മഗ്രിബിന്റെ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴങ്ങിയത്
കടും ചുവപ്പ് നിറത്തെയാണ് റൂഷ് (റൂസ് - rouge) എന്നു പറയുക. തുനീഷ്യയുടെ കൊടിയുടെ നിറവുമാണത്. ഒരു ജനതയുടെ നിശ്വാസമേറ്റെടുത്തുകൊണ്ട്, ചുവന്ന ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത, ചുവപ്പ് നിറത്തില്‍ തന്നെയുള്ള കൊടി അന്തരീക്ഷത്തില്‍ അന്തസ്സോടെ, 'സ്വതന്ത്ര'മായി പറന്നു തുടങ്ങിയതിന്റെ കഥ പറയുകയാണ് ഇല്യാസ് ബക്കര്‍ എന്ന തുനീഷ്യന്‍ ചലച്ചിത്രകാരന് തന്റെ പുതിയ ഡോക്യു സിനിമയിലൂടെ (Rouge Parole/Elyes Baccar/ Feature Documentary/2011/ Tunisia/ Color).
2010 ഡിസംബര്‍ 17-ന് വെള്ളിയാഴ്ചയാണ് വഴിയോരക്കച്ചവടക്കാരനായ മുഹമ്മദ് ബൂ അസീസിയെന്ന ചെറുപ്പക്കാരന് ആത്മാഹുതി ചെയ്തത്. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെന്ന ഏകാധിപതിയോ ലോക ജനതയോ മാധ്യമങ്ങളോ ഒന്നും ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല പിന്നീട് നടന്നത്. താന്‍ ആജീവനാന്ത പ്രസിഡന്റായിരിക്കുന്നതിനാവശ്യമായ ദേശീയ പ്രചാരണ പരിപാടികള്‍ക്ക് തയാറെടുത്തുവരികയായിരുന്നു ബിന്‍ അലി. ബൂ അസീസിയുടെ ശരീരത്തില്‍ നിന്ന് പടര്‍ന്ന തീ തുനീഷ്യന്‍ തെരുവുകളില്‍ പൊട്ടിത്തെറിയുടെ പരമ്പരകള്‍ സൃഷ്ടിച്ചു. കത്തിക്കരിഞ്ഞു നിന്ന ശരീരത്തിന്റെ ചിത്രം ഒരു ദേശത്തിന്റെ തന്നെ കണ്ണും മനവും തുറപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും വീണ്ടെടുപ്പിനു വേണ്ടിയുള്ള സമരം അങ്ങനെ ആരംഭിച്ചതാണ്. അഴിമതിയിലും ക്രൂരതയിലും ഉറപ്പിച്ചുനിര്‍ത്തിയിരുന്ന അധികാരത്തിന്റെ കാലുകളിളകി.
ചിന്തകള്‍ക്കു മേല്‍ ബിന്‍ അലിയെന്ന അധീശരൂപം ഉരുക്കി വാര്ത്തുറപ്പിച്ച ചങ്ങലക്കെട്ടുകള്‍ തകര്ന്നുപൊടിഞ്ഞതിന്റെ ദൃശ്യങ്ങളാണ് ഇല്യാസ് ബക്കറിന്റെ സിനിമയില്‍ കാണുന്നത്. നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു പുസ്തകശാലയുടെ കാഴ്ചയിലാണ് നാമതനുഭവിക്കുന്നത്. അത് ചരിത്രത്തിലേക്ക് സഞ്ചരിക്കുന്ന ജനതയുടെ ദൃശ്യത്തിലേക്ക് കട്ടു ചെയ്യുന്നു. വായന സ്വാതന്ത്ര്യബോധവും വിപ്ലവാവേശവുമുള്ള ജനതയെ സൃഷ്ടിക്കുന്നു. അത് ഏകാധിപത്യത്തിന്റെ അടിവേരറുക്കുന്നു. ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത് ബിന്‍ അലിയുടെ തകര്‍ന്നടിഞ്ഞ കൊട്ടാരത്തിന്റെ ചിത്രമാണ്.
