അവരുടെ പ്രതിപക്ഷാനുഭവം കയ്പുറ്റതാണ്. എങ്കിലും, ജനാധിപത്യപരമായ ഏതു തെരഞ്ഞെടുപ്പും നഹ്ദയുടെ അധികാരാരോഹണത്തിലാണ് കലാശിക്കുക എന്ന് ലോകമറിയുന്ന ഒരു സത്യമായിരുന്നു. സമയം മാത്രമായിരുന്നു ഒരു തടസ്സമായുണ്ടായിരുന്നത്. തുനീഷ്യയിലെ രാഷ്ട്രീയ മാറ്റത്തെ വിലയിരുത്തുമ്പോള്‍ 'ദാരിദ്ര്യം' ഒരു പ്രധാന ഘടകമായിരുന്നെങ്കിലും സ്വബ്ര്‍, അഖ്‌ലാഖ് തുടങ്ങിയ മൂല്യങ്ങള്‍ ദാരിദ്രത്തെ മനസ്സിലാക്കാന്‍ അവര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ദാരിദ്ര്യം നല്‍കുന്ന അപമാനവീകരണം എന്ന പ്രശ്‌നമാണ് കൂടുതല്‍ നിര്‍ണായകമായി തുനീഷ്യന്‍ വിപ്ലവത്തിന്റെ കാരണമായി എനിക്കു മനസ്സിലാവുന്നത്. ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കില്‍, ദാരിദ്ര്യം മുസ്‌ലിംകള്‍ക്ക് ആത്മീയ അലങ്കാരമാണ്. എന്നാല്‍, വ്യവസ്ഥാപിതമായ ഒരു അപമാനവീകരണ പ്രക്രിയ അതില്‍ ഉള്ളടങ്ങിയെന്ന തിരിച്ചറിവാണ്, മനുഷ്യ മഹത്വത്തെ അത് കെടുത്തിക്കളയുന്നുവെന്ന ബോധ്യമാണ്, ദാരിദ്ര്യത്തിനെതിരെ ജനങ്ങളെ തെരുവിലിറക്കിയത്. ബൂ അസീസിയുടെ ആത്മഹത്യ നോക്കൂ. ഇസ്‌ലാം വിലക്കിയ കാര്യമാണ് ആത്മഹത്യ. എങ്കിലും ബൂ അസീസിയെ ദൈവമാര്‍ഗത്തിലെ ശഹീദായി കാണാന്‍ തുനീഷ്യന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കുന്നു. ഈയൊരു ഡൈനാമിക്‌സ് ഞാന്‍ കൂടുതല്‍ പഠിക്കാന്‍ ആലോചിക്കുന്നുണ്ട്.
ഞാന്‍ അന്നഹ്ദയിലേക്ക് തിരിച്ചു വരാം. ഇപ്പോള്‍ കാര്യങ്ങള്‍ അവര്‍ പ്രതീക്ഷിക്കുന്ന ദിശയിലാണ് നീങ്ങുന്നത്. സോഷ്യലിസ്റ്റ് സ്വഭാവമുള്ള എതിരാളികളെ സ്വന്തം മന്ത്രിസഭയില്‍ അണിനിരത്തി അവര്‍ പുതിയ മാതൃക കാണിച്ചു. തീര്‍ച്ചയായും ജനാധിപത്യ വാചകമേളകള്‍ക്കു പകരം അതൊരു നൈതിക സമീപനം എന്ന നിലയില്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നഹ്ദ നേരിടുന്ന വെല്ലുവിളികള്‍ മൂന്നാണ്. ഒന്ന്) ഭരണത്തിലുള്ള പരിചയക്കുറവ്. രണ്ട്) തുനീഷ്യയിലെ സാമ്പത്തിക പ്രതിസന്ധി. ജനം വലിയ പ്രതീക്ഷയിലാണ്. മോചനത്തിനുള്ള വഴി തെളിഞ്ഞിരിക്കുന്നു. നഹ്ദ പ്രതീക്ഷ നിറവേറ്റുമെന്ന് അവര്‍ കരുതുന്നു. മൂന്ന്) നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നല്ല പരിചയമുള്ള 'ഭരണവിരുദ്ധ വികാരം.' അതിപ്പോള്‍ തന്നെ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഞാന്‍ ചെറിയൊരു പ്രവചനം നടത്താന്‍ ആഗ്രഹിക്കുന്നു. 2013 മാര്‍ച്ചിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ്. എന്റെ ഒരു വിലയിരുത്തല്‍ അനുസരിച്ച്, നഹ്ദയുടെ ഭൂരിപക്ഷം കുറയും, അവര്‍ അധികാരം നിലനിറുത്തുമെങ്കിലും.
