അറബിക്കവിതാപുസ്തകത്തിലെ വിപ്ലവത്താളുകള്‍
ലോകഭാഷകള്‍ക്കിടയില്‍ കവിതകളുടെ ജനകീയതയും പ്രചാരവും പരിഗണിക്കുമ്പോള്‍ ഏറ്റവും മുന്നിലാണ് അറബിഭാഷയുടെ സ്ഥാനം. അറബിഭാഷ പക്വത പ്രാപിച്ച ശേഷം അതില്‍ വിരചിതമായ കവിതകളോരോന്നും ഏതോ അളവില്‍ ജനകീയത നേടിയിട്ടുണ്ട്. ഇസ്‌ലാംപൂര്‍വവേളയില്‍ രചിക്കപ്പെട്ട യുദ്ധ-വാഹന-സ്ത്രീ വര്‍ണനാകാവ്യങ്ങളും ശൃംഗാരത്തിന്റെ ലാസ്യഭാവങ്ങളും വിരഹനൊമ്പരങ്ങളും വേണ്ടുവോളമുള്ള കാവ്യശില്‍പ്പങ്ങളും നിരക്ഷരരായ പ്രേക്ഷകരില്‍ പോലും അനല്‍പമായ സ്വാധീനം നേടുകയും വായ്ത്താരിയായി പിന്‍തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അറബിക്കവിതകളും അറബികളുടെ ചരിത്രവും ഒത്തുനോക്കിയാല്‍ ക്ഷണത്തില്‍ ബോധ്യപ്പെടുന്ന ഒരു വസ്തുതയുണ്ട്. അറബ് സമൂഹത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ വളര്‍ച്ചയില്‍ കൂടെ സഞ്ചരിക്കുന്നതില്‍ അറബിക്കവിതകള്‍ നിതാന്തജാഗ്രത പുലര്‍ത്തിപ്പോന്നിട്ടുണ്ട്. സാഹിത്യനവോത്ഥാനശേഷം, കൊളോണിയലിസത്തോടും ലോകയുദ്ധങ്ങളോടും അത് പ്രതികരിച്ചു. അറബ് മനസ്സിനെ പിടിച്ചുലച്ച ഇസ്രയേല്‍ പ്രശ്‌നം, വിവിധ മുസ്‌ലിംനാടുകളിലേക്ക് അവര്‍ നടത്തിയ കടന്നുകയറ്റങ്ങള്‍, ഏറ്റവുമൊടുവില്‍ ലോകചരിത്രത്തിന്റെ ഗതിവേഗം പതിന്മടങ്ങ് വര്‍ധിപ്പിച്ച അറബ് വസന്തവിപ്ലവങ്ങള്‍ തുടങ്ങിയ വലുതും ചെറുതുമായ സംഭവങ്ങളോരോന്നും അറബിക്കവിതകളില്‍ ഇടംപിടിച്ചു. നാളിതുവരെ ഒരു കാമറാമാനെപ്പോലെ ഓടിനടന്ന് സംഭവങ്ങള്‍ ഒപ്പിയെടുത്തു കൊണ്ടിരുന്ന അറബ് കവനകല, കേവല കാഴ്ചക്കാരന്റെ റോളില്‍നിന്ന് മാറി സമൂഹത്തെ ക്രിയാത്മകമായി പരിവര്‍ത്തിപ്പിക്കാനുതകുംവിധം നിരത്തിലിറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു എന്നതാണ് ആനുകാലികലോകത്തെ പ്രധാന കാവ്യവിശേഷം. ചുരുക്കത്തില്‍, അറബി സമൂഹം പൈങ്കിളിത്തം കൊണ്ടുനടന്നപ്പോള്‍ അറബിക്കവിതയും പൈങ്കിളിയായി. അവര്‍ വിശ്വാസം പുല്‍കിയപ്പോള്‍ അതും വിശ്വാസിയായി. അവര്‍ രാജാക്കന്മാരായപ്പോള്‍ അത് രാജദര്‍ബാറിലെ സ്ഥിരാംഗമായി. അവര്‍ ജന്മദേശത്തെ പ്രതിരോധിക്കാനിറങ്ങിയപ്പോള്‍ അത് ധീരനായ പോരാളിയായി പടക്കിറങ്ങി അങ്കം വെട്ടി. അവര്‍ ഏകാധിപതികളുടെ നുകങ്ങള്‍ക്കു കീഴിലമര്‍ന്നപ്പോള്‍ അത് നടുവളക്കാതെ സ്വാതന്ത്ര്യത്തിനായി പോരാടി. കവനകല കൊണ്ട് ഇത്തരം പ്രയോജനമൊന്നുമില്ലെങ്കില്‍ പിന്നെന്തിനീ പാഴ്‌വേല എന്ന് ലോകകവിതാസാഹിത്യത്തോട് ചോദിക്കുകയാണ് അറബിക്കവിത.