പോരാട്ടത്തിന്റെ യഥാര്‍ഥ ഫൂട്ടേജുകള്‍ തുന്നിച്ചേര്‍ത്തു കൊണ്ടാണ് റൂഷ് പരോള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഒരു ജനതയുടെ അഭിലാഷങ്ങളിലേക്ക് നമ്മുടെ മനസ്സിനെ നയിക്കുന്ന ഇന്‍സെര്‍ട്ടുകളും. ഇല്യാസ് ബക്കര്‍ അനുവാചകന്റെ ബുദ്ധിയില്‍ വസന്തം വിരിയിക്കുന്നു. സംഭവങ്ങള്‍ ഗതാനുഗതികമായല്ല റൂഷ് പരോളില്‍ അവതരിപ്പിക്കുന്നത്. മറിച്ച് ബക്കറിന്റെ ക്യാമറ സമരസ്ഥലികളിലൂടെ സഞ്ചരിക്കുകയാണ്. സുരക്ഷാ സേനയും ജനങ്ങളും (ജനങ്ങള്‍, വിപ്ലവകാരികള്‍ എന്നല്ല; അഥവാ ഒരു ജനതയൊന്നടങ്കം വിപ്ലവ പ്രതീകങ്ങളായിത്തീര്‍ന്നു) തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിടങ്ങളിലൂടെ. തുനീസിന് തൊട്ടടുത്ത സ്ഥലമായ സീദീ ബൂസീദ്, ബൂ അസീസിയുടെ ജന്മദേശമാണ്. ഈ സ്ഥലം സമരത്തിന്റെ ഐക്കണായിത്തീര്ന്നു. അര്മുദയ്യിഫ്, ഖിര്ഖിന്ന ദ്വീപുകള്‍, താല തുടങ്ങിയ സ്ഥലങ്ങളിലും തെരുവുകളും നിരത്തുകളും ബൂ അസീസിയുടെ അഗ്നിനാളങ്ങളെ ഏറ്റുവാങ്ങി.
സീദീ ബൂസീദില്‍ നിന്ന്
തഹ്രീരിലേക്ക്
സമരാഗ്നിയുടെ സഞ്ചാരം
രാജ്യത്തിന്റെ അതിരിനപ്പുറത്തേക്കുമത് പടര്‍ന്നു. ബക്കറിന്റെ സിനിമ അതിനെയും പിന്തുടരുന്നുണ്ട്. സ്ത്രീകള്‍ സജീവമായി സമരരംഗത്തുണ്ടായിരുന്നു. ഒരുനിലക്ക് ഉമ്മമാരുടെ സമരം തന്നെയായിരുന്നു അത്. ബൂ അസീസിയുടെ ഉമ്മ റൂഷ് പരോളില്‍ വരുന്നുണ്ട്. അവരുടെ സാന്നിധ്യം ഈജിപ്തിലും നാം കാണുന്നു. ഈജിപ്തില്‍ മുപ്പതാണ്ടുകള്‍ തികച്ച കിഴവന് ഏകാധിപതിക്കെതിരെ പെണ്ണുങ്ങളും കുട്ടികളുമടക്കം രംഗത്തിറങ്ങി. പലരും വെടിയുണ്ടകളേറ്റുവാങ്ങി ആത്മബലി നിര്‍വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ ചത്വരത്തില്‍ (തഹ്രീര്‍ സ്ക്വയര്‍) അവരുടെ നിശ്വാസങ്ങള്‍ ഘനീഭവിച്ചു. ഈ മേഘം മഴയായിപ്പെയ്ത കഥ ഈജിപ്തിലെ മൂന്ന് ചലിച്ചിത്ര സംവിധായകര്‍ (അതിലൊരാള്‍ സ്ത്രീയാണ്) മറ്റൊരു ഡോക്യുമെന്ററിയിലൂടെ പറയുന്നു ( Tahrir- The Good, The Bad and The Politician/Tamer Ezzat, Ayten Amin and Amr Salama/Documentary/2011/Egypt/color).
മൂന്ന് ചെറു ഡോക്യുമെന്ററി സിനിമകളുടെ ഒരു ആന്തോളജി ആണ് തഹ്രീര്‍- ദ ഗുഡ്, ദ ബാഡ്, ദ പൊളിറ്റീഷന്‍. തഅ്മീര്‍ ഇസ്സത്തിന്റെ ദ ഗുഡ് എന്ന സിനിമ സമരോത്സുകരായ ജനതയുടെ ആവേശത്തിന്റെ നേര്‍ക്കാഴ്ചകളാണ്. പട്ടാളവുമായുള്ള ഏറ്റുമുട്ടലുകളും പോലീസ് വെടിവെപ്പുമൊന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. ഹുസ്നി മുബാറക്കിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ആവേശത്തിമര്‍പ്പില്‍ തന്നെ, എന്നാല്‍ യാതൊരു മുന്നൊരുക്കവും ആസൂത്രണവുമില്ലാതെ പെട്ടെന്നു തടിച്ചുകൂടിയ വന്‍ കൂട്ടമായിരുന്നിട്ടും അച്ചടക്കത്തോടെയും അക്രമാസക്തരാവാതെയും ജനം മുന്നോട്ടുനീങ്ങുന്നു.