താങ്കളുടെ പ്രഭാഷണത്തില്‍ പ്രധാനമായി ഊന്നിയ മറ്റൊരു കാര്യം ഇസ്‌ലാമും ജനാധിപത്യവും എന്ന പ്രശ്‌നമായിരുന്നല്ലോ. താങ്കളുടെ പുതിയ പുസ്തകം അത് കൂടുതല്‍ വിശദീകരിക്കുമെന്നു പറയുന്നു. എവിടെ നിന്നാണ് താങ്കള്‍ ജനാധിപത്യത്തെക്കുറിച്ച് ആലോചിക്കുന്നത്?
മഗ്‌രിബിന്റെ ലോകമറിയുന്ന ബുദ്ധിജീവിയാണ് ഇബ്‌നുഖല്‍ദൂന്‍. സ്വത്വം, സമുദായം, ജനാധിപത്യം ഇവയെക്കുറിച്ചാലോചിക്കാന്‍ ഞാന്‍ ഇബ്‌നുഖല്‍ദൂനിലൂടെ ശ്രമിക്കുന്നുണ്ട്. വലിയ സമയവും അധ്വാനവും അതെന്നില്‍ നിന്നാവശ്യപ്പെടുന്നുണ്ട്. ഇബ്‌നുഖല്‍ദൂന്‍ സ്വത്വത്തെക്കുറിച്ചു പറയുമ്പോള്‍ ഉപയോഗിക്കുന്നത് 'ഫറാഗ്' എന്ന വാക്കാണ്. ഇംഗ്ലീഷില്‍ void എന്ന് ഏകദേശം വിവര്‍ത്തനം ചെയ്യാം. ആധുനിക സ്വത്വത്തെക്കുറിച്ച ചര്‍ച്ചയില്‍ 'ഫറാഗ്' എനിക്ക് നിര്‍ണായകമാണ്. മറ്റൊന്ന് ഇബ്‌നു ഖല്‍ദൂന്‍ തന്നെ ഏറെ ചര്‍ച്ച ചെയ്ത അസബ്ബിയ്യ എന്നുള്ള, പിന്നീട് Tribal Solidarity എന്നു വിവര്‍ത്തനം ചെയ്യപ്പെട്ട സാങ്കേതികപദമാണ്. ഞാനിത് രൂപപ്പെടുത്തുന്നത് ഇസ്‌ലാം എത്രത്തോളം പാശ്ചാത്യ ജനാധിപത്യ സങ്കല്‍പവുമായി യോജിക്കുന്നുവെന്ന് പറയാനല്ല. മറിച്ച് നമ്മുടെ സവിശേഷതകള്‍ക്കുള്ളില്‍ നിന്ന് ചിന്തിച്ചു തുടങ്ങാനാണ്. ഞാന്‍ പറയുന്നത് നാം ഇതുവരെ ചിന്തിച്ച പല കാര്യങ്ങളെയും പുതിയ സംഭവ വികാസങ്ങള്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉദാഹരണത്തിന് ആധുനിക ദേശീയ സമുദായത്തെക്കുറിച്ച ബെനഡിക്ട് ആന്‍ഡേഴ്‌സന്റെ പ്രധാനപ്പെട്ട മൂന്നു നിര്‍ണയങ്ങളെ പുതിയ രാഷ്ട്രീയ വിപ്ലവം പ്രതിസന്ധിയിലാക്കുന്നു. ഒന്ന്) അപ-വിശുദ്ധിവല്‍ക്കരണം. അതായത് പാരമ്പര്യത്തില്‍ നിന്ന് ആധുനികതയിലേക്കെന്ന രേഖീയ ചരിത്ര പുരോഗതി അറബ്/ആഫ്രിക്കന്‍ രാഷ്ട്രീയ പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. മാത്രമല്ല, മതം സ്വകാര്യ ജീവിതത്തില്‍ എന്ന സമീപനവും ഇവിടെ പ്രതിസന്ധിയിലാണ്. രണ്ട്) അപ-ഗോത്രവല്‍ക്കരണം. തീര്‍ച്ചയായും അറബികള്‍ എന്ന ഐക്യദാര്‍ഢ്യബോധം വളരെ നിര്‍ണായകമാണ്. സവിശേഷമായ ഒരു ഗോത്ര സാഹോദര്യം ഇവിടെ പ്രവര്‍ത്തിക്കുന്നത് കാണാന്‍ കഴിയും. മൂന്ന്) ദേശീയത. അറബ് വസന്തം പഴയ പാന്‍ അറബിസമല്ല. സദ്ദാമോ ബശ്ശാറോ ഖദ്ദാഫിയോ കേന്ദ്രീകരിച്ചുള്ള സ്റ്റേറ്റ് കേന്ദ്രീകൃത വിപ്ലവപരിപാടിയുമല്ല. ഈ അര്‍ഥത്തില്‍ ബെനഡിക്ടണ്‍ നിര്‍ണായകങ്ങള്‍ പ്രതിസന്ധിയിലാവുന്നത് ഞാന്‍ കാണുന്നു. ഞാനെന്റെ പഠനത്തിന്റെ ഒരു സിനോപ്‌സിസ് ആണ് പറയുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ജനാധിപത്യത്തിന്റെ സ്ഥാപനവല്‍ക്കരണം എന്നത് ഒരു അറബ്/ഇസ്‌ലാമിക പാരമ്പര്യമല്ല. എന്നാല്‍ ജനാധിപത്യം ഉദ്ദേശിക്കുന്ന, സ്റ്റേറ്റ് ജനാധിപത്യത്തില്‍ നിന്ന് വ്യത്യസ്തമായ നൈതിക ബോധ്യങ്ങള്‍ എല്ലാ കാലത്തും ഇവിടെ കാണാന്‍ കഴിയുന്നു. ഇസ്‌ലാമും ജനാധിപത്യവും തമ്മിലുള്ള ചര്‍ച്ചകള്‍ സ്റ്റേറ്റ് ജനാധിപത്യത്തെക്കുറിച്ചാണ് ഇതുവരെ നടന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി മതമീമാംസാ ഗ്രന്ഥങ്ങള്‍, കവിതകള്‍, ആര്‍കിടെക്ചര്‍ തുടങ്ങിയ ബഹുജന ജീവിതത്തില്‍ ജനാധിപത്യത്തിന്റെ സെന്‍സിബിലിറ്റിയെ നോക്കാനാണ് അറബ്/ആഫ്രിക്കന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ നമ്മോടാവശ്യപ്പെടുന്നത്.
ലിംഗഭേദം, ലൈംഗികത തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉത്കണ്ഠകള്‍ പുതിയ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോ?
നോക്കൂ, സ്ത്രീകള്‍ അറബ് വസന്തത്തില്‍ വലിയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. തുനീഷ്യയില്‍ ബിന്‍ അലിയെ കെട്ടുകെട്ടിച്ച പിക്കറ്റിംഗിലും മറ്റും നിങ്ങള്‍ക്ക് സ്ത്രീ പങ്കാളിത്തം-നിരവധി പോരായ്മകളുണ്ടെങ്കിലും-കാണാന്‍ കഴിയുന്നുണ്ട്. പലപ്പോഴും ലിബറലുകള്‍ അവരാഗ്രഹിക്കുന്ന സ്ത്രീകളെ മാത്രമേ കാണൂ എന്നത് മറ്റൊരു പ്രശ്‌നമാണ്. മറ്റൊരു രീതിയില്‍ ഈ ചര്‍ച്ച ഇനിയും തുടരണം. ജനാധിപത്യത്തെക്കുറിച്ചുതന്നെ ആലോചിക്കൂ. ഇസ്‌ലാം എന്ന ഭാവനയും മുസ്‌ലിം എന്ന അനുഭവവും തമ്മിലുള്ള വിടവ് പരിശോധിക്കുക. ജനാധിപത്യവാദികളിലും അക്രമികളായ മുസ്‌ലിംകളുണ്ട്. എന്നാല്‍ ജനാധിപത്യവാദികളായ രാഷ്ട്രീയ മുസ്‌ലിംകളുണ്ട്. ഇസ്‌ലാമും ജനാധിപത്യവും എന്നതില്‍ നിന്ന് മാറി മുസ്‌ലിംകളും ജനാധിപത്യവും എന്ന ചര്‍ച്ചയാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്.