ലിബിയന്‍ കവിയായ ഹസന്‍ സുവൈസിയുടെ വരികള്‍ മേല്‍കുറിച്ചിട്ട ആശയത്തിന് കവിതാസാക്ഷ്യം നല്‍കുന്നു:
ലാ ഉദ്‌റ ലിശ്ശിഅ്‌രി ഇന്‍ ലം യന്‍തഫിദ് ഗദബന്‍
വ യന്‍ഫദില്‍ ഹര്‍ഫ അന്‍ അന്‍ഫാസിഹി ലഹബാ
വ അന്‍ യുബാരിക കഫ്ഫന്‍ അത്വ്‌ലഖത് ഹജറന്‍
ഫീ വജ്ഹി മന്‍ സലബല്‍ ഔത്വാന വഗ്തസ്വബാ
വ അന്‍ യുബല്‍സിമ ഫീ അഅ്മാഖി ഉമ്മതിനാ
ജുര്‍ഹന്‍ തമാദാ അലൈഹിദ്ദഹ്‌റു ഫല്‍തഹബാ
(ക്ഷോഭിച്ച് ഉയിര്‍ത്തെഴുന്നേറ്റില്ലെങ്കില്‍, അക്ഷരങ്ങളെ തീജ്വാലകളാക്കി നിശ്വസിച്ചില്ലെങ്കില്‍, ജന്മദേശങ്ങള്‍ അപഹരിച്ച് കൊള്ളയടിക്കുന്നവരുടെ മുഖത്തേക്ക് കല്ലെറിയുന്ന കൈത്തലങ്ങളെ അനുഗ്രഹിക്കുന്നില്ലെങ്കില്‍, ദീര്‍ഘകാലമായി നാട്ടിന്റെ അന്തരംഗത്തിനേറ്റ മുറിവ് നീറിപ്പുകഞ്ഞുകൊണ്ടിരിക്കെ അത് ഉണക്കാനാവുന്നില്ലെങ്കില്‍, പിന്നെ കവനകലയ്ക്കു മാപ്പില്ല)
കവിതയുടെ യഥാര്‍ഥ നാഗരികദൗത്യത്തെ സംബന്ധിച്ച് ഓര്‍മിപ്പിക്കുകയാണ് ലിബിയന്‍ കവി. ഇതര സാഹിത്യരൂപങ്ങളില്‍നിന്ന് ഭിന്നമായി, സാമൂഹിക മാറ്റങ്ങളോട് ക്ഷണത്തില്‍ പ്രതികരിക്കാന്‍ കവിതക്ക് കഴിയുന്നു. വൃത്ത-പ്രാസനിബദ്ധമായ കവിതകളാണെങ്കില്‍ പ്രേക്ഷകരുടെ പ്രതിഷേധസ്വരങ്ങളെയും സ്വത്വബോധത്തെയും ആത്മാഭിമാനത്തെയും പതിന്മടങ്ങ് ജ്വലിപ്പിക്കാന്‍ അവക്ക് സാധിക്കുന്നു. അത്യാകര്‍ഷകങ്ങളായ കവിതാശകലങ്ങളാകട്ടെ പലപ്പോഴും വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളായി രൂപാന്തരപ്പെടുന്നു. വസന്തവിപ്ലവങ്ങള്‍ അരങ്ങേറിയ നാളുകളില്‍ അറബ്‌നാടുകളിലെങ്ങും അലയടിച്ച, തൂനിസീ കവി അബുല്‍ഖാസിമിശ്ശാബിയുടെ ഇറാദതുല്‍ഹയാത്ത് (ജീവിക്കാനുള്ള തീരുമാനം) എന്ന കവിതയിലെ ആദ്യവരികള്‍ ഉദാഹരണം. യശഃശരീരനായ ഫലസ്ത്വീനി കവി മഹ്മൂദ് ദര്‍വീശിന്റെ ബിത്വാഖഃ ഹുവിയ്യഃ(ഐഡന്റിറ്റി കാര്‍ഡ്) എന്ന കവിത ഫലസ്ത്വീനിലും ഇസ്രയേല്‍ പാര്‍ലമെന്റിലുമുണ്ടാക്കിയ വിരുദ്ധദിശകളിലുള്ള പ്രക്ഷോഭങ്ങളും ഇതോടൊപ്പം അനുസ്മരിക്കാം. നാഗരികദൗത്യം നിറവേറ്റുന്ന കവിതാശാഖ ഒരു ഭാഷയില്‍ രൂപപ്പെട്ടുവരണമെങ്കില്‍ ആ ഭാഷ സംഗീതാത്മകതയും വിസ്മയകരമായ പദസമ്പത്തും കൈമുതലായുള്ള ഒന്നായിരിക്കണം. അതോടൊപ്പം, കവിമനസ്സുകളില്‍ വിപ്ലവകാവ്യങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും രൂപപ്പെട്ടു വരണം. വിപ്ലവകാവ്യങ്ങള്‍ രൂപപ്പെടാനാവശ്യമായ ഈ നിബന്ധനകളൊക്കെ ഒത്തുവന്ന പ്രഥമവേളയില്‍തന്നെ അറബിഭാഷ അതിന്റെ വ്യതിരിക്തത അടയാളപ്പെടുത്തി.
