Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

മുഹമ്മദ് മുര്‍സി

കെ.എച്ച് റഹീം

''പ്രിയപ്പെട്ട ജനങ്ങളേ, അല്ലാഹുവിന്റെ തൗഫീഖിനാലും നിങ്ങളുടെ തീരുമാനത്താലും ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ എഴുന്നേറ്റുനില്‍ക്കുന്നു. ഞാന്‍ നിങ്ങളേക്കാള്‍ വലിയവനോ ഉത്തമനോ അല്ല, നിങ്ങളിലെ ഒരാള്‍ മാത്രം. എനിക്ക് നിങ്ങളേക്കാള്‍ അധികാരങ്ങളില്ല, ഉത്തരവാദിത്വങ്ങളാണുള്ളത്. ഞാന്‍ അതിനെ ഒരു അമാനത്തായി കാണുന്നു. ഏറെ ഭാരമുള്ള അമാനത്ത്.''
''പ്രിയരേ, നാം എല്ലാവരും തുല്യരാണ്. നമ്മില്‍ ക്രിസ്ത്യനോ മുസ്‌ലിമോ ആണോ പെണ്ണോ സമ്പന്നനോ ദരിദ്രനോ പണ്ഡിതനോ പാമരനോ ആരുമാകട്ടെ, എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്, തുല്യരാണ്. നമുക്കിടയില്‍ സമത്വവും നീതിയും നടപ്പിലാകണം. വലിയവര്‍ക്കു മുന്നില്‍ അവഗണിക്കപ്പെടാത്ത, ചെറിയവരുടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടുപോകാത്ത നിഷ്‌കൃഷ്ടമായ നീതി. നമുക്കിടയില്‍ ആര്‍ക്കും പ്രത്യേകാവകാശങ്ങള്‍ ഇല്ല, നന്മയും നീതിയും ന്യായവും കൊണ്ടല്ലാതെ.''
''ഞാന്‍ നിങ്ങള്‍ക്കിടയില്‍ നീതി നടപ്പാക്കുവോളം നിങ്ങള്‍ എന്നോട് സഹകരിക്കുക. നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനെ അനുസരിക്കുവോളം നിങ്ങള്‍ എന്നെ അനുസരിക്കുക. അവനെ എന്ന് ധിക്കരിക്കുന്നുവോ, അന്നു മുതല്‍ നിങ്ങളെന്നെ അനുസരിക്കണമെന്നില്ല.''
ചരിത്രകൃതികളില്‍നിന്ന് എടുത്തുദ്ധരിച്ചതല്ല ഈ വരികള്‍. പുതിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിമുഖീകരിച്ചു ചെയ്ത ഹ്രസ്വ പ്രഭാഷണത്തില്‍നിന്നുള്ള വാക്കുകളാണിവ. വിപ്ലവത്തിന്റെ തീച്ചൂടില്‍ നില്‍ക്കുന്നവരുടെ ഹൃദയത്തിലേക്ക് കുളിരായി പെയ്തിറങ്ങിയ വാചകങ്ങള്‍.
അദ്ദേഹം തുടര്‍ന്നു: ''പ്രിയ ജനങ്ങളേ, നിങ്ങള്‍ എന്റെ കുടുംബമാണ്, ബന്ധുക്കളാണ്, കൂട്ടുകാരാണ്, മക്കളാണ്, മാതാക്കളാണ്, പിതാക്കളാണ്, സഹോദരങ്ങളാണ്. നിങ്ങളെ ഞാന്‍ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് അല്ലാഹുവിനു മാത്രം അറിയാം. ഞാന്‍ നിങ്ങളുടെ അധികാരിയല്ല, സേവകനാണ്. നിങ്ങളുടെ വികാരങ്ങള്‍ തൊട്ടറിയുന്ന, നിങ്ങള്‍ക്കുവേണ്ടി സദാ സേവനംചെയ്യാന്‍ നിയോഗിതനായ ഒരു സാധാരണ സേവകന്‍.''
''ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഒരു ചരിത്ര നിമിഷത്തിലാണ്. പച്ചയായ വികാരങ്ങള്‍കൊണ്ട് എഴുതിയുണ്ടാക്കിയ, രക്തം കൊണ്ട് വര്‍ണം നല്‍കിയ, കണ്ണുനീര്‍ തുള്ളികള്‍കൊണ്ട് കഴുകി ശുദ്ധിയാക്കിയ ചരിത്ര നിമിഷം. എന്നെ നിങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തിയത് വിപ്ലവ കാലത്ത് പിടഞ്ഞുവീണ ഒട്ടനവധി രക്തസാക്ഷികളുടെ ജീവനുകളാണ്. അവര്‍ സമ്മാനിച്ചതാണ് ഈ അസുലഭ നിമിഷം. അതിനാലാണ് നമുക്ക് ജനാധിപത്യമുണ്ടായത്, പ്രസിഡന്റുണ്ടായത്. അവരുടെ വിലമതിക്കാനാകാത്ത രക്തത്തുള്ളികള്‍ എനിക്ക് ചില ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നുണ്ട്, ഇന്‍ശാ അല്ലാഹ്, ഞാന്‍ അത് നിര്‍വഹിക്കുക തന്നെ ചെയ്യും. അത് എന്റെ കൈകളില്‍ പാഴായിപ്പോവുകയില്ല.''
''പ്രിയരേ, ഇനി നമുക്ക് പിന്നോട്ട് നടക്കാന്‍ നേരമില്ല, നമുക്ക് പുതിയൊരു നാളെയുണ്ടാകണം. സ്വസ്ഥതയും സമാധാനവും പുലര്‍ന്നു കാണുന്ന നാളെ. ലോകര്‍ക്ക് മാതൃകയാകുന്ന ഒരു നാളെ. ലോകം നമ്മെ കണ്ടിട്ട് അത്ഭുതപ്പെടണം. ഇവിടെ നമുക്ക് പ്രതികാരം ചെയ്യാനോ കണക്കുകള്‍ തീര്‍ക്കാനോ സമയമില്ല. ഇനി നാമെല്ലാം ഒന്നാണ്. എന്നെ അനുകൂലിച്ചവരെന്നോ പ്രതികൂലിച്ചവരെന്നോ രണ്ടു കൂട്ടരില്ല. നമ്മുടെ നാടിനും ജനങ്ങളുടെ നന്മക്കും വേണ്ടി നമുക്ക് ഒരുമിച്ചു നീങ്ങാം.''
മുര്‍സിയുടെ വാക്കുകള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്. ജനലക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ തഹ്‌രീര്‍ സ്‌ക്വയര്‍ നൃത്തം വെക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ വന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്കു മുമ്പില്‍ ജനങ്ങള്‍ വികാരാവേശത്താല്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി.
വിപ്ലവാനന്തരം അധികാരത്തിലേറിയ ഭരണാധികാരി ജനങ്ങളെ കൈയിലെടുക്കാന്‍ നടത്തുന്ന വാചകക്കസര്‍ത്ത് ആ പ്രഭാഷണത്തില്‍ കാണുന്നില്ല. പകരം, ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവ ഭക്തിയും നീതിബോധവും സാമൂഹിക പ്രതിബദ്ധതയും സസുന്ദരം സമ്മേളിച്ച ധീരനായ ഒരു നേതാവിന്റെ വാക്കുകള്‍. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ എന്നും മുന്നില്‍നടക്കുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പരിശീലിപ്പിച്ച ആദര്‍ശബോധം.
പ്രഭാഷണത്തിലൂടെ ആവേശം അലതല്ലിക്കാന്‍ മാത്രമല്ല, ജീവിതത്തില്‍ ആദര്‍ശം നടപ്പാക്കിക്കാണിക്കാന്‍ ഇഖ്‌വാന്റെ സാരഥികളെപ്പോലെ മുര്‍സിയും സദാ സമര്‍പ്പിതനായിരുന്നു. അദ്ദേഹത്തിനു കീഴില്‍ വളര്‍ന്നുവന്ന അഞ്ചു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബവും ആ ആദര്‍ശചിന്തയുടെ മാതൃകാ രൂപമാണ്.