അടുക്കള വിട്ടിറങ്ങി നിരത്തിലേക്ക് കുതിക്കുകയും തെരുവില്‍ ആള്‍ക്കൂട്ടത്തോടൊപ്പം ചേരുകയും ചെയ്യുന്ന സ്ത്രീകള്‍. ഒരു ഗര്‍ഭിണി വെടിയേറ്റ് വീഴുന്ന ദൃശ്യം കണ്ട് നാം ഞെട്ടുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെപ്പറ്റി പറയുന്നുണ്ട്. ഹിജാബ് ധരിച്ച് പോരാട്ടത്തിനിറങ്ങിയതാണ് ആ സ്ത്രീയും രണ്ട് പെണ്മക്കളും. അവര്‍ വെടിയേറ്റ് വീണു. പെട്ടെന്ന് പകച്ചുപോയ മക്കളോട് തന്നെ വിട്ടേക്കാനും പോരാട്ടം തുടരാനും അവര്‍ വിളിച്ചുപറയുന്നത് താന്‍ കേട്ടുവെന്നാണ് ആഖ്യാതാവായ സ്ത്രീ പറയുന്നത്.
ദ ബാഡ് (അയ്തന്‍ അമീന്) എന്ന ഖണ്ഡത്തില്‍ ചലച്ചിത്രകാരി, വിപ്ലവാനന്തരമുള്ള സ്വാഭാവികമായ അരാജകത്വങ്ങളുടെ പശ്ചാത്തലത്തില്‍ സമരത്തെക്കുറിച്ച പോലീസ് ഭാഷ്യങ്ങളെയും മുബാറക്കനുകൂലികളായ ഉദ്യോഗസ്ഥരുടെ വാദങ്ങളെയും പരിചയപ്പെടുത്തുന്നു. മറുപക്ഷത്ത് പോലീസുകാരുടെ തന്നെ അഭിപ്രായങ്ങളുദ്ധരിച്ചും മറ്റും സമരത്തെ സാധൂകരിക്കുന്നുമുണ്ട്.
ഒരു ഏകാധിപതിയെ നിര്‍മിക്കുന്ന പത്ത് ഘടകങ്ങളെ പരിചയപ്പെടുത്തുന്ന അമര്‍ സലാമയുടെ ദ പൊളിറ്റീഷന്‍ രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ ഉത്തമ മാതൃകയാണ്. മുഹമ്മദ് അല്‍ ബറാദഇ ഉള്‍പ്പെടെ ഈജിപ്തിലെ ലോക പ്രശസ്ത നിയമജ്ഞരുടെയും രാഷ്ട്രീയ സാമൂഹിക ചിന്തകരുടെയും അവലോകനങ്ങളും വ്യത്യസ്തങ്ങളായ വാദങ്ങളും നാമീ ഭാഗത്ത് കാണുന്നുണ്ട്.
ഒരു ഭരണാധികാരി
ഏകാധിപതിയായി മാറുന്ന വിധം
ദി പൊളിറ്റീഷ്യന് എന്ന അമര്‍ സലാമയുടെ സിനിമയില്‍ ഏകാധിപതിയിലേക്കുള്ള ഒരു നേതാവിന്റെ പരിവര്‍ത്തനത്തിനു സഹായകമാകുന്ന പത്ത് കാര്യങ്ങളെ വളരെ രസകരമായി വിവരിക്കുന്നുണ്ട്.
ഹെയര്‍ ഡൈ ആണ് ഒന്നാമത്തെ ഘടകം. സത്യത്തില്‍ ഓരോ അധീശത്വവും എത്രത്തോളം പരിഹാസ്യമാം വിധം ദുര്‍ബലമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ലൊരു മഴയിലൊലിച്ചുപോകുന്ന കേശചായില്യമാണ് അധികാരത്തിന്റെ ശക്തി. ഡൈ പൂശി സുന്ദരനായി മാത്രം പ്രത്യക്ഷപ്പെടാറുള്ള മുബാറക് തന്റെ യഥാര്‍ഥ പ്രായവും രൂപവും ജനം അറിയുന്നതിനെ ഭയപ്പെട്ടു.