ചെറുപ്പക്കാരായ കവികള്‍
അറബ് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനായ മുസ്ത്വഫാ സ്വാദിഖുര്‍റാഫിഈയുടെ അല്‍ഖറൂഫാനി എന്ന പ്രസിദ്ധമായ ഒരു കഥയുണ്ട്. ഈദുല്‍ അസ്ഹായുടെ തലേദിവസം ബലിക്കുള്ള ഉരുക്കളായി തൊഴുത്തില്‍ കൊണ്ടുവന്ന് ബന്ധിക്കപ്പെട്ട രണ്ട് ആടുകള്‍ തമ്മിലുള്ള സംഭാഷണം കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന കഥ. ഒന്ന് ഏറെ പ്രായംചെന്ന ഒരു മുതുക്കന്‍ ആട്. മറ്റേത് തീരെ ചെറുപ്പവും. പിറ്റേന്ന് ബലിയറുക്കപ്പെടുന്നതോര്‍ത്ത് ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും രാത്രി കഴിച്ചുകൂട്ടുന്ന മുതുക്കന്റെ നേരെ വിരുദ്ധമാണ് ഇളയ ആടിന്റെ ഓരോ നിലപാടും. അത് ഭക്ഷണം കഴിക്കുന്നു. സുഖസുഷുപ്തിയില്‍ ലയിക്കുന്നു. മരണത്തെക്കുറിച്ച് മുതുക്കനാട് ഓര്‍മപ്പെടുത്തിയപ്പോള്‍ പോലും അത് ആകുലപ്പെടുന്നില്ല. ഏറെക്കാലം ഭൂമിയില്‍ ജീവിച്ച മുതുക്കനേക്കാള്‍ ജീവിതത്തോട് ആര്‍ത്തിയുണ്ടാവേണ്ടത് ജീവിതത്തിലേക്ക് കാലെടുത്തുവെക്കുക മാത്രം ചെയ്തിട്ടുള്ള ഇളംപ്രായക്കാരനാണെന്ന് ലളിതയുക്തി പറയുന്നു. എന്നാല്‍, നേരെ വിപരീതമാണ് റാഫിഈയുടെ കഥയും യാഥാര്‍ഥ്യവും. ഈ ഭൂമിയില്‍ ഓരോ ദിവസം അധികം ജീവിക്കുന്തോറും ജീവിതത്തോടുള്ള കെട്ടുപാട് വര്‍ധിക്കുന്നു. ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ആടുകളുടെ കഥയിലൂടെ റാഫിഈ.
ഏറ്റവും പുതിയ ജനസംഖ്യാപഠനങ്ങള്‍പ്രകാരം, ലോകത്തേറ്റവുമധികം ചെറുപ്പക്കാരുള്ളത് അറബ്‌ലോകത്തും വൃദ്ധന്മാരുള്ളത് പാശ്ചാത്യലോകത്തുമാണ്. നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി വിപ്ലവം ആസൂത്രണം ചെയ്തതിനു പിന്നിലും അത് ക്ഷണത്തില്‍ നഗരങ്ങളിലും പട്ടണങ്ങളിലും വ്യാപിപ്പിച്ചതിന്നു പിന്നിലും ലക്ഷങ്ങളെ അവിശ്വസനീയമാംവിധം തെരുവിലിറക്കിയതിന്നു പിന്നിലും പ്രവര്‍ത്തിച്ചത്, മാറ്റം കൊതിക്കുന്ന ഈ യുവാക്കളുടെ മരണഭയമില്ലായ്മയായിരുന്നു. ലക്ഷക്കണക്കായ ഈ പുതുരക്തങ്ങളെ ആവേശം കൊള്ളിക്കുകയും മേലാളരെ താക്കീത് ചെയ്യുകയും ചെയ്തുകൊണ്ട്, അപ്രശസ്തരായ കുറെ ചെറുപ്പക്കാരും ലബ്ധപ്രതിഷ്ഠരായ അല്‍പം പേരും കവിതകളുമായി രംഗത്തുവന്നു.ചെറുപ്പത്തിന്റെ പ്രസരിപ്പും താക്കീതിന്റെയും ക്ഷോഭത്തിന്റെയും ഘോരസ്വരങ്ങളും വേണ്ടത്രയുള്ള കവിതകളുടെ രചനയിലൂടെ അബുല്‍ഖാസിം ശാബി വെട്ടിത്തെളിച്ച ഒറ്റയടിപ്പാത ദീര്‍ഘകാലം ആള്‍പ്പെരുമാറ്റമില്ലാതെ കിടക്കുകയായിരുന്നല്ലോ. ആ പാതയിലൂടെ പടഹധ്വനി മുഴക്കിക്കൊണ്ട് കടന്നുവരികയായിരുന്നു ചെറുപ്പത്തിന്റെ കാവ്യസ്വരങ്ങള്‍. ബാല്യക്കാരായ അത്തരം ചില കവികളെ പരിചയപ്പെടുത്താനേ ഇവിടെ തരമുള്ളൂ. കാരണം, വസന്തവിപ്ലവം വിജയിച്ച തുനീഷ്യ, ഈജിപ്ത്, യമന്‍, ലിബിയ എന്നീ രാജ്യങ്ങളിലും രക്തരൂഷിതമായി മുന്നോട്ടുപോകുന്ന സിറിയയിലും മാത്രമല്ല ഇതര അറബ് നാടുകളിലും വിപ്ലവകാവ്യങ്ങള്‍ ധാരാളം രചിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം സ്വന്തം ബ്ലോഗുകളിലും സൈറ്റുകളിലും പോസ്റ്റ് ചെയ്ത് അവരും വിപ്ലവത്തില്‍ പങ്കാളിത്തം വഹിച്ചു. ഇങ്ങനെ നേരിട്ടും അല്ലാതെയും കവിതകളെ ഖഡ്ഗങ്ങളാക്കി പ്രക്ഷോഭത്തിനിറങ്ങിയ കവികള്‍ ദശക്കണക്കിനുണ്ട്.
