Prabodhanm Weekly

Pages

Search

2013 അറബ്‌വസന്തം സ്‌പെഷ്യല്‍

വിപ്ലവം, മതം, ഈജിപ്ത് തലാല്‍ അസദിന്റെ ചിന്തകള്‍

ജോണ്‍ ഡി. ബോയ്‌

കഴിഞ്ഞ രണ്ട് ദശകങ്ങളായി മതപരമായ കാര്യങ്ങളും അതുപോലെത്തന്നെ അതിന്റെ നേരെ എതിരെന്ന് സങ്കല്‍പ്പിക്കാവുന്ന സെക്യുലര്‍ കാര്യങ്ങളും മതത്തെക്കുറിച്ച് പഠിക്കുന്നവരുടെ ആലോചനാ വിഷയമായിരുന്നു. ഇത് ജനശ്രദ്ധയാകര്‍ഷിച്ചത്, ഈജിപ്തില്‍ വ്യാപകമായ ഫീല്‍ഡ് വര്‍ക്കുകള്‍ നടത്തിയ യു.എസ് നരവംശശാസ്ത്രജ്ഞരായ സബാ മഹ്മൂദിന്റെയും ചാള്‍സ് ഹിര്‍ഷ്‌ക്കിന്ദിന്റെയും സുപ്രധാനമായ കൃതികളിലൂടെയാണ്. കൂടാതെ, ഈജിപ്ഷ്യന്‍ സംഭവങ്ങളെ കുറിച്ച് ഇവരുടെ പ്രതികരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഈജിപ്തിലും അയല്‍രാജ്യമായ സുഡാനിലും ദീര്‍ഘകാലം പ്രവര്‍ത്തനാനുഭവമുള്ള നരവംശശാസ്ത്രജ്ഞനായ തലാല്‍ അസദിനോടാണിവരുടെ ധിഷണാപരമായ കടപ്പാട്. ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ വെളിച്ചത്തില്‍ അസദിന്റെ ആശയങ്ങള്‍ നമ്മളില്‍ മതത്തെക്കുറിച്ചുള്ള ബോധം സൃഷ്ടിക്കുന്നതില്‍ എത്രത്തോളം സഹായകമായി എന്ന് വിവരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.
1993-ല്‍ ഇറങ്ങിയ തലാല്‍ അസദിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട Genealogies of Religion എന്ന കൃതിയില്‍ നരവംശ ശാസ്ത്ര പഠനത്തില്‍ മതത്തിനുള്ള പങ്കിനെ പ്രത്യേകമായി പ്രതിപാദിക്കുന്നുണ്ട്. മതത്തെ ചരിത്രാതീത സ്ഥായിയായി(transhistorical constant) കാണുന്നതിനുപകരം (വിശ്വാസത്തിന്റെയോ അനുഭവങ്ങളുടെയോ പ്രതീകാര്‍ഥങ്ങളുടെയോ സംജ്ഞകളില്‍ നിര്‍വചിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ) മതത്തെക്കുറിച്ച് പഠിക്കുന്നവര്‍ വ്യത്യസ്ത സാമൂഹിക രൂപങ്ങളെയും ശക്തികളെയും ചരിത്രപരമായിത്തന്നെ വിലയിരുത്തണം.
കൊളോണിയല്‍ ഈജിപ്തിലെ സെക്യുലരിസത്തിന്റെ ഉദയത്തെക്കുറിച്ച് Formations of the Secular ല്‍ അസദ് എഴുതുന്നു: ''ഒരു സെക്യുലര്‍ രാഷ്ട്രത്തിനു വേണ്ടത് മതത്തോടുള്ള അനിഷ്ടമോ യുക്തിയിലധിഷ്ഠിതമായ മൂല്യബോധമോ രാഷ്ട്രീയ സഹിഷ്ണുതയോ അല്ല, മറിച്ച് ന്യായമായ നിഗമനങ്ങളുടെയും ധാര്‍മിക വ്യവഹാരങ്ങളുടെയും രാഷ്ട്രീയ അധികാരത്തിന്റെയും സങ്കീര്‍ണമായ ക്രമീകരണമാണ്. ഈ ക്രമീകരണം സ്വേഛാധിപത്യപരമായ മതാധികാരത്തിനെതിരെയുള്ള സെക്യുലര്‍ യുക്തിയുടെ പോരാട്ടമായി ലളിതമായി വ്യാഖ്യാനിക്കാനും കഴിയില്ല. മതത്തിന്റെ സ്വേഛാധിപത്യപരമായ വ്യവഹാരങ്ങളില്‍നിന്ന് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ്.'' സെക്യുലരിസത്തിന്റെ ലക്ഷ്യമെന്ന പൊതുധാരണയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്കെന്റെ നിഗമനങ്ങള്‍ മനസ്സിലാവണമെന്നില്ല എന്നും അദ്ദേഹം പറയുന്നു. മതം എല്ലാ ചര്‍ച്ചകളെയും റദ്ദുചെയ്യുമ്പോള്‍ സെക്യുലരിസം അതിനെ പരിപോഷിപ്പിക്കുന്നു എന്നാണിതാവര്‍ത്തിക്കുന്നത്.