മുര്‍സിയുടെ പത്‌നി നജ്‌ല മഹ്മൂദ് (ഉമ്മു അഹ്മദ്). പത്രക്കാര്‍ അവരെ രാഷ്ട്രത്തിന്റെ പ്രഥമ വനിതയെന്നു വിശേഷിപ്പിച്ചു. അത് അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ ഉടനെ തിരുത്തി: ''നിങ്ങള്‍ അങ്ങനെ വിളിക്കരുത്. ഞാന്‍ പ്രഥമ വനിതയല്ല, പ്രഥമ സേവകയാണ്, നിങ്ങളെപ്പോലെ നിങ്ങളില്‍നിന്നുള്ള ഒരാള്‍ മാത്രം. നമുക്കിടയില്‍ എന്തിനാണ് വിവേചനങ്ങള്‍? രണ്ടു വ്യക്തികള്‍ക്കിടയില്‍ അന്യായമായി വിവേചനങ്ങള്‍ സൃഷ്ടിക്കുന്നതിനെ ഇസ്‌ലാം കണിശമായി വിലക്കുന്നു.''
ഏകാധിപതികളുടെ നേര്‍പാതികളെ ഒട്ടേറെ അനുഭവിച്ച നാടാണ് ഈജിപ്ത്. സൂസന്‍ മുബാറക്, ജീഹാന്‍ സാദാത്ത്, തഹിയ്യ ജമാല്‍ അങ്ങനെ എത്ര പേര്‍. അധികാരത്തിന്റെ മത്ത് തലക്കു പിടിച്ച് ധൂര്‍ത്തും ദുര്‍വ്യയവുമായി അവര്‍ വിലസിയത് ജനങ്ങള്‍ എങ്ങനെ മറക്കാനാണ്. ആ മാതൃകകള്‍ മുന്നില്‍നില്‍ക്കെയാണ് നജ്‌ലയുടെ തിരുത്തല്‍. നജ്‌ലക്കും ചില മാതൃകകളുണ്ട്. ചരിത്രത്തില്‍നിന്ന് താന്‍ പഠിച്ച ചില അതുല്യ മാതൃകകള്‍.
ഈജിപ്തിലെ പാരമ്പര്യം അനുസരിച്ച് നജ്‌ലയെ കാണേണ്ടത് ചില പ്രത്യേക പദവികളിലാണ്. പക്ഷേ, അവര്‍ തിരുത്തി: ''വനിതാ ക്ഷേമ വകുപ്പിന്റെയോ ശിശുക്ഷേമ വകുപ്പിന്റെയോ തലപ്പത്ത് നിങ്ങള്‍ എന്നെ പ്രതീക്ഷിക്കേണ്ടതില്ല, ഞാന്‍ ഇഖ്‌വാനിലൂടെ വളര്‍ന്നുവന്ന വിനീതയായ പ്രബോധകയാണ്. അതില്‍തന്നെ തുടരാനാണ് എനിക്ക് താല്‍പര്യം.''
മുര്‍സിയുടെ പാഠശാലയില്‍ വളര്‍ന്ന മകന്‍ അബ്ദുല്ലക്കും പിതാവിനോട് ചിലത് പറയാനുണ്ടായിരുന്നു. പിതാവിന്റെ പ്രഭാഷണത്തിന് പ്രതികരണമായി മകന്‍ ജനങ്ങളുടെ ചേരിയില്‍നിന്നുകൊണ്ട് ഫേസ് ബുക്കില്‍ എഴുതിയിട്ടു: ''ഞങ്ങളുടെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവിനെ അനുസരിക്കുന്നുവെങ്കില്‍ ഞങ്ങളും താങ്കളെ അനുസരിക്കും. വിപ്ലവത്തില്‍ രക്തസാക്ഷികളായവരുടെയും അംഗവൈകല്യം അനുഭവിക്കുന്നവരുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ താങ്കള്‍ പിന്നോട്ടുപോയാല്‍, വിപ്ലവത്തിന്റെ ബാക്കി ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ താങ്കള്‍ക്കെതിരെ വിപ്ലവം നയിക്കാന്‍ മുന്‍നിരയില്‍ ഞാനുണ്ടാകും.''
ഈജിപ്തിലെ പ്രസിഡന്‍ഷ്യല്‍ പാലസ് പ്രസിദ്ധമാണ്. കയ്‌റോവില്‍ തലയുയര്‍ത്തിനില്‍ക്കുന്ന രമ്യഹര്‍മ്യം. ആര്‍ഭാടത്തിനും ആഡംബരത്തിനും കേളികേട്ട ഭരണ സിരാകേന്ദ്രം. മുര്‍സി നയം വ്യക്തമാക്കി: ''ഔദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ഞാന്‍ അവിടെയുണ്ടാകും. തനിക്ക് താമസിക്കാന്‍ അത് അനുയോജ്യമല്ല.'' പാശ്ചാത്യ യൂനിവേഴ്‌സിറ്റികളില്‍ എഞ്ചിനീയറിംഗ് പ്രഫസറായിരിക്കുമ്പോഴും ലളിത ജീവിതം നയിച്ച മുര്‍സിക്ക് തീരുമാനമെടുക്കാന്‍ താമസമുണ്ടായില്ല.
