Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

ജനാധിപത്യ മാധ്യമമെന്നാല്‍...

മര്‍വാന്‍ ബിശാറ

അറബ് മേഖലയില്‍ ഡിജിറ്റല്‍ മീഡിയ ഇന്ന് ജേണലിസം, സിറ്റിസണ്‍ ജേണലിസം, മീഡിയ ആക്ടിവിസം, വിനോദം എന്നിവയുടെ സങ്കരമാണ്. ഇവിടെനിന്ന് പുറത്തുവന്ന ട്വീറ്റുകളുടെ എണ്ണം ഒരു റെക്കോഡാവണം: മൂന്നര കോടിയിലധികം ഉപയോക്താക്കള്‍; ദിനംപ്രതി 12 ലക്ഷത്തിലേറെ ട്വീറ്റുകള്‍-സെക്കന്റില്‍ 14 ട്വീറ്റ് വീതം (2011 സെപ്തംബര്‍). പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അവിടങ്ങളിലെ ജനായത്തവിരുദ്ധ ഭരണകൂട നീക്കങ്ങള്‍ക്ക് കൊടിപിടിക്കുമ്പോള്‍ അറബ് ലോകത്ത് ജനങ്ങള്‍ മാധ്യമങ്ങളെ നേരിട്ട് നയിക്കുകയാണ്.

ഇനി ഞങ്ങള്‍ പഠിപ്പിക്കാം
തുനീഷ്യയിലെ നവംബര്‍ 7 സ്‌ക്വയര്‍, ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയര്‍, ബഹ്‌റൈനിലെ പേള്‍സ്‌ക്വയര്‍... ജനമുന്നേറ്റത്തിന്റെ ഒരുപാട് വേദികള്‍. കുത്തിയിരിപ്പു സമരങ്ങള്‍. പണിമുടക്കുകള്‍. പിക്കറ്റിംഗ്, പ്രകടനങ്ങള്‍, മര്‍ദനങ്ങളും തടങ്കലും സഹിച്ചും മുന്നോട്ട്, മുന്നോട്ട്. ഈ മുന്നേറ്റത്തിന് സഹായവുമായി അല്‍ജസീറ പോലുള്ള ഉപഗ്രഹശൃംഖലകളുടെ നാടകീയമായ ഉയര്‍ച്ച. 1950-60 കളില്‍ പാന്‍-അറബ് ദേശീയതയുടെ ഉയര്‍ച്ചക്ക് നാസര്‍ എങ്ങനെ നിമിത്തമായോ അങ്ങനെ മാധ്യമങ്ങള്‍ അറബ് വിപ്ലവങ്ങള്‍ക്ക് തുണയായി.
പതിറ്റാണ്ടുകളായി അറബ് പൗരന്മാരും അവരുടെ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാശ്ചാത്യരുടെ കള്ളപ്രചാരണങ്ങള്‍ക്കിരയായിരുന്നു. ഇസ്രായേല്‍, എണ്ണ, ഭീകരത തുടങ്ങിയവയുടെ കണ്ണിലൂടെ ഈ ജനതകളെ നോക്കിയ അവക്ക് ഇവരെല്ലാം കൊള്ളരുതാത്തവരായിരുന്നു. സാംസ്‌കാരികമായി പിന്നാക്കം നില്‍ക്കുന്നവര്‍. സ്വാതന്ത്ര്യമെന്ത്, ജനാധിപത്യമെന്ത് എന്നറിയാത്തവര്‍. പക്ഷേ ഇന്നിതാ ആ വ്യാജപ്രതിഛായ പൊളിച്ച് അറബ് ജനതകള്‍ ലോകത്തിനു മുന്നില്‍ നില്‍ക്കുന്നു-ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ലോകത്തിന് പാഠം പറഞ്ഞുകൊടുത്തുകൊണ്ട്.

സംവിധാനം-ജനങ്ങള്‍
സോഷ്യല്‍ മീഡിയ സൗകര്യമൊരുക്കിയിരിക്കാം; പക്ഷേ വിപ്ലവം നടത്തിയത് ജനങ്ങളാണ്. ഫേസ്ബുക് സംഘാടകനല്ല; ജനങ്ങളാണ് സംഘടിപ്പിക്കുന്നത്. ട്വിറ്റര്‍ ഭരണകര്‍ത്താവല്ല; ജനങ്ങളാണ് ഭരിക്കുക.
മര്‍വാന്‍ ബിശാറ/ The Invisible Arab

Comments

Other Post