1) ഫുആദുല്‍ ഹിംയരി (ജനനം: 1978)
യമനിലെ വിപ്ലവകവിയും വിപ്ലവ ഉന്നതാധികാരസമിതിയുടെ ഔദ്യോഗിക വക്താവുമായ ഫുആദിന്റെ കവിതകള്‍ യമനിലും പുറംദേശങ്ങളിലും വലിയ പ്രചാരം നേടി. വിപ്ലവാനന്തരം തുനീഷ്യ സന്ദര്‍ശിച്ച് വിപ്ലവത്തിന് നാന്ദികുറിച്ചതിനെ പ്രകീര്‍ത്തിച്ചു. സാമ്പ്രദായിക കവിതകളും വൃത്തമുക്തമായ കവിതകളും ഫുആദിന്റെ വിപ്ലവകാവ്യങ്ങളിലുണ്ട്. കരുത്തുറ്റതും ഏത് സാധാരണക്കാരനും ഉള്‍ക്കൊള്ളാവുന്നതും ക്ഷണത്തില്‍ ഹൃദയാന്തരാളങ്ങളില്‍ തുളച്ചു കയറുന്നതുമാണ് ഫുആദുല്‍ ഹിംയരിയെന്ന മുപ്പത്തിനാലുകാരന്റെ കവിതകള്‍. അദ്ദേഹത്തിന്റെ മന്‍ യശ്തരീ മിന്നീ (ആരു വാങ്ങും?) എന്ന കവിതയിലെ ഏതാനും വരികള്‍:
രാവിന്റെ വിട വാങ്ങല്‍ പ്രഖ്യാപനം വന്നു.
അന്ധകാരം തിരോഭവിച്ചെന്ന് അല്ലാഹു അക്ബര്‍ വിളംബരം ചെയ്തു.
സാവധാനം ഫജ്ര്‍ നമസ്‌കരിക്കുന്നവനേ...
വേഗം കൂട്ടുക...
ളുഹ്ര്‍ നമസ്‌കരിക്കേണ്ടത് അഖ്‌സായില്‍...
പോരാട്ടവേളകളില്‍
അനുഷ്ഠാനങ്ങള്‍ ഐഛികങ്ങളായി മാറുന്നു....
വിളിയാളന്‍ ഉച്ചത്തില്‍ പറഞ്ഞു:
അശ്വമേ..ശീഘ്രം പോര്‍ക്കളത്തിലിറങ്ങുക
നിന്ദ്യജീവിതം അല്ലാഹുവിന്ന് അസ്വീകാര്യം..
വാള്‍ ഉറയിലിട്ടപ്പോള്‍
നാം സര്‍വസഭകളിലും നിന്ദ്യരായി....
നഗ്നഖഡ്ഗമാണ് പ്രതാപനിമിത്തം....
രാവിന്റെ വിളംബരം...
നമ്മുടെ അധികാരികള്‍ പോകാനായെന്ന്...
അവര്‍ വന്നപ്പോള്‍ സയണിസവും വന്നു...
മഹതികളായ നമ്മുടെ അധികാരികള്‍...
ഞാനവരെ സ്ത്രീലിംഗമാക്കിയെങ്കില്‍
സ്ത്രീകളേ മാപ്പ്.....
നിങ്ങളെത്ര ഉല്‍കൃഷ്ടര്‍....
ശിശുക്കളായ നമ്മുടെ അധികാരികള്‍....
ശൈശവത്തെ വികലമാക്കിയതിന്
മാപ്പ്....
അവര്‍ ശിശുക്കളോളം തൂക്കം വരില്ല...
നാല്‍ക്കാലികളായ നമ്മുടെ അധികാരികള്‍...
മാപ്പ്....അവയെത്ര ഉപകാരികള്‍....
...........
ഈ മുസ്‌ലിം അധികാരികളെയെല്ലാം തരാം...
പകരം....
വെനിസ്വേലന്‍ പ്രസിഡണ്ടിന്റെ
ചെരിപ്പ് തരുമോ ......???
2) അബ്ദുറഹ്മാന്‍ യൂസുഫ് (ജനനം: 1970)
ഈജിപ്തിലെ മുബാറക് വിരുദ്ധനീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന കവി. വിഖ്യാത ഇസ്‌ലാമിക പണ്ഡിതന്‍ ഡോ.യൂസുഫുല്‍ ഖറദാവിയുടെ പുത്രന്‍. കവിത വൃത്ത-പ്രാസമുക്തമായിരിക്കണമെന്ന വാദത്തെ നിരാകരിച്ച അദ്ദേഹം, കാലികമായ ചില പരിഷ്‌കാരങ്ങള്‍ കവിതയില്‍ ആവശ്യമാണെന്ന വാദത്തെ പിന്തുണച്ചു. ഒട്ടും ദാക്ഷിണ്യമില്ലാതെ അദ്ദേഹം മുബാറകിനെയും സില്‍ബന്ധികളെയും പരിഹസിച്ചു. അദ്ദേഹത്തിന്റെ അല്‍ഹാതികു ബി അംരില്ലാഹ് (അല്ലാഹുവെ വെല്ലാനൊരുമ്പെട്ടവന്‍) എന്ന കവിതയില്‍ നിന്ന്:
അഭിമാനഘാതകാ....
നിനക്കു നിയമസാധുത നഷ്ടപ്പെട്ടിരിക്കുന്നു.
കാല്‍നൂറ്റാണ്ടായി ഞാന്‍.....
നിന്റെ വെളിച്ചപ്പെടലുകളെ ശപിക്കുന്നു....
ഞങ്ങളുടെ സ്വത്ത് നിനക്കു വിധേയം...
അതുവെച്ചു നിന്റെ മാറാപ്പു നിറയ്ക്കുക....
പാറാവുകാര്‍ക്കു പിന്നില്‍ നീ
സദാ ശക്തിപ്രകടനം നടത്തുന്നു....
നിന്ദ്യത മറച്ചുപിടിക്കാന്‍
നീ സദാ പ്രതാപിയായി പ്രത്യക്ഷപ്പെടുന്നു....
പട്ടാളത്തിന്റെ ആയുധങ്ങള്‍ പടച്ചട്ടയാക്കി
നീ സില്‍ബന്ധികളെ കാത്തുരക്ഷിക്കുന്നു....
