Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

തഹ്‌രീര്‍ സ്‌ക്വയര്‍

റോബിന്‍ യാസീന്‍ കസബ്‌

കയ്‌റോ തീര്‍ത്തും വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്. അതെ, തഹ്‌രീര്‍ സ്‌ക്വയര്‍ ഒരു കൂട്ടം പുതിയ അര്‍ഥങ്ങള്‍ വഹിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. ട്രാഫിക്, മലിനീകരണം, സ്റ്റാലിനിസ്റ്റ് നിഴല്‍ വീണുകിടക്കുന്ന മുഗമ്മ കെട്ടിടം- ഇതൊക്കെയും പിന്നിലോട്ട് മാറി പകരം വിപ്ലവം തുപ്പുന്ന ചുവരെഴുത്തുകള്‍, പുനര്‍ജന്മംകൊണ്ടിരിക്കുന്ന ദേശീയ പതാകകള്‍, പിന്നെ അറ്റമില്ലാതെ പരന്നുകിടക്കുന്ന ഈജിപ്ഷ്യന്‍ ജനതയുടെ വൈവിധ്യം. ജനുവരി 28-ലെ മഹത്തായ സമരത്തിനു ശേഷം ഖസ്‌റുന്നീല്‍ പാലത്തിലൂടെ നടക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്ന അനുഭൂതി. മധ്യ കയ്‌റോവിലെങ്കിലും ഇപ്പോള്‍ തെരുവുകള്‍ വൃത്തിയുള്ളതാണ്. വര്‍ഷങ്ങളോളം തങ്ങള്‍ നയിക്കേണ്ടിവന്ന അഴുക്കു നിറഞ്ഞ ജീവിതത്തിന് പ്രതിവിധിയെന്നോണം ജനം വിപ്ലവത്തിന്റെ പതിനെട്ടു ദിനങ്ങളില്‍ തെരുവുകള്‍ അടിച്ചുവാരുന്നതും വൃത്തിയാക്കുന്നതും കാണാമായിരുന്നു. കഫേയില്‍ കണ്ടുമുട്ടിയ അലി ജബ്ര്‍ എന്നൊരാള്‍ എനിക്ക് വിശദീകരിച്ചു തന്നു: ''ഈജിപ്തുകാര്‍ക്ക് അവരുടെ നാടിനോട് വെറുപ്പായിരുന്നു; അവര്‍ സ്വന്തത്തെ തന്നെ വെറുത്തിരുന്ന പോലെ. ലോകത്തിന്റെ ഏതു ഭാഗത്ത് ചെന്നാലും ജനം പറയും, ഈജിപ്തുകാര്‍ വെറും ചവറുകളാണെന്ന്. ഈജിപ്തുകാരും അത് തല കുലുക്കി സമ്മതിച്ചുപോന്നു. വിപ്ലവത്തിനുശേഷം ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ ചവറുകളല്ലെന്ന്. അതുകൊണ്ട്, ഞങ്ങള്‍ തെരുവുകളില്‍ നിന്ന് ചവറുകള്‍ പെറുക്കിമാറ്റുന്നു.''
എന്തൊക്കെയോ നടക്കാന്‍ പോവുകയാണ് ഈജിപ്തില്‍, വളരെ ശക്തമായ എന്തോ ഒന്ന്. മുമ്പ് കേട്ടു പരിചയമില്ലാത്ത ഒരു മാറ്റം. സര്‍വ തുറകളിലേക്കും ആ മാറ്റം കടന്നുകയറുന്നു. അത് രാഷ്ട്രീയ-ധൈഷണിക വൃത്തങ്ങളില്‍ പരിമിതമല്ല. കപ്പലണ്ടി വില്‍ക്കുന്ന ഒരു ഉന്തുവണ്ടിക്കാരന്റെ പെട്ടിക്കു മുകളിലും കണ്ടു, 'സാമൂഹിക നീതി' എന്ന് എഴുതി ഒട്ടിച്ചത്.
മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ ആദ്യത്തിലുമായാണ് ഞാന്‍ കയ്‌റോ സന്ദര്‍ശിച്ചത്.എയര്‍പോര്‍ട്ട് ഏറക്കുറെ ശൂന്യമായിരുന്നു.