രണ്ടാമത്തേത് പേര്. തെരുവിനും എയര്‍പോര്‍ട്ടിനും നിരത്തിനുമൊക്കെ അധികാരഭ്രാന്തന്മാര്‍ സ്വന്തം പേരിടുന്നു (ചിലപ്പോള്‍ തന്റെ അഛന്റെയോ അമ്മയുടെയോ). വികസന, ജനക്ഷേമ പദ്ധതികളും തങ്ങളുടെ പേരിലറിയപ്പെടണമെന്ന ചിന്ത യഥാര്‍ഥത്തില്‍ ഒരപകടത്തിലേക്കാണ് വഴി തുറക്കുകയെന്ന് ബോധമുള്ളവര്‍ തിരിച്ചറിയണമെന്ന സന്ദേശമാണ് സിനിമ തരുന്നത് (നമ്മുടെ നാട്ടിലുമുണ്ടല്ലോ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനു വരെ പേരിടുന്നവര്‍). അമര്‍ സലാമ തുടര്‍ന്നു വിവരിക്കുന്നത് പാട്ടുപാടലി(singing)നെക്കുറിച്ചാണ്. പ്രകീര്‍ത്തന ഗാനങ്ങളാണ് ഏകാധിപതികള്‍ക്ക് വീര്യം പകരുക. മുഖസ്തുതി കേട്ട് മയങ്ങുന്ന മനോരോഗികളാെണല്ലാവരും.
സങ്കല്പശത്രുക്കളാ(phantom enemy)ണ് അടുത്തത്. ഇസ്രയേലിനെയും ഇറാനെയും പറ്റി പറഞ്ഞു പേടിപ്പിക്കാന്‍ മുബാറക് എല്ലായ്പ്പോഴും ശ്രമിച്ചിരുന്നു. അതിര്‍ത്തിയിലൊരു ശത്രു രാഷ്ട്രത്തെ സ്ഥിരമായി നിലനിര്‍ത്തും അധികാരാസക്തര്‍. ഇപ്രകാരം ബാഹ്യവും ആന്തരികവുമായ ശത്രുക്കളെക്കുറിച്ച ഭീതി നിലനിര്‍ത്തിയാണ് അടുത്ത കാര്യങ്ങളിലേക്ക് കടക്കുക. സുരക്ഷ(security)യാണത്. നാട്ടിന്റെ സുരക്ഷയെപ്പറ്റി ഭീതി വളര്‍ത്തി സുരക്ഷാ സേനയെ ഉണ്ടാക്കുകയും പിന്നെയാ സേനയെ ഉപയോഗിച്ച് നാട്ടില്‍ ഭീതിദമായ അന്തരീക്ഷമുണ്ടാക്കുകയും ചെയ്യുന്നു.
നിയമ(law)മാണ് ആറാമത്തെ ഘടകം. തങ്ങള്‍ക്കു വേണ്ടി അവര്‍ നിയമങ്ങളുണ്ടാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഏഴാമത്തേത് press and media. ഒരു ഭാഗത്ത് മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുകള്‍ സൃഷ്ടിക്കുക. മറുഭാഗത്ത് മാധ്യമങ്ങളെ തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്തുക.
തുടര്‍ന്ന് ഫോട്ടോകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വര്‍ത്തമാനം. രാജാക്കന്മാര് നാട്ടിലുടനീളം തങ്ങളുടെ ഛായാചിത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിച്ചിരുന്നു. ആ സ്ഥാനത്തുള്ളതാണ് ഇപ്പോഴത്തെ ഫോട്ടോ ഭ്രമം. സ്വന്തം പാരമ്പര്യത്തെക്കുറിച്ച മേനി പറച്ചിലും മക്കളെത്തന്നെ 'കിരീടാ'വകാശികളായി വാഴിക്കലും (inheritance) ഒമ്പതാമത്തെ വിഷയമായി സിനിമിയില്‍ കാണുന്നു. അമര്‍ സലാമ പറയുന്ന അവസാനത്തെ ഘടകം നിരാസം (denial) ആണ്. തങ്ങളുടെ ഹിതത്തിനെതിരായ ഏതൊന്നിനെയും ഇല്ലായ്മ ചെയ്യാനുള്ള ത്വര ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. ഉന്മൂലനം, അടിച്ചമര്‍ത്തല്‍, തടവറ തുടങ്ങിയ ഉപായങ്ങളെല്ലാമിതിനായി ഉപയോഗിക്കുന്നു.