വൈരികള്‍ക്കുമുമ്പില്‍ വെറും പൂച്ചക്കുട്ടി....
എന്റെ നാട്ടുകാര്‍ക്കു നീ സംഹാരമൂര്‍ത്തി....
നിന്‍മനസ്സിന്‍ കരിനിറം വെളിച്ചത്തായിരിക്കുന്നു...
അതുവെച്ച് നീ നരയ്ക്കു ഡൈ ചെയ്യുക....
മിസ്വ്‌റിന്‍ വൈരികളുടെ കൈത്താങ്ങു കൊണ്ട്
നിന്റെ നടുവിന്‍ വളവു നിവര്‍ത്തുക......
ഖിബ്‌ലഃ മാറ്റി നീ
പടിഞ്ഞാറിന്നു സദാ സുജൂദ് ചെയ്തു.....
എന്റെ കണ്ണീരും ചോരയും മഷിയാക്കി
നീ തന്‍കഥ രചിച്ചു.....
നിന്റെ കടുംമനസ്സ് കാണാത്തവരായി
ഇവിടെ ആരുമില്ല....
മാന്യരെ നിന്ദിക്കല്‍ നിനക്ക്
വിനോദമായിരുന്നു....
കഠിനഹൃദയാ.....
നീ എത്ര തസ്‌കരക്കൂട്ടങ്ങളോട് കരുണ കാണിച്ചു...
നിന്റെ സന്തതികള്‍ക്ക്
എന്റെ നിലം നീ പതിച്ചുകൊടുത്തു....
എന്റെ ഉപ്പാപ്പമാരുടെ ഭൂമി
നിന്റെ പൈതൃകമാണെന്ന പോലെ.....
നിന്റെ അടിവേരറുക്കാന്‍
മരണം വരുന്നു......
കുറ്റവിചാരണാനാളും അധികം വിദൂരത്തല്ല.....
അന്നു നീ പരാജയം കാണും....
ഒന്നറിയുക....
ഈ സമൂഹം
ഒരിക്കല്‍പോലും
നിനക്കുള്ള അനുസരണപ്രതിജ്ഞ
പുതുക്കിയിട്ടില്ല......
3) ഫാറൂഖ് ജുവൈദഃ
(ജനനം: 1945)
ഈജിപ്തിലെ ലബ്ധപ്രതിഷ്ഠനായ കവിയും അല്‍അഹ്‌റാം പത്രത്തിന്റെ കള്‍ച്ചറല്‍ എഡിറ്ററും. സുദീര്‍ഘമായ കവിതകളിലൂടെ മുബാറകിന് മുര്‍ദാബാദ് വിളിച്ചു. വസന്തവിപ്ലവവേളയില്‍ എല്ലാ രാജ്യങ്ങളിലും മുഴങ്ങിയ മുദ്രാവാക്യമായിരുന്നു ഇര്‍ഹല്‍(കടന്നുപോ) എന്നത്. അതേ പദമുപയോഗിച്ച് ഫാറൂഖ് പ്രാരംഭം കുറിച്ച കവിത രാജ്യാതിര്‍ത്തികള്‍ ഭേദിച്ചു. മുമ്പ്, ജോര്‍ജ് ബുഷ് ഈജിപ്ത് സന്ദര്‍ശിച്ചപ്പോഴും ഫാറൂഖ് ജുവൈദഃ ഇര്‍ഹല്‍ കവിത രചിച്ചിരുന്നു.യൂട്യൂബ് പോലുള്ള ഇന്റര്‍നെറ്റ് വീഡിയോ ഷെയറിംഗ് സൈറ്റുകളില്‍ യമനിലെ പ്രക്ഷോഭക്കാഴ്ചകള്‍ പശ്ചാത്തലമാക്കി ഫാറൂഖ് ജുവൈദഃയുടെ കവിത അവതരിപ്പിക്കപ്പെട്ട ക്ലിപ്പുകള്‍ കാണാം. ഒട്ടനേകം പ്രേക്ഷകരെ ആ ക്ലിപ്പുകള്‍ ആകര്‍ഷിച്ചു. അങ്ങനെ മുബാറകിനുള്ള മുര്‍ദാബാദ്, അലി അബ്ദുല്ലാഹ് സ്വാലിഹിനുമുള്ള മുര്‍ദാബാദ് വിളിയായി മാറി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഇര്‍ഹല്‍ കവിതയില്‍നിന്ന്:
കടന്നുപോവുക...
സൈനുല്‍ ആബിദീനെപ്പോലെ.....
നിന്നെക്കാള്‍ വഴികെട്ടവനായിരുന്നു
അയാളെന്ന്
ഞാന്‍ കരുതുന്നില്ല....
കടന്നുപോവുക...
നിന്റെ പാര്‍ട്ടിയേയും കൂടെയെടുക്കുക....
ഈ നാട്ടിലെ മണ്ണും മനുഷ്യനും
നിനക്കെതിരെ പ്രാര്‍ഥിക്കുന്നു.....
കടന്നുപോവുക...
ഇവിടെ ആരും നിന്നെ കാത്തിരിക്കുന്നില്ല....
നിഷ്‌കളങ്കമായ ഒറ്റ
അനാഥബാല്യവും നിന്റെ കവിളിലുമ്മ വെക്കാന്‍
വരുമെന്ന് കാക്കേണ്ട.....
പ്രാരബ്ധങ്ങളില്‍പ്പെട്ടുഴലുന്ന
ഒറ്റ മാതാവും നിന്റെ കൈത്താങ്ങ്
തേടി വരുമെന്ന് പ്രതീക്ഷിക്കേണ്ട......