എന്നെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഡ്രൈവര്‍ ഉടന്‍ തന്നെ 'വിപ്ലവ'ത്തിലേക്ക് കടന്നു. 'എന്നെ എന്താ അഭിനന്ദിക്കാത്തത്?' അയാള്‍ മുരണ്ടു. ഞാന്‍ അയാളെ അഭിനന്ദിച്ചു. 'ഞങ്ങള്‍ അയാളെ പുറത്താക്കി'- ഡ്രൈവര്‍ വലിയ ആവേശത്തിലായിരുന്നു. 'ഞങ്ങള്‍ സ്വതന്ത്രരായി.' വാഹനത്തിന്റെ പിന്‍ ഗ്ലാസിലൂടെ നോക്കുമ്പോള്‍ രക്തസാക്ഷികളുടെ ചിത്രങ്ങള്‍ തൂങ്ങിയാടുന്നത് കാണാമായിരുന്നു.
'ആര് പ്രസിഡന്റായി വരാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത്'എന്ന എന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ: ''ആരാണോ നല്ല നയപരിപാടികളുമായി വരുന്നത് അയാള്‍ വരട്ടെ. വ്യക്തി ആരെന്നത് പ്രശ്‌നമല്ല. ആശയങ്ങളാണ് കാര്യം. കാര്യപരിപാടികളും. അത് വെച്ച് ഞാന്‍ ആളെ അളക്കും.''
വിപ്ലവം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മുബാറകിന്റെ ആഭ്യന്തരമന്ത്രി ഹബീബ് ആദില്‍ (ഇപ്പോള്‍ വിചാരണ നേരിടുന്നു) പോലീസിനോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. തടവുപുള്ളികളെ കൂട്ടത്തോടെ തുറന്നുവിടാനും അയാള്‍ ഉത്തരവിട്ടു. 'എനിക്കു ശേഷം പ്രളയം' കളിച്ചുനോക്കിയതാണ് ഭരണകൂടം. മുബാറക് വീണാല്‍ സര്‍വത്ര അരാജകത്വമായിരിക്കുമെന്ന് ധ്വനിപ്പിക്കാന്‍ ചെയ്ത പണിയായിരുന്നു അത്. കൊള്ളക്കാരും പ്രത്യേക അജണ്ടകളുള്ള അവസരവാദികളും ജയില്‍ കവാടങ്ങള്‍ തുറന്ന്-അവരുടെ കൈവശം ആയുധങ്ങളും കൊടുത്തുവിട്ടിരുന്നു-നഗര പ്രാന്തങ്ങളിലേക്ക് ഇരമ്പിക്കയറി.
ജനങ്ങള്‍ ഓരോ ലൊക്കാലിറ്റിയിലും കമ്മിറ്റികളുണ്ടാക്കി ഈ കൊള്ളക്കാരെ നേരിട്ടു. സ്വന്തം വീടുകള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് അതേ വഴിയുണ്ടായിരുന്നുള്ളൂ. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കുറച്ചൊക്കെ അതിക്രമങ്ങളുമുണ്ടായി. കവര്‍ച്ചക്കാരനെന്ന് സംശയിച്ച് ഒരു പതിനഞ്ചുവയസ്സുകാരനെ പത്തംഗസംഘം കൈകാര്യം ചെയ്യുന്നത് താന്‍ കാണുകയുണ്ടായെന്ന് പ്രമുഖ ബ്ലോഗറും മിസ്‌റില്‍ യൗമിന്റെ കോളമിസ്റ്റുമായ സാറാ കര്‍ എഴുതുന്നു.