ഈയടുത്ത് ഏറെ വിവാദമായത് നിങ്ങളുടെ ഹിസ്ബുല്ല വിമര്‍ശനമായിരുന്നു. സുന്നി ലോകം മുതല്‍ എല്ലാതരം ഇടതുപക്ഷവും പിന്തുണച്ചിരുന്ന ഹസന്‍ നസ്‌റുല്ലയുടെ ഹിസ്ബുല്ലയുടെ സിറിയന്‍ ഭരണകൂടത്തിനുള്ള പിന്തുണ അതുവരെ നിലനിന്നിരുന്ന അവരുടെ ജനപ്രിയത ഇടിച്ചു കളഞ്ഞുവെന്നാണ് നിങ്ങള്‍ എഴുതിയത്. യഥാര്‍ഥത്തില്‍ സിറിയയില്‍ നടക്കുന്നതെന്താണ്?
ഞാന്‍ ഒരു വര്‍ഷം മുമ്പ് സിറിയ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ കൃത്യമായ ഒരു നിലപാട് എനിക്ക് സ്വീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു തത്ത്വാധിഷ്ഠിത നിലപാട് ഉണ്ട് താനും. ഒന്ന്) ഒരു തരത്തിലുള്ള വിദേശ കടന്നുകയറ്റവും സിറിയക്കുമേല്‍ നടപ്പാകരുത്. രണ്ട്) സിറിയയില്‍ ബശ്ശാര്‍ ഭരണകൂടം നിലംപതിക്കുക തന്നെ വേണം. മൂന്ന്) സിറിയന്‍ നാഷ്‌നല്‍ കൗണ്‍സിലില്‍ നാം കരുതുന്നതുപോലുള്ള ഒരു ജനാധിപത്യ സംവിധാനം വേണം. ഈ മൂന്ന് കാര്യങ്ങള്‍ എനിക്ക് വളരെ പ്രധാനപ്പട്ടതാണ്. സിറിയന്‍ പ്രക്ഷോഭവും ബഹ്‌റൈന്‍ പ്രക്ഷോഭവും തട്ടിച്ചു വായിക്കുന്നത് എംപയറിന്റെ താല്‍പര്യത്തെ മനസ്സിലാക്കാന്‍ കൂടുതല്‍ ഉചിതമാണ്. സിറിയയില്‍ നടക്കുന്ന അതേ പ്രക്ഷോഭമാണ് ബഹ്‌റൈനില്‍ നടക്കുന്നത്. സിറിയയില്‍ സുന്നി ഭൂരിപക്ഷമാണ്. സിറിയയിലെ ഭൂരിപക്ഷ രക്തത്തിന് പരിശുദ്ധി കല്‍പിക്കുന്ന എംപയര്‍ ബഹ്‌റൈനിലെ ഭൂരിപക്ഷ രക്തത്തിന് അത് കല്‍പിക്കാത്തത് എംപയറിന്റെ ഇരട്ടത്താപ്പിനെ കാണിക്കുന്നു.
ഇങ്ങനെ ഒരു നിലപാട് ഞാന്‍ സ്വീകരിച്ചുകൊണ്ടാണ്, ബശ്ശാറിനും അമേരിക്കക്കും നാഷ്‌നല്‍ കൗണ്‍സിലിനുമെതിരെ ഒരേ സമയം നിലപാടെടുക്കാന്‍ ഞാനാവശ്യപ്പെട്ടത്. തീര്‍ച്ചയായും എന്റെ നിലപാട് മാറ്റം ഹിസ്ബുല്ലയെ ചൊടിപ്പിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാന പ്രശ്‌നം ഇസ്രയേല്‍/ഫലസ്ത്വീന്‍ ആണല്ലോ. പുതിയ മാറ്റങ്ങള്‍ ഇസ്രയേലിനെ എങ്ങനെ മാറ്റുമെന്നാണ് താങ്കള്‍ കരുതുന്നത്?