ഒരിക്കല്‍ ആ പാലസിനു മുന്നിലൂടെ കടന്നുപോകാന്‍ ഭയന്ന ജനം നിര്‍ഭയം അങ്ങോട്ടു കടന്നു ചെല്ലുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് പ്രസിഡന്റിനെ കാണാന്‍ പാലസില്‍ മുന്‍കൂട്ടിയുള്ള അനുവാദം പോലും വേണ്ടതില്ലെന്ന് അത്ഭുതത്തോടെയാണ് അവര്‍ പറയുന്നത്.
മുര്‍സിയുടെ വിജയത്തോടെ അവസാനിച്ച സൈനിക ഭരണത്തിന് മുര്‍സിയോളം ആയുസ്സുണ്ട്. സൈന്യത്തിന്റെ പിന്തുണയോടെ വിവിധ ഏകാധിപതികളുടെ മര്‍ദക ഭരണം കണ്ടാണ് അദ്ദേഹം വളര്‍ന്നത്. ഈജിപ്തിലെ ശര്‍ഖിയ്യ പ്രവിശ്യയില്‍ അദുവാ ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് മുര്‍സി ജനിച്ചത് (20/08/1951). ആറു സഹോദരന്മാരില്‍ മൂത്തവനായ മുര്‍സി പഠനത്തില്‍ മിടുക്കനായിരുന്നു. ശര്‍ഖിയ്യയില്‍നിന്ന് സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1972ല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും അവിടെ നിന്നുതന്നെ Metallurgical Engineeringല്‍ ബിരുദാനന്തര ബിരുദവും നേടി.
1975-ല്‍ ഈജിപ്ഷ്യന്‍ സൈന്യത്തിലെ കെമിക്കല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും ഒരു കൊല്ലത്തിനുശേഷം ജോലിയില്‍നിന്ന് വിരമിച്ചു. 1976-ല്‍ ഇഖ്‌വാന്‍ ചിന്തകളില്‍ ആകര്‍ഷിക്കപ്പെടുകയും 1979-ല്‍ സംഘടനയില്‍ അംഗമാവുകയും ചെയ്തു.
അതേ വര്‍ഷം ഉപരിപഠനാര്‍ഥം അമേരിക്കയിലേക്ക് പോയ മുര്‍സി 1982-ല്‍ സൗത്ത് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍നിന്ന് എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി ജോലി നോക്കുകയും 1985-ല്‍ ഈജിപ്തിലേക്ക് മടങ്ങുകയും ചെയ്തു. 2010 വരെ ഈജിപ്തിലെ സക്കായിക് യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ മെറ്റീരിയല്‍ എഞ്ചിനീയറിംഗ് വിഭാഗം തലവനായി സേവനമനുഷ്ഠിച്ചു.
ഈജിപ്തില്‍ തിരിച്ചെത്തിയതിനു ശേഷം അദ്ദേഹം രാഷ്ട്രീയത്തിലും ട്രേഡ് യൂനിയന്‍ രംഗത്തും സജീവമായി. സയണിസ്റ്റ്‌വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. 2000ത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം ഇഖ്‌വാന്റെ പാര്‍ലമെന്ററി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
ഇക്കാലത്ത് മുബാറകിന്റെ മര്‍ദക ഭരണത്തിനെതിരെ പാര്‍ലമെന്റില്‍ നടത്തിയ നിരന്തര പോരാട്ടം ലോകോത്തര പാര്‍ലമെന്റേറിയന്‍ എന്ന ആഗോള അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കി. 2005-ലും മത്സരിച്ചുവെങ്കിലും ഇലക്ഷന്‍ കൃത്രിമം കാരണം പരാജയപ്പെട്ടു.