മുകളില്‍ നിന്ന് ഉത്തരവുകള്‍ കിട്ടിയപ്പോള്‍ മാത്രമായിരുന്നില്ല പോലീസുകാര്‍ പിന്‍വാങ്ങിയത്. അവര്‍ തെരുവില്‍ നിന്ന് അടിച്ചോടിക്കപ്പെടുന്ന അവസ്ഥയും ഉണ്ടായി. തഹ്‌രീറിന് ചുറ്റുമുള്ള കൂറ്റന്‍ കെട്ടിടങ്ങളിലെ അപാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്ന് സാദാ വസ്ത്രങ്ങള്‍ കടം വാങ്ങി ധരിച്ച് പോലീസ് യൂനിഫോം കുപ്പത്തൊട്ടിയിലെറിഞ്ഞ് ഓടി രക്ഷപ്പെട്ടവരും കൂട്ടത്തിലുണ്ട്. നാടൊട്ടുക്ക് പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. മുബാറകിന്റെ പതനശേഷവും ദക്ഷിണ കയ്‌റോവിലെ മആദിയില്‍ വെച്ച് ഒരു പോലീസുകാരനെ ജനം കൈകാര്യം ചെയ്യുകയും അയാളുടെ പോലീസ് വാഹനം തീവെക്കുകയും ചെയ്തിരുന്നു. മുബാറക് ഭരണകാലത്തെന്നപോലെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച ഒരാള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതായിരുന്നു പ്രകോപനം. മാര്‍ച്ച് 5-നാണ് ഭീതിയുണര്‍ത്തിയിരുന്ന ഇന്റലിജന്‍സ് കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഈജിപ്ത് മാറുകയാണ്, അതിന്റെ തെരുവു ജീവിതങ്ങള്‍ വരെ. അധികാരം എല്ലാവര്‍ക്കും നേരെ തുറക്കുകയാണ്. മആദിലുള്ള എന്റെ സുഹൃത്ത് ഒട്ടേറെ വിരുദ്ധതരംഗങ്ങള്‍ വിപ്ലവം സൃഷ്ടിച്ചതായി എണ്ണിപ്പറയുന്നുണ്ട്. അതിലൊന്ന് തീര്‍ച്ചയായും, നേരത്തേ ധാര്‍ഷ്ട്യത്തോടെ പെരുമാറിയിരുന്നവര്‍ സാമൂഹികമായി അവരുടെ താഴേക്കിടയിലുള്ളവരോട് പെരുമാറുമ്പോള്‍ കാണിക്കുന്ന അതിവിനയമാണ്.
സ്ഥിതിഗതികള്‍ ശാന്തമായ ശേഷമാണ് ഞാന്‍ കയ്‌റോയില്‍ എത്തുന്നത്. അപ്പോഴും മുബാറകിനെ പിന്തുണക്കുന്ന അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റികളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. റേഡിയോ-ടി.വി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാസ്പറോ ബില്‍ഡിംഗിന് പുറത്ത് ആക്ടിവിസ്റ്റുകളും മീഡിയാപ്രവര്‍ത്തകരും പ്രതിഷേധിക്കാനുള്ള അവകാശം എടുത്തുകളയുന്ന ബില്ലിനെതിരെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. സര്‍ഖത്ത് നംല(ഉറുമ്പിന്റെ അലര്‍ച്ച) എന്ന സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. വിപ്ലവത്തെ ദീര്‍ഘദര്‍ശനം ചെയ്യുന്ന ഒരു സിനിമയാണത്. 2010 ഒക്‌ടോബറിലാണ് അതിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ത്വലീഅ തിയേറ്ററില്‍ എ ടിക്കറ്റ് ടു തഹ്‌രീര്‍ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കുന്നത്. സമീപകാല സംഭവങ്ങളെ വാചാലമായി അവതരിപ്പിക്കുന്ന ഒരു ഡോക്യുമെന്ററി. സമാലിക് ഗാലറിയില്‍ ജനക്കൂട്ടത്തിന്റെയും ചുരുട്ടിപ്പിടിച്ച മുഷ്ടികളുടെയും പതാകകളുടെയും രക്തം തെറിച്ചതിന്റെയും ചിത്രങ്ങള്‍. നഗരം അസാധാരണവും തീക്ഷ്ണവുമായ ചര്‍ച്ചകള്‍ക്ക് വേദിയായിരിക്കുന്നു. എവിടെയും അവിശ്വസനീയതയുടെ, പ്രതീക്ഷയുടെ അന്തരീക്ഷം. വളരെ ആരോഗ്യകരം തന്നെ അവര്‍ക്ക് ഈ കാലം.
മറവി രോഗം ബാധിച്ചിട്ടില്ലെങ്കില്‍ നമ്മളൊരു കാര്യം ഓര്‍ക്കും. ഈജിപ്ത് വളരെ അത്യാസന്ന നിലയിലായിരുന്നു. ഈ ഗുരുതരമായ രോഗത്തില്‍ നിന്ന് അത് എന്നെങ്കിലും കരകയറുമെന്ന് ആരും കരുതിയിരുന്നില്ല. രാഷ്ട്രീയം, സാമ്പത്തികം, സംസ്‌കാരം, സാമൂഹികം എല്ലാം രോഗാതുരമായിരുന്നു. അറബ് ലോകത്തിന് നേതൃത്വം കൊടുത്ത ഒരു നാട്, ഉമ്മുകുല്‍സൂമിന്റെയും നജീബ് മഹ്ഫൂസിന്റെയും സഅദ് സഗ്‌ലൂലിന്റെയും അബ്ദുന്നാസിറിന്റെയും നാട്, അല്‍-അസ്ഹര്‍ പ്രതിഷ്ഠിതമായ നാട് ഒരു ദുരന്ത ഹാസ്യമായി പരിണമിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൊച്ചു ഖത്തറിന് പോലും ഇതിനേക്കാള്‍ മേധാശക്തി കാണിക്കാന്‍ കഴിഞ്ഞിരുന്നു.