ആത്മീയതയും വിമോചനവും
വ്യത്യസ്ത ജനവിഭാഗങ്ങളും വിവിധ മതവിഭാഗങ്ങളും തമ്മിലുള്ള ഐകരൂപത്തെ തഹ്രീര്‍ സിനിമ പ്രത്യേകിച്ചും ദ ഗുഡ് എന്ന ഖണ്ഡം എടുത്തുകാണിക്കുന്നുണ്ട്. തെരുവില്‍ മുസ്ലിം-ക്രിസ്ത്യന്‍ ഐക്യത്തിന്റെ മുദ്രാവാക്യങ്ങളുയരുന്നു. അവരൊരുമിച്ച് നീങ്ങുന്നു.
മതത്തിന്റെ വിപ്ലവശേഷിയെ മറച്ചുവെക്കാന്‍ ചിത്രം ശ്രമിക്കുന്നില്ല. സമരത്തിലും ഈജിപ്തില്‍ മുബാറക് വാഴ്ചക്കെതിരെ സൃഷ്ടിക്കപ്പെട്ട ജനവികാരത്തിന്റെ കാര്യത്തിലും അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്റെ പങ്ക് തഅ്മിര് ഇസ്സത്തിന്റെ സിനിമയില്‍ നാം കാണുന്നുണ്ട്.
ഖുര്‍ആനും കുരിശും ആകാശത്തിലേക്കുയര്‍ത്തി ആവേശം കൊള്ളുന്ന വിപ്ലവകാരികള്‍. വിമോചനാത്മകമായ മത ഉള്ളടക്കത്തെ അനുഭവിക്കുന്ന ഒരു ഫ്രെയ്മായിത്തീരുന്നു അത്.
മറ്റൊരു രംഗത്തില്‍, ജനക്കൂട്ടത്തിനു നേരെ ശക്തിയേറിയ ജല പീരങ്കി പ്രയോഗം നടത്തുന്ന പട്ടാളം. ജനമാകട്ടെ, അക്ഷോഭ്യരായി നമസ്കാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവര്‍ തക്ബീര്‍ മുഴക്കുന്നു. സുജൂദില്‍ വീഴുന്നു. ആക്രമണത്തെ സുജൂദ് കൊണ്ട് പ്രതിരോധിക്കുന്ന ദൃശ്യം വളരെ വാചാലവും പ്രതീകാത്മകവുമാണ്. ഹിജാബ് ധരിച്ച സ്ത്രീകള്‍ ആവേശപൂര്‍വം മുദ്രാവാക്യം മുഴക്കുകയും വെടിയുണ്ടകളെ തൃണവല്ഗണിക്കുകയും ചെയ്യുന്നു.
റൂഷ് പരോള്‍ എന്ന സിനിമ ഒരു ചോദ്യമുന്നയിക്കുന്നുണ്ട്. 'ജനുവരി 14-നു ശേഷവും അതിനു മുമ്പും തുനീഷ്യ ഒരുപോലെയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?'
ഈ സിനിമകള്‍ നമുക്ക് നല്കുന്ന പാഠം ശക്തമാണ്. ഒരു ജനത അന്തസ്സോടെ ജീവിക്കാന്‍ തീരുമാനിച്ചാല്‍, ഏത് ഘനാന്ധകാരവും മങ്ങും. ചങ്ങലക്കെട്ടുകള്‍ പൊട്ടിത്തകരും. അവരുടെ വിൡകള്ക്ക് വിധി ഏറ്റവും ക്രിയാത്മകമായ മറുപടി നല്‍കും.
അനുരഞ്ജനത്തെയാണ് ജനം കാംക്ഷിക്കുന്നതെങ്കിലോ? മറുപടി ഖുര്‍ആന്‍ നല്‍കുന്നുണ്ട്: ''ഒരു ജനത സ്വയം മാറാന്‍ തീരുമാനിക്കുന്നത് വരെ അവരില്‍ മാറ്റമുണ്ടാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നതല്ല.''
എന്തായാലും തീരുമാനം ജനങ്ങളുടേതു തന്നെ. ഉത്തരാഫ്രിക്കയില്‍, മഗ്രിബ് ചക്രവാളത്തിലുയര്ന്നത് ആഹ്വാനമാണ്. നമ്മുടെ ഭാവിയെ നാം തന്നെ ഏറ്റെടുക്കുന്നതിനുള്ള ആഹ്വാനം.
[email protected]
Comments