രാഷ്ട്രീയ ജീവിതത്തില്‍ പലപ്പോഴായി ജയില്‍വാസവും അനുഭവിച്ചു. 2005-ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയതിനെതിരെ പ്രതിഷേധിച്ചതിനാല്‍ 500 ഇഖ്‌വാന്‍ പ്രവര്‍ത്തകരോടൊപ്പം 2006-ല്‍ അറസ്റ്റുചെയ്യപ്പെട്ടു. ഏഴു മാസത്തേക്കാണ് ശിക്ഷിച്ചത്. വിപ്ലവം നടക്കവെ ഇഖ്‌വാന്‍ നേതാക്കളെ വ്യാപകമായി തടവിലാക്കിയപ്പോള്‍ ജനുവരി 28-ന് മുര്‍സിയും അറസ്റ്റിലായി. രാഷ്ട്രീയ തടവുകാരെ പ്രക്ഷോഭകാരികള്‍ ജയില്‍തുറന്നു വിട്ടപ്പോള്‍ അദ്ദേഹം പുറത്തിറങ്ങാതെ അധികൃതരെ അറിയിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റില്‍ അംഗമായിരിക്കെ മുര്‍സിയോടുള്ള പകവീട്ടാന്‍ മകന്‍ ഡോ. അഹ്മദിനെ ഭരണകൂടം മൂന്നു പ്രാവശ്യം തടവിലാക്കിയിരുന്നു.
വിപ്ലവാനന്തരം ഇഖ്‌വാന്‍, ഫ്രീഡം ആന്റ് ജസ്റ്റിസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി 2011 ഏപ്രില്‍ 30-ന് തെരഞ്ഞെടുക്കപ്പെട്ടു.
ഇഖ്‌വാന്റെ പ്രസിഡന്റ്സ്ഥാനാര്‍ഥി ആയിരുന്നില്ല മുര്‍സി. ഇഖ്‌വാന്‍ നിശ്ചയിച്ച ഖൈറാത്ത് ശാത്വിര്‍ അയോഗ്യനാക്കപ്പെട്ടപ്പോള്‍ ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുര്‍സി മുന്നില്‍ എത്തിയതാണ്. ശത്രുക്കളുടെ വെല്ലുവിളികള്‍ ഇഖ്‌വാനു പുത്തരിയല്ല. പീഡനപര്‍വത്തിന്റെ അറുപത് ആണ്ടുകള്‍ പിന്നിട്ട പ്രസ്ഥാനം. ഇന്നുള്ള നേതാക്കളെല്ലാം പ്രസ്ഥാനത്തിലേക്ക് കടന്നുവരുമ്പോള്‍ അത് നിരോധിക്കപ്പെട്ട് കിടക്കുകയായിരുന്നു. അന്നത്തെ നേതാക്കള്‍ ഒന്നിനു പിറകെ ഒന്നായി കഴുമരത്തിലേക്ക് നടന്നുപോയ കാലം. സയ്യിദ് ഖുത്വ്ബ്, മുഹമ്മദ് ഹവ്വാശ്, അലി അശ്മാവി, അബ്ദുല്‍ഫത്താഹ്, സ്വബ്‌റി ഉര്‍ഫ, മജ്ദി അബ്ദുല്‍ അസീസ്, അഹ്മദ്അബ്ദുല്‍മജീദ്..... അങ്ങനെ എത്ര പേര്‍. ആ ധീരത കൈമുതലാക്കി തഹ്‌രീര്‍ സ്‌ക്വയറില്‍ മുര്‍സി പ്രഖ്യാപിച്ചു: ''എനിക്ക് ആരെയും ഭയമില്ല, സ്രഷ്ടാവായ അല്ലാഹുവിനെയല്ലാതെ. നോക്കൂ, ഞാന്‍ ഇവിടെ നില്‍ക്കുന്നത് പ്രസിഡന്റുമാര്‍ അണിയുന്ന ബുള്ളറ്റ് പ്രൂഫ്ജാക്കറ്റ് അണിയാതെയാണ്. നിങ്ങളാണ് എന്നെ ഈ ചുമതല ഏല്‍പിച്ചിരിക്കുന്നത്, ഞാന്‍ എന്തിനു നിങ്ങളെ ഭയപ്പെടണം?'' പ്രസിഡന്റിന് ഒരുക്കിയ പ്രസംഗ പീഠത്തില്‍നിന്ന് പുറത്തുവന്ന് കോട്ട് അഴിച്ച് അഭിമാനത്തോടെ നില്‍ക്കുമ്പോള്‍ മുര്‍സിയില്‍ ധീരനായ ഒരു നേതാവിനെ കാണാനാകുമായിരുന്നു.

Comments

Other Post