ഏറ്റവും ചുരുങ്ങിയത് ഈജിപ്തുകാരില്‍ മൂന്നിലൊരാളെങ്കിലും നിരക്ഷരനാണ്. പകുതിയോളം പേര്‍ കടുത്ത പട്ടിണിയില്‍. മലിനീകരണം, വംശീയ വേര്‍തിരിവുകള്‍, ലൈംഗിക പീഡനങ്ങള്‍ ഇതൊക്കെയും പിടികൊടുക്കാത്ത വിധം വര്‍ധിക്കുകയായിരുന്നു. ഈജിപ്ത് നിശ്ചലമായിരുന്നു. നിശ്ചല അറബ് ലോകത്തിന്റെ നിശ്ചല ഹൃദയമായി ഈജിപ്ത്. പുറത്തുനിന്ന് നോക്കിയാല്‍ അത് അങ്ങനെയൊക്കെ ആയിരുന്നു. അകത്തുനിന്ന് നോക്കിയ പലരും അങ്ങനെത്തന്നെയാണ് കണ്ടതും. അപ്പോഴാണ് വിപ്ലവം.
'...ഈജിപ്തില്‍ എപ്പോഴും വിപ്ലവങ്ങള്‍ തുടങ്ങുക വളരെ അപ്രതീക്ഷിതമായിട്ടായിരിക്കും. ഉപരിതലത്തില്‍ കാണുന്ന ശാന്തതക്കു കീഴെ ഒരു വിക്ഷുബ്ധത തളം കെട്ടി നില്‍ക്കുന്നുണ്ടാകും. ഇവരിതാ പീഡനങ്ങള്‍ക്ക് വിധേയപ്പെട്ടുപോയി എന്ന് നാം കരുതുന്ന നിമിഷത്തില്‍ തന്നെയായിരിക്കും ആ വിക്ഷുബ്ധത പൊട്ടിത്തെറിച്ച് വിപ്ലവം കുത്തിയൊലിച്ച് ഇങ്ങ് വരിക.'- അലാ അസ്‌വാനി
ഈ പ്രതിഷേധ കൊടുങ്കാറ്റ് ആരും പ്രതീക്ഷിച്ചതല്ല. പക്ഷേ, മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആ നാട് ക്ഷോഭത്തിന്റെ കാറ്റൂതാന്‍ തുടങ്ങിയിരുന്നുവെന്ന് എല്ലാവരും ഓര്‍മിക്കുന്നുണ്ട്.
പത്രപ്രവര്‍ത്തകനും ബ്ലോഗറും (www.arabway.org) ആയ ഹുസാം ഹമാലവി വിപ്ലവത്തിന് മുന്നോടിയായി മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ച ചില മുന്നേറ്റങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഫലസ്ത്വീന്‍ ഇന്‍തിഫാദയെ അനുകൂലിച്ച് നടന്ന പ്രതിഷേധ സമരങ്ങള്‍ (2000), ഇറാഖ് അധിനിവേശത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ (2003) എന്നിവ ഉദാഹരണം. 'മേഖലയിലെ ഏത് പ്രശ്‌നവും പ്രാദേശികമാണ് ഇവിടെ.' ഹുസാം അല്‍ജസീറയോട് പറഞ്ഞു. പശ്ചിമേഷ്യയില്‍ നടക്കുന്ന അമേരിക്കന്‍-ഇസ്രയേലീ അതിക്രമങ്ങള്‍ക്കെതിരെ പഞ്ചപുഛമടക്കി നിന്ന മുബാറക് ഭരണകൂടം, അതിനെതിരെ പ്രതിഷേധിച്ച സ്വന്തം പൗരന്മാരോട് എത്ര പരുഷമായാണ് പെരുമാറിയതെന്ന വൈരുധ്യവും അദ്ദേഹം എടുത്തുകാട്ടുന്നു. 2004 ആയപ്പോഴേക്ക് തന്നെ പ്രക്ഷോഭകര്‍ പരസ്യമായിത്തന്നെ മുബാറകിനെതിരെ തിരിയാന്‍ തുടങ്ങിയിരുന്നു.
2005 മുതല്‍ തന്റെ മകന്‍ ജമാലിന്ന് പ്രസിഡന്റ്പദം അനന്തരമായി നല്‍കുന്നതിന് അമേരിക്കന്‍ അംഗീകാരം ഉറപ്പാക്കുന്നതിനുവേണ്ടി മുബാറക് അമേരിക്കയിലെ ഇസ്രയേല്‍ ലോബിയെ സുഖിപ്പിച്ച് വരികയായിരുന്നു. എന്തൊക്കെയാണ് അതിനുവേണ്ടി അയാള്‍ ചെയ്തു കൂട്ടിയത്! ക്യാമ്പ് ഡേവിഡ് സമാധാന കരാര്‍ വ്യവസ്ഥ ചെയ്തതിനും അപ്പുറം പോയി ഗസ്സക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തി. ഫലസ്ത്വീനിയന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടാക്കാന്‍ നടക്കുന്ന എല്ലാ ശ്രമങ്ങളെയും തുരങ്കം വെച്ചു. വിലപോലുമിടാതെ ഈജിപ്തില്‍ നിന്ന് പെട്രോളും ഗ്യാസും സിമന്റും ഇസ്രയേലിന് മറിച്ചുനല്‍കി (തകര്‍ന്നു കിടക്കുന്ന ഗസ്സയിലേക്ക് കപ്പല്‍ വഴി ഒന്നുമെത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു). ഇത് ഈജിപ്തുകാര്‍ക്ക് ദേശീയമായി മാത്രമല്ല, വ്യക്തിപരമായി തന്നെ അപമാനകരമായിരുന്നു. അതുകൊണ്ടാണ് പ്രക്ഷോഭത്തിലുടനീളം മുബാറക് 'ഏജന്റ്' എന്ന് അഭിസംബോധന ചെയ്യപ്പെട്ടത്. ഒരു മുദ്രാവാക്യം ഇങ്ങനെയായിരുന്നു: കലാം ബില്‍ ഇബ്രി, മാ ബയഫ്ഹം അറബി (അയാളോട് ഹീബ്രുവില്‍ സംസാരിക്കൂ, അയാള്‍ക്ക് അറബി അറിയില്ല). ഫലസ്ത്വീനിയന്‍ ദുരന്തം എല്ലാ അര്‍ഥത്തിലും വിപരീത ദിശയില്‍ പ്രതിധ്വനിക്കുകയായിരുന്നു ആഭ്യന്തര രാഷ്ട്രീയത്തില്‍. തങ്ങളുടെ നാട് ആശ്രിത രാജ്യമായിത്തീരുന്നത് ജനഹൃദയങ്ങളില്‍ ആഘാതമുണ്ടാക്കി.
അബ്ദുന്നാസിറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട തൊഴിലാളി കൂട്ടായ്മകളും അവിടെ ഉണ്ടായിരുന്നു. പക്ഷേ സാദാത്തിന്റെയും മുബാറകിന്റെയും കാലത്ത് പട്ടിണിയും പരിവട്ടവുമായിരുന്നു ഇവരുടെ സമ്പാദ്യം. പുതിയ മുതലാളിത്ത ഗുണ്ടായിസം സകലതും കൊള്ളയടിച്ചുകഴിഞ്ഞിരുന്നു. തൊഴിലാളി കലാപത്തിന് നിരവധി മുന്‍ മാതൃകകള്‍ ഉണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ടതാണ് വസ്ത്ര നഗരമായ മഹല്ല കുബ്രയില്‍ 2008 ഏപ്രിലില്‍ നടന്ന സമരവും തെരുവ് യുദ്ധവും (പോലീസ് മൂന്ന് പേരെ കൊല്ലുകയും നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു). ഇതിന്റെ സ്മരണക്കായി യുവവിപ്ലവകാരികള്‍ ജനുവരി 25-ന് സംഘടിപ്പിച്ച വിപ്ലവത്തിന് 'ഏപ്രില്‍ 6 പ്രസ്ഥാനം' എന്നാണ് പേര് നല്‍കിയിരുന്നത്. അന്നേ ദിവസം മെച്ചപ്പെട്ട തൊഴില്‍ സാഹചര്യത്തിനും ഉയര്‍ന്ന വേതനത്തിനും തൊഴിലാളി യൂനിയനുകള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടിയും രാജ്യത്തുടനീളം പണിമുടുക്കുകള്‍ നടന്നു. വ്യവസായ ആക്ടിവിസം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി എല്ലായിടത്തും പടര്‍ന്നു പിടിച്ചിരുന്നു.
