Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

വസന്തങ്ങളുണ്ടാകുന്നത് വേദഗ്രന്ഥം ആയുധമാക്കുമ്പോള്‍

പി. സുരേന്ദ്രന്‍

അറബ് വസന്തം ലോക വിപ്ലവ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. വിപ്ലവത്തിന് ആന്തരികമായ അഥവാ ആത്മീയമായ ഒരു തലമുണ്ട് എന്നും ദൈവശാസ്ത്രത്തിന് വിപ്ലവത്തില്‍ ഇടമുണ്ടാക്കാന്‍ കഴിയും എന്നുമുള്ള തിരിച്ചറിവ് ഇത് നമുക്ക് പ്രദാനം ചെയ്തിരിക്കുന്നു. അഫ്രിക്കന്‍-അറബ് രാജ്യങ്ങളിലെ സാമ്രാജ്യത്വ പാവ ഭരണാധിപന്മാരെ തൂത്തെറിഞ്ഞുകൊണ്ട് ജനങ്ങള്‍ പുതിയ ജനാധിപത്യ ഇടങ്ങള്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. കമ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ കൊടി താഴ്ന്നതിനു ശേഷം ഇപ്പോഴാണ് മറ്റൊരു വിപ്ലവം അരങ്ങേറുന്നത്.
ഏകാധിപതികളായ ഭരണാധികാരികളുടെ നുകപ്പാടിനകത്ത് അമര്‍ന്നു കഴിഞ്ഞിരുന്ന മുസ്‌ലിംകളടക്കമുള്ള സാമാന്യജനതയുടെ മുന്‍ കൈയിലാണ് ഈ വിപ്ലവം നടക്കുന്നത്. ഇത് പാശ്ചാത്യ കേന്ദ്രീകൃതമായിട്ടുള്ള ആശയങ്ങളുടെയോ അവരുടെ മാധ്യമങ്ങളുടെയോ പിന്തുണ ഒട്ടും തന്നെ ലഭിക്കാത്ത ഒരു മുന്നേറ്റമാണ്.
അറബ് വസന്തത്തിന് നേതൃത്വം നല്‍കിയവരില്‍ കവികളും സാഹിത്യകാരന്മാരുമുണ്ട് . റഷ്യയിലൊക്കെ വിപ്ലവം നടക്കുമ്പോള്‍ അതില്‍ എഴുത്തുകാരും കലാകാരന്മാരും വ്യാപകമായി പങ്കു ചേര്‍ന്നിരുന്നു. അവരുടെ കലാസൃഷ്ടികളിലൂടെയാണ് വിപ്ലവത്തിന്റെ ആദ്യ ബീജങ്ങള്‍ മുളപൊട്ടിയത്. എന്നാല്‍, യമനിലും തുനീഷ്യയിലും നാം കാണുന്ന മാറ്റമെന്താണ്? അവിടെ കലാകാരന്മാര്‍ക്കൊപ്പം ആദ്യമായി ഒത്തുചേരുന്നത് ദൈവശാസ്ത്രജ്ഞരാണ്. അവരുടെ കലാസൃഷ്ടികളും വിപ്ലവാഹ്വാനങ്ങളും മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരുന്നു. അത്തരം മാധ്യമങ്ങള്‍ നിരോധിച്ചുകൊണ്ടാണ് ഭരണകൂടം പ്രതികരിച്ചത്. അവര്‍ക്ക് പത്രങ്ങളും ചാനലുകളും നിരോധിക്കാനാവും. എന്നാല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല. ജനാധിപത്യപരമായ അവകാശ പോരാട്ടങ്ങളുടെ പുതിയ ആകാശങ്ങള്‍ തുറന്നുവെക്കുന്ന ഇത്തരം മാധ്യമങ്ങളാണ് അറബ് വസന്തത്തിന്റെ ഉച്ചഭാഷിണികളായി വര്‍ത്തിച്ചത്. ഇത്തരം കലാസൃഷ്ടികള്‍ കൂടി, കഥകളും നോവലുകളും മറ്റെല്ലാ ആവിഷ്‌കാരങ്ങളും, മലയാളികള്‍ക്ക് പരിചയപ്പെടാനുള്ള ഒരുശ്രമം കൂടി ഇത്തരം പരിപാടികളുടെ ഭാഗമായി നടക്കേണ്ടതാണെന്നാണ് എനിക്ക് പറയാനുള്ളത്.