നിന്റെ ആഗമനത്തില്‍
നാശവും കൊടുമകളും
ചിറകടിച്ച് ആഹ്ലാദിക്കുന്നു.....
അതിനാല്‍
ഒരു വിട്ടുവീഴ്ചയും നീ പ്രതീക്ഷിക്കേണ്ട...
കടന്നുപോവുക....
നിന്റെ പാര്‍ട്ടിയെയും കയ്യിലെടുക്കുക.....
അത്....
ഒരു മഹാജനതയെ കുതിര കയറി...
അദ്ധ്വാനിക്കുന്നവരുടെ രക്തമൂറ്റി പണമാക്കി...
കടന്നുപോവുക....
നിന്റെ പരാജയത്തെയും കൂടെക്കൂട്ടുക....
ജഠരാഗ്നിയുടെ നിലവിളി
നിന്റെ കാതുകളിലെത്തില്ലല്ലോ.....
മിസ്വ്‌റിന്റെ നാശം നിന്റെ കൈകളാല്‍....
അത് പൗരസ്ത്യനാടുകളുടെ കിരീടമായിരുന്നു...
നീയതിനെ വെറും കോമാളിയാക്കി....
എത്ര തൊഴില്‍രഹിതര്‍....
പ്രാരബ്ധക്കാര്‍...
നിന്റെ മാതാപിതാക്കളെ ശപിക്കുന്നു...
എത്രയെത്ര വിരഹിണികള്‍...
നിനക്കെതിരെ പ്രാര്‍ഥിക്കുന്നു.......
കടന്നുപോവുക...
നിന്റെ മകനെയും കൂടെയെടുക്കുക....
സര്‍വസംഹാരിയായ മഹാപ്രളയത്തിനുമുമ്പ്...
കടന്നുപോവുക......
4) അബ്ദുര്‍റഹ്മാന്‍ സിറാജ് (ജനനം: 1984)
യമനിലെ വിപ്ലവത്തിന്റെ ഗതിവേഗം വര്‍ധിപ്പിച്ച മറ്റൊരു യുവകവി. പ്രക്ഷോഭകാരികളായി തെരുവിലിറങ്ങുന്ന യുവാക്കളുടെ എണ്ണം പരമാവധി വര്‍ധിപ്പിക്കുകയെന്നതായിരുന്നു ഇദ്ദേഹത്തിന്റെ മുഖ്യ അജണ്ട. വൃത്ത-പ്രാസനിബദ്ധമായി മാത്രം കവിതാരചന നിര്‍വഹിച്ച ഇദ്ദേഹത്തിന്റെ വരികള്‍ സ്വാതന്ത്ര്യദാഹികളായ പ്രക്ഷോഭകാരികളുടെ ചുണ്ടുകളെ സദാ നനച്ചുകൊണ്ടിരുന്നു. അതവരുടെ ഞരമ്പുകള്‍ക്ക് പുതുജീവന്‍ നല്‍കി. സന്‍ആയിലെ സാഹത്തുത്തഗ്‌യീറി(ചേഞ്ച് സ്‌ക്വയര്‍)ലേക്ക് അതവരെ വലിച്ചുകൊണ്ടുപോയി. വിപ്ലവം വിജയിക്കുംവരെ അതവരെ അവിടെ ഇഅ്തികാഫ്(ഭജനം) ഇരുത്തി.
യുവാക്കളുടെ ഈ കുത്തൊഴുക്കിനെ അദ്ദേഹം പ്രക്ഷുബ്ധയുവത്വത്തിന്റെ സൂനാമി(അേദ്ദഹത്തിന്റെ മറ്റൊരു കവിതയുടെ ശീര്‍ഷകം)യെന്ന് വിശേഷിപ്പിച്ചു. ലോകജനസംഖ്യയില്‍ മുമ്പന്മാരായ ചൈനയിലും ഇന്ത്യയിലും പോലും ഇതുവരെ ഉണ്ടായിട്ടില്ലാത്ത മനുഷ്യസൂനാമി യമനിലാണ് ആദ്യമുണ്ടായതെന്ന് അദ്ദേഹം ആവേശപൂര്‍വം ആഘോഷിക്കുന്നു. അന ഥാഇറുന്‍ ഹുര്‍റുന്‍ (ഞാന്‍ സ്വതന്ത്രവിപ്ലവകാരി) എന്ന അദ്ദേഹത്തിന്റെ കവിതയില്‍ നിന്ന്:
ഞാന്‍....
യമനിലെ ഒരു സ്വതന്ത്ര വിപ്ലവകാരി...
അറിയില്ല അല്ലേ...
നീ ചോദിക്കുന്നു, ഞാനാരാണെന്ന്....
ഞാന്‍...
ഹിംസിക്കുന്ന കുട്ടിച്ചാത്തന്‍....
ഭീതി വിതക്കുന്ന വേളയിലും
ഇവിടെ, ചേഞ്ച് സ്‌ക്വയറില്‍
ഇരിപ്പുറപ്പിച്ച്
ഞാന്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ....
ഞങ്ങളിവിടെ രാഷ്ട്രപുനഃസൃഷ്ടി നടത്തുകയാണ്....
കൊടിക്കൂറ ഞാന്‍ അതിദ്രുതം വീശുകയാണ്....
ഈ കുഴലുകള്‍
അശ്ലീലക്കുഴലുകളുടെ വായടപ്പിക്കട്ടെ..
ശിലാഹൃദയര്‍ കാണട്ടെ...
എന്നില്‍ ജീവനും വിശ്വാസവും
ഉള്ള കാലത്തോളം
ഞാന്‍ മുട്ടുമടക്കില്ലെന്ന്....