വിദ്യാസമ്പന്നരായ, തൊഴിലില്ലാത്ത (അല്ലെങ്കില്‍ പേരിനു മാത്രം തൊഴിലുള്ള) ചെറുപ്പക്കാരെയും ഇതിലേക്ക് ചേര്‍ക്കണം.അവരില്‍ പലരുടെയും ജീവിതാഭിലാഷം പടിഞ്ഞാറന്‍ നാട്ടില്‍ ഒരു ജോലി എന്നതാണ്. അവര്‍ക്ക് സ്വാതന്ത്ര്യത്തില്‍ കുറഞ്ഞ ഒന്നും ആവശ്യമുണ്ടായിരുന്നില്ല. അത് നേടിയെടുക്കാന്‍ തെരുവില്‍ രക്തമൊലിപ്പിക്കാനും അവര്‍ തയാറായി.
അലക്‌സാണ്‍ഡ്രിയയില്‍ നിന്നുള്ള ബ്ലോഗര്‍ ഖാലിദ് സഈദിന്റെ വധമാണ് പലരെയും ഇളക്കിമറിച്ചത്. പോലീസുകാര്‍ മയക്കുമരുന്ന് കച്ചവടത്തില്‍ പങ്കാളികളാകുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ അദ്ദേഹം അപ്‌ലോഡ് ചെയ്തിരുന്നു. ഇതിന് പ്രതികാരമായി പോലീസുകാര്‍ ഇദ്ദേഹത്തെ സൈബര്‍ കഫേയില്‍ നിന്ന് വലിച്ച് പുറത്തിടുകയും റോഡരികിലിട്ട് അടിച്ചു കൊല്ലുകയും ചെയ്തു. ഇതുപോലുള്ള കൊലപാതകങ്ങള്‍ എത്രയോ കാലമായി അവിടെ നടക്കുന്നു. കൊലപാതകം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പോലീസ് നടപ്പാക്കുകയാണ് ചെയ്യുന്നത്. പക്ഷേ ഈ കൊലപാതകത്തെ വളരെ കൃത്യമായി ജനശ്രദ്ധയില്‍ കൊണ്ടുവരാനും അങ്ങനെ ജനത്തെ ഇളക്കിവിടാനും ആക്ടിവിസ്റ്റുകള്‍ക്ക് കഴിഞ്ഞു. സ്റ്റേറ്റ് മീഡിയ അതിനെ അഴകൊഴമ്പന്‍ രീതിയില്‍ കൈകാര്യം ചെയ്തതും അവര്‍ക്ക് സഹായകമായി. ഫേസ്ബുക്കിലെ 'ഞങ്ങളെല്ലാം ഖാലിദ് സഈദുമാര്‍' എന്ന കൂട്ടായ്മയാണ് ജനുവരി 25 പ്രക്ഷോഭങ്ങളുടെ മുഖ്യ ചാലക ശക്തികളിലൊന്ന്.
രാഷ്ട്രീയ നിരീക്ഷകന്‍ ഇസന്‍ദര്‍ അംറാനി (www.arabist.cnet) വിപ്ലവ കാരണങ്ങളെ ഇങ്ങനെ സംക്ഷേപിക്കുന്നു: ''സര്‍വ വ്യാപകമായിത്തീര്‍ന്ന ധാര്‍മിക പ്രതിസന്ധി. രാഷ്ട്രത്തിന്റെ ഓരോ സ്ഥാപനവും അതിവേഗം സെല്ലുകള്‍ മരിച്ച് തീരുന്ന ശരീരം പോലെ ആയിത്തീര്‍ന്നിരുന്നു.''
ഓഡിറ്റോറിയത്തിലെ സീറ്റ് വിട്ട് എണീക്കാന്‍ സമയമായിരുന്നു. ഇനിയുള്ള രംഗങ്ങള്‍ നമ്മള്‍ തന്നെ എഴുതിയുണ്ടാക്കണം - അലാ അല്‍ അസ്‌വാനി.
എങ്ങനെയായിരുന്നു 'അണക്കെട്ടിന്റെ തകര്‍ച്ച?'
''അതൊരു ലക്ഷണമൊത്ത കൊടുങ്കാറ്റ് തന്നെയായിരുന്നു.'' മാക്‌സ് റോബന്‍ ബക് നിരീക്ഷിക്കുന്നു. ''എല്ലാ അര്‍ഥത്തിലും ഒരു വിപ്ലവ നിമിഷത്തിലേക്ക് നടന്നടുക്കുകയായിരുന്നു ഈജിപ്ത്. കിളവനായ ഒരു പ്രസിഡന്റിനെ കേന്ദ്രീകരിച്ചായിരുന്നു എല്ലാം. ഒരുപാട് അബദ്ധങ്ങളും അയാള്‍ ചെയ്തു കൂട്ടി. ഒടുവില്‍ നല്‍കിയ ആനുകൂല്യങ്ങള്‍ അയാള്‍ ആദ്യമേ നല്‍കിയിരുന്നെങ്കില്‍ വിപ്ലവം ഒരു പക്ഷേ വഴിതിരിഞ്ഞു പോയേനേ.''
എക്കണോമിസ്റ്റ് പത്രത്തിന്റെ മിഡില്‍ ഈസ്റ്റ് ലേഖകനാണ് റോഡന്‍ബക്. 30 വര്‍ഷമായി അദ്ദേഹം കയ്‌റോയില്‍ താമസമാണ്. നഗരത്തിന്റെ ഒരു ചരിത്രവും അദ്ദേഹം എഴുതിയിട്ടുണ്ട്. നഗരത്തിന്റെ മുക്കുമൂലകള്‍ വരെ അദ്ദേഹത്തിന് പരിചിതം. ''സെക്യൂരിറ്റി സേന എന്ന പേരില്‍ ഒന്നേമുക്കാല്‍ ലക്ഷം പേരുണ്ടായിരുന്നു.'' അദ്ദേഹം എന്നോട് പറഞ്ഞു. ''ലോകത്തിലെ ഏറ്റവും ശക്തമായ ലഹളപ്പോലീസ് തന്നെയായിരുന്നു ഈജിപ്തിന്റേത്. പക്ഷേ, അവര്‍ക്ക് തോറ്റ് പിന്‍വാങ്ങേണ്ടിവന്നു. ജനങ്ങളുടെ ധീരത അവരെ തോല്‍പ്പിച്ചു കളഞ്ഞു. ഇങ്ങനെയൊരു പരിണാമം പ്രവചനാതീതമായിരുന്നു.''
വിപ്ലവത്തിന്റെ മുന്നോടി തുനീഷ്യയായിരുന്നല്ലോ. അറബ് തെരുവുകളുടെ ശക്തിയും ശേഷിയും കാണിച്ചു തന്നത് തുനീഷ്യക്കാരാണ്. ബിന്‍ അലി നാട് വിട്ടോടുമ്പോള്‍ കയ്‌റോയിലെ തുനീഷ്യന്‍ എംബസിക്കു മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തിയ ഈജിപ്ഷ്യന്‍ ജനത ആര്‍ത്തു വിളിച്ചു: ഥൗറ, ഥൗറ ഹത്തന്നസ്ര്‍, ഥൗറ ഥൗറ ഫീ ശാരിഅ് മിസ്ര്‍ (വിപ്ലവം! വിപ്ലവം! വിജയം വരെ (ഇതൊരു പഴയ പി.എല്‍.ഒ മുദ്രാവാക്യമാണ്). വിപ്ലവം, വിപ്ലവം ഈജിപ്ഷ്യന്‍ തെരുവിലും).
ഗൂഗിള്‍ എക്‌സിക്യുട്ടീവ് വാഇല്‍ ഗുനൈം നടത്തിയ ടെലിവിഷന്‍ അഭിമുഖവും വിപ്ലവത്തിന് വലിയ തോതില്‍ സഹായകമായി. മുന ശാദിലിയുടെ ജനപ്രിയ പരിപാടിയിലാണ്(സ്വകാര്യ ഉടമയിലുള്ള ഡ്രീം ടിവിയില്‍) വാഇല്‍ എന്ന ഈ ബൂര്‍ഷ്വാ യുവാവ് കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പൊട്ടിക്കരഞ്ഞത്. പ്രക്ഷോഭകാരികള്‍ ഹിസ്ബുല്ലക്കാരോ ഇറാന്റെ പിണിയാളുകളോ ഒന്നുമല്ലെന്ന് അയാള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു(അങ്ങനെയാണ് മുബാറകിന്റെ ഭരണകൂടം പ്രചരിപ്പിച്ചുകൊണ്ടിരുന്നത്). ആ അഭിമുഖം വന്നതിനുശേഷം പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതാണ് കാണാനായത്.
