മഗ്‌രിബിന്റെ ഭൂപാളം
ജിദ്ദ അല്‍റൗദയിലെ
ഈജിപ്ഷ്യന്‍ കോണ്‍സുലേറ്റിനു
മുന്നിലൂടെയുള്ള
പതിവു നടത്തത്തിനിടെയാണ്
മിസ്‌റിന്റെ ദേശീയ പതാകയില്‍
മുദ്രിതമായ പരുന്തിനെ ശ്രദ്ധിച്ചത്.
പോരാട്ട വീര്യത്തിന്റെ ചുവപ്പിനും
സമാധാനത്തിന്റെ വെളുപ്പിനും
പീഡന യുഗാന്ത്യത്തിന്റെ
കറുപ്പിനുമിടയില്‍
തലയുയര്‍ത്തിയ
സ്വര്‍ണപ്പരുന്തിന്റെ ഭാവത്തില്‍
അതിജയിക്കുന്നത്
പുതു വസന്തത്തിന്‍ തിരയിളക്കമോ
പ്രാപ്പിടിയന്റെ നരക ദാഹമോ?
മരുവിന്റെ കോപ താപങ്ങ-
ളേറ്റുവാങ്ങി ജ്വലിക്കുന്ന
ചെങ്കോളമായ് സൂര്യന്‍
ചെങ്കടലിലേക്ക് താഴുന്ന
മൂവന്തിയില്‍
കടല്‍ തിരകളിലൂടെ
സവാരി ചെയ്‌തെത്തുന്നുണ്ട്
മഗ്‌രിബില്‍നിന്ന്
പുതിയൊരുദയത്തിന്റെ ഭൂപാളം.
ചോരപ്പുഴകളില്‍ പുതഞ്ഞ
വിപ്ലവത്തിന്റെ കൊലനിലങ്ങളിലത്
ശാന്തി സാന്ത്വനത്തിന്റെ
ഒലിവുനാമ്പുകളെ
തൊട്ടുണര്‍ത്തുന്നു.
മഹാ പ്രളയത്തിനുമീതെ
നോഹയുടെ പെട്ടകം പോലെ,
വിപ്ലവ നൈരാശ്യത്തിന്റെ
ആധി ബാധിച്ച സംസാര സാഗരത്തില്‍
ജീവരാശിക്കത് അഭയമാകുന്നു.
ഭോഗാതുരതയുടെ രാഹുചൂഴുന്ന
സംസ്‌കൃതിയുടെ ചക്രവാളങ്ങളെ
കഴുകി വെടിപ്പാക്കാന്‍
സാത്വികതയുടെ തോരാ മഴയായും
നാഗരികതയുടെ
ബാബേല്‍ ഗോപുരങ്ങളുയര്‍ത്താന്‍
വിയര്‍ത്തു പണിതവര്‍
വിയര്‍പ്പിന്റെ കൂലി ചോദി-
ച്ചുയിര്‍ത്തെണീക്കുമ്പോള്‍
ഉയിരും ഉണ്മയുമായും
ഭാവിക്കിനാവിലത് വളരുന്നുണ്ട്.
ഒക്‌ടോബറിന്റെ വിഹായസ്സില്‍നിന്ന്
ഒടുവിലത്തെ ആശാതാരകയും
മാഞ്ഞുപോകുമ്പോള്‍
സടകൊഴിഞ്ഞു തളര്‍ന്ന
കിഴട്ടു സിംഹമായ്
ബൊളീവിയന്‍ വിപ്ലവം
ഭൗതികാന്ധമാം
കാടുകളിലേക്കുതന്നെ
തിരോഭവിക്കുമ്പോള്‍
വരണ്ടുണങ്ങിയ മരുമണ്ണിന്റെ
സിരകളെ തൊട്ടുമീട്ടിക്കൊണ്ടുയരുന്നു
ജനപദങ്ങളില്‍ മുഴങ്ങുവാന്‍
മഗ്‌രിബിന്റെ ഭൂപാളം.
കെട്ടഴിച്ചുവിടപ്പെട്ട ആസക്തികളുടെ
പ്രാചീന പ്രചണ്ഡമായ
കൊടുങ്കാറ്റുകളെയും
കൊലവെറിക്കൂത്ത്
കല്‍പാന്തങ്ങളെയും
മുമ്പും അതിജീവിച്ചിട്ടുണ്ടല്ലോ
മരുഭൂമിയുടെ പ്രവാചക സ്വരം.
Comments