..................
ഞാന്‍ എറിയുന്ന വടി
അവരെറിയുന്നതിനെ വിഴുങ്ങുന്നു...
അവരുടെ വ്യാജമൊഴികളെ
ഞാന്‍ ആയത്തുകള്‍1 കൊണ്ട് നേരിടുന്നു....
..................
നാട്ടുകാരാ.....
പിടിവാശി ഉപേക്ഷിക്കൂ.....
സ്വന്തം ദൗര്‍ബല്യങ്ങള്‍
ഇനിയും വെളിപ്പെടുത്താതിരിക്കൂ....
വിളംബരം ചെയ്യൂ......
നീയൊരു പ്രക്ഷോഭകാരിയാണെന്ന്....
സ്വതന്ത്രനാണെന്ന്....
അഭിമാനിയാണെന്ന്....
അക്രമിയുടെ മുഖത്തുനോക്കി
വിളിച്ചുപറയൂ.......
ഞാനിവിടെ.....
ചേഞ്ച് സ്‌ക്വയറിലുണ്ടെന്ന്........
1- ആയത്ത് : വിശുദ്ധഖുര്‍ആനിലെ സൂക്തങ്ങള്‍
5) ശരീഫ് അബൂവിജ്ദാന്‍
തുനീഷ്യന്‍ വിപ്ലവത്തിന് ഊര്‍ജം പകര്‍ന്ന യുവകവി. യമനിലെ അബ്ദുര്‍റഹ്മാന്‍ സിറാജിനെപ്പോലെ വൃത്ത-പ്രാസബന്ധിതമായി കവനം ചെയ്ത കവിയാണ് ശരീഫ് അബൂവിജ്ദാനും. തുനീഷ്യന്‍ വിപ്ലവവേളയില്‍ രചിച്ച കവിതകള്‍ സമാഹരിച്ച് തഹ്‌യാ ഥൗറതു തൂനിസ് (തൂനിസ്‌വിപ്ലവം നീണാള്‍ വാഴട്ടെ) എന്ന കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. വിപ്ലവാനന്തരം രചിച്ച ഒരു കവിതയില്‍നിന്ന് അല്‍പം:
വാര്‍ത്ത
തൂനിസില്‍ നിന്ന്.....
കാട്ടുമാക്കാന്മാര്‍
സിംഹാസനം വിട്ടിരിക്കുന്നു...
ഈ വിജയത്തെ നാട്ടുകാര്‍
വിലമതിക്കുന്നു
പൗര്‍ണമിയോളം.......
ഏത് പ്രതാപിയായ രാജാവും
ബലിയായിപ്പോകും
പൗരന്മാരുടെ
ഒറ്റ ദിവസത്തെ മുഖംചുളിക്കലിനുമുന്നില്‍......
പേടിത്തൊണ്ടന്മാരുടെ അലങ്കാരം2
കിങ്കരന്മാരെ
തീപ്പൊരിയിലേക്ക് നയിച്ചു......
.............
2- സെയ്‌നുല്‍ ആബിദീന്‍ (അല്ലാഹുവിനെ ആരാധിക്കുന്നവരുടെ അലങ്കാരം) എന്ന നാമധേയത്തോട് പരിഹാസം
6) യാസര്‍ ത്വുവൈശ്
(ജനനം: 1958)
വസന്തവിപ്ലവം ഇനിയും വിജയതീരമണഞ്ഞിട്ടില്ലാത്ത സിറിയയിലെ പ്രസിദ്ധകവി. കരുത്തുറ്റ പദങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമാണ് യാസര്‍ ത്വുവൈശിന്റെ സവിശേഷത. അദ്ദേഹത്തിന്റെ സാഅതുസ്സ്വിഫ്ര്‍ അല്‍ഗദബ് (ക്ഷോഭത്തിന്റെ ശൂന്യവേള) എന്ന കവിതയില്‍ നിന്ന്:
സ്തൂപങ്ങളില്ലാതെ
വാനമുയര്‍ത്തിയവനാണ......
ചതിയില്‍ ഹനിക്കപ്പെട്ട
ആത്മാക്കളാണ.....
സ്വദേശം വെടിഞ്ഞ
ആബാലവൃദ്ധമാണ......
നീ ഞങ്ങളെ
ആട്ടിയോടിച്ചു...
ഭിന്നിപ്പിച്ചു....
നീ ഞങ്ങള്‍ക്കു മേല്‍
ബോംബറുകളയച്ചു.....
മിസൈലുകളെയ്തു......
നീ ഞങ്ങളെ മറവു ചെയ്തു
കരയിലും.....
കടലിലും.....
ടെഹ്‌റാനിലെ മരുഭൂവിലും....
ഖുമ്മിലും......
പ്രപഞ്ചനാഥനാണ....
പശ്ചാതാപം നിന്റെ രക്ഷയ്‌ക്കെത്തില്ല....
......................................
ലോകം ഞങ്ങളെ കയ്യൊഴിഞ്ഞു
അറബികളും അനറബികളും....
......................................
വഞ്ചകാ.......
രക്തക്കൊതിയാ........
ബശ്ശാര്‍........
നിന്നെയാര് സംരക്ഷിക്കും....
വിധവകളുടെ നിലവിളികളില്‍ നിന്ന്.....
മാതാക്കളുടെ രോദനങ്ങളില്‍നിന്ന്......
മക്കള്‍ നഷ്ടപ്പെട്ട
പിതാക്കളുടെ പ്രതികാരത്തില്‍നിന്ന്.....
വിപ്ലവകാരികളുടെ
സ്വതന്ത്രരുടെ പകരംവീട്ടലില്‍നിന്ന്.....