സാധാരണ വേഷത്തിലെത്തിയ കുറെ ഗുണ്ടകള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ അഴിഞ്ഞാടിയിരുന്നു. 'ഒട്ടകങ്ങളുടെ ദിവസം' എന്നാണ് കയ്‌റോ നിവാസികള്‍ അതിനെ വിളിക്കുന്നത്. ആ അതിക്രമത്തിന്റെ അമ്പരപ്പിക്കുന്ന ടി.വി ഇമേജുകളാണ് ലോകം കണ്ടത്. അധികമാളുകളും വിപ്ലവത്തെ അറിഞ്ഞത് ടി.വിയിലൂടെയാണ്. ഗവണ്‍മെന്റ് ഉടമയിലുള്ള ടി.വി ചാനലുകളും അല്‍ജസീറയുടെ നേതൃത്വത്തിലുള്ള മറ്റു ചാനലുകളും തമ്മില്‍ ഒരു യുദ്ധം തന്നെയാണ് നടന്നുകൊണ്ടിരുന്നത്. അല്‍ ജസീറയുടെ ഇംഗ്ലീഷ് പ്രക്ഷേപണങ്ങളാണ് വൈറ്റ് ഹൗസ് ശ്രദ്ധിച്ചുകൊണ്ടിരുന്നത്. ചാനലിന്റെ അറബി പതിപ്പ് തഹ്‌രീര്‍ സ്‌ക്വയറിലെ ജനക്കൂട്ടത്തിന് പ്രക്ഷോഭത്തിന്റെ ഇമേജുകള്‍ അതത് സമയം എത്തിച്ചുകൊണ്ടിരുന്നു. ഇന്റര്‍നെറ്റ് ബന്ധം മുറിച്ചതോടെ-ഇതാദ്യം ചെയ്തത് മുബാറക്, പിന്നീട് ഖദ്ദാഫി- മീഡിയയുടെ തിരോധാനവും മീഡിയയുടെ സാന്നിധ്യം പോലെ തന്നെ വലിയ ചര്‍ച്ചയായി.
''വിപ്ലവത്തിന്റെ രണ്ടാം വെള്ളിയാഴ്ച 'രാഷ്ട്രീയ ഇസ്‌ലാം' കൈയടക്കിവെച്ചിരുന്ന വലിയൊരു പാരമ്പര്യം ഈജിപ്തുകാര്‍ തിരിച്ചുപിടിച്ചു: ജിഹാദിന്റെ പാരമ്പര്യം. അതായത് അമേരിക്കയെ താഴെയിറക്കാന്‍ നിങ്ങള്‍ ചെന്ന് സ്വയം പൊട്ടിത്തെറിക്കുകയല്ല. വളരെ കൂളായി സമരം ചെയ്തുകൊണ്ടേയിരിക്കുക. ഞങ്ങളെല്ലാവരും വിപ്ലവസമയത്ത് ജിഹാദ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡില്‍നിന്ന് നിരവധിയാളുകളും സലഫികളില്‍ നിന്നുള്ള കുറച്ചു പേരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇസ്‌ലാമിസ്റ്റുകള്‍ എന്ന നിലക്കല്ല, ഈജിപ്തുകാര്‍ എന്ന നിലക്ക്. ഞങ്ങളെല്ലാവരും തഹ്‌രീര്‍ സ്‌ക്വയിറില്‍ ജിഹാദ് അനുഷ്ഠിച്ചു, പക്ഷേ ഞങ്ങള്‍ 'ജിഹാദികള്‍' ആയിരുന്നില്ല''- യൂസുഫ് രാഖ.
ഈജിപ്തില്‍ അരങ്ങേറിയ രാഷ്ട്രീയ വിപ്ലവത്തെ അവിടത്തെ ഇസ്ലാമിക ധാരകള്‍ എത്ര മാത്രം ഉള്‍ക്കൊള്ളും? ഇതാണിനി താല്‍പര്യപൂര്‍വ്വം കാണാനുള്ളത്. ഒരു കാര്യം ഉറപ്പാണ്. എണ്‍പത് വര്‍ഷത്തെ ചരിത്രമുള്ള ബ്രദര്‍ഹുഡ് രാജ്യത്തിന്റെ അടുത്ത ഘട്ടത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ ഒരു പ്രധാന ഘടകം തന്നെയായിരിക്കും.
(ക്രിട്ടിക്കല്‍ മുസ്‌ലിം മാഗസിന്റെ അറബ് വസന്തം വിശേഷാല്‍ പതിപ്പില്‍ എഴുതിയ യാത്രാവിവരണത്തിന്റെ ആദ്യ ഭാഗം. മാഗസിന്റെ എഡിറ്റര്‍മാരില്‍ ഒരാള്‍)

Comments

Other Post