രണ്ടാം ലോകയുദ്ധത്തിനു ശേഷം യുഎന്നിന്റെയും അമേരിക്കന്‍ ലോബിയുടെയും പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന ക്രൂരതകള്‍ അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന് ഫലസ്ത്വീന്‍ മറന്നുകൊണ്ട് ഒരു രാഷ്ട്രീയമില്ല. സിറിയയില്‍ നാമെല്ലാമാഗ്രഹിക്കുന്ന ഒരു ജനാധിപത്യക്രമം നിലവില്‍ വരുകയാണെങ്കില്‍ പുതിയ ഒരു ജനാധിപത്യക്രമത്തിലേക്ക് ഇസ്രയേല്‍ കടന്നുവരിക തന്നെ ചെയ്യും.
9/11 നു ശേഷം ഇസ്‌ലാമിനെക്കുറിച്ച പഠനങ്ങള്‍ വലിയ മാര്‍ക്കറ്റ് ഉണ്ടാക്കി. ധാരാളം പുതിയ പഠന/തൊഴിലവസരങ്ങള്‍ അക്കാദമിക മേഖലയില്‍ സൃഷ്ടിക്കപ്പെട്ടു. അറബ് വസന്തം ഈ പ്രവണതയെ എങ്ങനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്?
9/11 നു ശേഷം ഇസ്‌ലാമിനെക്കുറിച്ച് ധാരാളം സ്ഥാപനങ്ങള്‍ പഠിക്കാനാരംഭിച്ചു. ധാരാളം പുസ്തകങ്ങള്‍, എഴുത്തുകാര്‍ ഒക്കെ കടന്നുവന്നു. എന്നാല്‍ യൂറോ-അമേരിക്കന്‍ ഉത്കണ്ഠകളോട് പ്രതികരിക്കുന്ന തരത്തിലാണ് അവ ഉണ്ടായിരുന്നത്. ഇസ്‌ലാം അങ്ങനെയാണോ? ഇങ്ങനെയാണോ? തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ ചോദിക്കുകയും മുസ്‌ലിംകള്‍ ഉത്തരം പറയുകയുമായിരുന്നു പതിവ്. വൈജ്ഞാനികമായ ഒരു സ്വയം നിര്‍ണായക ശേഷി മുസ്‌ലിംകള്‍ക്ക് കൈവരിക്കാനുള്ള ഒരു ഇടം പുതിയ മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. അത് എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്.
അവസാനമായി, ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ചുള്ള നിങ്ങളുടെ ബോധ്യങ്ങള്‍ എന്തെല്ലാമാണ്? ഭീകരതക്കെതിരായ ആഗോള ഐക്യമുന്നണിയില്‍ ഇന്ത്യ പങ്കു ചേര്‍ന്ന ശേഷം ഇന്ത്യയിലും 'മുസ്‌ലിം ഭീകരത'യുടെ പേരിലുള്ള വേട്ടയാടലുകള്‍ പതിവാണ്. പുതിയ സാഹചര്യത്തില്‍ വല്ല മാറ്റവും പ്രതീക്ഷിക്കാമോ?
സത്യം പറഞ്ഞാല്‍ ഇന്ത്യന്‍ മുസ്‌ലിംകളെക്കുറിച്ച് എനിക്ക് വലിയ പിടിയില്ല. ഉപരിപ്ലവമായ നിരീക്ഷണങ്ങള്‍ ഞാന്‍ നടത്തുന്നില്ല. തീര്‍ച്ചയായും ന്യൂനപക്ഷ മുസ്‌ലിം എന്ന പ്രശ്‌നം വ്യത്യസ്തമായി ആലോചിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. മറ്റൊന്ന്, സാംസ്‌കാരിക ബഹിഷ്‌കരണം, ഫലസ്ത്വീന്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഇസ്രയേലിന്റെ ഒന്നാമത്തെ ആയുധ വിപണിയായി ഇന്ത്യ നിലകൊള്ളുന്നത് രാഷ്ട്രീയപരമായി അഭികാമ്യമായ കാര്യമല്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇതൊക്കെ മനസ്സിലാക്കുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.
[email protected]
Comments