ഒരു ശൂന്യവേളയില്‍
ക്ഷോഭവിസ്‌ഫോടനം സംഭവിച്ചാല്‍......
ജമാല്‍ അസ്സ്വുലൈഈ (തുനീഷ്യ), മുഹ്‌സിന്‍ അബൂ മുഅമ്മര്‍ (യമന്‍), ജമാല്‍ മുര്‍സി (ഈജിപ്ത്), മുഹമ്മദുല്‍ ജര്‍മൂസി (യമന്‍), മുഹമ്മദന്‍ വലദുല്‍ മുഖ്താര്‍(തുനീഷ്യ), അല്‍വഹ്ദവി അബൂ അക്‌റം(യമന്‍), ആരിഫ് ദഹ്മശി (യമന്‍), അബ്ദുറഹ്മാന്‍ അല്‍ഉന്‍ബൂരി(ഈജിപ്ത്) തുടങ്ങിയ കവികളും വിപ്ലവകാവ്യങ്ങളിലൂടെ സ്വദേശത്തും വിദേശത്തുമുള്ള അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ സ്വേഛാധിപതികള്‍ക്കെതിരെ തെരുവിലിറക്കാന്‍ തങ്ങളുടെ സര്‍ഗവിശേഷം ഉപയോഗപ്പെടുത്തിയവരാണ്.
ഉറവിടം ഇസ്‌ലാം
അറബ് വസന്തവിപ്ലവങ്ങളുടെ ഇസ്‌ലാമിക അന്തര്‍ധാര അന്നുതന്നെ തിരിച്ചറിയപ്പെട്ടിരുന്നെങ്കിലും അതിനെ തീര്‍ത്തും നിരാകരിക്കാനായിരുന്നു മതവാദികളായ നവപുരോഹിതന്മാര്‍ക്കും സെക്യുലര്‍ ദുഷ്പ്രഭുക്കന്മാര്‍ക്കും ഇഷ്ടം. പിന്നീട് അന്താരാഷ്ട്ര കങ്കാണിമാരുടെ മേല്‍നോട്ടത്തില്‍ നടന്ന ജനാധിപത്യാധിഷ്ടിത തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതോടെ ഈ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. എന്നാല്‍, അറബ് വസന്തത്തിന്റെ ഇസ്‌ലാമിക അടിയൊഴുക്ക് വസന്തകാവ്യങ്ങളില്‍ കണ്ടെത്താന്‍ നമുക്ക് ഒരു സൂക്ഷ്മദര്‍ശിനിയും വേണ്ട. ഇസ്‌ലാമികചിഹ്നങ്ങളും ചരിത്രബിംബങ്ങളും അവയില്‍ ഇടയ്ക്കിടെ കയറിവരുന്നു. ഫുആദുല്‍ഹിംയരിയുടെ കവിതയില്‍ സുബ്ഹ് ബാങ്ക് അറബ്‌ലോകത്ത് ഏകാധിപത്യമെന്ന അന്ധകാരത്തിന്റെ തിരോധാനം പ്രഖ്യാപിക്കുകയാണെന്നും ഏകാധിപത്യത്തില്‍നിന്ന് അറബ്‌ലോകം വിമുക്തമാകുന്നതോടെ ളുഹ്ര്‍ബാങ്ക് അഖ്‌സായുടെ വിമോചനവിളംബരമാകുമെന്നും പറയുന്നു. അദ്ദേഹം യുവാക്കളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നതാകട്ടെ, നിന്ദ്യജീവിതം അല്ലാഹുവിന് അസ്വീകാര്യമെന്ന മുന്നറിയിപ്പുനല്‍കിയാണ്.
ഈജിപ്ഷ്യന്‍കവി അബ്ദുറഹ്മാന്‍ യൂസുഫിന്റെ പ്രസിദ്ധമായ തബ്ബത് യദാ (ഇരുകരങ്ങളും നശിച്ചു) എന്ന കവിതയില്‍ ഹുസ്‌നി മുബാറകിനെ ഖുര്‍ആനിലൂടെ അല്ലാഹുവിന്റെ ശാപമേറ്റുവാങ്ങിയ പ്രവാചകപിതൃവ്യന്‍ അബൂലഹബായും മക്കളായ ജമാലും അലാഉം അയാളുടെ ഇരുകരങ്ങളായും ഭാര്യ സൂസന്‍ മുബാറക് ഉമ്മുജമീലായും അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആനിലെ ലഹബ് അധ്യായത്തിലെ പ്രഥമസൂക്തം ആ കവിതയുടെ അവസാനവരിയായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നതും കാണാം. അറബിക്കവിത ആധുനികകാലത്തോടും ഇസ്‌ലാമിനോടും ചേര്‍ന്നുനിന്ന് അതിന്റെ നാഗരിക-സാമൂഹികദൗത്യം നിറവേറ്റിയതിന്റെ നിദര്‍ശനങ്ങളാണിതൊക്കെ.
[email protected]
അവലംബം:
1) അശ്ശിഅ്‌റു വ ത്വവാബിഉഹു അശ്ശഅബിയ്യഃ-
ഡോ. ശൗഖി ദയ്ഫ്
2) വഹ്‌യുല്‍ ഖലം - മുസ്ത്വഫാ സ്വാദിഖുര്‍റാഫിഈ
3) ദീവാനു അബില്‍ഖാസിമിശ്ശാബി
4) വിവിധ അറബിക്കവിതാവെബ്‌സൈറ്റുകള്‍
www.poetsgate.com
www.adab.com
www.khaima.com
www.moajam.com
Comments