ഈ വീക്ഷണകോണില്‍ നില്‍ക്കുമ്പോള്‍ മതവും സെക്യുലരിസവും തമ്മിലുള്ള ബന്ധം വളരെ സങ്കീര്‍ണമാണ്. ആഗോള നൈതിക മൂല്യങ്ങളും വര്‍ഗീയ താല്‍പര്യങ്ങളുമായുള്ള സംഘട്ടനമായോ, യുക്തിയും വിശ്വാസവും തമ്മിലുള്ള സംഘര്‍ഷമായോ ഇതിനെ ചുരുക്കാന്‍ കഴിയില്ല.
ചാള്‍സ് ടെയ്‌ലറിന്റെ 'സെക്യുലര്‍ എയ്ജി'(Secular Age)നോടുള്ള പ്രതികരണമെന്നനിലയില്‍ അസദ് 2008-ല്‍ 'മതം, വിശ്വാസം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോള്‍' എന്ന വിഷയത്തില്‍ ഒരു പ്രഭാഷണം നടത്തി. വിശ്വാസവുമായി ബന്ധപ്പെടുത്തി മതത്തെയും സെക്യുലാരിറ്റിയെയും നിര്‍വചിച്ച ചാള്‍സ് ടെയ്‌ലറുടെ ആശയത്തെ അസദ് ഒരു വാദവിഷയമായി എടുക്കുകയും പകരം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വിശ്വാസവുമായി ബന്ധമില്ലാത്ത മനോഭാവങ്ങളെയും സംവേദനങ്ങളെയും പഠനവിഷയമാക്കുകയും ചെയ്തു.
ഈജിപ്തിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായി വര്‍ത്തിച്ച 'കിഫായ' പ്രസ്ഥാനത്തെ നിരീക്ഷിച്ചുകൊണ്ട് ചാള്‍സ് ഹിഷ്‌കിന്ദിന്റെ The Ethical Soundscape നെ ആസ്പദമാക്കി അസദ് പറയുന്നത് ഈ 'ഇസ്‌ലാമിക ഇട'ത്തെ നിര്‍വചിക്കേണ്ടത് പൊതുവായി നിലനില്‍ക്കുന്ന വിശ്വാസത്തെ മുന്‍നിര്‍ത്തിയല്ല, മറിച്ച് മതവിശ്വാസികള്‍ പുലര്‍ത്തുന്ന പൊതുവായ കര്‍മങ്ങളെയും സംവേദനങ്ങളെയും ആസ്പദമാക്കിയാണ് എന്നാണ്. 'കിഫായ'യെ കുറിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ വിശദമായിത്തന്നെ എഴുതുന്നു:
'കിഫായ' പ്രസ്ഥാനം വ്യത്യസ്തങ്ങളായ സാമൂഹിക ഘടകങ്ങളെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവന്നു. അതായത് മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ഇസ്‌ലാമിസ്റ്റുകള്‍, ലിബറല്‍ സെക്യുലറുകള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടനകള്‍- സ്വേഛാധിപത്യത്തിനും നവലിബറല്‍ ഭരണകൂടത്തിനുമെതിരെ ഐക്യമുന്നണി രൂപപ്പെട്ടു. ഒട്ടുംകുറയാത്ത അനേക വിഭാഗങ്ങളുടെ ഒരുകൂട്ടായ്മ രാഷ്ട്രീയ ഉണര്‍ച്ചയെ അടിസ്ഥാനമാക്കി രൂപപ്പെട്ടു. ഇവിടെ യഥാര്‍ഥത്തില്‍ എന്താണ് ഇസ്‌ലാമിസ്റ്റുകളെയും സെക്യുലര്‍ ലിബറലിസ്റ്റുകളെയും ഒന്നിപ്പിച്ചത്? അസുഖകരമായ ചിലതൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും, വിശ്വാസമല്ല ഇവരെ ഒന്നിപ്പിച്ചത്. പകരം ഭരണകൂടത്തിന്റെ നിഷ്ഠുര വാഴ്ചക്കും അഴിമതിക്കും അന്യായങ്ങള്‍ക്കും എതിരെയുള്ള ചിന്തകളും ഒപ്പം ഈജിപ്തിലെ സാഹചര്യങ്ങള്‍ അസഹനീയമായി മാറിയിരിക്കുന്നു എന്ന പൊതുതോന്നലുമാണ് അവരെ ഒന്നിപ്പിച്ചത്. ഈ ചെറുത്തുനില്‍പ് ഒരിക്കലും അവര്‍ തെരഞ്ഞെടുക്കുകയായിരുന്നില്ല, അവരതിന് നിര്‍ബന്ധിതരാവുകയായിരുന്നു. എന്തുതന്നെയായാലും ഈ അവസ്ഥ വെറും അശുഭകരമായ ഒന്നായിരുന്നില്ല. ഇത് എല്ലാവരും തമ്മിലുള്ള പരസ്പര ബന്ധത്തിനും കൂടിയാലോചനക്കും വഴിയൊരുക്കി. ഈജിപ്തിലെ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ അമേരിക്കന്‍ സാമ്രാജ്യത്വ കടന്നുകയറ്റവും മുബാറക് ഭരണവ്യവസ്ഥയുടെ ഞെരിച്ചമര്‍ത്തലും കാര്യകാരണ ബന്ധത്തെ അസാധ്യമാക്കുന്നു. ഭാവി കാര്യങ്ങള്‍ പ്രവചനാതീതമായി നിലനില്‍ക്കുകയാണെങ്കിലും ഈ പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന മുസ്‌ലിംകളുടെ വിശ്വാസ്യതയെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ കണ്ടുമുട്ടിയവരൊക്കെ ആന്തരികമായി അസ്വസ്ഥരും ബാഹ്യമായി സുസജ്ജരായ പൗരന്മാരുമായിരുന്നു. ഇവരുടെ മതവിശ്വാസം സമൂഹത്തില്‍ പരസ്പര സഹകരണവും ഐക്യവും പരിപോഷിപ്പിക്കാന്‍ സഹായിക്കുന്നു. ഈ രൂപത്തില്‍ ജനാധിപത്യപരമായ ചിന്തകളിലേക്ക് വഴിതെളിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
തഹ്‌രീര്‍ സ്‌ക്വയറിലും രാജ്യത്താകമാനവും ഒരുമിച്ചുകൂടിയവരുടെ ജനാധിപത്യപരമായ ചിന്തകളിലേക്ക് ശ്രദ്ധതിരിക്കുകയാണ് അസദ്. മതമൂല്യങ്ങളെയും അവിടെ നിലനിന്നിരുന്ന സഹാനുഭാവത്തെയും തമ്മില്‍ കൂട്ടിക്കെട്ടുകയാണ്. അവിടെ ജനങ്ങള്‍ സമാധാനമായി (കുഞ്ഞുങ്ങളെ പോലും അവര്‍ ഒപ്പം കൂട്ടി) ഭക്ഷണം പങ്കിടുകയും ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. ഈജിപ്ഷ്യന്‍ ഭരണകൂടത്തിന്റെ നിഷ്ഠുര വാഴ്ചയുടെയും അഴിമതിയുടെയും കയ്‌പേറിയ അനുഭവങ്ങളാണ് അവരെ ഇങ്ങനെ ഐക്യത്തോടെ ഒരുമിച്ചുകൂട്ടിയത്. ഇതുപോലെ ഒരുപാട് പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കാലങ്ങളിലും അരങ്ങേറിയിരുന്നു. അവയൊക്കെ ക്ഷയിക്കുകയും പിന്നീട് യുവതലമുറ അവയെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. ഇതില്‍ സ്ത്രീകളുടെ പങ്കും വിലപ്പെട്ടതായിരുന്നു. ഇതെല്ലാം രാഷ്ട്രീയ-സാമ്പത്തിക വീക്ഷണങ്ങളില്‍ മാത്രം ലഘൂകരിക്കാന്‍ കഴിയില്ല. അതുപോലെത്തന്നെ ഏതോ ഒരു മതസംഘടനയുടെ പ്രവര്‍ത്തനഫലവുമായിരുന്നില്ല അവയൊന്നും തന്നെ. അതുകൊണ്ട്, 'മതം' ഈജിപ്ഷ്യന്‍ വിപ്ലവത്തില്‍ എന്തു പങ്കാണ് വഹിച്ചത് എന്ന് മനസ്സിലാക്കാന്‍, അമൂര്‍ത്തവും ദൈവശാസ്ത്രപരവുമായ സങ്കല്‍പത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കരുതെന്നുള്ള നിഗമനത്തിലേക്ക് അസദ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.

(ന്യൂയോര്‍ക്കിലെ ക്വീന്‍സ് കോളേജിലെ ഗവേഷകന്‍. Immanent Frame-ല്‍ സ്ഥിരമായി എഴുതുന്നു)

Comments

Other Post