ദൈവശാസ്ത്രത്തില്‍ വിശ്വസിക്കുന്നവന്‍ തന്റെ കൈയ്യിലുള്ള വേദഗ്രന്ഥത്തെ ജനാധിപത്യ പോരാട്ടത്തിനുള്ള വലിയ ആയുധമായി സ്വീകരിക്കുമ്പോഴാണ് അറബ് വസന്തങ്ങള്‍ ഉണ്ടാവുന്നത്. കലാഷ്‌നിക്കോവ് തോക്ക് ഞങ്ങള്‍ക്ക് വേണ്ട എന്നും അതിന് പകരമായി ഈ വേദഗ്രന്ഥം മതി എന്നും പറഞ്ഞപ്പോഴാണ് അറബ് വസന്തം സംഭവിച്ചത്. അതിനെയാണ് ജനാധിപത്യ വിപ്ലവങ്ങള്‍ എന്നു പറയുന്നത്. എന്തുകൊണ്ട് നാല്‍പതുകളില്‍ ഉണ്ടായിരുന്ന ബാത്തിസത്തിന് പിന്നീട് അപചയങ്ങള്‍ സംഭവിച്ചു എന്നത് നാമന്വേഷിക്കേണ്ടതുണ്ട് . അതിന്റെ രൂപവത്കരണത്തില്‍ മതവിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പങ്കുണ്ടായിരുന്നു. സാമ്രാജ്യത്വത്തിന്റെ കെണികളില്‍ അവര്‍ വീണുപോയതിനാലാണ് ഇത് സം ഭവിച്ചത്. അവിടെയുണ്ടായിരുന്ന വലിയൊരു സാംസ്‌കാരിക തനിമയുടെ അടയാളങ്ങള്‍ മായ്ക്കപ്പെട്ടു. പാശ്ചാത്യ വത്കരണത്തിന്റെ ഭാഗമായി അവരുടെ തനത് സംസ്‌കാരം നഷ്ടപ്പെടുന്നു എന്ന ഭയമാണ് അവരെ ആഴത്തില്‍ മുറിവേല്‍പിച്ചത് . അവിടെയുള്ള എണ്ണ മാത്രമല്ല പാശ്ചാത്യര്‍ കൊള്ളയടിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പേര്‍ഷ്യന്‍ ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങള്‍ കൂടി പാശ്ചാത്യവത്കരണത്തില്‍ വിസ്മൃതമായി .
തത്വചിന്തകനായ ഫ്രാന്‍സ് ഫാനന്‍ പറയുന്നതുപോലെ ഫാസിസത്തിന്റെ നാളുകളില്‍ ഞങ്ങളുടെ ഭാഷക്ക് മുറിവേറ്റു. സംസ്‌കാരത്തിന് മുറിവേറ്റു. എന്നാല്‍ ജനത തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ബോധവാന്മാരാവുന്നത് വളരെക്കാലത്തിനു ശേഷമാണ് . പാശ്ചാത്യ പിന്തുണയോടെ ഭരിക്കുന്ന ഇവര്‍ തങ്ങളുടെ എല്ലാ മൂല്യങ്ങള്‍ക്കും പുരോഗതിക്കും എതിരാണ് എന്നവര്‍ തിരിച്ചറിഞ്ഞു. എല്ലാ രാജ്യങ്ങളിലെയും കറന്‍സിക്ക് മൂല്യം കുറഞ്ഞു. ഒരു ഭാഗത്ത് സമ്പത്ത് ധാരാളമായി ഉണ്ടാവുന്നു. അത് വളരെക്കുറഞ്ഞ ഒരു വിഭാഗം ആളുകളിലേക്ക് ഒതുങ്ങുന്ന സാഹചര്യം വന്നു . അങ്ങനെയാണ് ദൈവശാസ്ത്രം പോരാട്ടമായി മാറിയത്. ഖുര്‍ആന്‍ തെരുവിലേക്ക് വരുന്നു. അത് മൈതാനങ്ങളിലേക്ക് വരുന്നു. അത് പുതിയ ആവേശത്തോടു കൂടി ജനങ്ങള്‍ ഏറ്റുവാങ്ങുന്നു. വിപ്ലവത്തിന് ആത്മീയമായ ഒരു തലമുണ്ടെന്നതാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് നിഷേധിക്കാന്‍ സാധ്യമല്ല.
വിപ്ലവം നടത്തലല്ല പ്രയാസം. വിപ്ലവത്തിനു ശേഷം സര്‍ഗാത്മകതയും ജനാധിപത്യവും പൂത്തുലയുന്ന ഒരു രാഷ്ട്രമുണ്ടാക്കിയെടുക്കാന്‍ കഴിയുമോ എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇടമുള്ള ഒരു രാജ്യം. മതവാദി വിപ്ലവം നടത്തുമ്പോള്‍ അതില്‍ യുക്തിവാദിക്കും നിരീശ്വരവാദിക്കും ഇടമുണ്ടാവാം. എന്നാല്‍ അവന്റെ രാഷ്ട്രത്തില്‍ അവര്‍ക്ക് ഇടമുണ്ടാവുമോ എന്നതാണ് പ്രധാനചോദ്യം. രാഷ്ട്രം എത്രമാത്രം ബഹുസ്വരമായിരിക്കും. ആ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഒരു വിപ്ലവ ഭരണകൂടമുണ്ടായിരിക്കുക. അതിനാണ് യഥാര്‍ഥത്തില്‍ ആത്മീയത എന്നു പറയുന്നത്, ദൈവശാസ്ത്രമെന്നു പറയുന്നത്. കരുണാമയന്റെ മാര്‍ഗത്തില്‍ നിന്ന് ലഭിച്ച സന്ദേശമാണെന്നു പറയുമ്പോള്‍ അത് എല്ലാ ചരാചരങ്ങളെയും ഉള്‍ക്കൊള്ളണം.
വിപ്ലവാനന്തരം വലിയ കരുതലുകള്‍ ആവശ്യമായി വരും . വൈലോപ്പിള്ളി പറഞ്ഞതുപോലെ എല്ലാ വസന്തത്തിനകത്തും വസൂരിയുടെ അണുക്കള്‍ പതുങ്ങിയിരിക്കുന്നു. മനോഹരമായ പനിനീര്‍പൂവിന്റെ ദളങ്ങള്‍ക്കിടയില്‍ അതിന്റെ എല്ലാ മനോഹാരിതയും തിന്നുതീര്‍ക്കുന്ന ഒരു പുഴു കൂടി ഒളിച്ചിരിപ്പുണ്ട്. വിപ്ലവത്തെത്തന്നെ കൊന്നുതിന്നുന്ന അതിനെതിരെ ഒരു ജാഗ്രതകൂടി ഉണ്ടാവാന്‍ ദൈവശാസ്ത്ര മാര്‍ഗത്തിലെ മഹാന്വേഷണങ്ങള്‍ സഹായിക്കട്ടെ. അറബ് വസന്തത്തിന് മരുഭൂമിയില്‍ ലോകത്തിലെ വലിയ പൂന്തോട്ടങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ സാധിക്കട്ടെ.

(പ്രശസ്ത സാഹിത്യകാരനും ആക്ടിവിസ്റ്റുമായ പി. സുരേന്ദ്രന്‍, തൃശൂര്‍ കൈപമംഗലത്ത് നടന്ന അറബ് വസന്തം സന്ദേശ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)

Comments

Other Post